Friday 13 September 2019

അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ






ഇടക്കാലത്തു നമ്മൾ വേണ്ടെന്നു വച്ചുകളഞ്ഞ മൺചട്ടിയും മൺകലവും  അരകല്ലും ഉരലും ഒക്കെ നമ്മുടെ വീടുകളിൽ വീണ്ടും ഇടംപിടിച്ചു  തുടങ്ങി . അതുപോലെ ഒരു പഴങ്കഥയായിപ്പോയ പഴങ്കഞ്ഞിയും വീണ്ടും തിരികെവരുന്നു എന്നാണ് ഈയടുത്ത ചില എഫ് ബി ... വാട്‍സ് ആപ്പ് വീഡിയോകളിലൂടെ  മനസ്സിലാവുന്നത് . പഴങ്കഞ്ഞിക്കടകളും  ധാരാളമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട് . മലയാളികൾ വീണ്ടും പഴമയിലേക്ക്‌ നീങ്ങിത്തുടങ്ങി . 

കുറച്ചുനാൾ മുൻപ് ഒരു ബ്ലോഗ് സുഹൃത്ത്  പഴങ്കഞ്ഞിവിശേഷങ്ങൾ  വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഷെയർ ചെയ്തത് വായിക്കാനിടയായി . ഈയടുത്ത്  എന്റെയൊരു സുഹൃത്ത് പഴങ്കഞ്ഞിയുമായി  ബന്ധപ്പെട്ട മറ്റൊരു രസകരമായ വീഡിയോ പോസ്റ്റ് കാണിച്ചു തന്നു . കാണികളെ കൊതിപ്പിക്കുംരീതിയിൽ  മൺചട്ടിയിൽ പഴങ്കഞ്ഞി  അതിലേക്കു ഉണക്കമീൻ , പച്ചമുളക് , മീൻ അച്ചാർ , ചക്കപ്പുഴുക്ക് , ഉണക്കമീൻപീര , ഉപ്പുമാങ്ങ ഇങ്ങനെ കുറേ ഐറ്റംസ് ഇട്ട്‌ കൈയിട്ടു ഞെരടിഞെരടി  ഒരു പരുവമാക്കി കൈയില് വാരി വായിലോട്ടു വച്ചിട്ട് 
" കിടുവേ ..." എന്നൊരു  ഡയലോഗും കാച്ചി ഇഷ്ടൻ പഴങ്കഞ്ഞി തട്ടുന്നൊരു വീഡിയോ .   സുഹൃത്ത് പറഞ്ഞത്‌ " ഇതു കണ്ടാൽ ആർക്കാണ് കൊതി വന്നുപോകാത്തത് " എന്നാണ് . 
' അത്രക്കൊന്നും തോന്നുന്നില്ല ' എന്ന എന്റെ മറുപടി സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .  " നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒന്നിട്ടു നോക്കൂ .. " എന്നായി സുഹൃത്ത് . 
'ആരും ഇതിൽ വല്യ ഇമ്ബ്രസ്ഡ്   ( ആകർഷിക്കപ്പെടാൻ ) ആവാൻ വഴിയില്ല ..' എന്ന എന്റെ മറുപടി സുഹൃത്തിനെ ചൊടിപ്പിക്കയാണുണ്ടായത് .   ' പഴങ്കഞ്ഞി  കുടിച്ചു ശീലമില്ല .. അതാവാം ഇങ്ങനെയൊരു  തോന്നൽ ..' എന്നു പറഞ്ഞിട്ടൊന്നും സുഹൃത്ത്  അതൊന്നംഗീകരിക്കാൻ തയ്യാറായില്ലെന്നു  മാത്രമല്ല. " നിങ്ങൾ കുടുംബപരമായി ചില്ലറ അസുഖങ്ങൾ ഉള്ളവർ ആയതിനാലാവാം നിങ്ങൾ കുട്ടികളെ പഴങ്കഞ്ഞി കഴിപ്പിച്ചു ശീലിപ്പിക്കാതിരുന്നത് .." എന്നാണ് സുഹൃത്ത് എന്നോടു വാദിച്ചത് . ഞാനോ എന്റെ വീട്ടിലെ മുതിർന്നവരോ സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ സാധ്യതയില്ലാത്ത കാരണങ്ങളാണ് ഈ പഴങ്കഞ്ഞിയുടെ പേരിൽ സുഹൃത്ത് എന്റെമേൽ ആരോപിച്ചത് . നോക്കണേ ഒരു പഴങ്കഞ്ഞി  വരുത്തിവച്ച പ്രശ്നങ്ങൾ ..... ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളും ശീലങ്ങളുമല്ലേ  ... അതിനിങ്ങനെ തർക്കിക്കേണ്ടതുണ്ടോ ... എന്ന ഒരു മനോവിഷമം തോന്നി സുഹൃത്തിനെ അതുപറഞ്ഞു  മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും സുഹൃത്ത് പറഞ്ഞതുതന്നെ  ആവർത്തിക്ക മാത്രമാണ് ചെയ്തത് .  ഈ പഴങ്കഞ്ഞിപ്രിയം വീട്ടിൽ മറ്റുള്ളവർക്കുണ്ടാകാം പക്ഷെ എനിക്കെന്തോ അതിൽ വല്യ പ്രിയം അന്നുമില്ല .. ഇന്നുമില്ല .. അതുകൊണ്ട് ഒരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറയുകയല്ല . സുഹൃത്ത് ഉണ്ടാക്കിയ മനോവിഷമത്തിനിടയിലും പഴങ്കഞ്ഞിയുമായ ബന്ധപ്പെട്ട പഴയ ചില സംഭവങ്ങൾ ഓർമ്മയിൽ വന്നു . 

