Tuesday 22 November 2022

ഓർമ്മകൾ .....





“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ 

കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”

ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു … ഹൈസ്കൂൾ ക്ലാസ്സിലെ കൂട്ടുകാരി രാജി … ഏയ് അല്ല … അവൾ പാടിയത് “ മൈനാകം …..കടലിൽ നിന്നുയരുന്നുവോ…. ചിറകുള്ള മേഘങ്ങളായ് … ശിശിരങ്ങൾ തിരയുന്നുവോ …” ( ചിത്രം തൃഷ്ണ 1981 ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം … എസ് ജാനകി ) ഒരു സ്കൂൾ ഫെസ്റ്റിവൽ കാലത്തു പനിവന്നുമാറി തൊണ്ടയടച്ച ശബ്ദത്തിലും അവൾ “ മൈനാകം …” പാടി പ്രൈസ് വാങ്ങിയതും ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു പറഞ്ഞതും ഓർക്കുന്നു. അപ്പൊ അവളുമല്ല.   നല്ല പരിചയം .. പക്ഷേ അതാരെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് …?    “ ആളിമാരൊത്തുകൂടി ആ …. മ്പൽപൂക്കടവിങ്കൽ …

ആയില്യപ്പൂനിലാവിൽ കുളിക്കാൻ പോ…. യ് “ ഏറിയാൽ നാലോ അഞ്ചോ വയസ്സു തോന്നിപ്പിക്കുന്ന കുരുന്നിന്റെ നാവിൽനിന്നും ഇത്രയും വാക്കുകൾ ഇത്രയും ഭാവത്തിൽ …. കുട്ടി പാടുക മാത്രമല്ല ഗാനരചന… സംഗീതം ഒക്കെ കൃത്യമായി ഓർത്തു പറയുന്നു. വെറുതെ യൂ ട്യൂബിൽ ആ പാട്ടൊന്നു തിരഞ്ഞു. 1976 കളിലെ “ പ്രസാദം “ എന്ന സിനിമ .. 

പി.ഭാസ്കരൻ മാഷുടെ ഗാനരചനയിൽ ദക്ഷിണാമൂർത്തിസാർ ഈണം നൽകി ജാനകിയമ്മയുടെ സ്വരമാധുരിയിൽ പഴയകാലനടിമാരിലെ സുന്ദരി ജയഭാരതിച്ചേച്ചിയും പ്രേംനസീർ സാറും അഭിനയിച്ച ഗാനരംഗം. അതിമനോഹരഗാനം. ഇതു പാടിയ ആൾ ..? ഒന്നൂടെ ഓർമ്മകൾ ഒന്നു തട്ടിക്കുടഞ്ഞെടുക്കാൻ നോക്കി. കിട്ടുന്നില്ല. 


“ ദിൽ കെ അരുമാ …. ആസുവോമേ ….. ബെ ഹേ  ഗയേ …” ഫേവറിറ്റ് സോങ് എന്നു പറഞ്ഞ് ചേച്ചി പലപ്പോഴും പാടാറുള്ള പാട്ട്.  മലയാളം പാട്ടുകളിൽ “ സൂര്യകാന്തീ …..സൂര്യകാ… ന്തി “..... “ ഗോപുരമുകളിൽ വസന്തചന്ദ്രൻ … ഗോരോചനക്കുറി വരച്ചു …” ഇതൊക്കെ പാടിനടന്ന ചേച്ചി ഈയിടെ വന്നപ്പോൾ മൂളിക്കേട്ടത് “ ദർശനാ …. ദർശനാ …. സ്നേഹാമൃതം എന്നിലേകൂ … ദർശനാ …”  . ഒരുവർഷക്കാലം മകളോടൊപ്പം അവളുടെ ജോലിസ്ഥലത്തു പോയി ചിലവഴിച്ചുവന്ന ചേച്ചിയുടെ ജീവിതത്തെ… പാട്ടുകളെ… ഒക്കെ എത്രവേഗത്തിൽ മാറ്റിയെടുത്തു.    ‘ നമുക്കറിയാവുന്ന ആരാണ് “ പുലയനാർ മണിയമ്മ “ പാടിക്കേട്ടിട്ടുള്ളത് ‘ എന്ന എന്റെ സംശയത്തെ “ പഴയപാട്ടുവിട്ട് പുതിയത് ആസ്വദിക്കൂ ..” എന്നു നിസ്സാരവൽക്കരിച്ചുകളഞ്ഞ ചേച്ചിയോട് ഞാൻ തർക്കിച്ചു ‘ പഴയ ഗാനങ്ങളോളം വരുമോ .. പുലയനാർ മണിയമ്മ പാടിയ നാലുവയസ്സുകാരിയിൽ അത്രയും ഭാവം ഉണ്ടാകുന്നതെങ്ങനെ എന്ന അതിശയവും ആ കുട്ടികളൊക്കെയും തിരഞ്ഞെടുക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളേയുംപറ്റി പറഞ്ഞപ്പോൾ ചേച്ചിയും അനുകൂലിച്ചു “ ഇപ്പോഴത്തെ കുട്ടികളുടെ കഴിവ് .. അപാരം ..” 


ഈയടുത്തു വെറുതെ ഒരൊത്തുകൂടൽപരിപാടിയിൽ കൂട്ടത്തിൽ പ്രായമായ ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയോട് കുശലാന്വേഷണം തിരക്കലിനിടയിൽ 

“ ആരാവാനാണ് ആഗ്രഹം “ എന്ന ചോദ്യത്തിന്‌ നാലുവയസ്സുകാരി കുരുന്നിന്റെ നാവിൽനിന്നു വന്നത് അവൾക്കൊരു യൂട്യൂബറായാൽ മതിയത്രേ.  സോഷ്യൽ മീഡിയകളും 

