Saturday 14 November 2020

വളവും വളയത്തിലെ ചില അഭ്യാസങ്ങളും ...


തീരെച്ചെറുപ്പത്തിൽ വളരെ ആരാധനയോടെ നോക്കിക്കണ്ട രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു മൂപ്പരും ഞങ്ങളുടെ വഴിയേ ഓടിക്കൊണ്ടിരുന്ന ഒരേയൊരു ബസ്സായ  പ്രിൻസ്ബസ്സിന്റെ ഡ്രൈവറും .   മൂപ്പർ ആരാണെന്നു മറ്റൊരു കഥയിലൂടെ പറയാം ട്ടോ .. വല്ലപ്പോഴും ഒക്കെയേ ഈ പ്രിൻസ് ബസ്സിൽ കയറി യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളൂ .  ഇന്നത്തെ  ബിമാനയാത്ര അല്ലെങ്കിൽ വല്ല ഷിപ്പിലോ മറ്റോ യാത്ര ചെയ്യാൻ പോവുന്നതു മാതിരിയുള്ള കൗതുകവും ആഹ്ലാദവുമായിരുന്നു അന്നത്തെ പ്രിൻസ്ബസ്സിലെ  യാത്ര .


ഞങ്ങളുടെ 'അമ്മ അപൂർവം ചില സന്ദർഭങ്ങളിൽ അടുക്കളയിൽ നിന്നൊരു മോചനം നേടി ടൗണിലേക്കൊരു യാത്രയുണ്ടാവും . 'അമ്മ സ്വരുക്കൂട്ടിവച്ച ചില ചില്ലറത്തുട്ടുകൾ ഇമ്മിണി തരക്കേടില്ലാത്ത ഒരു തുകയായാൽ "കുമാർജീടെ "( സ്ഥലത്തെ  പ്രധാന സ്വർണ്ണപ്പണിക്കാരൻ ) കടയിലേക്കാവും  ആപോക്ക് . അഞ്ചാറു പെൺകുഞ്ഞുങ്ങൾ ഇങ്ങനെ പുരനിറഞ്ഞു നിൽക്കുമ്പോൾ അമ്മമാർക്കുണ്ടാവുന്ന വേവലാതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ...  തിരിച്ചു വരുമ്പോൾ മൂത്തവർക്കാർക്കെങ്കിലും ഒരു വളയോ  ലോക്കറ്റോ  കമ്മലോ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാവും ... അതാർക്കായാലും ഞങ്ങൾ മക്കൾക്കെല്ലാവർക്കും സന്തോഷമാവും . പിന്നെ അതു സ്വന്തമായിക്കിട്ടുന്നവർക്ക് ഇത്തിരി ആഹ്ലാദം കൂടുതലുണ്ടാവും ... അത്രേയുള്ളൂ വ്യത്യാസം .


ചില സന്ദർഭങ്ങളിൽ അത്യാവശ്യം വാശിപിടിച്ചും കരഞ്ഞും ഒക്കെ അമ്മയെ ശല്യം ചെയ്താൽ ഏറ്റവും ഇളയകുട്ടി എന്ന ചെറിയൊരു പരിഗണനയിൽ ആ യാത്രയിൽ എന്നെക്കൂടി കൂട്ടാൻ 'അമ്മ സന്മനസ്സു കാണിക്കും .  അനുവാദം കിട്ടിയാൽ പിന്നെ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് . വേഗം റെഡിയാകും . പക്ഷേ അമ്മയാവട്ടെ പത്തുമണിക്കാണ് ബസ്സെങ്കിൽ പത്തുമണിക്ക് പത്തുമിനിറ്റ് മുന്നേവരെ ഓരോ പണികൾ ചെയ്തിങ്ങനെ നടക്കും . ഒടുക്കം 'അമ്മ സാരിചുറ്റാൻ തുടങ്ങുമ്പോഴാവും പ്രിൻസ്ബസ്സിന്റെ ഇരപ്പ്  കേൾക്കാം . അപ്പോൾ വീട്ടിൽ വല്യൊരു ബഹളമാണ് ..." അയ്യോ ബസ്സു വരുന്നേ .... അമ്മായിതുവരെ ഒരുങ്ങിയില്ലേ.." എന്നൊക്കെ .  പ്രിൻസ്ബസ്സ്  " കല്യാണിമുക്കിൽ "  ( ഞങ്ങളുടെ സ്റ്റോപ്പിന്റെ പേര് ) കൊണ്ടു നിർത്തി നീട്ടി ഹോണടിക്കും . അപ്പൊ ആരെങ്കിലും മുറ്റത്തിറങ്ങിനിന്ന് ഉച്ചത്തിൽ നീട്ടിപ്പറയും " ആളൊണ്ടേ ....പോകല്ലേ ...."  എന്ന് . ഞങ്ങളുടെ വീട്ടിൽനിന്ന് കുറച്ചുവഴി .... പിന്നൊരു തോടും കടന്ന്‌  മുകളിൽ കയറിച്ചെല്ലണം ബസ്സ് സ്റ്റോപ്പിലേക്ക് .    പിന്നെ 'അമ്മ സൂപ്പർഫാസ്റ്റിനേക്കാൾ വേഗത്തിൽ ബസ്സ്സ്റ്റോപ്പിലോട്ടൊരു പാച്ചിലാണ് .  ഞാൻ വാലുപോലെ പിറകേയും ... അന്നത്തെ ബസ്സുകാർ ഇന്നത്തെ ബസ്സുകാരെപ്പോലെ ആവേശവും മത്സരവും പരക്കംപാച്ചിലും  ഒന്നും ഉണ്ടായിരുന്ന ആൾക്കാരായിരുന്നില്ല . വളരെ ക്ഷമയും സഹനശക്തിയും ശാന്തസ്വഭാവവുമുള്ളവരായിരുന്നു . 


അങ്ങനെ ഓടിയണച്ച് ഞങ്ങൾ ബസ്സ്സ്റ്റോപ്പിൽ  ചെല്ലുമ്പോൾ ബസ്സിന്റെ വാതിൽപ്പടിയിൽ നിൽക്കുന്ന കിളി ഒരു ചോദ്യമെറിയും " എന്റമ്മച്ചീ ... ഇത്തിരി നേരത്തേ  ഇറങ്ങിയാൽ എന്താ കുഴപ്പം ...." ഒപ്പം അയാൾ എന്നെ എടുത്തു ബസ്സിനകത്തോട്ടു വയ്ക്കും . പിന്നെ എന്റെ വക ഒരു ജഗപൊകയുണ്ടാവും ബസ്സിനുള്ളിൽ . ബെല്ലടിച്ചു വണ്ടിനീങ്ങാൻ തുടങ്ങുംമുന്പേ  ഏതുവിധേനയും  പാഞ്ഞു ഡ്രൈവറുടെ സീറ്റിന്റെ ഇടത്തേസൈഡിലെ  പെട്ടിപ്പുറത്തു ഇരിപ്പുറപ്പിക്കുക . പിറകിലൊക്കെ സീറ്റുണ്ടാവും ........പിറകീന്നു അമ്മേടെ നീട്ടിവിളിയും വരും ... ഞാനപ്പോഴേക്കും പെട്ടിപ്പുറംസീറ്റു  കരസ്ഥമാക്കിയിരിക്കും .  പിന്നെ 'അമ്മ ഇടയ്ക്കിടെ പറഞ്ഞോണ്ടിരിക്കും "  വീഴല്ലേ ... മുറുക്കെപ്പിടിച്ചിരുന്നോണേ ...."  ഞാൻ സൈഡിലുള്ള കമ്പിയിലും മറ്റും കൈയും കാലുമെല്ലാം വച്ച് മുറുക്കെപ്പിടിച്ചിരുന്നുകൊണ്ട്  ( അത്ര നല്ല വഴിയാണ് )  ഡ്രൈവറുചേട്ടനെ  സാകൂതം വീക്ഷിക്കും . ഈശ്വരാ ...!! പുള്ളിക്കാരൻ ആ സീറ്റിലിരുന്ന്  സ്റ്റിയറിങ്ങിൽ കാണിക്കുന്ന അഭ്യാസങ്ങൾ എന്നെ അത്ഭുതപരതന്ത്രയാക്കും . പിന്നെ അതൊരു ആരാധനയായി മാറും .  പിന്നെ ഇടയ്ക്കിടെ ചില സ്റ്റോപ്പുകളിലൊക്കെ ഞങ്ങടെ സ്റ്റോപ്പിലെ പതിവുരീതി ആവർത്തിക്കാറുണ്ട് കേട്ടോ .. അങ്ങനെ വല്ലപ്പോഴുമുള്ള  ബസ്സ്‌യാത്രയും  പെട്ടിപ്പുറംസീറ്റുപിടുത്തവും  ഡ്രൈവറുചേട്ടന്റെ അഭ്യാസങ്ങൾ കണ്ടന്തംവിട്ടിരിക്കുന്നതും  എനിക്കൊരു ഹരം തന്നെയായിരുന്നു കുഞ്ഞുന്നാളുകളിൽ .  ആ  പ്രായത്തിലൊക്കെ ടീച്ചർമാരും പിന്നെ വീട്ടിലുള്ളവരും ഒക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ … " ഭാവിയിൽ  ആരാകാനാണ് ആഗ്രഹം ...?"  എന്റെ വല്യച്ഛൻ ( അമ്മയുടെ ചേച്ചിയുടെ ഭർത്താവ്‌ )  ഇടക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞങ്ങൾ ചെറിയകുട്ടികൾ  വല്യച്ചനു ചുറ്റും കൂടും . വല്യച്ഛൻ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും ഒക്കെ ഞങ്ങളെ രസിപ്പിക്കും . ഞാനും എന്റെ നേരെമൂത്ത ഏട്ടനും പിന്നെ എന്റെ കസിൻചേട്ടനും  ചേച്ചിയും ... ഞങ്ങൾ നാലുപേരായിരുന്നു കൂട്ടുകെട്ട് .  വല്യച്ഛൻ പാട്ടുപാടും ... കഥ പറയും . ഒരിക്കൽ വല്യച്ഛൻ ഞങ്ങളോടിതേ ചോദ്യം ചോദിച്ചു .. "  വലുതാകുമ്പോൾ ആരാകാനാണ് മക്കളേ നിങ്ങളുടെ ആഗ്രഹം ..?"   അവരൊക്കെ ഡോക്ടർ .... എൻജിനീയർ ... ടീച്ചർ ... ഇങ്ങനെയുള്ള അവരുടെ സ്വപ്‌നങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു . കൂട്ടത്തിൽ ഏറ്റവും ഇളയതായ എന്നെ വല്യച്ഛൻ മാത്രം ഓമനപ്പേരിട്ടുവിളിക്കുന്ന ആ വിളിയോടെ ചോദിച്ചു "  ടീ ..കല്യാണിക്കുട്ടീ .. നിനക്കാരാകാനാ ആഗ്രഹം ...?"  ഞാൻ വല്യ ഗമയിൽ കാച്ചി "  മൂപ്പർ ..."  അപ്പോൾ അവരെല്ലാം കളിയാക്കി ചിരിച്ചു . അപ്പോൾ ഞാൻ താമസിയാതെ പറഞ്ഞു " ഡ്രൈവർ ....."  അപ്പോഴേക്കും വല്യച്ഛനുൾപ്പടെ എല്ലാരുംചേർന്ന്  ഉച്ചത്തിൽ കൂട്ടച്ചിരിയായി . വല്യച്ഛൻ എന്റെ ചെവിയിൽ ചെറിയ കിഴുക്കുതന്നോണ്ടു പറഞ്ഞു " മണ്ടീ .... പെൺപിള്ളാരു വല്ലോം മൂപ്പരോ ഡ്രൈവറോ ആകുവോ ..." 

അപ്പോഴേയ്ക്കും ഏട്ടനും കൂട്ടരും ആർത്തുചിരിയും  കളിയാക്കലും തുടങ്ങിയിരുന്നു . വല്യച്ഛൻ ചെവിയിലെ കിഴുക്കൽ സോഫ്റ്റാക്കിക്കൊണ്ടു പറഞ്ഞു " ടീച്ചറാവണം .. ന്നു പറയെടീ ... " .  ഞാനപ്പോൾ മോങ്ങലിന്റെ പരുവത്തിൽ പറഞ്ഞു "  വേണ്ടാ ... എനിക്കു ഡ്രൈവറായാൽ മതി ... "  അവരെല്ലാം ചേർന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു .  പാവം വല്യച്ഛൻ ഇന്നു ജീവിച്ചിരിപ്പില്ല . 


പിന്നീട് കളികൾക്കിടയിലും ഒക്കെ ഏട്ടനും കൂട്ടരും എന്നെ മൂപ്പരെന്നും ഡ്രൈവറെന്നും ഒക്കെ വിളിച്ചു പരിഹസിച്ചിരുന്നു . അതൊന്നും എന്നെ തളർത്തിയില്ലെന്നു മാത്രമല്ല ആ ആഗ്രഹം എന്റെ മനസ്സിന്റെ ഉള്ളിൽ പതിഞ്ഞു കിടന്നു .  വലുതാവുംതോറും ആഗ്രഹങ്ങളൊക്കെ മാറിമറിഞ്ഞു വന്നുവെങ്കിലും ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ഇങ്ങനെ ഇടയ്ക്കിടെ മനസ്സിൽ തോന്നിയിരുന്നു . അങ്ങനെ വിവാഹശേഷം ഒരിക്കൽ ഭർത്താവ്‌ പൊടുന്നനെയാണ്  " നീ പോയി ഡ്രൈവിങ്ങിനു ചേരൂ ... അത്യാവശ്യം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഒന്നുപോവാൻ നല്ലതല്ലേ ..."  എന്നു പറഞ്ഞത്‌ .  രോഗി ഇഛിച്ചതും  വൈദ്യൻ കല്പിച്ചതും ഒരുപോലെ ... എന്നപോലെയായി . 


അങ്ങനെ ഒരുപാടു ശിഷ്യഗണങ്ങളുള്ള സമർത്ഥനായ ഒരു ആശാന്റെ അടുത്ത് ഡ്രൈവിംഗ് പഠനത്തിനായി ചേർന്നു .  ക്ലാസ്സ്‌ തുടങ്ങിയ ആദ്യദിവസം ആശാന്റെ കാലിൽവീണു  പ്രണമിച്ചുകൊണ്ട് " എന്നെ അനുഗ്രഹിക്കൂ ..."  എന്നു പറഞ്ഞപ്പോൾ ആശാൻ സത്യത്തിൽ അത്ഭുതപ്പെട്ടു . ആദ്യമായാണ് ഒരു ശിഷ്യ ഇങ്ങനെ ചെയ്യുന്നത് എന്നുപറഞ്ഞ് എന്റെ വിനയകുനിമയിൽ അങ്ങേയറ്റം ആഹ്ലാദവാനായി എന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചുകൊണ്ട് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങി . 


വല്യകുഴപ്പമില്ലാതെ ക്ലച്ചും ഗിയറും ബ്രേക്കും ഒക്കെ എങ്ങനെ പ്രയോഗിക്കണമെന്നും ഇടത്തോട്ടും വലത്തോട്ടും ഒക്കെ തിരിയണമെങ്കിൽ എന്തൊക്കെ ചിഹ്നങ്ങൾ കാണിക്കണമെന്നും ( അന്നൊക്കെ ഇൻഡിക്കേറ്റർ ഇട്ടാലും കൈ പുറത്തുകാട്ടി സിഗ്നൽ ഒക്കെ കാണിക്കണമെന്നും എല്ലാ ഡ്രൈവർമാരും ഇൻഡിക്കേറ്റർ ശ്രദ്ധിച്ചുവെന്നു വരില്ല എന്ന്‌ ആശാൻ പറഞ്ഞിരുന്നു ) ഒക്കെ പഠിപ്പിച്ചു തന്നു .  ആശാൻ നല്ല കർക്കശക്കാരനും ദേഷ്യക്കാരനുമായിരുന്നു .  ശിഷ്യർ അതാരായാലും തെറ്റുകൾ കാണിച്ചാൽ മുഖം നോക്കാതെ ശാസിക്കുന്ന രീതിയായിരുന്നു ആശാന്റേത് .  വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഒക്കെ ഹോൺ മുഴക്കി വഴിയേ നടന്നുപോവുന്ന മനുഷ്യരെ പേടിപ്പിച്ച് പലപ്പോഴും ആശാന്റെ കണ്ണുരുട്ടൽ നേരിടേണ്ടി വന്നതൊഴിച്ചാൽ വല്യകുഴപ്പമില്ലാതെ  അനുസരണയുള്ള ശിഷ്യയായി ഡ്രൈവിംഗ് പഠിച്ചു വരുന്ന സമയം .  


അങ്ങനെ ഒരുദിവസം ഞങ്ങളുടെ സ്ഥിരം റൂട്ടുവിട്ട്‌  മറ്റൊരു പുതിയ വഴിയേ ആശാൻ നിർദ്ദേശങ്ങൾ തന്ന്‌ എന്നെക്കൊണ്ട് വണ്ടിയോടിപ്പിച്ചു വരികയാണ് .  രണ്ടു ശിഷ്യഗണങ്ങൾ പിറകിലിരിപ്പുണ്ട് .  ഒരു ചെറിയ കയറ്റം . ആശാൻ തേർഡ് ഗിയറിൽനിന്ന് സെക്കന്റ് ഗിയറിലോട്ടു ഡൌൺ ചെയ്യിച്ച് ആക്സിലേറ്റർ  കൊടുക്കാൻ പറഞ്ഞു .  കയറ്റം കയറിച്ചെല്ലുമ്പോൾ ഒരു വളവു വലത്തോട്ടു തിരിയണം . ആശാൻ " സ്റ്റിയറിങ് തിരിക്കൂ ..." എന്നു പറഞ്ഞതും എന്റെ മനസ്സിൽ പ്രിൻസ്ബസ്സിലെ  ഡ്രൈവറെ ഓർമ്മവന്നു .  " ബ്രേക്കിടൂ ....." ആശാന്റെ ഒരലറിച്ചയായിരുന്നു അത്‌ . ഞാൻ ബ്രേക്കിൽ ചവിട്ടി . വണ്ടി ടപ്പേന്ന് നിന്നു .  കണ്ണുരുട്ടിക്കൊണ്ട്  ആശാൻ എന്റെ നേരെ കൈയോങ്ങി ചോദിച്ചു " എന്തായീ കാണിച്ചത് ... ഇതെവിടുന്നു പഠിച്ചു ..." അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്‌ ... ഒരു വീടിന്റെ മതിലിൽ തൊട്ടുതൊട്ടില്ലാമട്ടിൽ  വണ്ടി . ആശാൻ എന്നോടു പറഞ്ഞു " ഇങ്ങോട്ടു നോക്ക് ... ഞാനിതിൽ പിടിച്ചില്ലാരുന്നേൽ ഇപ്പോൾ കാണാമായിരുന്നു ...". അപ്പോഴാ ഞാൻ സത്യത്തിൽ അറിയുന്നേ ..........ആശാന്റെ കൈയിൽ  ഇത്ര വല്യ ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും  ഒക്കെ ഉണ്ടായിരുന്നു എന്ന്‌ . 


ആശാൻ വീണ്ടും കയർക്കുകയാണ് ... " ഇതെന്താ ... ലോറിയോ ... എന്തായീ കാണിച്ചേ ..."

ഞാൻ വായിലെ നാവിറങ്ങിപ്പോയകണക്കെ കണ്ണുമിഴിച്ചിരുന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല . ആ കയറ്റം കണ്ടതേ എന്റെ മനസ്സിൽ പ്രിൻസ് ബസ്സും ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് കഴിഞ്ഞുള്ള ആ വലിയകയറ്റവും ഇടത്തേ സൈഡിലേക്കുള്ള കൊടുംവളവു തിരിക്കാൻ ഡ്രൈവർ സ്റ്റിയറിങ്ങിൽ കാണിക്കുന്ന ആ സാഹസകൃത്യവും അതതുപോലെതന്നെ ആശാന്റെ അംബാസഡർ കാറിൽ പ്രയോഗിക്കയാണുണ്ടായത് .   ഇവിടെ വലത്തേ സൈഡിലേക്കു തിരിയേണ്ടതിനു പകരം  ഇടത്തേ സൈഡിലേക്കാണ്  ഞാൻ തിരിച്ചത് ... കൂടാതെ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ എന്റെ ശരീരത്തിലെ സകലബലവും കൊടുത്ത് രണ്ടുകൈകളും മാറി മാറി പ്രയോഗിച്ചു കൊണ്ട് ആക്സിലേറ്റർ  കൊടുത്തു .  ആ വീടിന്റെ മതിലിൽ ഇടിക്കാഞ്ഞത് എന്തോ ... ഭാഗ്യം ...  പിറകിലിരുന്ന  ശിഷ്യഗണങ്ങളുടെ അടക്കിച്ചിരിയുടെ ശബ്ദം ..... എന്റെ മുഖത്തെ ചമ്മലും വിഷമവും കണ്ട്‌ മനസ്സലിഞ്ഞ ആശാൻ എന്റെ നേരെ ഓങ്ങിയ കൈ താത്തുകൊണ്ടു   ചോദിച്ചു " എന്നാലും ഈ പ്രയോഗം എവിടുന്നു പഠിച്ചു ..? " ഞാൻ അനങ്ങിയില്ല . ആശാന്റെ കർശനതാക്കീതും  കിട്ടി .." ഇത്ര ഡിഗ്രിയിൽ മാത്രേ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ ഇടത്തേകൈ പ്രയോഗിക്കാവൂ ... അതുപോലെ വലത്തേ സൈഡിൽ വലത്തേകൈ പ്രയോഗിക്കാവൂ... മേലിൽ മുൻപു നടത്തിയ പ്രയോഗം ആവർത്തിക്കാൻ പാടുള്ളതല്ല ...". 


പിന്നീടൊരിക്കലും ഞാനാ സാഹസത്തിനു മുതിർന്നിട്ടില്ല . കയറ്റം വരുമ്പോൾ പ്രിൻസ്സ്ബസ്സിലെ ഡ്രൈവറെ ഓർമ്മ വന്നാലും ഞാൻ പെട്ടെന്ന് അയാളെ മനസ്സിൽനിന്ന് തൂത്തെറിഞ്ഞ് ആശാന്റെ മുഖം ഓർക്കാൻ ശ്രമിക്കും . എന്നാലും  ഡ്രൈവിങ്‌വേളയിലെ  പല സന്ദർഭങ്ങളിലും ആശാൻ അന്നുഞാൻ വളവുവളച്ച രീതിയും മറ്റും  പറഞ്ഞു കളിയാക്കുകയും കൂടെയുള്ള ശിഷ്യഗണങ്ങൾ ചിരിക്കയും ഞാനും അവരുടെ ചിരിക്കൊപ്പം കൂടുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനു പിന്നിലെ രഹസ്യം ഞാനവരോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല . 

