Saturday, 21 March 2020

അല്ലി

അല്ലി 
*******
പുലർച്ചെയുള്ള യാത്രയുടെ സുഖം നല്ലോണം ആസ്വദിച്ചു .  പുലർച്ചെയാത്ര മടിപിടിച്ചൊരു കാര്യമായിരുന്നു . പ്രഭേട്ടൻ തന്നോടു പലപ്പോഴും കലഹം കൂടിയിട്ടുള്ളതും ഈ ഒരൊറ്റക്കാരണത്താൽ തന്നെ . രാവിലെ കുളിച്ചൊരുങ്ങുമ്പോൾ അമ്മക്കതിശയമായിരുന്നു . രണ്ടുനാൾ കഴിഞ്ഞേയുള്ളൂ മടക്കം ന്നു കേട്ടപ്പോൾ ആ അതിശയം ഇരട്ടിച്ചു . ജോലിത്തിരക്കു കഴിഞ്ഞ് ഒന്നിനും നേരമില്ലായെന്ന് എപ്പോഴും പരാതിപറയുന്ന മകൾ … ഇന്നലെ വൈകുന്നേരം സ്വന്തം വീട്ടിലോട്ടു വന്നിട്ട് രാവിലെയുള്ള ഈ യാത്ര പുറപ്പെടൽ . ചെറിയമ്മക്കരികിലേക്കായതിനാൽ അമ്മക്കാശങ്കയില്ല. 

നേരിട്ടുള്ള ബസ്സിൽ രണ്ടുമണിക്കൂർ യാത്രയിൽ നേരെ ക്ഷേത്രത്തിന്റെ  മുൻപിലുള്ള സ്റ്റോപ്പിൽ ഇറങ്ങിനടക്കുമ്പോൾ ശ്രദ്ധിച്ചു . ഇവിടെ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല . പ്രധാനകവാടം കടന്നകത്തേക്കു കയറി . ശാന്തമാണന്തരീക്ഷം . മൂന്നോനാലോ പേരൊക്കെ തൊഴുതുമടങ്ങുന്നു . പുഴയുടെ മേലെയുള്ള കൈവരിപ്പാലത്തിൽക്കൂടെ നടക്കുമ്പോൾ ഓർക്കുകയായിരുന്നു….. പഴയപോലെതന്നെ .. ഇടത്തേസൈഡിലെ കടവിൽ പുരുഷൻമാർ കുളിക്കുന്നു . വലത്തേസൈഡിൽ  കുറേ സ്ത്രീകൾ തുണികൾ അടിച്ചുനനച്ചു കുളിക്കുന്നതിന്റെ ബഹളങ്ങൾ . തോർത്തു മാറിൽചുറ്റിനിന്നിങ്ങനെ കുളിക്കുന്നതു കണ്ടപ്പോൾ “ അയ്യേ … “ എന്ന്‌ തോന്നിപ്പോയ ആ ഒരു നിമിഷത്തെ ശപിച്ചു . ചെറുപ്പത്തിൽ എത്രയോ തവണ ഈ ക്ഷേത്രത്തിൽ വരുമ്പോൾ കണ്ടിട്ടുള്ള കാഴ്ചകൾ . പരിഷ്കാരത്തിന്റെ മാറാലകളാൽ ആവരണം ചെയ്യപ്പെട്ട എന്റെ കണ്ണുകളെ ഓർത്തു ലജ്ജ തോന്നി . ഇന്നും ആ പഴയ ഗ്രാമീണനിഷ്കളങ്കത ഇവിടെ നിലനിൽക്കുന്നു . നഷ്ടമായതിനെ ഓർത്തു ലജ്ജയോ ദുഃഖമോ എന്താണിപ്പോൾ മനസ്സിൽ തോന്നുന്നത് … ആവോ എനിക്കൊന്നുമറിയില്ല . ചിന്നുമോൾക്ക് അവധിയുണ്ടായിരുന്നെങ്കിൽ അവളെയും കൂട്ടാമായിരുന്നു . അവളെ ഇവിടേയ്ക്ക് ഒരിക്കലെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നാഗ്രഹം ഉണ്ട് . അവൾക്കീ കാഴ്ചകൾ കൗതുകം നൽകും ഉറപ്പ്‌ . 

