Monday 4 May 2020

ചെറുക്കൻകാണൽ or പെണ്ണുകാണൽചടങ്ങ്


“ അനുക്കുട്ടി മനോരമ വീക്കിലിയിലെ ജോസിയുടെ നീണ്ടകഥയിൽ മുഴുകി സ്വയം മറന്നിരിക്കുന്നു. അനിയത്തി മിനിക്കുട്ടി മൂളിപ്പാട്ടും പാടി ഹാളിലെ സോഫയിൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്. രണ്ടും ഭൂലോക മടിച്ചിക്കോതകൾ. രണ്ടും കോളേജ് കുമാരിമാർ. മൂത്തവൾ അനുക്കുട്ടി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി .. അനിയത്തി മിനിക്കുട്ടി  പ്രീഡിഗ്രി ഒന്നാം വർഷവും.  അമ്മയാണെങ്കിൽ രാവിലെ മൂത്തമകളുടെ വീട്ടിലേക്കു പോയിരിക്കുന്നു ഇവരുടെ ചേച്ചി അനിതക്കു പനി ആണെന്നറിഞ്ഞ് .. ഏട്ടൻ രാവിലെ ഓഫീസിലേക്കും പോയി. പെൺപിള്ളേർക്കു ക്രിസ്തുമസ് അവധിക്കാലമായതിനാൽ രണ്ടും ടീവിയിൽ സിനിമാ കണ്ടും വീക്കിലി വായിച്ചും സമയം പോക്കുന്നു. എങ്കിലും മുറ്റം തൂക്കൽ ..മുറിക്കകം തൂക്കൽ… പാത്രം കഴുകൽ ഇത്യാദി പണികളൊക്കെ അമ്മയ്ക്കു രണ്ടാളും ചെയ്തു കൊടുക്കും.  പഠിക്കുന്ന കുഞ്ഞുങ്ങളല്ലേ എന്ന്‌ കരുതി 'അമ്മ അടുക്കളയിൽ കൂടുതൽ അടുപ്പിക്കാറുമില്ല .

ഇത്തിരി കഴിഞ്ഞതും ലാൻഡ് ഫോൺ ബെല്ലടി കേട്ട് വീക്കിലി മടക്കി വച്ച് അനുക്കുട്ടി ഫോൺ ഓടിപ്പോയി എടുത്തു . അങ്ങേത്തലയ്ക്കൽ അമ്മേടെ ശബ്ദം “ മക്കളേ … ചേച്ചിക്കു പനി ഇത്തിരി കൂടുതലാ … ഞാൻ നാളെ വൈകുന്നേരം അങ്ങെത്താം …...അവൾക്കു തീരെ വയ്യ … നിങ്ങളു ഇത്തിരി കഞ്ഞി അടുപ്പത്തിട് ഇട് .. ഇത്തിരി ചമ്മന്തീം അരക്ക് … മുട്ടയിരിപ്പുണ്ട് … അതെടുത്തു പൊരിക്ക് .. ഫ്രിഡ്ജിൽ തൈര് ഇരിപ്പുണ്ട് … ഞാൻ സൗമിനിയോട് ഒന്നു സൂചിപ്പിച്ചിട്ടാ പോന്നെ … പറഞ്ഞ കേട്ടല്ലോ … ടീവി യുടെ മുന്നില് ചടഞ്ഞു കൂടിയിരുന്നേക്കരുത് …. കതകു തുറന്നിട്ടേച്ചു കിടന്നുറങ്ങിപ്പോവല്ലേ … പറഞ്ഞ കേട്ടല്ലോ … “   അച്ഛന്റെ മരണശേഷം മക്കളുടെ കാര്യത്തിൽ അമ്മക്കാകെ വേവലാതി ആണ്. അനുക്കുട്ടി 'അമ്മ പറഞ്ഞതെല്ലാം മൂളിക്കേൽക്കുന്നതിനിടയിൽ കുഞ്ഞിനെ തിരക്കി...ചേച്ചിയെ ഇങ്ങോട്ടു കൊണ്ടുവാ അമ്മേ .. ടുട്ടുവിനെ ഞങ്ങൾക്കു കളിപ്പിക്കേം ചെയ്യാരുന്നു .. അനുക്കുട്ടി കെഞ്ചിയപ്പോൾ 'അമ്മ വിലക്കി “ ഇപ്പം ഒന്നും പറ്റില്ല .. വിനു അവൾക്കു വയ്യാത്തോണ്ട് ഇന്ന് ലീവ് എടുത്തു .. കുഞ്ഞിനെ കളിപ്പിച്ചിരിക്കുന്നു. അവൾ കിടക്കുവാ .. ശരി മോളേ .. “ ഫോൺ വച്ചതും മിനിക്കുട്ടി ചേച്ചിക്കരികിൽ ഓടിയെത്തി വിവരം തിരക്കി .. വിവരം അറിഞ്ഞപ്പോൾ അവളും സങ്കടപ്പെട്ടു ടുട്ടുമോനെ ഇങ്ങുകൊണ്ടുവന്നിരുന്നെങ്കിൽ … ചേച്ചിയുടെ രണ്ടുവയസ്സുള്ള കുഞ്ഞ് ടുട്ടുമോനെ രണ്ടാൾക്കും ജീവനാണ്. 

