ജാലകത്തിനപ്പുറം
മയക്കത്തിലോട്ടൊന്നു വീണു തുടങ്ങിയപ്പോഴാണ്. “ അമ്മേ … അമ്മേ …ഇങ്ങോട്ടു വന്നേ ..” മോളുടെ വിളി . തൊട്ടപ്പുറത്തെ മുറിയിലേയ്ക്കു അവൾ എന്നെക്കൂട്ടി. അവൾക്കൊപ്പം നടക്കുമ്പോൾ ചോദിച്ചു ‘ നീയിതുവരെ ഉറങ്ങിയില്ലേ ..’ . “ 'അമ്മ എന്തിനാ സോഫയിൽക്കിടന്നുറങ്ങിയത് .. ബെഡ്‌റൂമിൽ പോയി കിടന്നൂടെ “ എന്നായി അവളുടെ മറുപടി. അവൾ കിഴക്കുവശത്തുള്ള ആ മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈചൂണ്ടിക്കാട്ടി. മെയിൻ റോഡിനപ്പുറം കുറച്ചകലത്തായി വെറുതെ കാടുകയറിക്കിടക്കുന്ന ആ പറമ്പിന്റെ ചുറ്റുമുള്ള ഇലക്ട്രിക് ലൈറ്റുകളൊന്നും തന്നെ അന്നു പ്രകാശിച്ചിട്ടുണ്ടായിരുന്നില്ല . ഇതെന്തു പറ്റി .. ഇവിടെ കറന്റ് ഉണ്ടല്ലോ .. നേരം വെളുക്കുവോളം ആ ലൈറ്റുകളത്രയും എന്നും പ്രകാശിച്ചിട്ടുണ്ടാവും. ഇതിപ്പോ … മോൾ വീണ്ടും പറഞ്ഞു “ 'അമ്മ അങ്ങോട്ടു നോക്കൂ ..” . സൂക്ഷിച്ചു നോക്കി .
അവിടെ ചെറിയ വെട്ടത്തിൽ മാടക്കട പോലെ എന്തോ ഒന്ന് … കുറച്ചു ദൂരെ ഓല മറച്ചപോലെ ഒരു കുടിൽ .. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഇടയ്ക്കൊക്കെ . ഇന്നു വൈകുന്നേരം വരെ കാണാത്ത ചില കാഴ്ചകൾ ....ഇതൊക്കെ എപ്പോ വന്നു .
ഈ വീട്ടിൽ പുറംലോകത്തെ കാഴ്ചകൾ കാണാനാവുന്ന ഒരേയൊരു ജാലകമാണ് . മോളുടെ പഠനമുറിയാണ് . അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ വീടു വൃത്തിയാക്കലും തൂക്കലും തുടയ്ക്കലും ഒക്കെ നടത്തുന്നതിനിടയിൽ വെറുതെ ഈജാലകത്തിലൂടെ കുറേനേരം പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . വെയിലിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്നും ഇന്നു മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നും ഒക്കെ അറിയാനാവും ഈ ജാലകക്കാഴ്ചകളിലൂടെ . പട്ടണത്തിന്റെ ഒത്ത മധ്യത്തിലായുള്ള ഈ പറമ്പ് എന്താവും ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . നിറയെ പുൽപ്പടർപ്പുകൾ . നാട്ടിലാണെങ്കിൽ എന്തെങ്കിലും കൃഷിയൊക്കെ ചെയ്യുമായിരുന്നില്ലേ .. ആരാവും ഇതിന്റെ ഉടമ . അയാൾക്കിതൊരു നല്ല പാർക്കാക്കി മാറ്റിക്കൂടെ … കുട്ടികൾക്ക് ഓടിക്കളിക്കാനായി … എന്തെങ്കിലും ചെയ്തു കൂടെ .. എന്നിങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലിട്ടിങ്ങനെ ഈ ജാലകത്തിലൂടെ ഇടയ്ക്കൊക്കെ പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് .
