Saturday 22 August 2020

അവലോകനം

 



അല്പം സ്ത്രീപക്ഷചിന്തകൾ 

****************************

ടി വി യിൽ ന്യൂസ് കണ്ടിരുന്നു കുറേക്കഴിഞ്ഞപ്പോൾ വെറുതെ ചാനൽ ഒന്നുമാറ്റി. അവിടെ ഒരു ചർച്ച. ..പെൺവിഷയം.. പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ… ഭർത്തൃഗൃഹങ്ങളിൽ സ്ത്രീധനവിഷയത്തെച്ചൊല്ലിയുണ്ടാകുന്ന പീഢനങ്ങൾ.. അതേത്തുടർന്നുണ്ടാകുന്ന ആത്മഹത്യകൾ… കൊലപാതകങ്ങൾ.. ഒക്കെയായിരുന്നു ചർച്ചാവിഷയം.  ആ ചർച്ചയിൽ പങ്കെടുത്ത ഒരു സ്ത്രീ ഊന്നിപ്പറഞ്ഞ ഒരുകാര്യം ..” നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്.. ദയനീയമാണ്‌ ..” എന്നാണ്. ആ വാക്കുകൾ എന്നെയും ഒത്തിരി വേദനിപ്പിച്ചു. 


ഇന്നത്തെ കുട്ടികൾ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല എല്ലാ കുട്ടികളും ജീവിതത്തിനൊരു ലക്ഷ്യമുള്ളവരാണ്. നന്നായി പഠിച്ച് നല്ലഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കണമെന്നും ഒക്കെ ഉറച്ച തീരുമാനങ്ങളുള്ള കുട്ടികൾ ആണ് ഇന്നത്തെ തലമുറ. അവർക്ക് ഒരുപാടു സ്വപ്നങ്ങളുണ്ട്.  പെൺകുട്ടികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ അവർ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പല പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.  പല തിക്തമായ അനുഭവങ്ങൾ ഉണ്ടാകുന്നു. ആൺകുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ടാകാറില്ലേ.. എന്ന ചോദ്യം ഉണ്ടാവാം.  ഇല്ലെന്നു പറയുന്നില്ല.. പക്ഷേ പെൺകുട്ടികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പ്രശ്നങ്ങൾ കുറവാണ്‌.  ഞാനീകേട്ട ചർച്ചയിൽ പെൺകുട്ടികളെ സംബന്ധിച്ച വിഷയമാകയാൽ ഞാനിവിടെ പെണ്കുട്ടികളെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നത്. 


ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞശേഷമാണ് ഇന്നത്തെ മിക്കപെൺകുട്ടികളും വിവാഹത്തിനു തയ്യാറാവുന്നത്.  എല്ലാവരും എന്നല്ല… എന്നാലും. 

വളരെ നല്ല തീരുമാനംതന്നെ.  സമൂഹത്തിൽ ഒരു വിലയുണ്ടാവണമെങ്കിൽ ഒരു ജോലിയുള്ളതു നന്ന്. ജോലിയില്ലാത്ത വീട്ടമ്മമാർക്ക്‌ വിലയില്ല എന്നല്ല ഉദ്ദേശിച്ചത്. എങ്കിലും രണ്ടുംതമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞുവെന്നുമാത്രം.  നമ്മുടെവീടുകളിൽ ചെറുപ്പംമുതലേ പെൺകുട്ടികളെ പല വിലക്കുകളിലൂടെയാണ് വളർത്തുന്നത്.  ചിട്ടയോടെ കുഞ്ഞുങ്ങളെ വളർത്തണം. ചിലകാര്യങ്ങൾ നമ്മൾ കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കണം...അത്‌ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും …  


