വാച്ചു കെട്ടിയ കള്ളൻ
***********
വൈകുന്നേരം പള്ളിക്കൂടം വിട്ടു വരുമ്പോൾ കുഞ്ഞേച്ചി ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു . കുറേ അകലെയുള്ള ഹൈസ്കൂളിൽ പഠിക്കുന്ന കുഞ്ഞേച്ചി എങ്ങനെയായാലും താനെത്തി എത്രയോ സമയം കഴിഞ്ഞാണ് പള്ളിക്കൂടം വിട്ട് എത്തുക . ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നില്ലേ . നടകൾ ഓടിക്കയറി ഉമ്മറപ്പടിയിൽ ബാഗ് ഇട്ടുകൊണ്ട് “ ഇന്ന് അവധി ആയിരുന്നോ …” എന്ന ചോദ്യത്തിനു കൈകൊണ്ട് തന്നെ അകറ്റി നിറുത്തി കുഞ്ഞേച്ചി ദേഷ്യപ്പെട്ടു “ മാറി നിൽക്ക് .. എന്റെ കാലിൽ തട്ടരുത് …” . കാലിൽ നല്ലൊരു വെച്ചുകെട്ട് . ഇതിപ്പൊ എന്തു പറ്റിയതാവും… ബാഗ് കൊണ്ടകത്തുവച്ചു കൈയ്യും കാലും മുഖവും കഴുകി അടുക്കളയിൽ ചെന്നു . 'അമ്മ ഇലയട പാത്രത്തിലെടുത്തുവച്ചുതന്നു . അമ്മേടെ സഹായി അമ്മുക്കുട്ടി പറഞ്ഞു “ കുഞ്ഞിമോളുടെ കഴുത്തിലെ മാല ഊരിവച്ചേയ്ക്കൂ അമ്മച്ചീ …. സൂക്ഷിക്കണം. ഞാനെന്റെ ഇത്തിരിപ്പോന്ന കുഞ്ഞിമാലയിൽ മുറുകെപ്പിടിച്ചു . കഴുത്തിൽ മാലയില്ലാതായാൽ ഒരു സൗന്ദര്യവും ഉണ്ടാവില്ലല്ലോ … അമ്മയിതെങ്ങാനും ഊരി മേടിക്കുവോ .. എന്നു വിചാരിച്ചിരിക്കുമ്പോൾ ജോർജേട്ടന്റെ ഭാര്യ അന്നച്ചേടത്തി ഓടിക്കയറി വന്നത് “ എവിടെ കൊച്ച് ..? കാലിനെങ്ങനെ .. എന്ന ചോദ്യവുമായി .
പിന്നെ പ്രത്യേകിച്ച് ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല. അന്നച്ചേടത്തിയും അമ്മയും അമ്മുക്കുട്ടിയും ചേർന്നുള്ള സംസാരമായിരുന്നു . കുഞ്ഞേച്ചീടെ ഉറ്റ കൂട്ടുകാരി കുഞ്ഞമ്മിണി പനിപിടിച്ചു കിടപ്പായ കാരണം കുഞ്ഞേച്ചി ഒറ്റയ്ക്കാത്രേ അന്നു പള്ളിക്കൂടത്തിൽ പോയത് . കുഞ്ഞൊരു ഇടത്തൊണ്ടു കടന്നു വേണം കുഞ്ഞേച്ചിയ്ക്ക് പള്ളിക്കൂടത്തിൽ പോവാൻ . ആ കുഞ്ഞിടത്തൊണ്ടിൽ വച്ചാത്രേ കുഞ്ഞേച്ചിയെ ഒരു കള്ളൻ ഓടിച്ചത് . കുഞ്ഞേച്ചി കള്ളനെക്കണ്ടതും ഓടി ആളനക്കമുള്ള റോഡിലെത്തി ഒന്നുരണ്ടുപേർ കാര്യം തിരക്കിയിട്ടും ഒന്നും പറയാതെ ഉറക്കെകരഞ്ഞുകൊണ്ട് ഓട്ടം തുടർന്നുവെന്നും ബഹളം കേട്ട് വീടിനു പുറത്തേയ്ക്കു വന്ന അന്നച്ചേടത്തി കുറേ വിളി വിളിച്ചിട്ടും രക്ഷയില്ലാതെ ജോർജേട്ടനും അന്നച്ചേടത്തിയും കുഞ്ഞേച്ചിയ്ക്കു പിറകേ ഓടിയെങ്കിലും കുഞ്ഞേച്ചിയുടെ നൂറുമീറ്റർ സ്പീഡിനൊപ്പം എത്താൻ അവർക്കായില്ല . തങ്ങളുടെ വീട്ടിലേയ്ക്കുള്ള കുറുക്കുവഴി കുഞ്ഞേച്ചി കയ്യാലയിൽ പിടിച്ചു കയറാൻ നോക്കിയതും …പ്തും.. ന്ന് കിടക്കുന്നു അതിന്റെ വശത്തുള്ള കാനയിൽ( കുഴിയിൽ ). പിന്നെ ജോർജേട്ടനും അന്നച്ചേടത്തിയും കൂടി ഒരുവിധേന അവിടെനിന്നും പിടിച്ചുകയ റ്റി കാലിൽ നിന്നും ചോര ഒഴുകുന്നു . കുപ്പിച്ചില്ലു കൊണ്ടതത്രേ . വേഗം അച്ഛനെ വിളിച്ചു വരുത്തി ആസ്പത്രിയിൽ കൊണ്ടുപോയി . .
അന്നച്ചേടത്തി കുഞ്ഞേച്ചിക്കരികിൽ എത്തി ചോദിക്കുന്ന കേൾക്കായിരുന്നു “ മോളേ വഴിയിൽ ആളെക്കണ്ടിട്ടും അവരോടു കാര്യം പറയാതെ ഓടിയിട്ടല്ലേ വീണത് .. ഞങ്ങളെത്ര വിളി വിളിച്ചു. കാര്യം പറയണ്ടേ…എന്നാപ്പിന്നെ അപ്പൊത്തന്നെ ആളുകൂടി അവനെ ശരിയാക്കുവില്ലാരുന്നോ ” . കുഞ്ഞേച്ചി ഇതൊന്നും ശ്രദ്ധിക്കാതെ “ അയ്യോ കാലു നീറുന്നേ ..” എന്നു പറഞ്ഞ് കാലുനീട്ടി പത്രം വീശി ഇരിക്കുന്നു . 'അമ്മ ദേഷ്യപ്പെട്ടു “ വേദനിക്കുന്നേൽ നീ അകത്തു പോയിക്കിടക്ക് .. എന്തിനാ കാലു തൂക്കിയിട്ടിരിക്കുന്നത് ..” കുഞ്ഞേച്ചി അകത്തേയ്ക്കു കയറിപ്പോവുന്നതിനിടയിൽ പറഞ്ഞു “ ഇനി കുഞ്ഞമ്മിണിയ്ക്കു പനി കുറയാതെ ഞാൻ പള്ളിക്കൂടത്തിൽ പോവില്ല “ . 'അമ്മ പറഞ്ഞു “ അതാ നല്ലത് ..”
തനിക്കു കുശുമ്പ് തോന്നി ‘ അമ്പടീ കള്ളീ .. പള്ളിക്കൂടത്തിൽ പോവാതിരിക്കാനുള്ള അടവ് ..
