Sunday 22 November 2015

വിശപ്പ്



ഇന്നത്തെ " മലയാളം ന്യൂസി"ൽ  എന്റെ ഒരു ചെറിയ കഥ പബ്ലിഷ് ചെയ്തു വന്നതാണ്. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കു വായിക്കുവാനായി  അത് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.  


വിശപ്പ് 
ഇന്റർവെൽ ബെല്ലടിച്ചപ്പോൾ കലപില ശബ്ദം കൂട്ടി കുട്ടികൾ പുറത്തേക്ക് ചിതറിയോടി. കുറേപ്പേർ പള്ളിക്കിണറ്റുകരയിലേക്ക്  വേഗത്തിൽ പാഞ്ഞു . അവിടെ നാലാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റുകിടക്കുന്ന  സീനിയർ അമ്മിണിക്കുട്ടി വെള്ളം കോരി കുട്ടികൾ എല്ലാം കൂട്ടം കൂടി തിക്കിത്തിരക്കുമ്പോൾ  അമ്മിണിക്കുട്ടി സാറാമ്മ ടീച്ചർ കണക്കു പട്ടിക തെറ്റിക്കുമ്പോൾ ഒച്ച വെക്കുന്ന അതെ ഗർവിൽ ഒച്ചവെച്ചു. " ഓരോരുത്തരായി വന്നാൽ മതി എല്ലാർക്കും തരാം".  ഓരോരുത്തരും കുനിഞ്ഞ് കൈക്കുമ്പിൾ നീട്ടി അമ്മിണിക്കുട്ടിക്ക്  മുന്നിൽ അനുസരണയോടെ നിൽക്കുമ്പോൾ അമ്മിണിക്കുട്ടി മൂടു കിഴിഞ്ഞ് അനേകം സുഷിരങ്ങളാൽ  പുറകിലേക്ക് പൂത്തിരിപോലെ  വെള്ളം ചിതറിത്തെറിക്കുന്ന ആ തൊട്ടി മെല്ലെ ചായ്ച്ചു കൊടുത്തു. കുട്ടികൾ ഓരോരുത്തരായി ആർത്തിയോടെ ആ തണുത്ത വെള്ളം ' മട മടാ' ന്നു കുടിച്ചു.  വേറെ കുറേപ്പേർ പള്ളിക്കൂടത്തിന്റെ പിറകുവശത്തെ മൂത്രപ്പുരയിലേക്ക് ഓടി. ചിലർ അങ്ങോട്ട്, ചിലർ ഇങ്ങോട്ട് ആകെ ബഹളം. മീനുക്കൊച്ചും കൂട്ടരും സ്കൂളിന്റെ തെക്കേ വശത്തുള്ള ചെമ്പകമരച്ചുവട്ടിലേക്കാണ് പാഞ്ഞത്.  മീനുക്കൊച്ച് ചെമ്പകമരത്തിൽ മുഖം പൊത്തി അമ്പതുവരെ എണ്ണിത്തീർത്ത് ഒളിച്ചിരുന്ന രണ്ടുപേരെ കണ്ടുപിടിച്ച് സാറ്റു വച്ചപ്പോഴേക്കും ബെൽ മുഴങ്ങി. നിരാശയോടെ തിരിച്ചു ക്ലാസ്സ് മുറിയിലേക്കുള്ള ഓട്ടത്തിനിടയിൽ സുനിക്കുട്ടി പറഞ്ഞു " നമുക്ക് ഉച്ചക്ക് വേഗം ഉണ്ടിട്ടു ബാക്കി കളിക്കാം". 
 ഓടിയണച്ച് ക്ലാസ്സ് മുറിയിൽ കയറിച്ചെല്ലുമ്പോൾ വലത്തേ അറ്റത്തെ ജനാലക്കരികിൽ കുട്ടികൾ കൂട്ടം കൂടിനിന്ന് ഒച്ചവക്കുന്നു. നടുക്ക് അവൾ ആ കറുത്ത കുട്ടി മുഖം കുനിച്ച് മഹാഅപരാധിയെപ്പോലെ  നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ ഒരുവൾ പറഞ്ഞു " ഇവൾ ഇവിടെയിരുന്ന ചോറ്റുപാത്രം തുറന്നു ചോറുവാരിത്തിന്നു". അവിടെ ജനാലപ്പടിയിൽ കുട്ടികളുടെ ചോറ്റുപാത്രങ്ങൾ നിരത്തിവച്ചിട്ടുണ്ടായിരുന്നു. ' നീലക്കളറിലെ ചോറ്റുപാത്രം, അലുമിനിയത്തിന്റെ ചോറ്റുപാത്രം, സ്റ്റീലിന്റെ തൂക്കുപാത്രം ' ഇതിനെല്ലാം നടുവിലായി മീനുക്കൊച്ചിന്റെ സ്റ്റീലിന്റെ ചെറിയ വട്ടപ്പാത്രവും, അതിനു മുകളിൽ നീലക്കളറുള്ള  കുഞ്ഞുജാറിൽ  അമ്മ കുടിക്കാൻ കൊടുത്തയച്ച വെള്ളവും വെള്ളത്തിന്റെ ജാർ മാറ്റി വെച്ച് സ്റ്റീൽ പാത്രം തുറന്ന പടുതി ഇരിപ്പുണ്ടായിരുന്നു.  കുട്ടികളിൽ ആരോ പറഞ്ഞു " മീനുക്കുട്ടീടെ പാത്രത്തിലാ ഇവൾ കയ്യിട്ടേ". മീനുക്കൊച്ചിനു സങ്കടവും വന്നു അവൾ കരയാനും തുടങ്ങി. 
സാറാമ്മ ടീച്ചർ എഞ്ചുവടിപ്പുസ്തകവും, ചൂരൽവടിയുമായി ക്ലാസ്സിലേക്ക് കയറി വരുമ്പോൾ കുട്ടികളുടെ 'കലപില' കേട്ട് മേശപ്പുറത്ത് ചൂരൽവടിയിട്ട് അടിച്ചു ശബ്ദമുണ്ടാക്കി. കുട്ടികൾ ഉച്ചത്തിൽ  മത്സരിച്ചു പറഞ്ഞു " ടീച്ചർ... ഈ കുട്ടി ചോറു കട്ടു തിന്നു..". 
" ആര്? " ടീച്ചർ ചോദിച്ചു. 
കുട്ടികൾ എല്ലാവരും ചേർന്ന് ഒരു കൊടുംകുറ്റവാളിയെയെന്നപോലെ അവൾക്കു നേരെ കൈ ചൂണ്ടി. 
ടീച്ചർ വീണ്ടും ചോദിച്ചു " ആരുടെ ചോറാ?"
കുട്ടികൾ അതിനും മത്സരിച്ചു മറുപടി പറഞ്ഞു " മീനുക്കുട്ടിയുടെ"
മീനുക്കൊച്ച് ഏങ്ങലടിച്ചു കരയുകയായിരുന്നു. 
ടീച്ചർ ആശ്വസിപ്പിച്ചു " പോട്ടെ സാരമില്ല കരയാതെ" എന്നു പറഞ്ഞ് ചോറ്റുപാത്രം പരിശോധിച്ചു  എന്നിട്ട് മീനുക്കൊച്ചിന്റെ തോളിൽത്തട്ടി പറഞ്ഞു 
" അവൾ ചോറെടുത്തില്ല കുട്ടീ...... അപ്പോഴേക്കും മറ്റു കുട്ടികൾ കണ്ടുപിടിച്ചില്ലേ.... നീ കരയണ്ട ....." അതു കേട്ടിട്ടും മീനുക്കൊച്ച്  കരഞ്ഞു. 
ടീച്ചർ ആ കുട്ടിയുടെ അടുത്ത് ചെന്നു. അവൾ ഭയം മൂലം വിറക്കുന്നുണ്ടായിരുന്നു. " നിനക്കു കഴിക്കാൻ ഉച്ചക്കിവിടെ ഉപ്പുമാവുണ്ടല്ലോ. നീ അതല്ലേ എന്നും ഉച്ചക്ക് കഴിക്കുന്നത് പിന്നെന്തിനാ ആ കുട്ടീടെ ചോറെടുത്തെ?"  അവളപ്പോഴും മിണ്ടാതെ തലകുനിച്ചു നിന്നു. ടീച്ചർ താക്കീതു കൊടുത്തു 
" ഇനിയിതാവർത്തിക്കരുത് .... പറഞ്ഞതു മനസ്സിലായോ..."അവൾ തലയാട്ടി. ടീച്ചർ മറ്റുകുട്ടികളോടായി പറഞ്ഞു " ഇനിയാരും ഇതെപ്പറ്റി പറയണ്ട കേട്ടല്ലോ ". ക്ലാസ്സ് മുറി നിശബ്ദമായി . ടീച്ചർ രണ്ടിന്റെ കണക്കുപട്ടിക പഠിപ്പിക്കാൻ തുടങ്ങി. 

ഉച്ചമണി അടിച്ചു. കുട്ടികൾ ബഹളം വെച്ച് വെളിയിലേക്ക് പാഞ്ഞു. മീനുക്കൊച്ചും കൂട്ടരും കിണറ്റുകരയിൽ പാഞ്ഞെത്തി. സീനിയർ അമ്മിണിക്കുട്ടി ഒച്ചവച്ചുകൊണ്ട് ഓടി വന്നു " മാറ്.... മാറ്... എല്ലാരും മാറിക്കെ....."  കുട്ടികൾ  ഭവ്യതയോടെ  മാറി നിന്നു.
അമ്മിണിക്കുട്ടി കിണറ്റിൻ കരയിലിട്ടിരിക്കുന്ന ചെറിയ കല്ലിൽ കയറിനിന്ന് തൊട്ടി കിണറ്റിലേക്ക്  സ്പീഡിലിറക്കി . പിന്നെ ഗമയിൽ കയറിൽ ഒന്നു രണ്ടു തവണ മേലോട്ടും, താഴോട്ടും വലിച്ച് തൊട്ടി മുങ്ങിയെന്നുറപ്പു  വരുത്തി ആഞ്ഞാഞ്ഞു വലിച്ച് തൊട്ടി കരയിലേക്കെടുക്കുംപോൾ  കുട്ടികൾ തിക്കിത്തിരക്കി ബഹളം വച്ചു. അമ്മിണിക്കുട്ടി  തൊട്ടിയിലെ വെള്ളം ഒഴിച്ചു കൊടുത്തു. മീനുക്കൊച്ചും, കൂട്ടരും തിക്കിയിടിച്ച് കൈ നീട്ടി...... കൈ നനഞ്ഞോ...... ഇല്ലയോ...... ഓടടാ......ഓട്ടം... ക്ലാസ്സിലേക്ക്.  ഓടിച്ചെന്നു ചോറ്റുപാത്രം എടുക്കുമ്പോൾ  സുനിക്കുട്ടിയും, മറ്റു കുട്ടികളും ഓർമ്മപ്പെടുത്തി " കുട്ടീടെ ചോറിൽ ആ കുട്ടി കയ്യിട്ടതല്ലേ? "  മീനുക്കൊച്ച് സാവകാശം പാത്രം തുറന്നു അമ്മ തന്നു വിട്ട മുട്ട വറുത്തതും, പയറുതോരനും, ചമ്മന്തിയും ചോറിനു മുകളിൽ.  മുട്ട വറുത്തതിന്റെ ഒരു സൈഡ് അള്ളിപ്പറിച്ചെടുത്ത  പോലെ. മീനുക്കൊച്ചിനു അതുകണ്ടപ്പോൾ സങ്കടം വന്നു. സുനിക്കുട്ടി വീണ്ടും ചോദിച്ചു " ആ കുട്ടി കയ്യിട്ടു വാരിയ ചോറു മീനുക്കുട്ടി തിന്ന്വോ? അയ്യേ...... "  അവൾ മുഖം കോട്ടിപ്പിടിച്ചു. 
മീനുക്കൊച്ചിനു സങ്കടമായി. അവൾ നീല ജാറിലെ വെള്ളം കുടിച്ചു.  മീനുക്കൊച്ച് ചോറിൽ കയ്യിട്ടു കുഴച്ചു കുഴച്ചിരുന്നു. അവൾ കഴിച്ചില്ല. സ്കൂൾ പറമ്പിന്റെ അങ്ങേ തൊടിയിലേക്ക്  ചോറുകൊട്ടിക്കളഞ്ഞ് മീനുക്കൊച്ചും മറ്റുള്ളവർക്കൊപ്പം പാത്രം കഴുകാനായി ഓടുമ്പോഴും അവൾക്കു വിശന്നു. പാത്രംകഴുകിവച്ച് ചെമ്പകച്ചുവട്ടിൽ സാറ്റ് തിമിർത്തു കളിക്കുമ്പോഴും മീനുക്കൊച്ചിനു വല്ലാണ്ട് വിശന്നു. തന്റെ പാത്രത്തിൽ കയ്യിട്ട ആ കുട്ട്യോട് അവൾക്കു ദേഷ്യം തോന്നി. 
ഉച്ച ഇന്റെർവെൽ കഴിഞ്ഞു ബെൽ മുഴങ്ങി. മീനുക്കൊച്ചും കൂട്ടരും ക്ലാസ്സിലേക്ക് പാഞ്ഞു. ക്ലാസ്സിൽ 'കല പില ' ശബ്ദം. മീനുക്കൊച്ചിനപ്പോഴും വിശക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ ആരോ പറഞ്ഞു " അയ്യേ.....ചോറുകള്ളീ..... ചോറു കട്ടു തിന്നേ...." . അപമാനഭാരത്താൽ തല താഴ്ത്തി നടന്നു ബെഞ്ചിന്റെ ലാസ്റ്റ് ഭാഗത്തു പോയിരുന്ന ആ കുട്ടിയെ മീനുക്കൊച്ച് ഇങ്ങേയറ്റത്തിരുന്നു  എത്തിനോക്കി. അവളപ്പോഴും കുനിഞ്ഞിരിക്കയായിരുന്നു. കളിക്കാൻ വിളിച്ചാൽ വരാൻ കൂട്ടാക്കാത്ത, ആരോടും കൂട്ടു കൂടാത്ത, നിറം മങ്ങിയ നീല ഉടുപ്പിട്ടിരിക്കുന്ന അവളെ നോക്കുമ്പോൾ മീനുക്കൊച്ചിന് അവളോട് സങ്കടം തോന്നി. 
 ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി. ഇന്റെർവെൽ ആയപ്പോഴേക്കും മീനുക്കൊച്ചിനു കലശലായ വിശപ്പായി എങ്കിലും ആശ്വസിച്ചു ' ഇപ്പൊ നാലുമണി ബെല്ലടിക്കുമല്ലോ'. ഇന്റെർവെൽ കഴിഞ്ഞു ടീച്ചർ വന്ന് ചില കടംകഥകളും, കഥകളും പറഞ്ഞ് നേരം പോക്കി. ലാസ്റ്റ് ബെൽ അടിച്ചു. കുട്ടികൾ വീണ്ടും 
' കലപില'  മുഴക്കി വെളിയിലേക്ക്. മീനുക്കൊച്ച് ബാഗുമെടുത്ത് പുറത്തേക്കു പായാൻ ഒരുങ്ങുമ്പോൾ ആരോ കുട്ടികൾ " ചോറുകള്ളീ ......"  ആ കുട്ടിയെ...... വീണ്ടും.... കണ്ടു നിന്ന ചില കുട്ടികൾ ഉറക്കെ ചിരിച്ചു. മീനുക്കൊച്ച് തിരിഞ്ഞാ കുട്ടിയെ നോക്കി. അവൾ തന്റെ സ്ലേറ്റും, പുസ്തകവും മാറോടടുക്കി വച്ചു കുനിഞ്ഞു നടന്നു വന്നു. കുട്ടികൾ വെളിയിലേക്ക് ഓടിപ്പോയി. മീനുക്കൊച്ച് അവളുടെ അടുത്തെത്തി അവളോടു പറഞ്ഞു " എനിക്ക് കുട്ടിയോടു പിണക്കമില്ലാട്ടൊ ".  അവൾ മുഖമുയർത്തി ആ കണ്ണുകളിൽ നന്ദിയുടെയോ, സ്നേഹത്തിന്റെയോ ഒരു പ്രകാശം ചൊരിയുന്നപോലെ. മീനുക്കൊച്ച് മുഖത്തു നോക്കി ചിരിച്ചു എന്നിട്ടവളോട് ചോദിച്ചു " കുട്ടിക്ക് ഉപ്പുമാവിഷ്ടമല്ലേ?" അവൾ ഒന്നും മിണ്ടാതെ നിന്നു. മീനുക്കൊച്ച് വീണ്ടും ചോദിച്ചു " കുട്ടീടമ്മ എന്താ ചോറ്റുപാത്രത്തിൽ ചോറു തന്നു വിടാത്തെ?". അവളുടെ മുഖം പെട്ടെന്നു മ്ലാനമായി. 
" നീ വേഗം വന്നില്ലേൽ ഞാൻ പോവും"  മീനുക്കൊച്ച് തിരിഞ്ഞുനോക്കുംപോഴേക്കും സ്കൂൾവരാന്തയുടെ അങ്ങേഅറ്റത്തുനിന്ന് മുറ്റത്തേക്ക് ചാടി ഏട്ടൻ ഓട്ടം തുടങ്ങിയിരുന്നു. മീനുക്കൊച്ചു ബാഗുമായി ഓടിയണച്ച് അവർക്കൊപ്പം എത്താൻ ശ്രമിക്കുമ്പോഴും " ആ കുട്ടീടമ്മ എന്താവും അവൾക്കു ചോറുകൊടുത്തയക്കാത്തെ?" എന്ന ചിന്തയായിരുന്നു  മനസ്സിൽ.  സ്കൂളിനോട് ചേർന്ന ആ ഓലഷെഡിൽ നിന്നും ഉപ്പുമാവുചേടത്തി  തയ്യാറാക്കുന്ന ഉപ്പുമാവിന്റെ മണം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുമ്പോൾ കൊതിതോന്നിയിട്ടുണ്ട് . എന്താവും അതിന്റെ രുചി?  അത് മീനുക്കൊച്ചിനറിയില്ലല്ലോ! എന്തായാലും ആ മണം ഓർത്തപ്പോൾ മീനുക്കൊച്ചിനു കൊതി വന്നു. വിശപ്പ് മൂലം തളർന്നിരുന്ന മീനുക്കൊച്ചിന് എത്ര ഓടിയിട്ടും മുന്നേ മുന്നേ കൂട്ടുകാർക്കൊപ്പം ഓടിപ്പോവുന്ന എട്ടനൊപ്പം എത്താൻ കഴിയാതെ പിറകീന്നു നീട്ടി വിളിച്ചു " ഏട്ടാ............... നിൽക്കൂ......... ഇല്ലെങ്കിൽ ഞാനച്ചനോടു പറയുവേ..."      ഏട്ടൻ ബ്രേക്കിട്ടപോലെ നിന്നു ഏട്ടന്റെ കൂട്ടരും തിരിഞ്ഞുനിന്നു. മീനുക്കൊച്ച് ഓടി അവർക്കൊപ്പം എത്തുമ്പോൾ അവർ വീണ്ടും ഓടാൻ തുടങ്ങിയിരുന്നു. മീനുക്കൊച്ചും അവർക്കുപുറകെ അണച്ചോടുമ്പോൾ ഏട്ടൻ കൂട്ടുകാരോടായി പറയുന്ന കേൾക്കാമായിരുന്നു " എനിക്കൊരനിയനെ മതിയായിരുന്നു കളിക്കാൻ ....ഇവളെ എനിക്കിഷ്ടമല്ല.... ഇവൾക്കു മോങ്ങാൻ മാത്രേ അറിയൂ.... കളിക്കാനറിയില്ല....."
മീനുക്കൊച്ചിന്റെ മനസ്സിൽ അപ്പോൾ ഉപ്പുമാവുചേടത്തി തയ്യാറാക്കുന്ന ആ 'ഉപ്പുമാവിന്റെ വായുവിലൂടെ വരുന്ന ഗന്ധം .......ഒരിക്കലെങ്കിലും അതിന്റെ സ്വാദുരുചിച്ചറിയാനുള്ള  ആഗ്രഹം ....'  അത്രക്കും അവൾക്കു വിശപ്പ് കഠിനമായിക്കഴിഞ്ഞിരുന്നു. 
*************************************////////////////////////*********************************************

Thursday 19 November 2015

ഓർമ്മയിൽ 'നവംബർ 20' പിന്നെ എന്റെ കുപ്പായവും

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
'നവംബർ 20 ' എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രത്യേകതയാണ്. എന്റെ ജീവിതത്തെപ്പോലും മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടത്..... ഞാനറിയാതെ തന്നെ ഞാനൊരിക്കൽ പോലും കണ്ടിട്ടോ, അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന് എന്നെ അവരുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി..... എഴുത്തിൽ പ്രോത്സാഹനം നൽകി.  ഞാനെഴുതിയതൊക്കെയും  ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു.
 വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ  മാത്രം ഒതുക്കിത്തീർത്തു. കാരണം മറ്റൊന്നുമായിരുന്നില്ല ഒരു നോവൽ വായിച്ചു തീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. എങ്കിലും ചില കുറിപ്പുകൾ, ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചു തീർക്കുമായിരുന്നു. ചില നേരങ്ങളിൽ  മനസ്സിൽ തോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു. അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെ മാത്രം സ്വകാര്യമായി സൂക്ഷിച്ചു വച്ചു. പിന്നീടവ എവിടെ വച്ചൊക്കെയോ നഷ്ടപ്പെട്ടു. 
പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും, വായനയും അറിയാൻ കഴിഞ്ഞത്. ഒരുപാട് പുസ്തകശേഖരങ്ങളുടെ ഉടമയായിരുന്നു  എന്റെ ഭർത്താവ് ഓമനക്കുട്ടൻ. പലതും വായിക്കാനായി എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ സംസാരത്തിലോ, പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിൽ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നല്കി. പക്ഷെ എങ്ങനെ, എപ്പോൾ, ഏതു വഴി ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു. എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും, സമാധാനവുമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ  ഞാനെന്തൊക്കെയോ കുറെ പേപ്പറുകളിലും, ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു. അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽ ബാബുവിന് ''മലയാളം ന്യൂസിൽ ' അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചയച്ചു കൊടുത്തു. അത് വായിച്ച ഫൈസൽ ബ്ലോഗിൽ ഹരിശ്രീ കുറിക്കാൻ ഉള്ള എല്ലാ പ്രോത്സാഹനവും നല്കി നിങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തി. എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നല്കിയ നിങ്ങൾ...... ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളെയൊക്കെ പേര് വിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ, കഥകൾ, കവിതകൾ ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ...... പിന്നെയും പുതുതായി കുറെ സുഹൃത്തുക്കൾ കൂടി........ എന്റെ എല്ലാ ബ്ലോഗ്ഗർ സുഹൃത്തുക്കൾക്കും വായിക്കാനായി ഞാനൊരു കഥ പോസ്റ്റ്  ചെയ്യുന്നു.
                .. ...... ...... ...... ...... ...... ...... ...... ...... ...... ...... ...... 
  
