Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Tuesday, 22 November 2022

ഓർമ്മകൾ .....





“ പുലയനാർ മണിയമ്മ …. പൂമുല്ലക്കാവിലമ്മ 

കലമാന്റെ മിഴിയുള്ള കളിത്തത്തമ്മാ …”

ടീ വി പ്രോഗ്രാമിൽ റിയാലിറ്റി ഷോയിൽ കൊച്ചുകുട്ടി പാടുന്നു …ഈ പാട്ട് ആരോ പാടിക്കേട്ടു നല്ല പരിചയം .. ആരാണ് ..? കുറേ ആലോചിച്ചു … ഹൈസ്കൂൾ ക്ലാസ്സിലെ കൂട്ടുകാരി രാജി … ഏയ് അല്ല … അവൾ പാടിയത് “ മൈനാകം …..കടലിൽ നിന്നുയരുന്നുവോ…. ചിറകുള്ള മേഘങ്ങളായ് … ശിശിരങ്ങൾ തിരയുന്നുവോ …” ( ചിത്രം തൃഷ്ണ 1981 ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം … എസ് ജാനകി ) ഒരു സ്കൂൾ ഫെസ്റ്റിവൽ കാലത്തു പനിവന്നുമാറി തൊണ്ടയടച്ച ശബ്ദത്തിലും അവൾ “ മൈനാകം …” പാടി പ്രൈസ് വാങ്ങിയതും ഹെഡ്മാസ്റ്റർ അവളെ അഭിനന്ദിച്ചു പറഞ്ഞതും ഓർക്കുന്നു. അപ്പൊ അവളുമല്ല.   നല്ല പരിചയം .. പക്ഷേ അതാരെന്നു ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് …?    “ ആളിമാരൊത്തുകൂടി ആ …. മ്പൽപൂക്കടവിങ്കൽ …

ആയില്യപ്പൂനിലാവിൽ കുളിക്കാൻ പോ…. യ് “ ഏറിയാൽ നാലോ അഞ്ചോ വയസ്സു തോന്നിപ്പിക്കുന്ന കുരുന്നിന്റെ നാവിൽനിന്നും ഇത്രയും വാക്കുകൾ ഇത്രയും ഭാവത്തിൽ …. കുട്ടി പാടുക മാത്രമല്ല ഗാനരചന… സംഗീതം ഒക്കെ കൃത്യമായി ഓർത്തു പറയുന്നു. വെറുതെ യൂ ട്യൂബിൽ ആ പാട്ടൊന്നു തിരഞ്ഞു. 1976 കളിലെ “ പ്രസാദം “ എന്ന സിനിമ .. 

പി.ഭാസ്കരൻ മാഷുടെ ഗാനരചനയിൽ ദക്ഷിണാമൂർത്തിസാർ ഈണം നൽകി ജാനകിയമ്മയുടെ സ്വരമാധുരിയിൽ പഴയകാലനടിമാരിലെ സുന്ദരി ജയഭാരതിച്ചേച്ചിയും പ്രേംനസീർ സാറും അഭിനയിച്ച ഗാനരംഗം. അതിമനോഹരഗാനം. ഇതു പാടിയ ആൾ ..? ഒന്നൂടെ ഓർമ്മകൾ ഒന്നു തട്ടിക്കുടഞ്ഞെടുക്കാൻ നോക്കി. കിട്ടുന്നില്ല. 


“ ദിൽ കെ അരുമാ …. ആസുവോമേ ….. ബെ ഹേ  ഗയേ …” ഫേവറിറ്റ് സോങ് എന്നു പറഞ്ഞ് ചേച്ചി പലപ്പോഴും പാടാറുള്ള പാട്ട്.  മലയാളം പാട്ടുകളിൽ “ സൂര്യകാന്തീ …..സൂര്യകാ… ന്തി “..... “ ഗോപുരമുകളിൽ വസന്തചന്ദ്രൻ … ഗോരോചനക്കുറി വരച്ചു …” ഇതൊക്കെ പാടിനടന്ന ചേച്ചി ഈയിടെ വന്നപ്പോൾ മൂളിക്കേട്ടത് “ ദർശനാ …. ദർശനാ …. സ്നേഹാമൃതം എന്നിലേകൂ … ദർശനാ …”  . ഒരുവർഷക്കാലം മകളോടൊപ്പം അവളുടെ ജോലിസ്ഥലത്തു പോയി ചിലവഴിച്ചുവന്ന ചേച്ചിയുടെ ജീവിതത്തെ… പാട്ടുകളെ… ഒക്കെ എത്രവേഗത്തിൽ മാറ്റിയെടുത്തു.    ‘ നമുക്കറിയാവുന്ന ആരാണ് “ പുലയനാർ മണിയമ്മ “ പാടിക്കേട്ടിട്ടുള്ളത് ‘ എന്ന എന്റെ സംശയത്തെ “ പഴയപാട്ടുവിട്ട് പുതിയത് ആസ്വദിക്കൂ ..” എന്നു നിസ്സാരവൽക്കരിച്ചുകളഞ്ഞ ചേച്ചിയോട് ഞാൻ തർക്കിച്ചു ‘ പഴയ ഗാനങ്ങളോളം വരുമോ .. പുലയനാർ മണിയമ്മ പാടിയ നാലുവയസ്സുകാരിയിൽ അത്രയും ഭാവം ഉണ്ടാകുന്നതെങ്ങനെ എന്ന അതിശയവും ആ കുട്ടികളൊക്കെയും തിരഞ്ഞെടുക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളേയുംപറ്റി പറഞ്ഞപ്പോൾ ചേച്ചിയും അനുകൂലിച്ചു “ ഇപ്പോഴത്തെ കുട്ടികളുടെ കഴിവ് .. അപാരം ..” 


ഈയടുത്തു വെറുതെ ഒരൊത്തുകൂടൽപരിപാടിയിൽ കൂട്ടത്തിൽ പ്രായമായ ഒരാൾ അക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കുട്ടിയോട് കുശലാന്വേഷണം തിരക്കലിനിടയിൽ 

“ ആരാവാനാണ് ആഗ്രഹം “ എന്ന ചോദ്യത്തിന്‌ നാലുവയസ്സുകാരി കുരുന്നിന്റെ നാവിൽനിന്നു വന്നത് അവൾക്കൊരു യൂട്യൂബറായാൽ മതിയത്രേ.  സോഷ്യൽ മീഡിയകളും 

ടീവിയുമൊക്കെ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നു.  കുട്ടിക്കാലങ്ങൾ ഓർമ്മവന്നു. മുതിർന്നവരുടെയും ടീച്ചർമാരുടെയും സ്ഥിരം ചോദ്യം “ ഭാവിയിൽ ആരാവാനാണ് ആഗ്രഹം ..” .  നാലാംക്ലാസ്സിലെ കുഞ്ഞമ്മടീച്ചർ …ആദ്യം മനസ്സിൽ വരുന്നത് ടീച്ചറുടെ കയ്യിലെ ചൂരൽവടിയും പൊങ്ങിയപല്ലുമാണ്.  ഉച്ചകഴിഞ്ഞനേരത്തെ ക്ലാസ്സാണെങ്കിൽ ടീച്ചർ പഠിപ്പിച്ചുകഴിഞ്ഞ് കുറച്ചുനേരം കഥപറയുകയോ കുട്ടികളെക്കൊണ്ടു പാട്ടുപാടിക്കുകയോ ഒക്കെ ഒരു പതിവുള്ളതാണ്. അങ്ങനെയൊരു നേരത്താണ് ടീച്ചർ കുട്ടികളിൽ ചിലരോടായി “രാവിലെ  എപ്പോൾ എഴുന്നേൽക്കും..? പഠിക്കുമോ… ഭാവിയിൽ ആരാവാനാണ് ആഗ്രഹം..?” ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ..”. പിറകിലെ ബെഞ്ചിലിരുന്ന സുലോചനയോടായി ടീച്ചറുടെ ചോദ്യം “ ആരുമാവണ്ട … വീട്ടിലിരുന്നാൽ മതിയെന്ന “ അവളുടെ മറുപടി ടീച്ചറെ ചൊടിപ്പിച്ചതാവാം “ നീയവിടെ നിന്നോ .. ഇരിക്കേണ്ട ..” എന്നു പറഞ്ഞ് അവളെ അവിടെ നിർത്തി അടുത്ത ഊഴം തന്റെ നേർക്കുവന്നതും ടീച്ചറായാൽ മതിയെന്ന മറുപടി … ടീച്ചറുടെ മുഖത്തു സന്തോഷവും “ മിടുക്കി “ എന്നൊരഭിനന്ദനവും പിറകേ സുലോചനയോട്  “ കേട്ടു പഠിക്ക് ..” എന്നൊരു താക്കീതും. ബെല്ലടിച്ചു ടീച്ചർ ക്ലാസ്സിൽനിന്നു പോയിക്കഴിഞ്ഞിട്ടും സങ്കടം മാറാതെ തലകുനിച്ചിരുന്ന് കരഞ്ഞ സുലോചന…  ശരിക്കുള്ള ആഗ്രഹം ടീച്ചറിനോട് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ സുലോചനയെപ്പോലെ തലകുനിച്ചിരുന്ന് കരയേണ്ടി വന്നേനെ എന്നാണപ്പോൾ ഓർത്തത്‌. അന്നത്തെ മനസ്സിലെ ആഗ്രഹം  പറഞ്ഞതിന്റെ പേരിൽ അച്ഛന്റെ ഉപദേശവും അമ്മയുടെ ശാസനയും … എന്തായിരുന്നു പുകില് . അപ്പോൾപ്പിന്നെ ടീച്ചറും വഴക്കു പറയുകയേ ഉള്ളൂ.  