നമ്മുടെ നാട്ടിൽ ഒരു കാഴ്ചപ്പാടുണ്ട്. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിൽ ആ പെൺകുട്ടിയോട് ബന്ധുക്കളുടെ ഒരു സമീപനം എന്നുപറയുന്നത് അവരെ കുറേ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചുകൊടുക്കലാണ്. “അങ്ങനെ അവിടെ പെരുമാറണം … ഇങ്ങനെ ഇവിടെ പെരുമാറണം.. അങ്ങനെ വേണം.. ഇങ്ങനെ വേണം.. “ . ഈ പെൺകുട്ടിയെ വിവാഹംകഴിച്ച ആൺകുട്ടിയെ സംബന്ധിച്ച് ഈ ചിട്ടകളൊന്നുമില്ല. ആണിന് പെൺവീട്ടിൽ ചെല്ലുമ്പോൾ ആണിന്റെ ഇഷ്ടത്തിനനുസരിച്ച് നോക്കി അറിഞ്ഞു പെരുമാറിക്കോണം. പക്ഷേ പെണ്ണിന്റെ അവസ്ഥയോ.. കുറേ വിലക്കുകൾ .. പിന്നെ കുറേ നിയമങ്ങൾ.. ആവീടിന്റെ എല്ലാ ചുമതലയും എന്നുപറയുന്നത് വെറുതേ .. അടുക്കളതാക്കോൽ ഈ പെൺകുട്ടിയുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്.. എന്നിട്ട് അതിലെ കുറ്റകുറവുകൾ കണ്ടുപിടിക്കലുകൾ.. ഈ വകകാര്യങ്ങളൊക്കെ ചെയ്യിക്കുന്നത് ആ വീട്ടിലെ സ്ത്രീകൾ തന്നെ. പുരുഷന്മാർക്ക് അവിടെ യാതൊരു റോളുമില്ല എന്നതും രസകരം. { “പെണ്ണിനെന്നും പെണ്ണുതന്നെ ശത്രു ..” ഇതൊരു വസ്തുത തന്നെ.. ഈ ചൊല്ല് എല്ലാക്കാലവും ഇങ്ങനെത്തന്നെ നിലനിൽക്കുകയും ചെയ്യും..} പെൺകുട്ടിക്ക് സ്വന്തംവീട്ടിൽനിന്നു കിട്ടിയിരിക്കുന്ന ഉപദേശവും … അവിടെച്ചെന്നാൽ സ്വന്തംവീടുപോലെ കരുതണം .. { സ്വന്തം വീടുപോലെ കരുതേണ്ടതുകൊണ്ടാവും ഭർത്തൃവീട്ടുകാർ ചെല്ലുമ്പോഴേ ഈ പെൺകുട്ടിയുടെ കൈയിൽ അടുക്കളയുടെ താക്കോൽ ഏൽപ്പിക്കുന്നത്.. മറ്റു താക്കോലുകൾ ഒന്നും അവർ ഒരിക്കലും മരുമകളെ ഏൽപ്പിക്കില്ല… ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.. സാധാരണവീടുകളിൽ ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. } 