എണ്ണയും സാമ്പ്രാണിയും കർപ്പൂരവും വിൽക്കുന്ന ചെറിയൊരു കട . അതിനരികിൽ ചെരിപ്പൂരിയിട്ട് മെല്ലെ പുഴയുടെ പടികളിറങ്ങി . കുളിക്കിടയിലുള്ള സ്ത്രീകളുടെ നാട്ടുവർത്തമാനങ്ങൾ . അങ്ങു താഴെ കുറേ നീങ്ങി കുറച്ചു സ്ത്രീകൾ അവിടെയും നനച്ചുകുളിക്കുന്നു . പുഴയുടെ നടുവിലൂടെ കല്ലുകൾ പാകി വേർതിരിച്ച് വെള്ളം അതിനിടയിലൂടെ ഊർന്നൊഴുകി പോകുന്നു . 'അമ്മ പണ്ടു പറഞ്ഞതോർമ്മ വന്നു ‘ അമ്പലത്തിൽ കയറാൻ പറ്റാത്ത സമയത്ത് സ്ത്രീകൾക്ക് അവിടെ കുളിക്കാം ‘ ഇതിനൊന്നും ലവലേശം മാറ്റം ഉണ്ടായിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടു .  താഴെ പടിയിൽനിന്ന് കാലുകൾ നനയ്ക്കുമ്പോൾ ശരീരത്തിലേക്ക് കുളിർമ്മ പടർന്നുകയറി . കൈക്കുമ്പിളിൽ വെള്ളംകോരി മേലാകെ ഒന്നുകുടഞ്ഞ്‌ പടവുകൾ കയറി സാമ്പ്രാണിയും കർപ്പൂരവും എണ്ണയും വാങ്ങി അകത്തേക്കു കയറി . എത്ര ശാന്തം . കുറച്ചുപേർ പ്രദക്ഷിണം വയ്ക്കുന്നുണ്ട് . പൂജാസാധനങ്ങൾ നടയിൽവച്ചു തൊഴുതിറങ്ങുമ്പോൾ ഓർത്തു മുൻപേ നടന്നു പ്രദക്ഷിണം വച്ച ഒരു കറുത്ത സ്ത്രീ രണ്ടുമൂന്നുവട്ടം തിരിഞ്ഞുനോക്കി നടക്കുന്ന കണ്ടു . തന്നെ ആരും തിരിച്ചറിയാൻ തരമില്ല . പുറത്തിറങ്ങി വലംവച്ചു തൊഴുതു നടന്നുവരുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ഏട്ടനോടും ഏടത്തിയോടുമൊപ്പം പണ്ട് ക്ഷേത്രത്തിൽ വന്ന ചെറിയൊരോർമ്മ … അന്നവരുടെ വിവാഹം കഴിഞ്ഞ നാളുകൾ .. ഏട്ടൻ തന്നെ തോളിലേറ്റി നടന്നത്…. തന്റെ കുഞ്ഞിക്കാലുകളിൽ തടവി “ നിനക്കൊരു ചിലങ്ക വാങ്ങിത്തരുന്നുണ്ട് .. ഡാൻസ് കളിക്കണം ട്ടോ …” എന്ന്‌ ഏട്ടൻ പറഞ്ഞത്. പ്രദക്ഷിണം ചെയ്തു നടക്കുമ്പോൾ ഏടത്തിക്കെല്ലാം കൗതുകമായിരുന്നു. ഏട്ടനോരോന്നും വിശദമാക്കിക്കൊടുക്കുന്നുമുണ്ടായിരുന്നു. എല്ലാം ഇന്നലെയെന്നപോലെ …!! എല്ലാ ബന്ധങ്ങളെയും കോർത്തിണക്കിക്കൊണ്ടുപോകുന്ന കുടുംബത്തെ ഒരു കണ്ണിയായിരുന്നു ഏട്ടൻ. ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് … എത്രവേഗം …! അറിയാതെ നിറഞ്ഞുവന്ന കണ്ണുകൾ .. ആരും കാണാതിരിക്കാൻ വേഗം തുടച്ചുനീക്കി. വലം വച്ചു വരുമ്പോൾ ആലിൻചുവട്ടിൽ രണ്ടുമൂന്നു സ്ത്രീകൾ വിശ്രമിക്കുന്നു . അവിടെ ഒരുവശത്തായി ഇരുന്നുകൊണ്ട് ബാഗിൽനിന്നു മൊബൈൽ എടുത്തു . ചിന്നുമോളുടെ നാലു മിസ്സ് കാൾ . അമ്പലത്തിനുള്ളിൽ കയറിയപ്പോൾ സൈലന്റ് മോഡിലിട്ടതാണ് . ആദ്യം ചെറിയമ്മയെ 
വിളിച്ചു . ചെറിയച്ചൻ കൂട്ടിക്കൊണ്ടുപോവാനായി പുറപ്പെട്ടിട്ടുണ്ടത്രേ .. രണ്ടാളും കണക്കാ .. കൊച്ചുകുട്ടികളോടെന്നപോലെയാ ഇപ്പോഴും … ബസ്സുകയറിയങ്ങെത്തിക്കൊള്ളാം … ചെറിയച്ചൻ വരേണ്ടതില്ല എന്നുപറഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം . 
ചിന്നുമോളെ വിളിച്ചു അവൾക്കാകാംക്ഷ അടക്കാനാവുന്നില്ല “ അമ്മേ .. ഇപ്പൊ എവിടായി അമ്മേ .. അമ്മക്കിഷ്ടമുള്ള അമ്മേടെ പഴയ സ്ഥലങ്ങളെല്ലാം കണ്ടുവേണം മടങ്ങിവരാൻ . അമ്മയിപ്പഴാ അമ്മേ ഒരു സ്ത്രീയായത് .. ഞാനെന്റെ ഫ്രണ്ട്സിനോടൊക്കെ പറഞ്ഞു അമ്മേ ..” 'അമ്മ ടു ഡേയ്സ് ടൂർ പോയിരിക്കുന്നു ഒറ്റയ്ക്ക് എന്ന് ..” അവളുടെ ഉത്സാഹവും വർത്തമാനവും കേട്ടപ്പോൾ ചിരിയാണ് വന്നത് . ഹോസ്റ്റലിലെ ബഹളവും വർത്തമാനവും കേൾക്കാം . ‘മോൾ അടുത്താഴ്ച വരുമോ  ..’. “ ഇല്ലമ്മേ … മാസാവസാനമേ എത്തൂ .. ധാരാളം പഠിക്കാനുണ്ട് .. “ എന്നുപറഞ്ഞ് മോൾ ഫോൺ വച്ചപ്പോൾ ഓർത്തു കാലഘട്ടങ്ങളുടെ ഒരു വ്യത്യാസം . എന്നും മുതിർന്നവരെ ഭയന്നും ആഗ്രഹങ്ങൾ അടക്കിവച്ചും ഉള്ള ജീവിതം . പക്ഷേ ഇന്നത്തെ കുട്ടികളോ എത്ര സ്വാതന്ത്ര്യത്തോടെയും ധൈര്യത്തോടെയും കാര്യങ്ങളെ നേരിടുന്നു . എത്ര സ്വാതന്ത്ര്യത്തോടെയാണ് തന്റെ മകൾ അവളുടെ അച്ഛന്റെ അടുത്ത് അവളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ തുറന്നുപറയുന്നത്. അതാണിന്നത്തെ തലമുറ . ഭാഗ്യം ഉള്ള കുട്ടികൾ .  ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ധൈര്യപൂർവം ഒറ്റയ്ക്ക് ഒരു യാത്രക്കൊരുങ്ങിയതും ധൈര്യപൂർവം ഇറങ്ങിത്തിരിച്ചതും . തന്റെ മകളും അമ്മയുടെ ഈ യാത്രയിൽ സന്തോഷിക്കുന്നു . മൊബൈൽ ബാഗിലേയ്ക്കിട്ട് ബാഗിനുള്ളിൽനിന്ന് ഒരുകടലാസെടുത്ത് പ്രസാദം അതിൽ പൊതിഞ്ഞു ബാഗിലേക്കു വയ്ക്കുമ്പോൾ “ മാലേത്തെ സീതയല്ലേ …” ചോദ്യം കേട്ടു മുഖമുയർത്തി … ആ സ്ത്രീ .. തനിക്കു മുൻപേ പ്രദക്ഷിണം വച്ച … ‘ അതേ ..’ എന്ന് പറഞ്ഞപ്പോൾ അവരാരാവും ന്നുള്ള ചോദ്യമായിരുന്നു മനസ്സിൽ . “ എന്നെ മനസ്സിലായോ ..” എന്ന ചിരിയോടെയുള്ള ചോദ്യം … 
ഈ മുഖം …. ഓർത്തെടുത്തു …’ അല്ലി അല്ലേ ..’. 
അവരുടെ മുഖത്തൊരു ചിരി .
“ പഴയ തടിയൊക്കെ എവിടെപ്പോയി … എന്നാലും ഈ മുഖത്തിനൊരു മാറ്റവുമില്ല ..” ആശ്ചര്യത്തോടെയുള്ള അവരുടെ വാക്കുകൾ .  അവർ വീണ്ടും പറഞ്ഞു “ എളേമ്മേ ഇടക്കൊക്കെ കാണുമ്പോൾ തിരക്കാറുണ്ട് .. സീതേടെ വിശേഷങ്ങളൊക്കെ പറയാറുണ്ട് .. ഇപ്പോ കോഴിക്കോട്ടാ ജോലി അല്ലേ .. “ 
തന്റെ വിവരങ്ങളൊക്കെ അറിഞ്ഞുവച്ചിരിക്കുവാണല്ലോ എന്നതിശയം തോന്നി .  ഒന്നു നിർത്തിയിട്ട് അവർ ചോദിച്ചു “ അല്ല .. സീത തനിച്ചാ വന്നേ .. എളേമ്മക്കരികിലേക്കോ  അതോ മടങ്ങിപ്പോവാണോ .. “ 
‘ ചെറിയച്ചൻ ഇപ്പോൾ എത്തും .. കൂട്ടിക്കൊണ്ടുപോവാനായി ..’ എന്നു പറഞ്ഞപ്പോൾ “ എന്നാ ഞാൻ നടക്കട്ടെ .. ചന്തേലൊന്നു കയറണം ….” ന്നു പറഞ്ഞ് വേഗം നടന്നുനീങ്ങുന്ന അല്ലിയെയും നോക്കിയിരുന്നപ്പോൾ അറിയാതെ ഭൂതകാലങ്ങൾ മനസ്സിലേക്കോരോന്നായി ഓടിയെത്തി . 

