നാലുമണിപ്പൂക്കൾ.
~~~~~~~~~~~~~~~
നാലുമണിബെൽ മുഴങ്ങിയതും ബാഗെടുത്ത് ക്ലാസിനു വെളിയിലിറങ്ങിയതും ഒരേ സമയത്തായിരുന്നു. മുന്നേ ഓടിപ്പോവുന്ന സുമിക്കും സുധയ്ക്കുമൊപ്പമെത്താൻ കഴിയുന്നില്ല. തലവേദനിക്കുന്നു. ആകെയൊരസ്വസ്ഥത... എങ്കിലും കഷ്ടപ്പെട്ട് അവർക്കു പുറകെ ഓടി. വീടെത്തിയപ്പോൾ വല്ലാതെ തല വേദനിക്കുന്നുവെങ്കിലും പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ മുറ്റത്തിന്റെ കിഴക്കേമൂലയിൽ വിരിഞ്ഞുനിൽക്കുന്നതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. തന്റെ കൈകൊണ്ടു നട്ട ചെടി. ഇത്തിരിനേരം അവയ്ക്കരികിൽ സമയം ചെലവിട്ട് അകത്തേക്കു നടന്നു. ബാഗു മേശമേലിട്ടിട്ടു ഡ്രസ്സ്മാറുന്നതിനിടയിൽ കേൾക്കാം സ്കൂൾവിട്ടു നേരത്തെ ഓടിപ്പാഞ്ഞെത്തിയ ഏട്ടൻ അമ്മയോട് ക്ലാസ്സിലെ എന്തോ വിശേഷങ്ങൾ പറയുന്നു.
അടുക്കളപ്പുറത്തെ വരാന്തയിൽ വച്ചിരിക്കുന്ന വലിയ ചരുവത്തിനിന്ന് മഗ്ഗിൽ വെള്ളമെടുത്ത് കൈയും മുഖവും കഴുകുമ്പോൾ കുളിരണപോലെ... ചൂടുകാപ്പി ആറ്റിത്തണുപ്പിച്ചുകൊണ്ടുനിൽക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി പറഞ്ഞു ' എനിക്ക് വയ്യാ.. തല വേദനിക്കുന്നു... ' 'അമ്മ കാപ്പി ഗ്ലാസ്സിലേക്ക് പകർത്തിയിട്ട്.... നെറ്റിയിൽ കൈവച്ചുനോക്കി "ചൂടുണ്ടല്ലോ.. " ഓട്ടട ഇലയിൽനിന്നടർത്തി പ്ലെയിറ്റിലിട്ടു തന്ന് 'അമ്മ പറഞ്ഞു "കഴിക്ക്.. ബാം പുരട്ടിത്തരാം.." ഓട്ടട മുറിച്ച് ഒരുകഷണം വായിലിട്ടുകൊണ്ട് ചിണുങ്ങി ' വേണ്ടമ്മേ.. വായില് കയ്പ് .' . 'അമ്മ നിർബന്ധിച്ചു ... "ഈ കാപ്പിയങ്ങോട്ടു കുടിച്ചേ ചൂടോടെ... തലവേദന പമ്പകടക്കും ..."
ഏട്ടൻ പറഞ്ഞു "ചുമ്മാ നുണ... അടവ് ... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള വേല "
'അമ്മ ബാം എടുത്തുകൊണ്ടുവന്ന് നെറ്റിയിൽ പുരട്ടിത്തരുമ്പോൾ ഒന്നൂടെ മൂക്കുവലിച്ചു ചിണുങ്ങി... ' തലവേദന...'
"ഇത്തിരിനേരം പോയിക്കിടക്ക്... മാറിക്കൊള്ളും..." അമ്മയുടെ ആശ്വാസവാക്കുകൾ.
ബാമിന്റെമണം മൂക്കിലേക്ക് വലിച്ചുകയറ്റി കട്ടിലിൽ ചുരുണ്ടുകൂടി . ഏട്ടൻ മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് ... ഇനി പുരയ്ക്കു ചുറ്റും മൂന്നാലുതവണ ഒരോട്ടപ്രദക്ഷിണം... ഇടയ്ക്കു സ്പീഡ് കുറയ്ക്കുന്നതും ഗിയറു മാറ്റുന്നതും ഇടക്കുനിന്ന് ആളെക്കയറ്റുന്നതും മുന്നോട്ടെടുക്കലും സ്പീഡ് കൂട്ടലും ...എല്ലാത്തിനും പ്രത്യേകംപ്രത്യേകം ശബ്ദം കൊടുത്ത് ഏട്ടൻ ഈ ഓട്ടം തുടരും. കളംവരച്ച് ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളിക്കാനാണ് ഏറെ ഇഷ്ടമെങ്കിലും ഏട്ടന്റെ ഈ ഓട്ടപ്പാച്ചിലിൽ മനഃപൂർവ്വം അക്കുകളങ്ങൾ ചവിട്ടിക്കളഞ്ഞേ ഏട്ടൻ ഓട്ടംതുടരൂ.... അടി....പിടി... ബഹളം.. ഒക്കെ നടന്നാലും അവസാനം തടസ്സമേതുമില്ലാതെ ഏട്ടന്റെ ബസ്സോട്ടം തുടരും. നിവൃത്തികേടിനാൽ അക്കുകളി ഉപേക്ഷിച്ച് ഏട്ടന്റെ പുറകെ ബസ്സോട്ടത്തിൽ വെറുതെ കിളിയാവാനാണ് വിധി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏട്ടന്റെ ബ്രേക്കിടീലിൽ കൂട്ടിയിടി പതിവും.
