Friday 2 October 2015

ഫ്രീക്കന്മാർ




     ആ അവധിക്കു നാട്ടിലേക്കുള്ള പോക്ക് വളരെ ത്രില്ലടിച്ചായിരുന്നു.  ആദ്യമായി മാറി നിൽക്കുന്ന മോനെ കാണാനായി നേരെ അവന്റെ ഹോസ്റ്റലിലേക്ക്..... അവിടെച്ചെന്നതും  ഓടിയിറങ്ങിവന്ന മകനെക്കണ്ട്  അന്തംവിട്ട് ഞാനും, പുള്ളിക്കാരനും കണ്ണിൽക്കണ്ണിൽ നോക്കി. ഞാനറിയാതെ തന്നെ എന്റെ ആത്മഗതം ഉച്ചത്തിലായിപ്പോയി " ഇതെന്തു കോലമാ....  നീയിതെന്തു ഭാവിച്ചാ......?"
    
     അവൻ ബാഗുമായി ഓടിവന്നു  വണ്ടിയിൽക്കയറി. ഞാൻ പുള്ളിക്കാരന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കിയപ്പോൾ " ഒക്കെ ഞാൻ ശെരിയാക്കി എടുത്തോളാം " എന്ന അർത്ഥത്തിൽ പുള്ളി എന്നെ കണ്ണടച്ചു കാണിച്ചു.  അച്ഛൻ മകനോട് കോളേജ് വിശേഷങ്ങൾ തിരക്കുമ്പോഴും ഞാനവനെ അടിമുടി വീക്ഷിക്കുകയായിരുന്നു. കോളേജിൽ ചേർക്കാൻ കൊണ്ടുചെന്നപ്പോൾ ആദ്യദിവസത്തെ മീറ്റിങ്ങിൽ അദ്ധ്യാപകൻ എല്ലാവരോടുമായി പറഞ്ഞ വാചകങ്ങൾ ഒരു ഇടിമുഴക്കം പോലെ എന്റെ ചെവിയിൽ മുഴങ്ങിക്കേൾക്കുന്ന പോലെ........ ഈശ്വരാ .......!!! അതെങ്ങനെ .... അതു ഞാനല്ലേ കേട്ടുള്ളൂ.പുള്ളിക്കാരൻ അതും കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞല്ലേ   നാട്ടിലെത്തുന്നത് അതാ അവനെക്കണ്ടിട്ടും ഇത്ര കൂളായി ഇരിക്കാൻ പറ്റുന്നെ .
 
     അന്ന് മീറ്റിംഗ് കഴിഞ്ഞ് ഞാനും, അവനും പുറത്തേക്കിറങ്ങി വരുമ്പം ക്യാമ്പസ്സിൽ   കുട്ടികൾ കൂട്ടമായും, ഒറ്റക്കും ഒക്കെ കറങ്ങി നടക്കുന്ന കണ്ടു. അദ്ധ്യാപകന്റെ വാക്കുകൾ ഓർത്തപ്പോൾ ഇതിൽ ചില കുട്ടികളെക്കണ്ട് ഇവര് ഇവിടെ പഠിക്കുന്നവർ തന്നെയോ ? എന്നൊരു സംശയം മനസ്സിലുദിച്ചു. തിരിച്ചു പോരാനായി  വണ്ടിയിൽക്കയറുമ്പോൾ അദ്ധ്യാപകന്റെ വാക്കുകൾ ഞാനവനെ ഒന്നൂടെ ഓർമ്മപ്പെടുത്തിയതുമാണ് ... എന്നിട്ടാണിപ്പോൾ ഇവൻ......

         പുള്ളിക്കാരനും,  ഞങ്ങളെ കൂട്ടിക്കൊണ്ടുവന്ന അനന്തിരവനും ചേർന്ന് നാട്ടുകാര്യം, രാഷ്ട്രീയം വർത്തമാനത്തോട് വർത്തമാനം. അവനാണെങ്കിൽ ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേ അല്ലെന്ന മട്ടിൽ മൊബൈലിൽ ഗെയിം  കളിച്ചിരിക്കുന്നു. ഞാനവനെ തോണ്ടി വിളിച്ച് അവന്റെ ഈ കോലം കണ്ടതിലുള്ള അതൃപ്തി അറിയിച്ചപ്പോൾ അവൻ ഹെഡ് ഫോണെടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തിരുന്ന് പാട്ട് കേൾക്കാൻ തുടങ്ങി.

      വൈകിട്ടവൻ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഹോസ്റ്റൽ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാനവനെ എന്റെ ക്ഷമകേട് അറിയിച്ചു.  അവനതു കേൾക്കാത്ത ഭാവത്തിൽ ഹോസ്റ്റെലിലെ ഫുഡിനെപ്പറ്റി പരാതി പറഞ്ഞു. അവനുറങ്ങാനായി  ഗുഡ് നൈറ്റ് പറഞ്ഞു പോവുമ്പോഴും ഞാനവനെ " നാളെത്തന്നെ നീ ഇതിനൊരു തീരുമാനമുണ്ടാക്കണം " ന്ന് ഓർമ്മിപ്പിച്ചപ്പോൾ "മൌലികാവകാശം " എന്ന പദത്തെപ്പറ്റി മൂന്നാലു വാചകം എന്നോടു പറഞ്ഞിട്ട് അവനോടിപ്പോയി. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ' മട്ടിൽ കഷണ്ടിയിൽ തടവി ഗഹനമായി എന്തോ ചിന്തിച്ചു കിടക്കുന്ന  പുള്ളിക്കാരനെ കണ്ട് എന്റെ ക്ഷമ നഷ്ടപ്പെട്ട് ഞാൻ ചോദിച്ചു " നിങ്ങളിതൊന്നും കാണുന്നില്ലേ?" .   " നീയിങ്ങനെ സർവസമയോം പറഞ്ഞോണ്ടിരുന്നാൽ അവൻ വകവെക്കില്ല സാവകാശമാകട്ടെ ഞാൻ പറഞ്ഞു മനസ്സിലാക്കാം " എന്ന പുള്ളിക്കാരന്റെ വാക്കുകൾ എനിക്കല്പം ആശ്വാസം തന്നു. 