വീടിനടുത്തുകൂടെ ആദ്യമായി ഓടിയ പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെ ബസ്സോടിക്കുന്ന ഡ്രൈവറായാൽ മതിയെന്ന ആഗ്രഹത്തെ അച്ഛനും അമ്മയും യാതൊരു ദാക്ഷിണ്യവുമില്ലാതെ മുളയിലേ നുള്ളിക്കളഞ്ഞു. രണ്ടാമത്തെ ആഗ്രഹം കേട്ടാണ് രണ്ടാളും ഷോക്കടിച്ചപോലെ നിന്നുപോയത് . പിന്നെ എന്തോ വലിയ ഫലിതം കേട്ട മട്ടില്‍ പൊട്ടിച്ചിരിച്ചു. പിന്നെ രണ്ടാളും ഇണങ്ങിയും കർശനമായും ഉപദേശവും താക്കീതും നൽകി

 “ ഇനിയിങ്ങനെ ആരോടും പറയാൻ  പാടില്ല ..അച്ഛന്റെ സ്നേഹോപദേശം ടീച്ചറാവണം ന്നാകണം ത്രേ പെൺകുട്ടികളുടെ ആഗ്രഹം .  പ്രിൻസ് ബസ്സിലെ ഡ്രൈവറെപ്പോലെയാകാൻ ആഗ്രഹിച്ച കഥ മുൻപൊരിക്കൽ പറഞ്ഞതാണ് . വായനക്കാരിൽ ചിലരെങ്കിലും മറ്റൊരാളെപ്പറ്റി സൂചന നൽകി കഥ മടക്കിയപ്പോൾ മുതൽ സംശയം ചോദിച്ചിരുന്നു അതാരെന്ന്‌ .  അക്കഥ ഇക്കുറി വെളിപ്പെടുത്തിയില്ലയെങ്കിൽ പിന്നെ അതും മറവിയിലായാലോ…


രണ്ടാമതു പറഞ്ഞ ആഗ്രഹം വലുതായാൽ മൂപ്പരെപ്പോലെയാവണം എന്നതായിരുന്നു. ആരാണീ മൂപ്പരെന്നല്ലേ. അച്ഛന്റെയും ഏട്ടന്റെയും മുടി വെട്ടാനായി ആഴ്ചക്കണക്കോ മാസക്കണക്കോ അതൊന്നും കൃത്യമായി ഓർമ്മയില്ല … വീട്ടിൽ വരുമായിരുന്ന ആളായിരുന്നു മൂപ്പർ.  കരഞ്ഞു ബഹളം വെച്ചിരുന്ന എന്നെ അച്ഛനോ അമ്മയോ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ചിരുത്തി മൂപ്പരു കത്രിക കൊണ്ട് ക്ലിക്ക്.. ക്ലിക്ക്  ശബ്ദത്തിൽ മുടി വെട്ടിക്കളഞ്ഞതായ ചെറിയ ഒരോർമ്മയേയുള്ളൂ. അതു തീരെച്ചെറിയ പ്രായത്തിലാവാം. പിന്നെയൊക്കെ എന്റെ മുടിയിലെ പ്രയോഗങ്ങൾ ഒക്കെ മുതിർന്ന ചേച്ചിമാരുടെ ഉത്തരവാദിത്വമാകയാൽ എനിക്കതിൽ വലിയ എതിർപ്പൊന്നും ഉണ്ടായിട്ടുമില്ല. പോകെപ്പോകെ മൂപ്പരുടെ ഇടയ്ക്കുള്ള ഈ സന്ദർശനങ്ങളും അച്ഛനെയും ഏട്ടനേയും ഇരുത്തി മുടിവെട്ടലും അതിനിടയിൽ അച്ഛനുമായുള്ള വർത്തമാനം പറച്ചിലും ഒക്കെ എനിക്കും ഏറെ കൗതുകകരമായ കാര്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഞാനും ഇതെല്ലാം കണ്ടുകൊണ്ട് അവർക്കരികിൽ പോയി ഇതെല്ലാം നോക്കിയിരിക്കുമായിരുന്നു. ഇപ്പണിയാണോ എന്നെ ആകർഷിച്ചത് എന്നാവും …അല്ല .  അതായത് മുടിവെട്ടുകൂടാതെ സീസൺ വരുമ്പോൾ മൂപ്പർ മറ്റൊരു പണി കൂടി അധികമായി ചെയ്തിരുന്നു.  ചുരുക്കം രണ്ടു വരുമാനം മൂപ്പർക്കുണ്ടായിരുന്നു. മൂപ്പരു ചെയ്തിരുന്ന രണ്ടാമത്തെ പണിയിലാണ് ഞാനാകൃഷ്ടയായതും വലുതായാൽ ഇതുപോലൊരാൾ ആയാൽ മതിയെന്നും ഒക്കെ ആഗ്രഹിച്ചത്. 


“എരുമേലി “ എന്ന സ്ഥലത്തെപ്പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ . ഒരുപാടു് ഐതിഹ്യങ്ങൾ ഉറങ്ങുന്ന മണ്ണ് … അയ്യപ്പസ്വാമിയുടെ നാട്.  അവിടെ “കനകപ്പലം “ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. നവംബർ ഡിസംബർ മാസങ്ങൾ മഞ്ഞിന്റെയും തണുപ്പിന്റെയും കുളിർമ്മയിൽ ശരണംവിളികളുടെയും പേട്ടകെട്ടിന്റെയും ക്രിസ്തുമസ്സ്കരോൾ സംഘങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ കൂടിക്കലർന്ന ഒരു അന്തരീക്ഷം. ശബരിമല സീസണായാൽ നാട് ഉണർന്നു. ചരിത്രപ്രസിദ്ധമായ “ എരുമേലി പേട്ടതുള്ളൽ “ അതേപ്പറ്റി പറയാനാണെങ്കിൽ ഈ ഒരു കുറിപ്പ് മതിയാവില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരീരത്തിലാകമാനം വിവിധനിറങ്ങളിലെ ചായം പൂശി പച്ചിലക്കൊമ്പുകളേന്തി കൊച്ചമ്പലത്തിൽനിന്നും പേട്ടകെട്ടിയിറങ്ങി വാവരുപള്ളിയിലേക്കും അവിടെനിന്നും പേട്ട തുള്ളിയുറഞ്ഞു വലിയമ്പലത്തിലേയ്ക്ക് ചുവടുവെക്കുന്ന അയ്യപ്പഭക്തർ . ഇതാണ് പേട്ട തുള്ളൽ . മതസൗഹാർദ്ദത്തിന്റെ വലിയൊരു കാഴ്ച . മൂപ്പരെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. പേട്ട തുള്ളലും മൂപ്പരും തമ്മിൽ നല്ലൊരാത്മബന്ധമുണ്ട്. കുട്ടിക്കാലങ്ങളിലെ ഓർമ്മയിൽ ഈ പേട്ടകെട്ടിന് ഒരു അവധിദിനത്തിൽ അച്ഛൻ ഞങ്ങളെ കുട്ടികളെയെല്ലാം പേട്ടകെട്ടു കാണിക്കാനായി കൊണ്ടുപോകും. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അച്ഛന്റെ സുഹൃത്തായ വൈദ്യന്റെ ഒളശ്ശയിൽ ഞങ്ങളെ കൊണ്ടിരുത്തും. അവിടിരുന്ന്‌ ഓരോ സംഘങ്ങളായി വരുന്ന പേട്ടകെട്ടും ബഹളങ്ങളും കാണും. അതിൽ പരിചയമുളള മുഖമാണ് മൂപ്പരുടേത്. ഓരോ സംഘങ്ങൾക്കു മുൻപിൽ ചെണ്ടയിൽ താളം പിടിച്ച് അയ്യപ്പഭക്തർക്കു മുൻപേ വരുന്ന മൂപ്പർ.  മൂപ്പരുടെ താളത്തിനൊപ്പിച്ചു ചുവടു വെയ്ക്കുന്ന അയ്യപ്പഭക്തർ.  ഒരു സംഘത്തെ പേട്ട തുള്ളിച്ച് വലിയമ്പലത്തിൽ കൊണ്ടെത്തിച്ച് മൂപ്പർ ചെണ്ടയുമായി വീണ്ടും ചെറിയമ്പലത്തിലേയ്ക്ക് ഓടിപ്പോവുന്നതു കാണാം. മറ്റു ചെണ്ടകൊട്ടുകാർ ഉണ്ടാവുമെങ്കിലും എനിക്കു മൂപ്പരെയല്ലേ അറിയൂ. ഇവരുടെയൊക്കെ ലീഡറാവാം മൂപ്പർ .. മൂപ്പരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാവാം ഈ പേട്ടതുള്ളൽ എന്നൊക്കെയുള്ള കൗതുകത്തോടെയാണ് ഞാൻ മൂപ്പരുടെ ഈ ചെണ്ടകൊട്ടും അതിനൊപ്പിച്ചു അയ്യപ്പന്മാരുടെ പെട്ടതുള്ളലും ഒക്കെ കണ്ടിരുന്നത് . കുട്ടിക്കാലത്തെ ആ കൗതുകം തന്നെയാണ് മൂപ്പരെപ്പോലെ ചെണ്ടകൊട്ടുകാരനായാൽ മതിയെന്നും ആഗ്രഹിച്ചതും . അച്ഛനതു തിരുത്തിപ്പറഞ്ഞു തന്നത് “പെൺകുട്ടികൾ ചെയ്യുന്ന പണിയല്ലിതെന്നും …മേലിൽ ആരോടും ഇനിയിങ്ങനെ പറയരുത് “ എന്ന താക്കീതു നൽകുകയും ചെയ്തതോടെ ആ ആഗ്രഹവും മനസ്സിൽ അടക്കിയാണ് കുഞ്ഞമ്മടീച്ചറിനോട് വെറുതെ നുണ പറയേണ്ടി വന്നത് . 


എന്തായാലും മൂപ്പരക്കാലങ്ങളിലും അച്ഛന്റെ മുടിവെട്ടാൻ സമയമായാൽ കൃത്യമായി വീട്ടിലെത്തും. മുറ്റത്തു കസേരയിട്ട് അച്ഛനിരിക്കും. മൂപ്പർ കുറേ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് സ്പീഡിൽ അച്ഛന്റെ മുടി വെട്ടിക്കൊടുക്കും. ഞാനതും നോക്കി മുറ്റത്തെ പടിയിൽ പോയി ഇരിക്കും.  മൂപ്പരുടെ  കൈയ്യിലെ കത്രിക ചലിക്കുന്നതിനും ഒരു താളമുള്ളതുപോലെ തോന്നും.  അവസാനമായി മൂപ്പരു വീട്ടിൽ വന്ന ദിവസമാണ് ഓർമ്മയിൽ മായാതെ നിൽക്കുന്നത്. അച്ഛൻ പെൻഷൻ ആകാറായതിന്റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു ദിനമാണ് മൂപ്പർ വന്നത് . പതിവുപോലെ വർത്തമാനം പറഞ്ഞ് മൂപ്പർ അച്ഛന്റെ മുടി വെട്ടാൻ തുടങ്ങി. വർത്തമാനങ്ങൾ പറഞ്ഞു മുടിവെട്ടിത്തീർന്ന വേളയിലാണ് അച്ഛന്റെ കൈപിടിച്ച് മൂപ്പർ നിയന്ത്രണം വിട്ടു പൊട്ടിക്കരയാൻ തുടങ്ങി “ ഇനിയാരെ കാണാനാ സാറേ ഞാനിങ്ങോട്ടു വരിക ..” … മൂപ്പരുടെ ഇടറിയ ശബ്ദം … അച്ഛനാകട്ടെ ഒന്നും പറയാതെ മൂപ്പരുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു. ഞാനമ്മയ്ക്കരികിലേയ്ക്ക് ഓടി… ‘ അമ്മേ … മൂപ്പർ …’ .  'അമ്മ “ എന്താ ..” എന്നു ചോദിച്ച് പുറത്തേയ്ക്ക് .. ഞാനും അമ്മയ്ക്ക് പുറകേ … അപ്പോഴും മൂപ്പർ അച്ഛന്റെ കൈ പിടിച്ച് സങ്കടം അടക്കാനാവാതെ കരയുന്നു.  അച്ഛനെന്തെല്ലാമോ പറയുന്നു. ഞാനമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു . അതുകണ്ട എനിക്കും കരച്ചിൽ വന്നു . ഞാനോടി മുറിയ്ക്കകത്തേയ്ക്ക്. കുറേക്കഴിഞ്ഞ് മൂപ്പർ പടിയിറങ്ങിപ്പോവുന്നതു ജനാലയിലൂടെ കണ്ടു. എന്തിനെന്നറിയാതെ എന്റെയും കണ്ണു നിറഞ്ഞു .  


