Sunday, 22 November 2015

വിശപ്പ്



ഇന്നത്തെ " മലയാളം ന്യൂസി"ൽ  എന്റെ ഒരു ചെറിയ കഥ പബ്ലിഷ് ചെയ്തു വന്നതാണ്. എന്റെ സുഹൃത്തുക്കളായ നിങ്ങൾക്കു വായിക്കുവാനായി  അത് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.  


വിശപ്പ് 
ഇന്റർവെൽ ബെല്ലടിച്ചപ്പോൾ കലപില ശബ്ദം കൂട്ടി കുട്ടികൾ പുറത്തേക്ക് ചിതറിയോടി. കുറേപ്പേർ പള്ളിക്കിണറ്റുകരയിലേക്ക്  വേഗത്തിൽ പാഞ്ഞു . അവിടെ നാലാം ക്ലാസ്സിൽ രണ്ടാം തവണയും തോറ്റുകിടക്കുന്ന  സീനിയർ അമ്മിണിക്കുട്ടി വെള്ളം കോരി കുട്ടികൾ എല്ലാം കൂട്ടം കൂടി തിക്കിത്തിരക്കുമ്പോൾ  അമ്മിണിക്കുട്ടി സാറാമ്മ ടീച്ചർ കണക്കു പട്ടിക തെറ്റിക്കുമ്പോൾ ഒച്ച വെക്കുന്ന അതെ ഗർവിൽ ഒച്ചവെച്ചു. " ഓരോരുത്തരായി വന്നാൽ മതി എല്ലാർക്കും തരാം".  ഓരോരുത്തരും കുനിഞ്ഞ് കൈക്കുമ്പിൾ നീട്ടി അമ്മിണിക്കുട്ടിക്ക്  മുന്നിൽ അനുസരണയോടെ നിൽക്കുമ്പോൾ അമ്മിണിക്കുട്ടി മൂടു കിഴിഞ്ഞ് അനേകം സുഷിരങ്ങളാൽ  പുറകിലേക്ക് പൂത്തിരിപോലെ  വെള്ളം ചിതറിത്തെറിക്കുന്ന ആ തൊട്ടി മെല്ലെ ചായ്ച്ചു കൊടുത്തു. കുട്ടികൾ ഓരോരുത്തരായി ആർത്തിയോടെ ആ തണുത്ത വെള്ളം ' മട മടാ' ന്നു കുടിച്ചു.  വേറെ കുറേപ്പേർ പള്ളിക്കൂടത്തിന്റെ പിറകുവശത്തെ മൂത്രപ്പുരയിലേക്ക് ഓടി. ചിലർ അങ്ങോട്ട്, ചിലർ ഇങ്ങോട്ട് ആകെ ബഹളം. മീനുക്കൊച്ചും കൂട്ടരും സ്കൂളിന്റെ തെക്കേ വശത്തുള്ള ചെമ്പകമരച്ചുവട്ടിലേക്കാണ് പാഞ്ഞത്.  മീനുക്കൊച്ച് ചെമ്പകമരത്തിൽ മുഖം പൊത്തി അമ്പതുവരെ എണ്ണിത്തീർത്ത് ഒളിച്ചിരുന്ന രണ്ടുപേരെ കണ്ടുപിടിച്ച് സാറ്റു വച്ചപ്പോഴേക്കും ബെൽ മുഴങ്ങി. നിരാശയോടെ തിരിച്ചു ക്ലാസ്സ് മുറിയിലേക്കുള്ള ഓട്ടത്തിനിടയിൽ സുനിക്കുട്ടി പറഞ്ഞു " നമുക്ക് ഉച്ചക്ക് വേഗം ഉണ്ടിട്ടു ബാക്കി കളിക്കാം". 
 ഓടിയണച്ച് ക്ലാസ്സ് മുറിയിൽ കയറിച്ചെല്ലുമ്പോൾ വലത്തേ അറ്റത്തെ ജനാലക്കരികിൽ കുട്ടികൾ കൂട്ടം കൂടിനിന്ന് ഒച്ചവക്കുന്നു. നടുക്ക് അവൾ ആ കറുത്ത കുട്ടി മുഖം കുനിച്ച് മഹാഅപരാധിയെപ്പോലെ  നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളിൽ ഒരുവൾ പറഞ്ഞു " ഇവൾ ഇവിടെയിരുന്ന ചോറ്റുപാത്രം തുറന്നു ചോറുവാരിത്തിന്നു". അവിടെ ജനാലപ്പടിയിൽ കുട്ടികളുടെ ചോറ്റുപാത്രങ്ങൾ നിരത്തിവച്ചിട്ടുണ്ടായിരുന്നു. ' നീലക്കളറിലെ ചോറ്റുപാത്രം, അലുമിനിയത്തിന്റെ ചോറ്റുപാത്രം, സ്റ്റീലിന്റെ തൂക്കുപാത്രം ' ഇതിനെല്ലാം നടുവിലായി മീനുക്കൊച്ചിന്റെ സ്റ്റീലിന്റെ ചെറിയ വട്ടപ്പാത്രവും, അതിനു മുകളിൽ നീലക്കളറുള്ള  കുഞ്ഞുജാറിൽ  അമ്മ കുടിക്കാൻ കൊടുത്തയച്ച വെള്ളവും വെള്ളത്തിന്റെ ജാർ മാറ്റി വെച്ച് സ്റ്റീൽ പാത്രം തുറന്ന പടുതി ഇരിപ്പുണ്ടായിരുന്നു.  കുട്ടികളിൽ ആരോ പറഞ്ഞു " മീനുക്കുട്ടീടെ പാത്രത്തിലാ ഇവൾ കയ്യിട്ടേ". മീനുക്കൊച്ചിനു സങ്കടവും വന്നു അവൾ കരയാനും തുടങ്ങി. 
സാറാമ്മ ടീച്ചർ എഞ്ചുവടിപ്പുസ്തകവും, ചൂരൽവടിയുമായി ക്ലാസ്സിലേക്ക് കയറി വരുമ്പോൾ കുട്ടികളുടെ 'കലപില' കേട്ട് മേശപ്പുറത്ത് ചൂരൽവടിയിട്ട് അടിച്ചു ശബ്ദമുണ്ടാക്കി. കുട്ടികൾ ഉച്ചത്തിൽ  മത്സരിച്ചു പറഞ്ഞു " ടീച്ചർ... ഈ കുട്ടി ചോറു കട്ടു തിന്നു..". 
" ആര്? " ടീച്ചർ ചോദിച്ചു. 
കുട്ടികൾ എല്ലാവരും ചേർന്ന് ഒരു കൊടുംകുറ്റവാളിയെയെന്നപോലെ അവൾക്കു നേരെ കൈ ചൂണ്ടി. 
ടീച്ചർ വീണ്ടും ചോദിച്ചു " ആരുടെ ചോറാ?"
കുട്ടികൾ അതിനും മത്സരിച്ചു മറുപടി പറഞ്ഞു " മീനുക്കുട്ടിയുടെ"
മീനുക്കൊച്ച് ഏങ്ങലടിച്ചു കരയുകയായിരുന്നു. 
ടീച്ചർ ആശ്വസിപ്പിച്ചു " പോട്ടെ സാരമില്ല കരയാതെ" എന്നു പറഞ്ഞ് ചോറ്റുപാത്രം പരിശോധിച്ചു  എന്നിട്ട് മീനുക്കൊച്ചിന്റെ തോളിൽത്തട്ടി പറഞ്ഞു 
" അവൾ ചോറെടുത്തില്ല കുട്ടീ...... അപ്പോഴേക്കും മറ്റു കുട്ടികൾ കണ്ടുപിടിച്ചില്ലേ.... നീ കരയണ്ട ....." അതു കേട്ടിട്ടും മീനുക്കൊച്ച്  കരഞ്ഞു. 
ടീച്ചർ ആ കുട്ടിയുടെ അടുത്ത് ചെന്നു. അവൾ ഭയം മൂലം വിറക്കുന്നുണ്ടായിരുന്നു. " നിനക്കു കഴിക്കാൻ ഉച്ചക്കിവിടെ ഉപ്പുമാവുണ്ടല്ലോ. നീ അതല്ലേ എന്നും ഉച്ചക്ക് കഴിക്കുന്നത് പിന്നെന്തിനാ ആ കുട്ടീടെ ചോറെടുത്തെ?"  അവളപ്പോഴും മിണ്ടാതെ തലകുനിച്ചു നിന്നു. ടീച്ചർ താക്കീതു കൊടുത്തു 
" ഇനിയിതാവർത്തിക്കരുത് .... പറഞ്ഞതു മനസ്സിലായോ..."അവൾ തലയാട്ടി. ടീച്ചർ മറ്റുകുട്ടികളോടായി പറഞ്ഞു " ഇനിയാരും ഇതെപ്പറ്റി പറയണ്ട കേട്ടല്ലോ ". ക്ലാസ്സ് മുറി നിശബ്ദമായി . ടീച്ചർ രണ്ടിന്റെ കണക്കുപട്ടിക പഠിപ്പിക്കാൻ തുടങ്ങി. 