                                                 എന്റെ കുപ്പായം 
                                                  ****************
ഞാനെത്തിപ്പെട്ടത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്തായിരുന്നു.  എല്ല്ലാവരും അപരിചിതർ...... അവിടെയുള്ള കാഴ്ചകളും വ്യത്യസ്തമായിരുന്നു. ആ ലോകത്ത് ആ അപരിചിതർക്കിടയിൽ ഞാനും..... എനിക്ക് ചുറ്റുമുള്ളവർ ഒരേ തരത്തിൽ... ഒരേ നിറത്തിൽ നല്ല ഭംഗിയുള്ള കുപ്പായം ധരിച്ചിട്ടുണ്ടായിരുന്നു തന്നെയുമല്ല എന്നെയും അതേ കുപ്പായം അവർ അണിയിപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കുപ്പായത്തിലേക്ക് നോക്കുമ്പോഴോക്കെയും അത്ഭുതവും, ആഹ്ലാദവും കൊണ്ട്  മനസ്സ് നിറഞ്ഞു. കാരണം അവർ അണിയിച്ചു തന്ന ആ കുപ്പായം എനിക്ക് ശരിക്കും പാകമായതായിരുന്നു. എവിടെ തുന്നിച്ചാലും, വാങ്ങിയാലും ഒരിക്കലും പാകമാകാത്ത എന്റെ കുപ്പായങ്ങൾ ഞാൻ എത്ര വെട്ടിക്കുറച്ചും, വീണ്ടും തുന്നിയുമാണ് എനിക്ക് പാകമാക്കിയെടുക്കുന്നത്.  ഞാനെന്റെ കുപ്പായത്തിന്റെ ഭംഗി ആസ്വദിച്ചിരിക്കെ പെട്ടെന്നാണത്  സംഭവിച്ചത്. ഞാൻ നോക്കുമ്പോളേക്കും അവരെല്ലാവരും എഴുന്നേറ്റ്  ഒരാളെ വണങ്ങുന്നു. ആരോ പ്രധാനപ്പെട്ട ആളാണെന്നു തോന്നി. ഞാനും അവർക്കൊപ്പം എഴുന്നേൽക്കാൻ ശ്രമിച്ചു.  ദൈവമേ.....!! കഴിയുന്നില്ലല്ലോ? മുന്നിൽ കുറെ ഇരിപ്പിടങ്ങൾ എനിക്കു തടസ്സമാവുന്നു.  എന്നിട്ടും ഞാനും ബദ്ധപ്പെട്ട് എഴുന്നേറ്റ് അവർക്കൊപ്പം ചെന്ന് അദ്ദേഹത്തെ വണങ്ങി. വീണ്ടും ഞാനെന്റെ കുപ്പായത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഈശ്വരാ..!! ഇത്ര ഭംഗിയേറിയ കുപ്പായം... ഇതെങ്ങനെ എനിക്കു പാകമായി.... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.  അതാ.... അവരെല്ലാവരും മുട്ടിൽ കുത്തി നിൽക്കുന്നു. ഞാൻ വിചാരിച്ചു ' എനിക്കു മുട്ടിൽ കുത്തി നിന്ന് ശീലമില്ലല്ലോ'. ഈയിടെയായി കാലിനൊക്കെ ഒരു വേദനയും, പിടുത്തവും. അവരിരിക്കുന്നപോലെ എനിക്കും സാധിക്കുമോ എന്നു സംശയിച്ചു കൊണ്ട് മെല്ലെ ഇരുന്നു. കുഴപ്പമില്ലല്ലോ..... കാലിന്റെ വേദന അറിയുന്നേയില്ലല്ലോ..... 

ഇടവേളകളിൽ ഒക്കെയും ഞാൻ എന്റെ കുപ്പായത്തിന്റെ  ഭംഗിയും ആസ്വദിച്ചിരുന്നു. ഇടക്ക് ഞാൻ വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവരെല്ലാവരും ചുണ്ടുകൾ അനക്കി ഒരു പ്രത്യേക ഈണത്തിൽ എന്തോ പറയുന്നു. ഇതെന്താണ്....?  ഞാൻ വളരെ ശ്രദ്ധയോടെ നോക്കി.... അവർ പ്രാർത്ഥനയിലാണെന്നു  തോന്നി പക്ഷെ അവർ പറയുന്നതെന്തെന്നു എനിക്ക് മനസ്സിലാവുന്നതെയില്ല. ഞാനാദ്യമൊന്നു വിഷമിച്ചെങ്കിലും പിന്നെ കണ്ണുകൾ അടച്ച് അവർക്കൊപ്പം ഇരുന്നു. അപ്പോഴും എന്റെ മനസ്സിലെ വിചാരം ഈ അപരിചിതലോകത്തെപ്പറ്റിയായിരുന്നു.  ഒറ്റക്കൊരു ദൂരയാത്രക്കോ, അപരിചിതമായ സ്ഥലത്തോ പോകണമെങ്കിൽ അമിതമായ മാനസിക സംഘർഷം അനുഭവിക്കുന്ന ഞാൻ എങ്ങനെ ഇത്ര മനോധൈര്യത്തോടെ ഇവരുടെ കൂടെ..... ഒരു സംഭ്രമവും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ പറ്റുന്നത് എന്ന് ഓർത്തപ്പോൾ മനസ്സിൽ  അത്ഭുതം തോന്നി.  പ്രാർത്ഥനക്ക്  ശേഷം എല്ലാവരും മറ്റേതോ ദിശയിലേക്ക് ഒഴുകുമ്പോൾ ഞാനും അവർക്കൊപ്പം....  ചെന്നു നിന്നത് അടച്ചിട്ട ഒരു കൂറ്റൻ വാതായനത്തിനു മുൻപിൽ....... അത് മെല്ലെ തുറക്കപ്പെട്ടപ്പോൾ എല്ലാവരും അതിനുള്ളിലേക്ക് നടക്കുകയാണോ..... ഒഴുകുകയാണോ.... അവിടെയും കുറേ ആൾക്കാർ.... ഇവരൊക്കെ ആരാവുംന്ന ചോദ്യം എന്റെ മനസ്സിൽ? അവിടെയെത്തിയപ്പോഴും ഞാൻ ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു കുറച്ചു ദൂരെ കുറേ കുഞ്ഞുങ്ങൾ അവരുടെ കൂടെ എന്റെ കുഞ്ഞും.....  പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.... ഓടി അവന്റെയടുത്തേക്ക്..... ഓടുമ്പോൾ ഞാനെന്റെ കുപ്പായം സ്വല്പം ഉയർത്തിപ്പിടിച്ചിരുന്നു തട്ടി വീഴാതിരിക്കാൻ പിന്നെ ഉടയാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിച്ചുകൊണ്ട് ഓടി ഞാനവന്റെ അടുത്തു ചെല്ലുമ്പോൾ അവനെന്നോട് സങ്കടപ്പെട്ടു " എല്ലാം എടുത്തിട്ട് വരാൻ അവൻ മറന്നു പോയി അവനു പേന വേണം ..... പെൻസിൽ, പേപ്പർ  അങ്ങനെ എന്തൊക്കെയോ ലിസ്റ്റ് അവനെന്റെ മുന്നിൽ നിരത്തി സങ്കടപ്പെട്ടു. അല്ലെങ്കിലും എന്തിനും  മുഹൂർത്തസമയത്ത് അവൻ ഇതുപോലെ എന്നെ വട്ടംചുറ്റിക്കുക പതിവാണല്ലോ എന്ന് ഞാനോർത്തു. ഞാനെന്റെ കയ്യിലുണ്ടായിരുന്ന പേനയോ, പേപ്പറോ എന്തെല്ലാമോ അവന് എടുത്തു കൊടുക്കുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെയെല്ലാം കൈകൾ എന്റെ നേരെ നീണ്ടു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. കയ്യിലുള്ളതൊക്കെ പെറുക്കി  നീട്ടിയ കൈകളിൽ വച്ചു കൊടുത്തു. പെട്ടെന്നൊരു നിശബ്ദത. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ അവർ എന്നെ മാടി വിളിക്കയായിരുന്നു....  ഞാൻ ധൃതി പിടിച്ച് അവിടെ നിന്നിറങ്ങാൻ ശ്രമിച്ചു എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ കുപ്പായം എവിടെയോ ഉടക്കി മുൻപോട്ടു നീങ്ങാൻ കഴിയാതെ ഞാൻ വിഷമിക്കുമ്പോൾ ഒരാൾ കത്രികയുമായി വന്ന് എന്തോ ഒന്നിൽ ഉടക്കി നിന്ന കുപ്പായത്തെ വിടുവിക്കുവാൻ ഒരു ശ്രമം നടത്തി. അയാൾ എത്ര ശ്രമിച്ചിട്ടും കുപ്പായം വിടുവിക്കാൻ സാധിക്കുന്നില്ല.  അയാൾ ശ്രമം തുടരുമ്പോൾ " എന്റെ ആവശ്യം " എന്റെ കുപ്പായത്തിനു കേടുപാടുകൾ വരുത്തരുതേ" എന്നായിരുന്നു.  ഒടുവിൽ അയാൾ കുപ്പായത്തിൽ ഒട്ടിപ്പിടിച്ച ആ സാധനത്തോടെ കട്ട് ചെയ്തു തന്നു. ഞാനോടി അവരുടെ അടുത്തേക്ക്. ഓട്ടത്തിനിടയിൽ ഞാനെന്റെ കുപ്പായത്തിൽ നോക്കി. ടേപ്പ് പോലെ ഒരു തുണി കുപ്പായത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലും ഞാൻ സമാധാനിച്ചു ' കുപ്പായത്തിനൊന്നും പറ്റിയില്ലല്ലോ' . 
ഞാനോടിയെത്തുമ്പോൾ ആദ്യം കണ്ടു വണങ്ങിയ അതേ ആൾ....... ഞാനൊന്നു ശങ്കിച്ചു ' എന്നെ ശകാരിക്കുമോ?' അദ്ദേഹം പക്ഷെ കൈകൾ കൊണ്ടാംഗ്യം കാണിച്ചു " കയറിച്ചെല്ലാൻ " . ഞാനോടിക്കയറി എവിടെയോ ഒരു സ്ഥലം കിട്ടി അവിടെയിരുന്നു ഞാൻ ചുറ്റും നോക്കി. ആദ്യം കണ്ടവരും, പിന്നെ വേറെ ആരെല്ലാമോ നിറയെ ആളുകൾ ഉണ്ട്. ചിലർ പരിചയഭാവത്തിൽ ചിരിച്ചു. അവരുടെയെല്ലാം കുപ്പായങ്ങൾ തിളങ്ങുന്നുണ്ട്. വീണ്ടും ഞാനെന്റെ കുപ്പായത്തിൽ ശ്രദ്ധിച്ചിരുന്നു.  എന്റെ കുപ്പായവും മിനുമിനുത്തതായിരുന്നു, കൈയ്യിൽ മാലാഖയുടേത്  മാതിരി ചിറകുകളുണ്ട്. പാദം വരെ നീണ്ടു കിടക്കുന്ന കുപ്പായത്തിന്റെ വിശറിപോലെയുള്ള  കൈകളും അതു തുന്നിയിരിക്കുന്നതിന്റെ ഭംഗിയും ഒക്കെ ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്തൊക്കെയോ ശബ്ദം കേട്ടു. ഞാൻ നോക്കുമ്പോൾ ഗുരുവിനെപ്പോലെ തോന്നിച്ച ആ മനുഷ്യൻ എന്തൊക്കെയോ പറയുന്നുണ്ട്.

ചുറ്റുമുള്ളവരെ ശ്രദ്ധിച്ചപ്പോൾ അവരെല്ലാം എന്തോ കുറിച്ചെടുക്കുന്ന  തിരക്കിൽ.  ഞാൻ നോക്കുമ്പോൾ 'എഴുതിയെടുക്കൂ ' എന്ന അർത്ഥത്തിൽ  അദ്ദേഹം ആംഗ്യം  കാട്ടി .  എന്റെ കൈയ്യിൽ ഒരു തുണ്ടു പേപ്പർ പോലും ഉണ്ടായിരുന്നില്ല. ഞാൻ അടുത്തിരുന്നവരോട് ചോദിച്ചു " എനിക്കൊരു പേപ്പർ തരുമോ?"  ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അവരെല്ലാവരും അദ്ദേഹം പറഞ്ഞ വാക്കുകൾ കുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ഇവരൊക്കെ എന്താവും എഴുതുന്നതെന്ന് മനസ്സിലാകാതെ  ഞാൻ വീണ്ടും അവരോട് ഒരു പേപ്പറിന് വേണ്ടി യാചിച്ചു " ആരെങ്കിലും എനിക്കൊരു പേപ്പർ തരൂ". മുന്നിലിരുന്ന ആൾ തിരിഞ്ഞു നോക്കാതെ  ഒരു തുണ്ടു പേപ്പർ പിറകിലേക്ക് നീട്ടിത്തന്നു. ഞാനപ്പോഴും വിഷമിച്ചു ' ഇതു തികയുമോ?"  'സാരമില്ല കിട്ടിയ പേപ്പറിൽ എഴുതാം ' എന്നു കരുതുമ്പോൾ ഒരു  ബഹളം ...  ഞാൻ നോക്കുമ്പോൾ ഗുരുവിന്റെ അരുകിൽ കുറേപ്പേർ ഓടിയെത്തി തിക്കും, തിരക്കും.  അവരെല്ലാവരും അവർ എഴുതിയതെന്തോ ഗുരുവിനെ കാണിക്കാനുള്ള  തിരക്കിലാണെന്ന് തോന്നിയ എനിക്ക് ചെറിയ കുറ്റബോധം തോന്നി.  ഗുരുവെന്തോ ചോദ്യം എഴുതിയെടുക്കാൻ പറഞ്ഞിട്ടുണ്ട്  കുപ്പായത്തിന്റെ ഭംഗിയും ആസ്വദിച്ചിരുന്ന ഞാൻ ആ ചോദ്യം കേട്ടതുമില്ല. ആകെ ബഹളം... എനിക്കാകട്ടെ  ഒന്നും എഴുതിയെടുക്കാനും കഴിയുന്നില്ല. ആരോടൊക്കെയോ ഞാൻ ചോദിച്ചു " എനിക്കു ഗുരു ചോദിച്ച ചോദ്യം ഒന്ന് പറഞ്ഞു തരുമോ? എഴുതിയെടുക്കാനാണ്".  ആരും ശ്രദ്ധിക്കുന്നില്ല.  അവരെല്ലാവരും ഉത്തരം ഗുരുവിനെ കാണിക്കാനുള്ള തിരക്കിൽ. തൊട്ടു പിറകിലേക്ക് ഞാൻ നോക്കുമ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു " അവരോട് ഞാൻ ചോദിച്ചു " ആ ചോദ്യം ഒന്നു കാണിക്കുമോ" അവർ എഴുതിയ പേപ്പർ കാണിച്ചു തന്നു.  അതു കണ്ട് ഞാൻ കണ്ണു മിഴിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ചാഞ്ഞും, ചെരിഞ്ഞും കുറെ വരകളും, കുത്തും. 
" ഇതെന്താണ്?" ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു " ഇതാണാ ചോദ്യം"  ഞാൻ വിഷമിച്ചുകൊണ്ട് പറഞ്ഞു " എനിക്കീ ഭാഷ  അറിയില്ലല്ലോ" . 
 അവർ എന്റരികെ വന്നു പറഞ്ഞു " സാരമില്ല എല്ലാം പതിയെ മനസ്സിലായിക്കൊള്ളും" . അപ്പോഴും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് ഗുരുനാഥന്റെ ചോദ്യം മനസ്സിലാകാതെ ഞാനെങ്ങനെ ഉത്തരം എഴുതിക്കാണിക്കും. 

     ആലോചിച്ചാലോചിച്ച് ചോദ്യം പിടികിട്ടാതെ തല പുണ്ണാക്കി ഇരിക്കുമ്പോഴേക്കും ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. പുലർച്ചെ അഞ്ചുമണിക്കത്തെ ബാങ്ക് വിളിയായിരുന്നു. ഞാൻ പെട്ടെന്നെണീറ്റു. പിന്നെ ഉറങ്ങിയില്ല. ഉറങ്ങിപ്പോയിട്ടുണ്ടെങ്കിൽ എഴുതിയെടുക്കാൻ കഴിയാഞ്ഞ ആ ചോദ്യത്തെപ്പറ്റി ഓർത്ത് ഞാൻ വീണ്ടും വിഷമിക്കും. ശരിയല്ലേ? എങ്കിലും ഞാൻ നോക്കി ' എവിടെ  എന്റെ ശരിക്കും പാകമായ, ചുളിവുകളൊന്നും  വീഴാത്ത, തിളങ്ങുന്ന, മിനുമിനുത്ത തുണി കൊണ്ട് തുന്നിയ, മാലാഖ പോലെ ചിറകുകളുള്ള, പാദം വരെ നീണ്ടു കിടന്ന, ഇളം വയലറ്റ് നിറത്തിലുള്ള ആ ഭംഗിയേറിയ കുപ്പായം" . ഒന്നും കാണാൻ കഴിഞ്ഞില്ല. പകരം വെള്ള നിറത്തിലുള്ള  എന്നെപ്പോലെ രണ്ടുപേർക്കു കൂടി കയറാവുന്ന വിധത്തിലുള്ള ഞാൻ ധരിച്ചിരുന്ന എന്റെ വെള്ള ഗൌണ് എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~





Friday 2 October 2015

ഫ്രീക്കന്മാർ




     ആ അവധിക്കു നാട്ടിലേക്കുള്ള പോക്ക് വളരെ ത്രില്ലടിച്ചായിരുന്നു.  ആദ്യമായി മാറി നിൽക്കുന്ന മോനെ കാണാനായി നേരെ അവന്റെ ഹോസ്റ്റലിലേക്ക്..... അവിടെച്ചെന്നതും  ഓടിയിറങ്ങിവന്ന മകനെക്കണ്ട്  അന്തംവിട്ട് ഞാനും, പുള്ളിക്കാരനും കണ്ണിൽക്കണ്ണിൽ നോക്കി. ഞാനറിയാതെ തന്നെ എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി " ഇതെന്തു കോലമാ....  നീയിതെന്തു ഭാവിച്ചാ......?"
    
     അവൻ ബാഗുമായി ഓടിവന്നു  വണ്ടിയിൽക്കയറി. ഞാൻ പുള്ളിക്കാരന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കിയപ്പോൾ " ഒക്കെ ഞാൻ ശെരിയാക്കി എടുത്തോളാം " എന്ന അർത്ഥത്തിൽ പുള്ളി എന്നെ കണ്ണടച്ചു കാണിച്ചു.  അച്ഛൻ മകനോട് കോളേജ് വിശേഷങ്ങൾ തിരക്കുമ്പോഴും ഞാനവനെ അടിമുടി വീക്ഷിക്കുകയായിരുന്നു. കോളേജിൽ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ ആദ്യദിവസത്തെ മീറ്റിങ്ങിൽ അദ്ധ്യാപകൻ എല്ലാവരോടുമായി പറഞ്ഞ വാചകങ്ങൾ ഒരു ഇടിമുഴക്കം പോലെ എന്റെ ചെവിയിൽ മുഴങ്ങിക്കേൾക്കുന്ന പോലെ........ ഈശ്വരാ .......!!! അതെങ്ങനെ .... അതു ഞാനല്ലേ കേട്ടുള്ളൂ.പുള്ളിക്കാരൻ അതും കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞല്ലേ   നാട്ടിലെത്തുന്നത് അതാ അവനെക്കണ്ടിട്ടും ഇത്ര കൂളായി ഇരിക്കാൻ പറ്റുന്നെ .
 
     അന്ന് മീറ്റിംഗ് കഴിഞ്ഞ് ഞാനും, അവനും പുറത്തേക്കിറങ്ങി വരുമ്പം ക്യാമ്പസ്സിൽ   കുട്ടികൾ കൂട്ടമായും, ഒറ്റക്കും ഒക്കെ കറങ്ങി നടക്കുന്ന കണ്ടു. അദ്ധ്യാപകന്റെ വാക്കുകൾ ഓർത്തപ്പോൾ ഇതിൽ ചില കുട്ടികളെക്കണ്ട് ഇവര് ഇവിടെ പഠിക്കുന്നവർ തന്നെയോ ? എന്നൊരു സംശയം മനസ്സിലുദിച്ചു. തിരിച്ചു പോരാനായി  വണ്ടിയിൽക്കയറുമ്പോൾ അദ്ധ്യാപകന്റെ വാക്കുകൾ ഞാനവനെ ഒന്നൂടെ ഓർമ്മപ്പെടുത്തിയതുമാണ് ... എന്നിട്ടാണിപ്പോൾ ഇവൻ......

         പുള്ളിക്കാരനും,  ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന അനന്തിരവനും ചേർന്ന് നാട്ടുകാര്യം, രാഷ്ട്രീയം വർത്തമാനത്തോട് വർത്തമാനം. അവനാണെങ്കിൽ ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേ അല്ലെന്ന മട്ടിൽ മൊബൈലിൽ ഗെയിം  കളിച്ചിരിക്കുന്നു. ഞാനവനെ തോണ്ടി വിളിച്ച് അവന്റെ ഈ കോലം കണ്ടതിലുള്ള അതൃപ്തി അറിയിച്ചപ്പോൾ അവൻ ഹെഡ് ഫോണെടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തിരുന്ന് പാട്ട് കേൾക്കാൻ തുടങ്ങി.

      വൈകിട്ടവൻ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഹോസ്റ്റൽ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാനവനെ എന്റെ ക്ഷമകേട് അറിയിച്ചു.  അവനതു കേൾക്കാത്ത ഭാവത്തിൽ ഹോസ്റ്റെലിലെ ഫുഡിനെപ്പറ്റി പരാതി പറഞ്ഞു. അവനുറങ്ങാനായി  ഗുഡ് നൈറ്റ് പറഞ്ഞു പോവുമ്പോഴും ഞാനവനെ " നാളെത്തന്നെ നീ ഇതിനൊരു തീരുമാനമുണ്ടാക്കണം " ന്ന് ഓർമ്മിപ്പിച്ചപ്പോൾ "മൌലികാവകാശം " എന്ന പദത്തെപ്പറ്റി മൂന്നാലു വാചകം എന്നോടു പറഞ്ഞിട്ട് അവനോടിപ്പോയി. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ' മട്ടിൽ കഷണ്ടിയിൽ തടവി ഗഹനമായി എന്തോ ചിന്തിച്ചു കിടക്കുന്ന  പുള്ളിക്കാരനെ കണ്ട് എന്റെ ക്ഷമ നഷ്ടപ്പെട്ട് ഞാൻ ചോദിച്ചു " നിങ്ങളിതൊന്നും കാണുന്നില്ലേ?" .   " നീയിങ്ങനെ സർവസമയോം പറഞ്ഞോണ്ടിരുന്നാൽ അവൻ വകവെക്കില്ല സാവകാശമാകട്ടെ ഞാൻ പറഞ്ഞു മനസ്സിലാക്കാം " എന്ന പുള്ളിക്കാരന്റെ വാക്കുകൾ എനിക്കല്പം ആശ്വാസം തന്നു. 

