Saturday 6 May 2017

'ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ'


~~~~~~~~~~~~~~~~~~~~~~~~~~~~
അതെ.... ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ..... സ്വ.... ന്തം....  ന്നു പറഞ്ഞാൽ സ്വന്തം........  പിന്നേ ഞങ്ങളുടെ ഈ ശ്രീധരേട്ടനുണ്ടല്ലോ ഒരു പുലിയാ... കേട്ടോ പുലി.... ശ്രീധരേട്ടന്റെ രൂപം ന്നു പറഞ്ഞാൽ ...മെലിഞ്ഞിട്ടു നീളം കുറഞ്ഞ പ്രകൃതം ... മേലോട്ട് ചുരുക്കയറ്റി വച്ചിരിക്കുന്ന വലിയൊരു കൊമ്പൻ മീശ... അതാണ് ശ്രീധരേട്ടന്റെ  ഹൈലൈറ്റ് ന്നു പറയാം. ഫുൾക്കയ്യൻ ഷർട്ടും , മുണ്ടും വേഷം. കൊമ്പൻമീശയുള്ളത് .... ശ്രീധരേട്ടൻ എല്ലായ്പോഴും ചുരുട്ടി മേലോട്ടു വച്ചിരിക്കും.  ഈ കൊമ്പൻമീശ കാണുമ്പോഴേ ആൾക്കാർ പേടിക്കും. ഒരു ഗുണ്ടാസ്റ്റൈൽ മീശ... 

ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ബസ് സ്റ്റോപ്പിലും പിന്നെ നടന്നുവരുന്ന കവലകളിലും ഒക്കെ ചില സ്ഥിരപൂവാലൻസുണ്ട്. വെറുതെ ചൂളമടിക്കയും , ചില പ്രത്യേകശബ്ദമുണ്ടാക്കയും, കളിയാക്കുകയും ഒക്കെ ചെയ്യുന്ന ചില പൂവാൽസ്. ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെ ഒന്നു വിരട്ടിച്ചാലോ എന്നു പലതവണ  ആലോചിച്ചിട്ടുള്ളതാണ്.  അമ്മയോടിക്കാര്യം ഒന്നു സൂചിപ്പിച്ചതേ 'അമ്മ എന്നെ ഓടിച്ചു കേട്ടോ... ' നീ വെറുതെ വേണ്ടാത്ത വയ്യാവേലി ഒന്നും വലിച്ചുവക്കല്ലേ.... ശ്രീധരന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.... പിന്നെ അവനെന്തൊക്കെയാ കാട്ടിക്കൂട്ടുക എന്നു പറയാൻ കഴിയില്ല.... ചെക്കൻമാരു പെൺപിള്ളേരെ കാണുമ്പോൾ അങ്ങനെ പലതും പറയും ..... പെൺപിള്ളേരായാൽ തിരിച്ചൊന്നും പറയാൻ പാടില്ലത്രേ.... ഈ വായിൽനോക്കിപൂവാൽസ് എന്തു പറഞ്ഞാലും അതെല്ലാം കേട്ട് ഒരക്ഷരം മറുത്തുപറയാതെ അടങ്ങിയൊതുങ്ങി ഇങ്ങു നടന്നുപോന്നേക്കണം... അങ്ങനാണത്രെ അടക്കവും, ഒതുക്കവുമുള്ള കുടുംബത്തിൽ പിറന്ന പെൺപിള്ളേർ. 

ഇടയ്ക്കിടെ വിസിറ്റിനു വരാറുള്ള ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ വന്നാലുടനെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ' എന്തൊക്കെയുണ്ട് മക്കളേ വിശേഷങ്ങൾ..... സുഖം തന്നെയല്ലേ....'  പലപ്പോഴും പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലായെങ്കിലും ശ്രീധരേട്ടന്റെ ഈ കൊമ്പൻമീശയും ആ ഗുണ്ടാസ്റ്റൈൽ വരവും ഒക്കെ കാണുമ്പോൾ പൂവാൽസിന്റെ ശല്യത്തെപ്പറ്റി ശ്രീധരേട്ടനോട് ഒന്നു സൂചിപ്പിച്ചാലോ എന്നൊന്ന് ശങ്കിച്ച് അമ്മയുടെ മുഖത്തോട്ടു നോക്കിയാൽ 'അമ്മ കണ്ണുരുട്ടിക്കാണിച്ച് ശക്തമായ താക്കീതു നൽകും.  എന്തു പറയാനാന്നെ.... ഈ ശ്രീധരേട്ടന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നേ.... പിന്നെ ഈ പൂവാൽസിന്റെ കാര്യം കട്ടപ്പൊക. 

അങ്ങനെ ഈ ശ്രീധരേട്ടന്റെ വല്ലപ്പോഴുമുള്ള സന്ദർശനം ഞങ്ങൾക്കൊരുപാട് സന്തോഷമായിരുന്നു. ആപത്തുകാലത്താണല്ലോ യഥാർത്ഥബന്ധു ആരെന്നു തിരിച്ചറിയാൻ നമുക്കു കഴിയുന്നത്.  ഞങ്ങളുടെ ക്ഷീണസമയങ്ങളിൽ ഒരു ബന്ധുക്കളെയും മഷിയിട്ടുനോക്കിയാൽ കാണാനില്ലായിരുന്നു. വല്ലപ്പോഴും ഒന്നു ഫോൺ വിളിക്കാനോ ഒന്നു വരാനോ ഒന്നും ആർക്കും സമയം തീരെയില്ല. എല്ലാവർക്കും തിരക്കോടു തിരക്ക്. 
ഈ സമയങ്ങളിലൊക്കെയും ഞങ്ങളുടെ ബന്ധുക്കളിൽ ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കിയെത്തിയിട്ടുള്ളത് ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ  മാത്രമായിരുന്നു. യാഥാർത്ഥബന്ധു ആരെന്ന് ശ്രീധരേട്ടൻ ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു ഈ സന്ദർഭങ്ങളിൽ. 

പുലിയോ, പുപ്പുലിയോ  ഒക്കെ ആയ ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ ചില സമയങ്ങളിൽ പെട്ടെന്ന് ലോലഹൃദയനാകുന്നതു കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതെന്താണെന്നു വച്ചാൽ ചിലപ്പോൾ അമ്മയോട് വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ശ്രീധരേട്ടൻ ഏങ്ങലടിച്ചു കരയും. എന്നിട്ടിങ്ങനെ പറയും ' എന്റെ കൊച്ചമ്മേ.... നിങ്ങളെങ്ങനെ കഴിഞ്ഞതാ...... എനിക്കിങ്ങനെ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.... ഈ പിള്ളേരൊന്നു രക്ഷപ്പെട്ടാൽ കൊച്ചമ്മേടെ ദുഃഖം മാറും...' ഇതും പറഞ്ഞു ശ്രീധരേട്ടൻ കരയും.  ഇതു കേൾക്കുന്ന 'അമ്മ പറയും ' മുകളിലൊരാൾ ഇതെല്ലാം കണ്ടുകൊണ്ടിരിപ്പുണ്ട് ശ്രീധരാ....എന്തെങ്കിലും ഒരു വഴി തുറന്നു തരാതിരിക്കില്ല...' 

ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്ന് ശ്രീധരേട്ടന്റെ മൂഡും മാറും. പെട്ടെന്ന് സങ്കടങ്ങൾ മാറ്റി വിശേഷങ്ങൾ പറയും... ' ഇത്തവണ പാടത്ത് കൃഷിയിറക്കിയിട്ടുണ്ടെന്നും , പറമ്പിൽ ഏത്തവാഴയും , കപ്പയും നട്ടിട്ടുണ്ടെന്നും വിളവെടുക്കട്ടെ ...വറക്കാനും , പഴുപ്പിക്കാനും ഏത്തക്കുല കൊണ്ടുവരാമെന്നും ഒക്കെ അമ്മയോടു പറയും. പക്ഷേ 'അമ്മ ഇടയ്ക്കിടെ ശ്രീധരേട്ടനെ ഇങ്ങനെ ഓർമ്മപ്പെടുത്തുന്നത് കേൾക്കാം ....... ' നീ മെനയൊന്നും ഒപ്പിക്കല്ലേ ശ്രീധരാ.... ഇടയ്ക്കിടയ്ക്ക് നിനക്കൊരിളക്കമുണ്ടല്ലോ ... അതൊക്കെ മാറ്റിവച്ച് ഉത്തരവാദിത്വമായി ജീവിക്കാൻ നോക്ക് ... വീട്ടിലുള്ളവർക്കു നീ സമാധാനം കൊടുക്കണം...'  ശ്രീധരേട്ടൻ മറുപടി പറയുന്നതും കേൾക്കാം ' ഓ അങ്ങനെയൊന്നുമില്ല കൊച്ചമ്മേ..'
ശ്രീധരേട്ടൻ പോയിക്കഴിയുമ്പോൾ ഞാനമ്മയോട് ശ്രീധരേട്ടനെ ഇങ്ങനെ ഗുണദോഷിക്കുന്നതിനെപ്പറ്റി തിരക്കിയാൽ 'അമ്മ പറയും ' ആ... ആളു പാവമൊക്കെത്തന്നെ... ഇടയ്ക്കവനൊരിളക്കമുണ്ട് .... ' 

ശ്രീധരേട്ടന്റെ വീട് ഒരുപാട് ദൂരെയായി ഉള്ള സ്ഥലത്താണ് . അമ്മയ്ക്കും, ഏട്ടനും ഒക്കെ ശ്രീധരേട്ടന്റെ കുടുംബത്തെപ്പറ്റി നന്നായി അറിയാമെങ്കിലും ഞങ്ങളു പിള്ളേർക്ക് ശ്രീധരേട്ടനെ മാത്രേ അറിയൂ...ശ്രീധരേട്ടൻ എല്ലായ്പോഴും തനിച്ചേ വരാറുമുള്ളൂ....   എന്തായാലും ശ്രീധരേട്ടന്റെ അടുത്ത് ഞങ്ങൾ പിള്ളേർക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ എന്തു പറഞ്ഞാലും, കളിയാക്കിയാലും ഒക്കെ ' എന്തുവാ ... മക്കളെ.... ' എന്നു വിളിച്ച് ചിരിച്ചുകൊണ്ടേയിരിക്കും. ' ശ്രീധരേട്ടനെന്തിനാ ഈ മീശ ഇത്രേം വളർത്തുന്നെ ' എന്നു ഞങ്ങൾ ചോദിച്ചാൽ ശ്രീധരേട്ടന്റെ മറുപടി ' ഓ ചുമ്മാ ഒരു സ്റ്റൈൽ..' 

ഒരിക്കൽ ശ്രീധരേട്ടൻ അമ്മയോട് എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞിരുന്ന കൂട്ടത്തിൽ സങ്കടം പറയുന്നത് കേട്ടു . ഞങ്ങളുടെ തന്നെ ബന്ധത്തിലുള്ള ഒരാളുടെ മകളുടെ വിവാഹത്തിന് അവർ ശ്രീധരേട്ടനെ 'ഒരാഴ്ച മുന്നേ എത്തണേ... ശ്രീധരാ...' എന്നു പറഞ്ഞ് വലിയ ലോഹ്യത്തിൽ വിളിപ്പിച്ച് ... പാവം ശ്രീധരേട്ടൻ അവിടെ ചെന്നപ്പോഴോ... വിറകു കീറിപ്പിക്കുക... സദ്യക്കാവശ്യമുള്ള സാധനങ്ങൾ മേടിപ്പിക്കുക... മറ്റു ചില പുറംപണികൾ ഒക്കെ ചെയ്യിപ്പിച്ചിട്ട് തിരികെപ്പോരാൻ നേരം ഉടുത്തുപഴകിയ രണ്ടുമുണ്ട് അവർ ശ്രീധരേട്ടന് സമ്മാനിച്ചത്രെ... അഭിമാനിയായ ശ്രീധരേട്ടൻ അതു നിരസിച്ചുവെന്നും ജോലി ചെയ്യിച്ചതിൽ വിഷമം തോന്നിയില്ലെന്നും പക്ഷെ ഒരു വെറുതെക്കാരനെപ്പോലെ എന്നെ അവർ കരുതിയതാണ് എനിക്കേറെ വിഷമമായതെന്നും സങ്കടത്തോടെ അമ്മയോട് പറയുന്നതു കേട്ടപ്പോൾ ഞങ്ങൾ പിള്ളേർക്കും വലിയ സങ്കടമായി.... പാവം ഞങ്ങളുടെ ശ്രീധരേട്ടൻ...
പാവപ്പെട്ടവനെങ്കിലും അഭിമാനിയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീധരേട്ടൻ. വല്ലപ്പോഴും വിസിറ്റിനു വരാറുള്ള ഞങ്ങളുടെ ശ്രീധരേട്ടൻ ഞങ്ങൾക്കെന്നും ഒരു ധൈര്യം ആയിരുന്നു. ഞങ്ങൾക്ക് ചോദിക്കാനും, പറയാനും ആളുണ്ടെന്ന ഒരു തോന്നലോ ... അഹങ്കാരമോ ... ഒക്കെയായിരുന്നു ശ്രീധരേട്ടന്റെ സന്ദർശനങ്ങൾ. 

അങ്ങനെയിരിക്കെ ആ സുദിനവും വന്നെത്തി... എന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കല്യാണത്തലേന്നു പ്രിയ കൂട്ടുകാരി ഷൈലജ എത്തി. ' നാളെ നീ ഉണ്ടാവണം ' ന്നു ഞാനോർമ്മപ്പെടുത്തുമ്പോൾ അവൾ പറഞ്ഞു ' നാളെ ഞാൻ വരില്ല.. നമ്മുടെ കൂട്ടത്തിൽ നീ കൂടെയേ ഉള്ളായിരുന്നു എനിക്കൊരു കൂട്ട് .... അതും പോവല്ലേ.... അങ്ങനെ എല്ലാവരും.... ഇനി ഞാൻ മാത്രം...' അവളുടെ വാക്കുകളിൽ സങ്കടം.. എത്ര നിർബന്ധിച്ചിട്ടും അവൾ  അവളുടെ  വാക്കുകളിൽ ഉറച്ചുനിന്നു.... 'ഞാൻ  നാളെ വരില്ല.... നീ എന്നോട് പിണങ്ങരുത് ' . 

ചായസൽക്കാരം സ്വീകരിച്ച് മടങ്ങാൻനേരം അവൾ എന്നെയൊന്നു സങ്കടപ്പെടുത്താനും മറന്നില്ല... ' ഇവിടെ ഒരു കല്യാണവീടിന്റെ യാതൊരനക്കവുമില്ലല്ലോ... ബന്ധുക്കളാരും.... ? ' അവളുടെ ഈ ചോദ്യം കേട്ടതും ഞാനമ്മയുടെ മുഖത്തേയ്ക്കു സംശയോക്തിയിൽ നോക്കിയപ്പോൾ 'അമ്മ അവളോട് പറഞ്ഞു ' ഞങ്ങളുടെ ബന്ധുക്കളൊക്കെ അങ്ങു ദൂരെയൊക്കെയല്ലേ.... അവർ നാളെ കല്യാണസ്ഥലത്തേയ്ക്കു നേരെ വരികയേ ഉള്ളൂ... ' ആ മറുപടി അവളെ തൃപ്തയാക്കിയില്ല എന്ന് തോന്നി... അവൾ വീണ്ടും എന്നോട് ' എന്നാലും... ഇങ്ങനെയാണോ ഒരു കല്യാണവീട് .... ഒരനക്കവും ആളും ഇല്ലാതെ... കഷ്ടമുണ്ട് ...നിന്റെ കാര്യം...! ' എന്നു പറഞ്ഞ് സന്തോഷവതിയായി ഇരുന്ന എന്നെ തെല്ലു വിഷമിപ്പിച്ചിട്ടു ' വിവാഹം മംഗളകരമായി നടക്കട്ടെ...'  എന്നാശംസിച്ച് അവൾ യാത്രപറഞ്ഞുപോയതും എനിക്ക് അവൾ പറഞ്ഞ വാക്കുകളോർത്ത് സങ്കടമായി. അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം പോയ് മറഞ്ഞു. ഞാനമ്മയോടു സങ്കടം പറഞ്ഞു ....
.' നമുക്കാരുമില്ലല്ലോ....അമ്മേ..... '.  'അമ്മ സമാധാനപ്പെടുത്തി ' എല്ലാരും നാളെ എത്തും...' 

അല്ലെങ്കിലും പണമുള്ളിടത്തല്ലേ.. ആളും... ബഹളവും... ആഘോഷങ്ങളും.... ബന്ധുക്കളും... സ്നേഹപ്രകടനങ്ങളും ... ഒക്കെ..    ഈ യാഥാർത്ഥസത്യങ്ങൾ നല്ലോണം അനുഭവിച്ചും, മനസ്സിലാക്കിയും ജീവിച്ചുവന്ന ഞാനിനി ഇതോർത്തു എന്തിനു സങ്കടപ്പെടണം എന്ന് വിചാരിച്ച് മനസ്സിലെ സങ്കടങ്ങളെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും അവളുടെ വാക്കുകൾ കാതിലിങ്ങനെ ഇടയ്ക്കിടയ്ക്ക് മുഴങ്ങി.....' എന്നാലും ബന്ധുക്കളാരും...'

ഞാനാ വാതില്പടിയിൽപ്പോയി റോഡിലേക്കും നോക്കിനിൽപ്പായി.  എന്റെ ഈ നിൽപ്പു കണ്ടാവണം ഏട്ടനെന്നെ ചോദ്യരൂപേണ നോക്കി. ഇത്തിരികഴിഞ്ഞതും വീട്ടിൽ ചെറിയ ഒച്ചയും, അനക്കവും ഒക്കെ വച്ചുതുടങ്ങി. അയൽക്കാരായ ചേട്ടനും, ചേച്ചിയും എത്തി. പിന്നെ ഒന്നും രണ്ടും പേർ... അമ്മയുടെ ചില വിശ്വസ്തർ... ഒക്കെ.... അയൽക്കാരൻചേട്ടൻ മുൻകൈയെടുത്ത് ഒന്നുരണ്ടുപേരും കൂടെക്കൂടി എന്റെ ഏട്ടനോട് അഭിപ്രായം ആരാഞ്ഞ് മുറ്റത്ത് ചെറിയ ഒരു പന്തലിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അകത്ത് അയൽക്കാരായ പെണ്ണുങ്ങളുടെ സംസാരം കേൾക്കാം... എന്നിട്ടും എന്റെ മനസ്സിൽ എവിടെയോ ഒരു സങ്കടം...     ' ഞങ്ങൾക്കുള്ളവർ ആരും...!' 
' ഇത്   എന്തൊരു നിൽപ്പാ കുഞ്ഞേ....' വീട്ടിലെ പണികളിൽ അമ്മയെ സഹായിക്കാനായി എത്തുന്ന  മറിയച്ചേടത്തിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി. മറിയച്ചേടത്തിയുടെ വേഷം എന്നെ തെല്ലൊന്നത്ഭുതപ്പെടുത്തി. മുഴിഞ്ഞവേഷം ധരിച്ചുമാത്രം വരുന്ന മറിയച്ചേടത്തി പുത്തൻ വെള്ളച്ചട്ടയും , കളംകൈലിയും ഉടുത്ത് മുടിയൊക്കെ ചീവിയൊതുക്കി ഐശ്വര്യമായി .... മറിയച്ചേടത്തിയുടെ ചോദ്യം ' എങ്ങനുണ്ട് മോളെ.... എന്റെ മോളു മേടിച്ചുതന്ന പുത്തൻ ചട്ടേം.... കൈലീവാ....  നാളെ മറ്റേ പുത്തൻചട്ടേം , നേര്യതും ഇട്ടൊരു വരവുണ്ട് ഞാൻ....'
അതുകേട്ടു ഞാൻ ചിരിച്ചുവെങ്കിലും എന്റെ മുഖത്തെ സങ്കടം വായിച്ചെടുത്ത മറിയച്ചേടത്തി എന്റെ അരികിൽ വന്നിരുന്നിട്ട് ചോദിച്ചു ' എന്തു പറ്റി..? എന്താ മോളെ... ഒരു സങ്കടം...?'
ഞാൻ പറഞ്ഞു ' ഒന്നൂല്ല .... മറിയച്ചേടത്തി..'    എന്നാപ്പിന്നെ സന്തോഷായി ഇരുന്നാട്ടെ... നാളെ ആരാ... എന്റെ മോള് .... ഉടുത്തൊരുങ്ങി മണവാട്ടിയാകേണ്ട പെങ്കൊച്ചിങ്ങനെ സങ്കടപ്പെട്ടിരിക്കാൻ പാടുണ്ടോ...?' ഇതും പറഞ്ഞ് മറിയച്ചേടത്തി അകത്തേയ്ക്കു പോയി. ഏട്ടൻ വീണ്ടും ചോദ്യരൂപേണ എന്നെ നോക്കി. ഇനിയും ഇവിടിരുന്നാൽ ഏട്ടൻ ശാസിക്കും. 