      ദിവസങ്ങൾ കടന്നുപോയി. പുള്ളിക്കാരനാണെങ്കിൽ  വീട്ടുവിശേഷങ്ങളിലും, ബന്ധുവിശേഷങ്ങളിലും, നാട്ടുവിശേഷങ്ങളിലും മുങ്ങി മുങ്ങി തിരക്കോടു തിരക്ക്. അച്ഛന്റെ ഈ മൌനാനുവാദം അവനു വളമായി എന്നു പറയേണ്ടതില്ലല്ലോ.  ദിവസങ്ങൾ ഇങ്ങനെ കടന്നുപോകവേ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് ഞാനിങ്ങനെ ബോറടിച്ചിരിക്കുമ്പം ചുമ്മാ ടീവീ ഓണാക്കി. വൈകുന്നേരം ടീവീ തുറന്നാൽ സീരിയൽ സീരിയൽ പകലും ഇതുതന്നെയോ എന്നു പഴിച്ചുകൊണ്ട് ചാനൽ മാറ്റി മാറ്റി വന്നപ്പം ദാണ്ടെ ..... നമ്മുടെ ശ്രീകണ്ഠൻനായരുടെ  " നമ്മൾ തമ്മിൽ" . ഇനിയിപ്പം ബോറടി മാറിക്കിട്ടിയല്ലോന്നു കരുതി ഞാൻ വോളിയം കൂട്ടി വച്ചു.  ആ പ്രോഗ്രാമ്മിൽ വന്നിരിക്കുന്നവർ നിറയെ ചെറുപ്പക്കാരായ ആണ്കുട്ടികൾ. അവരെയൊക്കെ കണ്ട് അന്തം വിട്ടിരുന്നു പോയ് ഞാൻ. മുടിഭാരം കാരണം അവരുടെയൊന്നും മുഖം കാണാനേ സാധിക്കുന്നുണ്ടായിരുന്നില്ല. ജട പിടിച്ചു തൂക്കിയിട്ടിരിക്കുന്ന മുടി, കറണ്ടടിച്ച പോലെ തരിച്ചു നിൽക്കുന്ന മുടി, പെണ്പിള്ളേരുടെ മുടിയേക്കാൾ നീളത്തിൽ താഴോട്ടു വളർത്തിയിട്ടിരിക്കുന്ന  മുടി, ഉച്ചിയിൽ കുറച്ചു കൂട്ടിപ്പിടിച്ചു കെട്ടിവച്ചിരിക്കുന്ന മുടി എന്നു വേണ്ട മൊത്തം മുടി തന്നെ മുടി.  ഇവരൊക്കെ ഫ്രീക്കന്മാരാണത്രെ. ഇതിനു ഫ്രീക്കൻ സ്റ്റയിലെന്നാ  പറയുക എന്നാണു ആ പ്രോഗ്രാമ്മിൽ നിന്നു കിട്ടിയ അറിവ്. എന്റെ മനസ്സിലേക്ക് ആശങ്ക ആളിപ്പടർന്നു. ഈശ്വരാ..... ഇതിൽ ചില ഫ്രീക്കന്മാർ മാസത്തിൽ ഒരിക്കലോ, രണ്ടു മാസം കൂടുമ്പോഴോ മാത്രേ തലയിൽ വെള്ളം തൊടാറുള്ളൂ എന്നും ചില പ്രശസ്തരായ ഹെയർ സ്റ്റയിലിസ്റ്റുകൾ പറഞ്ഞത് " മുടി എപ്പോഴും വാഷ് ചെയ്യുന്നത് നന്നല്ല " എന്ന്. 
ഞാനേതായാലും വേഗം ടീവീ സ്വിച്ച് ഓഫ് ചെയ്തു. രണ്ടുനേരവും കുളിക്കുന്ന എന്റെ മകനോട് ടീവീയിൽ ഫ്രീക്കുകൾ പറഞ്ഞ കാര്യം പറയാനേ പോയില്ല. പകരം ഞാൻ മനസ്സിൽ ശപഥം എടുത്തു. " ഇനിയിവനെ ഇങ്ങനെ വിട്ടുകൂടാ..... ഇപ്പോൾ തന്നെ ഒരു പരുവമായിക്കഴിഞ്ഞു ഇനി താമസിച്ചാൽ ഇവനും തനി ഫ്രീക് ഉറപ്പ്. 
        മനസ്സമാധാനം നഷ്ടപ്പെട്ട ഞാൻ അവന്റെ മുറിയിലേക്കോടിച്ചെന്നു  ഭാഗ്യം... അവനവിടെത്തന്നെയുണ്ട്  സ്റ്റഡിടേബിളിന്റെ മുന്പിലുള്ള കൊച്ചുകണ്ണാടിയിൽ നോക്കി താടിയിൽ കൈ കൊണ്ട് തടവി ഇരിക്കുന്നു. മോനേ..... ഞാൻ വിളിച്ചതും അവൻ എന്നോട് സങ്കടത്തോടെ ചോദിച്ചു " അമ്മേ താടിയിൽ സ്ട്രോങ്ങ് ആയി രോമം കിളിർത്തു വരാൻ എന്ത് ചെയ്യണം? ദുൽക്കർ സൽമാനെപ്പോലെ  അവനു താടിയും,മീശയും വളർത്തണമത്രേ.....  അപ്പോഴാണ് ഞാനവന്റെ മൂക്കിനു താഴോട്ടും, ചുണ്ടിനു താഴോട്ടും ഒക്കെ സൂക്ഷ്മ നിരീക്ഷണം നടത്തിയത്. അങ്ങിങ്ങ് വളർന്നു കരുത്താർജിക്കുന്ന മീശയും, താടിയിൽ അവിടവിടെ പൊങ്ങിവരുന്ന രോമങ്ങളും. ഞാനവനോട് ഷാരൂഖ്ഖാനെയും സൽമാൻഖാൻ, അമീർഖാൻ ഇങ്ങനെ ഹിന്ദിയിലുള്ള പ്രമുഖ ഖാന്മാരെ എല്ലാം  ശ്രദ്ധിക്കൂ അവർക്കാർക്കെങ്കിലും നീ ഈ പറഞ്ഞ കാര്യങ്ങൾ വല്ലതുമുണ്ടോ? മുടി നന്നേ പറ്റെ വെട്ടി ക്ലീൻ ഷേവ്  ആണ് പുരുഷ സൌന്ദര്യ ലക്ഷണമെന്നും അവനോടു പറഞ്ഞപ്പോൾ അവനെന്നോട് " അപ്പോൾ  അച്ഛനോ അമ്മേ?" എന്നു തർക്കുത്തരം പറഞ്ഞതിന് ഞാൻ വിഷയം മാറ്റാനായി "റെക്കോർഡ് എഴുതി തീർക്കാനുണ്ടെങ്കിൽ   സമയം കളയാതെ വേഗം എഴുതി തീർക്കൂ ന്നു പറഞ്ഞ് അവിടെ നിന്നു സ്ഥലം വിട്ടു. 

