“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”
ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു … ഹൈസ്കൂൾ ക്ലാസ്സിലെ കൂട്ടുകാരി രാജി … ഏയ് അല്ല … അവൾ പാടിയത് “ മൈനാകം …..കടലിൽ നിന്നുയരുന്നുവോ…. ചിറകുള്ള മേഘങ്ങളായ് … ശിശിരങ്ങൾ തിരയുന്നുവോ …” ( ചിത്രം തൃഷ്ണ 1981 ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം … എസ് ജാനകി ) ഒരു സ്കൂൾ ഫെസ്റ്റിവൽ കാലത്തു പനിവന്നുമാറി തൊണ്ടയടച്ച ശബ്ദത്തിലും അവൾ “ മൈനാകം …” പാടി പ്രൈസ് വാങ്ങിയതും ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു പറഞ്ഞതും ഓർക്കുന്നു. അപ്പൊ അവളുമല്ല. നല്ല പരിചയം .. പക്ഷേ അതാരെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് …? “ ആളിമാരൊത്തുകൂടി ആ …. മ്പൽപൂക്കടവിങ്കൽ …
ആയില്യപ്പൂനിലാവിൽ കുളിക്കാൻ പോ…. യ് “ ഏറിയാൽ നാലോ അഞ്ചോ വയസ്സു തോന്നിപ്പിക്കുന്ന കുരുന്നിന്റെ നാവിൽനിന്നും ഇത്രയും വാക്കുകൾ ഇത്രയും ഭാവത്തിൽ …. കുട്ടി പാടുക മാത്രമല്ല ഗാനരചന… സംഗീതം ഒക്കെ കൃത്യമായി ഓർത്തു പറയുന്നു. വെറുതെ യൂ ട്യൂബിൽ ആ പാട്ടൊന്നു തിരഞ്ഞു. 1976 കളിലെ “ പ്രസാദം “ എന്ന സിനിമ ..
പി.ഭാസ്കരൻ മാഷുടെ ഗാനരചനയിൽ ദക്ഷിണാമൂർത്തിസാർ ഈണം നൽകി ജാനകിയമ്മയുടെ സ്വരമാധുരിയിൽ പഴയകാലനടിമാരിലെ സുന്ദരി ജയഭാരതിച്ചേച്ചിയും പ്രേംനസീർ സാറും അഭിനയിച്ച ഗാനരംഗം. അതിമനോഹരഗാനം. ഇതു പാടിയ ആൾ ..? ഒന്നൂടെ ഓർമ്മകൾ ഒന്നു തട്ടിക്കുടഞ്ഞെടുക്കാൻ നോക്കി. കിട്ടുന്നില്ല.
“ ദിൽ കെ അരുമാ …. ആസുവോമേ ….. ബെ ഹേ ഗയേ …” ഫേവറിറ്റ് സോങ് എന്നു പറഞ്ഞ് ചേച്ചി പലപ്പോഴും പാടാറുള്ള പാട്ട്. മലയാളം പാട്ടുകളിൽ “ സൂര്യകാന്തീ …..സൂര്യകാ… ന്തി “..... “ ഗോപുരമുകളിൽ വസന്തചന്ദ്രൻ … ഗോരോചനക്കുറി വരച്ചു …” ഇതൊക്കെ പാടിനടന്ന ചേച്ചി ഈയിടെ വന്നപ്പോൾ മൂളിക്കേട്ടത് “ ദർശനാ …. ദർശനാ …. സ്നേഹാമൃതം എന്നിലേകൂ … ദർശനാ …” . ഒരുവർഷക്കാലം മകളോടൊപ്പം അവളുടെ ജോലിസ്ഥലത്തു പോയി ചിലവഴിച്ചുവന്ന ചേച്ചിയുടെ ജീവിതത്തെ… പാട്ടുകളെ… ഒക്കെ എത്രവേഗത്തിൽ മാറ്റിയെടുത്തു. ‘ നമുക്കറിയാവുന്ന ആരാണ് “ പുലയനാർ മണിയമ്മ “ പാടിക്കേട്ടിട്ടുള്ളത് ‘ എന്ന എന്റെ സംശയത്തെ “ പഴയപാട്ടുവിട്ട് പുതിയത് ആസ്വദിക്കൂ ..” എന്നു നിസ്സാരവൽക്കരിച്ചുകളഞ്ഞ ചേച്ചിയോട് ഞാൻ തർക്കിച്ചു ‘ പഴയ ഗാനങ്ങളോളം വരുമോ .. പുലയനാർ മണിയമ്മ പാടിയ നാലുവയസ്സുകാരിയിൽ അത്രയും ഭാവം ഉണ്ടാകുന്നതെങ്ങനെ എന്ന അതിശയവും ആ കുട്ടികളൊക്കെയും തിരഞ്ഞെടുക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളേയുംപറ്റി പറഞ്ഞപ്പോൾ ചേച്ചിയും അനുകൂലിച്ചു “ ഇപ്പോഴത്തെ കുട്ടികളുടെ കഴിവ് .. അപാരം ..”