എന്നാലും എന്റെ കാര്യം വന്നപ്പോൾ ഈ സ്വന്തക്കാർ ആരും ഇല്ലല്ലോ എന്ന സങ്കടവുംപേറി ഞാനകത്തേയ്ക്കു കയറാൻ തുനിയുമ്പോൾ ഒരു ഓട്ടോയുടെ ശബ്ദം....   ഉവ്വ് ....   അങ്ങു ദൂരെനിന്നേ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു ...  ആ ഓട്ടോയിൽ വരുന്നത് ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ ...... ഹോ.... എന്റെ സങ്കടമെല്ലാം നൊടിയിടയ്ക്കുള്ളിൽ പോയ്മറഞ്ഞു. സന്തോഷം കൊണ്ട് ഞാനുച്ചത്തിൽ വിളിച്ചു 'അമ്മേ..... ഏട്ടാ..... നമ്മുടെ ശ്രീധരേട്ടൻ.....' 
പന്തലിടീലിനു നേതൃത്വം വഹിച്ചുനിന്ന ഏട്ടൻ എന്റെ ശബ്ദം കേട്ട് അങ്ങോട്ടുവന്നു. 

ഓട്ടോക്കാരൻ ചെക്കൻ ഓട്ടോ നിർത്തി തല സൈഡിലൂടെ ചെരിച്ച് ഞങ്ങളെ നോക്കി..... 
ഉം....  ബസ്സിറങ്ങുന്ന കവലയിൽ സ്ഥിരം കാണുന്ന പൂവാൽസിലൊരുവൻ.... അവൻ ഓട്ടോ നിർത്തി ചെറുപുഞ്ചിരിയോടെ വെളിയിലേക്കിറങ്ങി .... ഞാനും, ഏട്ടനും നോക്കിനിൽക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ചിരി...  എനിക്കു ദേഷ്യം വന്നിട്ട് വയ്യ... ഇവൻ സ്ഥിരം കമന്റടിക്കുന്ന പൂവാലനാണ്.... അവന്റെ ഓട്ടോയിൽത്തന്നെ ഞങ്ങളുടെ ശ്രീധരേട്ടൻ.... എത്രയോപ്രാവശ്യം ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെയൊന്നു വിരട്ടിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട് ....  ഞാനെന്റെ മനസ്സിൽ പറഞ്ഞു ' കണ്ടോടാ... ഞങ്ങളുടെ ശ്രീധരേട്ടനെ.... ഞങ്ങൾക്ക് ചോദിക്കാനും , പറയാനും ആളുണ്ടെന്ന് നല്ലോണം  മനസ്സിലാക്കിക്കോ ....'.
 
....പറഞ്ഞപോലെ ശ്രീധരേട്ടൻ ഓട്ടോയിൽനിന്നു വെളിയിലോട്ടിറങ്ങാൻ  എന്താ ഇത്ര താമസം..? ഞങ്ങൾ സംശയത്തോടെ ഓട്ടോയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ അവന്റെ ചിരി ഇത്തിരി ഉച്ചത്തിലായി ... അത് പുറത്തോട്ടു കേൾക്കാതിരിക്കാനായി അവൻ വായപൊത്തി ചിരിയടക്കാൻ ബദ്ധപ്പെട്ട് ഏട്ടനെ നോക്കി ഓട്ടോയിലേയ്ക്ക് കൈചൂണ്ടി.... 
 ഏട്ടന്റെ ചോദ്യം...' ഇതെന്തു പരുവമാ ശ്രീധരേട്ടാ.....'
ഞാനും  ഏട്ടന്റരികിലേയ്ക്ക് നടക്കുമ്പോൾ ഓട്ടോക്കാരൻ പൂവാൽസിന്റെ പരിഹാസച്ചിരി എന്നെ നോക്കി.  കിട്ടിയ അവസരം അവൻ പാഴാക്കുന്നില്ല.. ഞാനവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഏട്ടന്റരികിലേയ്ക്ക് ചെല്ലുമ്പം ശ്രീധരേട്ടൻ ഇത്തിരി കഷ്ടപ്പെട്ട് ഓട്ടോയിൽനിന്നിറങ്ങി..... ആടിയാടി ... കാലു നിലത്തുറക്കാതെ.... കുഴഞ്ഞ ശബ്ദത്തിൽ ഏട്ടനോടായി   ' ടാ..... മോനെ .... ഒരു നാൽപ്പതു രൂപ ...... ദേ ..... ഇവനു കൊടുത്തേ....' 
ഏട്ടൻ ചോദിച്ചു ..' എന്നാലും ... എന്റെ ശ്രീധരേട്ടാ...'
ശ്രീധരേട്ടന്റെ മറുപടി ' ഒരു കൊഴപ്പോവില്ലെടാ...... മോനെ.... ചെയിഞ്ചില്ലെടാ  മോനെ..... ചെയിഞ്ചേ....' ഇതും പറഞ്ഞ് ആടിയാടി പന്തലിടുന്നവർക്കരികിലേയ്ക്ക്  ശ്രീധരേട്ടൻ...
ഏട്ടൻ ഓട്ടോക്കൂലി കൊടുത്ത് ശ്രീധരേട്ടന്റെ അടുത്തേയ്ക്കു നടന്നു.  പെട്ടെന്ന് ഉണ്ടായ എന്റെ മനസ്സിലെ സന്തോഷം നൊടിയിടനേരം കൊണ്ട് ഓടിയൊളിച്ചു.  സങ്കടമോ..... നാണക്കേടോ..... എന്താണെന്നെനിക്കറിയില്ല..... 

ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം .... ഓട്ടോക്കാരൻ പൂവാൽസ് ഒരിക്കൽക്കൂടി  തല വെളിയിലോട്ട് ഇട്ട് എന്നെനോക്കി ഒരു പരിഹാസച്ചിരി സമ്മാനിച്ച് ഓട്ടോ ഓടിച്ചുപോയി.  സങ്കടം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി......!  ഈ അവസരത്തിൽ ശ്രീധരേട്ടൻ എന്നോടിങ്ങനെ ചെയ്തല്ലോ.... 
ഞാൻ നോക്കുമ്പം ശ്രീധരേട്ടൻ ഉരിഞ്ഞുപോവാറായ മുണ്ട് താങ്ങിപ്പിടിച്ചുടുത്തുകൊണ്ട് കുഴഞ്ഞ ശബ്ദത്തിൽ പന്തലിടുന്നവരോട് എന്തെല്ലാമോ ചോദിക്കുന്നു.... അവർ അതുകണ്ടു ചിരിക്കുന്നുമുണ്ട്.
ഏട്ടൻ ശ്രീധരേട്ടനെ അകത്തേയ്ക്കു പോവാൻ നിർബന്ധിക്കുന്നു. എനിക്കു പിന്നെ എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാനുച്ചത്തിൽ അവിടെനിന്നുകൊണ്ട് നീട്ടി വിളിച്ചു...' ശ്രീധരേട്ടാ.....'
ശ്രീധരേട്ടൻ തിരിഞ്ഞുനോക്കി ... ഒപ്പം മറ്റുള്ളവരും... 
' യ്യോ .... ഇതാര് ...... എന്റെ പൊന്നുമോളല്ലേ.... ശ്രീധരേട്ടൻ ഇത്തിരി വൈകിപ്പോയി മോളേ..... ക്ഷമിക്ക്........ ' ശ്രീധരേട്ടൻ  ആടിയാടി എന്റരികിലേയ്ക്ക് വന്നുകൊണ്ടു പറഞ്ഞു.
എനിക്കു സങ്കടവും, ദേഷ്യവും സഹിക്കാൻ കഴിഞ്ഞില്ല... 
ഞാൻ പറഞ്ഞു ' എന്തിനാ ശ്രീധരേട്ടൻ വന്നേ.... ഇങ്ങനെയാരുന്നേൽ എന്തിനാ ഇങ്ങോട്ടു വന്നേ.... '
അമ്മയും, ഏട്ടനും എന്നെ വിളിച്ചിട്ടും സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ' ശ്രീധരേട്ടൻ.... പൊക്കോ ....എന്തിനാ ഈ കോലത്തിൽ ഇങ്ങോട്ടു വന്നേ.... എനിക്കാരും ഇല്ല.... എനിക്കാരും വേണ്ട.....ശ്രീധരേട്ടൻ തിരിച്ചു പൊയ്ക്കോ...' 
 
'അമ്മ ദേഷ്യത്തിൽ ഒച്ചയുയർത്തി എന്നെ വിളിച്ചു.
ശ്രീധരേട്ടൻ പറഞ്ഞു ' അവളു പറഞ്ഞോട്ടെ കൊച്ചമ്മേ.... വിലക്കണ്ട... അവളെന്റെ കുഞ്ഞല്ലേ....'   ആടിയാടി ശ്രീധരേട്ടൻ എന്റരികിൽ വന്നുനിന്നിട്ട് പറഞ്ഞു ' എനിക്കറിയാം എന്റെ മോളു ചുമ്മാ പറഞ്ഞതാന്ന്... ഞാൻ വന്നത് നിനക്ക് സന്തോഷമാണെന്ന് ഈ ശ്രീധരേട്ടനറിയാം ... നീ പോവാം പറഞ്ഞാലും ശ്രീധരേട്ടന് പോവാൻ പറ്റ്വോ ....'
ഏട്ടനെന്റെനേരെ നോക്കി താക്കീതു നൽകി..' അകത്തേയ്ക്കു കയറിപ്പോവാൻ..'  ഞാനകത്തേയ്ക്കു കയറിപ്പോന്നു .... മനസ്സിൽ ആകെ ജാള്യത...  ' ആ പൂവാൽസിന്റെ മുന്നിൽവച്ചുതന്നെ ഈ ശ്രീധരേട്ടൻ എന്നെ നാണംകെടുത്തിയല്ലോ...'
ശ്രീധരേട്ടൻ ആടിയാടി അകത്തുവന്നതും ഹാളിൽക്കിടന്ന കട്ടിലിലോട്ടു മറിഞ്ഞു. 

വെളുപ്പിനെ അഞ്ചുമണിക്കേ ബ്യൂട്ടീഷ്യൻചേച്ചി എത്തി... മുഖത്തെ മിനുക്കുപണികൾ  തുടങ്ങി.... ഏഴുമണിയോടെ ബന്ധുക്കളുടെ ഓരോരുത്തരുടെ തലകാണിക്കലും , ഒരുക്കുന്നിടത്തേയ്ക്കു വന്നെത്തിനോട്ടവും  അഭിപ്രായപ്രകടനങ്ങളും ...