        ഉച്ചക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനവനോട് ഈ ഫ്രീക്കൻ സ്റ്റയിലിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ അങ്ങനെയൊരു പേരില്ലെന്നും, ഇതൊക്കെ ഓൾഡ് ജെനറേഷൻസിന്റെ തെറ്റിദ്ധാരണകൾ   ആണെന്നും പറഞ്ഞ് എന്റെ അഭിപ്രായത്തെ തള്ളി ഞാനവനെ സാറിന്റെ ഉപദേശം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ഇതെല്ലാം കേട്ടിരുന്ന് സഹികെട്ട പുള്ളിക്കാരൻ മകനോട് വേഗം പോയി മുടിവെട്ടി വരാൻ ആജ്ഞാപിച്ചു. എന്തായാലും പറയണ്ടവർ പറയാത്ത താമസം അവനോടി മുടിവെട്ടാനായി. തിരിച്ചു വന്ന അവനെക്കാണ്ട് ഞങ്ങൾ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഞാൻ മനസ്സാ സന്തോഷിച്ചു. കാരണം അവൻ മൊട്ടയടിച്ചാണ് തിരികെ വന്നത്. വേഗം കിച്ചണിലോട്ടോടിയ എന്റെ പിറകെ ഓടിവന്ന അവൻ ചോദിച്ചു " അമ്മക്കിപ്പം സമാധാനമായോ ?"   ഞാനപ്പോൾ പറഞ്ഞു " ഇപ്പോഴാ മോനെ നിന്റെ മുഖത്തൊരു തെളിച്ചം വീണത്".  അവനപ്പോൾ പറഞ്ഞത് ബാർബറങ്കിൾ അവനോടു ചോദിച്ചത്രേ " ഇത്ര നല്ല മുടി എന്തിനാ വെട്ടിക്കളയുന്നെ എന്ന്?" നേരോ... കള്ളമോ ...  സത്യം എന്തുമാകട്ടെ ഞാനതു നിഷേധിച്ചു " ഒരു ബാർബറങ്കിളും  ഒരിക്കലും അങ്ങനെ പറയാൻ  വഴിയില്ല. "  എന്തായാലും അവധി തീർന്നു " മീശയിലും, താടിയിലും, മുടിയിലും ഒന്നും ഒരു കാര്യവുമില്ലെന്നും പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും വേണ്ടതിലധികം ഉപദേശങ്ങളും കൊടുത്തു ഹോസ്റ്റലിൽ  അവനെ ക്കൊണ്ടാക്കി ഞങ്ങൾ തിരിച്ചു പോന്നു. 

