Sunday 22 November 2015

വിശപ്പ്ഇന്നത്തെ " മലയാളം ന്യൂസി"ൽ  എന്റെ ഒരു ചെറിയ കഥ പബ്ലിഷ് ചെയ്തു വന്നതാണ്. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കു വായിക്കുവാനായി  അത് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.  


വിശപ്പ് 
ഇന്റർവെൽ ബെല്ലടിച്ചപ്പോൾ കലപില ശബ്ദം കൂട്ടി കുട്ടികൾ പുറത്തേക്ക് ചിതറിയോടി. കുറേപ്പേർ പള്ളിക്കിണറ്റുകരയിലേക്ക്  വേഗത്തിൽ പാഞ്ഞു . അവിടെ നാലാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റുകിടക്കുന്ന  സീനിയർ അമ്മിണിക്കുട്ടി വെള്ളം കോരി കുട്ടികൾ എല്ലാം കൂട്ടം കൂടി തിക്കിത്തിരക്കുമ്പോൾ  അമ്മിണിക്കുട്ടി സാറാമ്മ ടീച്ചർ കണക്കു പട്ടിക തെറ്റിക്കുമ്പോൾ ഒച്ച വെക്കുന്ന അതെ ഗർവിൽ ഒച്ചവെച്ചു. " ഓരോരുത്തരായി വന്നാൽ മതി എല്ലാർക്കും തരാം".  ഓരോരുത്തരും കുനിഞ്ഞ് കൈക്കുമ്പിൾ നീട്ടി അമ്മിണിക്കുട്ടിക്ക്  മുന്നിൽ അനുസരണയോടെ നിൽക്കുമ്പോൾ അമ്മിണിക്കുട്ടി മൂടു കിഴിഞ്ഞ് അനേകം സുഷിരങ്ങളാൽ  പുറകിലേക്ക് പൂത്തിരിപോലെ  വെള്ളം ചിതറിത്തെറിക്കുന്ന ആ തൊട്ടി മെല്ലെ ചായ്ച്ചു കൊടുത്തു. കുട്ടികൾ ഓരോരുത്തരായി ആർത്തിയോടെ ആ തണുത്ത വെള്ളം ' മട മടാ' ന്നു കുടിച്ചു.  വേറെ കുറേപ്പേർ പള്ളിക്കൂടത്തിന്റെ പിറകുവശത്തെ മൂത്രപ്പുരയിലേക്ക് ഓടി. ചിലർ അങ്ങോട്ട്, ചിലർ ഇങ്ങോട്ട് ആകെ ബഹളം. മീനുക്കൊച്ചും കൂട്ടരും സ്കൂളിന്റെ തെക്കേ വശത്തുള്ള ചെമ്പകമരച്ചുവട്ടിലേക്കാണ് പാഞ്ഞത്.  മീനുക്കൊച്ച് ചെമ്പകമരത്തിൽ മുഖം പൊത്തി അമ്പതുവരെ എണ്ണിത്തീർത്ത് ഒളിച്ചിരുന്ന രണ്ടുപേരെ കണ്ടുപിടിച്ച് സാറ്റു വച്ചപ്പോഴേക്കും ബെൽ മുഴങ്ങി. നിരാശയോടെ തിരിച്ചു ക്ലാസ്സ് മുറിയിലേക്കുള്ള ഓട്ടത്തിനിടയിൽ സുനിക്കുട്ടി പറഞ്ഞു " നമുക്ക് ഉച്ചക്ക് വേഗം ഉണ്ടിട്ടു ബാക്കി കളിക്കാം". 
 ഓടിയണച്ച് ക്ലാസ്സ് മുറിയിൽ കയറിച്ചെല്ലുമ്പോൾ വലത്തേ അറ്റത്തെ ജനാലക്കരികിൽ കുട്ടികൾ കൂട്ടം കൂടിനിന്ന് ഒച്ചവക്കുന്നു. നടുക്ക് അവൾ ആ കറുത്ത കുട്ടി മുഖം കുനിച്ച് മഹാഅപരാധിയെപ്പോലെ  നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ ഒരുവൾ പറഞ്ഞു " ഇവൾ ഇവിടെയിരുന്ന ചോറ്റുപാത്രം തുറന്നു ചോറുവാരിത്തിന്നു". അവിടെ ജനാലപ്പടിയിൽ കുട്ടികളുടെ ചോറ്റുപാത്രങ്ങൾ നിരത്തിവച്ചിട്ടുണ്ടായിരുന്നു. ' നീലക്കളറിലെ ചോറ്റുപാത്രം, അലുമിനിയത്തിന്റെ ചോറ്റുപാത്രം, സ്റ്റീലിന്റെ തൂക്കുപാത്രം ' ഇതിനെല്ലാം നടുവിലായി മീനുക്കൊച്ചിന്റെ സ്റ്റീലിന്റെ ചെറിയ വട്ടപ്പാത്രവും, അതിനു മുകളിൽ നീലക്കളറുള്ള  കുഞ്ഞുജാറിൽ  അമ്മ കുടിക്കാൻ കൊടുത്തയച്ച വെള്ളവും വെള്ളത്തിന്റെ ജാർ മാറ്റി വെച്ച് സ്റ്റീൽ പാത്രം തുറന്ന പടുതി ഇരിപ്പുണ്ടായിരുന്നു.  കുട്ടികളിൽ ആരോ പറഞ്ഞു " മീനുക്കുട്ടീടെ പാത്രത്തിലാ ഇവൾ കയ്യിട്ടേ". മീനുക്കൊച്ചിനു സങ്കടവും വന്നു അവൾ കരയാനും തുടങ്ങി. 
