Friday 13 March 2015

മീനുക്കൊച്ചും ഉത്സവക്കാഴ്ചകളും
അമ്പലപ്പറമ്പും ഉത്സവങ്ങളും അപ്പുണ്ണിയേട്ടന് ആവേശമാണ്.  ഇത്തവണ ഉത്സവത്തിന് വല്യേച്ചിയും, കുഞ്ഞേച്ചിയും അപ്പുണ്ണിയേട്ടന്റെ  പിറകേ കൂടിയിട്ടുണ്ട്. " ഇന്നു വൈകിട്ട് ഞങ്ങളെക്കൂടി കൊണ്ടുപോവോ അപ്പുണ്ണിയേട്ടാ. അച്ഛനോടു ചോദിക്കുവോ ഞങ്ങളെക്കൂടി കൊണ്ടുപൊക്കോട്ടേന്നു". 
 അപ്പുണ്ണിയേട്ടൻ പറേണ കേട്ടു. " ആ നോക്കട്ടെ, ആ മീനുക്കൊച്ച് അറിയണ്ട. എങ്ങാനും അവളു കേട്ടാൽ പിന്നെ ചിണുങ്ങാൻ തുടങ്ങും". 

ഉം......  ഈ മീനുക്കൊച്ച് അത്ര പൊട്ടിയൊന്നുമല്ല. എല്ലാം കേൾക്കണൊണ്ട് .

          കഴിഞ്ഞാഴ്ച്ച അമ്മേം, കുഞ്ഞേച്ചീം രാവിലെ ഒരുങ്ങിപ്പോവുംപോഴും മീനുക്കൊച്ച് ഒന്നു ചിണുങ്ങിനോക്കി, അമ്മേടെ സാരിത്തുമ്പിൽ പിടിച്ച്.അമ്മയെന്താ പറഞ്ഞെ?  " കുഞ്ഞേച്ചിക്കു തലവേദന. ഡോക്ടർനെ കാണിക്കാൻ പോവാ. കൊച്ചുകുട്ട്യോളെ കൊണ്ടുചെന്നാൽ ഡോക്ടറ് സൂചി കൊണ്ടു നല്ല കുത്തുവച്ചുതരും. വാശി പിടിക്കാതെ പോയി വല്ലോം കളിച്ചോ. അമ്മ വേഗം മടങ്ങി വരാം".  എന്നിട്ടോ?... കൊറേ.......... സമയം കഴിഞ്ഞപ്പം രണ്ടാളും തിരികെവന്നു. നെറ്റിയിൽ കുറീം തൊട്ട്, വാഴയിലയിൽ പൊതിഞ്ഞ കടുംപായസവുമായി. അമ്മ കാത്തുവമ്മയോടു ചോദിക്കണ കേട്ടു "മീനുക്കൊച്ചിനെ കുളിപ്പിച്ചോ? കൊച്ചു വല്ലോം കഴിച്ചോ? ".
കാത്തുവമ്മ പറയണതും കേട്ടു " ഇത്തിരി വാശി കൂടണൊണ്ട് കൊച്ചിന്, പറഞ്ഞാൽ ഒരു വക കേക്കണില്ല".
   
അമ്മ അടുത്തുവിളിച്ച് കോവിലിലെ കടുംപായസം ഇത്തിരിതോണ്ടി വായിൽവെച്ചു കൊടുത്തപ്പോൾ മീനുക്കൊച്ചിന് അമ്മ കൂടെക്കൊണ്ടുപോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 
     പായസം നുണഞ്ഞിറക്കുന്നതിനിടയിൽ മീനുക്കൊച്ച് അമ്മോട് ചോയിച്ചു "കുഞ്ഞേച്ചിയെ അമ്മ ഡോക്ടർടെയടുത്തു കൊണ്ടുപോയതല്ലേ പിന്നെ എവിടന്നാ പായസം? 

     വെള്ളത്തിൽ ചാലിച്ച് ചന്ദനം നെറ്റിയിൽ തൊടുവിച്ചുകൊടുത്തുകൊണ്ടമ്മ പറഞ്ഞു "അതോ.... ഡോക്ടറെ കണ്ടു തിരികെവന്നപ്പം അങ്ങേലെ സുഭദ്രാമ്മെ വഴീൽ വച്ചു കണ്ടു, അപ്പൊ സുഭ്രദ്രാമ്മ തന്നതാ കൊച്ചെ". 
ചുമ്മാ........... ഇതൊക്കെ മീനുക്കൊച്ചിനെ പറ്റിക്കാനുള്ള അടവുകളാണെന്നറിയാം. അല്ലേൽ പിന്നെ അന്നു രാവിലെ എണീച്ച് കണ്ണും തിരുമ്മി വന്ന മീനുക്കൊച്ച് കണ്ടതോ..? കിഴക്ക് നല്ലോണം വെള്ള കീറി വരണേയുള്ളൂ... കുഞ്ഞേച്ചി കുളിച്ച് വാഴയിലയിൽ മുറ്റത്തെ കുടമുല്ലയിലെ പൂക്കളത്രയും പറിച്ചു കൂട്ടുന്നു. പിന്നെ മീനുക്കൊച്ച് ഒന്നും ആലോചിച്ചില്ല... ഒറ്റ ഓട്ടമായിരുന്നു........... മുല്ലച്ചോട്ടിലേക്ക് ......... "എന്റെ മുല്ലപ്പൂ കുഞ്ഞേച്ചി മുഴുവനും പറിച്ചു തീർത്തെ!!!!.... എനിക്കു വേണം.. " 
         വാഴയിലയിൽ പിടിക്കാൻ ചെന്നതോ...... കുഞ്ഞേച്ചി ഒറ്റത്തട്ടു വച്ചുകൊടുത്തു മീനുക്കൊച്ചിന്റെ ഇടത്തേ കൈക്കിട്ട്..!!!! മീനുക്കൊച്ച് കാറിക്കരയുംപോളെക്കും  പൂമുഖത്ത് പത്രം വായനയിൽ മുഴുകിനിന്ന 
അപ്പുണ്ണിയേട്ടൻ ഇറങ്ങിവന്നു താക്കീതു നല്കി "അച്ഛൻ കേട്ടാൽ കിട്ടുമേ... വേഗം പോയി പല്ലു തേക്ക്". 

