Friday 2 February 2018

കനലുകൾ

                    
                         
     
              
                                             
     എത്ര ധൃതി പിടിച്ചു ജോലികൾ തീർക്കാൻ നോക്കിയിട്ടും വീണ്ടും നോക്കുന്നതെല്ലാം പണികൾ തന്നെ. വേഗത്തിൽ എല്ലാം ഒന്നൊതുക്കിത്തീർത്ത് അമ്മയ്ക്കുള്ള ഭക്ഷണം എടുത്തുകൊടുക്കുമ്പോൾ 'അമ്മ ചോദിച്ചു " നീ കഴിച്ചുവോ..?" .    ഉവ്വെന്നോ... ഇല്ലെന്നോ മറുപടി നൽകാതെ കുളിക്കാനായി നീങ്ങി. 

     റെഡിയായിക്കൊണ്ടിരിക്കുമ്പോൾ പരാതി കേട്ടു " രാത്രി ഒറ്റപ്പോള കണ്ണടച്ചിട്ടില്ല.   വല്ലാത്തൊരു അസ്വസ്ഥത... പ്രഷർ ഒന്നുപോയി നോക്കിയാലോ.." . സ്ഥിരം പല്ലവി തന്നെ... ഇനീപ്പം എങ്ങോട്ടെങ്കിലും പോകുന്നുവെന്നു കേട്ടാൽ അമ്മേടെ വയ്യാഴിക ഇത്തിരികൂടും.  രണ്ടുദിവസം മുന്നേ ചെക്കപ്പ് കഴിഞ്ഞുവന്ന കാര്യം മറന്നതോ..  അതോ...?
പോകാനിറങ്ങുമ്പോഴും 'അമ്മ പിറുപിറുക്കുന്ന കേട്ടു.." ഒറ്റയ്ക്കിങ്ങനെ ... ഇത്രയും ദൂരം... ശിവനൊന്നും പറഞ്ഞില്ലേ..." . ' പോയ്വരട്ടെ ' എന്ന ഒറ്റവാക്കിൽ മറുപടി നൽകി വേഗം നടന്നു ബസ്സ്റ്റോപ്പിലേയ്ക്ക് .  പത്തരയുടെ ബസ് ഉണ്ടാവുമോ ..ആവോ.. 
" ട്രാൻസ്പോർട്ട് സ്റ്റാന്റിലെത്തിയാൽ നേരിട്ടുള്ള ബസ് കിട്ടുമല്ലോ.. അല്ലെ...എനിക്കിത്തിരി തിരക്കാണെന്നു പറഞ്ഞാൽ മതി...." ശിവേട്ടന്റെ സ്ഥിരം പല്ലവി.  ഇത്തിരി വിഷമം തോന്നാറുണ്ടെങ്കിലും എല്ലാം അങ്ങോട്ട് മൂളിക്കേൾക്കുക മാത്രം ചെയ്യും .  അല്ലെങ്കിലും ബന്ധുക്കവീട്ടിലെ മിക്ക ചടങ്ങുകളിൽ നിന്നും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറലാണ് ശിവേട്ടന്റെ പതിവ്.  തനിക്കുനേരെ നീളുന്ന കുറേചോദ്യങ്ങൾക്ക് വെറുതെ നുണ പറയും ' ശിവേട്ടൻ  ഒരു സ്ഥലംവരെ പോയിരിക്കയാ..' 