താമസിയാതെ വല്യ കുഴപ്പങ്ങളില്ലാതെ ഡ്രൈവിംഗ് പഠിച്ചെടുത്തു . ലൈസൻസും 

കരസ്ഥമാക്കി.  അങ്ങനെ ഡ്രൈവറാകാനുള്ള എന്റെ മോഹം പൂവണിയുകയും ചെയ്തു . 

ഇനി മൂപ്പരുടെ കഥ പിന്നൊരിക്കൽ പറയാം … 

****************************************************************************************


Sent from my iPad

Saturday 22 August 2020

അവലോകനം

 അല്പം സ്ത്രീപക്ഷചിന്തകൾ 

****************************

ടി വി യിൽ ന്യൂസ് കണ്ടിരുന്നു കുറേക്കഴിഞ്ഞപ്പോൾ വെറുതെ ചാനൽ ഒന്നുമാറ്റി. അവിടെ ഒരു ചർച്ച. ..പെൺവിഷയം.. പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ… ഭർത്തൃഗൃഹങ്ങളിൽ സ്ത്രീധനവിഷയത്തെച്ചൊല്ലിയുണ്ടാകുന്ന പീഢനങ്ങൾ.. അതേത്തുടർന്നുണ്ടാകുന്ന ആത്മഹത്യകൾ… കൊലപാതകങ്ങൾ.. ഒക്കെയായിരുന്നു ചർച്ചാവിഷയം.  ആ ചർച്ചയിൽ പങ്കെടുത്ത ഒരു സ്ത്രീ ഊന്നിപ്പറഞ്ഞ ഒരുകാര്യം ..” നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്.. ദയനീയമാണ്‌ ..” എന്നാണ്. ആ വാക്കുകൾ എന്നെയും ഒത്തിരി വേദനിപ്പിച്ചു. 


ഇന്നത്തെ കുട്ടികൾ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല എല്ലാ കുട്ടികളും ജീവിതത്തിനൊരു ലക്ഷ്യമുള്ളവരാണ്. നന്നായി പഠിച്ച് നല്ലഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കണമെന്നും ഒക്കെ ഉറച്ച തീരുമാനങ്ങളുള്ള കുട്ടികൾ ആണ് ഇന്നത്തെ തലമുറ. അവർക്ക് ഒരുപാടു സ്വപ്നങ്ങളുണ്ട്.  പെൺകുട്ടികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ അവർ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പല പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.  പല തിക്തമായ അനുഭവങ്ങൾ ഉണ്ടാകുന്നു. ആൺകുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ.. എന്ന ചോദ്യം ഉണ്ടാവാം.  ഇല്ലെന്നു പറയുന്നില്ല.. പക്ഷേ പെൺകുട്ടികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പ്രശ്നങ്ങൾ കുറവാണ്‌.  ഞാനീകേട്ട ചർച്ചയിൽ പെൺകുട്ടികളെ സംബന്ധിച്ച വിഷയമാകയാൽ ഞാനിവിടെ പെണ്കുട്ടികളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നത്. 


ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞശേഷമാണ് ഇന്നത്തെ മിക്കപെൺകുട്ടികളും വിവാഹത്തിനു തയ്യാറാവുന്നത്.  എല്ലാവരും എന്നല്ല… എന്നാലും. 

വളരെ നല്ല തീരുമാനംതന്നെ.  സമൂഹത്തിൽ ഒരു വിലയുണ്ടാവണമെങ്കിൽ ഒരു ജോലിയുള്ളതു നന്ന്. ജോലിയില്ലാത്ത വീട്ടമ്മമാർക്ക്‌ വിലയില്ല എന്നല്ല ഉദ്ദേശിച്ചത്. എങ്കിലും രണ്ടുംതമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞുവെന്നുമാത്രം.  നമ്മുടെവീടുകളിൽ ചെറുപ്പംമുതലേ പെൺകുട്ടികളെ പല വിലക്കുകളിലൂടെയാണ് വളർത്തുന്നത്.  ചിട്ടയോടെ കുഞ്ഞുങ്ങളെ വളർത്തണം. ചിലകാര്യങ്ങൾ നമ്മൾ കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കണം...അത്‌ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും …  


നമ്മുടെ നാട്ടിൽ ഒരു കാഴ്ചപ്പാടുണ്ട്. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിൽ ആ പെൺകുട്ടിയോട് ബന്ധുക്കളുടെ ഒരു സമീപനം എന്നുപറയുന്നത് അവരെ കുറേ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചുകൊടുക്കലാണ്. “അങ്ങനെ അവിടെ പെരുമാറണം … ഇങ്ങനെ ഇവിടെ പെരുമാറണം.. അങ്ങനെ വേണം.. ഇങ്ങനെ വേണം.. “ . ഈ പെൺകുട്ടിയെ വിവാഹംകഴിച്ച ആൺകുട്ടിയെ സംബന്ധിച്ച് ഈ ചിട്ടകളൊന്നുമില്ല. ആണിന് പെൺവീട്ടിൽ ചെല്ലുമ്പോൾ ആണിന്റെ ഇഷ്ടത്തിനനുസരിച്ച് നോക്കി അറിഞ്ഞു പെരുമാറിക്കോണം. പക്ഷേ പെണ്ണിന്റെ അവസ്ഥയോ.. കുറേ വിലക്കുകൾ .. പിന്നെ കുറേ നിയമങ്ങൾ.. ആവീടിന്റെ എല്ലാ ചുമതലയും എന്നുപറയുന്നത് വെറുതേ .. അടുക്കളതാക്കോൽ ഈ പെൺകുട്ടിയുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്.. എന്നിട്ട് അതിലെ കുറ്റകുറവുകൾ കണ്ടുപിടിക്കലുകൾ.. ഈ വകകാര്യങ്ങളൊക്കെ ചെയ്യിക്കുന്നത് ആ വീട്ടിലെ സ്ത്രീകൾ തന്നെ. പുരുഷന്മാർക്ക് അവിടെ യാതൊരു റോളുമില്ല എന്നതും രസകരം. { “പെണ്ണിനെന്നും പെണ്ണുതന്നെ ശത്രു ..” ഇതൊരു വസ്തുത തന്നെ.. ഈ ചൊല്ല് എല്ലാക്കാലവും ഇങ്ങനെത്തന്നെ നിലനിൽക്കുകയും ചെയ്യും..} പെൺകുട്ടിക്ക് സ്വന്തംവീട്ടിൽനിന്നു കിട്ടിയിരിക്കുന്ന ഉപദേശവും … അവിടെച്ചെന്നാൽ സ്വന്തംവീടുപോലെ കരുതണം .. { സ്വന്തം വീടുപോലെ കരുതേണ്ടതുകൊണ്ടാവും ഭർത്തൃവീട്ടുകാർ ചെല്ലുമ്പോഴേ ഈ പെൺകുട്ടിയുടെ കൈയിൽ അടുക്കളയുടെ താക്കോൽ ഏൽപ്പിക്കുന്നത്.. മറ്റു താക്കോലുകൾ ഒന്നും അവർ ഒരിക്കലും മരുമകളെ ഏൽപ്പിക്കില്ല… ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.. സാധാരണവീടുകളിൽ ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. } 

 മാതാപിതാക്കളെയും ബന്ധുജനങ്ങളേയും സ്നേഹിക്കണം..  തിരിച്ചും ഉണ്ടാവേണ്ടതാണ്.. മരുമകളെ സ്വന്തംമകളെയെന്നപോലെ കരുതാനാവണം.   പക്ഷേ എത്രവീടുകളിൽ ഇങ്ങനെയുണ്ടാകുന്നു. ചുരുക്കം എന്നു വേണമെങ്കിൽ പറയാം.  ചിലർ വെറുതേ മേനിപറയുന്നതു കേൾക്കാം ..” മകളെപ്പോലെയാണ് കരുതുന്നത് എന്ന്.. വെറുതെ.. ഒരമ്മായിയമ്മക്കും മരുമകളെ സ്വന്തംമകളെയെന്നപോലെ കാണാനാവില്ല.. അതുപോലെ മരുമകൾക്കും സ്വന്തംഅമ്മയെപ്പോലെ അമ്മാവിയമ്മയെയും കാണാനാവില്ല. അതിന്റെ കാരണം മരുമകൾ അമ്മാവിയമ്മക്കിഷ്ടപ്പെടാത്ത ഒരു കാര്യം പറഞ്ഞാൽ അവർക്കൊരിക്കലും ക്ഷമിക്കാനും മറക്കാനും ആവില്ല. പക്ഷേ അതവരുടെ മകളായാൽ അവർ ക്ഷമിക്കും .. മറക്കും.. തിരിച്ചും അമ്മാവിയമ്മയുടെ ഭാഗത്തുനിന്ന് ശാസനാരൂപത്തിൽ അല്ലെങ്കിൽ പരുഷമായ വാക്കുകൾ ഉണ്ടായാൽ അവൾക്കതു മറക്കാനോ ക്ഷമിക്കാനോ ആവില്ല .. സ്വന്തം അമ്മയായാൽ അവളതു മറക്കും.. ക്ഷമിക്കും.. അതാണ് അതിലെ വ്യത്യാസം. ഇതൊരു പരമാർത്ഥം ആണ്. ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.  അത്‌ സത്യസന്ധമായ അഭിപ്രായമല്ല എന്ന് അടിവരയിട്ടു പറയുന്നു. ഇനി ഞങ്ങൾ ഇങ്ങനെയല്ല .. ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല എന്നുള്ളവരുണ്ടെങ്കിൽ നല്ലകാര്യം.. നിങ്ങളുടെ നല്ലമനസ്സിനെ ബഹുമാനിക്കുന്നു. 


പലയിടങ്ങളിലും പെണ്മക്കളെ വിവാഹംകഴിച്ചുവിടുമ്പോൾ അമ്മയെക്കാളേറെ അച്ഛൻമാരുടെ കണ്ണുകൾ നിറയുന്നത്.. ചിലർ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ട്. ആ അച്ഛൻ തന്റെ മകൾ സുഖമായി ജീവിക്കണം.. ഏറ്റവും നല്ല പുരുഷനാവണം അവളുടെ കഴുത്തിൽ താലിചാർത്തേണ്ടവൻ… എന്നൊക്കെയാണ് ആഗ്രഹിക്കുക. അങ്ങനെ നിരന്തരമായ തിരച്ചിലിലൂടെയാവും മകൾക്കനുരൂപനായ ഒരാളെ കണ്ടെത്തുക.  ഇനി ഇതൊക്കെ ഒത്തിണങ്ങിയ ബന്ധമാണ് കിട്ടിയതെങ്കിലും ആ പെൺകുട്ടിക്ക് ചിലപ്പോൾ അവിടെ സുഖമായും സന്തോഷമായും ജീവിക്കാൻ കഴിയുമെന്ന് തീർച്ചയാക്കാൻ സാധിക്കില്ല. ചിലരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനാവാത്തതും മാതാപിതാക്കളുടെ നിയന്ത്രണത്തിൽപ്പെടാത്തതും ആയ ദുഃഖങ്ങളായി മാറുന്നു.  ഇനി അവർക്കു പരിഹരിക്കാവുമെങ്കിൽത്തന്നെ ഇനിയും ഇതുപറഞ്ഞ് സ്വന്തംവീട്ടുകാരെ എന്തിനു ദുഃഖിപ്പിക്കണം എന്നോർത്ത് പലപെൺകുട്ടികളും അതു തുറന്നുപറയാറുമില്ല. പിന്നീട് പ്രശ്നങ്ങൾ അങ്ങേയറ്റം വഴളായി പരിഹരിക്കാനാവാത്ത അവസ്ഥകളിലേക്ക് ചിലജീവിതങ്ങൾ എത്തിപ്പെട്ടുപോകുന്നു.. പിന്നീട് വാർത്തകളാകുന്നു.  അതായിരുന്നു ആ ചർച്ചയിലെ സ്ത്രീപറഞ്ഞതും “ പെൺകുട്ടികളുടെ കാര്യം വളരെ ദയനീയവും കഷ്ടവുമാണ്.. എന്ന്. 


തന്റെ മകളെ വിവാഹംകഴിച്ചുവിട്ട് “ എന്റെ മകൾക്കവിടെ ഒരുജോലിയും ചെയ്യേണ്ടതില്ല .. ടീവി കണ്ടിരുന്നാൽ മതി… അവിടുത്തെ 'അമ്മ എല്ലാപണികളും ചെയ്തോളും.. …പരമാനന്ദസുഖം..” എന്ന് പറഞ്ഞുനടന്ന ഒരമ്മയെ അറിയാം.. പക്ഷേ അവരുടെ മകൻ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ പെൺകുട്ടിയോടുള്ള അമ്മയുടെ സമീപനത്തിൽ മകനും അമ്മയുമായി നിരന്തരമായി വഴക്കുകൾ ഉണ്ടാവുകയും അങ്ങനെ പൊറുതികെട്ട് മകൻ മറ്റൊരിടത്തേക്ക് താമസം മാറ്റിയതും പിന്നീട് പരമാനന്ദസുഖത്തിൽ കഴിഞ്ഞ മകൾ അമ്മായിയമ്മപ്പോര് സഹിക്കാനാവാതെ ഈ അമ്മയുടെ അടുത്തുവന്നു താമസമാക്കിയതും അറിയാം. തന്റെ മകൾ ഒരുപണിയും ചെയ്യാതെ ഭർത്തൃവീട്ടിൽ സുഖിച്ചുകഴിഞ്ഞത് പൊങ്ങച്ചമായി പറഞ്ഞുനടന്ന 'അമ്മക്ക്‌ തന്റെ മരുമകൾ ജോലിതീർത്ത് കസേരയിൽ കയറി ഇരിക്കുന്നതു കാണുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നു. എന്താല്ലേ ഈ വിരോധാഭാസം..  നടന്നതും നേരിട്ടറിയാവുന്നതും ആയ സംഭവം തന്നെയാണ് ഇത്. 


മിക്ക സ്ത്രീകളുടെയും സ്വഭാവമാണ് ഇത്‌ … സ്വാർത്ഥത.. പല സ്ത്രീകളുടെയും നാവിൽനിന്നുകേട്ടിട്ടുണ്ട് പെൺമക്കളെ കെട്ടിച്ചുവിട്ടിട്ട് “ അവൾക്കൊരു ജോലിയുമറിയില്ല… അവൾ വല്ലതും ചെയ്യുമോ.... അറിയില്ല “.  ഇങ്ങനെ പറയുന്നത് വല്യ ക്രെഡിറ്റായി കാണുന്നവരാണ് ഇക്കൂട്ടർ. മകന്റെ ഭാര്യയോട് തിരിച്ചും. സ്ത്രീകൾ ആദ്യം അവനവനിലേക്കൊന്നു മനസ്സു തുറക്കാൻ തയ്യാറാവണം. നിങ്ങളും ഒരു സ്ത്രീയാണ്… നിങ്ങളും ഒരു മരുമകളായി കയറിവന്നവർ ആണ്.. നിങ്ങൾ മറ്റുള്ളവരുടെമേൽ നിയമങ്ങളും ചിട്ടകളും അടിച്ചേൽപ്പിക്കുമ്പോൾ സ്വയം ഒന്നു ചിന്തിച്ചാൽ നന്ന്.  ഈ പറയുന്ന നിയമങ്ങൾ ഒക്കെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ… സ്വന്തം മക്കളെക്കൊണ്ട് ഈ നിയമങ്ങളൊക്കെ ചെയ്യിപ്പിക്കാറുണ്ടോ… ഒരിക്കലുമുണ്ടാവില്ല. 


ഒരുപെൺകുട്ടി വീട്ടിലോട്ടു കയറിവന്നാൽ അവളുടെ തലയിൽ എല്ലാഭാരവും വച്ചുകൊടുത്തിട്ട് അതാണ് കടമ എന്നുപറഞ്ഞ് മാറിനിന്ന് അവളുടെ കുറ്റവും കുറവുകളും കണ്ടുപിടിക്കലല്ല വേണ്ടത്.  ആപെൺകുട്ടിക്കൊരു സമയം കൊടുക്കണം.  ആ വീട്ടിലെ ചിട്ടകളും കാര്യങ്ങളും മനസ്സിലാക്കിയെടുക്കാൻ. ആൺകുട്ടികളും സ്വന്തംഭാര്യമാരെ സപ്പോർട്ട് ചെയ്ത് അവളെ സഹായിച്ച് അവൾക്കുവേണ്ട മനോധൈര്യവും സ്നേഹവും കൊടുക്കണം. വീട്ടിലെ മറ്റ്‌ അംഗങ്ങൾ ആ പെൺകുട്ടിയെ മര്യാദപഠിപ്പിച്ചെടുക്കാൻ നോക്കാതെ ഒരുമിച്ചു സഹകരിച്ച് സ്നേഹമായി കുടുംബം മുന്നോട്ടുകൊണ്ടുപോവാൻ ആണ് നോക്കേണ്ടത്.  അമ്മമാരേ... നിങ്ങളുടെ മകളുടെ കണ്ണൊന്നു നനഞ്ഞാൽ മുഖം തെല്ലൊന്നു വാടിയാൽ നിങ്ങളുടെ നെഞ്ചുരുകുംപോലെ നിങ്ങളുടെ വീട്ടിൽ കയറിവന്ന പെൺകുഞ്ഞിനും നിങ്ങളെപ്പോലെ ഉള്ളുനീറിക്കഴിയുന്ന ഒരമ്മയുണ്ടെന്നു നിങ്ങളോർക്കണം. 


പെൺകുട്ടികളേ …  നന്നായി പഠിച്ച്‌ ഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാകൂ.. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിലെ മാതാപിതാക്കളെ തലമൂത്തവരെ ഒക്കെ ബഹുമാനിക്കണം. പക്ഷേ ആരുടെയും സഹതാപം വാങ്ങിയോ ചീത്തകേട്ടോ ജീവിക്കേണ്ടവരല്ല നിങ്ങൾ. തെറ്റുകണ്ടാൽ പ്രതികരിക്കാൻ ഉളള തന്റേടം ഉണ്ടാവണം. 

അമ്മമാർ മക്കളെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണിക്കാതെ വളർത്തൂ.  പുരുഷനൊപ്പം ഒരുമിച്ചു നടക്കേണ്ടവളാണ് സ്ത്രീ. ഒരു പെൺകുട്ടിയും അച്ഛനും അമ്മയ്ക്കും ബാധ്യതയല്ല.  മറ്റുള്ളവർക്ക് അപമാനിക്കാനോ അവളിൽ കുറ്റം ആരോപിക്കാനോ യാതൊരു അവകാശവും ഇല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ നമ്മൾ ചോദിക്കുമല്ലോ “ ആണോ.. പെണ്ണോ..” ആണെന്നു കേട്ടാൽ മുഖം വിടരുകയും പെണ്ണെന്നുകേട്ടാൽ മുഖംചുളിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമില്ലേ.  ആണായാലും പെണ്ണായാലും ഒരുപോലെ സന്തോഷിക്കാൻ നമുക്കാവണം. അവൾ നിങ്ങളുടെ വീട്ടിലെ വിളക്കാണ്. അതുപോലെ നിങ്ങളുടെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയും നിങ്ങളുടെ വീട്ടിലെ വിളക്കാണെന്നു കരുതാനുള്ള മനസ്സ് കാണിക്കൂ.. അവളെ സ്നേഹിക്കൂ.. തീർച്ചയായും അവളും നിങ്ങളെ തിരിച്ചും സ്നേഹിക്കും.    

                                      ******************************

കൂട്ടുകാരേ മുകളിലെ ചിത്രം എനിക്കു വരച്ചു തന്നത്  എന്റെ ബന്ധുവായ രാഖിയാണ് . നല്ലൊരു ചിത്രകാരിയായ രാഖി മണിലാൽ ആനിമേഷൻ ഫീൽഡിൽ ജോലിചെയ്യുന്നു. 

Monday 4 May 2020

ചെറുക്കൻകാണൽ or പെണ്ണുകാണൽചടങ്ങ്


“ അനുക്കുട്ടി മനോരമ വീക്കിലിയിലെ ജോസിയുടെ നീണ്ടകഥയിൽ മുഴുകി സ്വയം മറന്നിരിക്കുന്നു. അനിയത്തി മിനിക്കുട്ടി മൂളിപ്പാട്ടും പാടി ഹാളിലെ സോഫയിൽ ചുരുണ്ടുകൂടിക്കിടപ്പുണ്ട്. രണ്ടും ഭൂലോക മടിച്ചിക്കോതകൾ. രണ്ടും കോളേജ് കുമാരിമാർ. മൂത്തവൾ അനുക്കുട്ടി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി .. അനിയത്തി മിനിക്കുട്ടി  പ്രീഡിഗ്രി ഒന്നാം വർഷവും.  അമ്മയാണെങ്കിൽ രാവിലെ മൂത്തമകളുടെ വീട്ടിലേക്കു പോയിരിക്കുന്നു ഇവരുടെ ചേച്ചി അനിതക്കു പനി ആണെന്നറിഞ്ഞ് .. ഏട്ടൻ രാവിലെ ഓഫീസിലേക്കും പോയി. പെൺപിള്ളേർക്കു ക്രിസ്തുമസ് അവധിക്കാലമായതിനാൽ രണ്ടും ടീവിയിൽ സിനിമാ കണ്ടും വീക്കിലി വായിച്ചും സമയം പോക്കുന്നു. എങ്കിലും മുറ്റം തൂക്കൽ ..മുറിക്കകം തൂക്കൽ… പാത്രം കഴുകൽ ഇത്യാദി പണികളൊക്കെ അമ്മയ്ക്കു രണ്ടാളും ചെയ്തു കൊടുക്കും.  പഠിക്കുന്ന കുഞ്ഞുങ്ങളല്ലേ എന്ന്‌ കരുതി 'അമ്മ അടുക്കളയിൽ കൂടുതൽ അടുപ്പിക്കാറുമില്ല .