ഉച്ചമണി അടിച്ചു. കുട്ടികൾ ബഹളം വെച്ച് വെളിയിലേക്ക് പാഞ്ഞു. മീനുക്കൊച്ചും കൂട്ടരും കിണറ്റുകരയിൽ പാഞ്ഞെത്തി. സീനിയർ അമ്മിണിക്കുട്ടി ഒച്ചവച്ചുകൊണ്ട് ഓടി വന്നു " മാറ്.... മാറ്... എല്ലാരും മാറിക്കെ....."  കുട്ടികൾ  ഭവ്യതയോടെ  മാറി നിന്നു.
അമ്മിണിക്കുട്ടി കിണറ്റിൻ കരയിലിട്ടിരിക്കുന്ന ചെറിയ കല്ലിൽ കയറിനിന്ന് തൊട്ടി കിണറ്റിലേക്ക്  സ്പീഡിലിറക്കി . പിന്നെ ഗമയിൽ കയറിൽ ഒന്നു രണ്ടു തവണ മേലോട്ടും, താഴോട്ടും വലിച്ച് തൊട്ടി മുങ്ങിയെന്നുറപ്പു  വരുത്തി ആഞ്ഞാഞ്ഞു വലിച്ച് തൊട്ടി കരയിലേക്കെടുക്കുംപോൾ  കുട്ടികൾ തിക്കിത്തിരക്കി ബഹളം വച്ചു. അമ്മിണിക്കുട്ടി  തൊട്ടിയിലെ വെള്ളം ഒഴിച്ചു കൊടുത്തു. മീനുക്കൊച്ചും, കൂട്ടരും തിക്കിയിടിച്ച് കൈ നീട്ടി...... കൈ നനഞ്ഞോ...... ഇല്ലയോ...... ഓടടാ......ഓട്ടം... ക്ലാസ്സിലേക്ക്.  ഓടിച്ചെന്നു ചോറ്റുപാത്രം എടുക്കുമ്പോൾ  സുനിക്കുട്ടിയും, മറ്റു കുട്ടികളും ഓർമ്മപ്പെടുത്തി " കുട്ടീടെ ചോറിൽ ആ കുട്ടി കയ്യിട്ടതല്ലേ? "  മീനുക്കൊച്ച് സാവകാശം പാത്രം തുറന്നു അമ്മ തന്നു വിട്ട മുട്ട വറുത്തതും, പയറുതോരനും, ചമ്മന്തിയും ചോറിനു മുകളിൽ.  മുട്ട വറുത്തതിന്റെ ഒരു സൈഡ് അള്ളിപ്പറിച്ചെടുത്ത  പോലെ. മീനുക്കൊച്ചിനു അതുകണ്ടപ്പോൾ സങ്കടം വന്നു. സുനിക്കുട്ടി വീണ്ടും ചോദിച്ചു " ആ കുട്ടി കയ്യിട്ടു വാരിയ ചോറു മീനുക്കുട്ടി തിന്ന്വോ? അയ്യേ...... "  അവൾ മുഖം കോട്ടിപ്പിടിച്ചു. 
മീനുക്കൊച്ചിനു സങ്കടമായി. അവൾ നീല ജാറിലെ വെള്ളം കുടിച്ചു.  മീനുക്കൊച്ച് ചോറിൽ കയ്യിട്ടു കുഴച്ചു കുഴച്ചിരുന്നു. അവൾ കഴിച്ചില്ല. സ്കൂൾ പറമ്പിന്റെ അങ്ങേ തൊടിയിലേക്ക്  ചോറുകൊട്ടിക്കളഞ്ഞ് മീനുക്കൊച്ചും മറ്റുള്ളവർക്കൊപ്പം പാത്രം കഴുകാനായി ഓടുമ്പോഴും അവൾക്കു വിശന്നു. പാത്രംകഴുകിവച്ച് ചെമ്പകച്ചുവട്ടിൽ സാറ്റ് തിമിർത്തു കളിക്കുമ്പോഴും മീനുക്കൊച്ചിനു വല്ലാണ്ട് വിശന്നു. തന്റെ പാത്രത്തിൽ കയ്യിട്ട ആ കുട്ട്യോട് അവൾക്കു ദേഷ്യം തോന്നി. 
ഉച്ച ഇന്റെർവെൽ കഴിഞ്ഞു ബെൽ മുഴങ്ങി. മീനുക്കൊച്ചും കൂട്ടരും ക്ലാസ്സിലേക്ക് പാഞ്ഞു. ക്ലാസ്സിൽ 'കല പില ' ശബ്ദം. മീനുക്കൊച്ചിനപ്പോഴും വിശക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ ആരോ പറഞ്ഞു " അയ്യേ.....ചോറുകള്ളീ..... ചോറു കട്ടു തിന്നേ...." . അപമാനഭാരത്താൽ തല താഴ്ത്തി നടന്നു ബെഞ്ചിന്റെ ലാസ്റ്റ് ഭാഗത്തു പോയിരുന്ന ആ കുട്ടിയെ മീനുക്കൊച്ച് ഇങ്ങേയറ്റത്തിരുന്നു  എത്തിനോക്കി. അവളപ്പോഴും കുനിഞ്ഞിരിക്കയായിരുന്നു. കളിക്കാൻ വിളിച്ചാൽ വരാൻ കൂട്ടാക്കാത്ത, ആരോടും കൂട്ടു കൂടാത്ത, നിറം മങ്ങിയ നീല ഉടുപ്പിട്ടിരിക്കുന്ന അവളെ നോക്കുമ്പോൾ മീനുക്കൊച്ചിന് അവളോട് സങ്കടം തോന്നി. 
 ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങി. ഇന്റെർവെൽ ആയപ്പോഴേക്കും മീനുക്കൊച്ചിനു കലശലായ വിശപ്പായി എങ്കിലും ആശ്വസിച്ചു ' ഇപ്പൊ നാലുമണി ബെല്ലടിക്കുമല്ലോ'. ഇന്റെർവെൽ കഴിഞ്ഞു ടീച്ചർ വന്ന് ചില കടംകഥകളും, കഥകളും പറഞ്ഞ് നേരം പോക്കി. ലാസ്റ്റ് ബെൽ അടിച്ചു. കുട്ടികൾ വീണ്ടും 
