Monday 21 September 2015

കോലങ്ങൾ

     ഉമ്മറത്ത് പടിയിൽ പൊന്നുണ്ണിയെ  മടിയിൽക്കിടത്തി കളിപ്പിച്ചിരിക്കുംപോഴാണ് അവൾ വന്നത്. ഒരു കുഞ്ഞിനേയും ഒക്കത്തേന്തി വെള്ളക്കല്ല് മൂക്കുത്തിയുമിട്ടു ചുവന്ന വലിയപൊട്ടുംതൊട്ട്  ഒരു സുന്ദരിപ്പെണ്ണ്. മഞ്ഞയിൽ നീലപ്പൂക്കളുള്ള സാരി അലക്ഷ്യമായി വാരിച്ചുറ്റി അവൾ എന്റെ പൊന്നുണ്ണിയെ വാത്സല്യത്തോടെ നോക്കി വിളിച്ചു " ഓ മുത്തേ...... ആണോ പെണ്ണോ ചേച്ചീ ?"  എന്ന ചോദ്യത്തിന്  'ആണെ'ന്ന്  പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ പ്രകാശിച്ചു. ഒപ്പം ഒക്കത്തിരുന്ന തന്റെ കുഞ്ഞിനോടവൾ കൊഞ്ചി " നോക്കെടാ കണ്ണാ ..... കുഞ്ഞു മുത്തിനെ ......"
കഷ്ടിച്ചു രണ്ടു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന അവളുടെ കുട്ടി ആണ്കുഞ്ഞെങ്കിലും ഉച്ചിയിൽ നീണ്ട കുറെ മുടി കൂട്ടിവാരി ചുവന്ന റിബ്ബണ് കൊണ്ടു കെട്ടി നെറ്റിയിലും കവിളത്തും വലിയ പൊട്ടും തൊടുവിച്ച അവന്റെ മുഖം കണ്ടപ്പോൾ ഉണ്ണിക്കണ്ണനെപ്പോലെ തോന്നിപ്പിച്ചു.   
" ഇവന്റെ മുടിയെന്താ മുറിക്കാത്തെ" എന്ന ചോദ്യത്തിന് "  "നേർച്ചയാ ചേച്ചീ " ന്ന മറുപടി. 
  " വീടെവിടെയാ? കുട്ടീടെ അച്ഛനെവിടെ ?" എന്നൊക്കെയുള്ള ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയുള്ള  അവളുടെ മറുപടി എന്നിൽ ആശയക്കുഴപ്പം ഉളവാക്കി. ഒച്ച കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന ഭാനുവേടത്തിയുടെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്ക് അവൾ വീണ്ടും പരസ്പരബന്ധമില്ലാതെ  ഉത്തരം പറഞ്ഞ് വിഡ്ഢിച്ചിരി ചിരിച്ചു.  
ഭാനുവേടത്തി വിധിയെഴുതി " അലഞ്ഞു നടക്കുന്ന ഭ്രാന്തിപ്പെണ്ണ് " ഒപ്പം ഒച്ച വച്ചു തന്റെ നേരെ  "ഇവറ്റയുടെ ഒക്കെ കണ്ണു തട്ടാതെ കുഞ്ഞിനെ അകത്തു കൊണ്ടുപോയിക്കിടത്തുന്നുണ്ടോ" . 