വർഷങ്ങൾക്കിപ്പുറവും  ആ പേട്ടകെട്ടും മൂപ്പരുടെ ചെണ്ടകൊട്ടും പിന്നെ അച്ഛന്റെ മുടിവെട്ടും അവസാനമായി മൂപ്പരു പടിയിറങ്ങിപ്പോയതും ഒക്കെ ഓർമ്മയിൽ വരുമ്പോൾ സങ്കടം വരും. കുട്ടിക്കാലത്തെ ആ ഓർമ്മ ഉണ്ടെങ്കിലും മൂപ്പരുടെ മുഖമൊന്നും അത്ര കൃത്യമായി ഓർമ്മയില്ല.  ഇക്കഴിഞ്ഞ ദിവസം ഏട്ടനൊരു ഫോട്ടോ അയച്ചു തന്നിട്ട് ചോദിച്ചു 

“ ഇതാരെന്നു  പറയാമോ ..”. ഒരു ഉൾവിളിയെന്നോണം ഞാൻ ചോദിച്ചു ‘ മൂപ്പരാണോ ‘ . 

ഏട്ടൻ മറുപടി ഇട്ടു “ നാണു മൂപ്പർ ..”

എനിക്കതിശയം തോന്നി .. ഞാനെങ്ങനെ മൂപ്പരെ തിരിച്ചറിഞ്ഞത് ..!! കുട്ടിക്കാലത്തെ ആ ഓർമ്മയുണ്ടെങ്കിലും മുഖം കൃത്യമായി ഓർമ്മയില്ല … എന്നിട്ടും ഞാൻ മറുപടി ഇട്ടതു കൃത്യമായിരുന്നല്ലോ .  അപ്പോഴാണ് ഞാനാ ഫോട്ടോയുടെ മുകളിൽ ശ്രദ്ധിച്ചത് .. ആദരാഞ്ജലികൾ ..

അപ്പാവു നാണു ( 103)

പുതുപ്പറമ്പിൽ 

കനകപ്പലം . 

ഏട്ടൻ പറഞ്ഞു “ ഓർമ്മയില്ലേ … പേട്ടകെട്ടിന് മൂപ്പരുടെ ചെണ്ടകൊട്ട് .. “ . പിന്നെ ഏട്ടൻ പറഞ്ഞു “മൂപ്പരുടെ മകൾ രമണി നമ്മുടെ സ്കൂളിൽ പഠിച്ചതാണ് .. നിനക്കോർമ്മയുണ്ടോ .. രമണിയുടെ സ്ഥിരം പാട്ടായിരുന്നു ‘ പുലയനാർ മണിയമ്മ ..” പാടിക്കേട്ടു നല്ല പരിചയം തോന്നിയ ആ ശബ്ദത്തിനുടമയെ ഞാനപ്പോളാണ് തിരിച്ചറിയുന്നത് .  എത്ര തവണ തല പുകഞ്ഞാലോചിച്ചു നോക്കിയതാണ് ഈ പാട്ടിന്റെ ശബ്ദത്തിനുടമയെ .. എല്ലാം ഒരു നിമിത്തമെന്നോണം ..   

ജനിച്ചു വളർന്ന നാടിനോടുള്ള ആ സ്നേഹംകൊണ്ടുതന്നെ പേട്ടകെട്ടു സീസണിൽ പോകാൻ കഴിയാറില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങാറുണ്ട് . അപ്പോൾ മനസ്സിനുണ്ടാകുന്ന ആ ആഹ്ലാദവും ശാന്തതയും സമാധാനവും എങ്ങനെ പറയണമെന്നറിയില്ല . 



മൂപ്പരുടെ ചെണ്ടമേളമില്ലാത്ത എത്രയോ പേട്ടകെട്ടുകൾ കഴിഞ്ഞിട്ടുണ്ടാവാം . ഈ മണ്ഡലകാലമടുത്തപ്പോഴേയ്ക്കും മൂപ്പർ യാത്രയായി . വർഷങ്ങൾക്കു ശേഷം മൂപ്പരെ ഞാൻ വീണ്ടും ഇക്കഥയിലൂടെ പരിചയപ്പെടുത്തുമ്പോഴേയ്ക്കും മൂപ്പർ യാത്രയായല്ലോ എന്ന വല്ലാത്ത സങ്കടത്തോടെയാണ് ഈ ഓർമ്മ പങ്കു വെയ്ക്കുന്നതും … ഈ ഓർമ്മകളിൽ എന്റെ അച്ഛനുണ്ട് … അമ്മയുണ്ട് … ഞങ്ങളുടെ പ്രിയപ്പെട്ട വല്യേട്ടനുണ്ട് … ഒരുപാടു ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ആ കുട്ടിക്കാലങ്ങൾ ഉണ്ട് .. ഇനിയൊന്നും എനിക്കു പറയാനാവില്ല .. എന്റെ കണ്ണുകൾ നിറയുന്നു … കുട്ടിക്കാലത്ത് ചെണ്ടകൊട്ടണമെന്ന മോഹം എന്നിലുണ്ടാക്കിയ പ്രിയപ്പെട്ട മൂപ്പർക്ക് എന്റെ പ്രണാമം …!!🌹🌹🙏🙏 






Monday, 18 November 2019

പുലരികൾ

സന്ധ്യയ്ക്ക് ചേക്കേറാനായി മാനത്തൂടെ ഒറ്റക്കും കൂട്ടമായും വേഗത്തിൽ പറന്നുപോവുന്ന കിളികൾ ... ... ..  എന്തു രസം .. അവറ്റകളെയിങ്ങനെ നോക്കിയിരിക്കാൻ ... പഴയവീടിനെയാണ് അപ്പോൾ ഓർമ്മവന്നത് . വൈകുന്നേരങ്ങളിൽ ഏട്ടനുമൊത്ത് വീടിനു മുൻപിലെ വരാന്തയിലിരുന്ന് വേഗത്തിൽ പറന്നുപോവുന്ന കിളികളെ മത്സരിച്ചെണ്ണുക ഒരു രസമായിരുന്നു . സന്ധ്യാനേരത്ത് ഇവ പറന്നുപോവുന്നത് അവറ്റകളുടെ വീട്ടിലേക്കാണെന്ന് ഏട്ടൻ പറയാറുണ്ട് . മാനത്തേയ്ക്കു നോക്കിയിരുന്നപ്പോൾ ഒരുനിമിഷം ആശിച്ചു ' ഈ പറവകളായി ജനിച്ചാൽ മതിയായിരുന്നു ... എന്തു ഭാഗ്യം ... എന്തോരം ഉയരത്തിൽ പറക്കാം ... മാനത്ത് ഇഷ്ടംപോലെ സ്ഥലമില്ലേ ...'
മുറ്റത്തെ ചരലുകളിൽ ഈർക്കിലിച്ചൂലുകൊണ്ട് വേഗത്തിൽ കോറുന്നതിന്റെ ഒച്ച . സന്ധ്യയ്ക്കു മുന്നേയുള്ള നളിനിയേടത്തിയുടെ വഴിപാട്. കവലയിൽനിന്നും “കുട്ടൻപ്രാന്തന്റെ” ഉറക്കെയുള്ള സംസാരവും പാട്ടും കേൾക്കാം .  പകലൊക്കെ വഴിനീളെ പാട്ടുപാടിയും പ്രസംഗിച്ചും നടക്കും . രാത്രിയിൽ കയറിച്ചെല്ലുന്ന ഏതേലും വീടിന്റെ വരാന്തയിൽക്കിടന്നുറങ്ങും . . ലക്ഷ്മിയമ്മ പറഞ്ഞുള്ള അറിവുകളാണ് . ഇതേവരെ അയാളെയൊന്നു നേരിൽ കാണാനായിട്ടില്ല . 