ഇത്തിരി കഴിഞ്ഞതും ലാൻഡ് ഫോൺ ബെല്ലടി കേട്ട് വീക്കിലി മടക്കി വച്ച് അനുക്കുട്ടി ഫോൺ ഓടിപ്പോയി എടുത്തു . അങ്ങേത്തലയ്ക്കൽ അമ്മേടെ ശബ്ദം “ മക്കളേ … ചേച്ചിക്കു പനി ഇത്തിരി കൂടുതലാ … ഞാൻ നാളെ വൈകുന്നേരം അങ്ങെത്താം …...അവൾക്കു തീരെ വയ്യ … നിങ്ങളു ഇത്തിരി കഞ്ഞി അടുപ്പത്തിട് ഇട് .. ഇത്തിരി ചമ്മന്തീം അരക്ക് … മുട്ടയിരിപ്പുണ്ട് … അതെടുത്തു പൊരിക്ക് .. ഫ്രിഡ്ജിൽ തൈര് ഇരിപ്പുണ്ട് … ഞാൻ സൗമിനിയോട് ഒന്നു സൂചിപ്പിച്ചിട്ടാ പോന്നെ … പറഞ്ഞ കേട്ടല്ലോ … ടീവി യുടെ മുന്നില് ചടഞ്ഞു കൂടിയിരുന്നേക്കരുത് …. കതകു തുറന്നിട്ടേച്ചു കിടന്നുറങ്ങിപ്പോവല്ലേ … പറഞ്ഞ കേട്ടല്ലോ … “   അച്ഛന്റെ മരണശേഷം മക്കളുടെ കാര്യത്തിൽ അമ്മക്കാകെ വേവലാതി ആണ്. അനുക്കുട്ടി 'അമ്മ പറഞ്ഞതെല്ലാം മൂളിക്കേൽക്കുന്നതിനിടയിൽ കുഞ്ഞിനെ തിരക്കി...ചേച്ചിയെ ഇങ്ങോട്ടു കൊണ്ടുവാ അമ്മേ .. ടുട്ടുവിനെ ഞങ്ങൾക്കു കളിപ്പിക്കേം ചെയ്യാരുന്നു .. അനുക്കുട്ടി കെഞ്ചിയപ്പോൾ 'അമ്മ വിലക്കി “ ഇപ്പം ഒന്നും പറ്റില്ല .. വിനു അവൾക്കു വയ്യാത്തോണ്ട് ഇന്ന് ലീവ് എടുത്തു .. കുഞ്ഞിനെ കളിപ്പിച്ചിരിക്കുന്നു. അവൾ കിടക്കുവാ .. ശരി മോളേ .. “ ഫോൺ വച്ചതും മിനിക്കുട്ടി ചേച്ചിക്കരികിൽ ഓടിയെത്തി വിവരം തിരക്കി .. വിവരം അറിഞ്ഞപ്പോൾ അവളും സങ്കടപ്പെട്ടു ടുട്ടുമോനെ ഇങ്ങുകൊണ്ടുവന്നിരുന്നെങ്കിൽ … ചേച്ചിയുടെ രണ്ടുവയസ്സുള്ള കുഞ്ഞ് ടുട്ടുമോനെ രണ്ടാൾക്കും ജീവനാണ്. 

അമ്മയുടെ ഫോൺ വന്നതോടെ രണ്ടാളും വേഗം അടുക്കളയിലോട്ടു ഓടി.  അനുക്കുട്ടി എടുത്തുകൊടുത്ത തേങ്ങ മിനിക്കുട്ടി ചിരവയെടുത്തുവച്ചു തിരുമ്മാൻ തുടങ്ങി. അനുക്കുട്ടി കലത്തിൽ വെള്ളം നിറച്ച് അടുപ്പിൽ തീ കൂട്ടാൻ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട് പുക നിറഞ്ഞ് കണ്ണു നിറയാൻ തുടങ്ങി.  എത്ര ശ്രമിച്ചിട്ടും തീ ഒന്നു കത്തിക്കിട്ടാതെ വിഷമിക്കുമ്പോൾ ആണ് അയല്പക്കത്തെ സൗമിനിയേടത്തിയുടെ ഓടി വരവ്. തൊട്ടയല്പക്കത്തെ സ്നേഹമയിയായ സൗമിനിയേടത്തീം അവരുടെ ഭർത്താവ് … ഗോപ്യേട്ടനും .. എന്തിനും ഏതിനും ഓടിയെത്താറുള്ള സ്നേഹമുള്ള അയൽക്കാർ… വന്നതേ 'അമ്മ പോയ വിവരം തിരക്കി. അടുപ്പിലേക്ക് നോക്കി അനുക്കുട്ടിയെ സ്നേഹരൂപേണ ശാസിച്ചു “ ഇത്തിരി അരി ഇടാനാണോ നീ ഈ കലം നിറച്ചു വെള്ളം ഒഴിച്ചു വെച്ചേക്കുന്നേ … “ അനുക്കുട്ടി ജാള്യതയോടെ നിന്നു. സൗമിനിയേടത്തി വേഗം കലത്തിലേ കുറേ വെള്ളം ഊറ്റിയെടുത്ത ശേഷം വിറകൊന്നു ഇളക്കി കുഴലെടുത്ത് അടുപ്പിലേക്ക് ശക്തിയിലൊന്നൂതി . തീയാളിക്കത്തി. വെള്ളം തിളച്ചപ്പോൾ അരി കഴുകി കലത്തിലേക്കിട്ടിട്ട്  അടപ്പെടുത്തടച്ച് സൗമിനിയേടത്തി വിറകൊന്നൂടെ അടുപ്പിലേക്ക് നീക്കി വച്ച്‌ കൈലിമുണ്ടിൽ കൈ തുടച്ചിട്ട് പറഞ്ഞു “ നല്ലോണം തിളക്കട്ടെ … തിള കഴിഞ്ഞാൽ പിന്നെ ചെറിയ തീ മതി … അതിൽ വെന്തോളും … ഇടയ്ക്കു തവിയിൽ കോരി നോക്കണേ വേവ് …ചോറ് കോരിയെടുത്താ മതീ കേട്ടോ മക്കളേ .. ഊറ്റാനൊന്നും നിക്കണ്ടാ .. ഒരു കൂട്ടം പണി കെടക്കുന്നു .. ഞാനങ്ങോട്ടു ചെല്ലട്ടെ … എന്തേലും വേണേൽ വിളിക്കണേ മക്കളേ… “ ഇതും പറഞ്ഞ് സൗമിനിയേടത്തി ഓടി. അല്ലേലും സൗമിനിയേടത്തി ഒരുനിമിഷം അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ല. ഓടി നടന്നുള്ള പണികൾ. ഗോപ്യേട്ടനാവട്ടെ സ്ഥലത്തെ പ്രധാന തയ്യൽക്കാരൻ. അനുക്കുട്ടിയുടെയും മിനിക്കുട്ടിയുടെയും ചുരിദാറുകൾ അമ്മയുടെ ബ്ലൗസ് ചേച്ചീടെ ബ്ലൗസ് എല്ലാം ഗോപ്യേട്ടന്റെ കൈയിലല്ലാതെ വേറാരു തയിച്ചാലും അത്രത്തോളം ശരിയാവില്ല. നാട്ടാർക്കെല്ലാം അങ്ങനെ തന്നെ. അളവുപോലും ആരുടെയും എടുക്കാറില്ല. സൗമിനിയേടത്തി പറയണത് ഗോപ്യേട്ടന് ആളെ ഒറ്റനോട്ടത്തിൽ കണ്ടാൽ അവരുടെ അളവ് കിറുകൃത്യം. കൈത്തുന്നൽ മുഴുവനും സൗമിനിയേടത്തീടെ പണി. സ്കൂൾകുട്ടികളായ മക്കൾ രഞ്ജിനിയും രജിതയും കൊച്ചുകുട്ടികൾ മൂന്നിലും അഞ്ചിലും പഠിക്കുന്നു. 
സൗമിനിയേടത്തി ഇടക്കെല്ലാം അമ്മക്കരികിൽ ഓടിയെത്തി വിശേഷങ്ങൾ തിരക്കും. ഇടക്കിടെ “ അനുക്കുട്ടിയെ എത്രേം വേഗം ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം .. പ്രായം ഏറുന്നു .. പഠിപ്പൊക്കെ മതി .. “ എന്ന്‌ അമ്മയെ ഓർമ്മപ്പെടുത്തും . അത് കേൾക്കുന്നതും അനുക്കുട്ടിക്ക് ദേഷ്യം വരും. സൗമിനിയേടത്തി പോയിക്കഴിഞ്ഞാൽ അനുക്കുട്ടി അമ്മയോടു പരാതിപ്പെടും “ അമ്മേ .. എനിക്കിപ്പോൾ കല്യാണം വേണ്ടാ ..” 'അമ്മ അപ്പോൾ പറയും “ അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്ര ആലോചനകൾ വന്നേനെ .. അനിതേടെ കല്യാണം ഡിഗ്രി കഴിഞ്ഞയുടനെ ഉറച്ചു . ഉടനടി കല്യാണവും നടന്നു.” അതും പറഞ്ഞ് അച്ഛനെ ഓർത്തു 'അമ്മ കണ്ണു തുടക്കുമ്പോൾ അനുക്കുട്ടിക്ക് സങ്കടം വരും .. അനുക്കുട്ടി ഏട്ടന്റെ കാര്യം ഓർമ്മപ്പെടുത്തുമ്പോൾ 'അമ്മ ചോദിക്കും അവൻ എപ്പോഴും പറയുന്ന നീ കേട്ടിട്ടില്ലേ .. “ നിന്നെ ആരെയെങ്കിലും നല്ലൊരുത്തനെ ഏൽപ്പിച്ചിട്ടേ അവൻ കെട്ടൂ .. “ . 

എന്തായാലും സൗമിനിയേടത്തി പോയതും അനുക്കുട്ടിയും മിനിക്കുട്ടിയും ചേർന്ന് രണ്ടുമണിക്കൂറു നേരത്തെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ ചോറും ചമ്മന്തീം മുട്ട വറുത്തതും ബീൻസ് തോരനും റെഡിയാക്കി പണികൾ ഒതുക്കി … അമ്മേടെ വില രണ്ടാളും ശരിക്കും മനസ്സിലാക്കിയ നിമിഷങ്ങൾ … ഇനി വൈകുന്നേരം ആറുമണിക്ക് ഏട്ടനെത്തും വരെ രണ്ടാളും ഫ്രീ.  “ ടീ പിള്ളേരെ വേഗം കുളിച്ചേ … ടീവി കണ്ടതു മതി .. വല്ലോം പഠിച്ചൂടെ … “ എന്നൊക്കെയുള്ള അമ്മയുടെ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ശാസനകളുണ്ടാവില്ല .. ചുരുക്കം രണ്ടാളും ഇനി ഫ്രീ .. അവധിക്കാലമായതിനാൽ ഏട്ടൻ രണ്ടുമൂന്നു വീഡിയോ കാസറ്റുകൾ കൊണ്ടു വച്ചിട്ടുമുണ്ട്. സിനിമാഭ്രാന്തിയായ അനിയത്തി മിനിക്കുട്ടി ചേച്ചിയെ ചട്ടം കെട്ടി ഒരു സിനിമാ കാണാൻ പ്ലാനിടുന്നു . റഹ്‌മാന്റെ “ പറന്നു … പറന്ന് .. “ കാസെറ്റിട്ടു സിനിമാ കണ്ടു രണ്ടാളും രസിച്ചിരിക്കുമ്പം ദാണ്ടെ … സൗമിനിയേടത്തിയുടെ ഓടിപ്പാഞ്ഞുള്ള രണ്ടാം സന്ദർശനം .. ഇക്കുറി വെറുതെ കുശലാന്വേഷണം അല്ല വരവിന്റെ ഉദ്ദേശം കാര്യമായ എന്തോ സംഗതിയുണ്ടെന്നു ഏടത്തീടെ മുഖഭാവത്തിൽ മൂത്തവൾ അനുക്കുട്ടി സംശയിക്കുന്നു.  സൗമിനിയേടത്തി മുഖവുരയൊന്നുമില്ലാതെ വേഗത്തിൽ അനുക്കുട്ടിക്കരികിലെത്തി അല്പം അധികാരഭാവത്തിൽ കല്പിച്ചു “ മോളേ വേഗം ഒന്നെണീറ്റെ … മോളെ പെണ്ണുകാണാൻ രണ്ടുപേർ ഇപ്പം വരും “ . അനുക്കുട്ടി മനസ്സിൽ കരുതി ‘ ഓ .. റഹ്‌മാൻ .. രോഹിണി.. പ്രണയം കത്തിനിൽക്കുന്ന സീൻ തല്ലിയുടച്ചു ..’. സൗമിനിയേടത്തിയോട് അനുക്കുട്ടി കട്ടായം പറഞ്ഞു ‘ വേണ്ടാ ഏടത്തീ .. അമ്മയില്ലാതെ എനിക്കു ചെറുക്കൻ കാണണ്ട ..’. ഏടത്തി നിർബന്ധം ..” മക്കളേ അവരൊന്നു കണ്ടുപോയ്‌ക്കോട്ടെ …” ഞാനമ്മേം അനിതേം വിളിച്ചു പറഞ്ഞിട്ടുണ്ട് .. അവരു സമ്മതിച്ചു . ഞാനെല്ലാം ഏറ്റു … മോളൊന്നു നിന്നുകൊടുത്താൽ മാത്രം മതി.. അവരു കണ്ടിട്ടു വേഗം പൊക്കോളും …’. ലാൻഡ് ഫോൺ ബെല്ലടികേട്ട് മടിയോടെ അനുക്കുട്ടി പോയി ഫോൺ എടുത്തു .. സംശയിച്ചപോലെ അമ്മതന്നെ .. വളരെ മയത്തിലുള്ള അമ്മയുടെ സ്വരം “ മോളേ .. 'അമ്മ പറയുന്ന കേൾക്കണേ .. സാരമില്ല .. സൗമിനി നോക്കിക്കൊള്ളും .. അവരു വന്നിട്ട് പൊയ്ക്കോട്ടേ .. “. 
‘ ചേച്ചിക്കിപ്പോ എങ്ങനെ അമ്മേ ‘ എന്ന അന്വേഷണത്തിന് “ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻജെക്ഷൻ കൊടുത്തു .. ഇപ്പോ ചൂട് കുറവുണ്ട് … കിടക്കുന്നു ..  'അമ്മ പറഞ്ഞതു മോള് കേട്ടല്ലോ … “ അമ്മയുടെ സ്നേഹോപദേശം .. മനസ്സില്ലാമനസ്സോടെ അനുക്കുട്ടി ഫോൺ വച്ചു തിരിച്ചു വരുമ്പോൾ മിനിക്കുട്ടീം സൗമിനിയേടത്തിയും കൂടിയെന്തോ ഗൂഢാലോചന നടത്തി ഏടത്തി “ എല്ലാം ഓക്കേയാക്കൂ .. റെഡിയാകൂ… ഞാനിപ്പം വരാം ..” ന്നു പറഞ്ഞു അവരുടെ വീട്ടിലേക്കു പോയതും അനിയത്തി മിനിക്കുട്ടി നിമിഷനേരം കൊണ്ട് അമ്മറോൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ടീവി ഓഫാക്കി സ്വീകരണമുറി വേഗം അടുക്കിപ്പെറുക്കുന്നതിനിടയിൽ അവൾ അനുക്കുട്ടിയോടു കല്പിച്ചു .. വേഗം പോയി റെഡി ആവാൻ ..”  അനുക്കുട്ടി കട്ടായം പറഞ്ഞു “ എനിക്കിപ്പം ചെറുക്കൻ കാണാനുള്ള യാതൊരു മൂഡുമില്ല “ . അനിയത്തി മിനിക്കുട്ടി ചേച്ചിക്ക് നേരെ കണ്ണുരുട്ടി “ പറയുന്നത് കേട്ടാൽ മതി ..” അല്ലെങ്കിലും പല സന്ദർഭങ്ങളിലും പ്രായത്തിൽക്കവിഞ്ഞ പക്വതയിലുള്ള മിനിക്കുട്ടിയുടെ പെരുമാറ്റം അമ്മയെയും, അനുക്കുട്ടിയെയും പലപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അങ്ങനെ മിനിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി അനുക്കുട്ടി മുടി ചീവി ഒതുക്കി മുഖത്തല്പം ഗ്ലാമറുപൊടിയും പൂശി ചെറുക്കനെ കാത്തിരിപ്പായി. മിനിക്കുട്ടി വേഗം സ്ക്വാഷ് കലക്കി പ്ലേറ്റിൽ മിക്സ്ച്ചറും ഉപ്പേരിയും എടുത്ത് അടച്ചുവച്ച്  ചെറുക്കനെ സ്വീകരിക്കാൻ റെഡി ആയി അമ്മയെപ്പോലെ ആഹ്ലാദവതിയായി നിൽക്കുന്ന കണ്ടു ചേച്ചി അനുക്കുട്ടി അമ്പരന്നിരുന്നു. 

അനുക്കുട്ടിയെ ഞെട്ടിച്ചുകൊണ്ട് ഒരു മോട്ടോർബൈക്കിന്റെ ശബ്ദം … അവളുടെ നെഞ്ചും പടപടാന്നു മിടിച്ചു തുടങ്ങി.  എവിടെനിന്നെന്നറിയില്ല സൗമിനിയേടത്തിയും ഗോപ്യേട്ടനും പൊട്ടിവീണത് … രണ്ടാളും ഉമ്മറത്ത് അവരെ സ്വീകരിക്കാൻ റെഡിയായി.. അവർക്കു തൊട്ടു പുറകിൽ മിനിക്കുട്ടിയും … അനുക്കുട്ടി ഇതെല്ലം അകത്തേമുറിയിൽ നിന്നു വീക്ഷിച്ചു. വേഗം അകത്തേക്ക് വലിഞ്ഞു.  അമ്മയോ ഏട്ടനോ ഇല്ലാത്തതിന്റെ സങ്കടമായിരുന്നു അനുക്കുട്ടിക്ക്. അടുക്കളയിൽ നിന്നു സൗമിനിയേടത്തി ഒച്ച താഴ്ത്തി അനുക്കുട്ടിയെ വിളിച്ചു അവൾ മെല്ലെ നടന്ന് അടുക്കളയിൽ ചെന്നപ്പോൾ ഒരു ട്രേയിൽ സ്‌ക്വാഷും ഉപ്പേരീം എല്ലാം എടുത്ത് അനുക്കുട്ടിക്ക് നേരെ നീട്ടിക്കൊണ്ട് സൗമിനിയേടത്തി പറഞ്ഞു 
“ ഇതുംകൊണ്ട് മോളങ്ങോട്ടു വന്നേ ..”.  അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിസ്റ്റ് തലപൊക്കി അവൾ സൗമിനിയേടത്തിയോട് കട്ടായം പറഞ്ഞു “ വല്ല ചെറുക്കന്മാർക്കെല്ലാം ജ്യൂസും ഉപ്പേരീം കൊണ്ട് കാഴ്ചവസ്തു പോലെ നിൽക്കാൻ എന്നെ കിട്ടില്ല ..”.   സൗമിനിയേടത്തി വേണ്ടാത്തതെന്തോ കേട്ടപോലെ താടിക്കു കയ്യുംകൊടുത്ത് അനുക്കുട്ടിയെ കടുപ്പിച്ചൊന്നു നോക്കി. സന്ദർഭത്തിനൊന്നയവു വരുത്താനായി അനിയത്തി മിനിക്കുട്ടി വേഗം ആ ട്രേ വാങ്ങി “ ഞാൻ കൊടുത്തോളാം … ചേച്ചി എന്റെ കൂടെ വന്നാൽ മതി … “ എന്നു പറഞ്ഞ് അവൾ മുന്നേ നടന്നു . സൗമിനിയേടത്തി  അല്പം പരിഭവത്തോടെ അനുക്കുട്ടിയെ ഉപദേശിച്ചു “ പെൺകുട്ടികൾക്ക് ഇത്ര വാശി പാടില്ല മോളേ..”. അനുക്കുട്ടി മന്ദംമന്ദം മിനിക്കുട്ടിക്കും സൗമിനിയേടത്തിക്കും പിന്നാലെ നടന്നു. ഹാളിന്റെ വാതിൽക്കൽ എത്തിയതും അനുക്കുട്ടിയുടെ ഉള്ളിലെ ഫെമിനിച്ചി എങ്ങോ ഓടിയൊളിച്ച് അവളറിയാതെ തന്നെ അവളുടെ ശിരസ്സ് കുനിഞ്ഞു പോയിരുന്നു.  അവളെയൊന്നുണർത്താനായി സൗമിനിയേടത്തിയൊന്നു മുരടനക്കി… അനുക്കുട്ടി മെല്ലെയൊന്നു തലയുയർത്തി … പിന്നെ നടന്നതെല്ലാം പെട്ടെന്ന്… സൗമിനിയേടത്തിയേം ഗോപ്യേട്ടനേം അനിയത്തിക്കുട്ടിയെയും എന്തിന്‌ അനുക്കുട്ടിയെപ്പോലും സ്വയം ഞെട്ടിച്ചുകൊണ്ട് അനുക്കുട്ടി അയാളുടെ നേരെ ഒരു ആക്രോശമായിരുന്നു “ ടോ .. താനാണോടോ എന്നെ പെണ്ണുകാണാൻ വന്നേ .. തനിക്കെങ്ങനെ ഇതിനു ധൈര്യം വന്നു …” പിന്നെയും എന്തൊക്കെയോ അനുക്കുട്ടി അയാൾക്ക്‌ നേരെ ദേഷ്യത്തോടെ പുലമ്പി .   അയാൾ “ അയ്യോ അങ്ങനെയല്ല …” എന്നെല്ലാം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അയാൾക്ക്‌ നേരെ അനുക്കുട്ടി ആക്രോശം തുടരുമ്പോൾ കൂടെ വന്ന ആൾ പുറത്തേക്കിറങ്ങിയിരുന്നു. അതൊന്നും അനുക്കുട്ടി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്പരന്ന് അന്തം വിട്ടുനിന്ന സൗമിനിയേടത്തീടെ ഭർത്താവ് ഗോപ്യേട്ടനോട് അനുക്കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു “ ഇയാൾ ശരിയല്ല ഗോപ്യേട്ടാ.. ശരിയല്ല.. “ അവൾ അതും പറഞ്ഞ് ഓടി അകത്തേക്കു പോയി. അനുക്കുട്ടിയുടെ അന്നേരത്തെ പെരുമാറ്റത്തിൽ സൗമിനിയേടത്തിയും ഗോപ്യേട്ടനും മിനിക്കുട്ടിയും അന്തം വിട്ടു നിന്നു.

