Friday 9 November 2018

ബ്ലോഗുലകം വീണ്ടും......


 രമേഷ് അരൂർ സാറിന്റെ ഈ ശ്രമത്തിനു നന്ദി പറയുന്നു. ബ്ലോഗേഴ്സ് സുഹൃത്തുക്കളായ ഏവരെയും വീണ്ടും എഴുത്തിന്റെ കൂട്ടായ്മയിലേക്ക് ഒരുമിച്ചു കൊണ്ടുവരാൻ അങ്ങനെ  ബ്ലോഗുലകം വീണ്ടും സജീവമാക്കാൻ സാർ നടത്തിയ ഈ ഉദ്യമം ഏറെ അഭിനന്ദനാർഹം. 

വലിയൊരു മഴപെയ്തുതോർന്ന അവസ്ഥ ... തൽക്കാലത്തേക്കെങ്കിലും..
മീഡിയകളും മറ്റും മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധതിരിഞ്ഞു.  എങ്കിലും ആധി തന്നെ ... ഇനിയുള്ള ദിവസങ്ങൾ എങ്ങനെ...? വിഷയം ശബരിമല തന്നെ...
പക്ഷെ അതിനുമുന്പിൽ വലിയൊരു സംഭവം ഉണ്ടായത് എല്ലാവരും മറന്നോ..? മഹാപ്രളയം..!! മലയാളികളായ നാമൊരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത ആ പ്രളയം..!!  പ്രളയത്തിന്റെ തീവ്രത അധികം അറിഞ്ഞില്ല എങ്കിലും അറിഞ്ഞ കണ്ട ചില കാര്യങ്ങൾ പ്രിയ ബ്ലോഗ് സുഹൃത്തുക്കൾക്കായി പങ്കുവക്കുന്നു.

നിമിത്തങ്ങൾ 
------------
അങ്ങിങ്ങായി ചിതറിക്കിടക്കുന്നവയൊക്കെ ഒന്നൊതുക്കിപ്പെറുക്കിവയ്ക്കുക .  അത്രയുമേ വേണ്ടൂ... 
തിരികെപ്പോരുംമുൻപ് പിന്നാമ്പുറത്തേക്ക് നടന്നപ്പോൾ ഇച്ചേയി പിറകിൽനിന്നു വിളിച്ചു 
വിലക്കിയിട്ടും തങ്ങൾ രണ്ടുപേരും ചേർന്ന് അങ്ങോട്ടു നടന്നു. അതിൽ നിറയെ പച്ചപ്പ് കിളിർത്തുനിൽക്കുന്നു ... കാണാൻ നല്ല ഭംഗി .  തിരിഞ്ഞുനടക്കുമ്പോൾ വെറുതെ സങ്കല്പിച്ചു ....അവിടെ നിറയെ തുളസിയും റോസാപ്പൂക്കളും ഇടകലർന്നുനിൽക്കുന്നത്. 

പടിയടച്ചിറങ്ങുമ്പോൾ  എന്തോ മറന്നതുപോലെ..... എന്താവും....? അറിയില്ല.    ... മഴ മെല്ലെ തുടങ്ങിയിരുന്നു.  വീട്ടിൽ വന്നപ്പോഴാകട്ടെ പനിച്ചൂടിൽ വിറച്ചു മോൻ കിടക്കുന്നു.അടുത്ത ദിവസവും വീട്ടിലേക്കു  പോകാനിരുന്ന പ്ലാൻ മാറ്റി .  അവനെ ഹോസ്പിറ്റലിൽ കാണിച്ച് തിരികെ വരുമ്പോൾ മഴ കനത്തിരുന്നു. 

