ഇത്തവണ നാട്ടിൽ പോകും മുൻപ് കഫീലിന്റെ വീട്ടിലൊന്നു പോവണം എന്ന് ഭർത്താവ് പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു മടി . കാരണം മറ്റൊന്നുമല്ല കടുത്ത ഭാഷാദാരിദ്ര്യം തന്നെ.
നാലഞ്ചുവർഷം ഇവിടെ സ്ഥിരമായി നിന്ന് ഇപ്പോൾ കുറെ നാളുകളായി വെക്കേഷനു വന്ന് ഒരുമാസക്കാലം ചിലവഴിച്ച് റീഎൻട്രി അടിച്ചു നാട്ടിൽ പോകുന്ന എനിക്ക് ഇന്നുവരെ അറബിവാക്കുകൾ നേരാംവണ്ണം പഠിച്ചെടുക്കാൻ കഴിയാത്തതിൽ നേരിയ അപകർഷതാബോധം മനസ്സിൽ. കഫീലിന്റെ ബീവി എന്റെ വീട്ടിൽ വന്നിട്ടുണ്ട് ഞാൻ അവരുടെ വീട്ടിൽ പോയിട്ടുമുണ്ട്. ഇവിടെ വരുമ്പോളൊക്കെ അവർ എന്നെ അങ്ങോട്ടു ക്ഷണിക്കാറുണ്ട്. ഭർത്താവു പറയുന്നത് 'നിനക്കവരുടെ അടുത്ത് ഇടയ്ക്കിടെ പോയി സംസാരിച്ചിരുന്നാൽ കുറച്ചൊക്കെ അറബി പഠിച്ചെടുക്കാൻ കഴിയില്ലേ? ' എന്നാണ്. ശരിയാവാം. പക്ഷെ അറബികളുടെ വീട്ടിലെ രീതികളും, ആചാരമര്യാദകളും നല്ല നിശ്ചയമില്ലാത്തതിനാൽ അങ്ങോട്ടു പോകുന്ന കാര്യം ഓർക്കുമ്പോൾ ഒരു മടി.
ആദ്യമായി അവരുടെ വീട്ടിൽ പോയത് ഇന്നും ഓർമ്മയിൽ വരുന്നു. ഭാഷ വശമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കുറച്ചു ഫ്രണ്ട്സ് ഉള്ളതുകൊണ്ട് ഞാനവരുടെ സഹായം ആവശ്യപ്പെട്ടു. അവിടെപോകാൻ അവർ ഒപ്പം വരമെന്നേറ്റെങ്കിലും പ്രതീക്ഷിക്കാതെ ഒരു ദിവസം അസർസലക്കുശേഷം
( നാലുമണി നിസ്കാരസമയം ) ഡ്യൂട്ടിക്കു പോകുംമുൻപ് ഭർത്താവു പറഞ്ഞു " ഇന്നുരാത്രി അവരുടെ വീട്ടിൽ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. എട്ടുമണിക്കു റെഡിയായി നിൽക്കണം " എന്റെ മറുപടിക്കു കാക്കാതെ അദ്ദേഹം വേഗം പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. എന്തായാലും കൃത്യം എട്ടുമണിക്കു തന്നെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി.
മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ചെറിയ ഒരു ഇടനാഴി. ഭർത്താവു കാളിംഗ് ബെല്ലടിച്ചു. നേരെ കാണുന്ന വാതിൽ തുറന്ന് അറബി ഭർത്താവിനു ഹസ്തദാനം നല്കി സ്വീകരിച്ചു. അകത്തുനിന്നുകൊണ്ടുതന്നെ അയാൾ എന്തോ ഭർത്താവിനോടു പറഞ്ഞു. ഇടത്തേഭാഗത്തു കാണുന്ന വാതിലിലേക്കു ചൂണ്ടി ഭർത്താവു പറഞ്ഞു " ആ ഡോർ തുറന്ന് അങ്ങോട്ടു കയറിച്ചെന്നോളൂ".
