Friday, 1 April 2016

കാലൊച്ച

പ്രിയ കൂട്ടുകാരെ,
"അഭിരാമം" കൂട്ടായ്മയിൽ അയച്ചുകൊടുത്ത ഒരു കഥയാണിത്. നിങ്ങൾക്ക് വായിക്കാനായി ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു. വായിച്ചഭിപ്രായം അറിയിക്കുമല്ലോ? 

  
പുറത്തു മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു.  വെളിച്ചം മിന്നിയും, അണഞ്ഞും നിന്നു.  ചെറിയൊരു മിന്നലിലും, അതിനെത്തുടർന്നൊരു ഇടിമുഴക്കത്തിന്റെയും വരവോടെ  വെളിച്ചം നിശ്ശേഷം പോയി. മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചം മാത്രം മുറിയിലൊക്കെയും. " ഇന്നിനി കറന്റ് വരുമെന്ന് തോന്നുന്നില്ല " അമ്മായിയുടെ വാക്കുകൾ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം മായിച്ച് പകരം ഭയത്തിന്റെ നിഴൽ  വീഴ്ത്താൻ തുടങ്ങി.  കിടക്കാൻ ചേച്ചിമാർ ആകുന്നത്ര നിർബന്ധിച്ചു വിളിച്ചിട്ടും അവർക്കൊപ്പം ചെല്ലാൻ കൂട്ടാക്കാതെ അമ്മയുടെ മുണ്ടിൻതുമ്പിൽ തൂങ്ങിനടന്നു. 

സ്വീകരണമുറിയിലെ  ജനാലക്കരികിൽ അതിഥികൾക്കായി ഒരുക്കിയിട്ടിരിക്കുന്ന ചെറിയ കട്ടിലിൽ അമ്മയെ ചേർന്നിരിക്കുംപോഴും വല്ലാത്ത ഭയം. പോരാത്തതിന് നല്ല തണുപ്പും.  അമ്മായി നല്ലകട്ടിയുള്ള പുതപ്പുമായി വന്നു " വല്ലാത്ത മഴ തന്നെ ഇത്തവണത്തെ കാലവർഷം  അതിശക്തമാണെന്നു  തോന്നുന്നു " എന്ന   അമ്മയുടെ വാക്കുകൾ അമ്മായിയും ശരിവച്ചു.  

അമ്മായി തെല്ലുനേരം  അമ്മയുമായി എന്തൊക്കെയോ വിശേഷങ്ങൾ കൈമാറിയിട്ട് " ഉറങ്ങാൻ പോവുന്നു " എന്നു പറഞ്ഞുകൊണ്ട് അരണ്ടവെളിച്ചത്തിൽ അങ്ങേ മുറിയിലേക്ക് നടന്നുപോയി. അമ്മ നല്ലോണം പുതപ്പിച്ചുതന്ന ശേഷം കട്ടിലിൽ കാൽനീട്ടിയിരുന്ന് കണ്ണടച്ചുപ്രാർത്ഥിച്ചു .   പിന്നെ വിളക്കണച്ച് അമ്മയും  കിടന്നു. എങ്ങും ഇരുട്ട്..... കുറ്റാക്കുറ്റിരുട്ട്....  അതുവരെ ഉണ്ടായിരുന്ന ശബ്ദങ്ങളെല്ലാം നിന്നപോലെ . ആ വല്ലാത്തനിശബ്ദത  ഒന്നൂടെ ഭയത്തിന്റെ ആക്കംകൂട്ടിയപ്പോൾ അമ്മയെ ചേർന്നുകിടന്നു. കണ്ണുകൾ ഇറുകെയടച്ചു. ചെറിയ ഒരു മയക്കത്തിൽനിന്ന് ഉണർത്തിയത്  ഒരു കാലൊച്ചയാണ് .  മുറ്റത്തൂടെ മെല്ലെ നടന്നുവരുന്ന  കാലൊച്ച.. തോന്നലാവുമോ?  ഒന്നൂടെ 
ചെവികൂർപ്പിച്ചു.  മഴ തെല്ലൊന്നു ശമിച്ചിരുന്നു. താളത്തിലുള്ള അമ്മയുടെ കൂർക്കംവലിശബ്ദത്തെ മറി കടന്ന് ആ കാലൊച്ച  വീണ്ടും..... 
മുറ്റത്തൂന്ന് കയറുന്ന  വാതിൽപ്പടിയിൽ കാലുകൾ ചവിട്ടിത്തൂത്ത് തട്ടിക്കുടയുന്ന ശബ്ദ്ം...  
 "അമ്മേ..... അമ്മേ....."  അമ്മയെ വിളിച്ചുണർത്താനുള്ളശ്രമം പുറത്തെക്കുവന്നതു 
ചെറിയചിണുങ്ങലിന്റെ പരുവത്തിൽ ...

