Saturday 9 January 2016

ശശികല തിരക്കിലാണ്



രാവിലെയുള്ള ജോലി കഴിഞ്ഞാൽ വല്ല മാസിക വായിച്ചും, സീരിയലു കണ്ടും, ഉറങ്ങിയും സമയം കളഞ്ഞിരുന്ന ശശികല ഇപ്പോൾ വളരെ തിരക്കിലാണ്.... എന്നു പറഞ്ഞാൽ തിരക്കോടു തിരക്ക്.
വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ് ശടപടാന്നു ജോലികൾ തീർത്ത് നടുവ് ഒന്നു നിവർക്കാനായി ഒരു ഗ്ലാസ്സ് ചായയുമായി സോഫയിലോട്ടു വന്നിരുന്നതും  ഒരേയൊരു സന്തതിയായ കുഞ്ഞുണ്ണി കുളിമുറീന്നു  നീട്ടി വിളിച്ചു " അമ്മേ..... സോപ്പ് തീർന്നു.." .  കുഞ്ഞുണ്ണി ഷവർ ഫുൾ സ്പീഡിലിട്ടു  അതിന്റെ കീഴെ വീഗാലാണ്ടിലെ വെള്ളച്ചാട്ടത്തിനു കീഴെ നിൽക്കുംപോലെ വെള്ളം തെറിപ്പിച്ചുള്ള ചാട്ടത്തിൽ സോപ്പുമായിച്ചെന്ന ശശികലയുടെ മേലു മുഴുവൻ നനഞ്ഞു. ശശികല അവനു നേരെ കയ്യോങ്ങി പറഞ്ഞു " നീ ഇവിടെ തുള്ളിച്ചാടി നിന്നോ... സ്കൂൾ വാനിപ്പം ഇങ്ങെത്തും...." .
ശശികല ദിനപ്പത്രവുമെടുത്ത്‌ വീണ്ടും ചായ മോന്തിക്കൊണ്ട്‌ സോഫയിൽ വന്നിരുന്നു. പത്രവാർത്തകളിലൂടെ  ഒന്നു കണ്ണോടിക്കുമ്പം വീണ്ടും  കുഞ്ഞുണ്ണിയുടെ വിളി " അമ്മേ... എന്റെ സോക്സ്‌..." ശശികലക്ക് ദേഷ്യം വന്നു " നിന്റെ യൂണിഫോമും  സോക്സും കണ്മുന്നിൽ എടുത്തു വച്ചേക്കുന്ന കണ്ടില്ലേ ". രണ്ടുമിനിട്ട് കഴിയുമ്പം വീണ്ടും വിളി " അമ്മേ... എന്റെ ബാഡ്ജു കണ്ടോ?"
കുഞ്ഞുണ്ണിക്ക്  ടിഫിൻ എടുത്തു വച്ചുകൊണ്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന ശശികല ഒച്ച ഉയർത്തിപ്പറഞ്ഞു " പിന്നെ നിന്റെ ബാഡ്ജ് അമ്മയെടുത്തു വച്ചേക്കുവല്ലേ അമ്മക്ക് തയ്യൽ ക്ലാസ്സിൽ പോവുമ്പം കഴുത്തിൽ തൂക്കിയിട്ടു പോവാൻ ഒന്നു പോ ചെറുക്കാ... നീ ഇന്നലെ സ്കൂളിൽ നിന്നു വന്ന് എങ്ങോട്ടാ എറിഞ്ഞേ..  ചെന്ന് നോക്കി കണ്ടുപിടിക്ക്"  പെട്ടെന്നാണ് ശശികല താൻ പറഞ്ഞ അബദ്ധത്തെപ്പറ്റി ഓർത്തത്‌. എല്ലാവരോടും ഇത് തയ്യൽ ക്ലാസ്സല്ല എന്നു തർക്കിക്കുന്ന തന്റെ തന്നെ വായിൽ നിന്ന്‌ അറിയാതെ അതേ വാചകം തന്നെയാണ് എപ്പോഴും വരാറ്. അത് മാറ്റിയെടുക്കണം താൻ തന്നെ തന്നെ പറഞ്ഞു പഠിപ്പിക്കണം ' ഇത് വെറും തയ്യൽ ക്ലാസ്സല്ല വലിയൊരു കോഴ്സ് " ഫാഷൻ ഡിസൈനിങ്ങ്" '. സ്വയം പറഞ്ഞു ശീലിച്ചില്ലേൽ എപ്പോഴും നാവിൻ തുമ്പത്ത് തയ്യലെന്നേ വരൂ... ശശികല മനസ്സിൽ കുറിച്ചിട്ടു.
തലേന്ന് രാത്രി ഉറക്കളച്ചിരുന്നതിന്റെ തെല്ലു ക്ഷീണവുമുണ്ട്  ശശികലക്ക്. കുഞ്ഞുണ്ണിയുടെ
 
