Thursday, 21 April 2016

വിശ്വാസം........ അതാണല്ലോ പ്രധാനം


     അവളന്നു പതിവിലും നേരത്തെ എണീറ്റു കുളിച്ചു. മനസ്സിൽ വല്ലാത്ത ഉണർവും, സന്തോഷവും. വിവാഹത്തിന്റെ നാലാംനാൾ  നവവരനൊപ്പം സ്വന്തം വീട്ടിലേക്ക് വിരുന്നു  പോകയല്ലേ. പുതിയ വീട്ടിലെ എന്തെല്ലാം വിശേഷങ്ങളാണ് അമ്മയോടും, അനിയത്തിയോടും പങ്കുവക്കാനുള്ളത്.    വരനാണെങ്കിൽ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിൽ തലവഴി പുതച്ചുമൂടി നല്ല ഉറക്കം. 
മെല്ലെ  തൊട്ടുണർത്താൻ  നോക്കി  അവൾ പറഞ്ഞു  " എണീൽക്കൂ " 
പുതപ്പിനടിയിൽക്കൂടി തലനീട്ടി അവൻ പറഞ്ഞു " ഒരു പത്തുമിനിറ്റ്  കൂടെ ഉറങ്ങിക്കോട്ടെ " വീണ്ടും തല പുതപ്പിനടിയിലേക്കു വലിച്ചു. 
     അതു കണ്ടപ്പോൾ അവൾക്കു തെല്ലു നിരാശ തോന്നി " ഇങ്ങനെയാണോ വേണ്ടത്? ഇന്ന് ഭാര്യാഗൃഹത്തിലേക്ക്  വിരുന്നിനു വരേണ്ടവൻ  ഉച്ചവരെ കിടന്നുറങ്ങാനാണോ പരിപാടി ".  ഒന്നൂടെ വിളിച്ചാലോ? വേണ്ട.. ....... ഇയാൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ.  രണ്ടുമൂന്നു ദിവസം കൊണ്ട്  ഇയാളുടെ സ്വഭാവം ഒന്നും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പുറമേ ശാന്തപ്രകൃതക്കാരനാണെന്നു തോന്നിച്ചെങ്കിലും  പെങ്ങളുചേച്ചി  ഇടക്കിടെ വലിയ കർക്കശക്കാരനും, ദേഷ്യക്കാരനുമാണെന്ന് ചെവിയിൽ ഓതിക്കൊടുത്തതോർമ്മ വന്നപ്പോൾ വിളിക്കണ്ട തനിയെ എഴുന്നേറ്റു വരട്ടെ എന്നാശ്വസിച്ചുകൊണ്ട് അവൾ അടുക്കളയിലേക്കു നീങ്ങി. 
അവിടെ അമ്മ സ്നേഹപൂർവം നീട്ടിയ ചായവാങ്ങി കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ അമ്മ ഓർമ്മിപ്പിച്ചു " കാപ്പികുടി കഴിഞ്ഞാലുടനെ പുറപ്പെട്ടോളൂ.... ട്ടോ വെയിലുറക്കും മുൻപേ.....  വൈകിക്കണ്ട.... അവനെ വിളിക്കൂ....." 
പിന്നെ അവൾ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം .....അവന്റെയടുത്തേക്ക്.  മുകളിൽ നിന്ന്  ഓർഡർ കിട്ടിയില്ലേ ഇനി ധൈര്യായി വിളിക്കാം.
