Wednesday 6 March 2019

നാലുമണിപ്പൂക്കൾ

                                                 നാലുമണിപ്പൂക്കൾ.  
                                               ~~~~~~~~~~~~~~~
നാലുമണിബെൽ മുഴങ്ങിയതും ബാഗെടുത്ത് ക്ലാസിനു വെളിയിലിറങ്ങിയതും ഒരേ സമയത്തായിരുന്നു.  മുന്നേ ഓടിപ്പോവുന്ന സുമിക്കും  സുധയ്ക്കുമൊപ്പമെത്താൻ കഴിയുന്നില്ല. തലവേദനിക്കുന്നു. ആകെയൊരസ്വസ്ഥത... എങ്കിലും കഷ്ടപ്പെട്ട് അവർക്കു പുറകെ ഓടി.  വീടെത്തിയപ്പോൾ വല്ലാതെ തല വേദനിക്കുന്നുവെങ്കിലും പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ മുറ്റത്തിന്റെ കിഴക്കേമൂലയിൽ വിരിഞ്ഞുനിൽക്കുന്നതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. തന്റെ കൈകൊണ്ടു നട്ട   ചെടി. ഇത്തിരിനേരം അവയ്ക്കരികിൽ സമയം  ചെലവിട്ട് അകത്തേക്കു നടന്നു. ബാഗു മേശമേലിട്ടിട്ടു  ഡ്രസ്സ്മാറുന്നതിനിടയിൽ കേൾക്കാം സ്കൂൾവിട്ടു നേരത്തെ ഓടിപ്പാഞ്ഞെത്തിയ ഏട്ടൻ അമ്മയോട്  ക്ലാസ്സിലെ എന്തോ വിശേഷങ്ങൾ പറയുന്നു. 

അടുക്കളപ്പുറത്തെ വരാന്തയിൽ വച്ചിരിക്കുന്ന വലിയ ചരുവത്തിനിന്ന് മഗ്ഗിൽ വെള്ളമെടുത്ത് കൈയും  മുഖവും കഴുകുമ്പോൾ കുളിരണപോലെ... ചൂടുകാപ്പി ആറ്റിത്തണുപ്പിച്ചുകൊണ്ടുനിൽക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി പറഞ്ഞു ' എനിക്ക് വയ്യാ.. തല വേദനിക്കുന്നു... '    'അമ്മ കാപ്പി ഗ്ലാസ്സിലേക്ക് പകർത്തിയിട്ട്.... നെറ്റിയിൽ കൈവച്ചുനോക്കി  "ചൂടുണ്ടല്ലോ.. " ഓട്ടട ഇലയിൽനിന്നടർത്തി പ്ലെയിറ്റിലിട്ടു തന്ന് 'അമ്മ പറഞ്ഞു  "കഴിക്ക്..  ബാം പുരട്ടിത്തരാം.." ഓട്ടട മുറിച്ച് ഒരുകഷണം വായിലിട്ടുകൊണ്ട്  ചിണുങ്ങി ' വേണ്ടമ്മേ.. വായില്  കയ്പ് .' . 'അമ്മ നിർബന്ധിച്ചു ... "ഈ കാപ്പിയങ്ങോട്ടു കുടിച്ചേ ചൂടോടെ... തലവേദന പമ്പകടക്കും ..."

ഏട്ടൻ പറഞ്ഞു  "ചുമ്മാ നുണ... അടവ് ... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള വേല "
'അമ്മ ബാം എടുത്തുകൊണ്ടുവന്ന് നെറ്റിയിൽ പുരട്ടിത്തരുമ്പോൾ ഒന്നൂടെ മൂക്കുവലിച്ചു ചിണുങ്ങി... ' തലവേദന...' 
"ഇത്തിരിനേരം പോയിക്കിടക്ക്... മാറിക്കൊള്ളും..."  അമ്മയുടെ ആശ്വാസവാക്കുകൾ. 