ഇൻസ് ട്രമെന്റ് ബോക്സ്‌ എടുത്തു വച്ച് സർക്കിളും, സെമിസർക്കിളും, സ്ക്വയറും, റെക്ടാങ്കിളും എല്ലാം വരച്ച് കളറു ചെയ്തു വച്ചപ്പം തന്നെ പന്ത്രണ്ടര മണി.  'ഫാഷൻ ഡിസൈനിങ്ങിന്റെ ഹോം വർക്കുകൾഇത് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒന്നു രണ്ടു തവണ കുഞ്ഞുണ്ണി ശശികലയെ കളിയാക്കുന്നുമുണ്ടായിരുന്നു  " അമ്മക്ക് വേറെ പണിയില്ലേ.. വയസ്സാൻ കാലത്ത്.." ശശികല അവനോടു ദേഷ്യപ്പെടുകയും ചെയ്തു അപ്പോൾ " നീ പോടാ എനിക്ക് വയസ്സായീന്നാര് പറഞ്ഞു ഇന്നലെ ടീവീൽ കണ്ടതാ എണ്‍പതു കഴിഞ്ഞ ഒരു അപ്പച്ചൻ  ബി എ പാസ്സായി ഇനി എം എ യ്ക്കു ചേരാൻ പോവുന്നു എന്ന്‌.  പഠിത്തത്തിനു പ്രായം ഒരു പ്രശ്നമേയല്ല".
പണ്ടെന്നോ ഒരു കൈനോട്ടക്കാരൻ പറഞ്ഞ " ഉയർന്ന പദവിയിലെത്താനുള്ള യോഗം" ഒരു പക്ഷേ ഈ വഴിക്കാകാം എന്നാണു ശശികല ചിന്തിക്കുന്നത്. അല്ലേൽപിന്നെ ഈ മുപ്പത്തേഴാം വയസ്സിൽ ഇങ്ങനെയൊരു കാര്യത്തിനിറങ്ങാൻ യോഗമുണ്ടായത്‌ അതും ശശികലയുടെ കൂട്ടുകാരി രജനി മുഖേന.
ശശികലയുടെ ഗൾഫിലുള്ള  ഭർത്താവ് ശശാങ്കേട്ടൻ സമ്മതം മൂളുവോന്നുള്ള ഒറ്റ സംശയമേ ശശികലക്കുണ്ടായിരുന്നുള്ളൂ. ആ കടമ്പ കടന്നു കിട്ടി. " ഫാഷൻ ഡിസൈനിങ്ങൊ എന്തു കുന്തമെങ്കിലുമാവട്ടെ  നീ പോയി പഠിക്ക്... നിന്റെ ടെൻഷൻ കുറച്ചൊന്നു കുറയട്ടെ" ഇതായിരുന്നു ശശാങ്കന്റെ പ്രതികരണം.
ഇപ്പം ശശികലക്ക് കാലേ കുത്തിയൊന്നു നിൽക്കാൻ നേരം ഉണ്ടായിട്ടു വേണ്ടേ ടെൻഷൻ അടിക്കാൻ.  ഇഡ്ഡലി പ്ലേറ്റിലെക്കെടുത്തു വച്ച് ശശികല വിളിച്ചു " മോനേ വന്നീ ഇഡ്ഡലി കഴിക്കെടാ..... അമ്മക്ക് പുറകെ കൊണ്ടുനടന്നു തീറ്റിക്കാൻ സമയമില്ലേ".
"
അമ്മക്ക് പിന്നെന്താ ജോലി?"  കുഞ്ഞുണ്ണിയുടെ ചോദ്യവും നില്പും കണ്ട ശശികല അമ്പരന്നു.... മനസ്സിൽ കരുതുകയും ചെയ്തു " ദൈവമേ ഈ ചെക്കന്റെയൊരു നിൽപ്പു കണ്ടില്ലേ പിറകിൽ കയ്യും കെട്ടി പോലീസ് കള്ളനെ ക്വസ്റ്റ്യൻ ചെയ്യുന്ന മാതിരി. ഇവന്റെ ഈ ധൈര്യമൊക്കെ കഴിഞ്ഞാഴ്ച ഓപ്പണ്‍ ഹൗസിനു മാത് സ് മാഷിന്റെ അടുത്ത് ചെന്നപ്പം എവിടെ പോയിരുന്നു.
"
എനിക്ക്  ഇഡ്ഡലി വേണ്ടാ.... ചപ്പാത്തി മതി".  കുഞ്ഞുണ്ണി വീണ്ടും വാശി പിടിച്ചു.
'
ചപ്പാത്തിയല്ല കിപ്പാത്തിയാ  ഇപ്പം ഉണ്ടാക്കാൻ പോവുന്നെ.... ' എന്ന് ശശികല മനസ്സിൽ പറഞ്ഞെങ്കിലും കുഞ്ഞുണ്ണിയെ സോപ്പിട്ടു " ചക്കരക്കുട്ടനല്ലേടാ.. ഇപ്പം ഇഡ്ഡലി കഴിക്ക്.... വൈകിട്ടമ്മ ചപ്പാത്തീം, ചിക്കനും ഉണ്ടാക്കി വച്ചേക്കാം പ്രോമിസ്. ഇന്നമ്മക്ക് നേരത്തെ ക്ലാസ്സ് തുടങ്ങും അതാ  ".
കുഞ്ഞുണ്ണി വീണ്ടും കളിയാക്കി " ക്ലാസ്സോ... ഹി...ഹി... അമ്മക്കൊരു പണീവില്ല.... കഴിഞ്ഞ ദിവസം ദീപൂന്റമ്മ അമ്മയെ ടൌണിൽ വച്ചു കണ്ടോ? അവൻ പറേവാ ആന്റിയെ പിള്ളേരുടെ ഇടയിൽ വച്ചു കണ്ടിട്ട് അവന്റമ്മക്കു മനസ്സിലായില്ലെന്ന്".
