Wednesday, 3 June 2026

 


വാച്ചു കെട്ടിയ കള്ളൻ 

           ***********

വൈകുന്നേരം പള്ളിക്കൂടം വിട്ടു വരുമ്പോൾ  കുഞ്ഞേച്ചി ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു . കുറേ അകലെയുള്ള ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞേച്ചി എങ്ങനെയായാലും താനെത്തി എത്രയോ സമയം കഴിഞ്ഞാണ് പള്ളിക്കൂടം വിട്ട് എത്തുക . ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ലേ . നടകൾ ഓടിക്കയറി ഉമ്മറപ്പടിയിൽ ബാഗ് ഇട്ടുകൊണ്ട് “ ഇന്ന് അവധി ആയിരുന്നോ …” എന്ന ചോദ്യത്തിനു കൈകൊണ്ട് തന്നെ അകറ്റി നിറുത്തി കുഞ്ഞേച്ചി ദേഷ്യപ്പെട്ടു “ മാറി നിൽക്ക് .. എന്റെ കാലിൽ തട്ടരുത് …” .   കാലിൽ നല്ലൊരു വെച്ചുകെട്ട് . ഇതിപ്പൊ എന്തു പറ്റിയതാവും…  ബാഗ് കൊണ്ടകത്തുവച്ചു കൈയ്യും കാലും മുഖവും  കഴുകി അടുക്കളയിൽ ചെന്നു . 'അമ്മ ഇലയട പാത്രത്തിലെടുത്തുവച്ചുതന്നു . അമ്മേടെ സഹായി അമ്മുക്കുട്ടി പറഞ്ഞു “ കുഞ്ഞിമോളുടെ കഴുത്തിലെ മാല ഊരിവച്ചേയ്ക്കൂ അമ്മച്ചീ …. സൂക്ഷിക്കണം. ഞാനെന്റെ ഇത്തിരിപ്പോന്ന കുഞ്ഞിമാലയിൽ മുറുകെപ്പിടിച്ചു . കഴുത്തിൽ മാലയില്ലാതായാൽ ഒരു  സൗന്ദര്യവും ഉണ്ടാവില്ലല്ലോ … അമ്മയിതെങ്ങാനും ഊരി മേടിക്കുവോ .. എന്നു വിചാരിച്ചിരിക്കുമ്പോൾ ജോർജേട്ടന്റെ ഭാര്യ അന്നച്ചേടത്തി ഓടിക്കയറി വന്നത് “ എവിടെ കൊച്ച് ..? കാലിനെങ്ങനെ .. എന്ന ചോദ്യവുമായി . 


പിന്നെ പ്രത്യേകിച്ച് ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല.  അന്നച്ചേടത്തിയും അമ്മയും അമ്മുക്കുട്ടിയും ചേർന്നുള്ള സംസാരമായിരുന്നു . കുഞ്ഞേച്ചീടെ ഉറ്റ കൂട്ടുകാരി കുഞ്ഞമ്മിണി പനിപിടിച്ചു കിടപ്പായ കാരണം കുഞ്ഞേച്ചി ഒറ്റയ്ക്കാത്രേ അന്നു പള്ളിക്കൂടത്തിൽ പോയത് . കുഞ്ഞൊരു ഇടത്തൊണ്ടു കടന്നു വേണം കുഞ്ഞേച്ചിയ്ക്ക് പള്ളിക്കൂടത്തിൽ പോവാൻ . ആ കുഞ്ഞിടത്തൊണ്ടിൽ വച്ചാത്രേ കുഞ്ഞേച്ചിയെ ഒരു കള്ളൻ ഓടിച്ചത് .  കുഞ്ഞേച്ചി കള്ളനെക്കണ്ടതും ഓടി ആളനക്കമുള്ള  റോഡിലെത്തി ഒന്നുരണ്ടുപേർ കാര്യം തിരക്കിയിട്ടും ഒന്നും പറയാതെ ഉറക്കെകരഞ്ഞുകൊണ്ട് ഓട്ടം തുടർന്നുവെന്നും ബഹളം കേട്ട് വീടിനു പുറത്തേയ്ക്കു വന്ന അന്നച്ചേടത്തി കുറേ വിളി വിളിച്ചിട്ടും രക്ഷയില്ലാതെ ജോർജേട്ടനും  അന്നച്ചേടത്തിയും കുഞ്ഞേച്ചിയ്ക്കു പിറകേ ഓടിയെങ്കിലും കുഞ്ഞേച്ചിയുടെ നൂറുമീറ്റർ സ്പീഡിനൊപ്പം എത്താൻ അവർക്കായില്ല .  തങ്ങളുടെ വീട്ടിലേയ്ക്കുള്ള കുറുക്കുവഴി കുഞ്ഞേച്ചി കയ്യാലയിൽ പിടിച്ചു കയറാൻ നോക്കിയതും …പ്തും.. ന്ന് കിടക്കുന്നു അതിന്റെ വശത്തുള്ള കാനയിൽ( കുഴിയിൽ ).  പിന്നെ ജോർജേട്ടനും അന്നച്ചേടത്തിയും കൂടി ഒരുവിധേന അവിടെനിന്നും പിടിച്ചുകയ റ്റി കാലിൽ നിന്നും ചോര ഒഴുകുന്നു . കുപ്പിച്ചില്ലു കൊണ്ടതത്രേ . വേഗം അച്ഛനെ വിളിച്ചു വരുത്തി ആസ്പത്രിയിൽ കൊണ്ടുപോയി . . 


അന്നച്ചേടത്തി കുഞ്ഞേച്ചിക്കരികിൽ എത്തി ചോദിക്കുന്ന കേൾക്കായിരുന്നു “ മോളേ വഴിയിൽ ആളെക്കണ്ടിട്ടും അവരോടു കാര്യം പറയാതെ ഓടിയിട്ടല്ലേ വീണത് .. ഞങ്ങളെത്ര വിളി വിളിച്ചു. കാര്യം പറയണ്ടേ…എന്നാപ്പിന്നെ അപ്പൊത്തന്നെ ആളുകൂടി അവനെ ശരിയാക്കുവില്ലാരുന്നോ ” . കുഞ്ഞേച്ചി ഇതൊന്നും ശ്രദ്ധിക്കാതെ “ അയ്യോ കാലു നീറുന്നേ ..” എന്നു പറഞ്ഞ് കാലുനീട്ടി പത്രം വീശി ഇരിക്കുന്നു . 'അമ്മ ദേഷ്യപ്പെട്ടു “ വേദനിക്കുന്നേൽ നീ അകത്തു പോയിക്കിടക്ക് .. എന്തിനാ കാലു തൂക്കിയിട്ടിരിക്കുന്നത് ..” കുഞ്ഞേച്ചി അകത്തേയ്ക്കു കയറിപ്പോവുന്നതിനിടയിൽ പറഞ്ഞു “ ഇനി കുഞ്ഞമ്മിണിയ്ക്കു പനി കുറയാതെ ഞാൻ പള്ളിക്കൂടത്തിൽ പോവില്ല “ .       'അമ്മ പറഞ്ഞു “ അതാ നല്ലത് ..”

തനിക്കു കുശുമ്പ് തോന്നി ‘ അമ്പടീ കള്ളീ .. പള്ളിക്കൂടത്തിൽ പോവാതിരിക്കാനുള്ള അടവ് .. 

കാപ്പികുടി കഴിഞ്ഞ് അകത്തു കയറിച്ചെന്നപ്പോൾ കട്ടിലിൽ തലയിണയിൽ കാലുപൊക്കിവച്ച് കുഞ്ഞേച്ചി വലിയ ഒരു രോഗിയെപ്പോലെ കിടക്കുന്നു . ‘ കുഞ്ഞേച്ചീ വേദന കുറഞ്ഞോ ‘ ന്നു ചോദിച്ചപ്പം “ ഉം “ ന്നൊരു മൂളൽ . ‘  ആ കള്ളൻ എവിടുന്നാ വന്നേ ഒന്നു പറയ്വോ ‘ ‘ ന്ന സംശയത്തിന് കുഞ്ഞേച്ചീടെ മറുപടി “ ആ ഇടത്തൊണ്ടിന്റെ കുഞ്ഞുവഴിയിൽ …. ഞാനാ വളവ് കടന്നു ചെന്നതും കുറേ മുന്നേ നടന്നുപോയ കള്ളൻ തിരിഞ്ഞുനോക്കി . എന്നെക്കണ്ടു അയാൾ തിരിഞ്ഞു നിന്നു . ഞാൻ മുന്നോട്ടു നടക്കുമ്പോൾ അയാൾ എനിക്കു നേരെ തിരിഞ്ഞു നടന്നു വരുന്നു . പിന്നെ ഞാനൊന്നും നോക്കിയില്ല .. ഒറ്റ ഓട്ടമായിരുന്നു . എന്റെ ദൈവമേ .. കുഞ്ഞമ്മിണി ഇല്ലാതെ ഇനി ഞാൻ പള്ളിക്കൂടത്തിലേയ്ക്കില്ല ..” ഇതു പറയുമ്പോഴും കുഞ്ഞേച്ചിയുടെ കണ്ണുകളിൽ ഭയം . കുഞ്ഞേച്ചീടെ കഴുത്തിലെ സാമാന്യം വല്യൊരു മാല തന്നെ . അറ്റത്തു വട്ടത്തില് വല്യൊരു ലോക്കറ്റും . കാതിൽ നീളൻ ഞാത്തുള്ള കമ്മലും . ‘എന്റെ കാത് എപ്പോഴാ കുത്തുക ‘'എന്നു ചോദിച്ചാൽ “വലുതാവട്ടെ” എന്നാവും അമ്മേടെ മറുപടി .  കുഞ്ഞേച്ചീടെ മാലേം കമ്മലും 'അമ്മ ഊരി വാങ്ങുമോ .. രാവിലെ പള്ളിക്കൂടത്തിൽ പോവാൻ നേരം എന്താ കുഞ്ഞേച്ചീടെ ഒരുക്കം … കണ്ണാടീടെ മുൻപീന്നു മാറില്ല .. കണ്ണെഴുത്ത് .. പൊട്ടുകുത്ത് … മുടി രണ്ടായി മെടയൽ . പിന്നെ മാല ഉടുപ്പിന് മുകളിലേയ്ക്കിട്ടു കണ്ണാടിയ്ക്കു മുന്നിലൂടെ സ്റ്റൈലിലൊരു നടത്ത ഒക്കെ കഴിഞ്ഞാണ് കുഞ്ഞമ്മിണിയൊത്തുള്ള ആ പോക്ക് . കുഞ്ഞമ്മിണിയും ഒട്ടും മോശമല്ല വാലിട്ടു കണ്ണെഴുതി നീട്ടി വല്യൊരു പൊട്ടും കുത്തി മുടി രണ്ടായി മെടഞ്ഞു റിബ്ബൺ കെട്ടി … വല്യ ഗമയിൽ ആണ് രണ്ടിന്റെയും പോക്ക് . 


