രാജമ്മചേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ മൂത്ത ചേച്ചിയും,ചേട്ടനും ആദ്യമായി സിക്കിമിൽ നിന്ന് അവധിക്കു വന്ന സമയം. അച്ഛന് ചേട്ടൻ ഒരു കറുത്ത റെയിൻകോട്ട് സമ്മാനിച്ചു. ചേച്ചിയാണെങ്കിൽ ഞങ്ങൾക്കൊക്കെ വിവിധവർണ്ണങ്ങളിലുള്ള സ്കാർഫുകൾ (ഇന്നത്തെ ചെറിയ ഷാൾ ) , പിന്നെ നെയിൽപോളിഷ്,ചെറിയപേളുമാലകൾ,ലിപ് സ്റ്റിക്ക്, പൊട്ടുകുത്താൻ കുറെ ഡിസൈൻസുള്ള അച്ചുകൾ ഇവയൊക്കെ സമ്മാനമായി കൊണ്ടുവന്നിരുന്നു. കുട്ടികളായ ഞങ്ങൾക്കു ഇതെല്ലാം വലിയ കൌതുകവും, ആഹ്ലാദവും നല്കി.
ഹൈസ്കൂളിൽ പഠിക്കുന്ന എന്റെ രമണിയേച്ചി എന്നു ഞാൻ വിളിക്കുന്ന എന്റെ മറ്റൊരു ചേച്ചി അവരുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു ആ റെയിൻ കോട്ടും ഇട്ട് ,രാജമ്മ ചേച്ചിയുടെ ഹാൻഡ്ബാഗ്, ഫോറിൻ പൂക്കുട ഒക്കെ പിടിച്ചു ചേട്ടന്റെ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച്, പിന്നെ സ്കാർഫ് ഒക്കെ തലയിൽ ചുറ്റി മുഖത്തു കുറെ മിനുക്കുപണികൾ ഒക്കെ ചെയ്ത് സ്റ്റേജിൽ ഒരു പെർഫൊമൻസ് നടത്തി. ആൾ നല്ലവെളുത്തിട്ടാണ് ,കാണാനും നല്ല സ്മാർട്ട്. ചേച്ചിമാർ"മദാമ്മ സ്റ്റൈൽ "എന്നൊക്കെ വിശേഷിപ്പിക്കണ കേട്ടു. എന്തെങ്കിലുമാവട്ടെ "ഫാൻസി ഡ്രെസിന് " ഒന്നാം സമ്മാനവുമായെത്തിയ ചേച്ചി പിന്നെ നിലത്തും താഴത്തും ഒന്നുമല്ലായിരുന്നു. ചേച്ചിമാരെല്ലാവരും ചേർന്ന് പൊക്കിപറച്ചിലും,പ്രശംസയും. അഞ്ചാംക്ലാസ്സിൽ പഠിക്കണ എനിക്ക് ഇതൊന്നും അത്ര സുഖിക്കുന്നുമുണ്ടായിരുന്നില്ല. തന്നെയുമല്ല ഇതിനുശേഷം ചേച്ചിക്കല്പം ഗമകൂടിയോ എന്നും ഒരു സംശയം! നെയിൽ പോളിഷ്, പൊട്ട്, ലിപ് സ്റ്റിക്ക് ഇത്യാദി സാധനങ്ങളിലൊക്കെ ഞാൻ കൈ വച്ചാൽ ചേച്ചി എന്നെ വിരട്ടും. "നെയിൽ പോളിഷ് ചേച്ചി വേണ്ടപ്പോൾ ഇട്ടുതരാം, ല്ലാച്ചാൽ നീ ഒക്കെ തട്ടിമറിച്ചിടും, അച്ച് കണ്മഷിയിൽ കുത്തി മുഖത്തെല്ലാം കരിവാരിതേക്കും, ലിപ് സ്റ്റിക് എപ്പോഴും വാരിത്തേക്കാൻ പാടില്ലാത്രേ, അസുഖം വരും " ഇങ്ങനെ ചില നിബന്ധനകൾ ഒക്കെ രമണിയേച്ചി എന്റെ മുന്നിൽ നിരത്തിയതും എല്ലാം എന്നിൽ അല്പം വാശിയും, കുശുമ്പുമൊക്കെ ഉടലെടുത്തു എന്നുള്ളത് യാഥാർഥ്യം.
ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു സമയമായപ്പോൾ "ഫാൻസി ഡ്രസ്സ്" കോംപറ്റീഷന് ചേരാൻ ഞാനും വാശി പിടിച്ചു. കൊച്ചുകുട്ടിയായതിനാൽ ഇതിന്റെയൊക്കെ പിറകെ വരേണ്ട പൊല്ലാ പ്പോർത്തിട്ടാണോ,അതോ ചേച്ചിയുടെ അത്ര നിറവും ഒന്നും ഇല്ലാഞ്ഞാണോ എന്തോ ആരും ഇതത്ര ഗൌനിക്കുന്നുണ്ടായിരുന്നില്ല, ഞാൻ അമ്മയുടെ അടുത്ത് ഒരേ വാശി. ബഹളം മൂത്ത് പാവം അമ്മ അനുവാദം തന്നു. മറ്റൊരു സ്കൂളിലായതിനാൽ കുഴപ്പമില്ലെങ്കിലും രമണിയേച്ചിക്കിതത്ര സുഖിച്ചില്ല. ആൾ പ്രൈസ് ഒക്കെ നേടി ഷൈൻ ചെയ്തിക്കുന്ന സമയമല്ലേ?
എന്തായാലും ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു ഞാനും പേര് കൊടുത്തു. സാധനസാമഗ്രികൾ ഒക്കെ മൂത്ത ചേച്ചി എനിക്കും തന്നു വിട്ടെങ്കിലും ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ് അല്പം മടിച്ചാണ് തന്നുവിട്ടത്. സ്കൂളിലെ മുതിർന്ന രണ്ടു ചേച്ചിമാർ ചേർന്ന് എന്നെ ഇതൊക്കെ ഇത്തിരി കഷ്ടപ്പെട്ട് അണിയിപ്പിച്ചു. എന്നെപ്പോലെ നാലുപേർക്കു കൂടി കയറി ഇറങ്ങാവുന്ന വലുപ്പത്തിലുള്ള റെയിൻകോട്ടും ഇട്ട്, നീലയിൽ വെള്ളപ്പൂക്കളുള്ള സ്കാർഫ് ചേച്ചിമാരോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു താടിക്ക് വച്ച് മുറുക്കി കെട്ടിയതു പോരാഞ്ഞ് പിൻകൂടി ചെയ്തു തരാൻ. കാരണം എങ്ങാനും അഴിഞ്ഞു പോയാലോ?