ഈയടുത്തു വെറുതെ ഒരൊത്തുകൂടൽപരിപാടിയിൽ കൂട്ടത്തിൽ പ്രായമായ ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയോട് കുശലാന്വേഷണം തിരക്കലിനിടയിൽ
“ ആരാവാനാണ് ആഗ്രഹം “ എന്ന ചോദ്യത്തിന് നാലുവയസ്സുകാരി കുരുന്നിന്റെ നാവിൽനിന്നു വന്നത് അവൾക്കൊരു യൂട്യൂബറായാൽ മതിയത്രേ. സോഷ്യൽ മീഡിയകളും
ടീവിയുമൊക്കെ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു. കുട്ടിക്കാലങ്ങൾ ഓർമ്മവന്നു. മുതിർന്നവരുടെയും ടീച്ചർമാരുടെയും സ്ഥിരം ചോദ്യം “ ഭാവിയിൽ ആരാവാനാണ് ആഗ്രഹം ..” . നാലാംക്ലാസ്സിലെ കുഞ്ഞമ്മടീച്ചർ …ആദ്യം മനസ്സിൽ വരുന്നത് ടീച്ചറുടെ കയ്യിലെ ചൂരൽവടിയും പൊങ്ങിയപല്ലുമാണ്. ഉച്ചകഴിഞ്ഞനേരത്തെ ക്ലാസ്സാണെങ്കിൽ ടീച്ചർ പഠിപ്പിച്ചുകഴിഞ്ഞ് കുറച്ചുനേരം കഥപറയുകയോ കുട്ടികളെക്കൊണ്ടു പാട്ടുപാടിക്കുകയോ ഒക്കെ ഒരു പതിവുള്ളതാണ്. അങ്ങനെയൊരു നേരത്താണ് ടീച്ചർ കുട്ടികളിൽ ചിലരോടായി “രാവിലെ എപ്പോൾ എഴുന്നേൽക്കും..? പഠിക്കുമോ… ഭാവിയിൽ ആരാവാനാണ് ആഗ്രഹം..?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ..”. പിറകിലെ ബെഞ്ചിലിരുന്ന സുലോചനയോടായി ടീച്ചറുടെ ചോദ്യം “ ആരുമാവണ്ട … വീട്ടിലിരുന്നാൽ മതിയെന്ന “ അവളുടെ മറുപടി ടീച്ചറെ ചൊടിപ്പിച്ചതാവാം “ നീയവിടെ നിന്നോ .. ഇരിക്കേണ്ട ..” എന്നു പറഞ്ഞ് അവളെ അവിടെ നിർത്തി അടുത്ത ഊഴം തന്റെ നേർക്കുവന്നതും ടീച്ചറായാൽ മതിയെന്ന മറുപടി … ടീച്ചറുടെ മുഖത്തു സന്തോഷവും “ മിടുക്കി “ എന്നൊരഭിനന്ദനവും പിറകേ സുലോചനയോട് “ കേട്ടു പഠിക്ക് ..” എന്നൊരു താക്കീതും. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽനിന്നു പോയിക്കഴിഞ്ഞിട്ടും സങ്കടം മാറാതെ തലകുനിച്ചിരുന്ന് കരഞ്ഞ സുലോചന… ശരിക്കുള്ള ആഗ്രഹം ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ സുലോചനയെപ്പോലെ തലകുനിച്ചിരുന്ന് കരയേണ്ടി വന്നേനെ എന്നാണപ്പോൾ ഓർത്തത്. അന്നത്തെ മനസ്സിലെ ആഗ്രഹം പറഞ്ഞതിന്റെ പേരിൽ അച്ഛന്റെ ഉപദേശവും അമ്മയുടെ ശാസനയും … എന്തായിരുന്നു പുകില് . അപ്പോൾപ്പിന്നെ ടീച്ചറും വഴക്കു പറയുകയേ ഉള്ളൂ.