എനിക്കാണെങ്കിൽ ആകെ അങ്കലാപ്പ്. ' ഗദ്ദാമ ' സിനിമയിൽ കാവ്യാമാധവൻ ആദ്യമായി അറബിയുടെ വീട്ടിൽ കയറിച്ചെല്ലുമ്പോഴുള്ള അതേ റ്റെൻഷനോടെയാണ് ഞാനകത്തേക്ക് കടന്നത്.
" ഈശ്വരാ.... " ഞാൻ മനസ്സറിഞ്ഞു വിളിച്ചു. ഇനി എന്താവും.
പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് അതീവസുന്ദരിയായ ഒരുവൾ( നന്നേ ചെറുപ്പം) " സലാം അലൈകും " പറഞ്ഞ് ആശ്ലേഷിച്ച് ഇരുകവിളുകളിലും മുത്തം തന്ന് സ്വീകരിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ അണിഞ്ഞിരുന്ന പർദ്ദ ( ബുർക്ക) അഴിച്ചുമാറ്റാൻ പറഞ്ഞു. ഞാനത് അഴിച്ചു മാറ്റുമ്പോൾ അവൾ ഓടിവന്ന് എന്റെ പർദ്ദ വാങ്ങി ഒട്ടും ചുളിവു വരുത്താതെ ഭംഗിയായി ഒരു ഹാങ്ങറിൽ തൂക്കി അകത്തേമുറിയിലുള്ള സ്റ്റാന്റിൽ കൊണ്ടിട്ടു.
ആദ്യദർശനത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. എന്റെ കറുപ്പിൽ ഗോൾഡൻ വർക്കുള്ള കുർത്ത പിടിച്ചു നോക്കി " ഗുഡ്... ഗുഡ് " എന്നു പറഞ്ഞു. ഒട്ടും അപരിചിതത്വം തോന്നിപ്പിക്കാത്ത അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു.
ടീവി ഓണാക്കി ഹിന്ദി ചാനൽ വച്ച് അവൾ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ചോദിച്ചു
" Do you like Hindi film " . " Yes" എന്നവളുടെ മറുപടി. " Do you like to visit kerala?"
എന്നു ചോദിക്കുമ്പോൾ അവൾ വളരെ താല്പര്യത്തോടെ " yes...yes like Kerala"
എന്നുപറഞ്ഞു.
അവൾ നിറഞ്ഞ ചിരിയോടെ സംസാരം തുടങ്ങി. അവളുടെ അമ്മയെയും, അനിയത്തിയെയും പറ്റിപ്പറഞ്ഞു. പകുതി അറബിയിലും, പകുതി ഇംഗ്ലീഷിലുമായിരുന്നു അവളുടെ സംസാരം. ഞാനും എന്റെ വിശേഷങ്ങൾ പങ്കുവച്ചു. പകുതി ഇംഗ്ലീഷിലും, പകുതി മലയാളത്തിലും. അവളുടെ അമ്മക്ക് സുഖമില്ല എന്നു പറഞ്ഞ് എന്റെ അമ്മയെപ്പറ്റി തിരക്കി. ഞാൻ എന്റെ അച്ഛനും, അമ്മയും ജീവിച്ചിരിപ്പില്ല എന്നു പറയുമ്പോൾ " അള്ളാ.... " എന്നു പറഞ്ഞ് അവൾ സങ്കടപ്പെട്ടു.
എട്ടുമക്കളിൽ ഏറ്റവും ഇളയവളാണ് ഞാൻ എന്നുപറഞ്ഞപ്പോൾ അവൾ സന്തോഷപൂർവം എന്റെ കവിളിൽ തലോടി. ഞങ്ങൾക്ക് ഒരേയൊരു മകനെയുള്ളൂ എന്നുപറയുമ്പോൾ അവൾ അത്ഭുതപ്പെട്ടു.