സാറാമ്മ ടീച്ചർ എഞ്ചുവടിപ്പുസ്തകവും, ചൂരൽവടിയുമായി ക്ലാസ്സിലേക്ക് കയറി വരുമ്പോൾ കുട്ടികളുടെ 'കലപില' കേട്ട് മേശപ്പുറത്ത് ചൂരൽവടിയിട്ട് അടിച്ചു ശബ്ദമുണ്ടാക്കി. കുട്ടികൾ ഉച്ചത്തിൽ  മത്സരിച്ചു പറഞ്ഞു " ടീച്ചർ... ഈ കുട്ടി ചോറു കട്ടു തിന്നു..". 
" ആര്? " ടീച്ചർ ചോദിച്ചു. 
കുട്ടികൾ എല്ലാവരും ചേർന്ന് ഒരു കൊടുംകുറ്റവാളിയെയെന്നപോലെ അവൾക്കു നേരെ കൈ ചൂണ്ടി. 
ടീച്ചർ വീണ്ടും ചോദിച്ചു " ആരുടെ ചോറാ?"
കുട്ടികൾ അതിനും മത്സരിച്ചു മറുപടി പറഞ്ഞു " മീനുക്കുട്ടിയുടെ"
മീനുക്കൊച്ച് ഏങ്ങലടിച്ചു കരയുകയായിരുന്നു. 
ടീച്ചർ ആശ്വസിപ്പിച്ചു " പോട്ടെ സാരമില്ല കരയാതെ" എന്നു പറഞ്ഞ് ചോറ്റുപാത്രം പരിശോധിച്ചു  എന്നിട്ട് മീനുക്കൊച്ചിന്റെ തോളിൽത്തട്ടി പറഞ്ഞു 
" അവൾ ചോറെടുത്തില്ല കുട്ടീ...... അപ്പോഴേക്കും മറ്റു കുട്ടികൾ കണ്ടുപിടിച്ചില്ലേ.... നീ കരയണ്ട ....." അതു കേട്ടിട്ടും മീനുക്കൊച്ച്  കരഞ്ഞു. 
ടീച്ചർ ആ കുട്ടിയുടെ അടുത്ത് ചെന്നു. അവൾ ഭയം മൂലം വിറക്കുന്നുണ്ടായിരുന്നു. " നിനക്കു കഴിക്കാൻ ഉച്ചക്കിവിടെ ഉപ്പുമാവുണ്ടല്ലോ. നീ അതല്ലേ എന്നും ഉച്ചക്ക് കഴിക്കുന്നത് പിന്നെന്തിനാ ആ കുട്ടീടെ ചോറെടുത്തെ?"  അവളപ്പോഴും മിണ്ടാതെ തലകുനിച്ചു നിന്നു. ടീച്ചർ താക്കീതു കൊടുത്തു 
" ഇനിയിതാവർത്തിക്കരുത് .... പറഞ്ഞതു മനസ്സിലായോ..."അവൾ തലയാട്ടി. ടീച്ചർ മറ്റുകുട്ടികളോടായി പറഞ്ഞു " ഇനിയാരും ഇതെപ്പറ്റി പറയണ്ട കേട്ടല്ലോ ". ക്ലാസ്സ് മുറി നിശബ്ദമായി . ടീച്ചർ രണ്ടിന്റെ കണക്കുപട്ടിക പഠിപ്പിക്കാൻ തുടങ്ങി. 

ഉച്ചമണി അടിച്ചു. കുട്ടികൾ ബഹളം വെച്ച് വെളിയിലേക്ക് പാഞ്ഞു. മീനുക്കൊച്ചും കൂട്ടരും കിണറ്റുകരയിൽ പാഞ്ഞെത്തി. സീനിയർ അമ്മിണിക്കുട്ടി ഒച്ചവച്ചുകൊണ്ട് ഓടി വന്നു " മാറ്.... മാറ്... എല്ലാരും മാറിക്കെ....."  കുട്ടികൾ  ഭവ്യതയോടെ  മാറി നിന്നു.
