Saturday 6 May 2017

'ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ'


~~~~~~~~~~~~~~~~~~~~~~~~~~~~
അതെ.... ഇതു ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ..... സ്വ.... ന്തം....  ന്നു പറഞ്ഞാൽ സ്വന്തം........  പിന്നേ ഞങ്ങളുടെ ഈ ശ്രീധരേട്ടനുണ്ടല്ലോ ഒരു പുലിയാ... കേട്ടോ പുലി.... ശ്രീധരേട്ടന്റെ രൂപം ന്നു പറഞ്ഞാൽ ...മെലിഞ്ഞിട്ടു നീളം കുറഞ്ഞ പ്രകൃതം ... മേലോട്ട് ചുരുക്കയറ്റി വച്ചിരിക്കുന്ന വലിയൊരു കൊമ്പൻ മീശ... അതാണ് ശ്രീധരേട്ടന്റെ  ഹൈലൈറ്റ് ന്നു പറയാം. ഫുൾക്കയ്യൻ ഷർട്ടും , മുണ്ടും വേഷം. കൊമ്പൻമീശയുള്ളത് .... ശ്രീധരേട്ടൻ എല്ലായ്പോഴും ചുരുട്ടി മേലോട്ടു വച്ചിരിക്കും.  ഈ കൊമ്പൻമീശ കാണുമ്പോഴേ ആൾക്കാർ പേടിക്കും. ഒരു ഗുണ്ടാസ്റ്റൈൽ മീശ... 

ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ബസ് സ്റ്റോപ്പിലും പിന്നെ നടന്നുവരുന്ന കവലകളിലും ഒക്കെ ചില സ്ഥിരപൂവാലൻസുണ്ട്. വെറുതെ ചൂളമടിക്കയും , ചില പ്രത്യേകശബ്ദമുണ്ടാക്കയും, കളിയാക്കുകയും ഒക്കെ ചെയ്യുന്ന ചില പൂവാൽസ്. ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെ ഒന്നു വിരട്ടിച്ചാലോ എന്നു പലതവണ  ആലോചിച്ചിട്ടുള്ളതാണ്.  അമ്മയോടിക്കാര്യം ഒന്നു സൂചിപ്പിച്ചതേ 'അമ്മ എന്നെ ഓടിച്ചു കേട്ടോ... ' നീ വെറുതെ വേണ്ടാത്ത വയ്യാവേലി ഒന്നും വലിച്ചുവക്കല്ലേ.... ശ്രീധരന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.... പിന്നെ അവനെന്തൊക്കെയാ കാട്ടിക്കൂട്ടുക എന്നു പറയാൻ കഴിയില്ല.... ചെക്കൻമാരു പെൺപിള്ളേരെ കാണുമ്പോൾ അങ്ങനെ പലതും പറയും ..... പെൺപിള്ളേരായാൽ തിരിച്ചൊന്നും പറയാൻ പാടില്ലത്രേ.... ഈ വായിൽനോക്കിപൂവാൽസ് എന്തു പറഞ്ഞാലും അതെല്ലാം കേട്ട് ഒരക്ഷരം മറുത്തുപറയാതെ അടങ്ങിയൊതുങ്ങി ഇങ്ങു നടന്നുപോന്നേക്കണം... അങ്ങനാണത്രെ അടക്കവും, ഒതുക്കവുമുള്ള കുടുംബത്തിൽ പിറന്ന പെൺപിള്ളേർ. 

ഇടയ്ക്കിടെ വിസിറ്റിനു വരാറുള്ള ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ വന്നാലുടനെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ' എന്തൊക്കെയുണ്ട് മക്കളേ വിശേഷങ്ങൾ..... സുഖം തന്നെയല്ലേ....'  പലപ്പോഴും പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലായെങ്കിലും ശ്രീധരേട്ടന്റെ ഈ കൊമ്പൻമീശയും ആ ഗുണ്ടാസ്റ്റൈൽ വരവും ഒക്കെ കാണുമ്പോൾ പൂവാൽസിന്റെ ശല്യത്തെപ്പറ്റി ശ്രീധരേട്ടനോട് ഒന്നു സൂചിപ്പിച്ചാലോ എന്നൊന്ന് ശങ്കിച്ച് അമ്മയുടെ മുഖത്തോട്ടു നോക്കിയാൽ 'അമ്മ കണ്ണുരുട്ടിക്കാണിച്ച് ശക്തമായ താക്കീതു നൽകും.  എന്തു പറയാനാന്നെ.... ഈ ശ്രീധരേട്ടന് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്നേ.... പിന്നെ ഈ പൂവാൽസിന്റെ കാര്യം കട്ടപ്പൊക. 