      ദിവസങ്ങൾ കടന്നുപോയി. പുള്ളിക്കാരനാണെങ്കിൽ  വീട്ടുവിശേഷങ്ങളിലും, ബന്ധുവിശേഷങ്ങളിലും, നാട്ടുവിശേഷങ്ങളിലും മുങ്ങി മുങ്ങി തിരക്കോടു തിരക്ക്. അച്ഛന്റെ ഈ മൌനാനുവാദം അവനു വളമായി എന്നു പറയേണ്ടതില്ലല്ലോ.  ദിവസങ്ങൾ ഇങ്ങനെ കടന്നുപോകവേ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് ഞാനിങ്ങനെ ബോറടിച്ചിരിക്കുമ്പം ചുമ്മാ ടീവീ ഓണാക്കി. വൈകുന്നേരം ടീവീ തുറന്നാൽ സീരിയൽ സീരിയൽ പകലും ഇതുതന്നെയോ എന്നു പഴിച്ചുകൊണ്ട് ചാനൽ മാറ്റി മാറ്റി വന്നപ്പം ദാണ്ടെ ..... നമ്മുടെ ശ്രീകണ്ഠൻനായരുടെ  " നമ്മൾ തമ്മിൽ" . ഇനിയിപ്പം ബോറടി മാറിക്കിട്ടിയല്ലോന്നു കരുതി ഞാൻ വോളിയം കൂട്ടി വച്ചു.  ആ പ്രോഗ്രാമ്മിൽ വന്നിരിക്കുന്നവർ നിറയെ ചെറുപ്പക്കാരായ ആണ്കുട്ടികൾ. അവരെയൊക്കെ കണ്ട് അന്തം വിട്ടിരുന്നു പോയ് ഞാൻ. മുടിഭാരം കാരണം അവരുടെയൊന്നും മുഖം കാണാനേ സാധിക്കുന്നുണ്ടായിരുന്നില്ല. ജട പിടിച്ചു തൂക്കിയിട്ടിരിക്കുന്ന മുടി, കറണ്ടടിച്ച പോലെ തരിച്ചു നിൽക്കുന്ന മുടി, പെണ്പിള്ളേരുടെ മുടിയേക്കാൾ നീളത്തിൽ താഴോട്ടു വളർത്തിയിട്ടിരിക്കുന്ന  മുടി, ഉച്ചിയിൽ കുറച്ചു കൂട്ടിപ്പിടിച്ചു കെട്ടിവച്ചിരിക്കുന്ന മുടി എന്നു വേണ്ട മൊത്തം മുടി തന്നെ മുടി.  ഇവരൊക്കെ ഫ്രീക്കന്മാരാണത്രെ. ഇതിനു ഫ്രീക്കൻ സ്റ്റയിലെന്നാ  പറയുക എന്നാണു ആ പ്രോഗ്രാമ്മിൽ നിന്നു കിട്ടിയ അറിവ്. എന്റെ മനസ്സിലേക്ക് ആശങ്ക ആളിപ്പടർന്നു. ഈശ്വരാ..... ഇതിൽ ചില ഫ്രീക്കന്മാർ മാസത്തിൽ ഒരിക്കലോ, രണ്ടു മാസം കൂടുമ്പോഴോ മാത്രേ തലയിൽ വെള്ളം തൊടാറുള്ളൂ എന്നും ചില പ്രശസ്തരായ ഹെയർ സ്റ്റയിലിസ്റ്റുകൾ പറഞ്ഞത് " മുടി എപ്പോഴും വാഷ് ചെയ്യുന്നത് നന്നല്ല " എന്ന്. 
ഞാനേതായാലും വേഗം ടീവീ സ്വിച്ച് ഓഫ് ചെയ്തു. രണ്ടുനേരവും കുളിക്കുന്ന എന്റെ മകനോട് ടീവീയിൽ ഫ്രീക്കുകൾ പറഞ്ഞ കാര്യം പറയാനേ പോയില്ല. പകരം ഞാൻ മനസ്സിൽ ശപഥം എടുത്തു. " ഇനിയിവനെ ഇങ്ങനെ വിട്ടുകൂടാ..... ഇപ്പോൾ തന്നെ ഒരു പരുവമായിക്കഴിഞ്ഞു ഇനി താമസിച്ചാൽ ഇവനും തനി ഫ്രീക് ഉറപ്പ്. 
        മനസ്സമാധാനം നഷ്ടപ്പെട്ട ഞാൻ അവന്റെ മുറിയിലേക്കോടിച്ചെന്നു  ഭാഗ്യം... അവനവിടെത്തന്നെയുണ്ട്  സ്റ്റഡിടേബിളിന്റെ മുന്പിലുള്ള കൊച്ചുകണ്ണാടിയിൽ നോക്കി താടിയിൽ കൈ കൊണ്ട് തടവി ഇരിക്കുന്നു. മോനേ..... ഞാൻ വിളിച്ചതും അവൻ എന്നോട് സങ്കടത്തോടെ ചോദിച്ചു " അമ്മേ താടിയിൽ സ്ട്രോങ്ങ് ആയി രോമം കിളിർത്തു വരാൻ എന്ത് ചെയ്യണം? ദുൽക്കർ സൽമാനെപ്പോലെ  അവനു താടിയും,മീശയും വളർത്തണമത്രേ.....  അപ്പോഴാണ് ഞാനവന്റെ മൂക്കിനു താഴോട്ടും, ചുണ്ടിനു താഴോട്ടും ഒക്കെ സൂക്ഷ്മ നിരീക്ഷണം നടത്തിയത്. അങ്ങിങ്ങ് വളർന്നു കരുത്താർജിക്കുന്ന മീശയും, താടിയിൽ അവിടവിടെ പൊങ്ങിവരുന്ന രോമങ്ങളും. ഞാനവനോട് ഷാരൂഖ്ഖാനെയും സൽമാൻഖാൻ, അമീർഖാൻ ഇങ്ങനെ ഹിന്ദിയിലുള്ള പ്രമുഖ ഖാന്മാരെ എല്ലാം  ശ്രദ്ധിക്കൂ അവർക്കാർക്കെങ്കിലും നീ ഈ പറഞ്ഞ കാര്യങ്ങൾ വല്ലതുമുണ്ടോ? മുടി നന്നേ പറ്റെ വെട്ടി ക്ലീൻ ഷേവ്  ആണ് പുരുഷ സൌന്ദര്യ ലക്ഷണമെന്നും അവനോടു പറഞ്ഞപ്പോൾ അവനെന്നോട് " അപ്പോൾ  അച്ഛനോ അമ്മേ?" എന്നു തർക്കുത്തരം പറഞ്ഞതിന് ഞാൻ വിഷയം മാറ്റാനായി "റെക്കോർഡ് എഴുതി തീർക്കാനുണ്ടെങ്കിൽ   സമയം കളയാതെ വേഗം എഴുതി തീർക്കൂ ന്നു പറഞ്ഞ് അവിടെ നിന്നു സ്ഥലം വിട്ടു. 

        ഉച്ചക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനവനോട് ഈ ഫ്രീക്കൻ സ്റ്റയിലിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അങ്ങനെയൊരു പേരില്ലെന്നും, ഇതൊക്കെ ഓൾഡ് ജെനറേഷൻസിന്റെ തെറ്റിദ്ധാരണകൾ   ആണെന്നും പറഞ്ഞ് എന്റെ അഭിപ്രായത്തെ തള്ളി ഞാനവനെ സാറിന്റെ ഉപദേശം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ഇതെല്ലാം കേട്ടിരുന്ന് സഹികെട്ട പുള്ളിക്കാരൻ മകനോട് വേഗം പോയി മുടിവെട്ടി വരാൻ ആജ്ഞാപിച്ചു. എന്തായാലും പറയണ്ടവർ പറയാത്ത താമസം അവനോടി മുടിവെട്ടാനായി. തിരിച്ചു വന്ന അവനെക്കാണ്ട് ഞങ്ങൾ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഞാൻ മനസ്സാ സന്തോഷിച്ചു. കാരണം അവൻ മൊട്ടയടിച്ചാണ് തിരികെ വന്നത്. വേഗം കിച്ചണിലോട്ടോടിയ എന്റെ പിറകെ ഓടിവന്ന അവൻ ചോദിച്ചു " അമ്മക്കിപ്പം സമാധാനമായോ ?"   ഞാനപ്പോൾ പറഞ്ഞു " ഇപ്പോഴാ മോനെ നിന്റെ മുഖത്തൊരു തെളിച്ചം വീണത്".  അവനപ്പോൾ പറഞ്ഞത് ബാർബറങ്കിൾ അവനോടു ചോദിച്ചത്രേ " ഇത്ര നല്ല മുടി എന്തിനാ വെട്ടിക്കളയുന്നെ എന്ന്?" നേരോ... കള്ളമോ ...  സത്യം എന്തുമാകട്ടെ ഞാനതു നിഷേധിച്ചു " ഒരു ബാർബറങ്കിളും  ഒരിക്കലും അങ്ങനെ പറയാൻ  വഴിയില്ല. "  എന്തായാലും അവധി തീർന്നു " മീശയിലും, താടിയിലും, മുടിയിലും ഒന്നും ഒരു കാര്യവുമില്ലെന്നും പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വേണ്ടതിലധികം ഉപദേശങ്ങളും കൊടുത്തു ഹോസ്റ്റലിൽ  അവനെ ക്കൊണ്ടാക്കി ഞങ്ങൾ തിരിച്ചു പോന്നു. 

          മാസം രണ്ടുമൂന്നു കടന്നുപോയി. വീണ്ടും അവന്റെ വിളി " അമ്മേ യൂണിവേഴ്സിറ്റി  എക്സാം സ്റ്റഡി ലീവ് ആകുന്നു അമ്മ വരണം" . അത് കേൾക്കേണ്ട താമസം ഞാൻ വേഗം നാട്ടിലേക്ക്. അങ്ങിനെയാണല്ലോ ഞങ്ങൾ കുടുംബിനികൾ . മക്കൾക്ക് ആവശ്യം വരുമ്പോൾ അവരുടെ അടുത്തേക്ക്, ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഇങ്ങോട്ട് മറ്റുള്ളവരുടെ ചോദ്യമോ ഇങ്ങോട്ട് തിരിക്കുമ്പം ചോദിക്കും, നീയും പോവാണോ? നാട്ടിലോട്ടു ചെന്നാൽ ചോദിക്കും നീയെന്നാ ഇപ്പം ഒറ്റക്കു വന്നെ?  ഉദ്യോഗസ്ഥകളല്ലാത്ത മിക്ക കുടുംബിനികളും നേരിടുന്ന ചോദ്യങ്ങൾ തന്നെ ഇതൊക്കെ. അവൻ ഹോസ്റ്റലിൽ നിന്നും വന്ന് എന്നോടൊപ്പം വീട്ടിൽ നിന്ന് സ്റ്റഡി ലീവ് സമയത്ത് തകൃതിയായ പഠിത്തം. ഇതിനകം മൊട്ടയടിച്ചു ഞാൻ കണ്ടിട്ട് പോയ അവന്റെ രൂപം വീണ്ടും പഴയപടിയിലേക്ക് നീങ്ങിയിട്ടുണ്ടായിരുന്നു. മുടിയും, താടിയുമൊക്കെ മെല്ലെ വളർന്നിറങ്ങി തുടങ്ങിയിട്ടുണ്ട്. ഞാനതിൽ നന്നായി പ്രതിഷേധം  അറിയിച്ചെങ്കിലും അവൻ ഇപ്പോൾ അവധിയല്ലേ എക്സാം തുടങ്ങുമ്പോൾ ഞാൻ മുടിവെട്ടിക്കളഞ്ഞോളാം എന്ന് പറഞ്ഞ് എന്നെ കളിപ്പിച്ച് അവൻ നടന്നു. എക്സാം അടുത്തു ഇനി ഒരാഴ്ച കൂടി .... ഞാൻ മുടിയുടെ കാര്യം കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു അവൻ നാളെ..... നാളെ....പറഞ്ഞു പറഞ്ഞു എന്റെ ആവശ്യം നീളെ ....നീളെ...... നീണ്ടുപോയിക്കൊണ്ടിരുന്നു. എന്തായാലും എക്സാം തുടങ്ങും മുൻപേ പുള്ളിക്കാരന്റെ ഫോണ് വന്നു " പുള്ളി നാട്ടിലേക്ക് തിരിക്കുന്നു"  ഹാവൂ ..... ആശ്വാസം ഇനിയിപ്പം ഇവനെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊള്ളുമല്ലോ  മുടിയുടെയും, താടിയുടെയും ഒക്കെ കാര്യത്തിൽ ഒരു തീരുമാനമായി കിട്ടുമല്ലോ എന്ന് സമാധാനിച്ചു. പതിവുപോലെ തന്നെ " എന്നെ കൊണ്ടുവരാൻ ആരും എയർപോർട്ടിലേക്ക്  വരേണ്ടതില്ല ഞാനങ്ങു വന്നോളാം" എന്ന് ഫോണ് വന്നു. 
അങ്ങനെ ഒരു ഞായറാഴ്ച ദിവസം പുള്ളിക്കാരൻ വരുന്നത് പ്രമാണിച്ച് അമ്മച്ചിയെയും  വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഊണും തയ്യാറാക്കി ഞങ്ങൾ മൂവരും പുള്ളിക്കാരനെയും നോക്കിയിരിപ്പായി. ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഫോണ് വന്നു. മൂന്നു മൂന്നര മണിക്കൂറായിട്ടും ആളെത്താതെ ക്ഷമകെട്ട് അമ്മച്ചി എന്നോട് വിളിച്ചു ചോദിക്കാൻ പറഞ്ഞു " എവിടായെന്ന്" . ഞാൻ വിളിച്ചപ്പോൾ ആരെയോ കൂട്ടുകാരെയൊക്കെ കണ്ടു വൈകിയേ എത്തൂ നിങ്ങൾ ഊണ് കഴിച്ചുകൊള്ളൂ ലേറ്റ് ആകും എന്ന് പറഞ്ഞ് ഫോണ് കട്ട് ചെയ്തു.  എനിക്കല്പം ദേഷ്യം തോന്നാതിരുന്നില്ല ഇന്നുതന്നെ ഇത്ര അർജെന്റിൽ ഏതു കൂട്ടുകാരെയാണാവോ ? ആ എന്തേലുമാവട്ടെ എന്ന് വിചാരിച്ചു സമാധാനപ്പെട്ടിരിക്കുമ്പം ആരോ കാളിംഗ് ബെൽ അടിച്ചു. പുള്ളിക്കാരൻ തന്നിട്ടുള്ള ഉപദേശപ്രകാരം " ബെല്ലടിച്ചാലുടനെ ഓടിച്ചെന്നു ഡോർ തുറക്കാതെ ഞാനടുക്കളഭാഗത്തു വച്ചിരിക്കുന്ന ഡോറിന്റെ ചെറിയ വട്ടത്തിൽക്കൂടി    പുറത്തേക്ക് സൂക്ഷ്മനിരീക്ഷണം നടത്തി. " ബാഗും തൂക്കിപ്പിടിച്ച് ഒരു അപരിചിതൻ" 
 വല്ല എൽഐസീ  എജെന്റോ അതോ ഇൻകം റ്റാക്സ് ഉദ്യോഗസ്ഥനോ, പിരിവുകാരോ ആർക്കറിയാം? ഇയാൾക്ക് വരാൻ കണ്ട ഒരു നേരം എന്നു മനസ്സിൽ പറഞ്ഞ് ഞാൻ മോനെ വിളിച്ച് അവനോടു പറഞ്ഞു " നീ ഡോർ തുറന്ന് ആ മനുഷ്യനോട് ' ഇവിടാരുമില്ല അച്ഛനും, അമ്മയും പുറത്തു പോയിരിക്കുവാ... എനിക്കൊന്നുമറിയില്ല ..., ' എന്നു പറഞ്ഞു വിട്ടേക്കണം. അല്ലാതെ എപ്പോഴും ചെയ്യുന്ന മാതിരി അയാളുടെ മുന്നിൽ പോയി നിന്ന് അമ്മേ...... എന്നു നീട്ടി വിളിച്ചു കൂവരുത് ... പറഞ്ഞ കേട്ടല്ലോ..." എന്നു പറഞ്ഞ് അവനെ വാതിൽക്കലേക്ക് ഓടിച്ചു വിട്ടു. മോനെ കാത്തിരുന്ന് ക്ഷീണിച്ചു പോയിക്കിടന്ന അമ്മച്ചി ഞങ്ങളുടെ വർത്തമാനം കേട്ടെണീറ്റുവന്നു 
" ഓ ഫ്ലാറ്റിലും പിരിവുകാരുടെ ശല്യമുണ്ടല്ലേ " എന്നു ചോദിച്ച് എന്റൊപ്പം വന്നിരുന്നു. 
അവൻ ഡോർ തുറന്ന് " അച്ഛനും, അമ്മേം പുറത്തു പോയിരിക്കുവാ.... ന്നു പറേന്ന കേട്ടു.... നിമിഷങ്ങൾക്കുള്ളിൽ അവൻ പതിവുതെറ്റിക്കാതെ അയാളുടെ മുന്നിൽനിന്നു വിളിച്ചുകൂവി അമ്മേ............  എനിക്ക് സ്വല്പം ദേഷ്യം തോന്നിയെങ്കിലും പതിവുവിളിയിൽ നിന്നും അല്പം വേറിട്ട ശബ്ധത്തിലായിരുന്നു  ആ വിളി. അല്പം സംഭ്രമത്തോടെ ഞാനും, അമ്മച്ചിയും വാതിൽക്കലോട്ടോടിച്ചെന്നു. അപ്പോൾ ഞങ്ങൾ രണ്ടും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു നിന്നുപോയി.  സ്ഥലകാലബോധം നഷ്ടപ്പെട്ടു നിന്ന എന്റെ ചെവിയിലേക്ക് അമ്മച്ചിയുടെ ഉച്ചത്തിലുള്ള ചോദ്യം മുഴങ്ങിക്കേട്ടു " ഇതെന്തു കോലമാടാ?"  ഞാനും അതു തന്നെ മനസ്സിൽ പറഞ്ഞെങ്കിലും വാക്കുകൾ പുറത്തോട്ടു വന്നില്ല. കണ്ണു മിഴിച്ചു നിൽക്കുന്ന എന്നോട് പുള്ളിക്കാരൻ ചോദിച്ചു "എങ്ങിനെയുണ്ട് ?" 
തല മൊത്തം മൊട്ടയടിച്ച് ക്ലീൻ ഷേവ് ചെയ്തു പുതിയ സ്റ്റൈലിൽ വന്നിരിക്കുന്ന പുള്ളിക്കാരൻ ഉറക്കെച്ചിരിക്കുംപോൾ  ആ സൌണ്ട് കൊണ്ട് മാത്രം പുള്ളിക്കാരനാണ് എന്നു ഞാനും, അമ്മച്ചിയും, മോനും തിരിച്ചറിഞ്ഞത്. അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ!!!! 

Monday 21 September 2015

കോലങ്ങൾ

     ഉമ്മറത്ത് പടിയിൽ പൊന്നുണ്ണിയെ  മടിയിൽക്കിടത്തി കളിപ്പിച്ചിരിക്കുംപോഴാണ് അവൾ വന്നത്. ഒരു കുഞ്ഞിനേയും ഒക്കത്തേന്തി വെള്ളക്കല്ല് മൂക്കുത്തിയുമിട്ടു ചുവന്ന വലിയപൊട്ടുംതൊട്ട്  ഒരു സുന്ദരിപ്പെണ്ണ്. മഞ്ഞയിൽ നീലപ്പൂക്കളുള്ള സാരി അലക്ഷ്യമായി വാരിച്ചുറ്റി അവൾ എന്റെ പൊന്നുണ്ണിയെ വാത്സല്യത്തോടെ നോക്കി വിളിച്ചു " ഓ മുത്തേ...... ആണോ പെണ്ണോ ചേച്ചീ ?"  എന്ന ചോദ്യത്തിന്  'ആണെ'ന്ന്  പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പ്രകാശിച്ചു. ഒപ്പം ഒക്കത്തിരുന്ന തന്റെ കുഞ്ഞിനോടവൾ കൊഞ്ചി " നോക്കെടാ കണ്ണാ ..... കുഞ്ഞു മുത്തിനെ ......"
കഷ്ടിച്ചു രണ്ടു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന അവളുടെ കുട്ടി ആണ്കുഞ്ഞെങ്കിലും ഉച്ചിയിൽ നീണ്ട കുറെ മുടി കൂട്ടിവാരി ചുവന്ന റിബ്ബണ് കൊണ്ടു കെട്ടി നെറ്റിയിലും കവിളത്തും വലിയ പൊട്ടും തൊടുവിച്ച അവന്റെ മുഖം കണ്ടപ്പോൾ ഉണ്ണിക്കണ്ണനെപ്പോലെ തോന്നിപ്പിച്ചു.   
" ഇവന്റെ മുടിയെന്താ മുറിക്കാത്തെ" എന്ന ചോദ്യത്തിന് "  "നേർച്ചയാ ചേച്ചീ " ന്ന മറുപടി. 
  " വീടെവിടെയാ? കുട്ടീടെ അച്ഛനെവിടെ ?" എന്നൊക്കെയുള്ള ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയുള്ള  അവളുടെ മറുപടി എന്നിൽ ആശയക്കുഴപ്പം ഉളവാക്കി. ഒച്ച കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന ഭാനുവേടത്തിയുടെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്ക് അവൾ വീണ്ടും പരസ്പരബന്ധമില്ലാതെ  ഉത്തരം പറഞ്ഞ് വിഡ്ഢിച്ചിരി ചിരിച്ചു.  
ഭാനുവേടത്തി വിധിയെഴുതി " അലഞ്ഞു നടക്കുന്ന ഭ്രാന്തിപ്പെണ്ണ് " ഒപ്പം ഒച്ച വച്ചു തന്റെ നേരെ  "ഇവറ്റയുടെ ഒക്കെ കണ്ണു തട്ടാതെ കുഞ്ഞിനെ അകത്തു കൊണ്ടുപോയിക്കിടത്തുന്നുണ്ടോ" . 

       രണ്ടുനാൾ ശേഷം മുറ്റത്തു നനച്ച തുണി വിരിച്ചുകൊണ്ടു നിൽക്കുമ്പോൾ അവൾ കയറി വന്നു " ചേച്ചി വിശപ്പിനെന്തെങ്കിലും തരുവോ? "  അവളുടെ വേഷം മുഷിഞ്ഞിരുന്നു. കുഞ്ഞു വാടിത്തളർന്ന് അവളുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ടായിരുന്നു. താൻ ഭാനുവേടത്തിയോടു പറയുമ്പോൾ 
" ഇവറ്റയെയൊക്കെ  അടുപ്പിച്ചാൽ ശല്യമാണേ " എന്നു പറഞ്ഞെങ്കിലും ഭാനുവേടത്തി പുട്ടും, കടലക്കറിയും ഒരു വാഴയിലയിൽ വച്ച് അവൾക്കു കൊടുത്തു. അവൾ മുറ്റത്തോടു ചേർന്നുള്ള കാർപോർച്ചിന്റെ അറ്റത്ത് ചമ്രം പടഞ്ഞിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി അതു കഴിച്ചു ഇടക്കിടെ ഉരുളയാക്കി കുഞ്ഞിന്റെ വായിലും വച്ചു കൊടുത്തു.  അവൾ ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് നന്ദിയോടെ നോക്കി ചിരിച്ചു. അവളുടെ ഒക്കത്തിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം നെഞ്ചിൽ ഒരു വിങ്ങലുണർത്തി. ഒരു ചെറിയ ബിസ്കറ്റ് പായ്കറ്റ് അവളുടെ കയ്യിൽ വച്ചു കൊടുത്തിട്ടു പറഞ്ഞു " നിന്റെ കുഞ്ഞിനു കൊടുക്കൂ ട്ടോ ". 
"നിങ്ങളെ  ഈശ്വരൻ അനുഗ്രഹിക്കും ചേച്ചീ " എന്നവൾ നന്ദി പറഞ്ഞു. 
അവളെപ്പറ്റി എന്തെങ്കിലും ഒന്ന് ചോദിച്ചറിയാൻ ഭാനുവേടത്തി ഒരിക്കൽ കൂടി ശ്രമം നടത്തി " പെണ്ണേ നീ ഈ കൊച്ചിനെയും കൊണ്ട് എന്തിനാ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കണേ " എന്ന ചോദ്യത്തിന്  " എനിക്കീശ്വരൻ അല്ലാതാരുമില്ലമ്മാ " എന്നവൾ ദയനീയമായി മറുപടി നല്കി. 
" ഈ കൊച്ചിന്റെ തന്തയെവിടെ നിന്റെ കെട്ടിയവൻ ? നിന്നെ കെട്ടിച്ചതാണോ അതോ..... ? " ഭാനുവേടത്തി അർദ്ധോക്തിയിൽ നിർത്തി. അവൾ വീണ്ടും "ആരുമില്ലമ്മാ ....... ആരുമില്ലമ്മാ... ഈശ്വരൻ അല്ലാതെ" എന്നു തന്നെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞുകൊണ്ടിരുന്നു.  " ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നാ നിന്നെ വല്ലോരും ഉപദ്രവിക്കില്ലേ ?" എന്നു ഭാനുവേടത്തി അവളെ ഓർമ്മപ്പെടുത്തുമ്പോൾ  " ഈശ്വരാ.... ഈശ്വരൻ തന്നെ തുണ " എന്നവൾ പറഞ്ഞു. 

   കിഴക്കേ വീട്ടിലെ അമ്മുവേടത്തിയും, പപ്പേട്ടനും ഭാനുവേടത്തിയുമായി  ഭ്രാന്തിപ്പെണ്ണിനെപ്പറ്റി  ചർച്ചയായി. 
പകലു മുഴുവനും കുഞ്ഞിനേയും ഒക്കത്തേന്തി അലഞ്ഞുതിരിഞ്ഞു  നടക്കുന്ന അവൾ സന്ധ്യയാവുംപോൾ അമ്പലകോമ്പൌണ്ടിനകത്തെ കെട്ടിടവരാന്തയിൽ അഭയം പ്രാപിച്ച് അന്തിയുറങ്ങുമെന്നും ആരോ പറഞ്ഞതായി അവർ ഭാനുവേടത്തിയോടു പറയുമ്പോൾ ഭാനുവേടത്തി മൂക്കത്തു വിരൽ വച്ചു പറഞ്ഞു  " ഈശ്വരാ.... അമ്പലപ്പറമ്പിലോ  ഈ പെണ്ണ് ചെന്നു കയറിയെക്കണേ! ഇനി എന്തൊക്കെയാ സംഭവിക്കുക? " 
"അവൾക്കവിടെ  പേടിക്കാതെ കിടന്നുറങ്ങാല്ലോ ഭാനുവേടത്തി  അവളെ ദേവി കാത്തോളും " എന്നു താൻ പറഞ്ഞപ്പോൾ " അമ്പലപ്പറമ്പിൽ ചെന്നുകയറി ഈ ദേശത്തിനൂടെ ദേവീകോപം  വരുത്തി വക്കും ഭ്രാന്തിപ്പെണ്ണ് " എന്നു പറഞ്ഞുകൊണ്ട് ഭാനുവേടത്തി അകത്തേക്ക് പോയി. 