' കലപില'  മുഴക്കി വെളിയിലേക്ക്. മീനുക്കൊച്ച് ബാഗുമെടുത്ത് പുറത്തേക്കു പായാൻ ഒരുങ്ങുമ്പോൾ ആരോ കുട്ടികൾ " ചോറുകള്ളീ ......"  ആ കുട്ടിയെ...... വീണ്ടും.... കണ്ടു നിന്ന ചില കുട്ടികൾ ഉറക്കെ ചിരിച്ചു. മീനുക്കൊച്ച് തിരിഞ്ഞാ കുട്ടിയെ നോക്കി. അവൾ തന്റെ സ്ലേറ്റും, പുസ്തകവും മാറോടടുക്കി വച്ചു കുനിഞ്ഞു നടന്നു വന്നു. കുട്ടികൾ വെളിയിലേക്ക് ഓടിപ്പോയി. മീനുക്കൊച്ച് അവളുടെ അടുത്തെത്തി അവളോടു പറഞ്ഞു " എനിക്ക് കുട്ടിയോടു പിണക്കമില്ലാട്ടൊ ".  അവൾ മുഖമുയർത്തി ആ കണ്ണുകളിൽ നന്ദിയുടെയോ, സ്നേഹത്തിന്റെയോ ഒരു പ്രകാശം ചൊരിയുന്നപോലെ. മീനുക്കൊച്ച് മുഖത്തു നോക്കി ചിരിച്ചു എന്നിട്ടവളോട് ചോദിച്ചു " കുട്ടിക്ക് ഉപ്പുമാവിഷ്ടമല്ലേ?" അവൾ ഒന്നും മിണ്ടാതെ നിന്നു. മീനുക്കൊച്ച് വീണ്ടും ചോദിച്ചു " കുട്ടീടമ്മ എന്താ ചോറ്റുപാത്രത്തിൽ ചോറു തന്നു വിടാത്തെ?". അവളുടെ മുഖം പെട്ടെന്നു മ്ലാനമായി. 
" നീ വേഗം വന്നില്ലേൽ ഞാൻ പോവും"  മീനുക്കൊച്ച് തിരിഞ്ഞുനോക്കുംപോഴേക്കും സ്കൂൾവരാന്തയുടെ അങ്ങേഅറ്റത്തുനിന്ന് മുറ്റത്തേക്ക് ചാടി ഏട്ടൻ ഓട്ടം തുടങ്ങിയിരുന്നു. മീനുക്കൊച്ചു ബാഗുമായി ഓടിയണച്ച് അവർക്കൊപ്പം എത്താൻ ശ്രമിക്കുമ്പോഴും " ആ കുട്ടീടമ്മ എന്താവും അവൾക്കു ചോറുകൊടുത്തയക്കാത്തെ?" എന്ന ചിന്തയായിരുന്നു  മനസ്സിൽ.  സ്കൂളിനോട് ചേർന്ന ആ ഓലഷെഡിൽ നിന്നും ഉപ്പുമാവുചേടത്തി  തയ്യാറാക്കുന്ന ഉപ്പുമാവിന്റെ മണം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുമ്പോൾ കൊതിതോന്നിയിട്ടുണ്ട് . എന്താവും അതിന്റെ രുചി?  അത് മീനുക്കൊച്ചിനറിയില്ലല്ലോ! എന്തായാലും ആ മണം ഓർത്തപ്പോൾ മീനുക്കൊച്ചിനു കൊതി വന്നു. വിശപ്പ് മൂലം തളർന്നിരുന്ന മീനുക്കൊച്ചിന് എത്ര ഓടിയിട്ടും മുന്നേ മുന്നേ കൂട്ടുകാർക്കൊപ്പം ഓടിപ്പോവുന്ന എട്ടനൊപ്പം എത്താൻ കഴിയാതെ പിറകീന്നു നീട്ടി വിളിച്ചു " ഏട്ടാ............... നിൽക്കൂ......... ഇല്ലെങ്കിൽ ഞാനച്ചനോടു പറയുവേ..."      ഏട്ടൻ ബ്രേക്കിട്ടപോലെ നിന്നു ഏട്ടന്റെ കൂട്ടരും തിരിഞ്ഞുനിന്നു. മീനുക്കൊച്ച് ഓടി അവർക്കൊപ്പം എത്തുമ്പോൾ അവർ വീണ്ടും ഓടാൻ തുടങ്ങിയിരുന്നു. മീനുക്കൊച്ചും അവർക്കുപുറകെ അണച്ചോടുമ്പോൾ ഏട്ടൻ കൂട്ടുകാരോടായി പറയുന്ന കേൾക്കാമായിരുന്നു " എനിക്കൊരനിയനെ മതിയായിരുന്നു കളിക്കാൻ ....ഇവളെ എനിക്കിഷ്ടമല്ല.... ഇവൾക്കു മോങ്ങാൻ മാത്രേ അറിയൂ.... കളിക്കാനറിയില്ല....."
മീനുക്കൊച്ചിന്റെ മനസ്സിൽ അപ്പോൾ ഉപ്പുമാവുചേടത്തി തയ്യാറാക്കുന്ന ആ 'ഉപ്പുമാവിന്റെ വായുവിലൂടെ വരുന്ന ഗന്ധം .......ഒരിക്കലെങ്കിലും അതിന്റെ സ്വാദുരുചിച്ചറിയാനുള്ള  ആഗ്രഹം ....'  അത്രക്കും അവൾക്കു വിശപ്പ് കഠിനമായിക്കഴിഞ്ഞിരുന്നു. 
*************************************////////////////////////*********************************************