അമ്മയുടെ ഫോൺ വന്നതോടെ രണ്ടാളും വേഗം അടുക്കളയിലോട്ടു ഓടി.  അനുക്കുട്ടി എടുത്തുകൊടുത്ത തേങ്ങ മിനിക്കുട്ടി ചിരവയെടുത്തുവച്ചു തിരുമ്മാൻ തുടങ്ങി. അനുക്കുട്ടി കലത്തിൽ വെള്ളം നിറച്ച് അടുപ്പിൽ തീ കൂട്ടാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട് പുക നിറഞ്ഞ് കണ്ണു നിറയാൻ തുടങ്ങി.  എത്ര ശ്രമിച്ചിട്ടും തീ ഒന്നു കത്തിക്കിട്ടാതെ വിഷമിക്കുമ്പോൾ ആണ് അയല്പക്കത്തെ സൗമിനിയേടത്തിയുടെ ഓടി വരവ്. തൊട്ടയല്പക്കത്തെ സ്നേഹമയിയായ സൗമിനിയേടത്തീം അവരുടെ ഭർത്താവ് … ഗോപ്യേട്ടനും .. എന്തിനും ഏതിനും ഓടിയെത്താറുള്ള സ്നേഹമുള്ള അയൽക്കാർ… വന്നതേ 'അമ്മ പോയ വിവരം തിരക്കി. അടുപ്പിലേക്ക് നോക്കി അനുക്കുട്ടിയെ സ്നേഹരൂപേണ ശാസിച്ചു “ ഇത്തിരി അരി ഇടാനാണോ നീ ഈ കലം നിറച്ചു വെള്ളം ഒഴിച്ചു വെച്ചേക്കുന്നേ … “ അനുക്കുട്ടി ജാള്യതയോടെ നിന്നു. സൗമിനിയേടത്തി വേഗം കലത്തിലേ കുറേ വെള്ളം ഊറ്റിയെടുത്ത ശേഷം വിറകൊന്നു ഇളക്കി കുഴലെടുത്ത് അടുപ്പിലേക്ക് ശക്തിയിലൊന്നൂതി . തീയാളിക്കത്തി. വെള്ളം തിളച്ചപ്പോൾ അരി കഴുകി കലത്തിലേക്കിട്ടിട്ട്  അടപ്പെടുത്തടച്ച് സൗമിനിയേടത്തി വിറകൊന്നൂടെ അടുപ്പിലേക്ക് നീക്കി വച്ച്‌ കൈലിമുണ്ടിൽ കൈ തുടച്ചിട്ട് പറഞ്ഞു “ നല്ലോണം തിളക്കട്ടെ … തിള കഴിഞ്ഞാൽ പിന്നെ ചെറിയ തീ മതി … അതിൽ വെന്തോളും … ഇടയ്ക്കു തവിയിൽ കോരി നോക്കണേ വേവ് …ചോറ് കോരിയെടുത്താ മതീ കേട്ടോ മക്കളേ .. ഊറ്റാനൊന്നും നിക്കണ്ടാ .. ഒരു കൂട്ടം പണി കെടക്കുന്നു .. ഞാനങ്ങോട്ടു ചെല്ലട്ടെ … എന്തേലും വേണേൽ വിളിക്കണേ മക്കളേ… “ ഇതും പറഞ്ഞ് സൗമിനിയേടത്തി ഓടി. അല്ലേലും സൗമിനിയേടത്തി ഒരുനിമിഷം അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ല. ഓടി നടന്നുള്ള പണികൾ. ഗോപ്യേട്ടനാവട്ടെ സ്ഥലത്തെ പ്രധാന തയ്യൽക്കാരൻ. അനുക്കുട്ടിയുടെയും മിനിക്കുട്ടിയുടെയും ചുരിദാറുകൾ അമ്മയുടെ ബ്ലൗസ് ചേച്ചീടെ ബ്ലൗസ് എല്ലാം ഗോപ്യേട്ടന്റെ കൈയിലല്ലാതെ വേറാരു തയിച്ചാലും അത്രത്തോളം ശരിയാവില്ല. നാട്ടാർക്കെല്ലാം അങ്ങനെ തന്നെ. അളവുപോലും ആരുടെയും എടുക്കാറില്ല. സൗമിനിയേടത്തി പറയണത് ഗോപ്യേട്ടന് ആളെ ഒറ്റനോട്ടത്തിൽ കണ്ടാൽ അവരുടെ അളവ് കിറുകൃത്യം. കൈത്തുന്നൽ മുഴുവനും സൗമിനിയേടത്തീടെ പണി. സ്കൂൾകുട്ടികളായ മക്കൾ രഞ്ജിനിയും രജിതയും കൊച്ചുകുട്ടികൾ മൂന്നിലും അഞ്ചിലും പഠിക്കുന്നു. 
സൗമിനിയേടത്തി ഇടക്കെല്ലാം അമ്മക്കരികിൽ ഓടിയെത്തി വിശേഷങ്ങൾ തിരക്കും. ഇടക്കിടെ “ അനുക്കുട്ടിയെ എത്രേം വേഗം ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം .. പ്രായം ഏറുന്നു .. പഠിപ്പൊക്കെ മതി .. “ എന്ന്‌ അമ്മയെ ഓർമ്മപ്പെടുത്തും . അത് കേൾക്കുന്നതും അനുക്കുട്ടിക്ക് ദേഷ്യം വരും. സൗമിനിയേടത്തി പോയിക്കഴിഞ്ഞാൽ അനുക്കുട്ടി അമ്മയോടു പരാതിപ്പെടും “ അമ്മേ .. എനിക്കിപ്പോൾ കല്യാണം വേണ്ടാ ..” 'അമ്മ അപ്പോൾ പറയും “ അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്ര ആലോചനകൾ വന്നേനെ .. അനിതേടെ കല്യാണം ഡിഗ്രി കഴിഞ്ഞയുടനെ ഉറച്ചു . ഉടനടി കല്യാണവും നടന്നു.” അതും പറഞ്ഞ് അച്ഛനെ ഓർത്തു 'അമ്മ കണ്ണു തുടക്കുമ്പോൾ അനുക്കുട്ടിക്ക് സങ്കടം വരും .. അനുക്കുട്ടി ഏട്ടന്റെ കാര്യം ഓർമ്മപ്പെടുത്തുമ്പോൾ 'അമ്മ ചോദിക്കും അവൻ എപ്പോഴും പറയുന്ന നീ കേട്ടിട്ടില്ലേ .. “ നിന്നെ ആരെയെങ്കിലും നല്ലൊരുത്തനെ ഏൽപ്പിച്ചിട്ടേ അവൻ കെട്ടൂ .. “ . 