ടീവിയുമൊക്കെ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു.  കുട്ടിക്കാലങ്ങൾ ഓർമ്മവന്നു. മുതിർന്നവരുടെയും ടീച്ചർമാരുടെയും സ്ഥിരം ചോദ്യം “ ഭാവിയിൽ ആരാവാനാണ് ആഗ്രഹം ..” .  നാലാംക്ലാസ്സിലെ കുഞ്ഞമ്മടീച്ചർ …ആദ്യം മനസ്സിൽ വരുന്നത് ടീച്ചറുടെ കയ്യിലെ ചൂരൽവടിയും പൊങ്ങിയപല്ലുമാണ്.  ഉച്ചകഴിഞ്ഞനേരത്തെ ക്ലാസ്സാണെങ്കിൽ ടീച്ചർ പഠിപ്പിച്ചുകഴിഞ്ഞ് കുറച്ചുനേരം കഥപറയുകയോ കുട്ടികളെക്കൊണ്ടു പാട്ടുപാടിക്കുകയോ ഒക്കെ ഒരു പതിവുള്ളതാണ്. അങ്ങനെയൊരു നേരത്താണ് ടീച്ചർ കുട്ടികളിൽ ചിലരോടായി “രാവിലെ  എപ്പോൾ എഴുന്നേൽക്കും..? പഠിക്കുമോ… ഭാവിയിൽ ആരാവാനാണ് ആഗ്രഹം..?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ..”. പിറകിലെ ബെഞ്ചിലിരുന്ന സുലോചനയോടായി ടീച്ചറുടെ ചോദ്യം “ ആരുമാവണ്ട … വീട്ടിലിരുന്നാൽ മതിയെന്ന “ അവളുടെ മറുപടി ടീച്ചറെ ചൊടിപ്പിച്ചതാവാം “ നീയവിടെ നിന്നോ .. ഇരിക്കേണ്ട ..” എന്നു പറഞ്ഞ് അവളെ അവിടെ നിർത്തി അടുത്ത ഊഴം തന്റെ നേർക്കുവന്നതും ടീച്ചറായാൽ മതിയെന്ന മറുപടി … ടീച്ചറുടെ മുഖത്തു സന്തോഷവും “ മിടുക്കി “ എന്നൊരഭിനന്ദനവും പിറകേ സുലോചനയോട്  “ കേട്ടു പഠിക്ക് ..” എന്നൊരു താക്കീതും. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽനിന്നു പോയിക്കഴിഞ്ഞിട്ടും സങ്കടം മാറാതെ തലകുനിച്ചിരുന്ന് കരഞ്ഞ സുലോചന…  ശരിക്കുള്ള ആഗ്രഹം ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ സുലോചനയെപ്പോലെ തലകുനിച്ചിരുന്ന് കരയേണ്ടി വന്നേനെ എന്നാണപ്പോൾ ഓർത്തത്‌. അന്നത്തെ മനസ്സിലെ ആഗ്രഹം  പറഞ്ഞതിന്റെ പേരിൽ അച്ഛന്റെ ഉപദേശവും അമ്മയുടെ ശാസനയും … എന്തായിരുന്നു പുകില് . അപ്പോൾപ്പിന്നെ ടീച്ചറും വഴക്കു പറയുകയേ ഉള്ളൂ.  


വീടിനടുത്തുകൂടെ ആദ്യമായി ഓടിയ പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെ ബസ്സോടിക്കുന്ന ഡ്രൈവറായാൽ മതിയെന്ന ആഗ്രഹത്തെ അച്ഛനും അമ്മയും യാതൊരു ദാക്ഷിണ്യവുമില്ലാതെ മുളയിലേ നുള്ളിക്കളഞ്ഞു. രണ്ടാമത്തെ ആഗ്രഹം കേട്ടാണ് രണ്ടാളും ഷോക്കടിച്ചപോലെ നിന്നുപോയത് . പിന്നെ എന്തോ വലിയ ഫലിതം കേട്ട മട്ടില്‍ പൊട്ടിച്ചിരിച്ചു. പിന്നെ രണ്ടാളും ഇണങ്ങിയും കർശനമായും ഉപദേശവും താക്കീതും നൽകി

 “ ഇനിയിങ്ങനെ ആരോടും പറയാൻ  പാടില്ല ..അച്ഛന്റെ സ്നേഹോപദേശം ടീച്ചറാവണം ന്നാകണം ത്രേ പെൺകുട്ടികളുടെ ആഗ്രഹം .  പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെയാകാൻ ആഗ്രഹിച്ച കഥ മുൻപൊരിക്കൽ പറഞ്ഞതാണ് . വായനക്കാരിൽ ചിലരെങ്കിലും മറ്റൊരാളെപ്പറ്റി സൂചന നൽകി കഥ മടക്കിയപ്പോൾ മുതൽ സംശയം ചോദിച്ചിരുന്നു അതാരെന്ന്‌ .  അക്കഥ ഇക്കുറി വെളിപ്പെടുത്തിയില്ലയെങ്കിൽ പിന്നെ അതും മറവിയിലായാലോ…


രണ്ടാമതു പറഞ്ഞ ആഗ്രഹം വലുതായാൽ മൂപ്പരെപ്പോലെയാവണം എന്നതായിരുന്നു. ആരാണീ മൂപ്പരെന്നല്ലേ. അച്ഛന്റെയും ഏട്ടന്റെയും മുടി വെട്ടാനായി ആഴ്ചക്കണക്കോ മാസക്കണക്കോ അതൊന്നും കൃത്യമായി ഓർമ്മയില്ല … വീട്ടിൽ വരുമായിരുന്ന ആളായിരുന്നു മൂപ്പർ.  കരഞ്ഞു ബഹളം വെച്ചിരുന്ന എന്നെ അച്ഛനോ അമ്മയോ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചിരുത്തി മൂപ്പരു കത്രിക കൊണ്ട് ക്ലിക്ക്.. ക്ലിക്ക്  ശബ്ദത്തിൽ മുടി വെട്ടിക്കളഞ്ഞതായ ചെറിയ ഒരോർമ്മയേയുള്ളൂ. അതു തീരെച്ചെറിയ പ്രായത്തിലാവാം. പിന്നെയൊക്കെ എന്റെ മുടിയിലെ പ്രയോഗങ്ങൾ ഒക്കെ മുതിർന്ന ചേച്ചിമാരുടെ ഉത്തരവാദിത്വമാകയാൽ എനിക്കതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിട്ടുമില്ല. പോകെപ്പോകെ മൂപ്പരുടെ ഇടയ്ക്കുള്ള ഈ സന്ദർശനങ്ങളും അച്ഛനെയും ഏട്ടനേയും ഇരുത്തി മുടിവെട്ടലും അതിനിടയിൽ അച്ഛനുമായുള്ള വർത്തമാനം പറച്ചിലും ഒക്കെ എനിക്കും ഏറെ കൗതുകകരമായ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഇതെല്ലാം കണ്ടുകൊണ്ട് അവർക്കരികിൽ പോയി ഇതെല്ലാം നോക്കിയിരിക്കുമായിരുന്നു. ഇപ്പണിയാണോ എന്നെ ആകർഷിച്ചത് എന്നാവും …അല്ല .  അതായത് മുടിവെട്ടുകൂടാതെ സീസൺ വരുമ്പോൾ മൂപ്പർ മറ്റൊരു പണി കൂടി അധികമായി ചെയ്തിരുന്നു.  ചുരുക്കം രണ്ടു വരുമാനം മൂപ്പർക്കുണ്ടായിരുന്നു. മൂപ്പരു ചെയ്തിരുന്ന രണ്ടാമത്തെ പണിയിലാണ് ഞാനാകൃഷ്ടയായതും വലുതായാൽ ഇതുപോലൊരാൾ ആയാൽ മതിയെന്നും ഒക്കെ ആഗ്രഹിച്ചത്. 