മോട്ടോർബൈക്കിന്റെ പട.. പട  ശബ്ദം കേട്ടപ്പോൾ അനുക്കുട്ടി ആശ്വസിച്ചു ..’ ശല്യം … പോയിക്കിട്ടി ..”. കുറേനേരത്തേക്ക് നിശബ്ദത .. കുറച്ചു സമയത്തിനുശേഷം മൂവരും അനുക്കുട്ടിക്കരുകിൽ എത്തിയപ്പോൾ അവൾ കരച്ചിൽ തുടങ്ങിയിരുന്നു.  അനുക്കുട്ടിയെ നന്നായി അറിയാമായിരുന്ന സൗമിനിയേടത്തിക്കും ഗോപ്യേട്ടനും കാര്യമായ എന്തോ സംഭവം ഉണ്ടാകുമെന്നു മനസ്സിലായിരുന്നു . ..”ഒച്ച വച്ചൊന്നു സംസാരിക്കാത്ത കുട്ടി ..
ഇതിപ്പോ എന്താവും കാര്യം ..” എന്ന ആശങ്കയോടെ സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു കാര്യം തിരക്കി .  കണ്ണുനീർ തുടച്ച് അനുക്കുട്ടി കാര്യം വിശദീകരിച്ചു. പണ്ട് ചേച്ചി അനിതയേ പെണ്ണുകാണാൻ വന്ന ഒരു ചെറുക്കന്റെ കൂടെ വന്ന ഒരു പയ്യൻ … അച്ഛൻ അവരുമായി നടത്തിയ സംഭാഷണമദ്ധ്യേ അനുക്കുട്ടിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ  
ശരിയായിരിക്കുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥി ആണ്‌ കൂടെ വന്ന പയ്യൻ എന്നറിയുന്നു .. അനുക്കുട്ടിയെ അയാൾക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആ കല്യാണം നടന്നില്ല എങ്കിലും അനുക്കുട്ടി കോളേജിൽ ആദ്യമായി ചെല്ലുന്ന ദിവസം ചെറുക്കന്റെ കൂടെവന്ന കൃഷ്ണകുമാർ എന്ന പയ്യൻ അനുക്കുട്ടിയെ വന്നു പരിചയപ്പെടുകയും പിന്നീട് അയാൾ അനുക്കുട്ടിയുടെ ഒരു ലോക്കൽ ഗാർഡിയൻ കണക്കെ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും കോളേജിലെ പലകാര്യങ്ങളിലും 
(ബസ്കൺസഷൻ കാർഡ് … ഐഡന്റിറ്റി കാർഡ് ) അനുക്കുട്ടിക്കും കൂട്ടുകാരികളായ ഷേർളിക്കും ഷീബക്കും മറിയാമ്മക്കും എല്ലാം എല്ലാ സഹായവും ചെയ്തു കൊടുക്കയും ഇന്റർവെൽ ടൈമിൽ അനുക്കുട്ടിയുടെ ക്ലാസ്സിലെ നിത്യസന്ദർശകനായി മാറുകയും ചെയ്യുന്നു.  അനുക്കുട്ടിക്കും കൂട്ടുകാരികൾക്കും കൃഷ്ണകുമാർ അങ്ങനെ ഒരു വല്യേട്ടനായി മാറുന്നു . പക്ഷേ അവരുടെ ക്ലാസ്സ്‌മേറ്റും ക്ലാസ്സ്‌ ലീഡറും ആയ സണ്ണിക്കുട്ടിക്ക് വല്യേട്ടന്റെ പെൺകുട്ടികളുടെ മേലുള്ള അധികാരം അത്ര ഇഷ്ടപ്പെടുന്നില്ല. കുറഞ്ഞൊരു കാലം കൊണ്ട് സണ്ണിക്കുട്ടിയാവട്ടെ അനുക്കുട്ടിയുടെയും കൂട്ടുകാരികളുടെയും ചങ്കു ബ്രോ ആയിത്തീർന്നു. സണ്ണിക്കുട്ടി വല്യേട്ടന്റെ ക്ലാസ്സിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റി പലപ്പോഴും അനുക്കുട്ടിയോടു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട് . അതുപോലെ തിരിച്ചു വല്യേട്ടനാവട്ടെ അനുക്കുട്ടിയെ സണ്ണിക്കുട്ടിയുമായി അധികം സംസാരിക്കുന്നതിന് പല തവണ ശാസിച്ചിട്ടുമുണ്ട് .  എന്താണാവോ ഇവർ തമ്മിലുള്ള വിരോധത്തിന് കാരണമെന്ന് അന്ന് അനുക്കുട്ടി മനസ്സിലാക്കിയില്ല. അങ്ങനെ പോകവേ ഒരു ദിവസം വല്യേട്ടൻ വന്നു എന്തോ കാരണം പറഞ്ഞ് അനുക്കുട്ടിയുടെ ഒരു ടെക്സ്റ്റ് ബുക്ക് വാങ്ങുന്നു. രണ്ടു ദിവസമായിട്ടും തിരികെ കൊടുക്കാഞ്ഞ് അനുക്കുട്ടി ആ ടെക്സ്റ്റ് ചോദിക്കയും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്കു തിരികെ പോകുംവഴി വല്യേട്ടൻ പിറകേ ഓടിച്ചെന്ന് ആ ടെക്സ്റ്റ് അനുക്കുട്ടിയെ ഏൽപ്പിക്കുന്നു . അസ്വാഭാവികമായി ഒന്നും അപ്പോൾ അനുക്കുട്ടിക്ക് തോന്നിയതുമില്ല തന്നെയുമല്ല അയാളെ അവൾ സ്വന്തം ഏട്ടനെയെന്നപോലെ മാത്രേ കരുതിയിരുന്നുമുള്ളൂ . 

അന്ന് വൈകുന്നേരം പഠിക്കാനായി ആ  ടെക്സ്റ്റ് തുറന്നപ്പോൾ ഒരു പേപ്പർ താഴേക്ക് വീണു . അതെടുത്തു തുറന്നു നോക്കിയപ്പോൾ വല്യേട്ടനെന്നു കരുതിയ അയാൾ അനുക്കുട്ടിക്കൊരു പ്രണയലേഖനം “ ഇഷ്ടമാണെന്നും … നേരിട്ടു പറയാൻ മടിച്ചിട്ടാണ് ഇങ്ങനെ .. നാളെ ഇന്റർവെൽ ടൈമിൽ വാകമരചുവട്ടിൽ എത്തണമെന്നും ..” പഞ്ചാരവാക്കുകളിൽ എഴുതിയ ആ കത്തു കണ്ടതും അനുക്കുട്ടിക്ക് അയാളോട് വല്ലാത്ത ദേഷ്യവും വെറുപ്പും അമർഷവും … വീട്ടിൽ ആരും കാണാതെ വലിച്ചുകീറി ദൂരേക്ക്‌ എറിഞ്ഞു സ്വന്തം ഏട്ടനെപ്പോലെ കരുതിയ ഒരാൾ .. സണ്ണിക്കുട്ടി പറഞ്ഞത് എത്ര കറക്റ്റ് എന്ന്‌ അപ്പോൾ ഓർത്തു. പിറ്റേന്നു കോളേജിൽ ചെന്നപ്പോൾ അടുത്ത കൂട്ടുകാർ ഷേർളിയോടും ഷീബയോടും സണ്ണിക്കുട്ടിയോടും ഈ വിവരം വെളിപ്പെടുത്തുകയും ചെയ്തു. നല്ലതു പറഞ്ഞു വിടണമെന്ന് അവർ ഉപദേശിച്ചു. ഇന്റർവെൽ ടൈമിൽ കുശലാന്വേഷണവുമായി എത്തിയ അയാളോട് അനുക്കുട്ടി ഒരു നുണ പറഞ്ഞു “ അച്ഛന്റെ കയ്യിൽ ആ കത്തു കിട്ടിയെന്നും നിങ്ങളെ ഒന്നു കാണാനായി അച്ഛൻ ഇരിക്കയാണെന്നും ..”. അയാൾ അതു വിശ്വസിച്ച്‌ കുറേ നുണക്കഥകൾ തട്ടിവിട്ടു. അയാളല്ല ആ കത്തെഴുതിയതെന്നും മറ്റാരോ ആണെന്നും ഒക്കെ അയാളുടെ ചില ദൂതന്മാരെ അനുക്കുട്ടിക്കരികിൽ അയച്ചെങ്കിലും അയാളുടെ ചില സഹപാഠികൾ ഉള്ള വാസ്തവം വ്യക്തമാക്കി . അയാളുടെ ക്ലാസ്സിലെല്ലാം അനുക്കുട്ടി അയാളുടെ കാമുകി ആണെന്നാണ് പറഞ്ഞു വച്ചിരിക്കുന്നത് . പലരും പിന്നീട് അനുക്കുട്ടിയെ അയാളുടെ പേര് വിളിച്ചു കളിയാക്കുകയും ചെയ്തതിന്റെ പേരിൽ അനുക്കുട്ടി നേരിട്ട് അയാളോട് ഇനി മേലിൽ എന്നോടു സംസാരിക്കാനോ പരിചയം കാണിക്കാനോ വന്നേക്കരുത് എന്ന്‌ താക്കീതു നൽകയും ചെയ്തിരുന്നു. എന്നിട്ടും ചില മുട്ടാപ്പോക്കുകൾ പറഞ്ഞ് വര്ഷാവസാനം വരെയും അയാൾ അനുക്കുട്ടിയെ ശല്യം ചെയ്തിരുന്നു.  അയാൾ ആ വർഷം പഠിത്തം തീർന്നു പോവുകയും ചെയ്തു. പിന്നീട് ഒന്നുരണ്ടു തവണ അല്പം അകലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പിരിവുശേഖരണാർഥം അയാളെ സൗമിനിയേടത്തീടെ വീട്ടിൽ വന്നു കണ്ടിട്ടുണ്ട്‌. തങ്ങളുടെ വീട്ടിൽ പിരിവിനു അയാൾ അകത്തു കയറി വരാതെ കൂടെവന്നവരെ പറഞ്ഞയച്ച് അയാൾ റോഡിൽ കാത്തുനിൽക്കുന്നതും കണ്ടിട്ടുണ്ട് എങ്കിലും അനുക്കുട്ടി അതേപ്പറ്റി അമ്മയോടോ ആരോടും സൂചിപ്പിച്ചിട്ടില്ല . സൗമിനിയേടത്തിയുടെയോ ഗോപ്യേട്ടന്റെയോ ബന്ധു ആരെങ്കിലുമാവാം അയാൾ എന്ന്‌ അന്നോർത്തിട്ടുണ്ടെങ്കിലും അതു ചോദിക്കാൻ തുനിഞ്ഞിട്ടില്ലെന്നും ആ മനുഷ്യനാണ് ഇപ്പോൾ തന്നെ പെണ്ണുകാണാൻ വന്നതെന്നും അനുക്കുട്ടി വിശദീകരിച്ചപ്പോൾ സൗമിനിയേടത്തിയും ഗോപ്യേട്ടനും അന്തം വിട്ടു നിന്നു. “ താടിക്കു കൈകൊടുത്തു ദേഷ്യത്താൽ സൗമിനിയേടത്തി ഗോപ്യേട്ടനോടായി പറഞ്ഞു “” അമ്പടാ കൃഷ്ണകുമാരാ .. ഇതാരുന്നോ നിന്റെ മനസ്സിലിരുപ്പ് ..” 

അനുക്കുട്ടിയുടെ മനസ്സിൽ ഇത് പറയുമ്പോഴും സംശയമായിരുന്നു … പഴയ കാര്യം വച്ച് അയാൾ പെണ്ണുകാണാൻ എത്തിയിരിക്കുന്നു അവൾക്കു ഒരിക്കലും അയാളെ അങ്ങനെ സങ്കൽപ്പിക്കാൻപോലും ആവുമായിരുന്നില്ല. അനുക്കുട്ടി  അമ്മയെയും ഏട്ടനേയും പറ്റി ഓർത്തു. ഈ സമയത്തു അവരുണ്ടായിരുന്നെങ്കിൽ .. അച്ഛന്റെ കാര്യം ചിന്തിച്ചപ്പോൾ അവൾക്കു ദുഃഖം അടക്കാനായില്ല … അവൾ ഏങ്ങലടിച്ചു കരയാനും തുടങ്ങിയിരുന്നു. ഇതു കണ്ട സൗമിനിയേടത്തിയും ഗോപ്യേട്ടനും ആകെ വിഷമത്തിലുമായി .. തങ്ങൾ കാരണം .. 
സൗമിനിയേടത്തി അനുക്കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു “ മോളേ അവൻ ഇടക്കൊക്കെ ഇവിടെ വരാറുണ്ട് ഗോപ്യേട്ടന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ് … എന്നതിൽക്കവിഞ്ഞ പരിചയം ഒന്നും ഞങ്ങൾക്കവനുമായി ഇല്ല .. അവൻ കുറേ ദിവസമായി ഗോപ്യേട്ടനെ വിളിച്ച് ‘ ഒരു പയ്യനുണ്ട് .. ആലോചനകൾ നടക്കുന്നു .. നിങ്ങളുടെ മുകളിലെ വീട്ടിലെ കുട്ടിയെ ഒന്നാലോചിച്ചാലോ ഗോപ്യേട്ടാ ..’.   “നിനക്ക് ആ കുട്ടിയെ അറിയാമോ ..” എന്ന ഗോപ്യേട്ടന്റെ ചോദ്യത്തിന് അവൻ പറഞ്ഞത് ‘ കോളേജിൽ പഠിച്ചിരുന്ന സമയത്തു കണ്ടിട്ടുണ്ട് .. ‘ എന്ന്‌ മാത്രമാണ് . കരഞ്ഞുകൊണ്ടിരുന്ന അനുക്കുട്ടിയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നതിനിടയിൽ ആണ് സൗമിനിയേടത്തി ആ സത്യം വെളിപ്പെടുത്തിയത്. “ പക്ഷേ അവനല്ല മോളേ കാണാൻ വന്ന പയ്യൻ അവന്റെ കൂടെയുണ്ടായിരുന്ന ആളാണ് …” 
സൗമിനിയേടത്തിയുടെ വാക്കുകൾ അനുക്കുട്ടിയിൽ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്..
….ങ്ഹേ .. അങ്ങനൊരാൾ അയാളുടെ കൂടെ ഉണ്ടായിരുന്നോ.. എത്ര ആലോചിച്ചിട്ടും അങ്ങനെയൊരു മുഖം കണ്ടതായി പോലും അനുക്കുട്ടിയുടെ ഓർമ്മയിൽ ഇല്ല.. അതെങ്ങനെ അയാളുടെ മുഖം വീണ്ടും കാണേണ്ടി വന്ന ദേഷ്യത്തിൽ പരിസരം പോലും മറന്നുപോയില്ലേ .. അനുക്കുട്ടി വീണ്ടും കരച്ചിൽ തുടങ്ങിയപ്പോൾ ഗോപ്യേട്ടൻ ആശ്വാസവാക്കുകൾ പറഞ്ഞു “ അനുക്കുട്ടീ … പോട്ടെ .. ഈ സംഭവം മറന്നേക്കൂ .. ഇനി അതോർത്തു വിഷമിക്കല്ല് .. “ സൗമിനിയേടത്തീം ഗോപ്യേട്ടനും മിനിക്കുട്ടിയും പുറത്തേക്കിറങ്ങിയപ്പോൾ അനുക്കുട്ടി വീണ്ടും തന്റെ മുറിയിൽ ബെഡിൽ കിടന്നു … മനസ്സിൽ പലവിധ സംശയങ്ങൾ … അയാൾ ആരെയും കൂട്ടിയാവും വന്നേ … ഗോപ്യേട്ടനോട് മറ്റേ ആൾക്കുവേണ്ടി കൂട്ടുവന്നതാണെന്നു നുണ പറഞ്ഞതാവില്ലേ .. അയാൾക്കെങ്ങനെ വീണ്ടും തന്റെ മുൻപിൽ വരാൻ ധൈര്യം വന്നു … അയാളുടെ മുഖത്തുനോക്കി അന്നു താൻ തീർത്തും പറഞ്ഞതല്ലേ ഇനി മേലിൽ തന്നോട് സംസാരിക്കാൻ വരരുത് എന്ന്‌ ..  ഇങ്ങനെ നൂറുകൂട്ടം വിചാരങ്ങൾ അവളുടെ മനസ്സിനെ മഥിക്കാൻ തുടങ്ങി … ലാൻഡ് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടും അനുക്കുട്ടി അനങ്ങിയില്ല .. അമ്മയാവും .. മിനിക്കുട്ടി ഫോൺ എടുത്തെന്നു മനസ്സിലായി .. എന്താവുമോ അവൾ അമ്മയോടു പറഞ്ഞിട്ടുണ്ടാവുക എന്നും ചിന്തിച്ചു ആ കിടപ്പു ഉച്ചയൂണു പോലും കഴിക്കാതെ അവൾ കിടന്നുറങ്ങിപ്പോയി.  

പാവം അനിയത്തി മിനിക്കുട്ടി ചേച്ചി ഊണ് കഴിക്കാഞ്ഞ വിഷമത്തിൽ അവളും ഊണുപേക്ഷിച്ച് ചെറുക്കനു കൊടുക്കാൻ വച്ച ഉപ്പേരിയും മിക്സ്ച്ചറും കൊറിച്ചു
 “ പറന്നു പറന്ന് .. “ സിനിമാ ബാക്കി ഭാഗവും കണ്ടു സമയം പോക്കി നാലുമണിനേരത്തു വന്ന് ചേച്ചിയെ തട്ടിയുണർത്തി .. അനുക്കുട്ടി ഉറക്കച്ചടവോടെ കണ്ണുകൾ തുറന്ന്‌ എണീറ്റു .. ചെറുക്കന് കരുതി വച്ച സ്ക്വാഷ് അവൾ അനുക്കുട്ടിക്ക് നേരെ നീട്ടി .. അനുക്കുട്ടി ദേഷ്യത്തോടെ പറഞ്ഞു “ എനിക്കു വേണ്ടാ .. “. മിനിക്കുട്ടി ഒറ്റവലിക്ക് ആ ഒരു ഗ്ലാസ്സ്‌ സ്ക്വാഷ് അകത്താക്കുന്ന കണ്ടപ്പോൾ അനുക്കുട്ടിക്ക് ദേഷ്യം തോന്നി .. ഈ സംഭവത്തിൽ മിനിക്കുട്ടിക്ക് യാതൊരു ദുഖവും ഇല്ലല്ലോയെന്നു അവൾ ഓർത്തു. 

പിന്നീട് മിനിക്കുട്ടിയിൽ നിന്നാണ് അനുക്കുട്ടി സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ അറിയുന്നത്. പെണ്ണുകാണാൻവന്ന പയ്യൻ അമ്മേടെ ഒറ്റമോനാണെന്നും ഗവണ്മെന്റ് ജീവനക്കാരനാണെന്നും അനുക്കുട്ടി കോളേജിൽ പോകുന്ന വഴിയിൽ ആണ് അവരുടെ വീടെന്നും ' തങ്ങളുടെ കോളേജിന് തൊട്ടടുത്ത സ്‌കൂളിലെ ടീച്ചർ ആണ് പയ്യന്റെ 'അമ്മ എന്നും അനുക്കുട്ടിയുടെ അച്ചനെ ആ വീട്ടുകാർക്ക് അറിയാമായിരുന്നെന്നും അമ്മ പെൺകുട്ടിയെ കണ്ടിട്ടുണ്ടെന്നും അവർക്കു താല്പര്യം ഉള്ളതുകൊണ്ട് കല്യാണം കഴിക്കില്ല എന്ന്‌ വാശി പിടിച്ചിരുന്ന മകനെ നിർബന്ധിച്ചു പെണ്ണുകാണാനായി പരിചയക്കാരനെ കൂട്ടിവിട്ടതാണെന്നും . … പിന്നീട് അവൾ പറഞ്ഞതൊക്കെ അനുക്കുട്ടി മനസ്സിൽ കരുതി അനിയത്തി തന്റെ മനസ്സിലെ ആധി ഒന്നൂടെ കൂട്ടിത്തരും കണക്കെ വിശദമാക്കുന്നു .. അവൾ പറഞ്ഞു കൊണ്ടേയിരുന്നു … “ പാവം അയാൾ എന്തു പിഴച്ചു… പാവം ആ 'അമ്മ …”  അവൾ പറയുന്നത് വിശ്വാസം വരാതെ അനുക്കുട്ടി കണ്ണും മിഴിച്ചിരുന്നു .. കുറ്റബോധം അവളുടെ മനസ്സിനെ വല്ലാതെ നീറ്റി.. ഈശ്വരാ … അയാൾ… അയാളുടെ 'അമ്മ .. താനെന്തൊരു അപരാധമാണ് കാണിച്ചത്… എന്നിട്ടും മറ്റേ ആളെ പറ്റി അവൾക്കു സംശയമായി .. അയാളെന്തിന് കൂടെ വന്നു … അവൾ അനിയത്തിയോടു പറഞ്ഞു ഇപ്പം തന്നെ അയാളെ സത്യം പറഞ്ഞു മനസ്സിലാക്കണം … എനിക്കാ പയ്യനെ ഒന്നു കാണണം … മിനിക്കുട്ടി കൈമലർത്തി ..” എനിക്കറിയില്ല ചേച്ചീ .. ഇനി അയാൾ കാണാൻ നിന്നു തരുമോ .. ചേച്ചി എന്തൊക്കെയാ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞതെന്നോർമ്മയുണ്ടോ … എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ അവൾ ഒരു കാര്യവും കൂടെ ചേച്ചിയുടെ ശ്രദ്ധയിൽ പെടുത്തി “ ആ പയ്യന്റെ ഇടത്തേ കവിളിൽ വല്യ ഒരു കറുത്ത മറുകുണ്ട് .. അത് മറയ്ക്കാനാവാം അയാൾ താടി നീട്ടി വളർത്തിയിട്ടുണ്ട് .. ആ കുറവു കൊണ്ടാകാം അയാൾ പെണ്ണുകാണാൻ പോകാൻ വിസമ്മതിച്ചിട്ടുള്ളത് … അയാളുടെ ആദ്യത്തെ പെണ്ണുകാണൽ … ഇങ്ങനെയായിപ്പോയല്ലോ… കഷ്ടം … “ ഇതും പറഞ്ഞ് അവൾ താടിക്കു കൈകൊടുത്ത് വിഷമിച്ചിരുന്ന കണ്ട് അനുക്കുട്ടിക്ക് ദേഷ്യമായി .. അവൾ ചോദിച്ചു “ അപ്പൊ എന്റെ കാര്യമോ .. എന്റെ ആദ്യത്തെ ചെറുക്കൻകാണൽ  ഇങ്ങനെയായതിൽ നിനക്കൊരു വിഷമവുമില്ല … വല്ലോരേം ഓർത്താ നിന്റെയൊരു ദുഃഖം . മിനിക്കുട്ടിയുടെ ന്യായം .. പെണ്ണുകെട്ടാൻ മടിച്ചിരുന്ന ചെറുക്കനല്ലേ .. പാവം അയാളെ നിർബന്ധിച്ചു 'അമ്മ പറഞ്ഞുവിട്ടിട്ട് … അതു കേട്ടതും അനുക്കുട്ടിയുടെ തല വീണ്ടും ചൂടാവാൻ തുടങ്ങി .. അവൾ ചിന്തിച്ചു ..’ ആ അമ്മയെ ഒന്നു കാണാനായെങ്കിൽ നിങ്ങളുടെ മകന് എന്തു പ്രശ്നമുണ്ടെങ്കിലും തനിക്കു സമ്മതമാണെന്നും മുഖത്തേ മറുകോ താടിയോ ഒന്നും തനിക്കു പ്രശ്‌നമില്ലെന്നും അയാളെ വിവാഹം കഴിക്കാൻ താല്പര്യമാണെന്നും ഒക്കെ പറയാൻ അവളുടെ മനസ്സിനു തോന്നി. പിന്നീട് പലതവണ സൗമിനിയേടത്തിയോട് ഇക്കാര്യം അനുക്കുട്ടി സൂചിപ്പിച്ചെങ്കിലും സൗമിനിയേടത്തി “ അതു സാരമില്ല … മോളത് മറന്നേക്കൂ.. ആരുമില്ലാത്തപ്പോൾ ഞങ്ങൾ ഒപ്പിച്ച ഒരു പണി അതു നിന്നെ ഏറെ സങ്കടപ്പെടുത്തിയില്ലേ .. ഗോപ്യേട്ടന് ഏറെ വിഷമം ഉണ്ടാക്കിയ സംഭവം ആയിപ്പോയി ....ആലോചന കൊണ്ടുവന്ന അവനെ ഗോപ്യേട്ടൻ വിളിച്ചു ശരിക്കു പറഞ്ഞു .. “ എന്നൊക്കെ പറഞ്ഞപ്പോൾ അനുക്കുട്ടി “ അയ്യോ ഏടത്തി മറ്റേ പയ്യൻ .. “ എന്നോർമ്മപ്പെടുത്തിയിട്ടും ഏടത്തി അതു കാര്യമാക്കണ്ട എന്ന്‌ പറഞ്ഞു സമാധാനപ്പെടുത്തുകയാണുണ്ടായത്. 