    
     അന്ന് എത്രനേരം കുഞ്ഞേച്ചി നിലക്കണ്ണാടിക്കു മുന്നിൽ ഒരുക്കമായിരുന്നു. കണ്ണെഴുതി വാലിട്ട്, പൊട്ടു തൊട്ട്, മുടി കുളിപ്പിന്നൽ കെട്ടി, മുല്ലപ്പൂ ചൂടി. 
മീനുക്കൊച്ച് കെഞ്ചി " എനിക്കൂടെ വച്ചു തര്വോ മുല്ലപ്പൂ??". കുഞ്ഞേച്ചി വിരട്ടി ഓടിച്ചു " മൊട്ടത്തലച്ചി  നിനക്കെവിടെ വക്കാനാ മുല്ലപ്പൂ". 
     ഈ കുഞ്ഞേച്ചിയെ ആണോ അമ്മ ഡോക്ടർടെ അടുത്തു കൊണ്ടുപോയെ? എല്ലാം കല്ലുവച്ച നുണ!! 

     അതിനു മുന്നൊരു ദിവസോം കുഞ്ഞേച്ചീം, വല്യേച്ചീം കൂടെ അണിഞ്ഞൊരുങ്ങി  അച്ഛന്റൊപ്പം പോയപ്പഴും മീനുക്കൊച്ച് അമ്മയോട് ചിണുങ്ങി നോക്കി. അപ്പം അമ്മ പറഞ്ഞതോ? " പോയിക്കളിച്ചോ.. തിരിച്ചു വരുമ്പം അവരു കപ്പ് കേക്കും, നാരങ്ങാ മിഠായീം കൊണ്ടത്തരും ട്ടോ ".
     മീനുക്കൊച്ച് അന്നവരു തിരിച്ചുവരണവരെ മുറ്റത്തൂന്ന് കയറിയതേയില്ല. വഴീലേക്ക് നോക്കിയിരുന്നു..  കപ്പ് കേക്കും, നാരങ്ങാ മിഠായിയും കൊണ്ടുവരുന്നതും നോക്കി.....  തിരിച്ചു വരുമ്പോൾ കുഞ്ഞേച്ചീടെം, 
വല്യേച്ചീടെം മുഖത്ത് എന്താ ഒരു സന്തോഷം.  അച്ഛൻ മീനുക്കൊച്ചിനെ അടുത്തു വിളിച്ച് നാരങ്ങാ മിഠായീം, കപ്പ് കേക്കും കൊടുത്തു. അതു കിട്ടിയതും  മീനുക്കൊച്ചിനു കൂടെക്കൊണ്ടു പോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 

          വല്യേച്ചീടേം, കുഞ്ഞേച്ചീടേം കൈയ്യിൽ "കൃഷ്ണാ ടെക് സ്റ്റൈൽ" സിലെ കുറെ കവറുകളും ഉണ്ടായിരുന്നു. അമ്മയെ ഏതാണ്ടൊക്കെ തുണികൾ എടുത്തു കാണിക്കണ കണ്ടെങ്കിലും മീനുക്കൊച്ച് അതൊന്നും ശ്രദ്ധിച്ചതേയില്ല. നാരങ്ങാ മിഠായി ഓരോന്നായി തിന്നു തീർത്തു കൊണ്ടേയിരുന്നു .

     
          പക്ഷെ അന്നു വൈകിട്ട് വല്യേച്ചി അരികെ വിളിച്ച് മീനുക്കൊച്ച് ഇട്ടിരുന്ന ഇളം റോസ് നിറമുള്ള കുട്ടിയുടുപ്പിന്റെ അളവൊക്കെ കൃത്യമായി  കുറിച്ചു വച്ചു. എന്നിട്ട് ഓറഞ്ച് നെറ്റ് തുണി എടുത്തുകാട്ടി മീനുക്കൊച്ചിനോടു ചോദിച്ചു " ഇഷ്ടായോ നിനക്കീ നിറം?" 
മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി ചോദിച്ചു " വല്യേച്ചീ ഇതെപ്പഴാ തയിച്ചു തരിക...?" 
"രണ്ടു ദിവസം കഴിയട്ടെ". 
     വല്യേച്ചി പറഞ്ഞ വാക്ക്  പാലിച്ചു. രണ്ടുദിവസം കൊണ്ടു തയിച്ചു തീർത്തു. എന്നിട്ടോ.....? എത്ര പ്രാവശ്യം അതു മീനുക്കൊച്ചിനെ ഇടുവിച്ചു നോക്കി. വീണ്ടും ഊരിവാങ്ങി ഒന്നൂടെ ചേച്ചീടെ ' കട കട ' ശബ്ദം കേൾക്കണ സിംഗർ മെഷീനിൽ അടിക്കും. എന്നിട്ടു വീണ്ടും ഇടീച്ചു നോക്കും. ഓരോ പ്രാവശ്യം ഇടുമ്പോഴും മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി. വല്യേച്ചി പിടിച്ചു നിർത്തി എല്ലാം പാകമാണോന്നു നോക്കുമ്പോൾ മീനുക്കൊച്ച് ചോദിച്ചു "വല്യേച്ചീ എനിക്ക് ഓറഞ്ച് നിറത്തിലെ കുപ്പിവളേം, റിബണും വാങ്ങി തര്വോ?"
അന്നു വല്യേച്ചി വാക്ക് പറഞ്ഞതാ " അയ്യപ്പൻ കോവിലിലെ ഉത്സവത്തിനു വാങ്ങിത്തരാം ട്ടോ".
എന്നിട്ടിപ്പം മീനുക്കൊച്ചിനെ പറ്റിച്ച് വല്യേച്ചീം, കൊച്ചേച്ചീം അപ്പുണ്ണിയേട്ടന്റൊപ്പം  ഉത്സവത്തിനു പോകാൻ പ്ലാനിടുന്നത്. അറിഞ്ഞപ്പോൾ മുതൽ മീനുക്കൊച്ച് വല്യേച്ചിയെയും, കൊച്ചേച്ചിയെയും ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങിയതാണ്. 