അതിനാൽ കഴുത്തിനല്പം പിടുത്തം ഉണ്ടായിരുന്നെങ്കിലും ഞാനതൊക്കെ ഒരു സ്റ്റൈൽ ആക്കി അങ്ങനെ ഇരിക്കയാണ്. കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്തു വച്ചിരിക്കുന്നതിനാൽ ആകെ മുറിക്കകത്തൊക്കെ ഒരു മൂടൽ പോലെ . ഒരുക്കിത്തന്ന ചേച്ചിമാർ ചില നിർദേശങ്ങൾ തന്നു "പേര് അനൌണ്സ് ചെയ്യുമ്പോഴേക്കും നടന്നു ചെല്ലണം, അങ്ങനെ,ഇങ്ങനെ" ന്നൊക്കെ പറഞ്ഞു. ഹാൻഡ്ബാഗ് തോളിൽ ഇട്ടുതന്നു. പോരാത്തതിന് ചേച്ചിയുടെ സ്വല്പം ഹീലുള്ള ചെരുപ്പും കാലിൽ ഫിറ്റു ചെയ്തിട്ടുണ്ട്. അതാണെങ്കിൽ വലുപ്പക്കൂടുതലിനാൽ അല്പം പുറകോട്ടുനീണ്ടു കിടപ്പുണ്ടു താനും. അമ്മ "വീഴാനാണ് കുഞ്ഞേ " ന്നൊക്കെ മുന്നറിയിപ്പ് തന്നെങ്കിലും "ല്ലാമ്മേ അതൊക്കെ ശ്രദ്ധിച്ചോ ളാം" ന്ന എന്റെ വാക്കിന്റെ പുറത്തു അമ്മ അനുവാദം തന്നുവിട്ടതാണ്. ഇത് രാജമ്മ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുമില്ല. ചേച്ചിയോട് നേരിട്ട് ചോദിച്ചാൽ ചെരുപ്പ് തന്നുവിട്ടില്ലെങ്കിലോ ന്നു പേടിച്ചു ചേച്ചി കാണാതെആണ് ഇതടിച്ചു മാറ്റി അമ്മയുടെ പെർമിഷൻ ഒക്കെ വാങ്ങിയത് .പാവം എന്റെ അമ്മ ഇത് ചേച്ചി യോട് ഞാൻ ചോദിച്ചു വാങ്ങി എന്നൊക്കെ ആവും ധരിച്ചത്. ചുവപ്പിൽ വെള്ളപ്പൂക്കളുള്ള ഫോറിൻകുട സ്റ്റേജിൽ കയറാൻ നേരം നിവർത്തിയാൽ മതിയെന്നൊക്കെ പറഞ്ഞു ചേച്ചിമാർ പോയതും ഞാൻ കുട നിവർത്തിപ്പിടിച്ചു തന്നെ ഇരുപ്പാണ്. (ചേച്ചിമാർക്ക് അങ്ങനെയൊക്കെ പറയാം അന്നേരം വെപ്രാളത്തിൽ കുട നിവർന്നില്ലെങ്കിലോ?") അവിടെയിരുന്ന ആരുടെയോ ഒരു കുഞ്ഞുകണ്ണാടിയിൽ നോക്കി ഓരോരോ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു( ചിരിച്ച്, അല്പം ഗൌരവംവരുത്തിനോക്കി,പുഞ്ചിരിച്ചു നോക്കി) ഇങ്ങനെ സൌന്ദര്യം ആസ്വദിച്ചു അവിടെക്കിടന്ന ഒരു കസേരയിൽ ഞാനിരുപ്പാണ്. കണ്ണാടിയിൽ നോക്കിയിട്ടും ആകെയൊരു മൂടൽ തോന്നിക്കുന്നുണ്ടെങ്കിലും ഞാൻ കൂളിംഗ് ഗ്ലാസ് മാറ്റാനൊന്നും മിനക്കെട്ടില്ല. ഇതൊക്കെ ചേച്ചിയോട് ചോദിച്ചു മേടിച്ചതിന്റെ പെടാപ്പാടു എനിക്കല്ലേ അറിയൂ. എനിക്കാണെങ്കിൽ ഇതൊക്കെ ഒന്ന് കയിൽ കിട്ടിയതിന്റെ സന്തോഷവും , പരവേശവും ഒന്നും പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ന്റെ രമണി യേച്ചിയെ ഒന്ന് തോല്പിക്കണം ന്ന വാശിയും. ന്താ ഗമ ഞാനങ്ങുവരട്ടെ കാണിച്ചുതരുന്നുണ്ട് ന്നൊക്കെ വിചാരിച്ചങ്ങനെ ഇരിക്കുന്മ്പോ "മോളെ മോളെ" ന്നുള്ള വിളികേട്ടാണ് ഞാൻ തൊട്ടപ്പുറത്തിരിക്കുന്ന ആളിനെ ശ്രദ്ധിച്ചത്. എന്റെ ഏട്ടന്റെ ക്ലാസ്സിൽ പഠിക്കുന്ന ജെസ്സി ചേച്ചി ആയിരുന്നു അത്. ചേച്ചിയെ രണ്ടുമൂന്ന് പേർചേർന്ന് ഒരുക്കുകയാണ്. പ്രച്ഛന്നവേഷമത്സരത്തിനാണെന്നു മനസ്സിലായെങ്കിലും എന്ത് വേഷമാണെന്നൊന്നും അന്നേരം പിടികിട്ടിയില്ല. ചേച്ചിക്കെന്നെ കണ്ടിട്ട് ചിരിവരുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ചേച്ചിയുടെ എത്രാമത്തെ നമ്പർ ആണെന്ന് തിരക്കി. ഞാൻ കഴിഞ്ഞാണ് ചേച്ചിയുടെ ഊഴം ന്നു മനസ്സിലായി. അല്പം ടെൻഷനോടെ അവിടെയിരിക്കുന്ന ഞാൻ ഇടയ്ക്കിടെ ആരൊക്കെയോ ഒരുങ്ങുകയോ, മുഖംനോക്കയോ ഒക്കെ ചെയ്തിട്ട് വച്ചുപോകുന്ന ആ കുഞ്ഞുകണ്ണാടി എടുത്ത് മുഖഭാവങ്ങൾ മാറ്റി വരുത്തിനോക്കിയിരിപ്പാണ്. വീണ്ടും ആരെങ്കിലും കണ്ണാടി തിരക്കുന്പോൾ ഞാനോടിക്കൊണ്ടു കൊടുക്കും അവർ ആവശ്യം കഴിഞ്ഞു വച്ചാൽ വീണ്ടും ഞാനാക്കണ്ണാടി കൈക്കലാക്കി സൌന്ദര്യം ആസ്വദിച്ചുള്ള എന്റെയാ ഇരുപ്പ് ജെസ്സി ചേച്ചിക്കും കൂട്ടുകാർക്കും ചിരിക്കു വകനല്കുന്നു എന്നെനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു പോരാത്തതിനു ഇടക്കിടെ അവർ എന്നെ വിളിക്കയും ചിരിക്കയും ഒക്കെ ചെയ്യണ കേൾക്കുന്നുണ്ടെങ്കിലും ഞാനതിലൊന്നും വലിയ ശ്രദ്ധകൊടുക്കാതെ കണ്ണാടിയിൽ നോക്കി ഇരുപ്പ് തുടർന്നു. തൊട്ടടുത്ത സ്റ്റേജിൽ പാട്ടോ,കൂത്തോ ഒക്കെ നടക്കണ ശബ്ദം കേൾക്കുന്നുണ്ട്. ഇടയ്ക്കു ഞാനോടിപ്പോയി ജെസ്സി ചേച്ചിയെ പ്രത്യേകം ഓർമ്മിപ്പിച്ചു " നമ്മുടെ കോംപറ്റീ ഷൻ തുടങ്ങാൻ നേരം എന്നോടൂടെ പറയണേ ചേച്ചി".
