ആ അവധിക്കു നാട്ടിലേക്കുള്ള പോക്ക് വളരെ ത്രില്ലടിച്ചായിരുന്നു. ആദ്യമായി മാറി നിൽക്കുന്ന മോനെ കാണാനായി നേരെ അവന്റെ ഹോസ്റ്റലിലേക്ക്..... അവിടെച്ചെന്നതും ഓടിയിറങ്ങിവന്ന മകനെക്കണ്ട് അന്തംവിട്ട് ഞാനും, പുള്ളിക്കാരനും കണ്ണിൽക്കണ്ണിൽ നോക്കി. ഞാനറിയാതെ തന്നെ എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി " ഇതെന്തു കോലമാ.... നീയിതെന്തു ഭാവിച്ചാ......?"
അവൻ ബാഗുമായി ഓടിവന്നു വണ്ടിയിൽക്കയറി. ഞാൻ പുള്ളിക്കാരന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കിയപ്പോൾ " ഒക്കെ ഞാൻ ശെരിയാക്കി എടുത്തോളാം " എന്ന അർത്ഥത്തിൽ പുള്ളി എന്നെ കണ്ണടച്ചു കാണിച്ചു. അച്ഛൻ മകനോട് കോളേജ് വിശേഷങ്ങൾ തിരക്കുമ്പോഴും ഞാനവനെ അടിമുടി വീക്ഷിക്കുകയായിരുന്നു. കോളേജിൽ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ ആദ്യദിവസത്തെ മീറ്റിങ്ങിൽ അദ്ധ്യാപകൻ എല്ലാവരോടുമായി പറഞ്ഞ വാചകങ്ങൾ ഒരു ഇടിമുഴക്കം പോലെ എന്റെ ചെവിയിൽ മുഴങ്ങിക്കേൾക്കുന്ന പോലെ........ ഈശ്വരാ .......!!! അതെങ്ങനെ .... അതു ഞാനല്ലേ കേട്ടുള്ളൂ.പുള്ളിക്കാരൻ അതും കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞല്ലേ നാട്ടിലെത്തുന്നത് അതാ അവനെക്കണ്ടിട്ടും ഇത്ര കൂളായി ഇരിക്കാൻ പറ്റുന്നെ .
അന്ന് മീറ്റിംഗ് കഴിഞ്ഞ് ഞാനും, അവനും പുറത്തേക്കിറങ്ങി വരുമ്പം ക്യാമ്പസ്സിൽ കുട്ടികൾ കൂട്ടമായും, ഒറ്റക്കും ഒക്കെ കറങ്ങി നടക്കുന്ന കണ്ടു. അദ്ധ്യാപകന്റെ വാക്കുകൾ ഓർത്തപ്പോൾ ഇതിൽ ചില കുട്ടികളെക്കണ്ട് ഇവര് ഇവിടെ പഠിക്കുന്നവർ തന്നെയോ ? എന്നൊരു സംശയം മനസ്സിലുദിച്ചു. തിരിച്ചു പോരാനായി വണ്ടിയിൽക്കയറുമ്പോൾ അദ്ധ്യാപകന്റെ വാക്കുകൾ ഞാനവനെ ഒന്നൂടെ ഓർമ്മപ്പെടുത്തിയതുമാണ് ... എന്നിട്ടാണിപ്പോൾ ഇവൻ......
പുള്ളിക്കാരനും, ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന അനന്തിരവനും ചേർന്ന് നാട്ടുകാര്യം, രാഷ്ട്രീയം വർത്തമാനത്തോട് വർത്തമാനം. അവനാണെങ്കിൽ ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേ അല്ലെന്ന മട്ടിൽ മൊബൈലിൽ ഗെയിം കളിച്ചിരിക്കുന്നു. ഞാനവനെ തോണ്ടി വിളിച്ച് അവന്റെ ഈ കോലം കണ്ടതിലുള്ള അതൃപ്തി അറിയിച്ചപ്പോൾ അവൻ ഹെഡ് ഫോണെടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തിരുന്ന് പാട്ട് കേൾക്കാൻ തുടങ്ങി.
