Sunday 12 February 2023

അന്നത്തെ മഴക്കാലങ്ങൾ 

~~~~~~~~~~~~~~~~~~~~

ഈയടുത്തു ഇവിടെ രണ്ടോമൂന്നോ ദിവസം കനത്ത മഴപെയ്തു .  മഴക്കോളു വന്നപ്പോഴേ പുറത്തു ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അകത്തേയ്‌ക്കെടുത്തു . പിന്നെ കുഞ്ഞിച്ചെടിച്ചട്ടികൾ ഷെയ്ഡ് ഉള്ളയിടത്തേക്കു നീക്കിവച്ചു . കനത്ത മഴത്തുള്ളികൾ താങ്ങാനുള്ള ശക്തി അവയ്ക്കുണ്ടാവില്ലല്ലോ .  ഇന്നു മഴയാണല്ലോ എന്ന വേവലാതിയിൽ വല്ലാത്തൊരു ആധിയും സങ്കടവും പേടിയും വന്നു . ഇപ്പോൾ മഴ എന്നു കേട്ടാൽ ഇതാണല്ലോ എന്റെ അവസ്ഥ എന്നു ഞാൻ സ്വയം ആവലാതിപ്പെട്ടു . എന്നുമുതലാണ് മഴയെപ്പേടിച്ചു തുടങ്ങിയത് . ആ വലിയവെള്ളപ്പൊക്കവും അതിനെത്തുടർന്നുള്ള ദുരിതങ്ങളും പിന്നെയും അത്രയും തീവ്രമല്ലെങ്കിലും തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതികളും ദുരിതങ്ങളും എല്ലാം ഓർക്കുമ്പോൾ മഴയെന്നുകേട്ടാൽ ഭയമാണ് .  മഴ കഴിഞ്ഞൊരുനാൾ അറബിക്കൂട്ടുകാരി ഷേഖാ വന്നപ്പോൾ ആദ്യം ചോദിച്ചത് മഴയെക്കുറിച്ചായിരുന്നു .

  “ ഐ ലവ് റെയിൻ . ഹൗ ബ്യൂട്ടിഫുൾ ഈസ് ദി റെയിൻ ഇൻ യുവർ കൺട്രി . ഐ ലൈക്ക് കേരളാ . ഇറ്റ്സ് റെയിൻ ആൻഡ് ട്രാവലിംഗ് ബൈ ഓട്ടോറിക്ഷാ .” മഴയോടുള്ള അവളുടെ ഇഷ്ടം ആ കണ്ണുകളിൽ തിരയടിക്കുന്നുണ്ടായിരുന്നു . മഴക്കോളുള്ളതിനാൽ സ്കൂൾ അവധിയായിരുന്നെന്നും കുട്ടികളെയും കൂട്ടി പുറത്തു കറങ്ങിനടന്നുവെന്നും ഒക്കെ അവൾ പറഞ്ഞു .  കേരളത്തിൽ വന്നപ്പോൾ കണ്ടകാഴ്ചകളിൽ അവൾ എപ്പോഴും ഉത്സാഹത്തോടെ പറഞ്ഞിരുന്ന കാര്യം മഴയെക്കുറിച്ചു തന്നെയായിരുന്നു ഒപ്പം നിങ്ങളുടെ നാട്ടിൽ മഴക്കാലത്തും കുട്ടികൾ സ്കൂൾബാഗും പിടിച്ച് കുടചൂടി പോകുന്നത് കണ്ടപ്പോൾ അവൾക്ക് വളരെ അതിശയം തോന്നി എന്നും.  


മഴയെ എനിക്കും എന്തിഷ്ടമായിരുന്നു . മഴയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല . മഴ ആസ്വദിച്ചു കുടചൂടി അങ്ങനെ നടക്കാൻ.. രാത്രിസമയങ്ങളിൽ ജനലിലൂടെ കേൾക്കുന്ന മഴയുടെ ശബ്ദം …. മഴക്കാലത്തുള്ള സ്കൂളിൽപ്പോക്ക് … കോരിച്ചൊരിയുന്ന മഴയത്ത് സ്കൂൾബാഗ് ശരീരത്തോടു ചേർത്തുപിടിച്ച് കുടനിവർത്തി ചെറിയചെറിയ വെള്ളക്കെട്ടുകളിൽ ചവിട്ടി കൂട്ടുകാരുമൊത്ത് നടന്നുപോയിരുന്ന ആ ഓർമ്മകൾ … ഹാ എത്ര മനോഹരം.  ചിലപ്പോൾ ഉടുപ്പൊക്കെ അല്പം നനഞ്ഞിട്ടുണ്ടാവുമെങ്കിലും അതൊന്നും ഒരു കാര്യമേ അല്ല . സ്കൂളിൽ എത്താൻ പറ്റുന്ന രണ്ടു വഴികള്‍ ഉണ്ട് . ഇതിലേതു വഴിയാണോ സ്കൂളിൽ വേഗം എത്താൻ പറ്റുക അതൊന്നും അറിയില്ല . ഞങ്ങൾ കൂട്ടുകാർ പരസ്പരം ചോദിച്ച് ഭൂരിപക്ഷാഭിപ്രായത്തിൽ “ ഇന്നീ വഴിയേ പോകാം … നാളെ മറ്റേ വഴിയേ പോകാം ..” അങ്ങനെയൊക്കെ കളിയും ചിരിയുമായി സ്കൂളിൽ പോയിരുന്ന അക്കാലങ്ങൾ . 