അങ്ങനെ ഈ ശ്രീധരേട്ടന്റെ വല്ലപ്പോഴുമുള്ള സന്ദർശനം ഞങ്ങൾക്കൊരുപാട് സന്തോഷമായിരുന്നു. ആപത്തുകാലത്താണല്ലോ യഥാർത്ഥബന്ധു ആരെന്നു തിരിച്ചറിയാൻ നമുക്കു കഴിയുന്നത്.  ഞങ്ങളുടെ ക്ഷീണസമയങ്ങളിൽ ഒരു ബന്ധുക്കളെയും മഷിയിട്ടുനോക്കിയാൽ കാണാനില്ലായിരുന്നു. വല്ലപ്പോഴും ഒന്നു ഫോൺ വിളിക്കാനോ ഒന്നു വരാനോ ഒന്നും ആർക്കും സമയം തീരെയില്ല. എല്ലാവർക്കും തിരക്കോടു തിരക്ക്. 
ഈ സമയങ്ങളിലൊക്കെയും ഞങ്ങളുടെ ബന്ധുക്കളിൽ ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കിയെത്തിയിട്ടുള്ളത് ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ  മാത്രമായിരുന്നു. യാഥാർത്ഥബന്ധു ആരെന്ന് ശ്രീധരേട്ടൻ ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു ഈ സന്ദർഭങ്ങളിൽ. 

പുലിയോ, പുപ്പുലിയോ  ഒക്കെ ആയ ഞങ്ങളുടെ സ്വന്തംശ്രീധരേട്ടൻ ചില സമയങ്ങളിൽ പെട്ടെന്ന് ലോലഹൃദയനാകുന്നതു കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതെന്താണെന്നു വച്ചാൽ ചിലപ്പോൾ അമ്മയോട് വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ശ്രീധരേട്ടൻ ഏങ്ങലടിച്ചു കരയും. എന്നിട്ടിങ്ങനെ പറയും ' എന്റെ കൊച്ചമ്മേ.... നിങ്ങളെങ്ങനെ കഴിഞ്ഞതാ...... എനിക്കിങ്ങനെ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.... ഈ പിള്ളേരൊന്നു രക്ഷപ്പെട്ടാൽ കൊച്ചമ്മേടെ ദുഃഖം മാറും...' ഇതും പറഞ്ഞു ശ്രീധരേട്ടൻ കരയും.  ഇതു കേൾക്കുന്ന 'അമ്മ പറയും ' മുകളിലൊരാൾ ഇതെല്ലാം കണ്ടുകൊണ്ടിരിപ്പുണ്ട് ശ്രീധരാ....എന്തെങ്കിലും ഒരു വഴി തുറന്നു തരാതിരിക്കില്ല...' 

ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്ന് ശ്രീധരേട്ടന്റെ മൂഡും മാറും. പെട്ടെന്ന് സങ്കടങ്ങൾ മാറ്റി വിശേഷങ്ങൾ പറയും... ' ഇത്തവണ പാടത്ത് കൃഷിയിറക്കിയിട്ടുണ്ടെന്നും , പറമ്പിൽ ഏത്തവാഴയും , കപ്പയും നട്ടിട്ടുണ്ടെന്നും വിളവെടുക്കട്ടെ ...വറക്കാനും , പഴുപ്പിക്കാനും ഏത്തക്കുല കൊണ്ടുവരാമെന്നും ഒക്കെ അമ്മയോടു പറയും. പക്ഷേ 'അമ്മ ഇടയ്ക്കിടെ ശ്രീധരേട്ടനെ ഇങ്ങനെ ഓർമ്മപ്പെടുത്തുന്നത് കേൾക്കാം ....... ' നീ മെനയൊന്നും ഒപ്പിക്കല്ലേ ശ്രീധരാ.... ഇടയ്ക്കിടയ്ക്ക് നിനക്കൊരിളക്കമുണ്ടല്ലോ ... അതൊക്കെ മാറ്റിവച്ച് ഉത്തരവാദിത്വമായി ജീവിക്കാൻ നോക്ക് ... വീട്ടിലുള്ളവർക്കു നീ സമാധാനം കൊടുക്കണം...'  ശ്രീധരേട്ടൻ മറുപടി പറയുന്നതും കേൾക്കാം ' ഓ അങ്ങനെയൊന്നുമില്ല കൊച്ചമ്മേ..'
