Thursday, 15 November 2018

'ശവാസനം '

പ്രിയ ബ്ലോഗ് ....എഫ് ബീ .... കൂട്ടുകാർക്ക്... 
' യോഗാ ഒരു ശീലമാക്കാം ' എന്ന എന്റെ ഒരു കഥ 'ശവാസനം '  എന്ന പേരിൽ
' മലയാളംന്യൂസിൽ ' കഴിഞ്ഞ ഞായറാഴ്ച പബ്ലിഷ് ചെയ്തു വന്നതാണ്.  

ശവാസനം

~~~~~

'യോഗ ഒരു ശീലമാക്കൂ. അത് ജീവിതം തന്നെ മാറ്റിമറിക്കും..' 
പിന്നെ ഒന്നും നോക്കിയില്ല. നേരെ യോഗാ ക്ലാസിലേക്ക്...  മൂന്നാലു ദിവസം പിന്നിട്ടപ്പോൾ ഒറ്റക്കുള്ള യോഗാ ക്ലാസ് ബോറായിത്തോന്നിയതോടെ അതവസാനിപ്പിച്ചു. 
എങ്കിലും ഡോക്ടറുടെ വാക്കുകൾ: വ്യായാമം ആരോഗ്യത്തിന് അത്യന്താപേക്ഷിതം.
ഇത് ഇടക്കിടെ മനസ്സിനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. മനസ്സിലൊരു ഐഡിയ തോന്നി. ചെറുപ്പത്തിൽ പകുതിവെച്ച് നിന്നുപോയ നൃത്തം ആയാലോ.. ശിക്ഷണത്തിനു പുറത്തെങ്ങും പോവേണ്ടതും ഇല്ല. നൃത്താധ്യപികയായ ബന്ധുവിനോട് ആഗ്രഹം അറിയിച്ചപ്പോൾ സമപ്രായക്കാരായ കുറച്ചു പേരെക്കൂടി സംഘടിപ്പിച്ചു വരൂ എന്ന ഉപദേശം നൽകി. സുഹൃത്തുക്കളെ സമീപിച്ചപ്പോൾ താൽപര്യമുള്ളവർക്കോ സമയമില്ല.... സമയമുള്ളവർക്കാകട്ടെ ആകെ ഒരു ജാള്യത... 
- ഈ പ്രായത്തിലോ.. നാട്ടുകാർ എന്തു പറയും? അങ്ങനെ അതും മുടങ്ങി. എങ്കിലും മനസ്സ് മടുത്തില്ല. മനസ്സിന് ആനന്ദവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളിലൂടെയുള്ള വ്യായാമം ചെയ്താലാണ് യഥാർഥ ഫലം കിട്ടുക എന്നു തോന്നി. പണ്ട് ചെറിയ ക്ലാസിൽ നൃത്തം പഠിപ്പിച്ച രവി മാഷിനേയും തിരുവാതിര പഠിപ്പിച്ച ഓമന ആശാത്തിയെയും  മനസാ സ്മരിച്ചുകൊണ്ട് അടച്ചിട്ട മുറിയിൽ പഴയ ആ ചുവടുകളൊക്കെ ഓർത്തെടുത്ത് പ്രാക്ടീസ് തുടങ്ങി. ഇടക്ക് നൃത്താധ്യാപികയായ ബന്ധുവിനെ കണ്ടപ്പോൾ ഈ സന്തോഷവും പങ്കുവെക്കാൻ മറന്നില്ല. സുസ്മേരവദനയായി വിശേഷങ്ങൾ പറഞ്ഞുനിന്ന ടീച്ചറുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം. ടീച്ചറുടെ വാക്കുകൾ: 'തനിയെ പ്രാക്ടീസ് ചെയ്യുകയോ... ശിവ, ശിവ... ഒരു ഗുരുവിന്റെ അനുഗ്രഹവും ശിക്ഷണവും ഇല്ലാതെ തനിയെ ഒരിക്കലും ഇതൊന്നും അഭ്യസിക്കാൻ പാടുള്ളതല്ല.
അതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. 
അപ്പോഴേക്കും നാട്ടിലെ പരോൾ കഴിഞ്ഞ് വീണ്ടും തിരികെ. പ്രവാസ ജീവിതത്തിലെ പകൽ നേരങ്ങളിലെ ഏകാന്തതയെ കൊല്ലാൻ ഗൂഗിളിലും യൂട്യൂബിലേക്കും തിരിഞ്ഞു. പിന്നെ എയ്റോബിക്സിലേക്ക് ഒരു എടുത്തുചാട്ടം എന്നു വേണമെങ്കിൽ പറയാം.   
സുമാ റിയോ എന്ന മദാമ്മയുടെ അനുഗ്രഹവും മനസാ വാങ്ങി അവരുടെ വ്യായാമത്തിനൊപ്പം തുടങ്ങി. 
നല്ല താളം... വേഗം തന്നെ കുറെ ചുവടുകൾ പഠിച്ചെടുത്തു. ക്ലാസിക്കൽ ഡാൻസ് എന്ന മോഹം തൽക്കാലം ഉപേക്ഷിച്ച്   എയ്റോബിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുപോലെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും പറ്റിയ ഇടം പ്രവാസജീവിതം എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. അങ്ങനെ വിരസമായ പകലുകളെ എയ്റോബിക്സ് എക്സർസൈസ് കൊണ്ട് ജീവനുള്ളവയാക്കി. 