       രണ്ടുനാൾ ശേഷം മുറ്റത്തു നനച്ച തുണി വിരിച്ചുകൊണ്ടു നിൽക്കുമ്പോൾ അവൾ കയറി വന്നു " ചേച്ചി വിശപ്പിനെന്തെങ്കിലും തരുവോ? "  അവളുടെ വേഷം മുഷിഞ്ഞിരുന്നു. കുഞ്ഞു വാടിത്തളർന്ന് അവളുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ടായിരുന്നു. താൻ ഭാനുവേടത്തിയോടു പറയുമ്പോൾ 
" ഇവറ്റയെയൊക്കെ  അടുപ്പിച്ചാൽ ശല്യമാണേ " എന്നു പറഞ്ഞെങ്കിലും ഭാനുവേടത്തി പുട്ടും, കടലക്കറിയും ഒരു വാഴയിലയിൽ വച്ച് അവൾക്കു കൊടുത്തു. അവൾ മുറ്റത്തോടു ചേർന്നുള്ള കാർപോർച്ചിന്റെ അറ്റത്ത് ചമ്രം പടഞ്ഞിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി അതു കഴിച്ചു ഇടക്കിടെ ഉരുളയാക്കി കുഞ്ഞിന്റെ വായിലും വച്ചു കൊടുത്തു.  അവൾ ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് നന്ദിയോടെ നോക്കി ചിരിച്ചു. അവളുടെ ഒക്കത്തിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം നെഞ്ചിൽ ഒരു വിങ്ങലുണർത്തി. ഒരു ചെറിയ ബിസ്കറ്റ് പായ്കറ്റ് അവളുടെ കയ്യിൽ വച്ചു കൊടുത്തിട്ടു പറഞ്ഞു " നിന്റെ കുഞ്ഞിനു കൊടുക്കൂ ട്ടോ ". 
"നിങ്ങളെ  ഈശ്വരൻ അനുഗ്രഹിക്കും ചേച്ചീ " എന്നവൾ നന്ദി പറഞ്ഞു. 
അവളെപ്പറ്റി എന്തെങ്കിലും ഒന്ന് ചോദിച്ചറിയാൻ ഭാനുവേടത്തി ഒരിക്കൽ കൂടി ശ്രമം നടത്തി " പെണ്ണേ നീ ഈ കൊച്ചിനെയും കൊണ്ട് എന്തിനാ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കണേ " എന്ന ചോദ്യത്തിന്  " എനിക്കീശ്വരൻ അല്ലാതാരുമില്ലമ്മാ " എന്നവൾ ദയനീയമായി മറുപടി നല്കി. 
" ഈ കൊച്ചിന്റെ തന്തയെവിടെ നിന്റെ കെട്ടിയവൻ ? നിന്നെ കെട്ടിച്ചതാണോ അതോ..... ? " ഭാനുവേടത്തി അർദ്ധോക്തിയിൽ നിർത്തി. അവൾ വീണ്ടും "ആരുമില്ലമ്മാ ....... ആരുമില്ലമ്മാ... ഈശ്വരൻ അല്ലാതെ" എന്നു തന്നെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞുകൊണ്ടിരുന്നു.  " ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നാ നിന്നെ വല്ലോരും ഉപദ്രവിക്കില്ലേ ?" എന്നു ഭാനുവേടത്തി അവളെ ഓർമ്മപ്പെടുത്തുമ്പോൾ  " ഈശ്വരാ.... ഈശ്വരൻ തന്നെ തുണ " എന്നവൾ പറഞ്ഞു. 

   കിഴക്കേ വീട്ടിലെ അമ്മുവേടത്തിയും, പപ്പേട്ടനും ഭാനുവേടത്തിയുമായി  ഭ്രാന്തിപ്പെണ്ണിനെപ്പറ്റി  ചർച്ചയായി. 
പകലു മുഴുവനും കുഞ്ഞിനേയും ഒക്കത്തേന്തി അലഞ്ഞുതിരിഞ്ഞു  നടക്കുന്ന അവൾ സന്ധ്യയാവുംപോൾ അമ്പലകോമ്പൌണ്ടിനകത്തെ കെട്ടിടവരാന്തയിൽ അഭയം പ്രാപിച്ച് അന്തിയുറങ്ങുമെന്നും ആരോ പറഞ്ഞതായി അവർ ഭാനുവേടത്തിയോടു പറയുമ്പോൾ ഭാനുവേടത്തി മൂക്കത്തു വിരൽ വച്ചു പറഞ്ഞു  " ഈശ്വരാ.... അമ്പലപ്പറമ്പിലോ  ഈ പെണ്ണ് ചെന്നു കയറിയെക്കണേ! ഇനി എന്തൊക്കെയാ സംഭവിക്കുക? " 
"അവൾക്കവിടെ  പേടിക്കാതെ കിടന്നുറങ്ങാല്ലോ ഭാനുവേടത്തി  അവളെ ദേവി കാത്തോളും " എന്നു താൻ പറഞ്ഞപ്പോൾ " അമ്പലപ്പറമ്പിൽ ചെന്നുകയറി ഈ ദേശത്തിനൂടെ ദേവീകോപം  വരുത്തി വക്കും ഭ്രാന്തിപ്പെണ്ണ് " എന്നു പറഞ്ഞുകൊണ്ട് ഭാനുവേടത്തി അകത്തേക്ക് പോയി. 