സ്ഥലത്തെ പ്രധാനിയും വലിയ മുതലാളിയുമായ പുന്നൂസച്ചായനെപ്പറ്റി നാട്ടുകാർ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായത്രേ എല്ലും തോലുമായിരുന്ന പുന്നൂസച്ചായന്റെ പഴയരൂപം മാറി നല്ല തടിവച്ചത്‌  എന്നാണ് . പലർക്കും ഭാര്യ ആ സീക്രെട്ട്  പറഞ്ഞുകൊടുത്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത് . അതിപ്രകാരമാകുന്നു ... തലേന്നത്തെ ചോറ് വെള്ളം ഒഴിച്ച് കുറച്ചു ചുവന്നുള്ളിയും ചതച്ചിട്ട് അടച്ചു വക്കുക .  രാവിലെ ഒരു കാന്താരിയും ഇത്തിരി തൈരും ഉപ്പും ചേർത്ത് അതങ്ങു പിടിക്കുക ... തടി താനേ വന്നുകൊള്ളും ... എന്നാണ് വയ്പ് .  എത്രത്തോളം ശരിയാണെന്നറിയില്ല . പുന്നൂസച്ചായനെ കാണുന്നനാൾ മുതൽ നല്ല തടിയനാണ് .  പണ്ടങ്ങനെയായിരുന്നോ എന്നെനിക്കറിയില്ല .. പറഞ്ഞുകേട്ട അറിവു മാത്രമാകുന്നു .  ഇനി രണ്ടാം സംഭവം ... എന്റെ ചേച്ചിമാരാണ് കഥാപാത്രങ്ങൾ .  പ്രായത്തിൽ എന്നേക്കാൾ കുറച്ചു മുതിർന്നവരാകയാൽ അവരുടെ കൂട്ടുകെട്ട് ലിസ്റ്റിൽ ഞാനൊരിക്കലും ഉണ്ടായിരുന്നില്ല . സദാസമയവും അവർ രണ്ടാളും ഒരുമിച്ചുതന്നെ ... നടപ്പും ..  കളിയും ... ചിരിയും ... കഴിപ്പും ... കിടപ്പും ..എല്ലാം .  ഒരുദിവസം മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഞാൻ അടുക്കളയിലെ ചിരിയും ബഹളവും കേട്ടാണ് അങ്ങോട്ടോടിച്ചെന്നത് . കാര്യം എന്താണെന്നല്ലേ .. അമ്മയുടെ സഹായി അമ്മിണിക്ക് ജോലി നീങ്ങണമെങ്കിൽ രാവിലെ പഴങ്കഞ്ഞി നിർബന്ധം തന്നെ . പണിയൊക്കെ കഴിഞ്ഞ് രാവിലെ അടുക്കളയിൽ കൊരണ്ടിപ്പുറത്തിരുന്ന് അമ്മിണി വിസ്തരിച്ചൊരു പഴങ്കഞ്ഞികുടിയുണ്ട് . ഉണക്കമീൻ ചുട്ടത് അമ്മിണിക്കു നിർബന്ധം .  ദിവസേന ഇതുകണ്ട് കൊതിപൂണ്ട് ചേച്ചിമാർ അമ്മയോട് പറഞ്ഞിട്ട് അമ്മിണിക്കൊപ്പം രണ്ടാളും കൊരണ്ടിപ്പുറത്തിരിക്കുന്നു .. പഴങ്കഞ്ഞി 'അമ്മ അവർക്കു വിളമ്പിക്കൊടുക്കുന്നു .  
" എങ്ങനെയുണ്ടെന്ന " അമ്മിണിയുടെ ചോദ്യത്തിന്   " ഉം ... നല്ല രുചിയെന്ന " രണ്ടാളുടെയും മറുപടി .  അമ്മിണിയെ അനുകരിക്കാനുള്ള രണ്ടാളുടെയും ശ്രമം കണ്ട് അമ്മിണിയും അമ്മയും മൂത്തചേച്ചിയും എല്ലാവരും ചേർന്ന്‌ ഭയങ്കരചിരിയും ബഹളവും .  അവരുടെ കൂട്ടുപിടുത്തവും ഒരുക്കവും നടത്തയും ഒന്നും എനിക്കത്ര സുഖമുള്ള കാര്യങ്ങളല്ലാത്തതിനാൽ ഈ സംഭവവും എന്നിൽ വല്യ ചിരിയൊന്നും ഉണർത്തിയില്ല .  ഒരു പഴങ്കഞ്ഞികുടിയിൽ  ഇത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത് .. എന്നു കരുതി ഞാനൊരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ ... എന്റെ സുഹൃത്ത് ഇതു വായിക്കാനിടയായാൽ തെറ്റിദ്ധരിക്കരുതല്ലോ . 