കാപ്പികുടി കഴിഞ്ഞ് അകത്തു കയറിച്ചെന്നപ്പോൾ കട്ടിലിൽ തലയിണയിൽ കാലുപൊക്കിവച്ച് കുഞ്ഞേച്ചി വലിയ ഒരു രോഗിയെപ്പോലെ കിടക്കുന്നു . ‘ കുഞ്ഞേച്ചീ വേദന കുറഞ്ഞോ ‘ ന്നു ചോദിച്ചപ്പം “ ഉം “ ന്നൊരു മൂളൽ . ‘ ആ കള്ളൻ എവിടുന്നാ വന്നേ ഒന്നു പറയ്വോ ‘ ‘ ന്ന സംശയത്തിന് കുഞ്ഞേച്ചീടെ മറുപടി “ ആ ഇടത്തൊണ്ടിന്റെ കുഞ്ഞുവഴിയിൽ …. ഞാനാ വളവ് കടന്നു ചെന്നതും കുറേ മുന്നേ നടന്നുപോയ കള്ളൻ തിരിഞ്ഞുനോക്കി . എന്നെക്കണ്ടു അയാൾ തിരിഞ്ഞു നിന്നു . ഞാൻ മുന്നോട്ടു നടക്കുമ്പോൾ അയാൾ എനിക്കു നേരെ തിരിഞ്ഞു നടന്നു വരുന്നു . പിന്നെ ഞാനൊന്നും നോക്കിയില്ല .. ഒറ്റ ഓട്ടമായിരുന്നു . എന്റെ ദൈവമേ .. കുഞ്ഞമ്മിണി ഇല്ലാതെ ഇനി ഞാൻ പള്ളിക്കൂടത്തിലേയ്ക്കില്ല ..” ഇതു പറയുമ്പോഴും കുഞ്ഞേച്ചിയുടെ കണ്ണുകളിൽ ഭയം . കുഞ്ഞേച്ചീടെ കഴുത്തിലെ സാമാന്യം വല്യൊരു മാല തന്നെ . അറ്റത്തു വട്ടത്തില് വല്യൊരു ലോക്കറ്റും . കാതിൽ നീളൻ ഞാത്തുള്ള കമ്മലും . ‘എന്റെ കാത് എപ്പോഴാ കുത്തുക ‘'എന്നു ചോദിച്ചാൽ “വലുതാവട്ടെ” എന്നാവും അമ്മേടെ മറുപടി . കുഞ്ഞേച്ചീടെ മാലേം കമ്മലും 'അമ്മ ഊരി വാങ്ങുമോ .. രാവിലെ പള്ളിക്കൂടത്തിൽ പോവാൻ നേരം എന്താ കുഞ്ഞേച്ചീടെ ഒരുക്കം … കണ്ണാടീടെ മുൻപീന്നു മാറില്ല .. കണ്ണെഴുത്ത് .. പൊട്ടുകുത്ത് … മുടി രണ്ടായി മെടയൽ . പിന്നെ മാല ഉടുപ്പിന് മുകളിലേയ്ക്കിട്ടു കണ്ണാടിയ്ക്കു മുന്നിലൂടെ സ്റ്റൈലിലൊരു നടത്ത ഒക്കെ കഴിഞ്ഞാണ് കുഞ്ഞമ്മിണിയൊത്തുള്ള ആ പോക്ക് . കുഞ്ഞമ്മിണിയും ഒട്ടും മോശമല്ല വാലിട്ടു കണ്ണെഴുതി നീട്ടി വല്യൊരു പൊട്ടും കുത്തി മുടി രണ്ടായി മെടഞ്ഞു റിബ്ബൺ കെട്ടി … വല്യ ഗമയിൽ ആണ് രണ്ടിന്റെയും പോക്ക് .