ജനലിലൂടെ കാണാം തന്റെ പ്രിയപ്പെട്ട നാലുമണിച്ചെടി. അതിൽ നിറയെ പൂക്കൾ!! സുമിയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന ഭംഗി കണ്ട് ചോദിച്ചുവാങ്ങിയതാണ് തൈ. "സൂക്ഷം നാലുമണിക്കുമാത്രം വിരിയുന്ന പൂവത്രെ..." അവൾ പറഞ്ഞപ്പോൾ കൗതുകം തോന്നി. പ്രത്യേക ശ്രദ്ധ കൊടുത്തു നട്ടുവളർത്തി. ആദ്യം പൂവിട്ടുകണ്ടപ്പോൾ എന്തായിരുന്നു സന്തോഷം... രാവിലെ സ്കൂളിൽപോവുമ്പോൾ കണ്ടിട്ടുണ്ട് മൊട്ടുകൾ ഇങ്ങനെ കൂമ്പിനിൽക്കുന്നത്. നാലുമണിക്ക് സ്കൂൾവിട്ടുവന്നുകയറുമ്പോൾ കാണാം നിറയെ വിരിഞ്ഞുനിൽക്കുന്ന ഇളംപിങ്കുനിറത്തിലെ മനോഹരമായ മണമില്ലാത്തപൂക്കൾ . നാലുമണിക്ക് ശരിക്കും ശ്രദ്ധിച്ചുനോക്കിനിന്നാൽ ഇവ വിടർന്നുവരുന്നത് കാണാൻ കഴിയുമോ...അതെങ്ങനെ സ്കൂളിൽനിന്ന് വരുമ്പോൾ ഇവയെല്ലാം വിരിഞ്ഞിട്ടുണ്ടാവും . ശനിയും ഞായറും ശ്രദ്ധിക്കണമെന്ന് കരുതിയാലും ആകെക്കിട്ടുന്ന കളികൾക്കിടയിൽ ഓർക്കാറേ ഇല്ല നാലുമണിപ്പൂക്കൾ വിരിയുന്ന കാര്യം.
ജനലിലൂടെ നേർത്തകാറ്റ് അരിച്ച് അകത്തേക്കു കയറുമ്പോൾ കുളിരുന്നു. തലയിണക്കീഴിൽ മടക്കിവച്ചിരുന്ന പുതപ്പെടുത്ത് തലവഴങ്ങാരം മൂടി. ജനലിനരികിലെത്തിയ ഏട്ടൻ ബ്രേക്ക് പിടിച്ച് വണ്ടീടെ സ്പീഡ് കുറച്ചു ... അകത്തേക്കുനോക്കി "മടിച്ചി... നാളെ സ്കൂളിൽ പോവാതിരിക്കാനുള്ള അടവ് ..."
അസ്വസ്ഥതകൾക്കിടയിലും മനസ്സിൽ നേർത്ത ആശ്വാസം .. ' ഹായ് നാളെ സ്കൂളിൽ പോവേണ്ട...' കണ്ണടച്ചുറങ്ങാനുള്ള ശ്രമം വിഫലമാവുന്നു ... ഏട്ടന്റെ ഓട്ടപ്രദക്ഷിണത്തിന്റെയും ഹോണടിയുടെയും ബഹളം .. വെളിയിൽ..
ആകെ ഒരു മടുപ്പ്...
ഇത്തിരികഴിഞ്ഞപ്പോൾ ജനലിലൂടെകേൾക്കാം അങ്ങുതാഴെ റോഡിൽ ഒരൊച്ചയും .. ബഹളവും.... അസ്വസ്ഥതകൾ മറന്ന് പുതപ്പുവലിച്ചുമാറ്റി കട്ടിലിൽനിന്നു ചാടിയെണീറ്റ് ഉമ്മറത്തേക്കോടി . താഴെ തോട്ടത്തിലൂടെ കുറേപ്പേർ പടിഞ്ഞാറുഭാഗത്തേക്കോടുന്നു . നടയിറങ്ങി ഓടി ഗേറ്റിങ്കൽ ചെല്ലുമ്പോൾ ആളുകൾ വിളിച്ചുകൂവുന്നു...... ' അയ്യോ ... തീ... തീ....' പിന്നെ ഒന്നുംനോക്കിയില്ല . ഉമ്മറപ്പടിക്കൽ നിന്ന് ഏട്ടൻ നീട്ടിവിളിച്ചതും ശ്രദ്ധിക്കാതെ ആളുകൾക്കു പിറകെ ഓടി...
ദൂരേന്നേ കാണാൻ കഴിയുന്നൂ മുകളിലേക്കുപടരുന്ന ചുവപ്പ്..... ഓട്ടത്തിനിടയിൽ ആരോ ആരോടോ വിളിച്ചുപറയുന്നുണ്ടായിരുന്നു "വാസുദേവന്റെ പുരയ്ക്കു തീ കത്തി ...." ഓടിയണച്ച് ആൾക്കൂട്ടത്തിനൊപ്പം കുത്തുകല്ലിന്റെ പടികളിറങ്ങുമ്പോൾ വല്ലാത്ത അണപ്പ്.... ആരൊക്കെയോ അടുത്തുള്ള തോട്ടിൽനിന്നു ബക്കറ്റിൽ വെള്ളം കോരിഒഴിച്ച് തീയണയ്ക്കാനുള്ള ശ്രമം...
മാനംമുട്ടെ നിൽക്കുന്ന റബർമരത്തിന്റെ ചില്ലകളിലേക്ക് എത്തിപ്പിടിക്കാനായി ശ്രമംനടത്തുന്ന തീജ്വാലകൾ... ഈശ്വരാ..!!! ഏറെദൂരം മാറിനിന്നു കാഴ്ചകാണുമ്പോഴും വല്ലാത്ത ചൂട് അടിക്കുമ്പോലെ.....