മൂന്നാമത്തെ സംഭവം ... അടുത്തിടെയുണ്ടായ ചില അസുഖങ്ങൾക്കും അസ്വസ്ഥതകൾക്കും ചികിത്സതേടി  സ്ഥലത്തെ പ്രധാനഹോസ്പിറ്റലിൽ അവിടുത്തെ ഏറ്റവും മുഖ്യനായ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ഇരിക്കുന്ന സമയം . എല്ലാത്തവണയും കൂട്ടുവരുന്നത് ബന്ധുവായ ചേച്ചി ... എല്ലാതിരക്കുകളും മാറ്റിവച്ച് ഓടിയെത്താറുള്ള ചേച്ചി ..  അന്നും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെടുന്നു .  സാധാരണ അരമുക്കാൽമണിക്കൂർ  ബസ്സ് യാത്രയിൽ തലവേദന ... ഛർദിക്കാൻ തോന്നുക ഇമ്മാതിരി അസ്വസ്ഥതകളാൽ വീർപ്പുമുട്ടുന്ന എന്നെ ആശ്വസിപ്പിച്ച് ധൈര്യം നൽകി കൂട്ടിക്കൊണ്ടുപോവുന്നത് ചേച്ചിയുടെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു .  പക്ഷേ അന്നു പതിവിനു വിപരീതമായി ബസ്സ് യാത്രയിൽ ഇടയ്ക്കുള്ള സ്റ്റോപ്പിൽ എന്നെയും കൂട്ടി ചേച്ചി ഇറങ്ങി . കാര്യമെന്തെന്നറിയാതെ വാ പൊളിച്ചുനിന്ന എന്നോട് ചേച്ചിക്കെന്തോ ഒരസ്വസ്ഥത തോന്നുന്നു ... ഇത്തിരി സോഡാ നാരങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞ് അടുത്തുകണ്ട കടയിൽക്കയറി  അതും കുടിച്ച് അടുത്ത ബസ്സിൽ യാത്ര തുടരുന്നു . 

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ചേച്ചി ആകെ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു . തന്നെയുമല്ല അവിടെച്ചെന്ന് മൂന്നാലുതവണ ചേച്ചി വാഷ്‌റൂമിൽ പോയി ഛർദിച്ചു വന്നു .  ഇതുകണ്ട ഞാൻ ' നമുക്കൊരു ഡോക്ടറെ കാണാം ..' ന്നു പറഞ്ഞിട്ട് ചേച്ചി സമ്മതിക്കുന്നുമില്ല . എന്റെ ഡോക്ടറാവട്ടെ എത്തുന്നുമില്ല . അപ്പോഴേക്കും ചേച്ചി അവശയായി അടുത്തുകിടന്ന രണ്ടു കസേരകൾ ചേർത്തടുപ്പിച്ചിട്ട്  സാരിത്തുമ്പ് തലവഴി മൂടിപ്പുതച്ചു കിടപ്പായി . ഇതുകൂടി കണ്ടതോടെ ഞാൻ എന്റെ രോഗമെല്ലാം മറന്ന് ചേച്ചിയെ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കാനുള്ള തീരുമാനമെടുക്കുന്നു .  ചേച്ചി പറഞ്ഞിട്ടു സമ്മതിക്കുന്നുമില്ല ... അതങ്ങു മാറിക്കൊള്ളും ... നിന്നെ കാണിച്ചു മരുന്നുവാങ്ങി പോകാം ... ഡോക്ടർ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കല്ലേ ... എന്നോർമ്മപ്പെടുത്തിക്കൊണ്ടു  ചേച്ചി കണ്ണടച്ചു കിടക്കയാണ് . അക്ഷമയോടെ ഞാൻ എന്റെ ഡോക്ടറെ കാത്തിരിക്കുന്നു . 