അകന്ന ബന്ധുവായ ലക്ഷ്മിയമ്മയുടെ വീട്ടിലെ ചുറ്റുപാടുകളുമായി സാവകാശം ഇണങ്ങിവരാൻ  കഴിയുന്നുണ്ട് . ലക്ഷ്മിയമ്മക്കു വല്യവീടുണ്ട് ... പറമ്പുണ്ട് ... പണമുണ്ട് ... പക്ഷേ എന്തൊക്കെയോ ദുഃഖങ്ങൾ അലട്ടുന്നുണ്ട് . ലക്ഷ്മിയമ്മക്കു തന്റെ സാഹചര്യങ്ങൾ അറിയാവുന്നതുകൊണ്ടാകാം മുഖമൊന്നു വാടിക്കണ്ടാൽ തിരക്കും " എന്താ കുഞ്ഞേ .. മുഖം വാടിയെ ..." വാക്കുകളിലൂടെ ആ കരുതൽ മനസ്സിലാവും എന്നാലും അന്നേരം മനസ്സ് ഒന്നൂടെ വിഷമിച്ചുപോകാറുണ്ട്.   ഉയർന്നമാർക്കിൽ പത്താംതരംപാസ്സായ ഏട്ടനെ അച്ഛൻ പട്ടണത്തിൽ നല്ല കോളേജിൽത്തന്നേ ചേർത്തുകഴിഞ്ഞല്ലോ . പുതിയസ്ഥലത്തു വീടുവാങ്ങിയാൽ ഏട്ടനെ ഹോസ്റ്റലിലാക്കാനാണ് അച്ഛന്റെ തീരുമാനം . ചേച്ചിയാണെങ്കിലോ സാഹചര്യങ്ങളാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ പഠിപ്പുമതിയാക്കി . പാവം ചേച്ചി !! ആറാംതരത്തിൽ പഠിക്കുന്ന തന്റെ കാര്യത്തിലായിരുന്നല്ലോ അച്ഛന്റെ ആധി . അദ്ധ്യായനവർഷം തുടങ്ങി . ഇടക്കുവച്ചു പഠിപ്പു മുടങ്ങിയാൽ .... ലക്ഷ്മിയമ്മയുടെ കനിവ് അച്ഛന് വലിയൊരു ആശ്വാസമായിട്ടുണ്ടാവണം .  എന്നാവും അച്ഛനിനി സ്വന്തമായി ഒരുവീടു വാങ്ങുക . ഓരോ പുലർച്ചെയും രാത്രിയിലും ഉള്ള പ്രാർത്ഥനയിൽ ഒറ്റ അപേക്ഷമാത്രേ ഉള്ളൂ മനസ്സിൽ ' അച്ഛന് വേഗം സ്വന്തായി ഒരു വീടുവാങ്ങാൻ കഴിയണേ ...' 
ആ വാടകവീട്ടിൽനിന്നും എത്രയുംവേഗം മാറാനായെങ്കിൽ ...    ആ വീടുമായി ഒട്ടും പൊരുത്തപ്പെടാനായിട്ടില്ല ... പാവം ഏട്ടനും ചേച്ചിയും ഇപ്പോ എന്തെടുക്കുകയാണോ .. ആവോ .. ദുഃഖം നിഴലിച്ച മുഖങ്ങളാണ് സദാ അച്ഛനും അമ്മയ്ക്കും .. അമ്മക്കൊരേ പ്രാർത്ഥനമാത്രം " സ്വന്തമായി ഒരുകിടപ്പാടം ..". പകലത്തെ അലച്ചിലിനൊടുവിൽ കയറിവരുന്ന അച്ഛൻ അഭിമുഖീകരിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറേ മുഖങ്ങളെയാണ് .  " ഇന്നത്തെ പോക്കു ശരിയായില്ല .. വേറെവിടെയെങ്കിലും ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ടാവും .." അച്ഛന്റെ സമാധാനവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും മുഖത്തു സങ്കടമാണ് .. അതുകാണുമ്പോൾ ഒന്നൂടെ വല്ലാത്ത സങ്കടം വരും . ആശിക്കും ... താമസിയാതെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവണേ ..

വാടകവീട്ടിലെ അയൽക്കാരി മോളമ്മയുടെ പെരുമാറ്റമാണല്ലോ മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തിയിട്ടുള്ളത് .  സമപ്രായക്കാരി കൂട്ടുകൂടാൻ വന്നപ്പോൾ ആദ്യം ഇഷ്ടമായിരുന്നു . പക്ഷേ അവൾ തനിനിറം പുറത്തുകാട്ടിയപ്പോൾ വെറുപ്പായിത്തുടങ്ങി . തങ്ങൾ താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തെ തുളസിയില നുള്ളാനും മുറ്റത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മുരിങ്ങയില പറിക്കാനും ഒക്കെ ഒരു സന്ദർശനം നടത്തിയിട്ട് തങ്ങളെനോക്കി ഒരു താക്കീതുകൂടിയുണ്ട് " ഇതിലൊന്നും വടക്കാർക്കവകാശമില്ലാട്ടോ ... വീടുമാത്രേ അമ്മാമ തന്നിട്ടുള്ളൂ ..". അവടമ്മാമയുടേതാണത്രേ വാടകവീട് ... അവളുടെ നടപ്പിലും ഭാവത്തിലുമോ ... ഇതൊന്നും അമ്മാമേടെ അല്ല അവളുടെ സ്വന്തമാണെന്ന അഹങ്കാരം ..    അവളുടെ ഇമ്മാതിരി വർത്തമാനം കേട്ട് പലതവണ പിറുപിറുത്തുപോകാറുണ്ട് ' എന്റച്ഛന് നല്ല ഉദ്യോഗം ഉണ്ടായിരുന്നു .. എന്റച്ഛനെ എല്ലാർക്കും എന്തു കാര്യാരുന്നു .. ഞങ്ങൾക്കവിടെ വല്യ വീടുണ്ടാരുന്നു .. ' അവളോടിങ്ങനെ നല്ല രണ്ടു വർത്തമാനം പറയണൊണ്ടെന്നു പറഞ്ഞാലോ ചേച്ചി വിലക്കും " അതൊന്നും നമുക്കു സ്വന്തമായിരുന്നില്ലല്ലോ സുധക്കുട്ടീ .. അല്ലേൽത്തന്നെ അതൊക്കെ ഇനി വിളിച്ചുപറഞ്ഞിട്ടെന്തു കാര്യം .."  
മനസ്സിൽ എപ്പോഴും ഒറ്റ പ്രാർത്ഥന മാത്രം .. വേഗം സ്വന്തമായി ഒരു വീടുണ്ടാവണേ ... വാടകവീട്ടിൽ താമസിക്കുന്നവർക്ക്‌ ഒരു വിലയുമില്ലല്ലോ . 

അച്ഛനൊരിക്കൽ പണിക്കാരൻ കുട്ടനേയും തൊട്ടടുത്തു താമസിക്കുന്ന സ്ഥിരം സന്ദർശകനായ കേശുവച്ചനെയും ഒക്കെ പുരക്കകത്തു കൊണ്ടുനടന്ന്  തങ്ങളുടെ അലമാരയും കട്ടിലുകളും സെറ്റിയും ഒക്കെ കാട്ടിക്കൊടുക്കുന്ന കണ്ടു . അവർ പോയതും 'അമ്മ അച്ഛനോടു വല്ലാതെ കയർക്കുന്നതുകേട്ടു  " എന്തിനാണ് ഇതൊക്കെ വല്ലവരേയും കാട്ടിക്കൊടുക്കുന്നത് .. നമ്മുടെ പഴയ പ്രതാപം കാട്ടാനോ ..".  

നളിനിയേടത്തി മുറ്റമടി തീർത്തു ചെടിനന തുടരുമ്പോൾ വിളിച്ചു " കുട്ട്യേ ... എന്താണിത്ര ആലോചന ... സന്ധ്യയാവണൂട്ടോ ..."  കുളിക്കാനായുള്ള മുന്നറിയിപ്പാണെന്നറിയാം . നളിനിയേടത്തിക്കു ഒരാലോചനയും ഇല്ല . സദാസമയോം ഓരോ പണികളും ചെയ്തു നടക്കും .   വന്നനാൾമുതൽ വാത്സല്യത്തോടെയേ തന്നോടിടപെട്ടിട്ടുള്ളൂ . നളിനിയേടത്തിക്കു സ്വന്തമായി ഒരോലപ്പുരയുണ്ടെന്നു പറഞ്ഞിട്ടുണ്ട് . അതിനാൽ അവർക്കു വീടിനെ ഓർത്തു സങ്കടമില്ല . മാസാമാസം ലക്ഷ്മിയമ്മ കൊടുക്കുന്ന പൈസയും വാങ്ങി സന്തോഷമായി അവർ തന്റെ വീട്ടിൽ പോയി തിരികെ വരുന്നു .   നളിനിയേടത്തി കുറ്റിമുല്ലച്ചുവട്ടിൽ വെള്ളം നനച്ചുകൊണ്ടു പറഞ്ഞു " നിറയെ മൊട്ടുകളുണ്ട് കുട്ടീ. ..". കുറ്റിമുല്ലയിൽ നിറഞ്ഞുനിൽക്കുന്നു വെള്ളപ്പൂമൊട്ടുകൾ . മതിലിൽ പടർന്നുകിടക്കുന്ന പിച്ചിയിലും അങ്ങിങ്ങായി ധാരാളം മൊട്ടുകളുണ്ട് . നാളെ കാലത്തു അവയെല്ലാം വിരിഞ്ഞുനിൽക്കുന്ന കാണാൻ എത്ര ഭംഗിയാവും . സന്തോഷം തോന്നും . ലക്ഷ്മിയമ്മയുടെ വീട്ടിൽ നിറയെ പൂക്കളുണ്ട് . നല്ല ഭംഗിയുള്ള പൂക്കൾ . ഞങ്ങളുടെ പഴയ വീടിനെ ഓർത്തു . ഉയർന്ന മതിൽക്കെട്ടിനകത്തു വിശാലമായമുറ്റം ....തിട്ടകെട്ടി നിറയെ അച്ഛൻ നട്ടുവളർത്തിയ ചെടികൾ . .... എത്ര മനോഹരമായ വീട്‌ ... എല്ലാം പെറുക്കിക്കെട്ടി ആ വീടുവിട്ടു യാത്രയായ ദിവസം ഓർക്കുന്നതേ നെഞ്ചുപിടയും . 

മാനത്തേയ്ക്കു നോക്കി .. ഇതുവരെ തീർന്നിട്ടില്ല . ഒറ്റയ്ക്കും കൂട്ടമായും ചിലച്ചുകൊണ്ടുപോവുന്ന കിളികൾ . എന്തോരം സന്തോഷത്തോടെയാ അവറ്റകളുടെ പോക്ക്‌ ... എവിടാവും അവരുടെ വീട്‌ . സങ്കടം വന്നു .. പറവകൾക്കും വീടുണ്ട് ... എല്ലാവർക്കും വീടുണ്ട് . അച്ഛനിനി വീടുവാങ്ങാൻ കഴിയില്ലേ ... 
'അമ്മ പണ്ടൊരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്  ഞങ്ങളുടെ വീട്ടിലെ കിഴക്കേമൂലയ്ക്ക് രണ്ടുനിലയിൽ തീർത്ത കോഴിക്കൂടിനെപ്പറ്റി . മുകളിലും താഴെയും മരയഴികൾകൊണ്ട് രണ്ടുകള്ളികളായി വേർതിരിച്ചിരുന്നു . ഓർമ്മവച്ചകാലം മുതൽ അതിൽ നിറയെ കോഴികൾ ഉണ്ടായിരുന്നു . മുകളിലേത്തട്ടിൽ മുയലുകളെ വളർത്തിയിരുന്നതായി 'അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് . ഇതുപണിത  ആശാരി പണിതീർന്നതും പറഞ്ഞത് " അച്ഛന് ഒരു രണ്ടുനിലവീട് പണിയാനുള്ള യോഗം ഇതിൽ തീർന്നുവത്രെ .." ഓർത്തപ്പോൾ വിഷമം തോന്നി . അതിനി സത്യാവുമോ .. അതാണോ അച്ഛന് വീടുവാങ്ങാൻ കഴിയാത്തത് . അകത്തേമുറിയിലെ ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കിളിയുടെ ചിലപ്പ്‌ .. മണി അഞ്ച് ... വേഗം കുളിക്കാനായി ഓടുമ്പോൾ ഓർക്കയായിരുന്നു  പാവം കിളി .. .. രാവിലെ എണീൽക്കാൻ ... പഠിത്തം കഴിഞ്ഞു റെഡിയാവാൻ .. പള്ളിക്കൂടത്തിലേയ്ക്ക് പുറപ്പെടാൻ ... രാത്രികിടക്കാൻ ഒക്കെ .. ഈ കിളിയുടെ ചിലപ്പ്‌ ഒരനുഗ്രഹമാകുന്നു . 

