Showing posts with label സ്മരണകൾ. Show all posts
Showing posts with label സ്മരണകൾ. Show all posts

Thursday, 20 August 2015

ഓണം ........... ഒരുപിടി ഓർമ്മകൾ.. .......


    ഓണം കെങ്കേമമാക്കാൻ  വിസ്മയങ്ങളൊരുക്കി  കടകമ്പോളങ്ങൾ.  ടെക്സ്സ്റ്റൈൽ ഷോപ്പുകളിൽ, ജ്വല്ലറികളിൽ, ഷോ റൂമുകളിൽ ഓണം സ്പെഷ്യൽ ഓഫറുകൾ .  ജനങ്ങളുടെ പരക്കം പാച്ചിലുകൾ.  നാടെങ്ങും തിരക്കുകളും, ബഹളങ്ങളും . ഈശ്വരാ..... എത്ര വേഗം ഓണം ഇങ്ങു വന്നെത്തി. 

ഓണത്തുമ്പികൾ വിരുന്നെത്തുമായിരുന്ന, മഞ്ഞവെയിൽ പരക്കുമായിരുന്ന, കൈകൊട്ടിക്കളിയുടെ താളങ്ങളും, തുമ്പിതുള്ളൽ, പുലികളി, കുട്ടികളുടെയും വലിയവരുടെയും ഊഞ്ഞാലാട്ടം പിന്നെ വീട്ടിലെ ബഹളം നിറഞ്ഞ ആ അന്തരീക്ഷം. ആ പഴയ ഓണനാളുകളിലേക്ക് മനസ്സു വീണ്ടും.......

ഓണപ്പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം കളിച്ചു തിമിർക്കാനുള്ളതാണ്.  അന്നത്തെ കിളിത്തട്ടുകളിയും, അക്കുകളി, സാറ്റുകളി ഇവയൊക്കെയായിരുന്നു  ഞങ്ങൾ ചെറിയ കുട്ടികളുടെ കളികൾ.  മുറ്റവും, വഴിയുമെല്ലാം ചെത്തിയൊരുക്കിച്ച് ഓണം കയറ്റുന്നതിന്റെ തിരക്കിൽ അച്ഛൻ, ഉപ്പേരിവറ, കളിയടക്ക, ശർക്കര പുരട്ടി ഇവയൊക്കെ വറക്കുന്നതിന്റെയും , പൊരിക്കുന്നതിന്റെയും മണവും, ബഹളവും അടുക്കളയിൽ. അമ്മ സദാ തിരക്കോടു തിരക്ക്. 
ഓണത്തിനു രണ്ടുനാൾ മുന്നേ ഊഞ്ഞാലിനുള്ള കയറും പിന്നെ പച്ചമടൽ വെട്ടിയൊരുക്കുമ്പോഴും  എല്ലാം ഉത്സാഹത്തോടെ ഞാനും, ചേട്ടനും അച്ഛനു ചുറ്റും വട്ടമിട്ടു നടക്കും. പറമ്പിലുള്ള ആ വലിയപറങ്കിമാവിൽ  വലിയ ഊഞ്ഞാൽ കെട്ടിക്കഴിഞ്ഞാൽ പിന്നെ അവിടത്തെ  ആരവങ്ങളും, ബഹളങ്ങളും കണ്ടു നെടുവീർപ്പിടാനേ ഞങ്ങൾക്കു വിധിയുണ്ടായിരുന്നുള്ളൂ. കാരണം മൂത്ത ചേച്ചിമാരും അവരുടെ കൂട്ടരുമാണ് അതിൽ ഊഞ്ഞാലാട്ടം നടത്തുക. ആരാണ് ഏറ്റവും ഉയരത്തിൽ ആടുക, തൊട്ടടുത്തു നിൽക്കുന്ന ഉയർന്ന റബ്ബർ മരത്തിലെ ഇലയിൽ ആരാണ് കാൽ കൊണ്ട് തൊട്ട് ആടി തിരിച്ചുവരിക, ഇതൊക്കെ ബെറ്റു വച്ചാണ് അവർ ഊഞ്ഞാലാട്ടം നടത്തുക.  പുറകിൽ നിന്ന് ആയത്തിൽ ഒരാൾ തള്ളിക്കൊടുക്കും ഇരുന്നുകൊണ്ട് ആടുക, നിന്നുകൊണ്ട് ആടുക, ഒരാൾ നിന്നും, മറ്റെയാൾ ഇരുന്നും രണ്ടുപേർ ചേർന്നാടുക, രണ്ടുപേരും മുഖാമുഖം നിന്ന് ആടുക ഇതൊക്കെ ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കും. ഞങ്ങളുടെ ഊഴത്തിനായി കാത്തു നിന്നു മടുക്കുമ്പോൾ കെഞ്ചും അവരോട് അവരാരെങ്കിലും ദയ തോന്നി മടിയിൽ വച്ച് രണ്ടാട്ടം ആടിച്ചു മാറ്റിനിർത്തും. 