പകലിറങ്ങുന്ന കള്ളനെപ്പറ്റി ആദ്യായി കേൾക്കുവാ . രാത്രി കിടക്കുമ്പോൾ 'അമ്മ ചോദിക്കുന്ന കേൾക്കാം “ പിള്ളേരെ തട്ടിന്റെ കതകു പൂട്ടിയോ ..” . തങ്ങൾ കിടക്കുന്ന മുറിയുടെ വശത്തായി തട്ടിന്പുറത്തേയ്‌ക്ക് കയറാനുള്ള ഗോവണി വച്ചിട്ടുള്ളത് . മൊത്തം മാറാല പിടിച്ചു കിടക്കുന്ന തട്ടിൻപുറത്ത് ഇടയ്ക്കൊക്കെ ഉരുളിയോ ചെമ്പുകലമോ ഒക്കെ എടുക്കാനായി ആരെങ്കിലും കയറുന്ന കണ്ടാൽ താനും ഏട്ടനും ആ തക്കം നോക്കി തട്ടിന്പുറത്തു കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതിന് അമ്മയുടെ കൈയിൽനിന്നും വഴക്കു കിട്ടാറുണ്ട് . ആവശ്യം കഴിഞ്ഞാൽ തട്ടിന്റെ കതക് വലിച്ചിട്ട് താഴിട്ടു പൂട്ടും . ഇല്ലായെങ്കിൽ രാത്രി അതുവഴി കള്ളൻ വരുമെന്നാണ് വല്യേച്ചി പറയാറ് . രാത്രി ഉറങ്ങാൻ കിടന്നാൽ തട്ടിന്റെ കതകിലേയ്ക്ക് നോക്കുമ്പോൾ പേടിവരും . കള്ളൻ അതിലേ എങ്ങാനും ഇറങ്ങി വരുമോ .. ലൈറ്റണച്ചു കഴിഞ്ഞാൽ പേടി തോന്നി അമ്മയെ ചേർന്നു കിടക്കും .മനസ്സിൽ കള്ളന്റെ രൂപം തെളിഞ്ഞു വരും .. ഷർട്ടിടാതെ കൈലിമുണ്ട് മടക്കിക്കുത്തി ഒരു തലേക്കെട്ടു കെട്ടി കറുത്ത രൂപം … എന്നിട്ടിങ്ങനെ പതുങ്ങിപ്പതുങ്ങി …. എന്റമ്മേ ഓർത്തിട്ടൂടെ പേടി തോന്നും . കള്ളന്റെ കയ്യീ ടോർച്ച് കാണുവോ … ഏട്ടൻ പറഞ്ഞത് ചെലപ്പോ ഉണ്ടാവും അയാൾക്ക് രാത്രി പിന്നെങ്ങനെ കണ്ണുകാണാൻ എന്നാണ് . ഇപ്പ ദാ കുഞ്ഞേച്ചി കള്ളനെ നേരിട്ടു കണ്ടിരിക്കുന്നു . അതും പകൽ . സംശയം തീർത്തിട്ടു തന്നെ കാര്യം . “ കുഞ്ഞേച്ചീ ഈ കള്ളൻ എന്തിനാ പകലു വന്നേ ..?’. “ അതിപ്പം ഞാനെങ്ങനെയാ അറിയുക .. നീ പോയി കള്ളനോടു ചോദിക്ക് ..” ന്നു കുഞ്ഞേച്ചി . വല്യേച്ചി കളിയാക്കി “ പൊട്ടത്തി … അതു കള്ളനൊന്നും ആവില്ല . അയാളു ചിലപ്പോൾ വീട്ടിൽനിന്നും എന്തെങ്കിലും എടുക്കാൻ മറന്നിട്ടു തിരിച്ചു നടന്നതാണെങ്കിലോ .. അയാളെ ഇനി നിനക്കു കണ്ടാലറിയുമോ ..”