എട്ടരമണിയോടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.. ഒരുങ്ങി ഇറങ്ങിവരുമ്പോൾ ശ്രീധരേട്ടൻ വെള്ള മുണ്ടും, ഷർട്ടും ഇട്ട് ഐശ്വര്യമായി ദക്ഷിണകൊടുപ്പിക്കൽ ചടങ്ങിന് നേതൃത്വം നൽകി പാക്കും, വെറ്റിലയുമായി ഹാജർ...
ഒരുങ്ങിയിറങ്ങിവന്ന എന്നെക്കണ്ടതും ശ്രീധരേട്ടൻ പറഞ്ഞു ' മോളേ... കാലിലെ ചെരുപ്പൂരി അകത്തിട്ടിട്ട് ഇങ്ങോട്ടുവാ.... ദക്ഷിണ കൊടുക്കാൻ സമയമാകുന്നു.... ' .
എല്ലാവർക്കും ദക്ഷിണ കൊടുപ്പിച്ച് അവസാനം അമ്മയ്ക്ക് ദക്ഷിണകൊടുക്കുന്നതിനു മുൻപായി ശ്രീധരേട്ടൻ എന്നോട് ദക്ഷിണ വാങ്ങി എന്നെ ചേർത്തുപിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു ' എന്റെ മോൾക്ക് നല്ലതു വരുത്തണെ... ഭഗവാനെ....' 
അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞുവന്നത് ആർക്കും മനസ്സിലാക്കാൻ സമയംകൊടുക്കാതെ  ഞാൻ തുടച്ചുമാറ്റി. 
യഥാർത്ഥസ്നേഹം എന്തെന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഞങ്ങളുടെ പാവം ശ്രീധരേട്ടൻ.. അതെ ..... ഞങ്ങളുടെ സ്വന്തം  ശ്രീധരേട്ടൻ. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കഥ
ഗീതാ ഓമനക്കുട്ടൻ. 




Saturday 4 February 2017

സ്നേഹത്തിന്റെ ഭാഷ




ഇത്തവണ നാട്ടിൽ പോകും മുൻപ് കഫീലിന്റെ വീട്ടിലൊന്നു പോവണം എന്ന്  ഭർത്താവ്  പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു മടി .  കാരണം മറ്റൊന്നുമല്ല കടുത്ത ഭാഷാദാരിദ്ര്യം തന്നെ. 
നാലഞ്ചുവർഷം ഇവിടെ സ്ഥിരമായി നിന്ന് ഇപ്പോൾ കുറെ നാളുകളായി  വെക്കേഷനു വന്ന് ഒരുമാസക്കാലം ചിലവഴിച്ച്  റീഎൻട്രി അടിച്ചു നാട്ടിൽ പോകുന്ന എനിക്ക് ഇന്നുവരെ അറബിവാക്കുകൾ നേരാംവണ്ണം പഠിച്ചെടുക്കാൻ കഴിയാത്തതിൽ നേരിയ അപകർഷതാബോധം  മനസ്സിൽ.  കഫീലിന്റെ ബീവി എന്റെ വീട്ടിൽ വന്നിട്ടുണ്ട്  ഞാൻ അവരുടെ വീട്ടിൽ പോയിട്ടുമുണ്ട്.   ഇവിടെ വരുമ്പോളൊക്കെ അവർ എന്നെ അങ്ങോട്ടു ക്ഷണിക്കാറുണ്ട്.  ഭർത്താവു പറയുന്നത്  'നിനക്കവരുടെ അടുത്ത് ഇടയ്ക്കിടെ പോയി  സംസാരിച്ചിരുന്നാൽ കുറച്ചൊക്കെ അറബി പഠിച്ചെടുക്കാൻ കഴിയില്ലേ? ' എന്നാണ്.  ശരിയാവാം.   പക്ഷെ അറബികളുടെ വീട്ടിലെ രീതികളും, ആചാരമര്യാദകളും  നല്ല നിശ്ചയമില്ലാത്തതിനാൽ അങ്ങോട്ടു പോകുന്ന കാര്യം ഓർക്കുമ്പോൾ ഒരു മടി. 

ആദ്യമായി  അവരുടെ വീട്ടിൽ പോയത് ഇന്നും ഓർമ്മയിൽ വരുന്നു. ഭാഷ വശമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കുറച്ചു ഫ്രണ്ട്സ് ഉള്ളതുകൊണ്ട് ഞാനവരുടെ സഹായം ആവശ്യപ്പെട്ടു. അവിടെപോകാൻ അവർ ഒപ്പം വരമെന്നേറ്റെങ്കിലും പ്രതീക്ഷിക്കാതെ ഒരു ദിവസം അസർസലക്കുശേഷം 
( നാലുമണി നിസ്കാരസമയം ) ഡ്യൂട്ടിക്കു പോകുംമുൻപ്  ഭർത്താവു പറഞ്ഞു " ഇന്നുരാത്രി അവരുടെ വീട്ടിൽ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. എട്ടുമണിക്കു റെഡിയായി  നിൽക്കണം "  എന്റെ മറുപടിക്കു കാക്കാതെ അദ്ദേഹം വേഗം പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. എന്തായാലും കൃത്യം എട്ടുമണിക്കു തന്നെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി. 

മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ചെറിയ ഒരു ഇടനാഴി. ഭർത്താവു കാളിംഗ് ബെല്ലടിച്ചു. നേരെ കാണുന്ന വാതിൽ തുറന്ന് അറബി ഭർത്താവിനു ഹസ്തദാനം  നല്കി സ്വീകരിച്ചു. അകത്തുനിന്നുകൊണ്ടുതന്നെ അയാൾ എന്തോ ഭർത്താവിനോടു പറഞ്ഞു. ഇടത്തേഭാഗത്തു കാണുന്ന വാതിലിലേക്കു ചൂണ്ടി ഭർത്താവു പറഞ്ഞു " ആ ഡോർ തുറന്ന് അങ്ങോട്ടു കയറിച്ചെന്നോളൂ".  
 എനിക്കാണെങ്കിൽ ആകെ അങ്കലാപ്പ്.    ' ഗദ്ദാമ ' സിനിമയിൽ കാവ്യാമാധവൻ ആദ്യമായി  അറബിയുടെ വീട്ടിൽ കയറിച്ചെല്ലുമ്പോഴുള്ള അതേ റ്റെൻഷനോടെയാണ് ഞാനകത്തേക്ക്  കടന്നത്. 
" ഈശ്വരാ.... " ഞാൻ മനസ്സറിഞ്ഞു വിളിച്ചു. ഇനി എന്താവും. 
പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് അതീവസുന്ദരിയായ ഒരുവൾ( നന്നേ ചെറുപ്പം) " സലാം അലൈകും " പറഞ്ഞ് ആശ്ലേഷിച്ച് ഇരുകവിളുകളിലും മുത്തം തന്ന് സ്വീകരിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  ഞാൻ അണിഞ്ഞിരുന്ന പർദ്ദ ( ബുർക്ക) അഴിച്ചുമാറ്റാൻ പറഞ്ഞു. ഞാനത് അഴിച്ചു മാറ്റുമ്പോൾ അവൾ ഓടിവന്ന് എന്റെ പർദ്ദ വാങ്ങി ഒട്ടും ചുളിവു വരുത്താതെ ഭംഗിയായി ഒരു ഹാങ്ങറിൽ തൂക്കി അകത്തേമുറിയിലുള്ള സ്റ്റാന്റിൽ കൊണ്ടിട്ടു. 
ആദ്യദർശനത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. എന്റെ കറുപ്പിൽ ഗോൾഡൻ വർക്കുള്ള കുർത്ത പിടിച്ചു നോക്കി " ഗുഡ്... ഗുഡ് " എന്നു പറഞ്ഞു. ഒട്ടും അപരിചിതത്വം തോന്നിപ്പിക്കാത്ത അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. 
ടീവി ഓണാക്കി ഹിന്ദി ചാനൽ വച്ച് അവൾ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ചോദിച്ചു 
" Do you like Hindi film " .  " Yes"  എന്നവളുടെ മറുപടി.  " Do you like  to visit kerala?" 
എന്നു ചോദിക്കുമ്പോൾ അവൾ വളരെ താല്പര്യത്തോടെ  " yes...yes like Kerala" 
എന്നുപറഞ്ഞു. 

അവൾ നിറഞ്ഞ ചിരിയോടെ സംസാരം തുടങ്ങി. അവളുടെ അമ്മയെയും, അനിയത്തിയെയും പറ്റിപ്പറഞ്ഞു. പകുതി അറബിയിലും, പകുതി ഇംഗ്ലീഷിലുമായിരുന്നു അവളുടെ സംസാരം. ഞാനും എന്റെ വിശേഷങ്ങൾ പങ്കുവച്ചു. പകുതി ഇംഗ്ലീഷിലും, പകുതി മലയാളത്തിലും. അവളുടെ അമ്മക്ക് സുഖമില്ല എന്നു പറഞ്ഞ് എന്റെ അമ്മയെപ്പറ്റി തിരക്കി. ഞാൻ എന്റെ അച്ഛനും, അമ്മയും ജീവിച്ചിരിപ്പില്ല എന്നു പറയുമ്പോൾ " അള്ളാ.... " എന്നു പറഞ്ഞ് അവൾ സങ്കടപ്പെട്ടു. 
എട്ടുമക്കളിൽ ഏറ്റവും ഇളയവളാണ്  ഞാൻ എന്നുപറഞ്ഞപ്പോൾ അവൾ സന്തോഷപൂർവം എന്റെ കവിളിൽ തലോടി.  ഞങ്ങൾക്ക് ഒരേയൊരു മകനെയുള്ളൂ  എന്നുപറയുമ്പോൾ അവൾ അത്ഭുതപ്പെട്ടു. 

