Friday 13 September 2019

അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ


ഇടക്കാലത്തു നമ്മൾ വേണ്ടെന്നു വച്ചുകളഞ്ഞ മൺചട്ടിയും മൺകലവും  അരകല്ലും ഉരലും ഒക്കെ നമ്മുടെ വീടുകളിൽ വീണ്ടും ഇടംപിടിച്ചു  തുടങ്ങി . അതുപോലെ ഒരു പഴങ്കഥയായിപ്പോയ പഴങ്കഞ്ഞിയും വീണ്ടും തിരികെവരുന്നു എന്നാണ് ഈയടുത്ത ചില എഫ് ബി ... വാട്‍സ് ആപ്പ് വീഡിയോകളിലൂടെ  മനസ്സിലാവുന്നത് . പഴങ്കഞ്ഞിക്കടകളും  ധാരാളമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട് . മലയാളികൾ വീണ്ടും പഴമയിലേക്ക്‌ നീങ്ങിത്തുടങ്ങി . 

കുറച്ചുനാൾ മുൻപ് ഒരു ബ്ലോഗ് സുഹൃത്ത്  പഴങ്കഞ്ഞിവിശേഷങ്ങൾ  വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഷെയർ ചെയ്തത് വായിക്കാനിടയായി . ഈയടുത്ത്  എന്റെയൊരു സുഹൃത്ത് പഴങ്കഞ്ഞിയുമായി  ബന്ധപ്പെട്ട മറ്റൊരു രസകരമായ വീഡിയോ പോസ്റ്റ് കാണിച്ചു തന്നു . കാണികളെ കൊതിപ്പിക്കുംരീതിയിൽ  മൺചട്ടിയിൽ പഴങ്കഞ്ഞി  അതിലേക്കു ഉണക്കമീൻ , പച്ചമുളക് , മീൻ അച്ചാർ , ചക്കപ്പുഴുക്ക് , ഉണക്കമീൻപീര , ഉപ്പുമാങ്ങ ഇങ്ങനെ കുറേ ഐറ്റംസ് ഇട്ട്‌ കൈയിട്ടു ഞെരടിഞെരടി  ഒരു പരുവമാക്കി കൈയില് വാരി വായിലോട്ടു വച്ചിട്ട് 
" കിടുവേ ..." എന്നൊരു  ഡയലോഗും കാച്ചി ഇഷ്ടൻ പഴങ്കഞ്ഞി തട്ടുന്നൊരു വീഡിയോ .   സുഹൃത്ത് പറഞ്ഞത്‌ " ഇതു കണ്ടാൽ ആർക്കാണ് കൊതി വന്നുപോകാത്തത് " എന്നാണ് . 
' അത്രക്കൊന്നും തോന്നുന്നില്ല ' എന്ന എന്റെ മറുപടി സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .  " നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒന്നിട്ടു നോക്കൂ .. " എന്നായി സുഹൃത്ത് . 
'ആരും ഇതിൽ വല്യ ഇമ്ബ്രസ്ഡ്   ( ആകർഷിക്കപ്പെടാൻ ) ആവാൻ വഴിയില്ല ..' എന്ന എന്റെ മറുപടി സുഹൃത്തിനെ ചൊടിപ്പിക്കയാണുണ്ടായത് .   ' പഴങ്കഞ്ഞി  കുടിച്ചു ശീലമില്ല .. അതാവാം ഇങ്ങനെയൊരു  തോന്നൽ ..' എന്നു പറഞ്ഞിട്ടൊന്നും സുഹൃത്ത്  അതൊന്നംഗീകരിക്കാൻ തയ്യാറായില്ലെന്നു  മാത്രമല്ല. " നിങ്ങൾ കുടുംബപരമായി ചില്ലറ അസുഖങ്ങൾ ഉള്ളവർ ആയതിനാലാവാം നിങ്ങൾ കുട്ടികളെ പഴങ്കഞ്ഞി കഴിപ്പിച്ചു ശീലിപ്പിക്കാതിരുന്നത് .." എന്നാണ് സുഹൃത്ത് എന്നോടു വാദിച്ചത് . ഞാനോ എന്റെ വീട്ടിലെ മുതിർന്നവരോ സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ സാധ്യതയില്ലാത്ത കാരണങ്ങളാണ് ഈ പഴങ്കഞ്ഞിയുടെ പേരിൽ സുഹൃത്ത് എന്റെമേൽ ആരോപിച്ചത് . നോക്കണേ ഒരു പഴങ്കഞ്ഞി  വരുത്തിവച്ച പ്രശ്നങ്ങൾ ..... ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളും ശീലങ്ങളുമല്ലേ  ... അതിനിങ്ങനെ തർക്കിക്കേണ്ടതുണ്ടോ ... എന്ന ഒരു മനോവിഷമം തോന്നി സുഹൃത്തിനെ അതുപറഞ്ഞു  മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും സുഹൃത്ത് പറഞ്ഞതുതന്നെ  ആവർത്തിക്ക മാത്രമാണ് ചെയ്തത് .  ഈ പഴങ്കഞ്ഞിപ്രിയം വീട്ടിൽ മറ്റുള്ളവർക്കുണ്ടാകാം പക്ഷെ എനിക്കെന്തോ അതിൽ വല്യ പ്രിയം അന്നുമില്ല .. ഇന്നുമില്ല .. അതുകൊണ്ട് ഒരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറയുകയല്ല . സുഹൃത്ത് ഉണ്ടാക്കിയ മനോവിഷമത്തിനിടയിലും പഴങ്കഞ്ഞിയുമായ ബന്ധപ്പെട്ട പഴയ ചില സംഭവങ്ങൾ ഓർമ്മയിൽ വന്നു . 