പിന്നാമ്പുറത്തെ അടുക്കളവശത്തെ ജനാലക്കരികിൽ പോയിനിന്ന്‌ അമ്മയെ പറ്റിക്കുക ഒരു രസമായിരുന്നു കുഞ്ഞുന്നാളുകളിൽ . പിറകുവശത്തെ അയയിൽ തൂക്കിയിട്ടിരിക്കുന്ന തോർത്ത് അരയിൽച്ചുറ്റി തോളത്തേക്ക് സാരി ഇട്ടിരിക്കുന്ന മാതിരി തുമ്പ് വലിച്ചിട്ട് മെല്ലെപ്പതുങ്ങി അടുക്കളവശത്തെ ജനാലയിൽ മെല്ലെപ്പിടിച്ച് വിളിക്കും ‘ അമ്മേ .. ഓരോമക്കാ കുത്തിയിട്ടോട്ടെ .. ഇച്ചിരി തേങ്ങാ കൂടി തര്വോ ..’ അപ്പൊ അടുക്കളയിൽ തിരക്കിട്ടു പണികൾ നടത്തുന്ന തിരക്കിലായാലും 'അമ്മ ചോദിക്കും “ അല്ല ഇതാരാ .. അല്ലിയോ .. “. ‘   ‘ അയ്യോ .. അമ്മെ പറ്റിച്ചേ .. ‘ എന്നു പറഞ്ഞൊരോട്ടമാണ് . അമ്മക്കറിയാമെങ്കിലും 'അമ്മ വെറുതെ തോറ്റു തരും “ ശരിക്കും അല്ലിയാന്നാ കരുതിയെ കേട്ടോ ..”. അത് കേൾക്കുമ്പം വല്യ സന്തോഷാവും .. അമ്മെ പറ്റിക്കാൻ സാധിച്ചുവല്ലോ . 

പക്ഷേ ഒരുകാര്യം പറയുമ്പോൾ മാത്രം 'അമ്മ ചൂടാവും ……അത് 'അമ്മ എപ്പോഴും പഠിക്കാൻ നിർബന്ധിക്കുമ്പം  കളി മതിയാക്കി മുറ്റത്തൂന്നു കയറാൻ ഒക്കെ പറയുമ്പം ഞാൻ പറേം ‘ എനിക്ക് അല്ലിയായാൽ മതിയാരുന്നു ..’ അമ്മേടെ മുഖത്തപ്പോൾ ദേഷ്യം വന്നിട്ടമ്മ പറേം “ മണ്ടത്തരം പറയുന്നോ … വേറാരേം കണ്ടില്ല ..”.    അക്ഷരങ്ങൾ എഴുതിപ്പഠിപ്പിക്കുന്ന കാർത്യായനിആശാട്ടിയോടു പറഞ്ഞപ്പോഴും ആശാട്ടി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു “ ഒരെണ്ണം വച്ചുതന്നാലുണ്ടല്ലോ .. തെക്കുവടക്ക് തെണ്ടിത്തിരിഞ്ഞു നടക്കുന്ന അല്ലിയെയാ കണ്ടുവച്ചേക്കുന്നേ .. മേലാൽ ഈ മണ്ടത്തരം പറയണ്ടാ .. ട്ടോ “ എന്നു പറഞ്ഞ് ചൂണ്ടുവിരലിൽ പിടിച്ചു പഞ്ചാരമണലിൽ അക്ഷരം എഴുതിപ്പിക്കുന്ന കാർത്യായനിയേട്ടത്തിയോടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി . 