ശ്രീധരേട്ടൻ പോയിക്കഴിയുമ്പോൾ ഞാനമ്മയോട് ശ്രീധരേട്ടനെ ഇങ്ങനെ ഗുണദോഷിക്കുന്നതിനെപ്പറ്റി തിരക്കിയാൽ 'അമ്മ പറയും ' ആ... ആളു പാവമൊക്കെത്തന്നെ... ഇടയ്ക്കവനൊരിളക്കമുണ്ട് .... ' 

ശ്രീധരേട്ടന്റെ വീട് ഒരുപാട് ദൂരെയായി ഉള്ള സ്ഥലത്താണ് . അമ്മയ്ക്കും, ഏട്ടനും ഒക്കെ ശ്രീധരേട്ടന്റെ കുടുംബത്തെപ്പറ്റി നന്നായി അറിയാമെങ്കിലും ഞങ്ങളു പിള്ളേർക്ക് ശ്രീധരേട്ടനെ മാത്രേ അറിയൂ...ശ്രീധരേട്ടൻ എല്ലായ്പോഴും തനിച്ചേ വരാറുമുള്ളൂ....   എന്തായാലും ശ്രീധരേട്ടന്റെ അടുത്ത് ഞങ്ങൾ പിള്ളേർക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ എന്തു പറഞ്ഞാലും, കളിയാക്കിയാലും ഒക്കെ ' എന്തുവാ ... മക്കളെ.... ' എന്നു വിളിച്ച് ചിരിച്ചുകൊണ്ടേയിരിക്കും. ' ശ്രീധരേട്ടനെന്തിനാ ഈ മീശ ഇത്രേം വളർത്തുന്നെ ' എന്നു ഞങ്ങൾ ചോദിച്ചാൽ ശ്രീധരേട്ടന്റെ മറുപടി ' ഓ ചുമ്മാ ഒരു സ്റ്റൈൽ..' 

ഒരിക്കൽ ശ്രീധരേട്ടൻ അമ്മയോട് എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞിരുന്ന കൂട്ടത്തിൽ സങ്കടം പറയുന്നത് കേട്ടു . ഞങ്ങളുടെ തന്നെ ബന്ധത്തിലുള്ള ഒരാളുടെ മകളുടെ വിവാഹത്തിന് അവർ ശ്രീധരേട്ടനെ 'ഒരാഴ്ച മുന്നേ എത്തണേ... ശ്രീധരാ...' എന്നു പറഞ്ഞ് വലിയ ലോഹ്യത്തിൽ വിളിപ്പിച്ച് ... പാവം ശ്രീധരേട്ടൻ അവിടെ ചെന്നപ്പോഴോ... വിറകു കീറിപ്പിക്കുക... സദ്യക്കാവശ്യമുള്ള സാധനങ്ങൾ മേടിപ്പിക്കുക... മറ്റു ചില പുറംപണികൾ ഒക്കെ ചെയ്യിപ്പിച്ചിട്ട് തിരികെപ്പോരാൻ നേരം ഉടുത്തുപഴകിയ രണ്ടുമുണ്ട് അവർ ശ്രീധരേട്ടന് സമ്മാനിച്ചത്രെ... അഭിമാനിയായ ശ്രീധരേട്ടൻ അതു നിരസിച്ചുവെന്നും ജോലി ചെയ്യിച്ചതിൽ വിഷമം തോന്നിയില്ലെന്നും പക്ഷെ ഒരു വെറുതെക്കാരനെപ്പോലെ എന്നെ അവർ കരുതിയതാണ് എനിക്കേറെ വിഷമമായതെന്നും സങ്കടത്തോടെ അമ്മയോട് പറയുന്നതു കേട്ടപ്പോൾ ഞങ്ങൾ പിള്ളേർക്കും വലിയ സങ്കടമായി.... പാവം ഞങ്ങളുടെ ശ്രീധരേട്ടൻ...