എന്തായാലും സൗമിനിയേടത്തി പോയതും അനുക്കുട്ടിയും മിനിക്കുട്ടിയും ചേർന്ന് രണ്ടുമണിക്കൂറു നേരത്തെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ ചോറും ചമ്മന്തീം മുട്ട വറുത്തതും ബീൻസ് തോരനും റെഡിയാക്കി പണികൾ ഒതുക്കി … അമ്മേടെ വില രണ്ടാളും ശരിക്കും മനസ്സിലാക്കിയ നിമിഷങ്ങൾ … ഇനി വൈകുന്നേരം ആറുമണിക്ക് ഏട്ടനെത്തും വരെ രണ്ടാളും ഫ്രീ.  “ ടീ പിള്ളേരെ വേഗം കുളിച്ചേ … ടീവി കണ്ടതു മതി .. വല്ലോം പഠിച്ചൂടെ … “ എന്നൊക്കെയുള്ള അമ്മയുടെ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ശാസനകളുണ്ടാവില്ല .. ചുരുക്കം രണ്ടാളും ഇനി ഫ്രീ .. അവധിക്കാലമായതിനാൽ ഏട്ടൻ രണ്ടുമൂന്നു വീഡിയോ കാസറ്റുകൾ കൊണ്ടു വച്ചിട്ടുമുണ്ട്. സിനിമാഭ്രാന്തിയായ അനിയത്തി മിനിക്കുട്ടി ചേച്ചിയെ ചട്ടം കെട്ടി ഒരു സിനിമാ കാണാൻ പ്ലാനിടുന്നു . റഹ്‌മാന്റെ “ പറന്നു … പറന്ന് .. “ കാസെറ്റിട്ടു സിനിമാ കണ്ടു രണ്ടാളും രസിച്ചിരിക്കുമ്പം ദാണ്ടെ … സൗമിനിയേടത്തിയുടെ ഓടിപ്പാഞ്ഞുള്ള രണ്ടാം സന്ദർശനം .. ഇക്കുറി വെറുതെ കുശലാന്വേഷണം അല്ല വരവിന്റെ ഉദ്ദേശം കാര്യമായ എന്തോ സംഗതിയുണ്ടെന്നു ഏടത്തീടെ മുഖഭാവത്തിൽ മൂത്തവൾ അനുക്കുട്ടി സംശയിക്കുന്നു.  സൗമിനിയേടത്തി മുഖവുരയൊന്നുമില്ലാതെ വേഗത്തിൽ അനുക്കുട്ടിക്കരികിലെത്തി അല്പം അധികാരഭാവത്തിൽ കല്പിച്ചു “ മോളേ വേഗം ഒന്നെണീറ്റെ … മോളെ പെണ്ണുകാണാൻ രണ്ടുപേർ ഇപ്പം വരും “ . അനുക്കുട്ടി മനസ്സിൽ കരുതി ‘ ഓ .. റഹ്‌മാൻ .. രോഹിണി.. പ്രണയം കത്തിനിൽക്കുന്ന സീൻ തല്ലിയുടച്ചു ..’. സൗമിനിയേടത്തിയോട് അനുക്കുട്ടി കട്ടായം പറഞ്ഞു ‘ വേണ്ടാ ഏടത്തീ .. അമ്മയില്ലാതെ എനിക്കു ചെറുക്കൻ കാണണ്ട ..’. ഏടത്തി നിർബന്ധം ..” മക്കളേ അവരൊന്നു കണ്ടുപോയ്‌ക്കോട്ടെ …” ഞാനമ്മേം അനിതേം വിളിച്ചു പറഞ്ഞിട്ടുണ്ട് .. അവരു സമ്മതിച്ചു . ഞാനെല്ലാം ഏറ്റു … മോളൊന്നു നിന്നുകൊടുത്താൽ മാത്രം മതി.. അവരു കണ്ടിട്ടു വേഗം പൊക്കോളും …’. ലാൻഡ് ഫോൺ ബെല്ലടികേട്ട് മടിയോടെ അനുക്കുട്ടി പോയി ഫോൺ എടുത്തു .. സംശയിച്ചപോലെ അമ്മതന്നെ .. വളരെ മയത്തിലുള്ള അമ്മയുടെ സ്വരം “ മോളേ .. 'അമ്മ പറയുന്ന കേൾക്കണേ .. സാരമില്ല .. സൗമിനി നോക്കിക്കൊള്ളും .. അവരു വന്നിട്ട് പൊയ്ക്കോട്ടേ .. “. 
‘ ചേച്ചിക്കിപ്പോ എങ്ങനെ അമ്മേ ‘ എന്ന അന്വേഷണത്തിന് “ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻജെക്ഷൻ കൊടുത്തു .. ഇപ്പോ ചൂട് കുറവുണ്ട് … കിടക്കുന്നു ..  'അമ്മ പറഞ്ഞതു മോള് കേട്ടല്ലോ … “ അമ്മയുടെ സ്നേഹോപദേശം .. മനസ്സില്ലാമനസ്സോടെ അനുക്കുട്ടി ഫോൺ വച്ചു തിരിച്ചു വരുമ്പോൾ മിനിക്കുട്ടീം സൗമിനിയേടത്തിയും കൂടിയെന്തോ ഗൂഢാലോചന നടത്തി ഏടത്തി “ എല്ലാം ഓക്കേയാക്കൂ .. റെഡിയാകൂ… ഞാനിപ്പം വരാം ..” ന്നു പറഞ്ഞു അവരുടെ വീട്ടിലേക്കു പോയതും അനിയത്തി മിനിക്കുട്ടി നിമിഷനേരം കൊണ്ട് അമ്മറോൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ടീവി ഓഫാക്കി സ്വീകരണമുറി വേഗം അടുക്കിപ്പെറുക്കുന്നതിനിടയിൽ അവൾ അനുക്കുട്ടിയോടു കല്പിച്ചു .. വേഗം പോയി റെഡി ആവാൻ ..”  അനുക്കുട്ടി കട്ടായം പറഞ്ഞു “ എനിക്കിപ്പം ചെറുക്കൻ കാണാനുള്ള യാതൊരു മൂഡുമില്ല “ . അനിയത്തി മിനിക്കുട്ടി ചേച്ചിക്ക് നേരെ കണ്ണുരുട്ടി “ പറയുന്നത് കേട്ടാൽ മതി ..” അല്ലെങ്കിലും പല സന്ദർഭങ്ങളിലും പ്രായത്തിൽക്കവിഞ്ഞ പക്വതയിലുള്ള മിനിക്കുട്ടിയുടെ പെരുമാറ്റം അമ്മയെയും, അനുക്കുട്ടിയെയും പലപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ മിനിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി അനുക്കുട്ടി മുടി ചീവി ഒതുക്കി മുഖത്തല്പം ഗ്ലാമറുപൊടിയും പൂശി ചെറുക്കനെ കാത്തിരിപ്പായി. മിനിക്കുട്ടി വേഗം സ്ക്വാഷ് കലക്കി പ്ലേറ്റിൽ മിക്സ്ച്ചറും ഉപ്പേരിയും എടുത്ത് അടച്ചുവച്ച്  ചെറുക്കനെ സ്വീകരിക്കാൻ റെഡി ആയി അമ്മയെപ്പോലെ ആഹ്ലാദവതിയായി നിൽക്കുന്ന കണ്ടു ചേച്ചി അനുക്കുട്ടി അമ്പരന്നിരുന്നു. 