 പകലിറങ്ങുന്ന കള്ളനെപ്പറ്റി ആദ്യായി കേൾക്കുവാ . രാത്രി കിടക്കുമ്പോൾ 'അമ്മ ചോദിക്കുന്ന കേൾക്കാം “ പിള്ളേരെ തട്ടിന്റെ കതകു പൂട്ടിയോ ..” . തങ്ങൾ കിടക്കുന്ന മുറിയുടെ വശത്തായി തട്ടിന്പുറത്തേയ്‌ക്ക്‌ കയറാനുള്ള ഗോവണി വച്ചിട്ടുള്ളത് . മൊത്തം മാറാല പിടിച്ചു കിടക്കുന്ന തട്ടിൻപുറത്ത് ഇടയ്ക്കൊക്കെ ഉരുളിയോ ചെമ്പുകലമോ ഒക്കെ എടുക്കാനായി ആരെങ്കിലും കയറുന്ന കണ്ടാൽ താനും ഏട്ടനും ആ തക്കം നോക്കി തട്ടിന്പുറത്തു കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതിന് അമ്മയുടെ കൈയിൽനിന്നും വഴക്കു കിട്ടാറുണ്ട് . ആവശ്യം കഴിഞ്ഞാൽ തട്ടിന്റെ കതക് വലിച്ചിട്ട് താഴിട്ടു പൂട്ടും . ഇല്ലായെങ്കിൽ രാത്രി അതുവഴി കള്ളൻ വരുമെന്നാണ് വല്യേച്ചി പറയാറ് .  രാത്രി ഉറങ്ങാൻ കിടന്നാൽ തട്ടിന്റെ കതകിലേയ്ക്ക് നോക്കുമ്പോൾ പേടിവരും . കള്ളൻ അതിലേ എങ്ങാനും ഇറങ്ങി വരുമോ .. ലൈറ്റണച്ചു കഴിഞ്ഞാൽ പേടി തോന്നി അമ്മയെ ചേർന്നു കിടക്കും .മനസ്സിൽ കള്ളന്റെ രൂപം തെളിഞ്ഞു വരും .. ഷർട്ടിടാതെ കൈലിമുണ്ട് മടക്കിക്കുത്തി ഒരു തലേക്കെട്ടു കെട്ടി കറുത്ത രൂപം … എന്നിട്ടിങ്ങനെ പതുങ്ങിപ്പതുങ്ങി …. എന്റമ്മേ ഓർത്തിട്ടൂടെ പേടി തോന്നും . കള്ളന്റെ കയ്യീ ടോർച്ച് കാണുവോ … ഏട്ടൻ പറഞ്ഞത് ചെലപ്പോ ഉണ്ടാവും അയാൾക്ക്‌ രാത്രി പിന്നെങ്ങനെ കണ്ണുകാണാൻ എന്നാണ് . ഇപ്പ ദാ  കുഞ്ഞേച്ചി  കള്ളനെ നേരിട്ടു കണ്ടിരിക്കുന്നു . അതും പകൽ . സംശയം തീർത്തിട്ടു തന്നെ കാര്യം . “ കുഞ്ഞേച്ചീ ഈ കള്ളൻ എന്തിനാ പകലു വന്നേ ..?’. “ അതിപ്പം ഞാനെങ്ങനെയാ അറിയുക .. നീ പോയി കള്ളനോടു ചോദിക്ക് ..” ന്നു കുഞ്ഞേച്ചി . വല്യേച്ചി കളിയാക്കി “ പൊട്ടത്തി … അതു കള്ളനൊന്നും ആവില്ല . അയാളു ചിലപ്പോൾ വീട്ടിൽനിന്നും എന്തെങ്കിലും എടുക്കാൻ മറന്നിട്ടു തിരിച്ചു നടന്നതാണെങ്കിലോ .. അയാളെ ഇനി നിനക്കു കണ്ടാലറിയുമോ ..”.   വല്യേച്ചിയുടെ ചോദ്യത്തിന്‌ കുഞ്ഞേച്ചി പറഞ്ഞു അയാളൊരു വെള്ള ഷർട്ടും മുണ്ടും ആണ് ഇട്ടിരുന്നത് . അത്രേ എനിക്കു ഓർമ്മയുള്ളൂ . ഞാൻ ഇനി കുഞ്ഞമ്മിണീടെ പനി മാറാതെ സ്കൂളിൽ പോവലില്ല… ഉറപ്പ് ..” കുഞ്ഞേച്ചി തറപ്പിച്ചു പറഞ്ഞു . “ നീ ഇനി പള്ളിക്കൂടത്തിൽ പോവാണ്ടിരിക്കയാ നല്ലത് “ എന്നു പറഞ്ഞ് വല്യേച്ചി പോയി .  തനിക്കു സംശയമായി .. ഇതെന്തു കഥ .. വെള്ളയുടുപ്പിട്ട കള്ളനോ .. വല്യേച്ചി പറഞ്ഞമാതിരി അയാളു കള്ളനാവാൻ തരമില്ല . കുഞ്ഞേച്ചി ഒരു പൊട്ടത്തി തന്നെ . രോഗിയായി വലിയ അവശതയിൽ കിടക്കുന്ന കുഞ്ഞേച്ചിയോടു ഞാൻ ചോദിച്ചു ‘ .. ഈ കള്ളൻ കൈയിൽ വാച്ചു കെട്ടിയിരുന്നോ ..’. തന്റെ ചോദ്യത്തിന്‌ കുഞ്ഞേച്ചി മറുപടി നൽകി “ ഉവ്വ് ഒരു വെള്ളിക്കളർ വാച്ചും അയാളുടെ കൈയിൽ കെട്ടിയിട്ടുണ്ടായിരുന്നു . താൻ പറഞ്ഞു ‘ ഉറപ്പ് .. അയാൾ കള്ളനല്ല .. കള്ളനാണേൽ അയാൾ വാച്ചു കെട്ടിയിട്ടുണ്ടാവില്ല’ . .  കുഞ്ഞേച്ചി പറഞ്ഞു “ നീയാ പൊട്ടത്തി . വാച്ചു കെട്ടിയാൽ കള്ളനാവില്ലേ “ ഞാനോടി അടുക്കളയിൽ ചെന്നു വർത്തമാനം പറഞ്ഞിരിക്കുന്ന അമ്മയോടും അമ്മുക്കുട്ടിയോടും  വല്യേച്ചിയോടുമായി ചോദിച്ചു ‘ കള്ളൻ വാച്ചു കെട്ടുമോ ..?’   . അവരെല്ലാം കൂട്ടച്ചിരി തുടങ്ങി .   അമ്മുക്കുട്ടി പറഞ്ഞു “കൊള്ളാം വാച്ചു കെട്ടിയ കള്ളൻ .. അയാളാ വാച്ചും കട്ടതാവാം” . 