അമ്മയോടൊപ്പം അമ്പലത്തിൽ തൊഴാൻ പോകുന്ന വഴിക്ക്‌ ടാറിട്ട റോഡിലൂടെ നടന്നുപോവുമ്പോൾ അങ്ങു താഴെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുനിൽക്കുന്ന അല്ലീടെ വീടു കാണാം . ഒരു കുഞ്ഞോലപ്പുര .  എപ്പോൾ നോക്കിയാലും ആ വീടിനരികെക്കൂടി ഒഴുകുന്ന പുഴയിൽ പിള്ളേർ കളിച്ചുതിമിർക്കുന്നുണ്ടാവും . കൂട്ടത്തിൽ അല്ലിയും ഉണ്ടാവും . ആരും അവരെ വിലക്കാനും ഇല്ല വഴക്കുപറയാനും ഇല്ല .. എന്തു രസം . കൊതി തോന്നിയിട്ടുണ്ട് അപ്പോളൊക്കെ .  തങ്ങളുടെ വീടിനു താഴെയും കടവുണ്ട്‌ .. പക്ഷേ കടവിൽ കുളിക്കാനോ … നേർച്ചമാതിരി ആഴ്ച്ചേൽ ഒറ്റദിവസമേ അനുമതിയുണ്ടാവൂ .. അതും ഒന്നുകിൽ അമ്മക്കൊപ്പം അല്ലേൽ അമ്മേടെ സഹായി അമ്മുക്കുട്ടിക്കൊപ്പമാവും . രണ്ടാളും ആ വെള്ളത്തിലൊന്നു നീന്താനോ ഇത്തിരിനേരം കളിക്കാനോ ഒന്നും സമ്മതിച്ചുതരില്ല . പിടിച്ചുനിർത്തി തേച്ചുകുളിപ്പിച്ച് വേഗം മേലുതുവർത്തിച്ചു കൊണ്ടുപോരും .  സ്കൂൾ അവധിദിനങ്ങളിൽ തൊട്ടയല്പക്കത്തെ കൂട്ടുകാരായ സുമിയും ലീനയുമൊന്നിച്ചു മുറ്റത്തു കളിക്കുമ്പോൾ അല്ലി വഴിയേ ഇങ്ങനെ നടന്നുപോവുന്ന കാണാം . തങ്ങളുടെ പറമ്പിന്റെ അങ്ങേയറ്റത്ത് ഗേറ്റിനപ്പുറം വലിയൊരു കടവുണ്ട് . അവിടെ വെള്ളത്തിൽ കളിച്ചുമറിയാനുള്ള പോക്കാണെന്നറിയാം . അതുകൊണ്ടുതന്നെ അമ്മയുടെയും അമ്മുക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് തങ്ങൾ ഗേറ്റിനരികിലേക്കോടാറുണ്ട് .. അല്ലിയുടെയും കൂട്ടരുടെയും നീന്തൽത്തിമിർപ്പു കാണാനായി .  അടച്ചിട്ടിരിക്കുന്ന ഗേറ്റിനിപ്പുറം നിന്ന് ഞങ്ങളാ കാഴ്ച ആസ്വദിക്കും . അല്ലിയും കൂട്ടരും കരയിൽനിന്നും വെള്ളത്തിലേക്കെടുത്തൊരു ചാട്ടം . പിന്നെ മുങ്ങാംകുഴിയിട്ട് പൊങ്ങിവരിക .. കുറേ സമയം വെള്ളത്തിൽ മുങ്ങിക്കിടക്കുക … മലർന്നുകിടന്നു നീന്തുക … ഒഴുക്കിനെതിരെ നീന്തുക .. എന്തെല്ലാം അഭ്യാസങ്ങൾ ഇക്കൂട്ടർ നടത്തുക … എല്ലാത്തിലും ഒന്നാമതെത്തുക
 അല്ലിതന്നെയാവും .  കുറച്ചുനേരം ആ കാഴ്ചകളാസ്വദിച്ച് കൂട്ടുകാരുമായി വേഗം മടങ്ങും .. കാരണം 'അമ്മ തിരക്കുന്നുണ്ടാവും . അപ്പോഴൊക്കെ സുമിയോടും ലീനയോടും പറയും ‘ അല്ലിക്കെന്തു സുഖാ .. ല്ലേ … ഒന്നും പഠിക്കേണ്ട .. സ്കൂളിൽ പോവേണ്ട .. വീട്ടിലാരും വഴക്കു പറയില്ല … ഇഷ്ടംപോലെ കളിക്കാം ..’.  അവരും അതു ശരിവക്കും . ഇടയ്ക്കിടെ അല്ലി വീട്ടിൽ വന്ന് അമ്മയോട് ഓമയ്ക്ക ചോദിക്കും .. ഇത്തിരി തേങ്ങാ തര്വോ .. ന്നു ചോദിക്കും .. ചിലപ്പോൾ കാപ്പിപ്പൊടി … ഇത്തിരി പഞ്ചാര .. ഇങ്ങനെ അല്ലറചില്ലറ ആവശ്യങ്ങളുണർത്തിച്ച് അടുക്കളവശത്തെ ജനാലക്കരികിൽ പ്രത്യക്ഷപ്പെടാറുണ്ട് .  'അമ്മ എന്തെങ്കിലുമൊക്കെ കൊടുക്കാറുമുണ്ട് . അല്ലി പോയിക്കഴിഞ്ഞാൽ അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി എന്തൊക്കെയോ രഹസ്യം പറയുന്ന കേട്ടിട്ടുണ്ട് . ഒരിക്കൽ സ്കൂളിൽ പോകുംവഴി കൂട്ടുകാരി സുമി പറഞ്ഞത് “ അല്ലീടമ്മ വല്യ കുഴപ്പക്കാരിയാത്രെ ..” എന്തു കുഴപ്പമാണെന്നവൾക്കറിയില്ല പോലും .  അന്നു വൈകുന്നേരം സ്‌കൂളിൽനിന്നു വന്നതേ ഓടിപ്പാഞ്ഞ് അടുക്കളയിൽ ചെന്ന് അമ്മയോടു പറഞ്ഞ വിശേഷം ‘ അമ്മേ ....അല്ലീടമ്മ വല്യ കുഴപ്പക്കാരിയാന്ന്‌ … എന്താമ്മേ അവർക്കു കുഴപ്പം ..’. അമ്മേടെ മറുപടി “ ഒറ്റ അടി തന്നാലുണ്ടല്ലോ … പറയാൻ കണ്ടൊരു വിശേഷം … ഇതാരാ നിന്നോടു പറഞ്ഞേ ..” 
സഹായി അമ്മുക്കുട്ടിയാവട്ടെ താടിക്കു കയ്യുംകൊടുത്ത് “ ദൈവമേ .. ഈ കുട്ടിയോടിതൊക്കെ ആരാ പറഞ്ഞുകൊടുത്തേ ..” ന്നു പറഞ്ഞൊരു നിൽപ്പല്ലാരുന്നോ അന്തം വിട്ടമാതിരി .     പറഞ്ഞതെന്തോ വലിയ അപരാധമായി എന്നുതോന്നി വേഗം ഉടുപ്പുമാറാനായി അവിടെനിന്നും ഉൾവലിഞ്ഞു . പക്ഷേ കാപ്പികുടിക്കുമ്പോൾ 'അമ്മ താക്കീതു ചെയ്തു “ മേലിൽ ഇമ്മാതിരി വർത്തമാനങ്ങൾ ആരുടെ മുൻപിലും വിളമ്പിയേക്കരുത് … പറഞ്ഞ കേട്ടല്ലോ … കുട്ടികൾ അവർക്കു ചേരുന്ന വർത്തമാനങ്ങൾ പറഞ്ഞാൽ മതി ..”.  അമ്മക്കു മുൻപിൽ അനുസരണയോടെ തലയാട്ടുമ്പോഴും മനസ്സിൽ അറിയാനുള്ള ആകാംക്ഷയായിരുന്നു… ‘ അല്ലീടമ്മക്കെന്തു കുഴപ്പമാവും …?’ 

ഏഴാംക്‌ളാസ്സിൽ കയറിയപ്പോൾ പുതിയൊരുകുട്ടി ക്ലാസ്സിൽ ചേർന്നു . വൈകുന്നേരം സ്കൂൾ വിട്ടുവന്നത് തനിക്കും സുമിക്കും ലീനക്കുമൊപ്പമായിരുന്നു . പിന്നീടവൾ പറഞ്ഞാണറിഞ്ഞത് അവൾ അല്ലീടമ്മാവന്റെ മകളാത്രേ . അല്ലീടെ വീട്ടിലാണ് അവരുടെ കുടുംബവും പുതിയതായി താമസത്തിനെത്തിയത് . പേര് വിജയ . പഠനത്തിൽ മിടുക്കിയായ വിജയ ഒരുമാസത്തിനുശേഷം അവിടെനിന്നു വീടുമാറി മറ്റെവിടെയോ താമസമാക്കി അവിടെനിന്നുമാണ് സ്കൂളിൽ പിന്നീട് വന്നിരുന്നത് . വിജയക്കും പറയാൻ ഇതേ കാരണമായിരുന്നു … ‘ അല്ലീടമ്മ കുഴപ്പക്കാരിയാത്രെ … അതുകൊണ്ട് അവർ വേറൊരു വാടകവീട്ടിലേക്ക് മാറി .  പിന്നീട് അല്ലിയെ കാണുമ്പോഴൊക്കെ തോന്നി അല്ലിയും ഏതോ വലിയൊരു കുഴപ്പത്തിലേക്കു ചാടാൻ പോവുകയാണോ ..? അല്ലിയെ രക്ഷിക്കാൻ ആരും ഉണ്ടാവില്ലേ 