അല്പം അധികാരത്തോടെ പുതപ്പുവലിച്ചുനീക്കി  അവൾ പറഞ്ഞു " അമ്മ പറഞ്ഞു വേഗം എണീൽക്കാൻ...... വെയിലുറക്കും മുൻപേ പുറപ്പെടാൻ" 
" പുറപ്പെടാനോ...... എങ്ങോട്ട് ? "  അവൻ ഒന്നുമറിയാത്തപോലെ  സാമട്ടിൽ തിരക്കി. 
 "നമ്മൾ ഇന്നു വിരുന്നു  പോവല്ലേ "  :അവൾ
" എങ്ങോട്ട്?" :അവൻ
" ഓ എന്നെപ്പറ്റിക്കല്ലേ .... എന്റെ വീട്ടിൽ നമ്മൾ പോവല്ലേ ഇന്ന് " :അവൾ
അവനല്പം അലസതയോടെ " ഞാനെന്റെ വീട്ടിൽനിന്ന് മാറിനിന്നിട്ടില്ല ഇന്നുവരെ" 
" ഞാനും ഇന്നുവരെ എന്റെ വീടുവിട്ടു നിന്നിട്ടില്ല. ഇപ്പോൾ ഇത്രയും ദിവസം ഞാനെന്റെ അമ്മയെയും, അച്ഛനെയും കാണാതെ നിന്നില്ലേ " അവൾ സങ്കടപ്പെട്ടു. 
" നമുക്കു പോയിട്ട് വൈകിട്ടിങ്ങു മടങ്ങി വന്നാലോ" : അവൻ
അവളുടെ മുഖം മങ്ങി. 
അതുകണ്ട അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു " ഞാൻ ചുമ്മാ പറഞ്ഞതല്ലേ ....  എത്ര ദിവസം നമ്മളവിടെ നിൽക്കണം ... നീ പറയ് "
" മൂന്നുദിവസം" : അവൾ
" ഹോ മൂന്നു ദിവസം...  അറുബോറാവും " : അവൻ
" അപ്പൊ ഞാനിത്രയും ദിവസം നിങ്ങളുടെ വീട്ടിൽ നിന്നതോ " : അവൾ
" അതു നീ പെണ്ണല്ലേ... പെണ്ണുങ്ങൾ അങ്ങനെയല്ലേ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ നിൽക്കണം. അതാണ് നിയമം": അവൻ
" ആണോ?" എങ്കിൽ ആണുങ്ങൾ ഭാര്യാഗൃഹത്തിൽ വിരുന്നുണ്ട്  മൂന്നാലുനാൾ താമസിക്കണമെന്നും നിയമത്തിൽ പറയുന്നത് അറിയില്ലേ?" : അവൾ
 " വന്നുകയറിയതേ  നീ എന്നെ നിയമം പഠിപ്പിക്കാൻ നോക്കയാണോ.... എന്തായാലും രണ്ടുദിവസം നോക്കാം.... അതിൽക്കൂടുതൽ അവിടെത്തങ്ങാനൊന്നും എന്നെക്കിട്ടില്ല "  അവൻ നയം വ്യക്തമാക്കി. 
ആണിന്റെ ഈ ധാർഷ്ട്യം അവൾക്കു തെല്ല് അസ്വസ്ഥത തോന്നിയെങ്കിലും മൌനം അവലംബിച്ചു. " സ്ത്രീ സർവംസഹയാകണമല്ലോ " അവൾ മനസ്സിൽ പറഞ്ഞു. 