“എന്താ കുഞ്ഞിമോളേ  ആലോചിച്ചിരിക്കുന്നേ … പള്ളിക്കൂടത്തിന്നു വന്നിട്ട് കുളിക്കണ്ടേ.. “ അമ്മുക്കുട്ടി പണി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകാനിറക്കത്തിനിടയിൽ ഉമ്മറപ്പടിയിൽ ആലോചനയിൽ ഇരിക്കുന്ന തന്നോട് ചോദിച്ചു . “അമ്മുക്കുട്ടി ഈ കള്ളൻ വെള്ള ഉടുപ്പിടുവോ “. അമ്മുക്കുട്ടി ചിരിച്ചിട്ടു പറഞ്ഞു “ അയ്യോ കള്ളനെ ആലോചിച്ചിരിക്കുവാ …   കള്ളൻ ഏതു രൂപത്തിലാ വര്വാ . പറയാൻ കഴിയില്ല ന്റെമക്കളേ ..”അതുംപറഞ്ഞ് അമ്മുക്കുട്ടി നടകളിറങ്ങി പോകുന്നതുംനോക്കിഇരിക്കുമ്പോൾ. അമ്മേടെ വിളി “കുഞ്ഞിമോളേ വേഗം വന്നു കുളിച്ചേ സന്ധ്യയാവുന്നു “ അകത്തേയ്ക്കോടി . രാത്രിയിൽ ഭക്ഷണം കഴിച്ചു കിടക്കാൻ നേരം തട്ടിന്മുകളിലേയ്ക്ക് നോക്കിയപ്പോൾ പേടി വന്നു . കറുത്ത രൂപം … ഇരുട്ടത്ത് പതുങ്ങിപ്പതുങ്ങി വരുന്ന ആ കള്ളൻ കൈയ്യിൽ വാച്ച് കെട്ടിയിട്ടുണ്ടാവുമോ ..? ഏട്ടൻ പറഞ്ഞമാതിരി അയാളുടെ കൈയ്യില് ടോർച്ച് ഉണ്ടാവുമോ .. പക്ഷേ കുഞ്ഞേച്ചി പറഞ്ഞ കള്ളൻ വെള്ള മുണ്ടും ഷർട്ടും ഇട്ടിരിക്കുന്നു .. അപ്പൊ ഏതാവും കള്ളന്റെ ശരിക്കുള്ള രൂപം .. 'അമ്മ കിടക്കാൻ വരണേൽ ഇനിയും സമയം എടുക്കും . അടുക്കളയിൽ അച്ചന്റേയും അമ്മയുടേയും സംസാരം കേൾക്കാം . പേടിവന്നിട്ടു വയ്യ . ഏട്ടനെ വിളിച്ചാലോ .. മെല്ലെ പുതപ്പുനീക്കി എഴുന്നേറ്റു നോക്കി . അങ്ങേ സൈഡിലെ കട്ടിലിൽ തലവഴങ്ങാരം പുതപ്പുമൂടി ഏട്ടൻ ഉറക്കം തുടങ്ങി .  ഭയപ്പാടോടെ തട്ടിൻ മുകളിലേയ്ക്കും നോക്കിക്കിടക്കുമ്പോൾ അടുക്കളയുടെ കതകടച്ചുപൂട്ടി അമ്മയും അച്ഛനും കിടക്കാൻ വന്നു. രണ്ടാളും കിടന്നപ്പോൾ തെല്ലൊരാശ്വാസം . ‘ അമ്മേ ‘ ന്ന വിളികേട്ടപ്പോൾ “ ആഹാ ഇതുവരെ ഉറങ്ങിയില്ലേ നീ … നാളെ പള്ളിക്കൂടത്തിൽ പോവേണ്ടതല്ലേ .. എന്ന അമ്മയുടെ ശാസന. തെല്ലാശ്വാസത്തിനായി അമ്മയോടു തിരക്കി “ തട്ടിന്റെ കതകു പൂട്ടിയോ ..” . അതുപിന്നെ പൂട്ടാതെ ഇടുമോ .. മക്കളു കിടന്നുറങ്ങിക്കോ ..” അച്ഛനാണ് മറുപടി പറഞ്ഞത് . അമ്മയെ ചേർന്ന് പുതപ്പുമൂടി കിടന്നു . അച്ഛൻ പറയുന്നതു കേട്ടു . “കുഞ്ഞുങ്ങള് പേടിച്ചിട്ടുണ്ടല്ലോ … എന്നാലും ഈ പട്ടാപ്പകല്  കൊച്ചിനെ പേടിപ്പിച്ചവൻ ആരാന്ന് അറിഞ്ഞിട്ടു തന്നെ കാര്യം . ആ ഇടത്തൊണ്ടിൽ നമ്മളറിയാത്ത ഏതവൻ ആണെന്നൊന്നറിയണം .. അതിനൊള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്‌തിട്ടുണ്ട്‌ . അവനെ എന്റെ കൈയ്യിൽ കിട്ടിയാൽ … “ അച്ഛൻ ദേഷ്യത്തിലാണ് .. 'അമ്മ പറയുന്ന കേട്ടു . “പൊല്ലാപ്പിനും വഴക്കിനും ഒന്നും പോവണ്ട .” 

അച്ഛൻ നാളെത്തന്നെ കള്ളനെ പിടിക്കുവാരിക്കും . അപ്പൊ ശരിക്കും കാണാൻ പറ്റും കള്ളന്റെ ശരിക്കുള്ള രൂപം . ദൈവമേ അച്ഛൻ  രാത്രിയിൽ പട്ടികുര കേട്ടാൽ   പുറത്തേക്കിറങ്ങുമ്പോൾ കൈയിൽ കരുതാറുള്ള ആ വലിയ വടികൊണ്ട് അയാളെ പൊതിരെ തല്ലുമായിരിക്കും .. എന്തായാലും നാളെ കള്ളന്റെ കാര്യം ഒരു പരുവമാകും . പേടി മാറി തെല്ലാശ്വാസത്തോടെ കണ്ണടച്ചു കിടന്നു . 

~~~~~~~~~~~~~~~~~~~~~~<<<<~~~~~~~~~~<<<<~~~~~~~~<<<<<<<<<<<<<


Wednesday, 20 May 2026


ചെറുകഥ 


ഒറോതാമ്മയും മഞ്ഞപ്പറങ്കാപ്പഴങ്ങളും 


അയൽവീട്ടിലെ സുമിയോടൊപ്പമാണ് മീനുവിന്റെ പള്ളിക്കൂടത്തിൽപ്പോക്ക് . കുറേദൂരം നടന്നുവേണം പള്ളിക്കൂടത്തിലെത്താൻ . ദൂരെ തോട്ടത്തിൽനിന്നും കൂട്ടമായെത്തുന്ന കുറേ കുട്ടികളുണ്ടാവും പള്ളിക്കൂടത്തിലേയ്ക്ക് . അവരുടെ കൂട്ടത്തിലെ മല്ലി എന്ന കുട്ടി മീനുവിന്റെ ക്ലാസ്സിലാണ്. അവളാണ് ഇഞ്ചക്കാട്ടെ വീട്ടിൽ മൾബറിപ്പഴങ്ങളുണ്ടെന്നും വീട്ടുകാർ കാണാതെ ചിലദിനങ്ങളിൽ ഇവർ കൂട്ടുകാർ ചേർന്ന് പറിച്ചെടുക്കാറുണ്ടെന്നും പുളിപ്പും മധുരവുമാണെന്നും അഞ്ചേക്കർ വീട്ടിൽ മംഗോഷ്ട്ടിക്കാ പഴങ്ങളും പനിനീർചാമ്പക്കയും ഉണ്ടെന്നും ഒക്കെപ്പറയാറ് .  നാലുമണിവിട്ടു പോകുന്ന നേരം ഇക്കൂട്ടർ ഓരോ കൂട്ടം കൂട്ടമായാണ് വീട്ടിലേയ്ക്കു മടക്കം . മീനുവിനും സുമിയ്ക്കും അവരോടൊപ്പം കൂടണമെന്നുണ്ടെങ്കിലും ഓട്ടത്തിലും ചാട്ടത്തിലുമൊന്നും അവരുടെയത്രയും മിടുക്കില്ലാത്തതിനാലും അച്ഛൻ വഴക്കു പറയുമെന്നു ഭയന്നും അവരോടൊപ്പം കൂടാറില്ല .

പോകുന്ന വഴിയിൽ  പറമ്പിൽനിന്ന് വേലിക്കിടയിലൂടെ വഴിയിലോട്ടു നീണ്ടുകിടക്കുന്ന വള്ളിയിൽനിന്ന് മല്ലി കുരുമുളകു പറിച്ചെടുക്കുന്നത് കണ്ട്‌ മീനുവും സുമിയും “ ഇതെന്തിനാ മല്ലീ .. എരിവല്ലേ ..” ന്നു ചോദിച്ചപ്പം “ കപ്പയ്ക്കരയ്ക്കാം.. മത്തിപൊരിയ്ക്കാനരയ്ക്കാം .. ഇതു കാണുമ്പോൾ അമ്മയ്ക്കെന്തു സന്തോഷമാവുമെന്നോ ..” എന്നു പറയുമ്പോൾ മല്ലിയുടെ കണ്ണില് സന്തോഷവും ഒപ്പം വീട്ടുകാർ കാണുന്നുണ്ടോ എന്ന വെപ്രാളവും . 

 

ഒരു നാലുമണിവിട്ടു വരുമ്പോഴായിരുന്നു മല്ലിയും കൂട്ടരും വർത്തമാനവും ചിരിയുമായി മുൻപേയും തൊട്ടുപിറകേ മീനുവും സുമിയും . ഇടത്തൊണ്ടിലെത്തിയപ്പോഴാണ് മല്ലി തിരിഞ്ഞുനിന്ന് ചോദിച്ചത് “ വരുന്നോ ഞങ്ങളോടൊപ്പം “ . തൊട്ടപ്പുറത്തെ പറമ്പിലേയ്ക്ക് കൈചൂണ്ടി അവൾ കാട്ടിക്കൊടുത്തു പഴുത്തുതുടുത്തു കിടക്കുന്ന മഞ്ഞപ്പറങ്കാപ്പഴങ്ങൾ …. മീനുവും സുമിയും ഒന്നു ശങ്കിച്ചുനിന്നപ്പോൾ മല്ലി ഉറപ്പുനൽകി “ അവിടുത്തെ ഒറോതാമ്മ ഒന്നും പറയില്ല “. പിന്നെ ഒന്നും നോക്കിയില്ല മല്ലിയ്ക്കു പുറകേ മീനുവും സുമിയും പറങ്കിമരച്ചുവട്ടിലേയ്ക്ക് …


ഓടിട്ട ആ കൊച്ചുവീടിന്റെ വരാന്തയിൽ ഒരു കലത്തിൽ നിറയെ വെള്ളം. അതിനരികെ ഒരു മഗ്ഗും ഗ്ലാസ്സും . ചില കുട്ടികൾ വെള്ളം എടുത്തു കുടിക്കുന്നു . അതിനടുത്ത് ഒരു കുട്ടയിൽ കുറച്ചു മഞ്ഞപ്പറങ്കാപ്പഴങ്ങൾ . മുതിർന്ന രണ്ടാൺകുട്ടികൾ തോട്ടികൊണ്ട് പറങ്കാപ്പഴങ്ങൾ പറിച്ചിടുന്നു . കുറേ കുട്ടികൾ ചേർന്ന് ആ പറങ്കാപ്പഴങ്ങൾ ശ്രദ്ധയോടെ പെറുക്കി കുട്ടയിൽകൊണ്ടു നിറയ്ക്കുന്നു . ഒറോതാമ്മ അതിനരികെ ഒരു കസേരയിൽ ഇരുന്നുകൊണ്ട് കുട്ടികൾക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട് . തടിച്ച ശരീരപ്രകൃതം . തലനിറയെ നരച്ചമുടി പഞ്ഞിക്കെട്ടുപോലെ .. വെള്ളനിറത്തിലെയെങ്കിലും മുഷിഞ്ഞ ചട്ടയും മുണ്ടും വേഷം . അവർ പറഞ്ഞപ്പോൾ കുട്ടികൾ പറങ്കാപ്പഴം പറിക്കുന്നതു നിർത്തി എല്ലാം പെറുക്കി കുട്ടയിലിട്ട് അനുസരണയോടെ ഒറോതാമ്മയ്ക്കരികിൽ വന്നു നിൽക്കുന്നു .