“എരുമേലി “ എന്ന സ്ഥലത്തെപ്പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ . ഒരുപാടു് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ് … അയ്യപ്പസ്വാമിയുടെ നാട്.  അവിടെ “കനകപ്പലം “ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. നവംബർ ഡിസംബർ മാസങ്ങൾ മഞ്ഞിന്റെയും തണുപ്പിന്റെയും കുളിർമ്മയിൽ ശരണംവിളികളുടെയും പേട്ടകെട്ടിന്റെയും ക്രിസ്തുമസ്സ്കരോൾ സംഘങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ കൂടിക്കലർന്ന ഒരു അന്തരീക്ഷം. ശബരിമല സീസണായാൽ നാട് ഉണർന്നു. ചരിത്രപ്രസിദ്ധമായ “ എരുമേലി പേട്ടതുള്ളൽ “ അതേപ്പറ്റി പറയാനാണെങ്കിൽ ഈ ഒരു കുറിപ്പ് മതിയാവില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരീരത്തിലാകമാനം വിവിധനിറങ്ങളിലെ ചായം പൂശി പച്ചിലക്കൊമ്പുകളേന്തി കൊച്ചമ്പലത്തിൽനിന്നും പേട്ടകെട്ടിയിറങ്ങി വാവരുപള്ളിയിലേക്കും അവിടെനിന്നും പേട്ട തുള്ളിയുറഞ്ഞു വലിയമ്പലത്തിലേയ്ക്ക് ചുവടുവെക്കുന്ന അയ്യപ്പഭക്തർ . ഇതാണ് പേട്ട തുള്ളൽ . മതസൗഹാർദ്ദത്തിന്റെ വലിയൊരു കാഴ്ച . മൂപ്പരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. പേട്ട തുള്ളലും മൂപ്പരും തമ്മിൽ നല്ലൊരാത്മബന്ധമുണ്ട്. കുട്ടിക്കാലങ്ങളിലെ ഓർമ്മയിൽ ഈ പേട്ടകെട്ടിന് ഒരു അവധിദിനത്തിൽ അച്ഛൻ ഞങ്ങളെ കുട്ടികളെയെല്ലാം പേട്ടകെട്ടു കാണിക്കാനായി കൊണ്ടുപോകും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അച്ഛന്റെ സുഹൃത്തായ വൈദ്യന്റെ ഒളശ്ശയിൽ ഞങ്ങളെ കൊണ്ടിരുത്തും. അവിടിരുന്ന്‌ ഓരോ സംഘങ്ങളായി വരുന്ന പേട്ടകെട്ടും ബഹളങ്ങളും കാണും. അതിൽ പരിചയമുളള മുഖമാണ് മൂപ്പരുടേത്. ഓരോ സംഘങ്ങൾക്കു മുൻപിൽ ചെണ്ടയിൽ താളം പിടിച്ച് അയ്യപ്പഭക്തർക്കു മുൻപേ വരുന്ന മൂപ്പർ.  മൂപ്പരുടെ താളത്തിനൊപ്പിച്ചു ചുവടു വെയ്ക്കുന്ന അയ്യപ്പഭക്തർ.  ഒരു സംഘത്തെ പേട്ട തുള്ളിച്ച് വലിയമ്പലത്തിൽ കൊണ്ടെത്തിച്ച് മൂപ്പർ ചെണ്ടയുമായി വീണ്ടും ചെറിയമ്പലത്തിലേയ്ക്ക് ഓടിപ്പോവുന്നതു കാണാം. മറ്റു ചെണ്ടകൊട്ടുകാർ ഉണ്ടാവുമെങ്കിലും എനിക്കു മൂപ്പരെയല്ലേ അറിയൂ. ഇവരുടെയൊക്കെ ലീഡറാവാം മൂപ്പർ .. മൂപ്പരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവാം ഈ പേട്ടതുള്ളൽ എന്നൊക്കെയുള്ള കൗതുകത്തോടെയാണ് ഞാൻ മൂപ്പരുടെ ഈ ചെണ്ടകൊട്ടും അതിനൊപ്പിച്ചു അയ്യപ്പന്മാരുടെ പെട്ടതുള്ളലും ഒക്കെ കണ്ടിരുന്നത് . കുട്ടിക്കാലത്തെ ആ കൗതുകം തന്നെയാണ് മൂപ്പരെപ്പോലെ ചെണ്ടകൊട്ടുകാരനായാൽ മതിയെന്നും ആഗ്രഹിച്ചതും . അച്ഛനതു തിരുത്തിപ്പറഞ്ഞു തന്നത് “പെൺകുട്ടികൾ ചെയ്യുന്ന പണിയല്ലിതെന്നും …മേലിൽ ആരോടും ഇനിയിങ്ങനെ പറയരുത് “ എന്ന താക്കീതു നൽകുകയും ചെയ്തതോടെ ആ ആഗ്രഹവും മനസ്സിൽ അടക്കിയാണ് കുഞ്ഞമ്മടീച്ചറിനോട് വെറുതെ നുണ പറയേണ്ടി വന്നത് . 


എന്തായാലും മൂപ്പരക്കാലങ്ങളിലും അച്ഛന്റെ മുടിവെട്ടാൻ സമയമായാൽ കൃത്യമായി വീട്ടിലെത്തും. മുറ്റത്തു കസേരയിട്ട് അച്ഛനിരിക്കും. മൂപ്പർ കുറേ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് സ്പീഡിൽ അച്ഛന്റെ മുടി വെട്ടിക്കൊടുക്കും. ഞാനതും നോക്കി മുറ്റത്തെ പടിയിൽ പോയി ഇരിക്കും.  മൂപ്പരുടെ  കൈയ്യിലെ കത്രിക ചലിക്കുന്നതിനും ഒരു താളമുള്ളതുപോലെ തോന്നും.  അവസാനമായി മൂപ്പരു വീട്ടിൽ വന്ന ദിവസമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. അച്ഛൻ പെൻഷൻ ആകാറായതിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു ദിനമാണ് മൂപ്പർ വന്നത് . പതിവുപോലെ വർത്തമാനം പറഞ്ഞ് മൂപ്പർ അച്ഛന്റെ മുടി വെട്ടാൻ തുടങ്ങി. വർത്തമാനങ്ങൾ പറഞ്ഞു മുടിവെട്ടിത്തീർന്ന വേളയിലാണ് അച്ഛന്റെ കൈപിടിച്ച് മൂപ്പർ നിയന്ത്രണം വിട്ടു പൊട്ടിക്കരയാൻ തുടങ്ങി “ ഇനിയാരെ കാണാനാ സാറേ ഞാനിങ്ങോട്ടു വരിക ..” … മൂപ്പരുടെ ഇടറിയ ശബ്ദം … അച്ഛനാകട്ടെ ഒന്നും പറയാതെ മൂപ്പരുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു. ഞാനമ്മയ്ക്കരികിലേയ്ക്ക് ഓടി… ‘ അമ്മേ … മൂപ്പർ …’ .  'അമ്മ “ എന്താ ..” എന്നു ചോദിച്ച് പുറത്തേയ്ക്ക് .. ഞാനും അമ്മയ്ക്ക് പുറകേ … അപ്പോഴും മൂപ്പർ അച്ഛന്റെ കൈ പിടിച്ച് സങ്കടം അടക്കാനാവാതെ കരയുന്നു.  അച്ഛനെന്തെല്ലാമോ പറയുന്നു. ഞാനമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു . അതുകണ്ട എനിക്കും കരച്ചിൽ വന്നു . ഞാനോടി മുറിയ്ക്കകത്തേയ്ക്ക്. കുറേക്കഴിഞ്ഞ് മൂപ്പർ പടിയിറങ്ങിപ്പോവുന്നതു ജനാലയിലൂടെ കണ്ടു. എന്തിനെന്നറിയാതെ എന്റെയും കണ്ണു നിറഞ്ഞു .  