ബാമിന്റെമണം മൂക്കിലേക്ക് വലിച്ചുകയറ്റി കട്ടിലിൽ ചുരുണ്ടുകൂടി . ഏട്ടൻ മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് ... ഇനി പുരയ്ക്കു ചുറ്റും മൂന്നാലുതവണ  ഒരോട്ടപ്രദക്ഷിണം... ഇടയ്ക്കു സ്പീഡ് കുറയ്ക്കുന്നതും ഗിയറു മാറ്റുന്നതും ഇടക്കുനിന്ന് ആളെക്കയറ്റുന്നതും മുന്നോട്ടെടുക്കലും  സ്പീഡ് കൂട്ടലും ...എല്ലാത്തിനും പ്രത്യേകംപ്രത്യേകം ശബ്ദം കൊടുത്ത് ഏട്ടൻ ഈ ഓട്ടം തുടരും. കളംവരച്ച് ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളിക്കാനാണ് ഏറെ ഇഷ്ടമെങ്കിലും ഏട്ടന്റെ ഈ ഓട്ടപ്പാച്ചിലിൽ  മനഃപൂർവ്വം  അക്കുകളങ്ങൾ ചവിട്ടിക്കളഞ്ഞേ ഏട്ടൻ ഓട്ടംതുടരൂ.... അടി....പിടി... ബഹളം.. ഒക്കെ നടന്നാലും അവസാനം തടസ്സമേതുമില്ലാതെ ഏട്ടന്റെ ബസ്സോട്ടം തുടരും.  നിവൃത്തികേടിനാൽ അക്കുകളി ഉപേക്ഷിച്ച് ഏട്ടന്റെ പുറകെ ബസ്സോട്ടത്തിൽ വെറുതെ കിളിയാവാനാണ് വിധി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏട്ടന്റെ ബ്രേക്കിടീലിൽ കൂട്ടിയിടി പതിവും. 

ജനലിലൂടെ കാണാം തന്റെ പ്രിയപ്പെട്ട നാലുമണിച്ചെടി. അതിൽ നിറയെ പൂക്കൾ!! സുമിയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന ഭംഗി  കണ്ട് ചോദിച്ചുവാങ്ങിയതാണ് തൈ.  "സൂക്ഷം നാലുമണിക്കുമാത്രം വിരിയുന്ന പൂവത്രെ..." അവൾ പറഞ്ഞപ്പോൾ കൗതുകം തോന്നി.  പ്രത്യേക ശ്രദ്ധ കൊടുത്തു നട്ടുവളർത്തി. ആദ്യം പൂവിട്ടുകണ്ടപ്പോൾ എന്തായിരുന്നു സന്തോഷം...  രാവിലെ സ്കൂളിൽപോവുമ്പോൾ കണ്ടിട്ടുണ്ട് മൊട്ടുകൾ ഇങ്ങനെ കൂമ്പിനിൽക്കുന്നത്.  നാലുമണിക്ക് സ്കൂൾവിട്ടുവന്നുകയറുമ്പോൾ കാണാം നിറയെ വിരിഞ്ഞുനിൽക്കുന്ന ഇളംപിങ്കുനിറത്തിലെ മനോഹരമായ മണമില്ലാത്തപൂക്കൾ . നാലുമണിക്ക് ശരിക്കും ശ്രദ്ധിച്ചുനോക്കിനിന്നാൽ ഇവ വിടർന്നുവരുന്നത് കാണാൻ കഴിയുമോ...അതെങ്ങനെ സ്കൂളിൽനിന്ന് വരുമ്പോൾ ഇവയെല്ലാം വിരിഞ്ഞിട്ടുണ്ടാവും . ശനിയും ഞായറും ശ്രദ്ധിക്കണമെന്ന് കരുതിയാലും ആകെക്കിട്ടുന്ന കളികൾക്കിടയിൽ ഓർക്കാറേ  ഇല്ല നാലുമണിപ്പൂക്കൾ  വിരിയുന്ന കാര്യം. 
 ജനലിലൂടെ നേർത്തകാറ്റ് അരിച്ച് അകത്തേക്കു കയറുമ്പോൾ കുളിരുന്നു. തലയിണക്കീഴിൽ മടക്കിവച്ചിരുന്ന പുതപ്പെടുത്ത് തലവഴങ്ങാരം മൂടി. ജനലിനരികിലെത്തിയ ഏട്ടൻ ബ്രേക്ക് പിടിച്ച് വണ്ടീടെ സ്പീഡ് കുറച്ചു ... അകത്തേക്കുനോക്കി    "മടിച്ചി... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള അടവ് ..."