ചേച്ചിതന്ന ഉറപ്പിന്റെ ബലത്തിൽ കണ്ണാടിയിലും നോക്കി ഞാനിരിക്കവെ ഞങ്ങൾ ഇരുന്ന ആ മുറി പതിയെ നിശബ്ദമായീന്നു തോന്നുന്നു "ശ് ശ്" ന്നുള്ള വിളികേട്ട ഞാൻ കണ്ണാടിയിൽ നിന്നും ശ്രദ്ധതിരിച്ച് നോക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന രൂപം കണ്ടു ഞാൻ ചെറുതായൊന്നു ഞെട്ടി.ന്തോ ഒരു വെള്ള ഉടുപ്പൊക്കെ ഇട്ടു ചിരിച്ചുകൊണ്ടിരുന്ന ജെസ്സി ചേച്ചി തന്നെയോ ഇത്!! ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അവിടെ ഞങ്ങൾ രണ്ടാളും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭയം മൂലം എനിക്ക് ചെറിയ കരച്ചിൽ വരുന്നുണ്ടായിരുന്നു. ന്താന്നല്ലേ? ചേച്ചി ക്രിസ്തുമസ്സ് ഫാദറിന്റെ വേഷമാണ് കെട്ടിയിരിക്കുന്നത്. ആ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ആ പ്രായത്തിലൊക്കെ കരോളുകാർക്കൊപ്പം വരുന്ന ഈ ഫാദറിനെ ഞാനല്പം ഭയത്തോടെ ആണ് കണ്ടിരുന്നത്. (എന്റെ മകനും കുഞ്ഞുന്നാളുകളിൽ ക്രിസ്തുമസ്സ് ഫാദറിനെ കണ്ടാൽ കരഞ്ഞുകൊണ്ടോടി വരുമായിരുന്നു). ന്തായാലും കരച്ചിലിന്റെ വക്കെത്തിനിന്ന എന്റെ മുഖഭാവമൊന്നും കൂളിംഗ് ഗ്ലാസ്സ് വച്ചിട്ടുള്ളതിനാൽ ആ ചേച്ചിക്ക് പിടികിട്ടിയില്ലെന്നു തോന്നുന്നു. ന്തായാലും ഫാൻസി ഡ്രസ്സ് കോംപ റ്റീഷൻ തുടങ്ങി.
ആദ്യനറുക്ക് എനിക്ക് തന്നെയായിരുന്നു. സ്റ്റേജിൽ കയറിയതും ചേച്ചിയുടെ ഹീലുള്ള ചെരുപ്പിട്ട് മറിഞ്ഞുവീഴാതിരിക്കാൻ ശ്രദ്ധിച്ചുനടന്നതിനാലും, ജെസ്സി ചേച്ചിയുടെ ക്രിസ്തുമസ് ഫാദർ രൂപം കണ്ട ഭയപ്പാടിനാലും ആകെ അങ്കലാപ്പിലാണ് ഞാൻ സ്റ്റേജിൽ പ്രകടനം നടത്തിയത്. ഹെഡ് മാസ്റ്റർ സാർ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു. സാറാണെങ്കിൽ ഊറിച്ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ടിട്ട് എനിക്കല്പം ജാള്യം തോന്നാതിരുന്നില്ല. എങ്കിലും ചെരുപ്പിന്റെ ഒരു ബുദ്ധിമുട്ടും,കൂളിംഗ് ഗ്ലാസ്സിലൂടെയുള്ള മങ്ങിയ വെളിച്ചവും ഒക്കെയായി അവിടെങ്ങാനും തട്ടിപ്പിടഞ്ഞു വീഴാതെ ഞാൻ ഒരു വിധേന പ്രകടനം നടത്തി തിരിച്ചു റൂമിലെത്തുമ്പോൾ നാടകം കളിക്കാനുള്ള ആർക്കോ വേണ്ടി എന്റെ കൂളിംഗ് ഗ്ലാസ് വന്നു വാങ്ങികൊണ്ടുപോയി. വേഷഭൂഷാധികൾ അഴിച്ചു മാറ്റി കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ചു ഞാനവിടിരിക്കുമ്പോഴും ക്രിസ്തുമസ്സ് ഫാദർ നമ്മുടെ ജെസ്സി ചേച്ചി എന്നെ കൈ കൊണ്ടെന്തോ ആംഗ്യം ഒക്കെ കാണിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഉറക്കെ കരയണമെന്നോ, ഓടിപ്പോവണ മെന്നോ ഒക്കെ തോന്നുന്നുണ്ടായിരുന്നു .