മരുന്നു കഴിച്ച് മോൻ കിടന്നൊന്നു മയങ്ങി. നെറ്റിയിൽ കൈവച്ചുനോക്കി. ചൂടിന് ചെറിയൊരു ശമനം വന്നിരിക്കുന്നു. ഫോൺ ബെല്ലടിച്ചു. ... സ്മിതയാണ് ...എപ്പോഴുമെന്നപോലെ ഓടിയണച്ചെത്തുന്ന രീതിയിലുള്ള അവളുടെ ശബ്ദം ..." ഹലോ  ആന്റി ... നമ്മുടെ സാറിന്റെ വീട്ടിൽ വെള്ളം കയറിയിട്ടുണ്ടാവുമോ.." അവളുടെ ആകാംക്ഷകലർന്ന ചോദ്യത്തെ തമാശയാക്കി അവഗണിച്ചു . അവൾ വീണ്ടും പറഞ്ഞു " ടീവീ 
വച്ചുനോക്കൂ ആന്റി.. അവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ".   വാട്സ് ആപ്പിൽ ഇടയ്ക്കിടെ വരുന്ന മെസ്സേജ് നോക്കി അവൾ പലപ്പോഴും പറയാറുള്ള ഓറഞ്ച് അലെർട്ടിനെയും , റെഡ് അലെർട്ടിനെയും ഒരിക്കലും ഗൗനിച്ചിരുന്നില്ല. വേഗം ടീവി ഓണാക്കി.... ന്യൂസ് ചാനലിടുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്  ....ആലുവ വെള്ളത്തിൽ ....   വേഗം ഷെബിയെ വിളിച്ചു.
"വെള്ളം കയറാൻ തുടങ്ങി ..... സാധനങ്ങൾ  കുറെയൊക്കെ മുകളിലെ നിലയിലേക്കു    മാറ്റി....ഞങ്ങൾ മറ്റൊരിടത്തേക്ക് മാറുന്നു..... " വല്ലാത്തൊരു പരിഭ്രമം ആ വാക്കുകളിൽ നിഴലിച്ചിരുന്നു. 

പുലർച്ചെ ഇച്ചേയിയുടെ ഫോൺ വന്നു " റോഡിൽ വെള്ളം കയറിത്തുടങ്ങി ....  മരുമകൾ ബിന്ദു ഹോസ്പിറ്റലിൽ ഡ്യൂട്ടി കഴിഞ്ഞ് അങ്ങോട്ടുവരും..."  ബിന്ദു വൈകുന്നേരമെത്തിയതോടെ വീട്ടിലേക്കുള്ള റോഡ് മുഴുവൻ മുങ്ങി എന്നറിഞ്ഞു .  
 
രാത്രിയിൽ  മഴയുടെ ശക്തിയാർജിച്ചിരുന്നു. വല്ലാത്തൊരു ഇരപ്പോടെ പുറത്തുനിന്ന് മഴയുടെ ശബ്ദം അകത്തേക്കടിച്ചുകയറുമ്പോൾ മനസ്സിൽ വല്ലാത്തൊരസ്വസ്ഥത... അന്നും ഇതുപോലത്തെ മഴയായിരുന്നു..! ഒരിക്കലും കാണാത്ത പ്രകൃതത്തോടെ കോരിച്ചൊരിയുന്ന മഴയും.. തണുപ്പും..   ഇതൊന്നും അറിഞ്ഞില്ലയെന്ന മട്ടിൽ സുഖമായി മൂടിപ്പുതച്ചുറങ്ങിയ 'അമ്മ... അല്ലെങ്കിലും തണുപ്പു വഴിയേ പോയാൽ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുകയാണ് അമ്മയുടെ പ്രകൃതം..  കൊച്ചുമകൻ ഓടിക്കളിക്കുന്നതിനിടയിൽ എത്രതവണ സുഖമായി മൂടിപ്പുതച്ചുറങ്ങുന്ന അമ്മയെ നോക്കി ഉണർത്താൻ ശ്രമിച്ചു വിളിച്ചു " അമ്മേ... വാ... വാ.."  അവന്റെ നിഷ്കളങ്കത നിറഞ്ഞ മുഖത്ത് 'അമ്മ വിളികേൾക്കാത്തതിന്റെ സങ്കടം നിഴലിച്ചിരുന്നു.

രാവിലെ ടീവിയിലെ ന്യൂസ് ..... സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ഞങ്ങൾ വാർത്ത കേട്ടിരുന്നു..!!    ഇതു നമ്മുടെ കേരളമോ...!! പ്രളയത്തിന്റെ ഭീകരമായ കാഴ്ചകൾ....വെളിയിൽ ഇടയ്ക്കിടെ കടന്നുപോകുന്ന ഹെലികോപ്ടറിന്റെ മുഴക്കംനിറഞ്ഞ ശബ്ദം....   മറ്റേതൊക്കെയോ രാജ്യങ്ങളിൽ പ്രളയം.... ഉരുൾപൊട്ടൽ ... ആഹാരത്തിനായി കൈനീട്ടുന്ന ജനങ്ങൾ ... ഇതൊക്കെ നാം ന്യൂസിലൂടെ കാണുമ്പോൾ ..' അയ്യോ കഷ്ടം.... !! നാം എന്തറിയുന്നു എന്ന് വിചാരിച്ചിരുന്നിടത്ത് ....  തൊട്ടടുത്ത സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ  ടീവിയിലെ വാർത്തകളിലൂടെ നടുക്കത്തോടെ കണ്ടിരുന്നു.  എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നപ്പോൾ ഭർത്താവിന്റെ ഫോൺകാൾ  " വീട്ടുസാധനങ്ങൾ വല്ലതുംഇരുപ്പുണ്ടോ... ഇത്തിരി സാധനങ്ങളൊക്കെ വാങ്ങൂ... പിന്നെ കിട്ടിയെന്നു വരില്ല...  നാട്ടിലെ സ്ഥിതിഗതികൾ ന്യൂസിലൂടെ കാണുന്നുണ്ട് എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. 

തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിൽ സാധനങ്ങളെല്ലാം കാലിയാക്കിയിരുന്നു.  മോനേക്കൂട്ടി  സൂപ്പർമാർക്കറ്റിൽ ചെന്നപ്പോൾ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കിൽ നിറയെ ആളുകളുടെ  ബഹളം . വല്ലവിധേനയും കുറച്ചു സാധനങ്ങൾ വാങ്ങി. മോന്റെ ആവശ്യപ്രകാരം കുറച്ചു പാൽപ്പൊടിയും , കുട്ടികൾക്കു കൊടുക്കാനുള്ള കുറുക്കും വാങ്ങി. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾക്കായി കൊടുക്കാനാണ്. നമുക്കൊന്ന് പോയിവരാം എന്നു പറഞ്ഞ് ഞങ്ങൾ മുന്നോട്ടു നീങ്ങുമ്പോൾ പരിചയക്കാരിലൊരാൾ മുന്നറിയിപ്പ് നൽകി " എങ്ങോട്ടാണ് .... എല്ലായിടവും വെള്ളം കയറിത്തുടങ്ങി ... സൂക്ഷിക്കണം..." 

എപ്പോഴും ഗതാഗതക്കുരുക്കിൽപ്പെട്ടുഴറുന്ന നഗരം തിരക്കുകുറഞ്ഞ് ശാന്തമായിരുന്നു. മുൻപോട്ടു ചെല്ലുമ്പോൾ പോലീസ് വിലക്കി. എത്തേണ്ട സ്ഥലം പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ അനുവാദം നൽകി. പല സ്ഥലങ്ങളിലേക്കുള്ള റോഡുകൾ  ബ്ലോക്ക്ചെയ്തുവച്ചിരിക്കുന്ന   ബോർഡുകൾ.    കുറെ മുന്നോട്ടു ചെന്നപ്പോൾ ആകെ ബഹളം. വണ്ടികളുടെ  തിരക്ക് .  കുറച്ചു ചെറുപ്പക്കാർ എല്ലാം നിയന്ത്രിച്ചുവിടുന്നു. ഞങ്ങൾ അവിടെയുള്ള ഒരു പള്ളിയുടെ ഗ്രൗണ്ടിലേക്ക് വണ്ടി കയറ്റിയിട്ട് മോൻ സാധനങ്ങളുമായി  പുറത്തേക്കുപോയി  . ആ ഗ്രൗണ്ടിലും പള്ളിയുടെ ഹാളിലും  കടകളിലും എല്ലാം നല്ല ആൾത്തിരക്ക്. എല്ലാം നഷ്ടപ്പെട്ട ആളുകളുടെ നെട്ടോട്ടം . ചിലർ ഫോണിൽ ബന്ധുക്കളെ വിളിച്ച് ...  ആകെ അങ്കലാപ്പോടെ  അങ്ങോട്ടുമിങ്ങോട്ടും   പരക്കംപായുന്ന കാഴ്ച മനസ്സിൽ തെല്ലു ഭീതി പടർത്തി. മോൻ അവന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല. ഒരുവിധേന വണ്ടി അവിടെനിന്നിറക്കി തിരികെ വന്ന് റോഡിൻറെ ഓരത്തൊരു സൈഡിൽ ഒതുക്കിനിർത്തി മോൻ വീണ്ടും ഫോണിൽ സുഹൃത്തിനെ വിളിച്ചുകൊണ്ട്  കൈയിലെ  പൊതിയുമായി മുന്നോട്ടു നടന്നു. 
വണ്ടിയിലിരുന്നു കണ്ട കാഴ്ചകൾ മനസ്സിനെ വല്ലാതെ നോവിച്ചു . ഒറ്റയ്ക്കും   കൂട്ടമായും നടന്നുനീങ്ങുന്നവർ .... പലരും നനഞ്ഞ വസ്ത്രത്തോടെ  .... ചിലരുടെ  കൈയിൽ   ബാഗും   പെട്ടികളും  കുറെ കവറുകളും.  ഇവിടെ ചെറിയവരോ ... വലിയവരോ എന്ന വ്യത്യാസമില്ലാതെ .... എല്ലാവരുടെയും മുഖത്ത് ഒരേ ഭാവം... അത് ആധിയുടെയോ...? ആശങ്കയുടെയോ...?   ഇതിനിടയിൽ ചിലർ വെള്ളം കാണാനുള്ള ആകാംക്ഷയിൽ മുന്നോട്ടു നീങ്ങുന്നതും കാണാൻ കഴിഞ്ഞു. കുറെ സമയത്തിനുശേഷം സാധനങ്ങൾ കൊടുത്ത് മോൻ തിരികെയെത്തി  വൈകുന്നേരം ചിലപ്പോൾ നമ്മുടെ വീട്ടിൽ ഒന്നുരണ്ടുപേർ വന്നേക്കും എന്നു സൂചിപ്പിച്ചു. അവന്റെ സുഹൃത്തിന്റെ ബന്ധുക്കൾ.