ഇനി ഈ ഡോക്ടറെ കാണാനായി ഞാൻ ഒരുമാസം മുൻപേ ബുക്ക് ചെയ്തു വന്നിട്ടുകൂടി കിട്ടിയത് പതിനഞ്ചാം നമ്പർ . ഒരു ഉത്സവത്തിനുള്ള ആൾക്കാർ ( രോഗികളും ബന്ധുക്കളുമൊക്കെയായി ) അവിടെ കിടന്ന കസേരകളിൽ ഇരിക്കുന്നു .. കുറേപ്പേർ നിൽക്കുന്നുണ്ട് ... മിക്കവരും ക്ഷീണിച്ച്‌  അവശരായി ... നീണ്ടകാത്തിരിപ്പിനിടയിൽ ചില രോഗികൾ തലകറങ്ങി വീഴാനൊരുങ്ങുമ്പോൾ വേഗം സിസ്റ്റർ അവരെ അകത്തേക്ക് കൊണ്ടുപോയി കിടത്തുന്നു ...പുറത്തിരിക്കുന്നവർ ഡോക്ടറെ കാണാഞ്ഞു അസ്വസ്ഥരായി സിസ്റ്ററിനോട് ആവലാതിപ്പെടുന്നു ..."  ഉടനെ എത്തുന്നതാണ് ... " എന്ന സിസ്റ്ററുടെ പതിവു മറുപടി .... ഇതിനുമുൻപ് രണ്ടുതവണ വന്നിട്ടുള്ളപ്പോഴും ഇതേ കാഴ്ചകളൊക്കെത്തന്നേ  കണ്ടിട്ടുള്ളതിനാൽ വലിയ പുതുമയൊന്നും തോന്നിയില്ല .  എത്രേം പ്രഗത്ഭനാകുന്നുവോ അത്രേം തിരക്കും അവർക്കുണ്ടാകും ... പറഞ്ഞസമയത്തു എത്തുക എന്നുള്ള കാര്യം പ്രഗത്ഭരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യം ... അപ്പൊ പാവപ്പെട്ട രോഗികൾ പ്രഗല്ഭനെയും കാത്ത് ക്ഷമയോടെ ഇരിക്കുക .. അത്രതന്നെ . 

ഇതിനോടകം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കൊടുംകാറ്റിന്റെ വേഗതയിൽ ഡോക്ടർ പാഞ്ഞുവന്ന് തന്റെ കൺസൾട്ടിങ് റൂമിലേക്ക് കയറുന്നു . രോഗികൾക്കൊക്കെ ഒരനക്കവും ജീവനും വച്ചപോലെ .. പിന്നെ ചടപടാന്ന് കാര്യങ്ങൾ .... സിസ്റ്റർ പേരുവിളിക്കുന്നു ... ആദ്യത്തെ രോഗി കയറുന്നു ... അധികം താമസിയാതെ പുറത്തേക്കു വരുന്നു ... അകത്തേക്ക് ക്ഷീണിതയായി കയറിപ്പോയ രോഗിയുടെ  മുഖത്തു നല്ല തെളിച്ചം .. സന്തോഷം ... 
അതാണല്ലോ ഒരു ഡോക്ടറുടെ ഏറ്റവും നല്ല ചികിത്സ ... ആരാണോ പറഞ്ഞത്‌  ഇങ്ങനെ 
" ഡോക്ടർ ദൈവമാണ് ..." ഈ വാക്കുകൾ എത്ര സത്യമാണല്ലേ ..   അടുത്താളേ വിളിക്കുന്നു ... കയറുന്നു ... അങ്ങനെ എന്റെ ഊഴമാകുന്നു . പാവം ചേച്ചി ഇതൊന്നുമറിയാതെ അപ്പോഴും ക്ഷീണിച്ചു മയക്കം തന്നെ . 

