Sunday 13 November 2016

.....മാധുര്യമേറും .... പോയകാലഓർമ്മകൾ ......


പാറുവമ്മ ധൃതി പിടിച്ച അടുക്കളപ്പണികളിലാണ് .   വീട്ടുജോലികൾ വേഗം വേഗം ചെയ്തുതീർക്കുന്നതിനിടയിലും  സംസാരിച്ചുകൊണ്ടേയിരിക്കും.... സംസാരത്തിൽ വീട്ടുവിശേഷങ്ങൾ, നാട്ടുവിശേഷങ്ങൾ, ഉപദേശങ്ങൾ, പാചക റെസിപ്പികൾ എല്ലാം ഉൾപ്പെടും.  പക്ഷെ ഇന്നലെ വൈകിട്ട് പതിവു ടീ വി കാഴ്ചക്കിടെ പാറുവമ്മ പറഞ്ഞ ആ " മറുത" ....    അതെങ്ങനെ .... അതു മുഴുവനാക്കാൻ പാറുവമ്മയെ 'അമ്മ സമ്മതിച്ചില്ല...
 " നിറവയറുമായി നിക്കുന്ന പെണ്ണിന്റെ കേൾക്കെ നീ ആവശ്യമില്ലാത്തതൊന്നും വിളമ്പല്ലേ.... പാറൂ.... ചുമ്മാ മനുഷേനെ പേടിപ്പിക്കാൻ.... " എന്നു പറഞ്ഞ് 'അമ്മ പാറുവമ്മേടെ സംസാരം വിലക്കി. അതോടെ പാറുവമ്മ ആ വിഷയം വിട്ടു. അമ്മയുടെയും , പാറുവമ്മയുടെയും നിർദ്ദേശങ്ങൾ കൊണ്ട് ചിലനേരങ്ങളിൽ പൊറുതിമുട്ടാറുമുണ്ട്.... സന്ധ്യയ്ക്കു ഉമ്മറപ്പടിയിൽ എങ്ങാനും പോയിരുന്നാൽ അപ്പഴേ വിലക്കായി.... സന്ധ്യയായാൽ മുറ്റത്തോട്ടൊ മറ്റോ ഒന്നിറങ്ങാൻ  സമ്മതിക്കില്ല. .... സന്ധ്യയ്ക്കു മുൻപേ കുളികഴിഞ്ഞിരിക്കണം... പകലുറക്കം വേണ്ട...  കുനിഞ്ഞും നിവർന്നും നല്ലോണം ജോലി ചെയ്താലേ സുഖപ്രസവം ഉണ്ടാവൂ.... " ഇങ്ങനെ രണ്ടാളും മാറി മാറി ഓരോ ഉപദേശങ്ങൾ തന്നെ... 

എന്നിരുന്നാലും  പാറുവമ്മയുടെ അടുത്ത് അവർ പറയുന്ന നാട്ടുവിശേഷങ്ങൾ കേട്ടിരിക്കാൻ നല്ല രസാണ്. മാസം ഏഴു തികഞ്ഞു നിൽക്കുന്ന എന്നോട് പാറുവമ്മയ്ക്കു പ്രത്യേകമായ ഒരു കരുതലും, സ്നേഹവുമാണ്.  പല ദിവസങ്ങളിലും തലനിറയെ എണ്ണ തേച്ചു പിടിപ്പിച്ചുതന്നിട്ടു ചെറുചിമിഴിൽ കുഴമ്പ് ചൂടാക്കിത്തന്നുകൊണ്ടു  പറയും " മേലാസകലം പുരട്ടി കുളിക്കണം " ഒരമ്മയുടെ സ്നേഹവും, വാത്സല്യവും അവരുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കും... ചിലനേരങ്ങളിൽ പേടിപ്പിക്കുന്ന ചില വർത്തമാനങ്ങളും  പാറുവമ്മയുടെ നാവിൽ നിന്നും വീഴും. 

വീട്ടിൽത്തന്നെയിരുന്നു മുഷിയുമ്പോൾ ഇടയ്ക്ക് ഇത്തിരി അകലെ താമസിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പോവാറുണ്ട്. ചേച്ചീടെ അടുത്തെത്തിയാൽ ഇത്തിരിനേരം വർത്തമാനം പറഞ്ഞിരുന്ന് വൈകുന്നേരം ചേച്ചിതന്നെ എന്നെ വീട്ടിൽക്കൊണ്ടാക്കാറാണ് പതിവ്.  ആ കുഞ്ഞിടവഴിയേ നടന്നുപോവാൻ എനിക്കേറെ ഇഷ്ടവുമാണ്.... നല്ല തണലും, കാറ്റും, മരങ്ങളും.... പിന്നെ ഇടയ്ക്കിടെ വീടുകളും...  കുറച്ചു മുന്നോട്ടുചെന്നാൽ ചെറിയ ഒരു പാറക്കെട്ടും... വെള്ളവും ഒക്കെ കണ്ടുപോവാൻ നല്ല രസമാണ്.. പക്ഷെ കഴിഞ്ഞ ദിവസം പാറുവമ്മ പറഞ്ഞതോ... " ആ ഇടവഴിയേ ഒറ്റയ്ക്ക് നടന്നു പോവേണ്ട... ആ വഴി അത്ര നന്നല്ല...ആ പാറക്കെട്ടിന്റെ താഴെ വീണ് ഒരു പെണ്ണ് മരിച്ചതാത്രേ...അതിലേക്കുള്ള നടത്ത വേണ്ടാ.. ".     പാറുവമ്മ ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചതും അതിലേയുള്ള പോക്ക് നിർത്തി. എന്നാലും " മറുത" അതെന്താവും എന്നറിയാൻ വല്ലാത്ത ആകാംക്ഷ.... ഇതും പേടിപ്പിക്കുന്ന എന്തോ വാർത്തയാണ്... അതാ പാറുവമ്മയെ 'അമ്മ വിലക്കിയത്. 
രാത്രി എന്റെ മുറിയിൽ ഉറങ്ങാൻ കൂട്ടുകിടക്കുന്നതും പാറുവമ്മ തന്നെ.. അടുക്കളവേലകളെല്ലാം ചെയ്തുതീർത്ത്  പാറുവമ്മ  വന്നു പായ  നിവർത്തിയിട്ട്  അതിൽ കുത്തിയിരുന്ന് മുടി ഉച്ചിയിൽ കെട്ടിവച്ചിട്ടു രണ്ടു കൈകളും കൂപ്പി പ്രാർത്ഥിക്കുന്നത് കാണാം... പായിലോട്ടു കിടക്കുന്നതേ കൂർക്കംവലിയും  തുടങ്ങും. എന്നാലും ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞോ, മറിഞ്ഞോ കിടന്നാൽ അനക്കം കേട്ട് വിളിച്ചു ചോദിക്കും " കുഞ്ഞേ... ന്താ ഉറങ്ങീലേ...."  അപ്പോഴും നിർദ്ദേശങ്ങൾ തന്നെ.  ".. ചെരിഞ്ഞേ കിടക്കാവേ.... ഗർഭിണികൾ കിടന്നുരുളാൻ പാടില്ല... തിരിഞ്ഞു കിടക്കണേൽ എണീറ്റിരുന്നിട്ട് തിരിഞ്ഞു കിടക്കാവൂ...   "..

വൈകിട്ടുറങ്ങാൻ വരുമ്പോൾ എന്തായാലും പാറുവമ്മയോട് ഇക്കാര്യം ചോദിച്ചറിഞ്ഞിട്ടു തന്നെ.. പതിവു ടീ വി കാഴ്ചയും കഴിഞ്ഞ് അത്താഴവും കഴിച്ച് ഞാൻ കൈകഴുകി വന്നുറങ്ങാതെ കണ്ണു തുറന്നു കിടന്നു.   പാറുവമ്മ വായിക്കോട്ട വിട്ടുകൊണ്ടു വന്ന് എന്റെ കട്ടിലിനടിയിൽ നിന്നും പായ വലിച്ചെടുത്തു നിവർത്തിയിട്ട് കൈകൾ രണ്ടുംകൂപ്പി ദൈവത്തെ വിളിച്ചു കിടക്കാനൊരുങ്ങുമ്പോൾ ഞാൻ ഒച്ച താഴ്ത്തി വിളിച്ചു " പാറുവമ്മേ..... മുമ്പേ പറഞ്ഞ ആ " മറുത" ക്കാര്യം ....  അതെന്താ... ഒന്ന് പറയൂ..."  പാറുവമ്മ പറഞ്ഞു " ങ്ഹേ..... കുഞ്ഞിതുവരെ ഉറങ്ങീലേ.... 'അമ്മ കേൾക്കണ്ടാ... പിന്നെ എന്നെ വഴക്കു പറയും.. അതു തന്നേമല്ല ഈ സമയത്ത് ഇത്തരം കാര്യം ഒന്നും അറിയാണ്ടിരിക്കയാ നല്ലത്..." പാറുവമ്മ എന്നെ നിരുത്സാഹപ്പെടുത്തി . " പിന്നെന്തിനാ.. അന്നേരം എന്റെ കേൾക്കെ പറയാനൊരുങ്ങിയെ... എനിക്കു പേടിയൊന്നും ഇല്ല പാറുവമ്മേ... 'അമ്മ കേൾക്കാനും പോണില്ല... പറയൂ പാറുവമ്മേ... എന്താണ്.."
എന്റെ നിർബന്ധം സഹിക്കാണ്ടായപ്പോൾ പാറുവമ്മ ആ സത്യം പറഞ്ഞു" ഇവിടെ " മറുത" ശല്യം ഉണ്ട് കുഞ്ഞേ... "
"ങ്ഹേ.... "മറുത" ശല്യോ...അതെന്താ...." എന്റെ നെഞ്ചിൽ ഒരാളൽ.... 
പ്രേതശല്യം ന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പം ആദ്യേന്നു കേൾക്കുവാ...
പാറുവമ്മ  തുടർന്നു " അന്ന് നിങ്ങളമ്മേം മോളും കൂടി കഴിഞ്ഞ ശനിയാഴ്ച ചേച്ചീടങ്ങോട്ടു സർക്കീട്ടു നടത്തീട്ടു പിറ്റേന്ന് വെളുപ്പിനെയല്ലേ വന്നത്.... അന്നു രാത്രീലത്തെ സംഭവാ..... അമ്മയോട് ഞാൻ പറഞ്ഞതാ.... ഈ വിവരം.." 
" അന്നു രാത്രി എന്ത് സംഭവം..." ഞാൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു. പാറുവമ്മ പറഞ്ഞു. " ന്റെ കുഞ്ഞേ...അന്നു രാത്രി പത്തുമണിയോടടുത്തു കാണും... ഞാനങ്ങോട്ടു കിടന്നതേ ഉറങ്ങിപ്പോയി... നല്ല ക്ഷീണം ഉണ്ടായിരുന്നു.... നല്ല ഉറക്കത്തിൽ എന്റെ നെഞ്ചത്തിട്ട് ആരോ ഒറ്റച്ചവിട്ട്..... ഈശ്വരാ..... ഞാനൊറ്റ അലറിച്ച.... ഞെട്ടിയുണരുകേം.... എന്തോ  തട്ടിത്തടയുന്ന ശബ്ദം കേട്ടു..... ഞാനെണീറ്റു ലൈറ്റിട്ടു നോക്കി.... മണി പന്ത്രണ്ട്..... ഇവിടെങ്ങും ഒന്നും കണ്ടില്ല... മുൻവശത്തെ കതകടച്ചു പൂട്ടി താക്കോൽ എന്റെ തലേണക്കീഴിൽ ഭദ്രമായിരിപ്പുണ്ട്.... ദേ.. ഞാനിവിടെ ഈ ഹാളിലാ കിടന്നേ.... ഇവിടൊന്നും കണ്ടില്ല.... അപ്പം പിന്നാരാ..." 
" പിന്നാരാ" അതെ ചോദ്യം ഞാൻ പാറുവമ്മയോട് തിരികെ ചോദിച്ചു.
" മറുത" അല്ലാണ്ടാരാ..... ഹോ.... എന്താരുന്നു ആ ചവിട്ട്.... ജീവൻ പോയപോലാരുന്നു.... " പാറുവമ്മ നെഞ്ചത്ത് കൈചേർത്തുപിടിച്ചു  പറയുമ്പോൾ കണ്ണുതള്ളി വന്നത് കണ്ടപ്പഴേ പേടി തോന്നി. 
എനിക്കു പിന്നേം സംശയം.." പാറുവമ്മ കണ്ടോ..." 
" അങ്ങനൊന്നും കാണാൻ കഴിയൂല്ല.... വിചാരിക്കാത്ത നേരത്താ ഇങ്ങനെയൊക്കെ ഉണ്ടാവുന്ന ശല്യം.... അരൂപികളായി.... അതു " മറുത" തന്നെ.... എനിക്കുറപ്പാ....  "
പാറുവമ്മ ഇത് പറയുമ്പോൾ ഭയം കൊണ്ട് എന്റെ കണ്ണും തള്ളി. ഞാൻ പാറുവമ്മയോട് പറഞ്ഞു " ലൈറ്റ് ഓഫ് ചെയ്യണ്ട.. പാറുവമ്മേ... കിടന്നോട്ടെ... എനിക്കു ലേശം പേടി തോന്നുന്നു...." 
" ഇതാ ഞാൻ പറഞ്ഞെ.... പറയില്ലാന്ന്... കേൾക്കണ്ടേ...'അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും കേട്ടോ.... ഈ സമയത്ത് കുട്ടിയോടിതൊക്കെ പറഞ്ഞൂന്നറിഞ്ഞാൽ..... പിന്നത്തെ ബഹളം പറയണ്ടാ...  ദൈവത്തെ വിളിച്ചു കിടന്നുറങ്ങിക്കോ.... ആരും വരില്ല...." പാറുവമ്മ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സിൽ വല്ലാത്ത ഭയം....    കണ്ണടച്ചിട്ടും ഉറക്കം വരാതെ ഇടയ്ക്കിടെ പാറുവമ്മയെ വിളിച്ചുകൊണ്ടിരുന്നു
 " പാറുവമ്മേ... ഉറങ്ങിയോ..." 
പാറുവമ്മ പറഞ്ഞു " ഈ കുട്ടീടെ കാര്യം....എന്നെക്കൊണ്ട് പറേപ്പിച്ചിട്ട്...... കിടന്നുറങ്ങാൻ നോക്ക്....... ഒന്നും പേടിക്കണ്ട..." ഇരുമ്പാ തലയ്ക്കൽ ഇരിക്കുന്നെ... അങ്ങോട്ടൊന്നും അടുക്കില്ല... "

ഇത് അമ്മയുടെ വക ...രാത്രി കിടക്കുമ്പോൾ പിച്ചാത്തി കൊണ്ട് തലയ്ക്കൽ വയ്ക്കുക പതിവ്... ഭൂതപ്രേതാദികൾ അടുക്കാതിരിക്കാനുള്ള രക്ഷ.. 
" ഈ 'മറുത' എങ്ങനിരിക്കും.... എങ്ങനെ ഇവിടെ വന്നു.... " ചോദ്യങ്ങൾ മനസ്സിലിങ്ങനെയിട്ടു ചിന്തിച്ചു ചിന്തിച്ച് എപ്പോഴോ ഉറക്കം പിടിച്ചു. 

കാലത്തു പാറുവമ്മ അടുക്കളയിൽ പതിവുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അമ്മയുമായി വാഗ്വാദം കേട്ടു... ' ദോശക്കരയ്ക്കുന്ന ചമ്മന്തിയിൽ പച്ചമുളകരച്ചാ മതീന്നമ്മയും ഉണക്കമുളകരച്ചാലേ ടേസ്റ്റ് കിട്ടൂന്ന് പാറുവമ്മയും' .   രണ്ടാളും തർക്കവും, ഒച്ചയും കേട്ടു. ഇത് പതിവായതിനാൽ ഞാനങ്ങോട്ടു വലിയ ശ്രദ്ധ കൊടുത്തില്ല. ഇത്തിരി കഴിയുമ്പം കാണാം രണ്ടാളും കൂടി മുറുക്കിത്തുപ്പി നാട്ടുവിശേഷോം പറഞ്ഞിരിക്കുന്നെ.... ചേച്ചീടെ മോൻ രവി അവന്റെ വീട്ടിലോട്ടു പോവാണെന്നും പറഞ്ഞ് മുറ്റത്തോട്ടിറങ്ങുന്നതിനിടയിൽ പറഞ്ഞു " ഇവർക്ക് രണ്ടിനും ഒരു ജോലീവില്ലേ അമ്മായീ .... രാവിലെ തുടങ്ങിയോ ബഹളം..." " ദോശ കഴിച്ചിട്ട് പോവാം.... " ന്നു ഞാൻ പറഞ്ഞിട്ടും അവനതു കൂട്ടാക്കാതെ "അമ്മേടടുത്തു ചെന്ന് കഴിച്ചോളാം" ന്നും പറഞ്ഞ് റോഡിലേക്കിറങ്ങി കിഴക്കോട്ടു നടന്നു. സ്കൂൾ പഠിത്തം കഴിഞ്ഞ ചെക്കൻ ഇങ്ങനെ തെക്കു വടക്കു നടപ്പു തന്നെ.  തുടർപഠനത്തിന് ചേച്ചി നിർബന്ധിച്ചും പറഞ്ഞും മടുത്തു. അവനിതുവരെ ' എന്ത്  പഠിത്തം' ഇനി പഠിക്കണം ന്നൊരു നിഗമനത്തിലുമെത്തിയിട്ടുമില്ല. ആരെങ്കിലും ഉപദേശിച്ചാൽ അവനതനുസരിക്കയുമില്ല.   .എല്ലാ ദിവസവും വൈകുന്നേരം കിടക്കാനായി അവൻ വീട്ടിലെത്തുന്നത് അമ്മയ്ക്കേറെ ആശ്വാസമാണ്... " വീട്ടിലൊരാൺതരിയുണ്ടല്ലോ ..... വൈകിട്ട് എന്തേലും ഒരത്യാവശ്യം വന്നാൽ....  " ഇതാണമ്മയുടെ ന്യായം.  സഹായത്തിനായി ആകെയുള്ളൊരു ആൺതരിയെ ഇങ്ങോട്ടു പറഞ്ഞുവിട്ടിട്ട് അവിടെ ചേച്ചിയും, മോളും തന്നെയാണ് രാത്രി കഴിച്ചുകൂട്ടൽ. രണ്ടിടത്തെയും ആണുങ്ങൾ മറുനാട്ടിൽ വിയർപ്പൊഴുക്കി മാസാമാസം കൃത്യമായി ഒരു തുക ഇങ്ങെത്തിക്കുന്നതുകൊണ്ട് നാട്ടിൽ അത്യാവശ്യം സുഭിക്ഷമായിത്തന്നെ കാര്യങ്ങൾ നീങ്ങുന്നു. 