 മാതാപിതാക്കളെയും ബന്ധുജനങ്ങളേയും സ്നേഹിക്കണം..  തിരിച്ചും ഉണ്ടാവേണ്ടതാണ്.. മരുമകളെ സ്വന്തംമകളെയെന്നപോലെ കരുതാനാവണം.   പക്ഷേ എത്രവീടുകളിൽ ഇങ്ങനെയുണ്ടാകുന്നു. ചുരുക്കം എന്നു വേണമെങ്കിൽ പറയാം.  ചിലർ വെറുതേ മേനിപറയുന്നതു കേൾക്കാം ..” മകളെപ്പോലെയാണ് കരുതുന്നത് എന്ന്.. വെറുതെ.. ഒരമ്മായിയമ്മക്കും മരുമകളെ സ്വന്തംമകളെയെന്നപോലെ കാണാനാവില്ല.. അതുപോലെ മരുമകൾക്കും സ്വന്തംഅമ്മയെപ്പോലെ അമ്മാവിയമ്മയെയും കാണാനാവില്ല. അതിന്റെ കാരണം മരുമകൾ അമ്മാവിയമ്മക്കിഷ്ടപ്പെടാത്ത ഒരു കാര്യം പറഞ്ഞാൽ അവർക്കൊരിക്കലും ക്ഷമിക്കാനും മറക്കാനും ആവില്ല. പക്ഷേ അതവരുടെ മകളായാൽ അവർ ക്ഷമിക്കും .. മറക്കും.. തിരിച്ചും അമ്മാവിയമ്മയുടെ ഭാഗത്തുനിന്ന് ശാസനാരൂപത്തിൽ അല്ലെങ്കിൽ പരുഷമായ വാക്കുകൾ ഉണ്ടായാൽ അവൾക്കതു മറക്കാനോ ക്ഷമിക്കാനോ ആവില്ല .. സ്വന്തം അമ്മയായാൽ അവളതു മറക്കും.. ക്ഷമിക്കും.. അതാണ് അതിലെ വ്യത്യാസം. ഇതൊരു പരമാർത്ഥം ആണ്. ഇതിനെ എതിർക്കുന്നവർ ഉണ്ടാവാം.  അത്‌ സത്യസന്ധമായ അഭിപ്രായമല്ല എന്ന് അടിവരയിട്ടു പറയുന്നു. ഇനി ഞങ്ങൾ ഇങ്ങനെയല്ല .. ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല എന്നുള്ളവരുണ്ടെങ്കിൽ നല്ലകാര്യം.. നിങ്ങളുടെ നല്ലമനസ്സിനെ ബഹുമാനിക്കുന്നു. 


പലയിടങ്ങളിലും പെണ്മക്കളെ വിവാഹംകഴിച്ചുവിടുമ്പോൾ അമ്മയെക്കാളേറെ അച്ഛൻമാരുടെ കണ്ണുകൾ നിറയുന്നത്.. ചിലർ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ട്. ആ അച്ഛൻ തന്റെ മകൾ സുഖമായി ജീവിക്കണം.. ഏറ്റവും നല്ല പുരുഷനാവണം അവളുടെ കഴുത്തിൽ താലിചാർത്തേണ്ടവൻ… എന്നൊക്കെയാണ് ആഗ്രഹിക്കുക. അങ്ങനെ നിരന്തരമായ തിരച്ചിലിലൂടെയാവും മകൾക്കനുരൂപനായ ഒരാളെ കണ്ടെത്തുക.  ഇനി ഇതൊക്കെ ഒത്തിണങ്ങിയ ബന്ധമാണ് കിട്ടിയതെങ്കിലും ആ പെൺകുട്ടിക്ക് ചിലപ്പോൾ അവിടെ സുഖമായും സന്തോഷമായും ജീവിക്കാൻ കഴിയുമെന്ന് തീർച്ചയാക്കാൻ സാധിക്കില്ല. ചിലരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനാവാത്തതും മാതാപിതാക്കളുടെ നിയന്ത്രണത്തിൽപ്പെടാത്തതും ആയ ദുഃഖങ്ങളായി മാറുന്നു.  ഇനി അവർക്കു പരിഹരിക്കാവുമെങ്കിൽത്തന്നെ ഇനിയും ഇതുപറഞ്ഞ് സ്വന്തംവീട്ടുകാരെ എന്തിനു ദുഃഖിപ്പിക്കണം എന്നോർത്ത് പലപെൺകുട്ടികളും അതു തുറന്നുപറയാറുമില്ല. പിന്നീട് പ്രശ്നങ്ങൾ അങ്ങേയറ്റം വഴളായി പരിഹരിക്കാനാവാത്ത അവസ്ഥകളിലേക്ക് ചിലജീവിതങ്ങൾ എത്തിപ്പെട്ടുപോകുന്നു.. പിന്നീട് വാർത്തകളാകുന്നു.  അതായിരുന്നു ആ ചർച്ചയിലെ സ്ത്രീപറഞ്ഞതും “ പെൺകുട്ടികളുടെ കാര്യം വളരെ ദയനീയവും കഷ്ടവുമാണ്.. എന്ന്. 