     നടത്ത ഇത്തിരികൂടി ധൃതിയിലാക്കി . പലചരക്കുകടക്കാരൻ രാഘവേട്ടനോടു തിരക്കി ' വണ്ടി പടിഞ്ഞാട്ടു പോയിട്ടുണ്ടോ.. രാഘവേട്ടാ ..'  " ഉവ്വ്...ഉവ്വ് " ന്നു പറഞ്ഞ് രാഘവേട്ടൻ വിശേഷങ്ങൾ തിരക്കി. രാവിലെയേ വെയിലിനു ശക്തി തുടങ്ങിയിരുന്നു . നേർത്തൊരു തലവേദന.. രാഘവേട്ടന്റെ കടത്തിണ്ണയിലേയ്ക്ക് കയറിനിന്നു. രാവിലത്തെ ധൃതിയിൽ ബ്രേക്ഫാസ്റ്റും, രാവിലെ കഴിക്കാനുള്ള മരുന്നും മറന്നു.. പലദിവസങ്ങളിലും ധൃതിപിടിച്ചുള്ള പണികൾക്കിടയിൽ മനഃപൂർവ്വമായോ അല്ലാതെയോ ഒഴിവായിപ്പോകുന്ന രണ്ടുകാര്യങ്ങൾ... ഭാഗ്യം ... കറക്ട് പത്തരയ്ക്കുതന്നെ വണ്ടിയെത്തി . ഇത്തിരി തിരക്കുണ്ട് ... ന്നാലും സാരമില്ല... ടൗണില് ബസ്സ്റ്റാന്റിലെത്തി കാൽമണിക്കൂർ വെയിറ്റ് ചെയ്യേണ്ടിവന്നു.. മനസ്സ് ചെറുതായി അസ്വസ്ഥമാകാൻ തുടങ്ങി ... സുമിത പരാതി പറയും ... നേരത്തെ എത്താത്തതിൽ ... ലക്ഷ്മിയേച്ചിയും ....       കാണുന്നതേ ശിവേട്ടനെ തിരക്കും .    എന്തെങ്കിലും നുണ പറയേണ്ടതായി വരും .     ഏറ്റവും അടുപ്പമുള്ളവർ .... പാവം സുമിത..!! അച്ഛനില്ലാത്ത കുട്ടി.. ലക്ഷ്മിയേച്ചിയുടെ നല്ല പ്രായത്തിലേ ഭർത്താവിന്റെ മരണം..!!  പിന്നീടുള്ള അവരുടെ ദുരിതങ്ങളും , കഷ്ടപ്പാടുകളും താണ്ടിയുള്ള ജീവിതത്തിന് എല്ലാം സാക്ഷിയായിരുന്നു.അവരുടെ ഒരു നല്ല കാര്യത്തിന് ഇത്തിരിനേരത്തേ എത്തിച്ചേരാൻ പറ്റാത്തതിൽ നേർത്ത കുറ്റബോധം... സാരമില്ല... ലക്ഷ്മിയേച്ചി പരാതി പറഞ്ഞാലും മനസ്സിലാവും എന്റെ അവസ്ഥ.

     അവിടെ എത്തിച്ചേർന്നപ്പോൾ ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ ... ഫോട്ടോഗ്രാഫർമാരുടെയും, വീഡിയോക്കാരുടെയും ഇടയിലൂടെ ഇത്തിരി കഷ്ടപ്പെട്ടാണ് അകത്തേയ്ക്കൊന്നു കയറിപ്പറ്റിയത്. വീതിയിൽ കസവുള്ള സെറ്റും..മുണ്ടും ഉടുത്ത് മുടിയിൽ മുല്ലപ്പൂവും ചൂടി സുമിത... അകത്ത് എന്തൊക്കെയോ തിരക്കുകളിലേർപ്പെട്ടിരുന്ന ലക്ഷ്മിയേച്ചിയും....   രണ്ടാളും കണ്ടതേ... നേരത്തെ എത്താഞ്ഞതിലുള്ള പരിഭവം പറച്ചിൽ....
