Wednesday, 20 May 2026


ചെറുകഥ 


ഒറോതാമ്മയും മഞ്ഞപ്പറങ്കാപ്പഴങ്ങളും 


അയൽവീട്ടിലെ സുമിയോടൊപ്പമാണ് മീനുവിന്റെ പള്ളിക്കൂടത്തിൽപ്പോക്ക് . കുറേദൂരം നടന്നുവേണം പള്ളിക്കൂടത്തിലെത്താൻ . ദൂരെ തോട്ടത്തിൽനിന്നും കൂട്ടമായെത്തുന്ന കുറേ കുട്ടികളുണ്ടാവും പള്ളിക്കൂടത്തിലേയ്ക്ക് . അവരുടെ കൂട്ടത്തിലെ മല്ലി എന്ന കുട്ടി മീനുവിന്റെ ക്ലാസ്സിലാണ്. അവളാണ് ഇഞ്ചക്കാട്ടെ വീട്ടിൽ മൾബറിപ്പഴങ്ങളുണ്ടെന്നും വീട്ടുകാർ കാണാതെ ചിലദിനങ്ങളിൽ ഇവർ കൂട്ടുകാർ ചേർന്ന് പറിച്ചെടുക്കാറുണ്ടെന്നും പുളിപ്പും മധുരവുമാണെന്നും അഞ്ചേക്കർ വീട്ടിൽ മംഗോഷ്ട്ടിക്കാ പഴങ്ങളും പനിനീർചാമ്പക്കയും ഉണ്ടെന്നും ഒക്കെപ്പറയാറ് .  നാലുമണിവിട്ടു പോകുന്ന നേരം ഇക്കൂട്ടർ ഓരോ കൂട്ടം കൂട്ടമായാണ് വീട്ടിലേയ്ക്കു മടക്കം . മീനുവിനും സുമിയ്ക്കും അവരോടൊപ്പം കൂടണമെന്നുണ്ടെങ്കിലും ഓട്ടത്തിലും ചാട്ടത്തിലുമൊന്നും അവരുടെയത്രയും മിടുക്കില്ലാത്തതിനാലും അച്ഛൻ വഴക്കു പറയുമെന്നു ഭയന്നും അവരോടൊപ്പം കൂടാറില്ല .

പോകുന്ന വഴിയിൽ  പറമ്പിൽനിന്ന് വേലിക്കിടയിലൂടെ വഴിയിലോട്ടു നീണ്ടുകിടക്കുന്ന വള്ളിയിൽനിന്ന് മല്ലി കുരുമുളകു പറിച്ചെടുക്കുന്നത് കണ്ട്‌ മീനുവും സുമിയും “ ഇതെന്തിനാ മല്ലീ .. എരിവല്ലേ ..” ന്നു ചോദിച്ചപ്പം “ കപ്പയ്ക്കരയ്ക്കാം.. മത്തിപൊരിയ്ക്കാനരയ്ക്കാം .. ഇതു കാണുമ്പോൾ അമ്മയ്ക്കെന്തു സന്തോഷമാവുമെന്നോ ..” എന്നു പറയുമ്പോൾ മല്ലിയുടെ കണ്ണില് സന്തോഷവും ഒപ്പം വീട്ടുകാർ കാണുന്നുണ്ടോ എന്ന വെപ്രാളവും . 

 

ഒരു നാലുമണിവിട്ടു വരുമ്പോഴായിരുന്നു മല്ലിയും കൂട്ടരും വർത്തമാനവും ചിരിയുമായി മുൻപേയും തൊട്ടുപിറകേ മീനുവും സുമിയും . ഇടത്തൊണ്ടിലെത്തിയപ്പോഴാണ് മല്ലി തിരിഞ്ഞുനിന്ന് ചോദിച്ചത് “ വരുന്നോ ഞങ്ങളോടൊപ്പം “ . തൊട്ടപ്പുറത്തെ പറമ്പിലേയ്ക്ക് കൈചൂണ്ടി അവൾ കാട്ടിക്കൊടുത്തു പഴുത്തുതുടുത്തു കിടക്കുന്ന മഞ്ഞപ്പറങ്കാപ്പഴങ്ങൾ …. മീനുവും സുമിയും ഒന്നു ശങ്കിച്ചുനിന്നപ്പോൾ മല്ലി ഉറപ്പുനൽകി “ അവിടുത്തെ ഒറോതാമ്മ ഒന്നും പറയില്ല “. പിന്നെ ഒന്നും നോക്കിയില്ല മല്ലിയ്ക്കു പുറകേ മീനുവും സുമിയും പറങ്കിമരച്ചുവട്ടിലേയ്ക്ക് …


ഓടിട്ട ആ കൊച്ചുവീടിന്റെ വരാന്തയിൽ ഒരു കലത്തിൽ നിറയെ വെള്ളം. അതിനരികെ ഒരു മഗ്ഗും ഗ്ലാസ്സും . ചില കുട്ടികൾ വെള്ളം എടുത്തു കുടിക്കുന്നു . അതിനടുത്ത് ഒരു കുട്ടയിൽ കുറച്ചു മഞ്ഞപ്പറങ്കാപ്പഴങ്ങൾ . മുതിർന്ന രണ്ടാൺകുട്ടികൾ തോട്ടികൊണ്ട് പറങ്കാപ്പഴങ്ങൾ പറിച്ചിടുന്നു . കുറേ കുട്ടികൾ ചേർന്ന് ആ പറങ്കാപ്പഴങ്ങൾ ശ്രദ്ധയോടെ പെറുക്കി കുട്ടയിൽകൊണ്ടു നിറയ്ക്കുന്നു . ഒറോതാമ്മ അതിനരികെ ഒരു കസേരയിൽ ഇരുന്നുകൊണ്ട് കുട്ടികൾക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട് . തടിച്ച ശരീരപ്രകൃതം . തലനിറയെ നരച്ചമുടി പഞ്ഞിക്കെട്ടുപോലെ .. വെള്ളനിറത്തിലെയെങ്കിലും മുഷിഞ്ഞ ചട്ടയും മുണ്ടും വേഷം . അവർ പറഞ്ഞപ്പോൾ കുട്ടികൾ പറങ്കാപ്പഴം പറിക്കുന്നതു നിർത്തി എല്ലാം പെറുക്കി കുട്ടയിലിട്ട് അനുസരണയോടെ ഒറോതാമ്മയ്ക്കരികിൽ വന്നു നിൽക്കുന്നു .

ഒറോതാമ്മ ഓരോരുത്തർക്കായി പറങ്കാപ്പഴം കൊടുക്കുന്നു . തൊട്ടടുത്തു വച്ചിരിക്കുന്ന ഒരു ചെറിയ കുട്ടയിൽ പറങ്കിയണ്ടി ഇരിഞ്ഞിട്ടിട്ട് പറങ്കാപ്പഴം തിന്നാം . ഒരാൾക്ക് എത്രവേണമെങ്കിലും പറങ്കാപ്പഴം ഒറോതാമ്മ കൊടുക്കും . പക്ഷേ പറങ്കിയണ്ടി ഒറോതാമ്മയുടെ കുട്ടയിൽ വീണിരിക്കണം . മീനുവിനും സുമിയ്ക്കും കിട്ടി ഓരോ പറങ്കാപ്പഴങ്ങൾ .   ഒറോതാമ്മയ്ക്ക് എന്തോ സംശയം തോന്നിയതാണോ “ എവിടുത്തെയാ പിള്ളേരേ … നേരത്തെ കണ്ടിട്ടില്ലല്ലോ ..?” എന്നൊരു ചോദ്യം . കുട്ടയിൽ പറങ്കിയണ്ടി വീഴുന്ന ശ്രദ്ധയിൽ ഒറോതാമ്മ ആ ചോദ്യത്തിനു വല്യ പ്രാധാന്യം നൽകിയതുമില്ല മറുപടി പ്രതീക്ഷിച്ചതുമില്ല . മീനുവിനും സുമിയ്ക്കും ഈ കാഴ്ചകൾ കൗതുകമായി . എന്തൊരു സ്നേഹം ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് . ഒറോതാമ്മയുടെ വീട്ടിലെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ മധുരം വീട്ടിലെ ചുവന്ന പറങ്കാപ്പഴങ്ങൾക്ക് ഉണ്ടാവുമോ മീനു ഓർത്തു . 'അമ്മ പറിച്ചു മേശയിൽ വച്ചാൽ മീനു ശ്രദ്ധിക്കാറു പോലുമില്ല . 



അടുത്തദിനവും നാലുമണിവിട്ടു വരുന്നനേരം മീനുവും സുമിയും ഇക്കൂട്ടർക്കൊപ്പം കൂടി .  എന്തു രസം . മധുരമുള്ള മഞ്ഞപ്പറങ്കാപ്പഴങ്ങൾ .. പിന്നെ ഇഷ്ടം പോലെ വെള്ളം കുടിക്കാം . കുറേനേരം അവരുടെ പറമ്പിൽ കളിക്കാം . ഒറോതാമ്മ മുതിർന്ന ആൺകുട്ടികളെക്കൊണ്ട് കിണറ്റിൽനിന്ന് വെള്ളംകോരിച്ച് കലങ്ങളിൽ നിറപ്പിയ്ക്കും . അവരതെടുത്ത് ആ തിണ്ണയിൽ കൊണ്ടുവച്ചുകൊടുക്കും .  ഒറോതാമ്മ അകത്തേയ്‌ക്കെങ്ങാനും കേറിപ്പോകുന്ന തക്കം കിട്ടിയാൽ മുതിർന്ന ആൺകുട്ടികൾ ഞൊടിയിടയിൽ മൂന്നാലു പറങ്കിയണ്ടികൾ പോക്കറ്റിനുള്ളിലാക്കി ഒന്നുമറിയാത്ത ഭാവത്തിൽ നിൽക്കും . 