കുറച്ചൂടെ മുതിർന്നുവന്നപ്പോഴാണ് ചിലതൊക്കെ മനസ്സിലായിത്തുടങ്ങിയത് . നാട്ടാർക്കു മുൻപിൽ അല്ലീടമ്മ മാതു വല്യൊരു കുഴപ്പക്കാരി തന്നെ . കാരണം അല്ലിക്ക് അച്ഛനില്ലല്ലോ .  ഇവരുടെ അച്ഛനാരെന്ന്‌ നാട്ടാർക്കാർക്കും അറിയില്ല . അപ്പോപ്പിന്നെ അല്ലീടമ്മ കൊഴപ്പക്കാരി തന്നെ . അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി രഹസ്യം പറഞ്ഞതെന്താണെന്ന് മുഴുവനായല്ലെങ്കിലും ഇത്തിരിയൊക്കെ മനസ്സിലായി . അല്ലി പക്ഷെ മുതിർന്നിട്ടും ഈ അലഞ്ഞുനടക്കൽ തുടരുക തന്നെ ചെയ്തു .  വീട്ടിൽ വല്ലപ്പോഴും അല്ലി വരുമ്പോൾ അമ്മുക്കുട്ടി ദേഷ്യത്തോടെ അല്ലിയോടു ചോദിക്കും “ നിനക്കു വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ പെണ്ണെ … തെണ്ടിത്തിരിഞ്ഞു നടക്കുന്നേ ..”. അല്ലി വീറോടെ അമ്മുക്കുട്ടിയോടൊച്ച വക്കും … “ നിങ്ങളു കൊണ്ടത്തര്വോ എന്റെ വീട്ടിൽ അരക്കാൻ തേങ്ങയും കഞ്ഞിവെക്കാനരീം…” 
'അമ്മ രണ്ടാളോടും ദേഷ്യപ്പെടും ഇങ്ങനെ ഒച്ചയുണ്ടാക്കുന്നതിന് .  അല്ലി പോയിക്കഴിഞ്ഞാൽ അമ്മുക്കുട്ടി പറയും “ ഓ … ഇവളും തള്ളേടെ വഴി തന്നെ .. ഒരു സംശയോം ല്ല ..” 
അമ്മുക്കുട്ടിയോടു ദേഷ്യം തോന്നും  ‘ എന്തിനാ അല്ലിയെ ഇങ്ങനെ പറയുന്നതെന്നോർത്ത് ‘ അല്ലിയെ കാണുമ്പോഴൊക്കെ അമ്മുക്കുട്ടിയുടെ പിറുപിറുക്കലുകൾ …” ഈശ്വരാ … ഈ പെണ്ണങ്ങു വളർന്നു …”.     അതും അല്ലിയുടെയോ അല്ലിയുടെ അമ്മയുടേയോ ഒക്കെ കുഴപ്പം മാതിരിയാണ് അമ്മുക്കുട്ടിയുടെ വർത്തമാനം കേട്ടാൽ . 

അച്ഛന്റെ സ്ഥലംമാറ്റം … അവിടെനിന്നും പിരിഞ്ഞുപോരുമ്പോൾ അല്ലി മുറ്റത്തുവന്നുനിന്ന് അമ്മയോടു കരഞ്ഞുപറഞ്ഞതോർക്കുന്നു …. “ വല്ലപ്പോഴും കേറിവരാനൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു …. അമ്മയോട് ഓരോന്ന് വാവിട്ടുചോയിച്ചാൽ 'അമ്മ തരികയും ചെയ്യുമാരുന്നു … ഇനിയിവിടെ ആരാ വരിക … ആർക്കറിയാം ..”.   'അമ്മ അല്ലിയെ സമാധാനിപ്പിച്ചു . അല്ലി അപ്പോൾ അമ്മയോടു പറഞ്ഞിരുന്നു കുറച്ചകലെയുള്ള ഏതോ പണക്കാരുടെ വീട്ടിലെ മകളുടെ കുട്ടികളെ നോക്കാനായി വിളിച്ചിട്ടുണ്ട് . അവർക്കൊപ്പം പോവാണെന്നും കപ്പലിൽക്കയറി ദൂരെപ്പോവാണെന്നും ഒക്കെ .. 'അമ്മ പറഞ്ഞു “ എവിടായാലും ജോലി ചെയ്ത് അന്തസ്സായി ജീവിക്കണമെന്ന് ..” അല്ലി തലകുലുക്കി . 

കാലങ്ങളുടെ ഒഴുക്കിൽ അല്ലിയും ആ കാലങ്ങളും ഒക്കെ മറവിയിലാണ്ടു .  പുതിയ സ്ഥലങ്ങൾ … ജോലി … വിവാഹം … ജീവിതം …. അങ്ങനെ ഒരോട്ടപ്പാച്ചിൽ .. വല്ലപ്പോഴും പഴയ നാട്ടിലേക്കെത്തുന്നത് ചെറിയമ്മ ഇവിടെയുള്ളതൊന്നുകൊണ്ടുമാത്രം .. 
“ മോളേ …” വിളികേട്ടാണ്‌ ചിന്തകളിൽ നിന്നുണർന്നത് .  ചെറിയച്ചൻ തൊട്ടുമുൻപിൽ . വേഗം എണീറ്റു ചെറിയച്ചനൊപ്പം നടക്കുമ്പോൾ ചെറിയച്ചൻ വിശേഷങ്ങൾ ആരാഞ്ഞു … ‘ രണ്ടുനാളുണ്ടാവും … നമ്മുടെ പഴയ സ്ഥലത്തൊക്കെ പോവണമെന്നു പറഞ്ഞപ്പോൾ ചെറിയച്ചൻ വിലക്കി “ റോഡ് ഒക്കെയും പൊളിഞ്ഞുകിടക്കുവാ മോളേ .. അങ്ങോട്ടൊന്നും പോവാൻ കഴിയില്ല … “ ചെറിയൊരു സങ്കടം തോന്നി . ചെറിയച്ചനോട് പുറമ്പോക്കിലെ അല്ലിയെക്കണ്ട കാര്യം പറഞ്ഞപ്പോൾ “ ഏതല്ലി ..” എന്നു ചെറിയച്ചൻ .  ‘ പുറമ്പോക്കിലെ മാതുവിന്റെ മകൾ …’ എന്നു പറഞ്ഞപ്പോൾ “ ഹോ .. കഷ്ടം … ആ പെണ്ണിന്റെ കാര്യം.” എന്നു ചെറിയച്ചൻ . എന്താണാവോ ഇനിയും അല്ലീടമ്മേപ്പോലെ അല്ലിയും കുഴപ്പത്തിലോ …? വീട്ടിൽച്ചെന്നിട്ട് ചെറിയമ്മയോടു തിരക്കാം എന്നു മനസ്സിൽ കരുതി . 

ചെറിയച്ചൻ കാർ സ്റ്റാർട്ട് ചെയ്തു . മുന്നോട്ടു നീങ്ങുമ്പോൾ ഓർക്കുകയായിരുന്നു പ്രായം ഏറിയിട്ടും ചെറിയച്ചന്റെ ചുറുചുറുക്കിനൊരു മാറ്റവും ഇല്ല . പഴയ അതേ പ്രസരിപ്പ് . പെൻഷൻ ആയിട്ടും അടങ്ങിയിരിക്കില്ല . കൃഷിയും വീട്ടുകാര്യങ്ങളുമായി ഓടിനടക്കുന്നു . ശരിക്കും ഇങ്ങനെയാണ് വേണ്ടത്‌ … മനസ്സിലോർത്തു .  വഴിനീളെ ചെറിയച്ചൻ സംസാരമായിരുന്നു .. തന്റെ വിശേഷങ്ങൾ തിരക്കി .. ഭർത്തൃവീട്ടിലെ വിശേഷങ്ങൾ പ്രഭേട്ടന്റെ ജോലിസ്ഥലത്തെ വിശേഷങ്ങൾ … വീട്ടിലെത്തിയതോ ചെറിയമ്മ പുട്ടും കടലക്കറിയും ചായയുമുണ്ടാക്കി നോക്കിയിരിക്കുകയായിരുന്നു . രണ്ടുദിവസം കൂടെയുണ്ടാവും എന്നുള്ള ഉത്സാഹത്തിലായിരുന്നു ചെറിയമ്മ . ഉച്ചക്ക് മോരു കാച്ചിയതും ചേനമെഴുക്കുപുരട്ടിയും അവിയലും മീൻകറിയും ഒക്കെകൂട്ടി വിഭവസമൃദ്ധമായ ഊണ് . തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നും ചെറിയമ്മ മറന്നിട്ടില്ലല്ലോ എന്നോർത്തു .  ഊണു കഴിഞ്ഞ് ചെറിയമ്മക്കൊപ്പം വിശ്രമിക്കുമ്പോൾ ആണ് അല്ലിയെ കണ്ടകാര്യം എടുത്തിട്ടത് . 

ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞുതുടങ്ങി ..   “മാതു വയ്യാതായി . പുരക്കകത്തൊക്കെ നടക്കും . പുറത്തോട്ടൊന്നും ഇറക്കമില്ല . അല്ലി ഒരു കൂട്ടർക്കൊപ്പം വീട്ടുപണിക്ക്‌ പുറത്തുപോയി .  കുഴപ്പമില്ല .. മിടുക്കിയായാണ് തിരിച്ചു വന്നത് . ആ വീട്ടുകാർ സഹായമൊക്കെ ചെയ്തിരുന്നു . പിന്നെന്തോ അവൾ അവർക്കൊപ്പം തിരികെപ്പോയില്ല . കാണാനൊക്കെ നല്ല ചന്തമായാ തിരിച്ചുവന്നേ … പിന്നീടെവിടെയോ ചായക്കടയിലും ഒക്കെ തേച്ചുമഴക്കു പണിക്കുപോയി .  അങ്ങനെ പോയിപ്പോയി എന്തായാലും ഒരുത്തൻ അവടെ കൂടെക്കൂടി . നാട്ടിലൊക്കെ പറച്ചിലായി . ഒടുവിൽ അവനവടെ വീട്ടിൽ താമസമായി . കൊച്ചൊന്നായതും അവനവന്റെ പാട്ടിനുപോയി . നാളിതുവരെയായിട്ടും അവനെപ്പറ്റി യാതൊരു വിവരവുമില്ല . അവളുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതു തന്നെ . പുറമ്പോക്കിൽ നിന്നൊക്കെ ഒഴിപ്പിച്ചു വിട്ടു . ലക്ഷംവീടു കോളനിയിലാ ഇപ്പൊ താമസം . എന്തായാലും നല്ല അദ്ധ്വാനിയാ അവള് . റോഡുപണിക്കും വീട്ടുവേലക്കും കൂലിപ്പണിക്കും ഒക്കെ നടന്നാ ആ ചെറുക്കനെ വളർത്തിക്കൊണ്ടുവന്നത്  . മോൻ വലുതായി അവടെ കഷ്ടപ്പാടൊക്കെ മാറും ന്നാ എല്ലാരും കരുതിയെ .. പക്ഷേ കള്ളുകുടിയും ബഹളവും തല്ലുപിടിയുമേ ഒള്ളൂ എന്നും . അങ്ങനിരിക്കുമ്പം അവന് ഒരിളക്കം കേറും .. കള്ളും കുടിച്ചുചെന്ന് ആ പെണ്ണിനു സമാധാനം കൊടുക്കില്ല . വല്യതള്ളയോടും ഇവളോടും ഗുസ്‌തി തന്നെ .  