          മാസം രണ്ടുമൂന്നു കടന്നുപോയി. വീണ്ടും അവന്റെ വിളി " അമ്മേ യൂണിവേഴ്സിറ്റി  എക്സാം സ്റ്റഡി ലീവ് ആകുന്നു അമ്മ വരണം" . അത് കേൾക്കേണ്ട താമസം ഞാൻ വേഗം നാട്ടിലേക്ക്. അങ്ങിനെയാണല്ലോ ഞങ്ങൾ കുടുംബിനികൾ . മക്കൾക്ക് ആവശ്യം വരുമ്പോൾ അവരുടെ അടുത്തേക്ക്, ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഇങ്ങോട്ട് മറ്റുള്ളവരുടെ ചോദ്യമോ ഇങ്ങോട്ട് തിരിക്കുമ്പം ചോദിക്കും, നീയും പോവാണോ? നാട്ടിലോട്ടു ചെന്നാൽ ചോദിക്കും നീയെന്നാ ഇപ്പം ഒറ്റക്കു വന്നെ?  ഉദ്യോഗസ്ഥകളല്ലാത്ത മിക്ക കുടുംബിനികളും നേരിടുന്ന ചോദ്യങ്ങൾ തന്നെ ഇതൊക്കെ. അവൻ ഹോസ്റ്റലിൽ നിന്നും വന്ന് എന്നോടൊപ്പം വീട്ടിൽ നിന്ന് സ്റ്റഡി ലീവ് സമയത്ത് തകൃതിയായ പഠിത്തം. ഇതിനകം മൊട്ടയടിച്ചു ഞാൻ കണ്ടിട്ട് പോയ അവന്റെ രൂപം വീണ്ടും പഴയപടിയിലേക്ക് നീങ്ങിയിട്ടുണ്ടായിരുന്നു. മുടിയും, താടിയുമൊക്കെ മെല്ലെ വളർന്നിറങ്ങി തുടങ്ങിയിട്ടുണ്ട്. ഞാനതിൽ നന്നായി പ്രതിഷേധം  അറിയിച്ചെങ്കിലും അവൻ ഇപ്പോൾ അവധിയല്ലേ എക്സാം തുടങ്ങുമ്പോൾ ഞാൻ മുടിവെട്ടിക്കളഞ്ഞോളാം എന്ന് പറഞ്ഞ് എന്നെ കളിപ്പിച്ച് അവൻ നടന്നു. എക്സാം അടുത്തു ഇനി ഒരാഴ്ച കൂടി .... ഞാൻ മുടിയുടെ കാര്യം കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു അവൻ നാളെ..... നാളെ....പറഞ്ഞു പറഞ്ഞു എന്റെ ആവശ്യം നീളെ ....നീളെ...... നീണ്ടുപോയിക്കൊണ്ടിരുന്നു. എന്തായാലും എക്സാം തുടങ്ങും മുൻപേ പുള്ളിക്കാരന്റെ ഫോണ് വന്നു " പുള്ളി നാട്ടിലേക്ക് തിരിക്കുന്നു"  ഹാവൂ ..... ആശ്വാസം ഇനിയിപ്പം ഇവനെ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊള്ളുമല്ലോ  മുടിയുടെയും, താടിയുടെയും ഒക്കെ കാര്യത്തിൽ ഒരു തീരുമാനമായി കിട്ടുമല്ലോ എന്ന് സമാധാനിച്ചു. പതിവുപോലെ തന്നെ " എന്നെ കൊണ്ടുവരാൻ ആരും എയർപോർട്ടിലേക്ക്  വരേണ്ടതില്ല ഞാനങ്ങു വന്നോളാം" എന്ന് ഫോണ് വന്നു. 
അങ്ങനെ ഒരു ഞായറാഴ്ച ദിവസം പുള്ളിക്കാരൻ വരുന്നത് പ്രമാണിച്ച് അമ്മച്ചിയെയും  വീട്ടിൽ നിന്ന് വിളിച്ചു വരുത്തി ഊണും തയ്യാറാക്കി ഞങ്ങൾ മൂവരും പുള്ളിക്കാരനെയും നോക്കിയിരിപ്പായി. ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് ഫോണ് വന്നു. മൂന്നു മൂന്നര മണിക്കൂറായിട്ടും ആളെത്താതെ ക്ഷമകെട്ട് അമ്മച്ചി എന്നോട് വിളിച്ചു ചോദിക്കാൻ പറഞ്ഞു " എവിടായെന്ന്" . ഞാൻ വിളിച്ചപ്പോൾ ആരെയോ കൂട്ടുകാരെയൊക്കെ കണ്ടു വൈകിയേ എത്തൂ നിങ്ങൾ ഊണ് കഴിച്ചുകൊള്ളൂ ലേറ്റ് ആകും എന്ന് പറഞ്ഞ് ഫോണ് കട്ട് ചെയ്തു.  എനിക്കല്പം ദേഷ്യം തോന്നാതിരുന്നില്ല ഇന്നുതന്നെ ഇത്ര അർജെന്റിൽ ഏതു കൂട്ടുകാരെയാണാവോ ? ആ എന്തേലുമാവട്ടെ എന്ന് വിചാരിച്ചു സമാധാനപ്പെട്ടിരിക്കുമ്പം ആരോ കാളിംഗ് ബെൽ അടിച്ചു. പുള്ളിക്കാരൻ തന്നിട്ടുള്ള ഉപദേശപ്രകാരം " ബെല്ലടിച്ചാലുടനെ ഓടിച്ചെന്നു ഡോർ തുറക്കാതെ ഞാനടുക്കളഭാഗത്തു വച്ചിരിക്കുന്ന ഡോറിന്റെ ചെറിയ വട്ടത്തിൽക്കൂടി    പുറത്തേക്ക് സൂക്ഷ്മനിരീക്ഷണം നടത്തി. " ബാഗും തൂക്കിപ്പിടിച്ച് ഒരു അപരിചിതൻ" 
 വല്ല എൽഐസീ  എജെന്റോ അതോ ഇൻകം റ്റാക്സ് ഉദ്യോഗസ്ഥനോ, പിരിവുകാരോ ആർക്കറിയാം? ഇയാൾക്ക് വരാൻ കണ്ട ഒരു നേരം എന്നു മനസ്സിൽ പറഞ്ഞ് ഞാൻ മോനെ വിളിച്ച് അവനോടു പറഞ്ഞു " നീ ഡോർ തുറന്ന് ആ മനുഷ്യനോട് ' ഇവിടാരുമില്ല അച്ഛനും, അമ്മയും പുറത്തു പോയിരിക്കുവാ... എനിക്കൊന്നുമറിയില്ല ..., ' എന്നു പറഞ്ഞു വിട്ടേക്കണം. അല്ലാതെ എപ്പോഴും ചെയ്യുന്ന മാതിരി അയാളുടെ മുന്നിൽ പോയി നിന്ന് അമ്മേ...... എന്നു നീട്ടി വിളിച്ചു കൂവരുത് ... പറഞ്ഞ കേട്ടല്ലോ..." എന്നു പറഞ്ഞ് അവനെ വാതിൽക്കലേക്ക് ഓടിച്ചു വിട്ടു. മോനെ കാത്തിരുന്ന് ക്ഷീണിച്ചു പോയിക്കിടന്ന അമ്മച്ചി ഞങ്ങളുടെ വർത്തമാനം കേട്ടെണീറ്റുവന്നു 
" ഓ ഫ്ലാറ്റിലും പിരിവുകാരുടെ ശല്യമുണ്ടല്ലേ " എന്നു ചോദിച്ച് എന്റൊപ്പം വന്നിരുന്നു. 
അവൻ ഡോർ തുറന്ന് " അച്ഛനും, അമ്മേം പുറത്തു പോയിരിക്കുവാ.... ന്നു പറേന്ന കേട്ടു.... നിമിഷങ്ങൾക്കുള്ളിൽ അവൻ പതിവുതെറ്റിക്കാതെ അയാളുടെ മുന്നിൽനിന്നു വിളിച്ചുകൂവി അമ്മേ............  എനിക്ക് സ്വല്പം ദേഷ്യം തോന്നിയെങ്കിലും പതിവുവിളിയിൽ നിന്നും അല്പം വേറിട്ട ശബ്ധത്തിലായിരുന്നു  ആ വിളി. അല്പം സംഭ്രമത്തോടെ ഞാനും, അമ്മച്ചിയും വാതിൽക്കലോട്ടോടിച്ചെന്നു. അപ്പോൾ ഞങ്ങൾ രണ്ടും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു നിന്നുപോയി.  സ്ഥലകാലബോധം നഷ്ടപ്പെട്ടു നിന്ന എന്റെ ചെവിയിലേക്ക് അമ്മച്ചിയുടെ ഉച്ചത്തിലുള്ള ചോദ്യം മുഴങ്ങിക്കേട്ടു " ഇതെന്തു കോലമാടാ?"  ഞാനും അതു തന്നെ മനസ്സിൽ പറഞ്ഞെങ്കിലും വാക്കുകൾ പുറത്തോട്ടു വന്നില്ല. കണ്ണു മിഴിച്ചു നിൽക്കുന്ന എന്നോട് പുള്ളിക്കാരൻ ചോദിച്ചു "എങ്ങിനെയുണ്ട് ?" 
തല മൊത്തം മൊട്ടയടിച്ച് ക്ലീൻ ഷേവ് ചെയ്തു പുതിയ സ്റ്റൈലിൽ വന്നിരിക്കുന്ന പുള്ളിക്കാരൻ ഉറക്കെച്ചിരിക്കുംപോൾ  ആ സൌണ്ട് കൊണ്ട് മാത്രം പുള്ളിക്കാരനാണ് എന്നു ഞാനും, അമ്മച്ചിയും, മോനും തിരിച്ചറിഞ്ഞത്. അപ്പോൾ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ!!!! 