ഇനി ചേച്ചീടെ മോൻ രവീടെ കാര്യം പറഞ്ഞാൽ അവനെപ്പോലൊരു തികഞ്ഞ ധൈര്യശാലി ഈ മലയാളക്കരയിലുണ്ടോ എന്ന്  സംശയം .... ആരോടും എന്തും തുറന്നടിച്ചു പറയുന്നതിൽ അവനു യാതൊരു മടിയുമില്ല... ഇഷ്ടക്കേട് കണ്ടാൽ അവനപ്പോൾ തന്നെ അത് വിളിച്ചുപറയും... 
  ഇതൊക്കെയാണെങ്കിലും രാത്രിയായാൽ ഇവന്റെ ഈ തന്റേടവും, ധൈര്യവും ഒക്കെ എവിടെപ്പോയൊളിക്കുന്നു എന്നു  സംശയം "തോന്നിയിട്ടുണ്ട്..  രാത്രി പട്ടിയെ അഴിച്ചു വിടുന്നതും, ഗേറ്റു പൂട്ടുന്നതും ഒക്കെ പാറുവമ്മയുടെ ജോലിയാണ്. ഇരുട്ടായാൽ പിന്നെ അവൻ ആണാണെങ്കിൽ മുറ്റത്തൊട്ടിറങ്ങില്ല....  ഇനി കറന്റ് പോയാലോ...  ഓടി അമ്മമ്മയുടെ കട്ടിലിൽ കയറും..... പിന്നെ അവൻ അങ്ങോട്ടോ ഇങ്ങോട്ടോ ചലിക്കില്ല... ടോർച്ചു കണ്ടുപിടിക്കുന്നതും, മെഴുകുതിരി കത്തിക്കുന്നതും എല്ലാം ഞാനും പാറുവമ്മയും ചേർന്നാണ്....  ഇതൊക്കെയാണ് രവീടെ വിശേഷങ്ങൾ...  ന്നാലും ഒരാൺതരി വീട്ടിലുള്ളത് ഒരാശ്വാസമല്ലേ.... 

അതവിടെ നിൽക്കട്ടെ.... പാറുവമ്മയുടെയും, അമ്മയുടെയും ചമ്മന്തിത്തർക്കത്തിൽ പാറുവമ്മ തന്നെ ജയിച്ചു. അല്ലെങ്കിലും പല കാര്യങ്ങളിലും അങ്ങനെയൊക്കെത്തന്നെയേ സംഭവിച്ചിട്ടുള്ളൂ താനും... പാറുവമ്മയെ തോൽപ്പിക്കാൻ അമ്മയെന്നല്ല ദൈവംതമ്പുരാൻ  മുകളീന്നിറങ്ങി വന്നാലും കഴിയുമെന്ന് തോന്നുന്നില്ല എന്നു ചില സന്ദർഭങ്ങളിൽ തോന്നീട്ടുണ്ട്.  മുളകരച്ച ചമ്മന്തി കൂട്ടിത്തന്നെ ഞാനും, അമ്മയും ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോൾ 'അമ്മ ഇടയ്ക്കിടെ "..... ശ്ശ്...... ശ്ശ്..... എന്ന്  എരിവൂറുന്നതു  കേൾക്കാമായിരുന്നു.  
ഉച്ചക്കത്തെ ഭക്ഷണം തയ്യാറാക്കൽ തകൃതിയായി നടക്കുന്നു. വേവിക്കാനുള്ള ചക്കയൊരുക്കാനായി 'അമ്മ അടുക്കളയിൽത്തന്നെ കൂടിയിരിക്കുന്നതിനാൽ ഇടയ്ക്കു ' മറുത' ക്കാര്യം പാറുവമ്മയുമായി സംസാരിക്കാനേ സാധിക്കുന്നില്ല. 
" ന്നാലും പാറുവമ്മേടെ നെഞ്ചത്തു തന്നെ ചവിട്ടിയിട്ടു പോയ ആ ..." മറുത"... അതു തന്നെ മനസ്സിൽ ദഹിക്കാതെ ഇങ്ങനെ കിടക്കുന്നു. 
ഉച്ചയൂണു കഴിഞ്ഞതും പാറുവമ്മയും, അമ്മയും അടുക്കളപ്പുറകിലെ നീളൻവരാന്തയിൽ ഇരുന്നു കഥ പറച്ചിലും, മുറുക്കും മുറക്ക് നടക്കുന്നു. ഞാൻ വെറുതെ ഉമ്മറത്തു വന്ന് റോഡിലേക്കും നോക്കിയിരുന്നു. പോസ്റ്റുമാൻ നേരത്തെ പോകുന്നത് കണ്ടിരുന്നു... ഏട്ടന്റെ കത്തിന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന ഒരു സങ്കടം... മനസ്സിൽ... ഇനിയിപ്പം ഒത്തിരി സങ്കടം തോന്നിയാൽ പഴയ കത്ത് ഒന്നൂടെടുത്ത് വീണ്ടും വായിച്ചു സങ്കടം തീർക്കാൻ നോക്കും.... ഏട്ടന്റെ കത്തിലാണെങ്കിലോ ഉപദേശങ്ങളും, നിർദ്ദേശങ്ങളും അല്ലാണ്ട് വേറൊരു വാചകോം കാണില്ല.... " ചെക്കപ്പിന്റെ ഡേറ്റായാൽ കറക്ട് ഹോസ്പിറ്റലിൽ പോവണം.... കൂട്ടിനു ചേച്ചിയെ വിളിച്ചോണ്ടു പോവണം.... ഓട്ടോയിലൊന്നും പോവരുത്..... ഉറപ്പായും രാജന്റെ ടാക്സി വിളിച്ചു പോയാൽ മതി... ഫ്രൂട്ട് സ് ഒക്കെ നല്ലോണം കഴിക്കണം... ആരോഗ്യം ശ്രദ്ധിക്കണം.... അമ്മേം, പാറുവമ്മേം എന്തു പറയുന്നു.... അമ്മയോട് താഴെ തൊടിയിലോട്ട് ഒന്നും ഇറങ്ങിപ്പോവരുത് എന്നു പറയണം... അവിടൊക്കെ ആകെ ഇടിഞ്ഞും, പൊളിഞ്ഞും കിടക്കുവാ.... അവിടെങ്ങാനും ചെന്ന് മറിഞ്ഞു വീണാൽ..... രവി വല്ല കോഴ്സിനും ചേർന്നോ.... അതോ......   എല്ലാരോടും അന്വേഷണം പറയുക.... എനിക്ക് സുഖം തന്നെ... സസ്നേഹം..." തീർന്നു. ഇതൊക്കെത്തന്നെ ഏട്ടന്റെ കത്തിലെ സ്ഥിരം പല്ലവികൾ.. പുതുമയായി ഒന്നും കാണില്ല.
 എങ്കിലും ഓരോ കത്തു വരുമ്പോഴും ആശയോടെ വായിച്ചു നോക്കും..... എവിടെയെങ്കിലും സ്നേഹമധുരമായ ഒരു സംബോധനയോ..... വിളിയോ... ഉണ്ടോ.... എവിടെ..... . ഏട്ടന്റെ രീതികൾ ഇങ്ങനെയൊക്കെത്തന്നെ. കുട്ടികളോട് പെരുമാറുന്ന രീതി...... എന്നും ഉപദേശങ്ങളും... പഠിപ്പിക്കലും. ഏട്ടന്റെ ഈ രീതി കാണുമ്പോൾ വല്ല സ്കൂളിലോ, കോളേജിലോ മാഷാകുന്നതായിരുന്നു ഏട്ടനു പറ്റിയ പണി എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.  ഇനിയിപ്പം ഏട്ടന്റെ ഉപദേശങ്ങളും, നിർദ്ദേശങ്ങളും കേൾക്കാൻ പരുവത്തിൽ ഇവിടൊരാളുള്ളത് 'ചേച്ചീടെ മോൻ രവി..'  അവനാണെങ്കിലോ അമ്മാച്ചനെ കണ്ടുകഴിഞ്ഞാൽ പിന്നെ പോണവരെ ഈ വഴിക്കടുക്കില്ല. ഏട്ടൻ വന്നു കഴിഞ്ഞാൽ അവനെ ഒന്നുപദേശിക്കാനായി ഇങ്ങോട്ടു വിളിച്ചാൽ അവൻ ' പിന്നെ വരാം.... പിന്നെ വരാം...' ന്നു പറഞ്ഞ് കൂടിക്കാഴ്ച നീട്ടിക്കൊണ്ടുപോവും. ഇനി അങ്ങോട്ട് ചെന്നാലോ... അവനെങ്ങനെയെങ്കിലും ഈ ന്യൂസ് മണത്തറിഞ്ഞ് അപ്പഴേ അവിടെനിന്നെങ്ങോട്ടെങ്കിലും മുങ്ങും. പിന്നെ ഏട്ടനു പറയാനുള്ള ഉപദേശങ്ങളും, വഴക്കുപറച്ചിലും എല്ലാം ചേച്ചിയെ പറഞ്ഞു കേൾപ്പിച്ചിട്ടു പോരും... പാവം ചേച്ചി... " ഞാനെന്തു ചെയ്യാനാടാ...." എന്നു സങ്കടം പറഞ്ഞിരിക്കുകയും ചെയ്യും. ഇതൊക്കെത്തന്നെയാണ് ഇവിടുത്തെ പതിവുരീതികൾ. 
മുറുക്കിയും, നട്ടുവർത്തമാനം പറഞ്ഞും ഇരുന്ന പാറുവമ്മേടേം, അമ്മേടേം അനക്കം കേൾക്കുന്നില്ല.... രണ്ടാളും ഉച്ചമയക്കത്തിലാണ്ടുകാണും . ഉച്ചകഴിഞ്ഞത്തെ വെയിലുമങ്ങിത്തുടങ്ങിയിരുന്നു. നേരിയ കാറ്റുള്ളതുകൊണ്ട് സുഖം തോന്നി ഞാനാ ഉമ്മറത്തെ അരഭിത്തിയിൽ കാലുനീട്ടിവച്ചു ചാരി ഇരുന്നു.  ചേച്ചീടെ മോൻ രവി കൂട്ടുകാരൻ ജോസൂട്ടിയുടെ സ്കൂട്ടറിന്റെ പിറകിൽ നിന്നിറങ്ങി ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. ജോസൂട്ടി വണ്ടിയോടിച്ചുപോയി.  വന്ന പാടെ രവി ചോദിച്ചു " അമ്മായി എന്താ ദുഃഖിച്ചിരിക്കുന്നെ....." ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടിക്കാണിച്ചു.  അവൻ അവിടെക്കിടക്കുന്ന ചൂരൽക്കസേരയിൽ ഇരുന്നുകൊണ്ടു പറഞ്ഞു 
" അമ്മാവനോട്  ലാൻഡ് ഫോണിന് അപേക്ഷ കൊടുക്കട്ടേന്ന് ചോദിക്ക്.... അമ്മാവൻ ഫോൺ വിളിക്കുമ്പോഴെല്ലാം അമ്മേടടുത്തോട്ടു ഓടണ്ടാല്ലോ.... തന്നേമല്ല അമ്മായിക്ക് ഫോൺ വരുന്നേന് എന്തിനാ അമ്മമ്മ പിറകെ വരുന്നേ....അമ്മമ്മക്കിവിടിരുന്നാൽ പോരെ...." അവന്റെ സംശയം. 
ആഴ്ച്ചേല് ഒരിക്കലുള്ള ഫോൺ വിളി.... അതും രാത്രിയായതിനാൽ അന്നവിടെ തങ്ങാറാണ് പതിവ്. ആദ്യമൊക്കെ അമ്മയുടെ വരവ് ചേച്ചി സ്നേഹരൂപേണ വിലക്കിയെങ്കിലും " പിന്നെ നിനക്കെന്തറിയാം ..... വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണിനെയല്ലേ ഇങ്ങനെ നീയൊക്കെ പറേന്നപോലെ വിടാൻ ..." എന്ന് പറഞ്ഞുകൊണ്ട് 'അമ്മ ചേച്ചീടെ നാവടക്കി. നീപ്പം ആഴ്ച്ചേലെ ആ ദിവസമെത്തിയാലോ...... ഏതോ വലിയ ദൂരയാത്രക്കുള്ള തയ്യാറെടുപ്പു പോലെയാകും അന്നത്തെ ദിവസം... ഉച്ച കഴിയുമ്പോഴേ 'അമ്മ ചോദിച്ചു തുടങ്ങും " നീ കുളിച്ചുവോ....  വേഗം വേണം... അന്തിക്കൂരാപ്പിനു  നടന്നു പോവാൻ പറ്റില്ല.... വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണാണെന്നോർമ്മ വേണം..... " .  ഹോ.... എന്റീശ്വരാ.... ഇത് കേട്ടുകേട്ട് ഞാൻ മടുത്തു " എന്ത് പറഞ്ഞാലും വയറു നിറഞ്ഞു നിൽക്കുന്ന പെണ്ണ്.." പാറുവമ്മക്കും അമ്മേടെ നിർദ്ദേശങ്ങൾ കിട്ടും.... " പാറൂ.... ഞങ്ങളു വൈകിട്ടങ്ങോട്ടു പോവാ.. .. രാവിലെ ഇങ്ങെത്തിക്കൊള്ളാം... ചെക്കനുണ്ടെങ്കിലും നിന്റെയൊരു ശ്രദ്ധ എല്ലായിടത്തുമുണ്ടാവണേ.... " ഇതൊക്കെ അമ്മേടെ സ്ഥിരം പല്ലവികൾ.  ഇത് കേൾക്കുമ്പോഴോ പാറുവമ്മ അത് പിടിക്കാത്തമാതിരി പൊറുപൊറുക്കുന്നതു കേൾക്കാം. ഈ ഇഷ്ടക്കേട് പാറുവമ്മയുടെ സംസാരത്തിൽ ഇടയ്ക്കിടെ വരാറുമുണ്ട്. 'അമ്മ കേൾക്കാതെ പാറുവമ്മ പറയും " പിള്ളേര് സംസാരിക്കുന്നിടത്തു ഈ അമ്മയ്ക്കെന്താ കാര്യം... വീടും, പറമ്പും ഇട്ടെറിഞ്ഞേച്ച്  ഒരു സർക്കീട്ട്..." 
രവി വീണ്ടും പറഞ്ഞു " അമ്മായി അമ്മാവനോട് പറയു ലാൻഡ് ഫോണിന് അപ്ലൈ ചെയ്യട്ടെന്നു... അല്ലെൽത്തന്നെ ഫോൺ വിളിക്കുന്നെനെന്തിനാ അമ്മായീടെ കൂടെ അമ്മമ്മ വരുന്നേ.... " 
ഞാൻ പറഞ്ഞു" എനിക്കറീല്ല രവി ഞാനൊന്നും അമ്മയോട് പറയാൻ പോണില്ല .... ഇനിയിപ്പം അതുമതി..." 
അവൻ ദേഷ്യം പിടിച്ചു പറഞ്ഞു " അമ്മായിക്ക് പേടിയാണേൽ ഞാൻ പറയാം..... ഇനി രാത്രി എന്നെ ഏല്പിച്ചുപോയാൽ ഞാനിവിടെ കിടക്കില്ല... ഈ പാറുവമ്മയുണ്ടല്ലോ ... . നിങ്ങൾ രണ്ടാളും ഇവിടൂന്നിറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്റെ നേരെ വലിയ ഭരണമാ...  ന്നിട്ട് ഇടയ്ക്കിടെ പറേകേം ചെയ്യും ' അമ്മേം മോളും വീടും കളഞ്ഞേച്ചു സർക്കീട്ടു പോയിരിക്കുവാന്ന്...." 
" കഴിഞ്ഞ ദിവസം നിങ്ങളങ്ങോട്ടു പോയന്ന് ഒരു സംഭവമുണ്ടായി..." 
ഞാൻ ആകാംക്ഷാപൂർവം ചോദിച്ചു " എന്ത് സംഭവം?" 
അവൻ പറഞ്ഞു " അതോ.... അന്ന് ഞാൻ ചുമ്മാ ജോസൂട്ടിയേം കൂട്ടിയാ കിടക്കാൻ വന്നേ.... ചുമ്മാ ഒരു കൂട്ടിനാ അവനെ കൂട്ടിയെ...."   ( അതേപോലും അവനൊറ്റയ്ക്കു കിടക്കാൻ പേടിയായിട്ടാണെന്നുള്ള സത്യം എനിക്കറിയാമെങ്കിലും ഞാനതു ഭാവിക്കാനേ പോയില്ല...") 
അവൻ പറഞ്ഞു " ഈ പാറുവമ്മയുണ്ടല്ലോ... ... രാത്രി എട്ടുമണിയായപ്പഴേ പാതിരാത്രിയായെന്ന് പറഞ്ഞ് ഞങ്ങൾക്ക് ചോറ് വിളമ്പിത്തന്നു.  പാറുവമ്മ ചോറുണ്ടു വന്നതും  ടീ വി കണ്ടോണ്ടിരുന്ന ഞങ്ങളെ ബഹളം വച്ചോടിച്ചു  'പോയിക്കിടന്നുറങ്ങിക്കോ.... ടീ വി ഓഫ് ചെയ്തോ... പാതിരാത്രിയായി... എനിക്കുറങ്ങണം... ' എന്നും പറഞ്ഞ്. 
ഞങ്ങളു രണ്ടും കതകടച്ചു കിടന്നു. ടീ വിയിൽ നല്ല ഹിന്ദി ഫിലിം കണ്ടിരുന്നതാ ഞങ്ങൾ.... പാവം ജോസൂട്ടിയെ ഞാൻ നിർബന്ധിച്ചു വിളിച്ചോണ്ടു വന്നതാ.... എന്നിട്ടോ... ഈ പാറുവമ്മേടെ പെരുമാറ്റം.... ശരിക്കും എന്നെ ഇൻസൾട്ട് ചെയ്യുകയായിരുന്നു അവന്റെ മുൻപിൽ വച്ച്... " 
അവൻ  ചിരി തുടങ്ങി. 
" ചിരിക്കാതെ കാര്യം പറ രവീ... എന്നിട്ട് ന്താ ഉണ്ടായേ..." ഞാൻ ചോദിച്ചു.
അവൻ ശബ്ദമടക്കി ചോദിച്ചു " എവിടെ രണ്ടാളും.... അനക്കമില്ലല്ലോ.." 
ഞാൻ പറഞ്ഞു " പിറകുവശത്താ..  ഉറക്കമാ.." 
അവൻ തുടർന്നു " ഞങ്ങൾ കിടന്നു .  മണി ഒൻപതര ആയുള്ളൂ....  ഇത്രയും നേരത്തെ ഉറങ്ങിപ്പതിവില്ലെന്നും വീട് മാറിക്കിടന്നിട്ട് ഉറക്കം വരുന്നില്ലെന്നും പറഞ്ഞ് ജോസൂട്ടി തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നതു കണ്ടു. ഞാനങ്ങോട്ടു മയക്കം പിടിച്ചിരുന്നു.... ഒരു അലറിച്ചയും.... ബഹളവും കേട്ടാണ് ഞെട്ടിയുണർന്നത്..... നോക്കുമ്പോൾ ജോസൂട്ടി പേടിച്ചു വിറച്ച് എന്റെ കട്ടിലിന്റെ അരികിൽ നിൽപ്പുണ്ട്....  ഞങ്ങൾ കിടക്കുന്ന മുറി അടഞ്ഞു തന്നെ കിടക്കുന്നു. പുറത്തു പാറുവമ്മയുടെ ഒച്ചയാണ്.... ' ആരാത്.... അയ്യോ.....' ന്നൊക്കെ പറയുന്നു. ഞാൻ വേഗം ചാടിയെണീറ്റു...... ഡോർ തുറക്കാൻ തുടങ്ങുമ്പോൾ ജോസൂട്ടി ഓടിവന്ന് എന്നെ വിലക്കി...' എടാ... എനിക്കൊരബദ്ധം പറ്റി..... ഞാൻ ഇത്തിരി തണുത്ത വെള്ളം കുടിക്കാൻ എടുക്കാനായി ഫ്രിഡ്ജിന്റെ അടുത്തോട്ടു ചെന്നതും എന്തോ കാലിൽ തട്ടി..... ഇരുട്ടായതിനാൽ ആദ്യം ഒന്നും മനസ്സിലായില്ല....അലറിച്ച കേട്ടപ്പഴാ പിടി കിട്ടിയേ... പാറുവമ്മയാണെന്ന്...... എന്നെ കണ്ടില്ല കേട്ടോ..... ഞാനോടിക്കയറി വാതിലടച്ചു. ' ജോസൂട്ടി അണച്ചുകൊണ്ടിത്രയും പറഞ്ഞതും പുറത്തെ ഹാളിൽ പാറുവമ്മ ലൈറ്റിടുകേം, ഏതാണ്ടൊക്കെ വിളിച്ചു പറേന്നതുംകേൾക്കാമായിരുന്നു.  
ഞാനവനോടു പറഞ്ഞു " മിണ്ടാതെ കിടന്നുറങ്ങിക്കോ... ഇല്ലേൽ പാറുവമ്മേടെ വക ചീത്തവിളി ഉറപ്പ്" .  ജോസൂട്ടി എന്നോട് കെഞ്ചി " എടാ എന്റെ തൊണ്ട ഉണങ്ങുന്നു..... ഇത്തിരി വെള്ളം.... പ്ളീസ് എന്ന് പറഞ്ഞ് " ഞാനവനോട് പറഞ്ഞു " നിനക്ക് പാറുവമ്മേടെ സ്വഭാവം അറീല്ല... രാത്രിയാണെന്നൊന്നും അവർ നോക്കില്ല.... നമ്മളെ രണ്ടിനേം അടിച്ചു  വെളിയിലിറക്കും... അനങ്ങാതെ.... കിടന്നുറങ്ങാൻ നോക്കിക്കോ.... 
രാവിലെ എണീറ്റ് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം ' മട മടാ' ന്ന് കുടിച്ചുകൊണ്ട് ജോസൂട്ടി എന്നോട് വന്നു പറഞ്ഞു " ഇനി രാത്രി നിനക്ക് കൂട്ടു കിടക്കാൻ എന്റെ പട്ടി വരും .."   തൊണ്ടയൊ ണങ്ങീട്ടു അവൻ രാത്രീല് ഒറ്റപ്പോള കണ്ണടച്ചില്ലെന്നു... ഞാനന്നേരവും അവന്റെ വായടച്ചുപിടിച്ചു പറഞ്ഞു.." പാറുവമ്മ കേൾക്കണ്ട..." 
ഇത്രയും നേരം ചിരി അടക്കിയിരുന്ന ഞാൻ രവിയോട് ചോദിച്ചു " അപ്പൊ.... ഈ ജോസൂട്ടിയായിരുന്നല്ലേ  പാറുവമ്മേ ചവിട്ടിയ മറുത..." 
അവൻ അന്ധാളിച്ചു ചോദിച്ചു " മറുതയോ... അതാരാ..."
ഞാൻ പാറുവമ്മ പറഞ്ഞ ' മറുത'ക്കാര്യം അവനെ പറഞ്ഞു കേൾപ്പിച്ചു..  ഞങ്ങളുടെ രണ്ടാളുടെയും ചിരി അൽപ്പം ഉച്ചത്തിലായപ്പോൾ അമ്മയുടെ വിളി വന്നു " കൊച്ചെ... ആരാടീ... അവിടെ..."
ഇനിയിപ്പം ഇതിനും 'അമ്മ പറയുവാരിക്കും ഗർഭിണിപ്പെണ്ണുങ്ങൾ ഇങ്ങനെ ഒച്ച വച്ച് ചിരിക്കാൻ പാടില്ലാന്ന്...' ഈശ്വരാ.... ഇതെന്തൊരു കഷ്ടം! 
ഞാനുറക്കെപ്പറഞ്ഞു " രവിയാ ....അമ്മേ...."
'അമ്മ വീണ്ടും എന്തോ പറയുന്നതു കേട്ട് ഞാനകത്തേക്കു പോകാനായി എഴുന്നേൽക്കുമ്പോൾ രവി പറഞ്ഞു " അമ്മായീ.... പാറുവമ്മയ്ക്കു തിരുത്തിക്കൊടുക്കാനൊന്നും പോവണ്ട... അത് ' മറുത' യാണെന്നു തന്നെ വിചാരിച്ചോട്ടെ... ഇല്ലേൽ എനിക്ക് ചെവിതല കേട്ടു കിടക്കേണ്ട... " 
ഞാൻ പറഞ്ഞു " ജോസൂട്ടി  മറുത....." . വീണ്ടും അതോർത്തു ഞങ്ങൾ ചിരിക്കുമ്പോൾ അമ്മേടെ വിളി വീണ്ടും അകത്തൂന്ന്.... " ഓ ഈ അമ്മേടെ ഒരു കാര്യം.... ഒരു സമാധാനവും തരില്ലാന്നു വച്ചാൽ......" മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനകത്തേക്കു നടക്കുമ്പോൾ വലിയ ആശ്വാസം.... അകാരണമായ ' മറുത' ഭയം ഒഴിഞ്ഞുപോയ ആശ്വാസം... 
എല്ലായിടത്തും നോട്ടം ഉണ്ടാവണേ ന്നു 'അമ്മ ഓർമ്മപ്പെടുത്തിയതിനു നോട്ടം എല്ലായിടവും ചെന്നെത്താനായി ഹാളിൽ പാ വിരിച്ചുകിടന്ന പാറുവമ്മയ്ക്കു പറ്റിയ അബദ്ധം..... പാവം പാറുവമ്മ. 
{പഴമക്കാർ അന്നു പറഞ്ഞു തന്ന ഉപദേശങ്ങൾ എത്രയോ വിലപ്പെട്ടതാണെന്നു നാം വൈകിയേ മനസ്സിലാക്കൂ... " മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും... പിന്നെ  ഇനിക്കും ( മധുരിക്കും) " .  }