വൈകിട്ടവൻ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഹോസ്റ്റൽ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാനവനെ എന്റെ ക്ഷമകേട് അറിയിച്ചു. അവനതു കേൾക്കാത്ത ഭാവത്തിൽ ഹോസ്റ്റെലിലെ ഫുഡിനെപ്പറ്റി പരാതി പറഞ്ഞു. അവനുറങ്ങാനായി ഗുഡ് നൈറ്റ് പറഞ്ഞു പോവുമ്പോഴും ഞാനവനെ " നാളെത്തന്നെ നീ ഇതിനൊരു തീരുമാനമുണ്ടാക്കണം " ന്ന് ഓർമ്മിപ്പിച്ചപ്പോൾ "മൌലികാവകാശം " എന്ന പദത്തെപ്പറ്റി മൂന്നാലു വാചകം എന്നോടു പറഞ്ഞിട്ട് അവനോടിപ്പോയി. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ' മട്ടിൽ കഷണ്ടിയിൽ തടവി ഗഹനമായി എന്തോ ചിന്തിച്ചു കിടക്കുന്ന പുള്ളിക്കാരനെ കണ്ട് എന്റെ ക്ഷമ നഷ്ടപ്പെട്ട് ഞാൻ ചോദിച്ചു " നിങ്ങളിതൊന്നും കാണുന്നില്ലേ?" . " നീയിങ്ങനെ സർവസമയോം പറഞ്ഞോണ്ടിരുന്നാൽ അവൻ വകവെക്കില്ല സാവകാശമാകട്ടെ ഞാൻ പറഞ്ഞു മനസ്സിലാക്കാം " എന്ന പുള്ളിക്കാരന്റെ വാക്കുകൾ എനിക്കല്പം ആശ്വാസം തന്നു.
ദിവസങ്ങൾ കടന്നുപോയി. പുള്ളിക്കാരനാണെങ്കിൽ വീട്ടുവിശേഷങ്ങളിലും, ബന്ധുവിശേഷങ്ങളിലും, നാട്ടുവിശേഷങ്ങളിലും മുങ്ങി മുങ്ങി തിരക്കോടു തിരക്ക്. അച്ഛന്റെ ഈ മൌനാനുവാദം അവനു വളമായി എന്നു പറയേണ്ടതില്ലല്ലോ. ദിവസങ്ങൾ ഇങ്ങനെ കടന്നുപോകവേ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് ഞാനിങ്ങനെ ബോറടിച്ചിരിക്കുമ്പം ചുമ്മാ ടീവീ ഓണാക്കി. വൈകുന്നേരം ടീവീ തുറന്നാൽ സീരിയൽ സീരിയൽ പകലും ഇതുതന്നെയോ എന്നു പഴിച്ചുകൊണ്ട് ചാനൽ മാറ്റി മാറ്റി വന്നപ്പം ദാണ്ടെ ..... നമ്മുടെ ശ്രീകണ്ഠൻനായരുടെ " നമ്മൾ തമ്മിൽ" . ഇനിയിപ്പം ബോറടി മാറിക്കിട്ടിയല്ലോന്നു കരുതി ഞാൻ വോളിയം കൂട്ടി വച്ചു. ആ പ്രോഗ്രാമ്മിൽ വന്നിരിക്കുന്നവർ നിറയെ ചെറുപ്പക്കാരായ ആണ്കുട്ടികൾ. അവരെയൊക്കെ കണ്ട് അന്തം വിട്ടിരുന്നു പോയ് ഞാൻ. മുടിഭാരം കാരണം അവരുടെയൊന്നും മുഖം കാണാനേ സാധിക്കുന്നുണ്ടായിരുന്നില്ല. ജട പിടിച്ചു തൂക്കിയിട്ടിരിക്കുന്ന മുടി, കറണ്ടടിച്ച പോലെ തരിച്ചു നിൽക്കുന്ന മുടി, പെണ്പിള്ളേരുടെ മുടിയേക്കാൾ നീളത്തിൽ താഴോട്ടു വളർത്തിയിട്ടിരിക്കുന്ന മുടി, ഉച്ചിയിൽ കുറച്ചു കൂട്ടിപ്പിടിച്ചു കെട്ടിവച്ചിരിക്കുന്ന മുടി എന്നു വേണ്ട മൊത്തം മുടി തന്നെ മുടി. ഇവരൊക്കെ ഫ്രീക്കന്മാരാണത്രെ. ഇതിനു ഫ്രീക്കൻ സ്റ്റയിലെന്നാ പറയുക എന്നാണു ആ പ്രോഗ്രാമ്മിൽ നിന്നു കിട്ടിയ അറിവ്. എന്റെ മനസ്സിലേക്ക് ആശങ്ക ആളിപ്പടർന്നു. ഈശ്വരാ..... ഇതിൽ ചില ഫ്രീക്കന്മാർ മാസത്തിൽ ഒരിക്കലോ, രണ്ടു മാസം കൂടുമ്പോഴോ മാത്രേ തലയിൽ വെള്ളം തൊടാറുള്ളൂ എന്നും ചില പ്രശസ്തരായ ഹെയർ സ്റ്റയിലിസ്റ്റുകൾ പറഞ്ഞത് " മുടി എപ്പോഴും വാഷ് ചെയ്യുന്നത് നന്നല്ല " എന്ന്.