ആരംഭശൂരത്വം എന്നു പറഞ്ഞു പരിഹസിച്ച കൂട്ടാളി സ്ഥിരം പ്രകടനം കണ്ട് മെല്ലെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അങ്ങനെ പോകവേ കുറച്ചകലെ താമസമുള്ള മറ്റൊരു പ്രവാസി സുഹൃത്ത് കുറേക്കാലങ്ങൾക്കു ശേഷം ഫോണിൽ വിളിച്ച് പരസ്പരമുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ തന്റെ കൺട്രോളിലൊതുങ്ങാതെ പോകുന്ന ശരീരഭാരത്തെപ്പറ്റി സങ്കടം പറഞ്ഞു. ഇഷ്ടംപോലെ വീട്ടുജോലികൾ ചെയ്യുന്ന നല്ല അടക്കവും ഒതുക്കവുമുള്ള കുലീനയായ വീട്ടമ്മയാണീ സുഹൃത്ത്. വളരെ ഓർത്തഡോക്സ് മൈൻഡുള്ള ഒരു വ്യക്തി. സുഹൃത്തിനോട് മടിച്ചു മടിച്ചാണെങ്കിലും ഇത്തിരി ശങ്കയോടെ ഇന്നുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ എയ്റോബിക്സ് രഹസ്യം പങ്കുവെച്ചു. സുഹൃത്ത് എങ്ങനെ ഇതിനെ ഉൾക്കൊള്ളും എന്ന ആകാംക്ഷയോടെ. സുഹൃത്തിന്റെ തിരിച്ചുള്ള മറുപടി കേട്ട് അക്ഷരാർഥത്തിൽ കുറേ നേരത്തേക്ക് ശബ്ദം നിലച്ചുപോയി. തിരിച്ചു ശബ്ദം കേൾക്കാഞ്ഞതാവാം.
ഹലോ, കേൾക്കുന്നില്ലേ, കട്ടായോ...
എന്നു ചോദിക്കുമ്പോൾ പരിസരബോധം വീണ്ടെടുത്ത്  ഹലോ എന്നു തിരികെപ്പറഞ്ഞു. സുഹൃത്ത് ബിപാഷാ ബസുവിന്റെ എക്സർസൈസ് ആണത്രേ ചെയ്യുന്നത്. ഈയിടെയായി ഇത്തിരി തിരക്കേറിയതിനാൽ ഇതു മുടങ്ങിപ്പോയതാണ് ശരീരഭാരം കൂടാൻ കാരണം. ബോളിവുഡ് ഒന്നും അത്ര പിടിയില്ലാത്ത ഈയുള്ളവൾ  അന്തംവിട്ടതിൽ അതിശയിക്കാനുണ്ടോ... എന്നാലും ബിപാഷാ ബസു എന്ന ആ പേര്, അതിൽ എന്തോ.... ഒരു ഇത് ഇല്ലേ?  അതെന്താണാവോ....? എങ്കിലും സുഹൃത്തിനോട് മറുത്തൊന്നും ചോദിച്ചില്ല. നെറ്റിൽ ബിപാഷാ ബസു എന്നടിച്ചാൽ മതിയെന്ന ഉപദേശം നൽകി സുഹൃത്ത് ഫോൺ കട്ട് ചെയ്തു .
സുഹൃത്തിന്റെ ഉപദേശം കേട്ട് എത്ര നേരം ചിന്താധീനയായി ഇരുന്നു പോയതെന്നോർമയില്ല. 
ബിപാഷാ ബസു... മനസ്സിൽ ചെറിയൊരു കല്ലുകടി തോന്നിയ  ആ പേര് ചുമ്മാ ഗൂഗിളിൽ ടൈപ്പ് ചെയ്തു. ഓ... മൈ ഗോഡ്.. അവർ അഭിനയിച്ച സൂപ്പർഹിറ്റ് പടങ്ങളിലെ ചില ഫോട്ടോസ്. നെഞ്ചിടിപ്പ് കൂടി വരുന്നതറിഞ്ഞ് വേഗം തന്നെ അതിൽനിന്ന്  ക്വിറ്റ് ചെയ്തു.
ഒരാഴ്ചക്ക് ശേഷം ഈ സുഹൃത്ത് വീണ്ടും വിളിച്ചപ്പോൾ ബിപാഷാ ബസുക്കാര്യം പറഞ്ഞു. സെർച്ച് ചെയ്തപ്പോൾ ഫോട്ടോസ് ഒക്കെ ആകെ ഹോട്ട് എന്നു പറഞ്ഞപ്പോൾ സുഹൃത്ത് കുറേ നേരം ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ് എന്നടിക്കൂ...'
ആളിത്ര മോഡേണാണെന്നു കരുതിയില്ലല്ലോ എന്നു പറഞ്ഞപ്പോൾ സുഹൃത്ത് വീണ്ടും ചിരിച്ചു. 
എയ്റോബിക്സ് വിട്ട് ഇതൊന്നു ശ്രമിച്ചു നോക്കൂ
എന്ന ഉപദേശം നൽകി ഫോൺ കട്ട് ചെയ്തു.
വീണ്ടും ഗൂഗിളിൽ 'ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ്  'എന്നു ടൈപ്പ് ചെയ്തു. നല്ല കിടിലൻ വർക്ക് ഔട്ട്.  അപ്പോഴേക്കും എയ്റോബിക്സിൽ ബഹുദൂരം പിന്നിട്ടിരുന്നു. എന്തോ, സുമാ റിയോ എന്ന മദാമ്മയുടെ എയ്റോബിക്സിൽ നിന്നും ബിപാഷാ ബസുവിലേക്ക്..' ചാടാൻ താൽപര്യം തോന്നിയതുമില്ല. എയ്റോബിക്സ് തന്നെ തുടർന്നു. 
ഇതിനകം പ്രവാസ ജീവിതത്തിനിടയിലെ പരോളിൽ നാട്ടിലേക്ക്. നാട്ടിലെ ചുറ്റുപാടുകൾ എയ്റോബിക്സിനു പറ്റിയതല്ല എന്നും, പ്രായം ഏറുന്നതിനനുസരിച്ച് ഇത്തിരി ഒതുങ്ങുന്നത് നന്ന് എന്നും ഉള്ള തിരിച്ചറിവ് മനസ്സിൽ തോന്നിത്തുടങ്ങി. എങ്കിലും ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് ആവശ്യം തന്നെ. 
ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചു കഴിഞ്ഞ നമ്മുടെ ഭാരതത്തിലെ സന്യാസി വര്യന്മാർ വരുംതലമുറയുടെ ശാരീരിക മാനസിക ശാന്തിക്കു വേണ്ടി നൽകിയ മഹാപൈതൃകമായ യോഗാസനത്തിലേക്കു വീണ്ടും ചുവടുമാറ്റി. ഇപ്പോൾ പവനമുക്താസനം, വജ്രാസനം,  ഭുജംഗാസനം എല്ലാം ശീലിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് (മിക്കവാറും യോഗ ശീലിക്കുന്ന ഏവർക്കും പ്രിയപ്പെട്ടതാകുന്ന) ശവാസനം എന്ന എക്സർസൈസ് ആകുന്നു. 
'റിലാക്സേഷൻ അറ്റ് എനി ഇന്റർവെൽ ഈഫ് നെസസറി' എന്നാണ് യോഗാ ഗുരു ഉപദേശിച്ചത്. അതിനാൽ കൂടുതൽ സമയവും ശവാസനത്തിനായി നീക്കി വെക്കും. 
ഗുരുവിന്റെ വാക്കുകളിലേക്ക്: ശവാസനം എന്നാൽ നേരെ നിവർന്നു കിടക്കുക. എല്ലാവരും അവരവരുടെ പായകളിൽ അപ്പോൾ നിവർന്നു കിടക്കും. യോഗാ ഗുരു പറയുന്നു:
നമ്മുടെ ശരീരത്തിലെ ഓരോ മാംസപേശിയും പൂർണമായും അയച്ചിടുക. ശ്വാസത്തിൽ യാതൊരു നിയന്ത്രണവും വേണ്ട. അതു സ്വാഭാവികമായി നടന്നുകൊള്ളും. കൈകൾ അയച്ചിടൂ. ശിരസ്സ്, കഴുത്ത്, ഉടൽ, കാൽവണ്ണകൾ, റിലാക്സ്.. റിലാക്സ്.. ഏവരും നിശ്ശബ്ദരായി.. ഗുരു പറയുന്നതുപോലെ... അനുസരണയോടെ.
ഗുരുവിന്റെ ശബ്ദം: മനസ്സിലെ സർവചിന്തകളും ഉപേക്ഷിക്കുക. റിലാക്സ്.. റിലാക്സ്.. റിലാക്സ്.. ഗുരുവിന്റെ ശബ്ദം നേർത്തുനേർത്തില്ലാതാകുമ്പോൾ ചിന്തകൾ കാടു കയറുന്നു.  
ദൈവമേ... സൈലന്റ് മോഡിൽ വെച്ചിരിക്കുന്ന മൊബൈലിൽ ഇപ്പോൾ എത്ര കാൾ വന്നിട്ടുണ്ടാകും.... പാൽക്കാരൻ ഈ സമയത്തെങ്ങാനും വന്നു പോയിട്ടുണ്ടാകുമോ.... ഇന്നെന്തു കറിവയ്ക്കും.... ഫോൺ എടുക്കാതെ വരുമ്പോൾ 'അമ്മ വീണ്ടും വീണ്ടും ഫോണിൽ ബെല്ലടിച്ചിട്ടുണ്ടാവില്ലേ...'         
ഒരു ചെറിയ സംശയം.
ആർക്കെങ്കിലും എപ്പോഴെങ്കിലും ഇങ്ങനെ തലയ്ക്കകത്തു നിന്ന് സർവ ചിന്തകളും വെടിഞ്ഞ് ശൂന്യമാക്കി ഒരു പതിനഞ്ചു മിനിറ്റ് കിടക്കാൻ സാധിക്കുന്നുണ്ടാവുമോ...  എങ്കിൽ അവർ ഭാഗ്യവാൻമാർ... ഈ ചുറ്റും കിടക്കുന്നവരുടെ ഒക്കെ തലക്കുള്ളിൽ ഇപ്പോൾ ശൂന്യമോ....' 
ചിന്തകൾ കാടുകയറി തല ചൂടുപിടിച്ചു തറയിൽ ഇങ്ങനെ കിടക്കുമ്പോൾ ചെവിയിൽ 'ശ്....ശ്..' എന്നൊരു ശബ്ദം.   അതു മറ്റൊന്നുമല്ല, എല്ലാവരും കൈവെള്ളകൾ രണ്ടും കൂട്ടിത്തിരുമ്മുന്ന ശബ്ദം. വേഗം അവർക്കൊപ്പം കൈവെള്ളകൾ രണ്ടും അമർത്തി കൂട്ടിത്തിരുമ്മും. അങ്ങനെ കൈവെള്ള ചൂടാക്കി കണ്ണിൽ വെച്ച് ചൂടു പകർന്ന് കണ്ണുകൾ മെല്ലെ തുറക്കും. പിന്നെ വേഗം എല്ലാവരും എഴുന്നേൽക്കുന്നു. അവരവരുടെ പായകൾ ചുരുട്ടി ഹാളിന്റെ മൂലയിൽ കൊണ്ടുവെച്ച് വേഗം യോഗാ ക്ലാസ് തീർത്ത് വീട്ടിലേക്കു മടക്കം. 
വേഗം നടത്തത്തിനിടയിൽ ഫോൺ ഓണാക്കി അർജന്റ് കാൾ വന്നതു നോക്കും. വേറാരുടേയുമല്ല അമ്മയുടെ കാൾ ഉണ്ടാവും. തിരിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിന്റെ പരിഭവം പറച്ചിൽ. യോഗാ ക്ലാസ്  എന്നോർമിപ്പിക്കുമ്പോൾ 'ഓ ഞാനതങ്ങു മറന്നു'എന്ന സ്ഥിരം മറുപടി. 