സ്ഥലത്തെ പ്രധാനിയും വലിയ മുതലാളിയുമായ പുന്നൂസച്ചായനെപ്പറ്റി നാട്ടുകാർ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായത്രേ എല്ലും തോലുമായിരുന്ന പുന്നൂസച്ചായന്റെ പഴയരൂപം മാറി നല്ല തടിവച്ചത്‌  എന്നാണ് . പലർക്കും ഭാര്യ ആ സീക്രെട്ട്  പറഞ്ഞുകൊടുത്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത് . അതിപ്രകാരമാകുന്നു ... തലേന്നത്തെ ചോറ് വെള്ളം ഒഴിച്ച് കുറച്ചു ചുവന്നുള്ളിയും ചതച്ചിട്ട് അടച്ചു വക്കുക .  രാവിലെ ഒരു കാന്താരിയും ഇത്തിരി തൈരും ഉപ്പും ചേർത്ത് അതങ്ങു പിടിക്കുക ... തടി താനേ വന്നുകൊള്ളും ... എന്നാണ് വയ്പ് .  എത്രത്തോളം ശരിയാണെന്നറിയില്ല . പുന്നൂസച്ചായനെ കാണുന്നനാൾ മുതൽ നല്ല തടിയനാണ് .  പണ്ടങ്ങനെയായിരുന്നോ എന്നെനിക്കറിയില്ല .. പറഞ്ഞുകേട്ട അറിവു മാത്രമാകുന്നു .  ഇനി രണ്ടാം സംഭവം ... എന്റെ ചേച്ചിമാരാണ് കഥാപാത്രങ്ങൾ .  പ്രായത്തിൽ എന്നേക്കാൾ കുറച്ചു മുതിർന്നവരാകയാൽ അവരുടെ കൂട്ടുകെട്ട് ലിസ്റ്റിൽ ഞാനൊരിക്കലും ഉണ്ടായിരുന്നില്ല . സദാസമയവും അവർ രണ്ടാളും ഒരുമിച്ചുതന്നെ ... നടപ്പും ..  കളിയും ... ചിരിയും ... കഴിപ്പും ... കിടപ്പും ..എല്ലാം .  ഒരുദിവസം മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഞാൻ അടുക്കളയിലെ ചിരിയും ബഹളവും കേട്ടാണ് അങ്ങോട്ടോടിച്ചെന്നത് . കാര്യം എന്താണെന്നല്ലേ .. അമ്മയുടെ സഹായി അമ്മിണിക്ക് ജോലി നീങ്ങണമെങ്കിൽ രാവിലെ പഴങ്കഞ്ഞി നിർബന്ധം തന്നെ . പണിയൊക്കെ കഴിഞ്ഞ് രാവിലെ അടുക്കളയിൽ കൊരണ്ടിപ്പുറത്തിരുന്ന് അമ്മിണി വിസ്തരിച്ചൊരു പഴങ്കഞ്ഞികുടിയുണ്ട് . ഉണക്കമീൻ ചുട്ടത് അമ്മിണിക്കു നിർബന്ധം .  ദിവസേന ഇതുകണ്ട് കൊതിപൂണ്ട് ചേച്ചിമാർ അമ്മയോട് പറഞ്ഞിട്ട് അമ്മിണിക്കൊപ്പം രണ്ടാളും കൊരണ്ടിപ്പുറത്തിരിക്കുന്നു .. പഴങ്കഞ്ഞി 'അമ്മ അവർക്കു വിളമ്പിക്കൊടുക്കുന്നു .  
" എങ്ങനെയുണ്ടെന്ന " അമ്മിണിയുടെ ചോദ്യത്തിന്   " ഉം ... നല്ല രുചിയെന്ന " രണ്ടാളുടെയും മറുപടി .  അമ്മിണിയെ അനുകരിക്കാനുള്ള രണ്ടാളുടെയും ശ്രമം കണ്ട് അമ്മിണിയും അമ്മയും മൂത്തചേച്ചിയും എല്ലാവരും ചേർന്ന്‌ ഭയങ്കരചിരിയും ബഹളവും .  അവരുടെ കൂട്ടുപിടുത്തവും ഒരുക്കവും നടത്തയും ഒന്നും എനിക്കത്ര സുഖമുള്ള കാര്യങ്ങളല്ലാത്തതിനാൽ ഈ സംഭവവും എന്നിൽ വല്യ ചിരിയൊന്നും ഉണർത്തിയില്ല .  ഒരു പഴങ്കഞ്ഞികുടിയിൽ  ഇത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത് .. എന്നു കരുതി ഞാനൊരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ ... എന്റെ സുഹൃത്ത് ഇതു വായിക്കാനിടയായാൽ തെറ്റിദ്ധരിക്കരുതല്ലോ . 