    രാത്രിയിൽ ഉറങ്ങാനായി പൊന്നുണ്ണിയെ നെഞ്ചോടടുക്കി കിടക്കുമ്പോൾ ആ ഭ്രാന്തിപ്പെണ്ണിന്റെ രൂപവും, വാടിത്തളർന്ന അവളുടെ കുഞ്ഞിന്റെ മുഖവും മനസ്സിൽ ഒരു നോവായി. കണ്ണുകൾ അടക്കുമ്പോൾ അവൾ കുഞ്ഞിനെ ഒക്കത്തേന്തി തൊട്ടടുത്തു വന്നു നിൽക്കുംപോലെ. എപ്പോഴോ മയക്കത്തിലേക്കു വീണിരുന്നു. കുഞ്ഞിന്റെ ചിണുക്കം.. ഭ്രാന്തിപ്പെണ്ണിന്റെ കുഞ്ഞല്ലേ... അവളെവിടെ.... അവിടെ ആൾക്കൂട്ടമാണല്ലോ ഭ്രാന്തിയെ അമ്പലത്തിൽനിന്നും അടിച്ചോടിക്കയാണോ ? 'അവളെ ഓടിക്കല്ലേ അവളവിടെ കിടന്നോട്ടെ ' താനാരോടൊക്കെയോ പറയാൻ വെമ്പി ശബ്ദം പുറത്തേക്കു വന്നതേയില്ല. ഭാനുവേടത്തി ലൈറ്റിട്ട് തട്ടി വിളിച്ചു തന്നെ  ഉണർത്തുമ്പോൾ തന്റെ പൊന്നുണ്ണി ചിണുങ്ങുകയായിരുന്നു. " ന്താ കുട്ടീ ഇങ്ങനെ ബോധമില്ലാണ്ട് കിടന്നുറങ്ങിയാ? തള്ളമാർക്ക് എപ്പോഴും ഒരു ബോധോണ്ടാവണം " ഭാനുവേടത്തി താക്കീത് തന്നു . 
താൻ പൊന്നുണ്ണിയെ ചേർത്ത് കിടത്തി... അവൻ  നനച്ചുവല്ലോ....  അവന്റെ തുണിമാറ്റി മടിയിലിരുത്തി പാലൂട്ടി. അവൻ മെല്ലെ ഉറങ്ങി. വീണ്ടും മനസ്സിൽ ആ സ്വപ്നം .....അസ്വസ്ഥത  തലപൊക്കി . ആ കുഞ്ഞു രാത്രിയിൽ ഉണർന്ന് അമ്മയെ കാണാതെ കരയുകയാവുമൊ? അവളെ ആരെങ്കിലും? "ദേവീ.... നീ അവളെ കാത്തോണേ........." മനസ്സിൽ പ്രാർത്ഥിച്ചു. 