    രാത്രിയിൽ ഉറങ്ങാനായി പൊന്നുണ്ണിയെ നെഞ്ചോടടുക്കി കിടക്കുമ്പോൾ ആ ഭ്രാന്തിപ്പെണ്ണിന്റെ രൂപവും, വാടിത്തളർന്ന അവളുടെ കുഞ്ഞിന്റെ മുഖവും മനസ്സിൽ ഒരു നോവായി. കണ്ണുകൾ അടക്കുമ്പോൾ അവൾ കുഞ്ഞിനെ ഒക്കത്തേന്തി തൊട്ടടുത്തു വന്നു നിൽക്കുംപോലെ. എപ്പോഴോ മയക്കത്തിലേക്കു വീണിരുന്നു. കുഞ്ഞിന്റെ ചിണുക്കം.. ഭ്രാന്തിപ്പെണ്ണിന്റെ കുഞ്ഞല്ലേ... അവളെവിടെ.... അവിടെ ആൾക്കൂട്ടമാണല്ലോ ഭ്രാന്തിയെ അമ്പലത്തിൽനിന്നും അടിച്ചോടിക്കയാണോ ? 'അവളെ ഓടിക്കല്ലേ അവളവിടെ കിടന്നോട്ടെ ' താനാരോടൊക്കെയോ പറയാൻ വെമ്പി ശബ്ദം പുറത്തേക്കു വന്നതേയില്ല. ഭാനുവേടത്തി ലൈറ്റിട്ട് തട്ടി വിളിച്ചു തന്നെ  ഉണർത്തുമ്പോൾ തന്റെ പൊന്നുണ്ണി ചിണുങ്ങുകയായിരുന്നു. " ന്താ കുട്ടീ ഇങ്ങനെ ബോധമില്ലാണ്ട് കിടന്നുറങ്ങിയാ? തള്ളമാർക്ക് എപ്പോഴും ഒരു ബോധോണ്ടാവണം " ഭാനുവേടത്തി താക്കീത് തന്നു . 
താൻ പൊന്നുണ്ണിയെ ചേർത്ത് കിടത്തി... അവൻ  നനച്ചുവല്ലോ....  അവന്റെ തുണിമാറ്റി മടിയിലിരുത്തി പാലൂട്ടി. അവൻ മെല്ലെ ഉറങ്ങി. വീണ്ടും മനസ്സിൽ ആ സ്വപ്നം .....അസ്വസ്ഥത  തലപൊക്കി . ആ കുഞ്ഞു രാത്രിയിൽ ഉണർന്ന് അമ്മയെ കാണാതെ കരയുകയാവുമൊ? അവളെ ആരെങ്കിലും? "ദേവീ.... നീ അവളെ കാത്തോണേ........." മനസ്സിൽ പ്രാർത്ഥിച്ചു. 

      രാവിലെ എണീറ്റു വരുമ്പോൾ ഭാനുവേടത്തി ഭ്രാന്തിപ്പെണ്ണിന്റെ  കാര്യം പറഞ്ഞു. നാട്ടുകാർക്ക് അവൾ ശല്യമാകുന്നു. അവൾ ഉയർന്ന കുലജാതയാണെന്നും ഏതോ താഴ്ന്ന ജാതിക്കാരനോടൊപ്പം ഓടിപ്പോന്നവളാണെന്നും  അവനവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നും ഒക്കെ നാട്ടുകാരിൽ പലരും പലതും പറഞ്ഞു.   അവൾ വീടുകളിലും, കടത്തിണ്ണകളിലും ആഹാരവും, വസ്ത്രവും യാചിച്ചു ചെന്നു. വേണ്ടാത്ത പൊല്ലാപ്പ്  എന്തിനാ വെറുതെ തലയിൽ വലിച്ചു വെക്കുന്നതെന്നോർത്ത് ചിലർ കാണാത്ത ഭാവം നടിച്ചു ചിലർ ആട്ടിയോടിച്ചു, ചിലർ ഭക്ഷണം കൊടുത്തു. വസ്ത്രം ആരെങ്കിലും കൊടുത്താൽ നിന്നനിൽപ്പിൽ നാണം മറന്ന് ഉടുത്തിരുന്നതൂരിയെറിഞ്ഞ്   കൊടുക്കുന്ന  വസ്ത്രമണിഞ്ഞവൾ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോളും അവൾ തന്റെ കുഞ്ഞിനെ ഒക്കത്തേന്തി  അവനെ താലോലിച്ചു കൊണ്ടു നടന്നു. അവളുടെ നാണം മറന്നുള്ള വസ്ത്രം മാറലിൽ ആൾക്കാർ അവൾക്ക് ഉടുതുണിക്ക് മറുതുണി കൊടുക്കാൻ വിസമ്മതിച്ചു. ചില ചെറുപ്പക്കാർ സഹായം നീട്ടിയും, ദുരുദ്ധേശ്യത്തോടെയും സമീപിച്ചപ്പോൾ അവൾ ചീത്ത പറഞ്ഞ് അവരുടെ കണ്ണുപൊട്ടിച്ചു വിട്ടു.  തൊട്ടടുത്ത സർപ്പക്കാവിൽ ചെന്നുകയറിയ അവളെ അമ്മുവേടത്തിയും, ഭാനുവേടത്തിയും കണക്കിനു ചീത്ത പറഞ്ഞു. ദൈന്യത തോന്നി " മതി ഭാനുവേടത്തി  ഭ്രാന്തിപ്പെണ്ണിനെന്തറിയാം  " എന്നു പറഞ്ഞ തന്നോട്  "  നീ നോക്കിയേ കുഞ്ഞേ അശ്രീകരം " എന്നു  ചൂണ്ടി പറഞ്ഞു ഭാനുവേടത്തി അവളെ പരുഷമായി നോക്കി. താനവളുടെ വസ്ത്രത്തിലേക്ക് നോക്കി ' ഉവ്വ് ചുവന്ന പൊട്ടുകൾ  പോലെ അവളുടെ വസ്ത്രത്തിൽ ' . " ഈശ്വരാ ....... എന്തിനു നീ ഇവൾക്കിങ്ങനെയൊരു ഗതി കൊടുത്തു " മനസ്സിൽ പറഞ്ഞു. 
ഒരുനാൾ ഉച്ചക്ക് കയറിവന്ന അവൾ വാതിൽക്കൽ നിന്നു നീട്ടി വിളിച്ചു
 " ചേച്ചീ........" താനിറങ്ങിച്ചെന്നു. അവൾ കുളിച്ചു വസ്ത്രം മാറിയിരുന്നു ആരോ കൊടുത്തതാവാം ഒരു ചുവന്ന നൈറ്റിയാണവൾ ധരിച്ചിരുന്നത്.  കുഞ്ഞിനേയും വൃത്തിയായി എന്നാൽ പാകമല്ലാത്ത ഒരുടുപ്പണിയിച്ചിരുന്നു. മുറുക്കി ചുവപ്പിച്ച അവളുടെ ചുണ്ടുകൾ കണ്ട ഞാൻ ചോദിച്ചു " നീ മുറുക്കുമോ?" അവൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി ചിരിച്ചു എന്നിട്ടു ചോദിച്ചു "ചേച്ചീടെ കുഞ്ഞെവിടെ? " . പൊന്നുണ്ണി അകത്തു തൊട്ടിലിൽ ഉറക്കമായിരുന്നു. 
"കുഞ്ഞിനു പേരിട്ടോ ചേച്ചീ" എന്ന അവളുടെ ചോദ്യത്തിന്  "ഇല്ല "  എന്നു ഞാൻ മറുപടി പറയുമ്പോൾ അവൾ പറഞ്ഞു " ഞാനൊരു പേരു പറയട്ടെ ? " 
" പറയൂ " ഞാൻ പറയുമ്പോൾ അവൾ പറഞ്ഞു " അമ്പി " മുറുക്കിച്ചുവപ്പിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടവൾ ചോദിച്ചു " നല്ല പേരല്ലേ ചേച്ചീ.... അമ്പീന്നു മുത്തിനെ വിളിക്കണം ". 
ഞാൻ ചോദിച്ചു " നിന്റെ കുഞ്ഞിന്റെ പേരെന്താ?" 
അവൾ പറഞ്ഞു " കണ്ണൻ"
      ഭാനുവേടത്തി അവൾക്കും,കുഞ്ഞിനും വയറു നിറയെ ചോറു കൊടുത്തു. അവൾ ആഹാരം കഴിച്ചു കൈകഴുകി കുഞ്ഞിന്റെ മുഖം കഴുകി തുടപ്പിക്കുന്നതും നോക്കി നിൽക്കുമ്പോൾ അവൾ ഒരു നോർമലായ സ്ത്രീയെപ്പോലെ തോന്നിച്ചു. 'ശെരിക്കും ഇവൾക്കു ഭ്രാന്തുണ്ടോ?..... അതോ ജീവിക്കാൻ വേണ്ടിയോ,  അവളിങ്ങനെ ഭാവിക്കയാണോ?  മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉടലെടുത്തു. പൊന്നുണ്ണി ഉണർന്നു കരഞ്ഞു. താനകത്തേക്ക് നടക്കുമ്പോൾ അവൾ മുറ്റത്തു നിന്ന് അകത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു
 " അമ്പീ.....   മുത്തേ....... കരയാതെടാ....." 
ഭാനുവേടത്തി പറഞ്ഞു " മതി മതി വേഗം സ്ഥലം വിട്  " 
പാത്രവുമായി അകത്തേക്ക് കയറിപ്പോവുന്നതിനിടയിൽ  ഭാനുവേടത്തി പിറുപിറുത്തു " ഇവറ്റയെ ഒക്കെ അടുപ്പിച്ചാൽ പിന്നെ ശല്യാവും.... ഇതൊരു പതിവാക്കും". 

        വൈകുന്നേരം മുറ്റത്തു ചെടി നനച്ചു നിൽക്കുമ്പോൾ അവൾ ദൂരെനിന്നേ കുഞ്ഞിനെ ഒക്കത്തേന്തി വേഗത്തിൽ നടന്നുവരുന്നു. അടുത്തു വരുമ്പോൾ അവളെ ശ്രദ്ധിച്ചു  " അമ്മേ..... ദേവീ...... എന്ന് മാത്രം ഉരുവിട്ടുകൊണ്ട് അവൾ വേഗം കിഴക്കോട്ടു നടന്നുപോവുകയായിരുന്നു. അവളുടെ മുഖത്ത് ഭയത്തിന്റെ നിഴൽ വീണപോലെ.  രാത്രിയുടെ മറവിൽ ആരെങ്കിലും ആ പാവത്തിനെ.......  ഏയ് ഉണ്ടാവില്ല....... ആരുമില്ലാത്ത അവളെ ദേവി കാത്തോളും ഉറപ്പ് ..... മനസ്സ് പറഞ്ഞു. 

        പിന്നീട് പല വൈകുന്നേരങ്ങളിലും അവൾ ഭയപ്പാടോടെ " അമ്മേ... ദേവീ...." വിളിച്ച് കിഴക്കോട്ട് കുഞ്ഞിനേയും ഒക്കത്തേന്തി വേഗത്തിൽ നടന്നു നീങ്ങുന്നത് കാണാൻ കഴിഞ്ഞു. 
അപ്പോഴൊന്നും അവൾ ഇടത്തോട്ടോ, വലത്തോട്ടോ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു ഭീതിയായിരുന്നു അപ്പോഴൊക്കെ ആ കണ്ണുകളിൽ നിഴലിച്ചിരുന്നത്. അമ്മുവേടത്തി പറഞ്ഞു " തെണ്ടിത്തിരിയലും കഴിഞ്ഞ് എന്നും വൈകുന്നേരം കൊച്ചിനെയും കൊണ്ട് ആറ്റുകടവിൽ കുളിക്കാൻ ചെല്ലുമെന്ന് പെണ്ണുങ്ങൾ പറഞ്ഞത്രേ. എന്തു ചോദിച്ചാലും അവൾ തിരിച്ചും മറിച്ചും മറുപടി പറയും. ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നെ. "തലക്കു വെളിവില്ലാണ്ടായാൽ പിന്നെ പറഞ്ഞിട്ടെന്താ" അമ്മുവേടത്തി നെടുവീർപ്പിട്ടു.
അമ്പലക്കമ്മറ്റിക്കാർ ഈ ഭ്രാന്തിപ്പെണ്ണിനെ അവിടെ നിന്നിറക്കാനും, ആരെങ്കിലും അവളുടെ ബന്ധുക്കളുണ്ടോ എന്ന് അറിയാനും ഉള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നും പപ്പേട്ടൻ പറഞ്ഞു. 

      അന്ന് അടുക്കളപ്പുറകിലെ വരാന്തയിൽ പൊന്നുണ്ണിയെ ഭാനുവേടത്തി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മെഴു മെഴാ എണ്ണ തേപ്പിച്ചു കിടത്തി.  അവന്റെ കൈകൾ വലിച്ച്, കാലുകൾ വലിച്ച്, മൂക്ക് പിടിച്ചു വലിച്ച് അവന്റെ ഉടലാകെ നേരിയ മസ്സാജ് ചെയ്യുന്നതും നോക്കി താൻ നിന്നു. ഭാനുവേടത്തി ബേസിനിൽ നിന്നും ചെറുചൂടുവെള്ളം  അവന്റെ മേത്തൊഴിച്ചു പീയേർസ് സോപ്പു പതച്ചു തേച്ച് കുളിപ്പിച്ചു തോർത്തി. 
" അമ്പീ ........... മുത്തേ......" പിറകിൽ നിന്നുള്ള വിളി കേട്ട്  താനും ഭാനുവേടത്തിയും തിരിഞ്ഞു നോക്കുമ്പോൾ  'അവൾ ആ  ഭ്രാന്തിപ്പെണ്ണ് ' വാത്സല്യത്തോടെ പൊന്നുണ്ണിയെ നോക്കി നിൽക്കുന്നു. ഭാനുവേടത്തി ധൃതിയിൽ പൊന്നുണ്ണിയെ  തോർത്തി കയ്യിൽ തന്നു പറഞ്ഞു " വേഗം കുഞ്ഞിനെ അകത്തു കൊണ്ട് പോ " ഒപ്പം അവളോടു ദേഷ്യപ്പെട്ടു " നീ എതിലെയാ കേറി വന്നെ ? നിനക്കെന്തു വേണം?"   അവളുടെ കുഞ്ഞ് നിഷ്കളങ്കമായി ഭാനുവേടത്തിയുടെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട് അവളുടെ എളിയിൽ ഇരിപ്പുണ്ടായിരുന്നു.   " വിശക്കുന്നമ്മാ...." എന്നവൾ പറഞ്ഞപ്പോൾ ഭാനുവേടത്തി ദേഷ്യപ്പെട്ടു 
" പോ......പോ.... ഇവിടൊന്നുമിരിപ്പില്ല" . താൻ ഭാനുവേടത്തിയോട് ചോദിച്ചു " ദോശ ഇരുപ്പില്ലേ ഭാനുവേടത്തീ " 
ഭാനുവേടത്തി ഒച്ച താഴ്ത്തി പറഞ്ഞു " ന്റെ കുട്ടീ കുഞ്ഞിനു കണ്ണു  തട്ടാതെ  അകത്തു കൊണ്ടുപോവുന്നുണ്ടോ ...... ഇവറ്റയുടെ ഒക്കെ നോട്ടം ഏറ്റാൽ പിന്നെ പറയണ്ട...." 
ചീത്ത പറഞ്ഞാലും ഭാനുവേടത്തി അവൾക്കു ദോശ കൊടുക്കുമെന്നുറപ്പുണ്ടായിരുന്നു. താൻ പൊന്നുണ്ണിയെയുമായി  അകത്തേക്കു നടന്നുപോവുമ്പോൾ അവൾ പിറകിൽ  നിന്ന്  വീണ്ടും നീട്ടി വിളിച്ചു " അമ്പീ.............. മുത്തേ......." 
      ഭാനുവേടത്തി ഒച്ച വെക്കുന്നത് കേൾക്കാമായിരുന്നു.   താൻ പൊന്നുണ്ണിയെ പൌഡറിട്ട് കുഞ്ഞുടുപ്പണിയിച്ചു  തൊട്ടിലിൽ കിടത്തി മെല്ലെ ആട്ടി  ഞാനവനെ വിളിച്ചു " അമ്പീ.... മുത്തേ......" അവൻ മോണ കാട്ടി ചിരിച്ചു. 
പിറ്റേന്നു രാവിലെ എണീറ്റു വരുമ്പോൾ ഭാനുവേടത്തി പറഞ്ഞു " കുട്ടീ നിനക്കൊരു കാര്യം കേൾക്കണോ? നമ്മുടെ ഭ്രാന്തിപ്പെണ്ണിനെ കൊണ്ടുപോയി"    
 താൻ ആകാംക്ഷയോടെ തിരക്കി " ആര് ?" 
അമ്പലക്കമ്മറ്റിക്കാർ നടത്തിയ തിരച്ചിലിനൊടുവിൽ അവളുടെ വീട്ടുകാരെ കണ്ടെത്തി. അവളുടെ അച്ഛനും മറ്റു ബന്ധുക്കളാരോ രണ്ടുപേരും ചേർന്നാണ് എത്തിയത്. അവരെക്കണ്ടതും അവൾ ഒച്ചപ്പാടും, ബഹളവും വച്ചെങ്കിലും അവർ ബലമായി അവളെ കൂട്ടിക്കൊണ്ടുപോയത്രേ. 
താൻ ഭാനുവേടത്തിയോടു പറഞ്ഞു " അവളെ ദേവി തുണച്ചു" . ഭാനുവേടത്തി പറഞ്ഞു " അവളഭയം തേടിച്ചെന്നത്  ദേവിയുടെ അടുത്തല്ലേ ദേവി അവളെ രക്ഷിച്ചു. "
------------------------------------------------------------ 0 ---------------------------------------------------------------------



Thursday 20 August 2015

ഓണം ........... ഒരുപിടി ഓർമ്മകൾ.. .......


    ഓണം കെങ്കേമമാക്കാൻ  വിസ്മയങ്ങളൊരുക്കി  കടകമ്പോളങ്ങൾ.  ടെക്സ്സ്റ്റൈൽ ഷോപ്പുകളിൽ, ജ്വല്ലറികളിൽ, ഷോ റൂമുകളിൽ ഓണം സ്പെഷ്യൽ ഓഫറുകൾ .  ജനങ്ങളുടെ പരക്കം പാച്ചിലുകൾ.  നാടെങ്ങും തിരക്കുകളും, ബഹളങ്ങളും . ഈശ്വരാ..... എത്ര വേഗം ഓണം ഇങ്ങു വന്നെത്തി. 

ഓണത്തുമ്പികൾ വിരുന്നെത്തുമായിരുന്ന, മഞ്ഞവെയിൽ പരക്കുമായിരുന്ന, കൈകൊട്ടിക്കളിയുടെ താളങ്ങളും, തുമ്പിതുള്ളൽ, പുലികളി, കുട്ടികളുടെയും വലിയവരുടെയും ഊഞ്ഞാലാട്ടം പിന്നെ വീട്ടിലെ ബഹളം നിറഞ്ഞ ആ അന്തരീക്ഷം. ആ പഴയ ഓണനാളുകളിലേക്ക് മനസ്സു വീണ്ടും.......

ഓണപ്പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം കളിച്ചു തിമിർക്കാനുള്ളതാണ്.  അന്നത്തെ കിളിത്തട്ടുകളിയും, അക്കുകളി, സാറ്റുകളി ഇവയൊക്കെയായിരുന്നു  ഞങ്ങൾ ചെറിയ കുട്ടികളുടെ കളികൾ.  മുറ്റവും, വഴിയുമെല്ലാം ചെത്തിയൊരുക്കിച്ച് ഓണം കയറ്റുന്നതിന്റെ തിരക്കിൽ അച്ഛൻ, ഉപ്പേരിവറ, കളിയടക്ക, ശർക്കര പുരട്ടി ഇവയൊക്കെ വറക്കുന്നതിന്റെയും , പൊരിക്കുന്നതിന്റെയും മണവും, ബഹളവും അടുക്കളയിൽ. അമ്മ സദാ തിരക്കോടു തിരക്ക്. 
ഓണത്തിനു രണ്ടുനാൾ മുന്നേ ഊഞ്ഞാലിനുള്ള കയറും പിന്നെ പച്ചമടൽ വെട്ടിയൊരുക്കുമ്പോഴും  എല്ലാം ഉത്സാഹത്തോടെ ഞാനും, ചേട്ടനും അച്ഛനു ചുറ്റും വട്ടമിട്ടു നടക്കും. പറമ്പിലുള്ള ആ വലിയപറങ്കിമാവിൽ  വലിയ ഊഞ്ഞാൽ കെട്ടിക്കഴിഞ്ഞാൽ പിന്നെ അവിടത്തെ  ആരവങ്ങളും, ബഹളങ്ങളും കണ്ടു നെടുവീർപ്പിടാനേ ഞങ്ങൾക്കു വിധിയുണ്ടായിരുന്നുള്ളൂ. കാരണം മൂത്ത ചേച്ചിമാരും അവരുടെ കൂട്ടരുമാണ് അതിൽ ഊഞ്ഞാലാട്ടം നടത്തുക. ആരാണ് ഏറ്റവും ഉയരത്തിൽ ആടുക, തൊട്ടടുത്തു നിൽക്കുന്ന ഉയർന്ന റബ്ബർ മരത്തിലെ ഇലയിൽ ആരാണ് കാൽ കൊണ്ട് തൊട്ട് ആടി തിരിച്ചുവരിക, ഇതൊക്കെ ബെറ്റു വച്ചാണ് അവർ ഊഞ്ഞാലാട്ടം നടത്തുക.  പുറകിൽ നിന്ന് ആയത്തിൽ ഒരാൾ തള്ളിക്കൊടുക്കും ഇരുന്നുകൊണ്ട് ആടുക, നിന്നുകൊണ്ട് ആടുക, ഒരാൾ നിന്നും, മറ്റെയാൾ ഇരുന്നും രണ്ടുപേർ ചേർന്നാടുക, രണ്ടുപേരും മുഖാമുഖം നിന്ന് ആടുക ഇതൊക്കെ ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കും. ഞങ്ങളുടെ ഊഴത്തിനായി കാത്തു നിന്നു മടുക്കുമ്പോൾ കെഞ്ചും അവരോട് അവരാരെങ്കിലും ദയ തോന്നി മടിയിൽ വച്ച് രണ്ടാട്ടം ആടിച്ചു മാറ്റിനിർത്തും. 
പിന്നെ ഞങ്ങൾ കാണുന്ന ഏക മാർഗ്ഗം രാവിലെ കണ്ണു തിരുമ്മി എണീറ്റു വരുമ്പോഴേ അമ്മയുടെ വിളി വക വെക്കാതെ ഓടി ഊഞ്ഞാലിൻ ചുവട്ടിലേക്ക്. അപ്പോൾ അവിടെ തിരക്കൊന്നുമില്ലാതെ ശൂന്യം. ആ വലിയ ഊഞ്ഞാലിൽ കയറിപ്പറ്റാൻ ശ്രമിച്ച് ഉച്ചീം കുത്തി പുറകോട്ടു വീണ് ഉച്ചത്തിൽ കരച്ചിൽ തുടങ്ങിയാൽ ചേട്ടൻ എന്നെ ഇട്ടേച്ചോടും. പിന്നെ അമ്മയുടെ ശകാരവും, ചേച്ചിമാരുടെ കിഴുക്കും എല്ലാം വാങ്ങി എങ്ങലടിച്ചും, കണ്ണു ഞെരടിയും അമ്മക്കു ചുറ്റും നടക്കുമ്പോൾ അച്ഛൻ ഞങ്ങൾക്കായി ഞങ്ങളുടെ മുറ്റത്തു നിന്നിരുന്ന കുഞ്ഞുകാപ്പിമരത്തിൽ ഒരു കൊച്ചൂഞ്ഞാൽ കെട്ടിത്തരും.  അവിടെ ഊഞ്ഞാലാട്ടം തുടങ്ങിയാൽ അടിയായി, പിടിയായി, ബഹളമായി ചേട്ടൻ മുഴുവൻ സമയവും അതിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കും. 
ഞാനുച്ചത്തിൽ കരഞ്ഞ് എന്റെ പ്രതിഷേധം അറിയിക്കുമ്പോൾ അച്ഛൻ അതിനോട് ചേർന്ന് എനിക്കു മറ്റൊരു കുഞ്ഞൂഞ്ഞാൽ കെട്ടിത്തരും. എനിക്കും ചേട്ടനും തലങ്ങും, വിലങ്ങും ആടാം. പക്ഷെ കുറുമ്പനായ എന്റെ ചേട്ടൻ ഞാനൂഞ്ഞാൽ ആടുമ്പോൾ ചേട്ടന്റെ ഊഞ്ഞാലിൽ ആടിവന്ന് ഒന്നുമറിയാത്ത മട്ടിൽ എന്നെ ഇടിച്ചു താഴെയിടാൻ നോക്കുമായിരുന്നു. അങ്ങനെ പരസ്പരം വഴക്കടിച്ചും, പിണങ്ങിയും ഞങ്ങൾ കാപ്പിച്ചുവട്ടിൽ ഊഞ്ഞാലാട്ടം നടത്തുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവൻ പറങ്കിമാവിലെ ആ വലിയ ഊഞ്ഞാലും അവിടുത്തെ ബഹളങ്ങളുമായിരുന്നു. 
തിരുവോണനാളിൽ രാവിലെ കുളിച്ച് ഓണക്കോടിയുമുടുത്തു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ദൂരെ തോടിനക്കരെ ഉള്ള റബ്ബർ തോട്ടത്തിലെ വഴിയിലേക്കാവും. കാരണം തിരുവോണനാളിൽ രാവിലെയാവും പട്ടണത്തിലുള്ള വലിയ ചേട്ടൻ ചേച്ചിക്കൊപ്പം വരിക. ചേട്ടൻ വരുമ്പോൾ കുറെ ആപ്പിളും, ഓറഞ്ച് പിന്നെ പേരക്ക ഒക്കെ പട്ടണത്തിൽ നിന്നും വാങ്ങിയാവും വരിക.  അടുക്കളയിൽ അമ്മ സദ്യ വട്ടങ്ങളൊരുക്കുന്ന തിരക്കിലാവും. ഞങ്ങൾ കുട്ടികളെ നിലത്തു പായ വിരിച്ച് അതിൽ ഇരുത്തി തൂശനില ഇട്ട് അതിൽ വിഭവ സമൃദ്ധമായ സദ്യ വിളമ്പിത്തരും. 
ഊണിന് പരിപ്പുകറി, പപ്പടം, സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, ഇഞ്ചിക്കറി, പച്ചടി, മോരു കാച്ചിയത് , പച്ചമോര്, ഉപ്പേരി, നാരങ്ങാ അച്ചാർ, പിന്നെ പായസം ഇതെല്ലാം വേണമെന്ന് അമ്മക്കു 
നിർബന്ധവും ആയിരുന്നു. 
ഊണു കഴിഞ്ഞ് ഉച്ച കഴിഞ്ഞാൽ മൂത്ത ചേട്ടൻ ഭാര്യാഗൃഹത്തിലേക്ക്  പോകും. അപ്പോൾ ഞങ്ങൾ കുട്ടികൾ സങ്കടത്തോടെ നോക്കി നിൽക്കും.  അപ്പോഴേക്കും മൂത്ത ചേച്ചിയും, ചേട്ടനും ഉച്ച ശേഷം തിരുവോണം കൂടാൻ ഞങ്ങളുടെ വീട്ടിലേക്കു വിരുന്നു വരും. അപ്പോൾ ഞങ്ങൾ കുട്ടികൾക്ക് വീണ്ടും ഉത്സാഹം ആവും. 