വർഷങ്ങൾക്കിപ്പുറവും  ആ പേട്ടകെട്ടും മൂപ്പരുടെ ചെണ്ടകൊട്ടും പിന്നെ അച്ഛന്റെ മുടിവെട്ടും അവസാനമായി മൂപ്പരു പടിയിറങ്ങിപ്പോയതും ഒക്കെ ഓർമ്മയിൽ വരുമ്പോൾ സങ്കടം വരും. കുട്ടിക്കാലത്തെ ആ ഓർമ്മ ഉണ്ടെങ്കിലും മൂപ്പരുടെ മുഖമൊന്നും അത്ര കൃത്യമായി ഓർമ്മയില്ല.  ഇക്കഴിഞ്ഞ ദിവസം ഏട്ടനൊരു ഫോട്ടോ അയച്ചു തന്നിട്ട് ചോദിച്ചു 

“ ഇതാരെന്നു  പറയാമോ ..”. ഒരു ഉൾവിളിയെന്നോണം ഞാൻ ചോദിച്ചു ‘ മൂപ്പരാണോ ‘ . 

ഏട്ടൻ മറുപടി ഇട്ടു “ നാണു മൂപ്പർ ..”

എനിക്കതിശയം തോന്നി .. ഞാനെങ്ങനെ മൂപ്പരെ തിരിച്ചറിഞ്ഞത് ..!! കുട്ടിക്കാലത്തെ ആ ഓർമ്മയുണ്ടെങ്കിലും മുഖം കൃത്യമായി ഓർമ്മയില്ല … എന്നിട്ടും ഞാൻ മറുപടി ഇട്ടതു കൃത്യമായിരുന്നല്ലോ .  അപ്പോഴാണ് ഞാനാ ഫോട്ടോയുടെ മുകളിൽ ശ്രദ്ധിച്ചത് .. ആദരാഞ്ജലികൾ ..

അപ്പാവു നാണു ( 103)

പുതുപ്പറമ്പിൽ 

കനകപ്പലം . 

ഏട്ടൻ പറഞ്ഞു “ ഓർമ്മയില്ലേ … പേട്ടകെട്ടിന് മൂപ്പരുടെ ചെണ്ടകൊട്ട് .. “ . പിന്നെ ഏട്ടൻ പറഞ്ഞു “മൂപ്പരുടെ മകൾ രമണി നമ്മുടെ സ്കൂളിൽ പഠിച്ചതാണ് .. നിനക്കോർമ്മയുണ്ടോ .. രമണിയുടെ സ്ഥിരം പാട്ടായിരുന്നു ‘ പുലയനാർ മണിയമ്മ ..” പാടിക്കേട്ടു നല്ല പരിചയം തോന്നിയ ആ ശബ്ദത്തിനുടമയെ ഞാനപ്പോളാണ് തിരിച്ചറിയുന്നത് .  എത്ര തവണ തല പുകഞ്ഞാലോചിച്ചു നോക്കിയതാണ് ഈ പാട്ടിന്റെ ശബ്ദത്തിനുടമയെ .. എല്ലാം ഒരു നിമിത്തമെന്നോണം ..   

ജനിച്ചു വളർന്ന നാടിനോടുള്ള ആ സ്നേഹംകൊണ്ടുതന്നെ പേട്ടകെട്ടു സീസണിൽ പോകാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാറുണ്ട് . അപ്പോൾ മനസ്സിനുണ്ടാകുന്ന ആ ആഹ്ലാദവും ശാന്തതയും സമാധാനവും എങ്ങനെ പറയണമെന്നറിയില്ല . 



മൂപ്പരുടെ ചെണ്ടമേളമില്ലാത്ത എത്രയോ പേട്ടകെട്ടുകൾ കഴിഞ്ഞിട്ടുണ്ടാവാം . ഈ മണ്ഡലകാലമടുത്തപ്പോഴേയ്ക്കും മൂപ്പർ യാത്രയായി . വർഷങ്ങൾക്കു ശേഷം മൂപ്പരെ ഞാൻ വീണ്ടും ഇക്കഥയിലൂടെ പരിചയപ്പെടുത്തുമ്പോഴേയ്ക്കും മൂപ്പർ യാത്രയായല്ലോ എന്ന വല്ലാത്ത സങ്കടത്തോടെയാണ് ഈ ഓർമ്മ പങ്കു വെയ്ക്കുന്നതും … ഈ ഓർമ്മകളിൽ എന്റെ അച്ഛനുണ്ട് … അമ്മയുണ്ട് … ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടനുണ്ട് … ഒരുപാടു ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ആ കുട്ടിക്കാലങ്ങൾ ഉണ്ട് .. ഇനിയൊന്നും എനിക്കു പറയാനാവില്ല .. എന്റെ കണ്ണുകൾ നിറയുന്നു … കുട്ടിക്കാലത്ത് ചെണ്ടകൊട്ടണമെന്ന മോഹം എന്നിലുണ്ടാക്കിയ പ്രിയപ്പെട്ട മൂപ്പർക്ക് എന്റെ പ്രണാമം …!!🌹🌹🙏🙏 






Monday 20 June 2022

അമ്മ പറഞ്ഞകഥയിലെ ഓർമ്മച്ചിത്രം



അച്ഛൻ ഒരു എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത് . വീടിനോടു അടുത്തു തന്നെയുള്ള അച്ഛന്റെ ഓഫീസിൽ അച്ഛൻ അക്കാലങ്ങളിൽ എപ്പോഴും തിരക്കായിരുന്നു.  അവിടെ വരികയും പോകുകയും ചെയ്യുന്ന ആളുകൾ… വീട്ടിൽ  ചിലപ്പോൾ സന്ദർശകർ … അവരെയൊക്കെ സൽക്കരിക്കാനും കുശലം പറയാനും പിന്നെ ഞങ്ങൾ കുട്ടികളുടെ കാര്യങ്ങൾ  നോക്കി ...അതുപോലെ അച്ഛൻ എല്ലാക്കാര്യങ്ങൾക്കും വളരെ കൃത്യനിഷ്ഠ ഉളള ആളായിരുന്നതിനാൽ സമയാസമയങ്ങളിൽ അച്ഛന്റെ ആഹാരകാര്യങ്ങൾ ശ്രദ്ധിച്ചും ഒക്കെ 'അമ്മയും അന്നാളുകളിൽ സദാ തിരക്കോടു തിരക്കായിരുന്നു. വീട്ടിലെ കാര്യങ്ങൾക്കു സഹായികളായി അമ്മയ്ക്ക് ആരെങ്കിലുമൊക്കെ പണിക്കാർ ഉണ്ടാവും .  


'അമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛന്റെ സ്വപ്നം മക്കളെ എല്ലാം പഠിപ്പിച്ച് ഗവണ്മെന്റ് ഉദ്യോഗക്കാരാക്കണം എന്നതായിരുന്നു എന്ന്. പഠിക്കാൻ സമർത്ഥരായ മൂത്ത രണ്ടുചേച്ചിമാരേയും പ്രീഡിഗ്രി പഠനം പൂർത്തിയായതേ ഗവണ്മെന്റ് ഉദ്യോഗക്കാരായ ചേട്ടന്മാരെ ഏൽപ്പിച്ചു അച്ഛൻ തല്ക്കാലം ആശ്വസിച്ചു. താഴോട്ടു നീണ്ടുകിടക്കുന്ന പെൺപടകളുടെ ലിസ്റ്റ് കാട്ടി അച്ഛന്  ബന്ധുക്കളാരൊക്കെയോ കൊടുത്ത മുന്നറിയിപ്പിന്റെ പരിണതഫലം ആകാം രണ്ടാളുടെയും വിവാഹം അന്നത്തെ കാലത്തെ എല്ലാ ആർഭാടങ്ങളോടും കൂടി ഭംഗിയായി അച്ഛൻ നടത്തി. പഠിപ്പു തുടരാനാവാത്ത സങ്കടം അവർ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെങ്കിലും രണ്ടാളുടെയും ജീവിതം സ്വസ്ഥവും സന്തുഷ്ടവുമായിരുന്നു .  മൂന്നാമത്തെ ചേച്ചി വീട്ടിലെ സുന്ദരി…...തെല്ലു മടിച്ചിയായ ചേച്ചി സ്കൂൾ പഠിപ്പു പൂർത്തിയാക്കി അച്ഛാ ഇനി ഞാൻ പഠിക്കണോ .. വീട്ടിൽ ചുമ്മാ ഇരുന്നോട്ടെ .. ദൂരെ കോളേജിൽ ഒറ്റയ്ക്ക് പോവാൻ പേടിയാണേ .. എനിക്കാരും കൂട്ടില്ലേ ..”. എന്നൊക്കെയുള്ള ചേച്ചീടെ അടവുകൾ പതിനെട്ടിൽ അച്ഛൻ വീണുപോയി എന്നാണ് 'അമ്മ പറഞ്ഞുള്ള അറിവ് . പിന്നീട് അടുത്തെവിടെയോ “ടൈപ്പും ഷോർട് ഹാൻഡും “ ( അക്കാലങ്ങളിലെ പെൺപിള്ളേരെ കെട്ടിക്കാൻ പോവുന്നെനു മുന്നേയുള്ള കോഴ്സ് ആയിരുന്നല്ലോ ) പഠിപ്പു സമയങ്ങളിൽ ഗൾഫുകാരൻ ചേട്ടൻ വന്നു ചേച്ചിയെ കെട്ടി ചേച്ചി ചേട്ടനൊപ്പം ദുബായിക്ക് പറന്നു.  ആ സമയത്തു രണ്ടാമത്തെ ചേച്ചി ഗർഭവതിയായി നാട്ടിൽ വന്നു പ്രസവശേഷം ചേട്ടനൊപ്പം തിരികെ ചേട്ടന്റെ ജോലിസ്ഥലത്തേക്ക് പോവുമ്പോൾ നാലാമത്തെ ചേച്ചിയെ “ നിനക്കൊരു ജോലി അന്നാട്ടിൽ കിട്ടും ഉറപ്പ് .. അച്ഛന് റിട്ടയർമെന്റ് സമയം ആയി .. “ ഇങ്ങനെ ചേച്ചിയെ ഉപദേശിക്കുകയും അരമനസ്സോടെ ഈ നാലാമത്തെ ചേച്ചി രണ്ടാമത്തെ ചേച്ചിക്കും ചേട്ടനുമൊപ്പം ആസ്സാമിലേക്കു പോകയും ചെയ്തതിന്റെയും ചേട്ടന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ചേച്ചി ഒരു സർക്കാരുദ്യോഗസ്ഥപദവി നേടി ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഒരേ ഒരു ഭാഗ്യവതി ആയി.


അച്ഛൻ റിട്ടയർമെന്റ് ആയി പിന്നീട് സ്വന്തമായി ചെറിയൊരു വീട് വാങ്ങി അവിടെ ഞാനും എന്റെ നേരെ മൂത്ത ഏട്ടനും ചേച്ചിയും അച്ഛനും അമ്മയുമായി പുതിയ സ്ഥലത്തു വന്നു താമസം തുടങ്ങി.  മൂത്ത ഏട്ടനും കുടുംബവും കുറച്ചകലെ ആയിരുന്നു താമസം. മൂത്ത ചേച്ചിയും നാട്ടിൽ ഉണ്ട്.  ഇടയ്ക്കിടെ മൂത്ത ഏട്ടനും ഏടത്തിയും അതുപോലെ മൂത്ത ചേച്ചിയും ചേട്ടനും ഒക്കെ വന്നു ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കി മടങ്ങും.  എല്ലാവർക്കും ആ സമയങ്ങളിൽ മുഖത്തു വല്ലാത്തൊരു മ്ലാനതയും സങ്കടവും  ഒക്കെയായിരുന്നു.  മൂത്ത ഏട്ടനും ജോലിസംബന്ധമായി ഇത്തിരി ക്ഷീണസമയം ആയിരുന്നു അക്കാലങ്ങളിൽ . എങ്കിലും “ എല്ലാം ശരിയാകും “ എന്നൊരു ആശ്വാസവാക്ക് പറഞ്ഞാണ് എപ്പോഴും അച്ഛനോടു യാത്രപറഞ്ഞു പോകുക .'അമ്മ വല്യ കഥപറച്ചിലുകാരിയായിരുന്നു.  അമ്മയുടെ കഥ എന്നു പറഞ്ഞാൽ പണ്ടുകാലത്തു നടന്ന ചില സംഭവങ്ങൾ ഒക്കെ അമ്മ വിവരിച്ചു പറയും. ആ നാളുകളിലാണ് 'അമ്മ കഥകൾ കൂടുതലും ഞങ്ങളെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ളത്. 