അങ്ങനെ കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഓരോ ദിവസവും ഇട്ടിട്ടു വരുന്ന മീനുവിന്റെ ഉടുപ്പിലെ കറ 'അമ്മ കണ്ടുപിടിച്ചത് .  ഓണത്തിനു വാങ്ങിയ പുതിയ ഉടുപ്പിലെ കറ അമ്മയെ ചൊടിപ്പിച്ചു “ എന്താ മീനൂ ഇത് ..? സത്യം പറ ..” 'അമ്മ മീനുവിനെ ചോദ്യം ചെയ്തു.  അവൾക്കാകട്ടെ അമ്മയോട് നുണ പറയാനാവില്ല . പറങ്കാപ്പഴത്തിന്റെ കാര്യം കേട്ട് 'അമ്മ ശകാരിച്ചു “ നമ്മുടെ പറമ്പിൽ പഴുത്ത പറങ്കാപ്പഴങ്ങൾ ഉണ്ടായിട്ടാണോ നീ വല്ലവരുടെയും ..” 

മീനു പറഞ്ഞു “ അമ്മേ .. ഒറോതാമ്മയ്‌ക്ക്‌ കുട്ടികളോട് എന്തൊരു സ്നേഹമാണെന്നും കഥകൾ ഒക്കെ വിസ്തരിച്ചു അമ്മയെ പറഞ്ഞുകേൾപ്പിച്ചപ്പോൾ 'അമ്മ പറഞ്ഞു

 “ കൊള്ളാം ഒറോതേടെ ബുദ്ധി ..” ഇനിമേലിൽ ഇതാവർത്തിക്കരുതെന്നും പറഞ്ഞ് 'അമ്മ ചുവന്ന പറങ്കാപ്പഴങ്ങൾ പറിച്ചുകൊടുത്തിട്ടും മീനുവിന്‌ ഒറോതാമ്മയുടെ മഞ്ഞപ്പറങ്കാപ്പഴങ്ങളുടെ അത്ര മധുരമോ രുചിയോ തോന്നിയതുമില്ല അവളതു കഴിച്ചതുമില്ല . 


നാലുമണി വിട്ടു വരുന്നവഴി ഇടത്തൊണ്ടിലെത്തിയാൽ അമ്മയുടെ വിലക്കു മറന്ന് മീനുവും സുമിയും മല്ലിയ്ക്കും കൂട്ടർക്കും പുറകേ ഓടും .. പറങ്കാപ്പഴം തിന്നും . വെള്ളം കുടിക്കും .. കുറേ ഓടിക്കളിക്കും . അങ്ങനെ ഓടി വീട്ടിലെത്തും . എന്തു രസം ..

 അടുത്ത വർഷം മീനുവിന്റെ അച്ഛന് സ്ഥലം മാറ്റമായി . പുതിയൊരു സ്ഥലം .. പുതിയ വീട് .. പുതിയ പള്ളിക്കൂടം .. പുതിയ കൂട്ടുകാർ … മീനുവിന്‌ സങ്കടമായി . പഴയ പള്ളിക്കൂടം …കൂട്ടുകാര് … പഴയ വീട് .. ആ വഴികള്‍ … ആ ഓർമ്മകളാണ് അവളുടെ മനസ്സിലെപ്പോഴും . ഇടയ്ക്കൊക്കെ അമ്മയോ ചേച്ചിയോ ഒക്കെയായി തങ്ങളുടെ ജന്മനാട്ടിലെ ക്ഷേത്രദർശനത്തിനായി അന്നാട്ടിലൊട്ടൊരു പോക്കു മാത്രമായി ആ നാടുമായുള്ള ബന്ധം .  


 അങ്ങനെ ഒരുനാൾ മീനുവും ചേച്ചിയും ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ ചേച്ചി പറഞ്ഞു “ മീനൂ .. എന്റെ കൂട്ടുകാരി കുഞ്ഞുമോളുടെ വീട്ടിലൊന്നു കയറി അവളുടെ കുഞ്ഞിനെ കണ്ടിട്ടു പോകാമെന്ന് “ . മീനുവിനു സന്തോഷമായി . പഴയ വഴികളൊക്കെ ഒന്നൂടെ കാണാമല്ലോ .