 ഞാൻ വേഗം ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെല്ലുന്നു . ഡോക്ടർ എന്തെങ്കിലും 
ചോദിക്കുംമുൻപേ ഞാൻ പറയുന്നു ' ഡോക്ടർ ... ചേച്ചിക്കു നല്ല ക്ഷീണം ... ഛർദിച്ചു ... കിടക്കുന്നു ...'.    ആദ്യം ഡോക്ടർക്കോ സിസ്റ്റർക്കോ കാര്യം പിടികിട്ടുന്നില്ല ... ഞാനാകെ ടെൻഷനിൽ പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ... മെല്ലെ സിസ്റ്റർ വന്നെന്റെ ചെവിയിൽ മന്ത്രിക്കുന്നു .." നിങ്ങളുടെ രോഗവിവരം പറയൂ ...".      ഡോക്ടർ  എന്റെ ഫയൽ നോക്കിയിട്ട് ചോദിക്കുന്നു " ഇപ്പൊ എങ്ങനെ ..?". ഞാൻ പെട്ടെന്നുതന്നെ പറയുന്നു ' എനിക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല ഡോക്ടർ ...'.  ഞാൻ വീണ്ടും മുൻപ് പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ..' ഡോക്ടർ കൂട്ടിനു വന്ന ചേച്ചി വളരെ ക്ഷീണിതയാണ് ...'.  ഇതിനോടകം എന്റെ വിഷമം ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം പഴയ മരുന്നുകളൊക്കെത്തന്നേ  വീണ്ടും കുറിച്ചുതന്ന്  മൂന്നുമാസം ഇതു മുടങ്ങാതെ കഴിക്കണമെന്നു നിർദ്ദേശിച്ചതൊക്കെ ഞാനൊരു ചെവിയിലൂടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നൂടെ ചേച്ചിയുടെ കാര്യം ഡോക്ടറെ ഓർമ്മപ്പെടുത്തുന്നു .  ഡോക്ടർ സിസ്റ്ററോട് നിർദ്ദേശിക്കുന്നു " ഇവരെ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ അടുത്തേക്കു വിടൂ ..."
സിസ്റ്റർ അടുത്തയാളുടെ പേരുവിളിച്ച്‌  അകത്തു കയറ്റിവിട്ട  ശേഷം എന്നോടു പറയുന്നു 
" വേഗം  രോഗിയെ കൂട്ടിവരൂ ...".    രോഗിയായ ഞാൻ പെട്ടെന്ന് രോഗിയായിപ്പോയ ചേച്ചിയെ തട്ടിയുണർത്തുന്നു . ചേച്ചി പെട്ടെന്ന് ഞെട്ടി ഉണർന്ന് ചാടിയെണീറ്റ് " ങേ ... എപ്പോ നിന്റെ ഡോക്ടർ വന്നു ... നീ കേറിക്കണ്ടോ ... എന്താ എന്നെ വിളിക്കാഞ്ഞത് ... " എന്നൊക്കെ ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ ഞാൻ ചേച്ചിയോടു പറഞ്ഞു ' വേഗം വാ ... നമുക്ക് ഡോക്ടറെ കാണാം ..'.   സിസ്റ്റർ മുന്നേ നിന്നു വീണ്ടും വിളിക്കുന്നു " വേഗം വരൂ ...".     ഞാൻ  ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു ' വാ ചേച്ചീ ... '.     ചേച്ചി ആകെ ഒരു വല്ലായ്‌മയോടെ പറഞ്ഞു. " എന്റെ മോളേ .... ഇതിന്റാവശ്യമുണ്ടായിരുന്നോ ... എനിക്കൊരു കുഴപ്പവുമില്ല ..."
ഞാൻ തർക്കിച്ചു ' അതു ശരിയാവില്ല ... രണ്ടുമൂന്നു തവണ ർദ്ധിച്ചില്ലേ  ...' 
സിസ്റ്റർക്കു പിറകെ കയ്യിൽപിടിച്ചു നടത്തിക്കൊണ്ടു പോവുമ്പോൾ ചേച്ചീ എന്റെ ചെവിയിൽ പറഞ്ഞു " അതു പിന്നെ .. ഞാനിന്നൊരബദ്ധം കാണിച്ചു .... പതിവില്ലാതെ രാവിലെ ഇത്തിരി പഴങ്കഞ്ഞി കുടിച്ചോണ്ടാ വന്നേ ... അതാ പറ്റിയെ ..".   എനിക്കു ചിരി വന്നെങ്കിലും ഞാനതടക്കി.    കാഷ്വാലിറ്റിയിൽ നിന്ന സിസ്റ്ററിനോട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ സിസ്റ്റർ എന്തോ പറഞ്ഞു അവർ വേഗം ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി അകത്തു കിടത്തി .  ഡോക്ടർ എന്നെ വിളിച്ചു കാര്യം തിരക്കി .  രോഗിയായ എനിക്കു കൂട്ടു വന്നതാണെന്നും രണ്ടുമൂന്നു തവണ ഛർദിച്ചവശയായെന്നും ഞാൻ പറഞ്ഞു .  " നോക്കട്ടെ " എന്നു പറഞ്ഞ്  ഡോക്ടർ ചേച്ചിക്കടുത്തേക്കു നീങ്ങി .  വിശദമായി പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ചേച്ചി ഡോക്ടറോടും ശബ്ദം താഴ്ത്തി പറഞ്ഞു " ഞാനിന്നൊരബദ്ധം കാണിച്ചു ഡോക്ടർ ... പതിവില്ലാതിത്തിരി പഴങ്കഞ്ഞി  കുടിച്ചു ..." ഡോക്ടറും സിസ്റ്ററും ചിരിച്ചു .  ഡോക്ടർ പറഞ്ഞു " സാരമില്ല ... ക്ഷീണത്തിന് ചെറിയൊരു ട്രിപ്പിടാം ... പിന്നെ മരുന്നു തരാം ..." 