 'അമ്മ അങ്ങനെ പറഞ്ഞുകേൾപ്പിച്ചിട്ടുള്ള ചില കാര്യങ്ങൾ കേൾക്കുമ്പോൾ ആകാംക്ഷയും കൗതുകവും തോന്നും. മനസ്സിൽ അങ്ങനെ പതിഞ്ഞുകിടക്കും. അങ്ങനെ തോന്നിയിട്ടുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു ഞാൻ ശല്യം ചെയ്തു അമ്മയുടെ പിറകേ നടക്കും. അമ്മക്കത് എത്ര തവണ വിവരിച്ചു തരുന്നതിലും ഒരു മടിയുമുണ്ടായിരുന്നില്ല.  അങ്ങനെ അക്കാലങ്ങളിൽ 'അമ്മ ഓരോ കഥകൾ പറഞ്ഞും അച്ഛൻ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നും ഉപദേശിച്ചും ഇളയകുട്ടികളായ ഞങ്ങളെ പലപ്പോഴും ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അച്ചനും അമ്മയും തെല്ല് അസ്വസ്ഥരും ആശങ്കാകുലരുമായിരുന്നു . എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ചു വന്ന ഞങ്ങൾ ഇളയകുട്ടികൾക്കു പിന്നീട് ജീവിതത്തിൽ  ഉണ്ടായ മാറ്റങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന ആശങ്ക ആവാം അച്ഛൻ ഞങ്ങളെ പഴയതിലും കൂടുതൽ അക്കാലങ്ങളിൽ ചേർത്തുപിടിക്കുകയും ഞങ്ങൾക്ക് വാത്സല്യം  നൽകുകയും സന്തോഷം നൽകുന്ന കുഞ്ഞുകാര്യങ്ങൾ ഒക്കെ ചെയ്തു തന്ന് ഞങ്ങൾ സത്യത്തിൽ അച്ഛനോടു ഏറെ അടുക്കുന്നത് അക്കാലങ്ങളിൽ ആയിരുന്നു.  


എന്റെ ഹൈസ്കൂൾ കാലയളവിൽ ആണെന്ന് തോന്നുന്നു കല്യാണച്ചടങ്ങുകളിൽ ഒക്കെ വീഡിയോ ഷൂട്ടിങ് ചെറിയ കേട്ടുകേൾവി ആയിത്തുടങ്ങുന്നേയുള്ളൂ . അതും വല്യ വമ്പൻ പാർട്ടികളുടെ ഒക്കെ കല്യാണങ്ങൾക്ക് എന്ന് എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ടുള്ള അറിവു മാത്രം . മെല്ലെ മെല്ലെ അതു കുറച്ചു പണക്കാരുടെ ഇടയിലേക്ക് അതായതു സാധാരണക്കാരുടെ ഇടയിലേക്കും വ്യാപിച്ചു . അതെങ്ങനെയായിരിക്കും … സിനിമാ കാണുമ്പോലെയുണ്ടാവുമോ എന്നൊക്കെയൊരു കൗമാരത്തിലുണ്ടാകുന്ന ജിജ്ഞാസയും ആകാംക്ഷയും എന്നിലും ഉണ്ടായി. ആ ഒരു കാലയളവ് സമയത്താണ് എന്റെ നാലാമത്തെ ചേച്ചിയുടെ വിവാഹം. ആറുപെണ്മക്കളിൽ അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയ ഭാഗ്യവതിചേച്ചിയുടെ . ചേട്ടന്റെയും ചേച്ചിയുടെയും നിരന്തരമായ തിരച്ചിലിനൊടുവിൽ അനിയത്തിക്കുവേണ്ടി അവിടെനിന്നും തെല്ലകലത്തിൽ ആസ്സാമിൽത്തന്നെ മറ്റൊരു സ്ഥലത്തു ജോലിയുള്ള ചേട്ടനുമായുള്ള വിവാഹം നാട്ടിൽ ഏറ്റവും ലളിതമായ രീതിയിൽ നടത്തി അവർ ജോലിസ്ഥലത്തേക്ക് തിരികെ പോകയും ചെയ്തു. അങ്ങനെ കുറച്ചു ദിവസത്തെ ചെറിയ സന്തോഷങ്ങൾക്ക് ശേഷം വീണ്ടും ഞങ്ങൾ അച്ഛനും അമ്മയും ഏട്ടനും ചേച്ചിയും ഞാനുമടങ്ങുന്ന ഞങ്ങളുടെ കുഞ്ഞുലോകത്ത് .  ഞങ്ങളുടെ വല്യച്ചനും വല്യമ്മച്ചിയും ഒക്കെ മരിച്ചുപോയതിൽ പിന്നെ 'അമ്മ അമ്മാവനെയും അമ്മായിയേയും ഒക്കെ കാണാനായി അമ്മയുടെ വീട്ടിൽ ഇടയ്ക്കു വല്ലപ്പോഴും പോകാറുണ്ടെങ്കിലും ഞങ്ങൾ ഒരിക്കലും അമ്മയോടോ അച്ഛനോടോ എങ്ങും യാത്രപോകണമെന്നോ കൂടെ വന്നോട്ടെ എന്നൊന്നും വാശി പിടിച്ചിട്ടില്ല . കാരണം ഞങ്ങളുടെ അച്ഛന് ജോലിയില്ലല്ലോ .. പഴയപൊലെയല്ലല്ലൊ എന്നുള്ള ഒരു ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു അക്കാലങ്ങളിൽ . അങ്ങനെ ഒരു ദിവസം 'അമ്മ അമ്മവീട്ടിൽ പോയി തിരികെ വന്നപ്പോൾ 'ഒരു കല്യാണക്കാസറ്റ് കണ്ടതിന്റെ വിശേഷങ്ങൾ പറഞ്ഞു.  അമ്മയുടെ ഏതോ ബന്ധുവിന്റെ വീട്ടിലെ വിവാഹച്ചടങ്ങിന്റെ വീഡിയോ കാസെറ്റ്‌ കണ്ടതിന്റെ ത്രില്ലില് ആയിരുന്നൂ 'അമ്മ . പോരാത്തതിന് ആ കാസെറ്റ്‌ റെക്കോർഡ് ചെയ്തത് അമ്മാവന്റെ മകൻ ആയ ചേട്ടൻ ആയിരുന്നു . 'അമ്മ ആ കാസെറ്റിലൂടെ അമ്മയുടെ ബന്ധുക്കളെ ഒക്കെ ദീർഘനാളുകൾ ശേഷം കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു .  അവിടുത്തെ അച്ഛന്മാരെപ്പറ്റിയൊക്കെ പറയുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു . അവരൊക്കെയും അമ്മയുടെ സഹോദരങ്ങൾ ആണെന്നും അമ്മയെ ഒക്കെ കാണുമ്പോൾ എന്തൊരു സ്നേഹമാണെന്നും ഒക്കെ 'അമ്മ പഴയ ഓർമ്മകൾ പറയുമ്പോൾ ”  നവവധു എങ്ങനെ ഉണ്ടായിരുന്നു അമ്മേ ..” എന്ന ചേച്ചിയുടെ ചോദ്യത്തിന്‌  'അമ്മ പറഞ്ഞ മറുപടി 