ഒറോതാമ്മ ഓരോരുത്തർക്കായി പറങ്കാപ്പഴം കൊടുക്കുന്നു . തൊട്ടടുത്തു വച്ചിരിക്കുന്ന ഒരു ചെറിയ കുട്ടയിൽ പറങ്കിയണ്ടി ഇരിഞ്ഞിട്ടിട്ട് പറങ്കാപ്പഴം തിന്നാം . ഒരാൾക്ക് എത്രവേണമെങ്കിലും പറങ്കാപ്പഴം ഒറോതാമ്മ കൊടുക്കും . പക്ഷേ പറങ്കിയണ്ടി ഒറോതാമ്മയുടെ കുട്ടയിൽ വീണിരിക്കണം . മീനുവിനും സുമിയ്ക്കും കിട്ടി ഓരോ പറങ്കാപ്പഴങ്ങൾ .   ഒറോതാമ്മയ്ക്ക് എന്തോ സംശയം തോന്നിയതാണോ “ എവിടുത്തെയാ പിള്ളേരേ … നേരത്തെ കണ്ടിട്ടില്ലല്ലോ ..?” എന്നൊരു ചോദ്യം . കുട്ടയിൽ പറങ്കിയണ്ടി വീഴുന്ന ശ്രദ്ധയിൽ ഒറോതാമ്മ ആ ചോദ്യത്തിനു വല്യ പ്രാധാന്യം നൽകിയതുമില്ല മറുപടി പ്രതീക്ഷിച്ചതുമില്ല . മീനുവിനും സുമിയ്ക്കും ഈ കാഴ്ചകൾ കൗതുകമായി . എന്തൊരു സ്നേഹം ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് . ഒറോതാമ്മയുടെ വീട്ടിലെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ മധുരം വീട്ടിലെ ചുവന്ന പറങ്കാപ്പഴങ്ങൾക്ക് ഉണ്ടാവുമോ മീനു ഓർത്തു . 'അമ്മ പറിച്ചു മേശയിൽ വച്ചാൽ മീനു ശ്രദ്ധിക്കാറു പോലുമില്ല . 



അടുത്തദിനവും നാലുമണിവിട്ടു വരുന്നനേരം മീനുവും സുമിയും ഇക്കൂട്ടർക്കൊപ്പം കൂടി .  എന്തു രസം . മധുരമുള്ള മഞ്ഞപ്പറങ്കാപ്പഴങ്ങൾ .. പിന്നെ ഇഷ്ടം പോലെ വെള്ളം കുടിക്കാം . കുറേനേരം അവരുടെ പറമ്പിൽ കളിക്കാം . ഒറോതാമ്മ മുതിർന്ന ആൺകുട്ടികളെക്കൊണ്ട് കിണറ്റിൽനിന്ന് വെള്ളംകോരിച്ച് കലങ്ങളിൽ നിറപ്പിയ്ക്കും . അവരതെടുത്ത് ആ തിണ്ണയിൽ കൊണ്ടുവച്ചുകൊടുക്കും .  ഒറോതാമ്മ അകത്തേയ്‌ക്കെങ്ങാനും കേറിപ്പോകുന്ന തക്കം കിട്ടിയാൽ മുതിർന്ന ആൺകുട്ടികൾ ഞൊടിയിടയിൽ മൂന്നാലു പറങ്കിയണ്ടികൾ പോക്കറ്റിനുള്ളിലാക്കി ഒന്നുമറിയാത്ത ഭാവത്തിൽ നിൽക്കും . 

അങ്ങനെ കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഓരോ ദിവസവും ഇട്ടിട്ടു വരുന്ന മീനുവിന്റെ ഉടുപ്പിലെ കറ 'അമ്മ കണ്ടുപിടിച്ചത് .  ഓണത്തിനു വാങ്ങിയ പുതിയ ഉടുപ്പിലെ കറ അമ്മയെ ചൊടിപ്പിച്ചു “ എന്താ മീനൂ ഇത് ..? സത്യം പറ ..” 'അമ്മ മീനുവിനെ ചോദ്യം ചെയ്തു.  അവൾക്കാകട്ടെ അമ്മയോട് നുണ പറയാനാവില്ല . പറങ്കാപ്പഴത്തിന്റെ കാര്യം കേട്ട് 'അമ്മ ശകാരിച്ചു “ നമ്മുടെ പറമ്പിൽ പഴുത്ത പറങ്കാപ്പഴങ്ങൾ ഉണ്ടായിട്ടാണോ നീ വല്ലവരുടെയും ..” 

മീനു പറഞ്ഞു “ അമ്മേ .. ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് എന്തൊരു സ്നേഹമാണെന്നും കഥകൾ ഒക്കെ വിസ്തരിച്ചു അമ്മയെ പറഞ്ഞുകേൾപ്പിച്ചപ്പോൾ 'അമ്മ പറഞ്ഞു

 “ കൊള്ളാം ഒറോതേടെ ബുദ്ധി ..” ഇനിമേലിൽ ഇതാവർത്തിക്കരുതെന്നും പറഞ്ഞ് 'അമ്മ ചുവന്ന പറങ്കാപ്പഴങ്ങൾ പറിച്ചുകൊടുത്തിട്ടും മീനുവിന്‌ ഒറോതാമ്മയുടെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ അത്ര മധുരമോ രുചിയോ തോന്നിയതുമില്ല അവളതു കഴിച്ചതുമില്ല . 


നാലുമണി വിട്ടു വരുന്നവഴി ഇടത്തൊണ്ടിലെത്തിയാൽ അമ്മയുടെ വിലക്കു മറന്ന് മീനുവും സുമിയും മല്ലിയ്ക്കും കൂട്ടർക്കും പുറകേ ഓടും .. പറങ്കാപ്പഴം തിന്നും . വെള്ളം കുടിക്കും .. കുറേ ഓടിക്കളിക്കും . അങ്ങനെ ഓടി വീട്ടിലെത്തും . എന്തു രസം ..

 അടുത്ത വർഷം മീനുവിന്റെ അച്ഛന് സ്ഥലം മാറ്റമായി . പുതിയൊരു സ്ഥലം .. പുതിയ വീട് .. പുതിയ പള്ളിക്കൂടം .. പുതിയ കൂട്ടുകാർ … മീനുവിന്‌ സങ്കടമായി . പഴയ പള്ളിക്കൂടം …കൂട്ടുകാര് … പഴയ വീട് .. ആ വഴികള്‍ … ആ ഓർമ്മകളാണ് അവളുടെ മനസ്സിലെപ്പോഴും . ഇടയ്ക്കൊക്കെ അമ്മയോ ചേച്ചിയോ ഒക്കെയായി തങ്ങളുടെ ജന്മനാട്ടിലെ ക്ഷേത്രദർശനത്തിനായി അന്നാട്ടിലൊട്ടൊരു പോക്കു മാത്രമായി ആ നാടുമായുള്ള ബന്ധം .  


 അങ്ങനെ ഒരുനാൾ മീനുവും ചേച്ചിയും ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ ചേച്ചി പറഞ്ഞു “ മീനൂ .. എന്റെ കൂട്ടുകാരി കുഞ്ഞുമോളുടെ വീട്ടിലൊന്നു കയറി അവളുടെ കുഞ്ഞിനെ കണ്ടിട്ടു പോകാമെന്ന് “ . മീനുവിനു സന്തോഷമായി . പഴയ വഴികളൊക്കെ ഒന്നൂടെ കാണാമല്ലോ .


 ചേച്ചിയ്ക്കൊപ്പം ഉത്സാഹത്തിൽ മീനുവും നടന്നു . ചേച്ചിയുടെ കൂട്ടുകാരി കുഞ്ഞുമോളുചേച്ചിയുടെ കുഞ്ഞുവാവ തൊട്ടിലിൽ ഉറക്കമാണ് . ചേച്ചിയും കൂട്ടുകാരിയും കുറേനാൾ ശേഷം കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവച്ചു . ചേച്ചിയുടെ ഉടനെ നടക്കാൻ പോവുന്ന കല്യാണവിശേഷങ്ങൾ പറഞ്ഞ് രണ്ടാളും ചിരിക്കുമ്പോൾ ഒക്കെ തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേയ്ക്കായിരുന്നു മീനുവിന്റെ ശ്രദ്ധ മുഴുവൻ . വർത്തമാനം കഴിഞ്ഞ് തിരികെയിറങ്ങാൻ നേരമാണ് മീനു കുഞ്ഞുമോളുചേച്ചിയോട് ഒറോതാമ്മയെപ്പറ്റി  തിരക്കിയത് .  “ഒറോതാമ്മ മരിച്ചിട്ട് രണ്ടുവർഷമായല്ലോ .. അവിടിപ്പം ആരും ഇല്ല .. പറമ്പു മുഴുവൻ കാടുകയറിക്കിടക്കുന്നതു കണ്ടില്ലേ ..” എന്ന വർത്തമാനം കേട്ട് മീനുവിന്‌ വല്ലാത്ത ഒരു സങ്കടമാണോ.. കരച്ചിലാണോ .. എന്താണെന്നു പറഞ്ഞറിയിക്കാനാവാത്ത ഒന്ന് അവളുടെ മനസ്സിലോട്ടു വന്നു .  ഒറോതാമ്മ തനിക്കാരാണ് ..? അവളപ്പോൾ സുമിയെ ഓർത്തു … മല്ലിയെ ഓർത്തു .. പഴയ കാലങ്ങൾ ഓർത്തു .. അവൾക്കു കരയാൻ തോന്നി . ചേച്ചി ധൃതിപ്പെട്ടു “ മീനൂ വേഗം നടക്കാം .. ബസ്സിപ്പം വരും ..” ന്നു പറഞ്ഞ് വീടിന്റെ പടികളിറങ്ങി ഇടത്തൊണ്ടിലേയ്ക്ക്.. മീനു തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേക്കു നോക്കി .. കുഞ്ഞുമോൾചേച്ചി പറഞ്ഞമാതിരി പറമ്പു മുഴുവൻ കാടുമൂടിക്കിടക്കുന്നു . അടഞ്ഞുകിടക്കുന്ന വീട് ..!! ദൂരേന്നാണെങ്കിലും കാണാം ആ പറങ്കിമാവ് പൂത്തുനിൽക്കുന്നു . 