ശശികല അപ്പഴാ ഓർത്തത്‌ ' ശരിയാണല്ലോ കഴിഞ്ഞാഴ്ച ബസ്‌ സ്റ്റോപ്പിൽ വച്ചു കയ്യേൽ ചെന്നു പിടിച്ചപ്പഴാ പുള്ളിക്കാരിക്കു മനസ്സിലായെ..  അവരന്നേരം പറയുകയും ചെയ്തു " യ്യോ... ഞാനോർത്തു ഏതോ കോളേജ് പിള്ളാരാണെന്ന് ... " കൂടെയുണ്ടായിരുന്ന ലീനേം, മിനിയേം ചൂണ്ടി ചോദിക്കേം ചെയ്തു  " ഇവരൊക്കെ ആരാന്ന്?"  അല്ലെങ്കിലും ശശികല പലപ്പോഴും ഓർത്തിട്ടുണ്ട് ഈ പീക്കിരിപ്പിള്ളാരുടെ കൂടെ നടക്കരുത് എന്ന്..  അതെങ്ങനെ കൂട്ടുകാരി രജനി നിർബന്ധിച്ചു പറഞ്ഞു കോഴ്സിനു ചേർപ്പിച്ചിട്ട്  അവൾക്കെന്നും കൊച്ചിനു പനി, ചേട്ടനു തലവേദന, മോനെ ട്യൂഷന് കൊണ്ടു വിടണം... ഇങ്ങനെ നൂറു കാരണങ്ങൾ പറഞ്ഞ് ആഴ്ചേൽ ഒരു ദിവസം ക്ലാസ്സിൽ വന്നാലായി എന്നിട്ട് " അയ്യോ... എനിക്ക് കൊറേ ക്ലാസ്സ് പോയി " എന്നു പറഞ്ഞ് തലക്കു കയ്യും കൊടുത്തിരിക്കും.
കഴിഞ്ഞ ഒരു ദിവസം എന്തോ പറഞ്ഞു വന്ന കൂട്ടത്തിൽ കുഞ്ഞുണ്ണി ശശികലയോടു പറഞ്ഞത്
"
അമ്മയിനി ഓപ്പണ്‍ ഹൗസിനു വരുമ്പം സാരിയുടുത്തു വന്നാ മതി".  ഈ ചെറുക്കനിതെന്തിന്റെ കുഴപ്പമാ എന്നു ചിന്തിച്ചുകൊണ്ട് ശശികല അവനോടു ചോദിച്ചു " അതെന്താടാ.. ചുരിദാറിട്ടാൽ  എന്താ കുഴപ്പം?"  ശശികലക്ക് ദേഷ്യമായി എന്നു മനസ്സിലാക്കിയ കുഞ്ഞുണ്ണി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു " അല്ലമ്മേ... ദീപൂന്റമ്മേം, നിതിന്റമ്മേം ഒക്കെ സാരിയുടുത്തല്ലേ വരുന്നേ..  അവരൊക്കെയല്ലെ അമ്മേടെ സ്കൂളിലെ ഫ്രണ്ട്സ്... അപ്പൊ അമ്മ മാത്രം.. " അതും പറഞ്ഞോണ്ട് കുഞ്ഞുണ്ണി പാട്ട് കേൾക്കുന്ന കുന്ത്രാണ്ടം ചെവിക്കകത്ത്‌ കുത്തിത്തിരുകി മൈക്കിൾ ജാക്സണ്‍ സ്റ്റൈൽ സ്റ്റെപ്പിൽ മുറിക്കകത്തൂടെ   ഉള്ള നടപ്പിനിടയിൽ ശശികല ഉറക്കെ വിളിച്ചു " ടാ അവിടെ നിന്നേ..." എവിടെ? വെടി വച്ചാൽ പുക.. ഇനിയിപ്പം ശശികലയുടെ ചുണ്ടനങ്ങുന്ന കണ്ടാൽ മാത്രം കുഞ്ഞുണ്ണി ചെവിയിലെ കുന്ത്രാണ്ടം മാറ്റി വെടി പൊട്ടിക്കും പോലെ ഉറക്കെ ചോദിക്കും " അമ്മ എന്നെ വിളിച്ചോ?" അതു കേൾക്കുമ്പം ശശികലയുടെ ദേഷ്യം ഇരട്ടിക്കും. ഈ തിണ്ണമിടുക്കല്ലാതെ പുറത്തോട്ടിറങ്ങിയാൽ ഇവന്റെ മിടുക്കൊക്കെ എതിലെയാണോ ചോർന്നു പോകുന്നെ എന്നു ശശികല ആലോചിക്കാറുണ്ട്.  ഈ മൈക്കിൾ ജാക്സണ്‍ സ്റ്റെപ്പുകളൊക്കെ കാണിക്കുന്ന മിടുക്ക് സ്കൂളിൽ കാണിച്ചിരുന്നേൽ എന്ന് ശശികല പലപ്പോഴും കുഞ്ഞുണ്ണിയോട് ചോദിക്കാറുണ്ട്. സ്കൂൾ പ്രോഗ്രാമ്മിനു ഓരോ പിള്ളാരുടെ ബ്രേക്ക്‌ ഡാൻസ് കണ്ട് ശശികല അന്തം വിട്ടിരുന്നു പോയിട്ടുണ്ട്.  ചിന്തയിലാണ്ടിരുന്ന ശശികലയെ ഉണർത്തിക്കൊണ്ട്  കുഞ്ഞുണ്ണിയുടെ വിളി വീണ്ടും " അമ്മേ.. ഷൂ പോളിഷ് ചെയ്തോ?"
ശശികല മനസ്സില് കരുതി ' ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവൂല്ല' " ടാ... ഇവിടെ വന്നേ.... നീ എട്ടാം ക്ലാസ്സിലായി നിനക്കിനി ഇതൊക്കെ തനിയെ ചെയ്തൂടെ?"  കുഞ്ഞുണ്ണി വീണ്ടും പഴയ ചോദ്യം ആവർത്തിച്ചു " അമ്മക്ക് വേറെന്താ പണി?"
തർക്കിച്ചിട്ടു യാതൊരു ഫലവുമില്ലെന്നറിഞ്ഞുകൊണ്ട്  ശശികല കുഞ്ഞുണ്ണിയുടെ ഷൂവെടുത്തു വേഗം പോളിഷ് ചെയ്തു കാലിലിട്ടു കൊടുത്തു. അവൻ 'റ്റാ റ്റാ ' പറഞ്ഞു ബാഗുമായി വെളിയിലോട്ടോടിപ്പോയി.