അങ്ങനെ അനുക്കുട്ടിയുടെ ആദ്യ ചെറുക്കൻകാണൽ പരിപാടി പൊളിഞ്ഞു നാശമായെങ്കിലും ഒരുവർഷം കഴിഞ്ഞതോടെ അനുക്കുട്ടിക്ക് തരക്കേടില്ലാത്ത ഒരാലോചന വരികയും കൂടുതൽ സംഭവവികാസങ്ങളൊന്നുമില്ലാതെ രണ്ടാം പെണ്ണുകാണൽ സക്സ്സസ്സ് ആവുകയും താമസിയാതെ വിവാഹവും നടന്നു. അങ്ങനെ സന്തുഷ്ടദാമ്പത്യജീവിതം പിന്നിട്ട് ഒന്നാം വിവാഹവാർഷികം കഴിഞ്ഞു അനുക്കുട്ടി തന്റെ പ്രിയതമനോട് തന്റെ കഴിഞ്ഞകാല സംഭവങ്ങൾ ഒക്കെ തുറന്നു പറയണമല്ലോ എന്നുകരുതി മനസ്സു തുറക്കാൻ ഒരുങ്ങുമ്പോൾ മനക്കട്ടി തീരെ കുറവായ പ്രിയതമൻ കട്ടികുറഞ്ഞ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയാൽ മതിയെന്ന ഒരു നിർദ്ദേശം വെക്കുന്നു . അങ്ങനെ ഇന്നും തന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന ആ സംഭവം അനുക്കുട്ടി പ്രിയതമനെ അറിയിക്കുകയും ഇന്നും ഓർമ്മയിൽ വല്ലാത്ത പശ്ചാത്താപം ആണെന്നും പറഞ്ഞപ്പോൾ പ്രിയതമനിൽ നിന്നുണ്ടായ മറുപടി
 “ അയാളെ തനിക്കൊന്നു കാണാൻ വല്ലവഴിയും ഉണ്ടോന്ന് .. നീ സൗമിനിയേടത്തിയോട് ഒന്നു തിരക്കാമോ .. “ . അനുക്കുട്ടി അതിശയത്തോടെ പ്രിയതമനോട് തിരക്കി “ എന്റെ പേരിൽ സോറി പറയാനാ .. “. പ്രിയതമൻ അനുക്കുട്ടിയുടെ തോളിൽ തട്ടി 
ആശ്വസിപ്പിക്കുംവിധം മൊഴിഞ്ഞു “ പറ്റിയാൽ എനിക്കയാളെയൊന്നു കാണണം … കാണുമ്പോൾ അങ്ങേർക്കൊരു കൈകൊടുക്കണം … എന്നിട്ടയാളുടെ തോളിൽത്തട്ടി പറയണം “ ഓ സുഹൃത്തേ .. നിങ്ങൾ രക്ഷപെട്ടു … ഭാഗ്യവാൻ … “ 

അനുക്കുട്ടി സോഫയിൽക്കിടന്ന കുഷ്യനെടുത്തു പ്രിയതമനു നേരെ ഒറ്റ ഏറ്. 

                    ************************************************

Sunday 12 April 2020

ഒരു കത്ത്

പ്രിയപ്പെട്ട സുധിക്കൊച്ചൻ അറിയാനായിട്ട് ,
എന്തൊക്കെയുണ്ടെടാ കൊച്ചേ നാട്ടിലു വിശേഷങ്ങള് ? നെനക്കു സുഖം തന്നെയോ ? ജോലിയൊക്കെ എങ്ങനെ പോകുന്നു . ഒത്തിരി നാളുകൂടിയാ കത്തെഴുത്ത് . കൈയങ്ങോട്ടു വഴങ്ങുന്നില്ല ..അക്ഷരങ്ങളൊക്കെ മറന്നുപോകരുതല്ലോ എന്നു കരുതി കത്തിലൂടെ വിശേഷങ്ങൾ തിരക്കാം ന്നോർത്തു.  പണ്ടൊക്കെ നൂറുകൂട്ടം വിശേഷങ്ങളുമായി തപാലിൽ വരുന്ന കത്തിന്റെയൊക്കെ കാര്യം ഓർക്കുമ്പോൾ കണ്ണുനിറഞ്ഞു പോകുന്നു. അന്നൊക്കെ പോസ്റ്റുമാനെ കാത്തിരിക്കും. കത്തുണ്ടാവുമോ ന്നു പ്രതീക്ഷിച്ച്. ഇപ്പോ എന്താ ല്ലേ തപാലാപ്പീസിന്റെ ഒക്കെ ഒരു ഗതി. ഇന്നിപ്പം ഓരോ പുതിയ കണ്ടുപിടുത്തങ്ങൾ വാട്സാപ്പും , ഫേസ് ബുക്കും . എനിക്കിതിനോടൊക്കെ ഭയങ്കര ദേഷ്യാ . അപ്പ നീ വിചാരിക്കണൊണ്ടാവും ഇതിലൊക്കെ ഞാനൊണ്ടല്ലോ എന്ന്‌. അതു നമ്മടെ ഫൈസുക്കൊച്ചൻ ഒപ്പിച്ചു തന്ന പണിയാ. അതെന്താന്നു പിറകേ പറയാം.

വലത്തേ കയ്യിലെ ചൂണ്ടുവിരലിനാണേൽ വല്ലാത്ത വേദനേം മരവിപ്പുമാണ്. ഈ വാട്സാപ്പിൽ മെസ്സേജ് കുത്തിക്കുത്തി. ഞാനിങ്ങനെ മെനക്കെട്ടിരുന്നു കത്തെഴുതീന്നു വച്ചു നീ കഷ്ട്ടപ്പെട്ടു സമയം കളഞ്ഞു മറുപടി ഒന്നും എഴുതാൻ നിക്കണ്ടാട്ടൊ … ഒന്നോരണ്ടോ വാക്കിൽ വാട്ട്സാപ്പിൽ മറുപടി തന്നാൽ മതി. തന്നില്ലേലും നമുക്കു പിണക്കമൊന്നുമില്ലേ .. നിങ്ങ പുതുതലമുറക്ക് ഇതൊന്നും പറഞ്ഞിട്ടില്ലേ .

ആ അതുപോട്ടെ . ഫൈസുക്കൊച്ചനൊപ്പിച്ച പണിയെന്താന്നല്ലേ .. എനിക്കേ കുട്ടിക്കാലവിശേഷങ്ങൾ ഡയറിയിൽ എഴുതിക്കൂട്ടുന്ന ഒരു പതിവൊണ്ടാരുന്നേ. അങ്ങനെ ഞങ്ങടെ വീട്ടിലെ ഷെൽഫ്‌എല്ലാം നിറഞ്ഞു ശല്യായപ്പോൾ കുട്ടേട്ടൻ ഫൈസുക്കൊച്ചനെ വിളിച്ചു സങ്കടം പറഞ്ഞതും അങ്ങനെ ഫൈസു ഞങ്ങടെ വീട്ടിലോട്ട് ഒറ്റവരവ് . “ ഒരു കഥയിങ്ങു താ … ബ്ലോഗുപിള്ളേർക്കു പരിചയപ്പെടുത്തി കൊടുക്കാം .. ന്ന്‌ ..എന്റെ കയ്യിലാ കഥയ്ക്ക് പഞ്ഞം … ഞാൻ ബല്യൊരു ഡയറിതന്നെ അങ്ങോട്ട് കൊടുത്തില്ലേ . പാവം ഫൈസുവിന്റെ കണ്ണു തള്ളിപ്പോയി ട്ടോ … ഇത്രേം ബല്യ എഴുത്തുകാരിയെ ആദ്യേ കാണുന്നതിന്റെ ആശ്ചര്യത്തിലാവാം . കുട്ടേട്ടനാവട്ടെ എന്നെ കണ്ണുരുട്ടി കാണിച്ചു...എന്നിട്ടൊരു താക്കീതും “ ചെറിയ കുറിപ്പു വല്ലതും എടുത്തു കൊടുക്കെടീന്ന് ..” കുട്ടിക്കാലവിശേഷങ്ങൾ എങ്ങനെ ചെറിയ കുറിപ്പാകും. സ്കൂളീ പോണ വഴി കണ്ട വീട്ടിക്കേറി മാങ്ങ പറിച്ചതും കണ്ണു പൊത്തിക്കളിച്ചതും ഹോംവർക് ചെയ്യാതെ ക്ലാസ്സിൽ ചെന്നതിന് കണക്കുമാഷിന്റെ കയ്യീന്ന് പൊതിരെ തല്ലു വാങ്ങിയതും … ഹോ എന്തോരം ഓർമ്മകളാ …!!! കണ്ണു നിറഞ്ഞു വരുന്നു .. നൊസ്റ്റാൾജിയ ..!!! ആ പോട്ടെ … അതൊക്കെ എഴുതിയാ തീരുവോ .. അതൊക്കെ വിശദമായി എഴുതിയാലല്ലേ വായനക്കാരുണ്ടാവൂ .. ഇതു വല്ലോം കുട്ടേട്ടനറിയ്വോ.. അതൊക്കെ നമ്മ എഴുത്തുകാർക്കല്ലേ അറിയൂ .. 

ആ ....അങ്ങനെ ഡയറി കണ്ടു പേടിച്ചുപോയ ഫൈസു എന്നോടു പറഞ്ഞു “ ഇതീന്നൊരു ത്രെഡ് എടുത്തു തരൂ … ചുരുക്കി വേണം … ത്രേ …”.  എനിക്കൊന്നും പിടികിട്ടിയില്ലാട്ടോ ....കുട്ടേട്ടൻ വിശദമാക്കി തന്നപ്പോ ഞാനാ കുട്ടിക്കാല മധുരസ്മരണകൾ എല്ലാം നിർദ്ദയം വെട്ടിത്തിരുത്തി കാച്ചിക്കുറുക്കി ഒരു ചാമ്പക്കാക്കഥ ആക്കി ഫൈസുവിന്റെ കൈയിലോട്ടു കൊടുത്തപ്പം തീർന്നില്ല പുകില് .. “ ഫേസ് ബുക്കിലും വാട്സ് ആപ്പിലും അക്കൗണ്ട് ഓപ്പൺ ആക്കണം … ന്ന്‌ .” ഞാനപ്പോഴേ പറഞ്ഞു ‘ അയ്യയ്യോ .. എനിക്കിതൊന്നും പറ്റില്ല… ഇതൊക്കെ ഒരു തൊഴിലുവില്ലാത്തോർക്കു പറ്റിയതാണെന്ന് …’. തരം കിട്ടുമ്പോഴൊക്കെ കുട്ടേട്ടൻ കാണാണ്ട് കുട്ടേട്ടന്റെ ഫോണെടുത്തു ഫേസ്ബുക്കിലൊക്കെ ഒരു ചികയല് നടത്താറുണ്ടെങ്കിലും എനിക്കിതിലൊന്നും ഒരു ഇന്ററസ്‌റ്റും തോന്നിയിട്ടേയില്ല .. സത്യം .. പക്ഷേ ഫൈസു പറഞ്ഞത് “ ഇതു രണ്ടും ഒണ്ടേല് കഥയെഴുതാൻ കഴിയൂ … ആൾക്കാര് വായിക്കൂ ..” എന്ന്‌ . ആ പിന്നെ ഞാനൊന്നും നോക്കിയില്ല . അങ്ങനെയാ ഇതിലോട്ടു വന്നേ. 

ആ അതുപോട്ടെ … എന്തൊക്കെയാ നിങ്ങടെ വീട്ടില് വിശേഷങ്ങള് ..? ദിവ്യക്കൊച്ച്‌ എന്നാ പറയുന്നു. സുഖം തന്നെയല്ലേ … ജോലീം വീട്ടുകാര്യോം ബ്ലോഗുകാര്യോം എല്ലാം ഭംഗിയായി നടത്തിക്കൊണ്ടുപോകാനുള്ള കൊച്ചിന്റെ ഒരു പങ്കപ്പാടേ … അതിനെ വല്ലോം സഹായിച്ചുകൊടുക്കലൊണ്ടോ … വീട്ടിലെ പണികളൊക്കെ .. ആണുങ്ങൾ ഒന്നു സഹായിച്ചു കൊടുത്തെന്നു കരുതി ഒന്നും സംഭവിക്കാൻ പോണില്ലാട്ടോ. പാവം കൊച്ച് . നല്ല മിടുമിടുക്കി. കൊച്ചനേ … നിന്റെ ഭാഗ്യാ കേട്ടോ ഇതുപോലെ തങ്കപ്പെട്ടൊരു മിടുക്കിക്കൊച്ചിനെ കിട്ടിയത്. അതിനെ പൊന്നുപോലെ നോക്കണം ട്ടോ .. ഉം .. ഇപ്പം മനസ്സീ നീ എന്നതാ പറേണത് എന്നെനിക്കറിയാം ..” ഈ തള്ള പറഞ്ഞിട്ടു വേണോ ഞാനെന്റെ കെട്ട്യോളെ നോക്കുന്നതെന്ന് ..” അല്ലേ .. പറഞ്ഞോ … പറഞ്ഞോ ‘ മൂത്തവർ ചൊല്ലും നെല്ലിക്ക ആദ്യം കയ്ക്കും … പിന്നെ …’ അങ്ങനെയേതാണ്ടൊരു പഴഞ്ചൊല്ലില്ലേ .. ഹോ പ്രായമാവുംതോറും മറവിയായിതുടങ്ങി.  അതിനുമുൻപ്‌ കഥയെല്ലാം ഒന്നെഴുതിത്തീർക്കണം . അതുമാത്രേയുള്ളൂ ഉള്ളൂ കുഞ്ഞേ ഇനിയുള്ളഗ്രഹം . വായിച്ചുബോറടിക്കാൻ നിങ്ങളെപ്പോലെ കൊറെ പിള്ളാരുണ്ടല്ലോ . 

നമ്മുടെ ദിവ്യക്കൊച്ചിന്റെ കൂട്ടുകാരികൾ …. വക്കീലുകൊച്ച് ശാരീം പിന്നാ എഞ്ചിനീർ കൊച്ചു സൂര്യേം … എല്ലാം പുലികൾ അല്ലേ .. പുപ്പുലികൾ . മിടുക്കികൾ . അങ്ങനെവേണം പെൺപിള്ളാരായാൽ.  നിന്റെ കൂട്ടുകാര് അൻഷുക്കൊച്ചനും വഴിമരം മാധവൻകൊച്ചനും ഓരോ ഡയലോഗിട്ടാൽ ഉരുളക്കുപ്പേരിപോലല്ലേ മറുപടി കൊടുത്തു എന്റെ പെൺപിള്ളേർ നിങ്ങടെയൊക്കെ വായടപ്പിക്കുന്നത് . മിടുമിടുക്കികൾ .   ആ പിന്നെ ആ കൂട്ടുകാര് പിള്ളേരോടും കൂടെ എന്റെ ഉപദേശങ്ങൾ ഒന്നു പറഞ്ഞേക്കു കേട്ടോ .. സ്വന്തം ഭാര്യമാരെ പൊന്നുപോലെ നോക്കണം അവരെ വീട്ടുജോലികളിൽ സഹായിക്കണം അതായത് പാത്രം മോറൽ , അടിച്ചുവാരൽ , മീൻവെട്ട്‌ ഇതൊന്നും പെണ്ണുങ്ങൾക്കു മാത്രമായി മാറ്റിവച്ചേക്കുന്ന പണിയൊന്നുമല്ലെന്ന് .. മനസ്സിലായോ … അൻഷുക്കൊച്ചനോടും മാധവൻകൊച്ചനോടും പറഞ്ഞേര്. ഹും ഇപ്പം മനസ്സിലായി .. നിങ്ങ മൂന്നുപേരും ചേർന്ന് എനിക്കിട്ടു ഡയലോഗ്ഇടാനാണെന്ന് . ഇവിടെ എല്ലാം നേരെ ഓപ്പസിറ്റ്  ആണ് . ഒറ്റയ്ക്ക് ഇപ്പണിയെല്ലാം ചെയ്തു എന്റെ കൈ തേഞ്ഞുതേഞ്ഞില്ലാതായി. അടുത്ത തലമുറ അങ്ങനെയാവാതിരിക്കട്ടെ. 