ഇടക്കിടെ അലമാരയിൽ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന തന്റെ ഓറഞ്ച് നിറത്തിലുള്ള നെറ്റുതുണി കൊണ്ട് വല്യേച്ചി ഭംഗിയായി തയിച്ചു തന്ന നിലയുടുപ്പ് എടുത്തു നോക്കി മീനുക്കൊച്ച്..... എന്നിട്ടു മനസ്സിൽ പറഞ്ഞു 
 "ഈ നിലയുടുപ്പ് ഇട്ടോണ്ടു വേണം ഉത്സവത്തിനു പോവാൻ" 
അരക്കു താഴെ രണ്ടു തട്ട് ഞൊറിവിട്ടു തയിച്ചിരിക്കുന്നതിനാൽ മീനുക്കൊച്ച് ആ ഉടുപ്പിനെ "നിലയുടുപ്പ്" എന്നു പേരിട്ടു വിളിച്ചു. 
സന്ധ്യയായപ്പോൾ  മുതൽ മീനുക്കൊച്ച് അമ്മയുടെ പുറകെ നടന്ന് ചിണുങ്ങാൻ തുടങ്ങി. ചിണുങ്ങി ചിണുങ്ങി ശുണ്ഠിയെടുത്ത് കരയാനും തുടങ്ങിയതോടെ അമ്മ ഒരു പോംവഴി കണ്ടുപിടിച്ചു. ഉടനടി അതെല്ലാവരോടുമായി ഉച്ചത്തിൽ പ്രഖ്യാപിച്ചു " ഇവിടുന്നാരും ഉത്സവത്തിനു പോവണ്ട" 
കുഞ്ഞേച്ചിയോ തക്കം കിട്ടിയപ്പോൾ ആരും കാണാതെ കൊടുത്തു മീനുക്കൊച്ചിന്റെ ചെവിക്കിട്ടുനോക്കി നല്ലൊരു കിഴുക്ക് " വഴക്കാളി..,നീ കാരണം ഞങ്ങടെ പ്ലാനെല്ലാം പൊളിഞ്ഞു". 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല, ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം ഉദ്ധിഷ്ടകാര്യസിദ്ധിക്കായ് സ്ഥിരം പ്രയോഗിക്കാറുള്ള ആ സൂത്രം എടുത്തങ്ങു പ്രയോഗിച്ചു. " ഉച്ചത്തിലുള്ള കാറിക്കരച്ചിൽ"
ആ കാറിക്കരച്ചിൽ പുറമ്പോക്കിലെ സക്കായിയുടെ വീടിനെയും, തോട്ടുമുക്കിലെ കല്യാണിയുടെ വീടിനെയും മറികടന്ന് അങ്ങകലെ പ്രതിദ്ധ്വനിച്ചു. അമ്മയും, കുഞ്ഞേച്ചിയും, വല്യേച്ചിയും ഇതു സഹിക്ക വയ്യാതെ ചെവി പൊത്തിപ്പിടിച്ചു. 
അപ്പുണ്ണിയേട്ടൻ പരിഹാരം നിർദ്ദേശിച്ചു " വായടച്ചാൽ ഉത്സവത്തിനു കൊണ്ടുപോവാം".
അതു കേട്ടതും മീനുക്കൊച്ച് ടപ്പേന്ന് വായടച്ചു. പക്ഷേ അപ്പുണ്ണിയേട്ടൻ ചില നിബന്ധനകൾ മുന്നോട്ടു വച്ചു " കഴിഞ്ഞാണ്ടത്തെപ്പോലെ ഉത്സവത്തിനു കഥാപ്രസംഗം കേൾക്കാൻ കൊണ്ടുപോയപ്പോൾ 'ഉറക്കം വരുന്നു വീട്ടീ പോണം' ന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞതും, ചെറിയ ഇടവഴിയേ നടക്കുമ്പോൾ 'കാലു വേദനിക്കുന്നു ' ന്ന് പറഞ്ഞ് അപ്പുണ്ണിയേട്ടന്റെ തോളിൽ കയറിവന്നതും ഒന്നും ഇത്തവണ ആവർത്തിക്കാൻ  പാടില്ല. 
          വാക്ക് പറഞ്ഞാൽ അതു പാലിക്കേണ്ട കടമയുണ്ടെന്ന് മീനുക്കൊച്ചിനു നന്നായറിയാവുന്നതിനാൽ 'ടപ്പേ ' ന്നടക്കി നിർത്തിയ കാറിക്കരച്ചിലിന്റെ അവശേഷിപ്പ് ഏങ്ങലടിയിൽ ഒതുക്കിത്തീർത്ത് മീനുക്കൊച്ച് 
അപ്പുണ്ണിയേട്ടനോട് തലയാട്ടി സമ്മതം മൂളി. 
" എന്നാ വേഗം റെഡിയായിക്കോ "
അപ്പുണ്ണിയേട്ടൻ പറഞ്ഞു കേൾക്കണ്ട താമസം മീനുക്കൊച്ചിനു 
കുഞ്ഞേച്ചിയോടും, വല്യേച്ചിയോടും, അപ്പുണ്ണിയേട്ടനോടും ഉള്ള പരിഭവം അലിഞ്ഞലിഞ്ഞില്ലാതായി. 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല. .. ഒറ്റ ഓട്ടം വച്ചു കൊടുത്തു.... അമ്മേടെ അലമാരയിൽ ഇരുന്ന ഓറഞ്ച് നെറ്റിന്റെ നിലയുടുപ്പ് എടുത്തണിയാനായി. ഉടുപ്പ് വലിച്ചെടുക്കുന്നതു കണ്ട അമ്മ താക്കീതു നല്കി..
" ന്റെ മീനുക്കൊച്ചേ ഇതു പുതിയതല്ലേ? നിനക്കാ ഉത്സവപ്പറമ്പിലെ മണ്ണിലിരുന്നു നിരങ്ങാനുള്ളതല്ലേ.... ആ പഴേ നീലേ വെള്ളപ്പൂക്കളൊള്ള ഉടുപ്പിട്ടാ മതി". 

അതു കേട്ടതും മീനുക്കൊച്ച് കാറിക്കരയാനായി വാ പൊളിക്കാനൊരുങ്ങിയതും 
 അമ്മ കൈ കൊണ്ട് ടപ്പേ ന്ന് മീനുക്കൊച്ചിന്റെ പൊളിഞ്ഞുവന്ന വായടപ്പിച്ചതും ഇട്ടിരുന്ന വെള്ളക്കുഞ്ഞുടുപ്പ് തലവഴി വലിച്ചൂരി എടുത്തതും, ഓറഞ്ച് നെറ്റ് നിലയുടുപ്പ് ഇടീച്ചതും നൊടിയിട കൊണ്ടു കഴിഞ്ഞു. 

          കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കിക്കൊടുത്തതിന്റെ 
നന്ദിസൂചകമെന്നോണം കുഞ്ഞേച്ചി ഒരു കുഞ്ഞുമുല്ലമൊട്ടുമാല  മീനുക്കൊച്ചിന്റെ കുഞ്ഞിത്തലമുടിയിൽ ഒരു കറുത്ത സ്ലൈഡിന്റെ ബലത്തിൽ ഉറപ്പിച്ചു കൊടുത്തു. അപ്പോൾ മീനുക്കൊച്ചിനു കുഞ്ഞേച്ചിയോടുണ്ടായിരുന്ന  അവശേഷിച്ച പരിഭവവും അലിഞ്ഞലിഞ്ഞില്ലാതായി. 

     കണ്ണിലേക്ക് ഇടക്കിടെ വീണു വരുന്ന കുഞ്ഞുമുല്ലമൊട്ടുമാല പിന്നിലേക്കു മാടിയൊതുക്കി കുഞ്ഞിടവഴിയേ മുന്നേ മുന്നേ ഓടി ഓടി നടന്ന മീനുക്കൊച്ചിനോട്  അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഈ ഉത്സാഹം തിരികെ വരുമ്പോളും കാണണേ....... അപ്പുണ്ണിയേട്ടന് പണിയുണ്ടാക്കല്ലേ ...?"

     മീനുക്കൊച്ചിന് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ, അതു മനസ്സിലാക്കിയെന്നവണ്ണം വല്യേച്ചി ആദ്യേ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. 
കറുപ്പും, വെളുപ്പും, ചോപ്പും, നീലയും കളറുകളിൽ അടുക്കി അടുക്കി വച്ചിരിക്കുന്ന കുപ്പിവളകളും, വെള്ള, നീല, പച്ച, ചോപ്പ് നിറങ്ങളിൽ തൂങ്ങിയാടുന്ന മുത്തുമാലകളും ഉള്ള ചിന്തിക്കടയിലേക്ക്..
മീനുക്കൊച്ചിന്റെ കണ്ണഞ്ചിപ്പോയി!!!
ഹോ ......... എന്തോരം കുപ്പിവളകളാ.......ഹായ് ... മുത്തുമാലകളും,കല്ലുമാലകളും ഒക്കെ കാണാൻ എന്താ നല്ല ചേല്....  മീനുക്കൊച്ചന്നേരം മനസ്സിൽ ഒരു ശപഥം എടുത്തു.. " വല്യ കുട്ടിയാവുംപോ ഈ ചിന്തിക്കടക്കാരനെ കല്യാണം കഴിപ്പിച്ചു തരാൻ അമ്മോടു പറേണം". 
     ഓറഞ്ച് കുപ്പിവള കിട്ടാഞ്ഞാൽ വല്യേച്ചി ചൊവപ്പും, വെള്ളയും ഇടകലർത്തി പന്ത്രണ്ടു കുപ്പിവളകൾ ചിന്തിക്കടക്കാരന്റെ കൈയ്യിൽ കൊടുത്തു, അയാൾ മീനുക്കൊച്ചിന്റെ ഇടത്തേ കുഞ്ഞിക്കയ്യിൽ അവ അടുക്കടുക്കായി ഇട്ടു കൊടുത്തു. വലത്തേകൈയ്യിൽ ചൊവപ്പുനിറത്തിൽ കുഞ്ഞുകല്ലുകളുള്ള ഒരു കാപ്പുവള ഇത്തിരി പ്രയാസപ്പെട്ടു കയറ്റി ഇടവേ ലേശം ചോര പൊടിഞ്ഞതും ചിന്തിക്കടക്കാരൻ പെട്ടെന്നുതന്നെ അവിടിത്തിരി  ക്യൂട്ടെക്സ്  പുരട്ടിക്കൊടുത്തതും മീനുക്കൊച്ചിൽ അത്ഭുതം ഉളവാക്കി, ഒപ്പം കവലക്കത്തെ കമ്പോണ്ടർ കുഞ്ഞൂഞ്ഞു ഡോക്ടർടെ മഞ്ഞമരുന്നിന്റെ പോലത്തെ നീറ്റലേ ഇല്ലല്ലോന്നോർത്തു. മീനുക്കൊച്ചു മനസ്സിൽ പറഞ്ഞു " ഈ ചിന്തിക്കടക്കാരന് നല്ല ബുദ്ധി ആണല്ലോ ". 

