Saturday 4 April 2015

വിഷുക്കാലം

      കണിക്കൊന്നപൂക്കൾ  നിറഞ്ഞ മറ്റൊരു വിഷുക്കാലം കൂടി വരവായി. സമൃദ്ധിയെ വരവേറ്റുകൊണ്ടുള്ള വിഷുക്കാലം. ഓരോ വിഷുക്കാലവും പ്രതീക്ഷയും, സന്തോഷവും നല്കുന്നുവെങ്കിലും  എനിക്ക് വിഷുക്കാലങ്ങൾ  സങ്കടങ്ങളുടെതു  കൂടിയാണ്. 
     മരണം ജീവിതത്തിന്റെ അനിവാര്യഘടകമാണെന്നു  വരികിലും പ്രിയപ്പെട്ടവരുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നു. അതും ഇതുപോലെയുള്ള വിശേഷദിവസങ്ങളിലായാലോ? അതു നമ്മിൽ പഴയ കുറെ ഓർമ്മകളെ തട്ടിയുണർത്തിവിടും. 
          ഒരു റിപ്പബ്ലിക് ഡേയിൽ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ പിരിഞ്ഞു പോയി. അങ്ങനെ ജനുവരി 26 അച്ഛന്റെ ഓർമ്മദിനം കൂടിയായി. ഒരു ജൂണ്മാസകാലത്ത് നിനച്ചിരിക്കാതെ ആരോടും യാത്ര പോലും പറയാതെ ഞങ്ങളുടെ എല്ലാമായിരുന്ന വല്യേട്ടൻ ഞങ്ങളെ വിട്ടുപോയി. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഒരിറ്റു പ്രതീക്ഷയുമായി മരണം വരെയും " ഒരുനാൾ മകൻ തിരിച്ചു വരും" എന്ന് പറഞ്ഞു കാത്തിരുന്ന ഞങ്ങളുടെ അമ്മ. ഒരു വിഷുനാളിൽ അമ്മയും യാത്രയായി. അങ്ങനെ വിഷുനാളുകൾ ഞങ്ങൾക്ക് അമ്മയുടെ ഓർമ്മദിനം കൂടിയായി. 
ഈ വിഷുക്കാലം എന്റെ സങ്കടങ്ങൾ പറഞ്ഞ് ഞാൻ  നിങ്ങളെ  വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ!! 
   ഓരോ വിശേഷദിവസങ്ങളും കടന്നു വരുമ്പോൾ എന്റെ ഓർമ്മകൾ മുഴുവൻ ഇവരെ മൂവരെയും ചുറ്റിപ്പറ്റിയുള്ള സുന്ദരമായ ഓർമ്മകൾ തന്നെ. തലേന്ന് രാത്രിയിലേ കണി ഒരുക്കിവച്ച് രാവിലെ വിളക്കു കൊളുത്തി കണി കാണിച്ചു തരുന്ന അമ്മ, അമ്പതു പൈസ, ഒരുരൂപതുട്ട്, ഇങ്ങനെ ഞങ്ങൾക്ക് വിഷുക്കൈനീട്ടം  നല്കുമായിരുന്ന അച്ഛൻ, ഒരിക്കൽ അഞ്ഞൂറ് രൂപാ നോട്ട് വല്യേട്ടൻ വിഷുക്കൈനീട്ടമായി കൈയിൽ വച്ചുതന്നപ്പോൾ പതിനെട്ടു വയസ്സിന്റെ പ്രായം മറന്ന് സന്തോഷം കൊണ്ടു തുള്ളിച്ചാടിപ്പോയ ഞാൻ. 
എല്ലാ വിഷുനാളിലും അമ്മ വാഴയിലയിൽ വിഷു അടയും, പിന്നെ കിണ്ണത്തപ്പവും ഉണ്ടാക്കിത്തന്നു. പുതിയ സ്ഥലത്തു വന്നപ്പോൾ അവിടത്തെ രീതിയിൽ കുമ്പിളിലയിൽ കുമ്പിളപ്പം ആയി വിഷു സ്പെഷ്യൽ. ഇങ്ങനെ ഓർമ്മകൾ നിരവധിയാണ്.  നാട്ടിലുള്ള എന്റെ മോന് ഇലയടയും, കുമ്പിളപ്പവും, പിന്നെ വിഷുക്കണിയും, വിഷുക്കൈനീട്ടവും എല്ലാം പ്രിയപ്പെട്ടതു തന്നെ. ഈ വിഷുക്കാലം ഞാൻ അവനോടൊപ്പം ചിലവഴിക്കാൻ പോകുന്നു. 
എന്റെ എല്ലാ കൂട്ടുകാർക്കും  സമൃദ്ധിയുടെയും, നന്മയുടെയും, സമാധാനത്തിന്റെയും വിഷു ആശംസകൾ. നല്ലൊരു നാളെക്കുള്ള ശുഭപ്രതീക്ഷയോടെ, 
സ്നേഹപൂർവം ഗീതാ ഓമനക്കുട്ടൻ. 

11 comments:

  1. മുന്‍‌കൂര്‍ വിഷു ആശംസകള്‍.

    ReplyDelete
  2. ആശംസകള്‍!

    ReplyDelete
  3. ശുഭയാത്ര... വിഷു ആശംസകൾ...

    ReplyDelete
  4. ഐശ്വര്യസമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍

    ReplyDelete
  5. ഐശ്വര്യത്തിന്‍റേയും സമ്പല്‍സമൃദ്ധിയുടെയും ഒരു വര്‍ഷമായിരിക്കട്ടെ... വിഷു ആശംസകൾ.!!
    ദുഃഖങ്ങളാണെങ്കിലും വളരെ നന്നായി എഴുതി..

    ReplyDelete
  6. ഗീത, വിഷു ആശംസകൾ...

    ReplyDelete
  7. മാർച് 28ന് മലപ്പുറത്ത് നിന്ന് ഒരു ജൈവ കർഷകൻ പറഞ്ഞു...യഥാർത്ഥ വിഷുവം മറ്റന്നാളാ (മാർച്ച് 30 ഒർ 31 ).കൊന്ന കറക്ട് പൂത്തത് കണ്ടില്ലേ....നാം യൂണിവേഴ്സിറ്റിയിൽ പോയി , കൊന്ന യൂണിവേഴ്സിറ്റിയിൽ പോയില്ല.അത്രയേ ഉള്ളൂ വ്യത്യാസം!!!

    ReplyDelete
  8. ആഘോഷങ്ങൾ ഓർമ്മകളുടേതുകൂടിയാണ്......

    ReplyDelete
  9. ഓര്‍മ്മകളില്‍ കൂടിയൊരു വിഷുക്കാലം കൂടി . ആശംസകള്‍ .

    ReplyDelete
  10. വിഷു ആശംസകൾ ചേച്ചി.....

    ReplyDelete
  11. ആര് പറഞ്ഞു എഴുതാനറിയില്ലെന്നു

    ReplyDelete