ആ അതുപോട്ടെ … പിന്നെ കുഞ്ഞെന്തു പറയുന്നു … മോള് … എൽ കെ ജിയിൽ ചേർക്കാറായോ .. ഇടയ്ക്കൊക്കെ കുഞ്ഞിന്റെ ഫോട്ടോ കാണാറുണ്ട്. മിടുക്കി.  നാട്ടില് നല്ല ചൂടാവും ല്ലേ .. കുടിവെള്ള ക്ഷാമം നാട്ടിലെ ഒരു പ്രശ്നം തന്നെ ല്ലേ . കഴിഞ്ഞമാസം പതിനഞ്ചു ദിവസത്തേക്ക് നാട്ടിലോട്ടു വന്നിട്ട് രണ്ടു കല്യാണം കൂടി എന്റെ പൊന്നുകുഞ്ഞേ ഒന്നും പറയാണ്ടിരിക്കുവാ ഭേദം. പണ്ടൊക്കെ കല്യാണം ന്നു വച്ചാൽ ബന്ധുക്കളെല്ലാം നേരത്തെ എത്തുന്നു പാചകത്തിലും വീടുവൃത്തിയാക്കലിലും എല്ലാം എല്ലാരും ചേർന്ന് സഹായിച്ചു തലേന്ന് രാത്രി അത്താഴസദ്യ. എന്തൊരു ഒത്തൊരുമ. ഇപ്പോഴും ഒത്തൊരുമക്കു കുറവൊന്നുമില്ല. ഇപ്പഴത്തെ കല്യാണം എന്താ ആഘോഷങ്ങളല്ലേ. എന്റെ കണ്ണു തള്ളിപ്പോയി. പിന്നെന്താ എല്ലാം കാറ്ററിംഗുകാര് പിള്ളേരല്ലേ. പഠിക്കുന്ന 
കൊച്ചുപിള്ളാരല്ലിയോ കാറ്ററിങ് നടത്തുന്നെ .. കുറ്റം പറയരുതല്ലോ അടിപൊളി ഫുഡ് ആണ് കൊച്ചുങ്ങളുടെ.  പിന്നെന്നാ ഒരു കല്യാണം കഴിഞ്ഞാൽ രണ്ടുദിവസത്തേക്ക് എന്നാ ഒരു ക്ഷീണം. അതു പറയാം എന്റെ ബന്ധുചേച്ചിക്കൊപ്പം ബന്ധുക്കല്യാണത്തിനു പോയ പുകില്. രാവിലേ ഒരുങ്ങി കല്യാണവീട്ടിലോട്ട് . വീടിനു മുന്നിൽ റോഡിൽ നിരനിരയായി വിഡിയോകോച്ചുകൾ.. മൂന്നാണോ നാലോ .. ഓർക്കുന്നില്ല .. ഏറ്റവും മുന്നിൽക്കിടന്ന വിഡിയോകോച്ചിൽ ചേച്ചി എന്നേം കൊണ്ടുകേറി മുൻസീറ്റു പിടിച്ചു. ഞാനാകുന്ന പറഞ്ഞു
 ‘ ചേച്ചി .. നമുക്കാ വീട്ടിലൊന്നു കേറി നമ്മുടെ സാന്നിദ്ധ്യം അറിയിച്ചിട്ടു വരാം.. ന്ന്‌’ “ നീ വേറേ പണി നോക്കെടീ കഴുതേ ..സാന്നിദ്ധ്യം കഴിഞ്ഞുവന്നാൽ സീറ്റു കിട്ടില്ല പിന്നെ കമ്പിയിൽ തൂങ്ങിക്കിടക്കേണ്ടി വരുമെന്നു ചേച്ചി.  ആളുകൾ ഒക്കെ കേറി വണ്ടി മുന്നോട്ടു നീങ്ങിയതും സിനിമ ഇട്ടു. മ്മടെ മോഹൻലാലിന്റെ “ ഇട്ടിമാണി “ . എല്ലാരും സിനിമാ കണ്ടാസ്വദിച്ചിരിക്കുമ്പം വീഡിയോകോച്ച് വണ്ടീടെ മണമടിച്ചു ഛർദിക്കാൻ വന്നിട്ട് ഞാൻ സീറ്റിൽ തല കുമ്പിട്ടുകിടന്നപ്പം ചേച്ചി പിന്നേം പറഞ്ഞു “ ഇങ്ങനൊരു കഴുത “ . കല്യാണസ്ഥലത്തു വണ്ടിനിന്നതും ആള്ക്കാര് വേഗം പോകുന്ന പിറകേ ചേച്ചി എന്നേം കൈപിടിച്ചു ഓട്ടമാണോ നടത്തയാണോ ഹാളിലോട്ട്‌. ഞാൻ പറഞ്ഞു “ നമ്മൾ ചെറുക്കൻ കൂട്ടരല്ലേ.. ചെറുക്കനെ സ്വീകരിച്ചുകൊണ്ടുപോകുന്ന കൂട്ടത്തിൽ കേറാം ‘ ന്നു പറഞ്ഞിട്ട് “അതൊക്കെ അടുത്തബന്ധുക്കൾ ചെയ്തോളും നീവാ ല്ലേൽ സീറ്റു കിട്ടില്ലാന്നു “  
  ‘ ചെറുക്കൻകൂട്ടർക്കല്ലേ മുൻഗണന ..’ ന്നു പറഞ്ഞപ്പം. “ അതൊക്കെ പണ്ട് … ഇപ്പ അങ്ങനൊന്നുമില്ല .. എല്ലാരും അതിഥികൾ തന്നെ .. “ എന്ന്‌ ചേച്ചി. ആൾക്കാരെക്കൊണ്ട് അപ്പഴേ ഹാള് ഏതാണ്ട് ഫുൾ. മുൻസീറ്റു പിടിക്കാൻ ചേച്ചി നടത്തിയ ശ്രമത്തെ ഞാൻ തടഞ്ഞു രണ്ടാംനിരയിൽക്കയറി ഇരുപ്പായി. ഹാ സുഖമാരുന്നു എ സി ഹാളിലെ ഇരുപ്പ്‌. താമസിയാതെ ചടങ്ങുകൾ തുടങ്ങി .. എവിടെ ഒരു വക കാണാനാവാതെ വിഡിയോക്കാരുടെയും ക്യാമറക്കാരുടെയും പിറകും കണ്ടിരുന്നു ക്ഷീണം കാരണം ഞാനൊന്നു കണ്ണടച്ചുപോയി ഒരു നിമിഷം.. ചേച്ചീടെ തട്ടുകൊണ്ടു കണ്ണുതുറന്നപ്പം വേഗം സദ്യഹാളിലേക്കു പോകാം ന്നു പറഞ്ഞു ചേച്ചി എണീറ്റുനിൽക്കുന്നു. സ്റ്റേജിൽ താലികെട്ട് നടക്കുന്നേയുള്ളൂ. ബാക്കി ചടങ്ങുകൾ കിടക്കുന്നു. ‘ കല്യാണം കഴിയാതാണോ സദ്യ കഴിക്കാൻ പോവുന്നെ ‘ ന്നു ചോദിച്ചപ്പം “ പിന്നെ എടീ കഴുതേ .. അവിടെ തള്ളും ബഹളവുമാവും മുൻപേ ആദ്യത്തെ ഏറ്റിരിക്കാം “ ന്നു പറഞ്ഞോണ്ട് എന്നേം വലിച്ചോണ്ട് ഒരോട്ടമായിരുന്നു. ഹാളിലിരുന്ന മുക്കാലും ആൾക്കാർ ഞങ്ങൾക്കു മുന്നേ ഓട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു.  അല്ലെങ്കിലും ആഹാരക്കാര്യത്തിൽ നമ്മ മലയാളികളെ വെല്ലാൻ ലോകത്താരും കാണില്ലാന്ന് ആ സദ്യാഹാളിന്റെ മുൻപിൽ ചെന്നപ്പോളാണ് ഞാൻ നല്ലോണം മനസ്സിലാക്കിയെ. അടച്ചിട്ട കൂറ്റൻ വാതിൽ .. കുറച്ചാളുകൾ അതിന്റെ വാതിൽക്കൽ കാത്തു നിൽക്കുന്നു. എന്നെയും കൂട്ടി ചേച്ചി ആ വാതിലിനടുത്തു നിലയുറപ്പിച്ചു. ഡോർ ആണേൽ തുറക്കുന്നുമില്ല. നിന്നു നിന്നു കാലുകഴച്ചു.. ഞാൻ പിറകിലോട്ട് ഒന്നു നോക്കി. ഈശ്വരാ ..!! എന്റെ തലകറങ്ങി .. അത്രക്കും ആൾക്കൂട്ടം ഞങ്ങൾക്കു പിറകിൽ.. ഞാൻ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി ചേച്ചിയോട് പറഞ്ഞു “ എനിക്ക് കഴിക്കണ്ട.. നമുക്കു പുറത്തോട്ടിറങ്ങാം .. “ എവിടെ ചേച്ചി എന്റെ കയ്യിൽ ബലത്തിൽ പിടിച്ചു. “ നീ എന്റെ കൈ വിടല്ല് ..ഡോർ തുറന്നാൽ എന്റെ കൂടെ കയറിക്കൊള്ളണം ന്ന്‌ ..” ഈശ്വരാ ..!!! എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങിയിരുന്നു. അപ്പോഴും ചേച്ചി എന്റെ കൈത്തണ്ടയിലെ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. ഒരു സൗണ്ടും ബഹളവും അകത്ത് .. പിറകിൽ നിൽക്കുന്ന ആൾക്കാരിലും ഒരു ചലനം.. ചേച്ചി എന്റെ ചെവിയിൽ “ ടീ ഇപ്പം ഡോർ തുറക്കും.. വേഗം എന്നോടൊപ്പം കയറിക്കോണം.. നീ എന്റെ കയ്യിലെ പിടിവിടരുത്.. “ എന്ന്‌ പറഞ്ഞു ഓട്ടക്കാര് ആയം പിടിച്ചുനിൽക്കുന്ന മാതിരി ചേച്ചി തയ്യാറെടുത്തു. അപ്പോഴേക്കും എന്റെ ശരീരത്തിന് തളർച്ച ബാധിച്ചു തുടങ്ങി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഭയങ്കര ശബ്ദത്തോടെ കൂറ്റൻ വാതിൽ തുറന്നതു മാത്രേ എന്റെ കുഞ്ഞേ എനിക്കോർമ്മയുള്ളൂ.. കണ്ണുതുറന്നു നോക്കുമ്പോൾ ഞങ്ങളിരിക്കുന്ന സീറ്റിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ആൾക്കാരുടെ പരക്കംപാച്ചിൽ. എങ്ങനെ ആ സീറ്റിൽ എത്തിയെന്നോ എന്തു സംഭവിച്ചെന്നോ ഒരോർമ്മയും കിട്ടാഞ്ഞു ഇലയിലേ ഉപ്പേരി കൊറിച്ചിരുന്ന ചേച്ചിയോട് സംഭവം തിരക്കിയപ്പോൾ ചേച്ചി പറഞ്ഞത് “ ചേച്ചിക്കും നല്ല ഓർമ്മ കിട്ടുന്നില്ല .. മുന്നേ നിന്നകാരണം ഒന്നും അറിഞ്ഞില്ല .. എങ്ങനെയോ നമ്മളീ സീറ്റിൽ എത്തി. എന്താ ഒരു മാജിക്.. ഞാനെന്റെ പുത്തൻ പട്ടുസാരിയിലൂടെ ഒന്നു കണ്ണോടിച്ചു .. തോളിൽ അടുക്കി പിൻ ചെയ്തു വച്ചതു അഴിഞ്ഞു കിടപ്പുണ്ടാരുന്നു .. ഇത്തിരി നൂലുവലിഞ്ഞതൊഴിച്ചാൽ വേറേ കേടുപാടുകൾ ഒന്നും ഇല്ല ഭാഗ്യം .. ചേച്ചീടെ സാരി ആകെ ഉലഞ്ഞുടഞ്ഞു.  പത്തുപന്ത്രണ്ടു കൂട്ടം കൂട്ടാൻ ...പായസം നാലുതരം .. എല്ലാം കെങ്കേമം .. പക്ഷേ ഇതിനകത്തൊന്നു കേറിപ്പറ്റാൻ പെട്ടപാട് പൊന്നുകുഞ്ഞേ ജീവിതത്തിൽ മറക്കില്ലേ .. കഴിപ്പു കഴിഞ്ഞതും ചേച്ചി എന്റെ കയ്യിലെ പിടിമുറുക്കി. തിരിച്ചു വിഡിയോകോച്ചിലോട്ട് .. ഓ .. ഞാൻ പറഞ്ഞു “ ചേച്ചി ചെറുക്കനും പെണ്ണും ദാണ്ടെ .. സ്റ്റേജിൽ … നമ്മടെ സാന്നിദ്ധ്യം .. “ മുഴുവനാക്കാൻ സമ്മതിക്കാതെ ചേച്ചി തട്ടിക്കയറി “ അവർക്കിപ്പം നിന്റെ സാന്നിദ്ധ്യം അറിയാനാ നേരം .. അങ്ങോട്ടൊന്നു നോക്കിയേ ..” അപ്പഴാ ഞാൻ ശ്രദ്ധിച്ചേ .. ചെറുക്കനും , പെണ്ണും അവത്തുങ്ങടെ കൂട്ടാരു പിള്ളേരാന്നു തോന്നുന്നു എല്ലാംകൂടെ അടിച്ചുപൊളിക്കല് .. പെണ്ണും ചെക്കനും കൂളിംഗ്ലാസ്സും വച്ച് കൈപൊക്കി കാണിച്ചു കൂട്ടാരോടൊപ്പം ഫോട്ടോയെടുക്കലും ബഹളോം. ന്താ ല്ലേ ഇപ്പോഴത്തെ പിള്ളാരുടെയൊക്കെ ഒരു കാര്യം .. കാർന്നോന്മാർക്കൊന്നും അവിടെ ഒരു റോളും കാര്യമായില്ല .. എല്ലാം യൂത്ത് ഏറ്റെടുത്തുകഴിഞ്ഞു. പെണ്ണിനേം ചെക്കനേം നേരാംവണ്ണം ഒന്നു കാണാം പോലുമായില്ലല്ലോ എന്നൊരു ചെറിയ വിഷമത്തോടെ നേരെ വീഡിയോ കോച്ചിലേക്ക് .. ആളുനിറഞ്ഞു .. വണ്ടി സ്റ്റാർട്ട് .. മോഹൻലാലിൻറെ “ഇട്ടിമാണി....” കണ്ടിന്യൂ .. ആൾക്കാർക്ക് രസം .. എനിക്കു തലവേദന തുടങ്ങി .. ബസ്സിനുള്ളിൽ പെണ്ണുങ്ങടെ കൂട്ടച്ചിരി.. ചേച്ചി എന്റെ തോളിത്തട്ടി.. “ ടീ നോക്കെടീ..” മോഹൻലാലിന്റെ മാർഗം കളി തകർക്കുന്നു. ന്താല്ലേ ഈ മോഹൻലാലിന്റെ ഒരു കാര്യേ .. ബഹുമുഖപ്രതിഭ. ഓ ഞാൻ തല വേദനിച്ചിട്ടു സീറ്റിൽ കുമ്പിട്ടുകിടന്നപ്പം ചേച്ചി പിന്നേം
 “ ഇങ്ങനൊരു കഴുത .. “ . കോച്ചില് സിനിമ തകർക്കല് … പെണ്ണുങ്ങള് ചിരിയോ ചിരി .. ചേച്ചി എന്നെ തട്ടി “ ടീ നോക്കെടീ .. ഓ മോഹൻലാൽ ഒരു കെളവിയെ കല്യാണം കഴിക്കുന്ന സീൻ .. ഇങ്ങേർക്കിതിന്റെ വല്ലോം ആവശ്യമുണ്ടോ .. ചിരിയും തകർപ്പും കഴിഞ്ഞു ഞങ്ങടെ സ്റ്റോപ്പിൽ ചെന്നിറങ്ങി ഞാൻ ചേച്ചിയോടു പറഞ്ഞു “ അയ്യോ ഞാനിനി ഇല്ലേ ഈ പരിപാടിക്ക്‌ … മതിയായി .. ചേച്ചിയപ്പം ഒന്നൂടെ “ കഴുതേ ..” ന്നൊരു നീട്ടിവിളി. 
നാട്ടിലെ ഓരോ രീതികളെ .. ന്നാലും ഇബിടിരിക്കുമ്പം നാടിൻറെ കാര്യം ഓർത്താൽ കണ്ണു നനയും …. നൊസ്റ്റാൾജിക് ഫീലിംഗ് .. എന്തെല്ലാമായാലും നമ്മുടെ നാടിന്റെ ഒരു സുഖേ .. അതെവിടെ ചെന്നാൽ കിട്ടും . ഒരിടത്തും കിട്ടില്ല .. അതാ നമ്മുടെ നാട് . എഴുതി എഴുതി നീണ്ടുപോയി.  അതുകൊണ്ട് നിർത്തട്ടെ . അമ്മിയേടത്തി എന്നാ പറേന്നു … സുഖമായിരിക്കുന്നില്ലേ .. പിന്നേ ദിവ്യക്കൊച്ചിനു മീൻവെട്ടീം പാത്രം കഴുകീം ഒക്കെ സഹായിക്കണേ ന്നു നിന്നോടു ഞാൻ ഉപദേശിച്ച കാര്യം അമ്മിയേടത്തിയോടെങ്ങും പറഞ്ഞേക്കല്ലു കേട്ടോ .. 
എല്ലാവർക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ എന്ന്‌ പ്രാർത്ഥിച്ചുകൊണ്ട് കത്തു നിർത്തുന്നെടാ കൊച്ചേ ..
സ്നേഹപൂർവ്വം വല്യേടത്തി 

Thursday 2 April 2020

വായനാനുഭവങ്ങൾ മൂന്നാം ഭാഗം

അടുത്തത്‌ വീണപൂവ് … 
ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “ 
കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ്ങകളും ‘വെള്ളക്ക ‘ എന്ന്‌ ഞങ്ങളുടെ നാട്ടിൽ പറയുക. ഒക്കെയും കവയിത്രിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ആ സുഗന്ധം … ഓർമ്മകൾ … ഇഷ്ടം … ആഗ്രഹങ്ങൾ … ഒക്കെ മനോഹരമായ എഴുത്തിലൂടെ വായനക്കാരുടെ മനംകവരുന്നു. നാട്ടിടവഴിയിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ഒപ്പം പ്രണയാർദ്രമായ ഒരു മനസ്സിനെക്കൂടി വായിച്ചെടുക്കാനാവുന്നു. ആശംസകൾ ഉമാ . 

അടുത്തത് വി കെ അശോകിന്റെ “ ചിന്നുവിന്റെ നാട് “ 

ഇതു നടന്നതോ കഥയോ എന്ന്‌ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത്. ശരിക്കും നടന്ന സംഭവംമാതിരി  വിവരിച്ചെഴുതാനുള്ള അശോക്‌ഭായിയുടെ കഴിവ് എടുത്തുപറയാതെ വയ്യ. നമ്മുടെ ബ്ലോഗ്‌സാപ്പിലെ കൂട്ടുകാരെ കഥാപാത്രങ്ങളാക്കി വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ് “ അനുവിന്റെ തിരോധാനം …” അടിപൊളിയാക്കി പറഞ്ഞവസാനിപ്പിച്ചു. ഇനിയിപ്പോൾ ഇങ്ങനെ ഇതെഴുതുമ്പോഴും ഉള്ളിൽ ഒരു സംശയം ഇല്ലാതില്ല. കേരളേട്ടനും വിനുവേട്ടനും നീലത്താമരേം ദിവ്യയും സുധിയും ബിലാത്തിയേട്ടനും എല്ലാം ചേർന്ന് ഇങ്ങനൊരു ട്രിപ്പ് നടത്തിയിട്ടുള്ളതോ ..? കാഞ്ഞിരപ്പള്ളിക്കാരി അനുവിന്റെ വീട്ടിലെ റബ്ബർതോട്ടം വരെ അതതുപോലെ വിവരിച്ചിരിക്കുന്നതു വായിച്ചപ്പോൾ തോന്നിയ ചെറിയ ഒരു സംശയം . എന്തായാലും ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു. 
ആശംസകൾ അശോക് ഭായ് . 

അടുത്തത് നമ്മുടെ ആദി ടോക്സ്    “ കാലൻകോഴി “ എന്ന കഥ 

ആദ്യം വായിച്ചപ്പോൾ തമാശ കഥയായി തോന്നി. പിന്നീട് അനുഭവത്തിൽ നിന്നുള്ളതെന്നു മനസ്സിലായി. പ്രണയനൈരാശ്യത്തിൽ നിന്നുടലെടുത്ത ഒരു അവിവേകം.  പിന്നീടതിനെ അതിജീവിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നു എന്ന്‌ വായിച്ചറിഞ്ഞപ്പോൾ സമാധാനവും സന്തോഷവും വായനക്കാരുടെ മനസ്സിലും നിറയുന്നു. 
സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാൻ വിവേകപൂർവം ചിന്തിച്ചു തീരുമാനങ്ങളെടുക്കാൻ മനസ്സിനു ധൈര്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു . ആശംസകൾ ആദി 

അടുത്തത് ഉദയപ്രഭൻസാറിന്റെ “ രക്തപങ്കിലം “ എന്ന കഥ 

ജീവിതത്തിൽ കടന്നുപോവുന്ന സംഭവങ്ങൾ. ഇങ്ങനെയൊരവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരിക വല്ലാത്ത ഒരവസ്ഥ തന്നെ. അത് വായനക്കാർക്കു മുന്നിൽ നന്നായി അവതരിപ്പിച്ചു.  സമാന്തരന്റെ കഥയും ഒരു ലോക്കോ പൈലറ്റിന്റെ സങ്കടങ്ങൾ … എങ്കിൽ ഇവിടെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു സംഭവം ആണ് 
ഉദയപ്രഭൻസർ എഴുതിയ “ രക്തപങ്കിലം “ . 

ഇങ്ങനെ എത്ര അനുഭവങ്ങളെ നേരിട്ടാവും ഇവരുടെ ജീവിതം. ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് താനോടിക്കുന്ന ട്രെയിനിനു മുൻപിൽ ആത്മഹത്യ ചെയ്യുന്നതും  അതേത്തുടർന്ന് ആ പൈലറ്റിനുണ്ടാവുന്ന മാനസ്സികസംഘർഷങ്ങൾ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു. വായനക്കാരുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞു. 
ആശംസകൾ ഉദയപ്രഭൻസർ . 

അടുത്തത് അനുവിന്റെ “ കൽക്കണ്ടം “.   “ അവൾ “ എന്ന കഥ 

നമ്മുടെ ജീവിതത്തിൽ യാത്രക്കിടയിൽ ഒക്കെ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കും. ഒരിക്കലും മായാതെ ആ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. നമ്മെ വല്ലാതെ ആകർഷിക്കുന്നത്. അത്തരമൊരനുഭവം വളരെ മനോഹരമായി നമുക്കു മുൻപിൽ കാട്ടിത്തരുന്നു അനുവിന്റെ “ അവൾ “ എന്ന കഥ. ആശംസകൾ അനു . 

അടുത്തത് ആനന്ദിന്റെ സമസ്യ 
“ കൊള്ളിന്റെ തെമ്പത്തെ കച്ചോടം ..” 
ഈ പേര് എനിക്കൊന്നും മനസ്സിലായില്ല. കോഴിക്കോട്ടെ നാട്ടുഭാഷ.  നാടും നാട്ടുഭാഷയും അടിപൊളി. കുട്ടിക്കാല ഓർമ്മകൾ നാട്ടുഭാഷയിലൂടെ ആ സംഭാഷണങ്ങളിലൂടെ വളരെ മനോഹരമായി എഴുതി. താഴെ വാക്കുകളുടെ അർത്ഥങ്ങൾ വിവരിച്ചതിനാൽ വായനക്കാർക്ക് ഓരോ വാക്കുകളും മനസ്സിലാക്കിയെടുക്കാനുമായി. ആശംസകൾ ആനന്ദ് . 

അടുത്തത് ആർഷയുടെ സ്വന്തം ശ്യാമ 
“ കാണാതെ പോയൊരു നിറം “ 
കുഞ്ഞിയേച്ചി എന്ന ലയയുടെയും അനി എന്ന അനിരുദ്ധിന്റേയും കഥ. വർഷങ്ങൾ പിന്നിട്ടിട്ടും പതിനാലുകാരന്റെ മനസ്സുമായി മുറപ്പെണ്ണിനെ കാണാനെത്തുന്ന അനി. പണ്ടെന്നോ ചെയ്തുപോയൊരു തെറ്റിന് ചെയ്യുന്ന ഒരു പ്രായശ്ചിത്തമെന്നോണം ഉള്ള അനിയുടെ വരവ്. അത് മനസ്സിലാക്കാതെ വർഷങ്ങൾക്കു ശേഷം അനിയെ കാണുമ്പോഴുണ്ടാകുന്ന കുഞ്ഞേച്ചിയുടെ ആഹ്ലാദം… കഥയുടെ അവസാനം അനിരുദ്ധ് 
40- ൽ നിന്ന്‌ പഴയ പതിനാലുകാരനെപ്പോലെ എന്നു പറഞ്ഞുവെക്കുന്നു കഥാകാരി. വായനക്കാരിൽ പലർക്കും പരാതി … “ കുറച്ചുകൂടി എഴുതിത്തീർക്കാനുണ്ടായിരുന്നില്ലേ “ എന്ന്‌ . പക്ഷേ ഈ ചെറിയ കഥയിലൂടെ പണ്ടുനടന്ന സംഭവങ്ങളും പശ്ചാത്തലവും അനിരുദ്ധന്റെ വരവിന്റെ ഉദ്ദേശവും എല്ലാം ചുരുങ്ങിയ വാക്കുകളിലൂടെ പറഞ്ഞവസാനിപ്പിക്കുന്നു കഥാകാരി.  ആശംസകൾ ആർഷ. 
Saturday 21 March 2020

അല്ലി

അല്ലി 
*******
പുലർച്ചെയുള്ള യാത്രയുടെ സുഖം നല്ലോണം ആസ്വദിച്ചു .  പുലർച്ചെയാത്ര മടിപിടിച്ചൊരു കാര്യമായിരുന്നു . പ്രഭേട്ടൻ തന്നോടു പലപ്പോഴും കലഹം കൂടിയിട്ടുള്ളതും ഈ ഒരൊറ്റക്കാരണത്താൽ തന്നെ . രാവിലെ കുളിച്ചൊരുങ്ങുമ്പോൾ അമ്മക്കതിശയമായിരുന്നു . രണ്ടുനാൾ കഴിഞ്ഞേയുള്ളൂ മടക്കം ന്നു കേട്ടപ്പോൾ ആ അതിശയം ഇരട്ടിച്ചു . ജോലിത്തിരക്കു കഴിഞ്ഞ് ഒന്നിനും നേരമില്ലായെന്ന് എപ്പോഴും പരാതിപറയുന്ന മകൾ … ഇന്നലെ വൈകുന്നേരം സ്വന്തം വീട്ടിലോട്ടു വന്നിട്ട് രാവിലെയുള്ള ഈ യാത്ര പുറപ്പെടൽ . ചെറിയമ്മക്കരികിലേക്കായതിനാൽ അമ്മക്കാശങ്കയില്ല. 