“ നല്ല സുന്ദരി …. പരമയോഗ്യത്തി … എന്നു പറഞ്ഞ്  'അമ്മ സെന്റിമെന്റ് വിട്ട് ഏട്ടന്റെ വീഡിയോ ഷൂട്ടിങ് കഴിവുകൾ പുകഴ്ത്താൻ  തുടങ്ങി … അല്ലെങ്കിലും 

'അമ്മവീട്ടിലെ കാര്യങ്ങൾ പറയുമ്പോൾ അമ്മക്ക് നൂറുനാവാണെന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട് . “ വധു മുടിയിൽ നിറയെ മുല്ലപ്പൂക്കൾ ചൂടി കൈനിറയെ സ്വർണ്ണവളകളുമണിഞ്ഞ്  ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും ഒക്കെ സിനിമാ സ്റ്റൈലിൽ ഇങ്ങനെ നടന്നു വരുന്ന കാഴ്ച കാണേണ്ടതു തന്നെ എന്ന അമ്മയുടെ വർണ്ണന എന്റെ മനസ്സിൽ പതിഞ്ഞു. സിനിമയിൽ കാണുമ്പോലെ ഒക്കെ അഭിനയിച്ച ആ ഭാഗ്യവതി ആരാണാവോ എന്നൊരു കൗതുകത്താൽ ആ വധുവിനെപ്പറ്റി ഒരുപാടു ചോദ്യങ്ങളും സംശയങ്ങളും ഒക്കെ ഞാനമ്മയോട് ചോദിച്ചുകൊണ്ടിരുന്നു. 'അമ്മ അപ്പോഴും അമ്മയുടെ സഹോദരപുത്രനായ ഏട്ടന്റെ വീഡിയോഷൂട്ടിങ് കഴിവുകളാണ് വധുവിനെ അങ്ങനെ പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിലൂടെയും ഒക്കെ നടത്തിച്ചു ഭംഗിയായി എടുത്ത ഏട്ടൻ എത്ര … മിടുക്കൻ “ ഇങ്ങനെ സഹോദരപുത്രന്റെ  കഴിവുകളിൽ അഭിമാനപുളകിതയായി ഓരോ ഓർമ്മകൾ അയവിറക്കുമ്പോൾ എന്റെ ചിന്തയിൽ  മുഴുവൻ ആ നായികാരൂപമായിരുന്നു. അക്കാലങ്ങളിലെ നായികമാരായ സീമയെയോ  സുഹാസിനിയെയോ ഒക്കെ ഓർത്തുപോയി . പുൽച്ചെടികൾക്കിടയിലൂടെയും കപ്പത്തോട്ടത്തിനിടയിലൂടെയും മുല്ലപ്പൂക്കൾ ചൂടി കൈനിറയെ വളകളുമണിഞ്ഞു അങ്ങനെ ആടിപ്പാടി നടന്ന ആ കഥാനായിക  എന്റെ മനോമുകുരത്തിൽ പിന്നെയും എപ്പോഴൊക്കെയോ വന്നെത്തിനോക്കി.  അവരാരെന്നോ ഏതെന്നോ എനിക്കറിയില്ല … കാലങ്ങൾ മുന്നോട്ടു പോയി … മാറ്റങ്ങൾ ഉണ്ടായി . വീഡിയോ ഷൂട്ടിംഗ് … കഥാനായിക ...ഒക്കെ മറവിയിലാണ്ടു . കൗമാരം വിട്ടു കുറച്ചൂടെ പക്വത കൈവന്നപ്പോൾ അത്തരം കൗതുകങ്ങൾ ഒന്നും ഉണ്ടായതുമില്ല. 'അമ്മ പറഞ്ഞ കഥകളിലെ അതിശയോക്തിയും മങ്ങി. ഞങ്ങളുടെ ജീവിതം മെല്ലെ മെല്ലെ മെച്ചപ്പെട്ടു. ചേച്ചിയുടെ വിവാഹവും ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഏറ്റവും ലളിതമായ രീതിയിൽ നടന്നു.  ഇതിനിടയിൽ ഞങ്ങളെ ഏറെ സങ്കടത്തിലാഴ്ത്തി ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു യാത്രയായി.    ഞാനും എന്റെ നേരെ മൂത്ത ഏട്ടനും  അച്ഛനില്ലാത്ത കുട്ടികളായി .  മൂത്ത ഏട്ടൻ ഞങ്ങളെ സ്വന്തംമക്കളെപ്പോലെ ചേർത്തുനിർത്തി അച്ഛനില്ലാത്ത ദുഃഖം നികത്തി.  ഏട്ടൻ ഞങ്ങൾക്ക് എല്ലാമായിരുന്നു . അത്രമേൽ സ്നേഹവും വാത്സല്യവും സ്വാതന്ത്ര്യവും ഞങ്ങൾക്ക് നൽകിയിരുന്നു .  ഇതിനിടയിൽ ഏതൊക്കെയോ ബന്ധുക്കളുടെ വിവാഹങ്ങൾ … അവയൊക്കെ ഓരോരുത്തരുടെ സാമ്പത്തികസ്ഥിതിക്കും നിലയ്ക്കും ഒക്കെ അനുസരിച്ച ആർഭാടങ്ങൾ ..വീഡിയോ ...ഷൂട്ടിംഗ്… ഒക്കെ സർവ്വസാധാരണമായിക്കൊണ്ടിരുന്നു.  ഒന്നിലും കൗതുകമോ ആഗ്രഹമോ ഉണ്ടായില്ല . കുട്ടിക്കാലത്തു ഞങ്ങൾ അനുഭവിച്ച സുഖങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ ജീവിതവും അവിടെനിന്നും മറ്റൊരു അവസ്ഥയിലേക്ക് ഞങ്ങൾക്ക് ജീവിക്കേണ്ടിവന്ന സാഹചര്യവും ഏറെ കഷ്ടപ്പെട്ട് വീണ്ടും മെച്ചപ്പെട്ട ഒരുജീവിതം  തിരികെക്കൊണ്ടുവരാനായി ഏട്ടൻ ചെയ്ത പ്രയത്നങ്ങളും എല്ലാം ഞങ്ങൾക്ക് ജീവിതപാഠങ്ങൾ ആയിരുന്നു.. താമസിയാതെ യാദൃച്ഛികമെന്നോണം അമ്മയുടെ ഒരു ബന്ധുവീട്ടി ൽ നിന്നു വന്ന ആലോചനയെത്തുടർന്നുള്ള എന്റെ വിവാഹം . ഒക്കെ ഒരു നിമിത്തമാകാം എന്ന എന്റെ അമ്മയുടെ ആശ്വാസം. വിവാഹശേഷം അവിടുത്തെ ഓരോ ബന്ധുഗൃഹങ്ങളിൽ വധൂവരന്മാരായ ഞങ്ങൾ സന്ദർശിക്കുമ്പോൾ ആണ് എന്റെ 'അമ്മ അവർക്കൊക്കെ ആരാണ് എന്നും അമ്മയോട്‌ അവർക്കൊക്കെ ഉളള സ്നേഹം എത്ര വലുതാണെന്നും  നൂറുനാവോടെ 'അമ്മ പറയാറുള്ള 'ഓരോ വിശേഷങ്ങളും ഇതൊക്കെയായിരുന്നല്ലോ എന്നും ഞാൻ മനസ്സിലാക്കിയത്. അന്നേവരെ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ എന്റെ അമ്മയുടെ പേര് പറഞ്ഞ് എന്നെ വാത്സല്യത്തോടെ ചേർത്തുനിർത്തി പ്രായമായവർ എന്നെ കെട്ടിപ്പിടിച്ചു ഉമ്മതന്നുകൊണ്ട് എന്റമ്മയുടെ വിശേഷം തിരക്കുമ്പോൾ എന്റെ 'അമ്മ ഇവർക്കൊക്കെ എത്ര ജീവനാണെന്നും പ്രിയപ്പെട്ടവളാണെന്നും അഭിമാനത്തോടെ ഞാൻ ഓർത്തു.  കുറേനാളുകൾ ശേഷം ആണ് വിവാഹം കഴിച്ചു ചെന്ന വീട്ടിലെ ഒരു ചേച്ചിയുടെ കല്യാണകാസെറ്റ് കാട്ടിത്തരാം അതിൽ ഇവിടുത്തെ അച്ഛനെ കാണാം എന്നുകേട്ടപ്പോൾ എനിക്കു വല്ലാത്തൊരു ആകാംക്ഷയായി . കാരണം ഞാൻ അച്ഛന്റെ ബന്ധുവാണല്ലോ പക്ഷേ അച്ഛൻ മരിച്ചുപോയതുകൊണ്ട് അവിടെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന അച്ഛന്റെ ഫോട്ടോ മാത്രേ കണ്ടിട്ടുള്ളൂ . അങ്ങനെ കാസെറ്റിട്ട് വീഡിയോ കണ്ടുതുടങ്ങി ഏതൊക്കെയോ അറിയാത്ത മുഖങ്ങൾ .. ഇപ്പോൾ കാണുന്ന ചില മുഖങ്ങളുടെ പഴയ രൂപം … അച്ഛൻ … 'അമ്മ ഒക്കെ അങ്ങനെ കണ്ടുവന്നു പെട്ടെന്നായിരുന്നു പഴയ ഒരു സിനിമാപ്പാട്ടിന്റെ അകമ്പടിയോടുകൂടിയുള്ള നായികയുടെ രംഗപ്രവേശം … പെട്ടെന്ന് ഗതിമാറി നായിക സാരിത്തുമ്പ് വിടർത്തിയിട്ടു സ്ലോമോഷനിൽ പുൽച്ചെടികൾക്കിടയിലൂടെ … പെട്ടെന്ന് എന്റെ ഓർമ്മ വർഷങ്ങൾ പിറകിലോട്ടു പാഞ്ഞു . എന്റമ്മ പറഞ്ഞ കഥയിലെ നായിക… ഞാൻ ആഹ്ലാദം കൊണ്ട് ഒച്ച വച്ചു . കൂടിരുന്നയാൾ കാര്യമറിയാതെ അന്തം വിട്ടിരിക്കുമ്പോൾ ഞാൻ ഉറക്കെ പറഞ്ഞു എന്റമ്മ ഇക്കഥ എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്‌ ...എന്റെ വാക്കുകൾ  കേട്ടിരുന്നവർക്കും തെല്ല് അത്ഭുതം .  ആ കാസെറ്റ്‌ കാണുമ്പോൾ ചേച്ചി രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു . ചേച്ചിയുടെ പഴയ രൂപത്തിൽ നിന്നും ഞാൻ കാണുമ്പോൾ കുറച്ചു തടി വച്ചിട്ടുണ്ട് എങ്കിലും വല്യ വിടർന്ന കണ്ണുകളും നല്ല ഉള്ളുള്ള മുടിയും ഉളള ഇരുനിറക്കാരി സുന്ദരി ആയിരുന്നു . വർഷങ്ങൾ ശേഷം ഈ ഫോട്ടോ ചേച്ചിയുടെ മകൾ അവളുടെ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത് കാണാനിടയായപ്പോൾ വീണ്ടും ഒത്തിരി ഒത്തിരി ഓർമ്മകളിലേക്ക് ഈ ചിത്രം എന്നെ കൂട്ടിക്കൊണ്ടുപോയി . എല്ലാം യാദൃശ്ചികം.  ഉടമയുടെ അനുവാദമില്ലാതെ ആണ് ഫോട്ടോ ഷെയർ ചെയ്തത്.  പ്രായമായ പലരും ഇതിനോടകം യാത്രയായി . എങ്കിലും അമ്മബന്ധുക്കളിലെ പലമുഖങ്ങളും ഇന്നും മനസ്സിൽ തെളിമയോടെ ഉണ്ട് .