നിലവിളി കേട്ട് നോക്കുമ്പോൾ കാണാം വാസുദേവന്റെ ഭാര്യ പൊന്നമ്മ ഇളയകുട്ടിയെ എളിയിൽ വച്ച് മൂത്തകുട്ടി അമ്മയുടെ മുണ്ടിൻതുമ്പിൽ പിടിച്ച്...... ആരോ പറഞ്ഞു .... "ഭാഗ്യം .... ആർക്കും ആപത്തൊന്നും പറ്റിയില്ല.... വാസുദേവൻ പേട്ടക്കു പോയിരിക്കുവാ.... എത്തിയിട്ടില്ല.... കഞ്ഞീടടുപ്പീന്നു ഓലേൽ പടർന്നു കത്തിയതാത്രേ.... "
'"....... എന്റെ ദൈവങ്ങളേ .... എല്ലാം എടുത്തോണ്ടുപോയല്ലോ.... ഞങ്ങളിനി എങ്ങോട്ടുപോവും ഈശ്വരന്മാരേ......"പൊന്നമ്മയുടെ നിലവിളി ആളിക്കത്തുന്ന തീനാളങ്ങളുടെ ' ശ്ശ്...ശ്ശ് ' ന്ന ഒച്ചയിൽ അലിഞ്ഞുചേർന്നു.
അമ്പരപ്പോടെ തീജ്വാലകളിലേക്ക് നോക്കിനിൽക്കുമ്പോൾ അമ്മയുടെ അടുപ്പക്കാരി മീനാക്ഷിയമ്മ താടിക്കുപിടിച്ചു മുഖത്തേക്കുനോക്കി ആശ്ചര്യം കൂറി...! "ഈശ്വരാ.... ഈ കുട്ടീടെ മുഖത്തെല്ലാം പൊങ്ങീട്ടൊണ്ടല്ലോ.... "അവർ നെറ്റിമേൽ കൈവച്ചുനോക്കിയിട്ട് .... ഒച്ചവച്ചു ..... "തീപോലെ പൊള്ളണൊണ്ടല്ലോ ..... ഇതു പൊങ്ങൻതന്നെ ..... നീ ഓടിപ്പോരണത് 'അമ്മ കണ്ടില്ലേ...."
പിന്നൊന്നും നോക്കീല്ല.... ഒറ്റ ഓട്ടമായിരുന്നു... പടവുകൾ കയറിയതറിഞ്ഞതേയില്ല... അണച്ചു കയറിച്ചെല്ലുമ്പോൾ കിട്ടി അമ്മേടെ കൈയീന്ന് നല്ലചുട്ട ഒരെണ്ണം.... കണ്ണു തിരുമ്മിക്കരഞ്ഞുനിൽക്കുമ്പോൾ ഏട്ടൻ പറഞ്ഞു "നോക്കമ്മേ.... ഇവളുടെ മേലെല്ലാം ചൊറിഞ്ഞുപൊങ്ങിയെ ..."
'അമ്മ അടുത്തോട്ടു പിടിച്ചുനിറുതിനോക്കിയിട്ടു പറഞ്ഞു "ഈശ്വരാ....! ഇതു പൊങ്ങൻപനിയാണെന്ന് തോന്നുന്നു.... ഇതെവിടുന്നു കിട്ടിയോ..."
അടിയുടെ ചൂടുമാറാതെ കട്ടിലിൽക്കിടന്നു കൈയിലേക്ക് നോക്കി... ആകെ ചുവന്നുപൊങ്ങി...
പുറത്തു മീനാക്ഷിയമ്മേടെ ഒച്ച കേൾക്കുന്നു .... പനിക്കാര്യോം .... പുര കത്തിയ കാര്യങ്ങളുടെയും ചർച്ചയാണെന്നു മനസ്സിലായി... അല്ലെങ്കിലും നാട്ടിൽ എന്ത് വിശേഷങ്ങളുണ്ടായാലും അവയെല്ലാം അമ്മയ്ക്ക്കൈമാറുന്ന ഏകവാർത്താവിനിമയദൂതയാണ് മീനാക്ഷിയമ്മ..
'അമ്മ പൊടിയരിക്കഞ്ഞി നിർബന്ധിച്ചു കഴിപ്പിക്കുന്നതിനിടയിൽ അച്ഛനോട് വാസുദേവന്റെ പുരകത്തിയ കാര്യം പറഞ്ഞു സങ്കടപ്പെട്ടു.... "പാവം അവളും പിള്ളാരും ഇനി എങ്ങോട്ടുപോവും... "
' മതിയമ്മേ..... വാ കയിക്കുന്നു... ' വാശിപിടിച്ചപ്പോൾ 'അമ്മ മതിയാക്കി..
കട്ടിലിൽ ചുരുണ്ടുകൂടുമ്പോൾ വല്ലാത്ത കുളിര്.... 'അമ്മ മെല്ലെ നെറ്റിമേൽ തടവിത്തന്നു ...... ' ശ്ശ്..... ശ്ശ്.... ന്നുള്ള ഒച്ച.... ആകാശത്തോളം ഉയരുന്ന തീജ്വാലകൾക്ക് ചുവപ്പും ... നീലയും ഇടകലർന്ന നിറം... ഹോ... പൊള്ളുന്നല്ലോ... ' അമ്മേ.... തീയ് .....' പിറുപിറുക്കുമ്പോൾ 'അമ്മ ശാസിച്ചു
" തീയൊന്നുമില്ല ... കിടന്നുറങ്ങാൻ നോക്ക്..."