പിറ്റേന്നു കുളിച്ചൊരുങ്ങി പള്ളിക്കൂടത്തിൽ ചെന്നപ്പോൾ നേരത്തേ എത്തിയിരുന്നു ജോളിയും ലീലയും . എത്രവേഗമാണ് തങ്ങൾ കൂട്ടുകാരായത് . പുതിയ ചുറ്റുപാടിൽ സംഭ്രമത്തോടെ കയറിച്ചെന്നപ്പോൾ പുഞ്ചിരിയോടെ അവർ തങ്ങളുടെ അരികിലേയ്ക്കിരുത്തിയത്.  ' ഈ ഒരു വർഷമേ താനുണ്ടാവൂ ..' എന്നോർമ്മപ്പെടുത്തുമ്പോൾ രണ്ടാളും പരാതി പറയും " നീ മുഖം കാണിക്കാനാണോ സുധക്കുട്ടീ ഇവിടേയ്ക്ക് വന്നത് ... എന്തിനാ തിരികെ പോവണേ ......ഇവിടെ പഠിച്ചൂടെ .." ചെറിയൊരു സങ്കടം അപ്പോൾ തോന്നിയാലും പറയും " അച്ഛൻ വീടുവാങ്ങിയാൽ ഉടനെ അങ്ങോട്ടേയ്ക്കു പോവും .. പിന്നെ അവിടെ സ്കൂളിൽ  പഠിക്കാമല്ലോ .." 

ഉച്ചഭക്ഷണസമയത്തെ  ഇടവേളയിൽ കുട്ടികൾക്കിടയിൽ വല്യൊരു ബഹളം കേട്ടു . പലരും മുൻവശത്തെ റോഡിലേക്കോടുന്നു .” കുട്ടൻപ്രാന്തനായിരുന്നു” താരം .  അയാൾ പാട്ടുംപാടി ആവഴി പോയത്രേ .. കൂട്ടുകാർക്കൊപ്പം തങ്ങളും ഓടിച്ചെല്ലുമ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു . ഇത്തവണയും കുട്ടൻപ്രാന്തനെയൊന്നു നേരിൽ കാണാനായില്ലല്ലോ എന്ന സങ്കടായി . ലീല പറഞ്ഞത് " കുട്ടൻപ്രാന്തൻ  പാവാത്രേ ... ആരേം ഉപദ്രവിക്കില്ല .. നന്നായി പാട്ടുപാടും . സ്വന്തം വീടുണ്ട് . പക്ഷേ വീട്ടുകാർ അയാളെ അടുപ്പിക്കില്ല . കഷ്ടം തോന്നി . പാവം കുട്ടൻപ്രാന്തൻ ..!! സ്വന്തംവീട്ടിൽ കയറ്റില്ലാച്ചാൽ പിന്നെ അയാൾ എവിടെപ്പോകും
നാലുമണിനേരം പള്ളിക്കൂടംവിട്ടുവന്നപ്പോൾ നളിനിയേടത്തി ഇലയട പുഴുങ്ങിയതും ചായയും തന്നു .  തേനൂറുംമധുരത്തിൽ ശർക്കര ചേർത്ത ഇലയടയുടെ സ്വാദിൽ ചായയുടെ മധുരം അറിയാനുണ്ടായിരുന്നില്ല . കാപ്പികുടി കഴിഞ്ഞ് ഉമ്മറത്തു വന്നപ്പോൾ ലക്ഷ്മിയമ്മ ചേച്ചിയുടെ കത്തുവന്നത് വച്ചുനീട്ടിക്കൊണ്ടു പറഞ്ഞു " വായിച്ചുനോക്ക് ... വിശേഷം എന്തുണ്ടെന്ന് ..". 
പാവം ചേച്ചി ..!!  ഇടയ്ക്കിടെ മുടങ്ങാതെ വിശേഷങ്ങൾ എഴുതി അറിയിക്കാറുണ്ട് . കത്തു പൊട്ടിക്കുമ്പോൾ ആകാംക്ഷകൊണ്ട് നെഞ്ചിനകം വല്ലാതെ മിടിച്ചു . .. അച്ഛൻ വീടു വാങ്ങിയിട്ടുണ്ടാവുമോ ...   ചേച്ചിയുടെ സ്ഥിരം സംബോധന ...
" പ്രിയ സുധക്കുട്ടീ ...  നിനക്കു സുഖമല്ലേ .. നന്നായി പഠിക്കണം കേട്ടോ ... വീടൊന്നും ഇതുവരെ ശരിയായില്ല .  ഇവിടുത്തെ കിണറ്റിലെ വെള്ളം പറ്റി . താഴെ മോളമ്മയുടെ കിണറ്റിൽ നിന്നാത്രേ വെള്ളം കോരുന്നത് .  അവർ അധികം കോരാൻ സമ്മതിക്കില്ല . അച്ഛൻ പണിക്കാരൻ കുട്ടനെക്കൊണ്ട് വഴീലെ പൈപ്പീന്നു കുറച്ചു വെള്ളം പിടിച്ചുകൊണ്ടുവയ്‌പ്പിക്കും . അമ്മയ്ക്ക് നല്ല വിഷമമാണ് ... ഞങ്ങൾക്കും ... പ്രാർത്ഥിക്കുവാ ... നമുക്കു വേഗം വീടു ശരിയാവണേ ... നീയും പ്രാർത്ഥിക്കണം . ലക്ഷ്മിയമ്മക്കും നളിനിയേടത്തിക്കും സുഖമല്ലേ .. ഇവിടെ എല്ലാവരും ഇങ്ങനെ പോകുന്നു .         സ്നേഹത്തോടെ ചേച്ചി . "
മുഖത്തെ സങ്കടം മനസ്സിലായതാവാം ലക്ഷ്മിയമ്മ ആശ്വസിപ്പിച്ചു " എല്ലാം ശരിയാകും കുഞ്ഞേ ... വിഷമിക്കേണ്ട .." പുറത്തു തലോടിപ്പറഞ്ഞപ്പോൾ  അറിയാതെ തുളുമ്പിയ കണ്ണുകൾ ലക്ഷ്മിയമ്മ കാണാതിരിക്കാനായി മുറ്റത്തു ചെടികൾ നനച്ചുനിന്ന നളിനിയേടത്തിക്കരികിലേക്കു നടന്നു . 

സന്ധ്യയ്ക്ക്  ലക്ഷ്മിയമ്മക്കൊപ്പം നാമം ചൊല്ലാനിരിക്കുമ്പോൾ കേട്ടു കവലയിൽനിന്നും കുട്ടൻപ്രാന്തന്റെ പാട്ട് .  നാമംചൊല്ലിത്തീർത്തു പുസ്തകങ്ങളുമായി ഉമ്മറത്തുവന്നിരുന്ന് ആദ്യേ ഗൃഹപാഠങ്ങൾ ചെയ്തുതുടങ്ങി . മുറിക്കകത്തൊക്കെയും മങ്ങിയ വെട്ടം.  വോൾട്ടേജ് പ്രശ്നം കാരണം നേരത്തേ ഉമ്മറത്തെ ട്യൂബ് ലൈറ്റ് കത്തിച്ചിട്ടിട്ടുണ്ടാവും . പഠിക്കാനായി ഒരു ചെറിയമേശയും കസേരയും ഉമ്മറത്തിട്ടുതന്നിട്ടുണ്ട് . ഗൃഹപാഠം  ചെയ്തുതീർന്നതും ഏഴരമണിക്കത്താഴം . അത്താഴം കഴിച്ചുവന്ന് ബാക്കി പഠിക്കാനുള്ള പുസ്തകങ്ങൾ തുറന്നു . ലക്ഷ്മിയമ്മ കുറച്ചുനേരം ഒപ്പം വന്നിരുന്നശേഷം അകത്തേക്കു പോയി . ചിട്ടകളിൽ ലക്ഷ്മിയമ്മയുടെ നയങ്ങൾ കൃത്യമാണ് . ഏഴരമണിക്കത്താഴം കഴിഞ്ഞാൽ എട്ടരവരെ പഠിക്കാനനുവാദം ഉണ്ട് . ബാക്കി പുലർച്ചെ . കിടക്കാനായി വിളിതുടങ്ങും .  ലക്ഷ്മിയമ്മക്കൊപ്പമാവും കിടപ്പ്‌ .   

ഇറയത്തെ മുളംകർട്ടനുകൾക്കിടയിലൂടെ  റോഡിലെ അരണ്ടവെളിച്ചം അകത്തേക്കു അരിച്ചുകടക്കുന്നുണ്ട് .  തെക്കുവശത്തെ പിച്ചിപ്പൂവുകളുടെ ഹൃദ്യമായ ഗന്ധം തണുത്ത ഇളംകാറ്റിനൊപ്പം അകത്തേക്കു വരുന്നു . വിശാലമായ ഉമ്മറത്തിന്റെ പുറത്തേക്കുള്ള വാതിലിലേക്കു നോക്കുമ്പോൾ ചെറിയൊരു പേടി . പദ്യം മെല്ലെ ചൊല്ലിപ്പഠിച്ചുകൊണ്ടിരിക്കുമ്പോൾ നളിനിയേടത്തി അടുക്കളപ്പണികളൊതുക്കി കതകുകൾ അടച്ച്  ഉമ്മറത്തുവന്നെത്തിനോക്കിക്കൊണ്ടു ചോദിച്ചു " കഴിഞ്ഞില്ലേ കുട്ട്യേ ..."
' ഇല്ല നളിനിയേടത്തി ..'.    " ഓ .... എനിക്കുറക്കം വരുന്നു ....ഞാൻ കിടക്കട്ടേന്ന് " പറഞ്ഞ് നളിനിയേടത്തി മുടിവാരി  ഉച്ചിയിൽ മുറുക്കിക്കെട്ടിവച്ചുകൊണ്ട് അകത്തേക്കു പോയി . ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരുന്നകിളി അറിയിപ്പെന്നോണം പുറത്തേക്കു വന്നെത്തിനോക്കി ചിലച്ചുകൊണ്ടിരുന്നു . പാവം കിളി .. അതിനെങ്ങോട്ടേക്കും പറന്നുപോവേണ്ട  . പക്ഷേ അതിനും മനോഹരമായ വീടുണ്ടല്ലോ.. അതിനകത്തിങ്ങനെ ഒളിഞ്ഞിരുന്നാൽ മതീല്ലോ .. സമയം എട്ട് . ലക്ഷ്മിയമ്മ പറയണമാതിരി നളിനിയേടത്തിയെപ്പോലെ ഒരു ഉറക്കക്കാളി . 