45 comments:

  1. കൊള്ളാം ,, വിശപ്പ്‌ അതിന്റെ കാഠിന്യം അനുഭവിക്കാത്ത ആരും ഉണ്ടാവില്ല , ആ സമയം എന്ത് കിട്ടിയാലും അതിനു രുചിയും കൂടും .. സാധാരണ കഥകളില്‍ നിന്നും വ്യതസ്തമായി , വിശപ്പ്‌ അറിയാതെ ജീവിച്ച കുട്ടിയുടെ ആംഗിളില്‍ നിന്നും കഥ പറഞ്ഞ പരീക്ഷണം കൊള്ളാം .. ഒപ്പം ആനുകാലികങ്ങളില്‍ കഥ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു .. കൂടുതല്‍ ഉയരത്തില്‍ എത്താന്‍ കഴിയട്ടെ...ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
    Replies
    1. വായനക്കും, ഈ വാക്കുകൾക്കും നന്ദി ഫൈസൽ.

      Delete
  2. കഥ ഇഷ്ടമായി. ഒപ്പം ആശംസകളും

    ReplyDelete
    Replies
    1. ഈ വായനയിലും, അഭിപ്രായം കുറിച്ചതിലും സന്തോഷം..... നന്ദി.. അന്നൂസ്.

      Delete
  3. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ മനസിലാവുമോ ?പണ്ടൊക്കെ ഏതേലും കുട്ടികള്‍ ചോറ് കൊണ്ടുവരാതിരുന്നാല്‍ എല്ലാവരും വട്ടം കൂടിയിരുന്നു കൂട്ടം ആ കുട്ടികള്‍ക്ക് പകുത്ത് കുടുക്കുന്ന പതിവുണ്ടായിരുന്നു ,ഇന്ന് അങ്ങനെ കൊടുക്കുന്നത് പോലും മോശമെന്ന് കരുതുന്നവരാണ് ...കൊള്ളാം ഈ എഴുത്തും വിശപ്പിന്‍റെ വിളിയും ,,,

    ReplyDelete
    Replies
    1. ഈ ബ്ലോഗിലേക്കുള്ള വരവിലും വായനയിലും അതീവ സന്തോഷം അൽജു ശശിധരൻ.