ശശികല വീണ്ടും ചിന്തയിലാണ്ടു. കൊച്ചാണേലും അവൻ പറയുന്നതിലും കാര്യമുണ്ട്. അവനു തോന്നിയിട്ടുണ്ടാവും അമ്മയിത്തിരി ഗെറ്റപ്പിൽ നടക്കണം ന്ന്. പ്രത്യേകിച്ച് നിതിന്റമ്മ കണ്ണടയും വച്ച്, മുടിയൊക്കെ പൊക്കിക്കെട്ടി നല്ല പെർഫക്റ്റ്  ലുക്കിലാവും എപ്പോഴും ഓപ്പണ്‍ ഹൗസിനു വരിക.

 
അന്നു വൈകിട്ട് ശശാങ്കന്റെ ഫോണ്‍ വന്നപ്പോൾ ശശികല ഇക്കാര്യം എടുത്തിട്ടു " സാരി ഉടുക്കണോ ശശാങ്കേട്ടാ? അല്ലേൽ വേണ്ടാല്ലേ... ഇതുവരെ ചുരിധാറല്ലാരുന്നോ... ? " ശശികല ആകെ ചിന്താക്കുഴപ്പത്തിലായി ' ഇനി സാരി ഉടുത്തു തുടങ്ങിയാൽ ആൾക്കാരു വല്ലോം പറയുവോ?"
"
ആൾക്കാരെന്തു പറയാൻ?" ശശാങ്കൻ ചോദിച്ചു.
"
അല്ല ഗൾഫുകാരന്റെ ഭാര്യയായതുകൊണ്ട് ചിലപ്പോൾ..........  തൊട്ടടുത്ത്‌   താമസിക്കുന്ന ശശികലയുടെ ഫ്രണ്ട് പറഞ്ഞത് " നമ്മൾ ഗൾഫുകാരുടെ ഭാര്യമാർ ഒരുങ്ങിയൊക്കെ പോകുന്ന കണ്ടാൽ നാട്ടുകാർക്ക് വലിയ ആകാംക്ഷയും, ഉത്തരവാദിത്വവും ആയിരിക്കുമെന്ന് ".
"
നാട്ടുകാരാണോ നിനക്ക്  ചിലവിനു തരുന്നേ?" ശശാങ്കൻ ദേഷ്യപ്പെട്ടു.
"
ന്തായാലും മോനറിവായി വരുവാ.... അവന്റെ വാക്കിനൂടെ നീ വില കൊടുക്കണം" ന്ന ഓർമ്മപ്പെടുത്തലോടെയാണ് അന്നു ശശാങ്കൻ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
എന്തായാലും ശശികല അതു കേട്ടതും അന്നു വൈകിട്ടു തന്നെ വാർഡ്രോബിന്റെ  മൂലക്കു വെളിച്ചം കാണാതെ കിടന്ന ഒന്നു രണ്ടു കോട്ടണ്‍ സാരികൾ എടുത്തു കഷ്ടപ്പെട്ട് തേച്ചു വച്ചുവെങ്കിലും അതിനി ഉടുത്തു പിടിപ്പിക്കുന്ന മെനക്കേടോർത്തു നാളെയാകട്ടെ നാളെയാകട്ടെ എന്നു കരുതി മാറ്റി വച്ചിരിക്കയായിരുന്നു.  ഇന്നിനി തിങ്കളാഴ്ച ദിവസം നല്ല ദിവസമായി ഇന്നങ്ങു സാരി ഉടുത്താലോ എന്നു ശശികലയുടെ മനസ്സിലൊരു തോന്നൽ. വേഗം കുളിച്ചു വന്ന് ചന്ദനക്കളറിൽ  പച്ചബോർഡറുള്ള  സാരിയും, അതിനു മാച്ചു ചെയ്യുന്ന ബ്ലൗസും എടുത്തു......... ദാണ്ടേ....... മൊബൈൽ അടിയോടടി..... ഓടിച്ചെന്നു ഫോണെടുത്തു നോക്കുമ്പം വല്യേച്ചി. " ഓ ഈ ചേച്ചിക്ക് രാവിലെ വേറൊരു പണീവില്ല.... രാവിലെ ബിസിയാണെന്നു പലപ്പോഴും വല്യേച്ചിയെ ഓർമ്മിപ്പിച്ചിട്ടുള്ളതാ പിന്നിപ്പം ഈ സമയത്ത് " എന്നു മനസ്സില് ഓർത്തു കൊണ്ട് ശശികല ഫോണ്‍ എടുത്തു " ഹലോ... എന്താ ചേച്ചി?"
"
നീ ഇന്ന് തയിക്കാൻ പോയില്ലേടീ?"  വല്യേച്ചിയുടെ ചോദ്യം കേട്ട് ദേഷ്യം ഉള്ളിലൊതുക്കി ശശികല പറഞ്ഞു " ഓ... ഈ ചേച്ചിയോടെത്ര പ്രാവശ്യം പറഞ്ഞു തന്നു ചേച്ചീ...  തയ്യലല്ല ഫാഷൻ ഡിസൈനിങ്ങ് " ശശികല തിരുത്തി.
"
ഓ എന്തോ ഡിസൈനിങ്ങാണേലും ചുമ്മാ എംബ്രൊയിഡറി ഒക്കെയല്ലേ അവിടെ പഠിപ്പിക്കുന്നെ... അതോണ്ടാ ഞാൻ തയ്യലെന്നു പറഞ്ഞേ... ഇപ്പം നീ തിരക്കാവും ല്ലേ.... ന്നാപ്പിന്നെ വൈകിട്ട് വിളിക്കാവേ വെക്കട്ടെ..." വല്യേച്ചി കാര്യങ്ങൾ നിസ്സാരമാക്കി തള്ളി ഫോണ്‍ കട്ട്‌ ചെയ്തു.  കഴിഞ്ഞു ഇതിനാ ഇപ്പം രാവിലെ ധൃതി വച്ച് വിളിച്ചേ ' തയിക്കാൻ പോയോന്നറിയാൻ ശശികലക്ക് അല്പം ദേഷ്യവും സങ്കടവും തോന്നി മനസ്സിൽ പറഞ്ഞു ' അല്ലേലും നമ്മുടെ ആൾക്കാർ എന്ത് പറഞ്ഞാലും വെല വെക്കില്ല' .  കഴിഞ്ഞ ദിവസം അനുവേച്ചി വന്നപ്പം വലിയ ഇന്ററസ്റ്റിൽ  ശശികലയോടിതേപ്പറ്റി  ചോദിച്ചപ്പോൾ ശശികല രണ്ടുമൂന്നു സ്റ്റിച്ച് കാട്ടി " പഠിപ്പിച്ചു തരട്ടെ സാരിയിലൊക്കെ ചുമ്മാ തയിക്കാം " ന്നു പറഞ്ഞപ്പോഴോ സ്റ്റിച്ചിലേക്ക് നോക്കി അനുവേച്ചി വളരെ നിസ്സാരമായി പറഞ്ഞതോ " ഓ ഇതാണോ...  ഇത് നാലാം ക്ലാസ്സിൽ ലീലാമ്മ ടീച്ചർ പഠിപ്പിച്ചു കൊടുത്ത തയ്യലാത്രേ... ഇതൊക്കെയാണോ നീ ഇത്രേം പൈസ കൊടുത്തു പോയി പഠിക്കുന്നേ.... എന്നൊരു ചോദ്യവും.
ദേഷ്യം ഉള്ളിലൊതുക്കി ശശികല മനസ്സിൽ പറഞ്ഞു " ന്നാപ്പിന്നെ ഒരെണ്ണം തയിച്ചു കാണിക്കട്ടെ.  വാചകമടിക്കാൻ ആർക്കാ പ്രയാസം".
ശശികല അപ്പഴേ വിഷയം മാറ്റി അനുവേച്ചിക്കേറ്റം ഇൻറ്റസ്റ്റ് ഉള്ള മേഖലയിലേക്ക് വഴി തിരിച്ചു " മഹി അണ്ണന്റെ അമ്മ ഇപ്പൊ എങ്ങനുണ്ട്? "
പിന്നെ അനുവേച്ചി പോണ വരെ അമ്മയെപ്പറ്റി അല്ലാതെ വേറൊരു വിഷയത്തിലും കൈ വച്ചില്ല. ഭാഗ്യം അല്ലേ പിന്നെ നാലാം ക്ലാസ്സിലെ ലീലാമ്മ ടീച്ചറിന്റെ കാര്യം പറഞ്ഞ് നീ ചുമ്മാ പൈസകളയാൻ പോവാന്നു പറഞ്ഞോണ്ടിരുന്നേനെ.