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ ഓമനക്കുട്ടൻ .
Tuesday 20 September 2016

നിനച്ചിരിക്കാതെ ഒരു യാത്ര........
ഡിയർ ഫ്രണ്ട്സ്, 
" അക്ഷരജ്വാല " മാസികയിൽ എന്റെ ചെറിയൊരു കഥ വന്നിരുന്നു. ഇവിടെ നിങ്ങൾക്കും വായിക്കാം. വായിച്ചു അഭിപ്രായം പറയുമല്ലോ? 

നിനച്ചിരിക്കാതെ ഒരു യാത്ര........
--------------------------------------------
നല്ല മഞ്ഞും, തണുപ്പുമുള്ള ഒരു രാത്രിയിലാണ് ഞാൻ ആ യാത്ര തുടങ്ങിയത്. എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര ആഹ്ലാദമായിരുന്നു. എനിക്കുമേൽ യാതൊരു സമ്മർദ്ദങ്ങളുമില്ല. ഞാൻ തികച്ചും സ്വതന്ത്രയായിരുന്നു. ആരും എന്നെത്തേടിവരില്ല.  ആരും എന്നെ ചോദ്യം ചെയ്കയുമില്ല. എന്റെ യാത്രയ്ക്ക് നിശ്ചിതമായ സമയപരിധികളുമില്ല. 

ചെറിയ ഇരമ്പലൊഴിച്ചാൽ തീർത്തും നിശബ്ദത മാത്രമായിരുന്നു ഞാൻ യാത്ര ചെയ്തിരുന്ന വണ്ടിയിൽ.  പുറത്തെ നിലാവെളിച്ചത്തിലേക്ക് ഞാനെന്റെ മിഴികൾ പായിച്ച് ഇരുന്നു. എന്റെ അടുത്ത് ആരോ വന്നിരിക്കയോ ചില സ്ഥലങ്ങളിൽ വണ്ടി നിർത്തുമ്പോൾ ഇറങ്ങിപ്പോകുകയോ മറ്റാരോ ആ ഇരിപ്പിടം കരസ്ഥമാക്കയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നിട്ടും ഞാനതിലൊന്നും ശ്രദ്ധ കൊടുത്തില്ല. അപരിചിതരായവരോട് കുശലാന്വേഷണം നടത്താൻ തോന്നിയതുമില്ല. ലക്ഷ്യസ്ഥാനത്തെത്തി  വണ്ടി നിർത്തുമ്പോൾ ഇറങ്ങാൻ എനിക്കു തിടുക്കമായിരുന്നു. ഓടിയാണോ..... നടന്നാണോ ഞാൻ പോകുന്നത് എന്നെനിക്കുതന്നെ നിശ്ചയമില്ലായിരുന്നു. മുൻപരിചയമില്ലാത്ത ആ വഴികളൊക്കെയും വേഗത്തിൽ നടന്നുതീർത്ത് മുകളിലേക്ക് കെട്ടിയിട്ടിരിക്കുന്ന കല്പടവുകൾക്കു മുന്നിൽ ഞാൻ അണച്ചുനിന്നു. പിന്നെ മെല്ലെ ഓരോ കല്പടവുകളും നടന്നുകയറി. 

ഓടുകൾ മേഞ്ഞ മനോഹരമായ ഒരു വീടായിരുന്നു അത്. മണൽ വിരിച്ച വിശാലമായ മുറ്റം. ചുറ്റും നിറയെ ചെടികൾ. അകത്തുനിന്നും ഇറങ്ങിവന്ന 'അമ്മ എന്നെക്കണ്ടതും അവിശ്വസനീയതയോടെ നോക്കിനിന്നു. എന്റെ കൈകളിൽ പിടിച്ചു. എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. 
പൂർണ്ണആരോഗ്യവതിയായി ........ പഴയ അതേ ചുറുചുറുക്കോടെ......... പ്രസരിപ്പോടെ........... പുഞ്ചിരിയോടെ...... ശുഭ്രവസ്ത്രധാരിണിയായി...... 'അമ്മ. 

എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. ഞാനോടിനടന്ന് ആ വീടിനു ചുറ്റും വീക്ഷിച്ചു. എന്റെ ആകാംക്ഷയും, സന്തോഷവും നോക്കിക്കൊണ്ട് 'അമ്മ പുഞ്ചിരിയോടെ നിന്നു.  റോസും, സൂര്യകാന്തിയും, മഞ്ഞക്കോളാമ്പിപ്പൂക്കളും വിരിഞ്ഞു നിൽക്കുന്നു. ഞാനവയൊക്കെ തൊട്ടും തലോടിയും വീടിനു ചുറ്റും ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടിനടന്നു. 

ദൂരെനിന്നേ എപ്പോഴും വിശപ്പിന്റെ വിളിയുമായി ഓടിച്ചെല്ലുന്ന എന്നെ 'അമ്മ അകത്തോട്ടു ക്ഷണിക്കുമ്പോഴും എനിക്കവിടം ഒന്നും കണ്ടുമതിയായില്ല. എങ്കിലും 'അമ്മ വിളിച്ചാൽ പിന്നെ എനിക്കു വിശപ്പടക്കി നിൽക്കാനുള്ള ശക്തിയില്ല. 
'അമ്മ വിളമ്പിത്തരുന്ന ആഹാരം കഴിക്കാനായി തിടുക്കപ്പെട്ട് ഞാനമ്മക്കൊപ്പം അകത്തേക്ക് നടന്നു. വൃത്തിയും, വെടിപ്പുമുള്ള മുറികൾ..... ഞാൻ മനസ്സിൽ പറയുകയായിരുന്നു " എത്ര രസമായിരിക്കുന്നു എന്റമ്മയുടെ വീട് ".... ഞാനോടിനടന്നു മുറിക്കകത്തെല്ലാം.... എവിടെ എന്റെ ചേച്ചിമാർ ? രണ്ടുപേരെയും കാണുന്നില്ലല്ലോ? അവരായിരുന്നല്ലോ എപ്പോഴും എന്നോട് അമ്മയുടെ വിശേഷങ്ങൾ കൈമാറിയിരുന്നത്. സദാസമയവും അമ്മയ്ക്കൊപ്പം നിഴലായി ഉണ്ടായിരുന്ന അവർ രണ്ടും എവിടെ? 

ഞാനമ്മയോടു ചോദിച്ചു " എവിടെ അമ്മേ അവർ?" 'അമ്മ പറഞ്ഞു " അവർക്കവരുടെ കാര്യങ്ങൾ ഇല്ലേ മോളേ.... എന്നും എന്നോടൊപ്പം നിൽക്കാൻ കഴിയുമോ?" .   എനിക്കു തെല്ലു സങ്കടം തോന്നി.... 'ഇപ്പോൾ അവർ കൂടി ഉണ്ടായിരുന്നെങ്കിൽ ..' 
എനിക്കു തിരിച്ചു പോവണമെന്നേ ഇല്ലായിരുന്നു. ഓടിയണച്ചു ചെല്ലുമ്പോഴൊക്കെ രണ്ടുദിവസം കൂടി നിന്നിട്ടു പോയാ മതീന്നു പറഞ്ഞു നിർബന്ധിക്കാറുണ്ടായിരുന്ന 'അമ്മ അന്നെന്നെ വേഗം മടക്കിഅയയ്ക്കാൻ  തിടുക്കപ്പെടുന്നതു കണ്ടപ്പോൾ എനിക്കു സങ്കടമായി. ഞാൻ വാശി പിടിച്ചു 
' എനിക്കമ്മയോടൊപ്പം ഈ വീട്ടിൽ കുറേ ദിവസം നിൽക്കണം ' . അമ്മയെന്നെ ആശ്വസിപ്പിച്ചുകൊണ്ട് മടക്കിഅയക്കാൻ തിടുക്കം കാട്ടി. എനിക്കമ്മയോടൊപ്പം നിന്നു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല . ഞാൻ സങ്കടപ്പെട്ടു " എനിക്കു പോവണ്ടാ അമ്മേ..... എന്നെയാരും തിരക്കില്ല...... ഞാനിവിടെ നിന്നോട്ടെ.... ". 
അമ്മയെന്നെ ഓർമ്മപ്പെടുത്തി " നിന്റെ കുഞ്ഞ്..... അവൻ നിന്നെക്കാണാഞ്ഞു കരയില്ലേ...".    എന്റെ നെഞ്ചൊന്നു പിടഞ്ഞു ' എന്റെ കുഞ്ഞ്..... ഞാനവനെ ഉറക്കിക്കിടത്തിയതല്ലേ.... അവനുണർന്നിട്ടുണ്ടാവുമോ..? എന്നെ തിരഞ്ഞു കരയുന്നുണ്ടാവുമോ...." 