' ഇത്രയും ആളും ബഹളങ്ങളും...!!!' അതിശയവും , അമ്പരപ്പും തോന്നിയെങ്കിലും മുഖത്ത് പ്രകടമാക്കാതെ അവരോടു കുശലാന്വേഷണങ്ങൾ നടത്തി. സുമിതയുടെ മുഖത്ത് അതീവഉത്സാഹവും ... സന്തോഷവും ... എല്ലായ്പോഴും അവൾ ഇങ്ങനെ തന്നെ... നല്ല ചുറുചുറുക്കും ,വർത്തമാനവും  ഉള്ള കുട്ടി. പ്രത്യേകിച്ചും ഈ ഒരുദിവസം ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ  ഏറ്റവും സന്തോഷപ്രദമായ മുഹൂർത്തം..

     കാരണവന്മാരെല്ലാം സ്വീകരണമുറിയിൽ വർത്തമാനത്തിൽ.... സ്ത്രീകളാവട്ടെ അകത്തു സംസാരവും , ചിരിയും, ബഹളവും. അഞ്ചുതിരിയിട്ട നിലവിളക്കു കൊളുത്തി അരിയും, അവലും, മലരും. അല്പസമയത്തുനുള്ളിൽ സുമിതയും , അർജുനും നിലത്തിട്ടിരിക്കുന്ന പലകയിൽ മണവാളനെയും , മണവാട്ടിയെയും പോലെ ചമ്രംപടഞ്ഞിരുന്നു.  ലക്ഷ്മിയേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് അർജുന്റെ മടിയിൽ വച്ചുകൊടുത്തു . കൂടിനിന്നവരുടെ കാഴ്ചകാണാനുള്ള തിരക്കുകൂട്ടൽ .  ഫോട്ടോഷൂട്ടിങ് ചടങ്ങുകൾ കൊഴുക്കുന്നു. 

     നാട്ടിൽ ആഘോഷങ്ങൾ ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു .  ഓരോ ചടങ്ങുകളും എത്രയും മോഡിയിൽ നടത്താനാവുമോ അത്രയും കേമമാക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.  ഫോട്ടോഗ്രാഫറാകട്ടെ ഇരുത്തംവന്ന  ശാന്തിക്കാരനെപ്പോലെ ചടങ്ങുകൾ പടിപടിയായി വിവരിച്ചുകൊടുക്കുന്നുമുണ്ട് . അർജുന്റെ അച്ഛനും, അമ്മയും ചേർന്ന് കുഞ്ഞിന്റെ അരയിൽ ചരടും , പൊന്നരഞ്ഞാണവും കെട്ടി.  അർജുൻ കുഞ്ഞിന്റെ ഇടത്തേചെവിയിൽ വെറ്റില പൊത്തിപ്പിടിച്ച് വലത്തേചെവിയിൽ മന്ത്രിച്ച് പിന്നീട് പേര് ഉറക്കെപ്പറഞ്ഞു " പ്രിയനന്ദൻ... പ്രിയനന്ദൻ.." . 
" ഇത്തിരി നീളം കൂടിപ്പോയോ..." കൂടിനിന്നവരിൽ ആരുടെയോ കമന്റ് . 