 കാണുമ്പോൾ “ നീ ഞങ്ങടെ കുഞ്ഞാ .. നിനക്കറിയുമോ .. “എന്നു പറഞ്ഞ് നിറഞ്ഞ ചിരിയോടെ ചേർത്തുപിടിക്കുന്നവർ…  അടുത്ത തലമുറയിൽപ്പെട്ടവർ അതറിയണമെന്നില്ല. കഴിഞ്ഞയിടെ ഒരു ബന്ധു പറയുകയുണ്ടായി “ ഓർമ്മയുണ്ടോ … എന്റെ കുട്ടികളെ അറിയുമോ … വന്നപെണ്ണുങ്ങൾക്കു ഒന്നും അറിയില്ല ...ഞങ്ങളൊക്കെ പണ്ട് ഒരുമിച്ചു കളിച്ചു വളർന്നവർ .. എന്ന് ..”.  നല്ല വിഷമം തോന്നി .. ഞാനവർക്കാരാണ് എന്നുപോലും അറിയാമെന്നു തോന്നുന്നില്ല. അവർക്ക് മുൻപേയുള്ളവർ കാണുമ്പോഴൊക്കെ എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ഞങ്ങളുടെ … എന്ന്  പറഞ്ഞുകൊണ്ട് 

 വിശേഷങ്ങൾ തിരക്കുകയും  പറയുകയും ചെയ്തിട്ടുള്ളവർ എന്നോർത്തു.  കാലത്തിന്റെ പോക്ക് എത്ര വേഗമാണ് … ഇതിനിടയിൽ ചില കാര്യങ്ങൾ എന്റമ്മ പറഞ്ഞപോലെ …. യാദൃശ്ചികമായി ആവാം ജീവിതത്തിൽ വന്നു ഭവിക്കുക …