അമ്മ മെല്ലെമുതുകിൽത്തട്ടി ഉറക്കാൻ ശ്രമിക്കുംമ്പൊൾ  വീണ്ടുംചിണുങ്ങി 
" അമ്മേ... " അമ്മ മൂളി  വിളി കേട്ടു.
 "ഒരുശബ്ദം". 
അമ്മ കുറച്ചു നേരം കാതോർത്തു " ഒന്നുമില്ല ... ഒക്കെ തോന്നലാ ..... 
ഉറങ്ങിക്കോ....." അമ്മ വീണ്ടും  മുതുകിൽ മെല്ലെ താളംപിടിച്ചു. 
ചെവി കൂർപ്പിച്ചു......... ഇല്ല..... ഇപ്പോൾ ശബ്ദം കേൾക്കുന്നേയില്ല . അമ്മയുടെ അടുത്തേക്ക് ഒന്നൂടെ ചുരുണ്ടുകൂടി. 

വീണ്ടും അമ്മയുടെ താളത്തിലുള്ളകൂർക്കംവലി.  " ഈ അമ്മ എത്ര വേഗമാ ഉറങ്ങുന്നെ" സങ്കടം ആത്മഗതമായി. ഒന്നൂടെ അമ്മയെ പറ്റിച്ചേർന്ന് അമ്മയുടെ വലത്തേ കൈ എടുത്ത് ചുറ്റിപ്പിടിപ്പിച്ചു ചേർന്നുകിടന്നു.  വീണ്ടും...... അമ്മയുടെ കൂർക്കംവലിശബ്ദത്തെ മറികടന്ന് ആ കാലൊച്ച.....
മുറ്റത്തെ ചരൽ ഞെരിഞ്ഞമരുന്ന ശബ്ദം.....  മുൻവശത്തെ പടിയിൽ കാൽചവിട്ടിക്കുടയുന്ന ശബ്ദം...... " അമ്മേ...... അമ്മേ.... " ആവുന്നത്ര ശബ്ദംഉയർത്തി അമ്മയെ വിളിച്ചുണർത്താനുള്ള ശ്രമം വിഫലമാവുംപോലെ...... എത്ര ശ്രമിച്ചിട്ടും ശബ്ദം തൊണ്ടയിൽക്കുരുങ്ങി ശ്വാസം മുട്ടുന്നു....   പുതപ്പിനിടയിൽക്കൂടി നോക്കി.... ഇരുട്ട്.... ഇരുട്ട് മാത്രം. വീണ്ടും  കണ്ണുകൾ ഇറുകെ അടച്ചുപിടിച്ച് ഉറങ്ങാനൊരു ശ്രമം.... അതെ ആ കാലൊച്ച തന്നെ.... പതിഞ്ഞ കാലൊച്ച.... അതടുത്തടുത്തു വരുന്നു.... 
കറുകറുത്ത ഇരുട്ടിൽ ഒരു നിഴൽ ... തങ്ങൾ കിടക്കുന്ന കട്ടിലിന്റെ അരികിലേക്ക് ..... 
ആ നിഴലിനു വല്യച്ചനുമായി നല്ല സാമ്യം. ആ നിഴൽ കൈകൾനീട്ടി തന്റെ നെറുകയിൽ തലോടുമ്പോൾ 
" അമ്മേ...... അമ്മേ ...... കഴിയുന്നത്ര ശ്വാസം എടുത്ത് ഉറക്കെ അമ്മയെ വിളിച്ചുണർത്താൻ നടത്തുന്ന ശ്രമങ്ങളത്രയും വിഫലം....  എന്തായിരുന്നു  അപ്പോൾ മനസ്സിൽ? വാശിയോ... ഭയമോ...? ആഞ്ഞ് ആ കൈകളിൽ ബലമായി മുറുകെപ്പിടിച്ചുവലിച്ചു...... ബലാബലം..... അങ്ങോട്ടും... ഇങ്ങോട്ടും.... ആരാണ്   ജയിച്ചത് ?