തിരിച്ചുപോക്കിനു വിരലിലെണ്ണാവുന്ന ദിനങ്ങൾമാത്രം...ഈ അവസ്ഥയിൽ എങ്ങനെ...? എന്ത് ..?     ഒന്നുമറിയില്ല.   . അല്ലെങ്കിലും ഇത്തവണത്തെ തിരിച്ചുപോക്കിൽ തയ്യാറെടുപ്പുകൾ ഒന്നുമില്ല . തയ്യാറെടുക്കാൻ .... കൊണ്ടുപോവാനുള്ളത് ഓർമ്മപ്പെടുത്താൻ ആരുമില്ല...  

വൈകുന്നേരം നാലുമണിയോടെ മോൻ സുഹൃത്തിന്റെ ബന്ധുക്കളെ കൂട്ടിവരാനായി പോയി. ഞാനവർക്കായി ഒരു മുറി വൃത്തിയാക്കിയിട്ടു .  ആറരയോടെ കാളിംഗ്ബെൽ ശബ്ദം കേട്ട് ഡോർ തുറന്നു. പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഞങ്ങൾ തമ്മിൽ കണ്ണിൽക്കണ്ണിൽ  നോക്കി. രണ്ടു പെൺകുട്ടികൾ ... അവരുടെ ഭർത്താക്കന്മാർ ... അവരുടെ കുട്ടികൾ... ഒന്ന് തീരെ പൊടിക്കുഞ്ഞ് .  അവരുടെ കണ്ണുകളിൽ പകപ്പോ ആശങ്കയോ ഒക്കെയായിരുന്നു .  അവരെ  അകത്തേക്കു  ക്ഷണിച്ചു . ഞാനും എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷം പകച്ചു. പെൺകുട്ടികൾ എന്തൊക്കെയോ കുറച്ചു സാധനങ്ങൾ  കൈയിലുണ്ടായിരുന്നത്  കിച്ചണിൽ കൊണ്ടുവന്ന് " ഇവിടെ വയ്ക്കട്ടെ ചേച്ചീ ..." എന്ന് ചോദിച്ചു.   അവർ കുളിച്ചു ഡ്രസ്സ് മാറിവന്നു. കഞ്ഞിയും, ചെറുപയർതോരനും, മോരുകാച്ചിയതും കൂട്ടി ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിക്കുമ്പോഴേക്കും    പെൺകുട്ടികൾ രണ്ടാളും വേഗം എന്നോടടുത്തു കഴിഞ്ഞിരുന്നു .  