 ചേച്ചിയ്ക്കൊപ്പം ഉത്സാഹത്തിൽ മീനുവും നടന്നു . ചേച്ചിയുടെ കൂട്ടുകാരി കുഞ്ഞുമോളുചേച്ചിയുടെ കുഞ്ഞുവാവ തൊട്ടിലിൽ ഉറക്കമാണ് . ചേച്ചിയും കൂട്ടുകാരിയും കുറേനാൾ ശേഷം കണ്ടതിന്റെ സന്തോഷത്തിൽ കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവച്ചു . ചേച്ചിയുടെ ഉടനെ നടക്കാൻ പോവുന്ന കല്യാണവിശേഷങ്ങൾ പറഞ്ഞ് രണ്ടാളും ചിരിക്കുമ്പോൾ ഒക്കെ തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേയ്ക്കായിരുന്നു മീനുവിന്റെ ശ്രദ്ധ മുഴുവൻ . വർത്തമാനം കഴിഞ്ഞ് തിരികെയിറങ്ങാൻ നേരമാണ് മീനു കുഞ്ഞുമോളുചേച്ചിയോട് ഒറോതാമ്മയെപ്പറ്റി  തിരക്കിയത് .  “ഒറോതാമ്മ മരിച്ചിട്ട് രണ്ടുവർഷമായല്ലോ .. അവിടിപ്പം ആരും ഇല്ല .. പറമ്പു മുഴുവൻ കാടുകയറിക്കിടക്കുന്നതു കണ്ടില്ലേ ..” എന്ന വർത്തമാനം കേട്ട് മീനുവിന്‌ വല്ലാത്ത ഒരു സങ്കടമാണോ.. കരച്ചിലാണോ .. എന്താണെന്നു പറഞ്ഞറിയിക്കാനാവാത്ത ഒന്ന് അവളുടെ മനസ്സിലോട്ടു വന്നു .  ഒറോതാമ്മ തനിക്കാരാണ് ..? അവളപ്പോൾ സുമിയെ ഓർത്തു … മല്ലിയെ ഓർത്തു .. പഴയ കാലങ്ങൾ ഓർത്തു .. അവൾക്കു കരയാൻ തോന്നി . ചേച്ചി ധൃതിപ്പെട്ടു “ മീനൂ വേഗം നടക്കാം .. ബസ്സിപ്പം വരും ..” ന്നു പറഞ്ഞ് വീടിന്റെ പടികളിറങ്ങി ഇടത്തൊണ്ടിലേയ്ക്ക്.. മീനു തൊട്ടെതിർവശത്തെ ഒറോതാമ്മയുടെ വീട്ടിലേക്കു നോക്കി .. കുഞ്ഞുമോൾചേച്ചി പറഞ്ഞമാതിരി പറമ്പു മുഴുവൻ കാടുമൂടിക്കിടക്കുന്നു . അടഞ്ഞുകിടക്കുന്ന വീട് ..!! ദൂരേന്നാണെങ്കിലും കാണാം ആ പറങ്കിമാവ് പൂത്തുനിൽക്കുന്നു . 


ചേച്ചിയ്ക്കു പിറകേ നടന്നു . മീനു ഒന്നു തിരിഞ്ഞുനോക്കി . മീനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല ..!! വെള്ളച്ചട്ടയും മുണ്ടും അണിഞ്ഞ് ഒരുകുട്ട മഞ്ഞപ്പറങ്കാപ്പഴങ്ങളുമായി ആ മുറ്റത്ത് ഒറോതാമ്മ നിൽപ്പുണ്ടായിരുന്നു . മീനുവിന്‌ ചേച്ചിയോട് അതു പറയണമെന്നുണ്ട് . പക്ഷേ ചേച്ചി വിശ്വസിക്കില്ല . അവൾ വേഗം ചേച്ചിയ്ക്കു പിറകേ നടന്നു .. തിരിഞ്ഞൊന്നു നോക്കാതെ .. നോക്കിയാൽ അവൾക്കാ പറങ്കാപ്പഴങ്ങൾ വാങ്ങാതെ തിരികെപ്പോവാനാവില്ല . 



ശുഭം 








 തൊട്ടാവാടിപ്പൂക്കള്‍ 

********************

വീട്ടുസാധനങ്ങളുടെ കുറിപ്പടിയും സഞ്ചിയും ശാന്തയെ ഏൽപ്പിച്ച് അമ്മ പറഞ്ഞു “ മീനുവിനെക്കൂടെ കൂട്ടിക്കോ ശാന്തേ … നീ ഒറ്റയ്ക്കു പോവണ്ട “.

 മീനുവിനു സന്തോഷമായി . 'അമ്മ ചില്ലറത്തുട്ട് മീനുവിന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു “ സൂക്ഷിച്ചു പോവണം .. ശാന്തേടെ കൈയ്യിൽ പിടിച്ചോണം ..”


     മീനു ശാന്തയുടെ കൈയ്യിൽ തൂങ്ങി ഉത്സാഹത്തോടെ നടന്നു .  കടയിൽനിന്ന് ശാന്ത സാധനങ്ങൾ വാങ്ങി മീനു കപ്പലണ്ടിമിഠായിയും വാങ്ങി തിരികെ  ഇടത്തൊണ്ടിൽക്കൂടെ നടന്നുവരുമ്പോൾ ആണ് എതിരേ വന്നൊരാൾ ശാന്തയോട് എന്തോ ചോദിച്ചു . ശാന്ത എന്തോ മറുപടി പറഞ്ഞു .  ശാന്തയുടെ ആരെങ്കിലും ആവും എന്നു മീനുവിനു തോന്നി .  അവൾ ഇടത്തൊണ്ടിന്റെ അരികിലെ കുഞ്ഞുചെടിയിലെ വെള്ളപ്പൂക്കൾ കണ്ട് അതു പറിച്ചെടുത്തു . തൊട്ടാവാടിച്ചെടിയിലും കുഞ്ഞുവയലറ്റുപൂക്കൾ. മീനു  തൊട്ടാവാടിച്ചെടിയെ തൊട്ടുനോക്കി . ഇലകൾ അത്രയും കൂമ്പുന്നു . അവൾക്കു രസം തോന്നി . അടുത്തടുത്ത തൊട്ടാവാടികളിൽ തഴുകി അവയെ ഉറക്കി . 


ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മീനു കണ്ടത് അയാൾ ശാന്തയുടെ തോളിൽ കൈയ്യിട്ട് എന്തോ പറയുന്നു . അതുകേട്ട് ശാന്ത ചിരിച്ചുകൊണ്ടു നിൽക്കുന്നു . മീനു പിന്നെ ഒന്നും നോക്കിയില്ല .. ഒറ്റ ഓട്ടമായിരുന്നു . ശാന്ത പിറകീന്നു വിളിച്ചു “ മീനൂ…. മോളേ നിൽക്കൂ …. ഓടല്ലേ …” . മീനു തിരിഞ്ഞുനോക്കാതെ കരഞ്ഞുകൊണ്ട് ഓട്ടത്തിനു സ്പീഡു കൂട്ടി . ശാന്ത പിറകേയും . മീനു ഓടിയണച്ച് കുത്തുകല്ലിന്റെ പടികൾ കയറുമ്പോഴും ശാന്ത വിളിക്കുന്നുണ്ടായിരുന്നു .  ഓടിയണച്ച് അമ്മയ്ക്കരികിൽ എത്തിയപ്പോൾ അമ്മ പരിഭ്രമത്തോടെ ചോദിച്ചു “ എന്താ മീനൂ .. നീ എന്തിനാ ഓടി വന്നത് … ശാന്ത എവിടെ ? “ 

മീനു ശ്വാസം ഒന്നുവിട്ട് നേരേനിന്നിട്ട് അമ്മയോടു പറഞ്ഞു “ അമ്മേ ..ശാന്തേടെ തോളത്തു ഒരാൾ കൈയ്യിട്ടു വർത്തമാനം പറഞ്ഞു “

അമ്മയുടെ മുഖത്തെ ഭാവം മാറി . 

“ ആര് …?”  എന്നമ്മ 

“ ആ എനിക്കറിയില്ല “ എന്ന് മീനു . 

തൊട്ടുപുറകേ വെപ്രാളത്തോടെ ശാന്ത വന്നുകയറി . സഞ്ചി താഴത്തു വെയ്ക്കുമ്പോൾ 'അമ്മ വിളിക്കുന്നതു കേട്ടു   “ ശാന്തേ …” 

എന്താ 'അമ്മ ചോദിക്കുന്നതെന്നു കേൾക്കാൻ മീനു നിന്നില്ല . അവളോടി മുൻവശത്തേയ്ക്ക്. ഇത്തിരിനേരം കഴിഞ്ഞ്  അടുക്കളവശത്തെ കതകിനു മറഞ്ഞുനിന്ന് നോക്കി. അമ്മയെന്തോ പറയുന്നു . ശാന്ത തലകുനിച്ചുനിന്നു കരയുന്നു . മീനുവിനു പേടിയായി . അമ്മ എന്താവും പറയുക … ശാന്തയ്ക്കു തന്നോടു പിണക്കാവുമോ .. 'അമ്മ പിന്നീടതേപ്പറ്റി ഒന്നും മീനുവിനോട് ചോദിച്ചതുമില്ല . 


പിറ്റേന്നു രാവിലെ ശാന്തയുടെ 'അമ്മ കല്യാണിച്ചേടത്തി വന്നു .  അമ്മയുമായി എന്തൊക്കെയോ അടക്കംപറഞ്ഞു നിൽക്കുന്നു . 'അമ്മ സമാധാനവാക്കുകൾ പറഞ്ഞിട്ടും കല്യാണിച്ചേടത്തി “ ശാന്തയെ ശരിയാക്കുമെന്നും വീട്ടിലോട്ടു ചെല്ലട്ടെ ..”എന്നും ഒക്കെ ദേഷ്യപ്പെടുന്നതു കേട്ടപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് മീനുവിനു തോന്നി .  പാവം ശാന്ത ..!! കല്യാണിച്ചേടത്തി ശാന്തയെ തല്ലുമായിരിക്കും . കാരണം താനാവുമല്ലോ എന്ന സങ്കടമായി മീനുവിന് . ശാന്ത പിറകീന്നു വിളിച്ചിട്ടും കേൾക്കാതെ ഓടിയതും അമ്മയോടു വന്നു പറഞ്ഞുകൊടുത്തതും ഒക്കെ ഓർത്തപ്പോൾ മീനുവിന്റെ സങ്കടം വർദ്ധിച്ചു . ശാന്ത മുറ്റം തൂക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടിവന്ന് മീനുവിനെ ഊഞ്ഞാലിലിരുത്തി ആട്ടിക്കൊടുക്കാറുണ്ട് കല്ലുകൊത്തിക്കളിച്ചു കാണിക്കാറുണ്ട് . ശാന്തയ്ക്കു മീനുവിനെ വല്യ കാര്യമാണ് . 