കുഞ്ഞേച്ചീം, വല്യേച്ചീം കൊറേ വെള്ളക്കുപ്പിവള സെലക്ട് ചെയ്തെടുത്ത് വല്യേച്ചി
കുഞ്ഞേച്ചീടെ കാതിൽ മന്ത്രിച്ചു "വീട്ടില് പോയി കൈയ്യിൽ സോപ്പിട്ടു വള ഇട്ടാമതി". ചിന്തിക്കടക്കാരന്റെ " പെങ്ങന്മാരെ... പൊട്ടിക്കാതിട്ടു തരാമേ......" ന്നുള്ള ഉപദേശം വകവക്കാതെ വെള്ളക്കുപ്പിവളകൾ കുഞ്ഞേച്ചി പൊതിഞ്ഞു മേടിച്ചു. മീനുക്കൊച്ചിനു ചൊവന്ന മുത്തുമാലയും, ചൊവന്ന റിബണും കൂടി വല്യേച്ചി മേടിച്ചു കൊടുത്തതും അപ്പുണ്ണിയേട്ടൻ പറഞ്ഞു "മതി പിള്ളാരെ.. വാ.. ആളു കൂടണേനുമുന്നേ എവിടേലും സ്ഥലം പിടിച്ചിരിക്കെണ്ടേ....?"

കൊറേ ആളുകൾക്കു നടുവിൽ ഇത്തിരി സ്ഥലം പിടിച്ച് കൈയ്യിലുണ്ടായിരുന്ന പത്രപ്പേപ്പർ വിരിച്ച് അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഇവിടിരുന്നോ മക്കളേ... ഇവിടിരുന്നാൽ നല്ലോണം കാണാം".
കൈയ്യിലുണ്ടായിരുന്ന കപ്പലണ്ടിപൊതി മീനുക്കൊച്ചിന്റെ കൈയ്യിൽ കൊടുത്തുകൊണ്ട് അപ്പുണ്ണിയേട്ടൻ വല്യേച്ചിയോടായി പറഞ്ഞു 
" അപ്പുണ്ണിയേട്ടൻ ഇവിടെ അടുത്തു തന്നെയുണ്ടാവും ട്ടോ...."

     കപ്പലണ്ടി കൊറിച്ചു കൊറിച്ചിരുന്ന മീനുക്കൊച്ചു മുന്നോട്ടു നോക്കിയെങ്കിലും കൊറേപ്പേരുടെ തലയല്ലാതെ വേറൊന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ഇതൊന്നും കാണണമെന്ന് മീനുക്കൊച്ചിന് ആഗ്രഹവുമില്ല... ഇപ്പോൾ ഒറ്റ ഉദ്ധേശ്യം മാത്രം. " വേഗം വീട്ടിൽ പോവണം. കുഞ്ഞേച്ചി വാങ്ങിയ ആ ചൊവന്ന ക്യുട്ടെക്സ്  ഇടുവിച്ചു തരാൻ പറേണം, പിന്നെ ചൊവന്ന റിബ്ബണ് തന്റെ കുഞ്ഞിത്തലമുടിയിൽ രണ്ടു സൈഡിലായി കെട്ടി വച്ച് നിലക്കണ്ണാടീ നോക്കണം". 

     ആളും, ബഹളവും ഉച്ചഭാഷിണിയിൽ വരുന്ന പാട്ടും ഒന്നും മീനുക്കൊച്ചു 
ശ്രദ്ധിച്ചതേയില്ല. വല്യേച്ചിയുടെ  മടിയിലേക്ക് ചാഞ്ഞ് ചോവപ്പും, വെള്ളയും ഇടകലർത്തി തന്റെ കൈയ്യിൻമേലണിഞ്ഞിരിക്കുന്ന കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു... അതിന്റെ കിലുക്കം ...  മീനുക്കൊച്ചിന്റെ മനസ്സിൽ ആഹ്ലാദത്തിരകൾ അലയടിച്ചുയർത്തി. അവൾ വീണ്ടും വീണ്ടും കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു കിടക്കവേ കൊടുത്തു വല്യേച്ചി 
കുഞ്ഞിത്തുടയിലൊരു നുള്ള്. " ഉറങ്ങാനാണോ ഭാവം..... ഉറങ്ങിയാൽ ഞങ്ങളിവിടിട്ടേച്ചു പോകും... തീർച്ച " .  ഒരു കുഞ്ഞുറുമ്പ് കടിക്കുമ്പം തൂത്തുകളയണ ലാഘവത്തോടെ മീനുക്കൊച്ച് കൈകൊണ്ട് തൂത്ത് എണീറ്റ് നേരെ ഇരുന്നു. 
     തൊട്ടു പുറകിൽ നിന്ന് കേട്ടു പരിചയമുള്ള ആ കറ കറ ശബ്ദം!!
പുറകോട്ടു തിരിഞ്ഞു നോക്കിയ മീനുക്കൊച്ച് വല്യേച്ചിയെ തോണ്ടി വിളിച്ച് പുറകോട്ടു ചൂണ്ടിക്കാട്ടി കൊടുത്തു. വല്യേച്ചി കുഞ്ഞേച്ചീടെ ചെവിയിൽ എന്തോ മന്ത്രിച്ചു. കുഞ്ഞേച്ചി തലയിൽ കൈ വച്ചിരുന്നു. മീനുക്കൊച്ച് കുഞ്ഞേച്ചീടേം, വല്യേച്ചീടേം ഇടയിലൂടെ നിരങ്ങിയിറങ്ങി തല പുറകോട്ടു നീട്ടി നോക്കി.
     "അവർ " വലിയ ഒരു പായ നിവർത്തിയിട്ട് കാലും നീട്ടി ആ സ്ഥിരം കാണാറുള്ള കടും ചുവപ്പു ജംപറും, നീല കളം കൈലിയു  ധരിച്ച്, മുറുക്കിച്ചുവപ്പിച്ച് എണ്ണ വഴിയേ പോയിട്ടില്ലാത്ത തലമുടി ഉച്ചിയിൽ കെട്ടിവച്ച് ഉച്ചത്തിൽ എന്തൊക്കെയോ പുലമ്പുകയും, അവരുടെ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ആർത്തു ചിരിക്കയും ചെയ്യുന്നുണ്ട്. ഇടക്ക് അവരുടെ പായിൽ അറിയാതെ ചവിട്ടുന്നവരെ ചീത്ത പറയുന്നുമുണ്ട്. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി തലനീട്ടി അവരെ സൂക്ഷിച്ചു നോക്കി. അവർ മുന്നോട്ടൊക്കെ നോക്കിയിട്ടും തന്നെ കണ്ടിട്ടും വലിയ ലോഹ്യം ഒന്നും കാണിക്കുന്നില്ല. ആ കറ കറ ശബ്ദം കേട്ടിട്ട് കുഞ്ഞേച്ചി വല്യേച്ചിയോടു പറയണ കേട്ടു "പാറേൽ കല്ലിട്ടൊരക്കണ പോലെ" 