ആണുങ്ങൾ രണ്ടുപേരും മോനും ചേർന്ന് പുറത്തു സാധനങ്ങൾ വാങ്ങാനും പിന്നെ ടീ വിയിലെ വാർത്തകൾ കണ്ടും സമയംപോക്കി. പൊടിക്കുഞ്ഞ് അല്ലലില്ലാതെ കളിക്കയും സുഖമായി ഉറങ്ങുകയും ചെയ്തു. ഇതൊക്കെയെങ്കിലും അവരുടെ മുഖത്ത് ഓരോ നിമിഷവും ആശങ്കയായിരുന്നു. തങ്ങളുടെ വീടുകളിൽ ഇനിയും വെള്ളം കയറിയിട്ടുണ്ടാവുമോ... സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാവുമോ.. എന്നൊക്കെയുള്ള ആശങ്ക...  ഇനിയും വീടുവിട്ടുവരാൻ കൂട്ടാക്കാത്ത അവരുടെ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ച് അവരെപ്പറ്റി ഓർത്ത് വേവലാതിപ്പെട്ട് സമയം തള്ളിനീക്കുമ്പോഴും കുട്ടികളുടെ വർത്തമാനവും   ആഹാരം പാകംചെയ്കലും ഒക്കെയായി ചെറിയ സന്തോഷങ്ങളും സമ്മാനിച്ചു. 

വീട്ടിലേക്കു  ഫോണിൽ കുറെ ട്രൈ ചെയ്തപ്പോൾ ഇച്ചേയിയെ കിട്ടി . പറമ്പിന്റെ രണ്ടു തട്ടും വെള്ളത്തിൽ മുങ്ങി എന്ന് . വൈകുന്നേരം വിളക്കു കത്തിച്ചപ്പോൾ ഗായത്രി നല്ല ഈണത്തിൽ കീർത്തനം ചൊല്ലി . ഭർത്താവ് ഋഷികേശ്   മോനെക്കൂട്ടി വെള്ളത്തിന്റെ ഗതി അറിയാനായി പുറത്തുപോയി. ശരണ്യ കുഞ്ഞിനെ മടിയിൽക്കിടത്തി ഞങ്ങളോടൊപ്പം വന്നിരുന്നു. ശരണ്യയുടെ ഭർത്താവ് ദേവൻ നിർബന്ധിച്ചപ്പോൾ നല്ല ഈണത്തിൽ ശ്രീവല്ലഭനെക്കുറിച്ചൊരു പാട്ടുപാടി. ഗായത്രിയുടെ മകൾ സുഭദ്ര നൃത്തച്ചുവടുകൾ വച്ചു. രണ്ടുദിവസം ....മനസ്സുകൊണ്ട് നന്നായി അടുപ്പമുള്ളവരെപ്പോലെ തോന്നിച്ചു. ഞങ്ങൾക്ക് തിരിച്ചുവരവിനായുള്ള തിടുക്കത്തിനിടയിലും അവരോടൊപ്പം  ചെലവഴിച്ച  നിമിഷങ്ങൾ സന്തോഷപ്രദമായിരുന്നു. കൊച്ചി എയർപോർട്ടിലെ വെള്ളം കയറിയ പ്രശ്നം ഞങ്ങൾക്ക് തിരുവനന്തപുരത്തേക്ക്   ടിക്കറ്റ് മാറ്റിക്കിട്ടിയപ്പോഴും പോകാൻ പറ്റുമോ എന്ന ആശങ്കയായിരുന്നു. 
 
അന്ന് രാത്രി പത്തുമണിക്ക് ഞങ്ങളുടെ ഒരു സുഹൃത്ത് പിറ്റേന്ന് രാവിലെ ആറരക്കുള്ള 
ട്രെയിൻടിക്കറ്റ് ബുക്ക് ചെയ്തു തന്നു.   എന്തുചെയ്യണമെന്നറിയാതെ...   പെട്ടെന്ന് കുറച്ചു തുണികൾ അടുക്കിപ്പെറുക്കി ടിക്കറ്റും , പാസ്സ്പോർട്ടും എടുത്തുവച്ചു . പെൺകുട്ടികൾ രണ്ടും ചേർന്ന് വൈകിട്ട് ഗോതമ്പുദോശയും , മുളകുചുട്ടതും തയ്യാറാക്കി. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. 

വീട്ടിലേക്കുള്ള റോഡ് അപ്പോഴും വെള്ളംകാരണം ബ്ലോക്ക്. എല്ലാവരോടും പോകയാണ് എന്ന് ഫോണിൽ വിളിച്ചു പറയുമ്പോഴും ബന്ധുക്കൾക്കൊക്കെ ആകെ ആശങ്ക. ഇച്ചേയിയോട് ഒരിക്കൽക്കൂടി കണ്ടു യാത്രപറയാൻ കഴിയാഞ്ഞ സങ്കടം മനസ്സിൽ. ഗായത്രിയും, ശരണ്യയും ആശ്വസിപ്പിച്ചു. കസിൻ ബിന്ദു ഡ്യൂട്ടിയിലും. ബിന്ദുവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു .

രാവിലെ റെഡിയായി വന്നപ്പോൾ ഗായത്രി കാപ്പി തയ്യാറാക്കി... പെൺകുട്ടികൾ രണ്ടും കെട്ടിപ്പിടിച്ച് " സന്തോഷമായി പോയിവരൂ... വഴിയിലൊന്നും തടസ്സമുണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.." എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗായത്രി  കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു "ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത  ചേച്ചി വച്ചുതന്ന ആഹാരം കഴിച്ച് ചേച്ചിയോടൊപ്പം താമസിച്ച് ഇന്ന് എന്റെ കൈകൊണ്ടുണ്ടാക്കിയ കാപ്പി തന്ന് നിങ്ങളെ ഞങ്ങൾ യാത്രയാക്കുന്നു. അത്ഭുതം തോന്നുന്നു...".     ശരണ്യ തമാശമട്ടിൽ പറഞ്ഞു "ഇന്ന് ചേച്ചിയുടെ വീട്ടിൽ ഞങ്ങൾ വീട്ടുകാർ ... വീട്ടുകാർ ചേച്ചിയെയും , മോനെയും യാത്രയയയ്ക്കുന്നു എന്നു കരുതിയാൽ മതി."  കൈവീശി യാത്ര പറയുമ്പോൾ ഗായത്രി പറഞ്ഞു " ഇതെല്ലാം ഓരോ നിമിത്തങ്ങളാണ് ".

റെയിൽവേസ്റ്റേഷനിൽ  നല്ല തിരക്കായിരുന്നു. സ്റ്റേഷനിൽ ഇരുന്നുകൊണ്ട് ഷെബിയെ ഒരിക്കൽക്കൂടി വിളിച്ചു. ' ഞങ്ങൾ തിരികെ പോവുന്നു... ആലുവയിൽ എങ്ങനെ...?'
ഷെബിയുടെ മറുപടി..."ഇപ്പോൾ നഷ്ടപ്പെട്ടതിനെ ഓർത്ത് ആകുലപ്പെടുന്നില്ല... ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസംമാത്രം..."     ആ വാക്കുകളിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു. എത്രയോ ജനങ്ങൾ ഇതേ വാചകം മനസ്സിലുരുവിടുന്നുണ്ടാകാം എന്നു ചിന്തിച്ചു. 

ട്രെയിൻ തീരെ സാവകാശം ആണ് മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്. ട്രയൽ ചെയ്തോടിയ ശേഷമുള്ള രണ്ടാമത്തെ ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. ചെറിയൊരു ആശങ്കയുണ്ടായിരുന്നു . പുറത്തേക്കു   നോക്കിയാൽ കാണുന്ന കാഴ്ചകൾ കണ്ണുകൾ നിറയ്ക്കുന്നതായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വീടുകൾ ...... റോഡുകൾ .... ഒരു     മനുഷ്യനെപ്പോലും     കാണാൻ കഴിയുന്നില്ല . ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിട്ടും യാത്രക്കാരാരും ഇല്ലാതെ ശൂന്യമായിക്കിടക്കുന്ന റെയിൽവേസ്റ്റേഷൻ.  യാത്രക്കാരാവട്ടെ എല്ലാവരുടെയും മുഖത്ത് നിസ്സംഗതയായിരുന്നു. എല്ലാവരും മൗനമായി പുറത്തെ കാഴ്ചകളിൽ കണ്ണോടിച്ചിരുന്നു. 
തിരുവനന്തപുരത്തു ചെന്ന് വീണ്ടും ഏട്ടനോടൊപ്പം ഒരു ദിവസം കൂടി.  സീരിയസായ രോഗത്തിൽനിന്ന്   പൂർണ്ണമുക്തനായി വിശ്രമിക്കുന്ന ഏട്ടനെ ഇനി ഒന്നൂടെ പോകുംമുൻപ് കാണാൻ കഴിയില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്ന എനിക്ക്   യാദൃച്ഛികമെന്നോണം   ടിക്കറ്റ് മാറ്റി തിരുവനന്തപുരത്തേക്ക്    കിട്ടിയപ്പോൾ ഒരിക്കൽക്കൂടി ഏട്ടനോടൊപ്പം തങ്ങി ബിന്ദുക്കുട്ടിയോടും, മോളോടും, മോനോടും പ്രായം ചെന്ന അവിടുത്തെ അച്ഛനോടും , അമ്മയോടും ഒപ്പം സമയം ചിലവിട്ട് പിറ്റേന്ന് അവിടുത്തെ അച്ഛൻ ഞങ്ങളെ യാത്രയാക്കി.