ഈ വിശേഷങ്ങളത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയത് അറിയാവുന്ന ഭാഷയിലൂടെയും, ആംഗ്യത്തിലൂടെയും  ആയിരുന്നു. അവളുടെ വീടിനകം എല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു. ചെറിയ ഒരു വീടായിരുന്നെങ്കിലും വളരെ രാജകീയമായ അലങ്കാരങ്ങളായിരുന്നു അതിനുള്ളിൽ. അവളുടെ കുട്ടി പിച്ചവച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മിടുക്കനായ ആ കുഞ്ഞിനെ ഞാനെടുത്തു ലാളിച്ചു.  ഈ സമയങ്ങളിലൊന്നും  അവിടെ പുരുഷപ്രജകൾ ഉള്ളതായോ അവരുടെ എന്തെങ്കിലും ശബ്ദമോ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.  അവളുടെ അതീവഹൃദ്യമായ  ആതിഥേയമര്യാദ നിറഞ്ഞ പെരുമാറ്റം.... ഞാനവിടെ ചിലവഴിച്ചത്രയും സമയം അപ്പുറത്തെ മുറിയിൽ എന്റെ ഭർത്താവ് ഉണ്ടായിരിക്കുമോ? അതോ പോയോ ? എന്നൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അവളുടെ ഇൻഡോനേഷ്യൻസെർവന്റ് ഭക്ഷണം ഉണ്ടാക്കി. മട്ടൻ റൈസും, ജ്യൂസും, സെവൻ അപ്പും സെർവ് ചെയ്തു.    ഞാനും, അവളും, അവരുടെ സെർവന്റും ഞങ്ങൾ മൂവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇവിടെ യജമാനത്തി എന്നോ പരിചാരിക എന്നോ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം കുടുംബാംഗത്തെ എന്നപോലെയുള്ള പെരുമാറ്റരീതികൾ ഞാൻ വളരെ ആദരപൂർവം ശ്രദ്ധിച്ചു.  എരിവോ, മസാലയോ ചേർക്കാത്ത മട്ടൺ റൈസ് രുചിയോടെയാണ് ഞാൻ കഴിച്ചത്.  യാത്ര പറഞ്ഞ് പിരിയാൻ നേരം വലിയൊരു ഗിഫ്റ്റ് ബോക്സ് തന്നാണ് അവൾ എന്നെ യാത്രയാക്കിയത്. അതിൽ നിറയെ മേക്കപ്പ്  ഐറ്റംസ് ആയിരുന്നു. 

അടുത്തതവണ  നാട്ടിൽ പോയി തിരികെ വരുമ്പോൾ ഞാനവൾക്കായി റോസ് നിറത്തിൽ  ഭംഗിയുള്ള ഒരു ടോപ്പും, അതിനു ചേരുന്ന പേളുമാലയും ഗിഫ്റ്റ് ആയിക്കൊണ്ടുവന്നു  കൊടുത്തു അതു തുറന്നു നോക്കിയ അവൾ സന്തോഷപൂർവം ആമാല കഴുത്തിലണിഞ്ഞ് എന്നോടു താങ്ക്സ് പറഞ്ഞു.  പിന്നീടൊരിക്കൽ സെർവന്റിനെയും കൂട്ടി അവൾ എന്നെക്കാണാനായി  വന്നു. അന്നവൾ രണ്ടാമതും ഗർഭിണിയായി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അന്ന് ഞാനുണ്ടാക്കിക്കൊടുത്ത നമ്മുടെ മലയാളികളുടെ പ്രിയവിഭവമായ  പഴംപൊരി ( ഏത്തക്കാഅപ്പം ) അവൾക്ക് ഒരുപാടിഷ്ടമായി. 

ഇത്തവണ അവരുടെ വീട്ടിൽ പോവാനായി ഭർത്താവ് ഓർമ്മപ്പെടുത്തുന്നതിനു  കാരണം അവൾക്കു രണ്ടാമതുണ്ടായ കുഞ്ഞിനെ പോയിക്കാണുവാനാണ്. ഞാൻ നാളെ...... നാളെ...... പറഞ്ഞ് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വേഗം തന്നെ ഒരു വൈകുന്നേരം അവളുടെ വീട്ടിലേക്കു പോയി.  ഇപ്രാവശ്യവും മനസ്സിൽ അകാരണമായ ഒരു ശങ്കയോടെയാണ് അങ്ങോട്ടേക്ക് പോയത്. ഭർത്താവ് എന്നെ അവരുടെ വീട്ടുപടിക്കൽ കൊണ്ടാക്കി തിരികെ പോയി. ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. പഴയ ഇൻഡോനേഷ്യൻ സെർവെന്റ് ഡോർ തുറന്ന് എന്നെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 
അവളുടെ വീട്ടിൽ നിറയെ അതിഥികൾ ആയിരുന്നു. അവരുടെ ബന്ധുക്കൾ. ഞാനാദ്യം ഒന്നമ്പരന്നു. അവളെന്നെ അവർക്കു പരിചയപ്പെടുത്തി. അവർ " ഇന്ത്യാ------ഇന്ത്യാ----"  എന്നു ചോദിക്കുന്നതു കേൾക്കാമായിരുന്നു.  അവിടെ പെണ്ണുങ്ങളുടേത്  മാത്രമായ ഒരുലോകമായിരുന്നു.  പ്രായമായ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം എന്നെ തെല്ലൊന്ന് അലോസരപ്പെടുത്തി.  അവർ ശാസിക്കയാണോ, വിശേഷം പറയുകയാണോ എന്നു മനസ്സിലാക്കിയെടുക്കാൻ ഞാൻ പാടുപെട്ടു. അവർ എന്തെല്ലാമോ എന്നോടു ചോദിച്ചു. ഞാനല്പം അമ്പരന്നും,  അപകർഷതാബോധത്തോടെയും " അറബി മാഫി " എന്നു പറയുമ്പോൾ അവർ തിരിച്ചു ചോദിച്ചു 
" അറബി മാഫി?"  പിന്നെ ഉച്ചത്തിൽ ചിരിച്ചു. ഞാൻ പകപ്പോടെ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുമ്പോൾ അവൾ എന്റെ കൈകളിൽ പിടിച്ചു നടത്തി അവളുടെ ബെഡ്ഡിൽ കൊണ്ടിരുത്തി വെളുത്തു തുടുത്ത് സുന്ദരിയായ അവളുടെ പൊന്നോമനക്കുഞ്ഞിനെ എന്റെ കയ്യിലെടുത്തു വച്ചുതന്നു. ഞാനാക്കുഞ്ഞിനെ മടിയിൽ വച്ചോമനിച്ചു.  ഗസ്റ്റുകളിൽ ഒരു സ്ത്രീ അവർ കൊണ്ടുവന്ന " ഗാവ " ( പാൽ ചേർക്കാത്ത അവരുടെ രുചികരമായ കോഫി ) ഫ്ലാസ്കിൽ നിന്നു കപ്പുകളിലേക്ക് പകർന്ന് ഓരോരുത്തർക്കും കൊടുക്കുകയായിരുന്നു. 
( ഇവിടെ ആതിഥേയ  കാപ്പിയോ, ചായയോ ഇട്ടു മിനക്കെടാതിരിക്കാനാവും ഇവിടുത്തെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കാൻ പോവുമ്പോൾ അവരുടെ കൈകളിൽ ഓരോ ഫ്ലാസ്കും ഉണ്ടാവുന്നത് പതിവുകാഴ്ചയാണ്).
ഇൻഡോനേഷ്യൻ സെർവെന്റ് ഓരോരുത്തരുടെയും ഇരിപ്പിടത്തിനരികെ ഒരു ചെറിയ ടേബിൾ വച്ച് അതിന്മേൽ ഓരോ പ്ലേറ്റിൽ ഒരു പീസ് കേക്കും കൊണ്ടുവച്ചു.  ഒച്ചവച്ചു സംസാരിച്ചുകൊണ്ടിരുന്ന പ്രായമായ സ്ത്രീ ഫ്ലാസ്കിൽനിന്നു ചെറിയ കപ്പിലേക്ക് ഗാവ പകർന്ന് എന്റെ നേരെ നീട്ടി. അവൾ കുഞ്ഞിനെ വാങ്ങി ബെഡ്ഡിൽ കിടത്തി എന്നോടതു വാങ്ങാൻ പറഞ്ഞു.  അവരുടെ ഗാവ..... ചെറിയ കപ്പിൽ പകർന്നു തന്ന ആ "ചൂടുഗാവ "  ഏസീയുടെ  തണുപ്പിൽ ഒരു പ്രത്യേകരുചിയോടെ  ഞാൻ നുകർന്നു കുടിക്കുമ്പോൾ വീണ്ടുംപെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും... ചിരിയും.... 
ഭാഷ മനസ്സിലാകാതെ ഞാൻ വിമ്മിഷ്ടതോടെ അവളുടെ മുഖത്തേക്കു നോക്കുമ്പോൾ അവൾ കണ്ണടച്ചുകാണിച്ച് എന്നെനോക്കി പുഞ്ചിരിതൂകി... ഞാൻ തിരിച്ചും.... ഉവ്വ്.... ഞങ്ങൾക്കു രണ്ടിനും ആ ഭാഷ മനസ്സിലാകുമായിരുന്നു " സ്നേഹത്തിന്റെ ഭാഷ". 

അടുത്ത വരവിനു കാണാമെന്ന ഓർമ്മപ്പെടുത്തലോടെ അന്നു ഞങ്ങൾ പിരിയുമ്പോൾ ഞാൻ മനസ്സിൽ പറയുകയായിരുന്നു എങ്ങനെയെങ്കിലും ഈ അറബി ഭാഷ എനിക്കു പഠിച്ചെടുക്കാൻ കഴിയണം ഇല്ലെങ്കിൽ  വീണ്ടും ഞാനാ പഴയ പല്ലവി ആവർത്തിക്കേണ്ടിവരും " അറബി മാഫി". 

ഗീതാ ഓമനക്കുട്ടൻ 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


Tuesday 24 January 2017

'മനസ്സ്'

  

'അഭിരാമം ' കൂട്ടായ്മയിൽ  വന്ന എന്റെ ഒരു കഥയുണ്ട് കൂട്ടുകാരെ.... വായിക്കുമല്ലോ...

*****************************************************************************************************************************


'ഈശ്വരനിൽ മനസ്സർപ്പിച്ച്  ശ്രദ്ധാപൂർവമാവണം പ്രാർത്ഥന.... ഏകാഗ്രത ..  അതാണ് പ്രധാനം......'       സ്വാമിജിയുടെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്നു. 

' ചേച്ചീ...  ആ വലത്തേസൈഡിലിരിക്കുന്ന ചുവന്ന സ്കേർട്ട് ഇട്ട പെണ്ണിനെ കണ്ടോ....'.  സുമിയുടെ സംസാരം ഞാൻ ആംഗ്യത്തിലൂടെ വിലക്കി. സ്വാമിജിയുടെ വാക്കുകളിൽ ശ്രദ്ധയൂന്നി അവളോടു പറഞ്ഞു  "നീ അതു ശ്രദ്ധിക്കൂ..." 