ഈ വിശേഷങ്ങളത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയത് അറിയാവുന്ന ഭാഷയിലൂടെയും, ആംഗ്യത്തിലൂടെയും ആയിരുന്നു. അവളുടെ വീടിനകം എല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു. ചെറിയ ഒരു വീടായിരുന്നെങ്കിലും വളരെ രാജകീയമായ അലങ്കാരങ്ങളായിരുന്നു അതിനുള്ളിൽ. അവളുടെ കുട്ടി പിച്ചവച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മിടുക്കനായ ആ കുഞ്ഞിനെ ഞാനെടുത്തു ലാളിച്ചു. ഈ സമയങ്ങളിലൊന്നും അവിടെ പുരുഷപ്രജകൾ ഉള്ളതായോ അവരുടെ എന്തെങ്കിലും ശബ്ദമോ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. അവളുടെ അതീവഹൃദ്യമായ ആതിഥേയമര്യാദ നിറഞ്ഞ പെരുമാറ്റം.... ഞാനവിടെ ചിലവഴിച്ചത്രയും സമയം അപ്പുറത്തെ മുറിയിൽ എന്റെ ഭർത്താവ് ഉണ്ടായിരിക്കുമോ? അതോ പോയോ ? എന്നൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അവളുടെ ഇൻഡോനേഷ്യൻസെർവന്റ് ഭക്ഷണം ഉണ്ടാക്കി. മട്ടൻ റൈസും, ജ്യൂസും, സെവൻ അപ്പും സെർവ് ചെയ്തു. ഞാനും, അവളും, അവരുടെ സെർവന്റും ഞങ്ങൾ മൂവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇവിടെ യജമാനത്തി എന്നോ പരിചാരിക എന്നോ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം കുടുംബാംഗത്തെ എന്നപോലെയുള്ള പെരുമാറ്റരീതികൾ ഞാൻ വളരെ ആദരപൂർവം ശ്രദ്ധിച്ചു. എരിവോ, മസാലയോ ചേർക്കാത്ത മട്ടൺ റൈസ് രുചിയോടെയാണ് ഞാൻ കഴിച്ചത്. യാത്ര പറഞ്ഞ് പിരിയാൻ നേരം വലിയൊരു ഗിഫ്റ്റ് ബോക്സ് തന്നാണ് അവൾ എന്നെ യാത്രയാക്കിയത്. അതിൽ നിറയെ മേക്കപ്പ് ഐറ്റംസ് ആയിരുന്നു.
അടുത്തതവണ നാട്ടിൽ പോയി തിരികെ വരുമ്പോൾ ഞാനവൾക്കായി റോസ് നിറത്തിൽ ഭംഗിയുള്ള ഒരു ടോപ്പും, അതിനു ചേരുന്ന പേളുമാലയും ഗിഫ്റ്റ് ആയിക്കൊണ്ടുവന്നു കൊടുത്തു. അതു തുറന്നു നോക്കിയ അവൾ സന്തോഷപൂർവം ആമാല കഴുത്തിലണിഞ്ഞ് എന്നോടു താങ്ക്സ് പറഞ്ഞു. പിന്നീടൊരിക്കൽ സെർവന്റിനെയും കൂട്ടി അവൾ എന്നെക്കാണാനായി വന്നു. അന്നവൾ രണ്ടാമതും ഗർഭിണിയായി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അന്ന് ഞാനുണ്ടാക്കിക്കൊടുത്ത നമ്മുടെ മലയാളികളുടെ പ്രിയവിഭവമായ പഴംപൊരി ( ഏത്തക്കാഅപ്പം ) അവൾക്ക് ഒരുപാടിഷ്ടമായി.