മൂന്നാമത്തെ സംഭവം ... അടുത്തിടെയുണ്ടായ ചില അസുഖങ്ങൾക്കും അസ്വസ്ഥതകൾക്കും ചികിത്സതേടി  സ്ഥലത്തെ പ്രധാനഹോസ്പിറ്റലിൽ അവിടുത്തെ ഏറ്റവും മുഖ്യനായ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ഇരിക്കുന്ന സമയം . എല്ലാത്തവണയും കൂട്ടുവരുന്നത് ബന്ധുവായ ചേച്ചി ... എല്ലാതിരക്കുകളും മാറ്റിവച്ച് ഓടിയെത്താറുള്ള ചേച്ചി ..  അന്നും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെടുന്നു .  സാധാരണ അരമുക്കാൽമണിക്കൂർ  ബസ്സ് യാത്രയിൽ തലവേദന ... ഛർദിക്കാൻ തോന്നുക ഇമ്മാതിരി അസ്വസ്ഥതകളാൽ വീർപ്പുമുട്ടുന്ന എന്നെ ആശ്വസിപ്പിച്ച് ധൈര്യം നൽകി കൂട്ടിക്കൊണ്ടുപോവുന്നത് ചേച്ചിയുടെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു .  പക്ഷേ അന്നു പതിവിനു വിപരീതമായി ബസ്സ് യാത്രയിൽ ഇടയ്ക്കുള്ള സ്റ്റോപ്പിൽ എന്നെയും കൂട്ടി ചേച്ചി ഇറങ്ങി . കാര്യമെന്തെന്നറിയാതെ വാ പൊളിച്ചുനിന്ന എന്നോട് ചേച്ചിക്കെന്തോ ഒരസ്വസ്ഥത തോന്നുന്നു ... ഇത്തിരി സോഡാ നാരങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞ് അടുത്തുകണ്ട കടയിൽക്കയറി  അതും കുടിച്ച് അടുത്ത ബസ്സിൽ യാത്ര തുടരുന്നു . 