ഞാനേതായാലും വേഗം ടീവീ സ്വിച്ച് ഓഫ് ചെയ്തു. രണ്ടുനേരവും കുളിക്കുന്ന എന്റെ മകനോട് ടീവീയിൽ ഫ്രീക്കുകൾ പറഞ്ഞ കാര്യം പറയാനേ പോയില്ല. പകരം ഞാൻ മനസ്സിൽ ശപഥം എടുത്തു. " ഇനിയിവനെ ഇങ്ങനെ വിട്ടുകൂടാ..... ഇപ്പോൾ തന്നെ ഒരു പരുവമായിക്കഴിഞ്ഞു ഇനി താമസിച്ചാൽ ഇവനും തനി ഫ്രീക് ഉറപ്പ്.
മനസ്സമാധാനം നഷ്ടപ്പെട്ട ഞാൻ അവന്റെ മുറിയിലേക്കോടിച്ചെന്നു ഭാഗ്യം... അവനവിടെത്തന്നെയുണ്ട് സ്റ്റഡിടേബിളിന്റെ മുന്പിലുള്ള കൊച്ചുകണ്ണാടിയിൽ നോക്കി താടിയിൽ കൈ കൊണ്ട് തടവി ഇരിക്കുന്നു. മോനേ..... ഞാൻ വിളിച്ചതും അവൻ എന്നോട് സങ്കടത്തോടെ ചോദിച്ചു " അമ്മേ താടിയിൽ സ്ട്രോങ്ങ് ആയി രോമം കിളിർത്തു വരാൻ എന്ത് ചെയ്യണം? ദുൽക്കർ സൽമാനെപ്പോലെ അവനു താടിയും,മീശയും വളർത്തണമത്രേ..... അപ്പോഴാണ് ഞാനവന്റെ മൂക്കിനു താഴോട്ടും, ചുണ്ടിനു താഴോട്ടും ഒക്കെ സൂക്ഷ്മ നിരീക്ഷണം നടത്തിയത്. അങ്ങിങ്ങ് വളർന്നു കരുത്താർജിക്കുന്ന മീശയും, താടിയിൽ അവിടവിടെ പൊങ്ങിവരുന്ന രോമങ്ങളും. ഞാനവനോട് ഷാരൂഖ്ഖാനെയും സൽമാൻഖാൻ, അമീർഖാൻ ഇങ്ങനെ ഹിന്ദിയിലുള്ള പ്രമുഖ ഖാന്മാരെ എല്ലാം ശ്രദ്ധിക്കൂ അവർക്കാർക്കെങ്കിലും നീ ഈ പറഞ്ഞ കാര്യങ്ങൾ വല്ലതുമുണ്ടോ? മുടി നന്നേ പറ്റെ വെട്ടി ക്ലീൻ ഷേവ് ആണ് പുരുഷ സൌന്ദര്യ ലക്ഷണമെന്നും അവനോടു പറഞ്ഞപ്പോൾ അവനെന്നോട് " അപ്പോൾ അച്ഛനോ അമ്മേ?" എന്നു തർക്കുത്തരം പറഞ്ഞതിന് ഞാൻ വിഷയം മാറ്റാനായി "റെക്കോർഡ് എഴുതി തീർക്കാനുണ്ടെങ്കിൽ സമയം കളയാതെ വേഗം എഴുതി തീർക്കൂ ന്നു പറഞ്ഞ് അവിടെ നിന്നു സ്ഥലം വിട്ടു.