'അമ്മ അച്ഛനോടു പറഞ്ഞു "വയ്യാന്നു പറഞ്ഞു കട്ടിലിൽക്കിടന്നവൾ എങ്ങനെ അവിടെ പാഞ്ഞുപോയെന്നാരും കണ്ടില്ല..."
അച്ഛൻ അമ്മയോട് സംശയം പങ്കുവച്ചു "ഇനി ഇവൾ അതു കണ്ടു പേടിച്ചതാവുമോ..."
'അമ്മ : "ഏയ് .... അവളു സ്കൂളിൽനിന്നു വരുമ്പോഴേ ചൂടുണ്ടായിരുന്നു .... "ഉടുപ്പു മാറ്റി 'അമ്മ മേല് കാണിച്ചുകൊടുക്കുമ്പോൾ .. അച്ഛൻ പറഞ്ഞു "ആകെ പൊങ്ങിയിട്ടുണ്ടല്ലോ... ഇതെങ്ങനെകിട്ടി..."
' അച്ഛാ.... ആകാശത്തോളം ഉയരത്തിലാരുന്നു ആ തീ....!!!! ' അച്ഛനോട് അന്നുകണ്ട ആശ്ചര്യം പങ്കുവയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു "പാവം വാസുദേവൻ...!!! "
അച്ഛനും അമ്മയും വാസുദേവനെയും
കുടുംബത്തെയുംപറ്റി പറയുമ്പോൾ വീണ്ടും ചിണുങ്ങി....' അമ്മേ... വയ്യാ....' അച്ഛൻ നെറ്റിമേൽ തടവി ആശ്വസിപ്പിച്ചു... "ഉറങ്ങിക്കോ...." അസ്വസ്ഥതകളാൽ അറിയാതെ വീഴുന്ന ഞരക്കങ്ങൾക്കിടയിൽ കേട്ടു അമ്മയുടെ ശബ്ദം .... "നല്ലോണം പൊങ്ങിയിട്ടുണ്ട് ... അഞ്ചു ദിവസം പിടിക്കും..."
പനിച്ചൂടിന്റെയും അസ്വസ്ഥകളുടെയും ഇടയിലും മനസ്സിലൊരു ആശ്വാസം.....' . ഈശ്വരാ.... കോളടിച്ചു... ഒരാഴ്ച ഇങ്ങനെ പനിച്ചുവിറച്ച് ... ഈ കട്ടിലിൽ.... മൂടിപ്പുതച്ച് .... എന്തൊരു സുഖം... രാവിലെ എഴുന്നേൽക്കണ്ടാ... പഠിക്കണ്ടാ.... സ്കൂളിൽ പോവണ്ടാ.... ആരും വഴക്കുപറയില്ല... കൊറേ ദിവസം ഇങ്ങനെ.... ഇങ്ങനെ......'
പാവം ഏട്ടൻ നാളെ രാവിലെ എണീറ്റ് കഷ്ടപ്പെട്ട് പഠിച്ചു സ്കൂളിൽ പോവാൻ ഒരുങ്ങുമ്പോൾ ഞാനിങ്ങനെ സുഖായി മൂടിപ്പുതച്ചു പുതപ്പിനടിയിൽ.... സുമിയും സുധയും കഷ്ടപ്പെട്ട് പദ്യം മുഴുവൻ കാണാപ്പാഠം പഠിച്ചിട്ടുണ്ടാവുമോ..? കണക്കുമാഷിന്റെ ഹോംവർക് ചെയ്തിട്ടുണ്ടാവുമോ..?
ഹോ.... എന്തൊരാശ്വാസം.... പുതപ്പു തലവഴങ്ങാരം മൂടിപ്പുതയ്ക്കുമ്പോൾ അച്ഛൻ പുതപ്പുമാറ്റി പറഞ്ഞു " തല മൂടിയാൽ ശ്വാസം മുട്ടില്ലേ.. വേഗം ഉറങ്ങിക്കോ... രാവിലെ ഉണരുമ്പോൾ പനി പമ്പകടക്കും ...."
....' ങേ നാളെ പനി മാറുമോ... ' ആശ്വാസം ആശങ്കയായി.... നാളെ സ്കൂളിൽ പോവേണ്ടി വരുമോ...
'നാളത്തെ ഹോം വർക്ക് ചെയ്തില്ലല്ലോ .... അമ്മെ...'
അച്ഛൻ: "ഈ അസുഖോംകൊണ്ട് നീ നാളെ എങ്ങനെ സ്കൂളിൽ പോവും "
കൈയിലെ ചുവന്ന തടിപ്പുകൾ കാട്ടി അച്ഛനോടു ചോദിച്ചു 'ഇതൊക്കെ എപ്പോ പോവും അച്ഛാ ....'
അച്ഛൻ : " മൂന്നാലു ദിവസം കഴിയുമ്പോൾ അതൊക്കെ താനേ പൊയ്ക്കൊള്ളും "
നാളത്തെ കാര്യത്തിൽ ഒരു ഉറപ്പു കിട്ടിയ ആശ്വാസത്തോടെ പനിച്ചൂടിന്റെ അസ്വസ്ഥതകളാൽ കുളിരുന്ന ദേഹത്തോടെ മൂടിപ്പുതച്ചുറങ്ങാൻ ശ്രമിക്കുമ്പോൾ കാതുകളിൽ '...ശ്ശ് ....ശ്ശ്..' ന്ന് തീ ആളിപ്പടരണ ശബ്ദം.. കണ്ണുകളിൽ ചൊവപ്പും.... നീലയും കലർന്ന ആ തീനാളങ്ങൾ ..... അറിയാതെ ഉള്ളിൽനിന്നുതിർന്നുവീഴുന്ന ഞരക്കങ്ങൾക്കിടയിലും അറിയുന്നു ശിരസ്സിൽ അച്ഛന്റെ കരസ്പർശത്തിൽ നേർത്ത തണുപ്പ് ..... നേരിയ ആശ്വാസം....