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ചേച്ചി ആകെ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു . തന്നെയുമല്ല അവിടെച്ചെന്ന് മൂന്നാലുതവണ ചേച്ചി വാഷ്‌റൂമിൽ പോയി ഛർദിച്ചു വന്നു .  ഇതുകണ്ട ഞാൻ ' നമുക്കൊരു ഡോക്ടറെ കാണാം ..' ന്നു പറഞ്ഞിട്ട് ചേച്ചി സമ്മതിക്കുന്നുമില്ല . എന്റെ ഡോക്ടറാവട്ടെ എത്തുന്നുമില്ല . അപ്പോഴേക്കും ചേച്ചി അവശയായി അടുത്തുകിടന്ന രണ്ടു കസേരകൾ ചേർത്തടുപ്പിച്ചിട്ട്  സാരിത്തുമ്പ് തലവഴി മൂടിപ്പുതച്ചു കിടപ്പായി . ഇതുകൂടി കണ്ടതോടെ ഞാൻ എന്റെ രോഗമെല്ലാം മറന്ന് ചേച്ചിയെ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കാനുള്ള തീരുമാനമെടുക്കുന്നു .  ചേച്ചി പറഞ്ഞിട്ടു സമ്മതിക്കുന്നുമില്ല ... അതങ്ങു മാറിക്കൊള്ളും ... നിന്നെ കാണിച്ചു മരുന്നുവാങ്ങി പോകാം ... ഡോക്ടർ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കല്ലേ ... എന്നോർമ്മപ്പെടുത്തിക്കൊണ്ടു  ചേച്ചി കണ്ണടച്ചു കിടക്കയാണ് . അക്ഷമയോടെ ഞാൻ എന്റെ ഡോക്ടറെ കാത്തിരിക്കുന്നു . 

ഇനി ഈ ഡോക്ടറെ കാണാനായി ഞാൻ ഒരുമാസം മുൻപേ ബുക്ക് ചെയ്തു വന്നിട്ടുകൂടി കിട്ടിയത് പതിനഞ്ചാം നമ്പർ . ഒരു ഉത്സവത്തിനുള്ള ആൾക്കാർ ( രോഗികളും ബന്ധുക്കളുമൊക്കെയായി ) അവിടെ കിടന്ന കസേരകളിൽ ഇരിക്കുന്നു .. കുറേപ്പേർ നിൽക്കുന്നുണ്ട് ... മിക്കവരും ക്ഷീണിച്ച്‌  അവശരായി ... നീണ്ടകാത്തിരിപ്പിനിടയിൽ ചില രോഗികൾ തലകറങ്ങി വീഴാനൊരുങ്ങുമ്പോൾ വേഗം സിസ്റ്റർ അവരെ അകത്തേക്ക് കൊണ്ടുപോയി കിടത്തുന്നു ...പുറത്തിരിക്കുന്നവർ ഡോക്ടറെ കാണാഞ്ഞു അസ്വസ്ഥരായി സിസ്റ്ററിനോട് ആവലാതിപ്പെടുന്നു ..."  ഉടനെ എത്തുന്നതാണ് ... " എന്ന സിസ്റ്ററുടെ പതിവു മറുപടി .... ഇതിനുമുൻപ് രണ്ടുതവണ വന്നിട്ടുള്ളപ്പോഴും ഇതേ കാഴ്ചകളൊക്കെത്തന്നേ  കണ്ടിട്ടുള്ളതിനാൽ വലിയ പുതുമയൊന്നും തോന്നിയില്ല .  എത്രേം പ്രഗത്ഭനാകുന്നുവോ അത്രേം തിരക്കും അവർക്കുണ്ടാകും ... പറഞ്ഞസമയത്തു എത്തുക എന്നുള്ള കാര്യം പ്രഗത്ഭരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യം ... അപ്പൊ പാവപ്പെട്ട രോഗികൾ പ്രഗല്ഭനെയും കാത്ത് ക്ഷമയോടെ ഇരിക്കുക .. അത്രതന്നെ . 