      Delete
  4. അഭിനന്ദനങ്ങൾ ഗീത.
    സ്കൂളിൽ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെ ഗന്ധം നമ്മളെയൊക്കെ ഒരുപാട് കൊതി പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ പുറകിലുള്ള വിശപ്പിൻറെ ഗന്ധം അറിയാൻ വീണ്ടും എത്രയോ കാലം എടുത്തു. കഥ ഉള്ളിൽ തട്ടുന്നതായി.

    ReplyDelete
    Replies
    1. ഈ വരവിലും, രണ്ടു വാക്കുകൾ പറഞ്ഞതിലും അതീവ സന്തോഷം ഒപ്പം നന്ദിയും.

      Delete
  5. "വിശന്ന വയറിനേ ഭക്ഷണത്തിൻറെ യഥാര്‍ത്ഥ
    രുചി അറിയൂ..."

    ഉത്തരം കിട്ടാത്ത ചോദ്യത്തിലൂടെ വലിയൊരു തിരിച്ചറിവ് നൽകാൻ കഥക്ക് കഴിഞ്ഞു അത് കഥാകൃത്തിൻറെ മികവ് തന്നെ... ആശംസകള്‍

    ReplyDelete
    Replies
    1. ശിഹാബ് പറഞ്ഞത് വാസ്തവം " വിശന്ന വയറിനേ ഭക്ഷണത്തിന്റെ വില അറിയൂ" . കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷം.. നന്ദി.

      Delete
  6. അഭിനന്ദനങ്ങൾ ചേച്ചീ.. മീനുക്കൊച്ചിനു ഉപ്പുമാവിനോട് തോന്നിയ കൊതി ഒരുപക്ഷേ ആ കുട്ടിക്ക് പൊതിച്ചോറിനോട് തോന്നിയിട്ടുണ്ടാവാം അല്ലേ.. അതുമല്ലെങ്കിൽ ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടും വരെ കാത്തിരിക്കാൻ അവളെ വിശപ്പ് അനുവദിച്ചിട്ടുണ്ടാവില്ല

    ReplyDelete
    Replies
    1. ബ്ലോഗിൽ വന്നതിലും, അഭിപ്രായം പറഞ്ഞതിലും അതീവ സന്തോഷം... സ്നേഹം.... അനൂ.

      Delete
  7. ബാലരചനയ്ക്ക് അനുയോജ്യമായ ഭാഷാശൈലിയോടെ കഥ അവതരിപ്പിച്ചിരിക്കുന്നു.
    സ്കൂളിലെ ബഹളത്തിനിടയില്‍ ഓടിമറയുന്ന രംഗങ്ങളും,കഥാപാത്രങ്ങളും അനുവാചകന്‍റെ ഉളളില്‍ തരംഗം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല....
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിലും, അഭിപ്രായം അറിയിച്ചതിലും അതീവസന്തോഷവും , നന്ദിയും സർ.

      Delete
  8. ഈ കഥ കേട്ടപ്പോൾ സ്കൂൾ കിണറ്റുകരയിൽ പഴയ ഇരുമ്പു തൊട്ടിയിലെ വെള്ളം "(മടമടാന്നു)" കുടിക്കുംപോലുള്ള തണുപ്പനുഭവപ്പെട്ടു...
    "ആശംസകൾ "

    ReplyDelete
    Replies
    1. അതെയോ, എങ്കിൽ സന്തോഷമായി ട്ടോ.

      Delete
  9. സ്കൂള്‍ കാലം ഓര്‍മ്മയില്‍ ഓടിയെത്തി.
    ആശംസകള്‍.

    ReplyDelete
    Replies
    1. ആ കാലങ്ങളൊക്കെ പോയ്‌ മറഞ്ഞില്ലേ! ഈ വായനയിലും, വാക്കുകളിലും അതീവ സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു സർ.

      Delete
  10. രണ്ടു കുട്ടികളുടെ വിശപ്പിലൂടെ പറഞ്ഞ ഒരു നല്ല കഥ.. എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. വരവിലും, വായനയിലും ഒരുപാട് സന്തോഷവും, നന്ദിയും.