കൈകൾ രണ്ടും പിണച്ച് കാല്മുട്ടുകൾക്കിടയിലേക്ക് വച്ച് ചുരുണ്ടുകൂടി. നെറ്റിമേൽ നേർത്ത കുളിർമ്മ പടർന്ന സുഖത്തിൽ മെല്ലെ പാതിതുറന്ന കണ്ണാൽ കണ്ടു ..... 'അമ്മ നനച്ച നേർത്ത തിരശ്ശീല നെറ്റിമേൽ വച്ചുതരുകയായിരുന്നു അകത്തേ പൊള്ളണ ചൂടൊന്നു ശമിക്കാനായി.... ഹായ്.... നല്ല ആശ്വാസം....വീണ്ടും കണ്ണുകൾ താനേ അടഞ്ഞുപോകുന്നു .... അറിയാതെ.... അറിയാതെ.... മനസ്സ് താനേ മന്ത്രിച്ചു ....' ഹായ്.... നല്ല സുഖം ... നാളെ സ്കൂളിൽ പോവേ വേണ്ടാ .... നാളെ ഉറപ്പായും സൂക്ഷം നാലുമണിക്കു നോക്കിയിരിക്കണം കൂമ്പിനിൽക്കുന്ന ആ മൊട്ടുകളത്രയും നാലുമണിക്കു വിരിഞ്ഞുവരുന്നതു കാണാൻ. തന്റെ പ്രിയപ്പെട്ട നാലുമണിപ്പൂക്കൾ .................
--------------------------------------------------------------------------------------
ഗീതാ ഓമനക്കുട്ടൻ
oru kuttiyaya mathiyayirunnu, onnum orkkathe pani pidichu kidakkamallo
ReplyDeletegood writing
ഹായ് .....ഷാജിത ....ഇഷ്ടം ട്ടോ
Deleteനല്ല രസമോടെ വായിച്ചു.. നാലുമണി പൂവ്. ഇഷ്ട്ടായി .ചെറിയ കുട്ടിയാവാൻ മോഹിച്ചു .ഒരിക്കലും തിരികെ ലഭിക്കാത്ത ബാല്യത്തെ ഓർമ്മകളുടെ വർണ ഉടുപ്പുകൾ ഇടുവിച് വെറുതെ നോക്കിയിരുന്നു മനോഹരം ചേച്ചി ഈ എഴുത്ത്.
ReplyDeleteകലക്കുട്ടീ ..അങ്ങനല്ലേ ....ചിലപ്പോള്‍ നമ്മള്‍ അങ്ങനങ്ങ് ആഗ്രഹിച്ചുപോകും ല്ലേ . ഇഷ്ടം ട്ടോ
Deleteഞാൻ പനി പിടിച്ച് കിടക്കാൻ മോഹിച്ചിട്ടുണ്ട്. കണക്ക് സാറിനും ഇംഗ്ലീഷ് സാറിനും മുട്ടൻ പനി പിടിച്ച് പണ്ടാറടങ്ങണേന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.പോകുന്ന വഴിയിലെ കപ്പേളപ്പള്ളിയിൽ മെഴുകുതിരി കത്തിച്ചിട്ടുണ്ട്. പക്ഷേ, ദൈവം കൊച്ചുങ്ങളുടെ പ്രാർത്ഥന കേൾക്കില്ലാന്ന് പതുക്കെ പതുക്കെ എനിക്ക് മനസ്സിലായി. കണക്കിന് പൂജ്യത്തിൽ നിന്നും ഒന്നു കരകയറ്റാൻ മൂപ്പിലാൻ തയ്യാറായില്ല. പിന്നെ ഞാനും മൂപ്പിലാനെ വിട്ടു.
ReplyDeleteപഴയ സ്കൂൾ കാലം ഓർമ്മ വന്നു.
അതെ ..അശോക്ഭായ്
Deleteകൊച്ചുങ്ങളുടെ പ്രാര്‍ത്ഥന ഒന്നും ദൈവം ചെവിക്കൊണ്ടില്ല അക്കാലങ്ങളില്‍ ...... വായനയില്‍ സന്തോഷം ....സ്നേഹം .
ബ്ലോഗ് അഡ്രസ്സിൽ കമന്റാൻ പറ്റുന്നില്ല. കാരണം നിങ്ങളുടെ കമന്റ് സെറ്റിംഗ്സ് ഗൂഗിളിൽ മാത്രമാണ് കമൻറാവൂന്നത് എന്നാ കിടക്കണെ.അത് ആർക്കും കമന്റാമെന്ന രീതിയിൽ ആക്കിയാൽ അതായത് all എന്നാക്കിയാൽ യാഹുവിൽ ബ്ലോഗ് അഡ്രസ്സുള്ള എനിക്കും കമന്റാം.
ReplyDeleteസെറ്റിംഗ്സ് ഒന്നും അറിയില്ല അശോക് ഭായ് . മോനോട് പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.
Deleteമടിയും കുസൃതിയും കുട്ടികളുടെ കൂടപ്പിറപ്പുകളാണ്..സ്‌കൂളിലേക്ക് പോകാതെ പുതച്ചുമൂടിക്കിടക്കുന്ന നേരം അസുഖമായാലും നല്ല സുഖമാണ്..