നേരിട്ടുള്ള ബസ്സിൽ രണ്ടുമണിക്കൂർ യാത്രയിൽ നേരെ ക്ഷേത്രത്തിന്റെ  മുൻപിലുള്ള സ്റ്റോപ്പിൽ ഇറങ്ങിനടക്കുമ്പോൾ ശ്രദ്ധിച്ചു . ഇവിടെ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല . പ്രധാനകവാടം കടന്നകത്തേക്കു കയറി . ശാന്തമാണന്തരീക്ഷം . മൂന്നോനാലോ പേരൊക്കെ തൊഴുതുമടങ്ങുന്നു . പുഴയുടെ മേലെയുള്ള കൈവരിപ്പാലത്തിൽക്കൂടെ നടക്കുമ്പോൾ ഓർക്കുകയായിരുന്നു….. പഴയപോലെതന്നെ .. ഇടത്തേസൈഡിലെ കടവിൽ പുരുഷൻമാർ കുളിക്കുന്നു . വലത്തേസൈഡിൽ  കുറേ സ്ത്രീകൾ തുണികൾ അടിച്ചുനനച്ചു കുളിക്കുന്നതിന്റെ ബഹളങ്ങൾ . തോർത്തു മാറിൽചുറ്റിനിന്നിങ്ങനെ കുളിക്കുന്നതു കണ്ടപ്പോൾ “ അയ്യേ … “ എന്ന്‌ തോന്നിപ്പോയ ആ ഒരു നിമിഷത്തെ ശപിച്ചു . ചെറുപ്പത്തിൽ എത്രയോ തവണ ഈ ക്ഷേത്രത്തിൽ വരുമ്പോൾ കണ്ടിട്ടുള്ള കാഴ്ചകൾ . പരിഷ്കാരത്തിന്റെ മാറാലകളാൽ ആവരണം ചെയ്യപ്പെട്ട എന്റെ കണ്ണുകളെ ഓർത്തു ലജ്ജ തോന്നി . ഇന്നും ആ പഴയ ഗ്രാമീണനിഷ്കളങ്കത ഇവിടെ നിലനിൽക്കുന്നു . നഷ്ടമായതിനെ ഓർത്തു ലജ്ജയോ ദുഃഖമോ എന്താണിപ്പോൾ മനസ്സിൽ തോന്നുന്നത് … ആവോ എനിക്കൊന്നുമറിയില്ല . ചിന്നുമോൾക്ക് അവധിയുണ്ടായിരുന്നെങ്കിൽ അവളെയും കൂട്ടാമായിരുന്നു . അവളെ ഇവിടേയ്ക്ക് ഒരിക്കലെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നാഗ്രഹം ഉണ്ട് . അവൾക്കീ കാഴ്ചകൾ കൗതുകം നൽകും ഉറപ്പ്‌ . 

എണ്ണയും സാമ്പ്രാണിയും കർപ്പൂരവും വിൽക്കുന്ന ചെറിയൊരു കട . അതിനരികിൽ ചെരിപ്പൂരിയിട്ട് മെല്ലെ പുഴയുടെ പടികളിറങ്ങി . കുളിക്കിടയിലുള്ള സ്ത്രീകളുടെ നാട്ടുവർത്തമാനങ്ങൾ . അങ്ങു താഴെ കുറേ നീങ്ങി കുറച്ചു സ്ത്രീകൾ അവിടെയും നനച്ചുകുളിക്കുന്നു . പുഴയുടെ നടുവിലൂടെ കല്ലുകൾ പാകി വേർതിരിച്ച് വെള്ളം അതിനിടയിലൂടെ ഊർന്നൊഴുകി പോകുന്നു . 'അമ്മ പണ്ടു പറഞ്ഞതോർമ്മ വന്നു ‘ അമ്പലത്തിൽ കയറാൻ പറ്റാത്ത സമയത്ത് സ്ത്രീകൾക്ക് അവിടെ കുളിക്കാം ‘ ഇതിനൊന്നും ലവലേശം മാറ്റം ഉണ്ടായിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടു .  താഴെ പടിയിൽനിന്ന് കാലുകൾ നനയ്ക്കുമ്പോൾ ശരീരത്തിലേക്ക് കുളിർമ്മ പടർന്നുകയറി . കൈക്കുമ്പിളിൽ വെള്ളംകോരി മേലാകെ ഒന്നുകുടഞ്ഞ്‌ പടവുകൾ കയറി സാമ്പ്രാണിയും കർപ്പൂരവും എണ്ണയും വാങ്ങി അകത്തേക്കു കയറി . എത്ര ശാന്തം . കുറച്ചുപേർ പ്രദക്ഷിണം വയ്ക്കുന്നുണ്ട് . പൂജാസാധനങ്ങൾ നടയിൽവച്ചു തൊഴുതിറങ്ങുമ്പോൾ ഓർത്തു മുൻപേ നടന്നു പ്രദക്ഷിണം വച്ച ഒരു കറുത്ത സ്ത്രീ രണ്ടുമൂന്നുവട്ടം തിരിഞ്ഞുനോക്കി നടക്കുന്ന കണ്ടു . തന്നെ ആരും തിരിച്ചറിയാൻ തരമില്ല . പുറത്തിറങ്ങി വലംവച്ചു തൊഴുതു നടന്നുവരുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ഏട്ടനോടും ഏടത്തിയോടുമൊപ്പം പണ്ട് ക്ഷേത്രത്തിൽ വന്ന ചെറിയൊരോർമ്മ … അന്നവരുടെ വിവാഹം കഴിഞ്ഞ നാളുകൾ .. ഏട്ടൻ തന്നെ തോളിലേറ്റി നടന്നത്…. തന്റെ കുഞ്ഞിക്കാലുകളിൽ തടവി “ നിനക്കൊരു ചിലങ്ക വാങ്ങിത്തരുന്നുണ്ട് .. ഡാൻസ് കളിക്കണം ട്ടോ …” എന്ന്‌ ഏട്ടൻ പറഞ്ഞത്. പ്രദക്ഷിണം ചെയ്തു നടക്കുമ്പോൾ ഏടത്തിക്കെല്ലാം കൗതുകമായിരുന്നു. ഏട്ടനോരോന്നും വിശദമാക്കിക്കൊടുക്കുന്നുമുണ്ടായിരുന്നു. എല്ലാം ഇന്നലെയെന്നപോലെ …!! എല്ലാ ബന്ധങ്ങളെയും കോർത്തിണക്കിക്കൊണ്ടുപോകുന്ന കുടുംബത്തെ ഒരു കണ്ണിയായിരുന്നു ഏട്ടൻ. ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് … എത്രവേഗം …! അറിയാതെ നിറഞ്ഞുവന്ന കണ്ണുകൾ .. ആരും കാണാതിരിക്കാൻ വേഗം തുടച്ചുനീക്കി. വലം വച്ചു വരുമ്പോൾ ആലിൻചുവട്ടിൽ രണ്ടുമൂന്നു സ്ത്രീകൾ വിശ്രമിക്കുന്നു . അവിടെ ഒരുവശത്തായി ഇരുന്നുകൊണ്ട് ബാഗിൽനിന്നു മൊബൈൽ എടുത്തു . ചിന്നുമോളുടെ നാലു മിസ്സ് കാൾ . അമ്പലത്തിനുള്ളിൽ കയറിയപ്പോൾ സൈലന്റ് മോഡിലിട്ടതാണ് . ആദ്യം ചെറിയമ്മയെ 
വിളിച്ചു . ചെറിയച്ചൻ കൂട്ടിക്കൊണ്ടുപോവാനായി പുറപ്പെട്ടിട്ടുണ്ടത്രേ .. രണ്ടാളും കണക്കാ .. കൊച്ചുകുട്ടികളോടെന്നപോലെയാ ഇപ്പോഴും … ബസ്സുകയറിയങ്ങെത്തിക്കൊള്ളാം … ചെറിയച്ചൻ വരേണ്ടതില്ല എന്നുപറഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം . 
ചിന്നുമോളെ വിളിച്ചു അവൾക്കാകാംക്ഷ അടക്കാനാവുന്നില്ല “ അമ്മേ .. ഇപ്പൊ എവിടായി അമ്മേ .. അമ്മക്കിഷ്ടമുള്ള അമ്മേടെ പഴയ സ്ഥലങ്ങളെല്ലാം കണ്ടുവേണം മടങ്ങിവരാൻ . അമ്മയിപ്പഴാ അമ്മേ ഒരു സ്ത്രീയായത് .. ഞാനെന്റെ ഫ്രണ്ട്സിനോടൊക്കെ പറഞ്ഞു അമ്മേ ..” 'അമ്മ ടു ഡേയ്സ് ടൂർ പോയിരിക്കുന്നു ഒറ്റയ്ക്ക് എന്ന് ..” അവളുടെ ഉത്സാഹവും വർത്തമാനവും കേട്ടപ്പോൾ ചിരിയാണ് വന്നത് . ഹോസ്റ്റലിലെ ബഹളവും വർത്തമാനവും കേൾക്കാം . ‘മോൾ അടുത്താഴ്ച വരുമോ  ..’. “ ഇല്ലമ്മേ … മാസാവസാനമേ എത്തൂ .. ധാരാളം പഠിക്കാനുണ്ട് .. “ എന്നുപറഞ്ഞ് മോൾ ഫോൺ വച്ചപ്പോൾ ഓർത്തു കാലഘട്ടങ്ങളുടെ ഒരു വ്യത്യാസം . എന്നും മുതിർന്നവരെ ഭയന്നും ആഗ്രഹങ്ങൾ അടക്കിവച്ചും ഉള്ള ജീവിതം . പക്ഷേ ഇന്നത്തെ കുട്ടികളോ എത്ര സ്വാതന്ത്ര്യത്തോടെയും ധൈര്യത്തോടെയും കാര്യങ്ങളെ നേരിടുന്നു . എത്ര സ്വാതന്ത്ര്യത്തോടെയാണ് തന്റെ മകൾ അവളുടെ അച്ഛന്റെ അടുത്ത് അവളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ തുറന്നുപറയുന്നത്. അതാണിന്നത്തെ തലമുറ . ഭാഗ്യം ഉള്ള കുട്ടികൾ .  ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ധൈര്യപൂർവം ഒറ്റയ്ക്ക് ഒരു യാത്രക്കൊരുങ്ങിയതും ധൈര്യപൂർവം ഇറങ്ങിത്തിരിച്ചതും . തന്റെ മകളും അമ്മയുടെ ഈ യാത്രയിൽ സന്തോഷിക്കുന്നു . മൊബൈൽ ബാഗിലേയ്ക്കിട്ട് ബാഗിനുള്ളിൽനിന്ന് ഒരുകടലാസെടുത്ത് പ്രസാദം അതിൽ പൊതിഞ്ഞു ബാഗിലേക്കു വയ്ക്കുമ്പോൾ “ മാലേത്തെ സീതയല്ലേ …” ചോദ്യം കേട്ടു മുഖമുയർത്തി … ആ സ്ത്രീ .. തനിക്കു മുൻപേ പ്രദക്ഷിണം വച്ച … ‘ അതേ ..’ എന്ന് പറഞ്ഞപ്പോൾ അവരാരാവും ന്നുള്ള ചോദ്യമായിരുന്നു മനസ്സിൽ . “ എന്നെ മനസ്സിലായോ ..” എന്ന ചിരിയോടെയുള്ള ചോദ്യം … 
ഈ മുഖം …. ഓർത്തെടുത്തു …’ അല്ലി അല്ലേ ..’. 
അവരുടെ മുഖത്തൊരു ചിരി .
“ പഴയ തടിയൊക്കെ എവിടെപ്പോയി … എന്നാലും ഈ മുഖത്തിനൊരു മാറ്റവുമില്ല ..” ആശ്ചര്യത്തോടെയുള്ള അവരുടെ വാക്കുകൾ .  അവർ വീണ്ടും പറഞ്ഞു “ എളേമ്മേ ഇടക്കൊക്കെ കാണുമ്പോൾ തിരക്കാറുണ്ട് .. സീതേടെ വിശേഷങ്ങളൊക്കെ പറയാറുണ്ട് .. ഇപ്പോ കോഴിക്കോട്ടാ ജോലി അല്ലേ .. “ 
തന്റെ വിവരങ്ങളൊക്കെ അറിഞ്ഞുവച്ചിരിക്കുവാണല്ലോ എന്നതിശയം തോന്നി .  ഒന്നു നിർത്തിയിട്ട് അവർ ചോദിച്ചു “ അല്ല .. സീത തനിച്ചാ വന്നേ .. എളേമ്മക്കരികിലേക്കോ  അതോ മടങ്ങിപ്പോവാണോ .. “ 
‘ ചെറിയച്ചൻ ഇപ്പോൾ എത്തും .. കൂട്ടിക്കൊണ്ടുപോവാനായി ..’ എന്നു പറഞ്ഞപ്പോൾ “ എന്നാ ഞാൻ നടക്കട്ടെ .. ചന്തേലൊന്നു കയറണം ….” ന്നു പറഞ്ഞ് വേഗം നടന്നുനീങ്ങുന്ന അല്ലിയെയും നോക്കിയിരുന്നപ്പോൾ അറിയാതെ ഭൂതകാലങ്ങൾ മനസ്സിലേക്കോരോന്നായി ഓടിയെത്തി . 

പിന്നാമ്പുറത്തെ അടുക്കളവശത്തെ ജനാലക്കരികിൽ പോയിനിന്ന്‌ അമ്മയെ പറ്റിക്കുക ഒരു രസമായിരുന്നു കുഞ്ഞുന്നാളുകളിൽ . പിറകുവശത്തെ അയയിൽ തൂക്കിയിട്ടിരിക്കുന്ന തോർത്ത് അരയിൽച്ചുറ്റി തോളത്തേക്ക് സാരി ഇട്ടിരിക്കുന്ന മാതിരി തുമ്പ് വലിച്ചിട്ട് മെല്ലെപ്പതുങ്ങി അടുക്കളവശത്തെ ജനാലയിൽ മെല്ലെപ്പിടിച്ച് വിളിക്കും ‘ അമ്മേ .. ഓരോമക്കാ കുത്തിയിട്ടോട്ടെ .. ഇച്ചിരി തേങ്ങാ കൂടി തര്വോ ..’ അപ്പൊ അടുക്കളയിൽ തിരക്കിട്ടു പണികൾ നടത്തുന്ന തിരക്കിലായാലും 'അമ്മ ചോദിക്കും “ അല്ല ഇതാരാ .. അല്ലിയോ .. “. ‘   ‘ അയ്യോ .. അമ്മെ പറ്റിച്ചേ .. ‘ എന്നു പറഞ്ഞൊരോട്ടമാണ് . അമ്മക്കറിയാമെങ്കിലും 'അമ്മ വെറുതെ തോറ്റു തരും “ ശരിക്കും അല്ലിയാന്നാ കരുതിയെ കേട്ടോ ..”. അത് കേൾക്കുമ്പം വല്യ സന്തോഷാവും .. അമ്മെ പറ്റിക്കാൻ സാധിച്ചുവല്ലോ . 

പക്ഷേ ഒരുകാര്യം പറയുമ്പോൾ മാത്രം 'അമ്മ ചൂടാവും ……അത് 'അമ്മ എപ്പോഴും പഠിക്കാൻ നിർബന്ധിക്കുമ്പം  കളി മതിയാക്കി മുറ്റത്തൂന്നു കയറാൻ ഒക്കെ പറയുമ്പം ഞാൻ പറേം ‘ എനിക്ക് അല്ലിയായാൽ മതിയാരുന്നു ..’ അമ്മേടെ മുഖത്തപ്പോൾ ദേഷ്യം വന്നിട്ടമ്മ പറേം “ മണ്ടത്തരം പറയുന്നോ … വേറാരേം കണ്ടില്ല ..”.    അക്ഷരങ്ങൾ എഴുതിപ്പഠിപ്പിക്കുന്ന കാർത്യായനിആശാട്ടിയോടു പറഞ്ഞപ്പോഴും ആശാട്ടി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു “ ഒരെണ്ണം വച്ചുതന്നാലുണ്ടല്ലോ .. തെക്കുവടക്ക് തെണ്ടിത്തിരിഞ്ഞു നടക്കുന്ന അല്ലിയെയാ കണ്ടുവച്ചേക്കുന്നേ .. മേലാൽ ഈ മണ്ടത്തരം പറയണ്ടാ .. ട്ടോ “ എന്നു പറഞ്ഞ് ചൂണ്ടുവിരലിൽ പിടിച്ചു പഞ്ചാരമണലിൽ അക്ഷരം എഴുതിപ്പിക്കുന്ന കാർത്യായനിയേട്ടത്തിയോടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി . 

അമ്മയോടൊപ്പം അമ്പലത്തിൽ തൊഴാൻ പോകുന്ന വഴിക്ക്‌ ടാറിട്ട റോഡിലൂടെ നടന്നുപോവുമ്പോൾ അങ്ങു താഴെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുനിൽക്കുന്ന അല്ലീടെ വീടു കാണാം . ഒരു കുഞ്ഞോലപ്പുര .  എപ്പോൾ നോക്കിയാലും ആ വീടിനരികെക്കൂടി ഒഴുകുന്ന പുഴയിൽ പിള്ളേർ കളിച്ചുതിമിർക്കുന്നുണ്ടാവും . കൂട്ടത്തിൽ അല്ലിയും ഉണ്ടാവും . ആരും അവരെ വിലക്കാനും ഇല്ല വഴക്കുപറയാനും ഇല്ല .. എന്തു രസം . കൊതി തോന്നിയിട്ടുണ്ട് അപ്പോളൊക്കെ .  തങ്ങളുടെ വീടിനു താഴെയും കടവുണ്ട്‌ .. പക്ഷേ കടവിൽ കുളിക്കാനോ … നേർച്ചമാതിരി ആഴ്ച്ചേൽ ഒറ്റദിവസമേ അനുമതിയുണ്ടാവൂ .. അതും ഒന്നുകിൽ അമ്മക്കൊപ്പം അല്ലേൽ അമ്മേടെ സഹായി അമ്മുക്കുട്ടിക്കൊപ്പമാവും . രണ്ടാളും ആ വെള്ളത്തിലൊന്നു നീന്താനോ ഇത്തിരിനേരം കളിക്കാനോ ഒന്നും സമ്മതിച്ചുതരില്ല . പിടിച്ചുനിർത്തി തേച്ചുകുളിപ്പിച്ച് വേഗം മേലുതുവർത്തിച്ചു കൊണ്ടുപോരും .  സ്കൂൾ അവധിദിനങ്ങളിൽ തൊട്ടയല്പക്കത്തെ കൂട്ടുകാരായ സുമിയും ലീനയുമൊന്നിച്ചു മുറ്റത്തു കളിക്കുമ്പോൾ അല്ലി വഴിയേ ഇങ്ങനെ നടന്നുപോവുന്ന കാണാം . തങ്ങളുടെ പറമ്പിന്റെ അങ്ങേയറ്റത്ത് ഗേറ്റിനപ്പുറം വലിയൊരു കടവുണ്ട് . അവിടെ വെള്ളത്തിൽ കളിച്ചുമറിയാനുള്ള പോക്കാണെന്നറിയാം . അതുകൊണ്ടുതന്നെ അമ്മയുടെയും അമ്മുക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് തങ്ങൾ ഗേറ്റിനരികിലേക്കോടാറുണ്ട് .. അല്ലിയുടെയും കൂട്ടരുടെയും നീന്തൽത്തിമിർപ്പു കാണാനായി .  അടച്ചിട്ടിരിക്കുന്ന ഗേറ്റിനിപ്പുറം നിന്ന് ഞങ്ങളാ കാഴ്ച ആസ്വദിക്കും . അല്ലിയും കൂട്ടരും കരയിൽനിന്നും വെള്ളത്തിലേക്കെടുത്തൊരു ചാട്ടം . പിന്നെ മുങ്ങാംകുഴിയിട്ട് പൊങ്ങിവരിക .. കുറേ സമയം വെള്ളത്തിൽ മുങ്ങിക്കിടക്കുക … മലർന്നുകിടന്നു നീന്തുക … ഒഴുക്കിനെതിരെ നീന്തുക .. എന്തെല്ലാം അഭ്യാസങ്ങൾ ഇക്കൂട്ടർ നടത്തുക … എല്ലാത്തിലും ഒന്നാമതെത്തുക
 അല്ലിതന്നെയാവും .  കുറച്ചുനേരം ആ കാഴ്ചകളാസ്വദിച്ച് കൂട്ടുകാരുമായി വേഗം മടങ്ങും .. കാരണം 'അമ്മ തിരക്കുന്നുണ്ടാവും . അപ്പോഴൊക്കെ സുമിയോടും ലീനയോടും പറയും ‘ അല്ലിക്കെന്തു സുഖാ .. ല്ലേ … ഒന്നും പഠിക്കേണ്ട .. സ്കൂളിൽ പോവേണ്ട .. വീട്ടിലാരും വഴക്കു പറയില്ല … ഇഷ്ടംപോലെ കളിക്കാം ..’.  അവരും അതു ശരിവക്കും . ഇടയ്ക്കിടെ അല്ലി വീട്ടിൽ വന്ന് അമ്മയോട് ഓമയ്ക്ക ചോദിക്കും .. ഇത്തിരി തേങ്ങാ തര്വോ .. ന്നു ചോദിക്കും .. ചിലപ്പോൾ കാപ്പിപ്പൊടി … ഇത്തിരി പഞ്ചാര .. ഇങ്ങനെ അല്ലറചില്ലറ ആവശ്യങ്ങളുണർത്തിച്ച് അടുക്കളവശത്തെ ജനാലക്കരികിൽ പ്രത്യക്ഷപ്പെടാറുണ്ട് .  'അമ്മ എന്തെങ്കിലുമൊക്കെ കൊടുക്കാറുമുണ്ട് . അല്ലി പോയിക്കഴിഞ്ഞാൽ അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി എന്തൊക്കെയോ രഹസ്യം പറയുന്ന കേട്ടിട്ടുണ്ട് . ഒരിക്കൽ സ്കൂളിൽ പോകുംവഴി കൂട്ടുകാരി സുമി പറഞ്ഞത് “ അല്ലീടമ്മ വല്യ കുഴപ്പക്കാരിയാത്രെ ..” എന്തു കുഴപ്പമാണെന്നവൾക്കറിയില്ല പോലും .  അന്നു വൈകുന്നേരം സ്‌കൂളിൽനിന്നു വന്നതേ ഓടിപ്പാഞ്ഞ് അടുക്കളയിൽ ചെന്ന് അമ്മയോടു പറഞ്ഞ വിശേഷം ‘ അമ്മേ ....അല്ലീടമ്മ വല്യ കുഴപ്പക്കാരിയാന്ന്‌ … എന്താമ്മേ അവർക്കു കുഴപ്പം ..’. അമ്മേടെ മറുപടി “ ഒറ്റ അടി തന്നാലുണ്ടല്ലോ … പറയാൻ കണ്ടൊരു വിശേഷം … ഇതാരാ നിന്നോടു പറഞ്ഞേ ..” 
സഹായി അമ്മുക്കുട്ടിയാവട്ടെ താടിക്കു കയ്യുംകൊടുത്ത് “ ദൈവമേ .. ഈ കുട്ടിയോടിതൊക്കെ ആരാ പറഞ്ഞുകൊടുത്തേ ..” ന്നു പറഞ്ഞൊരു നിൽപ്പല്ലാരുന്നോ അന്തം വിട്ടമാതിരി .     പറഞ്ഞതെന്തോ വലിയ അപരാധമായി എന്നുതോന്നി വേഗം ഉടുപ്പുമാറാനായി അവിടെനിന്നും ഉൾവലിഞ്ഞു . പക്ഷേ കാപ്പികുടിക്കുമ്പോൾ 'അമ്മ താക്കീതു ചെയ്തു “ മേലിൽ ഇമ്മാതിരി വർത്തമാനങ്ങൾ ആരുടെ മുൻപിലും വിളമ്പിയേക്കരുത് … പറഞ്ഞ കേട്ടല്ലോ … കുട്ടികൾ അവർക്കു ചേരുന്ന വർത്തമാനങ്ങൾ പറഞ്ഞാൽ മതി ..”.  അമ്മക്കു മുൻപിൽ അനുസരണയോടെ തലയാട്ടുമ്പോഴും മനസ്സിൽ അറിയാനുള്ള ആകാംക്ഷയായിരുന്നു… ‘ അല്ലീടമ്മക്കെന്തു കുഴപ്പമാവും …?’ 