"അതു ഞങ്ങൾ വീട്ടിൽ ' നന്ദൂട്ടാ ...' എന്നു വിളിക്കും .... അല്ലേടാ ചക്കരേ....". അർജുന്റെ 'അമ്മ കുട്ടിയെ തലോടിക്കൊണ്ടു പറഞ്ഞു. സുമിതയുടെ മുഖം വാടിക്കണ്ടു . ലക്ഷ്മിയേച്ചി ഇതിനിടയിലൂടെ വന്ന് കുഞ്ഞിന്റെ കഴുത്തിൽ മാലയും, കൈകളിൽ വളയുമണിയിച്ചിട്ട് അകത്തേയ്ക്കു പോയി. പിന്നീട് ഓരോരുത്തരായി സമ്മാനങ്ങൾ അണിയിക്കലും , ഫോട്ടോയെടുപ്പും ആകെ തിരക്ക് . കുഞ്ഞിന്കൊടുക്കാൻ വാങ്ങിക്കൊണ്ടുപോയ ആചെറുമോതിരം  ഒന്നുസമ്മാനിക്കാൻ  നോക്കിയിട്ട് അങ്ങോട്ടടുക്കാൻ കഴിയുന്നില്ല. അർജുന്റെ ബന്ധുക്കളുടെ ഒരു ബഹളം തന്നെ... അർജുന്റെ 'അമ്മ കാഴ്ചയിൽ പ്രൗഢയായ ആസ്ത്രീ... ഉച്ചത്തിലുള്ള അവരുടെ സംസാരം അല്പം അരോചകമായിത്തോന്നി. വല്ലപ്പോഴും ഒക്കെ ഒത്തുകൂടിയിട്ടുള്ള ചില സന്ദർഭങ്ങളിൽ സുമിത ചില സങ്കടങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അതിലിത്തിരി വാസ്തവം തോന്നിച്ചു. അച്ഛനാണെങ്കിൽ ഒരു ഭാഗത്തു മാറിയിരിപ്പുണ്ട്. സുമിതയുടെ മുഖത്ത് ആദ്യംകണ്ട  ഉത്സാഹവും , ചിരിയും മാഞ്ഞപോലെ.... കുഞ്ഞാകട്ടെ ആകെ അസ്വസ്ഥമായതിനാലാകാം  കരച്ചിൽ തന്നെ കരച്ചിൽ. സുമിത ആശ്വസിപ്പിക്കുന്നു ..." കരയല്ലേ... അമ്മേടെ ഉണ്ണി കരയല്ല്ലേടാ..."
അമ്മായിയമ്മയുടെ കനത്തശബ്ദം  കേട്ടു.... " കുഞ്ഞുങ്ങളായാൽ ഇത്തിരി കരയണം ....
അതുകൊണ്ട് ഒന്നും സംഭവിക്കില്ല.."
     ഭക്ഷണം കഴിക്കാനായി ആൾക്കാർ നീങ്ങാൻ തുടങ്ങിയ ഇടവേളയിൽ തിരക്കൊന്നിത്തിരി കുറഞ്ഞു . സുമിത കുഞ്ഞിനെയുമെടുത്ത് അകത്തേയ്ക്കു കയറിപ്പോയി. നാളുകൾക്കുശേഷമുള്ള കൂടിക്കാഴ്ചയിൽ ദൂരെയുള്ള ബന്ധുക്കളുമായൊക്കെ ഒന്നു കുശലം പറഞ്ഞശേഷം സുമിതയുടെ അടുത്തേയ്ക്കു നീങ്ങി. അവൾ അകത്തെമുറിയിലിരുന്ന് കുഞ്ഞിനെ പാലൂട്ടുന്നു . നല്ല ഐശ്വര്യമുള്ള കുഞ്ഞ് . അതിന്റെ ഇപ്പോഴത്തെ കോലം കണ്ട് കഷ്ടം തോന്നി ..!! ആഭരണങ്ങൾ വാരിവലിച്ചിട്ട് മൂടി കുഞ്ഞിനെ കാണാൻ വയ്യാത്ത മാതിരി...  എന്തോ വലിയ ആപത്തിൽനിന്നും 'അമ്മ അവനെ രക്ഷിച്ചെടുത്തെന്നപോലെ അവളുടെ മടിയിൽ പറ്റിച്ചേർന്നിരുന്ന് പാലു കുടിക്കയാണ്.  സുമിതയുടെ കൈവെള്ളയ്ക്കുള്ളിലേയ്ക്ക് കുഞ്ഞിന്റെ മോതിരം വച്ചുകൊടുക്കുമ്പോൾ അവൾ തലയുയർത്തിനോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ' എന്താണാവോ കാര്യം..?'.  അവളോടൊപ്പം ചേർന്നിരുന്ന് ആശ്വസിപ്പിച്ചു ' സുമിതാ... കുഞ്ഞു വിശന്നു പാലുകുടിക്കുമ്പോൾ നീ ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ ....'.