ReplyDeleteശരിയാണ് മാഷേ .. വായനയിൽ ഏറെ സന്തോഷം
Deleteസ്കൂൾ കാലത്തേക്ക് ഒരു തിരിഞ്ഞോട്ടം നടത്തിപ്പോന്നു!
ReplyDeleteഅതെയോ ... ഒത്തിരി സന്തോഷം അരീക്കോടൻ മാഷേ
Deleteവളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും ബ്ലോഗ് വായിക്കുന്നത്.
ReplyDeleteനന്നായി എഴുതി
ഏറെ സന്തോഷം പ്രദീപ് സർ
Deleteപനി ഓർമ്മകൾ മനോഹരം.. എല്ലാവർക്കും കാണും ഇത്തരം കുട്ടിക്കാലത്തെ പനി ഓർമ്മകൾ.. ആശംസകൾ
ReplyDeleteഏറെ സന്തോഷം സർ
Deleteനല്ല കുഞ്ഞുകഥ.
ReplyDeleteഇഷ്ട്മായി.
വായിക്കാൻ വൈകി ചേച്ചീ
സുധീ. . . വൈകി വായന ല്ലേ. സുധി വന്നാലേ ബ്ലോഗുകൾക്കൊക്കെ ഒരു ജീവൻ വരൂ
Deleteഞാൻ ബ്ലോഗുകളിൽ മാത്രമായി ഒതുങ്ങി ചേച്ചീ.പൂർണ്ണഗാർഹസ്ഥ്യം.ഞാൻ ഫോളോ ചെയ്തിരിക്കുന്ന ലൈവ് ആയ എല്ലാ ബ്ലോഗുകളിലും പോകുന്നുണ്ട്.
Deleteഎവിടെ ഗീതേച്ചീ.??? ,
ReplyDeleteഇവിടെയുണ്ട് സുധീ
Deleteഗൃഹാതുരത്വത്തിന്റെ നാലുമണിപ്പൂക്കൾ എന്നും വിടരുന്നു...:-)
ReplyDeleteവായനയിൽ ഒത്തിരി സന്തോഷം മഹേഷ്
Deleteഓർമ്മകൾ കഥയായി വിരിയുന്നു ...
ReplyDeleteകുട്ടികളുെടെ മാനസികാവസ്ഥ നന്നായി ചിത്രീകരിച്ചു. ഒരു സംശയം േചേദിക്കട്ടെ, ഈ നാലുമണിപ്പുക്കൾ മറ്റ് രാജ്യങ്ങളിലും നാല് മണിക്കാവുമോ വിരിയുക.
ReplyDeleteHaa haa haa.
Deleteഅതെ ഉദയപ്രഭൻ ചേട്ടാ. അതാത് രാജ്യത്തെ നാലുമണിക്കാവും എന്നേയുള്ളൂ. ലോക്കൽ ടൈം.😔
Deleteപത്തു മണി പൂക്കളും ഉണ്ടല്ലോ...പത്തു മണിക്ക് വിരിഞ്ഞിട്ട് അധിക നേരം നിൽക്കാതെ വാടി പോകുന്നവ. കുട്ടിക്കാല ഓർമ്മകളിലേക്ക് കൊണ്ടു പോയി ചേച്ചി
ReplyDeleteമാരാർക്ക് 10 ഹും.
Delete4 മണിടെ കട്ടനും മിച്ചറും കഴിക്കുമ്പോ ആണോ..10 മണിടെ
ഇഡ്‌ലിം സാമ്പാറും...
10 മണിക്കൂട്ടം എന്റെ തെങ്ങിൻ തടം മൂടി പൂത്ത് നിന്നിരുന്നത് ഓർമ്മ വന്നു.
അത്രയും നിഷ്കളങ്കമായ ഓർമ്മകളുടെ നാലുമണിപ്പൂക്കൾ. കൗതുകം കവിഞ്ഞു നിൽക്കുന്ന കാഴ്ചകൾ.അതീവ സാധാരണം എന്ന് തോന്നുന്ന ഓർമ്മകൾ പോലും അക്ഷരങ്ങളിലൂടെ കോറിയിടുമ്പോൾ എന്തൊരു ഭംഗി ❤️❤️❤️
ReplyDeleteഗീതച്ചേച്ചി.
ReplyDeleteനാലുമണിപ്പൂക്കൾ ഇഷ്ടം. റബർ മരങ്ങളിലേക്ക് എത്തിപിടിക്കാൻ നോക്കുന്ന തീ നാളങ്ങൾ അവയുടെ ശ് ശ്.., ഇനി ഞങ്ങൾ എങ്ങോട്ട് പോകും നുള്ള നിലവിളി..ചേട്ടന്റെ ബസ്സ്,,
ഒക്കെ ചിത്രമാകുന്നുണ്ട്.
പനിസുഖം തന്ന വായനക്ക് സലാം.
പനിക്കിടക്കയിൽ കിടന്നോണ്ട് വായിക്കുന്ന ഫീലിൽ വായിച്ചു. പഴയ വായനയിലും ഇതേ ഫീൽ ആയിരുന്നു.
ReplyDeleteതിരക്കുകളൊക്കെ കഴിച്ചുകൂട്ടി വേഗം vaa ചേച്ചീ.