പാവപ്പെട്ടവനെങ്കിലും അഭിമാനിയായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീധരേട്ടൻ. വല്ലപ്പോഴും വിസിറ്റിനു വരാറുള്ള ഞങ്ങളുടെ ശ്രീധരേട്ടൻ ഞങ്ങൾക്കെന്നും ഒരു ധൈര്യം ആയിരുന്നു. ഞങ്ങൾക്ക് ചോദിക്കാനും, പറയാനും ആളുണ്ടെന്ന ഒരു തോന്നലോ ... അഹങ്കാരമോ ... ഒക്കെയായിരുന്നു ശ്രീധരേട്ടന്റെ സന്ദർശനങ്ങൾ. 

അങ്ങനെയിരിക്കെ ആ സുദിനവും വന്നെത്തി... എന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കല്യാണത്തലേന്നു പ്രിയ കൂട്ടുകാരി ഷൈലജ എത്തി. ' നാളെ നീ ഉണ്ടാവണം ' ന്നു ഞാനോർമ്മപ്പെടുത്തുമ്പോൾ അവൾ പറഞ്ഞു ' നാളെ ഞാൻ വരില്ല.. നമ്മുടെ കൂട്ടത്തിൽ നീ കൂടെയേ ഉള്ളായിരുന്നു എനിക്കൊരു കൂട്ട് .... അതും പോവല്ലേ.... അങ്ങനെ എല്ലാവരും.... ഇനി ഞാൻ മാത്രം...' അവളുടെ വാക്കുകളിൽ സങ്കടം.. എത്ര നിർബന്ധിച്ചിട്ടും അവൾ  അവളുടെ  വാക്കുകളിൽ ഉറച്ചുനിന്നു.... 'ഞാൻ  നാളെ വരില്ല.... നീ എന്നോട് പിണങ്ങരുത് ' . 

ചായസൽക്കാരം സ്വീകരിച്ച് മടങ്ങാൻനേരം അവൾ എന്നെയൊന്നു സങ്കടപ്പെടുത്താനും മറന്നില്ല... ' ഇവിടെ ഒരു കല്യാണവീടിന്റെ യാതൊരനക്കവുമില്ലല്ലോ... ബന്ധുക്കളാരും.... ? ' അവളുടെ ഈ ചോദ്യം കേട്ടതും ഞാനമ്മയുടെ മുഖത്തേയ്ക്കു സംശയോക്തിയിൽ നോക്കിയപ്പോൾ 'അമ്മ അവളോട് പറഞ്ഞു ' ഞങ്ങളുടെ ബന്ധുക്കളൊക്കെ അങ്ങു ദൂരെയൊക്കെയല്ലേ.... അവർ നാളെ കല്യാണസ്ഥലത്തേയ്ക്കു നേരെ വരികയേ ഉള്ളൂ... ' ആ മറുപടി അവളെ തൃപ്തയാക്കിയില്ല എന്ന് തോന്നി... അവൾ വീണ്ടും എന്നോട് ' എന്നാലും... ഇങ്ങനെയാണോ ഒരു കല്യാണവീട് .... ഒരനക്കവും ആളും ഇല്ലാതെ... കഷ്ടമുണ്ട് ...നിന്റെ കാര്യം...! ' എന്നു പറഞ്ഞ് സന്തോഷവതിയായി ഇരുന്ന എന്നെ തെല്ലു വിഷമിപ്പിച്ചിട്ടു ' വിവാഹം മംഗളകരമായി നടക്കട്ടെ...'  എന്നാശംസിച്ച് അവൾ യാത്രപറഞ്ഞുപോയതും എനിക്ക് അവൾ പറഞ്ഞ വാക്കുകളോർത്ത് സങ്കടമായി. അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം പോയ് മറഞ്ഞു. ഞാനമ്മയോടു സങ്കടം പറഞ്ഞു ....
.' നമുക്കാരുമില്ലല്ലോ....അമ്മേ..... '.  'അമ്മ സമാധാനപ്പെടുത്തി ' എല്ലാരും നാളെ എത്തും...' 