ഓണനാളിലെ  പ്രധാന വിനോദമായിരുന്നു പുലികളി ( കടുവകളിക്കാർ ) വീടുകളിൽ വരുന്നതും, പിന്നെ അങ്ങു ദൂരെ തോട്ടത്തിൽ അവിടെ ജോലിചെയ്തിരുന്ന മുതിർന്ന പെണ്ണുങ്ങളും മറ്റും കൂട്ടം കൂടി തുമ്പി തുള്ളലും, ആർപ്പും, ബഹളങ്ങളും കേൾക്കാം. അങ്ങനെ അടിച്ചു തകർത്ത് ദിവസങ്ങൾ കടന്നു പോവുന്നതറിയുകയില്ല. സ്കൂൾ തുറക്കുന്നതിന്റെ തലേന്നാളും കളിച്ചു തിമിർത്തു സന്ധ്യയായാലും മുറ്റത്തൂന്നു കയറില്ല. അപ്പോൾ അകത്തുനിന്ന്  അമ്മയുടെ വിളി കേൾക്കാം " കളിയൊക്കെ മതി. നാളെ സ്കൂളിൽ പോവാനുള്ളതാണ് വേഗം കേറിക്കെ." വീണ്ടും സങ്കടം. എന്നാലും രാവിലെ സ്കൂളിൽ പോകാനിറങ്ങുമ്പോൾ ഉത്സാഹം. പുതിയ ഓണക്കോടിയുമിട്ടു കൂട്ടുകാർക്കൊപ്പം പോവാനുള്ള ഉത്സാഹം. 
ക്ലാസ്സിൽ ടീച്ചർ കയറി വരുന്നതോ ഓണപ്പരീക്ഷയുടെ  ഉത്തരപേപ്പറുകളുമായി.  അപ്പോൾ അറിയാതെ നെഞ്ചു പട പടാന്ന് മിടിക്കും. കണക്കുമാഷ്  
ഉത്തരപേപ്പർ തന്നു കഴിയുമ്പോഴേക്കും ആ പടപടപ്പ് ഇരട്ടിയാകും. വൈകുന്നേരം അതുമായി വീട്ടിലേക്ക്. പിന്നെ വീട്ടിൽ ചില കർശന നിബന്ധനകൾ " മര്യാദക്കിരുന്നു  പഠിച്ചോ !കളി അല്പം കൂടുന്നുണ്ട്  ഇനി ഇവിടെങ്ങാനും കളിച്ചു കണ്ടാലാ ". പുസ്തകത്തിൽ മുഖം പൂഴ്ത്തി മിണ്ടാതിരിക്കുന്ന എന്നെ ശ്........ശ്......  ശബ്ദമുണ്ടാക്കി ചേട്ടൻ വിളിച്ച് കൈ കൊണ്ട് ആംഗ്യം കാട്ടി കളിയാക്കുമ്പോൾ വീണ്ടും ഞാനൊച്ച വച്ചു കരയും. അപ്പോൾ അമ്മ ചേട്ടനോടും പറയും " നീയും കളിക്കണ്ട പഠിച്ചോ വേഗം" അതു കേൾക്കുമ്പോൾ എനിക്കു തെല്ലു സമാധാനം കിട്ടുമെങ്കിലും ഞാൻ മനസ്സിൽ പ്രാർഥിക്കും " വേഗം അടുത്ത ഓണം എത്താനായ് ."


Friday 19 June 2015

അയാൾ

 
 കുറെ ദിവസങ്ങളായി    അവളുടെ മനസ്സ് സന്ദേഹപ്പെട്ടുകൊണ്ടിരുന്നു.
' പറയണോ? വേണ്ടയോ?' പറയാനൊരുങ്ങുമ്പോഴെല്ലാം പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നു. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു .
 അല്ലെങ്കിലും ഈ അൻപത്തിഅഞ്ചാം വയസ്സിലും അവൾക്ക് ഒന്നിലും സ്വന്തമായ ഇഷ്ടങ്ങളോ, താല്പര്യങ്ങളോ ഉണ്ടായിട്ടില്ല.  എല്ലാം നേരത്തേ തലേവരച്ചു  വെക്കപ്പെട്ടതു പോലെയായായിരുന്നു അവളുടെ ജീവിതവും. 
ബാല്യത്തിലേ അമ്മ നഷ്ടപ്പെട്ട അവളെ കൌമാരം പിന്നിട്ടപ്പോഴേക്കും പിതാവ് മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവളുടെ അനുവാദമോ, ഇഷ്ടങ്ങളോ ആരും തിരക്കിയതുമില്ല. അവളാരോടും പരാതി പറഞ്ഞതുമില്ല. വിവാഹസ്വപ്നങ്ങളോ, സങ്കല്പങ്ങളോ മനസ്സിൽ വിടർന്നു വരാനുള്ള പ്രായമാകും മുൻപേ അവൾ വിവാഹിതയായി. ആദ്യസമയങ്ങളിലെ അയാളുടെ സ്നേഹപ്രകടനങ്ങളും, പിന്നെപ്പിന്നെയുള്ള മാറ്റങ്ങളും അവളിൽ വേദന ഉളവാക്കിയെങ്കിലും തന്റെ പിതാവിനെ അവൾ ഒന്നുമറിയിച്ചില്ല.  എല്ലാം ദൈവനിശ്ചയം പോലെയെന്നും, തിക്തഫലങ്ങളത്രയും തന്റെ തലേവരയെന്നും കരുതി അവൾ ജീവിച്ചു. 
     
പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇത്രയും കാലജീവിതത്തിനിടയിൽ അവളിന്നനുഭവിക്കുന്ന ഈ സുഖങ്ങളേക്കാൾ  പതിന്മടങ്ങു ദുഖങ്ങളും, ദുരിതങ്ങളുമായ ജീവിതമായിരുന്നു അവളുടെ കഴിഞ്ഞുപോയ കാലങ്ങളിലേത്. ഓർക്കാൻ നല്ലതായി ഒന്നുമില്ല.  ഒന്നൊഴികെ... അവളുടെ മകൻ...... അത് മാത്രം.....  അവളുടെ സന്തോഷവും, അവളുടെ മുന്പോട്ടുള്ള ജീവിതവും എല്ലാം അവനുവേണ്ടി മാത്രമായിരുന്നു. 

നന്നായി പഠിച്ച് ഇന്നവൻ ഒരു നല്ല നിലയിലെത്തി അവളെ സംരക്ഷിച്ച് സന്തോഷമായി മുൻപോട്ടു പോകുമ്പോഴും, കാണെക്കാണെ തങ്ങളുടെ ജീവിത സൌകര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോളും ഒന്നും അവൾ അമിതമായി ആഹ്ലാദിച്ചില്ല.  അവൾ അവളുടെ മകന്റെ നന്മക്കുവേണ്ടി എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചു. അത് അവൾക്ക് ആത്മശാന്തിയും, സമാധാനവും നല്കിയിരുന്നു. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ ഒരു ചാഞ്ചല്യം.....  സ്വസ്ഥമായും, സമാധാനമായും ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതം വീണ്ടും ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതു പോലെ. 

രാവിലെ മകൻ കുളിച്ചൊരുങ്ങി സാധാരണപോലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ തുടങ്ങുമ്പോഴും  'അവനോടു പറഞ്ഞാൽ.........'  അവളുടെ മനസ്സിൽ വീണ്ടും അസ്വസ്ഥതയുടെ കനലുകൾ എരിയാൻ തുടങ്ങി.  ആരോ വിലക്കുന്നതു പോലെ " വേണ്ട". 
.......         .......             .......              .......                 .......                .......         .......
   
ആദ്യദർശനം അവളിൽ അമ്പരപ്പും, പിന്നെ അനുകമ്പയുമായിരുന്നു. 
ആർദ്രതയോടെയുള്ള ആ വിളിയിൽ അവളുടെ മനസ്സ് അലിഞ്ഞു. 
കണ്ഠമിടറിയുള്ള ആ വാക്കുകൾ അവളുടെ മനസ്സിനെ സ്പർശിച്ചു. 
ഏറെനേരത്തെ  മൌനത്തിനു ശേഷം അവൾ പറഞ്ഞ വിവരങ്ങൾ ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം സൃഷ്ടിക്കുന്നത് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. 
പിന്നീട് വീണ്ടും അവളുടെ വീട്ടിലേക്കുള്ള അയാളുടെ വരവ്....... അയാൾക്കാകട്ടെ എന്തൊക്കെയോ പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും വാക്കുകൾ കിട്ടാതെ അയാൾ ശ്വാസം മുട്ടുകയായിരുന്നു.       
" തന്റെ മകൻ  അറിഞ്ഞാൽ........"  ആശങ്ക കൊണ്ട് അവൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറുമ്പോൾ അവളുടെ അനുവാദത്തിനായി കേഴും പോലുള്ള ആ കണ്ണുകളിലെ ഭാവം വീണ്ടും അവളിൽ സഹതാപം ഉണർത്തി. അവളിലെ ആ ആശങ്ക മനസ്സിലാക്കിയ അയാൾ കുറച്ചു സമയം അവിടിരുന്ന് അവളോട് യാത്ര പറഞ്ഞിറങ്ങിപ്പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അയാളോടവൾക്ക് അലിവും, ദയയും തോന്നി. 

        അല്ലെങ്കിലും പണ്ടും അവൾ അങ്ങനെതന്നെയായിരുന്നല്ലോ! അയാളുടെ ക്രൂരമായ ദേഹോപദ്രവങ്ങൾ, അവഗണന നിറഞ്ഞ സമീപനങ്ങൾ  ഒക്കെയുണ്ടായിട്ടും അവളയാളെ ഒരിക്കലും വെറുത്തില്ല. അയാളുടെ ക്രൂരമായഭാവം കണ്ടു പേടിച്ചരണ്ട്  ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന തന്റെ മകനെ വലിച്ചിറക്കി ഉപദ്രവിക്കുന്നതു കാണുമ്പോഴായിരുന്നു അവളുടെ നെഞ്ചുരുകിയത്. അതിനെ മാത്രം അവൾ ചോദ്യം ചെയ്തു. അപ്പോഴൊക്കെ അയാൾ അവളെ പൊതിരെ തല്ലുകയും, കൈയ്യിൽ കിട്ടുന്നതൊക്കെ വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു ഭയന്നു പോകുന്ന തന്റെ കുഞ്ഞ് എന്നും ശബ്ദമുണ്ടാക്കാതെ ഏങ്ങലടിച്ചു കരഞ്ഞു തളർന്ന് ഒരുമൂലയിൽ കിടന്നുറക്കം പിടിച്ചിട്ടുണ്ടാവും. 

          അയാളാകട്ടെ ഈ പരാക്രമങ്ങളെല്ലാം കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ തന്റെ പതിവുചര്യകൾ കഴിക്കാനായി അവളുടെയരുകിൽ എത്തും. അയാൾ കൂർക്കം വലിച്ചുറക്കം തുടങ്ങുമ്പോൾ അവൾ ഉറക്കം നഷ്ടപ്പെട്ട് എണീറ്റിരിക്കും. എന്നിട്ടും അയാളെ അവൾ ശപിച്ചില്ല പകരം അയാളുടെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഓരോ ദിവസങ്ങളിലും ഉണർന്നെണീറ്റു വരുന്ന അവളുടെ കുഞ്ഞിന്റെ  മുഖത്ത് അയാളുടെ തലേന്നത്തെ പരാക്രമങ്ങൾ കണ്ട ഭയപ്പാടിന്റെ നിഴൽ മാഞ്ഞിട്ടുണ്ടാവില്ല. ആ മുഖം മാത്രം അവളുടെ മനസ്സിനെ വല്ലാതുലച്ചു.   തന്റെ കുഞ്ഞിന്റെ പിതാവല്ലേ അയാൾ എന്നവൾ കരുതി എല്ലാം സഹിച്ചു. 


അയാൾ അപ്പോൾ മറ്റെന്തോ ഒന്നിൽ ഉന്മത്തനായിതീർന്നുകൊണ്ടിരിക്കയായിരുന്നു. വല്ലപ്പോഴുമൊക്കെ മകളുടെ സ്നേഹാന്വേഷണം തിരക്കാനെത്തിയ പിതാവിന് ചില സംശയങ്ങൾ ഉടലെടുത്തെങ്കിലും  അവളതൊക്കെ തന്റെ പിതാവിൽ നിന്നു മറച്ചു വച്ചു. 

പോകെപ്പോകെയുള്ള ദിവസങ്ങളിൽ അയാൾ തീർത്തും വരാതെയായപ്പോൾ ആണ് അവൾ ഭയന്നത്. അങ്ങനെ വരാതാകുന്ന ദിവസങ്ങളിൽ അവൾ ഉറക്കളച്ച് കർത്താവിനെ ധ്യാനിച്ച് അയാളുടെ വരവിനായി കാത്തിരുന്നു. ഒരിക്കൽ മൂന്നാലു ദിനങ്ങൾ അവളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ  അയാൾ വന്നു. ഒറ്റക്കായിരുന്നില്ല.  അയാളുടെ അവഹേളനത്തിന്റെയും, ഉപദ്രവത്തിന്റെയും, തരംതാഴ് ത്തിപ്പറയലിന്റെയും ഒക്കെ ഹേതു ആലോചിച്ച് അവൾക്കു പിന്നീട് തല പുകക്കേണ്ടി വന്നിട്ടില്ല. സങ്കോചം ലേശമില്ലാതെ മുട്ടിയുരുമ്മിയുള്ള ആ വരവും, വാതിൽപ്പടിയിൽ തെല്ലറച്ചു നിന്ന ആ സ്ത്രീക്ക് അയാൾ ധൈര്യം പകർന്നു കൊടുക്കുന്നതും കണ്ടപ്പോൾ അവൾ പ്രജ്ഞ നഷ്ടപ്പെട്ടവളെപ്പോലെയായിത്തീർന്നിരുന്നു.  ആ ഇരുപ്പിൽ അവളുടെ നസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയ ആ വിലകുറഞ്ഞ ഏതോ പെർഫ്യും ഗന്ധം അവളുടെ തലകറങ്ങുന്നത് പോലെ തോന്നിപ്പിച്ചു അയാൾക്കാകട്ടെ ആ ഗന്ധം മത്തു പിടിച്ചതുപോലെയായിരുന്നു. 
ആ അമ്പരപ്പിൽ നിന്ന് സ്ഥലകാലബോധം വീണ്ടെടുത്ത അവളുടെ കണ്മുന്നിൽ അയാളെ ചേർന്നുരുമ്മി നടന്നകത്തേക്കു കയറിപ്പോകുന്ന ആ  കാഴ്ച അവളെ ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിച്ചിരുന്നു. അവൾ ഊക്കോടെ ആ സ്ത്രീയുടെ നേരെ ചീറി അടുക്കുമ്പോൾ അയാൾ അവളെ ക്രൂരമായി ദേഹോപദ്രവങ്ങൾ ഏൽപ്പിച്ചു. ഇതു കണ്ടു ഭയന്നു നിലവിളിച്ച മകനെയും അയാൾ വെറുതെ വിട്ടില്ല. 
        മകളുടെ സ്നേഹാന്വേഷണം തിരക്കാൻ വന്ന പിതാവു കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.   തടയാൻ ചെന്ന പിതാവിനെയും അയാൾ ഉപദ്രവിച്ചു. അവളപ്പോഴും ഏന്തിയും, വലിഞ്ഞും ആ സ്ത്രീയുടെ നേരെ വീറോടെ അടുക്കുന്നതു കണ്ട അയാൾ അവളെ ആ പിതാവിന്റെ മുന്നിലേക്ക് മുടിയിൽ പിടിച്ചു വലിച്ചിഴച്ചു എറിയുകയായിരുന്നു.  ഉടുതുണി മാത്രമായാണ് തന്റെ പിതാവിനൊപ്പം അന്നാ വീടു വിട്ടിറങ്ങിയത്. 
       കഠിനാദ്ധ്വാനിയായ  അവളുടെ പിതാവ് തന്റെ കൊച്ചുമകന്  ആവോളം സ്നേഹവും, വാത്സല്യവും നല്കി അങ്ങനെ അല്ലലേതുമില്ലാതെ അവർ പിതാവിനൊപ്പം കഴിഞ്ഞു.  അവളും തന്നാലാവുന്ന പണികൾ ഒക്കെ ചെയ്തു കിട്ടുന്ന സമ്പാദ്യം അപ്പനെ ഏല്പ്പിച്ചു. സുഖവും, സ്വസ്ഥതയും എന്തെന്നറിഞ്ഞ നാളുകൾ. ആ മകന് അവന്റെ അപ്പനെ ആദ്യം വെറുപ്പായിരുന്നു. പിന്നെ പിന്നെ അവനയാളെ പാടെ മറന്നു. അവളോ അന്നും അയാളെന്നെങ്കിലും ഒരിക്കൽ തന്നെയും, മകനെയും തേടി വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.  പുതുജീവിതത്തിന്റെ  ലഹരിത്തിമിർപ്പിൽ  അമർന്നിരുന്ന അയാൾ ഇതൊന്നും അറിയുന്നുമുണ്ടായിരുന്നില്ല. 
മകന്റെ വളർച്ചയും, ഉയർച്ചകളും, അപ്പന്റെ വേർപാടും.......  മാസങ്ങളും, വർഷങ്ങളും കടന്നു പോകെ അയാൾ അവളുടെ മനസ്സിൽ വല്ലപ്പോഴും ഉള്ള നീറുന്ന  ഓർമ്മയായിരിക്കവേയാണ്  തീർത്തും അവിചാരിതമായ ഈ കണ്ടുമുട്ടൽ. 
      പിന്നീടുള്ള എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ നിന്നിറങ്ങി വരുന്ന അവളെ കാത്തുനിൽപ്പ് അയാൾ പതിവാക്കി. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാൻ വാക്കുകളില്ലാതെ അവർ രണ്ടുവഴിക്ക് പിരിഞ്ഞു പോയി. അവളാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ ഓരോരാത്രിയും ചിന്തിച്ച് ചിന്തിച്ച് അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. മകനോടു പറഞ്ഞാൽ.........? വേണ്ട.......  പതിനേഴു കൊല്ലം മുന്പുള്ള അവന്റെ പേടിച്ചരണ്ട ആ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വരുമ്പോലെ.... ആ ഓർമ്മ അവളെ വിലക്കി. അപ്പന്റെ ശവക്കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിക്കുമ്പൊഴും അവൾ അപ്പനോട് ചോദിച്ചു " ഞാനെന്തു ചെയ്യണം?" അപ്പനൊന്നും ഉരിയാടുന്നില്ല. 


ഒരുനാൾ കുർബ്ബാന കഴിഞ്ഞു മടങ്ങുന്ന അവളെ കാത്തുനിന്ന അയാൾ അവളോടു പറഞ്ഞു " നമ്മുടെ മകനെ എനിക്കൊന്നു കാണണം" 
അവൾ മൌനിയായി. 
അയാൾ " ഒന്നു കണ്ടാൽ മാത്രം മതി .....  ഒരിക്കൽ മാത്രം"
അവൾക്കൊന്നും പറയാനില്ലായിരുന്നു. അയാളെ മറികടന്നു അവൾ വേഗം നടന്നു പോയി.
പിന്നീടുള്ള ദിവസങ്ങളിൽ  മനസ്സിന്റെ ഭാരം അവളെ വല്ലാതെ ആകുലയാക്കി. മകനെ കണ്മുന്നിൽ കാണുമ്പോഴെല്ലാം എന്തു പറയും എങ്ങനെ പറയും എന്നോർത്ത് അസ്വസ്ഥയായിക്കൊണ്ടിരുന്നു.
അന്നവൾ ഉച്ച വിശ്രമം കഴിഞ്ഞെണീറ്റു വന്ന സമയത്ത് പുറത്തു കാലൊച്ച കേട്ട് കതകു തുറന്ന അവൾ അമ്പരന്നു .....  അയാൾ..............
അവളറിയാതെ തന്നെ വാതിൽ തുറന്നു പിടിച്ച് അയാൾക്കായി മാറിനിന്നു കൊടുത്തു. 
അയാളെ അവൾ അകത്തേക്ക് കൂടിക്കൊണ്ടു പോയി. അവൾ ഉണ്ടാക്കിക്കൊടുത്ത ചായ അയാൾ ആർത്തിയോടെ കുടിക്കുന്നതും നോക്കി അവൾ നിന്നു. 
അയാൾ ആകാംക്ഷയോടെ അവളോടു തിരക്കി. " നമ്മുടെ മകൻ". ആ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം അവൾ കണ്ടു.
"ഇപ്പോഴെത്തും " അവൾ അത് പറയുമ്പോൾ സംഭ്രമം മൂലം അവളുടെ സ്വരം ഇടറിയിരുന്നു. 
അയാളാകട്ടെ അപ്പോൾ ക്ഷമ നഷ്ടപ്പെട്ടവനെപ്പോലെ കൈകൾ കൂട്ടിപ്പിണച്ചും, കെട്ടഴിച്ചും അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവൾ ഒരു പ്രതിമ കണക്കെ അയാളുടെ നടപ്പും നോക്കി നിന്നു. 
അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന അയാൾ ഒരു വേള തല ചെരിച്ച് അവളുടെ മുഖത്തേക്കൊന്നു നോക്കി. മെല്ലെ അവളുടെ അടുത്തു ചെന്ന് അയാൾ ചോദിച്ചു " നിനക്കെന്നെ വെറുക്കാൻ കഴിയാത്തതെന്തേ ? "
അവളുടെ കണ്ണുകളിൽ നിന്ന് ഒരു നീർത്തുള്ളി അടർന്നു വന്നത് അയാൾ ശ്രദ്ധയോടെ തുടച്ചു മാറ്റി അവളുടെ ചുമലിൽ കൈ വച്ച് .. ...... അയാളുടെ ശ്വാസത്തിന്റെ താളം അവൾക്കു നന്നായി കേൾക്കാമായിരുന്നു...
" അമ്മേ......."  ഇടിമുഴങ്ങും പോലെയുള്ള അങ്ങനെയൊരു സ്വരം അവൾ ആദ്യമായി കേൾക്കുകയായിരുന്നു. അയാൾ ഞെട്ടി പുറകോട്ടു മാറി. 
അവന്റെ സ്വരം അയാളുടെ കാതിൽ മുഴങ്ങി " എന്തിനിയാളെ ഇവിടെ കയറ്റി" 
അയാൾ ചിലമ്പിച്ച സ്വരത്തിൽ " മകനെ നിന്നെ.. ........"
 പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൻ മറുചോദ്യം എറിഞ്ഞു " മകനോ ആരുടെ മകൻ" 

അയാളിൽ ദൈന്യഭാവമായിരുന്നു . 
" നിന്നെ ഒന്നു കാണാൻ..........." 
അവൻ തന്റെ  കാതുകൾ രണ്ടും പൊത്തിപ്പിടിച്ചു. 
"  പിടിച്ചു പുറത്താക്കും മുൻപേ ഒന്നെറങ്ങി തരുവോ?  ജീവിതത്തിൽ ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച ഒരേയൊരു മുഖമേയുള്ളൂ  എന്റെ മനസ്സിൽ അത് നിങ്ങളാണ് ..... നിങ്ങൾ മാത്രം....." കൈകൾ അയാളുടെ മുഖത്തേക്ക് ചൂണ്ടിപ്പറയുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. 