നാട്ടിലെ രീതികളും, ചിട്ടകളും ഒക്കെ അവൾ പഠിക്കട്ടെ... നിന്നോടൊപ്പമാവുമ്പോൾ ഇവിടിരുന്നാലും എനിക്കു സമാധാനമാ... അതായീ അവധിക്ക് നിന്റെയരികിലേയ്ക്ക് അയയ്ക്കുന്നത്...' സുമിയെ ഇങ്ങോട്ടു വിട്ടപ്പോൾ ചേച്ചി പറഞ്ഞ വാക്കുകൾ ഓർത്തു. 

സത്യത്തിൽ നാട്ടിലെ രീതികൾ ഇതുവരെ തനിക്കും പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്നില്ല. നാട്ടിൽത്തന്നെ ജനിച്ചുവളർന്നിട്ടും .... ചിലപ്പോഴൊക്കെ പലകാര്യങ്ങളും  അഡ്ജസ്റ്റ് ചെയ്യാനും കഴിയുന്നില്ല. അല്ലെങ്കിലും 'അഡ്ജസ്റ്റ്മെന്റ് ' അതാണല്ലോ ജീവിതവും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു തള്ളിക്കയറാൻ ശ്രമിക്കുന്നവർ, അനാവശ്യചോദ്യങ്ങൾ , ഇടപെടലുകൾ, സംശയങ്ങൾ, സൗഹൃദഭാവേനയുള്ള കുശലംചോദ്യങ്ങളിലൂടെ  മനസ്സിനെ മുറിപ്പെടുത്താൻ ശ്രമിക്കുന്ന ചിലർ.... സ്വതന്ത്രമായി ആത്മാർത്ഥതയോടെ ചെയ്തുതീർക്കുന്ന കാര്യങ്ങളിലും കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ചിലർ..... പലപ്പോഴും മനസ്സ് ചഞ്ചലപ്പെടുന്നു ...  ധൈര്യം നഷ്ടപ്പെടുന്നു..... സുമിയുടെ പല സംശയങ്ങൾക്കും ഇതുവരെ കൃത്യമായ ഒരു മറുപടി കൊടുക്കാൻ കഴിയുന്നില്ല.

' പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടാൻ പ്രാപ്തമാകണം നമ്മുടെ മനസ്സ്..... പ്രാർത്ഥനയിലൂടെ അതു നേടിയെടുക്കാം... മറ്റുള്ളവരുടെ വാക്കുകളിലല്ല നമ്മുടെ സന്തോഷം.... അതു നമ്മുടെ ഉള്ളിൽത്തന്നെയാണ്.....' 
സ്വാമിജിയുടെ ശബ്ദം ചിന്തകളിൽനിന്നുണർത്തുന്നു ... എത്ര അർത്ഥവത്തായ വാക്കുകൾ.....  പക്ഷേ  പ്രശ്നങ്ങൾ വരുമ്പോൾ...    ?
എന്തിനാണ് ഇങ്ങോട്ടു വന്നത് ....? സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ....  ശരിക്കും മനസ്സ് അതിലേക്കു കേന്ദ്രീകരിക്കാൻ കഴിയുന്നേയില്ല... അതുതന്നെയാണല്ലോ ഇപ്പോഴത്തെ പ്രശ്നവും...  ഒന്നിൽനിന്നു മറ്റൊന്നിലേക്കു ചിന്തകൾ കാടുകയറുന്നു.... ഒന്നിലും ശ്രദ്ധ പുലർത്താനാവാതെ.... അസ്വസ്ഥതയുടെ ചില ദിനങ്ങൾ..  ഇവിടേയ്ക്ക് വരാൻ നിർബന്ധിച്ചത് ഉമേച്ചിയാണ്. 

'.... തിരക്ക് ... തിരക്കോടു തിരക്ക്... ക്ളാസ്സുകൾ.... സമയം കിട്ടുന്നില്ല.... ' അദ്ധ്യാപികയായ ഉമേച്ചിയുടെ സ്ഥിരം പല്ലവികളാണിതൊക്കെ.  
സ്വാമിജിയുടെ പ്രഭാഷണത്തിന്റെ ആദ്യദിവസം മുതൽ ഒരു തപസ്യപോലെ  ഉമേച്ചി എന്നും എത്തുന്നു. ഉമേച്ചിയുടെ കുറെ നിർബന്ധങ്ങൾക്കൊടുവിലാണ് ഇന്നു സുമിയെയും കൂട്ടി എത്തിയത്. ഉമേച്ചി  നേരത്തെ എത്തിയതാവാം മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

വിശാലമായ പന്തലിൽ നിറയെ ആളുകൾ. ഭൂരിഭാഗവും സ്ത്രീകൾ.. പല തരക്കാർ... പല പ്രായക്കാർ....  സ്വാമിജി പ്രഭാഷണം തുടരുമായാണ്...   
' എന്തും സഹിക്കാനും.... ക്ഷമിക്കാനും ഉള്ള കഴിവുണ്ടാകണം.... അവനവന്റെ നേട്ടങ്ങളിലും, ഉയർച്ചകളിലും അഹങ്കരിക്കാതിരിക്കുക.... ഈ നേട്ടങ്ങൾക്കും, ഉയർച്ചക്കും പിന്നിൽ ഈശ്വരചൈതന്യമുണ്ടെന്നു മനസ്സിലാക്കി ജീവിക്കുക.... ' ഒന്നു മെല്ലെ നിറുത്തി സ്വാമിജി തെല്ലു  ശബ്ദമുയർത്തിപ്പറഞ്ഞു  'അഹങ്കാരവും, സ്വാർത്ഥതയും വെടിയുക.....'  ഈ വാക്കുകൾ ഉച്ചഭാഷിണിയിലൂടെ ഇത്തിരി ഉറക്കെ മുഴങ്ങുന്നു.....

' അയ്യോ ചേച്ചീ..... എന്താ ഇപ്പം പുള്ളിക്കാരൻ  പറഞ്ഞേ.. ഞാനങ്ങു പേടിച്ചുപോയി..... ' ഞാനവളുടെ കാലിൽ മെല്ലെ ചവിട്ടി.... " സുമീ... ഒന്നു പതുക്കെ.... ആളുകൾ ശ്രദ്ധിക്കും...  'സ്വാമിജി....' നീ അങ്ങനെ പറയൂ... "
' ഓ... സോറി ചേച്ചി.....ഈ സ്വാമിജി എന്തായീ പറയുന്നേ...' അവൾ സ്റ്റേജിലേക്ക് നോക്കിച്ചിരിക്കുന്നു. 
ഞാനവളെ ശാസിച്ചു   " സുമീ.... സ്വാമിജി ഓഡിയൻസിനെ ശരിക്കും ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... നീ ഓരോ ചേഷ്ടകൾ കാണിക്കല്ലേ...."
' പ്ളീസ് ചേച്ചീ..  സ്വാമിജി എന്താ പറഞ്ഞേ...'
ഓ..  അതിനി എങ്ങനെ ഇവളെ പറഞ്ഞു മനസ്സിലാക്കാൻ.... ഒച്ചതാഴ്ത്തി അവളുടെ ചെവിയിൽ പറഞ്ഞു. ... "    'Pride and selfishness' ....അതു പാടില്ല  എന്ന് ... മനസ്സിലായോ..."
'   Ok....ok...   '.   അവൾ സമ്മതിച്ചു. 
അവൾക്കു മനസ്സിലായോ..  എന്തോ.. സ്വാമിജി പ്രഭാഷണം തുടരുന്നു. 
ശബ്ദത്തിന് നല്ല ഗാഭീര്യം.... സദസ്സിനെ പിടിച്ചിരുത്തുന്ന പ്രഭാഷണം...
  ' ക്ഷമ..... അതാണ് പ്രധാനം...  നാം ക്ഷമാശീലരാകൂ.....    '  അദ്ദേഹം തുടരുകയാണ്. 
'ഓ... ചേച്ചി..  ഇതെപ്പോ തീരും ഈ speech  ....    '  സുമിയുടെ വാക്കുകളിൽ  വിരസത.
  " എന്റെ സുമീ.... നീ സ്വാമിജിയുടെ വാക്കുകൾ ശ്രദ്ധിക്കൂ.....patience... That is important .." 
' ഓ ...സോറി ചേച്ചി... ഓകെ.... ഓകെ..'
അവൾ വീണ്ടും കസേരയിലേയ്ക്ക് ചാഞ്ഞിരുന്നു. 
സ്വാമിജി പറയുന്നു      '  അലസത വെടിയൂ.... കർമ്മനിരതരാകൂ.... സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കൂ... '.    ഒന്നുനിർത്തി  സ്വാമിജി സദസ്സിനെ നോക്കി ഒന്നൂടെ ആവർത്തിക്കുന്നു  ...     ' സമയത്തെ .....ശരിയായ ....രീതിയിൽ...     '  ചോദ്യരൂപേണ സദസ്സിനെ നോക്കുമ്പോൾ മുൻനിരയിലെ സ്ത്രീകൾ ആവേശത്തോടെ അതു പൂരിപ്പിക്കുന്നു....' വിനിയോഗിക്കണം ...' 
തോളിലേക്ക് ഒരു ബലം...  സുമി ഉറക്കം തൂങ്ങി ..എന്റെ തോളിലേക്ക്... മെല്ലെ...   "ഓ... സുമീ.... " ഞാൻ വിളിച്ചു.
സ്വാമിജിയുടെ ശബ്ദം       'ഉറങ്ങുന്നവരെ ഉണർത്തൂ..   ' 
ഞാനവളെ തൊട്ടുവിളിച്ചു      "സുമീ നിന്നെ നോക്കിയാണെന്നു തോന്നുന്നു." 
' ഓ സോറി ചേച്ചി..  സോറി... ഇനി ഉറങ്ങില്ല... ഉറപ്പ്...'
' നാളെ ഇവളെ ഇങ്ങോട്ടു കൊണ്ടുവരില്ല ... ഉറപ്പ്... ' ഇതു ഞാനും മനസ്സിൽ ഉറപ്പിക്കുകയായിരുന്നു. 