      രാവിലെ എണീറ്റു വരുമ്പോൾ ഭാനുവേടത്തി ഭ്രാന്തിപ്പെണ്ണിന്റെ  കാര്യം പറഞ്ഞു. നാട്ടുകാർക്ക് അവൾ ശല്യമാകുന്നു. അവൾ ഉയർന്ന കുലജാതയാണെന്നും ഏതോ താഴ്ന്ന ജാതിക്കാരനോടൊപ്പം ഓടിപ്പോന്നവളാണെന്നും  അവനവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നും ഒക്കെ നാട്ടുകാരിൽ പലരും പലതും പറഞ്ഞു.   അവൾ വീടുകളിലും, കടത്തിണ്ണകളിലും ആഹാരവും, വസ്ത്രവും യാചിച്ചു ചെന്നു. വേണ്ടാത്ത പൊല്ലാപ്പ്  എന്തിനാ വെറുതെ തലയിൽ വലിച്ചു വെക്കുന്നതെന്നോർത്ത് ചിലർ കാണാത്ത ഭാവം നടിച്ചു ചിലർ ആട്ടിയോടിച്ചു, ചിലർ ഭക്ഷണം കൊടുത്തു. വസ്ത്രം ആരെങ്കിലും കൊടുത്താൽ നിന്നനിൽപ്പിൽ നാണം മറന്ന് ഉടുത്തിരുന്നതൂരിയെറിഞ്ഞ്   കൊടുക്കുന്ന  വസ്ത്രമണിഞ്ഞവൾ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോളും അവൾ തന്റെ കുഞ്ഞിനെ ഒക്കത്തേന്തി  അവനെ താലോലിച്ചു കൊണ്ടു നടന്നു. അവളുടെ നാണം മറന്നുള്ള വസ്ത്രം മാറലിൽ ആൾക്കാർ അവൾക്ക് ഉടുതുണിക്ക് മറുതുണി കൊടുക്കാൻ വിസമ്മതിച്ചു. ചില ചെറുപ്പക്കാർ സഹായം നീട്ടിയും, ദുരുദ്ധേശ്യത്തോടെയും സമീപിച്ചപ്പോൾ അവൾ ചീത്ത പറഞ്ഞ് അവരുടെ കണ്ണുപൊട്ടിച്ചു വിട്ടു.  തൊട്ടടുത്ത സർപ്പക്കാവിൽ ചെന്നുകയറിയ അവളെ അമ്മുവേടത്തിയും, ഭാനുവേടത്തിയും കണക്കിനു ചീത്ത പറഞ്ഞു. ദൈന്യത തോന്നി " മതി ഭാനുവേടത്തി  ഭ്രാന്തിപ്പെണ്ണിനെന്തറിയാം  " എന്നു പറഞ്ഞ തന്നോട്  "  നീ നോക്കിയേ കുഞ്ഞേ അശ്രീകരം " എന്നു  ചൂണ്ടി പറഞ്ഞു ഭാനുവേടത്തി അവളെ പരുഷമായി നോക്കി. താനവളുടെ വസ്ത്രത്തിലേക്ക് നോക്കി ' ഉവ്വ് ചുവന്ന പൊട്ടുകൾ  പോലെ അവളുടെ വസ്ത്രത്തിൽ ' . " ഈശ്വരാ ....... എന്തിനു നീ ഇവൾക്കിങ്ങനെയൊരു ഗതി കൊടുത്തു " മനസ്സിൽ പറഞ്ഞു. 
ഒരുനാൾ ഉച്ചക്ക് കയറിവന്ന അവൾ വാതിൽക്കൽ നിന്നു നീട്ടി വിളിച്ചു
 " ചേച്ചീ........" താനിറങ്ങിച്ചെന്നു. അവൾ കുളിച്ചു വസ്ത്രം മാറിയിരുന്നു ആരോ കൊടുത്തതാവാം ഒരു ചുവന്ന നൈറ്റിയാണവൾ ധരിച്ചിരുന്നത്.  കുഞ്ഞിനേയും വൃത്തിയായി എന്നാൽ പാകമല്ലാത്ത ഒരുടുപ്പണിയിച്ചിരുന്നു. മുറുക്കി ചുവപ്പിച്ച അവളുടെ ചുണ്ടുകൾ കണ്ട ഞാൻ ചോദിച്ചു " നീ മുറുക്കുമോ?" അവൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി ചിരിച്ചു എന്നിട്ടു ചോദിച്ചു "ചേച്ചീടെ കുഞ്ഞെവിടെ? " . പൊന്നുണ്ണി അകത്തു തൊട്ടിലിൽ ഉറക്കമായിരുന്നു. 
"കുഞ്ഞിനു പേരിട്ടോ ചേച്ചീ" എന്ന അവളുടെ ചോദ്യത്തിന്  "ഇല്ല "  എന്നു ഞാൻ മറുപടി പറയുമ്പോൾ അവൾ പറഞ്ഞു " ഞാനൊരു പേരു പറയട്ടെ ? " 
" പറയൂ " ഞാൻ പറയുമ്പോൾ അവൾ പറഞ്ഞു " അമ്പി " മുറുക്കിച്ചുവപ്പിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടവൾ ചോദിച്ചു " നല്ല പേരല്ലേ ചേച്ചീ.... അമ്പീന്നു മുത്തിനെ വിളിക്കണം ". 
ഞാൻ ചോദിച്ചു " നിന്റെ കുഞ്ഞിന്റെ പേരെന്താ?" 
അവൾ പറഞ്ഞു " കണ്ണൻ"
      ഭാനുവേടത്തി അവൾക്കും,കുഞ്ഞിനും വയറു നിറയെ ചോറു കൊടുത്തു. അവൾ ആഹാരം കഴിച്ചു കൈകഴുകി കുഞ്ഞിന്റെ മുഖം കഴുകി തുടപ്പിക്കുന്നതും നോക്കി നിൽക്കുമ്പോൾ അവൾ ഒരു നോർമലായ സ്ത്രീയെപ്പോലെ തോന്നിച്ചു. 'ശെരിക്കും ഇവൾക്കു ഭ്രാന്തുണ്ടോ?..... അതോ ജീവിക്കാൻ വേണ്ടിയോ,  അവളിങ്ങനെ ഭാവിക്കയാണോ?  മനസ്സിൽ അങ്ങനെയൊരു തോന്നൽ ഉടലെടുത്തു. പൊന്നുണ്ണി ഉണർന്നു കരഞ്ഞു. താനകത്തേക്ക് നടക്കുമ്പോൾ അവൾ മുറ്റത്തു നിന്ന് അകത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു
 " അമ്പീ.....   മുത്തേ....... കരയാതെടാ....." 
ഭാനുവേടത്തി പറഞ്ഞു " മതി മതി വേഗം സ്ഥലം വിട്  " 
പാത്രവുമായി അകത്തേക്ക് കയറിപ്പോവുന്നതിനിടയിൽ  ഭാനുവേടത്തി പിറുപിറുത്തു " ഇവറ്റയെ ഒക്കെ അടുപ്പിച്ചാൽ പിന്നെ ശല്യാവും.... ഇതൊരു പതിവാക്കും". 

        വൈകുന്നേരം മുറ്റത്തു ചെടി നനച്ചു നിൽക്കുമ്പോൾ അവൾ ദൂരെനിന്നേ കുഞ്ഞിനെ ഒക്കത്തേന്തി വേഗത്തിൽ നടന്നുവരുന്നു. അടുത്തു വരുമ്പോൾ അവളെ ശ്രദ്ധിച്ചു  " അമ്മേ..... ദേവീ...... എന്ന് മാത്രം ഉരുവിട്ടുകൊണ്ട് അവൾ വേഗം കിഴക്കോട്ടു നടന്നുപോവുകയായിരുന്നു. അവളുടെ മുഖത്ത് ഭയത്തിന്റെ നിഴൽ വീണപോലെ.  രാത്രിയുടെ മറവിൽ ആരെങ്കിലും ആ പാവത്തിനെ.......  ഏയ് ഉണ്ടാവില്ല....... ആരുമില്ലാത്ത അവളെ ദേവി കാത്തോളും ഉറപ്പ് ..... മനസ്സ് പറഞ്ഞു. 