ഇതിപ്പോ ഈ കാഴ്ച അമ്പരപ്പാണ് തോന്നിയത് . ഇത്ര പെട്ടെന്നിതൊക്കെ എങ്ങനെ വന്നു . പെട്ടെന്നാണ് മോളുടെ കാര്യം ഓർത്തത് ‘ മോളേ ..’ എന്നു വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ വശത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവൾ വയറിൽ പിടിച്ചുകൊണ്ട് ഇരിക്കുന്നു. പേടിച്ചുപോയി ‘ എന്തു പറ്റി മോളേ ..’ . “ വയറു വേദനിക്കുന്നു ..” അവളുടെ മറുപടി . ഞാനവളെ മുറിക്കു പുറത്തേയ്ക്ക് കൂട്ടി . ‘ മതി പഠിത്തം .. ഉറക്കമൊഴിഞ്ഞിരുന്നതിന്റെയാ ..’ ഫ്ലാസ്കിൽ നിന്നും അല്പം ചൂടുവെള്ളം പകർന്ന് അവളെ കുടിപ്പിച്ചു . അവൾ ഉറക്കം തൂങ്ങുകയായിരുന്നു . അവളുടെ അച്ഛനാവട്ടെ ഓഫീസ് സംബന്ധമായി ഒരു മീറ്റിങ് അറ്റൻഡ് ചെയ്യാനായി ദൂരെ ഒരു സ്ഥലത്തു പോയിരിക്കുന്നു . നാളെയേ എത്തൂ . മോളെ ഒപ്പം കിടത്തി അവളുടെ വയറു മെല്ലെത്തടവിക്കൊടുത്തു. അവൾ വേഗം ഉറക്കത്തിലേയ്ക്ക് വീണു . ജാലകത്തിന്റെ പുറത്തെ കാഴ്ചകളെപ്പറ്റി അങ്ങോട്ടൊന്നും പറഞ്ഞതുമില്ല അവൾ ഇങ്ങോട്ടൊന്നും ചോദിച്ചതും ഇല്ല . വെറുതേ .. എന്തോ ഒരു ചെറിയ ഭയം …പതിവില്ലാതെ കിടപ്പുമുറിയുടെ ഡോർ ശബ്ദമുണ്ടാക്കാതെ അടച്ചു കുറ്റിയിട്ടു . മോൾക്കൊപ്പം വന്നു കിടക്കുമ്പോൾ ജാലകത്തിനപ്പുറം കണ്ട കാഴ്ചകൾ .. മനസ്സിലൊരു ഭയവും കുറേ ചോദ്യങ്ങളും . എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു . രാവിലെ ആകെ തിരക്കായിരുന്നു . മോൾക്ക് എക്സാം തുടങ്ങുന്ന ദിവസമായതിനാൽ അവളെ സ്കൂളിലയയ്ക്കുന്ന തിരക്ക് കഴിഞ്ഞപ്പോൾ അദ്ദേഹം ദൂരയാത്ര കഴിഞ്ഞെത്തിയിരുന്നു . പിന്നെ പ്രഭാതഭക്ഷണം ഉച്ചയൂണു റെഡിയാക്കൽ. തിരക്കായിരുന്നു . ഉച്ചയൂണു കഴിഞ്ഞതും അദ്ദേഹം പോയി . ബാക്കിയുള്ള പണികൾ തീർത്ത് മോളു വരുമ്പോഴേയ്ക്കും ഉളള സ്‌നാക്‌സും റെഡിയാക്കി തന്റെ വിശ്രമസ്ഥലമായ സോഫയിലേയ്ക്ക് വന്നിരുന്ന് ടി വി യുടെ റിമോട്ട് എടുത്തപ്പോൾ സുഹൃത്തായ സാറച്ചേച്ചിയുടെ കാൾ “ ദാ ഞാൻ ഡോറിന്റെ ഫ്രണ്ടിലുണ്ട് ..” ഓടിച്ചെന്നു ഡോർ തുറന്നു . സാറച്ചേച്ചി ഒരു പൊതിയുമായാണ് വന്നത് .. കുറച്ചു പഫ്സ് ..” ദാ മോൾ വരുമ്പോൾ കൊടുക്കാം ..” ന്നു പറഞ്ഞ് .