ചേച്ചിയ്ക്കു പിറകേ നടന്നു . മീനു ഒന്നു തിരിഞ്ഞുനോക്കി . മീനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല ..!! വെള്ളച്ചട്ടയും മുണ്ടും അണിഞ്ഞ് ഒരുകുട്ട മഞ്ഞപ്പറങ്കാപ്പഴങ്ങളുമായി ആ മുറ്റത്ത് ഒറോതാമ്മ നിൽപ്പുണ്ടായിരുന്നു . മീനുവിന്‌ ചേച്ചിയോട് അതു പറയണമെന്നുണ്ട് . പക്ഷേ ചേച്ചി വിശ്വസിക്കില്ല . അവൾ വേഗം ചേച്ചിയ്ക്കു പിറകേ നടന്നു .. തിരിഞ്ഞൊന്നു നോക്കാതെ .. നോക്കിയാൽ അവൾക്കാ പറങ്കാപ്പഴങ്ങൾ വാങ്ങാതെ തിരികെപ്പോവാനാവില്ല . 



ശുഭം 








 തൊട്ടാവാടിപ്പൂക്കള്‍ 

********************

വീട്ടുസാധനങ്ങളുടെ കുറിപ്പടിയും സഞ്ചിയും ശാന്തയെ ഏൽപ്പിച്ച് അമ്മ പറഞ്ഞു “ മീനുവിനെക്കൂടെ കൂട്ടിക്കോ ശാന്തേ … നീ ഒറ്റയ്ക്കു പോവണ്ട “.

 മീനുവിനു സന്തോഷമായി . 'അമ്മ ചില്ലറത്തുട്ട് മീനുവിന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു “ സൂക്ഷിച്ചു പോവണം .. ശാന്തേടെ കൈയ്യിൽ പിടിച്ചോണം ..”


     മീനു ശാന്തയുടെ കൈയ്യിൽ തൂങ്ങി ഉത്സാഹത്തോടെ നടന്നു .  കടയിൽനിന്ന് ശാന്ത സാധനങ്ങൾ വാങ്ങി മീനു കപ്പലണ്ടിമിഠായിയും വാങ്ങി തിരികെ  ഇടത്തൊണ്ടിൽക്കൂടെ നടന്നുവരുമ്പോൾ ആണ് എതിരേ വന്നൊരാൾ ശാന്തയോട് എന്തോ ചോദിച്ചു . ശാന്ത എന്തോ മറുപടി പറഞ്ഞു .  ശാന്തയുടെ ആരെങ്കിലും ആവും എന്നു മീനുവിനു തോന്നി .  അവൾ ഇടത്തൊണ്ടിന്റെ അരികിലെ കുഞ്ഞുചെടിയിലെ വെള്ളപ്പൂക്കൾ കണ്ട് അതു പറിച്ചെടുത്തു . തൊട്ടാവാടിച്ചെടിയിലും കുഞ്ഞുവയലറ്റുപൂക്കൾ. മീനു  തൊട്ടാവാടിച്ചെടിയെ തൊട്ടുനോക്കി . ഇലകൾ അത്രയും കൂമ്പുന്നു . അവൾക്കു രസം തോന്നി . അടുത്തടുത്ത തൊട്ടാവാടികളിൽ തഴുകി അവയെ ഉറക്കി . 


ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മീനു കണ്ടത് അയാൾ ശാന്തയുടെ തോളിൽ കൈയ്യിട്ട് എന്തോ പറയുന്നു . അതുകേട്ട് ശാന്ത ചിരിച്ചുകൊണ്ടു നിൽക്കുന്നു . മീനു പിന്നെ ഒന്നും നോക്കിയില്ല .. ഒറ്റ ഓട്ടമായിരുന്നു . ശാന്ത പിറകീന്നു വിളിച്ചു “ മീനൂ…. മോളേ നിൽക്കൂ …. ഓടല്ലേ …” . മീനു തിരിഞ്ഞുനോക്കാതെ കരഞ്ഞുകൊണ്ട് ഓട്ടത്തിനു സ്പീഡു കൂട്ടി . ശാന്ത പിറകേയും . മീനു ഓടിയണച്ച് കുത്തുകല്ലിന്റെ പടികൾ കയറുമ്പോഴും ശാന്ത വിളിക്കുന്നുണ്ടായിരുന്നു .  ഓടിയണച്ച് അമ്മയ്ക്കരികിൽ എത്തിയപ്പോൾ അമ്മ പരിഭ്രമത്തോടെ ചോദിച്ചു “ എന്താ മീനൂ .. നീ എന്തിനാ ഓടി വന്നത് … ശാന്ത എവിടെ ? “ 

മീനു ശ്വാസം ഒന്നുവിട്ട് നേരേനിന്നിട്ട് അമ്മയോടു പറഞ്ഞു “ അമ്മേ ..ശാന്തേടെ തോളത്തു ഒരാൾ കൈയ്യിട്ടു വർത്തമാനം പറഞ്ഞു “

അമ്മയുടെ മുഖത്തെ ഭാവം മാറി . 

“ ആര് …?”  എന്നമ്മ 

“ ആ എനിക്കറിയില്ല “ എന്ന് മീനു . 

തൊട്ടുപുറകേ വെപ്രാളത്തോടെ ശാന്ത വന്നുകയറി . സഞ്ചി താഴത്തു വെയ്ക്കുമ്പോൾ 'അമ്മ വിളിക്കുന്നതു കേട്ടു   “ ശാന്തേ …” 

എന്താ 'അമ്മ ചോദിക്കുന്നതെന്നു കേൾക്കാൻ മീനു നിന്നില്ല . അവളോടി മുൻവശത്തേയ്ക്ക്. ഇത്തിരിനേരം കഴിഞ്ഞ്  അടുക്കളവശത്തെ കതകിനു മറഞ്ഞുനിന്ന് നോക്കി. അമ്മയെന്തോ പറയുന്നു . ശാന്ത തലകുനിച്ചുനിന്നു കരയുന്നു . മീനുവിനു പേടിയായി . അമ്മ എന്താവും പറയുക … ശാന്തയ്ക്കു തന്നോടു പിണക്കാവുമോ .. 'അമ്മ പിന്നീടതേപ്പറ്റി ഒന്നും മീനുവിനോട് ചോദിച്ചതുമില്ല . 


പിറ്റേന്നു രാവിലെ ശാന്തയുടെ 'അമ്മ കല്യാണിച്ചേടത്തി വന്നു .  അമ്മയുമായി എന്തൊക്കെയോ അടക്കംപറഞ്ഞു നിൽക്കുന്നു . 'അമ്മ സമാധാനവാക്കുകൾ പറഞ്ഞിട്ടും കല്യാണിച്ചേടത്തി “ ശാന്തയെ ശരിയാക്കുമെന്നും വീട്ടിലോട്ടു ചെല്ലട്ടെ ..”എന്നും ഒക്കെ ദേഷ്യപ്പെടുന്നതു കേട്ടപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് മീനുവിനു തോന്നി .  പാവം ശാന്ത ..!! കല്യാണിച്ചേടത്തി ശാന്തയെ തല്ലുമായിരിക്കും . കാരണം താനാവുമല്ലോ എന്ന സങ്കടമായി മീനുവിന് . ശാന്ത പിറകീന്നു വിളിച്ചിട്ടും കേൾക്കാതെ ഓടിയതും അമ്മയോടു വന്നു പറഞ്ഞുകൊടുത്തതും ഒക്കെ ഓർത്തപ്പോൾ മീനുവിന്റെ സങ്കടം വർദ്ധിച്ചു . ശാന്ത മുറ്റം തൂക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടിവന്ന് മീനുവിനെ ഊഞ്ഞാലിലിരുത്തി ആട്ടിക്കൊടുക്കാറുണ്ട് കല്ലുകൊത്തിക്കളിച്ചു കാണിക്കാറുണ്ട് . ശാന്തയ്ക്കു മീനുവിനെ വല്യ കാര്യമാണ് . 


അടുത്ത ദിവസം രാവിലെ ശാന്ത വന്നുവെങ്കിലും മീനു മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു . വൈകുന്നേരം ശാന്ത ജോലികഴിഞ്ഞു പോകുമ്പോൾ മീനു ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുകയായിരുന്നു .  ശാന്ത “ ഞാൻ ആട്ടിത്തരാം “ എന്നുപറഞ്ഞ്  കൈയ്യിലൊരു പാത്രം ഉണ്ടായിരുന്നത് നിലത്തുവച്ചിട്ട്‌ മീനുവിനെ ഊഞ്ഞാലാട്ടിക്കൊടുത്തിട്ട് പറഞ്ഞു “ ഇനി പോട്ടെ മീനൂ … സന്ധ്യയാവുന്നു ..”. മീനുവിനു സന്തോഷം തോന്നി . ശാന്തയ്ക്കു തന്നോടു പിണക്കമില്ലല്ലോ . 


അടുത്തൊരു ദിവസം  ശാന്ത പശുവിനു പുല്ലുപറിയ്ക്കാനായി കുട്ടയും അരുവായുമായി ഇറങ്ങുന്നതുകണ്ട് മീനു ‘ അമ്മേ ഞാനൂടെ പൊയ്‌ക്കോട്ടെ ‘ എന്നു ചോദിച്ചത് ..