ഇതിനോടകം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കൊടുംകാറ്റിന്റെ വേഗതയിൽ ഡോക്ടർ പാഞ്ഞുവന്ന് തന്റെ കൺസൾട്ടിങ് റൂമിലേക്ക് കയറുന്നു . രോഗികൾക്കൊക്കെ ഒരനക്കവും ജീവനും വച്ചപോലെ .. പിന്നെ ചടപടാന്ന് കാര്യങ്ങൾ .... സിസ്റ്റർ പേരുവിളിക്കുന്നു ... ആദ്യത്തെ രോഗി കയറുന്നു ... അധികം താമസിയാതെ പുറത്തേക്കു വരുന്നു ... അകത്തേക്ക് ക്ഷീണിതയായി കയറിപ്പോയ രോഗിയുടെ  മുഖത്തു നല്ല തെളിച്ചം .. സന്തോഷം ... 
അതാണല്ലോ ഒരു ഡോക്ടറുടെ ഏറ്റവും നല്ല ചികിത്സ ... ആരാണോ പറഞ്ഞത്‌  ഇങ്ങനെ 
" ഡോക്ടർ ദൈവമാണ് ..." ഈ വാക്കുകൾ എത്ര സത്യമാണല്ലേ ..   അടുത്താളേ വിളിക്കുന്നു ... കയറുന്നു ... അങ്ങനെ എന്റെ ഊഴമാകുന്നു . പാവം ചേച്ചി ഇതൊന്നുമറിയാതെ അപ്പോഴും ക്ഷീണിച്ചു മയക്കം തന്നെ . 

 ഞാൻ വേഗം ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെല്ലുന്നു . ഡോക്ടർ എന്തെങ്കിലും 
ചോദിക്കുംമുൻപേ ഞാൻ പറയുന്നു ' ഡോക്ടർ ... ചേച്ചിക്കു നല്ല ക്ഷീണം ... ഛർദിച്ചു ... കിടക്കുന്നു ...'.    ആദ്യം ഡോക്ടർക്കോ സിസ്റ്റർക്കോ കാര്യം പിടികിട്ടുന്നില്ല ... ഞാനാകെ ടെൻഷനിൽ പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ... മെല്ലെ സിസ്റ്റർ വന്നെന്റെ ചെവിയിൽ മന്ത്രിക്കുന്നു .." നിങ്ങളുടെ രോഗവിവരം പറയൂ ...".      ഡോക്ടർ  എന്റെ ഫയൽ നോക്കിയിട്ട് ചോദിക്കുന്നു " ഇപ്പൊ എങ്ങനെ ..?". ഞാൻ പെട്ടെന്നുതന്നെ പറയുന്നു ' എനിക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല ഡോക്ടർ ...'.  ഞാൻ വീണ്ടും മുൻപ് പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ..' ഡോക്ടർ കൂട്ടിനു വന്ന ചേച്ചി വളരെ ക്ഷീണിതയാണ് ...'.  ഇതിനോടകം എന്റെ വിഷമം ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം പഴയ മരുന്നുകളൊക്കെത്തന്നേ  വീണ്ടും കുറിച്ചുതന്ന്  മൂന്നുമാസം ഇതു മുടങ്ങാതെ കഴിക്കണമെന്നു നിർദ്ദേശിച്ചതൊക്കെ ഞാനൊരു ചെവിയിലൂടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നൂടെ ചേച്ചിയുടെ കാര്യം ഡോക്ടറെ ഓർമ്മപ്പെടുത്തുന്നു .  ഡോക്ടർ സിസ്റ്ററോട് നിർദ്ദേശിക്കുന്നു " ഇവരെ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ അടുത്തേക്കു വിടൂ ..."