ചേച്ചി ട്രിപ്പിട്ടു കിടക്കുന്നിടത്തു ഞാൻ കാവലിരിക്കുമ്പോൾ ചേച്ചി വീണ്ടും പറഞ്ഞു 
" വേണ്ടായിരുന്നു  മോളേ ... ഇതിന്റാവശ്യമുണ്ടായിരുന്നില്ല .." 
ഞാൻ പറഞ്ഞു ' ശരിയാ ചേച്ചീ ... ഇന്നിതിന്റെ വല്ലാവശ്യവുമുണ്ടായിരുന്നോ ..'
" എന്ത് ..?" എന്നു ചേച്ചി 
' പഴങ്കഞ്ഞി ..' എന്നു ഞാൻ 
ഞങ്ങൾ പരസ്പരംനോക്കി ചിരിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ അകത്തേക്കു വന്നു .. എന്നിട്ടവർ ചോദിച്ചു " പഴങ്കഞ്ഞി പണി പറ്റിച്ചു കളഞ്ഞല്ലേ ... ഇതിലിപ്പം ആരാ രോഗി ...?" അവർക്കൊപ്പം ഞങ്ങളും ചിരിച്ചു .   

എന്നാലും പഴങ്കഞ്ഞി ഇത്ര വലിയ വില്ലനാകുമെന്നു കരുതിയില്ല .  ചേച്ചി പറഞ്ഞത്‌ പതിവില്ലാതെ കഴിച്ചതുകൊണ്ടാകാം അങ്ങനെയുണ്ടായത് എന്നാണ് .   ഇത് വായിക്കാനിടയായാൽ സുഹൃത്ത് തെറ്റിദ്ധരിക്കരുതെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു ... സത്യമായും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ .. എന്തോ ചേച്ചിക്കന്നേരം ഇമ്മാതിരി അസ്വസ്ഥകൾ ഉണ്ടായി .. ചേച്ചി അതിനു കണ്ടുപിടിച്ച കാരണം പഴങ്കഞ്ഞിയായിപ്പോയതിൽ  എന്ത് ചെയ്യാൻ പറ്റും ...    എന്തായാലും പഴയ തലമുറയുടെ ആരോഗ്യരഹസ്യം പഴങ്കഞ്ഞിയാണെന്ന്  ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് . അതേപ്പറ്റി കൂടുതലായി വായിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെയൊക്കെ ... ഏറെ  പോഷകഗുണമുള്ള  പ്രഭാതഭക്ഷണം ... അതുപോലെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളിൽനിന്നൊക്കെ മുക്തി നേടാൻ ഈ ഭക്ഷണം കൊണ്ടു സാധിക്കും ... ചെറുപ്പം നിലനിർത്താൻ ... ചർമ്മസൗന്ദര്യത്തിന് ... ഒക്കെ ഫലപ്രദമായ ഒന്നാണ് പഴങ്കഞ്ഞി എന്ന്‌ പലവിധ അഭിപ്രായങ്ങൾ കണ്ടു . ഇവയൊക്കെ എത്രത്തോളം ശരിയെന്നെനിക്കറിയില്ല .. അതൊക്കെ വായനക്കാരായ നിങ്ങളുടെ അഭിപ്രായങ്ങൾക്കു വിട്ടുതന്നിരിക്കുന്നു .  പക്ഷേ എന്റെ സംശയം ഇന്നത്തെ പുതുപുത്തൻ തലമുറയ്ക്ക് ഇങ്ങനെയൊരു ഭക്ഷണത്തെപ്പറ്റി  അറിയാമോ .. ഇപ്പോ പുതുതായി ഇറങ്ങിയ ആ പഴങ്കഞ്ഞിവീഡിയോകളിലൂടെയും വിവരണങ്ങളിലൂടെയും പഴങ്കഞ്ഞിയുടെ മാഹാത്മ്യം പുത്തൻതലമുറയും അറിയാൻ ഇടവരട്ടെ ...  "ഓൾഡ് ഈസ് ഗോൾഡ് " എന്നല്ലേ ചൊല്ല് .. 
പഴങ്കഞ്ഞിക്കുവേണ്ടി എന്നോടു കലഹിച്ച എന്റെ സുഹൃത്തിന് ഞാനീ കഥ സമർപ്പിക്കട്ടെ . 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ  ഓമനക്കുട്ടൻ 







27 comments:

  1. പഴങ്കഞ്ഞി കഥകൾ അസ്സലായി ചേച്ചീ.