അമ്മയെന്നെ കൈപിടിച്ച് യാത്രയാക്കി. ഞാൻ മനസ്സില്ലാമനസ്സോടെ നടന്നു പടിക്കെട്ടിറങ്ങി തിരിഞ്ഞുനോക്കി. 'അമ്മ മുകളിൽ നിന്ന് കൈവീശി ... നിരാശ പടർന്ന എന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു " നാളെ നിനക്ക് യാത്ര പോവേണ്ടതല്ലേ മോളെ.... ഇനി അടുത്ത വരവിനു കാണാം..... "

ഞാനുണരുമ്പോൾ എന്റെ കുഞ്ഞ് എന്റെ കൈത്തണ്ടയിൽ തലവച്ചു കിടന്നുറങ്ങുകയായിരുന്നു. ഞാനവനെ ഉണർത്താതെ മെല്ലെ കൈവലിച്ചെടുത്തു. കൈയെത്തി ടേബിൾലാമ്പ് ഓണാക്കി... എനിക്കും, കുഞ്ഞിനും നാളെ അവന്റെ അച്ഛന്റെ അടുത്തേയ്ക്കു യാത്ര പോവാനുള്ള ടിക്കറ്റും  പാസ്സ്പോർട്ടും അടങ്ങിയ കറുത്ത പേഴ്സ് ആ മേശപ്പുറത്തിരുപ്പുണ്ടായിരുന്നു. എന്റെ മനസ്സ് വർത്തമാനകാലത്തേയ്ക്ക്  മടങ്ങിയെത്തുമ്പോൾ ഞാൻ മനസ്സിലാക്കുകയായിരുന്നു.... ആ യാത്ര.... ആരും അറിയാതെ ഒരു യാത്ര..... എന്റമ്മയുടെ അടുത്തേയ്ക്ക്.... അമ്മക്കെന്നെ വേഗം മടക്കി അയയ്ക്കാൻ തിടുക്കമായിരുന്നു. 

കൺകോണുകളിൽ നനവു പടരുമ്പോൾ ഞാനാ യാഥാർത്ഥ്യം മനസ്സിലാക്കുകയായിരുന്നു..... ' എന്റെ 'അമ്മ എന്നേ യാത്ര പറഞ്ഞുപോയിരുന്നു....ഇനിയും ഒരിക്കലും കാണാൻ കഴിയാത്ത തിരിച്ചു വരാത്ത ലോകത്തിലേയ്ക്ക്.....     
=======================================================Sunday 8 May 2016

അമ്മയെ ഓർമ്മിക്കാൻ...........അമ്മയെ ഓർമ്മിക്കാൻ ഈ ഒരു ദിനം വേണമായിരുന്നോ? 
ഒന്നും വേണ്ട..... ഓരോ ദിനവും ഓരോ ഓർമ്മപ്പെടുത്തലുകളുമായി അമ്മ എന്നും ഒപ്പമുണ്ട്.. 

നേരം പുലർന്നിട്ടും മടി പിടിച്ചെണീൽക്കാൻ കൂട്ടാക്കാതെ കിടന്നുറങ്ങുന്ന ചില ദിനങ്ങളിൽ
 " ഇങ്ങനെ കിടന്നുറങ്ങിയാൽ ക്ഷീണം കൂടുകയേയുള്ളൂ " എന്നോർമ്മിപ്പിച്ചു തന്നിട്ടുള്ള അമ്മ.........    പാറിപ്പറന്ന മുടിയുമായി നടന്നാൽ "ചീവിയൊതുക്കി കെട്ടിവക്കൂ...... " എന്നോർമ്മപ്പെടുത്തുന്ന അമ്മ.....  മുഖമൊന്നു വാടിക്കണ്ടാൽ " എന്തു പറ്റിയെന്നു " ചോദിച്ച് ആശ്വാസവും, ധൈര്യവും പകർന്നു തരുമായിരുന്ന അമ്മ....  പഠനം കഴിഞ്ഞുള്ള തിരിച്ചുവരവിൽ  പതിവുസമയത്തിൽ  അല്പം വൈകിയാൽ ആശങ്കപ്പെട്ട് വാതിൽപ്പടിയിൽ കാത്തുനിൽക്കുമായിരുന്ന അമ്മ.....     ദൂരെയാത്രക്കോ  മറ്റോ ഒറ്റയ്ക്ക് പോവുന്ന സന്ദർഭങ്ങളിൽ " ആരെയും കണ്ണടച്ചു വിശ്വസിക്കരുത്..... അപരിചിതരോട് കൂടുതൽ അടുക്കരുത്.... " എന്നോർമ്മിപ്പിച്ചു  തന്നിട്ടുള്ള അമ്മ.....  തെറ്റും....  ശരിയും എന്തെന്ന് പഠിപ്പിച്ചു തന്ന അമ്മ......  ഇങ്ങനെ എല്ലായ്പോഴും അമ്മ ഓർമ്മകളിലൂടെ മനസ്സിലേക്കോടിയെത്തുകയാണ് .  അങ്ങകലങ്ങളിൽ എവിടെയോ  ആണെങ്കിലും അമ്മയെന്നും അടുത്തുണ്ടെന്ന തോന്നലാണ്. അങ്ങനെയാണല്ലോ നമുക്കോരോരുത്തർക്കും നമ്മുടെ അമ്മമാർ. 
കാപട്യമില്ലാത്ത ആ  സ്നേഹം..... . നാം അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകൾ ക്ഷമിക്കാൻ കഴിയുന്ന മനസ്സ്..... നമ്മുടെ വേദനകളിൽ സങ്കടപ്പെടാനും, നമ്മുടെ വിജയങ്ങൾ കണ്ടാഹ്ലാദിക്കാനും, നമ്മെ  ആശ്വസിപ്പിക്കാനും കാണിക്കുന്ന വ്യഗ്രത......കളങ്കമറ്റ ആ സ്നേഹത്തിനു മുന്നിൽ നാം നമ്മുടെ ദുഖങ്ങളെല്ലാം മറക്കുന്നു.  അതാണ് " അമ്മ " 

ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്നത് -----ഒരമ്മയ്ക്ക് നീതി ലഭിക്കുമോ ?----
എന്ന വാർത്തയിലേക്കാണ്.. ആ അമ്മയ്ക്ക് നീതി ലഭിക്കുമോ?  ആ കുട്ടി ജീവിച്ചിരിക്കുമ്പോഴും ആ അമ്മയ്ക്കോ, മകൾക്കോ നീതി ലഭിച്ചിട്ടില്ല എന്നാണു വാർത്തകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഇത്രയും കഷ്ടപ്പാടുകളിലൂടെയും ആ പെൺകുട്ടിയെ വളർത്തി പഠിപ്പിച്ച് ഇത്രയുമാക്കിക്കൊണ്ടുവന്ന ആ അമ്മ അവളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. അഭിഭാഷകയാക്കുക.... സുരക്ഷിതമായ ഒരു വീട്.... ഇതു രണ്ടും അവരുടെ സ്വപ്നങ്ങളായിരുന്നു...... എന്നിട്ടോ...? 

ഇങ്ങനെ നീതി തേടി എത്രയോ അമ്മമാർ നമുക്കു ചുറ്റുമുണ്ട്..... നാം അറിഞ്ഞും.... അറിയാതെയും....   
സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന ഇത്തരം അക്രമങ്ങൾ തടയാൻ ഇനിയെങ്കിലും നീതിപീഠങ്ങൾ  ഉണർന്നിരുന്നെങ്കിൽ ....... നിയമങ്ങൾ കർക്കശമാക്കിയിരുന്നെങ്കിൽ.......  സ്ത്രീസുരക്ഷ ശക്തമാക്കാനുള്ള നടപടികൾ എടുത്തിരുന്നെങ്കിൽ........ സ്ത്രീകൾക്ക് നിർഭയരായി ജീവിക്കാൻ  കഴിയണം. ഇനിയും ഒരമ്മമാരും ഇതുപോലെ കരളുരുക്കുന്ന വേദനയായി  ഹൃദയം നൊന്ത് ഓരോരുത്തർക്കും മുൻപിൽ വിലപിക്കുന്നത് കാണാൻ വയ്യ.  സന്ദർശകരുടെ തിരക്കാണല്ലോ ആ അമ്മയ്ക്ക്..... ആ അമ്മയെ എന്തു പറഞ്ഞാണ് ഇവരൊക്കെ ആശ്വസിപ്പിക്കുന്നത്. 
" മാതൃദിനം " എന്ന മുൻപേജിലെ  പത്രവാർത്ത കണ്ടപ്പോൾ ആ അമ്മയുടെ മുഖം ആണ് മനസ്സിൽ തെളിഞ്ഞു വന്നത്. അതുകൊണ്ടിത്രയും കുറിച്ചു. ആ അമ്മക്കിനിയെങ്കിലും നീതി ലഭിക്കണേ എന്നു നമുക്ക് പ്രാർത്ഥിക്കാം. 
എല്ലാ അമ്മമാർക്കും ഹൃദയംനിറഞ്ഞ മാതൃദിനാശംസകൾ . 


Thursday 21 April 2016

വിശ്വാസം........ അതാണല്ലോ പ്രധാനം


     അവളന്നു പതിവിലും നേരത്തെ എണീറ്റു കുളിച്ചു. മനസ്സിൽ വല്ലാത്ത ഉണർവും, സന്തോഷവും. വിവാഹത്തിന്റെ നാലാംനാൾ  നവവരനൊപ്പം സ്വന്തം വീട്ടിലേക്ക് വിരുന്നു  പോകയല്ലേ. പുതിയ വീട്ടിലെ എന്തെല്ലാം വിശേഷങ്ങളാണ് അമ്മയോടും, അനിയത്തിയോടും പങ്കുവക്കാനുള്ളത്.    വരനാണെങ്കിൽ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ തലവഴി പുതച്ചുമൂടി നല്ല ഉറക്കം. 
മെല്ലെ  തൊട്ടുണർത്താൻ  നോക്കി  അവൾ പറഞ്ഞു  " എണീൽക്കൂ " 
പുതപ്പിനടിയിൽക്കൂടി തലനീട്ടി അവൻ പറഞ്ഞു " ഒരു പത്തുമിനിറ്റ്  കൂടെ ഉറങ്ങിക്കോട്ടെ " വീണ്ടും തല പുതപ്പിനടിയിലേക്കു വലിച്ചു. 
     അതു കണ്ടപ്പോൾ അവൾക്കു തെല്ലു നിരാശ തോന്നി " ഇങ്ങനെയാണോ വേണ്ടത്? ഇന്ന് ഭാര്യാഗൃഹത്തിലേക്ക്  വിരുന്നിനു വരേണ്ടവൻ  ഉച്ചവരെ കിടന്നുറങ്ങാനാണോ പരിപാടി ".  ഒന്നൂടെ വിളിച്ചാലോ? വേണ്ട.. ....... ഇയാൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ.  രണ്ടുമൂന്നു ദിവസം കൊണ്ട്  ഇയാളുടെ സ്വഭാവം ഒന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പുറമേ ശാന്തപ്രകൃതക്കാരനാണെന്നു തോന്നിച്ചെങ്കിലും  പെങ്ങളുചേച്ചി  ഇടക്കിടെ വലിയ കർക്കശക്കാരനും, ദേഷ്യക്കാരനുമാണെന്ന് ചെവിയിൽ ഓതിക്കൊടുത്തതോർമ്മ വന്നപ്പോൾ വിളിക്കണ്ട തനിയെ എഴുന്നേറ്റു വരട്ടെ എന്നാശ്വസിച്ചുകൊണ്ട് അവൾ അടുക്കളയിലേക്കു നീങ്ങി. 
അവിടെ അമ്മ സ്നേഹപൂർവം നീട്ടിയ ചായവാങ്ങി കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ അമ്മ ഓർമ്മിപ്പിച്ചു " കാപ്പികുടി കഴിഞ്ഞാലുടനെ പുറപ്പെട്ടോളൂ.... ട്ടോ വെയിലുറക്കും മുൻപേ.....  വൈകിക്കണ്ട.... അവനെ വിളിക്കൂ....." 
പിന്നെ അവൾ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം .....അവന്റെയടുത്തേക്ക്.  മുകളിൽ നിന്ന്  ഓർഡർ കിട്ടിയില്ലേ ഇനി ധൈര്യായി വിളിക്കാം.
അല്പം അധികാരത്തോടെ പുതപ്പുവലിച്ചുനീക്കി  അവൾ പറഞ്ഞു " അമ്മ പറഞ്ഞു വേഗം എണീൽക്കാൻ...... വെയിലുറക്കും മുൻപേ പുറപ്പെടാൻ" 
" പുറപ്പെടാനോ...... എങ്ങോട്ട് ? "  അവൻ ഒന്നുമറിയാത്തപോലെ  സാമട്ടിൽ തിരക്കി. 
 "നമ്മൾ ഇന്നു വിരുന്നു  പോവല്ലേ "  :അവൾ
" എങ്ങോട്ട്?" :അവൻ
" ഓ എന്നെപ്പറ്റിക്കല്ലേ .... എന്റെ വീട്ടിൽ നമ്മൾ പോവല്ലേ ഇന്ന് " :അവൾ
അവനല്പം അലസതയോടെ " ഞാനെന്റെ വീട്ടിൽനിന്ന് മാറിനിന്നിട്ടില്ല ഇന്നുവരെ" 
" ഞാനും ഇന്നുവരെ എന്റെ വീടുവിട്ടു നിന്നിട്ടില്ല. ഇപ്പോൾ ഇത്രയും ദിവസം ഞാനെന്റെ അമ്മയെയും, അച്ഛനെയും കാണാതെ നിന്നില്ലേ " അവൾ സങ്കടപ്പെട്ടു. 
" നമുക്കു പോയിട്ട് വൈകിട്ടിങ്ങു മടങ്ങി വന്നാലോ" : അവൻ
അവളുടെ മുഖം മങ്ങി. 
അതുകണ്ട അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു " ഞാൻ ചുമ്മാ പറഞ്ഞതല്ലേ ....  എത്ര ദിവസം നമ്മളവിടെ നിൽക്കണം ... നീ പറയ് "
" മൂന്നുദിവസം" : അവൾ
" ഹോ മൂന്നു ദിവസം...  അറുബോറാവും " : അവൻ
" അപ്പൊ ഞാനിത്രയും ദിവസം നിങ്ങളുടെ വീട്ടിൽ നിന്നതോ " : അവൾ
" അതു നീ പെണ്ണല്ലേ... പെണ്ണുങ്ങൾ അങ്ങനെയല്ലേ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം. അതാണ് നിയമം": അവൻ
" ആണോ?" എങ്കിൽ ആണുങ്ങൾ ഭാര്യാഗൃഹത്തിൽ വിരുന്നുണ്ട്  മൂന്നാലുനാൾ താമസിക്കണമെന്നും നിയമത്തിൽ പറയുന്നത് അറിയില്ലേ?" : അവൾ
 " വന്നുകയറിയതേ  നീ എന്നെ നിയമം പഠിപ്പിക്കാൻ നോക്കയാണോ.... എന്തായാലും രണ്ടുദിവസം നോക്കാം.... അതിൽക്കൂടുതൽ അവിടെത്തങ്ങാനൊന്നും എന്നെക്കിട്ടില്ല "  അവൻ നയം വ്യക്തമാക്കി. 
ആണിന്റെ ഈ ധാർഷ്ട്യം അവൾക്കു തെല്ല് അസ്വസ്ഥത തോന്നിയെങ്കിലും മൌനം അവലംബിച്ചു. " സ്ത്രീ സർവംസഹയാകണമല്ലോ " അവൾ മനസ്സിൽ പറഞ്ഞു. 