അനുക്കുട്ടിയെ ഞെട്ടിച്ചുകൊണ്ട് ഒരു മോട്ടോർബൈക്കിന്റെ ശബ്ദം … അവളുടെ നെഞ്ചും പടപടാന്നു മിടിച്ചു തുടങ്ങി.  എവിടെനിന്നെന്നറിയില്ല സൗമിനിയേടത്തിയും ഗോപ്യേട്ടനും പൊട്ടിവീണത് … രണ്ടാളും ഉമ്മറത്ത് അവരെ സ്വീകരിക്കാൻ റെഡിയായി.. അവർക്കു തൊട്ടു പുറകിൽ മിനിക്കുട്ടിയും … അനുക്കുട്ടി ഇതെല്ലം അകത്തേമുറിയിൽ നിന്നു വീക്ഷിച്ചു. വേഗം അകത്തേക്ക് വലിഞ്ഞു.  അമ്മയോ ഏട്ടനോ ഇല്ലാത്തതിന്റെ സങ്കടമായിരുന്നു അനുക്കുട്ടിക്ക്. അടുക്കളയിൽ നിന്നു സൗമിനിയേടത്തി ഒച്ച താഴ്ത്തി അനുക്കുട്ടിയെ വിളിച്ചു അവൾ മെല്ലെ നടന്ന് അടുക്കളയിൽ ചെന്നപ്പോൾ ഒരു ട്രേയിൽ സ്‌ക്വാഷും ഉപ്പേരീം എല്ലാം എടുത്ത് അനുക്കുട്ടിക്ക് നേരെ നീട്ടിക്കൊണ്ട് സൗമിനിയേടത്തി പറഞ്ഞു 
“ ഇതുംകൊണ്ട് മോളങ്ങോട്ടു വന്നേ ..”.  അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിസ്റ്റ് തലപൊക്കി അവൾ സൗമിനിയേടത്തിയോട് കട്ടായം പറഞ്ഞു “ വല്ല ചെറുക്കന്മാർക്കെല്ലാം ജ്യൂസും ഉപ്പേരീം കൊണ്ട് കാഴ്ചവസ്തു പോലെ നിൽക്കാൻ എന്നെ കിട്ടില്ല ..”.   സൗമിനിയേടത്തി വേണ്ടാത്തതെന്തോ കേട്ടപോലെ താടിക്കു കയ്യുംകൊടുത്ത് അനുക്കുട്ടിയെ കടുപ്പിച്ചൊന്നു നോക്കി. സന്ദർഭത്തിനൊന്നയവു വരുത്താനായി അനിയത്തി മിനിക്കുട്ടി വേഗം ആ ട്രേ വാങ്ങി “ ഞാൻ കൊടുത്തോളാം … ചേച്ചി എന്റെ കൂടെ വന്നാൽ മതി … “ എന്നു പറഞ്ഞ് അവൾ മുന്നേ നടന്നു . സൗമിനിയേടത്തി  അല്പം പരിഭവത്തോടെ അനുക്കുട്ടിയെ ഉപദേശിച്ചു “ പെൺകുട്ടികൾക്ക് ഇത്ര വാശി പാടില്ല മോളേ..”. അനുക്കുട്ടി മന്ദംമന്ദം മിനിക്കുട്ടിക്കും സൗമിനിയേടത്തിക്കും പിന്നാലെ നടന്നു. ഹാളിന്റെ വാതിൽക്കൽ എത്തിയതും അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിച്ചി എങ്ങോ ഓടിയൊളിച്ച് അവളറിയാതെ തന്നെ അവളുടെ ശിരസ്സ് കുനിഞ്ഞു പോയിരുന്നു.  അവളെയൊന്നുണർത്താനായി സൗമിനിയേടത്തിയൊന്നു മുരടനക്കി… അനുക്കുട്ടി മെല്ലെയൊന്നു തലയുയർത്തി … പിന്നെ നടന്നതെല്ലാം പെട്ടെന്ന്… സൗമിനിയേടത്തിയേം ഗോപ്യേട്ടനേം അനിയത്തിക്കുട്ടിയെയും എന്തിന്‌ അനുക്കുട്ടിയെപ്പോലും സ്വയം ഞെട്ടിച്ചുകൊണ്ട് അനുക്കുട്ടി അയാളുടെ നേരെ ഒരു ആക്രോശമായിരുന്നു “ ടോ .. താനാണോടോ എന്നെ പെണ്ണുകാണാൻ വന്നേ .. തനിക്കെങ്ങനെ ഇതിനു ധൈര്യം വന്നു …” പിന്നെയും എന്തൊക്കെയോ അനുക്കുട്ടി അയാൾക്ക്‌ നേരെ ദേഷ്യത്തോടെ പുലമ്പി .   അയാൾ “ അയ്യോ അങ്ങനെയല്ല …” എന്നെല്ലാം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അയാൾക്ക്‌ നേരെ അനുക്കുട്ടി ആക്രോശം തുടരുമ്പോൾ കൂടെ വന്ന ആൾ പുറത്തേക്കിറങ്ങിയിരുന്നു. അതൊന്നും അനുക്കുട്ടി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്പരന്ന് അന്തം വിട്ടുനിന്ന സൗമിനിയേടത്തീടെ ഭർത്താവ് ഗോപ്യേട്ടനോട് അനുക്കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു “ ഇയാൾ ശരിയല്ല ഗോപ്യേട്ടാ.. ശരിയല്ല.. “ അവൾ അതും പറഞ്ഞ് ഓടി അകത്തേക്കു പോയി. അനുക്കുട്ടിയുടെ അന്നേരത്തെ പെരുമാറ്റത്തിൽ സൗമിനിയേടത്തിയും ഗോപ്യേട്ടനും മിനിക്കുട്ടിയും അന്തം വിട്ടു നിന്നു.

മോട്ടോർബൈക്കിന്റെ പട.. പട  ശബ്ദം കേട്ടപ്പോൾ അനുക്കുട്ടി ആശ്വസിച്ചു ..’ ശല്യം … പോയിക്കിട്ടി ..”. കുറേനേരത്തേക്ക് നിശബ്ദത .. കുറച്ചു സമയത്തിനുശേഷം മൂവരും അനുക്കുട്ടിക്കരുകിൽ എത്തിയപ്പോൾ അവൾ കരച്ചിൽ തുടങ്ങിയിരുന്നു.  അനുക്കുട്ടിയെ നന്നായി അറിയാമായിരുന്ന സൗമിനിയേടത്തിക്കും ഗോപ്യേട്ടനും കാര്യമായ എന്തോ സംഭവം ഉണ്ടാകുമെന്നു മനസ്സിലായിരുന്നു . ..”ഒച്ച വച്ചൊന്നു സംസാരിക്കാത്ത കുട്ടി ..