അടുത്ത ദിവസം രാവിലെ ശാന്ത വന്നുവെങ്കിലും മീനു മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു . വൈകുന്നേരം ശാന്ത ജോലികഴിഞ്ഞു പോകുമ്പോൾ മീനു ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുകയായിരുന്നു .  ശാന്ത “ ഞാൻ ആട്ടിത്തരാം “ എന്നുപറഞ്ഞ്  കൈയ്യിലൊരു പാത്രം ഉണ്ടായിരുന്നത് നിലത്തുവച്ചിട്ട്‌ മീനുവിനെ ഊഞ്ഞാലാട്ടിക്കൊടുത്തിട്ട് പറഞ്ഞു “ ഇനി പോട്ടെ മീനൂ … സന്ധ്യയാവുന്നു ..”. മീനുവിനു സന്തോഷം തോന്നി . ശാന്തയ്ക്കു തന്നോടു പിണക്കമില്ലല്ലോ . 


അടുത്തൊരു ദിവസം  ശാന്ത പശുവിനു പുല്ലുപറിയ്ക്കാനായി കുട്ടയും അരുവായുമായി ഇറങ്ങുന്നതുകണ്ട് മീനു ‘ അമ്മേ ഞാനൂടെ പൊയ്‌ക്കോട്ടെ ‘ എന്നു ചോദിച്ചത് ..

അമ്മ ആദ്യം വിലക്കിയെങ്കിലും മീനുവിന്റെ നിർബന്ധം സഹിക്കവയ്യാണ്ട് സമ്മതംമൂളി. ശാന്ത കുന്നിന്മുകളിലേയ്ക്ക് മീനുവിനെകൂട്ടി പോയി . താഴെനിന്നു കണ്ടിട്ടുള്ളതല്ലാതെ കുന്നിൻമുകളിലെ കാഴ്ച മീനുവിന് ആദ്യമായുള്ള അനുഭവമാണ് . അവൾക്ക് കൗതുകമായി . നിറയെ പച്ചപ്പുല്ലുകൾ … നല്ല കാറ്റ് .. നിറയെ തൊട്ടാവാടിച്ചെടികൾ .  മീനുവിന് ഉത്സാഹമായി. അവൾ ഓരോ ചെടികളിലും ഒന്നു തലോടി . പെട്ടെന്ന് ഇലകൾ ഒരോന്നും കൂമ്പുന്നു . എന്തു രസമായ കാഴ്ച്ച . അവൾ  ആ തൊട്ടാവാടിച്ചെടികളിൽ തഴുകി .  “ അതിനും ജീവനുണ്ട് മീനൂ … അതിനെ ഉപദ്രവിക്കുമെന്നു ഭയന്ന് ചുരുങ്ങിപ്പോവുന്നതാണെന്ന് ..ശാന്ത . 


മീനു അവിടെക്കിടന്ന ഒരു കല്ലിൽ ഇരിപ്പുറപ്പിച്ചു. ശാന്ത പുല്ലുപറിയ്ക്കൽ തുടങ്ങി. പെട്ടെന്നാണ് ഇടത്തൊണ്ടിൽ വെച്ചു ശാന്തയുടെ തോളിൽ കൈയ്യിട്ട അയാൾ അങ്ങോട്ടുവന്നത് . അന്നാണ് മീനു ആ ആളെ ശ്രദ്ധിക്കുന്നത് . കളംകളം ഷർട്ടും വെള്ളമുണ്ടും ഉടുത്ത വെളുത്ത സുന്ദരനായ ഒരു ചേട്ടനായിരുന്നു അത് .  അയാൾ സ്നേഹഭാവത്തിൽ  “ മോൾ എന്തെടുക്കുവാ ഇവിടെയിരുന്ന് ..” എന്നു ചോദിച്ച് മീനുവിനുനേരേ കപ്പലണ്ടിമിഠായി നീട്ടി. മീനു മടിച്ചു. അറിയാത്തവരുടെ കൈയ്യിൽനിന്നു മിഠായി വാങ്ങിയാൽ അമ്മ വഴക്കുപറയും . ശാന്ത ചിരിച്ചുകൊണ്ടു പറഞ്ഞു  “ വാങ്ങിക്കോ മീനൂ ..”  . മീനു മടിയോടെ വാങ്ങി.  അയാൾ ശാന്തയ്ക്കരികിലേയ്ക്ക് നടന്നു. ശാന്ത പുല്ലുപറിയ്ക്കൽ നിർത്തി. രണ്ടാളും മരത്തിന്റെ മറവിൽനിന്ന്  എന്തോക്കെയോ സംസാരിക്കുന്നു. ചിരിക്കുന്നു .. മീനുവിന് രണ്ടാളോടും ദേഷ്യംതോന്നി.   വർത്തമാനം പറയുന്നതിനിടയിൽ  “ മീനൂ … ഓടിപ്പോവല്ലേ മോളേ .. നമുക്കിപ്പം പോവാം ..” എന്നു ശാന്ത പറഞ്ഞു .  കുറച്ചുകഴിഞ്ഞ് അയാൾ  തിരികെ കുന്നിറങ്ങിപ്പോയി. ശാന്ത വേഗം അരിഞ്ഞുകൂട്ടിയ പുല്ലുകൾ കുട്ടയിലാക്കി മീനുവിന്റെ അടുത്തെത്തി പറഞ്ഞു “ മീനൂ .. അമ്മയോടു പറയല്ലേ ….. എനിക്കടി കിട്ടും ..” . 