തിരുവനന്തപുരത്ത് എയർപോർട്ടിൽ ഞങ്ങളുടെ കസിൻ സജിനിമോൾ അവൾ ബുദ്ധിമുട്ടൊന്നും അറിയിക്കാതെ ഞങ്ങളെ എല്ലാ സഹായങ്ങളും ചെയ്തുതന്ന് യാത്രയയയ്ക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.    ഗായത്രിയുടെ വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ വരും "  ഓരോ നിമിത്തങ്ങൾ.."     ഇച്ചേയി വിലക്കിയിട്ടും അന്ന് പിന്നാമ്പുറത്തേക്കോടിപ്പോവാൻ തോന്നിയത് .... പിന്നീടൊന്നുകൂടി വരാൻ കഴിയില്ലെന്നറിയാതെ.....  കുറേനാളായി കണ്ട അമ്മയുടെ മുഖത്തെ നിസ്സംഗത ...  ദീർഘമായ യാത്രയുടെ തയ്യാറെടുപ്പായിരുന്നോ..?     യാദൃച്ഛികമെന്നോണം മകന്റെ പെട്ടെന്നുള്ള വരവും ചെറിയ ചില അസുഖങ്ങളാൽ തിരികെയുള്ള യാത്ര നീട്ടിവച്ചതും ഒക്കെ ഒരുതരത്തിൽ ദൈവം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതുപോലെ മകന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞുള്ള അമ്മയുടെ യാത്ര.... ഈ പ്രപഞ്ചത്തിൽ നടന്ന അത്ഭുതപ്രതിഭാസങ്ങളൊന്നും അറിയാതെ...

ഓഗസ്റ്റ് പതിനഞ്ച്..... പിന്നീടുള്ള ദിവസങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് നമ്മുടെ നാട് അതിജീവനത്തിനായുള്ള അശ്രാന്തപരിശ്രമത്തിലാണ് .  ഇത് ഒരു നല്ല നാളെയ്ക്കുള്ള തുടക്കമാവട്ടെ...ഇവിടെ ജാതിയില്ല... മതമില്ല... വർണ്ണവിവേചനമില്ലാത്ത ... എല്ലാവരും സഹോദരങ്ങളെന്നപോലെയുള്ള നമ്മുടെ കൊച്ചുകേരളം... .....ദൈവത്തിന്റെ സ്വന്തം നാട്..... ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ...അനുഭവങ്ങൾ നമ്മെ വലിയ ഓരോ പാഠങ്ങൾ കൂടി പഠിപ്പിക്കയാണ് . ഗായത്രിയുടെ വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു " എല്ലാം      ഓരോരോ             നിമിത്തങ്ങളാകുന്നു".
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം                                     ഗീതാ ഓമനക്കുട്ടൻ

12 comments:

  1. കേരളം പകച്ചുപോയ പ്രളയം ഇനിയും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ

    ReplyDelete
  2. പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ വലിയൊരു മഴപെയ്തുതോർന്ന അവസ്ഥ.
    ഒരു മഹാ ദുരന്തത്തെ നല്ല രീതിയിൽ ചുരുക്കി പറഞ്ഞു. ഇസ്തം
    അവസാനം പറഞ്ഞ ആ പാര: പൊളിച്ച് തകർത്ത് തിമിർത്ത്. ഒന്നും പറയാനില്ല (ലെ ബിജുക്കുട്ടൻ @ കോമഡി ഉത്സവം)

    ReplyDelete
  3. മഴ പൈത് തോർന്നിട്ടും വിട്ടുമാറാത്ത ദുരന്തങ്ങളുടെ ഘോഷയാത്ര കഴിഞ്ഞിട്ടും നമ്മളൊന്നും പഠിച്ചില്ല എന്ന അറിവ് നോവ് നൽകുന്നു

    താങ്കളുടെ രചന മനോഹരമായിരുന്നു
    ബ്ലോഗുകൾ വീണ്ടും ഉണരട്ടെ
    ആശംസകളോടെ

    ReplyDelete
  4. നന്നായി എഴുതി

    ReplyDelete
  5. ങേ... ഞാനിന്നലെ ഇവിടെ ഇട്ട കമന്റ്‌ എവിടെ പോയി? രാത്രി തന്നെ വായിച്ചു ഗീതാ. നല്ല പോസ്റ്റ്‌!