പദ്യം നാലുവരിവീതം നോക്കിപ്പഠിച്ച് കാണാതെ ഉരുവിടാൻ ശ്രമിച്ചു . കൂട്ടിൽക്കിടന്ന നായയൊന്നു  മുരണ്ടു . പെട്ടെന്നതു കുര തുടങ്ങി . നെഞ്ചിനകത്തൊരാധി . മുറ്റത്തെ നേരിയ വെട്ടത്തിൽ ഒരുരൂപം ഇറയത്തെ നടയിലോട്ടു കാലുവച്ചു കയറിവരുന്നു . ഒന്നേ നോക്കിയുള്ളൂ .. ചുവന്ന കുപ്പായമിട്ട ...        'അമ്മേ ...' ഒറ്റ അലറിച്ചയായിരുന്നു . ലക്ഷ്മിയമ്മയും നളിനിയേടത്തിയും ഒരുപോലെ " കുട്ട്യേ .." ന്നു പരിഭ്രമത്തോടെ വിളിക്കുന്ന കേട്ടു . പുസ്തകം വലിച്ചെറിഞ്ഞ്‌ ഓടി ലക്ഷ്മിയമ്മക്കരികിലെത്തി . ബദ്ധപ്പെട്ടു കട്ടിലിൽനിന്നെണീറ്റുവരികയായിരുന്ന  ലക്ഷ്മിയമ്മയെ അടക്കംപിടിച്ചു കരഞ്ഞുകൊണ്ട് ഇറയത്തേക്കു കൈചൂണ്ടി ... വിറയലോടെ. നളിനിയേടത്തി ഓടി ഇറയത്തെത്തിക്കഴിഞ്ഞിരുന്നു . ലക്ഷ്മിയമ്മ തന്നെയുംകൂട്ടി വരുന്നതിനിടയിൽ ഉറക്കെ വിളിച്ചുചോദിച്ചു " ആരാ നളിനി ..?" നളിനിയേടത്തി ഒച്ചതാഴ്ത്തിപ്പറഞ്ഞു " ആ “പ്രാന്തൻ” ..". ലക്ഷ്മിയമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട്  എത്തിനോക്കി മുറ്റത്തെ പടിയിലേയ്ക്ക് . ചുവന്ന കുപ്പായം ... മുഴിഞ്ഞ മുണ്ട് ... തലയിൽ തോർത്തും ചുറ്റി .. തോളിലൊരു കീറസഞ്ചിയുമായി അയാൾ . ലക്ഷ്മിയമ്മ ഒച്ചവച്ചു " കുട്ടാ ... നീ കുട്ടിയെ പേടിപ്പിച്ചുവോ .."
അയാൾ നടയിൽ കൈകുത്തിയിരുന്നുകൊണ്ട് യാചിക്കുംമട്ടിൽ പറഞ്ഞു " ഇല്ലമ്മച്ചീ ... സത്യായും ഇല്ല ... ഇവിടുത്തെ കുട്ടിയെ പേടിപ്പിക്കയോ ... കുഞ്ഞിനെ ഞാനൊന്നു വിളിക്കാനൊരുങ്ങും മുൻപേ അതു ബഹളം വച്ചോടീല്ലേ .. ". 
ഭയം മാറി .. മനസ്സ് ഒന്നു തണുത്തു ... പാവം കുട്ടൻപ്രാന്തൻ ..!! ലീല പറഞ്ഞത്‌ എത്ര സത്യം .  പക്ഷേ ലക്ഷ്മിയമ്മ ഒച്ച വച്ചു " രാത്രീലാ എഴുന്നള്ളത്ത്‌ .. കുട്ടി പേടിച്ചുപോയില്ലേ .." 
നളിനിയേടത്തിയും അതുശരിവച്ചു .  അയാൾ വീണ്ടും കേണു " ഇല്ലമ്മച്ചിയേ ... ഇവിടുത്തെ കുട്ടിയെ ഈ കുട്ടൻ പേടിപ്പിക്കയോ ..".  അയാളാ നടക്കൽ കുത്തിയിരുന്നു . " എനിക്കു വിശക്കുന്നു അമ്മച്ചീ .. ഇത്തിരി കഞ്ഞി താ ..". ലക്ഷ്മിയമ്മക്കു  ദേഷ്യം വന്നെങ്കിലും നളിനിയേടത്തിയുടെ മുഖത്തേയ്ക്കു നോക്കി . നളിനിയേടത്തി ഈർഷ്യയോടെ പറഞ്ഞു " ചോറിനകത്തു വെള്ളം ഒഴിച്ചു ".  ലക്ഷ്മിയമ്മ പറഞ്ഞു " സാരോല്ല ... നീ ആ പറ്റിലിത്തിരി മോരൊഴിച്ച് ഇത്തിരി കടുമാങ്ങയും ഇട്ടു കൊണ്ടക്കൊട് ..". നളിനിയേടത്തി പിറുപിറുത്തുകൊണ്ടകത്തേയ്ക്കു പോയി . ഉറക്കം മുടക്കിയതിന്റെ തെല്ലീർഷ്യയോടെ ... 

ലക്ഷ്മിയമ്മ ഉമ്മറത്തുകിടന്ന കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു " നിനക്കീ രാത്രിയിൽ ഇങ്ങനെ കറങ്ങിനടക്കാണ്ട് വീട്ടിൽ പോയിക്കിടന്നുറങ്ങിക്കൂടെ ...".    അയാൾ സങ്കടത്തോടെ ചോദിച്ചു " ഏതു വീടാ അമ്മച്ചീ ... എനിക്കെവിടെയാ വീട്‌ ... എനിക്കാരുമില്ലല്ലോ ... ആരുമില്ലാത്തോർക്കെവിടെയാ വീട്‌ ..." 
ശരിക്കും സങ്കടം തോന്നി ... പാവം “കുട്ടൻപ്രാന്തൻ” ..!!!
ലക്ഷ്മിയമ്മ ചോദിച്ചു " ആരു പറഞ്ഞു നിനക്കാരുമില്ലെന്ന് ... നിന്റെ പെങ്ങളില്ലേ ..". അയാളതു ശ്രദ്ധിക്കാതെ തലയിലെ കെട്ടഴിച്ച് പാടാൻ തുടങ്ങി " പാമ്പുകൾക്കു മാളമുണ്ട് ... പറവകൾക്കാകാശമുണ്ട് ... മനുഷ്യപുത്രനു തലചായ്ക്കാൻ ..." 
ലക്ഷ്മിയമ്മ അടക്കം പറഞ്ഞു " അതെങ്ങനെ ഇവനെ അങ്ങോട്ടടുപ്പിക്കാത്തത് അവടെ കെട്ടിയോനല്ലേ  ... അവൾക്കു പിന്നേം കൂടപ്പിറപ്പിനെ നോക്കണം ന്നുണ്ട്‌ .."

കഷ്ടം പാവം “കുട്ടൻപ്രാന്തൻ” !!!! അയാൾക്കു വീടുണ്ട് ... പക്ഷേ കയറിച്ചെല്ലാൻ അനുവാദമില്ല .  നളിനിയേടത്തി ഒരു പിഞ്ഞാണത്തിൽ കഞ്ഞി കൊണ്ടുക്കൊടുത്തു . ഒരു മൊന്തയിൽ കുറച്ചു വെള്ളവും . അയാൾ രുചിയോടെ അതുകഴിച്ച് മൊന്തയിലെ വെള്ളം മുഴുവൻ കുടിച്ചു .  ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തോളിൽക്കിടന്ന തോർത്തെടുത്തു മുഖം തുടച്ചു . നളിനിയേടത്തി പാത്രങ്ങളെടുത്ത് അകത്തേയ്ക്കുപോയി . മനസ്സിൽ തോന്നിയ ഭയമെല്ലാം അകന്ന് പാവം “കുട്ടൻപ്രാന്തനോട് “ കഷ്ടം തോന്നി .  അയാൾ തന്റെ കീറസഞ്ചി തോളിലിട്ടു .. തലയിൽ തോർത്തുചുറ്റി . ലക്ഷ്മിയമ്മയെ നോക്കി കൈകൂപ്പി " പോട്ടെ അമ്മച്ചീ ...". ലക്ഷ്മിയമ്മക്കരികിൽ ചേർന്നുനിന്ന തന്നെനോക്കി പറഞ്ഞു " സത്യായും കുഞ്ഞേ .. ഈ കുട്ടനാരേം പേടിപ്പിക്കാനറിയില്ല ..". ലക്ഷ്മിയമ്മ ഒച്ചവച്ചു " മതി .. മതി.  പോകാൻ നോക്ക് .." 
" ഓ ശരി അമ്മച്ചീ .." അയാൾ തലകുലുക്കിപ്പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ ഉറക്കെപ്പടിത്തുടങ്ങിയിരുന്നു " ആകാശത്തിലെ കുരുവികൾ ... വിതക്കുന്നില്ലാ .... കൊയ്യുന്നില്ലാ .. കളപ്പുരകൾ കെട്ടുന്നില്ലാ ... അളന്നളന്നു കൂട്ടുന്നില്ലാ ..." 
അയാളുടെ പാട്ടിനൊരീണമുണ്ട് ... താളമുണ്ട് .. 
പുസ്തകങ്ങൾ വാരിയെടുത്ത് ലക്ഷ്മിയമ്മക്കൊപ്പം അകത്തേയ്ക്കു നടന്നു .  നളിനിയേടത്തി വാതിലുകൾ പൂട്ടി .. ലൈറ്റണച്ചു . ലക്ഷ്മിയമ്മക്കൊപ്പം കിടക്കുമ്പോൾ പാതിതുറന്ന ജനാലയിലൂടെ നേരിയ ശബ്ദം കേൾക്കാം .  “കുട്ടൻപ്രാന്തൻ” റോഡിലൂടെ പാടിക്കൊണ്ടു പോകയാണ് . നാളെ പള്ളിക്കൂടത്തിൽ ചെന്നാലുടനെ ജോളിയോടും ലീലയോടും “കുട്ടൻപ്രാന്തനെ” നേരിൽക്കണ്ട  വിശേഷങ്ങൾ പറയണം . പാവം “കുട്ടൻപ്രാന്തൻ” ..!! അയാൾ എവിടെയാവും അന്തിയുറങ്ങുക . സ്വന്തം വീട്ടിൽ കയറ്റില്ലല്ലോ .. കഷ്ടം !!! തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . അസ്വസ്ഥമാകുന്ന മനസ്സ് ..  അച്ഛനിനി എന്നാവും വീടുവാങ്ങുക ... അന്ന് മോളമ്മയുടെ മുൻപിൽ തലയുയർത്തിനിന്നു പറയാം " എന്റച്ഛൻ വീടു വാങ്ങിയല്ലോ ... അവിടെ പറമ്പിലും മുറ്റത്തും ഞങ്ങൾ ഓടിനടന്നുകളിക്കും .. മുറ്റത്തു തുളസിയും നിറയെ ചെടികളും നട്ടുവളർത്തും ...".   