    രണ്ടാംസാരിയണിഞ്ഞ് ഒരുങ്ങുമ്പോൾ പെങ്ങളുചേച്ചി  എടുക്കാൻ മേലാത്ത ഒരു മുല്ലപ്പൂമാല  അവളുടെ തലമുടിയിൽ ചാർത്തിക്കൊടുത്തുകൊണ്ട്  പറഞ്ഞു 
" ആ  ആഭരണങ്ങളെല്ലാം ഇങ്ങെടുത്താട്ടെ....  എല്ലാം അണിഞ്ഞു വേണം വിരുന്തിനു ചെല്ലാൻ" 
. ആഭരണപ്പെട്ടി തുറന്നുവച്ച്  പെങ്ങളുചേച്ചി ആദ്യം നെക്ലേസ്  തൊണ്ടക്കുവച്ച് മുറുക്കിക്കെട്ടിക്കൊടുത്തു. ഉമിനീരിറക്കാൻ തെല്ലു പ്രയാസപ്പെട്ട അവൾ പെങ്ങളുചേച്ചിയെ  പിണക്കിയാലുണ്ടാവുന്ന  ഭവിഷ്യത്തോർത്തു മിണ്ടാതെ നിന്നുകൊടുത്തു. പെങ്ങളുചേച്ചി യാതൊരു ദാക്ഷിണ്യവും കൂടാതെ രണ്ടു ലെയർമാലയും, പൂത്താലിമാലയും അടുക്കടുക്കായി കഴുത്തിൽ ചാർത്തിക്കൊടുത്തുകൊണ്ട് അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു 
" തീരെ കനക്കുറവാണല്ലോ ഇതിനൊക്കെ". 
എട്ടുപവന്റെ തൊടലു പോലത്തെ താലിമാല പുറത്തേക്കു വലിച്ചെടുത്തിട്ടിട്ടു ചേച്ചി ഉറക്കെപ്പറഞ്ഞു " ഇപ്പഴാ സ്റ്റൈലായെ... "  .  രണ്ടു  കൈകളിലായി ഇട്ടിരുന്ന വളകൾ ഒന്നിച്ചൊരു കൈയ്യിലാക്കി പുട്ടുകുറ്റി പോലെയാക്കിയെടുത്തു   അവളുടെ മെല്ലിച്ച ഇടത്തെകൈ.... പോരാത്തതിന് വലത്തേകൈയിൽ ഇട്ടിരുന്ന കാപ്പുവളയുടെ കൂടെ ഒരു കൈച്ചെയിൻ കൂടെ എടുത്തണിയിച്ചു പിന്നെ അതിന്റെ പുറത്ത് ഗോൾഡൻ കളറിലെ  പുതിയ വാച്ചും കെട്ടിക്കൊടുത്തുകഴിഞ്ഞപ്പോൾ  ചേച്ചി സന്തോഷത്തോടെ പറഞ്ഞു 
" ഇനിയാരു കണ്ടാലും പഴിക്കില്ല " 
കുളികഴിഞ്ഞു കയറിവന്ന അവൻ തന്റെ നവവധുവിനെക്കണ്ട്  ഞെട്ടി
 " ഇതെന്താ സ്വർണ്ണപ്രദർശനത്തിനു പോവാണോ...... വേണ്ട.... വേണ്ട..... ഈ കോലത്തിൽ ഞാൻ കൊണ്ടുപോവില്ല... എല്ലാം അഴിച്ചുവക്ക്"  അവൻ ഒച്ചവച്ചു.   
" ഈശ്വരാ........ രക്ഷപ്പെട്ടു ..." ആശ്വാസത്തോടെ അവൾ മാലയുടെ കൊളുത്തിൽ കൈവച്ചു. 
" വേണ്ട....... വേണ്ട....... അവനെന്തറിയാം........... നീ അതൊന്നും അഴിക്കരുത്" പെങ്ങളുചേച്ചി വിലക്കി. 
" നടക്കില്ല " അവൻ പറഞ്ഞു.
" എന്ത് നടക്കില്ല" : പെങ്ങളുചേച്ചി
" എന്റെ ഭാര്യ എന്തിടണമെന്നു ഞാനാണ് തീരുമാനിക്കുന്നത്" : അവൻ
" നിന്റെ ഭാര്യയോ. ...... നീ എന്താ എങ്ങാണ്ടൂന്നു  വിളിച്ചോണ്ടു വന്നതാണോ ഇവളെ...  പോയി പണി നോക്കടാ ചെക്കാ.....   " പെങ്ങളുചേച്ചിയുടെ തിരിച്ചടിയിൽ അവന്റെ നാവിലെ വെള്ളം പറ്റി.
എന്തുചെയ്യണമെന്നറിയാതെ  വിഷണ്ണയായി നിന്ന അവളെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു " അവനെന്തറിയാം........ മോളതൊന്നും  ഊരിവക്കണ്ട. പുതുപ്പെണ്ണല്ലേ.... എല്ലാരും ശ്രദ്ധിക്കും...... എല്ലാരും കാണട്ടെ " 
      