പിന്നെ ഞങ്ങൾ കാണുന്ന ഏക മാർഗ്ഗം രാവിലെ കണ്ണു തിരുമ്മി എണീറ്റു വരുമ്പോഴേ അമ്മയുടെ വിളി വക വെക്കാതെ ഓടി ഊഞ്ഞാലിൻ ചുവട്ടിലേക്ക്. അപ്പോൾ അവിടെ തിരക്കൊന്നുമില്ലാതെ ശൂന്യം. ആ വലിയ ഊഞ്ഞാലിൽ കയറിപ്പറ്റാൻ ശ്രമിച്ച് ഉച്ചീം കുത്തി പുറകോട്ടു വീണ് ഉച്ചത്തിൽ കരച്ചിൽ തുടങ്ങിയാൽ ചേട്ടൻ എന്നെ ഇട്ടേച്ചോടും. പിന്നെ അമ്മയുടെ ശകാരവും, ചേച്ചിമാരുടെ കിഴുക്കും എല്ലാം വാങ്ങി എങ്ങലടിച്ചും, കണ്ണു ഞെരടിയും അമ്മക്കു ചുറ്റും നടക്കുമ്പോൾ അച്ഛൻ ഞങ്ങൾക്കായി ഞങ്ങളുടെ മുറ്റത്തു നിന്നിരുന്ന കുഞ്ഞുകാപ്പിമരത്തിൽ ഒരു കൊച്ചൂഞ്ഞാൽ കെട്ടിത്തരും.  അവിടെ ഊഞ്ഞാലാട്ടം തുടങ്ങിയാൽ അടിയായി, പിടിയായി, ബഹളമായി ചേട്ടൻ മുഴുവൻ സമയവും അതിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കും. 
ഞാനുച്ചത്തിൽ കരഞ്ഞ് എന്റെ പ്രതിഷേധം അറിയിക്കുമ്പോൾ അച്ഛൻ അതിനോട് ചേർന്ന് എനിക്കു മറ്റൊരു കുഞ്ഞൂഞ്ഞാൽ കെട്ടിത്തരും. എനിക്കും ചേട്ടനും തലങ്ങും, വിലങ്ങും ആടാം. പക്ഷെ കുറുമ്പനായ എന്റെ ചേട്ടൻ ഞാനൂഞ്ഞാൽ ആടുമ്പോൾ ചേട്ടന്റെ ഊഞ്ഞാലിൽ ആടിവന്ന് ഒന്നുമറിയാത്ത മട്ടിൽ എന്നെ ഇടിച്ചു താഴെയിടാൻ നോക്കുമായിരുന്നു. അങ്ങനെ പരസ്പരം വഴക്കടിച്ചും, പിണങ്ങിയും ഞങ്ങൾ കാപ്പിച്ചുവട്ടിൽ ഊഞ്ഞാലാട്ടം നടത്തുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവൻ പറങ്കിമാവിലെ ആ വലിയ ഊഞ്ഞാലും അവിടുത്തെ ബഹളങ്ങളുമായിരുന്നു. 
തിരുവോണനാളിൽ രാവിലെ കുളിച്ച് ഓണക്കോടിയുമുടുത്തു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ദൂരെ തോടിനക്കരെ ഉള്ള റബ്ബർ തോട്ടത്തിലെ വഴിയിലേക്കാവും. കാരണം തിരുവോണനാളിൽ രാവിലെയാവും പട്ടണത്തിലുള്ള വലിയ ചേട്ടൻ ചേച്ചിക്കൊപ്പം വരിക. ചേട്ടൻ വരുമ്പോൾ കുറെ ആപ്പിളും, ഓറഞ്ച് പിന്നെ പേരക്ക ഒക്കെ പട്ടണത്തിൽ നിന്നും വാങ്ങിയാവും വരിക.  അടുക്കളയിൽ അമ്മ സദ്യ വട്ടങ്ങളൊരുക്കുന്ന തിരക്കിലാവും. ഞങ്ങൾ കുട്ടികളെ നിലത്തു പായ വിരിച്ച് അതിൽ ഇരുത്തി തൂശനില ഇട്ട് അതിൽ വിഭവ സമൃദ്ധമായ സദ്യ വിളമ്പിത്തരും. 
ഊണിന് പരിപ്പുകറി, പപ്പടം, സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, ഇഞ്ചിക്കറി, പച്ചടി, മോരു കാച്ചിയത് , പച്ചമോര്, ഉപ്പേരി, നാരങ്ങാ അച്ചാർ, പിന്നെ പായസം ഇതെല്ലാം വേണമെന്ന് അമ്മക്കു 
നിർബന്ധവും ആയിരുന്നു. 
ഊണു കഴിഞ്ഞ് ഉച്ച കഴിഞ്ഞാൽ മൂത്ത ചേട്ടൻ ഭാര്യാഗൃഹത്തിലേക്ക്  പോകും. അപ്പോൾ ഞങ്ങൾ കുട്ടികൾ സങ്കടത്തോടെ നോക്കി നിൽക്കും.  അപ്പോഴേക്കും മൂത്ത ചേച്ചിയും, ചേട്ടനും ഉച്ച ശേഷം തിരുവോണം കൂടാൻ ഞങ്ങളുടെ വീട്ടിലേക്കു വിരുന്നു വരും. അപ്പോൾ ഞങ്ങൾ കുട്ടികൾക്ക് വീണ്ടും ഉത്സാഹം ആവും. 