ഇതിപ്പോ എന്താവും കാര്യം ..” എന്ന ആശങ്കയോടെ സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു കാര്യം തിരക്കി .  കണ്ണുനീർ തുടച്ച് അനുക്കുട്ടി കാര്യം വിശദീകരിച്ചു. പണ്ട് ചേച്ചി അനിതയേ പെണ്ണുകാണാൻ വന്ന ഒരു ചെറുക്കന്റെ കൂടെ വന്ന ഒരു പയ്യൻ … അച്ഛൻ അവരുമായി നടത്തിയ സംഭാഷണമദ്ധ്യേ അനുക്കുട്ടിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ  
ശരിയായിരിക്കുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥി ആണ്‌ കൂടെ വന്ന പയ്യൻ എന്നറിയുന്നു .. അനുക്കുട്ടിയെ അയാൾക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആ കല്യാണം നടന്നില്ല എങ്കിലും അനുക്കുട്ടി കോളേജിൽ ആദ്യമായി ചെല്ലുന്ന ദിവസം ചെറുക്കന്റെ കൂടെവന്ന കൃഷ്ണകുമാർ എന്ന പയ്യൻ അനുക്കുട്ടിയെ വന്നു പരിചയപ്പെടുകയും പിന്നീട് അയാൾ അനുക്കുട്ടിയുടെ ഒരു ലോക്കൽ ഗാർഡിയൻ കണക്കെ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും കോളേജിലെ പലകാര്യങ്ങളിലും 
(ബസ്കൺസഷൻ കാർഡ് … ഐഡന്റിറ്റി കാർഡ് ) അനുക്കുട്ടിക്കും കൂട്ടുകാരികളായ ഷേർളിക്കും ഷീബക്കും മറിയാമ്മക്കും എല്ലാം എല്ലാ സഹായവും ചെയ്തു കൊടുക്കയും ഇന്റർവെൽ ടൈമിൽ അനുക്കുട്ടിയുടെ ക്ലാസ്സിലെ നിത്യസന്ദർശകനായി മാറുകയും ചെയ്യുന്നു.  അനുക്കുട്ടിക്കും കൂട്ടുകാരികൾക്കും കൃഷ്ണകുമാർ അങ്ങനെ ഒരു വല്യേട്ടനായി മാറുന്നു . പക്ഷേ അവരുടെ ക്ലാസ്സ്‌മേറ്റും ക്ലാസ്സ്‌ ലീഡറും ആയ സണ്ണിക്കുട്ടിക്ക് വല്യേട്ടന്റെ പെൺകുട്ടികളുടെ മേലുള്ള അധികാരം അത്ര ഇഷ്ടപ്പെടുന്നില്ല. കുറഞ്ഞൊരു കാലം കൊണ്ട് സണ്ണിക്കുട്ടിയാവട്ടെ അനുക്കുട്ടിയുടെയും കൂട്ടുകാരികളുടെയും ചങ്കു ബ്രോ ആയിത്തീർന്നു. സണ്ണിക്കുട്ടി വല്യേട്ടന്റെ ക്ലാസ്സിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റി പലപ്പോഴും അനുക്കുട്ടിയോടു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട് . അതുപോലെ തിരിച്ചു വല്യേട്ടനാവട്ടെ അനുക്കുട്ടിയെ സണ്ണിക്കുട്ടിയുമായി അധികം സംസാരിക്കുന്നതിന് പല തവണ ശാസിച്ചിട്ടുമുണ്ട് .  എന്താണാവോ ഇവർ തമ്മിലുള്ള വിരോധത്തിന് കാരണമെന്ന് അന്ന് അനുക്കുട്ടി മനസ്സിലാക്കിയില്ല. അങ്ങനെ പോകവേ ഒരു ദിവസം വല്യേട്ടൻ വന്നു എന്തോ കാരണം പറഞ്ഞ് അനുക്കുട്ടിയുടെ ഒരു ടെക്സ്റ്റ് ബുക്ക് വാങ്ങുന്നു. രണ്ടു ദിവസമായിട്ടും തിരികെ കൊടുക്കാഞ്ഞ് അനുക്കുട്ടി ആ ടെക്സ്റ്റ് ചോദിക്കയും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്കു തിരികെ പോകുംവഴി വല്യേട്ടൻ പിറകേ ഓടിച്ചെന്ന് ആ ടെക്സ്റ്റ് അനുക്കുട്ടിയെ ഏൽപ്പിക്കുന്നു . അസ്വാഭാവികമായി ഒന്നും അപ്പോൾ അനുക്കുട്ടിക്ക് തോന്നിയതുമില്ല തന്നെയുമല്ല അയാളെ അവൾ സ്വന്തം ഏട്ടനെയെന്നപോലെ മാത്രേ കരുതിയിരുന്നുമുള്ളൂ . 

അന്ന് വൈകുന്നേരം പഠിക്കാനായി ആ  ടെക്സ്റ്റ് തുറന്നപ്പോൾ ഒരു പേപ്പർ താഴേക്ക് വീണു . അതെടുത്തു തുറന്നു നോക്കിയപ്പോൾ വല്യേട്ടനെന്നു കരുതിയ അയാൾ അനുക്കുട്ടിക്കൊരു പ്രണയലേഖനം “ ഇഷ്ടമാണെന്നും … നേരിട്ടു പറയാൻ മടിച്ചിട്ടാണ് ഇങ്ങനെ .. നാളെ ഇന്റർവെൽ ടൈമിൽ വാകമരചുവട്ടിൽ എത്തണമെന്നും ..” പഞ്ചാരവാക്കുകളിൽ എഴുതിയ ആ കത്തു കണ്ടതും അനുക്കുട്ടിക്ക് അയാളോട് വല്ലാത്ത ദേഷ്യവും വെറുപ്പും അമർഷവും … വീട്ടിൽ ആരും കാണാതെ വലിച്ചുകീറി ദൂരേക്ക്‌ എറിഞ്ഞു സ്വന്തം ഏട്ടനെപ്പോലെ കരുതിയ ഒരാൾ .. സണ്ണിക്കുട്ടി പറഞ്ഞത് എത്ര കറക്റ്റ് എന്ന്‌ അപ്പോൾ ഓർത്തു. പിറ്റേന്നു കോളേജിൽ ചെന്നപ്പോൾ അടുത്ത കൂട്ടുകാർ ഷേർളിയോടും ഷീബയോടും സണ്ണിക്കുട്ടിയോടും ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തു. നല്ലതു പറഞ്ഞു വിടണമെന്ന് അവർ ഉപദേശിച്ചു. ഇന്റർവെൽ ടൈമിൽ കുശലാന്വേഷണവുമായി എത്തിയ അയാളോട് അനുക്കുട്ടി ഒരു നുണ പറഞ്ഞു “ അച്ഛന്റെ കയ്യിൽ ആ കത്തു കിട്ടിയെന്നും നിങ്ങളെ ഒന്നു കാണാനായി അച്ഛൻ ഇരിക്കയാണെന്നും ..”