മോളുടെ പഠനമുറിയിലെ ജനാലയ്ക്കരികിലെ ചെറിയ സ്റ്റാൻഡിൽ വച്ചിരിക്കുന്ന സ്പൈഡർ പ്ലാന്റ് കണ്ട് സാറച്ചേച്ചി “ ഇതു പുതിയതോ .. നല്ല ഭംഗിയുണ്ടല്ലോ .. കുറേ തൈകൾ ഉണ്ടല്ലോ ..” എന്നു പറഞ്ഞുകൊണ്ട് അകത്തേയ്ക്കു നടന്നു. താനും പുറകേ ചെന്നു . ജനലിലൂടെ നല്ല സുഖമുള്ളൊരു കാറ്റ് അകത്തേയ്ക്കു വീശി . സാറച്ചേച്ചി ജനാലയ്ക്കരികിൽ പോയി പുറത്തേയ്ക്ക് നോക്കി . അപ്പോഴാണ് തലേന്നത്തെ കാഴ്ചകളെപ്പറ്റി ഓർമ്മ വന്നത് . സാറച്ചേച്ചി പാതയോരത്തുകൂടെ നടന്നുപോവുന്ന രണ്ടു സ്ത്രീകളെ നോക്കി “ അവർ നമ്മുടെ രാജ്യക്കാരാവാനാണ് സാധ്യത ..” എന്നു പറഞ്ഞു . ഓരോ മനുഷ്യരുടെ നടത്തത്തിലൂടെയും രൂപത്തിലൂടെയും അവർ ഏതു രാജ്യക്കാരാവും എന്നു വേഗം തിരിച്ചറിയാനാവും എന്നാണ് ചേച്ചി പറഞ്ഞത് . അങ്ങകലേയ്ക്ക് ചൂണ്ടി “ആ കാണുന്ന കട സൂപ്പർ മാർക്കേറ്റോ അതോ മറ്റെന്തെങ്കിലും കടയോ ..” എന്നൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ ആ ദൂരെക്കാണുന്ന കാടുകയറിക്കിടക്കുന്ന പറമ്പായിരുന്നു . അവിടെ പഴയതുപോലെ ശൂന്യം ആയിരുന്നു . ഇന്നലെക്കണ്ട കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോൾ രാത്രിയിലെന്തെങ്കിലും കച്ചവടം ഉണ്ടായിട്ടുണ്ടാവുമോ .. നാട്ടിലെ മാതിരി വല്ല പെട്ടിക്കടയോ കാപ്പിക്കടയോ മറ്റെന്തെങ്കിലുമോ ഒക്കെ ആയിരുന്നിരിക്കുമോ എന്നൊക്കെ മനസ്സിൽ ഒരുകൂട്ടം ചോദ്യങ്ങൾ ആലോചിച്ചു സാറചേച്ചിക്കരികിൽ നിൽക്കുമ്പോൾ സാറച്ചേച്ചി പറഞ്ഞു “ പുറംലോകം കാണാൻ നിനക്കൊന്നുമല്ലെങ്കിൽ ഈ ചെറിയ ജന്നൽ ഉണ്ടല്ലോ .. എനിക്കാണെങ്കിൽ രണ്ടു മുറിയിലെയും ജനാല തുറക്കാനേ പറ്റില്ല . അടുത്തടുത്തു ഫ്ലാറ്റുകൾ അല്ലേ . എന്തു ചെയ്യാം ..“ . സാറച്ചേച്ചി ജനാലയിലൂടെ ദൂരേയ്ക്ക് കൈചൂണ്ടിപ്പറഞ്ഞു “ ദാ ആ കാടുകയറിക്കിടക്കുന്ന പറമ്പു കണ്ടോ .... ദാ അങ്ങകലെ … ആ കാണുന്നത് …”. 'ഉവ്വ് .. മനസ്സിലായി ..’ എന്നു തലയാട്ടുമ്പോൾ ചേച്ചി പറഞ്ഞു “ അതു പണ്ടെപ്പോഴോ ഒരു ശവപ്പറമ്പായിരുന്നു എന്നാണ് പറഞ്ഞു കേട്ടത് ..” . ഒരു മിന്നൽ പോലെ എന്തോ ശരീരത്തിലൂടെ പാഞ്ഞുപോയതുപോലെ … ബെല്ലടി കേട്ടു സാറച്ചേച്ചി മുന്നേയും ഞാൻ പിറകേ യാന്ത്രികമെന്നോണം .. മോളായിരുന്നു .. പിറകേ അദ്ദേഹവും സാറച്ചേച്ചിയുടെ ചേട്ടനും. പിന്നെ വേഗം ചായയിട്ടു .. എല്ലാവരും ചായ കുടിച്ചു . സാറച്ചേച്ചിയും ചേട്ടനും പോയി .