ഓണനാളിലെ  പ്രധാന വിനോദമായിരുന്നു പുലികളി ( കടുവകളിക്കാർ ) വീടുകളിൽ വരുന്നതും, പിന്നെ അങ്ങു ദൂരെ തോട്ടത്തിൽ അവിടെ ജോലിചെയ്തിരുന്ന മുതിർന്ന പെണ്ണുങ്ങളും മറ്റും കൂട്ടം കൂടി തുമ്പി തുള്ളലും, ആർപ്പും, ബഹളങ്ങളും കേൾക്കാം. അങ്ങനെ അടിച്ചു തകർത്ത് ദിവസങ്ങൾ കടന്നു പോവുന്നതറിയുകയില്ല. സ്കൂൾ തുറക്കുന്നതിന്റെ തലേന്നാളും കളിച്ചു തിമിർത്തു സന്ധ്യയായാലും മുറ്റത്തൂന്നു കയറില്ല. അപ്പോൾ അകത്തുനിന്ന്  അമ്മയുടെ വിളി കേൾക്കാം " കളിയൊക്കെ മതി. നാളെ സ്കൂളിൽ പോവാനുള്ളതാണ് വേഗം കേറിക്കെ." വീണ്ടും സങ്കടം. എന്നാലും രാവിലെ സ്കൂളിൽ പോകാനിറങ്ങുമ്പോൾ ഉത്സാഹം. പുതിയ ഓണക്കോടിയുമിട്ടു കൂട്ടുകാർക്കൊപ്പം പോവാനുള്ള ഉത്സാഹം. 
ക്ലാസ്സിൽ ടീച്ചർ കയറി വരുന്നതോ ഓണപ്പരീക്ഷയുടെ  ഉത്തരപേപ്പറുകളുമായി.  അപ്പോൾ അറിയാതെ നെഞ്ചു പട പടാന്ന് മിടിക്കും. കണക്കുമാഷ്  
ഉത്തരപേപ്പർ തന്നു കഴിയുമ്പോഴേക്കും ആ പടപടപ്പ് ഇരട്ടിയാകും. വൈകുന്നേരം അതുമായി വീട്ടിലേക്ക്. പിന്നെ വീട്ടിൽ ചില കർശന നിബന്ധനകൾ " മര്യാദക്കിരുന്നു  പഠിച്ചോ !കളി അല്പം കൂടുന്നുണ്ട്  ഇനി ഇവിടെങ്ങാനും കളിച്ചു കണ്ടാലാ ". പുസ്തകത്തിൽ മുഖം പൂഴ്ത്തി മിണ്ടാതിരിക്കുന്ന എന്നെ ശ്........ശ്......  ശബ്ദമുണ്ടാക്കി ചേട്ടൻ വിളിച്ച് കൈ കൊണ്ട് ആംഗ്യം കാട്ടി കളിയാക്കുമ്പോൾ വീണ്ടും ഞാനൊച്ച വച്ചു കരയും. അപ്പോൾ അമ്മ ചേട്ടനോടും പറയും " നീയും കളിക്കണ്ട പഠിച്ചോ വേഗം" അതു കേൾക്കുമ്പോൾ എനിക്കു തെല്ലു സമാധാനം കിട്ടുമെങ്കിലും ഞാൻ മനസ്സിൽ പ്രാർഥിക്കും " വേഗം അടുത്ത ഓണം എത്താനായ് ."


Friday, 9 January 2015

യുവജനോൽസവ ഓർമ്മകൾ

    രാജമ്മചേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ മൂത്ത ചേച്ചിയും,ചേട്ടനും ആദ്യമായി സിക്കിമിൽ നിന്ന് അവധിക്കു വന്ന സമയം. അച്ഛന് ചേട്ടൻ ഒരു കറുത്ത റെയിൻകോട്ട് സമ്മാനിച്ചു. ചേച്ചിയാണെങ്കിൽ ഞങ്ങൾക്കൊക്കെ വിവിധവർണ്ണങ്ങളിലുള്ള സ്കാർഫുകൾ (ഇന്നത്തെ ചെറിയ ഷാൾ ) , പിന്നെ നെയിൽപോളിഷ്,ചെറിയപേളുമാലകൾ,ലിപ് സ്റ്റിക്ക്, പൊട്ടുകുത്താൻ കുറെ ഡിസൈൻസുള്ള അച്ചുകൾ ഇവയൊക്കെ സമ്മാനമായി കൊണ്ടുവന്നിരുന്നു. കുട്ടികളായ ഞങ്ങൾക്കു ഇതെല്ലാം വലിയ കൌതുകവും, ആഹ്ലാദവും നല്കി. 