        പിന്നീട് പല വൈകുന്നേരങ്ങളിലും അവൾ ഭയപ്പാടോടെ " അമ്മേ... ദേവീ...." വിളിച്ച് കിഴക്കോട്ട് കുഞ്ഞിനേയും ഒക്കത്തേന്തി വേഗത്തിൽ നടന്നു നീങ്ങുന്നത് കാണാൻ കഴിഞ്ഞു. 
അപ്പോഴൊന്നും അവൾ ഇടത്തോട്ടോ, വലത്തോട്ടോ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു ഭീതിയായിരുന്നു അപ്പോഴൊക്കെ ആ കണ്ണുകളിൽ നിഴലിച്ചിരുന്നത്. അമ്മുവേടത്തി പറഞ്ഞു " തെണ്ടിത്തിരിയലും കഴിഞ്ഞ് എന്നും വൈകുന്നേരം കൊച്ചിനെയും കൊണ്ട് ആറ്റുകടവിൽ കുളിക്കാൻ ചെല്ലുമെന്ന് പെണ്ണുങ്ങൾ പറഞ്ഞത്രേ. എന്തു ചോദിച്ചാലും അവൾ തിരിച്ചും മറിച്ചും മറുപടി പറയും. ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നെ. "തലക്കു വെളിവില്ലാണ്ടായാൽ പിന്നെ പറഞ്ഞിട്ടെന്താ" അമ്മുവേടത്തി നെടുവീർപ്പിട്ടു.
അമ്പലക്കമ്മറ്റിക്കാർ ഈ ഭ്രാന്തിപ്പെണ്ണിനെ അവിടെ നിന്നിറക്കാനും, ആരെങ്കിലും അവളുടെ ബന്ധുക്കളുണ്ടോ എന്ന് അറിയാനും ഉള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നും പപ്പേട്ടൻ പറഞ്ഞു. 

      അന്ന് അടുക്കളപ്പുറകിലെ വരാന്തയിൽ പൊന്നുണ്ണിയെ ഭാനുവേടത്തി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മെഴു മെഴാ എണ്ണ തേപ്പിച്ചു കിടത്തി.  അവന്റെ കൈകൾ വലിച്ച്, കാലുകൾ വലിച്ച്, മൂക്ക് പിടിച്ചു വലിച്ച് അവന്റെ ഉടലാകെ നേരിയ മസ്സാജ് ചെയ്യുന്നതും നോക്കി താൻ നിന്നു. ഭാനുവേടത്തി ബേസിനിൽ നിന്നും ചെറുചൂടുവെള്ളം  അവന്റെ മേത്തൊഴിച്ചു പീയേർസ് സോപ്പു പതച്ചു തേച്ച് കുളിപ്പിച്ചു തോർത്തി. 
" അമ്പീ ........... മുത്തേ......" പിറകിൽ നിന്നുള്ള വിളി കേട്ട്  താനും ഭാനുവേടത്തിയും തിരിഞ്ഞു നോക്കുമ്പോൾ  'അവൾ ആ  ഭ്രാന്തിപ്പെണ്ണ് ' വാത്സല്യത്തോടെ പൊന്നുണ്ണിയെ നോക്കി നിൽക്കുന്നു. ഭാനുവേടത്തി ധൃതിയിൽ പൊന്നുണ്ണിയെ  തോർത്തി കയ്യിൽ തന്നു പറഞ്ഞു " വേഗം കുഞ്ഞിനെ അകത്തു കൊണ്ട് പോ " ഒപ്പം അവളോടു ദേഷ്യപ്പെട്ടു " നീ എതിലെയാ കേറി വന്നെ ? നിനക്കെന്തു വേണം?"   അവളുടെ കുഞ്ഞ് നിഷ്കളങ്കമായി ഭാനുവേടത്തിയുടെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട് അവളുടെ എളിയിൽ ഇരിപ്പുണ്ടായിരുന്നു.   " വിശക്കുന്നമ്മാ...." എന്നവൾ പറഞ്ഞപ്പോൾ ഭാനുവേടത്തി ദേഷ്യപ്പെട്ടു 
" പോ......പോ.... ഇവിടൊന്നുമിരിപ്പില്ല" . താൻ ഭാനുവേടത്തിയോട് ചോദിച്ചു " ദോശ ഇരുപ്പില്ലേ ഭാനുവേടത്തീ " 
ഭാനുവേടത്തി ഒച്ച താഴ്ത്തി പറഞ്ഞു " ന്റെ കുട്ടീ കുഞ്ഞിനു കണ്ണു  തട്ടാതെ  അകത്തു കൊണ്ടുപോവുന്നുണ്ടോ ...... ഇവറ്റയുടെ ഒക്കെ നോട്ടം ഏറ്റാൽ പിന്നെ പറയണ്ട...." 
ചീത്ത പറഞ്ഞാലും ഭാനുവേടത്തി അവൾക്കു ദോശ കൊടുക്കുമെന്നുറപ്പുണ്ടായിരുന്നു. താൻ പൊന്നുണ്ണിയെയുമായി  അകത്തേക്കു നടന്നുപോവുമ്പോൾ അവൾ പിറകിൽ  നിന്ന്  വീണ്ടും നീട്ടി വിളിച്ചു " അമ്പീ.............. മുത്തേ......." 
      ഭാനുവേടത്തി ഒച്ച വെക്കുന്നത് കേൾക്കാമായിരുന്നു.   താൻ പൊന്നുണ്ണിയെ പൌഡറിട്ട് കുഞ്ഞുടുപ്പണിയിച്ചു  തൊട്ടിലിൽ കിടത്തി മെല്ലെ ആട്ടി  ഞാനവനെ വിളിച്ചു " അമ്പീ.... മുത്തേ......" അവൻ മോണ കാട്ടി ചിരിച്ചു. 
പിറ്റേന്നു രാവിലെ എണീറ്റു വരുമ്പോൾ ഭാനുവേടത്തി പറഞ്ഞു " കുട്ടീ നിനക്കൊരു കാര്യം കേൾക്കണോ? നമ്മുടെ ഭ്രാന്തിപ്പെണ്ണിനെ കൊണ്ടുപോയി"    
 താൻ ആകാംക്ഷയോടെ തിരക്കി " ആര് ?" 
അമ്പലക്കമ്മറ്റിക്കാർ നടത്തിയ തിരച്ചിലിനൊടുവിൽ അവളുടെ വീട്ടുകാരെ കണ്ടെത്തി. അവളുടെ അച്ഛനും മറ്റു ബന്ധുക്കളാരോ രണ്ടുപേരും ചേർന്നാണ് എത്തിയത്. അവരെക്കണ്ടതും അവൾ ഒച്ചപ്പാടും, ബഹളവും വച്ചെങ്കിലും അവർ ബലമായി അവളെ കൂട്ടിക്കൊണ്ടുപോയത്രേ. 
താൻ ഭാനുവേടത്തിയോടു പറഞ്ഞു " അവളെ ദേവി തുണച്ചു" . ഭാനുവേടത്തി പറഞ്ഞു " അവളഭയം തേടിച്ചെന്നത്  ദേവിയുടെ അടുത്തല്ലേ ദേവി അവളെ രക്ഷിച്ചു. "
------------------------------------------------------------ 0 ---------------------------------------------------------------------26 comments:

 1. മനസ്സിലൊരു നൊമ്പരപ്പാടുണർത്തിയ വായന...

  അപൂർണ്ണമായി അവസാനിച്ചോ എന്ന് തോന്നിപ്പോയി.ആ പെൺകുട്ടിയ്ക്ക്‌ അവസാനം നന്മ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.കമന്റെഴുതുമ്പോൾ കൈ വിറയ്ക്കുന്നു..നല്ല വിഷമം തോന്നുന്നു...

  ഗീതേച്ചീ..സങ്കടം വന്ന് പോയി.

  ReplyDelete
  Replies
  1. സുധീ..... ആദ്യവായനക്കാരന് നന്ദി. അപൂർണ്ണമായി തോന്നിയല്ലേ. വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യമാണ് അവസാനം സ്വന്തം വീട്ടുകാർ തന്നെ അവളെ കൂട്ടിക്കൊണ്ടുപോയി എന്നാണറിഞ്ഞത് . അവിടെ അവൾ സുരക്ഷിതയായിരിക്കും ഇന്നും എന്നാണു ഞാൻ വിശ്വസിക്കുന്നത്.

   Delete
 2. വായനക്കാരന്‍റെ ചിന്തകളിലേക്ക് ഒരുകുടുംബത്തിന്‍റെ സംഘര്‍ഷഭരിതമായ പശ്ചാത്തലം അനാവരണം ചെയ്യാന്‍ പാകത്തില്‍ പരുവപ്പെടുത്തിയ ആഖ്യാനരീതി നന്നായിരിക്കുന്നു.
  വായനാസുഖമുള്ള രചനയും ആകര്‍ഷകമായി.
  ആശംസകള്‍

  ReplyDelete
  Replies
  1. സർ, വന്നതിലും, വായിച്ചതിലും അതീവസന്തോഷം. സൂക്ഷ്മമായി വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി.

   Delete
 3. അപ്പോ പൂര്‍ണ്ണമായും കഥയല്ലാരുന്നോ!

  ReplyDelete
  Replies
  1. നടന്ന സംഭവമാണ് അജിത്‌ ഭായ്. വായിച്ചതിൽ അതീവസന്തോഷം.

   Delete
 4. അവളെ സമൂഹം ഭ്രാന്തിയാക്കിയതാണോ ....?
  കഥയായാലും സംഭവമായാലും മനസ്സിൽ തട്ടുന്ന മികവുറ്റ ആഖ്യാനരീതി ..... വായിച്ചു തീർന്നത് അറിഞ്ഞില്ല....