തേങ്ങലടക്കി എന്റെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ടവൾ ചോദിച്ചു " എന്റെ കുഞ്ഞിനിടുന്ന പേര് എന്താണെന്നറിയുവാനുള്ള അവകാശം എനിക്കില്ലേ.."
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ കുഴങ്ങി. ചടങ്ങു തുടങ്ങുമ്പോൾ എത്ര ഉത്സാഹവും, സന്തോഷവുമായി ഇരുന്ന കുട്ടിയാണ്. ഇപ്പോൾ ആകെ അസ്വസ്ഥയായി..!! ഇടയ്ക്കിടെ കണ്ണുകൾ തുടയ്ക്കുന്നു..  മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാനായി ഞാനവളെ ഒരുവിധത്തിൽ  പറഞ്ഞാശ്വസിപ്പിച്ച്  പുറത്തേയ്ക്കു വരുമ്പോൾ  ഭക്ഷണശേഷം അച്ഛൻകൂട്ടർ തിരികെപ്പോവാനുള്ള തിടുക്കംകൂട്ടലിലായിരുന്നു. 
ക്ഷീണിച്ചു പാലുകുടിച്ച് ഉറക്കത്തിലേക്കു വഴുതിവീണുകൊണ്ടിരുന്ന പാവം കുഞ്ഞിനെ വീണ്ടും ഓരോരുത്തരായി എടുക്കലും, ഉമ്മകൊടുക്കലും , ഫോട്ടോയെടുപ്പും കഴിഞ്ഞു യാത്രയായി. അർജുനും അവർക്കൊപ്പം പോയി. അപ്പോഴൊക്കെയും സുമിതയുടെ മുഖം മ്ലാനമായിരുന്നു. അർജുൻ നല്ല പെരുമാറ്റവും , വിനയവും ഉള്ള ചെറുപ്പക്കാരനാണെന്ന് ഒന്നുരണ്ടുതവണ ഉള്ള സംഭാഷണത്തിലൂടെ മനസ്സിലായിട്ടുണ്ട് .  സ്നേഹമുള്ള ഭർത്താവെങ്കിലും തീർത്തും 'ഒരമ്മക്കുട്ടൻ ' തന്നെ എന്ന് സുമിത ഒരിക്കൽ കളിവാക്കായി പറഞ്ഞതോർക്കുന്നു.  ലക്ഷ്മിയേച്ചിയാകട്ടെ ബന്ധുക്കളോടു വർത്തമാനം പറയുന്നതിലും, തിരക്കിട്ട എന്തോ പണികളിലുമൊക്കെയായിരുന്നെങ്കിലും ചേച്ചിയുടെ മുഖവും ആകെ അസ്വസ്ഥമായിരുന്നു.   പാവം..!!  സ്വന്തം മകൾക്കുവേണ്ടി ഉരുകിത്തീരുകയായിരുന്നു എന്നു വേണമെകിൽ പറയാം . ഭർത്താവിന്റെ മരണശേഷം അയാളുടെ വീട്ടുകാരുടെ സഹകരണം അധികം ഉണ്ടായിട്ടില്ല. നല്ലൊരു തറവാട്ടിൽ പിറന്ന ലക്ഷ്മിയേടത്തിയെ വീട്ടുകാർ ആവതും മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്മിയേടത്തി സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു... ചെറിയൊരു ജോലിയിൽനിന്നു കിട്ടുന്ന വരുമാനത്തിലൂടെ മകളെ വളർത്തി വലുതാക്കി വിദ്യാഭ്യാസം കൊടുത്ത് വിവാഹജീവിതത്തിലേക്ക് പറഞ്ഞുവിട്ടു.