യോഗാസനം സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവർക്കും അനുഷ്ഠിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് ശീലിച്ചു കഴിഞ്ഞാൽ നിത്യവും യോഗ ചെയ്യേണ്ടതാണ് ആരോഗ്യത്തിന് ഉത്തമം. 


Friday, 9 November 2018

ബ്ലോഗുലകം വീണ്ടും......


 രമേഷ് അരൂർ സാറിന്റെ ഈ ശ്രമത്തിനു നന്ദി പറയുന്നു. ബ്ലോഗേഴ്സ് സുഹൃത്തുക്കളായ ഏവരെയും വീണ്ടും എഴുത്തിന്റെ കൂട്ടായ്മയിലേക്ക് ഒരുമിച്ചു കൊണ്ടുവരാൻ അങ്ങനെ  ബ്ലോഗുലകം വീണ്ടും സജീവമാക്കാൻ സാർ നടത്തിയ ഈ ഉദ്യമം ഏറെ അഭിനന്ദനാർഹം. 

വലിയൊരു മഴപെയ്തുതോർന്ന അവസ്ഥ ... തൽക്കാലത്തേക്കെങ്കിലും..
മീഡിയകളും മറ്റും മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധതിരിഞ്ഞു.  എങ്കിലും ആധി തന്നെ ... ഇനിയുള്ള ദിവസങ്ങൾ എങ്ങനെ...? വിഷയം ശബരിമല തന്നെ...
പക്ഷെ അതിനുമുന്പിൽ വലിയൊരു സംഭവം ഉണ്ടായത് എല്ലാവരും മറന്നോ..? മഹാപ്രളയം..!! മലയാളികളായ നാമൊരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത ആ പ്രളയം..!!  പ്രളയത്തിന്റെ തീവ്രത അധികം അറിഞ്ഞില്ല എങ്കിലും അറിഞ്ഞ കണ്ട ചില കാര്യങ്ങൾ പ്രിയ ബ്ലോഗ് സുഹൃത്തുക്കൾക്കായി പങ്കുവക്കുന്നു.

നിമിത്തങ്ങൾ 
------------
അങ്ങിങ്ങായി ചിതറിക്കിടക്കുന്നവയൊക്കെ ഒന്നൊതുക്കിപ്പെറുക്കിവയ്ക്കുക .  അത്രയുമേ വേണ്ടൂ... 
തിരികെപ്പോരുംമുൻപ് പിന്നാമ്പുറത്തേക്ക് നടന്നപ്പോൾ ഇച്ചേയി പിറകിൽനിന്നു വിളിച്ചു 
വിലക്കിയിട്ടും തങ്ങൾ രണ്ടുപേരും ചേർന്ന് അങ്ങോട്ടു നടന്നു. അതിൽ നിറയെ പച്ചപ്പ് കിളിർത്തുനിൽക്കുന്നു ... കാണാൻ നല്ല ഭംഗി .  തിരിഞ്ഞുനടക്കുമ്പോൾ വെറുതെ സങ്കല്പിച്ചു ....അവിടെ നിറയെ തുളസിയും റോസാപ്പൂക്കളും ഇടകലർന്നുനിൽക്കുന്നത്. 

പടിയടച്ചിറങ്ങുമ്പോൾ  എന്തോ മറന്നതുപോലെ..... എന്താവും....? അറിയില്ല.    ... മഴ മെല്ലെ തുടങ്ങിയിരുന്നു.  വീട്ടിൽ വന്നപ്പോഴാകട്ടെ പനിച്ചൂടിൽ വിറച്ചു മോൻ കിടക്കുന്നു.അടുത്ത ദിവസവും വീട്ടിലേക്കു  പോകാനിരുന്ന പ്ലാൻ മാറ്റി .  അവനെ ഹോസ്പിറ്റലിൽ കാണിച്ച് തിരികെ വരുമ്പോൾ മഴ കനത്തിരുന്നു. 

മരുന്നു കഴിച്ച് മോൻ കിടന്നൊന്നു മയങ്ങി. നെറ്റിയിൽ കൈവച്ചുനോക്കി. ചൂടിന് ചെറിയൊരു ശമനം വന്നിരിക്കുന്നു. ഫോൺ ബെല്ലടിച്ചു. ... സ്മിതയാണ് ...എപ്പോഴുമെന്നപോലെ ഓടിയണച്ചെത്തുന്ന രീതിയിലുള്ള അവളുടെ ശബ്ദം ..." ഹലോ  ആന്റി ... നമ്മുടെ സാറിന്റെ വീട്ടിൽ വെള്ളം കയറിയിട്ടുണ്ടാവുമോ.." അവളുടെ ആകാംക്ഷകലർന്ന ചോദ്യത്തെ തമാശയാക്കി അവഗണിച്ചു . അവൾ വീണ്ടും പറഞ്ഞു " ടീവീ 
വച്ചുനോക്കൂ ആന്റി.. അവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ".   വാട്സ് ആപ്പിൽ ഇടയ്ക്കിടെ വരുന്ന മെസ്സേജ് നോക്കി അവൾ പലപ്പോഴും പറയാറുള്ള ഓറഞ്ച് അലെർട്ടിനെയും , റെഡ് അലെർട്ടിനെയും ഒരിക്കലും ഗൗനിച്ചിരുന്നില്ല. വേഗം ടീവി ഓണാക്കി.... ന്യൂസ് ചാനലിടുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്  ....ആലുവ വെള്ളത്തിൽ ....   വേഗം ഷെബിയെ വിളിച്ചു.
"വെള്ളം കയറാൻ തുടങ്ങി ..... സാധനങ്ങൾ  കുറെയൊക്കെ മുകളിലെ നിലയിലേക്കു    മാറ്റി....ഞങ്ങൾ മറ്റൊരിടത്തേക്ക് മാറുന്നു..... " വല്ലാത്തൊരു പരിഭ്രമം ആ വാക്കുകളിൽ നിഴലിച്ചിരുന്നു. 