സിസ്റ്റർ അടുത്തയാളുടെ പേരുവിളിച്ച്‌  അകത്തു കയറ്റിവിട്ട  ശേഷം എന്നോടു പറയുന്നു 
" വേഗം  രോഗിയെ കൂട്ടിവരൂ ...".    രോഗിയായ ഞാൻ പെട്ടെന്ന് രോഗിയായിപ്പോയ ചേച്ചിയെ തട്ടിയുണർത്തുന്നു . ചേച്ചി പെട്ടെന്ന് ഞെട്ടി ഉണർന്ന് ചാടിയെണീറ്റ് " ങേ ... എപ്പോ നിന്റെ ഡോക്ടർ വന്നു ... നീ കേറിക്കണ്ടോ ... എന്താ എന്നെ വിളിക്കാഞ്ഞത് ... " എന്നൊക്കെ ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ ഞാൻ ചേച്ചിയോടു പറഞ്ഞു ' വേഗം വാ ... നമുക്ക് ഡോക്ടറെ കാണാം ..'.   സിസ്റ്റർ മുന്നേ നിന്നു വീണ്ടും വിളിക്കുന്നു " വേഗം വരൂ ...".     ഞാൻ  ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു ' വാ ചേച്ചീ ... '.     ചേച്ചി ആകെ ഒരു വല്ലായ്‌മയോടെ പറഞ്ഞു. " എന്റെ മോളേ .... ഇതിന്റാവശ്യമുണ്ടായിരുന്നോ ... എനിക്കൊരു കുഴപ്പവുമില്ല ..."
ഞാൻ തർക്കിച്ചു ' അതു ശരിയാവില്ല ... രണ്ടുമൂന്നു തവണ ർദ്ധിച്ചില്ലേ  ...' 
സിസ്റ്റർക്കു പിറകെ കയ്യിൽപിടിച്ചു നടത്തിക്കൊണ്ടു പോവുമ്പോൾ ചേച്ചീ എന്റെ ചെവിയിൽ പറഞ്ഞു " അതു പിന്നെ .. ഞാനിന്നൊരബദ്ധം കാണിച്ചു .... പതിവില്ലാതെ രാവിലെ ഇത്തിരി പഴങ്കഞ്ഞി കുടിച്ചോണ്ടാ വന്നേ ... അതാ പറ്റിയെ ..".   എനിക്കു ചിരി വന്നെങ്കിലും ഞാനതടക്കി.    കാഷ്വാലിറ്റിയിൽ നിന്ന സിസ്റ്ററിനോട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ സിസ്റ്റർ എന്തോ പറഞ്ഞു അവർ വേഗം ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി അകത്തു കിടത്തി .  ഡോക്ടർ എന്നെ വിളിച്ചു കാര്യം തിരക്കി .  രോഗിയായ എനിക്കു കൂട്ടു വന്നതാണെന്നും രണ്ടുമൂന്നു തവണ ഛർദിച്ചവശയായെന്നും ഞാൻ പറഞ്ഞു .  " നോക്കട്ടെ " എന്നു പറഞ്ഞ്  ഡോക്ടർ ചേച്ചിക്കടുത്തേക്കു നീങ്ങി .  വിശദമായി പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ചേച്ചി ഡോക്ടറോടും ശബ്ദം താഴ്ത്തി പറഞ്ഞു " ഞാനിന്നൊരബദ്ധം കാണിച്ചു ഡോക്ടർ ... പതിവില്ലാതിത്തിരി പഴങ്കഞ്ഞി  കുടിച്ചു ..." ഡോക്ടറും സിസ്റ്ററും ചിരിച്ചു .  ഡോക്ടർ പറഞ്ഞു " സാരമില്ല ... ക്ഷീണത്തിന് ചെറിയൊരു ട്രിപ്പിടാം ... പിന്നെ മരുന്നു തരാം ..." 