58 comments:

  1. വളരെ നല്ല പോസ്റ്റ്.
    നർമ്മം കൊണ്ട് എഴുത്ത് ജീവനുള്ളതാക്കി.
    അവസാനം പോസ്റ്റ് പതിവിലേറെ ഗൗരവത്തിലേക്കും...
    എല്ലാം കൂടി ഒരു നല്ല ഫ്രീക്കൻ കഥ..

    ആശംസകള്‍

    ReplyDelete
    Replies
    1. ഫ്രീക്കൻ കഥ ഇഷ്ടമായി ല്ലേ ശിഹാബ്. വായിച്ചതിൽ ഒരുപാട് സന്തോഷം.

      Delete
  2. Change is the changeless character of the society - മാറ്റത്തോട് മുഖം തിരിക്കാൻ ആർക്കും അധികകാലമൊന്നും കഴിയുകയില്ല. ചില പരമ്പരാഗത മൂല്യങ്ങളും, വഴക്കങ്ങളും മാറ്റത്തെ ഉൾക്കൊള്ളുന്നതിൽ നിന്ന് നമ്മെ കുറച്ചുകാലം പിന്തിരിപ്പിച്ചേക്കാം - ഈ സത്യം മകനും അച്ഛനും വളരെ വേഗം തിരിച്ചറിഞ്ഞു

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷ്‌ പറഞ്ഞത് യാഥാർത്ഥ്യം. വായിച്ചതിൽ ഒരുപാട് സന്തോഷം.