തന്റെ മകളെ വിവാഹംകഴിച്ചുവിട്ട് “ എന്റെ മകൾക്കവിടെ ഒരുജോലിയും ചെയ്യേണ്ടതില്ല .. ടീവി കണ്ടിരുന്നാൽ മതി… അവിടുത്തെ 'അമ്മ എല്ലാപണികളും ചെയ്തോളും.. …പരമാനന്ദസുഖം..” എന്ന് പറഞ്ഞുനടന്ന ഒരമ്മയെ അറിയാം.. പക്ഷേ അവരുടെ മകൻ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ പെൺകുട്ടിയോടുള്ള അമ്മയുടെ സമീപനത്തിൽ മകനും അമ്മയുമായി നിരന്തരമായി വഴക്കുകൾ ഉണ്ടാവുകയും അങ്ങനെ പൊറുതികെട്ട് മകൻ മറ്റൊരിടത്തേക്ക് താമസം മാറ്റിയതും പിന്നീട് പരമാനന്ദസുഖത്തിൽ കഴിഞ്ഞ മകൾ അമ്മായിയമ്മപ്പോര് സഹിക്കാനാവാതെ ഈ അമ്മയുടെ അടുത്തുവന്നു താമസമാക്കിയതും അറിയാം. തന്റെ മകൾ ഒരുപണിയും ചെയ്യാതെ ഭർത്തൃവീട്ടിൽ സുഖിച്ചുകഴിഞ്ഞത് പൊങ്ങച്ചമായി പറഞ്ഞുനടന്ന 'അമ്മക്ക്‌ തന്റെ മരുമകൾ ജോലിതീർത്ത് കസേരയിൽ കയറി ഇരിക്കുന്നതു കാണുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നു. എന്താല്ലേ ഈ വിരോധാഭാസം..  നടന്നതും നേരിട്ടറിയാവുന്നതും ആയ സംഭവം തന്നെയാണ് ഇത്. 


മിക്ക സ്ത്രീകളുടെയും സ്വഭാവമാണ് ഇത്‌ … സ്വാർത്ഥത.. പല സ്ത്രീകളുടെയും നാവിൽനിന്നുകേട്ടിട്ടുണ്ട് പെൺമക്കളെ കെട്ടിച്ചുവിട്ടിട്ട് “ അവൾക്കൊരു ജോലിയുമറിയില്ല… അവൾ വല്ലതും ചെയ്യുമോ.... അറിയില്ല “.  ഇങ്ങനെ പറയുന്നത് വല്യ ക്രെഡിറ്റായി കാണുന്നവരാണ് ഇക്കൂട്ടർ. മകന്റെ ഭാര്യയോട് തിരിച്ചും. സ്ത്രീകൾ ആദ്യം അവനവനിലേക്കൊന്നു മനസ്സു തുറക്കാൻ തയ്യാറാവണം. നിങ്ങളും ഒരു സ്ത്രീയാണ്… നിങ്ങളും ഒരു മരുമകളായി കയറിവന്നവർ ആണ്.. നിങ്ങൾ മറ്റുള്ളവരുടെമേൽ നിയമങ്ങളും ചിട്ടകളും അടിച്ചേൽപ്പിക്കുമ്പോൾ സ്വയം ഒന്നു ചിന്തിച്ചാൽ നന്ന്.  ഈ പറയുന്ന നിയമങ്ങൾ ഒക്കെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ… സ്വന്തം മക്കളെക്കൊണ്ട് ഈ നിയമങ്ങളൊക്കെ ചെയ്യിപ്പിക്കാറുണ്ടോ… ഒരിക്കലുമുണ്ടാവില്ല. 