അമ്മിണിക്കുട്ടി കിണറ്റിൻ കരയിലിട്ടിരിക്കുന്ന ചെറിയ കല്ലിൽ കയറിനിന്ന് തൊട്ടി കിണറ്റിലേക്ക്  സ്പീഡിലിറക്കി . പിന്നെ ഗമയിൽ കയറിൽ ഒന്നു രണ്ടു തവണ മേലോട്ടും, താഴോട്ടും വലിച്ച് തൊട്ടി മുങ്ങിയെന്നുറപ്പു  വരുത്തി ആഞ്ഞാഞ്ഞു വലിച്ച് തൊട്ടി കരയിലേക്കെടുക്കുംപോൾ  കുട്ടികൾ തിക്കിത്തിരക്കി ബഹളം വച്ചു. അമ്മിണിക്കുട്ടി  തൊട്ടിയിലെ വെള്ളം ഒഴിച്ചു കൊടുത്തു. മീനുക്കൊച്ചും, കൂട്ടരും തിക്കിയിടിച്ച് കൈ നീട്ടി...... കൈ നനഞ്ഞോ...... ഇല്ലയോ...... ഓടടാ......ഓട്ടം... ക്ലാസ്സിലേക്ക്.  ഓടിച്ചെന്നു ചോറ്റുപാത്രം എടുക്കുമ്പോൾ  സുനിക്കുട്ടിയും, മറ്റു കുട്ടികളും ഓർമ്മപ്പെടുത്തി " കുട്ടീടെ ചോറിൽ ആ കുട്ടി കയ്യിട്ടതല്ലേ? "  മീനുക്കൊച്ച് സാവകാശം പാത്രം തുറന്നു അമ്മ തന്നു വിട്ട മുട്ട വറുത്തതും, പയറുതോരനും, ചമ്മന്തിയും ചോറിനു മുകളിൽ.  മുട്ട വറുത്തതിന്റെ ഒരു സൈഡ് അള്ളിപ്പറിച്ചെടുത്ത  പോലെ. മീനുക്കൊച്ചിനു അതുകണ്ടപ്പോൾ സങ്കടം വന്നു. സുനിക്കുട്ടി വീണ്ടും ചോദിച്ചു " ആ കുട്ടി കയ്യിട്ടു വാരിയ ചോറു മീനുക്കുട്ടി തിന്ന്വോ? അയ്യേ...... "  അവൾ മുഖം കോട്ടിപ്പിടിച്ചു. 
മീനുക്കൊച്ചിനു സങ്കടമായി. അവൾ നീല ജാറിലെ വെള്ളം കുടിച്ചു.  മീനുക്കൊച്ച് ചോറിൽ കയ്യിട്ടു കുഴച്ചു കുഴച്ചിരുന്നു. അവൾ കഴിച്ചില്ല. സ്കൂൾ പറമ്പിന്റെ അങ്ങേ തൊടിയിലേക്ക്  ചോറുകൊട്ടിക്കളഞ്ഞ് മീനുക്കൊച്ചും മറ്റുള്ളവർക്കൊപ്പം പാത്രം കഴുകാനായി ഓടുമ്പോഴും അവൾക്കു വിശന്നു. പാത്രംകഴുകിവച്ച് ചെമ്പകച്ചുവട്ടിൽ സാറ്റ് തിമിർത്തു കളിക്കുമ്പോഴും മീനുക്കൊച്ചിനു വല്ലാണ്ട് വിശന്നു. തന്റെ പാത്രത്തിൽ കയ്യിട്ട ആ കുട്ട്യോട് അവൾക്കു ദേഷ്യം തോന്നി. 
ഉച്ച ഇന്റെർവെൽ കഴിഞ്ഞു ബെൽ മുഴങ്ങി. മീനുക്കൊച്ചും കൂട്ടരും ക്ലാസ്സിലേക്ക് പാഞ്ഞു. ക്ലാസ്സിൽ 'കല പില ' ശബ്ദം. മീനുക്കൊച്ചിനപ്പോഴും വിശക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ ആരോ പറഞ്ഞു " അയ്യേ.....ചോറുകള്ളീ..... ചോറു കട്ടു തിന്നേ...." . അപമാനഭാരത്താൽ തല താഴ്ത്തി നടന്നു ബെഞ്ചിന്റെ ലാസ്റ്റ് ഭാഗത്തു പോയിരുന്ന ആ കുട്ടിയെ മീനുക്കൊച്ച് ഇങ്ങേയറ്റത്തിരുന്നു  എത്തിനോക്കി. അവളപ്പോഴും കുനിഞ്ഞിരിക്കയായിരുന്നു. കളിക്കാൻ വിളിച്ചാൽ വരാൻ കൂട്ടാക്കാത്ത, ആരോടും കൂട്ടു കൂടാത്ത, നിറം മങ്ങിയ നീല ഉടുപ്പിട്ടിരിക്കുന്ന അവളെ നോക്കുമ്പോൾ മീനുക്കൊച്ചിന് അവളോട് സങ്കടം തോന്നി. 
 ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി. ഇന്റെർവെൽ ആയപ്പോഴേക്കും മീനുക്കൊച്ചിനു കലശലായ വിശപ്പായി എങ്കിലും ആശ്വസിച്ചു ' ഇപ്പൊ നാലുമണി ബെല്ലടിക്കുമല്ലോ'. ഇന്റെർവെൽ കഴിഞ്ഞു ടീച്ചർ വന്ന് ചില കടംകഥകളും, കഥകളും പറഞ്ഞ് നേരം പോക്കി. ലാസ്റ്റ് ബെൽ അടിച്ചു. കുട്ടികൾ വീണ്ടും 
' കലപില'  മുഴക്കി വെളിയിലേക്ക്. മീനുക്കൊച്ച് ബാഗുമെടുത്ത് പുറത്തേക്കു പായാൻ ഒരുങ്ങുമ്പോൾ ആരോ കുട്ടികൾ " ചോറുകള്ളീ ......"  ആ കുട്ടിയെ...... വീണ്ടും.... കണ്ടു നിന്ന ചില കുട്ടികൾ ഉറക്കെ ചിരിച്ചു. മീനുക്കൊച്ച് തിരിഞ്ഞാ കുട്ടിയെ നോക്കി. അവൾ തന്റെ സ്ലേറ്റും, പുസ്തകവും മാറോടടുക്കി വച്ചു കുനിഞ്ഞു നടന്നു വന്നു. കുട്ടികൾ വെളിയിലേക്ക് ഓടിപ്പോയി. മീനുക്കൊച്ച് അവളുടെ അടുത്തെത്തി അവളോടു പറഞ്ഞു " എനിക്ക് കുട്ടിയോടു പിണക്കമില്ലാട്ടൊ ".  അവൾ മുഖമുയർത്തി ആ കണ്ണുകളിൽ നന്ദിയുടെയോ, സ്നേഹത്തിന്റെയോ ഒരു പ്രകാശം ചൊരിയുന്നപോലെ. മീനുക്കൊച്ച് മുഖത്തു നോക്കി ചിരിച്ചു എന്നിട്ടവളോട് ചോദിച്ചു " കുട്ടിക്ക് ഉപ്പുമാവിഷ്ടമല്ലേ?" അവൾ ഒന്നും മിണ്ടാതെ നിന്നു. മീനുക്കൊച്ച് വീണ്ടും ചോദിച്ചു " കുട്ടീടമ്മ എന്താ ചോറ്റുപാത്രത്തിൽ ചോറു തന്നു വിടാത്തെ?". അവളുടെ മുഖം പെട്ടെന്നു മ്ലാനമായി. 
" നീ വേഗം വന്നില്ലേൽ ഞാൻ പോവും"  മീനുക്കൊച്ച് തിരിഞ്ഞുനോക്കുംപോഴേക്കും സ്കൂൾവരാന്തയുടെ അങ്ങേഅറ്റത്തുനിന്ന് മുറ്റത്തേക്ക് ചാടി ഏട്ടൻ ഓട്ടം തുടങ്ങിയിരുന്നു. മീനുക്കൊച്ചു ബാഗുമായി ഓടിയണച്ച് അവർക്കൊപ്പം എത്താൻ ശ്രമിക്കുമ്പോഴും " ആ കുട്ടീടമ്മ എന്താവും അവൾക്കു ചോറുകൊടുത്തയക്കാത്തെ?" എന്ന ചിന്തയായിരുന്നു  മനസ്സിൽ.  സ്കൂളിനോട് ചേർന്ന ആ ഓലഷെഡിൽ നിന്നും ഉപ്പുമാവുചേടത്തി  തയ്യാറാക്കുന്ന ഉപ്പുമാവിന്റെ മണം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുമ്പോൾ കൊതിതോന്നിയിട്ടുണ്ട് . എന്താവും അതിന്റെ രുചി?  അത് മീനുക്കൊച്ചിനറിയില്ലല്ലോ! എന്തായാലും ആ മണം ഓർത്തപ്പോൾ മീനുക്കൊച്ചിനു കൊതി വന്നു. വിശപ്പ് മൂലം തളർന്നിരുന്ന മീനുക്കൊച്ചിന് എത്ര ഓടിയിട്ടും മുന്നേ മുന്നേ കൂട്ടുകാർക്കൊപ്പം ഓടിപ്പോവുന്ന എട്ടനൊപ്പം എത്താൻ കഴിയാതെ പിറകീന്നു നീട്ടി വിളിച്ചു " ഏട്ടാ............... നിൽക്കൂ......... ഇല്ലെങ്കിൽ ഞാനച്ചനോടു പറയുവേ..."      ഏട്ടൻ ബ്രേക്കിട്ടപോലെ നിന്നു ഏട്ടന്റെ കൂട്ടരും തിരിഞ്ഞുനിന്നു. മീനുക്കൊച്ച് ഓടി അവർക്കൊപ്പം എത്തുമ്പോൾ അവർ വീണ്ടും ഓടാൻ തുടങ്ങിയിരുന്നു. മീനുക്കൊച്ചും അവർക്കുപുറകെ അണച്ചോടുമ്പോൾ ഏട്ടൻ കൂട്ടുകാരോടായി പറയുന്ന കേൾക്കാമായിരുന്നു " എനിക്കൊരനിയനെ മതിയായിരുന്നു കളിക്കാൻ ....ഇവളെ എനിക്കിഷ്ടമല്ല.... ഇവൾക്കു മോങ്ങാൻ മാത്രേ അറിയൂ.... കളിക്കാനറിയില്ല....."
മീനുക്കൊച്ചിന്റെ മനസ്സിൽ അപ്പോൾ ഉപ്പുമാവുചേടത്തി തയ്യാറാക്കുന്ന ആ 'ഉപ്പുമാവിന്റെ വായുവിലൂടെ വരുന്ന ഗന്ധം .......ഒരിക്കലെങ്കിലും അതിന്റെ സ്വാദുരുചിച്ചറിയാനുള്ള  ആഗ്രഹം ....'  അത്രക്കും അവൾക്കു വിശപ്പ് കഠിനമായിക്കഴിഞ്ഞിരുന്നു. 