     ഭൂരിഭാഗംപേരും ചടങ്ങുകൾ കഴിഞ്ഞു പോയിരുന്നു. ഞാനും, സുമിതയും, ലക്ഷ്മിയേച്ചിയും പിന്നെ ബാക്കിയുള്ള കുറച്ചാൾക്കാരും എല്ലാം ചേർന്ന് ഭക്ഷണം കഴിച്ചു . ബാക്കിയുള്ളവരും ഓരോരുത്തരായി പോയിക്കഴിഞ്ഞിരുന്നു. സുമിത എന്നെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. 
മൊബൈൽ ബെല്ലടിച്ചു .... നോക്കുമ്പോൾ ശിവേട്ടന്റെ കോൾ...." ചടങ്ങുകൾ കഴിഞ്ഞോ... നീ അവിടിരുന്നാൽ മതി... തിരികെവരുമ്പോൾ നിന്നെ കൂട്ടിക്കൊള്ളാം ..."    ഹാവൂ ... ആശ്വാസം... സുമിതക്കും സന്തോഷമായി . ഇത്തിരിനേരംകൂടെ അവൾക്കൊപ്പം ഉണ്ടാവുമല്ലോ. എത്രനാൾ കൂടിയാണ്... ദൂരക്കൂടുതലാണെന്നും തിരികെയെത്താൻ വൈകുമെന്നും ശിവേട്ടനു നന്നായറിയാം.

     ലക്ഷ്മിയേച്ചി ചെറുചൂടുവെള്ളത്തിൽ കുഞ്ഞിന്റെ മേലുതുടച്ച് അരയിലൊരു പാണലിലയും തിരുകി തൊട്ടിലിൽ ആട്ടി ഉറക്കുന്നതിനിടയിൽ സുമിതയോടു പറഞ്ഞു " ഇത്തിരിനേരം കിടക്കു മോളെ.. രാവിലെമുതൽ തുടങ്ങിയതല്ലേ... ഈ നിൽപ്പും... നടപ്പും..." 
" ഇന്നൊരു നല്ല ദിവസമായിട്ട്..." സുമിത വിതുമ്പാൻ തുടങ്ങി. 
ലക്ഷ്മിയേച്ചി ആശ്വസിപ്പിച്ചു " നീയിതങ്ങു മറന്നേക്കൂ മോളെ... ഇങ്ങനെ ഒരു കാര്യം ഉണ്ടായതായി മനസ്സിൽ കരുതരുത് ... നിനക്കവിടെപോയി ജീവിക്കേണ്ടതല്ലേ ....".     സ്നേഹവും, വിനയവും, ഈശ്വരഭക്തിയുമുള്ള ഈ അമ്മയ്ക്ക് മകളോടിങ്ങനെയേ പറയാൻ കഴിയൂ... 

     അർജുനും, സുമിതയും ചേർന്ന് കുഞ്ഞിനൊരു പേര് സെലക്ട് ചെയ്തുവച്ചിരുന്നതാണ് . ഈ വിവരം അമ്മയെ അറിയിക്കുകയും ചെയ്തതാണ് . ചടങ്ങുസമയത്ത്  അവർ മറ്റൊരു പേരിടുകയും അതേപ്പറ്റി അവളോടൊന്നു സൂചിപ്പിക്കുകപോലും ചെയ്തില്ല. അതാണവളുടെ സങ്കടം. ലക്ഷ്മിയേച്ചി ഇതുപറയുമ്പോൾ അവൾ എന്റെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് സങ്കടങ്ങൾ ഒന്നൊന്നായി നിരത്തി. " മറ്റുള്ളവരും മനുഷ്യരാണെന്നെന്തേ അവർ കരുതുന്നില്ല... 'അമ്മ എത്ര കഷ്ടപ്പെട്ടാണ് ഈചടങ്ങുകൾ  ഒക്കെയും നടത്തിയത്... എന്നിട്ടവർ അമ്മയേയും....!! " 