ഇത്തവണ അവരുടെ വീട്ടിൽ പോവാനായി ഭർത്താവ് ഓർമ്മപ്പെടുത്തുന്നതിനു കാരണം അവൾക്കു രണ്ടാമതുണ്ടായ കുഞ്ഞിനെ പോയിക്കാണുവാനാണ്. ഞാൻ നാളെ...... നാളെ...... പറഞ്ഞ് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വേഗം തന്നെ ഒരു വൈകുന്നേരം അവളുടെ വീട്ടിലേക്കു പോയി. ഇപ്രാവശ്യവും മനസ്സിൽ അകാരണമായ ഒരു ശങ്കയോടെയാണ് അങ്ങോട്ടേക്ക് പോയത്. ഭർത്താവ് എന്നെ അവരുടെ വീട്ടുപടിക്കൽ കൊണ്ടാക്കി തിരികെ പോയി. ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. പഴയ ഇൻഡോനേഷ്യൻ സെർവെന്റ് ഡോർ തുറന്ന് എന്നെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.
അവളുടെ വീട്ടിൽ നിറയെ അതിഥികൾ ആയിരുന്നു. അവരുടെ ബന്ധുക്കൾ. ഞാനാദ്യം ഒന്നമ്പരന്നു. അവളെന്നെ അവർക്കു പരിചയപ്പെടുത്തി. അവർ " ഇന്ത്യാ------ഇന്ത്യാ----" എന്നു ചോദിക്കുന്നതു കേൾക്കാമായിരുന്നു. അവിടെ പെണ്ണുങ്ങളുടേത് മാത്രമായ ഒരുലോകമായിരുന്നു. പ്രായമായ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം എന്നെ തെല്ലൊന്ന് അലോസരപ്പെടുത്തി. അവർ ശാസിക്കയാണോ, വിശേഷം പറയുകയാണോ എന്നു മനസ്സിലാക്കിയെടുക്കാൻ ഞാൻ പാടുപെട്ടു. അവർ എന്തെല്ലാമോ എന്നോടു ചോദിച്ചു. ഞാനല്പം അമ്പരന്നും, അപകർഷതാബോധത്തോടെയും " അറബി മാഫി " എന്നു പറയുമ്പോൾ അവർ തിരിച്ചു ചോദിച്ചു
" അറബി മാഫി?" പിന്നെ ഉച്ചത്തിൽ ചിരിച്ചു. ഞാൻ പകപ്പോടെ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുമ്പോൾ അവൾ എന്റെ കൈകളിൽ പിടിച്ചു നടത്തി അവളുടെ ബെഡ്ഡിൽ കൊണ്ടിരുത്തി വെളുത്തു തുടുത്ത് സുന്ദരിയായ അവളുടെ പൊന്നോമനക്കുഞ്ഞിനെ എന്റെ കയ്യിലെടുത്തു വച്ചുതന്നു. ഞാനാക്കുഞ്ഞിനെ മടിയിൽ വച്ചോമനിച്ചു. ഗസ്റ്റുകളിൽ ഒരു സ്ത്രീ അവർ കൊണ്ടുവന്ന " ഗാവ " ( പാൽ ചേർക്കാത്ത അവരുടെ രുചികരമായ കോഫി ) ഫ്ലാസ്കിൽ നിന്നു കപ്പുകളിലേക്ക് പകർന്ന് ഓരോരുത്തർക്കും കൊടുക്കുകയായിരുന്നു.
( ഇവിടെ ആതിഥേയ കാപ്പിയോ, ചായയോ ഇട്ടു മിനക്കെടാതിരിക്കാനാവും ഇവിടുത്തെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കാൻ പോവുമ്പോൾ അവരുടെ കൈകളിൽ ഓരോ ഫ്ലാസ്കും ഉണ്ടാവുന്നത് പതിവുകാഴ്ചയാണ്).