‘കഷ്ടമാണല്ലോ ചെറിയമ്മേ അല്ലീടെ കാര്യം ..’  ഇതുപറയുമ്പോൾ ചെറിയമ്മ വർത്തമാനം തുടർന്നു “സ്നേഹമുള്ള പെണ്ണാ .. ഇടക്കെവിടെവച്ചു കണ്ടാലും ഓടിവന്നു വിശേഷങ്ങൾ തിരക്കും മോളേ ….. നിന്റെ കാര്യം എപ്പക്കണ്ടാലും തിരക്കും .. വല്യേച്ചീടെ കാര്യം പറയുമ്പം ഇപ്പോഴും അവടെ കണ്ണുനിറയും . ചെറിയമ്മ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി . അമ്മയെ അല്ലിക്കു മറക്കാനാവില്ലെന്നറിയാം . എന്നാലും പാവം അല്ലി .. തന്നോടു വന്ന് വർത്തമാനം പറഞ്ഞിട്ട് ഒരുവാക്കുപോലും അല്ലിയെപ്പറ്റി ചോദിക്കാൻ തോന്നിയില്ലല്ലോ .. എന്തോ അന്നേരം ഒന്നും തോന്നിയില്ല .. അല്ലെങ്കിൽ പണ്ടെന്നോ മുതൽ അല്ലീടെ കുടുംബത്തെപ്പറ്റിയുള്ള ആ കുഴപ്പങ്ങൾ കേട്ടറിയാവുന്നതിനാൽ ആണോ അറിയില്ല അവരോടു ‘ എന്തുണ്ട് .. സുഖമാണോ ..’ സാമാന്യമര്യാദയിലുള്ള ഒരു കുശലാന്വേഷണം പോലും നടത്താൻ തോന്നിയില്ലല്ലോ എന്നൊരു കുറ്റബോധം മനസ്സിനെ വിഷമിപ്പിച്ചു തുടങ്ങി . 
പിന്നീട് ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞകാര്യങ്ങൾ കേട്ടപ്പോൾ അല്ലിയോടു വല്ലാത്ത മതിപ്പു തോന്നി .    “എന്തായാലും അവൾ പണിയെടുത്ത് അന്തസ്സായി ജീവിക്കുന്നു . അവൻ ഇട്ടേച്ചുപോയിക്കഴിഞ്ഞ് ഓരോത്തന്മാർ അവളെ ശല്യം ചെയ്യാൻ ചെന്നിരുന്നു. അവൾ വെട്ടുകത്തിയുമായി ചാടിച്ചെന്നിട്ടുണ്ട്‌  ചിലവന്മാർക്കു നേരെ ശല്യം സഹിക്കാനാവാതെ . പിന്നീട് പണിസ്ഥലത്തോ വീട്ടിലോ ഒരിടത്തും അവളെ ശല്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടിട്ടില്ല . പണിക്കാര്യത്തിൽ പലരും പറയുന്നത് അവളുടെ ആത്മാർത്ഥതയെപ്പറ്റിയാണ് . എന്തു പണിക്കും റെഡി  ..റോഡുപണി വേണോ ..കൂലിപ്പണി .. വീട്ടുപണികൾ ......ഒന്നിനും അവളെ ആരും മാറ്റിനിർത്തില്ല . നാട്ടുകാർക്കൊക്കെ നല്ലതേ അവളെപ്പറ്റി പറയാനുള്ളൂ . അവളോടെല്ലാവർക്കും ഉള്ള വിഷമം അവളുടെ മകന്റെ സ്വഭാവം ഓർത്താണ് . അവൾ ജോലി ചെയ്തിരുന്നിടത്തെ നല്ല മനസ്സുള്ള ആരുടെയോ സഹായത്താൽ അവളുടെ മകനെ ഈ മദ്യപാനത്തിൽനിന്നു മോചിപ്പിക്കാനായി ചികിത്സാർത്ഥം ഒരു സെന്ററിൽ ആക്കിയിരിക്കയാണ് . കഴിഞ്ഞയിടക്ക് കണ്ടപ്പോൾ അവൾ സങ്കടത്തോടെ പറഞ്ഞത് 
“ അവൻ എല്ലാം മാറി നന്നായി തിരിച്ചുവരണേ … എന്ന ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളൂ …” എന്നാണ് . എല്ലാം ശരിയാകും എന്നു പറഞ്ഞവളെ ഞാൻ ആശ്വസിപ്പിച്ചു . അന്തസ്സായി സ്വന്തമായി കഷ്ടപ്പെട്ട് കൊണ്ടുവരുന്നതുകൊണ്ട് അവൾ ആ തള്ളയെ പൊന്നുപോലെയാ നോക്കുന്നെ ….” ചെറിയമ്മയുടെ സംസാരത്തിനിടയിലുള്ള തന്റെ ചോദ്യം തെല്ലൊന്നമ്പരപ്പിച്ചു ചെറിയമ്മയെ എന്നു മുഖം കണ്ടപ്പോൾ തോന്നി ..’ ചെറിയമ്മേ .. നമുക്കു നാളെ ആ ലക്ഷം വീടു കോളനി വരെ ഒന്നു പോവണം … ‘ 
“ അതു വേണോ മോളേ ....അങ്ങോട്ടുപോകാനുള്ള വഴിയൊക്കെ തീരെ മോശമാ ചെന്നുപറ്റാൻ ഇത്തിരി പാടാണ്‌ ..”ചെറിയമ്മ നിരുത്സാഹപ്പെടുത്തി . 
താൻ തീർത്തു പറഞ്ഞു ‘ വേണം ചെറിയമ്മേ .. എനിക്കല്ലിയെ ഒന്നൂടെ കാണണം ..ഉപേക്ഷ പറയല്ലേ ചെറിയമ്മാ … “ തന്റെ വിഷമം മനസ്സിലാക്കിയ ചെറിയമ്മ മനസ്സില്ലാമനസ്സോടെയെങ്കിലും സമ്മതം മൂളി.    
സന്തോഷമായി .. നാളെത്തന്നെ പോവണം .. ദുർഘടമായ പാതകളിലൂടെയും വല്ലപ്പോഴുമൊക്കെ നാം സഞ്ചരിക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെ ചില യാത്രകളും ചില ജീവിതങ്ങളും കണ്ടറിയേണ്ടതുണ്ട് . എങ്കിലേ നമുക്ക്‌ നമ്മിലേക്ക്‌ ഒന്നു മനസ്സ് തുറക്കാൻ സഹായിക്കൂ . നമുക്കു ചുറ്റും ഉള്ള ജീവിതം എന്താണെന്ന് അറിയണം .  
 അവരുടെ ജീവിതം കണ്ടറിയണം … അല്ലീടമ്മേ ഒന്നു കാണണം ആദ്യമായി .. കുഴപ്പക്കാരിയെന്ന് നാട്ടാരെല്ലാം പറഞ്ഞിരുന്ന അല്ലീടമ്മ മാതു എന്ന സ്ത്രീയെ . .. 
അല്ലിയുടെ കഷ്ടതകളിൽ സങ്കടം തോന്നിയെങ്കിലും അല്ലിയോട് ആദരവു തോന്നി . ജീവിതത്തോടു പൊരുതി ജയിക്കുന്നവൾ .  കുഴപ്പക്കാരിയായിരുന്നു എന്നു നാട്ടാർ പറയുന്ന നിന്റെ ജീവിതവും ഒരു പക്ഷേ ഇങ്ങനെയായിപ്പോയതിന് ഒരു കാരണക്കാരിയായതോ  അല്ലയോ എന്തുമാവട്ടെ ആ കുഴപ്പക്കാരിയായ മാതു എന്ന അമ്മയെ നീ പൊന്നുപോലെ സംരക്ഷിക്കുന്നതിന് … ഞാൻ ചങ്കൂറ്റമുള്ളൊരു സ്ത്രീയാണെന്ന് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്ന നീയാണ് സ്ത്രീ അല്ലി .. കഷ്ടപ്പാടുകളിലും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കാനുള്ള കരുത്തു നേടിയവൾ ..  നിന്നെയെനിക്ക് ഒരിക്കൽക്കൂടെ കാണണം അല്ലി . 
എന്നിട്ട് ചിന്നുമോളോട് അല്ലിയെപ്പറ്റി പറയണം ‘ മോളേ .. നീ കണ്ട ഈ അമ്മയല്ല യഥാർത്ഥ സ്ത്രീ .. ഞാൻ കണ്ട ഈ അല്ലിയാണ് മോളേ യഥാർത്ഥ സ്ത്രീ .. അനുഭവങ്ങളിലൂടെ കരുത്തു നേടിയവൾ .. സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള കരുത്തു നേടിയ ധീരയായ സ്ത്രീ .  ഇങ്ങനെയാവണം സ്ത്രീ . കണ്ണുനീരാൽ മറ്റുള്ളവർക്കുമുൻപിൽ തലകുനിച്ചു നിൽക്കേണ്ടവളല്ല സ്ത്രീ . പ്രതിസന്ധികളെ നേരായമാർഗ്ഗത്തിലൂടെ തോൽപ്പിച്ചു അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കേണ്ടവളാണ് സ്ത്രീ . അതാണ് പ്രാഥമികസ്കൂൾവിദ്യാഭ്യാസംപോലും നേടാത്ത അല്ലി എന്ന  ധീരയായ സ്ത്രീ . 

                             ==========================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ 





38 comments:

  1. ജീവിതയാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന കഥ. കല്ല് കൊണ്ടൊരു പെണ്ണ്! തെളിമയുള്ള വാക്കുകൾ. സ്വച്ഛമായി ഒഴുകുന്ന ശൈലി. ഇഷ്ടായി. നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞും അറിയാതെയും ജീവിക്കുന്ന എത്രയോ അല്ലിമാർ!

    ReplyDelete
    Replies
    1. വായനയിൽ ഏറെ സന്തോഷം കൊച്ചൂ ..

      Delete
  2. ജീവിതത്തിൻ്റെ നേർകാഴ്ച. ചില ജീവിതങ്ങൾ ഇങ്ങനെയാണ്. അല്ലി ധീരയായ സ്ത്രീ തന്നെ

    ReplyDelete
    Replies
    1. അതേ പ്രീതാ .. സ്നേഹം ട്ടോ ..

      Delete
  3. അല്ലി മനസ്സ് കവർന്നു..
    ധീരയായ സ്ത്രീകൾ എല്ലാം കുഴപ്പക്കാരായല്ലോ ആൾക്കാർ പറയുക..

    ReplyDelete
    Replies
    1. ഗൗരീ .. വായനയിൽ സന്തോഷം .