    രണ്ടാംസാരിയണിഞ്ഞ് ഒരുങ്ങുമ്പോൾ പെങ്ങളുചേച്ചി  എടുക്കാൻ മേലാത്ത ഒരു മുല്ലപ്പൂമാല  അവളുടെ തലമുടിയിൽ ചാർത്തിക്കൊടുത്തുകൊണ്ട്  പറഞ്ഞു 
" ആ  ആഭരണങ്ങളെല്ലാം ഇങ്ങെടുത്താട്ടെ....  എല്ലാം അണിഞ്ഞു വേണം വിരുന്തിനു ചെല്ലാൻ" 
. ആഭരണപ്പെട്ടി തുറന്നുവച്ച്  പെങ്ങളുചേച്ചി ആദ്യം നെക്ലേസ്  തൊണ്ടക്കുവച്ച് മുറുക്കിക്കെട്ടിക്കൊടുത്തു. ഉമിനീരിറക്കാൻ തെല്ലു പ്രയാസപ്പെട്ട അവൾ പെങ്ങളുചേച്ചിയെ  പിണക്കിയാലുണ്ടാവുന്ന  ഭവിഷ്യത്തോർത്തു മിണ്ടാതെ നിന്നുകൊടുത്തു. പെങ്ങളുചേച്ചി യാതൊരു ദാക്ഷിണ്യവും കൂടാതെ രണ്ടു ലെയർമാലയും, പൂത്താലിമാലയും അടുക്കടുക്കായി കഴുത്തിൽ ചാർത്തിക്കൊടുത്തുകൊണ്ട് അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു 
" തീരെ കനക്കുറവാണല്ലോ ഇതിനൊക്കെ". 
എട്ടുപവന്റെ തൊടലു പോലത്തെ താലിമാല പുറത്തേക്കു വലിച്ചെടുത്തിട്ടിട്ടു ചേച്ചി ഉറക്കെപ്പറഞ്ഞു " ഇപ്പഴാ സ്റ്റൈലായെ... "  .  രണ്ടു  കൈകളിലായി ഇട്ടിരുന്ന വളകൾ ഒന്നിച്ചൊരു കൈയ്യിലാക്കി പുട്ടുകുറ്റി പോലെയാക്കിയെടുത്തു   അവളുടെ മെല്ലിച്ച ഇടത്തെകൈ.... പോരാത്തതിന് വലത്തേകൈയിൽ ഇട്ടിരുന്ന കാപ്പുവളയുടെ കൂടെ ഒരു കൈച്ചെയിൻ കൂടെ എടുത്തണിയിച്ചു പിന്നെ അതിന്റെ പുറത്ത് ഗോൾഡൻ കളറിലെ  പുതിയ വാച്ചും കെട്ടിക്കൊടുത്തുകഴിഞ്ഞപ്പോൾ  ചേച്ചി സന്തോഷത്തോടെ പറഞ്ഞു 
" ഇനിയാരു കണ്ടാലും പഴിക്കില്ല " 
കുളികഴിഞ്ഞു കയറിവന്ന അവൻ തന്റെ നവവധുവിനെക്കണ്ട്  ഞെട്ടി
 " ഇതെന്താ സ്വർണ്ണപ്രദർശനത്തിനു പോവാണോ...... വേണ്ട.... വേണ്ട..... ഈ കോലത്തിൽ ഞാൻ കൊണ്ടുപോവില്ല... എല്ലാം അഴിച്ചുവക്ക്"  അവൻ ഒച്ചവച്ചു.   
" ഈശ്വരാ........ രക്ഷപ്പെട്ടു ..." ആശ്വാസത്തോടെ അവൾ മാലയുടെ കൊളുത്തിൽ കൈവച്ചു. 
" വേണ്ട....... വേണ്ട....... അവനെന്തറിയാം........... നീ അതൊന്നും അഴിക്കരുത്" പെങ്ങളുചേച്ചി വിലക്കി. 
" നടക്കില്ല " അവൻ പറഞ്ഞു.
" എന്ത് നടക്കില്ല" : പെങ്ങളുചേച്ചി
" എന്റെ ഭാര്യ എന്തിടണമെന്നു ഞാനാണ് തീരുമാനിക്കുന്നത്" : അവൻ
" നിന്റെ ഭാര്യയോ. ...... നീ എന്താ എങ്ങാണ്ടൂന്നു  വിളിച്ചോണ്ടു വന്നതാണോ ഇവളെ...  പോയി പണി നോക്കടാ ചെക്കാ.....   " പെങ്ങളുചേച്ചിയുടെ തിരിച്ചടിയിൽ അവന്റെ നാവിലെ വെള്ളം പറ്റി.
എന്തുചെയ്യണമെന്നറിയാതെ  വിഷണ്ണയായി നിന്ന അവളെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു " അവനെന്തറിയാം........ മോളതൊന്നും  ഊരിവക്കണ്ട. പുതുപ്പെണ്ണല്ലേ.... എല്ലാരും ശ്രദ്ധിക്കും...... എല്ലാരും കാണട്ടെ " 
      
     അവൻ  ചുവപ്പുമാരുതി800ന്റെ  ചാവിയും കറക്കി  മുറ്റത്തേക്കിറങ്ങി. തുണികൾ അടുക്കിവച്ച  സൂട്ട് കേസ്  പെങ്ങളുചേച്ചി അവളുടെ കൈയ്യിൽ പിടിപ്പിച്ച് പറഞ്ഞു " പോയി വരൂ" . 
മുറ്റത്തേക്ക്  ഇറങ്ങുമ്പോൾ അയല്പക്കത്തെ രണ്ടു സ്ത്രീകൾ കാഴ്ചക്കാരായി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.   അവർക്കു നടുവിലൂടെ അവൾ മന്ദം മന്ദം സൂട്ട് കേസും കയ്യിലേന്തി നടക്കുമ്പോൾ  'താനൊരു പ്രദർശനവസ്തുവാണോ' എന്നൊരു സംശയം അവളുടെ മനസ്സിലുദിക്കാതിരുന്നില്ല.  ആ സ്ത്രീകൾ അവളെ അടിമുടി ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നിട്ടും അത് കാണാത്ത ഭാവത്തിൽ അവൾ അവനു പിറകെ കാറിൽ കയറാനായി നടക്കുമ്പോൾ അമ്മയും, പെങ്ങളുചേച്ചിയും അല്പം ഗമയോടെ ആ സ്ത്രീകളോടായി  പറഞ്ഞു " കുട്ടികൾ വിരുന്തു പോവാ..." . 
അവർ കാറിൽ കയറി കൈ വീശി യാത്രയായി. 
നവവരൻ  റാഡോ വാച്ചും, കല്ലുവച്ച  മോതിരവുമിട്ട കൈകൾ കൊണ്ട് സ്റ്റിയറിങ്ങിൽ ഒരു പ്രത്യേക സ്റ്റൈലിൽ  പിടിച്ചുകൊണ്ട് വധുവിനെ കടക്കണ്ണാൽ  നോക്കി. ഫ്രണ്ട് സീറ്റിൽ അവനോടൊപ്പം ഇടത്തേ സൈഡിൽ ഇരിക്കുമ്പോൾ തങ്ങളുടെ സീറ്റുകൾ തമ്മിൽ ഒട്ടും അകലമില്ലാത്തതുപോലെ  അവൾക്കു തോന്നിച്ചു. കാറ് മുന്നോട്ടു നീങ്ങുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി...... അവൻ തിരിച്ചും.....  രണ്ടുപേരും ചിരി...... അല്പം ഉച്ചത്തിലായ ചിരി....  ചിരി തെല്ലോന്നടങ്ങിയപ്പോൾ  അവൾ ചോദിച്ചു " എന്തിനാ ചിരിച്ചേ"
  അവൻ ചോദിച്ചു " നീ എന്തിനാ ചിരിച്ചേ" 
അവൾ പറഞ്ഞു " ആ എനിക്കറിയില്ല" 
രണ്ടുപേരും വീണ്ടും ചിരി.
തെല്ലുദൂരം  പിന്നിട്ടപ്പോൾ അവൻ മെല്ലെ പറഞ്ഞു " നീ ആ മാലയെല്ലാം അഴിക്ക്" 
അവൾ തെല്ലു ശങ്കയോടെ അവന്റെ മുഖത്തേക്ക് നോക്കി.   അവൾ ചോദിച്ചു " അഴിച്ചു ഞാനെന്തു ചെയ്യും ?" 
അഴിച്ചെടുത്തു  ബാഗിൽ വക്കൂ അതിനല്ലേ നിന്റെ കൈയ്യിൽ ബാഗുള്ളത്"  ഇതൊരുമാതിരി സ്വർണ്ണക്കടയുടെ  പരസ്യംമാതിരി.... കാണുന്നവർ എന്നെയെ പഴിക്കൂ.... നീ വേഗം അതെല്ലാം അഴിച്ചു വെക്കൂ താലിമാല മാത്രം കഴുത്തിൽ മതി. : അവൻ 
" എങ്കിൽ ഒരു കാര്യം ചെയ്യൂ.... വണ്ടി തെല്ലു സ്പീഡ് കുറയ്ക്കുമോ?" : അവൾ 
" ഓ പിന്നെന്താ..."  അവൻ ഫോർത്തുഗിയറിൽ നിന്ന് തേർഡിലേക്ക്  ഡൌൺ ചെയ്തുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി. 
 അവൾ ആഭാരണാദികൾ  ഓരോന്നായി അഴിച്ചെടുത്ത് ബാഗിൽ വച്ചു ദീർഘശ്വാസം വിട്ടു. പിന്നെ വളകൾ ഓരോന്നായി അഴിച്ചു ബാഗിൽ വച്ച് സ്വതന്ത്രയായി കൈകൾ ഉയർത്തി. സ്വതന്ത്രമായ അവളുടെ കൈ അവൻ സാവകാശം അവന്റെ കൈകൾക്കുള്ളിലാക്കി സീറ്റിൽ അമർത്തിപ്പിടിച്ചു . 
കൈകൾ വലിച്ചുകൊണ്ട് അവൾ അവനെ ഓർമ്മപ്പെടുത്തി " നിങ്ങൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ" 
വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ അവൾ പറഞ്ഞു " എനിക്കാകെ ടെൻഷൻ.... നിങ്ങൾ എന്റെ വീട്ടിലേക്കു വരികയല്ലേ. നിങ്ങൾക്ക് ഞങ്ങളുടെ  രീതികൾ ഒക്കെ ഇഷ്ടമാവുമോ ?" 
 " എന്താണ് നിങ്ങളുടെ രീതികൾ?" : അവൻ
" ഒക്കെ വന്നു കണ്ടു മനസ്സിലാക്കിയാൽ മതി.... ഞാനൊന്നും പറഞ്ഞു തരില്ല..."  :അവൾ അതുപറഞ്ഞു ചിരിച്ചു... അതു കേട്ട അവനും ചിരിച്ചു.
തെല്ലുദൂരം പിന്നിട്ടപ്പോൾ അവൾ അവനോട്: എനിക്കൊരു  ജ്യൂസ് വാങ്ങിത്തരുമോ?" 
അവൻ ചോദിച്ചു " അതു വേണോ? വീട്ടിൽച്ചെന്നു കുടിച്ചാൽ പോരെ?" 
സംശയത്തോടെ അവളവന്റെ  മുഖത്തേക്ക് നോക്കി. "നവവധു  ആദ്യമായി ആവശ്യപ്പെടുന്ന ഒരു കാര്യം സാധിച്ചുതരാൻ  മടിക്കുന്ന ഇവൻ ആളു ശരിയല്ല"  അവൾ മനസ്സിൽ പറഞ്ഞു. 
" പുറത്തുനിന്നും  ഒന്നും കഴിക്കുന്നത് എനിക്കിഷ്ടമല്ല... അതെന്റെ ശീലമായിപ്പോയി" :  അവൻ  
അവൾക്കു തെല്ലു നിരാശ തോന്നിയെങ്കിലും പുറത്തുകാട്ടാതെ അവൾ പറഞ്ഞു
" എങ്കിൽ ഒരു മെഡിക്കൽഷോപ്പിനു  മുൻപിൽ നിറുത്തുമോ " 
" എന്തു പറ്റി?" : അവൻ
" തലവേദന ": അവൾ
അവൻ അവളുടെ നെറ്റിയിൽ ഇടത്തേ കൈകൊണ്ട്  തടവി പറഞ്ഞു 
" നിർത്താമല്ലോ"
       വഴിയിൽ കണ്ട മെഡിക്കൽഷോപ്പിനു മുന്നിൽ വണ്ടിനിർത്തി 
50രൂപാനോട്ട്  അവളുടെ കൈയ്യിൽ കൊടുത്തിട്ട് അവൻ പറഞ്ഞു " ഗുളിക വാങ്ങിവരൂ.... ഞാൻ വെയിറ്റ് ചെയ്യാം" 
അവൾ സാവകാശം ഡോർ തുറന്ന് വെളിയിലിറങ്ങി മെഡിക്കൽഷോപ്പിലേക്ക്  കയറിച്ചെല്ലുമ്പോൾ  ചിലരൊക്കെ അവളെ നോക്കിക്കൊണ്ടു നിൽപ്പുണ്ടായിരുന്നു.  'പട്ടുസാരിയും, മുല്ലപ്പൂമണവും ആകെ പുതുമണവാട്ടിയുടെ ലക്ഷണങ്ങൾ '  എന്തായാലും ആഭരണാദികൾ അഴിച്ചു വപ്പിക്കാൻ  നവവരനു തോന്നിയ ബുദ്ധിയോർത്ത് അവൾ ആശ്വസിച്ചു. അല്ലെങ്കിൽ ഇവിടെയും താനൊരു പ്രദർശനവസ്തുവാകേണ്ടി  വന്നേനെ അവൾ ചിന്തിച്ചു. 
തലവേദനക്കുള്ള ഗുളികവാങ്ങി  തിരിച്ചുവന്ന അവൾ ആകെ പരിഭ്രമിച്ചു. തന്നെ ഇവിടിറക്കിവിട്ട  നവവരന്റെ പൊടിപോലും കാണാനില്ല. " ഈശ്വരാ!!! താൻ ചതിക്കപ്പെട്ടോ " അറിയാതെ അവൾ തലയിൽ കൈവച്ചു ഒരു നിമിഷം നിന്നു.  അല്പം മുന്നോട്ടു നടന്നുനോക്കി.... ഇല്ല.... അയാളുടെ പൊടിപോലും കാണാനില്ല....  സ്വല്പം പിറകോട്ടു നടന്നു നോക്കി.... ഇല്ല ഇവിടെയുമില്ല..... "ഉറപ്പ് താൻ കബളിക്കപ്പെട്ടിരിക്കുന്നു " അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അവളവിടെത്തന്നെ  ആ നിൽപ്പ് നിന്നു. ചുരുട്ടിപ്പിടിച്ചിരുന്ന  ഇടത്തേകൈകൾ വിടർത്തി  അവളതിലേക്ക് നോക്കി 4 ഗുളികയും പിന്നെ ബാക്കി പത്തിന്റെ നാലുനോട്ടും, ഒരു അഞ്ചു രൂപനോട്ടും. അവൾ സ്വയം ചോദിച്ചു " ഇനി ഞാനെന്തു ചെയ്യും? " (മൊബൈൽ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലം സങ്കൽപ്പിക്കൂ.... ) 
അവൾ കണ്ടു ' തൊട്ടുമുന്നിൽ  കാക്കിക്കുപ്പായം .... ട്രാഫിക് പോലീസ്'  ' അയാളോടു പരാതിപ്പെട്ടാലോ.... നിയമപാലകനല്ലേ..  ഒരുവേള അവളൊന്നു ചിന്തിച്ചു " ഛെ..... അയാളോടു താനെന്തു പറയും..  രണ്ടുനാൾ മുന്നേ തന്നെ വിവാഹം ചെയ്ത ആൾ ഇവിടെ ഉപേക്ഷിച്ചു പോയെന്നോ.... നാണക്കേട്.... വേണ്ട..."  ഇതെങ്ങനെ വീട്ടിൽ അറിയിക്കും? അവൾ മെല്ലെ ഇടത്തേ സൈഡിലേക്ക് നോക്കി...... ഉവ്വ്..... അവൻ തന്നെ..... അങ്ങുദൂരെനിന്നേ കൈവീശി ഓടിവരുന്നുണ്ടായിരുന്നു . അവളുടെ മനസ്സ് തണുത്തു.... ദീർഘശ്വാസം  വിട്ടു. ഈശ്വരനു നന്ദി പറഞ്ഞു.  എന്നിട്ടും അവളോർത്തു " ഇവനെന്തിനാ  ഇത്രേം പിറകീന്നോടി വരുന്നേ..... " അവൻ കയ്യാട്ടി വിളിച്ചു.... അവൾ വേഗം നടന്നുചെന്നു. 
അവന്റെ അടുത്തെത്തുമ്പോൾ അവൾ കിതക്കുകയായിരുന്നു. അവനാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ ധൃതി കൂട്ടി  " വേഗം....... വേഗം..... വണ്ടിയിൽക്കയറൂ..." 
അവന്റെ ധൃതിയും, വെപ്രാളവും കണ്ട അവൾ ചോദിച്ചു " എന്താ" 
അവൻ പറഞ്ഞു " പോലീസ്" 
അവൾ കയറിയതും വേഗം വണ്ടി മുന്നോട്ടെടുത്തു അവൾ വീണ്ടും അന്തം വിട്ടിരുന്നു ഈശ്വരാ!! താൻ കബളിക്കപ്പെട്ടിരിക്കയാണോ? ഇവനെന്തിനു പോലീസിനെ കണ്ടു ഭയക്കണം? അപ്പോൾ ഇവൻ?????  നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു നീറി. 
കുറച്ചു മുൻപോട്ടു ചെന്നതും വണ്ടിയുടെ സ്പീഡ് കുറച്ച് അവൻ അവളെ വിളിച്ചു " നീ എന്താ ഒന്നും മിണ്ടാത്തെ" 
അവൾ ചോദിച്ചു " നിങ്ങൾ എന്തിനാണ് പോലീസിനെ ഭയക്കുന്നെ?" 
അവൻ പറഞ്ഞു " ഓ അതോ ........ ലൈസൻസ് കിട്ടിയിട്ടില്ല...... പോലീസിനെക്കണ്ട് ഞാൻ വണ്ടി പുറകോട്ടു നീക്കിയിട്ടതാണ്. പിടിച്ചാൽ ഫൈൻ അടിക്കും.  
   അവൾ ആശ്വാസം കൊണ്ടു ഒപ്പം ചെറിയ ഒരു കുറ്റബോധം മനസ്സില് " ദൈവമേ ഇത്രയും സമയത്തിനുള്ളിൽ ഇവനെപ്പറ്റി എന്തെല്ലാം ചിന്തിച്ചുകൂട്ടി"
അത് പുറത്തു പ്രകടമാക്കാതെ അവൾ പറഞ്ഞു " വേഗം ലൈസൻസ് എടുക്കൂ...... ഇല്ലാതെ നിങ്ങളോടൊപ്പം ഇനി ഞാനെങ്ങും വരില്ല...... ഇല്ലെങ്കിൽ ഇതുപോലെ നിങ്ങളെന്നെ വഴിയിലിട്ടിട്ടു പോവില്ലേ " 
അവൻ ചിരിക്കുമ്പോൾ അവൾക്കു സങ്കടവും, ദേഷ്യവും വന്നു. അവൾ പറഞ്ഞു " നിങ്ങളെന്നെ ഇട്ടിട്ടുപോയി എന്നാണു ഞാൻ കരുതിയത് " 
അതുകേട്ട അവൻ നിറുത്താതെ ചിരിച്ചു. അവൻ മനസ്സില് പറഞ്ഞു " ഇവൾ ഒരു പൊട്ടിപ്പെണ്ണ്  തന്നെ.  അവൾ സങ്കടപ്പെട്ടിരിക്കുന്നതു കണ്ട അവൻ പറഞ്ഞു " ഒരു വല്യ തൊടലിട്ട്  എന്നെ ബന്ധിച്ചിരിക്കയല്ലേ.... ഇനിയിപ്പം ഇതിട്ടേച്ചു ഞാനെവിടെപ്പോവാൻ?"  ജീവിതകാലം മുഴുവൻ ഈ തൊടൽ എന്റെ കഴുത്തിലുണ്ടാവില്ലേ "  അതു പറഞ്ഞു അവൻ ചിരിച്ചു. അവൾ അപ്പോൾ മനസ്സില് ആശ്വാസം കൊള്ളുകയായിരുന്നു " ഇവൻ  സ്നേഹമുള്ളവൻ തന്നെ..... ഇവനെ വിശ്വസിക്കാം... 