ഇൻഡോനേഷ്യൻ സെർവെന്റ് ഓരോരുത്തരുടെയും ഇരിപ്പിടത്തിനരികെ ഒരു ചെറിയ ടേബിൾ വച്ച് അതിന്മേൽ ഓരോ പ്ലേറ്റിൽ ഒരു പീസ് കേക്കും കൊണ്ടുവച്ചു. ഒച്ചവച്ചു സംസാരിച്ചുകൊണ്ടിരുന്ന പ്രായമായ സ്ത്രീ ഫ്ലാസ്കിൽനിന്നു ചെറിയ കപ്പിലേക്ക് ഗാവ പകർന്ന് എന്റെ നേരെ നീട്ടി. അവൾ കുഞ്ഞിനെ വാങ്ങി ബെഡ്ഡിൽ കിടത്തി എന്നോടതു വാങ്ങാൻ പറഞ്ഞു. അവരുടെ ഗാവ..... ചെറിയ കപ്പിൽ പകർന്നു തന്ന ആ "ചൂടുഗാവ " ഏസീയുടെ തണുപ്പിൽ ഒരു പ്രത്യേകരുചിയോടെ ഞാൻ നുകർന്നു കുടിക്കുമ്പോൾ വീണ്ടുംപെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും... ചിരിയും....
ഭാഷ മനസ്സിലാകാതെ ഞാൻ വിമ്മിഷ്ടതോടെ അവളുടെ മുഖത്തേക്കു നോക്കുമ്പോൾ അവൾ കണ്ണടച്ചുകാണിച്ച് എന്നെനോക്കി പുഞ്ചിരിതൂകി... ഞാൻ തിരിച്ചും.... ഉവ്വ്.... ഞങ്ങൾക്കു രണ്ടിനും ആ ഭാഷ മനസ്സിലാകുമായിരുന്നു " സ്നേഹത്തിന്റെ ഭാഷ".
അടുത്ത വരവിനു കാണാമെന്ന ഓർമ്മപ്പെടുത്തലോടെ അന്നു ഞങ്ങൾ പിരിയുമ്പോൾ ഞാൻ മനസ്സിൽ പറയുകയായിരുന്നു എങ്ങനെയെങ്കിലും ഈ അറബി ഭാഷ എനിക്കു പഠിച്ചെടുക്കാൻ കഴിയണം ഇല്ലെങ്കിൽ വീണ്ടും ഞാനാ പഴയ പല്ലവി ആവർത്തിക്കേണ്ടിവരും " അറബി മാഫി".
ഗീതാ ഓമനക്കുട്ടൻ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആതിഥ്യ മര്യാദയിൽ അറബികളെ കഴിഞ്ഞേ യുള്ളൂ മറ്റുള്ളവർ എന്ന് തോന്നിയിട്ടുണ്ടു് ..... ആളുകളെയൊക്കെ നേരിട്ട് അറിയുന്നത് കൊണ്ട് .രസകരമായി വായിച്ചു. ....നന്നായിരിക്കുന്നു ... നല്ലെഴുത്ത്
ReplyDeleteഫൈസൽ...... ഒരിക്കൽ നടന്ന സംഭവങ്ങൾ ഓർത്തെഴുതിയതാണ്. കഥാപാത്രങ്ങളെ ഒക്കെ ഫൈസലിനറിയാവുന്നതിനാൽ വായന രസകരമായി ല്ലേ.. സന്തോഷം ഉണ്ട് കേട്ടോ.
Deleteപരസ്പരം മനസ്സിലാവുന്നുണ്ടെങ്കില്‍ സൗഹൃദത്തിന് ഭാഷയൊരു തടസ്സമാവില്ല ഗീത... സമാനമായ അനുഭവങ്ങള്‍ ഉള്ളതിനാലാവും എഴുതിയത് പെട്ടെന്ന് ഉള്‍ക്കൊള്ളാനായി :) :)
ReplyDeleteഹായ്... മുബീ....
Deleteസന്തോഷം.... സ്നേഹം..