      Delete
  11. നല്ലൊരു കഥ. പാവം കുട്ടി .പഴയ സ്കൂൾ കാലം ഓർമ്മ വന്നു.
    എല്ലാ സ്കൂളുകളിലും തോറ്റ ചേച്ചിമാർ കാണും ല്ലേ...മറ്റുകുട്ടികളുടെ കാര്യങ്ങൾ നോക്കാൻ

    ReplyDelete
    Replies
    1. സീനിയർ ആയതിനാൽ ഇത്തിരി ഗമയും, പവറും ഒക്കെ ആവും ഈ ചേച്ചിമാർക്ക്. വായിച്ചതിലും, രണ്ടു വരികൾ കുറിച്ചതിലും സന്തോഷം.... സ്നേഹം.... റോസാപ്പൂവേ .

      Delete
  12. ഒരുപാട്‌ ഭക്ഷണം പാഴാക്കി കളയുന്ന മലയാളീടെ മനസിൽ തൊടും ഈ കഥ.

    ReplyDelete
    Replies
    1. ഈ ബ്ലോഗിലേക്കുള്ള വരവിൽ സന്തോഷം ഒപ്പം വായിച്ചഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

      Delete
  13. മറ്റ് കുട്ടികൾക്ക് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുക്കുന്ന രംഗത്തിനാണ് മിഴിവ് കൂടുതൽ. മറ്റ് മാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. പ്രദീപ് മാഷ്‌,
      തിരക്കിനിടയിലും വന്നതിലും രണ്ടു വാക്ക് കുറിച്ചിട്ടതിലും ഒരുപാട് സന്തോഷം.

      Delete
  14. ഗീതേച്ചി........

    നല്ല ഇഷ്ടായി എന്ന്‍ പറഞ്ഞാല്‍ പോരാ,അത്രയ്ക്കിഷ്ടമായി.സ്കൂള്‍ ജീവിതം ഏതാണ്ടൊക്കെ മറന്നിരിക്കുകയായിരുന്നു.കണ്മുന്നില്‍ നടന്നത് പോലെ........

    ReplyDelete
    Replies
    1. സുധീ
      സ്കൂൾ കാലങ്ങളിലോട്ടുള്ള ഒരു തിരിച്ചുപോക്ക് . ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      Delete
  15. ഇന്നത്തെ വിശപ്പറിയാത്ത പുതുതമുറയൊക്കെ
    ഈ കഥ വായിച്ച് പഴയ കാലത്തെ ജീവിത ക്ലേശങ്ങൾ മനസ്സിലാക്കണം

    പിന്നെ ‘മലയാളം ന്യൂസി"ൽ വിശപ്പ് ഇടം പിടിച്ചതിൽ അഭിനന്ദനങ്ങൾ കേട്ടൊ

    ReplyDelete
    Replies
    1. ഈ വരവിലും വായനയിലും ഒരുപാട് സന്തോഷവും, നന്ദിയും സർ.

      Delete
  16. ആദ്യം അഭിനന്ദനങ്ങള്‍.... വിശപ്പിലൂടെ വീണ്ടും സ്കൂള്‍ കാലം ഓര്‍മ്മയിലെത്തിട്ടോ. മീനുക്കൊച്ചിനു ഉപ്പുമാവിനോടുള്ള കൊതിയും, എന്നും അതുതന്നെ കഴിക്കേണ്ടി വരുന്ന മറ്റൊരു കുഞ്ഞിന്‍റെ നിസ്സഹായതയും... നല്ല കഥ ഗീത!

    ReplyDelete
    Replies
    1. പ്രിയ മുബീ,
      ഈ വായന സ്കൂൾ കാലങ്ങളെ ഓർമ്മിപ്പിച്ചു അല്ലെ ഈ വരവിൽ
      അതീവസന്തോഷം ഒപ്പം നന്ദിയും.

      Delete
  17. ചൂട് ഉച്ചകഞ്ഞിയും പയറും സ്റ്റീല്‍ പാത്രത്തില്‍ വാങ്ങി ഊതി തണുപ്പിച്ചു കഴിച്ച കാലം ഓര്‍ത്തുപോയി.

    നല്ല കഥ. ഒത്തിരി ഇഷ്ട്ടം.

    ReplyDelete
    Replies
    1. സ്വാഗതം. വരവിലും, വായനയിലും ഒത്തിരി സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.

      Delete
  18. വൈകിയാണെങ്കിലും വായിച്ചു. സ്കൂൾ കാലത്തേയ്ക് തിരിച്ചു കൊണ്ട് പോയി. ലളിതമായ ഭാഷയിൽ ഒരു മികച്ച സന്ദേശം. അഭിനന്ദനങ്ങൾ.