     അവൻ  ചുവപ്പുമാരുതി800ന്റെ  ചാവിയും കറക്കി  മുറ്റത്തേക്കിറങ്ങി. തുണികൾ അടുക്കിവച്ച  സൂട്ട് കേസ്  പെങ്ങളുചേച്ചി അവളുടെ കൈയ്യിൽ പിടിപ്പിച്ച് പറഞ്ഞു " പോയി വരൂ" . 
മുറ്റത്തേക്ക്  ഇറങ്ങുമ്പോൾ അയല്പക്കത്തെ രണ്ടു സ്ത്രീകൾ കാഴ്ചക്കാരായി മുറ്റത്തു നിൽപ്പുണ്ടായിരുന്നു.   അവർക്കു നടുവിലൂടെ അവൾ മന്ദം മന്ദം സൂട്ട് കേസും കയ്യിലേന്തി നടക്കുമ്പോൾ  'താനൊരു പ്രദർശനവസ്തുവാണോ' എന്നൊരു സംശയം അവളുടെ മനസ്സിലുദിക്കാതിരുന്നില്ല.  ആ സ്ത്രീകൾ അവളെ അടിമുടി ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നിട്ടും അത് കാണാത്ത ഭാവത്തിൽ അവൾ അവനു പിറകെ കാറിൽ കയറാനായി നടക്കുമ്പോൾ അമ്മയും, പെങ്ങളുചേച്ചിയും അല്പം ഗമയോടെ ആ സ്ത്രീകളോടായി  പറഞ്ഞു " കുട്ടികൾ വിരുന്തു പോവാ..." . 
അവർ കാറിൽ കയറി കൈ വീശി യാത്രയായി. 
നവവരൻ  റാഡോ വാച്ചും, കല്ലുവച്ച  മോതിരവുമിട്ട കൈകൾ കൊണ്ട് സ്റ്റിയറിങ്ങിൽ ഒരു പ്രത്യേക സ്റ്റൈലിൽ  പിടിച്ചുകൊണ്ട് വധുവിനെ കടക്കണ്ണാൽ  നോക്കി. ഫ്രണ്ട് സീറ്റിൽ അവനോടൊപ്പം ഇടത്തേ സൈഡിൽ ഇരിക്കുമ്പോൾ തങ്ങളുടെ സീറ്റുകൾ തമ്മിൽ ഒട്ടും അകലമില്ലാത്തതുപോലെ  അവൾക്കു തോന്നിച്ചു. കാറ് മുന്നോട്ടു നീങ്ങുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി...... അവൻ തിരിച്ചും.....  രണ്ടുപേരും ചിരി...... അല്പം ഉച്ചത്തിലായ ചിരി....  ചിരി തെല്ലോന്നടങ്ങിയപ്പോൾ  അവൾ ചോദിച്ചു " എന്തിനാ ചിരിച്ചേ"
  അവൻ ചോദിച്ചു " നീ എന്തിനാ ചിരിച്ചേ" 
അവൾ പറഞ്ഞു " ആ എനിക്കറിയില്ല" 
രണ്ടുപേരും വീണ്ടും ചിരി.
തെല്ലുദൂരം  പിന്നിട്ടപ്പോൾ അവൻ മെല്ലെ പറഞ്ഞു " നീ ആ മാലയെല്ലാം അഴിക്ക്" 
അവൾ തെല്ലു ശങ്കയോടെ അവന്റെ മുഖത്തേക്ക് നോക്കി.   അവൾ ചോദിച്ചു " അഴിച്ചു ഞാനെന്തു ചെയ്യും ?" 
അഴിച്ചെടുത്തു  ബാഗിൽ വക്കൂ അതിനല്ലേ നിന്റെ കൈയ്യിൽ ബാഗുള്ളത്"  ഇതൊരുമാതിരി സ്വർണ്ണക്കടയുടെ  പരസ്യംമാതിരി.... കാണുന്നവർ എന്നെയെ പഴിക്കൂ.... നീ വേഗം അതെല്ലാം അഴിച്ചു വെക്കൂ താലിമാല മാത്രം കഴുത്തിൽ മതി. : അവൻ 
" എങ്കിൽ ഒരു കാര്യം ചെയ്യൂ.... വണ്ടി തെല്ലു സ്പീഡ് കുറയ്ക്കുമോ?" : അവൾ 
" ഓ പിന്നെന്താ..."  അവൻ ഫോർത്തുഗിയറിൽ നിന്ന് തേർഡിലേക്ക്  ഡൌൺ ചെയ്തുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി. 
 അവൾ ആഭാരണാദികൾ  ഓരോന്നായി അഴിച്ചെടുത്ത് ബാഗിൽ വച്ചു ദീർഘശ്വാസം വിട്ടു. പിന്നെ വളകൾ ഓരോന്നായി അഴിച്ചു ബാഗിൽ വച്ച് സ്വതന്ത്രയായി കൈകൾ ഉയർത്തി. സ്വതന്ത്രമായ അവളുടെ കൈ അവൻ സാവകാശം അവന്റെ കൈകൾക്കുള്ളിലാക്കി സീറ്റിൽ അമർത്തിപ്പിടിച്ചു . 
കൈകൾ വലിച്ചുകൊണ്ട് അവൾ അവനെ ഓർമ്മപ്പെടുത്തി " നിങ്ങൾ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കൂ" 
വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ അവൾ പറഞ്ഞു " എനിക്കാകെ ടെൻഷൻ.... നിങ്ങൾ എന്റെ വീട്ടിലേക്കു വരികയല്ലേ. നിങ്ങൾക്ക് ഞങ്ങളുടെ  രീതികൾ ഒക്കെ ഇഷ്ടമാവുമോ ?" 
 " എന്താണ് നിങ്ങളുടെ രീതികൾ?" : അവൻ
" ഒക്കെ വന്നു കണ്ടു മനസ്സിലാക്കിയാൽ മതി.... ഞാനൊന്നും പറഞ്ഞു തരില്ല..."  :അവൾ അതുപറഞ്ഞു ചിരിച്ചു... അതു കേട്ട അവനും ചിരിച്ചു.
തെല്ലുദൂരം പിന്നിട്ടപ്പോൾ അവൾ അവനോട്: എനിക്കൊരു  ജ്യൂസ് വാങ്ങിത്തരുമോ?" 
അവൻ ചോദിച്ചു " അതു വേണോ? വീട്ടിൽച്ചെന്നു കുടിച്ചാൽ പോരെ?" 
സംശയത്തോടെ അവളവന്റെ  മുഖത്തേക്ക് നോക്കി. "നവവധു  ആദ്യമായി ആവശ്യപ്പെടുന്ന ഒരു കാര്യം സാധിച്ചുതരാൻ  മടിക്കുന്ന ഇവൻ ആളു ശരിയല്ല"  അവൾ മനസ്സിൽ പറഞ്ഞു. 
" പുറത്തുനിന്നും  ഒന്നും കഴിക്കുന്നത് എനിക്കിഷ്ടമല്ല... അതെന്റെ ശീലമായിപ്പോയി" :  അവൻ  
അവൾക്കു തെല്ലു നിരാശ തോന്നിയെങ്കിലും പുറത്തുകാട്ടാതെ അവൾ പറഞ്ഞു
" എങ്കിൽ ഒരു മെഡിക്കൽഷോപ്പിനു  മുൻപിൽ നിറുത്തുമോ " 
" എന്തു പറ്റി?" : അവൻ
" തലവേദന ": അവൾ
അവൻ അവളുടെ നെറ്റിയിൽ ഇടത്തേ കൈകൊണ്ട്  തടവി പറഞ്ഞു 
" നിർത്താമല്ലോ"
       വഴിയിൽ കണ്ട മെഡിക്കൽഷോപ്പിനു മുന്നിൽ വണ്ടിനിർത്തി 
50രൂപാനോട്ട്  അവളുടെ കൈയ്യിൽ കൊടുത്തിട്ട് അവൻ പറഞ്ഞു " ഗുളിക വാങ്ങിവരൂ.... ഞാൻ വെയിറ്റ് ചെയ്യാം" 
അവൾ സാവകാശം ഡോർ തുറന്ന് വെളിയിലിറങ്ങി മെഡിക്കൽഷോപ്പിലേക്ക്  കയറിച്ചെല്ലുമ്പോൾ  ചിലരൊക്കെ അവളെ നോക്കിക്കൊണ്ടു നിൽപ്പുണ്ടായിരുന്നു.  'പട്ടുസാരിയും, മുല്ലപ്പൂമണവും ആകെ പുതുമണവാട്ടിയുടെ ലക്ഷണങ്ങൾ '  എന്തായാലും ആഭരണാദികൾ അഴിച്ചു വപ്പിക്കാൻ  നവവരനു തോന്നിയ ബുദ്ധിയോർത്ത് അവൾ ആശ്വസിച്ചു. അല്ലെങ്കിൽ ഇവിടെയും താനൊരു പ്രദർശനവസ്തുവാകേണ്ടി  വന്നേനെ അവൾ ചിന്തിച്ചു. 
തലവേദനക്കുള്ള ഗുളികവാങ്ങി  തിരിച്ചുവന്ന അവൾ ആകെ പരിഭ്രമിച്ചു. തന്നെ ഇവിടിറക്കിവിട്ട  നവവരന്റെ പൊടിപോലും കാണാനില്ല. " ഈശ്വരാ!!! താൻ ചതിക്കപ്പെട്ടോ " അറിയാതെ അവൾ തലയിൽ കൈവച്ചു ഒരു നിമിഷം നിന്നു.  അല്പം മുന്നോട്ടു നടന്നുനോക്കി.... ഇല്ല.... അയാളുടെ പൊടിപോലും കാണാനില്ല....  സ്വല്പം പിറകോട്ടു നടന്നു നോക്കി.... ഇല്ല ഇവിടെയുമില്ല..... "ഉറപ്പ് താൻ കബളിക്കപ്പെട്ടിരിക്കുന്നു " അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ അവളവിടെത്തന്നെ  ആ നിൽപ്പ് നിന്നു. ചുരുട്ടിപ്പിടിച്ചിരുന്ന  ഇടത്തേകൈകൾ വിടർത്തി  അവളതിലേക്ക് നോക്കി 4 ഗുളികയും പിന്നെ ബാക്കി പത്തിന്റെ നാലുനോട്ടും, ഒരു അഞ്ചു രൂപനോട്ടും. അവൾ സ്വയം ചോദിച്ചു " ഇനി ഞാനെന്തു ചെയ്യും? " (മൊബൈൽ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലം സങ്കൽപ്പിക്കൂ.... ) 