   ഹൈസ്കൂളിൽ പഠിക്കുന്ന എന്റെ രമണിയേച്ചി എന്നു ഞാൻ വിളിക്കുന്ന എന്റെ മറ്റൊരു ചേച്ചി അവരുടെ സ്കൂളിലെ യൂത്ത്  ഫെസ്റ്റിവലിനു ആ റെയിൻ കോട്ടും ഇട്ട് ,രാജമ്മ ചേച്ചിയുടെ  ഹാൻഡ്ബാഗ്, ഫോറിൻ പൂക്കുട ഒക്കെ പിടിച്ചു ചേട്ടന്റെ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച്, പിന്നെ സ്കാർഫ് ഒക്കെ തലയിൽ ചുറ്റി മുഖത്തു കുറെ മിനുക്കുപണികൾ ഒക്കെ ചെയ്ത് സ്റ്റേജിൽ ഒരു പെർഫൊമൻസ് നടത്തി. ആൾ നല്ലവെളുത്തിട്ടാണ് ,കാണാനും നല്ല സ്മാർട്ട്. ചേച്ചിമാർ"മദാമ്മ സ്റ്റൈൽ "എന്നൊക്കെ വിശേഷിപ്പിക്കണ കേട്ടു. എന്തെങ്കിലുമാവട്ടെ "ഫാൻസി ഡ്രെസിന് " ഒന്നാം സമ്മാനവുമായെത്തിയ ചേച്ചി പിന്നെ നിലത്തും താഴത്തും ഒന്നുമല്ലായിരുന്നു. ചേച്ചിമാരെല്ലാവരും ചേർന്ന് പൊക്കിപറച്ചിലും,പ്രശംസയും. അഞ്ചാംക്ലാസ്സിൽ പഠിക്കണ എനിക്ക് ഇതൊന്നും അത്ര സുഖിക്കുന്നുമുണ്ടായിരുന്നില്ല. തന്നെയുമല്ല ഇതിനുശേഷം ചേച്ചിക്കല്പം ഗമകൂടിയോ എന്നും ഒരു സംശയം! നെയിൽ പോളിഷ്, പൊട്ട്, ലിപ് സ്റ്റിക്ക് ഇത്യാദി സാധനങ്ങളിലൊക്കെ ഞാൻ കൈ വച്ചാൽ ചേച്ചി എന്നെ വിരട്ടും. "നെയിൽ പോളിഷ് ചേച്ചി വേണ്ടപ്പോൾ ഇട്ടുതരാം, ല്ലാച്ചാൽ നീ ഒക്കെ തട്ടിമറിച്ചിടും, അച്ച് കണ്മഷിയിൽ കുത്തി മുഖത്തെല്ലാം കരിവാരിതേക്കും, ലിപ് സ്റ്റിക് എപ്പോഴും   വാരിത്തേക്കാൻ പാടില്ലാത്രേ, അസുഖം വരും " ഇങ്ങനെ ചില നിബന്ധനകൾ ഒക്കെ രമണിയേച്ചി എന്റെ മുന്നിൽ നിരത്തിയതും എല്ലാം എന്നിൽ അല്പം വാശിയും, കുശുമ്പുമൊക്കെ ഉടലെടുത്തു എന്നുള്ളത് യാഥാർഥ്യം.
   ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു സമയമായപ്പോൾ "ഫാൻസി ഡ്രസ്സ്" കോംപറ്റീഷന് ചേരാൻ ഞാനും വാശി പിടിച്ചു. കൊച്ചുകുട്ടിയായതിനാൽ ഇതിന്റെയൊക്കെ പിറകെ വരേണ്ട പൊല്ലാ പ്പോർത്തിട്ടാണോ,അതോ ചേച്ചിയുടെ അത്ര നിറവും ഒന്നും ഇല്ലാഞ്ഞാണോ എന്തോ ആരും ഇതത്ര ഗൌനിക്കുന്നുണ്ടായിരുന്നില്ല, ഞാൻ അമ്മയുടെ അടുത്ത് ഒരേ വാശി. ബഹളം മൂത്ത് പാവം അമ്മ അനുവാദം തന്നു. മറ്റൊരു സ്കൂളിലായതിനാൽ കുഴപ്പമില്ലെങ്കിലും രമണിയേച്ചിക്കിതത്ര സുഖിച്ചില്ല. ആൾ പ്രൈസ് ഒക്കെ നേടി ഷൈൻ ചെയ്തിക്കുന്ന സമയമല്ലേ? 
     എന്തായാലും ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു ഞാനും പേര് കൊടുത്തു. സാധനസാമഗ്രികൾ ഒക്കെ മൂത്ത ചേച്ചി എനിക്കും തന്നു വിട്ടെങ്കിലും ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ് അല്പം മടിച്ചാണ് തന്നുവിട്ടത്. സ്കൂളിലെ മുതിർന്ന രണ്ടു ചേച്ചിമാർ ചേർന്ന് എന്നെ ഇതൊക്കെ ഇത്തിരി കഷ്ടപ്പെട്ട് അണിയിപ്പിച്ചു. എന്നെപ്പോലെ നാലുപേർക്കു കൂടി കയറി ഇറങ്ങാവുന്ന വലുപ്പത്തിലുള്ള റെയിൻകോട്ടും ഇട്ട്, നീലയിൽ വെള്ളപ്പൂക്കളുള്ള സ്കാർഫ് ചേച്ചിമാരോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു താടിക്ക് വച്ച് മുറുക്കി കെട്ടിയതു പോരാഞ്ഞ് പിൻകൂടി ചെയ്തു തരാൻ. കാരണം എങ്ങാനും അഴിഞ്ഞു പോയാലോ? 