വീടിനടുത്തുകൂടെ ആദ്യമായി ഓടിയ പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെ ബസ്സോടിക്കുന്ന ഡ്രൈവറായാൽ മതിയെന്ന ആഗ്രഹത്തെ അച്ഛനും അമ്മയും യാതൊരു ദാക്ഷിണ്യവുമില്ലാതെ മുളയിലേ നുള്ളിക്കളഞ്ഞു. രണ്ടാമത്തെ ആഗ്രഹം കേട്ടാണ് രണ്ടാളും ഷോക്കടിച്ചപോലെ നിന്നുപോയത് . പിന്നെ എന്തോ വലിയ ഫലിതം കേട്ട മട്ടില്‍ പൊട്ടിച്ചിരിച്ചു. പിന്നെ രണ്ടാളും ഇണങ്ങിയും കർശനമായും ഉപദേശവും താക്കീതും നൽകി
“ ഇനിയിങ്ങനെ ആരോടും പറയാൻ പാടില്ല ..അച്ഛന്റെ സ്നേഹോപദേശം ടീച്ചറാവണം ന്നാകണം ത്രേ പെൺകുട്ടികളുടെ ആഗ്രഹം . പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെയാകാൻ ആഗ്രഹിച്ച കഥ മുൻപൊരിക്കൽ പറഞ്ഞതാണ് . വായനക്കാരിൽ ചിലരെങ്കിലും മറ്റൊരാളെപ്പറ്റി സൂചന നൽകി കഥ മടക്കിയപ്പോൾ മുതൽ സംശയം ചോദിച്ചിരുന്നു അതാരെന്ന് . അക്കഥ ഇക്കുറി വെളിപ്പെടുത്തിയില്ലയെങ്കിൽ പിന്നെ അതും മറവിയിലായാലോ…
രണ്ടാമതു പറഞ്ഞ ആഗ്രഹം വലുതായാൽ മൂപ്പരെപ്പോലെയാവണം എന്നതായിരുന്നു. ആരാണീ മൂപ്പരെന്നല്ലേ. അച്ഛന്റെയും ഏട്ടന്റെയും മുടി വെട്ടാനായി ആഴ്ചക്കണക്കോ മാസക്കണക്കോ അതൊന്നും കൃത്യമായി ഓർമ്മയില്ല … വീട്ടിൽ വരുമായിരുന്ന ആളായിരുന്നു മൂപ്പർ. കരഞ്ഞു ബഹളം വെച്ചിരുന്ന എന്നെ അച്ഛനോ അമ്മയോ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചിരുത്തി മൂപ്പരു കത്രിക കൊണ്ട് ക്ലിക്ക്.. ക്ലിക്ക് ശബ്ദത്തിൽ മുടി വെട്ടിക്കളഞ്ഞതായ ചെറിയ ഒരോർമ്മയേയുള്ളൂ. അതു തീരെച്ചെറിയ പ്രായത്തിലാവാം. പിന്നെയൊക്കെ എന്റെ മുടിയിലെ പ്രയോഗങ്ങൾ ഒക്കെ മുതിർന്ന ചേച്ചിമാരുടെ ഉത്തരവാദിത്വമാകയാൽ എനിക്കതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിട്ടുമില്ല. പോകെപ്പോകെ മൂപ്പരുടെ ഇടയ്ക്കുള്ള ഈ സന്ദർശനങ്ങളും അച്ഛനെയും ഏട്ടനേയും ഇരുത്തി മുടിവെട്ടലും അതിനിടയിൽ അച്ഛനുമായുള്ള വർത്തമാനം പറച്ചിലും ഒക്കെ എനിക്കും ഏറെ കൗതുകകരമായ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഇതെല്ലാം കണ്ടുകൊണ്ട് അവർക്കരികിൽ പോയി ഇതെല്ലാം നോക്കിയിരിക്കുമായിരുന്നു. ഇപ്പണിയാണോ എന്നെ ആകർഷിച്ചത് എന്നാവും …അല്ല . അതായത് മുടിവെട്ടുകൂടാതെ സീസൺ വരുമ്പോൾ മൂപ്പർ മറ്റൊരു പണി കൂടി അധികമായി ചെയ്തിരുന്നു. ചുരുക്കം രണ്ടു വരുമാനം മൂപ്പർക്കുണ്ടായിരുന്നു. മൂപ്പരു ചെയ്തിരുന്ന രണ്ടാമത്തെ പണിയിലാണ് ഞാനാകൃഷ്ടയായതും വലുതായാൽ ഇതുപോലൊരാൾ ആയാൽ മതിയെന്നും ഒക്കെ ആഗ്രഹിച്ചത്.