അല്ലെങ്കിലും പണമുള്ളിടത്തല്ലേ.. ആളും... ബഹളവും... ആഘോഷങ്ങളും.... ബന്ധുക്കളും... സ്നേഹപ്രകടനങ്ങളും ... ഒക്കെ..    ഈ യാഥാർത്ഥസത്യങ്ങൾ നല്ലോണം അനുഭവിച്ചും, മനസ്സിലാക്കിയും ജീവിച്ചുവന്ന ഞാനിനി ഇതോർത്തു എന്തിനു സങ്കടപ്പെടണം എന്ന് വിചാരിച്ച് മനസ്സിലെ സങ്കടങ്ങളെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും അവളുടെ വാക്കുകൾ കാതിലിങ്ങനെ ഇടയ്ക്കിടയ്ക്ക് മുഴങ്ങി.....' എന്നാലും ബന്ധുക്കളാരും...'

ഞാനാ വാതില്പടിയിൽപ്പോയി റോഡിലേക്കും നോക്കിനിൽപ്പായി.  എന്റെ ഈ നിൽപ്പു കണ്ടാവണം ഏട്ടനെന്നെ ചോദ്യരൂപേണ നോക്കി. ഇത്തിരികഴിഞ്ഞതും വീട്ടിൽ ചെറിയ ഒച്ചയും, അനക്കവും ഒക്കെ വച്ചുതുടങ്ങി. അയൽക്കാരായ ചേട്ടനും, ചേച്ചിയും എത്തി. പിന്നെ ഒന്നും രണ്ടും പേർ... അമ്മയുടെ ചില വിശ്വസ്തർ... ഒക്കെ.... അയൽക്കാരൻചേട്ടൻ മുൻകൈയെടുത്ത് ഒന്നുരണ്ടുപേരും കൂടെക്കൂടി എന്റെ ഏട്ടനോട് അഭിപ്രായം ആരാഞ്ഞ് മുറ്റത്ത് ചെറിയ ഒരു പന്തലിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അകത്ത് അയൽക്കാരായ പെണ്ണുങ്ങളുടെ സംസാരം കേൾക്കാം... എന്നിട്ടും എന്റെ മനസ്സിൽ എവിടെയോ ഒരു സങ്കടം...     ' ഞങ്ങൾക്കുള്ളവർ ആരും...!' 
' ഇത്   എന്തൊരു നിൽപ്പാ കുഞ്ഞേ....' വീട്ടിലെ പണികളിൽ അമ്മയെ സഹായിക്കാനായി എത്തുന്ന  മറിയച്ചേടത്തിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി. മറിയച്ചേടത്തിയുടെ വേഷം എന്നെ തെല്ലൊന്നത്ഭുതപ്പെടുത്തി. മുഴിഞ്ഞവേഷം ധരിച്ചുമാത്രം വരുന്ന മറിയച്ചേടത്തി പുത്തൻ വെള്ളച്ചട്ടയും , കളംകൈലിയും ഉടുത്ത് മുടിയൊക്കെ ചീവിയൊതുക്കി ഐശ്വര്യമായി .... മറിയച്ചേടത്തിയുടെ ചോദ്യം ' എങ്ങനുണ്ട് മോളെ.... എന്റെ മോളു മേടിച്ചുതന്ന പുത്തൻ ചട്ടേം.... കൈലീവാ....  നാളെ മറ്റേ പുത്തൻചട്ടേം , നേര്യതും ഇട്ടൊരു വരവുണ്ട് ഞാൻ....'
അതുകേട്ടു ഞാൻ ചിരിച്ചുവെങ്കിലും എന്റെ മുഖത്തെ സങ്കടം വായിച്ചെടുത്ത മറിയച്ചേടത്തി എന്റെ അരികിൽ വന്നിരുന്നിട്ട് ചോദിച്ചു ' എന്തു പറ്റി..? എന്താ മോളെ... ഒരു സങ്കടം...?'
ഞാൻ പറഞ്ഞു ' ഒന്നൂല്ല .... മറിയച്ചേടത്തി..'    എന്നാപ്പിന്നെ സന്തോഷായി ഇരുന്നാട്ടെ... നാളെ ആരാ... എന്റെ മോള് .... ഉടുത്തൊരുങ്ങി മണവാട്ടിയാകേണ്ട പെങ്കൊച്ചിങ്ങനെ സങ്കടപ്പെട്ടിരിക്കാൻ പാടുണ്ടോ...?' ഇതും പറഞ്ഞ് മറിയച്ചേടത്തി അകത്തേയ്ക്കു പോയി. ഏട്ടൻ വീണ്ടും ചോദ്യരൂപേണ എന്നെ നോക്കി. ഇനിയും ഇവിടിരുന്നാൽ ഏട്ടൻ ശാസിക്കും. 