    അതിനാൽ കഴുത്തിനല്പം പിടുത്തം ഉണ്ടായിരുന്നെങ്കിലും ഞാനതൊക്കെ ഒരു സ്റ്റൈൽ ആക്കി അങ്ങനെ ഇരിക്കയാണ്. കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്തു വച്ചിരിക്കുന്നതിനാൽ ആകെ മുറിക്കകത്തൊക്കെ ഒരു മൂടൽ പോലെ . ഒരുക്കിത്തന്ന ചേച്ചിമാർ ചില നിർദേശങ്ങൾ തന്നു "പേര് അനൌണ്സ് ചെയ്യുമ്പോഴേക്കും നടന്നു ചെല്ലണം, അങ്ങനെ,ഇങ്ങനെ" ന്നൊക്കെ  പറഞ്ഞു. ഹാൻഡ്ബാഗ്  തോളിൽ ഇട്ടുതന്നു. പോരാത്തതിന് ചേച്ചിയുടെ സ്വല്പം ഹീലുള്ള ചെരുപ്പും കാലിൽ ഫിറ്റു ചെയ്തിട്ടുണ്ട്. അതാണെങ്കിൽ വലുപ്പക്കൂടുതലിനാൽ അല്പം പുറകോട്ടുനീണ്ടു കിടപ്പുണ്ടു താനും. അമ്മ "വീഴാനാണ് കുഞ്ഞേ " ന്നൊക്കെ മുന്നറിയിപ്പ് തന്നെങ്കിലും "ല്ലാമ്മേ അതൊക്കെ ശ്രദ്ധിച്ചോ ളാം" ന്ന എന്റെ വാക്കിന്റെ പുറത്തു അമ്മ അനുവാദം തന്നുവിട്ടതാണ്. ഇത് രാജമ്മ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുമില്ല. ചേച്ചിയോട് നേരിട്ട് ചോദിച്ചാൽ ചെരുപ്പ് തന്നുവിട്ടില്ലെങ്കിലോ ന്നു പേടിച്ചു ചേച്ചി കാണാതെആണ് ഇതടിച്ചു മാറ്റി അമ്മയുടെ പെർമിഷൻ ഒക്കെ വാങ്ങിയത് .പാവം എന്റെ അമ്മ ഇത് ചേച്ചി യോട് ഞാൻ ചോദിച്ചു വാങ്ങി എന്നൊക്കെ ആവും ധരിച്ചത്. ചുവപ്പിൽ വെള്ളപ്പൂക്കളുള്ള ഫോറിൻകുട സ്റ്റേജിൽ കയറാൻ നേരം നിവർത്തിയാൽ മതിയെന്നൊക്കെ പറഞ്ഞു ചേച്ചിമാർ പോയതും ഞാൻ കുട നിവർത്തിപ്പിടിച്ചു തന്നെ ഇരുപ്പാണ്. (ചേച്ചിമാർക്ക് അങ്ങനെയൊക്കെ പറയാം അന്നേരം വെപ്രാളത്തിൽ കുട നിവർന്നില്ലെങ്കിലോ?") അവിടെയിരുന്ന ആരുടെയോ ഒരു കുഞ്ഞുകണ്ണാടിയിൽ നോക്കി ഓരോരോ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു( ചിരിച്ച്, അല്പം ഗൌരവംവരുത്തിനോക്കി,പുഞ്ചിരിച്ചു നോക്കി) ഇങ്ങനെ സൌന്ദര്യം ആസ്വദിച്ചു അവിടെക്കിടന്ന ഒരു കസേരയിൽ ഞാനിരുപ്പാണ്. കണ്ണാടിയിൽ നോക്കിയിട്ടും ആകെയൊരു മൂടൽ തോന്നിക്കുന്നുണ്ടെങ്കിലും ഞാൻ കൂളിംഗ് ഗ്ലാസ് മാറ്റാനൊന്നും മിനക്കെട്ടില്ല. ഇതൊക്കെ ചേച്ചിയോട് ചോദിച്ചു മേടിച്ചതിന്റെ പെടാപ്പാടു എനിക്കല്ലേ അറിയൂ. എനിക്കാണെങ്കിൽ ഇതൊക്കെ ഒന്ന് കയിൽ കിട്ടിയതിന്റെ സന്തോഷവും , പരവേശവും ഒന്നും പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ന്റെ രമണി യേച്ചിയെ ഒന്ന് തോല്പിക്കണം ന്ന വാശിയും. ന്താ ഗമ ഞാനങ്ങുവരട്ടെ കാണിച്ചുതരുന്നുണ്ട് ന്നൊക്കെ വിചാരിച്ചങ്ങനെ ഇരിക്കുന്മ്പോ "മോളെ മോളെ" ന്നുള്ള വിളികേട്ടാണ് ഞാൻ തൊട്ടപ്പുറത്തിരിക്കുന്ന ആളിനെ ശ്രദ്ധിച്ചത്. എന്റെ    ഏട്ടന്റെ  ക്ലാസ്സിൽ പഠിക്കുന്ന ജെസ്സി ചേച്ചി ആയിരുന്നു അത്. ചേച്ചിയെ രണ്ടുമൂന്ന് പേർചേർന്ന് ഒരുക്കുകയാണ്. പ്രച്ഛന്നവേഷമത്സരത്തിനാണെന്നു