. വല്യേച്ചിയുടെ ചോദ്യത്തിന് കുഞ്ഞേച്ചി പറഞ്ഞു അയാളൊരു വെള്ള ഷർട്ടും മുണ്ടും ആണ് ഇട്ടിരുന്നത് . അത്രേ എനിക്കു ഓർമ്മയുള്ളൂ . ഞാൻ ഇനി കുഞ്ഞമ്മിണീടെ പനി മാറാതെ സ്കൂളിൽ പോവലില്ല… ഉറപ്പ് ..” കുഞ്ഞേച്ചി തറപ്പിച്ചു പറഞ്ഞു . “ നീ ഇനി പള്ളിക്കൂടത്തിൽ പോവാണ്ടിരിക്കയാ നല്ലത് “ എന്നു പറഞ്ഞ് വല്യേച്ചി പോയി . തനിക്കു സംശയമായി .. ഇതെന്തു കഥ .. വെള്ളയുടുപ്പിട്ട കള്ളനോ .. വല്യേച്ചി പറഞ്ഞമാതിരി അയാളു കള്ളനാവാൻ തരമില്ല . കുഞ്ഞേച്ചി ഒരു പൊട്ടത്തി തന്നെ . രോഗിയായി വലിയ അവശതയിൽ കിടക്കുന്ന കുഞ്ഞേച്ചിയോടു ഞാൻ ചോദിച്ചു ‘ .. ഈ കള്ളൻ കൈയിൽ വാച്ചു കെട്ടിയിരുന്നോ ..’. തന്റെ ചോദ്യത്തിന് കുഞ്ഞേച്ചി മറുപടി നൽകി “ ഉവ്വ് ഒരു വെള്ളിക്കളർ വാച്ചും അയാളുടെ കൈയിൽ കെട്ടിയിട്ടുണ്ടായിരുന്നു . താൻ പറഞ്ഞു ‘ ഉറപ്പ് .. അയാൾ കള്ളനല്ല .. കള്ളനാണേൽ അയാൾ വാച്ചു കെട്ടിയിട്ടുണ്ടാവില്ല’ . . കുഞ്ഞേച്ചി പറഞ്ഞു “ നീയാ പൊട്ടത്തി . വാച്ചു കെട്ടിയാൽ കള്ളനാവില്ലേ “ ഞാനോടി അടുക്കളയിൽ ചെന്നു വർത്തമാനം പറഞ്ഞിരിക്കുന്ന അമ്മയോടും അമ്മുക്കുട്ടിയോടും വല്യേച്ചിയോടുമായി ചോദിച്ചു ‘ കള്ളൻ വാച്ചു കെട്ടുമോ ..?’ . അവരെല്ലാം കൂട്ടച്ചിരി തുടങ്ങി . അമ്മുക്കുട്ടി പറഞ്ഞു “കൊള്ളാം വാച്ചു കെട്ടിയ കള്ളൻ .. അയാളാ വാച്ചും കട്ടതാവാം” .
“എന്താ കുഞ്ഞിമോളേ ആലോചിച്ചിരിക്കുന്നേ … പള്ളിക്കൂടത്തിന്നു വന്നിട്ട് കുളിക്കണ്ടേ.. “ അമ്മുക്കുട്ടി പണി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകാനിറക്കത്തിനിടയിൽ ഉമ്മറപ്പടിയിൽ ആലോചനയിൽ ഇരിക്കുന്ന തന്നോട് ചോദിച്ചു . “അമ്മുക്കുട്ടി ഈ കള്ളൻ വെള്ള ഉടുപ്പിടുവോ “. അമ്മുക്കുട്ടി ചിരിച്ചിട്ടു പറഞ്ഞു “ അയ്യോ കള്ളനെ ആലോചിച്ചിരിക്കുവാ … കള്ളൻ ഏതു രൂപത്തിലാ വര്വാ . പറയാൻ കഴിയില്ല ന്റെമക്കളേ ..”അതുംപറഞ്ഞ് അമ്മുക്കുട്ടി നടകളിറങ്ങി പോകുന്നതുംനോക്കിഇരിക്കുമ്പോൾ. അമ്മേടെ വിളി “കുഞ്ഞിമോളേ വേഗം വന്നു കുളിച്ചേ സന്ധ്യയാവുന്നു “ അകത്തേയ്ക്കോടി . രാത്രിയിൽ ഭക്ഷണം കഴിച്ചു കിടക്കാൻ നേരം തട്ടിന്മുകളിലേയ്ക്ക് നോക്കിയപ്പോൾ പേടി വന്നു . കറുത്ത രൂപം … ഇരുട്ടത്ത് പതുങ്ങിപ്പതുങ്ങി വരുന്ന ആ കള്ളൻ കൈയ്യിൽ വാച്ച് കെട്ടിയിട്ടുണ്ടാവുമോ ..? ഏട്ടൻ പറഞ്ഞമാതിരി അയാളുടെ കൈയ്യില് ടോർച്ച് ഉണ്ടാവുമോ .. പക്ഷേ കുഞ്ഞേച്ചി പറഞ്ഞ കള്ളൻ വെള്ള മുണ്ടും ഷർട്ടും ഇട്ടിരിക്കുന്നു .. അപ്പൊ ഏതാവും കള്ളന്റെ ശരിക്കുള്ള രൂപം .. 