  ReplyDelete
  Replies
  1. വായിച്ചതിൽ ഒരുപാട് സന്തോഷം കുഞ്ഞൂസ്.

   Delete
 5. അവസാനം അല്‍പ്പം തിടുക്കത്തിലായിപ്പോയി. രചനാ രീതി നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. അവസാനഭാഗം അൽപ്പം തിടുക്കത്തിലായിപ്പോയി അല്ലെ. സർ വായിച്ച് അഭിപ്രായം പറഞ്ഞതിൽ അതിയായ സന്തോഷം.

   Delete
 6. ഏറെ ഇഷ്ടം ചേച്ചീ.......മനസ്സലിവുള്ള എഴുത്ത്.... സന്തോഷമെല്ലാം പൊയ്പോയി....എവിടെയും ദുഖങ്ങളും വേദനകളും മാത്രം...... ആശംസകള്‍ നല്ലെഴുത്തിനു.

  ReplyDelete
  Replies
  1. ഈ വായനക്കും, അഭിപ്രായം രേഖപ്പെടുത്തലിലും അതീവസന്തോഷം അന്നൂസ് .

   Delete
 7. എത്രയെത്ര കഥാപാത്രങ്ങൾ അല്ലേ ഗീതാജീ...

  ReplyDelete
  Replies
  1. ശെരിയാണ് വിനുവേട്ടൻ, ഈ ജീവിതത്തിൽ ഇതുപോലെ ഏതെല്ലാം തരത്തിലുള്ള എത്രയോ കഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നു. വന്നുള്ള ഈ വായനയിലും, അഭിപ്രായം അറിയിച്ചതിലും അതീവ സന്തോഷം .

   Delete
 8. കഥയുടെ (അതോ കാര്യമോ) അന്ത്യം പല രീതിയിലും പ്രതീക്ഷിച്ചു. അനാവശ്യമായ ട്വിസ്റ്റുകൾക്ക് ഇടം കൊടുക്കാതെ ഭംഗിയായി പറഞ്ഞ് അവസാനിപ്പിച്ചു.......

  ReplyDelete
 9. പ്രദീപ്‌ മാഷ്,
  ഈ വായനയിലും, അഭിപ്രായം അറിയിച്ചതിലും അതീവസന്തോഷം .

  ReplyDelete
 10. ശരിക്കും നടന്നതാണെന്നറിയുമ്പോൾ മനസ്സ് നോവുന്നു.
  എത്രതരം ജീവിതങ്ങൾ..?

  അവതരണം നന്നായി ആശംസകള്‍...

  ReplyDelete
  Replies
  1. കഥ വായിച്ചു ല്ലേ സന്തോഷം ശിഹാബ്.

   Delete
 11. വൈകിയതില്‍ ക്ഷമിക്കുക.......
  നന്മ വറ്റാത്ത ഉറവിടങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്നോര്‍മ്മിപ്പിക്കുന്ന എഴുത്ത്....... കെട്ടിലും മട്ടിലും വളരെ വളരെ ഭംഗിയുള്ള കഥ.......
  ചിലപ്പോള്‍ യാത്രയിൽ ചിലരിങ്ങനെ വന്ന് ചാടും അപ്പോഴൊക്കെ ഒരു നോവ് മനസ്സില്‍ വിങ്ങും.....
  കഥനം മോഹനം ....ആശംസകൾ നേരുന്നു......

  ReplyDelete
  Replies
  1. വൈകിയായാലും കഥ വായിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയതിലും അതീവസന്തോഷം വിനോദ് .

   Delete
 12. ഒന്നൂടെ വായിച്ചു.ആകെ ഒരു വിഷമം.

  ReplyDelete
  Replies
  1. വിഷമമായൊ സുധീ.... ചിലരെ ഒരിക്കൽ കണ്ടാൽ അവർ നമ്മുടെ മനസ്സിൽ ഇങ്ങനെ ഒരു ഓർമ്മയായി കിടക്കും..... ഒരു വേദന ഉണർത്തി.... അത്തരം ഒരു ഓർമ്മ മാത്രമാണിത് .... ഓർത്തപ്പോൾ എഴുതി. വീണ്ടും വന്നുള്ള ഈ വായനക്ക് ഒത്തിരി സന്തോഷം.

   Delete
 13. നൊമ്പരപ്പെടുത്തിയല്ലോ...