എന്നാലും എന്റെ കാര്യം വന്നപ്പോൾ ഈ സ്വന്തക്കാർ ആരും ഇല്ലല്ലോ എന്ന സങ്കടവുംപേറി ഞാനകത്തേയ്ക്കു കയറാൻ തുനിയുമ്പോൾ ഒരു ഓട്ടോയുടെ ശബ്ദം....   ഉവ്വ് ....   അങ്ങു ദൂരെനിന്നേ എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു ...  ആ ഓട്ടോയിൽ വരുന്നത് ഞങ്ങളുടെ സ്വന്തം ശ്രീധരേട്ടൻ ...... ഹോ.... എന്റെ സങ്കടമെല്ലാം നൊടിയിടയ്ക്കുള്ളിൽ പോയ്മറഞ്ഞു. സന്തോഷം കൊണ്ട് ഞാനുച്ചത്തിൽ വിളിച്ചു 'അമ്മേ..... ഏട്ടാ..... നമ്മുടെ ശ്രീധരേട്ടൻ.....' 
പന്തലിടീലിനു നേതൃത്വം വഹിച്ചുനിന്ന ഏട്ടൻ എന്റെ ശബ്ദം കേട്ട് അങ്ങോട്ടുവന്നു. 

ഓട്ടോക്കാരൻ ചെക്കൻ ഓട്ടോ നിർത്തി തല സൈഡിലൂടെ ചെരിച്ച് ഞങ്ങളെ നോക്കി..... 
ഉം....  ബസ്സിറങ്ങുന്ന കവലയിൽ സ്ഥിരം കാണുന്ന പൂവാൽസിലൊരുവൻ.... അവൻ ഓട്ടോ നിർത്തി ചെറുപുഞ്ചിരിയോടെ വെളിയിലേക്കിറങ്ങി .... ഞാനും, ഏട്ടനും നോക്കിനിൽക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ചിരി...  എനിക്കു ദേഷ്യം വന്നിട്ട് വയ്യ... ഇവൻ സ്ഥിരം കമന്റടിക്കുന്ന പൂവാലനാണ്.... അവന്റെ ഓട്ടോയിൽത്തന്നെ ഞങ്ങളുടെ ശ്രീധരേട്ടൻ.... എത്രയോപ്രാവശ്യം ശ്രീധരേട്ടനെക്കൊണ്ട് ഇവന്മാരെയൊന്നു വിരട്ടിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട് ....  ഞാനെന്റെ മനസ്സിൽ പറഞ്ഞു ' കണ്ടോടാ... ഞങ്ങളുടെ ശ്രീധരേട്ടനെ.... ഞങ്ങൾക്ക് ചോദിക്കാനും , പറയാനും ആളുണ്ടെന്ന് നല്ലോണം  മനസ്സിലാക്കിക്കോ ....'.
 
....പറഞ്ഞപോലെ ശ്രീധരേട്ടൻ ഓട്ടോയിൽനിന്നു വെളിയിലോട്ടിറങ്ങാൻ  എന്താ ഇത്ര താമസം..? ഞങ്ങൾ സംശയത്തോടെ ഓട്ടോയ്ക്കരികിലേയ്ക്ക് ചെല്ലുമ്പോൾ അവന്റെ ചിരി ഇത്തിരി ഉച്ചത്തിലായി ... അത് പുറത്തോട്ടു കേൾക്കാതിരിക്കാനായി അവൻ വായപൊത്തി ചിരിയടക്കാൻ ബദ്ധപ്പെട്ട് ഏട്ടനെ നോക്കി ഓട്ടോയിലേയ്ക്ക് കൈചൂണ്ടി.... 
 ഏട്ടന്റെ ചോദ്യം...' ഇതെന്തു പരുവമാ ശ്രീധരേട്ടാ.....'
ഞാനും  ഏട്ടന്റരികിലേയ്ക്ക് നടക്കുമ്പോൾ ഓട്ടോക്കാരൻ പൂവാൽസിന്റെ പരിഹാസച്ചിരി എന്നെ നോക്കി.  കിട്ടിയ അവസരം അവൻ പാഴാക്കുന്നില്ല.. ഞാനവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഏട്ടന്റരികിലേയ്ക്ക് ചെല്ലുമ്പം ശ്രീധരേട്ടൻ ഇത്തിരി കഷ്ടപ്പെട്ട് ഓട്ടോയിൽനിന്നിറങ്ങി..... ആടിയാടി ... കാലു നിലത്തുറക്കാതെ.... കുഴഞ്ഞ ശബ്ദത്തിൽ ഏട്ടനോടായി   ' ടാ..... മോനെ .... ഒരു നാൽപ്പതു രൂപ ...... ദേ ..... ഇവനു കൊടുത്തേ....' 