മനസ്സിലായെങ്കിലും എന്ത് വേഷമാണെന്നൊന്നും അന്നേരം പിടികിട്ടിയില്ല. ചേച്ചിക്കെന്നെ കണ്ടിട്ട് ചിരിവരുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ചേച്ചിയുടെ എത്രാമത്തെ നമ്പർ ആണെന്ന് തിരക്കി. ഞാൻ കഴിഞ്ഞാണ് ചേച്ചിയുടെ ഊഴം ന്നു മനസ്സിലായി. അല്പം ടെൻഷനോടെ അവിടെയിരിക്കുന്ന ഞാൻ ഇടയ്ക്കിടെ ആരൊക്കെയോ ഒരുങ്ങുകയോ, മുഖംനോക്കയോ ഒക്കെ ചെയ്തിട്ട് വച്ചുപോകുന്ന ആ കുഞ്ഞുകണ്ണാടി എടുത്ത് മുഖഭാവങ്ങൾ മാറ്റി വരുത്തിനോക്കിയിരിപ്പാണ്. വീണ്ടും ആരെങ്കിലും കണ്ണാടി തിരക്കുന്പോൾ ഞാനോടിക്കൊണ്ടു കൊടുക്കും അവർ ആവശ്യം കഴിഞ്ഞു വച്ചാൽ വീണ്ടും ഞാനാക്കണ്ണാടി കൈക്കലാക്കി സൌന്ദര്യം  ആസ്വദിച്ചുള്ള എന്റെയാ ഇരുപ്പ് ജെസ്സി ചേച്ചിക്കും കൂട്ടുകാർക്കും ചിരിക്കു വകനല്കുന്നു എന്നെനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു പോരാത്തതിനു ഇടക്കിടെ അവർ എന്നെ വിളിക്കയും ചിരിക്കയും ഒക്കെ ചെയ്യണ കേൾക്കുന്നുണ്ടെങ്കിലും ഞാനതിലൊന്നും വലിയ ശ്രദ്ധകൊടുക്കാതെ കണ്ണാടിയിൽ നോക്കി ഇരുപ്പ് തുടർന്നു. തൊട്ടടുത്ത സ്റ്റേജിൽ പാട്ടോ,കൂത്തോ ഒക്കെ നടക്കണ ശബ്ദം കേൾക്കുന്നുണ്ട്. ഇടയ്ക്കു ഞാനോടിപ്പോയി ജെസ്സി ചേച്ചിയെ പ്രത്യേകം ഓർമ്മിപ്പിച്ചു " നമ്മുടെ കോംപറ്റീ ഷൻ തുടങ്ങാൻ നേരം എന്നോടൂടെ പറയണേ ചേച്ചി".
ചേച്ചിതന്ന ഉറപ്പിന്റെ ബലത്തിൽ കണ്ണാടിയിലും നോക്കി ഞാനിരിക്കവെ ഞങ്ങൾ ഇരുന്ന ആ മുറി പതിയെ നിശബ്ദമായീന്നു തോന്നുന്നു "ശ് ശ്" ന്നുള്ള വിളികേട്ട ഞാൻ കണ്ണാടിയിൽ നിന്നും ശ്രദ്ധതിരിച്ച് നോക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന രൂപം കണ്ടു ഞാൻ ചെറുതായൊന്നു ഞെട്ടി.ന്തോ ഒരു വെള്ള ഉടുപ്പൊക്കെ ഇട്ടു ചിരിച്ചുകൊണ്ടിരുന്ന ജെസ്സി ചേച്ചി തന്നെയോ ഇത്!! ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അവിടെ ഞങ്ങൾ രണ്ടാളും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭയം മൂലം എനിക്ക് ചെറിയ കരച്ചിൽ വരുന്നുണ്ടായിരുന്നു. ന്താന്നല്ലേ? ചേച്ചി ക്രിസ്തുമസ്സ് ഫാദറിന്റെ വേഷമാണ് കെട്ടിയിരിക്കുന്നത്. ആ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ആ പ്രായത്തിലൊക്കെ കരോളുകാർക്കൊപ്പം വരുന്ന ഈ ഫാദറിനെ ഞാനല്പം ഭയത്തോടെ ആണ് കണ്ടിരുന്നത്. (എന്റെ മകനും കുഞ്ഞുന്നാളുകളിൽ ക്രിസ്തുമസ്സ് ഫാദറിനെ കണ്ടാൽ കരഞ്ഞുകൊണ്ടോടി  വരുമായിരുന്നു). ന്തായാലും കരച്ചിലിന്റെ വക്കെത്തിനിന്ന എന്റെ മുഖഭാവമൊന്നും കൂളിംഗ് ഗ്ലാസ്സ് വച്ചിട്ടുള്ളതിനാൽ ആ ചേച്ചിക്ക്  പിടികിട്ടിയില്ലെന്നു തോന്നുന്നു. ന്തായാലും ഫാൻസി ഡ്രസ്സ് കോംപ റ്റീഷൻ തുടങ്ങി. 