 
മുക്കാൽ മണിക്കൂറെടുത്തു ശശികല സാരി ഒന്നുടുത്തു പിടിപ്പിച്ചപ്പോഴേക്കും. മുടിയൊരു പോണീട്ടയിൽ സ്റ്റയിലിൽ കെട്ടി കണ്ണാടിയിൽ തിരിഞ്ഞും, മറിഞ്ഞും, ചെരിഞ്ഞും നോക്കുമ്പം തനിക്കു തന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നോ ഒരു സംശയം ശശികലക്ക്. കണ്ണട കൂടെ ഫിറ്റ് ചെയുമ്പോൾ ശശികല ഓർത്തു സൂചിയിൽ നൂൽ കോർക്കാൻ ലീനക്കൊച്ചിന്റെ കാലു പിടിക്കേണ്ടല്ലോ. ഒന്നൂടെ കണ്ണാടിയിൽ നോക്കുമ്പോൾ ശശികലക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നി.

വേഗം തലേന്ന് രാത്രി വർക്ക്‌ ചെയ്തു തീർത്തു വച്ച ബുക്സ് എല്ലാം ബാഗിലാക്കി വീട് പൂട്ടി സമയം കളയാതെ ശശികല പുറത്തിറങ്ങി. ഓരോന്നാലോചിച്ച് ഗേറ്റിനടുത്തു ചെന്നതും സെക്യൂരിറ്റി ചേട്ടനെ കണ്ടിട്ട് ഒരു പന്തികേട്‌ പോലെ. സാധാരണ ശശികല പത്തുമണി സമയത്ത് ക്ലാസ്സിൽ പോവുമ്പോഴും, ഉച്ചക്ക് രണ്ടുമണിക്ക് തിരികെ വരുമ്പോഴും പുള്ളിക്കാരൻ ഇത്തിരി തണല് പറ്റി കസേരയിട്ട് 50 ഡിഗ്രി ഇടത്തോട്ട് കഴുത്തു ചെരിച്ചു വച്ച് ഉറങ്ങുന്നത് കാണുമ്പോൾ ഈ പാവത്തിനെ ഉപദ്രവിക്കേണ്ടല്ലോ എന്നു കരുതി ഗേറ്റ് തുറന്നു കയറാറുമുണ്ട്‌ . അപ്പോൾ കേൾക്കുന്ന ചെറിയ ശബ്ദത്തിൽ ചിലപ്പോൾ ഞെട്ടി ഉണർന്ന് വെളുക്കെച്ചിരിച്ച്‌ ചോദിക്കാറുമുണ്ട്  " ഈ വെയിലത്ത്‌ ഒരോട്ടോ വിളിച്ചു വന്നു കൂടാരുന്നോ കുഞ്ഞേ?".
ഇതിപ്പോ ദാണ്ടേ..... ശശികലയെ കണ്ടതും സെക്യൂരിറ്റി ചേട്ടൻ എണീറ്റ്‌ ഭവ്യതയോടെ ഓടിച്ചെന്ന് ഗേറ്റ് തുറന്നു പിടിച്ചു നിൽപ്പാണ്.  ശശികലക്ക് സംശയമായി. " ഇതിപ്പോ തന്നെക്കണ്ടോണ്ടാണോ അതോ? പുറകിലോട്ടു നോക്കീട്ടാരേം കാണുന്നുമില്ല. ഇയാൾക്കിതെന്നാ പറ്റിയതാവുംഇനിയിപ്പം പ്രസിഡണ്ട്‌ സാറിന്റെ പുതിയ ഓർഡർ വല്ലോം ആവും... ഉറക്കം തൂങ്ങലിനു കൊടുത്ത പണിഷ് മെന്റ്. ശശികലക്ക് കഷ്ടം തോന്നി ' പാവം മനുഷ്യൻ! അച്ഛന്റെ പ്രായമുള്ള ഈ പാവം എന്നെക്കാണുംപോ ഇങ്ങനൊന്നും ചെയ്യേണ്ട ആവശ്യമില്ല  ഗേറ്റ് ഒന്ന് തുറന്നെന്നു വച്ച്  എനിക്കൊന്നും സംഭവിക്കാൻ പോന്നില്ല എന്നു പറയണം എന്നു തന്നെ കരുതി മുന്നോട്ടു നടന്നു.
"
ഗുഡ് മോർണിംഗ് മാഡം"
ഈശ്വരാ!!!
രാവിലെ വാതിൽക്കലെ കടേന്നു പാല് മേടിച്ചോണ്ട് വന്ന ശശികലയോട് ഇയാൾ ചോദിച്ചതാണ് " കുഞ്ഞേ മീൻ വേണോ? ഇവിടിപ്പം ഒരുത്തി സ്ഥിരം വരാൻ തുടങ്ങി.. വെട്ടിത്തരും കേട്ടോ... വേണേൽ അങ്ങോട്ട്‌ പറഞ്ഞുവിടാം".
"
അത് നല്ല കാര്യമായല്ലോ  ഇന്നിപ്പം വേണ്ട ചേട്ടാ" എന്നു മറുപടിയും പറഞ്ഞാണ് ശശികല പാലുമായി പോന്നത്. എന്നിട്ടിപ്പം " ഗുഡ് മോർണിംഗ് മാഡം"
ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു വിഷ് ചെയ്യേണ്ടതല്ലേ മര്യാദ എന്നു കരുതി ശശികല തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു. അയാളാകട്ടെ വളരെ ഭവ്യതയോടെ ഗേറ്റ് തുറന്നു പിടിച്ചു നിൽക്കയാണ്‌. ഇപ്പോൾ ശശികലക്ക് ഒരു കാര്യം പിടികിട്ടി. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ല.  മോൻ പറഞ്ഞതിൽ അല്പം അല്ല മുഴുവൻ കാര്യവുമുണ്ടെന്നു ശശികലക്ക് തോന്നി. അയാളുടെ ധാരണ തിരുത്തിക്കൊടുക്കാനൊന്നും  മിനക്കെടാതെ ശശികല വേഗം പുറത്തേക്കു നടന്നു.
ഇവിടാരെല്ലാം മാഡങ്ങൾ  വരുന്നു... കുറച്ചു ദിവസം താമസിച്ചു പോകുന്നു..  ചിലർ റെന്റിനു താമസിക്കാൻ വരുന്നു. സ്ഥിരം തങ്ങൾ കുറച്ചുപേർ മാത്രം. ഇതിനിടയിൽ ഇയാളാരെയൊക്കെ ഓർത്തിരിക്കാൻ. ഏതോ മാഡം ആണെന്ന് കരുതിയാ ഈ ഭവ്യത. ഇനീപ്പം നാളെ പാല് മേടിക്കാൻ വരുമ്പം ലോഹ്യം ചോദിക്കാം .   ഇപ്പം കിട്ടിയ ക്രെഡിറ്റ്‌ വെറുതെ കളയണ്ട എന്നു മനസ്സിൽ കരുതി ശശികല നടത്തക്ക് വേഗം കൂട്ടി. മെയിൻ റോഡിലൂടെ നടന്നു മുന്നോട്ടു ചെല്ലുമ്പം ദാ ...  കിടക്കുന്നു ഒരു ട്രാൻസ്പോർട്ട് ബസ്‌ അങ്ങോട്ടും ഒരു മിനി ലോറി ഇങ്ങോട്ടും. സൈഡില്ലാതെ മിനി ലോറിക്കാരൻ  പുറകോട്ടെടുക്കുന്നു. ഇതിനിടയിൽക്കൂടൊക്കെ നൂഴ്ന്നു പോവാൻ ശ്രമിച്ചാൽ പണി കിട്ടുംന്ന് പേടിച്ച് ശശികല സൈഡിലേക്ക്  മാറി നിന്ന് വണ്ടി രണ്ടും പോയിട്ട് മുന്നോട്ടു നടക്കാം ന്നു കരുതി.  നോക്കുമ്പോൾ ഹോ ....ആശ്വാസം ... ട്രാൻസ്പോർട്ട് ബസ്‌ പോയിക്കിട്ടി. മിനിലോറി മുന്നോട്ടെടുത്താൽ  ശശികലക്ക് വലത്തേ ഓരം പറ്റി അങ്ങു നടന്നു പോവാം. ശശികല അവിടെത്തന്നെ നിൽക്കുമ്പോൾ   അതാ മിനിലോറിക്കാരൻ  കയ്യാട്ടി വിളിക്കുമ്പോലെ... കടന്നു പൊയ് ക്കോളാൻ പറയാനാവും. ശശികല മനസ്സിൽ പറഞ്ഞു ' നല്ല മനുഷ്യൻകുനിഞ്ഞു നടന്നു മുൻപോട്ടു നീങ്ങുന്ന ശശികലയുടെ ചെവിയിലേക്ക് അയാളുടെ ശബ്ദം "  'അമ്മാമ്മേ...' ഈ സൈഡിലൂടെ കടന്നു പൊക്കോ..."
ശശികലക്ക് സംശയമായി "അമ്മാമ്മയോ??" തന്റെ പിറകിൽ ആരോ ഉണ്ടല്ലോ? ഇവിടെയും ശശികല പിറകിലോട്ടു തിരിഞ്ഞു നോക്കി...  ശൂന്യം...
"
ഈ അമ്മാമ്മക്കു ചെവി കേട്ടൂടെ? " ലോറിക്കാരന്റെ ശബ്ദം ശശികലയുടെ ചെവിയിൽ ഒരു വല്ലായ്മയോടെ മുഴങ്ങി. ശശികല സംശയത്തോടെ ലോറിക്കാരനെ നോക്കുമ്പോൾ അയാൾ വീണ്ടും " ഇങ്ങോട്ട് നടന്നു മാറിക്കൊട്   അമ്മാമ്മേ.... വണ്ടി മുന്നോട്ടെടുക്കട്ടെ".