അസ്വസ്ഥതകൾക്കിടയിലും മനസ്സിൽ നേർത്ത ആശ്വാസം .. ' ഹായ് നാളെ സ്കൂളിൽ പോവേണ്ട...'    കണ്ണടച്ചുറങ്ങാനുള്ള ശ്രമം വിഫലമാവുന്നു ... ഏട്ടന്റെ ഓട്ടപ്രദക്ഷിണത്തിന്റെയും  ഹോണടിയുടെയും ബഹളം .. വെളിയിൽ.. 
ആകെ ഒരു മടുപ്പ്...  
  ഇത്തിരികഴിഞ്ഞപ്പോൾ  ജനലിലൂടെകേൾക്കാം അങ്ങുതാഴെ റോഡിൽ ഒരൊച്ചയും .. ബഹളവും....   അസ്വസ്ഥതകൾ മറന്ന് പുതപ്പുവലിച്ചുമാറ്റി കട്ടിലിൽനിന്നു ചാടിയെണീറ്റ് ഉമ്മറത്തേക്കോടി . താഴെ തോട്ടത്തിലൂടെ കുറേപ്പേർ പടിഞ്ഞാറുഭാഗത്തേക്കോടുന്നു . നടയിറങ്ങി ഓടി ഗേറ്റിങ്കൽ ചെല്ലുമ്പോൾ  ആളുകൾ  വിളിച്ചുകൂവുന്നു...... ' അയ്യോ ...  തീ... തീ....' പിന്നെ  ഒന്നുംനോക്കിയില്ല . ഉമ്മറപ്പടിക്കൽ നിന്ന് ഏട്ടൻ നീട്ടിവിളിച്ചതും ശ്രദ്ധിക്കാതെ ആളുകൾക്കു പിറകെ ഓടി... 

ദൂരേന്നേ കാണാൻ കഴിയുന്നൂ മുകളിലേക്കുപടരുന്ന ചുവപ്പ്..... ഓട്ടത്തിനിടയിൽ ആരോ ആരോടോ വിളിച്ചുപറയുന്നുണ്ടായിരുന്നു  "വാസുദേവന്റെ പുരയ്ക്കു തീ കത്തി  ...." ഓടിയണച്ച് ആൾക്കൂട്ടത്തിനൊപ്പം കുത്തുകല്ലിന്റെ പടികളിറങ്ങുമ്പോൾ വല്ലാത്ത അണപ്പ്....  ആരൊക്കെയോ അടുത്തുള്ള തോട്ടിൽനിന്നു ബക്കറ്റിൽ വെള്ളം കോരിഒഴിച്ച്  തീയണയ്ക്കാനുള്ള  ശ്രമം... 
മാനംമുട്ടെ നിൽക്കുന്ന റബർമരത്തിന്റെ ചില്ലകളിലേക്ക് എത്തിപ്പിടിക്കാനായി ശ്രമംനടത്തുന്ന തീജ്വാലകൾ... ഈശ്വരാ..!!! ഏറെദൂരം മാറിനിന്നു കാഴ്ചകാണുമ്പോഴും വല്ലാത്ത ചൂട് അടിക്കുമ്പോലെ.....
നിലവിളി കേട്ട് നോക്കുമ്പോൾ കാണാം വാസുദേവന്റെ ഭാര്യ പൊന്നമ്മ ഇളയകുട്ടിയെ എളിയിൽ വച്ച് മൂത്തകുട്ടി അമ്മയുടെ മുണ്ടിൻതുമ്പിൽ പിടിച്ച്......    ആരോ പറഞ്ഞു ....  "ഭാഗ്യം .... ആർക്കും ആപത്തൊന്നും പറ്റിയില്ല.... വാസുദേവൻ പേട്ടക്കു  പോയിരിക്കുവാ.... എത്തിയിട്ടില്ല.... കഞ്ഞീടടുപ്പീന്നു ഓലേൽ  പടർന്നു കത്തിയതാത്രേ.... "
'"....... എന്റെ  ദൈവങ്ങളേ  .... എല്ലാം എടുത്തോണ്ടുപോയല്ലോ.... ഞങ്ങളിനി എങ്ങോട്ടുപോവും ഈശ്വരന്മാരേ......"പൊന്നമ്മയുടെ നിലവിളി ആളിക്കത്തുന്ന തീനാളങ്ങളുടെ ' ശ്ശ്...ശ്ശ് '  ന്ന ഒച്ചയിൽ അലിഞ്ഞുചേർന്നു. 