മഴക്കാലമായാൽ ആണ് രസം.  സ്കൂളിലേയ്ക്ക് പോകുന്ന രണ്ടുവഴികളിലും കൈത്തോടുകളുണ്ട് ( ചെറിയ തോടുകൾ ) . ഉണങ്ങിവരണ്ടുകിടക്കുന്ന ആ കൈത്തോടുകൾ മഴക്കാലമായാൽ വെള്ളം ഒഴുക്കു തുടങ്ങും. ഞങ്ങൾ കുട്ടികളുടെ മനസ്സിലോ അപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും.  കുട്ടികളെന്നാൽ ഒത്തിരിപ്പേരൊന്നുമില്ല ഞങ്ങൾ നാലുപേർ .  തൊട്ടയല്പക്കക്കാരായ സുമ.. സുജ… സുനിൽ . സഹോദരങ്ങളായ ഇവരും ഞാനും അടങ്ങുന്ന നാൽവർ സംഘം.  എനിക്കവരും അവർക്കു ഞാനും ആണ് സ്കൂളിലേയ്ക്കുള്ള യാത്രയിലും എല്ലാം കൂട്ട് . ദൂരെ ചെറുവള്ളിത്തോട്ടത്തിൽ നിന്നും വരുന്ന ധാരാളം കുട്ടികളുണ്ട്. അവരൊക്കെ നല്ല കുട്ടികൾ തന്നെ. ഞങ്ങളും അവരും ഒക്കെതമ്മിൽ നല്ല ഇഷ്ടത്തിലൊക്കെത്തന്നെ പക്ഷേ സ്കൂളിൽപ്പോക്കിനിടയിലുള്ള ഓട്ടത്തിലും ചാട്ടത്തിലും മതിലുചാട്ടത്തിലുമൊന്നും അവരെപ്പോലെ വിദഗ്ദ്ധർ അല്ലാത്ത ഞങ്ങൾ അവർക്കൊപ്പം കൂടിയിരുന്നില്ല . അതേപ്പറ്റി പറയാൻ ഒരുപാടുണ്ട് . അതു മറ്റൊരിക്കലാവാം.   


മഴക്കാലത്തെപ്പറ്റിയല്ലേ പറഞ്ഞു വന്നത്.. അച്ഛന്റെ ചേട്ടന്റെ മകൻ അച്ഛന്റെ കൂടെ അതേ എസ്റ്റേറ്റിൽ ജോലിയാണ് . അതിനാൽ കുട്ടോച്ചാട്ടനും ഞങ്ങളോടൊപ്പമായിരുന്നു  താമസം . ഞങ്ങൾ കുട്ടികളോടും തിരിച്ചു ഞങ്ങൾക്ക് കുട്ടോച്ചാട്ടനോടും വലിയ അടുപ്പവും സ്നേഹവും ആയിരുന്നു.  കുട്ടപ്പൻ കൊച്ചാട്ടൻ എന്നത് ചുരുക്കപ്പേരാക്കി കുട്ടോച്ചാട്ടൻ എന്നായിരുന്നു ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്നത് .  മഴക്കാലത്ത് കൈത്തോടുവഴി ഒഴുക്കായാൽ അച്ഛന് വലിയ ശ്രദ്ധയാണ്.  പ്രത്യേകിച്ചും വീട്ടിലെ ഏറ്റവും ചെറുതായ എന്റെ കാര്യത്തിൽ.  അങ്ങനെ കൈത്തോട്ടിൽ വെള്ളമായാൽ അച്ഛൻ കുട്ടോച്ചാട്ടനെ വിളിച്ചിട്ടു പറയും “ കുട്ടപ്പോ … എടാ കുഞ്ഞിനെ ആ തോടിനക്കരെ കടത്തിവിട്ടിട്ടു വാ … അവളാണ്ട് സ്കൂളിൽ പോകാനിറങ്ങി..”   അച്ഛൻ കേൾക്കാതെ ഞാൻ കുട്ടോച്ചാട്ടനോട് പറയും ‘ വേറേ പിള്ളേരെല്ലാം ഉണ്ടല്ലോ .. ഞാൻ സൂക്ഷിച്ചു തോടു കടന്നോളാം കൊച്ചാട്ടാ ..’ . കൊച്ചാട്ടൻ ഒന്നാലോചിച്ചു നിന്നിട്ടു തലകുലുക്കും. എന്നിട്ടോർമ്മപ്പെടുത്തും “ ഈവഴിയേ പോയാ മതി കേട്ടോ .. സൂക്ഷിച്ചു തോടുകടക്കണം .. അവിടെ കളിച്ചു നിൽക്കരുത് .. അപ്പാപ്പനറിഞ്ഞാൽ ..” .   