    പഴങ്കഞ്ഞിയെന്നോ പുതിയകഞ്ഞിയെന്നോ ഭേദമന്യേ എനിയ്ക്കിഷ്ടാണു കഞ്ഞി.

    കഞ്ഞിയുടെ കൂടെ നാരങ്ങാ അച്ചാർ,മുക്കാൽ വേവിൽ ഉണ്ടാക്കിയെടുത്ത കപ്പപ്പുഴുക്ക്‌,ഉണക്കത്തെരണ്ടിമീൻ വറുത്തത്‌ ഇത്രയും ഉണ്ടെങ്കിൽ എനിയ്ക്കൊരു ഗംഭീരസദ്യ തന്നെ ആയി.

    ReplyDelete
  2. അല്ലാ,ചോദിക്കാൻ വിട്ടൂ.

    ചേച്ചിയ്ക്കെന്നാ പറ്റിയെന്നാ പറഞ്ഞത്‌????

    ReplyDelete
    Replies
    1. സുധീ ..... എനിക്കു കഞ്ഞികുടിക്കാൻ ഇത്തിരി മടിതന്നെ ... അതോണ്ടാവും പഴങ്കഞ്ഞി യോടും ഇഷ്ടം തോന്നാത്തത് . ചേച്ചിക്ക് ഛർദിലും ക്ഷീണവുമായി . അതു ഇതു കഴിച്ചതുകൊണ്ടാവാം എന്ന്‌ ചേച്ചിക്കു തോന്നി . വായനയ്ക്കും അഭിപ്രായത്തിലും ഒത്തിരി സന്തോഷം സുധീ

      Delete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ടീച്ചർ,വാട്ട്സ്ആപ്പിൽ ഇന്നു കിട്ടിയ ലിങ്കിൽ എൻ്റെ പഴങ്കഞ്ഞികുറിപ്പിനെയും ,പരാമർശിച്ചു കണ്ടതിൽ സന്തോഷം.  മറന്നു പോയ ആ പഴങ്കഞ്ഞിയുടെ ഓർമ്മകൾ വീണ്ടും തട്ടിയുണർത്തി ഈ കഥകൾ ?  ഒരു സംഭവം നടന്നതുപോലെ തോന്നി, മിക്കവാറും ഭാവന തന്നെ അല്ലേ ?
    വളരെ നന്നായി അവതരിപ്പിച്ചു.   
    ആശംസകൾ   
    നന്ദി നമസ്കാരം 
    PS:
    ഈ കഥകളുടെ ലിങ്ക്  എന്റെ പോസ്റ്റിൽ ചേർക്കുന്നതാണ് 

    ReplyDelete
    Replies
    1. സാർ ... പണ്ടു സാറിന്റെ എഫ് ബിയിൽ ഒരു പോസ്റ്റ് പഴങ്കഞ്ഞി യെപ്പറ്റി വായിക്കാനിടയായി . കമന്റ് ഇടാൻ നോക്കിയിട്ട് പറ്റിയില്ല . അതു വായിച്ച ഓർമ്മയിൽ ഓർത്തെടുത്ത കുറച്ചു സംഭവങ്ങൾ ആണ് .. വായനയിൽ ഏറെ സന്തോഷം സർ . സാറിന്റെ പോസ്റ്റിൽ ഈ ലിങ്ക് ചേർക്കുന്നതിൽ വളരെ സന്തോഷം ... നന്ദി സർ

      Delete
  6. ശാലീനതയും ഗൃഹാതുരതയും നിറഞ്ഞുനില്ക്കുന്ന മനോഹരമായ എഴുത്തുകൾ. രസകരമായ അവതരണം.. പഴംകഞ്ഞിയുടെ മേന്മകളും അതിന്റെ സൈഡ് ഡിഷെസും രുചിവിശേഷവും കെങ്കേമം... ആശംസകൾ

    ReplyDelete
    Replies
    1. ചേച്ചീ ... വളരെ സന്തോഷം ഈ വരവിലും വായനക്കും ഈ വാക്കുകൾക്കും നന്ദിയും സ്നേഹവും .