ഉച്ചക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനവനോട് ഈ ഫ്രീക്കൻ സ്റ്റയിലിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അങ്ങനെയൊരു പേരില്ലെന്നും, ഇതൊക്കെ ഓൾഡ് ജെനറേഷൻസിന്റെ തെറ്റിദ്ധാരണകൾ ആണെന്നും പറഞ്ഞ് എന്റെ അഭിപ്രായത്തെ തള്ളി ഞാനവനെ സാറിന്റെ ഉപദേശം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ഇതെല്ലാം കേട്ടിരുന്ന് സഹികെട്ട പുള്ളിക്കാരൻ മകനോട് വേഗം പോയി മുടിവെട്ടി വരാൻ ആജ്ഞാപിച്ചു. എന്തായാലും പറയണ്ടവർ പറയാത്ത താമസം അവനോടി മുടിവെട്ടാനായി. തിരിച്ചു വന്ന അവനെക്കാണ്ട് ഞങ്ങൾ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഞാൻ മനസ്സാ സന്തോഷിച്ചു. കാരണം അവൻ മൊട്ടയടിച്ചാണ് തിരികെ വന്നത്. വേഗം കിച്ചണിലോട്ടോടിയ എന്റെ പിറകെ ഓടിവന്ന അവൻ ചോദിച്ചു " അമ്മക്കിപ്പം സമാധാനമായോ ?" ഞാനപ്പോൾ പറഞ്ഞു " ഇപ്പോഴാ മോനെ നിന്റെ മുഖത്തൊരു തെളിച്ചം വീണത്". അവനപ്പോൾ പറഞ്ഞത് ബാർബറങ്കിൾ അവനോടു ചോദിച്ചത്രേ " ഇത്ര നല്ല മുടി എന്തിനാ വെട്ടിക്കളയുന്നെ എന്ന്?" നേരോ... കള്ളമോ ... സത്യം എന്തുമാകട്ടെ ഞാനതു നിഷേധിച്ചു " ഒരു ബാർബറങ്കിളും ഒരിക്കലും അങ്ങനെ പറയാൻ വഴിയില്ല. " എന്തായാലും അവധി തീർന്നു " മീശയിലും, താടിയിലും, മുടിയിലും ഒന്നും ഒരു കാര്യവുമില്ലെന്നും പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വേണ്ടതിലധികം ഉപദേശങ്ങളും കൊടുത്തു ഹോസ്റ്റലിൽ അവനെ ക്കൊണ്ടാക്കി ഞങ്ങൾ തിരിച്ചു പോന്നു.
മാസം രണ്ടുമൂന്നു കടന്നുപോയി. വീണ്ടും അവന്റെ വിളി " അമ്മേ യൂണിവേഴ്സിറ്റി എക്സാം സ്റ്റഡി ലീവ് ആകുന്നു അമ്മ വരണം" . അത് കേൾക്കേണ്ട താമസം ഞാൻ വേഗം നാട്ടിലേക്ക്. അങ്ങിനെയാണല്ലോ ഞങ്ങൾ കുടുംബിനികൾ . മക്കൾക്ക് ആവശ്യം വരുമ്പോൾ അവരുടെ അടുത്തേക്ക്, ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഇങ്ങോട്ട് മറ്റുള്ളവരുടെ ചോദ്യമോ ഇങ്ങോട്ട് തിരിക്കുമ്പം ചോദിക്കും, നീയും പോവാണോ? നാട്ടിലോട്ടു ചെന്നാൽ ചോദിക്കും നീയെന്നാ ഇപ്പം ഒറ്റക്കു വന്നെ? ഉദ്യോഗസ്ഥകളല്ലാത്ത മിക്ക കുടുംബിനികളും നേരിടുന്ന ചോദ്യങ്ങൾ തന്നെ ഇതൊക്കെ. അവൻ ഹോസ്റ്റലിൽ നിന്നും