അമ്മ ആദ്യം വിലക്കിയെങ്കിലും മീനുവിന്റെ നിർബന്ധം സഹിക്കവയ്യാണ്ട് സമ്മതംമൂളി. ശാന്ത കുന്നിന്മുകളിലേയ്ക്ക് മീനുവിനെകൂട്ടി പോയി . താഴെനിന്നു കണ്ടിട്ടുള്ളതല്ലാതെ കുന്നിൻമുകളിലെ കാഴ്ച മീനുവിന് ആദ്യമായുള്ള അനുഭവമാണ് . അവൾക്ക് കൗതുകമായി . നിറയെ പച്ചപ്പുല്ലുകൾ … നല്ല കാറ്റ് .. നിറയെ തൊട്ടാവാടിച്ചെടികൾ .  മീനുവിന് ഉത്സാഹമായി. അവൾ ഓരോ ചെടികളിലും ഒന്നു തലോടി . പെട്ടെന്ന് ഇലകൾ ഒരോന്നും കൂമ്പുന്നു . എന്തു രസമായ കാഴ്ച്ച . അവൾ  ആ തൊട്ടാവാടിച്ചെടികളിൽ തഴുകി .  “ അതിനും ജീവനുണ്ട് മീനൂ … അതിനെ ഉപദ്രവിക്കുമെന്നു ഭയന്ന് ചുരുങ്ങിപ്പോവുന്നതാണെന്ന് ..ശാന്ത . 


മീനു അവിടെക്കിടന്ന ഒരു കല്ലിൽ ഇരിപ്പുറപ്പിച്ചു. ശാന്ത പുല്ലുപറിയ്ക്കൽ തുടങ്ങി. പെട്ടെന്നാണ് ഇടത്തൊണ്ടിൽ വെച്ചു ശാന്തയുടെ തോളിൽ കൈയ്യിട്ട അയാൾ അങ്ങോട്ടുവന്നത് . അന്നാണ് മീനു ആ ആളെ ശ്രദ്ധിക്കുന്നത് . കളംകളം ഷർട്ടും വെള്ളമുണ്ടും ഉടുത്ത വെളുത്ത സുന്ദരനായ ഒരു ചേട്ടനായിരുന്നു അത് .  അയാൾ സ്നേഹഭാവത്തിൽ  “ മോൾ എന്തെടുക്കുവാ ഇവിടെയിരുന്ന് ..” എന്നു ചോദിച്ച് മീനുവിനുനേരേ കപ്പലണ്ടിമിഠായി നീട്ടി. മീനു മടിച്ചു. അറിയാത്തവരുടെ കൈയ്യിൽനിന്നു മിഠായി വാങ്ങിയാൽ അമ്മ വഴക്കുപറയും . ശാന്ത ചിരിച്ചുകൊണ്ടു പറഞ്ഞു  “ വാങ്ങിക്കോ മീനൂ ..”  . മീനു മടിയോടെ വാങ്ങി.  അയാൾ ശാന്തയ്ക്കരികിലേയ്ക്ക് നടന്നു. ശാന്ത പുല്ലുപറിയ്ക്കൽ നിർത്തി. രണ്ടാളും മരത്തിന്റെ മറവിൽനിന്ന്  എന്തോക്കെയോ സംസാരിക്കുന്നു. ചിരിക്കുന്നു .. മീനുവിന് രണ്ടാളോടും ദേഷ്യംതോന്നി.   വർത്തമാനം പറയുന്നതിനിടയിൽ  “ മീനൂ … ഓടിപ്പോവല്ലേ മോളേ .. നമുക്കിപ്പം പോവാം ..” എന്നു ശാന്ത പറഞ്ഞു .  കുറച്ചുകഴിഞ്ഞ് അയാൾ  തിരികെ കുന്നിറങ്ങിപ്പോയി. ശാന്ത വേഗം അരിഞ്ഞുകൂട്ടിയ പുല്ലുകൾ കുട്ടയിലാക്കി മീനുവിന്റെ അടുത്തെത്തി പറഞ്ഞു “ മീനൂ .. അമ്മയോടു പറയല്ലേ ….. എനിക്കടി കിട്ടും ..” . 

മീനുവിനു കരച്ചിൽ വരുന്നുണ്ടായിരുന്നു .  ശാന്ത അയാളോടു സംസാരിച്ചത് മീനുവിന് ഒട്ടും ഇഷ്ടമായില്ല എങ്കിലും അവളതു പുറത്തു പ്രകടിപ്പിക്കാതെ അമ്മയോടു പറയില്ല എന്ന മട്ടിൽ തലയാട്ടി . ശാന്തയാകട്ടെ വിശ്വാസം പോരാഞ്ഞ് കൈനീട്ടിക്കാട്ടിയിട്ടു പറഞ്ഞു “ സത്യം ചെയ്യ്‌”.   മീനു പറഞ്ഞു  ‘ സത്യം ‘ . 


കുറേദിവസം കഴിഞ്ഞൊരുനാൾ ശാന്ത പുല്ലുപറിയ്ക്കാനായി പോവുമ്പോൾ മീനു അമ്മയോടു വാശിപിടിച്ചു. 'അമ്മ അന്നും ആദ്യം വഴക്കുപറഞ്ഞെങ്കിലും സമ്മതംമൂളി .  അന്നു ശാന്ത മീനുവിനെയുംകൂട്ടി കുന്നിന്മുകളിലേയ്ക്കല്ല പോയത് . തോടിന്റെ കരയിലൂടെ കുറേദൂരം നടന്നു. ശാന്ത ഒന്നുംമിണ്ടാതെ മീനുവിന്റെ കൈയ്യുംപിടിച്ച്  എന്തോക്കെയോ ആലോചിച്ചു നടക്കുന്നു. 

 മീനു ചോദിച്ചു ‘ ശാന്തേ .. നമ്മളെങ്ങോട്ടാ പോവാ ..?’ 

ശാന്ത പറഞ്ഞു  “ എനിക്കു മരിച്ചാൽ മതി മീനൂ !!..”

മീനുവിനു പേടി തോന്നി ശാന്തയുടെ കൈയ്യിലെ പിടിവിട്ട് ചോദിച്ചു ‘ മരിക്കയോ ..’ ഭയത്തോടെയുള്ള മീനുവിന്റെ നോട്ടം കണ്ട  ശാന്ത പെട്ടെന്നു വിഷയം മാറ്റി  “ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ .. വാ ..” എന്നു പറഞ്ഞ്‌ മീനുവിന്റെ കൈയ്യും പിടിച്ചുനടന്നു . നല്ല തണലുള്ള സ്ഥലം. നിറയെ തെങ്ങുകളും കവുങ്ങുകളും. ചുവപ്പുനിറത്തിലെ കാവടിപ്പൂക്കൾ ഒരുപാട് .. നിറയെ പൂമ്പാറ്റകൾ … ഹായ് എന്തു രസം … കുറേ അധികം തൊട്ടാവാടിച്ചെടികളും .   തൊട്ടാവാടിച്ചെടി പേടിച്ചുപോകണ്ടായെന്നു കരുതി അവൾ അതിനെ തൊട്ടതേയില്ല . മീനുവിനു നന്നായി ഇഷ്ട്ടപ്പെട്ടു ആ സ്ഥലം . അവൾ അവയൊക്കെ കണ്ടുരസിച്ച് അങ്ങനെ നിൽക്കുമ്പോൾ ആണ്  ആ ചേട്ടൻ അങ്ങോട്ടു നടന്നു വന്നത് . ശാന്ത പുല്ലുപറിക്കൽ നിർത്തി രണ്ടാളും മാറിനിന്നു സംസാരവും തുടങ്ങി . മീനുവിനു സങ്കടം വന്നു .  ശാന്തയോടും ചേട്ടനോടും ദേഷ്യംതോന്നി .  ശാന്ത അന്നും  പറഞ്ഞു “ മോളേ ഓടിപ്പോവല്ലേ …”. 

ഇത്തിരിനേരം  കഴിഞ്ഞതും  മീനു കേട്ടു ശാന്ത ഏങ്ങലടിച്ചു കരയുന്നു.  ചേട്ടൻ  എന്തോക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നു .  എന്നിട്ടും ശാന്ത കരയുകയാണ് .  മീനുവിനും കരച്ചിലു വരുന്നുണ്ടായിരുന്നു . എന്തിനാവും ശാന്ത കരയുന്നത് ..?!!    

തെല്ലുനേരംകഴിഞ്ഞ് ചേട്ടൻ മടങ്ങിപ്പോയി.  ശാന്ത വേഗം പുല്ലു കുട്ടയിൽനിറച്ച് കണ്ണുകൾ തുടച്ച് മീനുവിനരികിൽ വന്നുപറഞ്ഞു.  “ വാ നമുക്കു പോവാം “ .  ശാന്ത മീനുവിന്റെ കൈയ്യുംപിടിച്ച്  നടക്കവേ .  മീനു ചോദിച്ചു  ‘ ശാന്ത മരിക്കുവോ …!!’

പെട്ടെന്നുള്ള മീനുവിന്റെ ചോദ്യം കേട്ട് ശാന്ത നടത്ത  നിർത്തി.  മീനുവിന്റെ കൈയ്യിലെ പിടിവിട്ട് പുല്ലുകൊട്ട താഴത്തുവച്ചു. ശാന്തയുടെ കണ്ണുനിറഞ്ഞിരുന്നു.  

ശാന്ത ചോദിച്ചു “ മീനു  എന്താ ചോദിച്ചേ ..”

മീനു  പറഞ്ഞു ‘ ശാന്ത മരിക്കുവോ ന്ന് ‘. മീനുവിന്റെ താടിക്കു അരുമയോടെ പിടിച്ച് ശാന്ത പറഞ്ഞു “ ഇല്ല മോളേ ..”.  