“എരുമേലി “ എന്ന സ്ഥലത്തെപ്പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ . ഒരുപാടു് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ് … അയ്യപ്പസ്വാമിയുടെ നാട്. അവിടെ “കനകപ്പലം “ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. നവംബർ ഡിസംബർ മാസങ്ങൾ മഞ്ഞിന്റെയും തണുപ്പിന്റെയും കുളിർമ്മയിൽ ശരണംവിളികളുടെയും പേട്ടകെട്ടിന്റെയും ക്രിസ്തുമസ്സ്കരോൾ സംഘങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ കൂടിക്കലർന്ന ഒരു അന്തരീക്ഷം. ശബരിമല സീസണായാൽ നാട് ഉണർന്നു. ചരിത്രപ്രസിദ്ധമായ “ എരുമേലി പേട്ടതുള്ളൽ “ അതേപ്പറ്റി പറയാനാണെങ്കിൽ ഈ ഒരു കുറിപ്പ് മതിയാവില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരീരത്തിലാകമാനം വിവിധനിറങ്ങളിലെ ചായം പൂശി പച്ചിലക്കൊമ്പുകളേന്തി കൊച്ചമ്പലത്തിൽനിന്നും പേട്ടകെട്ടിയിറങ്ങി വാവരുപള്ളിയിലേക്കും അവിടെനിന്നും പേട്ട തുള്ളിയുറഞ്ഞു വലിയമ്പലത്തിലേയ്ക്ക് ചുവടുവെക്കുന്ന അയ്യപ്പഭക്തർ . ഇതാണ് പേട്ട തുള്ളൽ . മതസൗഹാർദ്ദത്തിന്റെ വലിയൊരു കാഴ്ച . മൂപ്പരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. പേട്ട തുള്ളലും മൂപ്പരും തമ്മിൽ നല്ലൊരാത്മബന്ധമുണ്ട്. കുട്ടിക്കാലങ്ങളിലെ ഓർമ്മയിൽ ഈ പേട്ടകെട്ടിന് ഒരു അവധിദിനത്തിൽ അച്ഛൻ ഞങ്ങളെ കുട്ടികളെയെല്ലാം പേട്ടകെട്ടു കാണിക്കാനായി കൊണ്ടുപോകും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അച്ഛന്റെ സുഹൃത്തായ വൈദ്യന്റെ ഒളശ്ശയിൽ ഞങ്ങളെ കൊണ്ടിരുത്തും. അവിടിരുന്ന് ഓരോ സംഘങ്ങളായി വരുന്ന പേട്ടകെട്ടും ബഹളങ്ങളും കാണും. അതിൽ പരിചയമുളള മുഖമാണ് മൂപ്പരുടേത്. ഓരോ സംഘങ്ങൾക്കു മുൻപിൽ ചെണ്ടയിൽ താളം പിടിച്ച് അയ്യപ്പഭക്തർക്കു മുൻപേ വരുന്ന മൂപ്പർ. മൂപ്പരുടെ താളത്തിനൊപ്പിച്ചു ചുവടു വെയ്ക്കുന്ന അയ്യപ്പഭക്തർ. ഒരു സംഘത്തെ പേട്ട തുള്ളിച്ച് വലിയമ്പലത്തിൽ കൊണ്ടെത്തിച്ച് മൂപ്പർ ചെണ്ടയുമായി വീണ്ടും ചെറിയമ്പലത്തിലേയ്ക്ക് ഓടിപ്പോവുന്നതു കാണാം. മറ്റു ചെണ്ടകൊട്ടുകാർ ഉണ്ടാവുമെങ്കിലും എനിക്കു മൂപ്പരെയല്ലേ അറിയൂ. ഇവരുടെയൊക്കെ ലീഡറാവാം മൂപ്പർ .. മൂപ്പരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവാം ഈ പേട്ടതുള്ളൽ എന്നൊക്കെയുള്ള കൗതുകത്തോടെയാണ് ഞാൻ മൂപ്പരുടെ ഈ ചെണ്ടകൊട്ടും അതിനൊപ്പിച്ചു അയ്യപ്പന്മാരുടെ പെട്ടതുള്ളലും ഒക്കെ കണ്ടിരുന്നത് . കുട്ടിക്കാലത്തെ ആ കൗതുകം തന്നെയാണ് മൂപ്പരെപ്പോലെ ചെണ്ടകൊട്ടുകാരനായാൽ മതിയെന്നും ആഗ്രഹിച്ചതും . അച്ഛനതു തിരുത്തിപ്പറഞ്ഞു തന്നത് “പെൺകുട്ടികൾ ചെയ്യുന്ന പണിയല്ലിതെന്നും …മേലിൽ ആരോടും ഇനിയിങ്ങനെ പറയരുത് “ എന്ന താക്കീതു നൽകുകയും ചെയ്തതോടെ ആ ആഗ്രഹവും മനസ്സിൽ അടക്കിയാണ് കുഞ്ഞമ്മടീച്ചറിനോട് വെറുതെ നുണ പറയേണ്ടി വന്നത് .