അവൾ അർദ്ധോക്തിയിൽ ഒന്നു നിർത്തിയിട്ട് തുടർന്നു " പെറ്റെഴുന്നേറ്റ പെണ്ണിന് അന്വേഷണക്കുറവു കാണാനുണ്ടെന്നും, കുഞ്ഞിന്റെ തിരുമ്മിക്കുളിപ്പിക്കൽ ശരിയാവുന്നില്ല... ഇതൊക്കെയാണ് അവർ കണ്ടുപിടിച്ച കുറ്റങ്ങൾ... അവർ പറയുന്നതിനപ്പുറമൊന്നും ആ വീട്ടിലില്ല... അച്ഛന് യാതൊരു അധികാരവുമില്ല... വല്ലപ്പോഴും വന്ന് എന്റമ്മയെ ഒന്നു കാണണമെങ്കിൽ രണ്ടുമൂന്നുദിവസം മുന്നേ അവരുടെ അനുവാദം ചോദിച്ചു വാങ്ങണം... എല്ലാത്തവണയും അവരുടെ പുച്ഛഭാവത്തിലൊരു മറുപടിയുണ്ട്.. ' അതിന്റെയൊരു  കുറവു വേണ്ട... വൈകുന്നേരം ഇങ്ങുവരണം... ഇവിടാരുമില്ലെന്ന ചിന്ത വേണം...' . എന്റമ്മയോടൊപ്പം ഒരു രാത്രി തങ്ങാൻ ആ സ്ത്രീ വിവാഹശേഷം അനുവദിച്ചുതന്നിട്ടില്ല .... സ്വത്തും, തറവാടും കൊണ്ടെന്തു  സന്തോഷം..!! അർജുനേട്ടന് എന്നോട് സ്നേഹമാണ്...ജീവനാണ് ... പക്ഷെ അമ്മയുടെ മുൻപിൽ അനുസരണയുള്ള കുട്ടി മാത്രം...!!!" ആശ്വസിപ്പിക്കാനെന്നോണം ഞാനവളുടെ ചുമലിൽ കൈവച്ചു. ലക്ഷ്മിയേടത്തി മൗനിയായി.    അവൾ വീണ്ടും പറഞ്ഞു " വല്ലപ്പോഴും എന്നെയൊന്നു കാണാൻ വരുന്ന അമ്മയെ അവർ കറുത്തമുഖത്തോടെയേ സ്വീകരിക്കൂ... ചില കുത്തുവാക്കുകൾ പറയാനും മടിക്കില്ല... അവർക്കു സ്നേഹമല്ല... സ്വാർത്ഥതയാണ് .... അമ്മയാവട്ടെ എല്ലാം ഉള്ളിലൊതുക്കി എന്നെ ആശ്വസിപ്പിച്ച് വേഗം മടങ്ങിപ്പോരാറാണ് പതിവ് . എന്തിനാണ് ഇങ്ങനെയൊരു ജീവിതം...?" അവൾ വീണ്ടും കരയുകയാണ്. ഞാനാലോചിക്കുകയായിരുന്നു സുമിതയുടെ വിവാഹബന്ധത്തെ ബന്ധുക്കളോരോരുത്തരും പുകഴ്ത്തിയാണ് പറഞ്ഞുകേട്ടിട്ടുള്ളത് ...' നല്ല തറവാട്ടുകാർ.... ആവശ്യത്തിന് സ്വത്ത് ... ലക്ഷ്മിയുടെ ദുഃഖത്തിനെല്ലാം പരിഹാരമായി... അവളുടെ കുട്ടിക്ക് നല്ലൊരു ബന്ധം ല്ലേ കിട്ടിയത്..'.   എന്നിട്ടിപ്പോൾ..? 