സ്വാമിജി വീണ്ടും പ്രഭാഷണം തുടരുന്നു .. സദസ്യരിൽ മുൻനിരയിലെ സ്ത്രീജനങ്ങളാണ് ഏറ്റവും ആകാംക്ഷയോടെയും, ശ്രദ്ധയോടെയും ഇരിക്കുന്നത്. ഉമേച്ചി അത്യന്തം ശ്രദ്ധയോടെ സ്വാമിജിയുടെ വാക്കുകൾ കേട്ടിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ചേച്ചി തിരിഞ്ഞുനോക്കിയപ്പോൾ സുമി കൈകാണിച്ചു. മുൻനിരയിൽ ഒഴിവിലുള്ള സീറ്റിലേക്ക് ചേച്ചി  കൈയാട്ടിവിളിച്ചിട്ടും ഞങ്ങൾ പോയില്ല. ഉമേച്ചിയെയോ, അവർക്കൊപ്പം മുൻനിരയിലിരിക്കുന്ന സ്ത്രീകളെയോപോലെ ശ്രദ്ധാപൂർവം അതു കേട്ടിരിക്കാൻ എനിക്കോ, സുമിക്കോ ആവില്ല. ചുറ്റുമുള്ളതിലേയ്ക്ക് ശ്രദ്ധ പതറും. സ്ത്രീജനങ്ങളിൽ കൂടുതലും മദ്ധ്യവയസ്സു കഴിഞ്ഞവർ.പലതും പരിചിതമുഖങ്ങൾ. വീട്ടിലെ പ്രാരാബ്ധങ്ങളിലും , ജോലിയിലും, പ്രശ്നങ്ങളിലും കിടന്നു നട്ടംതിരിഞ്ഞ സ്ത്രീജനങ്ങൾക്ക് ഒരു ഇടക്കാലാശ്വാസം. അവർ ഓരോ ദിവസവും വെളുപ്പിനെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്ത് ഓടിയെത്തുന്നു.
ഉച്ചക്കഞ്ഞി സൗജന്യം. അതുകഴിച്ച് ഉച്ചകഴിഞ്ഞും അവർ അലസത വെടിഞ്ഞ് സ്വാമിജിയുടെ വാക്കുകൾ ശ്രദ്ധിച്ച് ആനന്ദഭരിതരായി ഇരിക്കുന്നു. ഉമേച്ചിയുടെ നിർബന്ധംകൊണ്ടാണ് വന്നതെങ്കിലും ഇപ്പോൾ അല്പം ഇഷ്ടം തോന്നുന്നു. കുറച്ചു ദിവസത്തേക്കെങ്കിലും എന്തിൽനിന്നൊക്കെയോ ഒരു മോചനം. മറ്റുള്ളവരെപ്പോലെ ഒരു ഇടക്കാലാശ്വാസം. സുമിയെ ശാസിക്കുന്നുണ്ടെങ്കിലും സ്വാമിജിയുടെ വാക്കുകളിൽ പൂർണ്ണമായും ശ്രദ്ധചെലുത്താൻ തനിക്കും ആവുന്നില്ല. ചുറ്റുമുള്ളതിലേയ്ക്ക് ശ്രദ്ധ പതറുന്നു....     'ഏകാഗ്രത.... അതാണ് പ്രധാനം....'  സ്വാമിജിയുടെ ഗാഭീര്യം നിറഞ്ഞ ശബ്ദം.
  
അന്നത്തെ ഉച്ചക്കഞ്ഞി കുടിക്കാനായി ഉമേച്ചി ഞങ്ങളെയും കൂട്ടി. കഞ്ഞി സുമിക്കേറെ ഇഷ്ടമായി.      'നല്ല രുചി....ചേച്ചി...     ' കോട്ടിയ പ്ലാവിലകൊണ്ടു കഞ്ഞികോരിക്കുടിക്കുന്നതിനിടയിൽ  അവൾ പറഞ്ഞു    'നമുക്കു നാളേം വരണേ ചേച്ചി...  '.   അവളുടെ സംസാരം കേട്ട് അടുത്തിരുന്നവർ ഞങ്ങളെ നോക്കിച്ചിരിച്ചു.
പിറ്റേന്നും എന്നേക്കാൾ സുമിക്കായിരുന്നു ഉത്സാഹം . അവൾ ധിറുതി കൂട്ടി 
' വേഗം ചേച്ചീ... വേഗം... '  കഞ്ഞിയുടെ രുചിയോർത്താണോ അതോ എന്താവും അവൾ ഉദ്ദേശിച്ചത്... ഞാനോ എന്താണ് ഉദ്ദേശിക്കുന്നത്.....ഒന്നും ഇല്ല ....വെറുതെ ഒരു മാറ്റം.... അത്ര തന്നെ...

അന്ന് സ്ത്രീകൾ ഒക്കെയും നല്ല ഉത്സാഹത്തിൽ.... സ്വാമിജിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടക്കുന്നത്രെ....   വധൂവരന്മാർ , അവരുടെ മാതാപിതാക്കൾ.....  
സ്റ്റേജിൽ ............  വിവാഹച്ചടങ്ങുകൾ തുടങ്ങുന്നു.... 
   ' ഒരു മംഗളകർമ്മം നടക്കാൻ പോവുന്നു...നിങ്ങളുടെ ഏവരുടെയും സാന്നിദ്ധ്യത്തിൽ നമ്മുടെ പ്രിയപ്പെട്ട സ്വാമിജിയുടെ  നേതൃത്വത്തിൽ ചടങ്ങുകൾ തുടങ്ങാൻ പോവുന്നു....' ഉച്ചഭാഷിണിയിലൂടെ അനൗൺസ് മെന്റ് ...... എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്ക്....  താലികെട്ടൽ എന്ന പരിപാവനമായ ചടങ്ങ് നടക്കാൻ തുടങ്ങുമ്പോൾ സ്വാമിജിയുടെ വാക്കുകൾ 
' നിങ്ങൾ എല്ലാവരും ഇവർക്കുവേണ്ടി പ്രാർത്ഥിക്കൂ......'
ചുറ്റും നോക്കി..... എല്ലാവരും സ്റ്റേജിലേക്ക് മിഴിച്ചുനോക്കി ഒരേയിരുപ്പ്.... 
സ്വാമിജി പറയുന്നു....   ' ഈ കൂട്ടത്തിൽ വിവാഹം കഴിക്കാത്ത കുട്ടികളുടെ അമ്മമാരില്ലേ.... ഉണ്ടോ.... നിങ്ങളുടെ കുഞ്ഞുങ്ങളാണെന്നു കരുതി  ഇവർക്കുവേണ്ടി പ്രാർത്ഥിക്കൂ.... നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അതിന്റെ നന്മയുണ്ടാവും.... തീർച്ച.....'
ചുറ്റുമൊന്നു കണ്ണോടിച്ചു ... ഈശ്വരാ.... സ്വാമിജിയുടെ വാക്കുകൾക്ക് എത്ര തീക്ഷണത.... ശക്തി.....എല്ലാവരും കണ്ണടച്ച് പ്രാത്ഥനാനിരതരാകുന്നു.... പലരുടെയും പ്രാർത്ഥന ഉച്ചത്തിലാകുന്നു. ഞാൻ സുമിയെനോക്കി. അവൾ തന്റെ മൊബൈലിൽ കണ്ണോടിച്ച് എന്തോ മെസ്സേജടിക്കുന്നു....
. " ഓ... സുമീ... നീ സ്വാമിജി പറഞ്ഞ കേട്ടോ...."
'ഓ...  സോറി ചേച്ചി.... എന്താ സ്വാമിജി പറഞ്ഞേ...'
" പ്രാർത്ഥിക്കാൻ.."
സുമി കണ്ണടച്ചു.... വീണ്ടും കണ്ണു തുറന്നിട്ട് ചോദിച്ചു ' എന്താ ചേച്ചി പ്രാർത്ഥിക്കേണ്ടേ...'
" അവർക്കു നല്ലതു  വരുത്തണെ... എന്ന്.." 
അവൾ കണ്ണുകളടച്ചു പ്രാർത്ഥിക്കുന്നു. ഞാൻ വീണ്ടും ചുറ്റും വീക്ഷിച്ചു. എല്ലാവരും പ്രാർത്ഥനയിൽ... ഞാനോ..?
...ഈശ്വരാ... ഞാനും പ്രാർത്ഥിക്കട്ടെ...

വിവാഹം മംഗളമായി നടന്നു. സ്വാമിജി വധുവരന്മാരോട് പറയുന്നു      ' കുട്ടികളേ..... നിങ്ങൾ ഭാഗ്യംചെയ്തവരാണ്... '    സദസ്സിനെ നോക്കി    'ഇത്രയും ആളുകൾ നിങ്ങളുടെ വിവാഹച്ചടങ്ങിനായി എത്തിയവരാണ്....അവരുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്  നിങ്ങൾക്കായി...അവരുടെ അനുഗ്രഹവും..'
വീണ്ടും സ്വാമിജി സദസ്സിനെ നോക്കി ഉച്ചത്തിൽ പറയുന്നു....'സമ്മാനദാനത്തിനുള്ള സമയമാണ്...'
ക്ഷേത്രഭാരവാഹികളോ, നടത്തിപ്പുകാരോ ആരൊക്കെയോ സ്റ്റേജിൽക്കയറി അവർക്കെന്തോ സമ്മാനമായി കൊടുക്കുന്നു. സ്വാമിജി സദസ്സിനെ നോക്കി പറയുന്നു.... ' നിങ്ങൾക്കും എന്തെങ്കിലും നിങ്ങളാലാവുന്ന സമ്മാനങ്ങൾ കൊടുക്കാം..... അതെന്തുമാവാം..... ഇന്നത് എന്നൊന്നും ഇല്ല.... ' 
സദസ്സിൽ ചെറിയ സംസാരം.... സ്ത്രീജനങ്ങൾ പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. മൊബൈലിൽ മെസ്സേജടിച്ചിരിക്കുന്ന സുമിയോടു ഞാൻ പറഞ്ഞു... "എന്തുകൊടുക്കാനാണ്...? പേഴ്സ് പോലും നമ്മൾ എടുത്തിട്ടില്ല ".
'നമുക്കു കഞ്ഞി കുടിക്കുന്നിടത്തേയ്ക്കു നീങ്ങാം... ചേച്ചീ... വിശക്കുന്നു.. '  സുമിയുടെ മറുപടി.
" ഉം ... നിന്റെയൊരു കഞ്ഞി...." ഞാനവളുടെ കൈയിൽ  നുള്ളി. സ്ത്രീജനങ്ങളുടെ  സംസാരവും.... ചിരിയും..." 
സ്വാമിജി വീണ്ടും പറയുന്നു...  ' നിങ്ങളുടെ കൈയിൽ ഇവർക്കായി കൊടുക്കാൻ ഒന്നുമില്ലേ...? '
ഞാൻ സ്റ്റേജിലേക്കു നോക്കി.... ഏ.... ഉമേച്ചി.... അതാ.... സ്റ്റേജിലേക്കു നടന്നു കയറുന്നു.... ഈ ഉമേച്ചി എന്താ ചെയ്യുന്നേ.... എന്നും പരിഭവവും... പരാധീനതയും പറയുന്ന ഉമേച്ചി സ്റ്റേജിൽക്കയറി വധൂവരന്മാരെ ആശ്ലേഷിക്കുന്നു... പരിചയക്കാരിൽ ആരോ ഞങ്ങളോട്... 'അതാ നിങ്ങളുടെ ഉമ...' 