അവൾ കണ്ടു ' തൊട്ടുമുന്നിൽ  കാക്കിക്കുപ്പായം .... ട്രാഫിക് പോലീസ്'  ' അയാളോടു പരാതിപ്പെട്ടാലോ.... നിയമപാലകനല്ലേ..  ഒരുവേള അവളൊന്നു ചിന്തിച്ചു " ഛെ..... അയാളോടു താനെന്തു പറയും..  രണ്ടുനാൾ മുന്നേ തന്നെ വിവാഹം ചെയ്ത ആൾ ഇവിടെ ഉപേക്ഷിച്ചു പോയെന്നോ.... നാണക്കേട്.... വേണ്ട..."  ഇതെങ്ങനെ വീട്ടിൽ അറിയിക്കും? അവൾ മെല്ലെ ഇടത്തേ സൈഡിലേക്ക് നോക്കി...... ഉവ്വ്..... അവൻ തന്നെ..... അങ്ങുദൂരെനിന്നേ കൈവീശി ഓടിവരുന്നുണ്ടായിരുന്നു . അവളുടെ മനസ്സ് തണുത്തു.... ദീർഘശ്വാസം  വിട്ടു. ഈശ്വരനു നന്ദി പറഞ്ഞു.  എന്നിട്ടും അവളോർത്തു " ഇവനെന്തിനാ  ഇത്രേം പിറകീന്നോടി വരുന്നേ..... " അവൻ കയ്യാട്ടി വിളിച്ചു.... അവൾ വേഗം നടന്നുചെന്നു. 
അവന്റെ അടുത്തെത്തുമ്പോൾ അവൾ കിതക്കുകയായിരുന്നു. അവനാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ ധൃതി കൂട്ടി  " വേഗം....... വേഗം..... വണ്ടിയിൽക്കയറൂ..." 
അവന്റെ ധൃതിയും, വെപ്രാളവും കണ്ട അവൾ ചോദിച്ചു " എന്താ" 
അവൻ പറഞ്ഞു " പോലീസ്" 
അവൾ കയറിയതും വേഗം വണ്ടി മുന്നോട്ടെടുത്തു അവൾ വീണ്ടും അന്തം വിട്ടിരുന്നു ഈശ്വരാ!! താൻ കബളിക്കപ്പെട്ടിരിക്കയാണോ? ഇവനെന്തിനു പോലീസിനെ കണ്ടു ഭയക്കണം? അപ്പോൾ ഇവൻ?????  നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു നീറി. 
കുറച്ചു മുൻപോട്ടു ചെന്നതും വണ്ടിയുടെ സ്പീഡ് കുറച്ച് അവൻ അവളെ വിളിച്ചു " നീ എന്താ ഒന്നും മിണ്ടാത്തെ" 
അവൾ ചോദിച്ചു " നിങ്ങൾ എന്തിനാണ് പോലീസിനെ ഭയക്കുന്നെ?" 
അവൻ പറഞ്ഞു " ഓ അതോ ........ ലൈസൻസ് കിട്ടിയിട്ടില്ല...... പോലീസിനെക്കണ്ട് ഞാൻ വണ്ടി പുറകോട്ടു നീക്കിയിട്ടതാണ്. പിടിച്ചാൽ ഫൈൻ അടിക്കും.  
   അവൾ ആശ്വാസം കൊണ്ടു ഒപ്പം ചെറിയ ഒരു കുറ്റബോധം മനസ്സില് " ദൈവമേ ഇത്രയും സമയത്തിനുള്ളിൽ ഇവനെപ്പറ്റി എന്തെല്ലാം ചിന്തിച്ചുകൂട്ടി"
അത് പുറത്തു പ്രകടമാക്കാതെ അവൾ പറഞ്ഞു " വേഗം ലൈസൻസ് എടുക്കൂ...... ഇല്ലാതെ നിങ്ങളോടൊപ്പം ഇനി ഞാനെങ്ങും വരില്ല...... ഇല്ലെങ്കിൽ ഇതുപോലെ നിങ്ങളെന്നെ വഴിയിലിട്ടിട്ടു പോവില്ലേ " 
അവൻ ചിരിക്കുമ്പോൾ അവൾക്കു സങ്കടവും, ദേഷ്യവും വന്നു. അവൾ പറഞ്ഞു " നിങ്ങളെന്നെ ഇട്ടിട്ടുപോയി എന്നാണു ഞാൻ കരുതിയത് " 
അതുകേട്ട അവൻ നിറുത്താതെ ചിരിച്ചു. അവൻ മനസ്സില് പറഞ്ഞു " ഇവൾ ഒരു പൊട്ടിപ്പെണ്ണ്  തന്നെ.  അവൾ സങ്കടപ്പെട്ടിരിക്കുന്നതു കണ്ട അവൻ പറഞ്ഞു " ഒരു വല്യ തൊടലിട്ട്  എന്നെ ബന്ധിച്ചിരിക്കയല്ലേ.... ഇനിയിപ്പം ഇതിട്ടേച്ചു ഞാനെവിടെപ്പോവാൻ?"  ജീവിതകാലം മുഴുവൻ ഈ തൊടൽ എന്റെ കഴുത്തിലുണ്ടാവില്ലേ "  അതു പറഞ്ഞു അവൻ ചിരിച്ചു. അവൾ അപ്പോൾ മനസ്സില് ആശ്വാസം കൊള്ളുകയായിരുന്നു " ഇവൻ  സ്നേഹമുള്ളവൻ തന്നെ..... ഇവനെ വിശ്വസിക്കാം... 