      അവന്റെ കിതപ്പു തെല്ലൊന്നടങ്ങിയപ്പോഴേക്കും അവിടം ശൂന്യമായിരുന്നു. അവൻ മെല്ലെ അമ്മയുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവൾ കട്ടിലിൽ ഭിത്തിയിൽ ചാരി മുട്ടുകൾ രണ്ടും മടക്കി തലയതിലേക്ക് കുമ്പിട്ടിരിപ്പുണ്ടായിരുന്നു. 
അവൻ വിളിച്ചു " അമ്മേ.............."
അവൾ വിളി കേട്ടു. 
" അമ്മക്കെന്നോട് ദേഷ്യമുണ്ടോ?" 
അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
അവനവളെ ചേർത്തു തലോടിക്കൊണ്ടു പറഞ്ഞു " അമ്മക്കു ഞാനുണ്ട്... ഞാൻ മാത്രം മതി... "
അവൾ അപ്പോഴും സമ്മതഭാവത്തിൽ തലയാട്ടി. മനസ്സിൽ ശപഥം ചെയ്തു " എന്റെ ജീവിതം ഇനിയെന്റെ മകനു വേണ്ടി മാത്രം...... അതു മാത്രം മതി..."
അവളുടെ മനസ്സ് സാവകാശമായി ശാന്തമായിക്കൊണ്ടിരിക്കയായിരുന്നു.
മകൻ  അപ്പോൾ തന്റെ മനസ്സാക്ഷിയോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു 
" നീ ചെയ്തത് ശരിയോ?" 
അവന്റെ മനസ്സിലേക്ക് ആ ഭയപ്പെടുത്തുന്ന രൂപം ഓടിയെത്തി.... തന്റെ ബാല്യത്തെ ചവുട്ടിഅരക്കാൻ ശ്രമിച്ച ആ മുഖം. നിർദ്ദാക്ഷിണ്യം മർദ്ദിക്കുന്ന അച്ഛനോടു ദയനീയഭാവത്തിൽ  കേഴുന്ന തന്റെ അമ്മയുടെ മുഖം. ....
"ഉവ്വ് ...... ഉവ്വ്"      നൂറുവട്ടം തന്റെ മനസ്സാക്ഷി തന്നോടു മന്ത്രിക്കും പോലെ അവനു തോന്നി " നീ ചെയ്തതാണ് ശരി " . 


     നടത്തത്തിനു വേഗം കൂടിയിരുന്നെങ്കിലും അയാൾ തെല്ലും അണക്കുന്നുണ്ടായിരുന്നില്ല.  ലക്ഷ്യം തെറ്റിയ ആ യാത്രയിൽ മഴയുടെ ശക്തി കൂടിവന്നതോ , ഇടക്കിടെ ആഞ്ഞു വീശുന്ന തണുത്ത കാറ്റിന്റെ ഉലച്ചിലോ അയാളറിഞ്ഞില്ല....  അയാളുടെ ചെവിയിൽ മകന്റെ ആ ശബ്ദം ആയിരം കാരിരുമ്പാണികൾ വന്നു തറക്കുമാറ്  വേദനയോടെ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടാണല്ലോ ആർത്തലച്ചു വന്ന ആ ഇരമ്പലോ, കണ്ണിലേക്ക് തുളച്ചു കയറിവന്ന വെളിച്ചമോ അയാൾ അറിഞ്ഞതേയില്ല. പാളങ്ങൾ കിടുക്കി വിറച്ച് അതു കടന്നുപോവുന്നതും, താനെങ്ങോട്ടോ എടുത്തെറിയപ്പെട്ടതും  ഒന്നും അറിയാതെ അയാൾ?.........



Friday 15 May 2015

ജ്വാലയായ്


     പൂമുഖത്തെ അരഭിത്തിയിൽ ഇരുന്ന് വെറുതെ പത്രത്താളുകൾ മറിച്ചുനോക്കി. വെയിലിനു കനം വച്ചു തുടങ്ങിയിരുന്നു. ടക്....ടക് ന്നുള്ള ശബ്ദം കേട്ട് റോഡിലേക്ക് നോക്കുമ്പോൾ ആച്ചിയമ്മ. വടിയും കുത്തി കിഴക്കോട്ടു വച്ചു പിടിക്കയാണ്. തോർത്തും തലയിലിട്ട് ഇത്തിരി സ്പീഡിലുള്ള നടത്തത്തിനിടയിൽ അല്പം വേച്ചു പോകുന്നുണ്ടോ?
    " ഈ വെയിലത്തെങ്ങോട്ടാ?" അല്പം ഉറക്കെ ചോദിച്ചുവെങ്കിലും ആച്ചിയമ്മ അതൊന്നും കേൾക്കുന്നില്ല. ധൃതിയിലാണ് . ഒരു പക്ഷെ അപ്പുമ്മാന്റെ മുറുക്കാൻ കടയിലേക്കാവാം, അല്ലെങ്കിൽ ഏതെങ്കിലും പരിചയക്കാരുടെ വീട്ടിലേക്കാവാം. ആച്ചിയമ്മ തേച്ചു മഴക്കിയും, വേലചെയ്തും കഴിഞ്ഞിരുന്ന ഏതേലും വീട്ടിലേക്കാകാം. നല്ല പ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നെ ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തും, പാടത്തു പണിചെയ്തും ഒക്കെയാണ്  കുടുമ്പം പുലർത്തിയിരുന്നത്. അങ്ങനെ രണ്ടുമക്കളെ അവർ കഷ്ടപ്പെട്ടാണ് വളർത്തിയത്. 
" പറഞ്ഞാൽ കേട്ട് വീട്ടിലടങ്ങിയിരിക്കില്ല. വല്ലയിടത്തും വീണുപോയാൽ. പ്രായമിത്രയായിട്ടും തന്നിഷ്ടത്തിനും, വാശിക്കും ഒട്ടും കുറവില്ല" മക്കളുടെ ഈ വക പരാതിയൊന്നും ആച്ചിയമ്മ വകവെക്കില്ല. ചെല്ലുന്നിടത്തുനിന്ന് വിശപ്പിനെന്തെങ്കിലും കൊടുക്കുന്നതു കഴിക്കും. കഴിപ്പു കഴിഞ്ഞാൽ രണ്ടു കൈകൾ മേൽപോട്ടുയർത്തി ദൈവത്തിനു നന്ദി പറയും. പിന്നെ കാലും നീട്ടിയിരുന്ന് മുണ്ടിന്റെ മടിക്കുത്തഴിച്ച് മുറുക്കാൻ പൊതി നിവർത്തി നാലും കൂട്ടി മുറുക്കും. ഇതിനിടയിൽ നാട്ടുവിശേഷങ്ങളും, മരുമക്കൾ, മക്കൾ ഇത്യാദി ജനങ്ങളുടെ കുറ്റകുറവുകൾ ഇവയെല്ലാം പറയും. 
     ആണ്മക്കൾ രണ്ടും കാര്യപ്രാപ്തിയായി ജോലിചെയ്യാൻ തുടങ്ങിയിട്ടും ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തുതന്നെ ജീവിതം തുടർന്നു. " ഇനിയും വീട്ടിൽ സ്വസ്ഥമായിരുന്നൂടെ കുട്ട്യോൾ അന്വേഷിച്ചു കൊണ്ടുവരണൊണ്ടല്ലോ" ന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് ആച്ചിയമ്മക്ക് വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നു. " എനിക്ക് ആവതുള്ളടത്തോളം കാലം അദ്ധ്വാനിച്ച് തന്നെ ജീവിക്കും" . ഇന്ന് അവർ തീർത്തും അവശയായിരിക്കുന്നു. മക്കളെ ആശ്രയിക്കാതെ തരമില്ല. 
     എന്നിട്ടും മരുമക്കളുടെ വെച്ചുവിളമ്പലിൽ ആച്ചിയമ്മ തൃപ്തയല്ല. " പുട്ടിനു തേങ്ങ പോരാ.. ഇഡ്ഢലിക്ക് മയം പോരാ.. ചാക്കരിച്ചോർ തൊണ്ടയിൽ നിന്ന് താഴോട്ടെറങ്ങണില്ല" ഇങ്ങനെ നൂറുകൂട്ടം പരാതികളാണ് ആച്ചിയമ്മക്ക്. ഇതെല്ലാം ചെല്ലുന്നിടത്ത് പറയുകയും ചെയ്യും. " തേച്ചു മഴക്കിയായാലും ഞാൻ നന്നായി ഭക്ഷണം കഴിച്ചു ശീലിച്ചതാണ്. എനിക്കിങ്ങനെ വായിൽ വെക്കാൻ കൊള്ളാത്ത മാതിരി ഒണ്ടാക്കി വെച്ചാൽ കഴിക്കാൻ വയ്യ. ആയ കാലത്ത് കഷ്ടപ്പെട്ടത് മുഴുവൻ അങ്ങേല്പിച്ചതല്ലേ? എന്നിട്ടിപ്പം എനിക്കു വായിക്കു രുചിയൊള്ളത് ഒണ്ടാക്കിത്തരേണ്ട കടമയില്ലേ?" ഇതാണ് ആച്ചിയമ്മയുടെ വാദം. 
     എല്ലാത്തിനും ആച്ചിയമ്മക്ക് ആച്ചിയമ്മയുടേതായ ന്യായങ്ങളുണ്ട്. വലിയ പാചക വിദഗ്ദയായിരുന്നു ആച്ചിയമ്മ. നാട്ടിൽ സദ്യവട്ടങ്ങളിലും മറ്റും ആച്ചിയമ്മയായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അവിയലിന് വെളിച്ചെണ്ണയും, തേങ്ങയും, ചുവന്നുള്ളിയും, കറിവേപ്പിലയും ഏറെ വേണമെന്നും, സാമ്പാറിന്റെ തുവരപ്പരിപ്പ് വെന്തുടയണമെന്നും, ഉരുളക്കിഴങ്ങ് മപ്പാസിന്റെ മല്ലിക്കൂട്ട് കല്ലിൽ തന്നെ അരച്ചെടുക്കണമെന്നും ഇങ്ങനെ ചില പൊടിക്കൈകൾ ആച്ചിയമ്മയുടെ മാത്രം സ്പെഷ്യൽ ആയിരുന്നു. 
          പക്ഷെ ഇപ്പോൾ ആച്ചിയമ്മയെ പാചകത്തിൽ ആരും അടുപ്പിക്കാറില്ല. ഓർമ്മക്കുറവായി എന്നാണ് എല്ലാവരും അടക്കം പറയുന്നത്. സാമ്പാറിൽ തേങ്ങ അരച്ചതും, അവിയലിൽ തുവരപ്പരിപ്പും ഒക്കെ മാറി പ്രയോഗിക്കുമത്രേ ഓർമ്മക്കുറവിനാൽ. ഇതൊക്കെ ചോദിച്ചാൽ ആച്ചിയമ്മ സമ്മതിച്ചു തരില്ല. ആച്ചിയമ്മയോടസൂയ ഉള്ളവർ പറഞ്ഞു പരത്തുന്ന അപഖ്യാതി ആണെന്നാണ് ആച്ചിയമ്മ പറയുന്നത്. 

     തെക്കേ തൊടിയിലെ കുഞ്ഞുതോട്ടിൽ ഉച്ചവെയിൽ ആറിത്തുടങ്ങുമ്പോൾ കുളിക്കാൻ എത്തുമായിരുന്ന ആച്ചിയമ്മയെ രണ്ടു ദിവസം കണ്ടില്ല. മൂന്നാം നാൾ പറമ്പു കിളക്കണ ചെറുക്കായി വന്നു പറഞ്ഞു " ആച്ചിയമ്മ പോയി.. രാവിലെ ഏഴുമണി ആയിക്കാണും .... ഉച്ച കഴിഞ്ഞോടെ കാണും അടക്കം". അലക്കുകാരി ദേവകിത്തള്ള അടിച്ചലക്കാനാഞ്ഞ തുണി കല്ലിന്മേലിട്ടു താടിക്കു കൈയും കൊടുത്തു നിന്നു. വിവരം അടുത്ത വീടുകളിൽ കൈമാറാനായി ചെറുക്കായി വേഗം പോയി. 
ദേവകിത്തള്ള പറഞ്ഞു
"  ന്റെ കുഞ്ഞേ രണ്ടു ദെവസം മുന്നേയല്ലേ കഥേം പറഞ്ഞ് കഞ്ഞീം കുടിച്ചെണീറ്റുപോയെ". 
"  എന്നാലും ഇത്രേം പെട്ടെന്ന്....... ല്ലേ ദേവകിതള്ളേ... പാവം ആച്ചിയമ്മ...."  
പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ദേവകിത്തള്ള പറഞ്ഞു " നന്നായി കുഞ്ഞേ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ പോയില്ലേ.. നല്ല മരണം. ശവം എടുക്കാറാകട്ടെ നമുക്കത്രടം  പോവാം ട്ടോ ". 
ദേവകിത്തള്ള അലക്കു തുടർന്നു. 
ദേവകിത്തള്ളയുടെ താളത്തിലുള്ള തുണിഅലക്കും നോക്കി അടുക്കളപിറകിലെ കട്ടിളപ്പടിയിൽ ഇരിക്കുമ്പോൾ ഇടക്കിടെ വിസിറ്റിനു വരാറുള്ള ആച്ചിയമ്മയുടെ ദേവകിത്തള്ളയുമായുള്ള ചില നേരങ്ങളിലെ സംഭാഷണങ്ങൾ  ഓർത്തു.  " കയറിക്കിടക്കാൻ 10 സെന്റു പുരയിടം ഉണ്ട്, തല ചായിക്കാൻ ചെറുതെങ്കിലും ചോർന്നൊലിക്കാത്ത ഒരു കൂരയുണ്ട്, ഇത്തിരി തുക ന്റെ കട്ടിൻകീഴിലെ തകരപ്പെട്ടീടെ  കുഞ്ഞറക്കകത്ത്  സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഇതൊന്നും ഓർത്ത് ഒരവളും ഞെളിയണ്ട" എന്ത് കാര്യം പറഞ്ഞാലും അതിലെല്ലാം ഒളിഞ്ഞും, തെളിഞ്ഞും മരുമക്കൾക്കിട്ടൊരു കൊട്ടുകൊടുക്കാൻ ആച്ചിയമ്മ മറക്കാറില്ല. വർത്തമാനം പറച്ചിലിനിടയിൽ പലപ്പോഴും പറഞ്ഞുകേട്ടിട്ടുമുണ്ട് " ഈ ആച്ചി ആരുടെ മുന്പിലും തലകുനിക്കാൻ പോകുന്നില്ല... ന്റെ ദൈവങ്ങളെ എന്നെയിട്ടു നരകിപ്പിക്കാതെ വേഗം അങ്ങോട്ടെടുത്തോളണേ..ആറടി മണ്ണു മതി..... മരിച്ചു മണ്ണോടുചേരണം... തീക്കൽ വക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... ന്നെ കത്തിക്കണ്ട.... എനിക്കെന്റെ മണ്ണോടലിഞ്ഞു ചേരണം".
ഇത് കേൾക്കുന്ന ദേവകിത്തള്ളയുടെ ചോദ്യം " ആഹാ... എല്ലാം അങ്ങു തീരുമാനിച്ചു വച്ചിരിക്കയാണല്ലേ ? ആച്ചിയമ്മ അവിടെച്ചെന്നാൽ ന്റെ കാര്യം മറന്നു പോവല്ലേ... എനിക്കൂടെ ഇത്തിരി സ്ഥലം പിടിച്ചിട്ടെക്കണേ... നല്ല വൃത്തിയുള്ളിടം നോക്കി. അവിടേം നമുക്കിതുപോലെ നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പി കഥേം പറഞ്ഞിരിക്കാല്ലോ." താൻ പറഞ്ഞ തമാശ ഓർത്ത് ദേവകിത്തള്ള തനിയെ രസിച്ചു ചിരിക്കുമ്പോൾ ആച്ചിയമ്മ ചിന്തയിലാവും എന്തെല്ലാമോ? 


ഉച്ച കഴിഞ്ഞത്തെ വെയിലിനു ശക്തി കുറഞ്ഞിരുന്നു. ദേവകിത്തള്ളക്കൊപ്പം ആഞ്ഞുനടന്നു കൽപടവുകൾ കയറി ആച്ചിയമ്മയുടെ മുറ്റത്തെത്തുമ്പോൾ ആൾക്കൂട്ടമായി തുടങ്ങിയിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു വിരിവിരിച്ച് നിലവിളക്കു കൊളുത്തി ആച്ചിയമ്മയെ കിടത്തിയിരുന്നു. ശാന്തമായ ഉറക്കം പോലെ തോന്നിച്ചു. സാമ്പ്രാണിത്തിരിയുടെ ഗന്ധം അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരിക്കുമ്പോൾ കർമ്മി എന്തെല്ലാമോ മന്ത്രങ്ങൾ ചൊല്ലി മകനെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു. കർമ്മങ്ങൾ തീർന്ന് മക്കൾ പൂവിട്ടു തൊഴുതു. കർമ്മി വിളിച്ചു ചോദിച്ചു " ഇനിയാരെങ്കിലും പൂവിട്ടു തൊഴാനുണ്ടോ?". ഇതൊന്നുമറിയാതെ ആച്ചിയമ്മ ശാന്തമായി ഉറങ്ങുകയായിരുന്നു. പുറകിൽനിന്നാരോ പറഞ്ഞു   " എടുക്കാറായി......"
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ പറയുന്ന കേട്ടു "കിഴക്കേപുറകിലാ ചിതയൊരുക്കുന്നത്  "  

തിരിഞ്ഞു ദേവകിത്തള്ളയെ വിളിക്കുമ്പോൾ തൊട്ടപ്പുറത്ത് അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്ണുങ്ങളുടെ ചർച്ചയിൽ ചെവികൂർപ്പിച്ചു നിൽക്കുന്നു. വിളി കേട്ടതും 'വാ കുഞ്ഞേ അങ്ങോട്ടു നീങ്ങാം 'ന്നു പറഞ്ഞുകൊണ്ട് ദേവകിത്തള്ള കൈയിൽ പിടിച്ചു വലിച്ചു ചിതയോരുക്കുന്നിടത്തെക്ക് നീങ്ങി അല്പം തണലുള്ളിടത്തെക്ക് മാറി നിന്നു.
ആച്ചിയമ്മയുടെ ശരീരവും വഹിച്ചു മക്കൾ വന്നു. ചിതയിലേക്ക് വച്ചു. 
   അവരുടെ ശരീരത്തിനു മീതെ കത്തിക്കാനുള്ള വിറകുകൾ അടുക്കി വെക്കുന്നു      
 "തീക്കൽ വെക്കാൻ സമ്മതിക്കില്ല..... മണ്ണോടു ചേരണം...." അച്ചിയമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നതു പോലെ തോന്നി. 
ദേവകിത്തള്ളയെ തോണ്ടിവിളിച്ച് അടക്കത്തിൽ പറഞ്ഞു " പാവം അച്ചിയമ്മ.. അവരുടെ ആഗ്രഹം ഇങ്ങനെയായിരുന്നില്ലല്ലോ.."
" ഓ ജീവൻ പോയില്ലേ കുഞ്ഞേ ഇനിയിപ്പം എന്തായാലെന്നാ... "ദേവകിത്തള്ള കാര്യം നിസ്സാരമാക്കി തള്ളി. അപ്പോഴേക്കും കൊള്ളികളാൽ അവരുടെ ശരീരം മൂടപ്പെട്ടു കഴിഞ്ഞിരുന്നു. കർമ്മി കൊടുത്ത തീജ്വാല വാങ്ങി പുറംതിരിഞ്ഞു നിന്ന് മകൻ ചിതക്ക് തീ കൊളുത്തി. 
     കൂടിനിന്ന ചില സ്ത്രീകളൊക്കെ താടിക്ക് കയ്യും കൊടുത്ത് അടക്കം പറഞ്ഞു നിന്നു. ചിലർ പറഞ്ഞു 'ശോ..... പാവം ആച്ചിയമ്മ....' ചിലർ പറഞ്ഞു 'നന്നായി....... കിടന്നു കഷ്ടപ്പെട്ടില്ലല്ലോ.......' 
ചിലർ തീയിൽ വെക്കുന്നതു കാണാനാവാതെ മുഖം തിരിച്ചു പോയി. കരച്ചിലോ ബഹളമോ പതം പറച്ചിലോ ഒന്നും കേട്ടില്ല. അല്ലെങ്കിലും അലമുറയിട്ടു കരയാൻ ആച്ചിയമ്മക്ക് പെണ്മക്കൾ ഒന്നുമില്ലല്ലോ..  ദു:ഖം  ഉള്ളിലൊതുക്കി അമർത്തിപ്പിടിക്കാൻ പുരുഷപ്രജക്കു നല്ല സഹനശക്തിയുമാണല്ലോ. 
ദേവകിത്തള്ള ധൃതി വച്ചു " കഴിഞ്ഞു... വാ.. വേഗം പോകാം. 
ദേവകിത്തള്ളയുടെ പിറകെ വേഗം നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കി 
............കത്തിപ്പടർന്ന് മേല്പോട്ടുയരുന്ന ......തീജ്വാലകൾ ..........
     