ചേച്ചി ട്രിപ്പിട്ടു കിടക്കുന്നിടത്തു ഞാൻ കാവലിരിക്കുമ്പോൾ ചേച്ചി വീണ്ടും പറഞ്ഞു 
" വേണ്ടായിരുന്നു  മോളേ ... ഇതിന്റാവശ്യമുണ്ടായിരുന്നില്ല .." 
ഞാൻ പറഞ്ഞു ' ശരിയാ ചേച്ചീ ... ഇന്നിതിന്റെ വല്ലാവശ്യവുമുണ്ടായിരുന്നോ ..'
" എന്ത് ..?" എന്നു ചേച്ചി 
' പഴങ്കഞ്ഞി ..' എന്നു ഞാൻ 
ഞങ്ങൾ പരസ്പരംനോക്കി ചിരിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ അകത്തേക്കു വന്നു .. എന്നിട്ടവർ ചോദിച്ചു " പഴങ്കഞ്ഞി പണി പറ്റിച്ചു കളഞ്ഞല്ലേ ... ഇതിലിപ്പം ആരാ രോഗി ...?" അവർക്കൊപ്പം ഞങ്ങളും ചിരിച്ചു .   

എന്നാലും പഴങ്കഞ്ഞി ഇത്ര വലിയ വില്ലനാകുമെന്നു കരുതിയില്ല .  ചേച്ചി പറഞ്ഞത്‌ പതിവില്ലാതെ കഴിച്ചതുകൊണ്ടാകാം അങ്ങനെയുണ്ടായത് എന്നാണ് .   ഇത് വായിക്കാനിടയായാൽ സുഹൃത്ത് തെറ്റിദ്ധരിക്കരുതെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു ... സത്യമായും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ .. എന്തോ ചേച്ചിക്കന്നേരം ഇമ്മാതിരി അസ്വസ്ഥകൾ ഉണ്ടായി .. ചേച്ചി അതിനു കണ്ടുപിടിച്ച കാരണം പഴങ്കഞ്ഞിയായിപ്പോയതിൽ  എന്ത് ചെയ്യാൻ പറ്റും ...    എന്തായാലും പഴയ തലമുറയുടെ ആരോഗ്യരഹസ്യം പഴങ്കഞ്ഞിയാണെന്ന്  ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് . അതേപ്പറ്റി കൂടുതലായി വായിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെയൊക്കെ ... ഏറെ  പോഷകഗുണമുള്ള  പ്രഭാതഭക്ഷണം ... അതുപോലെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളിൽനിന്നൊക്കെ മുക്തി നേടാൻ ഈ ഭക്ഷണം കൊണ്ടു സാധിക്കും ... ചെറുപ്പം നിലനിർത്താൻ ... ചർമ്മസൗന്ദര്യത്തിന് ... ഒക്കെ ഫലപ്രദമായ ഒന്നാണ് പഴങ്കഞ്ഞി എന്ന്‌ പലവിധ അഭിപ്രായങ്ങൾ കണ്ടു . ഇവയൊക്കെ എത്രത്തോളം ശരിയെന്നെനിക്കറിയില്ല .. അതൊക്കെ വായനക്കാരായ നിങ്ങളുടെ അഭിപ്രായങ്ങൾക്കു വിട്ടുതന്നിരിക്കുന്നു .  പക്ഷേ എന്റെ സംശയം ഇന്നത്തെ പുതുപുത്തൻ തലമുറയ്ക്ക് ഇങ്ങനെയൊരു ഭക്ഷണത്തെപ്പറ്റി  അറിയാമോ .. ഇപ്പോ പുതുതായി ഇറങ്ങിയ ആ പഴങ്കഞ്ഞിവീഡിയോകളിലൂടെയും വിവരണങ്ങളിലൂടെയും പഴങ്കഞ്ഞിയുടെ മാഹാത്മ്യം പുത്തൻതലമുറയും അറിയാൻ ഇടവരട്ടെ ...  "ഓൾഡ് ഈസ് ഗോൾഡ് " എന്നല്ലേ ചൊല്ല് .. 
പഴങ്കഞ്ഞിക്കുവേണ്ടി എന്നോടു കലഹിച്ച എന്റെ സുഹൃത്തിന് ഞാനീ കഥ സമർപ്പിക്കട്ടെ . 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ  ഓമനക്കുട്ടൻ Wednesday 4 September 2019

വിദ്യാലയസ്മരണകൾ


എൻറെ വിദ്യാലയ സ്മരണകൾ 

((അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ  ഗുരുനാഥന്മാരെ ഓർത്തെടുക്കുന്നു ഈ  ദിനത്തിൽ ... ആദരണീയനായ ഞങ്ങളുടെ പ്രിയ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ യാത്രയായി.  ഇന്നും സാറിന്റെ മുഖം ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു . ഒരിക്കൽ സാറിനെ പോയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു . പക്ഷേ അതിനുമുന്പേ സാർ യാത്രയായി .  പഠനകാലയളവിൽ സാർ നൽകിയിട്ടുള്ള ഉപദേശങ്ങൾ സ്നേഹവാത്സല്യങ്ങൾ ഒക്കെയും .. സാറിനോട് എനിക്കു പിതൃതുല്യമായ സ്നേഹവും ആദരവുമാണ് എന്നും . സാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് വായനക്കായി ഒരിക്കൽകൂടി ഈ സ്മരണകൾ പങ്കുവയ്ക്കുന്നു )
      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.