പുലർച്ചെ ഇച്ചേയിയുടെ ഫോൺ വന്നു " റോഡിൽ വെള്ളം കയറിത്തുടങ്ങി ....  മരുമകൾ ബിന്ദു ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞ് അങ്ങോട്ടുവരും..."  ബിന്ദു വൈകുന്നേരമെത്തിയതോടെ വീട്ടിലേക്കുള്ള റോഡ് മുഴുവൻ മുങ്ങി എന്നറിഞ്ഞു .  
 
രാത്രിയിൽ  മഴയുടെ ശക്തിയാർജിച്ചിരുന്നു. വല്ലാത്തൊരു ഇരപ്പോടെ പുറത്തുനിന്ന് മഴയുടെ ശബ്ദം അകത്തേക്കടിച്ചുകയറുമ്പോൾ മനസ്സിൽ വല്ലാത്തൊരസ്വസ്ഥത... അന്നും ഇതുപോലത്തെ മഴയായിരുന്നു..! ഒരിക്കലും കാണാത്ത പ്രകൃതത്തോടെ കോരിച്ചൊരിയുന്ന മഴയും.. തണുപ്പും..   ഇതൊന്നും അറിഞ്ഞില്ലയെന്ന മട്ടിൽ സുഖമായി മൂടിപ്പുതച്ചുറങ്ങിയ 'അമ്മ... അല്ലെങ്കിലും തണുപ്പു വഴിയേ പോയാൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുകയാണ് അമ്മയുടെ പ്രകൃതം..  കൊച്ചുമകൻ ഓടിക്കളിക്കുന്നതിനിടയിൽ എത്രതവണ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന അമ്മയെ നോക്കി ഉണർത്താൻ ശ്രമിച്ചു വിളിച്ചു " അമ്മേ... വാ... വാ.."  അവന്റെ നിഷ്കളങ്കത നിറഞ്ഞ മുഖത്ത് 'അമ്മ വിളികേൾക്കാത്തതിന്റെ സങ്കടം നിഴലിച്ചിരുന്നു.

രാവിലെ ടീവിയിലെ ന്യൂസ് ..... സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ഞങ്ങൾ വാർത്ത കേട്ടിരുന്നു..!!    ഇതു നമ്മുടെ കേരളമോ...!! പ്രളയത്തിന്റെ ഭീകരമായ കാഴ്ചകൾ....വെളിയിൽ ഇടയ്ക്കിടെ കടന്നുപോകുന്ന ഹെലികോപ്ടറിന്റെ മുഴക്കംനിറഞ്ഞ ശബ്ദം....   മറ്റേതൊക്കെയോ രാജ്യങ്ങളിൽ പ്രളയം.... ഉരുൾപൊട്ടൽ ... ആഹാരത്തിനായി കൈനീട്ടുന്ന ജനങ്ങൾ ... ഇതൊക്കെ നാം ന്യൂസിലൂടെ കാണുമ്പോൾ ..' അയ്യോ കഷ്ടം.... !! നാം എന്തറിയുന്നു എന്ന് വിചാരിച്ചിരുന്നിടത്ത് ....  തൊട്ടടുത്ത സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ  ടീവിയിലെ വാർത്തകളിലൂടെ നടുക്കത്തോടെ കണ്ടിരുന്നു.  എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നപ്പോൾ ഭർത്താവിന്റെ ഫോൺകാൾ  " വീട്ടുസാധനങ്ങൾ വല്ലതുംഇരുപ്പുണ്ടോ... ഇത്തിരി സാധനങ്ങളൊക്കെ വാങ്ങൂ... പിന്നെ കിട്ടിയെന്നു വരില്ല...  നാട്ടിലെ സ്ഥിതിഗതികൾ ന്യൂസിലൂടെ കാണുന്നുണ്ട് എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. 

തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിൽ സാധനങ്ങളെല്ലാം കാലിയാക്കിയിരുന്നു.  മോനേക്കൂട്ടി  സൂപ്പർമാർക്കറ്റിൽ ചെന്നപ്പോൾ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കിൽ നിറയെ ആളുകളുടെ  ബഹളം . വല്ലവിധേനയും കുറച്ചു സാധനങ്ങൾ വാങ്ങി. മോന്റെ ആവശ്യപ്രകാരം കുറച്ചു പാൽപ്പൊടിയും , കുട്ടികൾക്കു കൊടുക്കാനുള്ള കുറുക്കും വാങ്ങി. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾക്കായി കൊടുക്കാനാണ്. നമുക്കൊന്ന് പോയിവരാം എന്നു പറഞ്ഞ് ഞങ്ങൾ മുന്നോട്ടു നീങ്ങുമ്പോൾ പരിചയക്കാരിലൊരാൾ മുന്നറിയിപ്പ് നൽകി " എങ്ങോട്ടാണ് .... എല്ലായിടവും വെള്ളം കയറിത്തുടങ്ങി ... സൂക്ഷിക്കണം..." 