കണ്ണു തുറക്കുമ്പോൾ എപ്പോഴോ കറന്റ് വന്നിരുന്നതാവാം ലൈറ്റ് ഇട്ട് അമ്മയും, അമ്മായിയും അടുത്ത്.   "കവിളിൽ തട്ടി എന്ത് പറ്റി" എന്ന അമ്മയുടെ ചോദ്യത്തിന് മറുപടി ഏങ്ങലടിയായിരുന്നു. അപ്പോഴും ബലമായി ചുരുട്ടിപ്പിടിച്ചിരുന്ന വലത്തേ കൈപ്പത്തി പിടിച്ച് അമ്മ ചോദിച്ചു " എന്താ നിന്റെ കൈയ്യിൽ?" .  അമ്മായി കൈയ്യിൽ കടന്നു പിടിച്ച് പറഞ്ഞു " കൈ തുറന്നെ... നോക്കട്ടെ.." കൈ മുറുകെ മടക്കിപ്പിടിച്ചു കരയുന്നതിനിടയിൽ എപ്പോഴോ
 പറഞ്ഞു " വല്യച്ചൻ" . അതു കേട്ടതും അമ്മായി മുറിക്കകത്തേക്കോടി. 
അമ്മ  മെല്ലെ കൈയ്യിൽ പിടിച്ച് കൈപ്പത്തി   നിവർത്തി നോക്കി..... കൈക്കകം ശൂന്യം .... അമ്മ സംശയത്തോടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ അമ്മായി ഭസ്മവുമായി ഓടിയെത്തി നെറ്റിയിൽ വാരിപ്പൂശി. ഒച്ചകേട്ട് വല്യമ്മച്ചി  ബദ്ധപ്പെട്ട് എണീറ്റു നടന്നു വന്നു. കാര്യം തിരക്കിയ വല്യമ്മച്ചി നെറുകയിൽ മെല്ലെ തലോടിത്തരുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു " കണ്ടു മതിയായില്ലേ... ഇനി പൊയ് ക്കൂടെ " 
കമഴ്ന്നുകിടന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോഴും അറിയാതെ ഏങ്ങലടിച്ചു കൊണ്ടിരുന്നു .... അമ്മ ചെവിയിൽ മന്ത്രിച്ചു " ഇനിയാരും വരില്ലാട്ടോ കരയാതുറങ്ങിക്കോ.


ഗീതാ ഓമനക്കുട്ടൻ 

*******************************************************************************


27 comments:

  1. ഒരു സ്വപ്നത്തിന്റെ കഥ. നന്നായി പറഞ്ഞു. പക്ഷെ ഒരു അപൂർണത പോലെ. സ്വപ്നത്തിന്റെ പ്രധാന്യമെന്താണ് എന്ന് മനസിലാകാത്തത് ആയിരിക്കാം കാരണം. ഇങ്ങിനെ പല സ്വപ്നങ്ങളും കാണും. വല്യച്ഛന്റെ മുൻ കാലം പറയാത്തതായിരിക്കാം അതിനു കാരണം.

    ReplyDelete
    Replies
    1. ആദ്യവായനയിൽ സന്തോഷം .ഈ നിർദേശങ്ങൾക്ക് വളരെ നന്ദി സർ.

      Delete
  2. വല്യമ്മച്ചി നെറുകയിൽ മെല്ലെ തലോടിത്തരുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു " കണ്ടു മതിയായില്ലേ... ഇനി പൊയ് ക്കൂടെ "
    ജീവിച്ചിരുന്നപ്പോള്‍ വല്യച്ഛന് കൊച്ചുമോളോടുണ്ടായിരുന്ന വാത്സല്യവും,കൊച്ചുമോള്‍ക്ക് വല്യച്ഛനോടുണ്ടായിരുന്ന സ്നേഹത്തിന്‍റെ ആഴവും ഈ വാക്കുകളില്‍ പ്രകടമാകുന്നുണ്ട്....
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനങ്ങൾക്ക് ഒരുപാട് സന്തോഷം.....സ്നേഹം സർ.