ഉമേച്ചി ആ പെൺകുട്ടിക്ക് എന്തോ കൊടുക്കുന്നു... പുറംതിരിഞ്ഞുനിൽക്കുന്നതിനാൽ ഉമേച്ചി എന്താ കൊടുക്കുന്നതെന്നു കാണാൻ കഴിയുന്നില്ല... പിന്നെയും ആരോ ഒന്നോ രണ്ടോപേർ സ്റ്റേജിലേക്ക് കയറുന്നു. ആൾക്കൂട്ടം ഉച്ചക്കഞ്ഞിക്കായി പന്തലിന്റെ പിറകിലേക്ക് നീങ്ങുന്നു.... സുമി എന്നെയും പിടിച്ചുവലിച്ചുകൊണ്ട് അവർക്കൊപ്പം... 
ഉച്ചക്കഞ്ഞിക്കായുള്ള നീണ്ട ക്യൂവിൽ അല്പം പിറകിലായി ഞാനും, സുമിയും ക്ഷമയോടെ നിന്നു.... ഓ .... അതാ .... ഉമേച്ചി... ക്യൂവിന് ഏറ്റവും മുൻപിലായി .... ഏ...  ഇതെപ്പോ ഉമേച്ചി ഇത്രവേഗം ഇവിടെ... ഞാൻ പിറകിൽ നിന്നും നീട്ടി വിളിച്ചു.." ഉമേച്ചീ...."
ഉമേച്ചി ഞങ്ങളെ നോക്കി   ' ഏ ....നിങ്ങൾ പിറകിലാണോ.... എവിടാരുന്നു രണ്ടും...? '
ഞാൻ കൈകൊണ്ടാംഗ്യത്തിൽ  ചോദിച്ചു " എന്താ .. അവർക്കു കൊടുത്തത് എന്ന്.."
ഉമേച്ചി പറഞ്ഞു   'ഉച്ച കഴിഞ്ഞു ക്ലാസ്സുണ്ട് ... ധൃതിയാ.... വേഗം കഴിച്ചിട്ടു പോവട്ടെ...'
ഉമേച്ചി അകത്തേക്ക് കയറി. ഞങ്ങൾ ഊഴവും കാത്തു ക്ഷമയോടെ നിൽപ്പായി .
ഉമേച്ചി ഭക്ഷണം കഴിച്ച് സ്പീഡിൽ ഇറങ്ങിവരുന്നു.... 
ഞങ്ങളോട്  ' ഞാൻ പോട്ടെ.... ധൃതിയുണ്ട്... '  എന്ന് ഉമേച്ചി.
ഞാൻ  കൈയാട്ടി   ഉമേച്ചിയെ ഞങ്ങളുടെ അരികിലേക്ക് വിളിച്ചു . ഉമേച്ചി ധൃതിയിലോടി വന്നു. മൊബൈലിൽ  മെസ്സേജ് അടിച്ചുനിന്ന സുമിയോടു ചൂടാവുന്നു   'നിനക്കു സർവ്വസമയവും ഇതേ ഉള്ളോ ...? '
ഞാൻആകാംക്ഷ അടക്കാനാവാതെ ചോദിച്ചു ..." ഉമേച്ചി അവർക്കെന്താ കൊടുത്തേ..?"
ഉമേച്ചി ഒന്നു ചിരിച്ചു. പിന്നെ എന്റെ ചെവിയിൽ പറഞ്ഞു   'എന്റെ മോളെ... ബാഗിൽ വണ്ടിക്കൂലി കഴിച്ച് ഒറ്റപ്പൈസയുണ്ടായിരുന്നില്ല.... ഞാനങ്ങു വിഷമിച്ചു. പെട്ടെന്നൊരു തോന്നലിൽ ദാ... ഈ നടുവിരലിൽ കിടന്ന ചെറിയമോതിരമുണ്ടായിരുന്നില്ലേ അതൂരി ഞാനാ കുട്ടിയുടെ  കൈയിലിട്ടു '.
ങേ.... ഞാനും,സുമിയും   ഒന്നുപോലെ അത്ഭുതംകൂറി  ഉമേച്ചിയെ നോക്കി. അതു മനസ്സിലാക്കിയെന്നവണ്ണം ഉമേച്ചി പറഞ്ഞു    'പോട്ടെ മോളെ... സാരമില്ല... പാവങ്ങൾ.... എനിക്കും ഉണ്ടായിട്ടല്ല.... എന്നാലും...
 ഞാൻ പോട്ടെ... എന്റെ ബസ് പോകും..  '  ഉമേച്ചി ഓടിപ്പോയി. 
"ഈ ഉമേച്ചിയുടെ ഒരു കാര്യം.." ഞാൻ സുമിയോടു പറഞ്ഞു. 
സുമിയുടെ കമന്റ്     '  ചേച്ചീ.... ഉമേച്ചിയുടെ ഹൃദയം ഒരു പൂവുപോലെയാണ്...  '. 

അന്ന് വിവാഹസ്പെഷ്യൽ സദ്യ ആയിരുന്നു. വിഭവസമൃദ്ധമായ സദ്യ. 
സുമി പറഞ്ഞു  'ഹോ അടിപൊളി ഫുഡ് '. 
പായസം പഴംഞെരടിക്കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു
  'ഹായ് ... എന്താ ടേസ്റ്റ്.... ഇന്നു വൈകിട്ട് മമ്മി വിളിക്കുമ്പോൾ ഉറപ്പായും പറയും  'മമ്മിയ്ക്കു ഇതു വലിയൊരു നഷ്ടമാണെന്ന് ... '....' 
" എന്തു നഷ്ടമാണെന്ന്..? ഈ ഫുഡോ....? " ഞാനവളോട് ചോദിച്ചു. അടുത്തിരുന്നവർ ഞങ്ങളെ നോക്കി ചിരിച്ചു.
സ്ത്രീകൾ പലരും സങ്കടത്തിലായിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ഇന്നുകൊണ്ട്  തീരുമത്രെ....... 'ഓ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ ... 'പലരും സങ്കടപ്പെടുന്നു.  ഉച്ചകഴിഞ്ഞത്തെ സ്വാമിജിയുടെ പ്രഭാഷണം കേൾക്കാനായി ഊണ് കഴിഞ്ഞവർ വേഗം പന്തലിലേക്ക് നീങ്ങുന്നു. എല്ലാവരും ഒരേ സംസാരം .... 'ഹോ... സ്വാമിജി ഇന്നു വൈകുന്നേരത്തോടെ തിരികെപോവും '.  പലരുടെയും സംസാരത്തിൽ വിഷാദം....
ഏമ്പക്കം വിട്ടു സുമി പറയുന്നു '  ഹോ... ചേച്ചി സദ്യ ഉണ്ടതും ഉറക്കം വരുന്നു... നമുക്ക് വീട്ടിൽ പോവാം. എനിക്കും ലേശം ഉറക്കക്ഷീണം... ' എന്നാലും ഞാൻ പറഞ്ഞു "  സുമി സ്വാമിജി ഇന്നൂടെയേ  ഉള്ളൂ "
 'ഓ ചേച്ചീ.... എനിക്കു വയ്യ.... നമുക്ക് വീട്ടിൽ പോവാം.... '
ഞങ്ങൾ വേഗം പന്തലിനു വെളിയിലേക്കു നടന്നു . അവിടെനിന്ന  പരിചയക്കാരിലാരൊക്കെയോ ചോദിച്ചു   ' നിങ്ങൾ നിൽക്കുന്നില്ലേ...സ്വാമിജി ഇന്നൂടെയെ  ഉള്ളൂ....  ' ഞങ്ങൾ വെറുതെ നുണ പറഞ്ഞു " ഒരത്യാവശ്യം ഉണ്ട്... വേഗം പോവണം ....." 
സുമി നടക്കുന്നതിനിടയിൽ ഹിന്ദി ഗാനം മൂളുന്നു... ഞാനവൾക്കു പിറകെ..... " സുമീ.... ഉറക്കം വന്നിട്ട് വയ്യ.... വേഗം നടക്കൂ..."
ഞാനവളോടു ചോദിച്ചു " സുമീ... വൈകിട്ടു ചേച്ചി വിളിക്കുമ്പോൾ നീ എന്തു പറയും?"
 ' മമ്മീ....  അടിപൊളി സദ്യയും, കഞ്ഞിയും ഒക്കെയുണ്ടായിരുന്നു എന്നു പറയും ചേച്ചീ..'
" ഓ.... സുമീ... ചേച്ചി സ്വാമിജിയെപ്പറ്റി ചോദിക്കുമ്പോൾ നീ എന്തു പറയും..?"
സുമി:   ' അയ്യോ ... സോറി ചേച്ചി... ഈ സ്വാമിജി പറഞ്ഞതൊന്നും എനിക്കു പിടികിട്ടിയില്ല....... ഞാൻ പാതിമയക്കത്തിലായിരുന്നു... '
ഞാനവളെ അടിക്കാനായി  കൈയോങ്ങി  " ഓ... സുമീ... നിന്നെ ഞാൻ...." 
അവൾ ചിരിച്ചുകൊണ്ട് മുന്നേ ഓടി..
ഓടിവന്നു ഞാനും, സുമിയും ഹാളിൽക്കിടന്ന സോഫയിലേയ്ക്ക് വീണു.....  അവളുടെ കൂർക്കംവലി... ഞാനും മെല്ലെ... മയക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോൾ ..... സ്വാമിജിയുടെ മുഴക്കമുള്ള ഗാഭീര്യമാർന്ന സ്വരം  കാതിൽ .....    'അലസത വെടിയൂ......... കർമ്മനിരതരാകൂ.... സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കൂ.... ' 
ഞാൻ മനസ്സിൽ പറഞ്ഞു " എന്റെ സ്വാമിജീ..... നിങ്ങൾ ഉറങ്ങാനും സമ്മതിക്കില്ലേ......." 
സുമി ഉറക്കപ്പിച്ചിൽ ആണെന്ന് തോന്നുന്നു എന്തോ പിറുപിറുക്കുന്നു .... ഞാൻ വിളിച്ചു " എടീ ... സുമീ..." അവൾ ഞരങ്ങിക്കൊണ്ട് തിരിഞ്ഞുകിടന്ന് വീണ്ടും കൂർക്കംവലി .... 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
                                                 : ശുഭം
ഗീതാ ഓമനക്കുട്ടൻ.