'അമ്മ കിടക്കാൻ വരണേൽ ഇനിയും സമയം എടുക്കും . അടുക്കളയിൽ അച്ചന്റേയും അമ്മയുടേയും സംസാരം കേൾക്കാം . പേടിവന്നിട്ടു വയ്യ . ഏട്ടനെ വിളിച്ചാലോ .. മെല്ലെ പുതപ്പുനീക്കി എഴുന്നേറ്റു നോക്കി . അങ്ങേ സൈഡിലെ കട്ടിലിൽ തലവഴങ്ങാരം പുതപ്പുമൂടി ഏട്ടൻ ഉറക്കം തുടങ്ങി . ഭയപ്പാടോടെ തട്ടിൻ മുകളിലേയ്ക്കും നോക്കിക്കിടക്കുമ്പോൾ അടുക്കളയുടെ കതകടച്ചുപൂട്ടി അമ്മയും അച്ഛനും കിടക്കാൻ വന്നു. രണ്ടാളും കിടന്നപ്പോൾ തെല്ലൊരാശ്വാസം . ‘ അമ്മേ ‘ ന്ന വിളികേട്ടപ്പോൾ “ ആഹാ ഇതുവരെ ഉറങ്ങിയില്ലേ നീ … നാളെ പള്ളിക്കൂടത്തിൽ പോവേണ്ടതല്ലേ .. എന്ന അമ്മയുടെ ശാസന. തെല്ലാശ്വാസത്തിനായി അമ്മയോടു തിരക്കി “ തട്ടിന്റെ കതകു പൂട്ടിയോ ..” . അതുപിന്നെ പൂട്ടാതെ ഇടുമോ .. മക്കളു കിടന്നുറങ്ങിക്കോ ..” അച്ഛനാണ് മറുപടി പറഞ്ഞത് . അമ്മയെ ചേർന്ന് പുതപ്പുമൂടി കിടന്നു . അച്ഛൻ പറയുന്നതു കേട്ടു . “കുഞ്ഞുങ്ങള് പേടിച്ചിട്ടുണ്ടല്ലോ … എന്നാലും ഈ പട്ടാപ്പകല് കൊച്ചിനെ പേടിപ്പിച്ചവൻ ആരാന്ന് അറിഞ്ഞിട്ടു തന്നെ കാര്യം . ആ ഇടത്തൊണ്ടിൽ നമ്മളറിയാത്ത ഏതവൻ ആണെന്നൊന്നറിയണം .. അതിനൊള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്‌തിട്ടുണ്ട് . അവനെ എന്റെ കൈയ്യിൽ കിട്ടിയാൽ … “ അച്ഛൻ ദേഷ്യത്തിലാണ് .. 'അമ്മ പറയുന്ന കേട്ടു . “പൊല്ലാപ്പിനും വഴക്കിനും ഒന്നും പോവണ്ട .”
അച്ഛൻ നാളെത്തന്നെ കള്ളനെ പിടിക്കുവാരിക്കും . അപ്പൊ ശരിക്കും കാണാൻ പറ്റും കള്ളന്റെ ശരിക്കുള്ള രൂപം . ദൈവമേ അച്ഛൻ രാത്രിയിൽ പട്ടികുര കേട്ടാൽ പുറത്തേക്കിറങ്ങുമ്പോൾ കൈയിൽ കരുതാറുള്ള ആ വലിയ വടികൊണ്ട് അയാളെ പൊതിരെ തല്ലുമായിരിക്കും .. എന്തായാലും നാളെ കള്ളന്റെ കാര്യം ഒരു പരുവമാകും . പേടി മാറി തെല്ലാശ്വാസത്തോടെ കണ്ണടച്ചു കിടന്നു .
~~~~~~~~~~~~~~~~~~~~~~<<<<~~~~~~~~~~<<<<~~~~~~~~<<<<<<<<<<<<<
0 comments:
Post a Comment