    ReplyDelete
  6. നല്ല അനുഭാവാവിഷ്കാരങ്ങൾ ..
    അനുഭവങ്ങൾ നമ്മെ വലിയ ഓരോ
    പാഠങ്ങൾ കൂടി പഠിപ്പിക്കയാണ് ...
    എല്ലാം ഓരോരോനിമിത്തങ്ങളാകുന്നു"

    ReplyDelete
  7. എഴുത്ത് ഇഷ്ടമായി ... ആശംസകള്‍...

    ReplyDelete
  8. ടീച്ചർ
    ആ ഓർമ്മകൾ ഇന്നും വിട്ടുപോകാതെ നിൽക്കുന്നുയെങ്കിലും കേരളം ഇന്ന് അതി ജീവനത്തിന്റെ പാതയിൽ കുതിച്ചുകൊണ്ടിരിക്കുന്നുയെന്നത് അശാജനകം തന്നെ! ഇതിനിടയിൽ ചില കുബുദ്ധികൾ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചെങ്കിലും നമ്മുടെ മുഖ്യമന്ത്രിയുടെ സംയമനമായ ഇടപെടൽ മൂലം എല്ലാം നമുക്ക് തിരികെപ്പിടിക്കാൻ കഴിയും എന്നു ഞാൻ വിശ്വസിക്കുന്ന.
    ടീച്ചർ പറഞ്ഞപോലെ ഇതു ഒരു നല്ല നാളെയ്ക്കുള്ള തുടക്കമാവട്ടെ...ഇവിടെ ജാതിയില്ല... മതമില്ല... വർണ്ണവിവേചനമില്ലാത്ത ... എല്ലാവരും സഹോദരങ്ങളെന്നപോലെ നമുക്ക് മുന്നോട്ട് പോകാം , അതിനു തുരങ്കം വെക്കുന്ന ദുഷ്ട ശക്തികളെ തിരിച്ചറിയാം നമുക്കവരെ അകറ്റി നിർത്താം!

    നന്നായി എഴുതി ആശംസകൾ

    ReplyDelete
  9. പ്രളയം നമ്മുടെ മനസ്സിനെ കൂടെ കഴുകി വെടിപ്പാക്കി. എഴുത്തു കുറച്ചു പരന്നു പോയി എങ്കിലും നന്നായി.

    പ്രളയ കാലത്ത് ഇവിടെ ഹൈദരാബാദിൽ എന്റെ വീട്ടിലും ഒരു കുട്ടിയുണ്ടായിരുന്നു. കുവൈറ്റിൽ നിന്നും നാട്ടിൽ ഫ്‌ളൈറ്റ് ഇറങ്ങാൻ സാധിക്കാതെ അവൾ ആറു ദിവസം എന്റെ വീട്ടിൽ താമസിച്ചു. പോകാൻ നേരം അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ ആ കരച്ചിൽ..
    അവളുടെ അമ്മ എന്റെ കോളേജ് മേറ്റ്‌സ് എന്ന പരിചയമാണ് ആ കുട്ടിയെ എന്റെ വീട്ടിൽ എത്തിച്ചത്.അതിന് മുമ്പ് തമ്മിൽ കണ്ടിട്ട് പോലും ഇല്ലായിരുന്നു.

    ReplyDelete
  10. പ്രളയത്തിൽ ഒളിച്ചു പോകാതിരുന്നത് കേരളത്തിന്റെ നല്ല മനസ്സ് തന്നെയായിരുന്നു.ഈ സ്നേഹവും നന്മയും കാരുണ്യവും എന്നും നിലനിൽക്കട്ടെ...എഴുത്ത് നന്നായി..

    ReplyDelete
  11. മനുഷ്യന്റെ നിസ്സഹായതയെ ശരിക്കും ഓർമിപ്പിച്ചു ഈ പ്രളയം. ജാതിമതവർണ്ണവർഗ്ഗഭേദങ്ങൾക്കുമപ്പുറം മനുഷ്യത്വത്തിന്റെ തെളിനീരുറവ ഒഴുകാനും ഇതേ പ്രളയം കാരണമായി എന്നതൊരു സന്തോഷം!

    ReplyDelete
  12. ഓരോരോ നിമിത്തങ്ങൾ നമ്മള്ള ചിന്തിപ്പിക്കാൻ പ്രാപ്തരാക്കുന്നു!
    എഴുത്ത് ഹൃദ്യമായി.
    ആശംസകൾ

    ReplyDelete