വന്ന് എന്നോടൊപ്പം വീട്ടിൽ നിന്ന് സ്റ്റഡി ലീവ് സമയത്ത് തകൃതിയായ പഠിത്തം. ഇതിനകം മൊട്ടയടിച്ചു ഞാൻ കണ്ടിട്ട് പോയ അവന്റെ രൂപം വീണ്ടും പഴയപടിയിലേക്ക് നീങ്ങിയിട്ടുണ്ടായിരുന്നു. മുടിയും, താടിയുമൊക്കെ മെല്ലെ വളർന്നിറങ്ങി തുടങ്ങിയിട്ടുണ്ട്. ഞാനതിൽ നന്നായി പ്രതിഷേധം അറിയിച്ചെങ്കിലും അവൻ ഇപ്പോൾ അവധിയല്ലേ എക്സാം തുടങ്ങുമ്പോൾ ഞാൻ മുടിവെട്ടിക്കളഞ്ഞോളാം എന്ന് പറഞ്ഞ് എന്നെ കളിപ്പിച്ച് അവൻ നടന്നു. എക്സാം അടുത്തു ഇനി ഒരാഴ്ച കൂടി .... ഞാൻ മുടിയുടെ കാര്യം കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു അവൻ നാളെ..... നാളെ....പറഞ്ഞു പറഞ്ഞു എന്റെ ആവശ്യം നീളെ ....നീളെ...... നീണ്ടുപോയിക്കൊണ്ടിരുന്നു. എന്തായാലും എക്സാം തുടങ്ങും മുൻപേ പുള്ളിക്കാരന്റെ ഫോണ് വന്നു " പുള്ളി നാട്ടിലേക്ക് തിരിക്കുന്നു" ഹാവൂ ..... ആശ്വാസം ഇനിയിപ്പം ഇവനെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊള്ളുമല്ലോ മുടിയുടെയും, താടിയുടെയും ഒക്കെ കാര്യത്തിൽ ഒരു തീരുമാനമായി കിട്ടുമല്ലോ എന്ന് സമാധാനിച്ചു. പതിവുപോലെ തന്നെ " എന്നെ കൊണ്ടുവരാൻ ആരും എയർപോർട്ടിലേക്ക് വരേണ്ടതില്ല ഞാനങ്ങു വന്നോളാം" എന്ന് ഫോണ് വന്നു.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം പുള്ളിക്കാരൻ വരുന്നത് പ്രമാണിച്ച് അമ്മച്ചിയെയും വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഊണും തയ്യാറാക്കി ഞങ്ങൾ മൂവരും പുള്ളിക്കാരനെയും നോക്കിയിരിപ്പായി. ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഫോണ് വന്നു. മൂന്നു മൂന്നര മണിക്കൂറായിട്ടും ആളെത്താതെ ക്ഷമകെട്ട് അമ്മച്ചി എന്നോട് വിളിച്ചു ചോദിക്കാൻ പറഞ്ഞു " എവിടായെന്ന്" . ഞാൻ വിളിച്ചപ്പോൾ ആരെയോ കൂട്ടുകാരെയൊക്കെ കണ്ടു വൈകിയേ എത്തൂ നിങ്ങൾ ഊണ് കഴിച്ചുകൊള്ളൂ ലേറ്റ് ആകും എന്ന് പറഞ്ഞ് ഫോണ് കട്ട് ചെയ്തു. എനിക്കല്പം ദേഷ്യം തോന്നാതിരുന്നില്ല ഇന്നുതന്നെ ഇത്ര അർജെന്റിൽ ഏതു കൂട്ടുകാരെയാണാവോ ? ആ എന്തേലുമാവട്ടെ എന്ന് വിചാരിച്ചു സമാധാനപ്പെട്ടിരിക്കുമ്പം ആരോ കാളിംഗ് ബെൽ അടിച്ചു. പുള്ളിക്കാരൻ തന്നിട്ടുള്ള ഉപദേശപ്രകാരം " ബെല്ലടിച്ചാലുടനെ ഓടിച്ചെന്നു ഡോർ തുറക്കാതെ ഞാനടുക്കളഭാഗത്തു വച്ചിരിക്കുന്ന ഡോറിന്റെ ചെറിയ വട്ടത്തിൽക്കൂടി പുറത്തേക്ക് സൂക്ഷ്മനിരീക്ഷണം നടത്തി. " ബാഗും തൂക്കിപ്പിടിച്ച് ഒരു അപരിചിതൻ"