. അയാൾ അതു വിശ്വസിച്ച്‌ കുറേ നുണക്കഥകൾ തട്ടിവിട്ടു. അയാളല്ല ആ കത്തെഴുതിയതെന്നും മറ്റാരോ ആണെന്നും ഒക്കെ അയാളുടെ ചില ദൂതന്മാരെ അനുക്കുട്ടിക്കരികിൽ അയച്ചെങ്കിലും അയാളുടെ ചില സഹപാഠികൾ ഉള്ള വാസ്തവം വ്യക്തമാക്കി . അയാളുടെ ക്ലാസ്സിലെല്ലാം അനുക്കുട്ടി അയാളുടെ കാമുകി ആണെന്നാണ് പറഞ്ഞു വച്ചിരിക്കുന്നത് . പലരും പിന്നീട് അനുക്കുട്ടിയെ അയാളുടെ പേര് വിളിച്ചു കളിയാക്കുകയും ചെയ്തതിന്റെ പേരിൽ അനുക്കുട്ടി നേരിട്ട് അയാളോട് ഇനി മേലിൽ എന്നോടു സംസാരിക്കാനോ പരിചയം കാണിക്കാനോ വന്നേക്കരുത് എന്ന്‌ താക്കീതു നൽകയും ചെയ്തിരുന്നു. എന്നിട്ടും ചില മുട്ടാപ്പോക്കുകൾ പറഞ്ഞ് വര്ഷാവസാനം വരെയും അയാൾ അനുക്കുട്ടിയെ ശല്യം ചെയ്തിരുന്നു.  അയാൾ ആ വർഷം പഠിത്തം തീർന്നു പോവുകയും ചെയ്തു. പിന്നീട് ഒന്നുരണ്ടു തവണ അല്പം അകലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പിരിവുശേഖരണാർഥം അയാളെ സൗമിനിയേടത്തീടെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്‌. തങ്ങളുടെ വീട്ടിൽ പിരിവിനു അയാൾ അകത്തു കയറി വരാതെ കൂടെവന്നവരെ പറഞ്ഞയച്ച് അയാൾ റോഡിൽ കാത്തുനിൽക്കുന്നതും കണ്ടിട്ടുണ്ട് എങ്കിലും അനുക്കുട്ടി അതേപ്പറ്റി അമ്മയോടോ ആരോടും സൂചിപ്പിച്ചിട്ടില്ല . സൗമിനിയേടത്തിയുടെയോ ഗോപ്യേട്ടന്റെയോ ബന്ധു ആരെങ്കിലുമാവാം അയാൾ എന്ന്‌ അന്നോർത്തിട്ടുണ്ടെങ്കിലും അതു ചോദിക്കാൻ തുനിഞ്ഞിട്ടില്ലെന്നും ആ മനുഷ്യനാണ് ഇപ്പോൾ തന്നെ പെണ്ണുകാണാൻ വന്നതെന്നും അനുക്കുട്ടി വിശദീകരിച്ചപ്പോൾ സൗമിനിയേടത്തിയും ഗോപ്യേട്ടനും അന്തം വിട്ടു നിന്നു. “ താടിക്കു കൈകൊടുത്തു ദേഷ്യത്താൽ സൗമിനിയേടത്തി ഗോപ്യേട്ടനോടായി പറഞ്ഞു “” അമ്പടാ കൃഷ്ണകുമാരാ .. ഇതാരുന്നോ നിന്റെ മനസ്സിലിരുപ്പ് ..” 

അനുക്കുട്ടിയുടെ മനസ്സിൽ ഇത് പറയുമ്പോഴും സംശയമായിരുന്നു … പഴയ കാര്യം വച്ച് അയാൾ പെണ്ണുകാണാൻ എത്തിയിരിക്കുന്നു അവൾക്കു ഒരിക്കലും അയാളെ അങ്ങനെ സങ്കൽപ്പിക്കാൻപോലും ആവുമായിരുന്നില്ല. അനുക്കുട്ടി  അമ്മയെയും ഏട്ടനേയും പറ്റി ഓർത്തു. ഈ സമയത്തു അവരുണ്ടായിരുന്നെങ്കിൽ .. അച്ഛന്റെ കാര്യം ചിന്തിച്ചപ്പോൾ അവൾക്കു ദുഃഖം അടക്കാനായില്ല … അവൾ ഏങ്ങലടിച്ചു കരയാനും തുടങ്ങിയിരുന്നു. ഇതു കണ്ട സൗമിനിയേടത്തിയും ഗോപ്യേട്ടനും ആകെ വിഷമത്തിലുമായി .. തങ്ങൾ കാരണം .. 
സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു “ മോളേ അവൻ ഇടക്കൊക്കെ ഇവിടെ വരാറുണ്ട് ഗോപ്യേട്ടന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ് … എന്നതിൽക്കവിഞ്ഞ പരിചയം ഒന്നും ഞങ്ങൾക്കവനുമായി ഇല്ല .. അവൻ കുറേ ദിവസമായി ഗോപ്യേട്ടനെ വിളിച്ച് ‘ ഒരു പയ്യനുണ്ട് .. ആലോചനകൾ നടക്കുന്നു .. നിങ്ങളുടെ മുകളിലെ വീട്ടിലെ കുട്ടിയെ ഒന്നാലോചിച്ചാലോ ഗോപ്യേട്ടാ ..’.   “നിനക്ക് ആ കുട്ടിയെ അറിയാമോ ..” എന്ന ഗോപ്യേട്ടന്റെ ചോദ്യത്തിന് അവൻ പറഞ്ഞത് ‘ കോളേജിൽ പഠിച്ചിരുന്ന സമയത്തു കണ്ടിട്ടുണ്ട് .. ‘ എന്ന്‌ മാത്രമാണ് . കരഞ്ഞുകൊണ്ടിരുന്ന അനുക്കുട്ടിയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതിനിടയിൽ ആണ് സൗമിനിയേടത്തി ആ സത്യം വെളിപ്പെടുത്തിയത്. “ പക്ഷേ അവനല്ല മോളേ കാണാൻ വന്ന പയ്യൻ അവന്റെ കൂടെയുണ്ടായിരുന്ന ആളാണ് …” 
സൗമിനിയേടത്തിയുടെ വാക്കുകൾ അനുക്കുട്ടിയിൽ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്..