ഇത് കഥയായിട്ടല്ല ഞാൻ കണ്ടത്. ഒരു ചിത്രമായിട്ടാണ് ചേച്ചി. പനിക്കുട്ടിയായി കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ നോക്കുമ്പോൾ കണ്ടു ആ റബർ മരങ്ങൾക്കപ്പുറത്ത് ആകാശം മുട്ടെയുയരുന്ന തീ നാമ്പുകൾ... ക്യാൻവാസിൽ ഞാനവയ്ക്ക് ഓറഞ്ച് നിറം കൊടുക്കും... ജനലഴിക്കിപ്പുറം ഭീതി പൂണ്ട് മിഴിഞ്ഞ നീല കുഞ്ഞിക്കണ്ണുകളിൽ തീനാളങ്ങളുടെ മഞ്ഞ പ്രതിബിംബങ്ങളും.. ഇപ്പുറം നാലുമണിപ്പൂക്കളുടെ ഇളം പിങ്ക് നിറവും... ❤️❤️
ReplyDeleteനമ്മിൽ പലരും വായിച്ച last 1eaf എന്ന ചെറുകഥയിൽ നിരാശയും പ്രതീക്ഷയും ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വായിച്ചെടുക്കാം. പലപ്പോഴും വലുതാവുമ്പോൾ കൈമോശം വരുന്ന ചിലതിലൊന്ന് ഈ പ്രതീക്ഷയായിരിക്കും. നാളെ എഴുന്നേറ്റിട്ട് വേണം എന്ന് മനസ്സിൽ കരുതി വെച്ച് ഉറങ്ങാൻ കിടന്നിട്ടുള്ള രാത്രികൾ ഓർമ്മ വരുന്നു, നാലു മണി പൂക്കൾ വായിച്ചപ്പോൾ.
ReplyDeleteഎന്നെ പനിച്ചൂടുള്ള ഓർമ്മകളിംലക്ക് കൊണ്ടുപോകാൻ നാലു മണി മണിപ്പൂക്കൾക്കായി.
സന്തോഷം, നന്ദി എഴുത്തുകാരീ..
സ്വന്തം ബാല്യത്തിലേക്ക് എല്ലാരേം കൊണ്ടെത്തിക്കണ പോസ്റ്റാ ഇത്. അച്ഛന്റേം അമ്മേടേം തലോടലും ആശ്വസിപ്പിക്കലും അറിഞ്ഞോണ്ട് കിടക്കാൻ എന്ത് സുഖാലെ???? പൊങ്ങൻ പനി പറഞ്ഞാൽ ചിക്കൻപോക്സ് അല്ലെ???? എനിക്കത് ഇതുവരേം വന്നിട്ടില്ല്യ.
ReplyDeleteപറയാൻ വിട്ടു നല്ല പോസ്റ്റാ ട്ടൊ. എനിക്ക് വല്ല്യ ഇഷ്ടായി.
DeleteThis comment has been removed by the author.
Deleteപൊങ്ങൻ പനി വരാത്തത് ന് ഇത്രേം സങ്കടം എന്തിനാ ഉമേയ്..
Deleteതോറ്റു
യ്യോ സങ്കടോന്നും ഇല്ല പേടിയെ ഉള്ളൂ വരല്ലേ ന്നേ ഉള്ളൂ
Deleteപൊങ്ങൻ പനി വന്നാലെന്ത്... സ്കൂളിൽ പോകാതെ കഴിഞ്ഞല്ലോ... അന്നത്തെ വിദ്യാലയ ജീവിതത്തിലെ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും മോഹം ഹോം വർക്ക് ചെയ്യാതിരിക്കുക, പെരുക്കപ്പട്ടിക പഠിക്കാതിരിക്കുക എന്നിങ്ങനെയൊക്കെ ആയിരുന്നു...
ReplyDeleteസ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാട്ടോ... പന്ത്രണ്ടിന്റെ പെരുക്കപ്പട്ടിക നാളെ പഠിച്ചുകൊണ്ടു വരണം, ഇല്ലെങ്കിൽ ചൂരൽക്കഷായം കിട്ടുംഎന്ന് കണക്ക് ടീച്ചർ പറഞ്ഞ ദിവസം എന്തു സന്തോഷമായിരുന്നുവെന്നോ എനിക്ക്... കാരണമെന്തന്നല്ലേ... പിറ്റേ ദിവസം ഞാൻ വേറെ സ്കൂളിലേക്ക് മാറാൻ പോകുകയായിരുന്നു... അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്... ഫലമോ, ഇന്നുമെനിക്ക് പന്ത്രണ്ടിന്റെ പെരുക്കപ്പട്ടിക അറിയില്ല...
നാലുമണി പൂക്കളുടെ, തീപിടുത്തത്തിന്റെ, ചിക്കൻ പോക്സിന്റെ (പൊങ്ങൻ എന്താണെന്നറിയില്ല), കളികളുടെ... അങ്ങനെ കുറെയേറെ കുട്ടിക്കാല ഓർമകളിലേക്ക് കൈപിടിച്ചു നടത്തി ഈ കഥ.
ReplyDeleteചേട്ടന്റെ ആ ബസ് വളരെയധികം ഇഷ്ടമായി . നിലത്തൂടെ .നീണ്ടു പടരുന്ന ഒരു വള്ളിച്ചെടിയായിരുന്നു ഞങ്ങളുടെ ബസ്. ആ വള്ളിച്ചെടി പറിച്ചെടുത്തു വള്ളിമാത്രം ആക്കി രണ്ടറ്റവും കൂട്ടിക്കെട്ടി അതിനുള്ളിൽ കയറി അത് അരയൊപ്പത്തിൽ പിടിച്ചു കൊണ്ട് എല്ലാവരും വരിവരിയായി ഒരു പോക്കുണ്ട് . ഡ്രൈവറുടെ പരാക്രമങ്ങൾക്കനുസരിച്ചു ബസ് ആടിയുലയുകയും യാത്രക്കാർ കൂട്ടിയിടിക്കുകയും ഒക്കെ ചെയ്യും .... എന്തൊരു അര്മാദമായിരുന്നു അന്നൊക്കെ ... ഹോ...!!! 😁😁😁😁
സുധിയുടെ അഭിപ്രായം തന്നെ. പനിക്കിടക്കയിലെ വിചാരങ്ങളെ അതേ പൊള്ളലോടെ പകർത്തി വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. പുര കത്തിയ സംഭവത്തിന്റെ തീച്ചൂട് പനിയുടെ ചൂടുമായി കലർത്തിയത് ഒരു ബ്രില്യൻസ് തന്നെ. കണ്ണിൽ ആളിപ്പടരുന്ന തീ പനിക്കിടക്കയിലെ കുഞ്ഞു മനസ്സിലും ...