      Delete
  3. ഇത് സത്യമായിട്ടും നടന്നതാണോ ഗീതാജീ? ചിരിപ്പിച്ചു കളഞ്ഞല്ലോ....

    ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന പല സന്ദർഭങ്ങളും ഇവിടെ ഞങ്ങളുടെയും വീട്ടിൽ നടക്കുന്നതല്ല്ലേ എന്ന് വർണ്ണ്യത്തിലാശങ്ക... മുടി വെട്ടാനുള്ള സമയമില്ലായ്മയും എക്സാം ആവുമ്പോൾ വാമഭാഗത്തിന്റെ നാട്ടിലേക്കുള്ള യാത്രയും എല്ലാം എല്ലാം...

    എന്തായാലും അടുത്ത മാസം ഞാൻ നാട്ടിലേക്ക് ചെല്ലുന്നുണ്ട്... താടി എടുത്തിട്ട് പോയി സർപ്രൈസ് കൊടുത്താലോ എന്നൊരു കുസൃതി ചിന്ത... :)

    ReplyDelete
    Replies
    1. നടന്നത് തന്നെ. പിന്നെ നാട്ടിൽ പോയി സർപ്രൈസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു അല്ലെ. നടക്കട്ടെ. വായിച്ചതിൽ ഒത്തിരി സന്തോഷം.

      Delete
  4. അച്ഛനാരാ മോന്‍.!!!
    ഹ ഹ ഹാ..

    ReplyDelete
    Replies
    1. രണ്ടുപേരും കൂടി ഒന്നിച്ചാ വന്നെ ല്ലേ ദിവ്യക്കുട്ടീ.... വായിച്ചതിൽ ഒരുപാട് സന്തോഷം.

      Delete
  5. ശ്ശൊ!!!!!വളരെ ആകാംക്ഷയൊടെ വായിച്ച്‌ വന്നു.അവസാനം ഉറക്കെച്ചിരിച്ച്‌ പോയി.


    നടന്ന കാര്യമാണോ???

    ReplyDelete
    Replies
    1. ഹാ... ഹാ... സുധീ നടന്നത് തന്നെ. വായിച്ചതിൽ ഒത്തിരി സന്തോഷം.

      Delete
  6. വളരെ നന്നായി എഴുതിയിരിക്കുന്നു.
    പ്രദീപ് കുമാര്‍ മാഷ് പറഞ്ഞത് സത്യമാണ്..........
    ഞങ്ങള്‍ വളര്‍ന്നുവന്ന കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍..........
    നല്ലവഴിയിലേക്ക് നയിക്കുമ്പോള്‍ സൂക്ഷ്മതയും,ശ്രദ്ധയും വേണ്ടതാണ്.
    മാറ്റങ്ങള്‍ നല്ലതിനാവട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. വന്നു വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം സർ.

      Delete
  7. Replies
    1. വായിച്ചതിൽ അതീവ സന്തോഷം പ്രവീണ്‍. അക്ഷരപ്പിശക് പറ്റിയതിൽ ക്ഷമിക്കണം. തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

      Delete
  8. ഹ ഹ ഹ അങ്ങിനെ ന്യൂ ജെനും ഓൾഡ്‌ ജെനും ഫ്രീക്കനായി. ഫ്രീക്കൻ കഥ കൊള്ളാം.

    ReplyDelete
    Replies
    1. വായിച്ചതിൽ അതീവ സന്തോഷം .

      Delete
  9. ഹ ഹ ചിരിപ്പിച്ചു .. നർമ്മം നന്നായി വഴങ്ങുന്നുണ്ട്. എന്തായാലും അച്ചനും മോനും ന്യൂ ജൻ ആയ സ്തിഥി ക്ക് ഇനി അമ്മയായിട്ട് മാറി നിൽക്ക ണ്ട ; ച ലോ ചലോ ബ്യൂട്ടി പാർളർ ,,,, ഇടക്കിടക്ക് ഇങ്ങിനത്തെ പോസ്റ്റു കളും വരട്ടെ ,,,,

    ReplyDelete
    Replies
    1. ഫൈസൽ വായിച്ചതിൽ സന്തോഷം. ഫൈസലിന്റെയും, പ്രദീപ്‌ മാഷിന്റെയും ഒക്കെ നർമ്മത്തിന്റെ ഏഴയലെത്തെത്തുമോ ഈ കഥ.

      Delete
  10. ഓരോ കാലഘട്ടത്തിലും നിലവിലുള്ളതിൽ നിന്നും വ്യതസ്ഥമായതെന്തും ഫ്രീക്ക് എന്നറിയപ്പെടും. വേറിട്ടതാകാനാണ് എപ്പോഴും യുവത്വം തിളയ്ക്കുന്നത്. ചിലപ്പോഴൊക്കെ യുവത്വം വിടാത്ത മദ്ധ്യവയസ്സും..
    ജീവിതം അവർ ആഘോക്ഷിക്കട്ടെ..
    രസകരമായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. ഹാ.... ഹാ... വായിച്ചതിൽ സന്തോഷം പ്രദീപ്‌ മാഷ്.