ആദ്യനറുക്ക് എനിക്ക് തന്നെയായിരുന്നു. സ്റ്റേജിൽ കയറിയതും ചേച്ചിയുടെ ഹീലുള്ള ചെരുപ്പിട്ട് മറിഞ്ഞുവീഴാതിരിക്കാൻ ശ്രദ്ധിച്ചുനടന്നതിനാലും, ജെസ്സി ചേച്ചിയുടെ ക്രിസ്തുമസ് ഫാദർ രൂപം കണ്ട ഭയപ്പാടിനാലും ആകെ അങ്കലാപ്പിലാണ് ഞാൻ സ്റ്റേജിൽ പ്രകടനം നടത്തിയത്. ഹെഡ് മാസ്റ്റർ സാർ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു. സാറാണെങ്കിൽ ഊറിച്ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ടിട്ട് എനിക്കല്പം ജാള്യം തോന്നാതിരുന്നില്ല. എങ്കിലും ചെരുപ്പിന്റെ ഒരു ബുദ്ധിമുട്ടും,കൂളിംഗ് ഗ്ലാസ്സിലൂടെയുള്ള മങ്ങിയ വെളിച്ചവും ഒക്കെയായി അവിടെങ്ങാനും തട്ടിപ്പിടഞ്ഞു വീഴാതെ ഞാൻ ഒരു വിധേന പ്രകടനം നടത്തി തിരിച്ചു റൂമിലെത്തുമ്പോൾ നാടകം കളിക്കാനുള്ള ആർക്കോ വേണ്ടി എന്റെ കൂളിംഗ് ഗ്ലാസ് വന്നു വാങ്ങികൊണ്ടുപോയി. വേഷഭൂഷാധികൾ അഴിച്ചു മാറ്റി കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ചു ഞാനവിടിരിക്കുമ്പോഴും ക്രിസ്തുമസ്സ് ഫാദർ നമ്മുടെ ജെസ്സി ചേച്ചി എന്നെ കൈ കൊണ്ടെന്തോ ആംഗ്യം ഒക്കെ കാണിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഉറക്കെ കരയണമെന്നോ, ഓടിപ്പോവണ മെന്നോ ഒക്കെ തോന്നുന്നുണ്ടായിരുന്നു .
എന്തായാലും ചേച്ചിയുടെ നമ്പർ വിളിച്ചതും ചേച്ചി എണീറ്റ് പോയതും പെർഫോമെൻസ് കഴിഞ്ഞു തിരികെവന്നതും വേഷം അഴിച്ചുമാറ്റുന്നതും ഒക്കെ നടക്കുമ്പോഴും ഞാനെന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് ഒരേ ഇരുപ്പ്. ഫാൻസി ഡ്രസ്സ് കോംപറ്റീഷൻ കഴിഞ്ഞു നാടകം തുടങ്ങുന്നു എന്ന് അനൌണ്സ്മെന്റ്. ഞാനപ്പോഴും എന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരുപ്പാണ്. പോരാത്തതിനു അതെ സ്കൂളിൽ പഠിക്കുന്ന എന്റെ ഗോക്കുട്ടൻഏട്ടൻ കൂളിംഗ് ഗ്ലാസ്സ് വിഷയം ആരോ പറഞ്ഞറിഞ്ഞ് എന്നെ വന്നു കുറെ ശകാരിച്ചിട്ടും പോയിട്ടുണ്ട്. "ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ്സ് നീ സൂക്ഷിച്ചില്ലെന്നും ആരുടെ കൈയിലാ കൊടുത്തിരിക്കുന്നത് എന്നറിയാമോ "എന്നൊക്കെ ചോദിച്ചിട്ടും ഞാൻ വാപൊളിച്ചിരുന്നതല്ലാതെ ഒന്നും അറിയില്ല. "അതിനി കിട്ടും ന്നു തോന്നുന്നില്ല ന്നൊക്കെ എന്നെ പറഞ്ഞു പേടിപ്പിച്ചിട്ട് ഏട്ടൻ സ്ഥലം വിട്ടു. ഏട്ടൻ നേരത്തെ ചെന്നു റിപ്പോർട്ട് ചെയ്യുമെന്നുറപ്പായി. എങ്ങാനും അതില്ലാതെ ചെന്നാൽ കിട്ടുന്ന അടിയുമോർത്തു വിഷമിച്ചിരിക്കുമ്പോൾ ഫാൻസി ഡ്രസ്സി ൻറെ ഫലപ്രഖ്യാപനം  മൈക്കിലൂടെ ...........