    ReplyDelete
  19. വൈകിയാണെങ്കിലും വന്നതിലും വായിച്ചതിലും നന്ദി... സ്നേഹം അമീൻ.

    ReplyDelete
  20. നല്ല കഥ ചേച്ചീ...

    ഒപ്പം പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ശ്രീ ഒപ്പം നന്ദിയും. പുതുവത്സരാശംസകൾ തിരിച്ചും.

      Delete
  21. അപ്പൊ വല്ല്യ എഴുത്ത്കാരിയൊക്കെയായി.... :-)
    അഭിനന്ദനങ്ങൾ!!!
    നല്ല കഥ !! സ്കൂളിന്‍റെ വിഷ്വൽ ഗതകാലസ്മരണകളുടെ ആക്കം കൂട്ടി.
    എനിക്ക് തോന്നുന്നത് ഞാനൊക്കെയായിരുന്നു ഇങ്ങനെ ഒരു സ്കൂള്‍ അന്തരീക്ഷത്തിലെ അവസാനത്തെ കണ്ണികള്‍ എന്ന്.
    ഇപ്പോഴത്തെ കുട്ടികളൊന്നും തോല്‍ക്കാറില്ലല്ലോ.....

    ReplyDelete
    Replies
    1. വല്യ എഴുത്തുകാരിയൊന്നുമായില്ല ദിവ്യ. ഈ വരവിനും, അഭിപ്രായത്തിലും ഒരുപാട് സന്തോഷം... സ്നേഹം ദിവ്യക്കുട്ടീ.

      Delete
  22. വിശപ്പിന്‍റെ ഈ കഥ എന്നെ ഒരുപാട് പിറകോട്ടു കൊണ്ടുപോയി. ജാതിയ്ക്കും മതത്തിനും അതീതമായി വളര്‍ത്തിയ എന്റെ അച്ഛനെ നമിയ്ക്കുന്നു.. പിന്‍വിളി വിളിച്ച ഈ കഥയ്ക്കും നന്ദി..

    ReplyDelete
  23. സന്തോഷം. അഭിനന്ദനങ്ങൾ💥🎆🌷😍 ഇനിയും കൂടുതൽ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരാൻ കഴിയുമാറാകട്ടേ!
    ആശംസകൾ

    ReplyDelete
  24. വിശപ്പ് കൊണ്ട് കട്ട് തിന്ന കുട്ടിയും ഉപ്പ് മാവിന് വേണ്ടി കൊതിക്കുന്ന കുട്ടിയും... മീനുക്കുട്ടിയെപ്പോലെ ഉപ്പുമാവ് മണം കൊണ്ട് കൊതിച്ചിട്ടുണ്ട് ഞാനും... പക്ഷെ വലുതായപ്പോൾ ദിവസവും ഉപ്പുമാവ് കഴിക്കാൻ വിധിക്കപ്പെട്ടിരുന്നവരോട് മനസ്സിൽ കരഞ്ഞുകൊണ്ട് മാപ്പു പറഞ്ഞിട്ടുമുണ്ട് 😔. ഈ കഥ ഹൃദയത്തിൽ തൊട്ടു ട്ടോ !പ്രസിദ്ധീകരിക്കേണ്ടത് തന്നെ 😍. അടുത്ത കഥക്ക് കാത്തിരിക്കുന്നു ഗീതാച്ചി 🥰

    ReplyDelete
  25. രാവിലെ ഓടി വന്ന് വായിച്ചു പോയി. എഴുതാൻ സമയം കിട്ടിയില്ല.

    പണ്ടത്തെ ഒരു സ്കൂൾ പരിസരം മുന്നിൽ കണ്ട പോലെ. വ്യക്തിപരമായി നേരിട്ടനുഭവിച്ചിട്ടില്ലെങ്കിലും പലരുടേയും വാക്കിലൂടെയും അനുഭവങ്ങളിലൂടെയും കുറച്ചൊക്കെ അറിയുന്ന ഒരു പരിസരം...

    വിശപ്പിൻ്റെ കാഠിന്യം താങ്ങാനാതാവുമ്പോൾ ഒരു കാരണവുമില്ലാതെ പാഴാക്കിക്കളഞ്ഞ ഓരോ വറ്റിനേയും ഓർക്കാത്തവർ കുറവാവും. എന്തു കൊണ്ടും മനസ്സിൽ തട്ടുന്ന ഒരു കഥ തന്നെ എന്ന് പറയാതെ വയ്യ.
    നന്നായി എഴുതി എന്ന് പറയേണ്ടതില്ലല്ലോ ☺️

    ReplyDelete
  26. മനോഹരം ആയിരിക്കുന്നു ❤️

    ReplyDelete