ഏട്ടൻ ചോദിച്ചു ..' എന്നാലും ... എന്റെ ശ്രീധരേട്ടാ...'
ശ്രീധരേട്ടന്റെ മറുപടി ' ഒരു കൊഴപ്പോവില്ലെടാ...... മോനെ.... ചെയിഞ്ചില്ലെടാ  മോനെ..... ചെയിഞ്ചേ....' ഇതും പറഞ്ഞ് ആടിയാടി പന്തലിടുന്നവർക്കരികിലേയ്ക്ക്  ശ്രീധരേട്ടൻ...
ഏട്ടൻ ഓട്ടോക്കൂലി കൊടുത്ത് ശ്രീധരേട്ടന്റെ അടുത്തേയ്ക്കു നടന്നു.  പെട്ടെന്ന് ഉണ്ടായ എന്റെ മനസ്സിലെ സന്തോഷം നൊടിയിടനേരം കൊണ്ട് ഓടിയൊളിച്ചു.  സങ്കടമോ..... നാണക്കേടോ..... എന്താണെന്നെനിക്കറിയില്ല..... 

ഓട്ടോ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം .... ഓട്ടോക്കാരൻ പൂവാൽസ് ഒരിക്കൽക്കൂടി  തല വെളിയിലോട്ട് ഇട്ട് എന്നെനോക്കി ഒരു പരിഹാസച്ചിരി സമ്മാനിച്ച് ഓട്ടോ ഓടിച്ചുപോയി.  സങ്കടം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി......!  ഈ അവസരത്തിൽ ശ്രീധരേട്ടൻ എന്നോടിങ്ങനെ ചെയ്തല്ലോ.... 
ഞാൻ നോക്കുമ്പം ശ്രീധരേട്ടൻ ഉരിഞ്ഞുപോവാറായ മുണ്ട് താങ്ങിപ്പിടിച്ചുടുത്തുകൊണ്ട് കുഴഞ്ഞ ശബ്ദത്തിൽ പന്തലിടുന്നവരോട് എന്തെല്ലാമോ ചോദിക്കുന്നു.... അവർ അതുകണ്ടു ചിരിക്കുന്നുമുണ്ട്.
ഏട്ടൻ ശ്രീധരേട്ടനെ അകത്തേയ്ക്കു പോവാൻ നിർബന്ധിക്കുന്നു. എനിക്കു പിന്നെ എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാനുച്ചത്തിൽ അവിടെനിന്നുകൊണ്ട് നീട്ടി വിളിച്ചു...' ശ്രീധരേട്ടാ.....'
ശ്രീധരേട്ടൻ തിരിഞ്ഞുനോക്കി ... ഒപ്പം മറ്റുള്ളവരും... 
' യ്യോ .... ഇതാര് ...... എന്റെ പൊന്നുമോളല്ലേ.... ശ്രീധരേട്ടൻ ഇത്തിരി വൈകിപ്പോയി മോളേ..... ക്ഷമിക്ക്........ ' ശ്രീധരേട്ടൻ  ആടിയാടി എന്റരികിലേയ്ക്ക് വന്നുകൊണ്ടു പറഞ്ഞു.
എനിക്കു സങ്കടവും, ദേഷ്യവും സഹിക്കാൻ കഴിഞ്ഞില്ല... 
ഞാൻ പറഞ്ഞു ' എന്തിനാ ശ്രീധരേട്ടൻ വന്നേ.... ഇങ്ങനെയാരുന്നേൽ എന്തിനാ ഇങ്ങോട്ടു വന്നേ.... '
അമ്മയും, ഏട്ടനും എന്നെ വിളിച്ചിട്ടും സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ' ശ്രീധരേട്ടൻ.... പൊക്കോ ....എന്തിനാ ഈ കോലത്തിൽ ഇങ്ങോട്ടു വന്നേ.... എനിക്കാരും ഇല്ല.... എനിക്കാരും വേണ്ട.....ശ്രീധരേട്ടൻ തിരിച്ചു പൊയ്ക്കോ...' 