എപ്പോഴും ഗതാഗതക്കുരുക്കിൽപ്പെട്ടുഴറുന്ന നഗരം തിരക്കുകുറഞ്ഞ് ശാന്തമായിരുന്നു. മുൻപോട്ടു ചെല്ലുമ്പോൾ പോലീസ് വിലക്കി. എത്തേണ്ട സ്ഥലം പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ അനുവാദം നൽകി. പല സ്ഥലങ്ങളിലേക്കുള്ള റോഡുകൾ  ബ്ലോക്ക്ചെയ്തുവച്ചിരിക്കുന്ന   ബോർഡുകൾ.    കുറെ മുന്നോട്ടു ചെന്നപ്പോൾ ആകെ ബഹളം. വണ്ടികളുടെ  തിരക്ക് .  കുറച്ചു ചെറുപ്പക്കാർ എല്ലാം നിയന്ത്രിച്ചുവിടുന്നു. ഞങ്ങൾ അവിടെയുള്ള ഒരു പള്ളിയുടെ ഗ്രൗണ്ടിലേക്ക് വണ്ടി കയറ്റിയിട്ട് മോൻ സാധനങ്ങളുമായി  പുറത്തേക്കുപോയി  . ആ ഗ്രൗണ്ടിലും പള്ളിയുടെ ഹാളിലും  കടകളിലും എല്ലാം നല്ല ആൾത്തിരക്ക്. എല്ലാം നഷ്ടപ്പെട്ട ആളുകളുടെ നെട്ടോട്ടം . ചിലർ ഫോണിൽ ബന്ധുക്കളെ വിളിച്ച് ...  ആകെ അങ്കലാപ്പോടെ  അങ്ങോട്ടുമിങ്ങോട്ടും   പരക്കംപായുന്ന കാഴ്ച മനസ്സിൽ തെല്ലു ഭീതി പടർത്തി. മോൻ അവന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല. ഒരുവിധേന വണ്ടി അവിടെനിന്നിറക്കി തിരികെ വന്ന് റോഡിൻറെ ഓരത്തൊരു സൈഡിൽ ഒതുക്കിനിർത്തി മോൻ വീണ്ടും ഫോണിൽ സുഹൃത്തിനെ വിളിച്ചുകൊണ്ട്  കൈയിലെ  പൊതിയുമായി മുന്നോട്ടു നടന്നു. 
വണ്ടിയിലിരുന്നു കണ്ട കാഴ്ചകൾ മനസ്സിനെ വല്ലാതെ നോവിച്ചു . ഒറ്റയ്ക്കും   കൂട്ടമായും നടന്നുനീങ്ങുന്നവർ .... പലരും നനഞ്ഞ വസ്ത്രത്തോടെ  .... ചിലരുടെ  കൈയിൽ   ബാഗും   പെട്ടികളും  കുറെ കവറുകളും.  ഇവിടെ ചെറിയവരോ ... വലിയവരോ എന്ന വ്യത്യാസമില്ലാതെ .... എല്ലാവരുടെയും മുഖത്ത് ഒരേ ഭാവം... അത് ആധിയുടെയോ...? ആശങ്കയുടെയോ...?   ഇതിനിടയിൽ ചിലർ വെള്ളം കാണാനുള്ള ആകാംക്ഷയിൽ മുന്നോട്ടു നീങ്ങുന്നതും കാണാൻ കഴിഞ്ഞു. കുറെ സമയത്തിനുശേഷം സാധനങ്ങൾ കൊടുത്ത് മോൻ തിരികെയെത്തി  വൈകുന്നേരം ചിലപ്പോൾ നമ്മുടെ വീട്ടിൽ ഒന്നുരണ്ടുപേർ വന്നേക്കും എന്നു സൂചിപ്പിച്ചു. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾ.

തിരിച്ചുപോക്കിനു വിരലിലെണ്ണാവുന്ന ദിനങ്ങൾമാത്രം...ഈ അവസ്ഥയിൽ എങ്ങനെ...? എന്ത് ..?     ഒന്നുമറിയില്ല.   . അല്ലെങ്കിലും ഇത്തവണത്തെ തിരിച്ചുപോക്കിൽ തയ്യാറെടുപ്പുകൾ ഒന്നുമില്ല . തയ്യാറെടുക്കാൻ .... കൊണ്ടുപോവാനുള്ളത് ഓർമ്മപ്പെടുത്താൻ ആരുമില്ല...  

വൈകുന്നേരം നാലുമണിയോടെ മോൻ സുഹൃത്തിന്റെ ബന്ധുക്കളെ കൂട്ടിവരാനായി പോയി. ഞാനവർക്കായി ഒരു മുറി വൃത്തിയാക്കിയിട്ടു .  ആറരയോടെ കാളിംഗ്ബെൽ ശബ്ദം കേട്ട് ഡോർ തുറന്നു. പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഞങ്ങൾ തമ്മിൽ കണ്ണിൽക്കണ്ണിൽ  നോക്കി. രണ്ടു പെൺകുട്ടികൾ ... അവരുടെ ഭർത്താക്കന്മാർ ... അവരുടെ കുട്ടികൾ... ഒന്ന് തീരെ പൊടിക്കുഞ്ഞ് .  അവരുടെ കണ്ണുകളിൽ പകപ്പോ ആശങ്കയോ ഒക്കെയായിരുന്നു .  അവരെ  അകത്തേക്കു  ക്ഷണിച്ചു . ഞാനും എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷം പകച്ചു. പെൺകുട്ടികൾ എന്തൊക്കെയോ കുറച്ചു സാധനങ്ങൾ  കൈയിലുണ്ടായിരുന്നത്  കിച്ചണിൽ കൊണ്ടുവന്ന് " ഇവിടെ വയ്ക്കട്ടെ ചേച്ചീ ..." എന്ന് ചോദിച്ചു.   അവർ കുളിച്ചു ഡ്രസ്സ് മാറിവന്നു. കഞ്ഞിയും, ചെറുപയർതോരനും, മോരുകാച്ചിയതും കൂട്ടി ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിക്കുമ്പോഴേക്കും    പെൺകുട്ടികൾ രണ്ടാളും വേഗം എന്നോടടുത്തു കഴിഞ്ഞിരുന്നു .  