       പരിപാടി തുടങ്ങാൻ പോവുന്നു. ചൊവന്ന കർട്ടൻ ഉയർന്നു. ആരുടെയോ ബാലെ. ഒരു പെണ്ണ്  സ്റ്റേജിൽ ഡാൻസും തുടങ്ങി... മീനുക്കൊച്ചിനു മുന്നോട്ടു നോക്കീട്ടു കൊറേപ്പേരുടെ തല മാത്രം. എല്ലാരും തലപൊക്കി സ്റ്റേജിലോട്ടു നോക്കുന്നു..... തല പോക്കിനോക്കീട്ടും കാണാൻ പറ്റാഞ്ഞാൽ  മീനുക്കൊച്ചും എണീച്ചുനിന്നു. ഹായ്....... നല്ല രസോള്ള ഡാൻസ്... 
പെട്ടെന്നാണതു സംഭവിച്ചത് !! മീനുക്കൊച്ചിന്റെ തലയിൽ എന്തോകൊണ്ട് ഒരടി കിട്ടിയതും അതിന്റെ നാറ്റം മൂക്കിലേക്കടിച്ചു കയറിയതും മീനുക്കൊച്ചറിയാതെ  ഒരു ഓക്കാനം തൊണ്ടയിൽ വന്നതും വല്യേച്ചി പിടിച്ചു മടിയിലിരുത്തിയതും പെട്ടെന്നു തന്നെ. 
മീനുക്കൊച്ചിനൊന്നും പിടികിട്ടിയല്ല. ഡാൻസു തകർക്കുമ്പോൾ വീണ്ടും അതേ നാറ്റം... അന്തരീക്ഷത്തിൽ ആഞ്ഞടിക്കും പോലെ..... പുറകിൽ ഒരട്ടഹാസം.... മീനുക്കൊച്ച് വീണ്ടും വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങിനീങ്ങി തല പുറകോട്ടു നീട്ടി അട്ടഹാസം കേൾക്കുന്നിടത്തെക്ക് നോക്കി.  അതേ... അവർ തന്നെ........ ആ " അഴകി ".   അട്ടഹാസം അഴകിയുടേത് തന്നെ.. .. ഉച്ചത്തിൽ അലറി മുന്നിലിരിക്കുന്ന പാവപ്പെട്ട പ്രജകളോട് ഇപ്രകാരം ആഞ്ജാപിക്കയാണ് " താണിരിക്കുന്നുണ്ടോ.... പുറകിലിരിക്കുന്നവർ നിന്റെയൊക്കെ തല കാണാനല്ല ഇവിടെ വന്നിരിക്കുന്നത്". എന്നിട്ടോ തന്റെ മുഴിഞ്ഞു നാറിയ തോർത്തിട്ട്  മുന്നിലിരുന്നു തലപൊക്കി മുന്നോട്ടു നോക്കുന്ന പ്രജകളുടെ തലക്കിട്ടു നോക്കി പ്രഹരിക്കയാണ്. 
സിംഹാസനം പിടിച്ചടക്കിയ ഒരു രാജാവിനെപ്പോലെ തോന്നിപ്പിച്ചു മീനുക്കൊച്ചിന് അഴകീഭാവം കണ്ടിട്ട്. എന്നാലും ഇടക്കിടെ ഉള്ള അട്ടഹാസങ്ങളും, മുഴിഞ്ഞു നാറിയ തോർത്തിന്റെ പ്രഹരവും, കറ കറ ശബ്ദത്തിലെ തൊള്ള പറച്ചിലും.. .... എല്ലാം കൂടെ മീനുക്കൊച്ചിനാകെ മടുപ്പു തോന്നി. 