*************************************////////////////////////*********************************************

Thursday 19 November 2015

ഓർമ്മയിൽ 'നവംബർ 20' പിന്നെ എന്റെ കുപ്പായവും

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
'നവംബർ 20 ' എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രത്യേകതയാണ്. എന്റെ ജീവിതത്തെപ്പോലും മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടത്..... ഞാനറിയാതെ തന്നെ ഞാനൊരിക്കൽ പോലും കണ്ടിട്ടോ, അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന് എന്നെ അവരുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി..... എഴുത്തിൽ പ്രോത്സാഹനം നൽകി.  ഞാനെഴുതിയതൊക്കെയും  ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു.
 വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ  മാത്രം ഒതുക്കിത്തീർത്തു. കാരണം മറ്റൊന്നുമായിരുന്നില്ല ഒരു നോവൽ വായിച്ചു തീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. എങ്കിലും ചില കുറിപ്പുകൾ, ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചു തീർക്കുമായിരുന്നു. ചില നേരങ്ങളിൽ  മനസ്സിൽ തോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു. അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെ മാത്രം സ്വകാര്യമായി സൂക്ഷിച്ചു വച്ചു. പിന്നീടവ എവിടെ വച്ചൊക്കെയോ നഷ്ടപ്പെട്ടു. 
പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും, വായനയും അറിയാൻ കഴിഞ്ഞത്. ഒരുപാട് പുസ്തകശേഖരങ്ങളുടെ ഉടമയായിരുന്നു  എന്റെ ഭർത്താവ് ഓമനക്കുട്ടൻ. പലതും വായിക്കാനായി എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ സംസാരത്തിലോ, പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിൽ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നല്കി. പക്ഷെ എങ്ങനെ, എപ്പോൾ, ഏതു വഴി ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു. എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും, സമാധാനവുമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ  ഞാനെന്തൊക്കെയോ കുറെ പേപ്പറുകളിലും, ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു. അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽ ബാബുവിന് ''മലയാളം ന്യൂസിൽ ' അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചയച്ചു കൊടുത്തു. അത് വായിച്ച ഫൈസൽ ബ്ലോഗിൽ ഹരിശ്രീ കുറിക്കാൻ ഉള്ള എല്ലാ പ്രോത്സാഹനവും നല്കി നിങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തി. എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നല്കിയ നിങ്ങൾ...... ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളെയൊക്കെ പേര് വിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ, കഥകൾ, കവിതകൾ ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ...... പിന്നെയും പുതുതായി കുറെ സുഹൃത്തുക്കൾ കൂടി........ എന്റെ എല്ലാ ബ്ലോഗ്ഗർ സുഹൃത്തുക്കൾക്കും വായിക്കാനായി ഞാനൊരു കഥ പോസ്റ്റ്  ചെയ്യുന്നു.
                .. ...... ...... ...... ...... ...... ...... ...... ...... ...... ...... ...... 
  
                                                 എന്റെ കുപ്പായം 
                                                  ****************
ഞാനെത്തിപ്പെട്ടത് ഒട്ടും പരിചിതമല്ലാത്ത ഒരു ലോകത്തായിരുന്നു.  എല്ല്ലാവരും അപരിചിതർ...... അവിടെയുള്ള കാഴ്ചകളും വ്യത്യസ്തമായിരുന്നു. ആ ലോകത്ത് ആ അപരിചിതർക്കിടയിൽ ഞാനും..... എനിക്ക് ചുറ്റുമുള്ളവർ ഒരേ തരത്തിൽ... ഒരേ നിറത്തിൽ നല്ല ഭംഗിയുള്ള കുപ്പായം ധരിച്ചിട്ടുണ്ടായിരുന്നു തന്നെയുമല്ല എന്നെയും അതേ കുപ്പായം അവർ അണിയിപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കുപ്പായത്തിലേക്ക് നോക്കുമ്പോഴോക്കെയും അത്ഭുതവും, ആഹ്ലാദവും കൊണ്ട്  മനസ്സ് നിറഞ്ഞു. കാരണം അവർ അണിയിച്ചു തന്ന ആ കുപ്പായം എനിക്ക് ശരിക്കും പാകമായതായിരുന്നു. എവിടെ തുന്നിച്ചാലും, വാങ്ങിയാലും ഒരിക്കലും പാകമാകാത്ത എന്റെ കുപ്പായങ്ങൾ ഞാൻ എത്ര വെട്ടിക്കുറച്ചും, വീണ്ടും തുന്നിയുമാണ് എനിക്ക് പാകമാക്കിയെടുക്കുന്നത്.  ഞാനെന്റെ കുപ്പായത്തിന്റെ ഭംഗി ആസ്വദിച്ചിരിക്കെ പെട്ടെന്നാണത്  സംഭവിച്ചത്. ഞാൻ നോക്കുമ്പോളേക്കും അവരെല്ലാവരും എഴുന്നേറ്റ്  ഒരാളെ വണങ്ങുന്നു. ആരോ പ്രധാനപ്പെട്ട ആളാണെന്നു തോന്നി. ഞാനും അവർക്കൊപ്പം എഴുന്നേൽക്കാൻ ശ്രമിച്ചു.  ദൈവമേ.....!! കഴിയുന്നില്ലല്ലോ? മുന്നിൽ കുറെ ഇരിപ്പിടങ്ങൾ എനിക്കു തടസ്സമാവുന്നു.  എന്നിട്ടും ഞാനും ബദ്ധപ്പെട്ട് എഴുന്നേറ്റ് അവർക്കൊപ്പം ചെന്ന് അദ്ദേഹത്തെ വണങ്ങി. വീണ്ടും ഞാനെന്റെ കുപ്പായത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഈശ്വരാ..!! ഇത്ര ഭംഗിയേറിയ കുപ്പായം... ഇതെങ്ങനെ എനിക്കു പാകമായി.... ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.  അതാ.... അവരെല്ലാവരും മുട്ടിൽ കുത്തി നിൽക്കുന്നു. ഞാൻ വിചാരിച്ചു ' എനിക്കു മുട്ടിൽ കുത്തി നിന്ന് ശീലമില്ലല്ലോ'. ഈയിടെയായി കാലിനൊക്കെ ഒരു വേദനയും, പിടുത്തവും. അവരിരിക്കുന്നപോലെ എനിക്കും സാധിക്കുമോ എന്നു സംശയിച്ചു കൊണ്ട് മെല്ലെ ഇരുന്നു. കുഴപ്പമില്ലല്ലോ..... കാലിന്റെ വേദന അറിയുന്നേയില്ലല്ലോ..... 