എന്തായാലും മൂപ്പരക്കാലങ്ങളിലും അച്ഛന്റെ മുടിവെട്ടാൻ സമയമായാൽ കൃത്യമായി വീട്ടിലെത്തും. മുറ്റത്തു കസേരയിട്ട് അച്ഛനിരിക്കും. മൂപ്പർ കുറേ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് സ്പീഡിൽ അച്ഛന്റെ മുടി വെട്ടിക്കൊടുക്കും. ഞാനതും നോക്കി മുറ്റത്തെ പടിയിൽ പോയി ഇരിക്കും. മൂപ്പരുടെ കൈയ്യിലെ കത്രിക ചലിക്കുന്നതിനും ഒരു താളമുള്ളതുപോലെ തോന്നും. അവസാനമായി മൂപ്പരു വീട്ടിൽ വന്ന ദിവസമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. അച്ഛൻ പെൻഷൻ ആകാറായതിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു ദിനമാണ് മൂപ്പർ വന്നത് . പതിവുപോലെ വർത്തമാനം പറഞ്ഞ് മൂപ്പർ അച്ഛന്റെ മുടി വെട്ടാൻ തുടങ്ങി. വർത്തമാനങ്ങൾ പറഞ്ഞു മുടിവെട്ടിത്തീർന്ന വേളയിലാണ് അച്ഛന്റെ കൈപിടിച്ച് മൂപ്പർ നിയന്ത്രണം വിട്ടു പൊട്ടിക്കരയാൻ തുടങ്ങി “ ഇനിയാരെ കാണാനാ സാറേ ഞാനിങ്ങോട്ടു വരിക ..” … മൂപ്പരുടെ ഇടറിയ ശബ്ദം … അച്ഛനാകട്ടെ ഒന്നും പറയാതെ മൂപ്പരുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു. ഞാനമ്മയ്ക്കരികിലേയ്ക്ക് ഓടി… ‘ അമ്മേ … മൂപ്പർ …’ . 'അമ്മ “ എന്താ ..” എന്നു ചോദിച്ച് പുറത്തേയ്ക്ക് .. ഞാനും അമ്മയ്ക്ക് പുറകേ … അപ്പോഴും മൂപ്പർ അച്ഛന്റെ കൈ പിടിച്ച് സങ്കടം അടക്കാനാവാതെ കരയുന്നു. അച്ഛനെന്തെല്ലാമോ പറയുന്നു. ഞാനമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു . അതുകണ്ട എനിക്കും കരച്ചിൽ വന്നു . ഞാനോടി മുറിയ്ക്കകത്തേയ്ക്ക്. കുറേക്കഴിഞ്ഞ് മൂപ്പർ പടിയിറങ്ങിപ്പോവുന്നതു ജനാലയിലൂടെ കണ്ടു. എന്തിനെന്നറിയാതെ എന്റെയും കണ്ണു നിറഞ്ഞു .
വർഷങ്ങൾക്കിപ്പുറവും ആ പേട്ടകെട്ടും മൂപ്പരുടെ ചെണ്ടകൊട്ടും പിന്നെ അച്ഛന്റെ മുടിവെട്ടും അവസാനമായി മൂപ്പരു പടിയിറങ്ങിപ്പോയതും ഒക്കെ ഓർമ്മയിൽ വരുമ്പോൾ സങ്കടം വരും. കുട്ടിക്കാലത്തെ ആ ഓർമ്മ ഉണ്ടെങ്കിലും മൂപ്പരുടെ മുഖമൊന്നും അത്ര കൃത്യമായി ഓർമ്മയില്ല. ഇക്കഴിഞ്ഞ ദിവസം ഏട്ടനൊരു ഫോട്ടോ അയച്ചു തന്നിട്ട് ചോദിച്ചു
“ ഇതാരെന്നു പറയാമോ ..”. ഒരു ഉൾവിളിയെന്നോണം ഞാൻ ചോദിച്ചു ‘ മൂപ്പരാണോ ‘ .