 വിശ്വാസം.......... അതാണല്ലോ പ്രധാനം.........  "പരസ്പരവിശ്വാസം " അതാണല്ലോ ദാമ്പത്യത്തിന്റെ അടിത്തറയും. 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


29 comments:

 1. ഓ,ഗീതച്ചേച്ചിയെ ഇപ്പോ ബ്ലോഗുകളിലൊന്നും അധികമങ്ങനെ കാണാരില്ലല്ലോന്ന് ഓർത്തതേയുള്ളൂൂ.അപ്പോളതാ ഒരുഗ്രൻ കഥയുമായി വന്നു.


  അവൾ മെഡിക്കൽ സ്റ്റോറിൽ നിന്നും ഇറങ്ങിയപ്പോൾ സത്യത്തിലെ എന്റെ ചെങ്കിടിച്ച്‌ പോയി.വിചാരിച്ചത്‌ പോലെ വരൻ മുങ്ങി.പക്ഷേ അവൻ തിരികെ വന്നപ്പോളാ സമാധാനം തോന്നിയത്‌.


  അവനും അവൾക്കും പേരിടാതിരുന്നത്‌ ഈക്കഥയുടെ മാറ്റ്‌ കൂട്ടുന്നു..
  വേണമെങ്കിൽ രണ്ട്‌ ദിവസം നിൽക്കാം എന്ന് അവൻ പറഞ്ഞത്‌ നടന്നത്‌ തന്നെ..

  ReplyDelete
  Replies
  1. സുധീ.... സന്തോഷം ട്ടോ ഈ കമന്റിന്. ആദ്യവായനക്കാരനായി വന്നതിൽ അതീവസന്തോഷം.

   Delete
 2. ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു...

  വിവാഹപ്പിറ്റേന്ന് പുലർച്ചെ ടൂ വീലർ ലൈസൻസിനുള്ള ടെസ്റ്റിനായി എഴുന്നേറ്റ്‌ പോയ കാര്യം ഓർമ്മ വന്നു... :)

  ReplyDelete
  Replies
  1. വായനയിൽ ഒത്തിരി സന്തോഷം വിനുവേട്ടൻ. ഇതു വായിച്ചപ്പോൾ പഴയ ചില കാര്യങ്ങൾ കൂടി ഓർത്തെടുത്തു അല്ലെ?

   Delete
 3. പ്രേമവിവാഹമൊന്നുമായിരുന്നില്ലല്ലൊ. കാർന്നോന്മാർ തമ്മിൽ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നിട്ടും, നാത്തൂൻ പെണ്ണിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ആഭരണാദികൾ മുഴുവൻ വാരിവലിച്ചിട്ടിട്ടും, പിന്നീടതൂരി സ്വന്തം ബാഗിനകത്ത് വച്ചിട്ടും, കണവനെ ഒരു നിമിഷം കാണാതായപ്പോൾ പുതുപ്പെണ്ണിന്റെ ചിന്ത പോയ പോക്ക് നോക്ക്...!!

  കാലം വല്ലാത്തതാണെ. എന്നാലും രണ്ടുമൂന്നു ദിവസം കൂടെക്കഴിഞ്ഞിട്ടും ഭർത്താവിൽ ഇങ്ങനെയൊരു അവിശ്വാസം വന്നതിലാണെനിക്കത്ഭുതം. ഒരു ജീവിതകാലം മുഴുവൻ ഈ സംശയരോഗവുമായി ജീവിക്കേണ്ടിവരുന്ന ഒരവസ്ഥയാ ഞാൻ മുന്നിൽ കാണുന്നത്.
  ആശംസകൾ...

  ReplyDelete
  Replies
  1. ആരെയും കണ്ണടച്ചു വിശ്വസിക്കാൻ പറ്റാത്ത കാലമല്ലേ മാഷെ. വായനയിൽ അതീവസന്തോഷം

   Delete
 4. തികച്ചും സംഭവ്യമായ കാര്യം. വളരെ സ്വാഭാവികമായി എഴുതി. നന്നായി

  ReplyDelete
  Replies
  1. ഹ.... ഹാ.... അജിത്‌ ഭായ് ഈ വരവിലും വായനയിലും ഒത്തിരി സന്തോഷം.

   Delete
 5. ഞാനും വിചാരിച്ചു അയ്യാൾ പറ്റിച്ച്‌ കടന്ന് കളഞ്ഞു എന്ന്. തിരികെ വന്നല്ലോ ആശ്വാസം

  ReplyDelete
  Replies
  1. പ്രവാഹിനീ...... ഒരുപാട് സന്തോഷം ട്ടോ ഈ വായനക്ക്.

   Delete
 6. വായിച്ചു, പക്ഷേ ഒഴുക്ക് എവിടെയൊക്കെയോ മുട്ടുന്നോ എന്നൊരു സംശയം.

  ReplyDelete
  Replies
  1. മാഷേ.... വായനയിൽ അങ്ങനെ തോന്നിയോ?
   ഈ വരവിലും, വായനയിലും ഒരുപാട് സന്തോഷം.

   Delete
 7. കഥ ആയാലും അൽപ്പം കാര്യം വേണം. അവളുടെ സംശയത്തിന് പ്രത്യേക ഒരു കാരണവും കാണുന്നില്ല. കല്യാണം കഴിച്ചിട്ട് ഇങ്ങിനെ മുങ്ങുമോ? പേരും മേൽവിലാസവും ഒന്നുമില്ലാതെ കല്യാണം കഴിച്ചതാണോ? ജ്യുസ് വാങ്ങിക്കൊടുക്കാത്ത അവനുംഎന്തോ പ്രശ്നംഉണ്ട്. 'ഇവൻ ആള് ശരിയല്ല' എന്ന് കരുതുന്ന അവൾക്കും . ഇതൊരു 'വാട്ട്‌സ് ആപ്പ്' കഥ പോലെ തോന്നി.