   അമ്പരപ്പോടെ തീജ്വാലകളിലേക്ക് നോക്കിനിൽക്കുമ്പോൾ അമ്മയുടെ അടുപ്പക്കാരി മീനാക്ഷിയമ്മ താടിക്കുപിടിച്ചു മുഖത്തേക്കുനോക്കി ആശ്ചര്യം കൂറി...!  "ഈശ്വരാ.... ഈ കുട്ടീടെ മുഖത്തെല്ലാം പൊങ്ങീട്ടൊണ്ടല്ലോ....  "അവർ നെറ്റിമേൽ കൈവച്ചുനോക്കിയിട്ട് .... ഒച്ചവച്ചു .....  "തീപോലെ പൊള്ളണൊണ്ടല്ലോ ..... ഇതു പൊങ്ങൻതന്നെ ..... നീ ഓടിപ്പോരണത് 'അമ്മ കണ്ടില്ലേ...."    
പിന്നൊന്നും നോക്കീല്ല.... ഒറ്റ ഓട്ടമായിരുന്നു... പടവുകൾ കയറിയതറിഞ്ഞതേയില്ല...  അണച്ചു കയറിച്ചെല്ലുമ്പോൾ കിട്ടി അമ്മേടെ കൈയീന്ന് നല്ലചുട്ട ഒരെണ്ണം.... കണ്ണു തിരുമ്മിക്കരഞ്ഞുനിൽക്കുമ്പോൾ ഏട്ടൻ പറഞ്ഞു  "നോക്കമ്മേ.... ഇവളുടെ മേലെല്ലാം ചൊറിഞ്ഞുപൊങ്ങിയെ ..."
  'അമ്മ അടുത്തോട്ടു പിടിച്ചുനിറുതിനോക്കിയിട്ടു പറഞ്ഞു  "ഈശ്വരാ....! ഇതു പൊങ്ങൻപനിയാണെന്ന് തോന്നുന്നു.... ഇതെവിടുന്നു കിട്ടിയോ..."
അടിയുടെ ചൂടുമാറാതെ കട്ടിലിൽക്കിടന്നു കൈയിലേക്ക് നോക്കി... ആകെ ചുവന്നുപൊങ്ങി... 
പുറത്തു മീനാക്ഷിയമ്മേടെ ഒച്ച കേൾക്കുന്നു .... പനിക്കാര്യോം .... പുര കത്തിയ കാര്യങ്ങളുടെയും ചർച്ചയാണെന്നു മനസ്സിലായി... അല്ലെങ്കിലും നാട്ടിൽ എന്ത് വിശേഷങ്ങളുണ്ടായാലും അവയെല്ലാം അമ്മയ്ക്ക്കൈമാറുന്ന ഏകവാർത്താവിനിമയദൂതയാണ് മീനാക്ഷിയമ്മ..  

'അമ്മ പൊടിയരിക്കഞ്ഞി നിർബന്ധിച്ചു കഴിപ്പിക്കുന്നതിനിടയിൽ അച്ഛനോട് വാസുദേവന്റെ പുരകത്തിയ കാര്യം പറഞ്ഞു സങ്കടപ്പെട്ടു.... "പാവം  അവളും പിള്ളാരും ഇനി എങ്ങോട്ടുപോവും... "
' മതിയമ്മേ..... വാ കയിക്കുന്നു... ' വാശിപിടിച്ചപ്പോൾ 'അമ്മ മതിയാക്കി.. 