മീനു കൈനീട്ടിക്കാട്ടി  പറഞ്ഞു ‘സത്യം ‘. 

ശാന്ത മീനുവിന്റെ കൈയ്യിൽ തൊട്ടുപറഞ്ഞു “ സത്യം … ..”

  പിന്നീട് പുല്ലുകൊട്ടയും തലയിലേന്തി  മീനുവിന്റെ കൈയ്യുംപിടിച്ചു ശാന്ത  നടന്നു .  


അടുത്തദിവസങ്ങളിലൊന്നും ശാന്ത വീട്ടിൽവന്നില്ല . മീനു അമ്മയോടു തിരക്കി . 

അമ്മ  പറഞ്ഞു “ ശാന്ത ഇനി വരില്ല … അവളുടെ കല്യാണമാണ് ..”

ഒരു വൈകുന്നേരം  ശാന്ത  വന്നു . അമ്മയെന്തൊക്കെയോ ശാന്തയോടു പറയുന്നുണ്ടായിരുന്നു . ശാന്ത കരച്ചിലു തന്നെ കരച്ചിൽ . പോകാൻനേരം  ശാന്ത മീനുവിന്റെ അടുത്തുവന്നു . മീനുവിനെ കെട്ടിപ്പിടിച്ചൊരുമ്മ നൽകിയിട്ടു  പറഞ്ഞു “ പോട്ടെ മീനൂ ..”. 

‘ ശാന്ത ഇനി വരില്ലേ ..!!!’ എന്നു  മീനു ചോദിച്ചിട്ടും ഒന്നുംപറയാതെ  വേഗം നടന്നു നീങ്ങുന്ന ശാന്തയെ നോക്കി മീനു സങ്കടപ്പെട്ടുനിൽക്കുമ്പോൾ അമ്മ വിളിച്ചു “ മീനൂ സന്ധ്യയാവുന്നു വേഗം പോയി കുളിച്ചുവാ “


അടുത്ത ദിവസം ശാന്തയുടെ കല്യാണമായിരുന്നു . അമ്മ മീനുവിനെയും കൂട്ടി ശാന്തയുടെ വീട്ടിൽച്ചെന്നപ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു.   “ ചെക്കനും പെണ്ണും പുറപ്പെടാനിറങ്ങുവാ ..” എന്നാരോ പറയുന്നതു കേട്ടു .  മീനു അമ്മയുടെ കൈപിടിച്ച് മുറ്റത്തുകെട്ടിയ ചെറിയ പന്തലിൽനിൽക്കുമ്പോൾ ശാന്ത ഒരാളുടെ പുറകേ ഇറങ്ങിവന്നു . മീനു അയാളെ ആദ്യമായി കാണുകയായിരുന്നു . നല്ല കറുത്തനിറം . തലയിൽ നല്ല കഷണ്ടി. മുഖത്താകട്ടെ വല്യ ഗൗരവം .  ശാന്ത ഇളംമഞ്ഞക്കളറിൽ നേർത്തകസവുള്ള സാരി അണിഞ്ഞിരുന്നു. തലയിൽ ഇത്തിരി മുല്ലപ്പൂ ചൂടിയിരുന്നു .  അമ്മയെക്കണ്ട് ശാന്ത കെട്ടിപ്പിടിച്ചുകരഞ്ഞു … മീനുവിന്റെ മുഖത്തൊന്നു തലോടി അയാൾക്ക്‌  പിറകേ നടന്നു .  


'അമ്മ മീനുവിന്റെ കൈപിടിച്ച് വേഗത്തിൽ തിരികെനടന്നു. 

 മീനുവിന് അമ്മയോടു ചോദിക്കണമെന്നുണ്ടായിരുന്നു ‘ ശാന്ത മരിക്കുവോ ‘ ന്ന് . 

 പക്ഷേ കരച്ചിലുവന്ന് തൊണ്ടയിൽകുരുങ്ങി മീനുവിന് ഒന്നും ചോദിക്കാനായില്ല . 

 ********************************************************************************

ശുഭം 


Wednesday, 29 October 2025







ജാലകത്തിനപ്പുറം 


മയക്കത്തിലോട്ടൊന്നു വീണു തുടങ്ങിയപ്പോഴാണ്.  “ അമ്മേ … അമ്മേ …ഇങ്ങോട്ടു വന്നേ ..” മോളുടെ വിളി . തൊട്ടപ്പുറത്തെ മുറിയിലേയ്ക്കു അവൾ എന്നെക്കൂട്ടി. അവൾക്കൊപ്പം നടക്കുമ്പോൾ ചോദിച്ചു ‘ നീയിതുവരെ ഉറങ്ങിയില്ലേ ..’ .   “ 'അമ്മ എന്തിനാ സോഫയിൽക്കിടന്നുറങ്ങിയത് .. ബെഡ്‌റൂമിൽ പോയി കിടന്നൂടെ “ എന്നായി അവളുടെ മറുപടി. അവൾ കിഴക്കുവശത്തുള്ള ആ  മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈചൂണ്ടിക്കാട്ടി.  മെയിൻ റോഡിനപ്പുറം കുറച്ചകലത്തായി വെറുതെ കാടുകയറിക്കിടക്കുന്ന ആ പറമ്പിന്റെ ചുറ്റുമുള്ള ഇലക്ട്രിക് ലൈറ്റുകളൊന്നും തന്നെ അന്നു പ്രകാശിച്ചിട്ടുണ്ടായിരുന്നില്ല . ഇതെന്തു പറ്റി .. ഇവിടെ കറന്റ് ഉണ്ടല്ലോ .. നേരം വെളുക്കുവോളം ആ ലൈറ്റുകളത്രയും എന്നും പ്രകാശിച്ചിട്ടുണ്ടാവും. ഇതിപ്പോ … മോൾ വീണ്ടും പറഞ്ഞു “ 'അമ്മ അങ്ങോട്ടു നോക്കൂ ..” . സൂക്ഷിച്ചു നോക്കി .

അവിടെ ചെറിയ വെട്ടത്തിൽ മാടക്കട പോലെ എന്തോ ഒന്ന് … കുറച്ചു ദൂരെ ഓല മറച്ചപോലെ ഒരു കുടിൽ .. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഇടയ്ക്കൊക്കെ . ഇന്നു വൈകുന്നേരം വരെ കാണാത്ത ചില കാഴ്ചകൾ ....ഇതൊക്കെ എപ്പോ വന്നു . 


ഈ വീട്ടിൽ പുറംലോകത്തെ കാഴ്ചകൾ കാണാനാവുന്ന ഒരേയൊരു ജാലകമാണ് . മോളുടെ പഠനമുറിയാണ് . അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ വീടു വൃത്തിയാക്കലും തൂക്കലും തുടയ്ക്കലും ഒക്കെ നടത്തുന്നതിനിടയിൽ വെറുതെ ഈജാലകത്തിലൂടെ കുറേനേരം പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . വെയിലിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്നും ഇന്നു മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നും ഒക്കെ അറിയാനാവും ഈ ജാലകക്കാഴ്ചകളിലൂടെ . പട്ടണത്തിന്റെ ഒത്ത മധ്യത്തിലായുള്ള ഈ പറമ്പ് എന്താവും ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . നിറയെ പുൽപ്പടർപ്പുകൾ . നാട്ടിലാണെങ്കിൽ എന്തെങ്കിലും കൃഷിയൊക്കെ ചെയ്യുമായിരുന്നില്ലേ .. ആരാവും ഇതിന്റെ ഉടമ . അയാൾക്കിതൊരു നല്ല പാർക്കാക്കി മാറ്റിക്കൂടെ … കുട്ടികൾക്ക് ഓടിക്കളിക്കാനായി … എന്തെങ്കിലും ചെയ്തു കൂടെ .. എന്നിങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലിട്ടിങ്ങനെ ഈ ജാലകത്തിലൂടെ ഇടയ്ക്കൊക്കെ പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . 