അച്ഛനും മകളും എക്സാം വിശേഷങ്ങൾ പറഞ്ഞു . വൈകിട്ടത്തെ കുളികഴിഞ്ഞുവന്നു വിളക്കു കത്തിക്കും മുൻപേ അദ്ദേഹമോ മോളോ കാണാതെ കിഴക്കു വശത്തെ ജനൽ അടച്ചു കർട്ടൻ താഴ്ത്തിയിട്ടു . പിറ്റേന്ന് രാവിലെ പതിവു തിരക്കുകൾ . അച്ഛനും മകളും പോയി . തനിച്ചായ സമയത്ത് ആ മുറിയിലേയ്ക്കു കയറാനൊരു പേടി തോന്നിയെങ്കിലും വെറുതെ ആ ജനാലയ്ക്കരികിൽ ചെന്ന് കർട്ടൻ മെല്ലെയൊന്നു പൊക്കി ജനലിന്റെ ഗ്ലാസ്സിലൂടെ സൂര്യരശ്മികൾ അകത്തേയ്ക്ക് … പക്ഷേ പെട്ടെന്നു കർട്ടൻ വലിച്ചു താഴ്ത്തിയിട്ടു .. വേണ്ട ഇനി ഈ ജാലകക്കാഴ്ച വേണ്ട .. മോളോ അദ്ദേഹമോ ഇതു ശ്രദ്ധിക്കാനും പോണില്ല . അവർ പകൽ സമയം ഉണ്ടാവില്ലല്ലോ .. ജനൽ തുറക്കുന്നതോ അടയ്ക്കുന്നതോ അവർ ശ്രദ്ധിക്കാറുമില്ല .. ഈ ജാലകക്കാഴ്ചകൾ അവർക്കറിയുകയുമില്ല . ഇനി സാറച്ചേച്ചി പറഞ്ഞ കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചാൽ “ മണ്ടത്തരം എന്നും പൊട്ടത്തരം എന്നും അങ്ങനെയൊന്നുമില്ലെന്നും ഇനി അത് ആലോചിച്ചിരിപ്പാവും നിന്റെ ജോലി ..” എന്നും ആവും ശകാരം . അല്ലാതെ വേറൊന്നും പറയാനും പോവുന്നില്ല . എന്നാലും മോളെന്താവും പിന്നതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നത് എന്ന സംശയം മനസ്സിലിട്ട് കർട്ടൻ പൊക്കി ജനാലപ്പാളികൾ ഒന്നുകൂടെ തുറന്ന് ശക്തിയായി വലിച്ചടച്ചു. ജനാല മുഴുവൻ മറഞ്ഞുകിടക്കത്തക്ക വണ്ണം കർട്ടൻ വലിച്ചിട്ട് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലുറപ്പിച്ചു .. നാളെ പുറത്തുപോവുമ്പോൾ ഉറപ്പായും നല്ല കട്ടിയുള്ള കർട്ടൻ വാങ്ങി ആ ജനാല മറച്ചിടണം .
*************************************************************************************************
ശുഭം
ഗീതാ ഓമനക്കുട്ടൻ
0 comments:
Post a Comment