      Delete
  11. എട്ടിന്റെ പണി എന്ന് കേട്ടിട്ടുണ്ട്. പതിനാറിന്റെ പണി ഉണ്ടെന്നു മനസ്സിലായി. ആശംസകള്‍ പ്രിയ GO. വളരെ ഇഷ്ടമായി.

    ReplyDelete
    Replies
    1. അന്നൂസ്, എട്ടിന്റെ പണിയോ, പതിനാറിന്റെ പണിയോ? ആ എനിക്കറിയില്ല. കഥ വായിച്ചതിൽ സന്തോഷം.

      Delete
  12. ഇതിനെയാണോ വെളുക്കാന്‍ തേച്ചത് പാണ്ടായീ എന്നു പറയുന്നത്..
    എഴുത്തിന് നല്ല രുചിയുണ്ട് ട്ടോ..

    ReplyDelete
    Replies
    1. ഹ.... ഹാ... മുബാറക്ക്‌ വായിച്ചതിൽ സന്തോഷം ട്ടോ.

      Delete
  13. ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ മക്കളുടെ ഓരോരെ കാട്ടിക്കൂട്ടലുകള്‍ ചില കുട്ടികളുടെ തലമുടി ഏതോ തരം ക്രീം പുരട്ടി മുള്ളന്‍പന്നി യുടെ മുള്ള് വിടര്‍ന്നു നില്ക്കുന്നത് പോലെ ആക്കിവെച്ചിരിക്കുന്നത് കാണാം

    ReplyDelete
    Replies
    1. ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ പുള്ളിക്കാരന്‍ ഇങ്ങിനെയൊക്കെ രൂപം മാറ്റുമെങ്കില്‍ ഇനി മകന്‍റെ പുറകെ നടന്നു നേരം കളയണമെന്നില്ല

      Delete
    2. കുട്ടികൾക്ക് മിക്കവർക്കും മുടി ഇത്തിരി വളർത്തി നിർത്തുന്നത് ഒരുപ്രായത്തിൽ വലിയ ഇഷ്ടം. അവനവസരം കിട്ടിയപ്പോൾ ഇത്തിരി വളർത്തി. വിലക്കിയപ്പോൾ അനുസരിച്ചു. പുള്ളിക്കാരൻ ജനശ്രദ്ധ ഒന്നും ആകര്ഷിച്ചതല്ല മാഷെ. ഇവിടുത്തെ ചൂട് അസഹനീയമായപ്പോൾ അങ്ങനൊരു കടുംകൈ ചെയ്തു പോയെന്നേയുള്ളൂ. വായിച്ചതിൽ സന്തോഷം ഉണ്ട് കേട്ടോ.

      Delete
  14. ന്യൂജനും ഓൾഡ്‌ ജനും തകർത്തു...
    പുതുമകൾ തേടിയുള്ള യാത്രകളിൽ നന്മയുടെ മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ

    ReplyDelete
    Replies
    1. റയീസ്, ഞങ്ങളുടെ ഇടയിലെ ന്യൂ ജെൻ അല്ലെ. മുടി വെട്ടാൻ മടിയുണ്ടോ. വായിച്ചതിൽ സന്തോഷം. റയീസ് പറഞ്ഞപോലെ നന്മയുടെ മൂല്യങ്ങൾ ഒരിക്കലും നഷ്ടമാവാതിരിക്കട്ടെ.

      Delete
  15. വശ്യമായ നർമ്മം, മികവാർന്ന ആഖ്യാനം.
    നന്നായി.

    ReplyDelete
    Replies
    1. വായിച്ചഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷവും, നന്ദിയും അറിയിക്കുന്നു.

      Delete
  16. ചിരിയുടെ അകമ്പടിയോടെയാണ്
    ഈ ന്യൂ-ജെൻ പിതു-പുത്രരെ വരവേറ്റത്..കേട്ടൊ ഗീതാജി

    ReplyDelete
    Replies
    1. ഹാ... ഹാ... ഈ വരവിലും, വായനയിലും ഒത്തിരി സന്തോഷം ഒപ്പം നന്ദിയും സർ.

      Delete
  17. കലക്കി പൊളിച്ചു......... പുതിയ പഴയ ഫ്രീക്കന്മാര്‍ക്ക് നമോവാകം......... ഗള്‍ഫിലായിരുന്നപ്പോള്‍ പല രൂപമാറ്റങ്ങളിലൂടെ കടന്നു പോയി....... നാട്ടില്‍ നടക്കില്ല......ഭയമാണ് ഒരാളെ......അച്ഛനെ.......അദ്ദേഹത്തിന്‍റെ വാക്കിനു കൊല്ലുന്ന കളിയാക്കലാ........ പണ്ട് ബുള്‍ഗാന്‍ വച്ചതിന്....... കൊറ്റാനാടെന്ന് വിളിച്ച ടീമാ..........
    ഏതായാലും...... എഴുത്ത് ഗംഭീരമായി....... ആശംസകൾ........

    ReplyDelete
  18. വിനോദ്, ഫ്രീക്കൻസ് ഇഷ്ടമായി ല്ലേ. വായനക്കും, അഭിപ്രായത്തിനും നന്ദിയും, സന്തോഷവും.