ഹോ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും.  രക്ഷപ്പെട്ടു . വീടിനു മുൻപിലെ വഴിയിൽ കാത്തുനിൽക്കും കൂട്ടുകാരുടെ വരവിനായി  . ചെറുവള്ളിത്തോട്ടത്തിൽ നിന്നു വരുന്ന കുട്ടികൾ ഓരോ കൂട്ടങ്ങളായി ബഹളം വച്ചുപോകുന്നുണ്ടായിരിക്കും . എന്റെ കൂട്ടുകാർ വന്നാൽ ഞങ്ങൾ നാൽവർ സംഘം ഉത്സാഹത്തോടെ സ്കൂളിലേയ്ക്ക് . കൈത്തോടിനടുത്തെത്തുമ്പോൾ കേൾക്കാം മറ്റേ കുട്ടികളുടെ ബഹളങ്ങൾ .. അവർ ബുക്കും സഞ്ചിയും കരയിൽ വച്ച് കൈത്തോട്ടിൽ കളിയാവും . റബർതോട്ടത്തിൽനിന്നും ഇലയും കമ്പും ഒക്കെ എടുത്ത് വെള്ളത്തിലിട്ട് ഒഴുക്കു കണ്ടു രസിക്കുന്നവർ… തോടുകളിൽ നിറഞ്ഞ കുഞ്ഞുമീനുകളെ പിടിക്കാനുള്ള ശ്രമത്തിൽ ചിലർ …ബുക്ക്‌പേപ്പർ കീറി ചെറുവഞ്ചികളാക്കി വെള്ളത്തിൽ ഒഴുക്കിവിടുന്നവർ … അങ്ങനെ അവർ ആ ചെറുതോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിച്ചു നടക്കും . ഇത്തിരി മാറി വഴുക്കലുള്ള ചെറിയ പാറകളിലൂടെ ഒക്കെ അവർ നല്ല അഭ്യാസികളെപ്പോലെ പിടിച്ചു പിടിച്ചു നടക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിൽക്കും .  “ദേ ഇവിടെ വഴുക്കലില്ല .. ദേ ഇവിടെ വെള്ളത്തിന് നല്ല തണുപ്പ് .. “എന്നൊക്കെ പറഞ്ഞ് അവരു ഞങ്ങളെ പ്രലോഭിപ്പിക്കും. അപ്പൊ അച്ഛൻ പറഞ്ഞതും കുട്ടോച്ചാട്ടന് കൊടുത്ത വാക്കും ഒക്കെ മറന്ന് തോട് കടന്നു പോകേണ്ടതിനു പകരം തോട്ടിലൂടെ താഴത്തോട്ടു നടക്കും … പിന്നെ തിരിച്ചും അതു മൂന്നാലുതവണ ആവർത്തിക്കുമ്പോൾ ബെല്ലടിക്കുന്ന സമയം ആയല്ലോ എന്നു വേവലാതിയോടെ സ്കൂളിലേക്കോടും . ഇനി വൈകിട്ടോ തിരിച്ചു വരവിൽ മറ്റേ വഴി ഞങ്ങൾ തിരഞ്ഞെടുക്കും . ആ കൈത്തോട് കുറച്ചൂടെ വീതി കൂടിയതായതിനാൽ കുറച്ചു കൂടുതൽ വെള്ളത്തിൽ നടക്കാല്ലോ എന്ന മോഹത്തിൽ കുട്ടോച്ചാട്ടന് കൊടുത്ത വാക്ക് മറന്ന് ഉത്സാഹത്തോടെ ഞങ്ങൾ ആ വഴിയേ .. അവിടെയും മറ്റേ കുട്ടികളുടെ ബഹളങ്ങളും ആരവങ്ങളും . ഞങ്ങളും ആ തോട്ടിൽ … കുറുകെ കടക്കേണ്ടതിനു പകരം തോട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അഞ്ചാറു വട്ടം .. നാലുമണി സമയത്ത് അത്ര ധൃതിപ്പെടേണ്ടല്ലോ എന്ന സന്തോഷത്തിൽ കുറേ നേരം തോട്ടിൽ ചെലവഴിക്കുമ്പോൾ വല്യതോടിന്റെ അങ്ങേക്കരയിൽനിന്ന് കല്യാണിച്ചേടത്തി വിളിച്ചു പറയും  “കുഞ്ഞേ … നല്ല ഒഴുക്കുണ്ടെ ..