ReplyDeleteനല്ല കഥ. കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ട് പോയി. നാലുമണി പൂവും, പനിയും, തീപിടുത്തവും അസുഖവും എല്ലാം അനുഭവിച്ച ഒരു ഫീൽ ആയിരുന്നു. ഞാനും ലീവെടുത്തിട്ടുണ്ട് ചിക്കൻ പോക്സ് വന്നിട്ട്.
ReplyDeleteഎനിക്ക് നല്ല ഇഷ്ടായിട്ടോ പോസ്റ്റ്.
സ്കൂളീ പോക്ക്, നാലുമണിപ്പൂവ്, പനി, മടി, പേടി... എല്ലാവർക്കും അവനവനെ വായിച്ചെടുക്കാൻ പറ്റുന്ന എഴുത്ത്! ഈ നാലുമണിപ്പൂവ് കൃത്യം നാലുമണിക്കാണോ വിരിയാന്ന് എന്റേം സംശയം ആയിരുന്നു. ഇപ്പഴും അറിയില്ല! നന്ദി, ഈ ഓർമപ്പൂവിന്!
ReplyDeleteഅതേ .. കിറുകൃത്യം അല്ലെങ്കിലും സമയം പാലിക്കും
Deleteകുട്ടിക്കാലം രസകരം..കമന്റ് പണ്ടെ ഇട്ടിട്ടുണ്ട്.
ReplyDeleteഎഴുത്ത് ഇഷ്ടായീട്ടോ! ആശംസകൾ
ReplyDeleteഎത്ര മനോഹരമാണ് ഈ നിമിഷങ്ങൾ...
ReplyDeleteപണ്ട് ഒരുപാട് തവണ ഇതുപോലെ നമ്മൾ ആഗ്രഹിച്ചിരുന്നു.. സ്കൂളിൽ പോകത്തിരിക്കാൻ... കഥയല്ല, അനുഭവമാണ്..ഗൃഹാതുരത്വമാണ്...
കഥയെന്ന നിലയിൽ ഇതിനു കൂടുതൽ ഒന്നും പറയാനില്ല... ആളിക്കത്തിയ തീയിൽ ഒന്നുമുണ്ടായില്ല.. എങ്കിലും അവതരണവും ചെറിയ ആശയവും എനക്ക് ഇഷ്ടപ്പെട്ടു..
മുൻപേ വായിച്ചു കമന്റിയതാണ്. എങ്കിലും പോസ്റ്റ് ഓഫ് ദി ഡേ ആയി വന്നപ്പോൾ ഒന്നുകൂടി വായിച്ചു :-)
ReplyDeleteനല്ല എഴുത്ത്, കുട്ടിക്കാലത്തേക്ക് പിടിച്ചു കൊണ്ടുപോയി ചിന്തകളെ. കുട്ടിക്കാലത്ത് എല്ലാവരും ഇങ്ങിനെയൊക്കെ തന്നെയായിരുന്നു. ആങ്ങളയും, പെങ്ങളും രസകരമായ സൗഹൃദമാണ്. കളിച്ചും,ചിരിച്ചും, ഇണങ്ങിയും, പിണങ്ങിയും അങ്ങിനെ, അങ്ങിനെ..........
ReplyDeleteമുമ്പ് വായിച്ചതാണെങ്കിലും വീണ്ടും വായിച്ചു. സ്കൂളിലേക്ക് എന്നെ കൊട്ടയിൽ കൊണ്ടുപോകാൻ ഒരു കുഞ്ഞൻ കാക്ക ഉണ്ടായിരുന്നു.!
ReplyDeleteകുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തിയ, വളരെ നല്ല കഥയും എഴുത്തും. എന്റെ ആശംസകൾ...
ReplyDeleteമുമ്പ് വായിച്ചതാണ്.. ഒന്ന്കൂടി വായിച്ചു.. എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.. ഇഷ്ടം. ആശംസകൾ
ReplyDeleteനല്ല കഥ.. ഏട്ടന്റെ വണ്ടിയോടിക്കലൊക്കെ വായിച്ചപ്പോൾ ഉണ്ണിക്കുട്ടന്റെ ലോകം വായിക്കുന്ന ഫീൽ കിട്ടി.. ചിക്കൻ പോക്സ് ന് പൊങ്ങൻ പനി എന്ന് പേരുണ്ടല്ലേ.. നല്ല മലയാളിത്തമുള്ള പേര്.സൂക്ഷം എന്നാൽ എന്താണ്? സൂക്ഷ്മം ആയിരിക്കുമോ... കൃത്യം ആ സമയത്ത് എന്ന അർത്ഥത്തിൽ?
ReplyDeleteനാലു മണി പൂക്കൾ നാലു മണിയ്ക്ക് തന്നെ വിരിയുമോ. ബസ് കളിയൊക്കെ ഓർമ്മ വന്നു.
ReplyDelete