Friday 19 December 2014

എൻറെ വിദ്യാലയ സ്മരണകൾ

എന്റെ പ്രിയ കൂട്ടുകാർക്ക്,
നിങ്ങളുടെ ഇടയിലേക്ക് വരൂന്നതിനു മുൻപ് മലയാളം ന്യൂസിൽ കൊടുത്ത "വിദ്യാലയസ്മരണകൾ" എന്ന ഓർമകുറിപ്പ് "സ്നേഹം തിരയടിക്കുന്ന ഗുരുസാഗരം" എന്ന തലക്കെട്ടോടുകൂടി ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചു  വന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വായിച്ചു നിങ്ങളുടെ
അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു .
                      .....................................................................................................................


      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.



25 comments:

  1. ജീവിതത്തിലെ ഏറ്റവും നല്ല സ്മരണകൾ....
    വിദ്യാലയ സ്മരണകൾ....
    എഴുത്ത് തുടരൂ... ആശംസകൾ.!

    ReplyDelete
    Replies
    1. ആദ്യവായനക്കു നന്ദി കല്ലോലിനീ

      Delete
  2. കലാലയ സ്മരണകൾ ഇഷ്ടപെട്ടു.ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം ഒപ്പം നന്ദിയും.

      Delete
  3. കലാലയ കാലഘട്ടം ജീവിതത്തിലെ മറക്കാനാവാത്ത കാലയളവാണ്... അത് ഓര്‍മ്മിച്ചെടുത്ത് കൃത്യമായി പങ്ക് വച്ചത് നന്നായിരിക്കുന്നു...

    ചില ക്യാമ്പസ് സ്മരണകള്‍ ഇവിടെയുമുണ്ട് കേട്ടോ... സമയം ലഭിക്കുമ്പോള്‍ സന്ദര്‍ശിക്കുമല്ലോ...

    ReplyDelete
    Replies
    1. വായനക്ക് നന്ദി. തീർച്ചയായും കലാലയസ്മരണകൾ വായിക്കുന്നുണ്ട്.

      Delete
  4. കുഞ്ഞു മനസ്സിൽ ഒരുപാടൊരുപാട് സ്വപ്‌നങ്ങൾ വിരിയുന്ന കാലമാണ് വിദ്യാലയ ജീവിതം...
    മനസ്സിൽ ഓർത്തെടുക്കാനും താലോലിക്കാനും ഒരുപാടൊരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന നല്ലകാലം.
    അന്ന് കണ്ട സ്വപ്‌നങ്ങൾ നമ്മെ ഇന്നത്തെ നമ്മളാക്കി...അന്നത്തെ പിണക്കങ്ങൾ ഇന്നൊർത്തു രസിക്കാനുള്ള തമാശകളായി...അന്നത്തെ ഇണക്കങ്ങൾ വേദനയോടെ ഓർക്കാനുള്ള നൊമ്പരങ്ങളായി...
    നന്ദി...ഒരിക്കൽ കൂടി ആ നല്ലകാലത്തെ ഓർമകളിലേക്ക് നയിച്ചതിന്‌..
    ഒരായിരം നന്മകൾ നിരന്നു കൊണ്ട്...,
    പ്രിയമോടെ,
    ഗീതേച്ചിയുടെ,
    -റഈസ് പി. സി.
    (കിനാവിന്റെ കൂട്ടുകാരൻ...

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷം റഈസ്.

      Delete
  5. വിദ്യാലയസ്മരണകള്‍ എന്നും ഹൃദ്യമാണ്. അവ ജീവിതത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണ്. നാം നമ്മിലേയ്ക്ക് ചവിട്ടിക്കയറിവന്ന കല്‍പടവുകളാണ്.
    വീണ്ടും എഴുതുക.

    ReplyDelete
    Replies
    1. ഓർമ്മകൾ വായിച്ചതിൽ സന്തോഷം. തെറ്റുകുറ്റങ്ങൾ കണ്ടാൽ പറയാൻ മടിക്കരുതേ

      Delete
  6. സുന്ദരമായ ഓർമ്മകൾ... എല്ലാവരുടേയും എന്ന പോലെ എന്റെയും പ്രിയങ്കരമായ കാലഘട്ടമാണ്‌ സ്കൂൾ - കോളേജ്‌ പഠനകാലം.

    ReplyDelete
    Replies
    1. ഓർമ്മകൾ വായിച്ചതിൽ ഒരുപാട് സന്തോഷം. പിഴവുകൾ കണ്ടാൽ ചൂണ്ടിക്കാട്ടിതരാൻ മടിക്കരുതേ

      Delete
  7. എത്തിപ്പെടാനിത്തിരി വൈകി..
    കല്ലും മുള്ളും നിറഞ്ഞ പാതയല്ലെ..
    പോരാത്തതിന് വഴിമുഴുക്കെ വേറേം ബ്ലോഗ൪മാരും..