ആണുങ്ങൾ രണ്ടുപേരും മോനും ചേർന്ന് പുറത്തു സാധനങ്ങൾ വാങ്ങാനും പിന്നെ ടീ വിയിലെ വാർത്തകൾ കണ്ടും സമയംപോക്കി. പൊടിക്കുഞ്ഞ് അല്ലലില്ലാതെ കളിക്കയും സുഖമായി ഉറങ്ങുകയും ചെയ്തു. ഇതൊക്കെയെങ്കിലും അവരുടെ മുഖത്ത് ഓരോ നിമിഷവും ആശങ്കയായിരുന്നു. തങ്ങളുടെ വീടുകളിൽ ഇനിയും വെള്ളം കയറിയിട്ടുണ്ടാവുമോ... സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാവുമോ.. എന്നൊക്കെയുള്ള ആശങ്ക...  ഇനിയും വീടുവിട്ടുവരാൻ കൂട്ടാക്കാത്ത അവരുടെ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് അവരെപ്പറ്റി ഓർത്ത് വേവലാതിപ്പെട്ട് സമയം തള്ളിനീക്കുമ്പോഴും കുട്ടികളുടെ വർത്തമാനവും   ആഹാരം പാകംചെയ്കലും ഒക്കെയായി ചെറിയ സന്തോഷങ്ങളും സമ്മാനിച്ചു. 

വീട്ടിലേക്കു  ഫോണിൽ കുറെ ട്രൈ ചെയ്തപ്പോൾ ഇച്ചേയിയെ കിട്ടി . പറമ്പിന്റെ രണ്ടു തട്ടും വെള്ളത്തിൽ മുങ്ങി എന്ന് . വൈകുന്നേരം വിളക്കു കത്തിച്ചപ്പോൾ ഗായത്രി നല്ല ഈണത്തിൽ കീർത്തനം ചൊല്ലി . ഭർത്താവ് ഋഷികേശ്   മോനെക്കൂട്ടി വെള്ളത്തിന്റെ ഗതി അറിയാനായി പുറത്തുപോയി. ശരണ്യ കുഞ്ഞിനെ മടിയിൽക്കിടത്തി ഞങ്ങളോടൊപ്പം വന്നിരുന്നു. ശരണ്യയുടെ ഭർത്താവ് ദേവൻ നിർബന്ധിച്ചപ്പോൾ നല്ല ഈണത്തിൽ ശ്രീവല്ലഭനെക്കുറിച്ചൊരു പാട്ടുപാടി. ഗായത്രിയുടെ മകൾ സുഭദ്ര നൃത്തച്ചുവടുകൾ വച്ചു. രണ്ടുദിവസം ....മനസ്സുകൊണ്ട് നന്നായി അടുപ്പമുള്ളവരെപ്പോലെ തോന്നിച്ചു. ഞങ്ങൾക്ക് തിരിച്ചുവരവിനായുള്ള തിടുക്കത്തിനിടയിലും അവരോടൊപ്പം  ചെലവഴിച്ച  നിമിഷങ്ങൾ സന്തോഷപ്രദമായിരുന്നു. കൊച്ചി എയർപോർട്ടിലെ വെള്ളം കയറിയ പ്രശ്നം ഞങ്ങൾക്ക് തിരുവനന്തപുരത്തേക്ക്   ടിക്കറ്റ് മാറ്റിക്കിട്ടിയപ്പോഴും പോകാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു. 
 
അന്ന് രാത്രി പത്തുമണിക്ക് ഞങ്ങളുടെ ഒരു സുഹൃത്ത് പിറ്റേന്ന് രാവിലെ ആറരക്കുള്ള 
ട്രെയിൻടിക്കറ്റ് ബുക്ക് ചെയ്തു തന്നു.   എന്തുചെയ്യണമെന്നറിയാതെ...   പെട്ടെന്ന് കുറച്ചു തുണികൾ അടുക്കിപ്പെറുക്കി ടിക്കറ്റും , പാസ്സ്പോർട്ടും എടുത്തുവച്ചു . പെൺകുട്ടികൾ രണ്ടും ചേർന്ന് വൈകിട്ട് ഗോതമ്പുദോശയും , മുളകുചുട്ടതും തയ്യാറാക്കി. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. 

വീട്ടിലേക്കുള്ള റോഡ് അപ്പോഴും വെള്ളംകാരണം ബ്ലോക്ക്. എല്ലാവരോടും പോകയാണ് എന്ന് ഫോണിൽ വിളിച്ചു പറയുമ്പോഴും ബന്ധുക്കൾക്കൊക്കെ ആകെ ആശങ്ക. ഇച്ചേയിയോട് ഒരിക്കൽക്കൂടി കണ്ടു യാത്രപറയാൻ കഴിയാഞ്ഞ സങ്കടം മനസ്സിൽ. ഗായത്രിയും, ശരണ്യയും ആശ്വസിപ്പിച്ചു. കസിൻ ബിന്ദു ഡ്യൂട്ടിയിലും. ബിന്ദുവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു .

രാവിലെ റെഡിയായി വന്നപ്പോൾ ഗായത്രി കാപ്പി തയ്യാറാക്കി... പെൺകുട്ടികൾ രണ്ടും കെട്ടിപ്പിടിച്ച് " സന്തോഷമായി പോയിവരൂ... വഴിയിലൊന്നും തടസ്സമുണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.." എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗായത്രി  കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു "ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത  ചേച്ചി വച്ചുതന്ന ആഹാരം കഴിച്ച് ചേച്ചിയോടൊപ്പം താമസിച്ച് ഇന്ന് എന്റെ കൈകൊണ്ടുണ്ടാക്കിയ കാപ്പി തന്ന് നിങ്ങളെ ഞങ്ങൾ യാത്രയാക്കുന്നു. അത്ഭുതം തോന്നുന്നു...".     ശരണ്യ തമാശമട്ടിൽ പറഞ്ഞു "ഇന്ന് ചേച്ചിയുടെ വീട്ടിൽ ഞങ്ങൾ വീട്ടുകാർ ... വീട്ടുകാർ ചേച്ചിയെയും , മോനെയും യാത്രയയയ്ക്കുന്നു എന്നു കരുതിയാൽ മതി."  കൈവീശി യാത്ര പറയുമ്പോൾ ഗായത്രി പറഞ്ഞു " ഇതെല്ലാം ഓരോ നിമിത്തങ്ങളാണ് ".