ഹൃദ്യം...! വേറൊന്നും പറയുന്നില്ല പ്രിയ GO
ReplyDeleteഅന്നൂസ്.....ഏറെ സന്തോഷം.
Deletegulfilonnu poyi varan thonni, nannayi ezhutiyirikkunnu
ReplyDeleteഉവ്വോ ഷാജിത.. വായനയിൽ ഏറെ സന്തോഷം.
Deleteഓ.ഗീതേച്ചീ,ഒരു കഥ വായിക്കുന്നതിലും ഒഴുക്കോടെ വായിക്കാവുന്ന മനോഹരമായ എഴുത്ത്.ഗൾഫിലെ അനുഭവങ്ങൾ ഇനിയുമുണ്ടാകുമല്ലോ.എഴുതൂ.നമ്മുടെ കോട്ടയത്ത് ഏത്തക്കാബോളിയെന്നും പഴംപൊരിയെ പറയും.
ReplyDeleteസുധീ... ഒരുപാടു സന്തോഷം.
Deleteനല്ല നിരീക്ഷണങ്ങൾ ..എഴുത്ത് അസ്സലായി ആശംസകൾ
ReplyDeleteവരവിലും, വായനയിലും ഒത്തിരി സന്തോഷം സർ.
Delete
ReplyDeleteലോകം മുഴുവൻ മനസ്സിലാക്കപ്പെടുന്ന
അന്തർദ്ദേശീയമായ സ്നേഹത്തിന്റെ ഭാഷയുള്ളപ്പോൾ
വേറെ എന്തിനാണ് അറബിയടക്കം മറ്റൊരു ഭാഷ പഠിക്കുന്നത് ...?
അതെ... അത് ശരിയാണ് ഭായ്. വായനയിൽ ഏറെ സന്തോഷം.
Deleteസ്നേഹത്തിനെന്തിനു ഭാഷ?
ReplyDeleteസർ, വായനയിൽ ഒരുപാടു സന്തോഷം.
Deleteവർഷം 17 ആയി ഈ അറബിനാട്ടിൽ ജീവിക്കുന്നു. എന്നിട്ടും എനിക്കും അറബി മാഫി. കുറ്റകരമായ അനാസ്ഥ തന്നെ അല്ലേ? നിത്യവും ജോലിസ്ഥലത്തേക്ക് ബസ്സിൽ പോകുമ്പോൾ തദ്ദേശീയർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലെ വഴിയരികിൽ കാണുന്ന വലിയവലിയ വില്ലകളായ അറബിഗൃഹങ്ങളിലേക്ക് പലപ്പോഴും അത്ഭുതത്തോടെ കണ്ണ് പായാറുണ്ട്. കൂറ്റൻ മതിൽക്കെട്ടുകളും സദാ അടഞ്ഞുമാത്രം കണ്ടിട്ടുള്ള ഇരുമ്പ് ഗേറ്റുകളും അതിനകത്ത് ആരൊക്കെയായിരിക്കും താമസക്കാർ അവരുടെ ജീവിതം എങ്ങിനെയായിരിക്കും എന്നൊക്കെ അറിയാൻ കൗതുകം തോന്നിപ്പിക്കാറുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തുകാർ, പ്രത്യേകിച്ചും സ്ത്രീകൾ ഇവിടെ താമസിക്കുന്ന വിദേശികളുമായി അങ്ങിനെ ഇടപഴകി കണ്ടിട്ടില്ല. അവരുടെ സ്വകാര്യ ജീവിതം ഒരിക്കലും അവർ ഒരു പ്രദർശനവസ്തു ആക്കാറുമില്ല. എന്നാലും ഇക്കാലത്ത് ഒരുപാട് അറബി സ്ത്രീകൾ പല പല സർക്കാർ സ്ഥാപനങ്ങളിൽ വളരെ ഉയർന്ന സ്ഥാനങ്ങളിൽ കഴിവുറ്റ രീതിയിൽ സേവനം അർപ്പിക്കുന്നുണ്ട്. അവരുടെ അതിമാന്യമായ വേഷവിധാനവും മറ്റുള്ളവരോടുള്ള മര്യാദയുള്ള എന്നാൽ അതിവിനയമെന്ന അഭിനയമില്ലാത്ത പെരുമാറ്റവും ആർക്കും ബഹുമാനം തോന്നിക്കുന്നതാണ്. ഗീതാ, ഇനി പോകുമ്പോൾ കഫീലിനോട് എൻറെ അന്വേഷണവും പറയുക.