    ReplyDelete
  19. ഹഹാ കൊള്ലാംലോ ഗീതേച്ചീ... ഫ്രീക്കന്‍ മോനും, ഡബിള്‍ ഫ്രീക്കന്‍ അച്ഛനും അല്ലെ? അമ്മയുടെ കാര്യം ഊഹിക്കാം

    ReplyDelete
    Replies
    1. എന്ത് പറയാനാ എന്റെ ആര്ഷാ..... ഇവിടെ വന്നു വായിച്ചതിൽ ഒത്തിരി സ്നേഹം.

      Delete
  20. പോസ്റ്റ് ഇഷ്ടപ്പെട്ടു .

    ReplyDelete
    Replies
    1. കഥ വായിച്ചതിൽ ഒത്തിരി സന്തോഷം, സ്നേഹം റോസാപ്പൂവേ.

      Delete
  21. ഈ വരവിനും വായനക്കും സന്തോഷം.... സ്നേഹം ഷാജിത.

    ReplyDelete
  22. ഗീതാജി....ഈ ഫ്രീക്കന്റെ കണ്ണാണോ തള്ളിപ്പോയത് ? ഏതായാലും അച്ഛനും മോനും കിറുക്കന്മാരായി സോറി ഫ്രീക്കന്മാരായി.ഇനി ഗീതാജിയും സമയം കളയണ്ട

    ReplyDelete
    Replies
    1. മാഷെ വായിച്ചതിൽ ഒരുപാട് സന്തോഷം.

      Delete
  23. ഓരോ സ്റ്റൈല്‍ അല്ലേ ?കുറിപ്പ് രസകരമായി

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷവും, നന്ദിയും സിയാഫ് വായിച്ചതിന്.

      Delete
  24. മാറ്റം അനിവാര്യമാണ്

    ReplyDelete
  25. " വരികൾക്കിടയിൽ" എന്റെ കഥ കൂടി ഉൾപ്പെടുത്തിയതിൽ നന്ദി.

    ReplyDelete
  26. തീര്ച്ചയായും അതെ. വായിച്ചതിൽ ഒരുപാട് സന്തോഷവും, നന്ദിയും.

    ReplyDelete
  27. എഴുത്ത് നന്നായി, ആസ്വദിച്ച് വായിക്കാൻ പറ്റി.

    ReplyDelete
  28. വായിച്ചു. ഹാസ്യം കൊള്ളാലോ. എന്നെപ്പോലുള്ള പട്ടിണിപ്പാവങ്ങളുടെ ബ്ലോഗിലേക്കും ഒന്നെത്തിനോക്കണം കേട്ടോ. ലാല്‍സലാം. വീണ്ടും കാണാമെന്നു!

    ReplyDelete
  29. കൊള്ളാം ചേച്ചീ

    ReplyDelete
  30. അച്ഛനെ അനുകരിക്കുന്ന മക്കളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പൊ മക്കളെ അനുകരിക്കുന്ന മാതാപിതാക്കളുടെ കാലം

    ReplyDelete
  31. അച്ഛനെ നന്നാക്കാന്‍ മകനോട് പറയേണ്ട അവസ്ഥയായല്ലേ.?! .അപ്പോള്‍ ഈ മുടി എല്ലായിടത്തും ഒരു പ്രശ്നം തന്നെയാണ്.എന്‍റെ കുട്ടി മുടി വെട്ടാന്‍ പോകുമ്പോള്‍ ഷോപ്പുടമയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഫാദറും കൂടെ പോകുന്നത് അവന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതിന്‍റെ പേരില്‍ അവന്‍ മുടിവെട്ട് ഉപേക്ഷിച്ച് പ്രതിഷേധിച്ചു.

    ReplyDelete

  32. എഴുതി ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ളതാണ് ഹാസ്യം. വളരെ ലാഘവത്തോടെ അത് കൈകാര്യം ചെയ്തിരിക്കുന്നു ഈ പോസ്റ്റിൽ. നന്നായി ആസ്വദിച്ചു ജനറേഷൻ ഗാപ്. എഴുത്തുകാരിക്ക് ആശംസകൾ

    ReplyDelete
  33. ഇപ്പോഴത്തെ ഓരോരോ സ്റ്റൈലുകള്‍ കണ്ടാല്‍ അന്തം വിട്ടു പോകും. പറഞ്ഞിട്ട് കാര്യമില്ല :)

    നന്നായെഴുതി, ചേച്ചീ

    ReplyDelete
  34. ഗീത......... ഞാൻ ബ്ലോഗുകളിൽ ഇന്ന് സജീവമല്ല, പക്ഷെ എന്റെ എഴുത്തുകൾ പത്രങ്ങളിലും വീക്കിലികളിലും സജീവം! കൂടെ എന്റെ പുസ്തകങ്ങൾ ,പാചകക്കുറിപ്പുകൾ ഇവക്ക് കൂടുതൽ സന്ദർശകരെ കൊണ്ടുവരാൻ ,കുറുക്കുവഴികളും,ഗ്രൂപ്പുകളും ഉണ്ടെങ്കിൽ എങ്ങിനെ എന്ന് പറഞ്ഞു തരൂ. 7, 8 ബ്ലോഗുകൾ എല്ലാം ഒരിടത്തേക്ക് കൊണ്ടുവന്നു. www.sapnageorge.com ഇവിടേക്കാണ് എനിക്ക് സന്ദർശകരെ, വായനക്കാരെ കൊണ്ടുവരേണ്ടത് !

    ReplyDelete