    ഏതൊരു മനസ്സിലുമുണ്ടാകും..
    പൊടിപുരളാത്ത വിദ്യാലയഓ൪മകള്..
    നമ്മെ നാമാക്കി തീ൪ത്ത വ൪ണംനിറഞ്ഞ പലമുഖങ്ങള്..
    നല്ല പോസ്റ്റ്..ഓടിച്ചുപോവാനെ ഒത്തുള്ളൂ എന്ന് ക്ഷമയോടെ അറിയിക്കുന്നു..

    ReplyDelete
    Replies
    1. ഓടിച്ചാണെങ്കിലും വായിച്ചല്ലോ ഒത്തിരി സന്തോഷമുണ്ട്.

      Delete
  8. വൈവിധ്യമാര്‍ന്ന നിറങ്ങള്‍ പേറുന്ന സ്മരണകളുടെ കൂമ്പാരമാണ് വിദ്യാലയ ജീവിതം. വിദ്യാലയ/കലാലയ സ്മരണകള്‍ പലരും പങ്കിടുന്നത് വായിക്കുമ്പോള്‍ നാമും അറിയാതെ നമ്മുടെ സ്മരണകളിലൂടെ സഞ്ചരിക്കും.

    ആ സഞ്ചാരം സാധ്യമായെങ്കിലും അല്‍പ്പം കൂടി എഴുത്ത് ഹൃദ്യമാക്കാമായിരുന്നു എന്നൊരു തോന്നല്‍ വരാതിരുന്നില്ല. ഇനിയും ഇത് പോലെ പലതും വായനക്ക് വെക്കൂ . വായിക്കാന്‍ എത്താം

    ReplyDelete
    Replies
    1. വായിച്ചതിൽ സന്തോഷമുണ്ട്. അഭിപ്രായങ്ങളും, വിമർശനങ്ങളും എന്നെപോലൊരു തുടക്കകാരിക്ക് എഴുതാനുള്ള ഒരു പ്രചോദനം തന്നെയാണ്. തീർച്ചയായും ഇനിയുള്ള എഴുത്തുകളിലും ഇതുപോലുള്ള ഉപദേശങ്ങൾ എനിക്ക് ഒരുപാട് സന്തോഷം തന്നെ. നന്ദി മാഷെ

      Delete
  9. ഓർമ്മകൾ നിലനിൽക്കട്ടെ.ആശംസകൾ!

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം. അഭിപ്രായങ്ങൾ എന്തായാലും പറയണം. നന്ദി

      Delete
  10. നല്ല വിദ്യാലയ സ്മരണകൾ...... ആശംസകൾ.!

    ReplyDelete
  11. കുട്ടിക്കാലത്തെ ഓർമ്മകൾ കുട്ടിത്തത്തോടെ എഴുതി.വരികളിലെ നിഷ്കളങ്കത ഇഷ്ടമായി.
    ആശംസകൾ!

    ReplyDelete
  12. എന്നും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് കുട്ടിക്കാല അനുഭവങ്ങള്‍. പ്രത്യേകിച്ചും കലാലയ ഓര്‍മ്മകള്‍. അതെങ്ങിനെ എഴുതിയാലും അതൊരു മധുതരമായ അനുഭവങ്ങളുടെ ഭണ്ഡാരമാണ്. ഓര്‍മ്മകള്‍ എന്നും മായാതെ നിലനില്‍ക്കട്ടെ.

    ReplyDelete
  13. സുന്ദരമായ ഓർമ്മകൾ...

    ReplyDelete
  14. നന്നായിരിക്കുന്നു .

    ReplyDelete
  15. കൊള്ളാം.., ഓർമ്മകൾക്കിന്നും പത്തരമാറ്റ്.

    ReplyDelete
  16. സ്കൂളുകളിൽ നിലനിന്നിരുന്ന നല്ല ശിക്ഷണരീതികൾ നല്ല ഫലങ്ങളേ ചെയ്തിട്ടുള്ളു. എന്നാൽ കുട്ടികളെ അവർ വരുന്ന സാമൂഹ്യകുടുംബ പാശ്ചാത്തലം നോക്കി ക്രൂരമായി മർദിക്കുകയും, ഓമനിക്കുകയും ചെയ്യുന്ന അദ്ധ്യാപകരും ഉണ്ടായിരുന്നു. അത്തരക്കാരുടെ പ്രവർത്തികളുടെ ഫലമായാണ് സ്കൂളുകളിലെ ശിക്ഷണ സമ്പ്രദായത്തിന് കടുത്ത നിയന്ത്രണങ്ങൾ വന്നത്. ഇതിന്റെ ഫലമായി സ്കൂളുകളിലെ സ്കൂളുകളിലെ സദുദ്ദേശപരമായ ശിക്ഷാരീതികളും ഇല്ലാതായി. അത് വിദ്യാഭ്യാസത്തിൽ നല്ല ഫലമല്ല ചെയ്യുന്നത്..... കുട്ടിക്കാലത്തിന്റെ ഓർമ്മകൾ എല്ലാവർക്കും മധുരതരം തന്നെ.....

    ReplyDelete