      Delete
  3. നല്ല കഥ ഗീതേച്ചീ.

    കൊച്ചുകുട്ടിയുടെ പേടി നേരിട്ട്‌ ഞാനെത്ര അനുഭവിച്ചതെന്നോ.?

    ഇപ്പോ ചേച്ചിയെ ബ്ലോഗുകളിലൊന്നും കാണുന്നില്ലല്ലൊ.!/!!/!

    ReplyDelete
    Replies
    1. സുധീ ഇത്തിരി സമയക്കുറവുണ്ടെങ്കിലും കഴിവതും ബ്ലോഗുകൾ സന്ദർശിക്കാറുണ്ടല്ലോ. കഥ വായിച്ചതിൽ സന്തോഷം.. സ്നേഹം... ദിവ്യയെ കണ്ടില്ലല്ലോ.

      Delete
    2. ഒത്തിരി ദിവസം മുന്‍പേ വായിച്ചതാ ചേച്ചീ... കമന്‍റ് ബോക്സ് തുറന്നു വരാത്തതുകാരണം വായന രേഖപ്പെടുത്താനായില്ല.

      Delete
  4. സ്വപ്നത്തിലൂടെ വല്യച്ഛന്റെ സ്നേഹം കഥയിൽ നിറയുന്നുണ്ട്... വളരെ ചുരുങ്ങിയ വാക്കുകളിൽ അത് വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞത് കഥാകാരിയുടെ വിജയം തന്നെ.... ആശംസകൾ ഗീതാ ....

    ReplyDelete
    Replies
    1. പ്രിയ കുഞ്ഞൂസ്,
      ഒത്തിരി സന്തോഷം....... സ്നേഹം.

      Delete
  5. valare nannayi ezhuthiyirikkunnu, iniyum ezhuthuka,

    ReplyDelete
    Replies
    1. നന്ദി....... സ്നേഹം...... ഷാജിത.

      Delete
  6. ഇത്തരം അഇത്തരം അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ടാകാം...കണ്ണുകൾ നിറഞ്ഞു..

    ReplyDelete
    Replies
    1. ഈ വരവിലും രണ്ടുവാക്ക്‌ കുറിച്ചതിലും അതിയായ സന്തോഷം രജനീഷ്.

      Delete
  7. Replies
    1. സ്വാഗതം ശ്രീപ്രിയ...... വായനയിൽ സന്തോഷം.

      Delete
  8. സ്നേഹത്തിന്‍റെ ബലാബലം... ആശംസകള്‍ ട്ടോ... കഥ ഹൃദ്യം

    ReplyDelete
    Replies
    1. ഈ വരവിനും,വായനക്കും നന്ദി.... സ്നേഹം.... അന്നൂസ്.

      Delete
  9. ആശംസകൾ ചേച്ചീ

    ReplyDelete
    Replies
    1. ഈ വരവിലും, വായനയിലും ഒത്തിരി സന്തോഷം... സ്നേഹം പ്രവീൺ.

      Delete
  10. Nannayirikkunnu chechi....oru swapnam anennu adyam thonniyilla..ashamsakal..

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം..... സ്നേഹം..... ജിഷാ..

      Delete
  11. കാര്യം തിരക്കിയ വല്യമ്മച്ചി നെറുകയില്‍ മെല്ലെ തലോടിത്തരുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു " കണ്ടു മതിയായില്ലേ... ഇനി പൊയ് ക്കൂടെ "

    ഞാന്‍ കണ്ടത് വല്യമ്മച്ചിയുടെ ആ നൊമ്പരമാണ്...

    ആശംസകള്‍ ഗീതാജി...

    ReplyDelete
    Replies
    1. ഈ വരവിലും.... വായനയിലും ഒരുപാട് സന്തോഷം വിനുവേട്ടൻ.

      Delete
  12. വല്ലാത്തൊരിഷ്ടം ഈ കഥയോട് ...നന്നായി അവതരിപ്പിച്ചു..

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഫൈസൽ ഈ വരവിലും, വായനയിലും.

      Delete
  13. ഒരു കിനാവിന്റെ അനുഭവാവിഷ്കാ‍ാരം

    ReplyDelete
  14. നന്ദി സർ ഈ വരവിനും വായനയ്ക്കും.

    ReplyDelete