ഇതിപ്പോ ഈ കാഴ്ച അമ്പരപ്പാണ് തോന്നിയത് . ഇത്ര പെട്ടെന്നിതൊക്കെ എങ്ങനെ വന്നു . പെട്ടെന്നാണ് മോളുടെ കാര്യം ഓർത്തത്‌ ‘ മോളേ ..’ എന്നു വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ വശത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവൾ  വയറിൽ പിടിച്ചുകൊണ്ട് ഇരിക്കുന്നു. പേടിച്ചുപോയി ‘ എന്തു പറ്റി മോളേ ..’ .  “ വയറു വേദനിക്കുന്നു ..” അവളുടെ മറുപടി . ഞാനവളെ മുറിക്കു പുറത്തേയ്ക്ക് കൂട്ടി .   ‘ മതി പഠിത്തം .. ഉറക്കമൊഴിഞ്ഞിരുന്നതിന്റെയാ ..’ ഫ്ലാസ്കിൽ നിന്നും അല്പം ചൂടുവെള്ളം പകർന്ന് അവളെ കുടിപ്പിച്ചു . അവൾ ഉറക്കം തൂങ്ങുകയായിരുന്നു . അവളുടെ അച്ഛനാവട്ടെ ഓഫീസ് സംബന്ധമായി ഒരു മീറ്റിങ് അറ്റൻഡ് ചെയ്യാനായി ദൂരെ ഒരു സ്ഥലത്തു പോയിരിക്കുന്നു . നാളെയേ എത്തൂ .  മോളെ ഒപ്പം കിടത്തി അവളുടെ വയറു മെല്ലെത്തടവിക്കൊടുത്തു. അവൾ വേഗം ഉറക്കത്തിലേയ്ക്ക് വീണു . ജാലകത്തിന്റെ പുറത്തെ കാഴ്ചകളെപ്പറ്റി അങ്ങോട്ടൊന്നും പറഞ്ഞതുമില്ല അവൾ ഇങ്ങോട്ടൊന്നും ചോദിച്ചതും ഇല്ല . വെറുതേ .. എന്തോ ഒരു ചെറിയ ഭയം …പതിവില്ലാതെ  കിടപ്പുമുറിയുടെ ഡോർ ശബ്ദമുണ്ടാക്കാതെ അടച്ചു കുറ്റിയിട്ടു . മോൾക്കൊപ്പം വന്നു കിടക്കുമ്പോൾ ജാലകത്തിനപ്പുറം കണ്ട കാഴ്ചകൾ .. മനസ്സിലൊരു ഭയവും കുറേ ചോദ്യങ്ങളും . എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു .  രാവിലെ ആകെ തിരക്കായിരുന്നു . മോൾക്ക് എക്സാം തുടങ്ങുന്ന ദിവസമായതിനാൽ  അവളെ സ്കൂളിലയയ്ക്കുന്ന തിരക്ക് കഴിഞ്ഞപ്പോൾ അദ്ദേഹം ദൂരയാത്ര കഴിഞ്ഞെത്തിയിരുന്നു . പിന്നെ പ്രഭാതഭക്ഷണം ഉച്ചയൂണു റെഡിയാക്കൽ. തിരക്കായിരുന്നു . ഉച്ചയൂണു കഴിഞ്ഞതും അദ്ദേഹം പോയി . ബാക്കിയുള്ള പണികൾ തീർത്ത് മോളു വരുമ്പോഴേയ്ക്കും ഉളള സ്‌നാക്‌സും റെഡിയാക്കി തന്റെ വിശ്രമസ്ഥലമായ സോഫയിലേയ്ക്ക് വന്നിരുന്ന് ടി വി യുടെ റിമോട്ട് എടുത്തപ്പോൾ സുഹൃത്തായ സാറച്ചേച്ചിയുടെ കാൾ “ ദാ ഞാൻ ഡോറിന്റെ ഫ്രണ്ടിലുണ്ട് ..” ഓടിച്ചെന്നു ഡോർ തുറന്നു . സാറച്ചേച്ചി  ഒരു പൊതിയുമായാണ് വന്നത് .. കുറച്ചു പഫ്സ് ..” ദാ മോൾ വരുമ്പോൾ കൊടുക്കാം ..” ന്നു പറഞ്ഞ് . 

മോളുടെ പഠനമുറിയിലെ ജനാലയ്ക്കരികിലെ ചെറിയ സ്റ്റാൻഡിൽ വച്ചിരിക്കുന്ന സ്പൈഡർ പ്ലാന്റ് കണ്ട്‌ സാറച്ചേച്ചി  “ ഇതു പുതിയതോ .. നല്ല ഭംഗിയുണ്ടല്ലോ .. കുറേ തൈകൾ ഉണ്ടല്ലോ ..” എന്നു പറഞ്ഞുകൊണ്ട് അകത്തേയ്ക്കു നടന്നു. താനും പുറകേ ചെന്നു . ജനലിലൂടെ നല്ല സുഖമുള്ളൊരു കാറ്റ് അകത്തേയ്ക്കു വീശി . സാറച്ചേച്ചി  ജനാലയ്ക്കരികിൽ പോയി പുറത്തേയ്ക്ക് നോക്കി . അപ്പോഴാണ് തലേന്നത്തെ കാഴ്ചകളെപ്പറ്റി ഓർമ്മ വന്നത് . സാറച്ചേച്ചി പാതയോരത്തുകൂടെ നടന്നുപോവുന്ന രണ്ടു സ്ത്രീകളെ നോക്കി “ അവർ നമ്മുടെ രാജ്യക്കാരാവാനാണ് സാധ്യത ..” എന്നു പറഞ്ഞു . ഓരോ മനുഷ്യരുടെ നടത്തത്തിലൂടെയും രൂപത്തിലൂടെയും അവർ ഏതു രാജ്യക്കാരാവും എന്നു വേഗം തിരിച്ചറിയാനാവും എന്നാണ് ചേച്ചി പറഞ്ഞത് . അങ്ങകലേയ്ക്ക് ചൂണ്ടി “ആ കാണുന്ന കട സൂപ്പർ മാർക്കേറ്റോ അതോ മറ്റെന്തെങ്കിലും കടയോ ..” എന്നൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ ആ ദൂരെക്കാണുന്ന കാടുകയറിക്കിടക്കുന്ന പറമ്പായിരുന്നു .  അവിടെ പഴയതുപോലെ ശൂന്യം ആയിരുന്നു . ഇന്നലെക്കണ്ട കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോൾ രാത്രിയിലെന്തെങ്കിലും കച്ചവടം ഉണ്ടായിട്ടുണ്ടാവുമോ .. നാട്ടിലെ മാതിരി വല്ല പെട്ടിക്കടയോ കാപ്പിക്കടയോ മറ്റെന്തെങ്കിലുമോ ഒക്കെ ആയിരുന്നിരിക്കുമോ എന്നൊക്കെ മനസ്സിൽ ഒരുകൂട്ടം ചോദ്യങ്ങൾ ആലോചിച്ചു സാറചേച്ചിക്കരികിൽ നിൽക്കുമ്പോൾ സാറച്ചേച്ചി പറഞ്ഞു “ പുറംലോകം കാണാൻ നിനക്കൊന്നുമല്ലെങ്കിൽ ഈ ചെറിയ ജന്നൽ ഉണ്ടല്ലോ .. എനിക്കാണെങ്കിൽ രണ്ടു മുറിയിലെയും ജനാല തുറക്കാനേ പറ്റില്ല . അടുത്തടുത്തു ഫ്ലാറ്റുകൾ അല്ലേ . എന്തു ചെയ്യാം ..“ .   സാറച്ചേച്ചി ജനാലയിലൂടെ ദൂരേയ്ക്ക് കൈചൂണ്ടിപ്പറഞ്ഞു “ ദാ ആ കാടുകയറിക്കിടക്കുന്ന പറമ്പു കണ്ടോ .... ദാ അങ്ങകലെ … ആ കാണുന്നത് …”.  'ഉവ്വ് .. മനസ്സിലായി ..’ എന്നു തലയാട്ടുമ്പോൾ ചേച്ചി പറഞ്ഞു “ അതു പണ്ടെപ്പോഴോ ഒരു ശവപ്പറമ്പായിരുന്നു എന്നാണ് പറഞ്ഞു കേട്ടത് ..” . ഒരു മിന്നൽ പോലെ എന്തോ ശരീരത്തിലൂടെ പാഞ്ഞുപോയതുപോലെ … ബെല്ലടി കേട്ടു സാറച്ചേച്ചി മുന്നേയും ഞാൻ പിറകേ യാന്ത്രികമെന്നോണം .. മോളായിരുന്നു .. പിറകേ അദ്ദേഹവും സാറച്ചേച്ചിയുടെ ചേട്ടനും. പിന്നെ വേഗം ചായയിട്ടു .. എല്ലാവരും ചായ കുടിച്ചു . സാറച്ചേച്ചിയും ചേട്ടനും പോയി . 

അച്ഛനും മകളും എക്സാം വിശേഷങ്ങൾ പറഞ്ഞു . വൈകിട്ടത്തെ കുളികഴിഞ്ഞുവന്നു വിളക്കു കത്തിക്കും മുൻപേ അദ്ദേഹമോ മോളോ കാണാതെ കിഴക്കു വശത്തെ ജനൽ അടച്ചു കർട്ടൻ താഴ്ത്തിയിട്ടു .  പിറ്റേന്ന് രാവിലെ പതിവു തിരക്കുകൾ . അച്ഛനും മകളും പോയി . തനിച്ചായ സമയത്ത് ആ മുറിയിലേയ്ക്കു കയറാനൊരു പേടി തോന്നിയെങ്കിലും വെറുതെ ആ ജനാലയ്ക്കരികിൽ ചെന്ന് കർട്ടൻ മെല്ലെയൊന്നു പൊക്കി ജനലിന്റെ    ഗ്ലാസ്സിലൂടെ സൂര്യരശ്മികൾ അകത്തേയ്ക്ക് … പക്ഷേ പെട്ടെന്നു കർട്ടൻ വലിച്ചു താഴ്ത്തിയിട്ടു .. വേണ്ട ഇനി ഈ ജാലകക്കാഴ്ച വേണ്ട .. മോളോ അദ്ദേഹമോ ഇതു ശ്രദ്ധിക്കാനും പോണില്ല . അവർ പകൽ സമയം ഉണ്ടാവില്ലല്ലോ .. ജനൽ തുറക്കുന്നതോ അടയ്ക്കുന്നതോ അവർ ശ്രദ്ധിക്കാറുമില്ല .. ഈ ജാലകക്കാഴ്ചകൾ അവർക്കറിയുകയുമില്ല . ഇനി സാറച്ചേച്ചി പറഞ്ഞ കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചാൽ “ മണ്ടത്തരം എന്നും പൊട്ടത്തരം എന്നും അങ്ങനെയൊന്നുമില്ലെന്നും ഇനി അത്‌ ആലോചിച്ചിരിപ്പാവും നിന്റെ ജോലി ..” എന്നും ആവും ശകാരം . അല്ലാതെ വേറൊന്നും പറയാനും പോവുന്നില്ല .  എന്നാലും മോളെന്താവും പിന്നതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നത് എന്ന സംശയം മനസ്സിലിട്ട് കർട്ടൻ പൊക്കി ജനാലപ്പാളികൾ ഒന്നുകൂടെ തുറന്ന്‌ ശക്തിയായി വലിച്ചടച്ചു. ജനാല മുഴുവൻ മറഞ്ഞുകിടക്കത്തക്ക വണ്ണം കർട്ടൻ വലിച്ചിട്ട് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലുറപ്പിച്ചു .. നാളെ പുറത്തുപോവുമ്പോൾ ഉറപ്പായും നല്ല കട്ടിയുള്ള കർട്ടൻ വാങ്ങി ആ ജനാല മറച്ചിടണം .  

*************************************************************************************************

ശുഭം 

ഗീതാ ഓമനക്കുട്ടൻ