“  അതു കേൾക്കുമ്പോഴേ വെള്ളത്തിൽ കളിനിർത്തി വീട്ടിലേക്കോടും .  എന്റെ നേരെമൂത്ത ഏട്ടൻ അതേ സ്കൂളിൽ ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുന്നുണ്ട് . പഠിത്തകാര്യങ്ങളിലും അല്പസ്വല്പം കലാപരമായ കാര്യങ്ങളിലും (പിന്നെ അല്പം വണ്ടിഭ്രമവും ഉണ്ടായിരുന്നു )  ഇവയിലൊക്കെ മാത്രം ശ്രദ്ധ പുലർത്തിപ്പോന്ന പഠിപ്പിസ്റ്റും ബുദ്ധിജീവിയും ആയ ഏട്ടന് ഏട്ടന്റെ ക്ലാസ്സിലെ തന്നെ അടുത്ത ഒന്നുരണ്ടുകൂട്ടുകാർ ഉണ്ട് . അവർക്കൊപ്പം നേരെ സ്കൂളിൽ പോകുക ക്ലാസ്സ്‌ കഴിഞ്ഞാൽ നേരേ വീട്ടിലെത്തുക . കുഞ്ഞുതോട്ടിലെ വെള്ളമോ അങ്ങനെയുള്ള കാര്യങ്ങളൊന്നും ചേട്ടനെ അത്രകണ്ട് സ്വാധീനിച്ചിട്ടില്ല എന്നു തോന്നുന്നു അതിനാൽ ഞങ്ങളുടെ മഴക്കാലത്തുള്ള ഇമ്മാതിരി വിനോദങ്ങൾക്ക് ചിലപ്പോഴൊക്കെ ചേട്ടന്റെ വക ശാസനകളും കിട്ടിയിരുന്നു .  അങ്ങനെയൊക്കെയായിരുന്നു അന്നത്തെ മഴക്കാലങ്ങൾ .  


ജനുവരി 26  ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ ഓർമ്മദിനമാണ് .  അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ എല്ലാം ഞങ്ങളുടെ ഏറ്റവും മൂത്ത ഏട്ടനുമുണ്ട്. അച്ഛൻ ഞങ്ങൾ മക്കളെയെങ്ങനെ സ്നേഹിച്ചിരുന്നുവോ അതുപോലെതന്നെയാണ് ഞങ്ങളുടെ ഏട്ടനും ഞങ്ങളെ സ്നേഹിച്ചിരുന്നത് . അതുകൊണ്ടുതന്നെ അച്ഛനെപ്പറ്റിയുള്ള ഓർമ്മകളിൽ കൂടെ ഏട്ടനും ഉണ്ടാവും .. കുട്ടിക്കാലത്തെ ഓർമ്മകളിൽ കുട്ടോച്ചാട്ടനും. നമ്മെ വിട്ടുപോകുന്നവർ ബാക്കിവെച്ചിട്ടുപോകുന്ന നല്ല ഓർമ്മകളുണ്ട്‌ . ആ ഓർമ്മകൾ മനസ്സിനെ സന്തോഷിപ്പിക്കുകയും ഒപ്പം വല്ലാത്ത ദുഃഖവും നഷ്ടബോധവും ചിലപ്പോഴൊക്കെ ആരുമില്ലല്ലോ എന്നൊരു അരക്ഷിതത്വവും ഒക്കെ തോന്നിപ്പോകും .  അച്ഛന്റെ ഓർമ്മദിനത്തിൽ ഇങ്ങനെയൊരു മഴക്കാലഓർമ്മക്കുറിപ്പ് എഴുതിയത് യാദൃശ്ചികം. 

“ കടലാസുതോണിയെപോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ… അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും ….”

ഇതിൽപ്പരം എന്ത് വാക്കുകൾ ആണ് അച്ഛനെപ്പറ്റി പറയാൻ . 

“സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം …”  എന്ന പാട്ടുകേട്ടാൽ അച്ഛനെ സ്നേഹിക്കുന്ന ഏതൊരാളുടെയും കണ്ണുനിറഞ്ഞു പോവും എന്നെനിക്കു തോന്നിയിട്ടുണ്ട് . 🌹🌹🌹🙏🙏🙏