വല്ല എൽഐസീ എജെന്റോ അതോ ഇൻകം റ്റാക്സ് ഉദ്യോഗസ്ഥനോ, പിരിവുകാരോ ആർക്കറിയാം? ഇയാൾക്ക് വരാൻ കണ്ട ഒരു നേരം എന്നു മനസ്സിൽ പറഞ്ഞ് ഞാൻ മോനെ വിളിച്ച് അവനോടു പറഞ്ഞു " നീ ഡോർ തുറന്ന് ആ മനുഷ്യനോട് ' ഇവിടാരുമില്ല അച്ഛനും, അമ്മയും പുറത്തു പോയിരിക്കുവാ... എനിക്കൊന്നുമറിയില്ല ..., ' എന്നു പറഞ്ഞു വിട്ടേക്കണം. അല്ലാതെ എപ്പോഴും ചെയ്യുന്ന മാതിരി അയാളുടെ മുന്നിൽ പോയി നിന്ന് അമ്മേ...... എന്നു നീട്ടി വിളിച്ചു കൂവരുത് ... പറഞ്ഞ കേട്ടല്ലോ..." എന്നു പറഞ്ഞ് അവനെ വാതിൽക്കലേക്ക് ഓടിച്ചു വിട്ടു. മോനെ കാത്തിരുന്ന് ക്ഷീണിച്ചു പോയിക്കിടന്ന അമ്മച്ചി ഞങ്ങളുടെ വർത്തമാനം കേട്ടെണീറ്റുവന്നു
" ഓ ഫ്ലാറ്റിലും പിരിവുകാരുടെ ശല്യമുണ്ടല്ലേ " എന്നു ചോദിച്ച് എന്റൊപ്പം വന്നിരുന്നു.
അവൻ ഡോർ തുറന്ന് " അച്ഛനും, അമ്മേം പുറത്തു പോയിരിക്കുവാ.... ന്നു പറേന്ന കേട്ടു.... നിമിഷങ്ങൾക്കുള്ളിൽ അവൻ പതിവുതെറ്റിക്കാതെ അയാളുടെ മുന്നിൽനിന്നു വിളിച്ചുകൂവി അമ്മേ............ എനിക്ക് സ്വല്പം ദേഷ്യം തോന്നിയെങ്കിലും പതിവുവിളിയിൽ നിന്നും അല്പം വേറിട്ട ശബ്ധത്തിലായിരുന്നു ആ വിളി. അല്പം സംഭ്രമത്തോടെ ഞാനും, അമ്മച്ചിയും വാതിൽക്കലോട്ടോടിച്ചെന്നു. അപ്പോൾ ഞങ്ങൾ രണ്ടും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു നിന്നുപോയി. സ്ഥലകാലബോധം നഷ്ടപ്പെട്ടു നിന്ന എന്റെ ചെവിയിലേക്ക് അമ്മച്ചിയുടെ ഉച്ചത്തിലുള്ള ചോദ്യം മുഴങ്ങിക്കേട്ടു " ഇതെന്തു കോലമാടാ?" ഞാനും അതു തന്നെ മനസ്സിൽ പറഞ്ഞെങ്കിലും വാക്കുകൾ പുറത്തോട്ടു വന്നില്ല. കണ്ണു മിഴിച്ചു നിൽക്കുന്ന എന്നോട് പുള്ളിക്കാരൻ ചോദിച്ചു "എങ്ങിനെയുണ്ട് ?"
തല മൊത്തം മൊട്ടയടിച്ച് ക്ലീൻ ഷേവ് ചെയ്തു പുതിയ സ്റ്റൈലിൽ വന്നിരിക്കുന്ന പുള്ളിക്കാരൻ ഉറക്കെച്ചിരിക്കുംപോൾ ആ സൌണ്ട് കൊണ്ട് മാത്രം പുള്ളിക്കാരനാണ് എന്നു ഞാനും, അമ്മച്ചിയും, മോനും തിരിച്ചറിഞ്ഞത്. അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ!!!!