മീനുവിനു കരച്ചിൽ വരുന്നുണ്ടായിരുന്നു .  ശാന്ത അയാളോടു സംസാരിച്ചത് മീനുവിന് ഒട്ടും ഇഷ്ടമായില്ല എങ്കിലും അവളതു പുറത്തു പ്രകടിപ്പിക്കാതെ അമ്മയോടു പറയില്ല എന്ന മട്ടിൽ തലയാട്ടി . ശാന്തയാകട്ടെ വിശ്വാസം പോരാഞ്ഞ് കൈനീട്ടിക്കാട്ടിയിട്ടു പറഞ്ഞു “ സത്യം ചെയ്യ്‌”.   മീനു പറഞ്ഞു  ‘ സത്യം ‘ . 


കുറേദിവസം കഴിഞ്ഞൊരുനാൾ ശാന്ത പുല്ലുപറിയ്ക്കാനായി പോവുമ്പോൾ മീനു അമ്മയോടു വാശിപിടിച്ചു. 'അമ്മ അന്നും ആദ്യം വഴക്കുപറഞ്ഞെങ്കിലും സമ്മതംമൂളി .  അന്നു ശാന്ത മീനുവിനെയുംകൂട്ടി കുന്നിന്മുകളിലേയ്ക്കല്ല പോയത് . തോടിന്റെ കരയിലൂടെ കുറേദൂരം നടന്നു. ശാന്ത ഒന്നുംമിണ്ടാതെ മീനുവിന്റെ കൈയ്യുംപിടിച്ച്  എന്തോക്കെയോ ആലോചിച്ചു നടക്കുന്നു. 

 മീനു ചോദിച്ചു ‘ ശാന്തേ .. നമ്മളെങ്ങോട്ടാ പോവാ ..?’ 

ശാന്ത പറഞ്ഞു  “ എനിക്കു മരിച്ചാൽ മതി മീനൂ !!..”

മീനുവിനു പേടി തോന്നി ശാന്തയുടെ കൈയ്യിലെ പിടിവിട്ട് ചോദിച്ചു ‘ മരിക്കയോ ..’ ഭയത്തോടെയുള്ള മീനുവിന്റെ നോട്ടം കണ്ട  ശാന്ത പെട്ടെന്നു വിഷയം മാറ്റി  “ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ .. വാ ..” എന്നു പറഞ്ഞ്‌ മീനുവിന്റെ കൈയ്യും പിടിച്ചുനടന്നു . നല്ല തണലുള്ള സ്ഥലം. നിറയെ തെങ്ങുകളും കവുങ്ങുകളും. ചുവപ്പുനിറത്തിലെ കാവടിപ്പൂക്കൾ ഒരുപാട് .. നിറയെ പൂമ്പാറ്റകൾ … ഹായ് എന്തു രസം … കുറേ അധികം തൊട്ടാവാടിച്ചെടികളും .   തൊട്ടാവാടിച്ചെടി പേടിച്ചുപോകണ്ടായെന്നു കരുതി അവൾ അതിനെ തൊട്ടതേയില്ല . മീനുവിനു നന്നായി ഇഷ്ട്ടപ്പെട്ടു ആ സ്ഥലം . അവൾ അവയൊക്കെ കണ്ടുരസിച്ച് അങ്ങനെ നിൽക്കുമ്പോൾ ആണ്  ആ ചേട്ടൻ അങ്ങോട്ടു നടന്നു വന്നത് . ശാന്ത പുല്ലുപറിക്കൽ നിർത്തി രണ്ടാളും മാറിനിന്നു സംസാരവും തുടങ്ങി . മീനുവിനു സങ്കടം വന്നു .  ശാന്തയോടും ചേട്ടനോടും ദേഷ്യംതോന്നി .  ശാന്ത അന്നും  പറഞ്ഞു “ മോളേ ഓടിപ്പോവല്ലേ …”. 

ഇത്തിരിനേരം  കഴിഞ്ഞതും  മീനു കേട്ടു ശാന്ത ഏങ്ങലടിച്ചു കരയുന്നു.  ചേട്ടൻ  എന്തോക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നു .  എന്നിട്ടും ശാന്ത കരയുകയാണ് .  മീനുവിനും കരച്ചിലു വരുന്നുണ്ടായിരുന്നു . എന്തിനാവും ശാന്ത കരയുന്നത് ..?!!    