എന്തായാലും ചേച്ചിയുടെ നമ്പർ വിളിച്ചതും ചേച്ചി എണീറ്റ് പോയതും പെർഫോമെൻസ് കഴിഞ്ഞു തിരികെവന്നതും വേഷം അഴിച്ചുമാറ്റുന്നതും ഒക്കെ നടക്കുമ്പോഴും ഞാനെന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് ഒരേ ഇരുപ്പ്. ഫാൻസി ഡ്രസ്സ് കോംപറ്റീഷൻ കഴിഞ്ഞു നാടകം തുടങ്ങുന്നു എന്ന് അനൌണ്സ്മെന്റ്. ഞാനപ്പോഴും എന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരുപ്പാണ്. പോരാത്തതിനു അതെ സ്കൂളിൽ പഠിക്കുന്ന എന്റെ ഗോക്കുട്ടൻഏട്ടൻ കൂളിംഗ് ഗ്ലാസ്സ് വിഷയം ആരോ പറഞ്ഞറിഞ്ഞ് എന്നെ വന്നു കുറെ ശകാരിച്ചിട്ടും പോയിട്ടുണ്ട്. "ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ്സ് നീ സൂക്ഷിച്ചില്ലെന്നും ആരുടെ കൈയിലാ കൊടുത്തിരിക്കുന്നത് എന്നറിയാമോ "എന്നൊക്കെ ചോദിച്ചിട്ടും ഞാൻ വാപൊളിച്ചിരുന്നതല്ലാതെ ഒന്നും അറിയില്ല. "അതിനി കിട്ടും ന്നു തോന്നുന്നില്ല ന്നൊക്കെ എന്നെ പറഞ്ഞു പേടിപ്പിച്ചിട്ട് ഏട്ടൻ സ്ഥലം വിട്ടു. ഏട്ടൻ നേരത്തെ ചെന്നു റിപ്പോർട്ട് ചെയ്യുമെന്നുറപ്പായി. എങ്ങാനും അതില്ലാതെ ചെന്നാൽ കിട്ടുന്ന അടിയുമോർത്തു വിഷമിച്ചിരിക്കുമ്പോൾ ഫാൻസി ഡ്രസ്സി ൻറെ ഫലപ്രഖ്യാപനം മൈക്കിലൂടെ ...........
"ഒന്നാം സമ്മാനം ........................" ഒന്നാം സ്ഥാനം ജെസ്സിചേച്ചിക്കായിരുന്നു. അന്നെനിക്ക് രണ്ടാംസ്ഥാനം കിട്ടിയെങ്കിലും അതിൽ സന്തോഷിക്കാനോ, ദുഖി ക്കാനോ ഒന്നും ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.ഇതിനിടയിൽ ആരോ കൂളിംഗ് ഗ്ലാസ്സ് കൊണ്ടുതന്നിട്ടു ഓടിപ്പോയി. കൂളിംഗഗ്ലാസ്സിലേക്ക് നോക്കിയ ഞാൻ ഞെട്ടിപോയി. അതിന്റെ ഫ്രെയിം ഒടിഞ്ഞിരിക്കുന്നു. കരയണോ? ചിരിക്കണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാൻവിഷമിച്ചു നിൽക്കുമ്പോൾ ആരോ അവിടെ പറയുന്ന കേട്ടു "ഫാൻസി ഡ്രസ്സിനു ക്രിസ്തുമസ്സ് ഫാദർ മുഖംമൂടിവച്ചല്ലേ കളിച്ചത് . പിന്നെങ്ങനെ അവർക്ക് ഒന്നാംസ്ഥാനം കിട്ടി."ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ വേഗം വീട്ടിലേക്കു തിരിച്ചു. ഓടിയോ, നടന്നോ എന്നൊന്നുമറിയില്ല വഴിനീളെ ഏട്ടനെ തിരയുന്നുണ്ടായിരുന്നു ദൂരെ മുന്നെയെങ്ങാനും പോവുന്നുണ്ടോ? എവിടെ ഏട്ടന്റെ പൊടിപോലും കാണാൻ കഴിഞ്ഞില്ല. ആദ്യേ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഓടിപ്പോയതാണെന്നു മനസ്സിലായി. വീട്ടിൽ ചെന്നപ്പോഴത്തെ പുകിലൊന്നും പറയാനില്ല. മൂത്തചേച്ചിയുടെയും പോരാത്തതിനു മറ്റുള്ളവരുടെയും വക ശാസന. "അവനവന്റെ സാധനങ്ങൾ സൂക്ഷിക്കാൻ പഠിക്കണം" ചേച്ചി കൂളിഗ് ഗ്ലാസ്സ് മേടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്നുണ്ടായിരുന്നു. (ചേട്ടൻ സിക്കിമിൽ തിരികെ പോയിരുന്നു.) ഞാൻ മഹാപരാധം ചെയ്ത കണക്കെ തലയും കുനിച്ചു നിൽക്കുമ്പോൾ ചേച്ചിമാരോടായി അമ്മ പറയുന്ന കേട്ടു "പോട്ടെ അവൾ കൊച്ചുകുട്ടിയല്ലേ " . " എന്തു കൊച്ചുകുട്ടി വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണംന്നറീല്ലേ ആരേലും ചോദിച്ചാൽ എടുത്തങ്ങു കൊടുത്തെക്കുവാ എന്നിട്ട് വന്നു നിൽക്കണ നില്പ് കണ്ടില്ലേ " എന്റെ മറ്റു രണ്ടു ചേച്ചിമാരാണ് കേട്ടോ ഈ വില്ലത്തിമാർ. എന്റെ വിജയമ്മചേച്ചിയും, വഞ്ചെച്ചി യും. രണ്ടും വലിയ സാറന്മാരാണെന്നാ ഭാവം എന്തിനും ഏതിനും എന്നെ മര്യാദ പടിപ്പിക്കലാ രണ്ടിന്റെയും പണി. അമ്മയാ ഈ കൊച്ചിനെ ഇങ്ങനെ വഷ ളാക്കി വച്ചിരിക്കുന്നെ ഒരു സാധനം സൂക്ഷിക്കില്ല കാതിലെ കമ്മൽ എത്ര തവണ കളഞ്ഞിട്ടു വന്നിരിക്കണ് " ഇങ്ങനെ ഇവർ രണ്ടുപേർ ചേർന്ന് എനിക്കെതിരെ കുറെ ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുമ്പോഴും ഏട്ടൻ ഇതെല്ലാം ആസ്വദിച്ച് എനിക്കു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ടായിരുന്നു. ചേച്ചി കൂളിംഗ് ഗ്ലാസ്സുമായി അകത്തേക്ക് നടക്കുന്നതിനിടയിൽ പറയുന്ന കേട്ടു "പോട്ടെ സാരമില്ലെടീ അവൾ സെക്കണ്ട് പ്രൈസ് ഒക്കെ വാങ്ങി വന്നതല്ലേ ഇനി അവളെ കരയിക്കാൻ നോക്കണ്ട" . അത് കേട്ടതും ഞാനോടി അകത്തെ മുറിയിലേക്ക് വരുമ്പോൾ 'ദാണ്ടേ ഒളിഞ്ഞു നിൽക്കുന്നു എന്റെ രമണിയേച്ചി'. എന്നെ കണ്ടതും മുഖംപൊത്തി ചിരി അടക്കി നില്ക്കയാണ് നിനക്കതു വരണം ന്നുള്ള മട്ടിൽ. എന്താന്നല്ലേ ചേച്ചിയുടെ പെർഫോമെൻസ് കോപ്പിയടിച്ചതിന്റെ പ്രതികാരം.
ഒരു കൂളിംഗ് ഗ്ലാസ് വരുത്തിവെച്ച വിന അല്ലെ.
ReplyDeleteവായനക്ക് ഒരുപാട് നന്ദി റാംജീ
Deleteതിരിഞ്ഞു നോക്കുമ്പോൾ ഇങ്ങിനെ എത്രയെത്ര മധുരമുള്ള ഓർമ്മകളാണ് നമുക്കൊക്കെ ....! നന്നായി എഴുതിയിരിക്കുന്നു ഗീതാ....