….ങ്ഹേ .. അങ്ങനൊരാൾ അയാളുടെ കൂടെ ഉണ്ടായിരുന്നോ.. എത്ര ആലോചിച്ചിട്ടും അങ്ങനെയൊരു മുഖം കണ്ടതായി പോലും അനുക്കുട്ടിയുടെ ഓർമ്മയിൽ ഇല്ല.. അതെങ്ങനെ അയാളുടെ മുഖം വീണ്ടും കാണേണ്ടി വന്ന ദേഷ്യത്തിൽ പരിസരം പോലും മറന്നുപോയില്ലേ .. അനുക്കുട്ടി വീണ്ടും കരച്ചിൽ തുടങ്ങിയപ്പോൾ ഗോപ്യേട്ടൻ ആശ്വാസവാക്കുകൾ പറഞ്ഞു “ അനുക്കുട്ടീ … പോട്ടെ .. ഈ സംഭവം മറന്നേക്കൂ .. ഇനി അതോർത്തു വിഷമിക്കല്ല് .. “ സൗമിനിയേടത്തീം ഗോപ്യേട്ടനും മിനിക്കുട്ടിയും പുറത്തേക്കിറങ്ങിയപ്പോൾ അനുക്കുട്ടി വീണ്ടും തന്റെ മുറിയിൽ ബെഡിൽ കിടന്നു … മനസ്സിൽ പലവിധ സംശയങ്ങൾ … അയാൾ ആരെയും കൂട്ടിയാവും വന്നേ … ഗോപ്യേട്ടനോട് മറ്റേ ആൾക്കുവേണ്ടി കൂട്ടുവന്നതാണെന്നു നുണ പറഞ്ഞതാവില്ലേ .. അയാൾക്കെങ്ങനെ വീണ്ടും തന്റെ മുൻപിൽ വരാൻ ധൈര്യം വന്നു … അയാളുടെ മുഖത്തുനോക്കി അന്നു താൻ തീർത്തും പറഞ്ഞതല്ലേ ഇനി മേലിൽ തന്നോട് സംസാരിക്കാൻ വരരുത് എന്ന്‌ ..  ഇങ്ങനെ നൂറുകൂട്ടം വിചാരങ്ങൾ അവളുടെ മനസ്സിനെ മഥിക്കാൻ തുടങ്ങി … ലാൻഡ് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടും അനുക്കുട്ടി അനങ്ങിയില്ല .. അമ്മയാവും .. മിനിക്കുട്ടി ഫോൺ എടുത്തെന്നു മനസ്സിലായി .. എന്താവുമോ അവൾ അമ്മയോടു പറഞ്ഞിട്ടുണ്ടാവുക എന്നും ചിന്തിച്ചു ആ കിടപ്പു ഉച്ചയൂണു പോലും കഴിക്കാതെ അവൾ കിടന്നുറങ്ങിപ്പോയി.  

പാവം അനിയത്തി മിനിക്കുട്ടി ചേച്ചി ഊണ് കഴിക്കാഞ്ഞ വിഷമത്തിൽ അവളും ഊണുപേക്ഷിച്ച് ചെറുക്കനു കൊടുക്കാൻ വച്ച ഉപ്പേരിയും മിക്സ്ച്ചറും കൊറിച്ചു
 “ പറന്നു പറന്ന് .. “ സിനിമാ ബാക്കി ഭാഗവും കണ്ടു സമയം പോക്കി നാലുമണിനേരത്തു വന്ന് ചേച്ചിയെ തട്ടിയുണർത്തി .. അനുക്കുട്ടി ഉറക്കച്ചടവോടെ കണ്ണുകൾ തുറന്ന്‌ എണീറ്റു .. ചെറുക്കന് കരുതി വച്ച സ്ക്വാഷ് അവൾ അനുക്കുട്ടിക്ക് നേരെ നീട്ടി .. അനുക്കുട്ടി ദേഷ്യത്തോടെ പറഞ്ഞു “ എനിക്കു വേണ്ടാ .. “. മിനിക്കുട്ടി ഒറ്റവലിക്ക് ആ ഒരു ഗ്ലാസ്സ്‌ സ്ക്വാഷ് അകത്താക്കുന്ന കണ്ടപ്പോൾ അനുക്കുട്ടിക്ക് ദേഷ്യം തോന്നി .. ഈ സംഭവത്തിൽ മിനിക്കുട്ടിക്ക് യാതൊരു ദുഖവും ഇല്ലല്ലോയെന്നു അവൾ ഓർത്തു. 

പിന്നീട് മിനിക്കുട്ടിയിൽ നിന്നാണ് അനുക്കുട്ടി സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ അറിയുന്നത്. പെണ്ണുകാണാൻവന്ന പയ്യൻ അമ്മേടെ ഒറ്റമോനാണെന്നും ഗവണ്മെന്റ് ജീവനക്കാരനാണെന്നും അനുക്കുട്ടി കോളേജിൽ പോകുന്ന വഴിയിൽ ആണ് അവരുടെ വീടെന്നും ' തങ്ങളുടെ കോളേജിന് തൊട്ടടുത്ത സ്‌കൂളിലെ ടീച്ചർ ആണ് പയ്യന്റെ 'അമ്മ എന്നും അനുക്കുട്ടിയുടെ അച്ചനെ ആ വീട്ടുകാർക്ക് അറിയാമായിരുന്നെന്നും അമ്മ പെൺകുട്ടിയെ കണ്ടിട്ടുണ്ടെന്നും അവർക്കു താല്പര്യം ഉള്ളതുകൊണ്ട് കല്യാണം കഴിക്കില്ല എന്ന്‌ വാശി പിടിച്ചിരുന്ന മകനെ നിർബന്ധിച്ചു പെണ്ണുകാണാനായി പരിചയക്കാരനെ കൂട്ടിവിട്ടതാണെന്നും . … പിന്നീട് അവൾ പറഞ്ഞതൊക്കെ അനുക്കുട്ടി മനസ്സിൽ കരുതി അനിയത്തി തന്റെ മനസ്സിലെ ആധി ഒന്നൂടെ കൂട്ടിത്തരും കണക്കെ വിശദമാക്കുന്നു .. അവൾ പറഞ്ഞു കൊണ്ടേയിരുന്നു … “ പാവം അയാൾ എന്തു പിഴച്ചു… പാവം ആ 'അമ്മ …”  അവൾ പറയുന്നത് വിശ്വാസം വരാതെ അനുക്കുട്ടി കണ്ണും മിഴിച്ചിരുന്നു .. കുറ്റബോധം അവളുടെ മനസ്സിനെ വല്ലാതെ നീറ്റി.. ഈശ്വരാ … അയാൾ… അയാളുടെ 'അമ്മ .. താനെന്തൊരു അപരാധമാണ് കാണിച്ചത്… എന്നിട്ടും മറ്റേ ആളെ പറ്റി അവൾക്കു സംശയമായി .. അയാളെന്തിന് കൂടെ വന്നു … അവൾ അനിയത്തിയോടു പറഞ്ഞു ഇപ്പം തന്നെ അയാളെ സത്യം പറഞ്ഞു മനസ്സിലാക്കണം … എനിക്കാ പയ്യനെ ഒന്നു കാണണം … മിനിക്കുട്ടി കൈമലർത്തി ..” എനിക്കറിയില്ല ചേച്ചീ .. ഇനി അയാൾ കാണാൻ നിന്നു തരുമോ .. ചേച്ചി എന്തൊക്കെയാ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞതെന്നോർമ്മയുണ്ടോ … എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ അവൾ ഒരു കാര്യവും കൂടെ ചേച്ചിയുടെ ശ്രദ്ധയിൽ പെടുത്തി “ ആ പയ്യന്റെ ഇടത്തേ കവിളിൽ വല്യ ഒരു കറുത്ത മറുകുണ്ട് .. അത് മറയ്ക്കാനാവാം അയാൾ താടി നീട്ടി വളർത്തിയിട്ടുണ്ട് .. ആ കുറവു കൊണ്ടാകാം അയാൾ പെണ്ണുകാണാൻ പോകാൻ വിസമ്മതിച്ചിട്ടുള്ളത് … അയാളുടെ ആദ്യത്തെ പെണ്ണുകാണൽ … ഇങ്ങനെയായിപ്പോയല്ലോ… കഷ്ടം … “ ഇതും പറഞ്ഞ് അവൾ താടിക്കു കൈകൊടുത്ത് വിഷമിച്ചിരുന്ന കണ്ട് അനുക്കുട്ടിക്ക് ദേഷ്യമായി .. അവൾ ചോദിച്ചു “ അപ്പൊ എന്റെ കാര്യമോ .. എന്റെ ആദ്യത്തെ ചെറുക്കൻകാണൽ  ഇങ്ങനെയായതിൽ നിനക്കൊരു വിഷമവുമില്ല … വല്ലോരേം ഓർത്താ നിന്റെയൊരു ദുഃഖം . മിനിക്കുട്ടിയുടെ ന്യായം .. പെണ്ണുകെട്ടാൻ മടിച്ചിരുന്ന ചെറുക്കനല്ലേ .. പാവം അയാളെ നിർബന്ധിച്ചു 'അമ്മ പറഞ്ഞുവിട്ടിട്ട് … അതു കേട്ടതും അനുക്കുട്ടിയുടെ തല വീണ്ടും ചൂടാവാൻ തുടങ്ങി .. അവൾ ചിന്തിച്ചു ..’ ആ അമ്മയെ ഒന്നു കാണാനായെങ്കിൽ നിങ്ങളുടെ മകന് എന്തു പ്രശ്നമുണ്ടെങ്കിലും തനിക്കു സമ്മതമാണെന്നും മുഖത്തേ മറുകോ താടിയോ ഒന്നും തനിക്കു പ്രശ്‌നമില്ലെന്നും അയാളെ വിവാഹം കഴിക്കാൻ താല്പര്യമാണെന്നും ഒക്കെ പറയാൻ അവളുടെ മനസ്സിനു തോന്നി. പിന്നീട് പലതവണ സൗമിനിയേടത്തിയോട് ഇക്കാര്യം അനുക്കുട്ടി സൂചിപ്പിച്ചെങ്കിലും സൗമിനിയേടത്തി “ അതു സാരമില്ല … മോളത് മറന്നേക്കൂ.. ആരുമില്ലാത്തപ്പോൾ ഞങ്ങൾ ഒപ്പിച്ച ഒരു പണി അതു നിന്നെ ഏറെ സങ്കടപ്പെടുത്തിയില്ലേ .. ഗോപ്യേട്ടന് ഏറെ വിഷമം ഉണ്ടാക്കിയ സംഭവം ആയിപ്പോയി ....ആലോചന കൊണ്ടുവന്ന അവനെ ഗോപ്യേട്ടൻ വിളിച്ചു ശരിക്കു പറഞ്ഞു .. “ എന്നൊക്കെ പറഞ്ഞപ്പോൾ അനുക്കുട്ടി “ അയ്യോ ഏടത്തി മറ്റേ പയ്യൻ .. “ എന്നോർമ്മപ്പെടുത്തിയിട്ടും ഏടത്തി അതു കാര്യമാക്കണ്ട എന്ന്‌ പറഞ്ഞു സമാധാനപ്പെടുത്തുകയാണുണ്ടായത്. 

അങ്ങനെ അനുക്കുട്ടിയുടെ ആദ്യ ചെറുക്കൻകാണൽ പരിപാടി പൊളിഞ്ഞു നാശമായെങ്കിലും ഒരുവർഷം കഴിഞ്ഞതോടെ അനുക്കുട്ടിക്ക് തരക്കേടില്ലാത്ത ഒരാലോചന വരികയും കൂടുതൽ സംഭവവികാസങ്ങളൊന്നുമില്ലാതെ രണ്ടാം പെണ്ണുകാണൽ സക്സ്സസ്സ് ആവുകയും താമസിയാതെ വിവാഹവും നടന്നു. അങ്ങനെ സന്തുഷ്ടദാമ്പത്യജീവിതം പിന്നിട്ട് ഒന്നാം വിവാഹവാർഷികം കഴിഞ്ഞു അനുക്കുട്ടി തന്റെ പ്രിയതമനോട് തന്റെ കഴിഞ്ഞകാല സംഭവങ്ങൾ ഒക്കെ തുറന്നു പറയണമല്ലോ എന്നുകരുതി മനസ്സു തുറക്കാൻ ഒരുങ്ങുമ്പോൾ മനക്കട്ടി തീരെ കുറവായ പ്രിയതമൻ കട്ടികുറഞ്ഞ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയാൽ മതിയെന്ന ഒരു നിർദ്ദേശം വെക്കുന്നു . അങ്ങനെ ഇന്നും തന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന ആ സംഭവം അനുക്കുട്ടി പ്രിയതമനെ അറിയിക്കുകയും ഇന്നും ഓർമ്മയിൽ വല്ലാത്ത പശ്ചാത്താപം ആണെന്നും പറഞ്ഞപ്പോൾ പ്രിയതമനിൽ നിന്നുണ്ടായ മറുപടി
 “ അയാളെ തനിക്കൊന്നു കാണാൻ വല്ലവഴിയും ഉണ്ടോന്ന് .. നീ സൗമിനിയേടത്തിയോട് ഒന്നു തിരക്കാമോ .. “ . അനുക്കുട്ടി അതിശയത്തോടെ പ്രിയതമനോട് തിരക്കി “ എന്റെ പേരിൽ സോറി പറയാനാ .. “. പ്രിയതമൻ അനുക്കുട്ടിയുടെ തോളിൽ തട്ടി 
ആശ്വസിപ്പിക്കുംവിധം മൊഴിഞ്ഞു “ പറ്റിയാൽ എനിക്കയാളെയൊന്നു കാണണം … കാണുമ്പോൾ അങ്ങേർക്കൊരു കൈകൊടുക്കണം … എന്നിട്ടയാളുടെ തോളിൽത്തട്ടി പറയണം “ ഓ സുഹൃത്തേ .. നിങ്ങൾ രക്ഷപെട്ടു … ഭാഗ്യവാൻ … “ 

അനുക്കുട്ടി സോഫയിൽക്കിടന്ന കുഷ്യനെടുത്തു പ്രിയതമനു നേരെ ഒറ്റ ഏറ്. 

                    ************************************************