മീനുക്കൊച്ച് വല്യേച്ചീടെ അടുത്തു ചിണുങ്ങാൻ തുടങ്ങി " വല്യേച്ചീ..... ഒറക്കം വരണൂ.... നമുക്കു പോവാം. ..."
വല്യേച്ചി കൊടുത്തു ചെറിയൊരു കിഴുക്ക് മീനുക്കൊച്ചിന്റെ തുടക്കിട്ടു നോക്കി എന്നിട്ടു പറഞ്ഞു " മിണ്ടാതിരുന്നോ ..  ഇതിനാണേൽ നീ എന്തിനാ വന്നെ? അപ്പുണ്ണിയേട്ടൻ വന്നു വിളിക്കാതെ ഈ രാത്രി നമ്മളെങ്ങനാ പോവ്വാ?"
മീനുക്കൊച്ചിനു കരച്ചിൽ വന്നെങ്കിലും വാ പൊളിച്ചില്ല. 
   ഇടക്കിടെ അഴകിയുടെ കറ കറ ശബ്ദം കേൾക്കുമ്പോൾ മീനുക്കൊച്ച് തലനീട്ടി പുറകോട്ടു നോക്കും. എങ്കിലും ആ തോർത്തിന്റെ നാറ്റം മീനുക്കൊച്ചിന് ഉള്ളിൽ ഒരു തേട്ടൽ വന്നു. മീനുക്കൊച്ച് വല്യേച്ചീടെ മടിയിൽ ചാരിക്കിടന്ന് മെല്ലെ കുഞ്ഞിക്കിളിയുടെ പാട്ടു പാടി. പിന്നെ ചോവപ്പും, വെള്ളയും കുപ്പിവളകൾ കിലുക്കി നോക്കി, ഇപ്പൊ ചെല്ലുമ്പൊ തന്നെ ചോന്ന ക്യുട്ടെക്സ് ഇട്ടു തര്വോ ന്ന് കുഞ്ഞേച്ചിയോട് കെഞ്ചി ചോയിക്കണം ന്ന് മനസ്സിലുറപ്പിച്ചു. 

     സ്റ്റേജിൽ ബാലെ തകർക്കുന്നു. പുറകിൽ ആകെ ഒരു നിശബ്ദത!! കറ
കറ ശബ്ദം കേൾക്കുന്നെയില്ല!!!!! മുഴിഞ്ഞു നാറിയ തോർത്തിന്റെ ഗന്ധവും ഇല്ല. മീനുക്കൊച്ചിന് ആകാംക്ഷ വർദ്ധിച്ചു. വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങി നീങ്ങി പുറകോട്ടു കഴുത്തു നീട്ടി സൂക്ഷിച്ച് നോക്കി.. ഈശ്വരാ....!!!!!! തനെന്തായീ ..... കാണുന്നെ? മീനുക്കൊച്ചിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

     ആർത്ത് ചിരിച്ചും, ബഹളം വച്ചും പുറകിൽ  ബാലെ വീക്ഷിച്ചിരുന്ന അഴകി സിംഹാസനം നഷ്ടപ്പെട്ട രാജാവു കണക്കെ പായുടെ ഒരു മൂലയിൽ തന്റെ മുഷിഞ്ഞു നാറിയ തോർത്തും പുതച്ചു ചുരുണ്ടു കൂടിക്കിടന്നു സുഖമായുറങ്ങുന്നു. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി ചെവിയോർത്തു.....  ഇപ്പോൾ കറ കറ ശബ്ദത്തിനു പകരം അഴകി ഗിർ..... ഗിർ..... എന്ന ശബ്ദത്തോടെ കൂർക്കം വലിക്കുന്നു. മീനുക്കൊച്ചിനു തെല്ലാശ്വാസം തോന്നി .
മീനുക്കൊച്ച് വീണ്ടും നിരങ്ങി വല്യേച്ചിയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോഴും അഴകിയുടെ കൂർക്കം വലിയുടെ 'ഗിർ ഗിർ ' ശബ്ദം കാതുകളെ വല്ലാതെ അലോസരപ്പെടുത്തി .  അപ്പോഴും ബാലെ തുടരുന്നു. 
-------------------------------------------------///////------------------------------------------     
ഇപ്പോൾ ഉത്സവപ്പറമ്പിൽ മീനുക്കൊച്ചും, വല്യേച്ചീം, കുഞ്ഞേച്ചീം പിന്നെ അപ്പുണ്ണിയേട്ടൻ മുണ്ടും മടക്കിക്കുത്തി, തലേക്കെട്ടും കെട്ടി, ടോർച്ചും പിടിച്ചു നില്പുണ്ട്. അപ്പുണ്ണിയേട്ടൻ ഇടക്കിടെ പറയണൊണ്ട് "ഒറങ്ങിപ്പോവല്ലേ..ഇപ്പം ബാലെ തൊടങ്ങുവേ.....
മീനുക്കൊച്ച് ഉറങ്ങാതെ കണ്ണും തള്ളിച്ച് സ്റ്റേജിലേക്ക് നോക്കി ഒറ്റയിരിപ്പ്. മുന്നിൽ കൊറേ തലകളൊന്നുമില്ല ..... തങ്ങൾ മാത്രം. താനും, വല്യേച്ചീം, കുഞ്ഞേച്ചീം, അപ്പുണ്ണിയേട്ടനും.
    ചൊവന്ന കർട്ടൻ പൊങ്ങിത്തുടങ്ങി. മീനുക്കൊച്ച് അന്തം വിട്ട് കണ്ണു മിഴിച്ച് 
സ്റ്റേജിലോട്ടു നോക്കി. മീനുക്കൊച്ച് കാറിക്കരയാനായി വാപൊളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല ........ അതെ ...അവിടെ ...അവർ ..തന്നെ ... അഴകി....... ആർത്തട്ടഹസിക്കുന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി കറ കറ ശബ്ദത്തിൽ എന്തെല്ലാമോ പറയുന്നു.
വീണ്ടും സൂക്ഷിച്ചു നോക്കിയ മീനുക്കൊച്ച് ഞെട്ടിപ്പോയി!!! അഴകി തന്റെ മുഴിഞ്ഞുനാറിയ ആ തോർത്ത് ചുഴറ്റിയെറിയുന്നു.... അതു തങ്ങളെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. മീനുക്കൊച്ച് സർവശക്തിയിലും വിളിച്ചുനോക്കി 
"വല്യേച്ചീ.... ഓടിക്കോ .... "
 അപ്പുണ്ണിയേട്ടൻ ചോദിച്ചു " മീനുക്കൊച്ചേ..... നീ എന്താ... ഒറക്കത്തിൽ 
പിറുപിറുക്കണേ".
മീനുക്കൊച്ച് മെല്ലെ കണ്ണുചിമ്മി തുറന്നു. അപ്പുണ്ണിയേട്ടന്റെ പാരഗണ് ചപ്പലിന്റെ 'ടപ്പ് ടപ്പ് ' ന്നുള്ള  ശബ്ദത്തിനൊപ്പിച്ച് മീനുക്കൊച്ചും ഒരു താളത്തിൽ തുള്ളി അപ്പുണ്ണിയേട്ടന്റെ തോളിൽ...  അപ്പുണ്ണിയേട്ടന്റെ തോളിലൂടെ പുറകിലേക്ക് നീട്ടിയിട്ടിരിക്കുന്ന തന്റെ കൈകളിലേക്ക് മീനുക്കൊച്ച് സൂക്ഷിച്ചു നോക്കി. ചോവപ്പും, വെള്ളയും കുപ്പിവളകളും, ചോന്ന കാപ്പും എല്ലാം കൈയ്യിൻ മേലുണ്ട്. മീനുക്കൊച്ച് ചിണുങ്ങാൻ തുടങ്ങി.
"വല്യേച്ചീ എന്റെ ചോന്ന മുത്തുമാലയും, ചോന്ന റിബ്ബണും "
വല്യേച്ചി ദേഷ്യപ്പെട്ടു  " പാവം അപ്പുണ്ണിയേട്ടനെക്കൊണ്ടു ചുമ്മിക്കാനല്ലേ നീ ഞങ്ങളുടെ പിറകെ വന്നെ..... അവളെ താഴെ നിർത്തൂ അപ്പുണ്ണിയേട്ടാ.. ഇനി നടക്കട്ടെ ". 

     അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ ഒന്നൂടെ അടുക്കി തോളിലേക്ക് കിടത്തി നടത്തത്തിന് വേഗം കൂട്ടുന്നതിനിടയിൽ പറഞ്ഞു " നല്ല കാര്യായി, ഇവളെ നടത്തിക്കൊണ്ടു പോയാൽ നേരം  വെളുത്താലും  അങ്ങു ചെന്നു പറ്റില്ല ".

കുഞ്ഞേച്ചി അപ്പുണ്ണിയേട്ടനോട് പറഞ്ഞു " അടുത്ത ഉത്സവത്തിന് ഇവളെ കൊണ്ടുപോവരുത് അപ്പുണ്ണിയേട്ടാ ചുമ്മാ ഒറങ്ങാൻ ".
അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഒറപ്പ്, അടുത്ത ഉത്സവത്തിന് ഇവളെ കൂട്ടണ്ട ".
കുഞ്ഞേച്ചി ചോയിച്ചു " ഇവൾ കാറിക്കരഞ്ഞാൽ എന്തു ചെയ്യും??
" ഒരു വഴിയുണ്ട് " അപ്പുണ്ണിയേട്ടൻ
" അതെന്താ??" കുഞ്ഞേച്ചി ചോയിച്ചു
" ഇവളു കാറിക്കരഞ്ഞാൽ കാന്താരി രണ്ടു പറിച്ച് ഉടച്ചിവളുടെ  വായിൽ തേച്ചു കൊടുക്കണം".
ഹഹ...... ഹഹ .......ഹഹഹ .........
കുഞ്ഞേച്ചീം ,വല്യേച്ചീം , അപ്പുണ്ണിയേട്ടനും കൂടി ചിരിക്കാൻ തുടങ്ങി. മീനുക്കൊച്ച് അതു കേട്ടിട്ടും കാറിക്കരയാനെ പോയില്ല. അതൊക്കെ അപ്പുണ്ണിയേട്ടൻ ചുമ്മാ പറേണതാന്നറിയാം, അടുത്ത ഉത്സവത്തിന് അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ കൊണ്ടുപോവുമെന്നും അറിയാം. 

അപ്പുണ്ണിയേട്ടന്റെ കഴുത്തിൽ മുറുക്കിച്ചുറ്റിപ്പിടിച്ചിരിക്കുംപോഴും മീനുക്കൊച്ചിന്റെ ചിന്ത മുഴുവൻ മറ്റൊരു വഴിക്കായിരുന്നു. 
" അപ്പുണ്ണിയേട്ടൻ ഒന്നൂടെ വേഗം നടന്നിരുന്നെങ്കിൽ... ചെന്നാലുടനെ ഓടിച്ചെന്ന് അമ്മോടു പറേണം . മീനുക്കൊച്ച് ശപഥം ചെയ്തു ' ഇനി അഴകി അമ്മാ...... ന്നു വിളിച്ച് വീട്ടില് വരുമ്പം അമ്മ ചിരിക്കണ്ടാ ന്നു പറേണം, ലോഹ്യോം  ചോയിക്കണ്ട, ദാഹിക്കുന്നൂ ന്ന് പറഞ്ഞാൽ കഞ്ഞിവെള്ളം കൊടുക്കണ്ട, അരക്കാൻ തേങ്ങാ ചോയിച്ചാലും കൊടുക്കണ്ടാ, മുറ്റത്ത് കളിച്ചു നടക്കണ മീനുക്കൊച്ചിനെ കണ്ടാൽ അമ്മേടെ മുന്നേ വച്ച് ' മുത്തേ എന്താ കളിക്കണേ ന്ന് ചോയിച്ചു അഴകി താടിക്ക് പിടിക്കാൻ വന്നാൽ കൈ തട്ടി മാറ്റി ഓടണം.. അഴകിക്കൊരു സ്നേഹോമില്ല അമ്മോട്, ഒണ്ടാരുന്നെൽ അഴകി മീനുക്കൊച്ചിന്റെ തലക്കിട്ടു ആ മുഴിഞ്ഞു നാറിയ തോർത്തിട്ടടിക്കുമോ ??
ഹോ....... ഓർക്കുമ്പോൾ മീനുക്കൊച്ചിനു തേട്ടി വന്നു. 

***********************************************************************************