ഇടവേളകളിൽ ഒക്കെയും ഞാൻ എന്റെ കുപ്പായത്തിന്റെ  ഭംഗിയും ആസ്വദിച്ചിരുന്നു. ഇടക്ക് ഞാൻ വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവരെല്ലാവരും ചുണ്ടുകൾ അനക്കി ഒരു പ്രത്യേക ഈണത്തിൽ എന്തോ പറയുന്നു. ഇതെന്താണ്....?  ഞാൻ വളരെ ശ്രദ്ധയോടെ നോക്കി.... അവർ പ്രാർത്ഥനയിലാണെന്നു  തോന്നി പക്ഷെ അവർ പറയുന്നതെന്തെന്നു എനിക്ക് മനസ്സിലാവുന്നതെയില്ല. ഞാനാദ്യമൊന്നു വിഷമിച്ചെങ്കിലും പിന്നെ കണ്ണുകൾ അടച്ച് അവർക്കൊപ്പം ഇരുന്നു. അപ്പോഴും എന്റെ മനസ്സിലെ വിചാരം ഈ അപരിചിതലോകത്തെപ്പറ്റിയായിരുന്നു.  ഒറ്റക്കൊരു ദൂരയാത്രക്കോ, അപരിചിതമായ സ്ഥലത്തോ പോകണമെങ്കിൽ അമിതമായ മാനസിക സംഘർഷം അനുഭവിക്കുന്ന ഞാൻ എങ്ങനെ ഇത്ര മനോധൈര്യത്തോടെ ഇവരുടെ കൂടെ..... ഒരു സംഭ്രമവും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ പറ്റുന്നത് എന്ന് ഓർത്തപ്പോൾ മനസ്സിൽ  അത്ഭുതം തോന്നി.  പ്രാർത്ഥനക്ക്  ശേഷം എല്ലാവരും മറ്റേതോ ദിശയിലേക്ക് ഒഴുകുമ്പോൾ ഞാനും അവർക്കൊപ്പം....  ചെന്നു നിന്നത് അടച്ചിട്ട ഒരു കൂറ്റൻ വാതായനത്തിനു മുൻപിൽ....... അത് മെല്ലെ തുറക്കപ്പെട്ടപ്പോൾ എല്ലാവരും അതിനുള്ളിലേക്ക് നടക്കുകയാണോ..... ഒഴുകുകയാണോ.... അവിടെയും കുറേ ആൾക്കാർ.... ഇവരൊക്കെ ആരാവുംന്ന ചോദ്യം എന്റെ മനസ്സിൽ? അവിടെയെത്തിയപ്പോഴും ഞാൻ ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു കുറച്ചു ദൂരെ കുറേ കുഞ്ഞുങ്ങൾ അവരുടെ കൂടെ എന്റെ കുഞ്ഞും.....  പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.... ഓടി അവന്റെയടുത്തേക്ക്..... ഓടുമ്പോൾ ഞാനെന്റെ കുപ്പായം സ്വല്പം ഉയർത്തിപ്പിടിച്ചിരുന്നു തട്ടി വീഴാതിരിക്കാൻ പിന്നെ ഉടയാതിരിക്കാൻ പ്രത്യേകം  ശ്രദ്ധിച്ചുകൊണ്ട് ഓടി ഞാനവന്റെ അടുത്തു ചെല്ലുമ്പോൾ അവനെന്നോട് സങ്കടപ്പെട്ടു " എല്ലാം എടുത്തിട്ട് വരാൻ അവൻ മറന്നു പോയി അവനു പേന വേണം ..... പെൻസിൽ, പേപ്പർ  അങ്ങനെ എന്തൊക്കെയോ ലിസ്റ്റ് അവനെന്റെ മുന്നിൽ നിരത്തി സങ്കടപ്പെട്ടു. അല്ലെങ്കിലും എന്തിനും  മുഹൂർത്തസമയത്ത് അവൻ ഇതുപോലെ എന്നെ വട്ടംചുറ്റിക്കുക പതിവാണല്ലോ എന്ന് ഞാനോർത്തു. ഞാനെന്റെ കയ്യിലുണ്ടായിരുന്ന പേനയോ, പേപ്പറോ എന്തെല്ലാമോ അവന് എടുത്തു കൊടുക്കുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെയെല്ലാം കൈകൾ എന്റെ നേരെ നീണ്ടു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. കയ്യിലുള്ളതൊക്കെ പെറുക്കി  നീട്ടിയ കൈകളിൽ വച്ചു കൊടുത്തു. പെട്ടെന്നൊരു നിശബ്ദത. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ അവർ എന്നെ മാടി വിളിക്കയായിരുന്നു....  ഞാൻ ധൃതി പിടിച്ച് അവിടെ നിന്നിറങ്ങാൻ ശ്രമിച്ചു എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ കുപ്പായം എവിടെയോ ഉടക്കി മുൻപോട്ടു നീങ്ങാൻ കഴിയാതെ ഞാൻ വിഷമിക്കുമ്പോൾ ഒരാൾ കത്രികയുമായി വന്ന് എന്തോ ഒന്നിൽ ഉടക്കി നിന്ന കുപ്പായത്തെ വിടുവിക്കുവാൻ ഒരു ശ്രമം നടത്തി. അയാൾ എത്ര ശ്രമിച്ചിട്ടും കുപ്പായം വിടുവിക്കാൻ സാധിക്കുന്നില്ല.  അയാൾ ശ്രമം തുടരുമ്പോൾ " എന്റെ ആവശ്യം " എന്റെ കുപ്പായത്തിനു കേടുപാടുകൾ വരുത്തരുതേ" എന്നായിരുന്നു.  ഒടുവിൽ അയാൾ കുപ്പായത്തിൽ ഒട്ടിപ്പിടിച്ച ആ സാധനത്തോടെ കട്ട് ചെയ്തു തന്നു. ഞാനോടി അവരുടെ അടുത്തേക്ക്. ഓട്ടത്തിനിടയിൽ ഞാനെന്റെ കുപ്പായത്തിൽ നോക്കി. ടേപ്പ് പോലെ ഒരു തുണി കുപ്പായത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലും ഞാൻ സമാധാനിച്ചു ' കുപ്പായത്തിനൊന്നും പറ്റിയില്ലല്ലോ' . 
ഞാനോടിയെത്തുമ്പോൾ ആദ്യം കണ്ടു വണങ്ങിയ അതേ ആൾ....... ഞാനൊന്നു ശങ്കിച്ചു ' എന്നെ ശകാരിക്കുമോ?' അദ്ദേഹം പക്ഷെ കൈകൾ കൊണ്ടാംഗ്യം കാണിച്ചു " കയറിച്ചെല്ലാൻ " . ഞാനോടിക്കയറി എവിടെയോ ഒരു സ്ഥലം കിട്ടി അവിടെയിരുന്നു ഞാൻ ചുറ്റും നോക്കി. ആദ്യം കണ്ടവരും, പിന്നെ വേറെ ആരെല്ലാമോ നിറയെ ആളുകൾ ഉണ്ട്. ചിലർ പരിചയഭാവത്തിൽ ചിരിച്ചു. അവരുടെയെല്ലാം കുപ്പായങ്ങൾ തിളങ്ങുന്നുണ്ട്. വീണ്ടും ഞാനെന്റെ കുപ്പായത്തിൽ ശ്രദ്ധിച്ചിരുന്നു.  എന്റെ കുപ്പായവും മിനുമിനുത്തതായിരുന്നു, കൈയ്യിൽ മാലാഖയുടേത്  മാതിരി ചിറകുകളുണ്ട്. പാദം വരെ നീണ്ടു കിടക്കുന്ന കുപ്പായത്തിന്റെ വിശറിപോലെയുള്ള  കൈകളും അതു തുന്നിയിരിക്കുന്നതിന്റെ ഭംഗിയും ഒക്കെ ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്തൊക്കെയോ ശബ്ദം കേട്ടു. ഞാൻ നോക്കുമ്പോൾ ഗുരുവിനെപ്പോലെ തോന്നിച്ച ആ മനുഷ്യൻ എന്തൊക്കെയോ പറയുന്നുണ്ട്.