ഈശ്വരാ!!!  ഇതിലും ഭേദം........
ശശികലക്ക് കരച്ചിലോ... ദേഷ്യമോ... പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരവിചാരങ്ങൾ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു.
മുന്നോട്ടാഞ്ഞു നടന്നു ' " അമ്മാമ്മ തന്റെ....... " വേണ്ട ഞാനൊന്നും പറയുന്നില്ല പിറുപിറുത്തുകൊണ്ട്  ശശികല വേഗം ക്രോസ്സ് ചെയ്തു കണ്ണട ഊരി ഹാൻഡ്‌ ബാഗിലേക്കൊരേറു വച്ചു കൊടുത്തു.

അണച്ചു പിടിച്ചു ക്ലാസ്സിൽ ചെന്നപ്പോഴേക്കും അര മണിക്കൂർ വൈകിയ പരിഭവം മറന്ന് ടീച്ചർ
 "
ആഹാ.... ഇന്ന് ന്യൂ സ്റ്റൈലിൽ ആണല്ലോ... കൊള്ളാം ട്ടോ" .   ചിരിച്ചെന്നു വരുത്തി ശശികല തന്റെ സീറ്റിൽ ചെന്നിരിക്കുമ്പം സഹപാഠികളായ മറ്റു തരുണീമണികളുടെ കമന്റ്
"
ചേച്ചിക്കീ വേഷമാ നല്ലത്.... ഒരു ഗൌരവം വന്നിട്ടുണ്ട്. ഇനിയെന്നും സാരി ഉടുത്തു വരണേ...."
ബാഗ് ടെബിളിലേക്ക് വച്ചു കൊണ്ട് ശശികല മറുപടി നല്കി " ഓ ഇതൊക്കെ മെനക്കെട്ട പണിയാടീ. എത്ര സമയം പിടിക്കും ഇതൊന്നു ഫിറ്റു ചെയ്തു വക്കാൻ".
എന്തായാലും ശശികലയുടെ കൂട്ടുകാരി രജനി തൊട്ടടുത്തു തന്നെ അന്ന് ഹാജരായി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. സമപ്രായക്കാരിയായ അവളോടു ചോദിച്ചാൽ സത്യസന്ധമായ മറുപടി കിട്ടുമല്ലോ എന്നു കരുതി ശശികല രജനിയോട്‌ ചോദിച്ചു.  " ടീ... എനിക്ക് ചുരിധാറാണോ.... സാരിയാണോ നല്ലത്?".
"
രണ്ടും കൊള്ളാം". രജനി.
ചുരിദാറിട്ടാ എനിക്ക് ഒത്തിരി പ്രായം തോന്നിക്കുവോടീ"? ശശികല
"
ഒരു പത്തു വയസ്സ് കുറച്ചു തോന്നും " രജനി.
"
സാരിയുടുത്താലോ" ശശികല.
"
ഒരു പത്തു വയസ്സ് കൂടുതൽ തോന്നും". രജനി.
"
ന്നാപ്പിന്നെ സാരിയെല്ലാം ഔട്ട്‌ " ശശികല മനസ്സിൽ പറഞ്ഞു.
"
എന്താടീ നീ ഇപ്പം ഇങ്ങനെ ചോദിക്കാൻ?" രജനി.
"
ഈ സാരിയൊക്കെ ഉടുക്കണേൽ എന്താ പാട്. എത്ര സമയം മിനക്കെടണം... കഴുകി കഞ്ഞി മുക്കണം... തേക്കണം... പിന്നെ ഉടുത്തു പിടിപ്പിക്കുന്ന കാര്യം പറയുകയും വേണ്ട"  ശശികല.
"
അത് കറക്റ്റ് " രജനി.
"
അമ്മാമ്മക്കാര്യം " ശശികല അങ്ങു വിഴുങ്ങിക്കളഞ്ഞു. അന്നേരം അനുഭവിച്ച മനപ്രയാസം എന്തിനു മറ്റുള്ളോരെക്കൂടി  അറിയിക്കണം ന്നു ശശികല വിചാരിച്ചു.
ക്ലാസ്സിലെ വാതിലിനടുത്തുള്ള ജനാലക്കരികിൽ പോയി നിന്ന് ശശികല ബദ്ധപ്പെട്ടു നൂൽ കോർക്കാൻ ശ്രമിക്കുമ്പോൾ " ഇന്നും കണ്ണട എടുത്തില്ലേ ചേച്ചീ ഞാൻ കോർത്ത്‌ തരണോ? " എന്നുള്ള ലീനക്കൊച്ചിന്റെ ചോദ്യത്തിന്  ഉരുളക്കുപ്പേരി പോലെ ശശികലയുടെ മറുപടി " എനിക്കത്രക്കു പ്രായമൊന്നുമായിട്ടില്ലെടീ... കണ്ണടയില്ലാതെ നൂൽ കോർക്കാൻ പറ്റും... ഞാനിരിക്കുന്ന സീറ്റിൽ വെളിച്ചം കുറവായ കൊണ്ടല്ലേ നിന്റെ സഹായം തേടിയിട്ടുള്ളത്".
"
ഏതു സോപ്പു തേച്ചാ നീ കുളിക്കുന്നെ? ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല " എന്നുള്ള രജനിയുടെ ചോദ്യത്തിന് " ലൈഫ് ബോയ്‌ എവിടെയോ അവിടെയാണ് ചർമ്മത്തിളക്കം" എന്നു ശശികല തിരിച്ചടിച്ചു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങുമ്പോൾ ശശികല ജനാലക്കരികിൽ നിന്ന് സൂചിയിൽ ഒന്നു നൂൽ കോർത്ത്‌ കിട്ടാൻ പെടാപ്പാട് പെടുകയായിരുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~****~~~~~~~~~~~~~~~~~~~~~~

38 comments:

  1. ശശികലയ്ക്ക് അത്ര പ്രായൊന്നുമായിട്ടില്ല കേട്ടോ
    ഹൗ ഓൾഡ് ആർ യൂ ഒന്ന് കാണാൻ പറയൂ

    (കഥ നന്നായിട്ടുണ്ടേ)

    ReplyDelete
    Replies
    1. ആദ്യത്തെ കമന്റ്. സന്തോഷം..... സ്നേഹം...... നന്ദി... അജിത്‌ ഭായ്.

      Delete
  2. ഹൗ ഓൾഡ് ആർ യൂ എന്ന് പറയാൻ തുടങ്ങുകയായിരുന്നു. പെണ്ണുങ്ങൾക്ക് പ്രായം എന്നും ഒരു പ്രശ്നം തന്നെയാണ് അല്ലേ.. നല്ല കഥ. എന്റെ ഒരു റിലേറ്റഡ് സ്റ്റോറി ഉണ്ടേ.. ഹൗ ഓൾഡ് ആർ യൂ

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ അതീവ സന്തോഷം അനു. സ്റ്റോറി വായിച്ചു കേട്ടോ. അതന്നെ അനു പെണ്ണുങ്ങൾക്ക്‌ പ്രായം ഒരു പ്രശ്നം തന്നെന്നാ തോന്നുന്നേ.

      Delete
  3. Replies
    1. അതെ ശശികല സസി ആയി. ഈ വരവിൽ ഒരുപാടു സന്തോഷം
      റോസാപ്പൂവേ . സ്നേഹം.... നന്ദി.

      Delete
  4. ശശികല സിനിമ കണ്ടില്ലെന്ന് തോന്നുന്നു :) :) കഥ ഇഷ്ടായി...

    ReplyDelete
    Replies
    1. ശശികലയുടെ ദുഃഖം ആരറിയാൻ? മുബീ വരവിലും, വായനയിലും ഒരുപാട് സന്തോഷം ഒപ്പം നന്ദി.... സ്നേഹം.

      Delete
  5. നല്ല ഇഷ്ടായി ഗീതച്ചേച്ചീ,

    തനി കോട്ടയം ഭാഷയിൽ തുന്നിച്ചേർത്ത സുന്ദരമായ കഥ.

    വായനക്കാരെ കൂടെ കൂട്ടിക്കോണ്ട്‌ പോകാൻ കഴിഞ്ഞ സുന്ദരമായ ഭാഷാശൈലിയ്ക്ക്‌ അഭിനന്ദനങ്ങൾ!!!!!!

    ReplyDelete
    Replies
    1. കോട്ടയം ഭാഷ ആയി തോന്നിയോ സുധീ. കഥ ഇഷ്ടമായി ന്നറിഞ്ഞതിൽ സന്തോഷം ഒപ്പം സ്നേഹം... നന്ദി.

      Delete
  6. വേഷഭൂഷാദികളുടെ ഒരുകാര്യേ?!
    ബഹുമാനിക്കാനും അവഗണിക്കാനും......
    രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. സർ, യാത്രകളും, തിരക്കുകളുമായിരുന്നു എന്നറിയാം എന്നിട്ടും ഇവിടെ വന്നു വായിച്ച് അഭിപ്രായം കുറിച്ചതിൽ അതീവ സന്തോഷം ഒപ്പം നന്ദിയും.

      Delete
  7. Replies
    1. ഈ വരവിനും, അഭിപ്രായത്തിനും നന്ദി. ഒപ്പം ഒരുപാട് സന്തോഷം... സ്നേഹം ഹാബി സുധൻ.

      Delete
  8. നാട്ടിൽ എന്നുമെന്നും ശശികലമാർ
    വല്ലാത്ത തിരക്കിൽ തന്നേയാണ്..!

    ReplyDelete
    Replies
    1. സർ, വായനക്കും, രണ്ടു വരി കുറിച്ചതിലും അതീവ സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.