  ReplyDelete
  Replies
  1. വാട്സ് ആപ്പ് കഥ എന്താണെന്ന് മനസ്സിലായില്ല സർ. എന്തായാലും വായനയിലും, അഭിപ്രായം കുറിച്ചതിലും സന്തോഷം.

   Delete
 8. ലളിതമായി പറഞ്ഞു പോയ കഥ...അവസാനം കൊണ്ട് വന്ന ചില സ്പാര്‍ക്കുകളും ഇഷ്ടായി.അധികം അടുത്തറിയാത്ത ഒരാളെ ചിലപ്പോള്‍ പൂര്‍ണ്ണമായും വിശ്വാസം ഇല്ലാതെയവുന്നത് സ്വാഭാവികം ...ഇഷ്ടായി .

  വിരുന്തു ആണോ വിരുന്നാണോ ? ഞങ്ങളെ നാട്ടില്‍ വിരുന്നു എന്നാണ് പറയുക..

  ReplyDelete
  Replies
  1. ഫൈസൽ,
   വരവിലും വായിച്ചതിലും അതീവ സന്തോഷം. ചെറിയ ഒരു തെറ്റു പറ്റിയതാണ്.
   "വിരുന്ന് എന്ന് തന്നെയാ പറയുക.

   Delete
 9. എന്തൊക്കൊയോ സംഭവിക്കാന്‍ പോണൂ, എന്ന് ഒരു പ്രതീതി ഉണ്ടാക്കിയിട്ടും, ഒന്നും സംഭവിക്കാതെ പോയ കഥ!

  ReplyDelete
  Replies
  1. ഒന്നും സംഭവിച്ചില്ലല്ലോ......... ഈ വരവിലും, വായനയിലും അതീവസന്തോഷം.

   Delete
 10. ഇഷ്ടമായി, നന്നായി പറഞ്ഞിരിക്കുന്നു

  ReplyDelete
  Replies
  1. വായിച്ചതിൽ അതീവ സന്തോഷം.

   Delete
 11. നല്ല എഴുത്ത് ...ആകാംക്ഷയോടെ വായിച്ചു...

  ReplyDelete
  Replies
  1. ശ്രീപ്രിയ....... വായിച്ചുവല്ലോ .... സ്നേഹം.

   Delete
 12. കഥ ഇഷ്ടായി ഗീത...

  ReplyDelete
  Replies
  1. പ്രിയ മുബീ..... സന്തോഷം.

   Delete
 13. വിശ്വാസം അതില്ലാത്തതാണ് ഇന്ന് പ്രധാനം

  ReplyDelete
  Replies
  1. സർ, വായിച്ചതിൽ ഒരുപാട് സന്തോഷം.

   Delete
 14. വിശ്വാസം!!!
  എത്ര കാലം കൊണ്ട് പടുത്തുയര്‍ത്തിയതായാലും കളഞ്ഞുകുളിക്കാന്‍ ഒരു നിമിഷത്തെ പ്രവൃത്തി മതി!!!

  ReplyDelete
 15. വിവാഹംകഴിഞ്ഞ് വധൂഗൃഹത്തിലേക്കുള്ള വിരുന്നുപോക്കിന്‍റെ "രംഗാവതരണം"
  വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
  പെങ്ങളുചേച്ചി യാതൊരു ദാക്ഷിണ്യവും കൂടാതെ രണ്ടു ലെയർമാലയും, പൂത്താലിമാലയും അടുക്കടുക്കായി കഴുത്തിൽ ചാർത്തിക്കൊടുത്തുകൊണ്ട് അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു
  " തീരെ കനക്കുറവാണല്ലോ ഇതിനൊക്കെ"
  എട്ടുപവന്റെ തൊടലു പോലത്തെ താലിമാല പുറത്തേക്കു വലിച്ചെടുത്തിട്ടിട്ടു ചേച്ചി ഉറക്കെപ്പറഞ്ഞു " ഇപ്പഴാ സ്റ്റൈലായെ... "
  ഇതിലെ ദ്വയാര്‍ത്ഥംക്കൂടി പരതിയെടുക്കുമ്പോള്‍....ഉഗ്രന്‍....

  ReplyDelete
 16. സംഭവങ്ങൾ നേരിട്ടു കാണുന്നപോലെ .നന്നായിരിക്കുന്നു വാക്കുകളുടെ പ്രയോഗം ..
  " നിന്റെ ഭാര്യയോ. ...... നീ എന്താ എങ്ങാണ്ടൂന്നു വിളിച്ചോണ്ടു വന്നതാണോ ഇവളെ... പോയി പണി നോക്കടാ ചെക്കാ..... " പെങ്ങളുചേച്ചിയുടെ തിരിച്ചടിയിൽ അവന്റെ നാവിലെ വെള്ളം പറ്റി. കൊള്ളാം .....

  ReplyDelete