ചുറ്റുമുള്ളവരെ ശ്രദ്ധിച്ചപ്പോൾ അവരെല്ലാം എന്തോ കുറിച്ചെടുക്കുന്ന  തിരക്കിൽ.  ഞാൻ നോക്കുമ്പോൾ 'എഴുതിയെടുക്കൂ ' എന്ന അർത്ഥത്തിൽ  അദ്ദേഹം ആംഗ്യം  കാട്ടി .  എന്റെ കൈയ്യിൽ ഒരു തുണ്ടു പേപ്പർ പോലും ഉണ്ടായിരുന്നില്ല. ഞാൻ അടുത്തിരുന്നവരോട് ചോദിച്ചു " എനിക്കൊരു പേപ്പർ തരുമോ?"  ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അവരെല്ലാവരും അദ്ദേഹം പറഞ്ഞ വാക്കുകൾ കുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ഇവരൊക്കെ എന്താവും എഴുതുന്നതെന്ന് മനസ്സിലാകാതെ  ഞാൻ വീണ്ടും അവരോട് ഒരു പേപ്പറിന് വേണ്ടി യാചിച്ചു " ആരെങ്കിലും എനിക്കൊരു പേപ്പർ തരൂ". മുന്നിലിരുന്ന ആൾ തിരിഞ്ഞു നോക്കാതെ  ഒരു തുണ്ടു പേപ്പർ പിറകിലേക്ക് നീട്ടിത്തന്നു. ഞാനപ്പോഴും വിഷമിച്ചു ' ഇതു തികയുമോ?"  'സാരമില്ല കിട്ടിയ പേപ്പറിൽ എഴുതാം ' എന്നു കരുതുമ്പോൾ ഒരു  ബഹളം ...  ഞാൻ നോക്കുമ്പോൾ ഗുരുവിന്റെ അരുകിൽ കുറേപ്പേർ ഓടിയെത്തി തിക്കും, തിരക്കും.  അവരെല്ലാവരും അവർ എഴുതിയതെന്തോ ഗുരുവിനെ കാണിക്കാനുള്ള  തിരക്കിലാണെന്ന് തോന്നിയ എനിക്ക് ചെറിയ കുറ്റബോധം തോന്നി.  ഗുരുവെന്തോ ചോദ്യം എഴുതിയെടുക്കാൻ പറഞ്ഞിട്ടുണ്ട്  കുപ്പായത്തിന്റെ ഭംഗിയും ആസ്വദിച്ചിരുന്ന ഞാൻ ആ ചോദ്യം കേട്ടതുമില്ല. ആകെ ബഹളം... എനിക്കാകട്ടെ  ഒന്നും എഴുതിയെടുക്കാനും കഴിയുന്നില്ല. ആരോടൊക്കെയോ ഞാൻ ചോദിച്ചു " എനിക്കു ഗുരു ചോദിച്ച ചോദ്യം ഒന്ന് പറഞ്ഞു തരുമോ? എഴുതിയെടുക്കാനാണ്".  ആരും ശ്രദ്ധിക്കുന്നില്ല.  അവരെല്ലാവരും ഉത്തരം ഗുരുവിനെ കാണിക്കാനുള്ള തിരക്കിൽ. തൊട്ടു പിറകിലേക്ക് ഞാൻ നോക്കുമ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു " അവരോട് ഞാൻ ചോദിച്ചു " ആ ചോദ്യം ഒന്നു കാണിക്കുമോ" അവർ എഴുതിയ പേപ്പർ കാണിച്ചു തന്നു.  അതു കണ്ട് ഞാൻ കണ്ണു മിഴിച്ചിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ചാഞ്ഞും, ചെരിഞ്ഞും കുറെ വരകളും, കുത്തും. 
" ഇതെന്താണ്?" ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു " ഇതാണാ ചോദ്യം"  ഞാൻ വിഷമിച്ചുകൊണ്ട് പറഞ്ഞു " എനിക്കീ ഭാഷ  അറിയില്ലല്ലോ" . 
 അവർ എന്റരികെ വന്നു പറഞ്ഞു " സാരമില്ല എല്ലാം പതിയെ മനസ്സിലായിക്കൊള്ളും" . അപ്പോഴും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് ഗുരുനാഥന്റെ ചോദ്യം മനസ്സിലാകാതെ ഞാനെങ്ങനെ ഉത്തരം എഴുതിക്കാണിക്കും. 

     ആലോചിച്ചാലോചിച്ച് ചോദ്യം പിടികിട്ടാതെ തല പുണ്ണാക്കി ഇരിക്കുമ്പോഴേക്കും ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. പുലർച്ചെ അഞ്ചുമണിക്കത്തെ ബാങ്ക് വിളിയായിരുന്നു. ഞാൻ പെട്ടെന്നെണീറ്റു. പിന്നെ ഉറങ്ങിയില്ല. ഉറങ്ങിപ്പോയിട്ടുണ്ടെങ്കിൽ എഴുതിയെടുക്കാൻ കഴിയാഞ്ഞ ആ ചോദ്യത്തെപ്പറ്റി ഓർത്ത് ഞാൻ വീണ്ടും വിഷമിക്കും. ശരിയല്ലേ? എങ്കിലും ഞാൻ നോക്കി ' എവിടെ  എന്റെ ശരിക്കും പാകമായ, ചുളിവുകളൊന്നും  വീഴാത്ത, തിളങ്ങുന്ന, മിനുമിനുത്ത തുണി കൊണ്ട് തുന്നിയ, മാലാഖ പോലെ ചിറകുകളുള്ള, പാദം വരെ നീണ്ടു കിടന്ന, ഇളം വയലറ്റ് നിറത്തിലുള്ള ആ ഭംഗിയേറിയ കുപ്പായം" . ഒന്നും കാണാൻ കഴിഞ്ഞില്ല. പകരം വെള്ള നിറത്തിലുള്ള  എന്നെപ്പോലെ രണ്ടുപേർക്കു കൂടി കയറാവുന്ന വിധത്തിലുള്ള ഞാൻ ധരിച്ചിരുന്ന എന്റെ വെള്ള ഗൌണ് എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~