      Delete
  4. ദുർഘടമായ പാതകളിലൂടെയും വല്ലപ്പോഴുമൊക്കെ നാം സഞ്ചരിക്കേണ്ടതുണ്ട്.സത്യമാണ്. നമുക്കുള്ളിൽ ഉറക്കം പൂണ്ടു കിടക്കുന്ന അല്ലിമാരെ ഉണർത്താൻ 🥰 അല്ലിയെ ഇഷ്ടപ്പെട്ടുട്ടോ ചേച്ചി ❤️

    ReplyDelete
    Replies
    1. സൂര്യേ .. ഈ വരവിൽ സന്തോഷം .

      Delete
  5. തീർച്ചയായും, ചെറുപ്രായത്തിൽ കുട്ടികളുടെ മനസ്സിൽ ഓരോരോ വ്യക്തികളുടെയും ചിത്രം രൂപപ്പെടുത്തി വെക്കുന്നത് വലിയവരാണ്. ആ ചിത്രം മായാതെ നില്ക്കുന്നു. ഭാവി ജീവിതത്തിൽ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ ചെയ്യാൻ നല്ലതിനാണെങ്കിലും ചിലച്ചിത്രങ്ങൾ അതായിരിക്കണമെന്നില്ല! അങ്ങനെയുള്ള ഒരു ചിത്രമാണ് അല്ലിയുടേത്. മാലേത്തെ സീതയ്ക്ക് വൈകിയാണെങ്കിലും അല്ലിയെ മനസ്സിലാക്കാൻ കഴിഞ്ഞു നല്ലത്.
    നന്നായി എഴുതി.
    ആശംസകൾ

    ReplyDelete
    Replies
    1. സാർ .. വരവിലും vayanayilum ഏറെ സന്തോഷം.

      Delete
  6. അല്ലി കൊള്ളാം.
    അമ്മയുടെ പാതയിൽ അല്ലി ഓടിയില്ലല്ലോ. മറിച്ച് ഒറ്റയ്ക്കു പൊരുതി കുടുംബം നോക്കുന്നു. #BreakTheChain
    മകനെ ദുഷ്ടനായി ചിത്രീകരിക്കേണ്ടതുണ്ടായിരുന്നോ?

    ReplyDelete
    Replies
    1. രാജ് .. വായനയിൽ സന്തോഷം . മകൻ മിടുക്കനായി തിരിച്ചു വരട്ടെ .

      Delete
  7. "അല്ലി…. അനുഭവങ്ങളിലൂടെ കരുത്തു നേടിയവൾ .. സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള കരുത്തു നേടിയ ധീരയായ സ്ത്രീ . ഇങ്ങനെയാവണം സ്ത്രീ ."... വളരെ നല്ല കഥയും എഴുത്തും .. എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. വായനയിൽ ഏറെ സന്തോഷം ഷഹീം .

      Delete
  8. അല്ലി മനസ്സിൽ കയറിക്കൂടി.

    ReplyDelete
    Replies
    1. ആണോ .. ഏറെ സന്തോഷം

      Delete
  9. അല്ലിയിലൂടെ സ്നേഹവും ആത്മാഭിമാനവും സ്വാശ്രയത്വവും ഉള്ളൊരു സ്ത്രീകഥാപാത്രത്തെ പരിചയപ്പെടാൻ ആയി. ആശംസകൾ

    ReplyDelete
    Replies
    1. വായനയിൽ ഏറെ സന്തോഷം

      Delete
  10. ഒരു ഗ്രാമത്തിന്റെ നേർചിത്രം... ലളിതമായ ഭാഷയിൽ... അഭിനന്ദനങ്ങൾ ഗീതാജീ...

    ReplyDelete
    Replies
    1. ഏറെ സന്തോഷം വിനുവേട്ടാ

      Delete
  11. ഒരു യഥാർത്ഥ  സ്ത്രീയുടെ - അല്ലിയെന്ന  ധീര വനിതയുടെ കഥ  

    ReplyDelete
    Replies
    1. ഏറെ സന്തോഷം സാർ

      Delete
  12. ഒരിക്കലും മറക്കാതെവണ്ണം അല്ലി മനസ്സിൽ നിൽക്കുന്നവിധം എഴുതി ഫലിപ്പിച്ചു. ഇഷ്ടം ആയി.. അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. വരവിലും വായനയിലും ഏറെ സന്തോഷം

      Delete
  13. ഒരു ' തിരിച്ചു പോക്ക്.
    നല്ല എഴുത്ത്

    ReplyDelete
    Replies
    1. ഏറെ സന്തോഷം സാർ .

      Delete
  14. അല്ലിയുടെ കഥ ഇഷ്ടമായി. ആശംസകൾ

    ReplyDelete
    Replies
    1. ഏറെ സന്തോഷം സർ

      Delete
  15. അമ്പലവും, കുളക്കടവും അടങ്ങുന്ന ഗ്രാമത്തിന്റെ പഴയൊരു ചിത്രം വരച്ചു കാണിച്ചതിലൂടെ തുടങ്ങി 'അല്ലി'യിൽ എത്തിനിന്ന കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. വായനയിൽ ഏറെ സന്തോഷം മഹേഷ്

      Delete
  16. സീത ഗീതച്ചേച്ചി ആണെന്നോർത്തോണ്ടാ വായന പുരോഗമിച്ചത്.


    വളരെ മികച്ച കഥ . ആസ്വദിച്ചു വായിച്ചു .

    എന്നതാ പറയേണ്ടതെന്നറിയാത്ത വിധത്തിൽ വായന അവസാനിപ്പിച്ചു. അല്ലി എന്നയാൾ എന്റെ നാട്ടിലും ഉണ്ടാരുന്നു. ഒരു കൂട്ടുകാരന്റെ അമ്മ . മരിച്ചു പോയി.

    ReplyDelete
    Replies
    1. സുധീ .. സന്തോഷം ട്ടോ

      Delete
  17. ചേച്ചീ അല്ലിയെയും,അവരുടെ കുഴപ്പക്കാരി അമ്മയെയും നല്ല ഇഷ്ടായി ട്ടാ.പൊരുത്തിപ്പിടിക്കുന്ന ജീവിതങ്ങൾ ഉള്ളവരെ എപ്പോഴും കുഴപ്പക്കാരായാണ് സമൂഹം കാണാറുള്ളത്.സലാം

    ReplyDelete
    Replies
    1. ഏറെ സന്തോഷം മാധവൻ

      Delete
  18. ഉരുക്ക് വനിത....ഇതൊക്കെ നാട്ടിലും ഉണ്ടാവും... നേതാക്കൾ മാത്രമല്ല ആ പേരിൽ ഉണ്ടാവുക....
    നല്ല കഥ... മിതത്വം തോന്നുന്ന ഭാഷ്യം... 😍😍

    ReplyDelete
    Replies
    1. ആനന്ദ് .. നല്ല സന്തോഷം ട്ടോ

      Delete
  19. താമരയല്ലി പോലെ ഒരു അല്ലി .
    മനോഹരമായി എഴുതി ചേച്ചി ... കഥ വായിച്ചു സന്തോഷം.. സീത നടന്ന വഴികളൊക്കെ കാണാൻ പറ്റി ❤️❤️

    ReplyDelete
    Replies
    1. ദിവ്യക്കുട്ടീ .. ഒത്തിരി സ്നേഹം ..

      Delete