റെയിൽവേസ്റ്റേഷനിൽ  നല്ല തിരക്കായിരുന്നു. സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഷെബിയെ ഒരിക്കൽക്കൂടി വിളിച്ചു. ' ഞങ്ങൾ തിരികെ പോവുന്നു... ആലുവയിൽ എങ്ങനെ...?'
ഷെബിയുടെ മറുപടി..."ഇപ്പോൾ നഷ്ടപ്പെട്ടതിനെ ഓർത്ത് ആകുലപ്പെടുന്നില്ല... ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസംമാത്രം..."     ആ വാക്കുകളിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു. എത്രയോ ജനങ്ങൾ ഇതേ വാചകം മനസ്സിലുരുവിടുന്നുണ്ടാകാം എന്നു ചിന്തിച്ചു. 

ട്രെയിൻ തീരെ സാവകാശം ആണ് മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ട്രയൽ ചെയ്തോടിയ ശേഷമുള്ള രണ്ടാമത്തെ ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. ചെറിയൊരു ആശങ്കയുണ്ടായിരുന്നു . പുറത്തേക്കു   നോക്കിയാൽ കാണുന്ന കാഴ്ചകൾ കണ്ണുകൾ നിറയ്ക്കുന്നതായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകൾ ...... റോഡുകൾ .... ഒരു     മനുഷ്യനെപ്പോലും     കാണാൻ കഴിയുന്നില്ല . ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിട്ടും യാത്രക്കാരാരും ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന റെയിൽവേസ്റ്റേഷൻ.  യാത്രക്കാരാവട്ടെ എല്ലാവരുടെയും മുഖത്ത് നിസ്സംഗതയായിരുന്നു. എല്ലാവരും മൗനമായി പുറത്തെ കാഴ്ചകളിൽ കണ്ണോടിച്ചിരുന്നു. 
തിരുവനന്തപുരത്തു ചെന്ന് വീണ്ടും ഏട്ടനോടൊപ്പം ഒരു ദിവസം കൂടി.  സീരിയസായ രോഗത്തിൽനിന്ന്   പൂർണ്ണമുക്തനായി വിശ്രമിക്കുന്ന ഏട്ടനെ ഇനി ഒന്നൂടെ പോകുംമുൻപ് കാണാൻ കഴിയില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്ന എനിക്ക്   യാദൃച്ഛികമെന്നോണം   ടിക്കറ്റ് മാറ്റി തിരുവനന്തപുരത്തേക്ക്    കിട്ടിയപ്പോൾ ഒരിക്കൽക്കൂടി ഏട്ടനോടൊപ്പം തങ്ങി ബിന്ദുക്കുട്ടിയോടും, മോളോടും, മോനോടും പ്രായം ചെന്ന അവിടുത്തെ അച്ഛനോടും , അമ്മയോടും ഒപ്പം സമയം ചിലവിട്ട് പിറ്റേന്ന് അവിടുത്തെ അച്ഛൻ ഞങ്ങളെ യാത്രയാക്കി.

തിരുവനന്തപുരത്ത് എയർപോർട്ടിൽ ഞങ്ങളുടെ കസിൻ സജിനിമോൾ അവൾ ബുദ്ധിമുട്ടൊന്നും അറിയിക്കാതെ ഞങ്ങളെ എല്ലാ സഹായങ്ങളും ചെയ്തുതന്ന് യാത്രയയയ്ക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.    ഗായത്രിയുടെ വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ വരും "  ഓരോ നിമിത്തങ്ങൾ.."     ഇച്ചേയി വിലക്കിയിട്ടും അന്ന് പിന്നാമ്പുറത്തേക്കോടിപ്പോവാൻ തോന്നിയത് .... പിന്നീടൊന്നുകൂടി വരാൻ കഴിയില്ലെന്നറിയാതെ.....  കുറേനാളായി കണ്ട അമ്മയുടെ മുഖത്തെ നിസ്സംഗത ...  ദീർഘമായ യാത്രയുടെ തയ്യാറെടുപ്പായിരുന്നോ..?     യാദൃച്ഛികമെന്നോണം മകന്റെ പെട്ടെന്നുള്ള വരവും ചെറിയ ചില അസുഖങ്ങളാൽ തിരികെയുള്ള യാത്ര നീട്ടിവച്ചതും ഒക്കെ ഒരുതരത്തിൽ ദൈവം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതുപോലെ മകന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞുള്ള അമ്മയുടെ യാത്ര.... ഈ പ്രപഞ്ചത്തിൽ നടന്ന അത്ഭുതപ്രതിഭാസങ്ങളൊന്നും അറിയാതെ...

ഓഗസ്റ്റ് പതിനഞ്ച്..... പിന്നീടുള്ള ദിവസങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് നമ്മുടെ നാട് അതിജീവനത്തിനായുള്ള അശ്രാന്തപരിശ്രമത്തിലാണ് .  ഇത് ഒരു നല്ല നാളെയ്ക്കുള്ള തുടക്കമാവട്ടെ...ഇവിടെ ജാതിയില്ല... മതമില്ല... വർണ്ണവിവേചനമില്ലാത്ത ... എല്ലാവരും സഹോദരങ്ങളെന്നപോലെയുള്ള നമ്മുടെ കൊച്ചുകേരളം... .....ദൈവത്തിന്റെ സ്വന്തം നാട്..... ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ...അനുഭവങ്ങൾ നമ്മെ വലിയ ഓരോ പാഠങ്ങൾ കൂടി പഠിപ്പിക്കയാണ് . ഗായത്രിയുടെ വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു " എല്ലാം      ഓരോരോ             നിമിത്തങ്ങളാകുന്നു".
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം                                     ഗീതാ ഓമനക്കുട്ടൻ