  ReplyDelete
 14. സമാനമായ ഒരു അനുഭവം ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഉണ്ടായി ! നമുക്ക് ചുറ്റും എത്രയെത്ര കഥാ പാത്രങ്ങള്‍ അല്ലെ !! നല്ല കഥ .
  --------------------
  ഈ കഥ അല്‍പ്പം തിരക്ക് കൂട്ടി എഴുതിയത് പോലെ തോന്നുന്നു ,, ഒന്നൂടെ എഡിറ്റിംഗ് ചെയ്യാമായിരുന്നു ,
  പല സ്ഥലത്തും വായനാസുഖം കുറക്കുന്നത് പോലെ തോന്നി ,,

  ഉദാ : രണ്ടുനാൾ ശേഷം മുറ്റത്തു നനച്ച തുണി വിരിച്ചുകൊണ്ടു നിൽക്കുമ്പോൾ അവൾ കയറി വന്നു " ചേച്ചി വിശപ്പിനെന്തെങ്കിലും തരുവോ? " അവളുടെ വേഷം മുഷിഞ്ഞിരുന്നു. കുഞ്ഞു വാടിത്തളർന്ന് അവളുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ടായിരുന്നു. താൻ ഭാനുവേടത്തിയോടു പറയുമ്പോൾ
  " ഇവറ്റയെയൊക്കെ അടുപ്പിച്ചാൽ ശല്യമാണേ " എന്നു പറഞ്ഞെങ്കിലും ഭാനുവേടത്തി പുട്ടും, കടലക്കറിയും ഒരു വാഴയിലയിൽ വച്ച് അവൾക്കു കൊടുത്തു. അവൾ മുറ്റത്തോടു ചേർന്നുള്ള കാർപോർച്ചിന്റെ അറ്റത്ത് ചമ്രം പടഞ്ഞിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി അതു കഴിച്ചു ഇടക്കിടെ ഉരുളയാക്കി കുഞ്ഞിന്റെ വായിലും വച്ചു കൊടുത്തു. അവൾ ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് നന്ദിയോടെ നോക്കി ചിരിച്ചു. അവളുടെ ഒക്കത്തിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം നെഞ്ചിൽ ഒരു വിങ്ങലുണർത്തി. ഒരു ചെറിയ ബിസ്കറ്റ് പായ്കറ്റ് അവളുടെ കയ്യിൽ വച്ചു കൊടുത്തിട്ടു പറഞ്ഞു " നിന്റെ കുഞ്ഞിനു കൊടുക്കൂ ട്ടോ ".
  "നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും ചേച്ചീ " എന്നവൾ നന്ദി പറഞ്ഞു.

  ഇത് ഇങ്ങിനെ മാറ്റി നോക്കൂ
  ------------ രണ്ടു നാളുകള്‍ക്ക്ശേഷം മുറ്റത്തു നനച്ച തുണി വിരിച്ചുകൊണ്ടു നിൽക്കുമ്പോൾ അവൾ കയറി വന്നു
  " ചേച്ചി വിശപ്പിനെന്തെങ്കിലും തരുവോ? " അവളുടെ വേഷം മുഷിഞ്ഞിരുന്നു. കുഞ്ഞു വാടിത്തളർന്ന് അവളുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ടായിരുന്നു.
  " ഇവറ്റയെയൊക്കെ അടുപ്പിച്ചാൽ ശല്യമാണേ " എന്നു പറഞ്ഞു ഭാനുവേടത്തി പുട്ടും, കടലക്കറിയും ഒരു വാഴയിലയിൽ വച്ച് അവൾക്കു കൊടുത്തു. അവൾ മുറ്റത്തോടു ചേർന്നുള്ള കാർപോർച്ചിന്റെ അറ്റത്ത് ചമ്രം പടഞ്ഞിരുന്ന് കുഞ്ഞിനെ മടിയിലിരുത്തി അതു കഴിച്ചു ഇടക്കിടെ ഉരുളയാക്കി കുഞ്ഞിന്റെ വായിലും വച്ചു കൊടുത്തു. അവൾ ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് നന്ദിയോടെ ഞങ്ങളെ നോക്കി ചിരിച്ചു. അവളുടെ ഒക്കത്തിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം എന്റെ നെഞ്ചിൽ ഒരു വിങ്ങലുണർത്തി. ഒരു ചെറിയ ബിസ്കറ്റ് പായ്കറ്റ് അവളുടെ കയ്യിൽ വച്ചു കൊടുത്തിട്ടു ഞാന്‍ പറഞ്ഞു
  " നിന്റെ കുഞ്ഞിനു കൊടുക്കൂ ട്ടോ ".
  "നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും ചേച്ചീ " അവള്‍പറഞ്ഞു ..
  ----------------------- എഴുത്തുകാരിയുടെ സ്വാതന്ത്രത്തില്‍ കൈ കടത്തുന്നു എന്ന് തോന്നല്ലേ :)

  ReplyDelete
  Replies
  1. അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും തീര്ച്ചയായും സ്വീകരിക്കുന്നു ഫൈസൽ. കുറവുകൾ ചൂണ്ടിക്കാട്ടി തന്നാൽ മാത്രേ തെറ്റുകൾ തിരുത്തി മുന്നോട്ടുള്ള എഴുത്ത് സുഗമമാക്കാൻ കഴിയൂ. നന്ദി ഫൈസൽ.

   Delete
 15. മനസിനെ നൊമ്പരപ്പെടുത്തുന്ന കഥകൾ ആണെല്ലോ എല്ലാം

  ReplyDelete