ഏഴാംക്‌ളാസ്സിൽ കയറിയപ്പോൾ പുതിയൊരുകുട്ടി ക്ലാസ്സിൽ ചേർന്നു . വൈകുന്നേരം സ്കൂൾ വിട്ടുവന്നത് തനിക്കും സുമിക്കും ലീനക്കുമൊപ്പമായിരുന്നു . പിന്നീടവൾ പറഞ്ഞാണറിഞ്ഞത് അവൾ അല്ലീടമ്മാവന്റെ മകളാത്രേ . അല്ലീടെ വീട്ടിലാണ് അവരുടെ കുടുംബവും പുതിയതായി താമസത്തിനെത്തിയത് . പേര് വിജയ . പഠനത്തിൽ മിടുക്കിയായ വിജയ ഒരുമാസത്തിനുശേഷം അവിടെനിന്നു വീടുമാറി മറ്റെവിടെയോ താമസമാക്കി അവിടെനിന്നുമാണ് സ്കൂളിൽ പിന്നീട് വന്നിരുന്നത് . വിജയക്കും പറയാൻ ഇതേ കാരണമായിരുന്നു … ‘ അല്ലീടമ്മ കുഴപ്പക്കാരിയാത്രെ … അതുകൊണ്ട് അവർ വേറൊരു വാടകവീട്ടിലേക്ക് മാറി .  പിന്നീട് അല്ലിയെ കാണുമ്പോഴൊക്കെ തോന്നി അല്ലിയും ഏതോ വലിയൊരു കുഴപ്പത്തിലേക്കു ചാടാൻ പോവുകയാണോ ..? അല്ലിയെ രക്ഷിക്കാൻ ആരും ഉണ്ടാവില്ലേ 

കുറച്ചൂടെ മുതിർന്നുവന്നപ്പോഴാണ് ചിലതൊക്കെ മനസ്സിലായിത്തുടങ്ങിയത് . നാട്ടാർക്കു മുൻപിൽ അല്ലീടമ്മ മാതു വല്യൊരു കുഴപ്പക്കാരി തന്നെ . കാരണം അല്ലിക്ക് അച്ഛനില്ലല്ലോ .  ഇവരുടെ അച്ഛനാരെന്ന്‌ നാട്ടാർക്കാർക്കും അറിയില്ല . അപ്പോപ്പിന്നെ അല്ലീടമ്മ കൊഴപ്പക്കാരി തന്നെ . അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി രഹസ്യം പറഞ്ഞതെന്താണെന്ന് മുഴുവനായല്ലെങ്കിലും ഇത്തിരിയൊക്കെ മനസ്സിലായി . അല്ലി പക്ഷെ മുതിർന്നിട്ടും ഈ അലഞ്ഞുനടക്കൽ തുടരുക തന്നെ ചെയ്തു .  വീട്ടിൽ വല്ലപ്പോഴും അല്ലി വരുമ്പോൾ അമ്മുക്കുട്ടി ദേഷ്യത്തോടെ അല്ലിയോടു ചോദിക്കും “ നിനക്കു വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ പെണ്ണെ … തെണ്ടിത്തിരിഞ്ഞു നടക്കുന്നേ ..”. അല്ലി വീറോടെ അമ്മുക്കുട്ടിയോടൊച്ച വക്കും … “ നിങ്ങളു കൊണ്ടത്തര്വോ എന്റെ വീട്ടിൽ അരക്കാൻ തേങ്ങയും കഞ്ഞിവെക്കാനരീം…” 
'അമ്മ രണ്ടാളോടും ദേഷ്യപ്പെടും ഇങ്ങനെ ഒച്ചയുണ്ടാക്കുന്നതിന് .  അല്ലി പോയിക്കഴിഞ്ഞാൽ അമ്മുക്കുട്ടി പറയും “ ഓ … ഇവളും തള്ളേടെ വഴി തന്നെ .. ഒരു സംശയോം ല്ല ..” 
അമ്മുക്കുട്ടിയോടു ദേഷ്യം തോന്നും  ‘ എന്തിനാ അല്ലിയെ ഇങ്ങനെ പറയുന്നതെന്നോർത്ത് ‘ അല്ലിയെ കാണുമ്പോഴൊക്കെ അമ്മുക്കുട്ടിയുടെ പിറുപിറുക്കലുകൾ …” ഈശ്വരാ … ഈ പെണ്ണങ്ങു വളർന്നു …”.     അതും അല്ലിയുടെയോ അല്ലിയുടെ അമ്മയുടേയോ ഒക്കെ കുഴപ്പം മാതിരിയാണ് അമ്മുക്കുട്ടിയുടെ വർത്തമാനം കേട്ടാൽ . 

അച്ഛന്റെ സ്ഥലംമാറ്റം … അവിടെനിന്നും പിരിഞ്ഞുപോരുമ്പോൾ അല്ലി മുറ്റത്തുവന്നുനിന്ന് അമ്മയോടു കരഞ്ഞുപറഞ്ഞതോർക്കുന്നു …. “ വല്ലപ്പോഴും കേറിവരാനൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു …. അമ്മയോട് ഓരോന്ന് വാവിട്ടുചോയിച്ചാൽ 'അമ്മ തരികയും ചെയ്യുമാരുന്നു … ഇനിയിവിടെ ആരാ വരിക … ആർക്കറിയാം ..”.   'അമ്മ അല്ലിയെ സമാധാനിപ്പിച്ചു . അല്ലി അപ്പോൾ അമ്മയോടു പറഞ്ഞിരുന്നു കുറച്ചകലെയുള്ള ഏതോ പണക്കാരുടെ വീട്ടിലെ മകളുടെ കുട്ടികളെ നോക്കാനായി വിളിച്ചിട്ടുണ്ട് . അവർക്കൊപ്പം പോവാണെന്നും കപ്പലിൽക്കയറി ദൂരെപ്പോവാണെന്നും ഒക്കെ .. 'അമ്മ പറഞ്ഞു “ എവിടായാലും ജോലി ചെയ്ത് അന്തസ്സായി ജീവിക്കണമെന്ന് ..” അല്ലി തലകുലുക്കി . 

കാലങ്ങളുടെ ഒഴുക്കിൽ അല്ലിയും ആ കാലങ്ങളും ഒക്കെ മറവിയിലാണ്ടു .  പുതിയ സ്ഥലങ്ങൾ … ജോലി … വിവാഹം … ജീവിതം …. അങ്ങനെ ഒരോട്ടപ്പാച്ചിൽ .. വല്ലപ്പോഴും പഴയ നാട്ടിലേക്കെത്തുന്നത് ചെറിയമ്മ ഇവിടെയുള്ളതൊന്നുകൊണ്ടുമാത്രം .. 
“ മോളേ …” വിളികേട്ടാണ്‌ ചിന്തകളിൽ നിന്നുണർന്നത് .  ചെറിയച്ചൻ തൊട്ടുമുൻപിൽ . വേഗം എണീറ്റു ചെറിയച്ചനൊപ്പം നടക്കുമ്പോൾ ചെറിയച്ചൻ വിശേഷങ്ങൾ ആരാഞ്ഞു … ‘ രണ്ടുനാളുണ്ടാവും … നമ്മുടെ പഴയ സ്ഥലത്തൊക്കെ പോവണമെന്നു പറഞ്ഞപ്പോൾ ചെറിയച്ചൻ വിലക്കി “ റോഡ് ഒക്കെയും പൊളിഞ്ഞുകിടക്കുവാ മോളേ .. അങ്ങോട്ടൊന്നും പോവാൻ കഴിയില്ല … “ ചെറിയൊരു സങ്കടം തോന്നി . ചെറിയച്ചനോട് പുറമ്പോക്കിലെ അല്ലിയെക്കണ്ട കാര്യം പറഞ്ഞപ്പോൾ “ ഏതല്ലി ..” എന്നു ചെറിയച്ചൻ .  ‘ പുറമ്പോക്കിലെ മാതുവിന്റെ മകൾ …’ എന്നു പറഞ്ഞപ്പോൾ “ ഹോ .. കഷ്ടം … ആ പെണ്ണിന്റെ കാര്യം.” എന്നു ചെറിയച്ചൻ . എന്താണാവോ ഇനിയും അല്ലീടമ്മേപ്പോലെ അല്ലിയും കുഴപ്പത്തിലോ …? വീട്ടിൽച്ചെന്നിട്ട് ചെറിയമ്മയോടു തിരക്കാം എന്നു മനസ്സിൽ കരുതി . 

ചെറിയച്ചൻ കാർ സ്റ്റാർട്ട് ചെയ്തു . മുന്നോട്ടു നീങ്ങുമ്പോൾ ഓർക്കുകയായിരുന്നു പ്രായം ഏറിയിട്ടും ചെറിയച്ചന്റെ ചുറുചുറുക്കിനൊരു മാറ്റവും ഇല്ല . പഴയ അതേ പ്രസരിപ്പ് . പെൻഷൻ ആയിട്ടും അടങ്ങിയിരിക്കില്ല . കൃഷിയും വീട്ടുകാര്യങ്ങളുമായി ഓടിനടക്കുന്നു . ശരിക്കും ഇങ്ങനെയാണ് വേണ്ടത്‌ … മനസ്സിലോർത്തു .  വഴിനീളെ ചെറിയച്ചൻ സംസാരമായിരുന്നു .. തന്റെ വിശേഷങ്ങൾ തിരക്കി .. ഭർത്തൃവീട്ടിലെ വിശേഷങ്ങൾ പ്രഭേട്ടന്റെ ജോലിസ്ഥലത്തെ വിശേഷങ്ങൾ … വീട്ടിലെത്തിയതോ ചെറിയമ്മ പുട്ടും കടലക്കറിയും ചായയുമുണ്ടാക്കി നോക്കിയിരിക്കുകയായിരുന്നു . രണ്ടുദിവസം കൂടെയുണ്ടാവും എന്നുള്ള ഉത്സാഹത്തിലായിരുന്നു ചെറിയമ്മ . ഉച്ചക്ക് മോരു കാച്ചിയതും ചേനമെഴുക്കുപുരട്ടിയും അവിയലും മീൻകറിയും ഒക്കെകൂട്ടി വിഭവസമൃദ്ധമായ ഊണ് . തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നും ചെറിയമ്മ മറന്നിട്ടില്ലല്ലോ എന്നോർത്തു .  ഊണു കഴിഞ്ഞ് ചെറിയമ്മക്കൊപ്പം വിശ്രമിക്കുമ്പോൾ ആണ് അല്ലിയെ കണ്ടകാര്യം എടുത്തിട്ടത് . 

ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞുതുടങ്ങി ..   “മാതു വയ്യാതായി . പുരക്കകത്തൊക്കെ നടക്കും . പുറത്തോട്ടൊന്നും ഇറക്കമില്ല . അല്ലി ഒരു കൂട്ടർക്കൊപ്പം വീട്ടുപണിക്ക്‌ പുറത്തുപോയി .  കുഴപ്പമില്ല .. മിടുക്കിയായാണ് തിരിച്ചു വന്നത് . ആ വീട്ടുകാർ സഹായമൊക്കെ ചെയ്തിരുന്നു . പിന്നെന്തോ അവൾ അവർക്കൊപ്പം തിരികെപ്പോയില്ല . കാണാനൊക്കെ നല്ല ചന്തമായാ തിരിച്ചുവന്നേ … പിന്നീടെവിടെയോ ചായക്കടയിലും ഒക്കെ തേച്ചുമഴക്കു പണിക്കുപോയി .  അങ്ങനെ പോയിപ്പോയി എന്തായാലും ഒരുത്തൻ അവടെ കൂടെക്കൂടി . നാട്ടിലൊക്കെ പറച്ചിലായി . ഒടുവിൽ അവനവടെ വീട്ടിൽ താമസമായി . കൊച്ചൊന്നായതും അവനവന്റെ പാട്ടിനുപോയി . നാളിതുവരെയായിട്ടും അവനെപ്പറ്റി യാതൊരു വിവരവുമില്ല . അവളുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതു തന്നെ . പുറമ്പോക്കിൽ നിന്നൊക്കെ ഒഴിപ്പിച്ചു വിട്ടു . ലക്ഷംവീടു കോളനിയിലാ ഇപ്പൊ താമസം . എന്തായാലും നല്ല അദ്ധ്വാനിയാ അവള് . റോഡുപണിക്കും വീട്ടുവേലക്കും കൂലിപ്പണിക്കും ഒക്കെ നടന്നാ ആ ചെറുക്കനെ വളർത്തിക്കൊണ്ടുവന്നത്  . മോൻ വലുതായി അവടെ കഷ്ടപ്പാടൊക്കെ മാറും ന്നാ എല്ലാരും കരുതിയെ .. പക്ഷേ കള്ളുകുടിയും ബഹളവും തല്ലുപിടിയുമേ ഒള്ളൂ എന്നും . അങ്ങനിരിക്കുമ്പം അവന് ഒരിളക്കം കേറും .. കള്ളും കുടിച്ചുചെന്ന് ആ പെണ്ണിനു സമാധാനം കൊടുക്കില്ല . വല്യതള്ളയോടും ഇവളോടും ഗുസ്‌തി തന്നെ .  

‘കഷ്ടമാണല്ലോ ചെറിയമ്മേ അല്ലീടെ കാര്യം ..’  ഇതുപറയുമ്പോൾ ചെറിയമ്മ വർത്തമാനം തുടർന്നു “സ്നേഹമുള്ള പെണ്ണാ .. ഇടക്കെവിടെവച്ചു കണ്ടാലും ഓടിവന്നു വിശേഷങ്ങൾ തിരക്കും മോളേ ….. നിന്റെ കാര്യം എപ്പക്കണ്ടാലും തിരക്കും .. വല്യേച്ചീടെ കാര്യം പറയുമ്പം ഇപ്പോഴും അവടെ കണ്ണുനിറയും . ചെറിയമ്മ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി . അമ്മയെ അല്ലിക്കു മറക്കാനാവില്ലെന്നറിയാം . എന്നാലും പാവം അല്ലി .. തന്നോടു വന്ന് വർത്തമാനം പറഞ്ഞിട്ട് ഒരുവാക്കുപോലും അല്ലിയെപ്പറ്റി ചോദിക്കാൻ തോന്നിയില്ലല്ലോ .. എന്തോ അന്നേരം ഒന്നും തോന്നിയില്ല .. അല്ലെങ്കിൽ പണ്ടെന്നോ മുതൽ അല്ലീടെ കുടുംബത്തെപ്പറ്റിയുള്ള ആ കുഴപ്പങ്ങൾ കേട്ടറിയാവുന്നതിനാൽ ആണോ അറിയില്ല അവരോടു ‘ എന്തുണ്ട് .. സുഖമാണോ ..’ സാമാന്യമര്യാദയിലുള്ള ഒരു കുശലാന്വേഷണം പോലും നടത്താൻ തോന്നിയില്ലല്ലോ എന്നൊരു കുറ്റബോധം മനസ്സിനെ വിഷമിപ്പിച്ചു തുടങ്ങി . 
പിന്നീട് ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞകാര്യങ്ങൾ കേട്ടപ്പോൾ അല്ലിയോടു വല്ലാത്ത മതിപ്പു തോന്നി .    “എന്തായാലും അവൾ പണിയെടുത്ത് അന്തസ്സായി ജീവിക്കുന്നു . അവൻ ഇട്ടേച്ചുപോയിക്കഴിഞ്ഞ് ഓരോത്തന്മാർ അവളെ ശല്യം ചെയ്യാൻ ചെന്നിരുന്നു. അവൾ വെട്ടുകത്തിയുമായി ചാടിച്ചെന്നിട്ടുണ്ട്‌  ചിലവന്മാർക്കു നേരെ ശല്യം സഹിക്കാനാവാതെ . പിന്നീട് പണിസ്ഥലത്തോ വീട്ടിലോ ഒരിടത്തും അവളെ ശല്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടിട്ടില്ല . പണിക്കാര്യത്തിൽ പലരും പറയുന്നത് അവളുടെ ആത്മാർത്ഥതയെപ്പറ്റിയാണ് . എന്തു പണിക്കും റെഡി  ..റോഡുപണി വേണോ ..കൂലിപ്പണി .. വീട്ടുപണികൾ ......ഒന്നിനും അവളെ ആരും മാറ്റിനിർത്തില്ല . നാട്ടുകാർക്കൊക്കെ നല്ലതേ അവളെപ്പറ്റി പറയാനുള്ളൂ . അവളോടെല്ലാവർക്കും ഉള്ള വിഷമം അവളുടെ മകന്റെ സ്വഭാവം ഓർത്താണ് . അവൾ ജോലി ചെയ്തിരുന്നിടത്തെ നല്ല മനസ്സുള്ള ആരുടെയോ സഹായത്താൽ അവളുടെ മകനെ ഈ മദ്യപാനത്തിൽനിന്നു മോചിപ്പിക്കാനായി ചികിത്സാർത്ഥം ഒരു സെന്ററിൽ ആക്കിയിരിക്കയാണ് . കഴിഞ്ഞയിടക്ക് കണ്ടപ്പോൾ അവൾ സങ്കടത്തോടെ പറഞ്ഞത് 
“ അവൻ എല്ലാം മാറി നന്നായി തിരിച്ചുവരണേ … എന്ന ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളൂ …” എന്നാണ് . എല്ലാം ശരിയാകും എന്നു പറഞ്ഞവളെ ഞാൻ ആശ്വസിപ്പിച്ചു . അന്തസ്സായി സ്വന്തമായി കഷ്ടപ്പെട്ട് കൊണ്ടുവരുന്നതുകൊണ്ട് അവൾ ആ തള്ളയെ പൊന്നുപോലെയാ നോക്കുന്നെ ….” ചെറിയമ്മയുടെ സംസാരത്തിനിടയിലുള്ള തന്റെ ചോദ്യം തെല്ലൊന്നമ്പരപ്പിച്ചു ചെറിയമ്മയെ എന്നു മുഖം കണ്ടപ്പോൾ തോന്നി ..’ ചെറിയമ്മേ .. നമുക്കു നാളെ ആ ലക്ഷം വീടു കോളനി വരെ ഒന്നു പോവണം … ‘ 
“ അതു വേണോ മോളേ ....അങ്ങോട്ടുപോകാനുള്ള വഴിയൊക്കെ തീരെ മോശമാ ചെന്നുപറ്റാൻ ഇത്തിരി പാടാണ്‌ ..”ചെറിയമ്മ നിരുത്സാഹപ്പെടുത്തി . 
താൻ തീർത്തു പറഞ്ഞു ‘ വേണം ചെറിയമ്മേ .. എനിക്കല്ലിയെ ഒന്നൂടെ കാണണം ..ഉപേക്ഷ പറയല്ലേ ചെറിയമ്മാ … “ തന്റെ വിഷമം മനസ്സിലാക്കിയ ചെറിയമ്മ മനസ്സില്ലാമനസ്സോടെയെങ്കിലും സമ്മതം മൂളി.    
സന്തോഷമായി .. നാളെത്തന്നെ പോവണം .. ദുർഘടമായ പാതകളിലൂടെയും വല്ലപ്പോഴുമൊക്കെ നാം സഞ്ചരിക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെ ചില യാത്രകളും ചില ജീവിതങ്ങളും കണ്ടറിയേണ്ടതുണ്ട് . എങ്കിലേ നമുക്ക്‌ നമ്മിലേക്ക്‌ ഒന്നു മനസ്സ് തുറക്കാൻ സഹായിക്കൂ . നമുക്കു ചുറ്റും ഉള്ള ജീവിതം എന്താണെന്ന് അറിയണം .  
 അവരുടെ ജീവിതം കണ്ടറിയണം … അല്ലീടമ്മേ ഒന്നു കാണണം ആദ്യമായി .. കുഴപ്പക്കാരിയെന്ന് നാട്ടാരെല്ലാം പറഞ്ഞിരുന്ന അല്ലീടമ്മ മാതു എന്ന സ്ത്രീയെ . .. 
അല്ലിയുടെ കഷ്ടതകളിൽ സങ്കടം തോന്നിയെങ്കിലും അല്ലിയോട് ആദരവു തോന്നി . ജീവിതത്തോടു പൊരുതി ജയിക്കുന്നവൾ .  കുഴപ്പക്കാരിയായിരുന്നു എന്നു നാട്ടാർ പറയുന്ന നിന്റെ ജീവിതവും ഒരു പക്ഷേ ഇങ്ങനെയായിപ്പോയതിന് ഒരു കാരണക്കാരിയായതോ  അല്ലയോ എന്തുമാവട്ടെ ആ കുഴപ്പക്കാരിയായ മാതു എന്ന അമ്മയെ നീ പൊന്നുപോലെ സംരക്ഷിക്കുന്നതിന് … ഞാൻ ചങ്കൂറ്റമുള്ളൊരു സ്ത്രീയാണെന്ന് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്ന നീയാണ് സ്ത്രീ അല്ലി .. കഷ്ടപ്പാടുകളിലും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കാനുള്ള കരുത്തു നേടിയവൾ ..  നിന്നെയെനിക്ക് ഒരിക്കൽക്കൂടെ കാണണം അല്ലി . 
എന്നിട്ട് ചിന്നുമോളോട് അല്ലിയെപ്പറ്റി പറയണം ‘ മോളേ .. നീ കണ്ട ഈ അമ്മയല്ല യഥാർത്ഥ സ്ത്രീ .. ഞാൻ കണ്ട ഈ അല്ലിയാണ് മോളേ യഥാർത്ഥ സ്ത്രീ .. അനുഭവങ്ങളിലൂടെ കരുത്തു നേടിയവൾ .. സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള കരുത്തു നേടിയ ധീരയായ സ്ത്രീ .  ഇങ്ങനെയാവണം സ്ത്രീ . കണ്ണുനീരാൽ മറ്റുള്ളവർക്കുമുൻപിൽ തലകുനിച്ചു നിൽക്കേണ്ടവളല്ല സ്ത്രീ . പ്രതിസന്ധികളെ നേരായമാർഗ്ഗത്തിലൂടെ തോൽപ്പിച്ചു അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കേണ്ടവളാണ് സ്ത്രീ . അതാണ് പ്രാഥമികസ്കൂൾവിദ്യാഭ്യാസംപോലും നേടാത്ത അല്ലി എന്ന  ധീരയായ സ്ത്രീ . 

                             ==========================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