 
'അമ്മ ദേഷ്യത്തിൽ ഒച്ചയുയർത്തി എന്നെ വിളിച്ചു.
ശ്രീധരേട്ടൻ പറഞ്ഞു ' അവളു പറഞ്ഞോട്ടെ കൊച്ചമ്മേ.... വിലക്കണ്ട... അവളെന്റെ കുഞ്ഞല്ലേ....'   ആടിയാടി ശ്രീധരേട്ടൻ എന്റരികിൽ വന്നുനിന്നിട്ട് പറഞ്ഞു ' എനിക്കറിയാം എന്റെ മോളു ചുമ്മാ പറഞ്ഞതാന്ന്... ഞാൻ വന്നത് നിനക്ക് സന്തോഷമാണെന്ന് ഈ ശ്രീധരേട്ടനറിയാം ... നീ പോവാം പറഞ്ഞാലും ശ്രീധരേട്ടന് പോവാൻ പറ്റ്വോ ....'
ഏട്ടനെന്റെനേരെ നോക്കി താക്കീതു നൽകി..' അകത്തേയ്ക്കു കയറിപ്പോവാൻ..'  ഞാനകത്തേയ്ക്കു കയറിപ്പോന്നു .... മനസ്സിൽ ആകെ ജാള്യത...  ' ആ പൂവാൽസിന്റെ മുന്നിൽവച്ചുതന്നെ ഈ ശ്രീധരേട്ടൻ എന്നെ നാണംകെടുത്തിയല്ലോ...'
ശ്രീധരേട്ടൻ ആടിയാടി അകത്തുവന്നതും ഹാളിൽക്കിടന്ന കട്ടിലിലോട്ടു മറിഞ്ഞു. 

വെളുപ്പിനെ അഞ്ചുമണിക്കേ ബ്യൂട്ടീഷ്യൻചേച്ചി എത്തി... മുഖത്തെ മിനുക്കുപണികൾ  തുടങ്ങി.... ഏഴുമണിയോടെ ബന്ധുക്കളുടെ ഓരോരുത്തരുടെ തലകാണിക്കലും , ഒരുക്കുന്നിടത്തേയ്ക്കു വന്നെത്തിനോട്ടവും  അഭിപ്രായപ്രകടനങ്ങളും ...
എട്ടരമണിയോടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.. ഒരുങ്ങി ഇറങ്ങിവരുമ്പോൾ ശ്രീധരേട്ടൻ വെള്ള മുണ്ടും, ഷർട്ടും ഇട്ട് ഐശ്വര്യമായി ദക്ഷിണകൊടുപ്പിക്കൽ ചടങ്ങിന് നേതൃത്വം നൽകി പാക്കും, വെറ്റിലയുമായി ഹാജർ...
ഒരുങ്ങിയിറങ്ങിവന്ന എന്നെക്കണ്ടതും ശ്രീധരേട്ടൻ പറഞ്ഞു ' മോളേ... കാലിലെ ചെരുപ്പൂരി അകത്തിട്ടിട്ട് ഇങ്ങോട്ടുവാ.... ദക്ഷിണ കൊടുക്കാൻ സമയമാകുന്നു.... ' .
എല്ലാവർക്കും ദക്ഷിണ കൊടുപ്പിച്ച് അവസാനം അമ്മയ്ക്ക് ദക്ഷിണകൊടുക്കുന്നതിനു മുൻപായി ശ്രീധരേട്ടൻ എന്നോട് ദക്ഷിണ വാങ്ങി എന്നെ ചേർത്തുപിടിച്ച് എന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു ' എന്റെ മോൾക്ക് നല്ലതു വരുത്തണെ... ഭഗവാനെ....' 
അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞുവന്നത് ആർക്കും മനസ്സിലാക്കാൻ സമയംകൊടുക്കാതെ  ഞാൻ തുടച്ചുമാറ്റി. 
യഥാർത്ഥസ്നേഹം എന്തെന്ന് എനിക്കു മനസ്സിലാക്കിത്തന്ന ഞങ്ങളുടെ പാവം ശ്രീധരേട്ടൻ.. അതെ ..... ഞങ്ങളുടെ സ്വന്തം  ശ്രീധരേട്ടൻ. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കഥ
ഗീതാ ഓമനക്കുട്ടൻ.