"ഒന്നാം സമ്മാനം ........................" ഒന്നാം സ്ഥാനം ജെസ്സിചേച്ചിക്കായിരുന്നു. അന്നെനിക്ക് രണ്ടാംസ്ഥാനം കിട്ടിയെങ്കിലും അതിൽ സന്തോഷിക്കാനോ, ദുഖി ക്കാനോ ഒന്നും ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.ഇതിനിടയിൽ ആരോ കൂളിംഗ് ഗ്ലാസ്സ് കൊണ്ടുതന്നിട്ടു ഓടിപ്പോയി. കൂളിംഗഗ്ലാസ്സിലേക്ക്  നോക്കിയ ഞാൻ ഞെട്ടിപോയി. അതിന്റെ ഫ്രെയിം ഒടിഞ്ഞിരിക്കുന്നു. കരയണോ? ചിരിക്കണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാൻവിഷമിച്ചു നിൽക്കുമ്പോൾ ആരോ അവിടെ പറയുന്ന കേട്ടു "ഫാൻസി ഡ്രസ്സിനു ക്രിസ്തുമസ്സ് ഫാദർ മുഖംമൂടിവച്ചല്ലേ കളിച്ചത് . പിന്നെങ്ങനെ അവർക്ക് ഒന്നാംസ്ഥാനം കിട്ടി."ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ വേഗം വീട്ടിലേക്കു തിരിച്ചു. ഓടിയോ, നടന്നോ എന്നൊന്നുമറിയില്ല വഴിനീളെ ഏട്ടനെ തിരയുന്നുണ്ടായിരുന്നു ദൂരെ മുന്നെയെങ്ങാനും പോവുന്നുണ്ടോ? എവിടെ ഏട്ടന്റെ പൊടിപോലും കാണാൻ കഴിഞ്ഞില്ല. ആദ്യേ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഓടിപ്പോയതാണെന്നു മനസ്സിലായി. വീട്ടിൽ ചെന്നപ്പോഴത്തെ പുകിലൊന്നും പറയാനില്ല. മൂത്തചേച്ചിയുടെയും പോരാത്തതിനു മറ്റുള്ളവരുടെയും വക ശാസന. "അവനവന്റെ സാധനങ്ങൾ സൂക്ഷിക്കാൻ പഠിക്കണം" ചേച്ചി കൂളിഗ് ഗ്ലാസ്സ് മേടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്നുണ്ടായിരുന്നു. (ചേട്ടൻ സിക്കിമിൽ തിരികെ പോയിരുന്നു.) ഞാൻ മഹാപരാധം ചെയ്ത കണക്കെ തലയും കുനിച്ചു നിൽക്കുമ്പോൾ ചേച്ചിമാരോടായി അമ്മ പറയുന്ന കേട്ടു "പോട്ടെ അവൾ കൊച്ചുകുട്ടിയല്ലേ " .  " എന്തു കൊച്ചുകുട്ടി വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണംന്നറീല്ലേ ആരേലും ചോദിച്ചാൽ എടുത്തങ്ങു കൊടുത്തെക്കുവാ എന്നിട്ട് വന്നു നിൽക്കണ നില്പ് കണ്ടില്ലേ " എന്റെ മറ്റു രണ്ടു ചേച്ചിമാരാണ് കേട്ടോ ഈ വില്ലത്തിമാർ. എന്റെ വിജയമ്മചേച്ചിയും, വഞ്ചെച്ചി യും. രണ്ടും വലിയ സാറന്മാരാണെന്നാ ഭാവം എന്തിനും ഏതിനും എന്നെ മര്യാദ പടിപ്പിക്കലാ രണ്ടിന്റെയും പണി. അമ്മയാ ഈ കൊച്ചിനെ ഇങ്ങനെ വഷ ളാക്കി വച്ചിരിക്കുന്നെ ഒരു സാധനം സൂക്ഷിക്കില്ല കാതിലെ കമ്മൽ എത്ര തവണ കളഞ്ഞിട്ടു വന്നിരിക്കണ് " ഇങ്ങനെ ഇവർ രണ്ടുപേർ ചേർന്ന് എനിക്കെതിരെ കുറെ ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുമ്പോഴും ഏട്ടൻ ഇതെല്ലാം ആസ്വദിച്ച് എനിക്കു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ടായിരുന്നു. ചേച്ചി കൂളിംഗ് ഗ്ലാസ്സുമായി  അകത്തേക്ക് നടക്കുന്നതിനിടയിൽ പറയുന്ന കേട്ടു "പോട്ടെ സാരമില്ലെടീ അവൾ സെക്കണ്ട് പ്രൈസ് ഒക്കെ വാങ്ങി വന്നതല്ലേ ഇനി അവളെ കരയിക്കാൻ നോക്കണ്ട" . അത് കേട്ടതും ഞാനോടി അകത്തെ മുറിയിലേക്ക് വരുമ്പോൾ 'ദാണ്ടേ ഒളിഞ്ഞു നിൽക്കുന്നു എന്റെ രമണിയേച്ചി'. എന്നെ കണ്ടതും മുഖംപൊത്തി ചിരി അടക്കി നില്ക്കയാണ്  നിനക്കതു വരണം ന്നുള്ള മട്ടിൽ. എന്താന്നല്ലേ ചേച്ചിയുടെ പെർഫോമെൻസ് കോപ്പിയടിച്ചതിന്റെ പ്രതികാരം. 

Friday, 19 December 2014

എൻറെ വിദ്യാലയ സ്മരണകൾ

എന്റെ പ്രിയ കൂട്ടുകാർക്ക്,
നിങ്ങളുടെ ഇടയിലേക്ക് വരൂന്നതിനു മുൻപ് മലയാളം ന്യൂസിൽ കൊടുത്ത "വിദ്യാലയസ്മരണകൾ" എന്ന ഓർമകുറിപ്പ് "സ്നേഹം തിരയടിക്കുന്ന ഗുരുസാഗരം" എന്ന തലക്കെട്ടോടുകൂടി ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചു  വന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വായിച്ചു നിങ്ങളുടെ
അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു .
                      .....................................................................................................................


      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.