 വിശ്വാസം.......... അതാണല്ലോ പ്രധാനം.........  "പരസ്പരവിശ്വാസം " അതാണല്ലോ ദാമ്പത്യത്തിന്റെ അടിത്തറയും. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


Friday 1 April 2016

കാലൊച്ച

പ്രിയ കൂട്ടുകാരെ,
"അഭിരാമം" കൂട്ടായ്മയിൽ അയച്ചുകൊടുത്ത ഒരു കഥയാണിത്. നിങ്ങൾക്ക് വായിക്കാനായി ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു. വായിച്ചഭിപ്രായം അറിയിക്കുമല്ലോ? 

  
പുറത്തു മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു.  വെളിച്ചം മിന്നിയും, അണഞ്ഞും നിന്നു.  ചെറിയൊരു മിന്നലിലും, അതിനെത്തുടർന്നൊരു ഇടിമുഴക്കത്തിന്റെയും വരവോടെ  വെളിച്ചം നിശ്ശേഷം പോയി. മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചം മാത്രം മുറിയിലൊക്കെയും. " ഇന്നിനി കറന്റ് വരുമെന്ന് തോന്നുന്നില്ല " അമ്മായിയുടെ വാക്കുകൾ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം മായിച്ച് പകരം ഭയത്തിന്റെ നിഴൽ  വീഴ്ത്താൻ തുടങ്ങി.  കിടക്കാൻ ചേച്ചിമാർ ആകുന്നത്ര നിർബന്ധിച്ചു വിളിച്ചിട്ടും അവർക്കൊപ്പം ചെല്ലാൻ കൂട്ടാക്കാതെ അമ്മയുടെ മുണ്ടിൻതുമ്പിൽ തൂങ്ങിനടന്നു. 

സ്വീകരണമുറിയിലെ  ജനാലക്കരികിൽ അതിഥികൾക്കായി ഒരുക്കിയിട്ടിരിക്കുന്ന ചെറിയ കട്ടിലിൽ അമ്മയെ ചേർന്നിരിക്കുംപോഴും വല്ലാത്ത ഭയം. പോരാത്തതിന് നല്ല തണുപ്പും.  അമ്മായി നല്ലകട്ടിയുള്ള പുതപ്പുമായി വന്നു " വല്ലാത്ത മഴ തന്നെ ഇത്തവണത്തെ കാലവർഷം  അതിശക്തമാണെന്നു  തോന്നുന്നു " എന്ന   അമ്മയുടെ വാക്കുകൾ അമ്മായിയും ശരിവച്ചു.  

അമ്മായി തെല്ലുനേരം  അമ്മയുമായി എന്തൊക്കെയോ വിശേഷങ്ങൾ കൈമാറിയിട്ട് " ഉറങ്ങാൻ പോവുന്നു " എന്നു പറഞ്ഞുകൊണ്ട് അരണ്ടവെളിച്ചത്തിൽ അങ്ങേ മുറിയിലേക്ക് നടന്നുപോയി. അമ്മ നല്ലോണം പുതപ്പിച്ചുതന്ന ശേഷം കട്ടിലിൽ കാൽനീട്ടിയിരുന്ന് കണ്ണടച്ചുപ്രാർത്ഥിച്ചു .   പിന്നെ വിളക്കണച്ച് അമ്മയും  കിടന്നു. എങ്ങും ഇരുട്ട്..... കുറ്റാക്കുറ്റിരുട്ട്....  അതുവരെ ഉണ്ടായിരുന്ന ശബ്ദങ്ങളെല്ലാം നിന്നപോലെ . ആ വല്ലാത്തനിശബ്ദത  ഒന്നൂടെ ഭയത്തിന്റെ ആക്കംകൂട്ടിയപ്പോൾ അമ്മയെ ചേർന്നുകിടന്നു. കണ്ണുകൾ ഇറുകെയടച്ചു. ചെറിയ ഒരു മയക്കത്തിൽനിന്ന് ഉണർത്തിയത്  ഒരു കാലൊച്ചയാണ് .  മുറ്റത്തൂടെ മെല്ലെ നടന്നുവരുന്ന  കാലൊച്ച.. തോന്നലാവുമോ?  ഒന്നൂടെ 
ചെവികൂർപ്പിച്ചു.  മഴ തെല്ലൊന്നു ശമിച്ചിരുന്നു. താളത്തിലുള്ള അമ്മയുടെ കൂർക്കംവലിശബ്ദത്തെ മറി കടന്ന് ആ കാലൊച്ച  വീണ്ടും..... 
മുറ്റത്തൂന്ന് കയറുന്ന  വാതിൽപ്പടിയിൽ കാലുകൾ ചവിട്ടിത്തൂത്ത് തട്ടിക്കുടയുന്ന ശബ്ദ്ം...  
 "അമ്മേ..... അമ്മേ....."  അമ്മയെ വിളിച്ചുണർത്താനുള്ളശ്രമം പുറത്തെക്കുവന്നതു 
ചെറിയചിണുങ്ങലിന്റെ പരുവത്തിൽ ...

അമ്മ മെല്ലെമുതുകിൽത്തട്ടി ഉറക്കാൻ ശ്രമിക്കുംമ്പൊൾ  വീണ്ടുംചിണുങ്ങി 
" അമ്മേ... " അമ്മ മൂളി  വിളി കേട്ടു.
 "ഒരുശബ്ദം". 
അമ്മ കുറച്ചു നേരം കാതോർത്തു " ഒന്നുമില്ല ... ഒക്കെ തോന്നലാ ..... 
ഉറങ്ങിക്കോ....." അമ്മ വീണ്ടും  മുതുകിൽ മെല്ലെ താളംപിടിച്ചു. 
ചെവി കൂർപ്പിച്ചു......... ഇല്ല..... ഇപ്പോൾ ശബ്ദം കേൾക്കുന്നേയില്ല . അമ്മയുടെ അടുത്തേക്ക് ഒന്നൂടെ ചുരുണ്ടുകൂടി. 

വീണ്ടും അമ്മയുടെ താളത്തിലുള്ളകൂർക്കംവലി.  " ഈ അമ്മ എത്ര വേഗമാ ഉറങ്ങുന്നെ" സങ്കടം ആത്മഗതമായി. ഒന്നൂടെ അമ്മയെ പറ്റിച്ചേർന്ന് അമ്മയുടെ വലത്തേ കൈ എടുത്ത് ചുറ്റിപ്പിടിപ്പിച്ചു ചേർന്നുകിടന്നു.  വീണ്ടും...... അമ്മയുടെ കൂർക്കംവലിശബ്ദത്തെ മറികടന്ന് ആ കാലൊച്ച.....
മുറ്റത്തെ ചരൽ ഞെരിഞ്ഞമരുന്ന ശബ്ദം.....  മുൻവശത്തെ പടിയിൽ കാൽചവിട്ടിക്കുടയുന്ന ശബ്ദം...... " അമ്മേ...... അമ്മേ.... " ആവുന്നത്ര ശബ്ദംഉയർത്തി അമ്മയെ വിളിച്ചുണർത്താനുള്ള ശ്രമം വിഫലമാവുംപോലെ...... എത്ര ശ്രമിച്ചിട്ടും ശബ്ദം തൊണ്ടയിൽക്കുരുങ്ങി ശ്വാസം മുട്ടുന്നു....   പുതപ്പിനിടയിൽക്കൂടി നോക്കി.... ഇരുട്ട്.... ഇരുട്ട് മാത്രം. വീണ്ടും  കണ്ണുകൾ ഇറുകെ അടച്ചുപിടിച്ച് ഉറങ്ങാനൊരു ശ്രമം.... അതെ ആ കാലൊച്ച തന്നെ.... പതിഞ്ഞ കാലൊച്ച.... അതടുത്തടുത്തു വരുന്നു.... 
കറുകറുത്ത ഇരുട്ടിൽ ഒരു നിഴൽ ... തങ്ങൾ കിടക്കുന്ന കട്ടിലിന്റെ അരികിലേക്ക് ..... 
ആ നിഴലിനു വല്യച്ചനുമായി നല്ല സാമ്യം. ആ നിഴൽ കൈകൾനീട്ടി തന്റെ നെറുകയിൽ തലോടുമ്പോൾ 
" അമ്മേ...... അമ്മേ ...... കഴിയുന്നത്ര ശ്വാസം എടുത്ത് ഉറക്കെ അമ്മയെ വിളിച്ചുണർത്താൻ നടത്തുന്ന ശ്രമങ്ങളത്രയും വിഫലം....  എന്തായിരുന്നു  അപ്പോൾ മനസ്സിൽ? വാശിയോ... ഭയമോ...? ആഞ്ഞ് ആ കൈകളിൽ ബലമായി മുറുകെപ്പിടിച്ചുവലിച്ചു...... ബലാബലം..... അങ്ങോട്ടും... ഇങ്ങോട്ടും.... ആരാണ്   ജയിച്ചത് ?

കണ്ണു തുറക്കുമ്പോൾ എപ്പോഴോ കറന്റ് വന്നിരുന്നതാവാം ലൈറ്റ് ഇട്ട് അമ്മയും, അമ്മായിയും അടുത്ത്.   "കവിളിൽ തട്ടി എന്ത് പറ്റി" എന്ന അമ്മയുടെ ചോദ്യത്തിന് മറുപടി ഏങ്ങലടിയായിരുന്നു. അപ്പോഴും ബലമായി ചുരുട്ടിപ്പിടിച്ചിരുന്ന വലത്തേ കൈപ്പത്തി പിടിച്ച് അമ്മ ചോദിച്ചു " എന്താ നിന്റെ കൈയ്യിൽ?" .  അമ്മായി കൈയ്യിൽ കടന്നു പിടിച്ച് പറഞ്ഞു " കൈ തുറന്നെ... നോക്കട്ടെ.." കൈ മുറുകെ മടക്കിപ്പിടിച്ചു കരയുന്നതിനിടയിൽ എപ്പോഴോ
 പറഞ്ഞു " വല്യച്ചൻ" . അതു കേട്ടതും അമ്മായി മുറിക്കകത്തേക്കോടി. 
അമ്മ  മെല്ലെ കൈയ്യിൽ പിടിച്ച് കൈപ്പത്തി   നിവർത്തി നോക്കി..... കൈക്കകം ശൂന്യം .... അമ്മ സംശയത്തോടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ അമ്മായി ഭസ്മവുമായി ഓടിയെത്തി നെറ്റിയിൽ വാരിപ്പൂശി. ഒച്ചകേട്ട് വല്യമ്മച്ചി  ബദ്ധപ്പെട്ട് എണീറ്റു നടന്നു വന്നു. കാര്യം തിരക്കിയ വല്യമ്മച്ചി നെറുകയിൽ മെല്ലെ തലോടിത്തരുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു " കണ്ടു മതിയായില്ലേ... ഇനി പൊയ് ക്കൂടെ " 
കമഴ്ന്നുകിടന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോഴും അറിയാതെ ഏങ്ങലടിച്ചു കൊണ്ടിരുന്നു .... അമ്മ ചെവിയിൽ മന്ത്രിച്ചു " ഇനിയാരും വരില്ലാട്ടോ കരയാതുറങ്ങിക്കോ.


ഗീതാ ഓമനക്കുട്ടൻ 

*******************************************************************************


Saturday 9 January 2016

ശശികല തിരക്കിലാണ്രാവിലെയുള്ള ജോലി കഴിഞ്ഞാൽ വല്ല മാസിക വായിച്ചും, സീരിയലു കണ്ടും, ഉറങ്ങിയും സമയം കളഞ്ഞിരുന്ന ശശികല ഇപ്പോൾ വളരെ തിരക്കിലാണ്.... എന്നു പറഞ്ഞാൽ തിരക്കോടു തിരക്ക്.
വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേറ്റ് ശടപടാന്നു ജോലികൾ തീർത്ത് നടുവ് ഒന്നു നിവർക്കാനായി ഒരു ഗ്ലാസ്സ് ചായയുമായി സോഫയിലോട്ടു വന്നിരുന്നതും  ഒരേയൊരു സന്തതിയായ കുഞ്ഞുണ്ണി കുളിമുറീന്നു  നീട്ടി വിളിച്ചു " അമ്മേ..... സോപ്പ് തീർന്നു.." .  കുഞ്ഞുണ്ണി ഷവർ ഫുൾ സ്പീഡിലിട്ടു  അതിന്റെ കീഴെ വീഗാലാണ്ടിലെ വെള്ളച്ചാട്ടത്തിനു കീഴെ നിൽക്കുംപോലെ വെള്ളം തെറിപ്പിച്ചുള്ള ചാട്ടത്തിൽ സോപ്പുമായിച്ചെന്ന ശശികലയുടെ മേലു മുഴുവൻ നനഞ്ഞു. ശശികല അവനു നേരെ കയ്യോങ്ങി പറഞ്ഞു " നീ ഇവിടെ തുള്ളിച്ചാടി നിന്നോ... സ്കൂൾ വാനിപ്പം ഇങ്ങെത്തും...." .
ശശികല ദിനപ്പത്രവുമെടുത്ത്‌ വീണ്ടും ചായ മോന്തിക്കൊണ്ട്‌ സോഫയിൽ വന്നിരുന്നു. പത്രവാർത്തകളിലൂടെ  ഒന്നു കണ്ണോടിക്കുമ്പം വീണ്ടും  കുഞ്ഞുണ്ണിയുടെ വിളി " അമ്മേ... എന്റെ സോക്സ്‌..." ശശികലക്ക് ദേഷ്യം വന്നു " നിന്റെ യൂണിഫോമും  സോക്സും കണ്മുന്നിൽ എടുത്തു വച്ചേക്കുന്ന കണ്ടില്ലേ ". രണ്ടുമിനിട്ട് കഴിയുമ്പം വീണ്ടും വിളി " അമ്മേ... എന്റെ ബാഡ്ജു കണ്ടോ?"
കുഞ്ഞുണ്ണിക്ക്  ടിഫിൻ എടുത്തു വച്ചുകൊണ്ട് അടുക്കളയിൽ നിൽക്കുകയായിരുന്ന ശശികല ഒച്ച ഉയർത്തിപ്പറഞ്ഞു " പിന്നെ നിന്റെ ബാഡ്ജ് അമ്മയെടുത്തു വച്ചേക്കുവല്ലേ അമ്മക്ക് തയ്യൽ ക്ലാസ്സിൽ പോവുമ്പം കഴുത്തിൽ തൂക്കിയിട്ടു പോവാൻ ഒന്നു പോ ചെറുക്കാ... നീ ഇന്നലെ സ്കൂളിൽ നിന്നു വന്ന് എങ്ങോട്ടാ എറിഞ്ഞേ..  ചെന്ന് നോക്കി കണ്ടുപിടിക്ക്"  പെട്ടെന്നാണ് ശശികല താൻ പറഞ്ഞ അബദ്ധത്തെപ്പറ്റി ഓർത്തത്‌. എല്ലാവരോടും ഇത് തയ്യൽ ക്ലാസ്സല്ല എന്നു തർക്കിക്കുന്ന തന്റെ തന്നെ വായിൽ നിന്ന്‌ അറിയാതെ അതേ വാചകം തന്നെയാണ് എപ്പോഴും വരാറ്. അത് മാറ്റിയെടുക്കണം താൻ തന്നെ തന്നെ പറഞ്ഞു പഠിപ്പിക്കണം ' ഇത് വെറും തയ്യൽ ക്ലാസ്സല്ല വലിയൊരു കോഴ്സ് " ഫാഷൻ ഡിസൈനിങ്ങ്" '. സ്വയം പറഞ്ഞു ശീലിച്ചില്ലേൽ എപ്പോഴും നാവിൻ തുമ്പത്ത് തയ്യലെന്നേ വരൂ... ശശികല മനസ്സിൽ കുറിച്ചിട്ടു.
തലേന്ന് രാത്രി ഉറക്കളച്ചിരുന്നതിന്റെ തെല്ലു ക്ഷീണവുമുണ്ട്  ശശികലക്ക്. കുഞ്ഞുണ്ണിയുടെ
 