ലക്ഷ്മിയമ്മ സുഖസുഷുപ്തിയിലാണ്ടു .. അങ്ങേമുറിയിൽനിന്നും നളിനിയേടത്തിയുടെ കൂർക്കംവലി കേൾക്കാം .  തനിക്കുമാത്രം എന്തേ ഉറങ്ങാനാവാത്തത് ... നാളെ ഒരു നല്ല വാർത്ത കേൾക്കാനാവുമോ ... മനസ്സങ്ങനെ കൊതിക്കയാണ് ... നിറഞ്ഞുവരുന്ന മിഴികൾ തുടച്ച് തലയിണയിൽ മുഖമമർത്തി മനസ്സിൽ പ്രാർത്ഥിച്ചു ' എന്റച്ഛനു വേഗം വീടുവാങ്ങാൻ കഴിയണേ ...' 

ചിന്തകളെ മുറിച്ച് പ്രതീക്ഷകൾ നിറഞ്ഞ പുതിയൊരു ദിവസത്തിന്റെ  വരവറിയിച്ച് ഘടികാരത്തിനുള്ളിലെ കിളി പുറത്തേക്കെത്തിനോക്കി ചിലച്ചുകൊണ്ടിരിക്കുമ്പോൾ ഉറക്കം മെല്ലെ കൺപോളകളെ തഴുകിത്തുടങ്ങിയിരുന്നു . 
                           ======================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ  


Saturday, 4 February 2017

സ്നേഹത്തിന്റെ ഭാഷ




ഇത്തവണ നാട്ടിൽ പോകും മുൻപ് കഫീലിന്റെ വീട്ടിലൊന്നു പോവണം എന്ന്  ഭർത്താവ്  പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു മടി .  കാരണം മറ്റൊന്നുമല്ല കടുത്ത ഭാഷാദാരിദ്ര്യം തന്നെ. 
നാലഞ്ചുവർഷം ഇവിടെ സ്ഥിരമായി നിന്ന് ഇപ്പോൾ കുറെ നാളുകളായി  വെക്കേഷനു വന്ന് ഒരുമാസക്കാലം ചിലവഴിച്ച്  റീഎൻട്രി അടിച്ചു നാട്ടിൽ പോകുന്ന എനിക്ക് ഇന്നുവരെ അറബിവാക്കുകൾ നേരാംവണ്ണം പഠിച്ചെടുക്കാൻ കഴിയാത്തതിൽ നേരിയ അപകർഷതാബോധം  മനസ്സിൽ.  കഫീലിന്റെ ബീവി എന്റെ വീട്ടിൽ വന്നിട്ടുണ്ട്  ഞാൻ അവരുടെ വീട്ടിൽ പോയിട്ടുമുണ്ട്.   ഇവിടെ വരുമ്പോളൊക്കെ അവർ എന്നെ അങ്ങോട്ടു ക്ഷണിക്കാറുണ്ട്.  ഭർത്താവു പറയുന്നത്  'നിനക്കവരുടെ അടുത്ത് ഇടയ്ക്കിടെ പോയി  സംസാരിച്ചിരുന്നാൽ കുറച്ചൊക്കെ അറബി പഠിച്ചെടുക്കാൻ കഴിയില്ലേ? ' എന്നാണ്.  ശരിയാവാം.   പക്ഷെ അറബികളുടെ വീട്ടിലെ രീതികളും, ആചാരമര്യാദകളും  നല്ല നിശ്ചയമില്ലാത്തതിനാൽ അങ്ങോട്ടു പോകുന്ന കാര്യം ഓർക്കുമ്പോൾ ഒരു മടി. 

ആദ്യമായി  അവരുടെ വീട്ടിൽ പോയത് ഇന്നും ഓർമ്മയിൽ വരുന്നു. ഭാഷ വശമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കുറച്ചു ഫ്രണ്ട്സ് ഉള്ളതുകൊണ്ട് ഞാനവരുടെ സഹായം ആവശ്യപ്പെട്ടു. അവിടെപോകാൻ അവർ ഒപ്പം വരമെന്നേറ്റെങ്കിലും പ്രതീക്ഷിക്കാതെ ഒരു ദിവസം അസർസലക്കുശേഷം 
( നാലുമണി നിസ്കാരസമയം ) ഡ്യൂട്ടിക്കു പോകുംമുൻപ്  ഭർത്താവു പറഞ്ഞു " ഇന്നുരാത്രി അവരുടെ വീട്ടിൽ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. എട്ടുമണിക്കു റെഡിയായി  നിൽക്കണം "  എന്റെ മറുപടിക്കു കാക്കാതെ അദ്ദേഹം വേഗം പോയി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. എന്തായാലും കൃത്യം എട്ടുമണിക്കു തന്നെ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി. 

മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ചെറിയ ഒരു ഇടനാഴി. ഭർത്താവു കാളിംഗ് ബെല്ലടിച്ചു. നേരെ കാണുന്ന വാതിൽ തുറന്ന് അറബി ഭർത്താവിനു ഹസ്തദാനം  നല്കി സ്വീകരിച്ചു. അകത്തുനിന്നുകൊണ്ടുതന്നെ അയാൾ എന്തോ ഭർത്താവിനോടു പറഞ്ഞു. ഇടത്തേഭാഗത്തു കാണുന്ന വാതിലിലേക്കു ചൂണ്ടി ഭർത്താവു പറഞ്ഞു " ആ ഡോർ തുറന്ന് അങ്ങോട്ടു കയറിച്ചെന്നോളൂ".  
 എനിക്കാണെങ്കിൽ ആകെ അങ്കലാപ്പ്.    ' ഗദ്ദാമ ' സിനിമയിൽ കാവ്യാമാധവൻ ആദ്യമായി  അറബിയുടെ വീട്ടിൽ കയറിച്ചെല്ലുമ്പോഴുള്ള അതേ റ്റെൻഷനോടെയാണ് ഞാനകത്തേക്ക്  കടന്നത്. 
" ഈശ്വരാ.... " ഞാൻ മനസ്സറിഞ്ഞു വിളിച്ചു. ഇനി എന്താവും. 
പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് അതീവസുന്ദരിയായ ഒരുവൾ( നന്നേ ചെറുപ്പം) " സലാം അലൈകും " പറഞ്ഞ് ആശ്ലേഷിച്ച് ഇരുകവിളുകളിലും മുത്തം തന്ന് സ്വീകരിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  ഞാൻ അണിഞ്ഞിരുന്ന പർദ്ദ ( ബുർക്ക) അഴിച്ചുമാറ്റാൻ പറഞ്ഞു. ഞാനത് അഴിച്ചു മാറ്റുമ്പോൾ അവൾ ഓടിവന്ന് എന്റെ പർദ്ദ വാങ്ങി ഒട്ടും ചുളിവു വരുത്താതെ ഭംഗിയായി ഒരു ഹാങ്ങറിൽ തൂക്കി അകത്തേമുറിയിലുള്ള സ്റ്റാന്റിൽ കൊണ്ടിട്ടു. 
ആദ്യദർശനത്തിൽ തന്നെ എനിക്കവളെ ഇഷ്ടമായി. എന്റെ കറുപ്പിൽ ഗോൾഡൻ വർക്കുള്ള കുർത്ത പിടിച്ചു നോക്കി " ഗുഡ്... ഗുഡ് " എന്നു പറഞ്ഞു. ഒട്ടും അപരിചിതത്വം തോന്നിപ്പിക്കാത്ത അവളുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. 
ടീവി ഓണാക്കി ഹിന്ദി ചാനൽ വച്ച് അവൾ എന്നെനോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ചോദിച്ചു 
" Do you like Hindi film " .  " Yes"  എന്നവളുടെ മറുപടി.  " Do you like  to visit kerala?" 
എന്നു ചോദിക്കുമ്പോൾ അവൾ വളരെ താല്പര്യത്തോടെ  " yes...yes like Kerala" 
എന്നുപറഞ്ഞു. 

അവൾ നിറഞ്ഞ ചിരിയോടെ സംസാരം തുടങ്ങി. അവളുടെ അമ്മയെയും, അനിയത്തിയെയും പറ്റിപ്പറഞ്ഞു. പകുതി അറബിയിലും, പകുതി ഇംഗ്ലീഷിലുമായിരുന്നു അവളുടെ സംസാരം. ഞാനും എന്റെ വിശേഷങ്ങൾ പങ്കുവച്ചു. പകുതി ഇംഗ്ലീഷിലും, പകുതി മലയാളത്തിലും. അവളുടെ അമ്മക്ക് സുഖമില്ല എന്നു പറഞ്ഞ് എന്റെ അമ്മയെപ്പറ്റി തിരക്കി. ഞാൻ എന്റെ അച്ഛനും, അമ്മയും ജീവിച്ചിരിപ്പില്ല എന്നു പറയുമ്പോൾ " അള്ളാ.... " എന്നു പറഞ്ഞ് അവൾ സങ്കടപ്പെട്ടു. 
എട്ടുമക്കളിൽ ഏറ്റവും ഇളയവളാണ്  ഞാൻ എന്നുപറഞ്ഞപ്പോൾ അവൾ സന്തോഷപൂർവം എന്റെ കവിളിൽ തലോടി.  ഞങ്ങൾക്ക് ഒരേയൊരു മകനെയുള്ളൂ  എന്നുപറയുമ്പോൾ അവൾ അത്ഭുതപ്പെട്ടു. 

ഈ വിശേഷങ്ങളത്രയും ഞങ്ങൾ പരസ്പരം മനസ്സിലാക്കിയത് അറിയാവുന്ന ഭാഷയിലൂടെയും, ആംഗ്യത്തിലൂടെയും  ആയിരുന്നു. അവളുടെ വീടിനകം എല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു. ചെറിയ ഒരു വീടായിരുന്നെങ്കിലും വളരെ രാജകീയമായ അലങ്കാരങ്ങളായിരുന്നു അതിനുള്ളിൽ. അവളുടെ കുട്ടി പിച്ചവച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മിടുക്കനായ ആ കുഞ്ഞിനെ ഞാനെടുത്തു ലാളിച്ചു.  ഈ സമയങ്ങളിലൊന്നും  അവിടെ പുരുഷപ്രജകൾ ഉള്ളതായോ അവരുടെ എന്തെങ്കിലും ശബ്ദമോ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.  അവളുടെ അതീവഹൃദ്യമായ  ആതിഥേയമര്യാദ നിറഞ്ഞ പെരുമാറ്റം.... ഞാനവിടെ ചിലവഴിച്ചത്രയും സമയം അപ്പുറത്തെ മുറിയിൽ എന്റെ ഭർത്താവ് ഉണ്ടായിരിക്കുമോ? അതോ പോയോ ? എന്നൊന്നും ചിന്തിക്കാൻ എനിക്കു സമയം കിട്ടിയില്ല. അവളുടെ ഇൻഡോനേഷ്യൻസെർവന്റ് ഭക്ഷണം ഉണ്ടാക്കി. മട്ടൻ റൈസും, ജ്യൂസും, സെവൻ അപ്പും സെർവ് ചെയ്തു.    ഞാനും, അവളും, അവരുടെ സെർവന്റും ഞങ്ങൾ മൂവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇവിടെ യജമാനത്തി എന്നോ പരിചാരിക എന്നോ ഒരു വ്യത്യാസം ഇല്ലാതെ സ്വന്തം കുടുംബാംഗത്തെ എന്നപോലെയുള്ള പെരുമാറ്റരീതികൾ ഞാൻ വളരെ ആദരപൂർവം ശ്രദ്ധിച്ചു.  എരിവോ, മസാലയോ ചേർക്കാത്ത മട്ടൺ റൈസ് രുചിയോടെയാണ് ഞാൻ കഴിച്ചത്.  യാത്ര പറഞ്ഞ് പിരിയാൻ നേരം വലിയൊരു ഗിഫ്റ്റ് ബോക്സ് തന്നാണ് അവൾ എന്നെ യാത്രയാക്കിയത്. അതിൽ നിറയെ മേക്കപ്പ്  ഐറ്റംസ് ആയിരുന്നു. 

അടുത്തതവണ  നാട്ടിൽ പോയി തിരികെ വരുമ്പോൾ ഞാനവൾക്കായി റോസ് നിറത്തിൽ  ഭംഗിയുള്ള ഒരു ടോപ്പും, അതിനു ചേരുന്ന പേളുമാലയും ഗിഫ്റ്റ് ആയിക്കൊണ്ടുവന്നു  കൊടുത്തു.  അതു തുറന്നു നോക്കിയ അവൾ സന്തോഷപൂർവം ആമാല കഴുത്തിലണിഞ്ഞ് എന്നോടു താങ്ക്സ് പറഞ്ഞു.  പിന്നീടൊരിക്കൽ സെർവന്റിനെയും കൂട്ടി അവൾ എന്നെക്കാണാനായി  വന്നു. അന്നവൾ രണ്ടാമതും ഗർഭിണിയായി വളരെ ക്ഷീണിതയായി കാണപ്പെട്ടു. അന്ന് ഞാനുണ്ടാക്കിക്കൊടുത്ത നമ്മുടെ മലയാളികളുടെ പ്രിയവിഭവമായ  പഴംപൊരി ( ഏത്തക്കാഅപ്പം ) അവൾക്ക് ഒരുപാടിഷ്ടമായി. 

ഇത്തവണ അവരുടെ വീട്ടിൽ പോവാനായി ഭർത്താവ് ഓർമ്മപ്പെടുത്തുന്നതിനു  കാരണം അവൾക്കു രണ്ടാമതുണ്ടായ കുഞ്ഞിനെ പോയിക്കാണുവാനാണ്. ഞാൻ നാളെ...... നാളെ...... പറഞ്ഞ് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വേഗം തന്നെ ഒരു വൈകുന്നേരം അവളുടെ വീട്ടിലേക്കു പോയി.  ഇപ്രാവശ്യവും മനസ്സിൽ അകാരണമായ ഒരു ശങ്കയോടെയാണ് അങ്ങോട്ടേക്ക് പോയത്. ഭർത്താവ് എന്നെ അവരുടെ വീട്ടുപടിക്കൽ കൊണ്ടാക്കി തിരികെ പോയി. ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. പഴയ ഇൻഡോനേഷ്യൻ സെർവെന്റ് ഡോർ തുറന്ന് എന്നെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 
അവളുടെ വീട്ടിൽ നിറയെ അതിഥികൾ ആയിരുന്നു. അവരുടെ ബന്ധുക്കൾ. ഞാനാദ്യം ഒന്നമ്പരന്നു. അവളെന്നെ അവർക്കു പരിചയപ്പെടുത്തി. അവർ " ഇന്ത്യാ------ഇന്ത്യാ----"  എന്നു ചോദിക്കുന്നതു കേൾക്കാമായിരുന്നു.  അവിടെ പെണ്ണുങ്ങളുടേത്  മാത്രമായ ഒരുലോകമായിരുന്നു.  പ്രായമായ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം എന്നെ തെല്ലൊന്ന് അലോസരപ്പെടുത്തി.  അവർ ശാസിക്കയാണോ, വിശേഷം പറയുകയാണോ എന്നു മനസ്സിലാക്കിയെടുക്കാൻ ഞാൻ പാടുപെട്ടു. അവർ എന്തെല്ലാമോ എന്നോടു ചോദിച്ചു. ഞാനല്പം അമ്പരന്നും,  അപകർഷതാബോധത്തോടെയും " അറബി മാഫി " എന്നു പറയുമ്പോൾ അവർ തിരിച്ചു ചോദിച്ചു 
" അറബി മാഫി?"  പിന്നെ ഉച്ചത്തിൽ ചിരിച്ചു. ഞാൻ പകപ്പോടെ അവരുടെ കണ്ണുകളിൽ മാറി മാറി നോക്കുമ്പോൾ അവൾ എന്റെ കൈകളിൽ പിടിച്ചു നടത്തി അവളുടെ ബെഡ്ഡിൽ കൊണ്ടിരുത്തി വെളുത്തു തുടുത്ത് സുന്ദരിയായ അവളുടെ പൊന്നോമനക്കുഞ്ഞിനെ എന്റെ കയ്യിലെടുത്തു വച്ചുതന്നു. ഞാനാക്കുഞ്ഞിനെ മടിയിൽ വച്ചോമനിച്ചു.  ഗസ്റ്റുകളിൽ ഒരു സ്ത്രീ അവർ കൊണ്ടുവന്ന " ഗാവ " ( പാൽ ചേർക്കാത്ത അവരുടെ രുചികരമായ കോഫി ) ഫ്ലാസ്കിൽ നിന്നു കപ്പുകളിലേക്ക് പകർന്ന് ഓരോരുത്തർക്കും കൊടുക്കുകയായിരുന്നു. 
( ഇവിടെ ആതിഥേയ  കാപ്പിയോ, ചായയോ ഇട്ടു മിനക്കെടാതിരിക്കാനാവും ഇവിടുത്തെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കാൻ പോവുമ്പോൾ അവരുടെ കൈകളിൽ ഓരോ ഫ്ലാസ്കും ഉണ്ടാവുന്നത് പതിവുകാഴ്ചയാണ്).
ഇൻഡോനേഷ്യൻ സെർവെന്റ് ഓരോരുത്തരുടെയും ഇരിപ്പിടത്തിനരികെ ഒരു ചെറിയ ടേബിൾ വച്ച് അതിന്മേൽ ഓരോ പ്ലേറ്റിൽ ഒരു പീസ് കേക്കും കൊണ്ടുവച്ചു.  ഒച്ചവച്ചു സംസാരിച്ചുകൊണ്ടിരുന്ന പ്രായമായ സ്ത്രീ ഫ്ലാസ്കിൽനിന്നു ചെറിയ കപ്പിലേക്ക് ഗാവ പകർന്ന് എന്റെ നേരെ നീട്ടി. അവൾ കുഞ്ഞിനെ വാങ്ങി ബെഡ്ഡിൽ കിടത്തി എന്നോടതു വാങ്ങാൻ പറഞ്ഞു.  അവരുടെ ഗാവ..... ചെറിയ കപ്പിൽ പകർന്നു തന്ന ആ "ചൂടുഗാവ "  ഏസീയുടെ  തണുപ്പിൽ ഒരു പ്രത്യേകരുചിയോടെ  ഞാൻ നുകർന്നു കുടിക്കുമ്പോൾ വീണ്ടുംപെണ്ണുങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും... ചിരിയും.... 
ഭാഷ മനസ്സിലാകാതെ ഞാൻ വിമ്മിഷ്ടതോടെ അവളുടെ മുഖത്തേക്കു നോക്കുമ്പോൾ അവൾ കണ്ണടച്ചുകാണിച്ച് എന്നെനോക്കി പുഞ്ചിരിതൂകി... ഞാൻ തിരിച്ചും.... ഉവ്വ്.... ഞങ്ങൾക്കു രണ്ടിനും ആ ഭാഷ മനസ്സിലാകുമായിരുന്നു " സ്നേഹത്തിന്റെ ഭാഷ". 

അടുത്ത വരവിനു കാണാമെന്ന ഓർമ്മപ്പെടുത്തലോടെ അന്നു ഞങ്ങൾ പിരിയുമ്പോൾ ഞാൻ മനസ്സിൽ പറയുകയായിരുന്നു എങ്ങനെയെങ്കിലും ഈ അറബി ഭാഷ എനിക്കു പഠിച്ചെടുക്കാൻ കഴിയണം ഇല്ലെങ്കിൽ  വീണ്ടും ഞാനാ പഴയ പല്ലവി ആവർത്തിക്കേണ്ടിവരും " അറബി മാഫി". 

ഗീതാ ഓമനക്കുട്ടൻ 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~