ഏട്ടൻ മറുപടി ഇട്ടു “ നാണു മൂപ്പർ ..”
എനിക്കതിശയം തോന്നി .. ഞാനെങ്ങനെ മൂപ്പരെ തിരിച്ചറിഞ്ഞത് ..!! കുട്ടിക്കാലത്തെ ആ ഓർമ്മയുണ്ടെങ്കിലും മുഖം കൃത്യമായി ഓർമ്മയില്ല … എന്നിട്ടും ഞാൻ മറുപടി ഇട്ടതു കൃത്യമായിരുന്നല്ലോ . അപ്പോഴാണ് ഞാനാ ഫോട്ടോയുടെ മുകളിൽ ശ്രദ്ധിച്ചത് .. ആദരാഞ്ജലികൾ ..
അപ്പാവു നാണു ( 103)
പുതുപ്പറമ്പിൽ
കനകപ്പലം .
ഏട്ടൻ പറഞ്ഞു “ ഓർമ്മയില്ലേ … പേട്ടകെട്ടിന് മൂപ്പരുടെ ചെണ്ടകൊട്ട് .. “ . പിന്നെ ഏട്ടൻ പറഞ്ഞു “മൂപ്പരുടെ മകൾ രമണി നമ്മുടെ സ്കൂളിൽ പഠിച്ചതാണ് .. നിനക്കോർമ്മയുണ്ടോ .. രമണിയുടെ സ്ഥിരം പാട്ടായിരുന്നു ‘ പുലയനാർ മണിയമ്മ ..” പാടിക്കേട്ടു നല്ല പരിചയം തോന്നിയ ആ ശബ്ദത്തിനുടമയെ ഞാനപ്പോളാണ് തിരിച്ചറിയുന്നത് . എത്ര തവണ തല പുകഞ്ഞാലോചിച്ചു നോക്കിയതാണ് ഈ പാട്ടിന്റെ ശബ്ദത്തിനുടമയെ .. എല്ലാം ഒരു നിമിത്തമെന്നോണം ..
ജനിച്ചു വളർന്ന നാടിനോടുള്ള ആ സ്നേഹംകൊണ്ടുതന്നെ പേട്ടകെട്ടു സീസണിൽ പോകാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാറുണ്ട് . അപ്പോൾ മനസ്സിനുണ്ടാകുന്ന ആ ആഹ്ലാദവും ശാന്തതയും സമാധാനവും എങ്ങനെ പറയണമെന്നറിയില്ല .
മൂപ്പരുടെ ചെണ്ടമേളമില്ലാത്ത എത്രയോ പേട്ടകെട്ടുകൾ കഴിഞ്ഞിട്ടുണ്ടാവാം . ഈ മണ്ഡലകാലമടുത്തപ്പോഴേയ്ക്കും മൂപ്പർ യാത്രയായി . വർഷങ്ങൾക്കു ശേഷം മൂപ്പരെ ഞാൻ വീണ്ടും ഇക്കഥയിലൂടെ പരിചയപ്പെടുത്തുമ്പോഴേയ്ക്കും മൂപ്പർ യാത്രയായല്ലോ എന്ന വല്ലാത്ത സങ്കടത്തോടെയാണ് ഈ ഓർമ്മ പങ്കു വെയ്ക്കുന്നതും … ഈ ഓർമ്മകളിൽ എന്റെ അച്ഛനുണ്ട് … അമ്മയുണ്ട് … ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടനുണ്ട് … ഒരുപാടു ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ആ കുട്ടിക്കാലങ്ങൾ ഉണ്ട് .. ഇനിയൊന്നും എനിക്കു പറയാനാവില്ല .. എന്റെ കണ്ണുകൾ നിറയുന്നു … കുട്ടിക്കാലത്ത് ചെണ്ടകൊട്ടണമെന്ന മോഹം എന്നിലുണ്ടാക്കിയ പ്രിയപ്പെട്ട മൂപ്പർക്ക് എന്റെ പ്രണാമം …!!🌹🌹🙏🙏
പ്രണാമം...
ReplyDeletenalloru ormakkuripp
ReplyDelete