ഇൻസ് ട്രമെന്റ് ബോക്സ്‌ എടുത്തു വച്ച് സർക്കിളും, സെമിസർക്കിളും, സ്ക്വയറും, റെക്ടാങ്കിളും എല്ലാം വരച്ച് കളറു ചെയ്തു വച്ചപ്പം തന്നെ പന്ത്രണ്ടര മണി.  'ഫാഷൻ ഡിസൈനിങ്ങിന്റെ ഹോം വർക്കുകൾഇത് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒന്നു രണ്ടു തവണ കുഞ്ഞുണ്ണി ശശികലയെ കളിയാക്കുന്നുമുണ്ടായിരുന്നു  " അമ്മക്ക് വേറെ പണിയില്ലേ.. വയസ്സാൻ കാലത്ത്.." ശശികല അവനോടു ദേഷ്യപ്പെടുകയും ചെയ്തു അപ്പോൾ " നീ പോടാ എനിക്ക് വയസ്സായീന്നാര് പറഞ്ഞു ഇന്നലെ ടീവീൽ കണ്ടതാ എണ്‍പതു കഴിഞ്ഞ ഒരു അപ്പച്ചൻ  ബി എ പാസ്സായി ഇനി എം എ യ്ക്കു ചേരാൻ പോവുന്നു എന്ന്‌.  പഠിത്തത്തിനു പ്രായം ഒരു പ്രശ്നമേയല്ല".
പണ്ടെന്നോ ഒരു കൈനോട്ടക്കാരൻ പറഞ്ഞ " ഉയർന്ന പദവിയിലെത്താനുള്ള യോഗം" ഒരു പക്ഷേ ഈ വഴിക്കാകാം എന്നാണു ശശികല ചിന്തിക്കുന്നത്. അല്ലേൽപിന്നെ ഈ മുപ്പത്തേഴാം വയസ്സിൽ ഇങ്ങനെയൊരു കാര്യത്തിനിറങ്ങാൻ യോഗമുണ്ടായത്‌ അതും ശശികലയുടെ കൂട്ടുകാരി രജനി മുഖേന.
ശശികലയുടെ ഗൾഫിലുള്ള  ഭർത്താവ് ശശാങ്കേട്ടൻ സമ്മതം മൂളുവോന്നുള്ള ഒറ്റ സംശയമേ ശശികലക്കുണ്ടായിരുന്നുള്ളൂ. ആ കടമ്പ കടന്നു കിട്ടി. " ഫാഷൻ ഡിസൈനിങ്ങൊ എന്തു കുന്തമെങ്കിലുമാവട്ടെ  നീ പോയി പഠിക്ക്... നിന്റെ ടെൻഷൻ കുറച്ചൊന്നു കുറയട്ടെ" ഇതായിരുന്നു ശശാങ്കന്റെ പ്രതികരണം.
ഇപ്പം ശശികലക്ക് കാലേ കുത്തിയൊന്നു നിൽക്കാൻ നേരം ഉണ്ടായിട്ടു വേണ്ടേ ടെൻഷൻ അടിക്കാൻ.  ഇഡ്ഡലി പ്ലേറ്റിലെക്കെടുത്തു വച്ച് ശശികല വിളിച്ചു " മോനേ വന്നീ ഇഡ്ഡലി കഴിക്കെടാ..... അമ്മക്ക് പുറകെ കൊണ്ടുനടന്നു തീറ്റിക്കാൻ സമയമില്ലേ".
"
അമ്മക്ക് പിന്നെന്താ ജോലി?"  കുഞ്ഞുണ്ണിയുടെ ചോദ്യവും നില്പും കണ്ട ശശികല അമ്പരന്നു.... മനസ്സിൽ കരുതുകയും ചെയ്തു " ദൈവമേ ഈ ചെക്കന്റെയൊരു നിൽപ്പു കണ്ടില്ലേ പിറകിൽ കയ്യും കെട്ടി പോലീസ് കള്ളനെ ക്വസ്റ്റ്യൻ ചെയ്യുന്ന മാതിരി. ഇവന്റെ ഈ ധൈര്യമൊക്കെ കഴിഞ്ഞാഴ്ച ഓപ്പണ്‍ ഹൗസിനു മാത് സ് മാഷിന്റെ അടുത്ത് ചെന്നപ്പം എവിടെ പോയിരുന്നു.
"
എനിക്ക്  ഇഡ്ഡലി വേണ്ടാ.... ചപ്പാത്തി മതി".  കുഞ്ഞുണ്ണി വീണ്ടും വാശി പിടിച്ചു.
'
ചപ്പാത്തിയല്ല കിപ്പാത്തിയാ  ഇപ്പം ഉണ്ടാക്കാൻ പോവുന്നെ.... ' എന്ന് ശശികല മനസ്സിൽ പറഞ്ഞെങ്കിലും കുഞ്ഞുണ്ണിയെ സോപ്പിട്ടു " ചക്കരക്കുട്ടനല്ലേടാ.. ഇപ്പം ഇഡ്ഡലി കഴിക്ക്.... വൈകിട്ടമ്മ ചപ്പാത്തീം, ചിക്കനും ഉണ്ടാക്കി വച്ചേക്കാം പ്രോമിസ്. ഇന്നമ്മക്ക് നേരത്തെ ക്ലാസ്സ് തുടങ്ങും അതാ  ".
കുഞ്ഞുണ്ണി വീണ്ടും കളിയാക്കി " ക്ലാസ്സോ... ഹി...ഹി... അമ്മക്കൊരു പണീവില്ല.... കഴിഞ്ഞ ദിവസം ദീപൂന്റമ്മ അമ്മയെ ടൌണിൽ വച്ചു കണ്ടോ? അവൻ പറേവാ ആന്റിയെ പിള്ളേരുടെ ഇടയിൽ വച്ചു കണ്ടിട്ട് അവന്റമ്മക്കു മനസ്സിലായില്ലെന്ന്".
ശശികല അപ്പഴാ ഓർത്തത്‌ ' ശരിയാണല്ലോ കഴിഞ്ഞാഴ്ച ബസ്‌ സ്റ്റോപ്പിൽ വച്ചു കയ്യേൽ ചെന്നു പിടിച്ചപ്പഴാ പുള്ളിക്കാരിക്കു മനസ്സിലായെ..  അവരന്നേരം പറയുകയും ചെയ്തു " യ്യോ... ഞാനോർത്തു ഏതോ കോളേജ് പിള്ളാരാണെന്ന് ... " കൂടെയുണ്ടായിരുന്ന ലീനേം, മിനിയേം ചൂണ്ടി ചോദിക്കേം ചെയ്തു  " ഇവരൊക്കെ ആരാന്ന്?"  അല്ലെങ്കിലും ശശികല പലപ്പോഴും ഓർത്തിട്ടുണ്ട് ഈ പീക്കിരിപ്പിള്ളാരുടെ കൂടെ നടക്കരുത് എന്ന്..  അതെങ്ങനെ കൂട്ടുകാരി രജനി നിർബന്ധിച്ചു പറഞ്ഞു കോഴ്സിനു ചേർപ്പിച്ചിട്ട്  അവൾക്കെന്നും കൊച്ചിനു പനി, ചേട്ടനു തലവേദന, മോനെ ട്യൂഷന് കൊണ്ടു വിടണം... ഇങ്ങനെ നൂറു കാരണങ്ങൾ പറഞ്ഞ് ആഴ്ചേൽ ഒരു ദിവസം ക്ലാസ്സിൽ വന്നാലായി എന്നിട്ട് " അയ്യോ... എനിക്ക് കൊറേ ക്ലാസ്സ് പോയി " എന്നു പറഞ്ഞ് തലക്കു കയ്യും കൊടുത്തിരിക്കും.
കഴിഞ്ഞ ഒരു ദിവസം എന്തോ പറഞ്ഞു വന്ന കൂട്ടത്തിൽ കുഞ്ഞുണ്ണി ശശികലയോടു പറഞ്ഞത്
"
അമ്മയിനി ഓപ്പണ്‍ ഹൗസിനു വരുമ്പം സാരിയുടുത്തു വന്നാ മതി".  ഈ ചെറുക്കനിതെന്തിന്റെ കുഴപ്പമാ എന്നു ചിന്തിച്ചുകൊണ്ട് ശശികല അവനോടു ചോദിച്ചു " അതെന്താടാ.. ചുരിദാറിട്ടാൽ  എന്താ കുഴപ്പം?"  ശശികലക്ക് ദേഷ്യമായി എന്നു മനസ്സിലാക്കിയ കുഞ്ഞുണ്ണി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു " അല്ലമ്മേ... ദീപൂന്റമ്മേം, നിതിന്റമ്മേം ഒക്കെ സാരിയുടുത്തല്ലേ വരുന്നേ..  അവരൊക്കെയല്ലെ അമ്മേടെ സ്കൂളിലെ ഫ്രണ്ട്സ്... അപ്പൊ അമ്മ മാത്രം.. " അതും പറഞ്ഞോണ്ട് കുഞ്ഞുണ്ണി പാട്ട് കേൾക്കുന്ന കുന്ത്രാണ്ടം ചെവിക്കകത്ത്‌ കുത്തിത്തിരുകി മൈക്കിൾ ജാക്സണ്‍ സ്റ്റൈൽ സ്റ്റെപ്പിൽ മുറിക്കകത്തൂടെ   ഉള്ള നടപ്പിനിടയിൽ ശശികല ഉറക്കെ വിളിച്ചു " ടാ അവിടെ നിന്നേ..." എവിടെ? വെടി വച്ചാൽ പുക.. ഇനിയിപ്പം ശശികലയുടെ ചുണ്ടനങ്ങുന്ന കണ്ടാൽ മാത്രം കുഞ്ഞുണ്ണി ചെവിയിലെ കുന്ത്രാണ്ടം മാറ്റി വെടി പൊട്ടിക്കും പോലെ ഉറക്കെ ചോദിക്കും " അമ്മ എന്നെ വിളിച്ചോ?" അതു കേൾക്കുമ്പം ശശികലയുടെ ദേഷ്യം ഇരട്ടിക്കും. ഈ തിണ്ണമിടുക്കല്ലാതെ പുറത്തോട്ടിറങ്ങിയാൽ ഇവന്റെ മിടുക്കൊക്കെ എതിലെയാണോ ചോർന്നു പോകുന്നെ എന്നു ശശികല ആലോചിക്കാറുണ്ട്.  ഈ മൈക്കിൾ ജാക്സണ്‍ സ്റ്റെപ്പുകളൊക്കെ കാണിക്കുന്ന മിടുക്ക് സ്കൂളിൽ കാണിച്ചിരുന്നേൽ എന്ന് ശശികല പലപ്പോഴും കുഞ്ഞുണ്ണിയോട് ചോദിക്കാറുണ്ട്. സ്കൂൾ പ്രോഗ്രാമ്മിനു ഓരോ പിള്ളാരുടെ ബ്രേക്ക്‌ ഡാൻസ് കണ്ട് ശശികല അന്തം വിട്ടിരുന്നു പോയിട്ടുണ്ട്.  ചിന്തയിലാണ്ടിരുന്ന ശശികലയെ ഉണർത്തിക്കൊണ്ട്  കുഞ്ഞുണ്ണിയുടെ വിളി വീണ്ടും " അമ്മേ.. ഷൂ പോളിഷ് ചെയ്തോ?"
ശശികല മനസ്സില് കരുതി ' ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവൂല്ല' " ടാ... ഇവിടെ വന്നേ.... നീ എട്ടാം ക്ലാസ്സിലായി നിനക്കിനി ഇതൊക്കെ തനിയെ ചെയ്തൂടെ?"  കുഞ്ഞുണ്ണി വീണ്ടും പഴയ ചോദ്യം ആവർത്തിച്ചു " അമ്മക്ക് വേറെന്താ പണി?"
തർക്കിച്ചിട്ടു യാതൊരു ഫലവുമില്ലെന്നറിഞ്ഞുകൊണ്ട്  ശശികല കുഞ്ഞുണ്ണിയുടെ ഷൂവെടുത്തു വേഗം പോളിഷ് ചെയ്തു കാലിലിട്ടു കൊടുത്തു. അവൻ 'റ്റാ റ്റാ ' പറഞ്ഞു ബാഗുമായി വെളിയിലോട്ടോടിപ്പോയി.

ശശികല വീണ്ടും ചിന്തയിലാണ്ടു. കൊച്ചാണേലും അവൻ പറയുന്നതിലും കാര്യമുണ്ട്. അവനു തോന്നിയിട്ടുണ്ടാവും അമ്മയിത്തിരി ഗെറ്റപ്പിൽ നടക്കണം ന്ന്. പ്രത്യേകിച്ച് നിതിന്റമ്മ കണ്ണടയും വച്ച്, മുടിയൊക്കെ പൊക്കിക്കെട്ടി നല്ല പെർഫക്റ്റ്  ലുക്കിലാവും എപ്പോഴും ഓപ്പണ്‍ ഹൗസിനു വരിക.

 
അന്നു വൈകിട്ട് ശശാങ്കന്റെ ഫോണ്‍ വന്നപ്പോൾ ശശികല ഇക്കാര്യം എടുത്തിട്ടു " സാരി ഉടുക്കണോ ശശാങ്കേട്ടാ? അല്ലേൽ വേണ്ടാല്ലേ... ഇതുവരെ ചുരിധാറല്ലാരുന്നോ... ? " ശശികല ആകെ ചിന്താക്കുഴപ്പത്തിലായി ' ഇനി സാരി ഉടുത്തു തുടങ്ങിയാൽ ആൾക്കാരു വല്ലോം പറയുവോ?"
"
ആൾക്കാരെന്തു പറയാൻ?" ശശാങ്കൻ ചോദിച്ചു.
"
അല്ല ഗൾഫുകാരന്റെ ഭാര്യയായതുകൊണ്ട് ചിലപ്പോൾ..........  തൊട്ടടുത്ത്‌   താമസിക്കുന്ന ശശികലയുടെ ഫ്രണ്ട് പറഞ്ഞത് " നമ്മൾ ഗൾഫുകാരുടെ ഭാര്യമാർ ഒരുങ്ങിയൊക്കെ പോകുന്ന കണ്ടാൽ നാട്ടുകാർക്ക് വലിയ ആകാംക്ഷയും, ഉത്തരവാദിത്വവും ആയിരിക്കുമെന്ന് ".
"
നാട്ടുകാരാണോ നിനക്ക്  ചിലവിനു തരുന്നേ?" ശശാങ്കൻ ദേഷ്യപ്പെട്ടു.
"
ന്തായാലും മോനറിവായി വരുവാ.... അവന്റെ വാക്കിനൂടെ നീ വില കൊടുക്കണം" ന്ന ഓർമ്മപ്പെടുത്തലോടെയാണ് അന്നു ശശാങ്കൻ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
എന്തായാലും ശശികല അതു കേട്ടതും അന്നു വൈകിട്ടു തന്നെ വാർഡ്രോബിന്റെ  മൂലക്കു വെളിച്ചം കാണാതെ കിടന്ന ഒന്നു രണ്ടു കോട്ടണ്‍ സാരികൾ എടുത്തു കഷ്ടപ്പെട്ട് തേച്ചു വച്ചുവെങ്കിലും അതിനി ഉടുത്തു പിടിപ്പിക്കുന്ന മെനക്കേടോർത്തു നാളെയാകട്ടെ നാളെയാകട്ടെ എന്നു കരുതി മാറ്റി വച്ചിരിക്കയായിരുന്നു.  ഇന്നിനി തിങ്കളാഴ്ച ദിവസം നല്ല ദിവസമായി ഇന്നങ്ങു സാരി ഉടുത്താലോ എന്നു ശശികലയുടെ മനസ്സിലൊരു തോന്നൽ. വേഗം കുളിച്ചു വന്ന് ചന്ദനക്കളറിൽ  പച്ചബോർഡറുള്ള  സാരിയും, അതിനു മാച്ചു ചെയ്യുന്ന ബ്ലൗസും എടുത്തു......... ദാണ്ടേ....... മൊബൈൽ അടിയോടടി..... ഓടിച്ചെന്നു ഫോണെടുത്തു നോക്കുമ്പം വല്യേച്ചി. " ഓ ഈ ചേച്ചിക്ക് രാവിലെ വേറൊരു പണീവില്ല.... രാവിലെ ബിസിയാണെന്നു പലപ്പോഴും വല്യേച്ചിയെ ഓർമ്മിപ്പിച്ചിട്ടുള്ളതാ പിന്നിപ്പം ഈ സമയത്ത് " എന്നു മനസ്സില് ഓർത്തു കൊണ്ട് ശശികല ഫോണ്‍ എടുത്തു " ഹലോ... എന്താ ചേച്ചി?"
"
നീ ഇന്ന് തയിക്കാൻ പോയില്ലേടീ?"  വല്യേച്ചിയുടെ ചോദ്യം കേട്ട് ദേഷ്യം ഉള്ളിലൊതുക്കി ശശികല പറഞ്ഞു " ഓ... ഈ ചേച്ചിയോടെത്ര പ്രാവശ്യം പറഞ്ഞു തന്നു ചേച്ചീ...  തയ്യലല്ല ഫാഷൻ ഡിസൈനിങ്ങ് " ശശികല തിരുത്തി.
"
ഓ എന്തോ ഡിസൈനിങ്ങാണേലും ചുമ്മാ എംബ്രൊയിഡറി ഒക്കെയല്ലേ അവിടെ പഠിപ്പിക്കുന്നെ... അതോണ്ടാ ഞാൻ തയ്യലെന്നു പറഞ്ഞേ... ഇപ്പം നീ തിരക്കാവും ല്ലേ.... ന്നാപ്പിന്നെ വൈകിട്ട് വിളിക്കാവേ വെക്കട്ടെ..." വല്യേച്ചി കാര്യങ്ങൾ നിസ്സാരമാക്കി തള്ളി ഫോണ്‍ കട്ട്‌ ചെയ്തു.  കഴിഞ്ഞു ഇതിനാ ഇപ്പം രാവിലെ ധൃതി വച്ച് വിളിച്ചേ ' തയിക്കാൻ പോയോന്നറിയാൻ ശശികലക്ക് അല്പം ദേഷ്യവും സങ്കടവും തോന്നി മനസ്സിൽ പറഞ്ഞു ' അല്ലേലും നമ്മുടെ ആൾക്കാർ എന്ത് പറഞ്ഞാലും വെല വെക്കില്ല' .  കഴിഞ്ഞ ദിവസം അനുവേച്ചി വന്നപ്പം വലിയ ഇന്ററസ്റ്റിൽ  ശശികലയോടിതേപ്പറ്റി  ചോദിച്ചപ്പോൾ ശശികല രണ്ടുമൂന്നു സ്റ്റിച്ച് കാട്ടി " പഠിപ്പിച്ചു തരട്ടെ സാരിയിലൊക്കെ ചുമ്മാ തയിക്കാം " ന്നു പറഞ്ഞപ്പോഴോ സ്റ്റിച്ചിലേക്ക് നോക്കി അനുവേച്ചി വളരെ നിസ്സാരമായി പറഞ്ഞതോ " ഓ ഇതാണോ...  ഇത് നാലാം ക്ലാസ്സിൽ ലീലാമ്മ ടീച്ചർ പഠിപ്പിച്ചു കൊടുത്ത തയ്യലാത്രേ... ഇതൊക്കെയാണോ നീ ഇത്രേം പൈസ കൊടുത്തു പോയി പഠിക്കുന്നേ.... എന്നൊരു ചോദ്യവും.
ദേഷ്യം ഉള്ളിലൊതുക്കി ശശികല മനസ്സിൽ പറഞ്ഞു " ന്നാപ്പിന്നെ ഒരെണ്ണം തയിച്ചു കാണിക്കട്ടെ.  വാചകമടിക്കാൻ ആർക്കാ പ്രയാസം".
ശശികല അപ്പഴേ വിഷയം മാറ്റി അനുവേച്ചിക്കേറ്റം ഇൻറ്റസ്റ്റ് ഉള്ള മേഖലയിലേക്ക് വഴി തിരിച്ചു " മഹി അണ്ണന്റെ അമ്മ ഇപ്പൊ എങ്ങനുണ്ട്? "
പിന്നെ അനുവേച്ചി പോണ വരെ അമ്മയെപ്പറ്റി അല്ലാതെ വേറൊരു വിഷയത്തിലും കൈ വച്ചില്ല. ഭാഗ്യം അല്ലേ പിന്നെ നാലാം ക്ലാസ്സിലെ ലീലാമ്മ ടീച്ചറിന്റെ കാര്യം പറഞ്ഞ് നീ ചുമ്മാ പൈസകളയാൻ പോവാന്നു പറഞ്ഞോണ്ടിരുന്നേനെ.