Saturday 4 April 2015

വിഷുക്കാലം

      കണിക്കൊന്നപൂക്കൾ  നിറഞ്ഞ മറ്റൊരു വിഷുക്കാലം കൂടി വരവായി. സമൃദ്ധിയെ വരവേറ്റുകൊണ്ടുള്ള വിഷുക്കാലം. ഓരോ വിഷുക്കാലവും പ്രതീക്ഷയും, സന്തോഷവും നല്കുന്നുവെങ്കിലും  എനിക്ക് വിഷുക്കാലങ്ങൾ  സങ്കടങ്ങളുടെതു  കൂടിയാണ്. 
     മരണം ജീവിതത്തിന്റെ അനിവാര്യഘടകമാണെന്നു  വരികിലും പ്രിയപ്പെട്ടവരുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നു. അതും ഇതുപോലെയുള്ള വിശേഷദിവസങ്ങളിലായാലോ? അതു നമ്മിൽ പഴയ കുറെ ഓർമ്മകളെ തട്ടിയുണർത്തിവിടും. 
          ഒരു റിപ്പബ്ലിക് ഡേയിൽ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ പിരിഞ്ഞു പോയി. അങ്ങനെ ജനുവരി 26 അച്ഛന്റെ ഓർമ്മദിനം കൂടിയായി. ഒരു ജൂണ്മാസകാലത്ത് നിനച്ചിരിക്കാതെ ആരോടും യാത്ര പോലും പറയാതെ ഞങ്ങളുടെ എല്ലാമായിരുന്ന വല്യേട്ടൻ ഞങ്ങളെ വിട്ടുപോയി. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഒരിറ്റു പ്രതീക്ഷയുമായി മരണം വരെയും " ഒരുനാൾ മകൻ തിരിച്ചു വരും" എന്ന് പറഞ്ഞു കാത്തിരുന്ന ഞങ്ങളുടെ അമ്മ. ഒരു വിഷുനാളിൽ അമ്മയും യാത്രയായി. അങ്ങനെ വിഷുനാളുകൾ ഞങ്ങൾക്ക് അമ്മയുടെ ഓർമ്മദിനം കൂടിയായി. 
ഈ വിഷുക്കാലം എന്റെ സങ്കടങ്ങൾ പറഞ്ഞ് ഞാൻ  നിങ്ങളെ  വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ!! 
   ഓരോ വിശേഷദിവസങ്ങളും കടന്നു വരുമ്പോൾ എന്റെ ഓർമ്മകൾ മുഴുവൻ ഇവരെ മൂവരെയും ചുറ്റിപ്പറ്റിയുള്ള സുന്ദരമായ ഓർമ്മകൾ തന്നെ. തലേന്ന് രാത്രിയിലേ കണി ഒരുക്കിവച്ച് രാവിലെ വിളക്കു കൊളുത്തി കണി കാണിച്ചു തരുന്ന അമ്മ, അമ്പതു പൈസ, ഒരുരൂപതുട്ട്, ഇങ്ങനെ ഞങ്ങൾക്ക് വിഷുക്കൈനീട്ടം  നല്കുമായിരുന്ന അച്ഛൻ, ഒരിക്കൽ അഞ്ഞൂറ് രൂപാ നോട്ട് വല്യേട്ടൻ വിഷുക്കൈനീട്ടമായി കൈയിൽ വച്ചുതന്നപ്പോൾ പതിനെട്ടു വയസ്സിന്റെ പ്രായം മറന്ന് സന്തോഷം കൊണ്ടു തുള്ളിച്ചാടിപ്പോയ ഞാൻ. 
എല്ലാ വിഷുനാളിലും അമ്മ വാഴയിലയിൽ വിഷു അടയും, പിന്നെ കിണ്ണത്തപ്പവും ഉണ്ടാക്കിത്തന്നു. പുതിയ സ്ഥലത്തു വന്നപ്പോൾ അവിടത്തെ രീതിയിൽ കുമ്പിളിലയിൽ കുമ്പിളപ്പം ആയി വിഷു സ്പെഷ്യൽ. ഇങ്ങനെ ഓർമ്മകൾ നിരവധിയാണ്.  നാട്ടിലുള്ള എന്റെ മോന് ഇലയടയും, കുമ്പിളപ്പവും, പിന്നെ വിഷുക്കണിയും, വിഷുക്കൈനീട്ടവും എല്ലാം പ്രിയപ്പെട്ടതു തന്നെ. ഈ വിഷുക്കാലം ഞാൻ അവനോടൊപ്പം ചിലവഴിക്കാൻ പോകുന്നു. 
എന്റെ എല്ലാ കൂട്ടുകാർക്കും  സമൃദ്ധിയുടെയും, നന്മയുടെയും, സമാധാനത്തിന്റെയും വിഷു ആശംസകൾ. നല്ലൊരു നാളെക്കുള്ള ശുഭപ്രതീക്ഷയോടെ, 
സ്നേഹപൂർവം ഗീതാ ഓമനക്കുട്ടൻ. 

Friday 13 March 2015

മീനുക്കൊച്ചും ഉത്സവക്കാഴ്ചകളും




അമ്പലപ്പറമ്പും ഉത്സവങ്ങളും അപ്പുണ്ണിയേട്ടന് ആവേശമാണ്.  ഇത്തവണ ഉത്സവത്തിന് വല്യേച്ചിയും, കുഞ്ഞേച്ചിയും അപ്പുണ്ണിയേട്ടന്റെ  പിറകേ കൂടിയിട്ടുണ്ട്. " ഇന്നു വൈകിട്ട് ഞങ്ങളെക്കൂടി കൊണ്ടുപോവോ അപ്പുണ്ണിയേട്ടാ. അച്ഛനോടു ചോദിക്കുവോ ഞങ്ങളെക്കൂടി കൊണ്ടുപൊക്കോട്ടേന്നു". 
 അപ്പുണ്ണിയേട്ടൻ പറേണ കേട്ടു. " ആ നോക്കട്ടെ, ആ മീനുക്കൊച്ച് അറിയണ്ട. എങ്ങാനും അവളു കേട്ടാൽ പിന്നെ ചിണുങ്ങാൻ തുടങ്ങും". 

ഉം......  ഈ മീനുക്കൊച്ച് അത്ര പൊട്ടിയൊന്നുമല്ല. എല്ലാം കേൾക്കണൊണ്ട് .

          കഴിഞ്ഞാഴ്ച്ച അമ്മേം, കുഞ്ഞേച്ചീം രാവിലെ ഒരുങ്ങിപ്പോവുംപോഴും മീനുക്കൊച്ച് ഒന്നു ചിണുങ്ങിനോക്കി, അമ്മേടെ സാരിത്തുമ്പിൽ പിടിച്ച്.അമ്മയെന്താ പറഞ്ഞെ?  " കുഞ്ഞേച്ചിക്കു തലവേദന. ഡോക്ടർനെ കാണിക്കാൻ പോവാ. കൊച്ചുകുട്ട്യോളെ കൊണ്ടുചെന്നാൽ ഡോക്ടറ് സൂചി കൊണ്ടു നല്ല കുത്തുവച്ചുതരും. വാശി പിടിക്കാതെ പോയി വല്ലോം കളിച്ചോ. അമ്മ വേഗം മടങ്ങി വരാം".  എന്നിട്ടോ?... കൊറേ.......... സമയം കഴിഞ്ഞപ്പം രണ്ടാളും തിരികെവന്നു. നെറ്റിയിൽ കുറീം തൊട്ട്, വാഴയിലയിൽ പൊതിഞ്ഞ കടുംപായസവുമായി. അമ്മ കാത്തുവമ്മയോടു ചോദിക്കണ കേട്ടു "മീനുക്കൊച്ചിനെ കുളിപ്പിച്ചോ? കൊച്ചു വല്ലോം കഴിച്ചോ? ".
കാത്തുവമ്മ പറയണതും കേട്ടു " ഇത്തിരി വാശി കൂടണൊണ്ട് കൊച്ചിന്, പറഞ്ഞാൽ ഒരു വക കേക്കണില്ല".
   
അമ്മ അടുത്തുവിളിച്ച് കോവിലിലെ കടുംപായസം ഇത്തിരിതോണ്ടി വായിൽവെച്ചു കൊടുത്തപ്പോൾ മീനുക്കൊച്ചിന് അമ്മ കൂടെക്കൊണ്ടുപോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 
     പായസം നുണഞ്ഞിറക്കുന്നതിനിടയിൽ മീനുക്കൊച്ച് അമ്മോട് ചോയിച്ചു "കുഞ്ഞേച്ചിയെ അമ്മ ഡോക്ടർടെയടുത്തു കൊണ്ടുപോയതല്ലേ പിന്നെ എവിടന്നാ പായസം? 

     വെള്ളത്തിൽ ചാലിച്ച് ചന്ദനം നെറ്റിയിൽ തൊടുവിച്ചുകൊടുത്തുകൊണ്ടമ്മ പറഞ്ഞു "അതോ.... ഡോക്ടറെ കണ്ടു തിരികെവന്നപ്പം അങ്ങേലെ സുഭദ്രാമ്മെ വഴീൽ വച്ചു കണ്ടു, അപ്പൊ സുഭ്രദ്രാമ്മ തന്നതാ കൊച്ചെ". 
ചുമ്മാ........... ഇതൊക്കെ മീനുക്കൊച്ചിനെ പറ്റിക്കാനുള്ള അടവുകളാണെന്നറിയാം. അല്ലേൽ പിന്നെ അന്നു രാവിലെ എണീച്ച് കണ്ണും തിരുമ്മി വന്ന മീനുക്കൊച്ച് കണ്ടതോ..? കിഴക്ക് നല്ലോണം വെള്ള കീറി വരണേയുള്ളൂ... കുഞ്ഞേച്ചി കുളിച്ച് വാഴയിലയിൽ മുറ്റത്തെ കുടമുല്ലയിലെ പൂക്കളത്രയും പറിച്ചു കൂട്ടുന്നു. പിന്നെ മീനുക്കൊച്ച് ഒന്നും ആലോചിച്ചില്ല... ഒറ്റ ഓട്ടമായിരുന്നു........... മുല്ലച്ചോട്ടിലേക്ക് ......... "എന്റെ മുല്ലപ്പൂ കുഞ്ഞേച്ചി മുഴുവനും പറിച്ചു തീർത്തെ!!!!.... എനിക്കു വേണം.. " 
         വാഴയിലയിൽ പിടിക്കാൻ ചെന്നതോ...... കുഞ്ഞേച്ചി ഒറ്റത്തട്ടു വച്ചുകൊടുത്തു മീനുക്കൊച്ചിന്റെ ഇടത്തേ കൈക്കിട്ട്..!!!! മീനുക്കൊച്ച് കാറിക്കരയുംപോളെക്കും  പൂമുഖത്ത് പത്രം വായനയിൽ മുഴുകിനിന്ന 
അപ്പുണ്ണിയേട്ടൻ ഇറങ്ങിവന്നു താക്കീതു നല്കി "അച്ഛൻ കേട്ടാൽ കിട്ടുമേ... വേഗം പോയി പല്ലു തേക്ക്". 

    
     അന്ന് എത്രനേരം കുഞ്ഞേച്ചി നിലക്കണ്ണാടിക്കു മുന്നിൽ ഒരുക്കമായിരുന്നു. കണ്ണെഴുതി വാലിട്ട്, പൊട്ടു തൊട്ട്, മുടി കുളിപ്പിന്നൽ കെട്ടി, മുല്ലപ്പൂ ചൂടി. 
മീനുക്കൊച്ച് കെഞ്ചി " എനിക്കൂടെ വച്ചു തര്വോ മുല്ലപ്പൂ??". കുഞ്ഞേച്ചി വിരട്ടി ഓടിച്ചു " മൊട്ടത്തലച്ചി  നിനക്കെവിടെ വക്കാനാ മുല്ലപ്പൂ". 
     ഈ കുഞ്ഞേച്ചിയെ ആണോ അമ്മ ഡോക്ടർടെ അടുത്തു കൊണ്ടുപോയെ? എല്ലാം കല്ലുവച്ച നുണ!! 

     അതിനു മുന്നൊരു ദിവസോം കുഞ്ഞേച്ചീം, വല്യേച്ചീം കൂടെ അണിഞ്ഞൊരുങ്ങി  അച്ഛന്റൊപ്പം പോയപ്പഴും മീനുക്കൊച്ച് അമ്മയോട് ചിണുങ്ങി നോക്കി. അപ്പം അമ്മ പറഞ്ഞതോ? " പോയിക്കളിച്ചോ.. തിരിച്ചു വരുമ്പം അവരു കപ്പ് കേക്കും, നാരങ്ങാ മിഠായീം കൊണ്ടത്തരും ട്ടോ ".
     മീനുക്കൊച്ച് അന്നവരു തിരിച്ചുവരണവരെ മുറ്റത്തൂന്ന് കയറിയതേയില്ല. വഴീലേക്ക് നോക്കിയിരുന്നു..  കപ്പ് കേക്കും, നാരങ്ങാ മിഠായിയും കൊണ്ടുവരുന്നതും നോക്കി.....  തിരിച്ചു വരുമ്പോൾ കുഞ്ഞേച്ചീടെം, 
വല്യേച്ചീടെം മുഖത്ത് എന്താ ഒരു സന്തോഷം.  അച്ഛൻ മീനുക്കൊച്ചിനെ അടുത്തു വിളിച്ച് നാരങ്ങാ മിഠായീം, കപ്പ് കേക്കും കൊടുത്തു. അതു കിട്ടിയതും  മീനുക്കൊച്ചിനു കൂടെക്കൊണ്ടു പോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 

          വല്യേച്ചീടേം, കുഞ്ഞേച്ചീടേം കൈയ്യിൽ "കൃഷ്ണാ ടെക് സ്റ്റൈൽ" സിലെ കുറെ കവറുകളും ഉണ്ടായിരുന്നു. അമ്മയെ ഏതാണ്ടൊക്കെ തുണികൾ എടുത്തു കാണിക്കണ കണ്ടെങ്കിലും മീനുക്കൊച്ച് അതൊന്നും ശ്രദ്ധിച്ചതേയില്ല. നാരങ്ങാ മിഠായി ഓരോന്നായി തിന്നു തീർത്തു കൊണ്ടേയിരുന്നു .

     
          പക്ഷെ അന്നു വൈകിട്ട് വല്യേച്ചി അരികെ വിളിച്ച് മീനുക്കൊച്ച് ഇട്ടിരുന്ന ഇളം റോസ് നിറമുള്ള കുട്ടിയുടുപ്പിന്റെ അളവൊക്കെ കൃത്യമായി  കുറിച്ചു വച്ചു. എന്നിട്ട് ഓറഞ്ച് നെറ്റ് തുണി എടുത്തുകാട്ടി മീനുക്കൊച്ചിനോടു ചോദിച്ചു " ഇഷ്ടായോ നിനക്കീ നിറം?" 
മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി ചോദിച്ചു " വല്യേച്ചീ ഇതെപ്പഴാ തയിച്ചു തരിക...?" 
"രണ്ടു ദിവസം കഴിയട്ടെ". 
     വല്യേച്ചി പറഞ്ഞ വാക്ക്  പാലിച്ചു. രണ്ടുദിവസം കൊണ്ടു തയിച്ചു തീർത്തു. എന്നിട്ടോ.....? എത്ര പ്രാവശ്യം അതു മീനുക്കൊച്ചിനെ ഇടുവിച്ചു നോക്കി. വീണ്ടും ഊരിവാങ്ങി ഒന്നൂടെ ചേച്ചീടെ ' കട കട ' ശബ്ദം കേൾക്കണ സിംഗർ മെഷീനിൽ അടിക്കും. എന്നിട്ടു വീണ്ടും ഇടീച്ചു നോക്കും. ഓരോ പ്രാവശ്യം ഇടുമ്പോഴും മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി. വല്യേച്ചി പിടിച്ചു നിർത്തി എല്ലാം പാകമാണോന്നു നോക്കുമ്പോൾ മീനുക്കൊച്ച് ചോദിച്ചു "വല്യേച്ചീ എനിക്ക് ഓറഞ്ച് നിറത്തിലെ കുപ്പിവളേം, റിബണും വാങ്ങി തര്വോ?"
അന്നു വല്യേച്ചി വാക്ക് പറഞ്ഞതാ " അയ്യപ്പൻ കോവിലിലെ ഉത്സവത്തിനു വാങ്ങിത്തരാം ട്ടോ".
എന്നിട്ടിപ്പം മീനുക്കൊച്ചിനെ പറ്റിച്ച് വല്യേച്ചീം, കൊച്ചേച്ചീം അപ്പുണ്ണിയേട്ടന്റൊപ്പം  ഉത്സവത്തിനു പോകാൻ പ്ലാനിടുന്നത്. അറിഞ്ഞപ്പോൾ മുതൽ മീനുക്കൊച്ച് വല്യേച്ചിയെയും, കൊച്ചേച്ചിയെയും ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങിയതാണ്. 

ഇടക്കിടെ അലമാരയിൽ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന തന്റെ ഓറഞ്ച് നിറത്തിലുള്ള നെറ്റുതുണി കൊണ്ട് വല്യേച്ചി ഭംഗിയായി തയിച്ചു തന്ന നിലയുടുപ്പ് എടുത്തു നോക്കി മീനുക്കൊച്ച്..... എന്നിട്ടു മനസ്സിൽ പറഞ്ഞു 
 "ഈ നിലയുടുപ്പ് ഇട്ടോണ്ടു വേണം ഉത്സവത്തിനു പോവാൻ" 
അരക്കു താഴെ രണ്ടു തട്ട് ഞൊറിവിട്ടു തയിച്ചിരിക്കുന്നതിനാൽ മീനുക്കൊച്ച് ആ ഉടുപ്പിനെ "നിലയുടുപ്പ്" എന്നു പേരിട്ടു വിളിച്ചു. 
സന്ധ്യയായപ്പോൾ  മുതൽ മീനുക്കൊച്ച് അമ്മയുടെ പുറകെ നടന്ന് ചിണുങ്ങാൻ തുടങ്ങി. ചിണുങ്ങി ചിണുങ്ങി ശുണ്ഠിയെടുത്ത് കരയാനും തുടങ്ങിയതോടെ അമ്മ ഒരു പോംവഴി കണ്ടുപിടിച്ചു. ഉടനടി അതെല്ലാവരോടുമായി ഉച്ചത്തിൽ പ്രഖ്യാപിച്ചു " ഇവിടുന്നാരും ഉത്സവത്തിനു പോവണ്ട" 
കുഞ്ഞേച്ചിയോ തക്കം കിട്ടിയപ്പോൾ ആരും കാണാതെ കൊടുത്തു മീനുക്കൊച്ചിന്റെ ചെവിക്കിട്ടുനോക്കി നല്ലൊരു കിഴുക്ക് " വഴക്കാളി..,നീ കാരണം ഞങ്ങടെ പ്ലാനെല്ലാം പൊളിഞ്ഞു". 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല, ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം ഉദ്ധിഷ്ടകാര്യസിദ്ധിക്കായ് സ്ഥിരം പ്രയോഗിക്കാറുള്ള ആ സൂത്രം എടുത്തങ്ങു പ്രയോഗിച്ചു. " ഉച്ചത്തിലുള്ള കാറിക്കരച്ചിൽ"
ആ കാറിക്കരച്ചിൽ പുറമ്പോക്കിലെ സക്കായിയുടെ വീടിനെയും, തോട്ടുമുക്കിലെ കല്യാണിയുടെ വീടിനെയും മറികടന്ന് അങ്ങകലെ പ്രതിദ്ധ്വനിച്ചു. അമ്മയും, കുഞ്ഞേച്ചിയും, വല്യേച്ചിയും ഇതു സഹിക്ക വയ്യാതെ ചെവി പൊത്തിപ്പിടിച്ചു. 
അപ്പുണ്ണിയേട്ടൻ പരിഹാരം നിർദ്ദേശിച്ചു " വായടച്ചാൽ ഉത്സവത്തിനു കൊണ്ടുപോവാം".
അതു കേട്ടതും മീനുക്കൊച്ച് ടപ്പേന്ന് വായടച്ചു. പക്ഷേ അപ്പുണ്ണിയേട്ടൻ ചില നിബന്ധനകൾ മുന്നോട്ടു വച്ചു " കഴിഞ്ഞാണ്ടത്തെപ്പോലെ ഉത്സവത്തിനു കഥാപ്രസംഗം കേൾക്കാൻ കൊണ്ടുപോയപ്പോൾ 'ഉറക്കം വരുന്നു വീട്ടീ പോണം' ന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞതും, ചെറിയ ഇടവഴിയേ നടക്കുമ്പോൾ 'കാലു വേദനിക്കുന്നു ' ന്ന് പറഞ്ഞ് അപ്പുണ്ണിയേട്ടന്റെ തോളിൽ കയറിവന്നതും ഒന്നും ഇത്തവണ ആവർത്തിക്കാൻ  പാടില്ല. 
          വാക്ക് പറഞ്ഞാൽ അതു പാലിക്കേണ്ട കടമയുണ്ടെന്ന് മീനുക്കൊച്ചിനു നന്നായറിയാവുന്നതിനാൽ 'ടപ്പേ ' ന്നടക്കി നിർത്തിയ കാറിക്കരച്ചിലിന്റെ അവശേഷിപ്പ് ഏങ്ങലടിയിൽ ഒതുക്കിത്തീർത്ത് മീനുക്കൊച്ച് 
അപ്പുണ്ണിയേട്ടനോട് തലയാട്ടി സമ്മതം മൂളി. 
" എന്നാ വേഗം റെഡിയായിക്കോ "
അപ്പുണ്ണിയേട്ടൻ പറഞ്ഞു കേൾക്കണ്ട താമസം മീനുക്കൊച്ചിനു 
കുഞ്ഞേച്ചിയോടും, വല്യേച്ചിയോടും, അപ്പുണ്ണിയേട്ടനോടും ഉള്ള പരിഭവം അലിഞ്ഞലിഞ്ഞില്ലാതായി. 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല. .. ഒറ്റ ഓട്ടം വച്ചു കൊടുത്തു.... അമ്മേടെ അലമാരയിൽ ഇരുന്ന ഓറഞ്ച് നെറ്റിന്റെ നിലയുടുപ്പ് എടുത്തണിയാനായി. ഉടുപ്പ് വലിച്ചെടുക്കുന്നതു കണ്ട അമ്മ താക്കീതു നല്കി..
" ന്റെ മീനുക്കൊച്ചേ ഇതു പുതിയതല്ലേ? നിനക്കാ ഉത്സവപ്പറമ്പിലെ മണ്ണിലിരുന്നു നിരങ്ങാനുള്ളതല്ലേ.... ആ പഴേ നീലേ വെള്ളപ്പൂക്കളൊള്ള ഉടുപ്പിട്ടാ മതി". 

അതു കേട്ടതും മീനുക്കൊച്ച് കാറിക്കരയാനായി വാ പൊളിക്കാനൊരുങ്ങിയതും 
 അമ്മ കൈ കൊണ്ട് ടപ്പേ ന്ന് മീനുക്കൊച്ചിന്റെ പൊളിഞ്ഞുവന്ന വായടപ്പിച്ചതും ഇട്ടിരുന്ന വെള്ളക്കുഞ്ഞുടുപ്പ് തലവഴി വലിച്ചൂരി എടുത്തതും, ഓറഞ്ച് നെറ്റ് നിലയുടുപ്പ് ഇടീച്ചതും നൊടിയിട കൊണ്ടു കഴിഞ്ഞു. 

          കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കിക്കൊടുത്തതിന്റെ 
നന്ദിസൂചകമെന്നോണം കുഞ്ഞേച്ചി ഒരു കുഞ്ഞുമുല്ലമൊട്ടുമാല  മീനുക്കൊച്ചിന്റെ കുഞ്ഞിത്തലമുടിയിൽ ഒരു കറുത്ത സ്ലൈഡിന്റെ ബലത്തിൽ ഉറപ്പിച്ചു കൊടുത്തു. അപ്പോൾ മീനുക്കൊച്ചിനു കുഞ്ഞേച്ചിയോടുണ്ടായിരുന്ന  അവശേഷിച്ച പരിഭവവും അലിഞ്ഞലിഞ്ഞില്ലാതായി. 

     കണ്ണിലേക്ക് ഇടക്കിടെ വീണു വരുന്ന കുഞ്ഞുമുല്ലമൊട്ടുമാല പിന്നിലേക്കു മാടിയൊതുക്കി കുഞ്ഞിടവഴിയേ മുന്നേ മുന്നേ ഓടി ഓടി നടന്ന മീനുക്കൊച്ചിനോട്  അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഈ ഉത്സാഹം തിരികെ വരുമ്പോളും കാണണേ....... അപ്പുണ്ണിയേട്ടന് പണിയുണ്ടാക്കല്ലേ ...?"