      Delete
  9. ഈ പെണ്ണുങ്ങള്‍ടെ ഒരു കാര്യംല്ലേ....
    വല്ലാത്ത തൊന്തരവ് തന്നെ...
    കഥ ഇഷ്ടപ്പെട്ടുട്ട്വോ....

    ReplyDelete
    Replies
    1. അതന്നേ ദിവ്യ.... ഈ പെണ്ണുങ്ങൾടെ ഒരു കാര്യേ? വായിച്ചതിൽ ഒത്തിരി ഇഷ്ടം ട്ടോ.

      Delete
  10. വേഷങ്ങൾ ...
    കഥ ഇഷ്ടായി
    ആശംസകൾ

    ReplyDelete
    Replies
    1. സ്വാഗതം. വരവിനും വായനക്കും ഒരുപാട് സന്തോഷം.

      Delete
  11. കൊള്ളാം പല സ്ഥലത്തും ചിരിപ്പിച്ചു. ഫോണ്ട് പ്രശനം കാണുന്നു .സിസ്റ്റത്തില്‍ നിന്നും വായിക്കുമ്പോള്‍.എന്നാലും മടുപ്പില്ലാതെ പറഞ്ഞവസാനിപ്പിച്ചു.

    ReplyDelete
    Replies
    1. ഫൈസൽ വായനക്കും ഈ അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി. ഫോണ്ട് പ്രശ്നം വായനക്ക് തടസ്സമായോ?

      Delete
  12. കഥ കൊള്ളാം. രസകരം. വീട്ടിലെ മോനുമായുള്ള മൽപ്പിടിത്തം ഇത്ര വിശാലമായി വേണ്ടിയിരുന്നോ എന്നൊരു സംശയം. കാരണം കഥ അതല്ലല്ലോ.
    സ്ത്രീകളുടെ അസ്തിത്വ ദുഃഖം നന്നായി അവതരിപ്പിച്ചു. സാരി ഉടുക്കണോ ചുരിദാറിടണോ എന്ന മഹാ പ്രശ്നം ശശികലമാരെ ഇപ്പോഴും വേട്ടയാടുന്നു.

    ReplyDelete
    Replies
    1. സർ ഈ വരവിലും, അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം... നന്ദി.

      Delete
  13. ചേച്ചി നന്നായിരിക്കുന്നു.....അമ്മകെന്താ പണി അല്ലെ ചേച്ചി...?

    ReplyDelete
    Replies
    1. വായിച്ചു ല്ലേ ജിഷാ... ഒത്തിരി സന്തോഷം.... സ്നേഹം.

      Delete
  14. പഠിത്തം എന്തായി.

    ReplyDelete
    Replies
    1. പഠിത്തം അവസാനം എങ്ങുമെത്തിയുമില്ല. വരവിലും, വായനയിലും സന്തോഷം...നന്ദി പ്രവാഹിനി.

      Delete
  15. valare nannayirikkunnu, palayitathum njan chirichupoyi, pakshe commentilarum chirichathaayi ezhuthikandilla, njan chiri aarum manassilakkathirikkan mukham vakrichu pitichirikkukayaayirunnu, narmathil chalicha manoharamaya katha

    ReplyDelete
    Replies
    1. ഷാജിത... ഈ വരവിലും വായനക്കും അഭിപ്രായം കുറിച്ചതിലും അതീവസന്തോഷം ഒപ്പം നന്ദിയും.

      Delete
  16. ജീവിതത്തെ ഫാഷനബിളായി ഡിസൈൻ ചെയ്യണമെന്ന സന്ദേശം കഥയുടെ ഉള്ളിൽ കാണാനായി.......

    ReplyDelete
    Replies
    1. പ്രദീപ്‌ സർ ,
      കഥ വായിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയതിലും അതീവസന്തോഷം ഒപ്പം നന്ദിയും.

      Delete
  17. പെണ്ണുങ്ങളുടെ ഓരോ പ്രശ്നങ്ങൾ...അല്ലേ. രസകരമായി അവതരിപ്പിച്ചു ട്ടോ. ആശംസകൾ.

    ഫെസ്ബുക്ക് പണി മുടക്കി. വേറൊരു അകൌണ്ട് തുറക്കണം. പക്ഷെ ഒന്നുണ്ട്. ഫേസ്ബുക്ക് ഇല്ലാത്തപ്പോൾ വായന കൂടും കേട്ടോ. രാമായണം നാം തമ്മിൽ ഒരു ഐതിഹാസിക ബന്ധവും വളർത്തി എന്നത് എത്ര സന്തോഷകരമായ കാര്യമാണ്. വരാം ഇനി ഇവിടെ ഇടയ്ക്ക് ട്ടോ. ബ്ലോഗ്‌ എഴുത്ത് കുറവാണ്. ഇതിപ്പോ ഒരു പിറന്നാൾ ആഘോഷത്തിലേക്ക് വേണ്ടി എഴുതിയതാണ് എന്റെ ബ്ലോഗിൽ കണ്ടത്. കണ്ടതും കടിയതും എഴുതാറ് ഫെസ് ബുക്കിൽ ആയിരുന്നു.

    കഥയ്ക്ക്‌ ആശംസകൾ. സ്നേഹം.

    ReplyDelete
  18. ഫാഷന്‍ ഡിസൈനിംഗ് എന്ന തുന്നല്‍ കഥ...പക്ഷെ അവസാനിപ്പിക്കാന്‍ വേണ്ടി അവസാനിപ്പിച്ചോ എന്നൊരു സംശയം.കുഞ്ഞുണ്ണിയുമായുള്ള സംവാദം ഇഷ്ടമായി...

    ReplyDelete
  19. രസകരമായി എഴുതി . . ചേച്ചി
    ആശംസകള്‍

    ReplyDelete
  20. ഇതിപ്പോ പ്രാഞ്ചിയേട്ടൻറെ ഗതി ആയല്ലോ ഗീത. ഫാഷൻ ഡിസൈനിംഗ് എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ലാന്നു വച്ചാൽ എന്താ ചെയ്ക അല്ലേ?

    ReplyDelete
  21. പെട്ടെന്നൊരു ദിവസം വേഷധാരണത്തിന്ന് മാറ്റം വരുത്തിയാല്‍ സ്തിരമായി കാണുന്നവര്‍ ശ്രദ്ധിക്കും.

    ReplyDelete
  22. ഫാഷന്‍ ഡിസൈനിങും...വേഷമാറ്റവും ഒക്കെ കൂടി ജോറായി.

    ReplyDelete