 
മുക്കാൽ മണിക്കൂറെടുത്തു ശശികല സാരി ഒന്നുടുത്തു പിടിപ്പിച്ചപ്പോഴേക്കും. മുടിയൊരു പോണീട്ടയിൽ സ്റ്റയിലിൽ കെട്ടി കണ്ണാടിയിൽ തിരിഞ്ഞും, മറിഞ്ഞും, ചെരിഞ്ഞും നോക്കുമ്പം തനിക്കു തന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നോ ഒരു സംശയം ശശികലക്ക്. കണ്ണട കൂടെ ഫിറ്റ് ചെയുമ്പോൾ ശശികല ഓർത്തു സൂചിയിൽ നൂൽ കോർക്കാൻ ലീനക്കൊച്ചിന്റെ കാലു പിടിക്കേണ്ടല്ലോ. ഒന്നൂടെ കണ്ണാടിയിൽ നോക്കുമ്പോൾ ശശികലക്ക് സ്വയം ഒരു മതിപ്പൊക്കെ തോന്നി.

വേഗം തലേന്ന് രാത്രി വർക്ക്‌ ചെയ്തു തീർത്തു വച്ച ബുക്സ് എല്ലാം ബാഗിലാക്കി വീട് പൂട്ടി സമയം കളയാതെ ശശികല പുറത്തിറങ്ങി. ഓരോന്നാലോചിച്ച് ഗേറ്റിനടുത്തു ചെന്നതും സെക്യൂരിറ്റി ചേട്ടനെ കണ്ടിട്ട് ഒരു പന്തികേട്‌ പോലെ. സാധാരണ ശശികല പത്തുമണി സമയത്ത് ക്ലാസ്സിൽ പോവുമ്പോഴും, ഉച്ചക്ക് രണ്ടുമണിക്ക് തിരികെ വരുമ്പോഴും പുള്ളിക്കാരൻ ഇത്തിരി തണല് പറ്റി കസേരയിട്ട് 50 ഡിഗ്രി ഇടത്തോട്ട് കഴുത്തു ചെരിച്ചു വച്ച് ഉറങ്ങുന്നത് കാണുമ്പോൾ ഈ പാവത്തിനെ ഉപദ്രവിക്കേണ്ടല്ലോ എന്നു കരുതി ഗേറ്റ് തുറന്നു കയറാറുമുണ്ട്‌ . അപ്പോൾ കേൾക്കുന്ന ചെറിയ ശബ്ദത്തിൽ ചിലപ്പോൾ ഞെട്ടി ഉണർന്ന് വെളുക്കെച്ചിരിച്ച്‌ ചോദിക്കാറുമുണ്ട്  " ഈ വെയിലത്ത്‌ ഒരോട്ടോ വിളിച്ചു വന്നു കൂടാരുന്നോ കുഞ്ഞേ?".
ഇതിപ്പോ ദാണ്ടേ..... ശശികലയെ കണ്ടതും സെക്യൂരിറ്റി ചേട്ടൻ എണീറ്റ്‌ ഭവ്യതയോടെ ഓടിച്ചെന്ന് ഗേറ്റ് തുറന്നു പിടിച്ചു നിൽപ്പാണ്.  ശശികലക്ക് സംശയമായി. " ഇതിപ്പോ തന്നെക്കണ്ടോണ്ടാണോ അതോ? പുറകിലോട്ടു നോക്കീട്ടാരേം കാണുന്നുമില്ല. ഇയാൾക്കിതെന്നാ പറ്റിയതാവുംഇനിയിപ്പം പ്രസിഡണ്ട്‌ സാറിന്റെ പുതിയ ഓർഡർ വല്ലോം ആവും... ഉറക്കം തൂങ്ങലിനു കൊടുത്ത പണിഷ് മെന്റ്. ശശികലക്ക് കഷ്ടം തോന്നി ' പാവം മനുഷ്യൻ! അച്ഛന്റെ പ്രായമുള്ള ഈ പാവം എന്നെക്കാണുംപോ ഇങ്ങനൊന്നും ചെയ്യേണ്ട ആവശ്യമില്ല  ഗേറ്റ് ഒന്ന് തുറന്നെന്നു വച്ച്  എനിക്കൊന്നും സംഭവിക്കാൻ പോന്നില്ല എന്നു പറയണം എന്നു തന്നെ കരുതി മുന്നോട്ടു നടന്നു.
"
ഗുഡ് മോർണിംഗ് മാഡം"
ഈശ്വരാ!!!
രാവിലെ വാതിൽക്കലെ കടേന്നു പാല് മേടിച്ചോണ്ട് വന്ന ശശികലയോട് ഇയാൾ ചോദിച്ചതാണ് " കുഞ്ഞേ മീൻ വേണോ? ഇവിടിപ്പം ഒരുത്തി സ്ഥിരം വരാൻ തുടങ്ങി.. വെട്ടിത്തരും കേട്ടോ... വേണേൽ അങ്ങോട്ട്‌ പറഞ്ഞുവിടാം".
"
അത് നല്ല കാര്യമായല്ലോ  ഇന്നിപ്പം വേണ്ട ചേട്ടാ" എന്നു മറുപടിയും പറഞ്ഞാണ് ശശികല പാലുമായി പോന്നത്. എന്നിട്ടിപ്പം " ഗുഡ് മോർണിംഗ് മാഡം"
ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു വിഷ് ചെയ്യേണ്ടതല്ലേ മര്യാദ എന്നു കരുതി ശശികല തിരിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു. അയാളാകട്ടെ വളരെ ഭവ്യതയോടെ ഗേറ്റ് തുറന്നു പിടിച്ചു നിൽക്കയാണ്‌. ഇപ്പോൾ ശശികലക്ക് ഒരു കാര്യം പിടികിട്ടി. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ല.  മോൻ പറഞ്ഞതിൽ അല്പം അല്ല മുഴുവൻ കാര്യവുമുണ്ടെന്നു ശശികലക്ക് തോന്നി. അയാളുടെ ധാരണ തിരുത്തിക്കൊടുക്കാനൊന്നും  മിനക്കെടാതെ ശശികല വേഗം പുറത്തേക്കു നടന്നു.
ഇവിടാരെല്ലാം മാഡങ്ങൾ  വരുന്നു... കുറച്ചു ദിവസം താമസിച്ചു പോകുന്നു..  ചിലർ റെന്റിനു താമസിക്കാൻ വരുന്നു. സ്ഥിരം തങ്ങൾ കുറച്ചുപേർ മാത്രം. ഇതിനിടയിൽ ഇയാളാരെയൊക്കെ ഓർത്തിരിക്കാൻ. ഏതോ മാഡം ആണെന്ന് കരുതിയാ ഈ ഭവ്യത. ഇനീപ്പം നാളെ പാല് മേടിക്കാൻ വരുമ്പം ലോഹ്യം ചോദിക്കാം .   ഇപ്പം കിട്ടിയ ക്രെഡിറ്റ്‌ വെറുതെ കളയണ്ട എന്നു മനസ്സിൽ കരുതി ശശികല നടത്തക്ക് വേഗം കൂട്ടി. മെയിൻ റോഡിലൂടെ നടന്നു മുന്നോട്ടു ചെല്ലുമ്പം ദാ ...  കിടക്കുന്നു ഒരു ട്രാൻസ്പോർട്ട് ബസ്‌ അങ്ങോട്ടും ഒരു മിനി ലോറി ഇങ്ങോട്ടും. സൈഡില്ലാതെ മിനി ലോറിക്കാരൻ  പുറകോട്ടെടുക്കുന്നു. ഇതിനിടയിൽക്കൂടൊക്കെ നൂഴ്ന്നു പോവാൻ ശ്രമിച്ചാൽ പണി കിട്ടുംന്ന് പേടിച്ച് ശശികല സൈഡിലേക്ക്  മാറി നിന്ന് വണ്ടി രണ്ടും പോയിട്ട് മുന്നോട്ടു നടക്കാം ന്നു കരുതി.  നോക്കുമ്പോൾ ഹോ ....ആശ്വാസം ... ട്രാൻസ്പോർട്ട് ബസ്‌ പോയിക്കിട്ടി. മിനിലോറി മുന്നോട്ടെടുത്താൽ  ശശികലക്ക് വലത്തേ ഓരം പറ്റി അങ്ങു നടന്നു പോവാം. ശശികല അവിടെത്തന്നെ നിൽക്കുമ്പോൾ   അതാ മിനിലോറിക്കാരൻ  കയ്യാട്ടി വിളിക്കുമ്പോലെ... കടന്നു പൊയ് ക്കോളാൻ പറയാനാവും. ശശികല മനസ്സിൽ പറഞ്ഞു ' നല്ല മനുഷ്യൻകുനിഞ്ഞു നടന്നു മുൻപോട്ടു നീങ്ങുന്ന ശശികലയുടെ ചെവിയിലേക്ക് അയാളുടെ ശബ്ദം "  'അമ്മാമ്മേ...' ഈ സൈഡിലൂടെ കടന്നു പൊക്കോ..."
ശശികലക്ക് സംശയമായി "അമ്മാമ്മയോ??" തന്റെ പിറകിൽ ആരോ ഉണ്ടല്ലോ? ഇവിടെയും ശശികല പിറകിലോട്ടു തിരിഞ്ഞു നോക്കി...  ശൂന്യം...
"
ഈ അമ്മാമ്മക്കു ചെവി കേട്ടൂടെ? " ലോറിക്കാരന്റെ ശബ്ദം ശശികലയുടെ ചെവിയിൽ ഒരു വല്ലായ്മയോടെ മുഴങ്ങി. ശശികല സംശയത്തോടെ ലോറിക്കാരനെ നോക്കുമ്പോൾ അയാൾ വീണ്ടും " ഇങ്ങോട്ട് നടന്നു മാറിക്കൊട്   അമ്മാമ്മേ.... വണ്ടി മുന്നോട്ടെടുക്കട്ടെ".

ഈശ്വരാ!!!  ഇതിലും ഭേദം........
ശശികലക്ക് കരച്ചിലോ... ദേഷ്യമോ... പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരവിചാരങ്ങൾ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു.
മുന്നോട്ടാഞ്ഞു നടന്നു ' " അമ്മാമ്മ തന്റെ....... " വേണ്ട ഞാനൊന്നും പറയുന്നില്ല പിറുപിറുത്തുകൊണ്ട്  ശശികല വേഗം ക്രോസ്സ് ചെയ്തു കണ്ണട ഊരി ഹാൻഡ്‌ ബാഗിലേക്കൊരേറു വച്ചു കൊടുത്തു.

അണച്ചു പിടിച്ചു ക്ലാസ്സിൽ ചെന്നപ്പോഴേക്കും അര മണിക്കൂർ വൈകിയ പരിഭവം മറന്ന് ടീച്ചർ
 "
ആഹാ.... ഇന്ന് ന്യൂ സ്റ്റൈലിൽ ആണല്ലോ... കൊള്ളാം ട്ടോ" .   ചിരിച്ചെന്നു വരുത്തി ശശികല തന്റെ സീറ്റിൽ ചെന്നിരിക്കുമ്പം സഹപാഠികളായ മറ്റു തരുണീമണികളുടെ കമന്റ്
"
ചേച്ചിക്കീ വേഷമാ നല്ലത്.... ഒരു ഗൌരവം വന്നിട്ടുണ്ട്. ഇനിയെന്നും സാരി ഉടുത്തു വരണേ...."
ബാഗ് ടെബിളിലേക്ക് വച്ചു കൊണ്ട് ശശികല മറുപടി നല്കി " ഓ ഇതൊക്കെ മെനക്കെട്ട പണിയാടീ. എത്ര സമയം പിടിക്കും ഇതൊന്നു ഫിറ്റു ചെയ്തു വക്കാൻ".
എന്തായാലും ശശികലയുടെ കൂട്ടുകാരി രജനി തൊട്ടടുത്തു തന്നെ അന്ന് ഹാജരായി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. സമപ്രായക്കാരിയായ അവളോടു ചോദിച്ചാൽ സത്യസന്ധമായ മറുപടി കിട്ടുമല്ലോ എന്നു കരുതി ശശികല രജനിയോട്‌ ചോദിച്ചു.  " ടീ... എനിക്ക് ചുരിധാറാണോ.... സാരിയാണോ നല്ലത്?".
"
രണ്ടും കൊള്ളാം". രജനി.
ചുരിദാറിട്ടാ എനിക്ക് ഒത്തിരി പ്രായം തോന്നിക്കുവോടീ"? ശശികല
"
ഒരു പത്തു വയസ്സ് കുറച്ചു തോന്നും " രജനി.
"
സാരിയുടുത്താലോ" ശശികല.
"
ഒരു പത്തു വയസ്സ് കൂടുതൽ തോന്നും". രജനി.
"
ന്നാപ്പിന്നെ സാരിയെല്ലാം ഔട്ട്‌ " ശശികല മനസ്സിൽ പറഞ്ഞു.
"
എന്താടീ നീ ഇപ്പം ഇങ്ങനെ ചോദിക്കാൻ?" രജനി.
"
ഈ സാരിയൊക്കെ ഉടുക്കണേൽ എന്താ പാട്. എത്ര സമയം മിനക്കെടണം... കഴുകി കഞ്ഞി മുക്കണം... തേക്കണം... പിന്നെ ഉടുത്തു പിടിപ്പിക്കുന്ന കാര്യം പറയുകയും വേണ്ട"  ശശികല.
"
അത് കറക്റ്റ് " രജനി.
"
അമ്മാമ്മക്കാര്യം " ശശികല അങ്ങു വിഴുങ്ങിക്കളഞ്ഞു. അന്നേരം അനുഭവിച്ച മനപ്രയാസം എന്തിനു മറ്റുള്ളോരെക്കൂടി  അറിയിക്കണം ന്നു ശശികല വിചാരിച്ചു.
ക്ലാസ്സിലെ വാതിലിനടുത്തുള്ള ജനാലക്കരികിൽ പോയി നിന്ന് ശശികല ബദ്ധപ്പെട്ടു നൂൽ കോർക്കാൻ ശ്രമിക്കുമ്പോൾ " ഇന്നും കണ്ണട എടുത്തില്ലേ ചേച്ചീ ഞാൻ കോർത്ത്‌ തരണോ? " എന്നുള്ള ലീനക്കൊച്ചിന്റെ ചോദ്യത്തിന്  ഉരുളക്കുപ്പേരി പോലെ ശശികലയുടെ മറുപടി " എനിക്കത്രക്കു പ്രായമൊന്നുമായിട്ടില്ലെടീ... കണ്ണടയില്ലാതെ നൂൽ കോർക്കാൻ പറ്റും... ഞാനിരിക്കുന്ന സീറ്റിൽ വെളിച്ചം കുറവായ കൊണ്ടല്ലേ നിന്റെ സഹായം തേടിയിട്ടുള്ളത്".
"
ഏതു സോപ്പു തേച്ചാ നീ കുളിക്കുന്നെ? ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല " എന്നുള്ള രജനിയുടെ ചോദ്യത്തിന് " ലൈഫ് ബോയ്‌ എവിടെയോ അവിടെയാണ് ചർമ്മത്തിളക്കം" എന്നു ശശികല തിരിച്ചടിച്ചു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങുമ്പോൾ ശശികല ജനാലക്കരികിൽ നിന്ന് സൂചിയിൽ ഒന്നു നൂൽ കോർത്ത്‌ കിട്ടാൻ പെടാപ്പാട് പെടുകയായിരുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~****~~~~~~~~~~~~~~~~~~~~~~