കട്ടിലിൽ ചുരുണ്ടുകൂടുമ്പോൾ വല്ലാത്ത കുളിര്.... 'അമ്മ മെല്ലെ നെറ്റിമേൽ തടവിത്തന്നു ...... ' ശ്ശ്..... ശ്ശ്.... ന്നുള്ള ഒച്ച.... ആകാശത്തോളം ഉയരുന്ന തീജ്വാലകൾക്ക് ചുവപ്പും ... നീലയും ഇടകലർന്ന നിറം... ഹോ... പൊള്ളുന്നല്ലോ...    ' അമ്മേ.... തീയ് .....' പിറുപിറുക്കുമ്പോൾ 'അമ്മ ശാസിച്ചു 
" തീയൊന്നുമില്ല ... കിടന്നുറങ്ങാൻ നോക്ക്..."
'അമ്മ അച്ഛനോടു പറഞ്ഞു  "വയ്യാന്നു പറഞ്ഞു കട്ടിലിൽക്കിടന്നവൾ എങ്ങനെ അവിടെ പാഞ്ഞുപോയെന്നാരും കണ്ടില്ല..."
അച്ഛൻ അമ്മയോട് സംശയം പങ്കുവച്ചു "ഇനി ഇവൾ അതു കണ്ടു പേടിച്ചതാവുമോ..."
'അമ്മ : "ഏയ് .... അവളു സ്കൂളിൽനിന്നു വരുമ്പോഴേ ചൂടുണ്ടായിരുന്നു .... "ഉടുപ്പു മാറ്റി 'അമ്മ മേല് കാണിച്ചുകൊടുക്കുമ്പോൾ ..  അച്ഛൻ പറഞ്ഞു "ആകെ പൊങ്ങിയിട്ടുണ്ടല്ലോ... ഇതെങ്ങനെകിട്ടി..."

' അച്ഛാ....  ആകാശത്തോളം ഉയരത്തിലാരുന്നു ആ തീ....!!!! ' അച്ഛനോട് അന്നുകണ്ട ആശ്ചര്യം പങ്കുവയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു   "പാവം വാസുദേവൻ...!!! " 
അച്ഛനും  അമ്മയും  വാസുദേവനെയും 
കുടുംബത്തെയുംപറ്റി പറയുമ്പോൾ വീണ്ടും ചിണുങ്ങി....'  അമ്മേ... വയ്യാ....'  അച്ഛൻ നെറ്റിമേൽ തടവി ആശ്വസിപ്പിച്ചു... "ഉറങ്ങിക്കോ...." അസ്വസ്ഥതകളാൽ അറിയാതെ വീഴുന്ന ഞരക്കങ്ങൾക്കിടയിൽ കേട്ടു അമ്മയുടെ ശബ്ദം ....  "നല്ലോണം പൊങ്ങിയിട്ടുണ്ട് ... അഞ്ചു ദിവസം പിടിക്കും..."
 പനിച്ചൂടിന്റെയും അസ്വസ്ഥകളുടെയും ഇടയിലും മനസ്സിലൊരു  ആശ്വാസം.....' . ഈശ്വരാ.... കോളടിച്ചു... ഒരാഴ്ച ഇങ്ങനെ പനിച്ചുവിറച്ച് ... ഈ കട്ടിലിൽ.... മൂടിപ്പുതച്ച് .... എന്തൊരു സുഖം... രാവിലെ എഴുന്നേൽക്കണ്ടാ... പഠിക്കണ്ടാ.... സ്കൂളിൽ പോവണ്ടാ.... ആരും വഴക്കുപറയില്ല... കൊറേ ദിവസം ഇങ്ങനെ.... ഇങ്ങനെ......'
പാവം ഏട്ടൻ നാളെ രാവിലെ എണീറ്റ് കഷ്ടപ്പെട്ട് പഠിച്ചു സ്കൂളിൽ പോവാൻ ഒരുങ്ങുമ്പോൾ ഞാനിങ്ങനെ സുഖായി മൂടിപ്പുതച്ചു പുതപ്പിനടിയിൽ.... സുമിയും സുധയും കഷ്ടപ്പെട്ട് പദ്യം മുഴുവൻ കാണാപ്പാഠം പഠിച്ചിട്ടുണ്ടാവുമോ..? കണക്കുമാഷിന്റെ ഹോംവർക് ചെയ്തിട്ടുണ്ടാവുമോ..? 