      Delete
  7. പഴങ്കഞ്ഞി ഇഷ്ട്ടപ്പെട്ടു.... കൂടെ തിരുവനന്തപുരത്തു താമസിച്ചപ്പോൾ (എൺപതുകളുടെ തുടക്കം ) ഗുരുവായൂരപ്പൻ മുരളി തുടങ്ങിയ ഹോട്ടലുകളിൽ കഞ്ഞി കഴിച്ചത് ഓർമ്മയിൽ എത്തി കൂടെ ഗുരുവായൂരപ്പൻ ഹോട്ടലിൽ കലാം സാർ വന്നിരുന്നതും ഓർത്തു ആശംസകൾ !

    ReplyDelete
    Replies
    1. വളരെയേറെ സന്തോഷം ... നന്ദി .

      Delete
  8. ഇതിൽ തടിവെക്കാൻ വേണ്ടി പറഞ്ഞിട്ടുള്ള അതെ രീതിയിൽ കുറേനാള് പഴങ്കഞ്ഞി കുടിച്ചിട്ടുള്ള ആളാണ് ഞാൻ.. കാര്യം തടിയൊന്നും വെച്ചില്ലെങ്കിലും അന്നും ഇന്നും ആ ടേസ്റ്റിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്... ഇത് വായിച്ചപ്പോൾ വീണ്ടും കുടിക്കാനൊരു ആഗ്രഹം തോന്നിപ്പോയി ;-)

    ReplyDelete
    Replies
    1. വരവിലും വായനയിലും ഏറെ സന്തോഷം .. നന്ദി

      Delete
  9. കുറെ ആയി ഈ വഴിക്ക് വന്നിട്ടു .. പഴങ്കഞ്ഞി എനിക്കും ഇഷ്ടമല്ല ..എന്നാലും തടി നന്നാകും എന്ന് കേട്ടപ്പോള്‍ ഒരു മോഹം :) ചേച്ചിയെ പോലെ പണി പറ്റിക്കാഞാല്‍ മതി :)

    ReplyDelete
    Replies
    1. Faisal.... Thirakkil ippo blogilonnum etharillallo... vayanayil atheevasanthosham tto...

      Delete
  10. എന്റെ അമ്മേ ..ഇത്രയും അധികം പഴങ്കഞ്ഞി വിശേഷങ്ങളോ... ആദ്യയിട്ടാണ് വായിക്കുന്നത് ഈ ബ്ലോഗ്.. സംഗതി കലക്കീട്ടുണ്ട്

    ReplyDelete
  11. Uvvo.... vayanakkethiyathil orupadu santhosham

    ReplyDelete
  12. Uvvo... vayanakkethiyathil orupadu santhosham

    ReplyDelete
  13. ആദ്യമായാണ്.തുടക്കത്തിൽനിന്ന് ഒടുക്കത്തിലേക്ക് ടിം എന്നെത്തി.
    കാടും പടലും ഒന്നും തല്ലേണ്ടി വന്നില്ല.
    നന്നായെഴുതി.
    സലാം.

    ReplyDelete
  14. പഴങ്കഞ്ഞി ഇഷ്ടമാണ്. അമ്മ പഴങ്കഞ്ഞിയിൽ മോരൊക്കെ ഒഴിച്ചു രണ്ടു കാന്താരിയോ ഉപ്പുമാങ്ങയോ ഒക്കെ ഞെരടി ഒരു പ്രത്യേക ശബ്ദത്തിൽ വലിച്ചു കുടിച്ചു കൊതിപ്പിക്കും. തടി വെക്കാൻ എന്നൊക്കെ പറഞ്ഞു പണ്ട് കുറെ കുടിച്ചിട്ടുണ്ട്.

    ReplyDelete
    Replies
    1. Ennittu vannam vacho... vayichathil santhosham tto..

      Delete
  15. ഈ കഞ്ഞി കുടിക്കാൻ ഇത്തിരി വൈകീല്ലോ ഗീതാ... ന്നാലും ഒട്ടും രുചി കുറവില്ലാട്ടൊ :) നന്നായി ആസ്വദിച്ചു.

    ReplyDelete
  16. പഴങ്കഞ്ഞി കഥ കേമമായി... ഇനിയും ഈ വഴി വരാം

    ReplyDelete
  17. ഇന്നത്തെ പുതുപുത്തൻ തലമുറയ്ക്ക് ഇങ്ങനെയൊരു ഭക്ഷണത്തെപ്പറ്റി അറിയാമോ .. ഇപ്പോ പുതുതായി ഇറങ്ങിയ ആ പഴങ്കഞ്ഞിവീഡിയോകളിലൂടെയും വിവരണങ്ങളിലൂടെയും പഴങ്കഞ്ഞിയുടെ മാഹാത്മ്യം പുത്തൻതലമുറയും അറിയാൻ ഇടവരട്ടെ ... "ഓൾഡ് ഈസ് ഗോൾഡ് "

    ReplyDelete