ഒരുപെൺകുട്ടി വീട്ടിലോട്ടു കയറിവന്നാൽ അവളുടെ തലയിൽ എല്ലാഭാരവും വച്ചുകൊടുത്തിട്ട് അതാണ് കടമ എന്നുപറഞ്ഞ് മാറിനിന്ന് അവളുടെ കുറ്റവും കുറവുകളും കണ്ടുപിടിക്കലല്ല വേണ്ടത്.  ആപെൺകുട്ടിക്കൊരു സമയം കൊടുക്കണം.  ആ വീട്ടിലെ ചിട്ടകളും കാര്യങ്ങളും മനസ്സിലാക്കിയെടുക്കാൻ. ആൺകുട്ടികളും സ്വന്തംഭാര്യമാരെ സപ്പോർട്ട് ചെയ്ത് അവളെ സഹായിച്ച് അവൾക്കുവേണ്ട മനോധൈര്യവും സ്നേഹവും കൊടുക്കണം. വീട്ടിലെ മറ്റ്‌ അംഗങ്ങൾ ആ പെൺകുട്ടിയെ മര്യാദപഠിപ്പിച്ചെടുക്കാൻ നോക്കാതെ ഒരുമിച്ചു സഹകരിച്ച് സ്നേഹമായി കുടുംബം മുന്നോട്ടുകൊണ്ടുപോവാൻ ആണ് നോക്കേണ്ടത്.  അമ്മമാരേ... നിങ്ങളുടെ മകളുടെ കണ്ണൊന്നു നനഞ്ഞാൽ മുഖം തെല്ലൊന്നു വാടിയാൽ നിങ്ങളുടെ നെഞ്ചുരുകുംപോലെ നിങ്ങളുടെ വീട്ടിൽ കയറിവന്ന പെൺകുഞ്ഞിനും നിങ്ങളെപ്പോലെ ഉള്ളുനീറിക്കഴിയുന്ന ഒരമ്മയുണ്ടെന്നു നിങ്ങളോർക്കണം. 


പെൺകുട്ടികളേ …  നന്നായി പഠിച്ച്‌ ഒരു ജോലിനേടി സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാകൂ.. വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിലെ മാതാപിതാക്കളെ തലമൂത്തവരെ ഒക്കെ ബഹുമാനിക്കണം. പക്ഷേ ആരുടെയും സഹതാപം വാങ്ങിയോ ചീത്തകേട്ടോ ജീവിക്കേണ്ടവരല്ല നിങ്ങൾ. തെറ്റുകണ്ടാൽ പ്രതികരിക്കാൻ ഉളള തന്റേടം ഉണ്ടാവണം. 

അമ്മമാർ മക്കളെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണിക്കാതെ വളർത്തൂ.  പുരുഷനൊപ്പം ഒരുമിച്ചു നടക്കേണ്ടവളാണ് സ്ത്രീ. ഒരു പെൺകുട്ടിയും അച്ഛനും അമ്മയ്ക്കും ബാധ്യതയല്ല.  മറ്റുള്ളവർക്ക് അപമാനിക്കാനോ അവളിൽ കുറ്റം ആരോപിക്കാനോ യാതൊരു അവകാശവും ഇല്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ നമ്മൾ ചോദിക്കുമല്ലോ “ ആണോ.. പെണ്ണോ..” ആണെന്നു കേട്ടാൽ മുഖം വിടരുകയും പെണ്ണെന്നുകേട്ടാൽ മുഖംചുളിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമില്ലേ.  ആണായാലും പെണ്ണായാലും ഒരുപോലെ സന്തോഷിക്കാൻ നമുക്കാവണം. അവൾ നിങ്ങളുടെ വീട്ടിലെ വിളക്കാണ്. അതുപോലെ നിങ്ങളുടെ മകന്റെ ഭാര്യയായി വരുന്ന പെൺകുട്ടിയും നിങ്ങളുടെ വീട്ടിലെ വിളക്കാണെന്നു കരുതാനുള്ള മനസ്സ് കാണിക്കൂ.. അവളെ സ്നേഹിക്കൂ.. തീർച്ചയായും അവളും നിങ്ങളെ തിരിച്ചും സ്നേഹിക്കും.    

                                      ******************************

കൂട്ടുകാരേ മുകളിലെ ചിത്രം എനിക്കു വരച്ചു തന്നത്  എന്റെ ബന്ധുവായ രാഖിയാണ് . നല്ലൊരു ചിത്രകാരിയായ രാഖി മണിലാൽ ആനിമേഷൻ ഫീൽഡിൽ ജോലിചെയ്യുന്നു.