ഹോ.... എന്തൊരാശ്വാസം.... പുതപ്പു തലവഴങ്ങാരം മൂടിപ്പുതയ്ക്കുമ്പോൾ അച്ഛൻ പുതപ്പുമാറ്റി പറഞ്ഞു " തല മൂടിയാൽ ശ്വാസം മുട്ടില്ലേ.. വേഗം ഉറങ്ങിക്കോ... രാവിലെ ഉണരുമ്പോൾ പനി പമ്പകടക്കും ...."
....' ങേ  നാളെ പനി മാറുമോ... ' ആശ്വാസം ആശങ്കയായി.... നാളെ സ്കൂളിൽ പോവേണ്ടി വരുമോ...
'നാളത്തെ ഹോം വർക്ക് ചെയ്തില്ലല്ലോ ....  അമ്മെ...' 
 അച്ഛൻ:  "ഈ അസുഖോംകൊണ്ട് നീ നാളെ എങ്ങനെ സ്കൂളിൽ പോവും "
കൈയിലെ ചുവന്ന തടിപ്പുകൾ കാട്ടി അച്ഛനോടു ചോദിച്ചു 'ഇതൊക്കെ എപ്പോ പോവും അച്ഛാ ....' 
അച്ഛൻ : " മൂന്നാലു ദിവസം കഴിയുമ്പോൾ അതൊക്കെ താനേ പൊയ്ക്കൊള്ളും "
നാളത്തെ കാര്യത്തിൽ ഒരു ഉറപ്പു കിട്ടിയ ആശ്വാസത്തോടെ  പനിച്ചൂടിന്റെ അസ്വസ്ഥതകളാൽ  കുളിരുന്ന ദേഹത്തോടെ മൂടിപ്പുതച്ചുറങ്ങാൻ ശ്രമിക്കുമ്പോൾ കാതുകളിൽ  '...ശ്ശ് ....ശ്ശ്..' ന്ന് തീ ആളിപ്പടരണ ശബ്ദം.. കണ്ണുകളിൽ ചൊവപ്പും.... നീലയും കലർന്ന ആ തീനാളങ്ങൾ .....  അറിയാതെ ഉള്ളിൽനിന്നുതിർന്നുവീഴുന്ന ഞരക്കങ്ങൾക്കിടയിലും അറിയുന്നു ശിരസ്സിൽ  അച്ഛന്റെ കരസ്പർശത്തിൽ നേർത്ത തണുപ്പ് ..... നേരിയ ആശ്വാസം....

കൈകൾ രണ്ടും പിണച്ച് കാല്മുട്ടുകൾക്കിടയിലേക്ക് വച്ച് ചുരുണ്ടുകൂടി. നെറ്റിമേൽ നേർത്ത കുളിർമ്മ പടർന്ന സുഖത്തിൽ  മെല്ലെ പാതിതുറന്ന കണ്ണാൽ കണ്ടു ..... 'അമ്മ നനച്ച നേർത്ത തിരശ്ശീല നെറ്റിമേൽ   വച്ചുതരുകയായിരുന്നു അകത്തേ പൊള്ളണ ചൂടൊന്നു ശമിക്കാനായി.... ഹായ്.... നല്ല ആശ്വാസം....വീണ്ടും കണ്ണുകൾ താനേ അടഞ്ഞുപോകുന്നു .... അറിയാതെ.... അറിയാതെ.... മനസ്സ് താനേ മന്ത്രിച്ചു ....' ഹായ്.... നല്ല സുഖം ... നാളെ സ്കൂളിൽ പോവേ വേണ്ടാ ....   നാളെ ഉറപ്പായും സൂക്ഷം നാലുമണിക്കു നോക്കിയിരിക്കണം കൂമ്പിനിൽക്കുന്ന ആ മൊട്ടുകളത്രയും നാലുമണിക്കു വിരിഞ്ഞുവരുന്നതു കാണാൻ. തന്റെ പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ .................
--------------------------------------------------------------------------------------
ഗീതാ ഓമനക്കുട്ടൻ