" സ്ത്രീകൾക്കിത്ര അഹങ്കാരം പാടുണ്ടോ... " അവളുടെ ഈ ചോദ്യം എന്നെ പഴയൊരു കാര്യം ഓർമ്മപ്പെടുത്തി.... ' പെണ്മക്കളുള്ള അമ്മമാർ എവിടെയെങ്കിലുമൊക്കെ തലകുനിക്കേണ്ടതായി വരും..' പണ്ടെന്നോ എന്റെ ഒരു കൂട്ടുകാരി ഇതു പറഞ്ഞപ്പോൾ ഞാനവളോട് കുറെ തർക്കിച്ചിട്ടുണ്ട്... അനുഭവങ്ങൾ പിന്നീട് മാറ്റിച്ചിന്തിപ്പിച്ചിട്ടുമുണ്ട് . 
ആഗ്രഹങ്ങളും , സ്വാതന്ത്ര്യങ്ങളും കുഴിച്ചുമൂടി മറ്റുള്ളവരുടെ ഇച്ഛക്കൊത്തുള്ള ജീവിതം.... സ്വന്തം അമ്മയെയും... അച്ഛനെയും ... വിട്ട് മറ്റൊരിടത്തേയ്ക്കുള്ള പറിച്ചുനടൽ... അവിടെ സ്ത്രീകളുടെ ഇഷ്ടങ്ങൾക്കോ , സ്വാതന്ത്ര്യങ്ങൾക്കോ എന്തുവില .... മിക്ക സ്ത്രീകളുടെയും അവസ്ഥ ഇങ്ങനെതന്നെയല്ലേ...?
സുമിതയുടെ അമ്മാവിയമ്മയും ഒരുപെൺകുട്ടിയുടെ 'അമ്മ തന്നെ... അപ്പോൾ പിന്നെ എന്താണ് ഈ ചൊല്ലിലെ ഒരു വാസ്തവം..ആവോ അറിയില്ല...

     അവളുടെ സങ്കടവും, കരച്ചിലും എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഞാനവളെ ആശ്വസിപ്പിച്ചു...' ഈ സമയത്ത് മനസ്സ് സ്വസ്ഥമാക്കിവയ്ക്കൂ  സുമിതാ.... നീ ഇത്തിരിനേരം വിശ്രമിക്കൂ... ചിലപ്പോൾ ആ അമ്മയുടെ പെരുമാറ്റരീതിയിലും കുറേക്കഴിയുമ്പോൾ മാറ്റമുണ്ടാകാം... ജീവിതം എന്നു പറയുന്നത് ഇങ്ങനെയൊക്കെയാണ് ...'
അവൾ പറഞ്ഞ മറുപടി എന്നെ ഏറെ നിരാശപ്പെടുത്തി " ഒരു പെണ്ണായി ജനിച്ചതിൽ എനിക്കിപ്പോൾ ദുഃഖം തോന്നുന്നു ..." 
അവളെ ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സിലെ ചിന്ത ഇതായിരുന്നു....
 ' പെണ്ണിനെന്നും  പെണ്ണുതന്നെയോ ശത്രു...' 
പുറത്ത് വണ്ടി വന്ന ശബ്ദം... ശിവേട്ടനാണ് ... ലക്ഷ്മിയേച്ചി വേഗം ചായയിടാനായി നീങ്ങി. 

     കുഞ്ഞിനെ മടിയിൽ വച്ചുകൊടുത്തപ്പോൾ ശിവേട്ടൻ അവന്റെ കവിളിൽ തലോടി.   " ന്നാലും ശിവേട്ടന് ഇത്തിരികൂടി നേരത്തെ എത്താമായിരുന്നു..." എന്ന സുമിതയുടെ പരിഭവത്തിന് ശിവേട്ടന്റെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. സുമിത അകത്തേയ്ക്കു നടക്കുമ്പോൾ ഒച്ചതാഴ്ത്തി ശിവേട്ടൻ ഓർമ്മപ്പെടുത്തി...
" ഒന്നു വേഗം ഇറങ്ങ് .... വൈകും മുൻപേ വീട്ടിലെത്തണ്ടേ... അല്ലെങ്കിൽ 'അമ്മ.... ..." .
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ ഓമനക്കുട്ടൻ