ReplyDeleteടീച്ചർ , വായനയ്ക്കും ഈ അഭിപ്രായങ്ങളിലും അതീവ സന്തോഷം.
Deleteഅതൊരു വ്യത്യസ്തമായ അനുഭവം തന്നെ
ReplyDeleteസുധീർ ഭായ്... ഏറെ സന്തോഷം.
Deleteനാടും ഭാഷയും വിശ്വാസവും ആചാരവും കടന്നു നിഷ്കളങ്കവും നിസ്വാർത്ഥവുമായ സ്നേഹം ഹൃദയങ്ങൾ കീഴടക്കട്ടെ.. എല്ലാ സുമനസ്സുകളും സ്നേഹത്തിന്റെ സുഗന്ധം നിറയട്ടെ...
ReplyDeleteഹായ് റയീസ്.... സന്തോഷം.. സ്നേഹം.
Deleteചേച്ചി സൗഹൃദത്തിന് ഭാഷയൊരു തടസ്സമാവില്ല എന്ന് മനസ്സിലായില്ലേ?? എന്നിട്ട് അറബി പഠിക്കാന്‍ തുടങ്ങിയോ??? നന്നായി എഴുതി... ഇഷ്ടായിട്ടോ.
ReplyDeleteഅതെ... ആദി,
Deleteസങ്കടത്തോടെ പറയട്ടെ ഇതുവരെ പഠിക്കാൻ തുടങ്ങീല്ല.
വരവിലും വായനയിലും ഏറെ സന്തോഷം..
ഏത് ഭാഷയും നാം പഠിക്കാന്‍ തുനിഞ്ഞാല്‍ എളുപ്പമാകും....നാളെ നാളെ എന്നാണെങ്കില്‍ മുശ്കില്‍ ഭീ ഹോഗ.
ReplyDeleteഅതെ മാഷേ... മാഷ് പറഞ്ഞതു പരമാർത്ഥം..
Deleteഈ വരവിലും വായനയിലും ഒരുപാടു സന്തോഷം ട്ടോ.
അങ്ങനെ ഞങ്ങളും അറബിഗൃഹത്തിന്റെ ഉൾത്തളം കണ്ടു... സന്തോഷായി... :)
ReplyDelete. ആണോ... സന്തോഷം ആയി.
Deleteഈ വരവിലും വായനയിലും ഒരുപാടു സന്തോഷം ട്ടോ.
. ആണോ... സന്തോഷം ആയി.
Deleteഈ വരവിലും വായനയിലും ഒരുപാടു സന്തോഷം ട്ടോ.
ഇംഗ്ലീഷ് പോലും മര്യാദക്കറിയാതെ ആദ്യമായി ബാംഗ്ളൂരിൽ വന്നിറങ്ങി കൈയും കലാശവുംകൊണ്ട് കാര്യം നടത്തിയ ദിവസങ്ങളെ ഓർമിപ്പിച്ചു :-)
ReplyDeleteമനോഹരമായ ഒരോർമ്മക്കുറിപ്പ്. അല്ലെങ്കിലും ഹൃദയം ഹൃദയത്തോട് സംസാരിക്കാൻ ഭാഷയെന്തിന്? ബ്ലോഗ് ഫോളോ ചെയ്യുന്നു.