ReplyDeleteവായിച്ചുവല്ലോ ഒരുപാടു സന്തോഷമുണ്ട് .
Deleteബാല്യത്തിലെ ഓർമ്മകൾ... അതിന്റെ മാധുര്യം ഒന്ന് വേറെ തന്നെ... പോരട്ടെ ഇനിയും..
ReplyDeleteവായിച്ചതിൽ സന്തോഷമുണ്ട്.
Deleteവായിക്കാന്‍ നല്ല രസായിരുന്നുട്ടോ... യുവജനോല്‍സവ വേദിയും, വീട്ടിലെ കൊച്ചു അടിപിടികളും... എത്ര എഴുതിയാലും പറഞ്ഞാലും മതിവരാത്ത എത്രയെത്ര കഥകള്‍!
ReplyDeleteമുബീ വായിച്ചുവല്ലോ സന്തോഷമായി.
Deleteയുവജനോത്സവങ്ങൾ മധുരിക്കുന്ന ഓർമ്മകൾ തന്നെ.
ReplyDeleteആശംസകൾ.
വായനക്ക് നന്ദി ഡോക്ടർ.
Deleteനന്നായിട്ടുണ്ട്, ഓർമകളെ ആ നല്ല നാളുകളിലേക്ക് കൂട്ടി കൊണ്ട് പോയി, നാം ആസ്വദിച്ച, പ്രവാസി ജീവിതത്തിനിടക്ക് നാം നമ്മുടെ മക്കൾക്ക് നഷ്ടപ്പെടുത്തിയ ആ മനോഹര നാളുകളിലേക്ക്.
ReplyDeleteതുടർന്നും എഴുതുക, ആശംസകൾ
അമീൻ.. തിരക്കിനിടയിലും ഓടി വന്നുള്ള ഈ വായനയിൽ സന്തോഷമുണ്ട്. "നാം നമ്മുടെ മക്കൾക്ക് നഷ്ടപ്പെടുത്തിയ ആ മനോഹരനാളുകളിലേക്ക്" എത്ര ശരിയാണ് പറഞ്ഞത്. അതോർക്കുമ്പോൾ ഒരു ചെറിയ വിഷമം.
Deleteബാല്യകാലസ്മരണകളിലെ മധുരവും,കയ്പും ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.
ReplyDeleteആശംസകള്‍
സർ, വായിച്ചതിലും, അഭിപ്രായം രേഖപ്പെടുത്തിയതിലും ഒരുപാട് സന്തോഷം.
Deleteഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇരട്ടി മധുരമുള്ള ഓര്‍മ്മകള്‍ ,,,, ചിരിപ്പിച്ചു ,, ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ ഏതോ ഒരു കഥ പോലെ തോന്നും ,, നല്ല അവതരണം .
ReplyDeleteവായിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് ഫൈസൽ
Deleteനല്ല ഓര്‍മ്മകള്‍... നന്നായെഴുതി
ReplyDeleteവായിച്ചതിൽ ഒരുപാട് സന്തോഷം ശ്രീ
Deleteഎഴുത്ത് ഇഷ്ട്ടമായി, ആശംസകള്‍
ReplyDeleteവായിച്ചതിൽ സന്തോഷം അന്നൂസ്
Deleteബാല്യകാലസ്മരണകൾ...ഇഷ്ടപ്പെട്ടു എഴുത്ത്... :-)
ReplyDeleteവായിച്ചു അല്ലെ സംഗീത്. സന്തോഷം
Deleteരസമുണ്ട് വായിക്കാന്‍..
ReplyDeleteപുതിയവയൊന്നും കാണാനില്ല്യല്ലോ....
കുറച്ചു കാലമായി ബ്ലോഗ്ഗിലേക്കൊന്ന് നോക്കിയിട്ട്..
ReplyDeleteഇഷ്ടപ്പെട്ടു ഓർമ്മകൾ ..ആശംസകൾ
നല്ല ബാല്യകാല സ്മരണകൾ...
ReplyDelete