     മീനുക്കൊച്ചിന് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ, അതു മനസ്സിലാക്കിയെന്നവണ്ണം വല്യേച്ചി ആദ്യേ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. 
കറുപ്പും, വെളുപ്പും, ചോപ്പും, നീലയും കളറുകളിൽ അടുക്കി അടുക്കി വച്ചിരിക്കുന്ന കുപ്പിവളകളും, വെള്ള, നീല, പച്ച, ചോപ്പ് നിറങ്ങളിൽ തൂങ്ങിയാടുന്ന മുത്തുമാലകളും ഉള്ള ചിന്തിക്കടയിലേക്ക്..
മീനുക്കൊച്ചിന്റെ കണ്ണഞ്ചിപ്പോയി!!!
ഹോ ......... എന്തോരം കുപ്പിവളകളാ.......ഹായ് ... മുത്തുമാലകളും,കല്ലുമാലകളും ഒക്കെ കാണാൻ എന്താ നല്ല ചേല്....  മീനുക്കൊച്ചന്നേരം മനസ്സിൽ ഒരു ശപഥം എടുത്തു.. " വല്യ കുട്ടിയാവുംപോ ഈ ചിന്തിക്കടക്കാരനെ കല്യാണം കഴിപ്പിച്ചു തരാൻ അമ്മോടു പറേണം". 
     ഓറഞ്ച് കുപ്പിവള കിട്ടാഞ്ഞാൽ വല്യേച്ചി ചൊവപ്പും, വെള്ളയും ഇടകലർത്തി പന്ത്രണ്ടു കുപ്പിവളകൾ ചിന്തിക്കടക്കാരന്റെ കൈയ്യിൽ കൊടുത്തു, അയാൾ മീനുക്കൊച്ചിന്റെ ഇടത്തേ കുഞ്ഞിക്കയ്യിൽ അവ അടുക്കടുക്കായി ഇട്ടു കൊടുത്തു. വലത്തേകൈയ്യിൽ ചൊവപ്പുനിറത്തിൽ കുഞ്ഞുകല്ലുകളുള്ള ഒരു കാപ്പുവള ഇത്തിരി പ്രയാസപ്പെട്ടു കയറ്റി ഇടവേ ലേശം ചോര പൊടിഞ്ഞതും ചിന്തിക്കടക്കാരൻ പെട്ടെന്നുതന്നെ അവിടിത്തിരി  ക്യൂട്ടെക്സ്  പുരട്ടിക്കൊടുത്തതും മീനുക്കൊച്ചിൽ അത്ഭുതം ഉളവാക്കി, ഒപ്പം കവലക്കത്തെ കമ്പോണ്ടർ കുഞ്ഞൂഞ്ഞു ഡോക്ടർടെ മഞ്ഞമരുന്നിന്റെ പോലത്തെ നീറ്റലേ ഇല്ലല്ലോന്നോർത്തു. മീനുക്കൊച്ചു മനസ്സിൽ പറഞ്ഞു " ഈ ചിന്തിക്കടക്കാരന് നല്ല ബുദ്ധി ആണല്ലോ ". 

കുഞ്ഞേച്ചീം, വല്യേച്ചീം കൊറേ വെള്ളക്കുപ്പിവള സെലക്ട് ചെയ്തെടുത്ത് വല്യേച്ചി
കുഞ്ഞേച്ചീടെ കാതിൽ മന്ത്രിച്ചു "വീട്ടില് പോയി കൈയ്യിൽ സോപ്പിട്ടു വള ഇട്ടാമതി". ചിന്തിക്കടക്കാരന്റെ " പെങ്ങന്മാരെ... പൊട്ടിക്കാതിട്ടു തരാമേ......" ന്നുള്ള ഉപദേശം വകവക്കാതെ വെള്ളക്കുപ്പിവളകൾ കുഞ്ഞേച്ചി പൊതിഞ്ഞു മേടിച്ചു. മീനുക്കൊച്ചിനു ചൊവന്ന മുത്തുമാലയും, ചൊവന്ന റിബണും കൂടി വല്യേച്ചി മേടിച്ചു കൊടുത്തതും അപ്പുണ്ണിയേട്ടൻ പറഞ്ഞു "മതി പിള്ളാരെ.. വാ.. ആളു കൂടണേനുമുന്നേ എവിടേലും സ്ഥലം പിടിച്ചിരിക്കെണ്ടേ....?"

കൊറേ ആളുകൾക്കു നടുവിൽ ഇത്തിരി സ്ഥലം പിടിച്ച് കൈയ്യിലുണ്ടായിരുന്ന പത്രപ്പേപ്പർ വിരിച്ച് അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഇവിടിരുന്നോ മക്കളേ... ഇവിടിരുന്നാൽ നല്ലോണം കാണാം".
കൈയ്യിലുണ്ടായിരുന്ന കപ്പലണ്ടിപൊതി മീനുക്കൊച്ചിന്റെ കൈയ്യിൽ കൊടുത്തുകൊണ്ട് അപ്പുണ്ണിയേട്ടൻ വല്യേച്ചിയോടായി പറഞ്ഞു 
" അപ്പുണ്ണിയേട്ടൻ ഇവിടെ അടുത്തു തന്നെയുണ്ടാവും ട്ടോ...."

     കപ്പലണ്ടി കൊറിച്ചു കൊറിച്ചിരുന്ന മീനുക്കൊച്ചു മുന്നോട്ടു നോക്കിയെങ്കിലും കൊറേപ്പേരുടെ തലയല്ലാതെ വേറൊന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ഇതൊന്നും കാണണമെന്ന് മീനുക്കൊച്ചിന് ആഗ്രഹവുമില്ല... ഇപ്പോൾ ഒറ്റ ഉദ്ധേശ്യം മാത്രം. " വേഗം വീട്ടിൽ പോവണം. കുഞ്ഞേച്ചി വാങ്ങിയ ആ ചൊവന്ന ക്യുട്ടെക്സ്  ഇടുവിച്ചു തരാൻ പറേണം, പിന്നെ ചൊവന്ന റിബ്ബണ് തന്റെ കുഞ്ഞിത്തലമുടിയിൽ രണ്ടു സൈഡിലായി കെട്ടി വച്ച് നിലക്കണ്ണാടീ നോക്കണം". 

     ആളും, ബഹളവും ഉച്ചഭാഷിണിയിൽ വരുന്ന പാട്ടും ഒന്നും മീനുക്കൊച്ചു 
ശ്രദ്ധിച്ചതേയില്ല. വല്യേച്ചിയുടെ  മടിയിലേക്ക് ചാഞ്ഞ് ചോവപ്പും, വെള്ളയും ഇടകലർത്തി തന്റെ കൈയ്യിൻമേലണിഞ്ഞിരിക്കുന്ന കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു... അതിന്റെ കിലുക്കം ...  മീനുക്കൊച്ചിന്റെ മനസ്സിൽ ആഹ്ലാദത്തിരകൾ അലയടിച്ചുയർത്തി. അവൾ വീണ്ടും വീണ്ടും കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു കിടക്കവേ കൊടുത്തു വല്യേച്ചി 
കുഞ്ഞിത്തുടയിലൊരു നുള്ള്. " ഉറങ്ങാനാണോ ഭാവം..... ഉറങ്ങിയാൽ ഞങ്ങളിവിടിട്ടേച്ചു പോകും... തീർച്ച " .  ഒരു കുഞ്ഞുറുമ്പ് കടിക്കുമ്പം തൂത്തുകളയണ ലാഘവത്തോടെ മീനുക്കൊച്ച് കൈകൊണ്ട് തൂത്ത് എണീറ്റ് നേരെ ഇരുന്നു. 
     തൊട്ടു പുറകിൽ നിന്ന് കേട്ടു പരിചയമുള്ള ആ കറ കറ ശബ്ദം!!
പുറകോട്ടു തിരിഞ്ഞു നോക്കിയ മീനുക്കൊച്ച് വല്യേച്ചിയെ തോണ്ടി വിളിച്ച് പുറകോട്ടു ചൂണ്ടിക്കാട്ടി കൊടുത്തു. വല്യേച്ചി കുഞ്ഞേച്ചീടെ ചെവിയിൽ എന്തോ മന്ത്രിച്ചു. കുഞ്ഞേച്ചി തലയിൽ കൈ വച്ചിരുന്നു. മീനുക്കൊച്ച് കുഞ്ഞേച്ചീടേം, വല്യേച്ചീടേം ഇടയിലൂടെ നിരങ്ങിയിറങ്ങി തല പുറകോട്ടു നീട്ടി നോക്കി.
     "അവർ " വലിയ ഒരു പായ നിവർത്തിയിട്ട് കാലും നീട്ടി ആ സ്ഥിരം കാണാറുള്ള കടും ചുവപ്പു ജംപറും, നീല കളം കൈലിയു  ധരിച്ച്, മുറുക്കിച്ചുവപ്പിച്ച് എണ്ണ വഴിയേ പോയിട്ടില്ലാത്ത തലമുടി ഉച്ചിയിൽ കെട്ടിവച്ച് ഉച്ചത്തിൽ എന്തൊക്കെയോ പുലമ്പുകയും, അവരുടെ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ആർത്തു ചിരിക്കയും ചെയ്യുന്നുണ്ട്. ഇടക്ക് അവരുടെ പായിൽ അറിയാതെ ചവിട്ടുന്നവരെ ചീത്ത പറയുന്നുമുണ്ട്. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി തലനീട്ടി അവരെ സൂക്ഷിച്ചു നോക്കി. അവർ മുന്നോട്ടൊക്കെ നോക്കിയിട്ടും തന്നെ കണ്ടിട്ടും വലിയ ലോഹ്യം ഒന്നും കാണിക്കുന്നില്ല. ആ കറ കറ ശബ്ദം കേട്ടിട്ട് കുഞ്ഞേച്ചി വല്യേച്ചിയോടു പറയണ കേട്ടു "പാറേൽ കല്ലിട്ടൊരക്കണ പോലെ" 

       പരിപാടി തുടങ്ങാൻ പോവുന്നു. ചൊവന്ന കർട്ടൻ ഉയർന്നു. ആരുടെയോ ബാലെ. ഒരു പെണ്ണ്  സ്റ്റേജിൽ ഡാൻസും തുടങ്ങി... മീനുക്കൊച്ചിനു മുന്നോട്ടു നോക്കീട്ടു കൊറേപ്പേരുടെ തല മാത്രം. എല്ലാരും തലപൊക്കി സ്റ്റേജിലോട്ടു നോക്കുന്നു..... തല പോക്കിനോക്കീട്ടും കാണാൻ പറ്റാഞ്ഞാൽ  മീനുക്കൊച്ചും എണീച്ചുനിന്നു. ഹായ്....... നല്ല രസോള്ള ഡാൻസ്... 
പെട്ടെന്നാണതു സംഭവിച്ചത് !! മീനുക്കൊച്ചിന്റെ തലയിൽ എന്തോകൊണ്ട് ഒരടി കിട്ടിയതും അതിന്റെ നാറ്റം മൂക്കിലേക്കടിച്ചു കയറിയതും മീനുക്കൊച്ചറിയാതെ  ഒരു ഓക്കാനം തൊണ്ടയിൽ വന്നതും വല്യേച്ചി പിടിച്ചു മടിയിലിരുത്തിയതും പെട്ടെന്നു തന്നെ. 
മീനുക്കൊച്ചിനൊന്നും പിടികിട്ടിയല്ല. ഡാൻസു തകർക്കുമ്പോൾ വീണ്ടും അതേ നാറ്റം... അന്തരീക്ഷത്തിൽ ആഞ്ഞടിക്കും പോലെ..... പുറകിൽ ഒരട്ടഹാസം.... മീനുക്കൊച്ച് വീണ്ടും വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങിനീങ്ങി തല പുറകോട്ടു നീട്ടി അട്ടഹാസം കേൾക്കുന്നിടത്തെക്ക് നോക്കി.  അതേ... അവർ തന്നെ........ ആ " അഴകി ".   അട്ടഹാസം അഴകിയുടേത് തന്നെ.. .. ഉച്ചത്തിൽ അലറി മുന്നിലിരിക്കുന്ന പാവപ്പെട്ട പ്രജകളോട് ഇപ്രകാരം ആഞ്ജാപിക്കയാണ് " താണിരിക്കുന്നുണ്ടോ.... പുറകിലിരിക്കുന്നവർ നിന്റെയൊക്കെ തല കാണാനല്ല ഇവിടെ വന്നിരിക്കുന്നത്". എന്നിട്ടോ തന്റെ മുഴിഞ്ഞു നാറിയ തോർത്തിട്ട്  മുന്നിലിരുന്നു തലപൊക്കി മുന്നോട്ടു നോക്കുന്ന പ്രജകളുടെ തലക്കിട്ടു നോക്കി പ്രഹരിക്കയാണ്. 
സിംഹാസനം പിടിച്ചടക്കിയ ഒരു രാജാവിനെപ്പോലെ തോന്നിപ്പിച്ചു മീനുക്കൊച്ചിന് അഴകീഭാവം കണ്ടിട്ട്. എന്നാലും ഇടക്കിടെ ഉള്ള അട്ടഹാസങ്ങളും, മുഴിഞ്ഞു നാറിയ തോർത്തിന്റെ പ്രഹരവും, കറ കറ ശബ്ദത്തിലെ തൊള്ള പറച്ചിലും.. .... എല്ലാം കൂടെ മീനുക്കൊച്ചിനാകെ മടുപ്പു തോന്നി. 


മീനുക്കൊച്ച് വല്യേച്ചീടെ അടുത്തു ചിണുങ്ങാൻ തുടങ്ങി " വല്യേച്ചീ..... ഒറക്കം വരണൂ.... നമുക്കു പോവാം. ..."
വല്യേച്ചി കൊടുത്തു ചെറിയൊരു കിഴുക്ക് മീനുക്കൊച്ചിന്റെ തുടക്കിട്ടു നോക്കി എന്നിട്ടു പറഞ്ഞു " മിണ്ടാതിരുന്നോ ..  ഇതിനാണേൽ നീ എന്തിനാ വന്നെ? അപ്പുണ്ണിയേട്ടൻ വന്നു വിളിക്കാതെ ഈ രാത്രി നമ്മളെങ്ങനാ പോവ്വാ?"
മീനുക്കൊച്ചിനു കരച്ചിൽ വന്നെങ്കിലും വാ പൊളിച്ചില്ല. 
   ഇടക്കിടെ അഴകിയുടെ കറ കറ ശബ്ദം കേൾക്കുമ്പോൾ മീനുക്കൊച്ച് തലനീട്ടി പുറകോട്ടു നോക്കും. എങ്കിലും ആ തോർത്തിന്റെ നാറ്റം മീനുക്കൊച്ചിന് ഉള്ളിൽ ഒരു തേട്ടൽ വന്നു. മീനുക്കൊച്ച് വല്യേച്ചീടെ മടിയിൽ ചാരിക്കിടന്ന് മെല്ലെ കുഞ്ഞിക്കിളിയുടെ പാട്ടു പാടി. പിന്നെ ചോവപ്പും, വെള്ളയും കുപ്പിവളകൾ കിലുക്കി നോക്കി, ഇപ്പൊ ചെല്ലുമ്പൊ തന്നെ ചോന്ന ക്യുട്ടെക്സ് ഇട്ടു തര്വോ ന്ന് കുഞ്ഞേച്ചിയോട് കെഞ്ചി ചോയിക്കണം ന്ന് മനസ്സിലുറപ്പിച്ചു. 

     സ്റ്റേജിൽ ബാലെ തകർക്കുന്നു. പുറകിൽ ആകെ ഒരു നിശബ്ദത!! കറ
കറ ശബ്ദം കേൾക്കുന്നെയില്ല!!!!! മുഴിഞ്ഞു നാറിയ തോർത്തിന്റെ ഗന്ധവും ഇല്ല. മീനുക്കൊച്ചിന് ആകാംക്ഷ വർദ്ധിച്ചു. വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങി നീങ്ങി പുറകോട്ടു കഴുത്തു നീട്ടി സൂക്ഷിച്ച് നോക്കി.. ഈശ്വരാ....!!!!!! തനെന്തായീ ..... കാണുന്നെ? മീനുക്കൊച്ചിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

     ആർത്ത് ചിരിച്ചും, ബഹളം വച്ചും പുറകിൽ  ബാലെ വീക്ഷിച്ചിരുന്ന അഴകി സിംഹാസനം നഷ്ടപ്പെട്ട രാജാവു കണക്കെ പായുടെ ഒരു മൂലയിൽ തന്റെ മുഷിഞ്ഞു നാറിയ തോർത്തും പുതച്ചു ചുരുണ്ടു കൂടിക്കിടന്നു സുഖമായുറങ്ങുന്നു. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി ചെവിയോർത്തു.....  ഇപ്പോൾ കറ കറ ശബ്ദത്തിനു പകരം അഴകി ഗിർ..... ഗിർ..... എന്ന ശബ്ദത്തോടെ കൂർക്കം വലിക്കുന്നു. മീനുക്കൊച്ചിനു തെല്ലാശ്വാസം തോന്നി .
മീനുക്കൊച്ച് വീണ്ടും നിരങ്ങി വല്യേച്ചിയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോഴും അഴകിയുടെ കൂർക്കം വലിയുടെ 'ഗിർ ഗിർ ' ശബ്ദം കാതുകളെ വല്ലാതെ അലോസരപ്പെടുത്തി .  അപ്പോഴും ബാലെ തുടരുന്നു. 
-------------------------------------------------///////------------------------------------------     
ഇപ്പോൾ ഉത്സവപ്പറമ്പിൽ മീനുക്കൊച്ചും, വല്യേച്ചീം, കുഞ്ഞേച്ചീം പിന്നെ അപ്പുണ്ണിയേട്ടൻ മുണ്ടും മടക്കിക്കുത്തി, തലേക്കെട്ടും കെട്ടി, ടോർച്ചും പിടിച്ചു നില്പുണ്ട്. അപ്പുണ്ണിയേട്ടൻ ഇടക്കിടെ പറയണൊണ്ട് "ഒറങ്ങിപ്പോവല്ലേ..ഇപ്പം ബാലെ തൊടങ്ങുവേ.....
മീനുക്കൊച്ച് ഉറങ്ങാതെ കണ്ണും തള്ളിച്ച് സ്റ്റേജിലേക്ക് നോക്കി ഒറ്റയിരിപ്പ്. മുന്നിൽ കൊറേ തലകളൊന്നുമില്ല ..... തങ്ങൾ മാത്രം. താനും, വല്യേച്ചീം, കുഞ്ഞേച്ചീം, അപ്പുണ്ണിയേട്ടനും.
    ചൊവന്ന കർട്ടൻ പൊങ്ങിത്തുടങ്ങി. മീനുക്കൊച്ച് അന്തം വിട്ട് കണ്ണു മിഴിച്ച് 
സ്റ്റേജിലോട്ടു നോക്കി. മീനുക്കൊച്ച് കാറിക്കരയാനായി വാപൊളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല ........ അതെ ...അവിടെ ...അവർ ..തന്നെ ... അഴകി....... ആർത്തട്ടഹസിക്കുന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി കറ കറ ശബ്ദത്തിൽ എന്തെല്ലാമോ പറയുന്നു.
വീണ്ടും സൂക്ഷിച്ചു നോക്കിയ മീനുക്കൊച്ച് ഞെട്ടിപ്പോയി!!! അഴകി തന്റെ മുഴിഞ്ഞുനാറിയ ആ തോർത്ത് ചുഴറ്റിയെറിയുന്നു.... അതു തങ്ങളെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. മീനുക്കൊച്ച് സർവശക്തിയിലും വിളിച്ചുനോക്കി 
"വല്യേച്ചീ.... ഓടിക്കോ .... "
 അപ്പുണ്ണിയേട്ടൻ ചോദിച്ചു " മീനുക്കൊച്ചേ..... നീ എന്താ... ഒറക്കത്തിൽ 
പിറുപിറുക്കണേ".
മീനുക്കൊച്ച് മെല്ലെ കണ്ണുചിമ്മി തുറന്നു. അപ്പുണ്ണിയേട്ടന്റെ പാരഗണ് ചപ്പലിന്റെ 'ടപ്പ് ടപ്പ് ' ന്നുള്ള  ശബ്ദത്തിനൊപ്പിച്ച് മീനുക്കൊച്ചും ഒരു താളത്തിൽ തുള്ളി അപ്പുണ്ണിയേട്ടന്റെ തോളിൽ...  അപ്പുണ്ണിയേട്ടന്റെ തോളിലൂടെ പുറകിലേക്ക് നീട്ടിയിട്ടിരിക്കുന്ന തന്റെ കൈകളിലേക്ക് മീനുക്കൊച്ച് സൂക്ഷിച്ചു നോക്കി. ചോവപ്പും, വെള്ളയും കുപ്പിവളകളും, ചോന്ന കാപ്പും എല്ലാം കൈയ്യിൻ മേലുണ്ട്. മീനുക്കൊച്ച് ചിണുങ്ങാൻ തുടങ്ങി.
"വല്യേച്ചീ എന്റെ ചോന്ന മുത്തുമാലയും, ചോന്ന റിബ്ബണും "
വല്യേച്ചി ദേഷ്യപ്പെട്ടു  " പാവം അപ്പുണ്ണിയേട്ടനെക്കൊണ്ടു ചുമ്മിക്കാനല്ലേ നീ ഞങ്ങളുടെ പിറകെ വന്നെ..... അവളെ താഴെ നിർത്തൂ അപ്പുണ്ണിയേട്ടാ.. ഇനി നടക്കട്ടെ ". 

     അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ ഒന്നൂടെ അടുക്കി തോളിലേക്ക് കിടത്തി നടത്തത്തിന് വേഗം കൂട്ടുന്നതിനിടയിൽ പറഞ്ഞു " നല്ല കാര്യായി, ഇവളെ നടത്തിക്കൊണ്ടു പോയാൽ നേരം  വെളുത്താലും  അങ്ങു ചെന്നു പറ്റില്ല ".

കുഞ്ഞേച്ചി അപ്പുണ്ണിയേട്ടനോട് പറഞ്ഞു " അടുത്ത ഉത്സവത്തിന് ഇവളെ കൊണ്ടുപോവരുത് അപ്പുണ്ണിയേട്ടാ ചുമ്മാ ഒറങ്ങാൻ ".
അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഒറപ്പ്, അടുത്ത ഉത്സവത്തിന് ഇവളെ കൂട്ടണ്ട ".
കുഞ്ഞേച്ചി ചോയിച്ചു " ഇവൾ കാറിക്കരഞ്ഞാൽ എന്തു ചെയ്യും??
" ഒരു വഴിയുണ്ട് " അപ്പുണ്ണിയേട്ടൻ
" അതെന്താ??" കുഞ്ഞേച്ചി ചോയിച്ചു
" ഇവളു കാറിക്കരഞ്ഞാൽ കാന്താരി രണ്ടു പറിച്ച് ഉടച്ചിവളുടെ  വായിൽ തേച്ചു കൊടുക്കണം".
ഹഹ...... ഹഹ .......ഹഹഹ .........
കുഞ്ഞേച്ചീം ,വല്യേച്ചീം , അപ്പുണ്ണിയേട്ടനും കൂടി ചിരിക്കാൻ തുടങ്ങി. മീനുക്കൊച്ച് അതു കേട്ടിട്ടും കാറിക്കരയാനെ പോയില്ല. അതൊക്കെ അപ്പുണ്ണിയേട്ടൻ ചുമ്മാ പറേണതാന്നറിയാം, അടുത്ത ഉത്സവത്തിന് അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ കൊണ്ടുപോവുമെന്നും അറിയാം. 

അപ്പുണ്ണിയേട്ടന്റെ കഴുത്തിൽ മുറുക്കിച്ചുറ്റിപ്പിടിച്ചിരിക്കുംപോഴും മീനുക്കൊച്ചിന്റെ ചിന്ത മുഴുവൻ മറ്റൊരു വഴിക്കായിരുന്നു. 
" അപ്പുണ്ണിയേട്ടൻ ഒന്നൂടെ വേഗം നടന്നിരുന്നെങ്കിൽ... ചെന്നാലുടനെ ഓടിച്ചെന്ന് അമ്മോടു പറേണം . മീനുക്കൊച്ച് ശപഥം ചെയ്തു ' ഇനി അഴകി അമ്മാ...... ന്നു വിളിച്ച് വീട്ടില് വരുമ്പം അമ്മ ചിരിക്കണ്ടാ ന്നു പറേണം, ലോഹ്യോം  ചോയിക്കണ്ട, ദാഹിക്കുന്നൂ ന്ന് പറഞ്ഞാൽ കഞ്ഞിവെള്ളം കൊടുക്കണ്ട, അരക്കാൻ തേങ്ങാ ചോയിച്ചാലും കൊടുക്കണ്ടാ, മുറ്റത്ത് കളിച്ചു നടക്കണ മീനുക്കൊച്ചിനെ കണ്ടാൽ അമ്മേടെ മുന്നേ വച്ച് ' മുത്തേ എന്താ കളിക്കണേ ന്ന് ചോയിച്ചു അഴകി താടിക്ക് പിടിക്കാൻ വന്നാൽ കൈ തട്ടി മാറ്റി ഓടണം.. അഴകിക്കൊരു സ്നേഹോമില്ല അമ്മോട്, ഒണ്ടാരുന്നെൽ അഴകി മീനുക്കൊച്ചിന്റെ തലക്കിട്ടു ആ മുഴിഞ്ഞു നാറിയ തോർത്തിട്ടടിക്കുമോ ??
ഹോ....... ഓർക്കുമ്പോൾ മീനുക്കൊച്ചിനു തേട്ടി വന്നു. 

***********************************************************************************