തെല്ലുനേരംകഴിഞ്ഞ് ചേട്ടൻ മടങ്ങിപ്പോയി.  ശാന്ത വേഗം പുല്ലു കുട്ടയിൽനിറച്ച് കണ്ണുകൾ തുടച്ച് മീനുവിനരികിൽ വന്നുപറഞ്ഞു.  “ വാ നമുക്കു പോവാം “ .  ശാന്ത മീനുവിന്റെ കൈയ്യുംപിടിച്ച്  നടക്കവേ .  മീനു ചോദിച്ചു  ‘ ശാന്ത മരിക്കുവോ …!!’

പെട്ടെന്നുള്ള മീനുവിന്റെ ചോദ്യം കേട്ട് ശാന്ത നടത്ത  നിർത്തി.  മീനുവിന്റെ കൈയ്യിലെ പിടിവിട്ട് പുല്ലുകൊട്ട താഴത്തുവച്ചു. ശാന്തയുടെ കണ്ണുനിറഞ്ഞിരുന്നു.  

ശാന്ത ചോദിച്ചു “ മീനു  എന്താ ചോദിച്ചേ ..”

മീനു  പറഞ്ഞു ‘ ശാന്ത മരിക്കുവോ ന്ന് ‘. മീനുവിന്റെ താടിക്കു അരുമയോടെ പിടിച്ച് ശാന്ത പറഞ്ഞു “ ഇല്ല മോളേ ..”.  

മീനു കൈനീട്ടിക്കാട്ടി  പറഞ്ഞു ‘സത്യം ‘. 

ശാന്ത മീനുവിന്റെ കൈയ്യിൽ തൊട്ടുപറഞ്ഞു “ സത്യം … ..”

  പിന്നീട് പുല്ലുകൊട്ടയും തലയിലേന്തി  മീനുവിന്റെ കൈയ്യുംപിടിച്ചു ശാന്ത  നടന്നു .  


അടുത്തദിവസങ്ങളിലൊന്നും ശാന്ത വീട്ടിൽവന്നില്ല . മീനു അമ്മയോടു തിരക്കി . 

അമ്മ  പറഞ്ഞു “ ശാന്ത ഇനി വരില്ല … അവളുടെ കല്യാണമാണ് ..”

ഒരു വൈകുന്നേരം  ശാന്ത  വന്നു . അമ്മയെന്തൊക്കെയോ ശാന്തയോടു പറയുന്നുണ്ടായിരുന്നു . ശാന്ത കരച്ചിലു തന്നെ കരച്ചിൽ . പോകാൻനേരം  ശാന്ത മീനുവിന്റെ അടുത്തുവന്നു . മീനുവിനെ കെട്ടിപ്പിടിച്ചൊരുമ്മ നൽകിയിട്ടു  പറഞ്ഞു “ പോട്ടെ മീനൂ ..”. 

‘ ശാന്ത ഇനി വരില്ലേ ..!!!’ എന്നു  മീനു ചോദിച്ചിട്ടും ഒന്നുംപറയാതെ  വേഗം നടന്നു നീങ്ങുന്ന ശാന്തയെ നോക്കി മീനു സങ്കടപ്പെട്ടുനിൽക്കുമ്പോൾ അമ്മ വിളിച്ചു “ മീനൂ സന്ധ്യയാവുന്നു വേഗം പോയി കുളിച്ചുവാ “


അടുത്ത ദിവസം ശാന്തയുടെ കല്യാണമായിരുന്നു . അമ്മ മീനുവിനെയും കൂട്ടി ശാന്തയുടെ വീട്ടിൽച്ചെന്നപ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു.   “ ചെക്കനും പെണ്ണും പുറപ്പെടാനിറങ്ങുവാ ..” എന്നാരോ പറയുന്നതു കേട്ടു .  മീനു അമ്മയുടെ കൈപിടിച്ച് മുറ്റത്തുകെട്ടിയ ചെറിയ പന്തലിൽനിൽക്കുമ്പോൾ ശാന്ത ഒരാളുടെ പുറകേ ഇറങ്ങിവന്നു . മീനു അയാളെ ആദ്യമായി കാണുകയായിരുന്നു . നല്ല കറുത്തനിറം . തലയിൽ നല്ല കഷണ്ടി. മുഖത്താകട്ടെ വല്യ ഗൗരവം .  ശാന്ത ഇളംമഞ്ഞക്കളറിൽ നേർത്തകസവുള്ള സാരി അണിഞ്ഞിരുന്നു. തലയിൽ ഇത്തിരി മുല്ലപ്പൂ ചൂടിയിരുന്നു .  അമ്മയെക്കണ്ട് ശാന്ത കെട്ടിപ്പിടിച്ചുകരഞ്ഞു … മീനുവിന്റെ മുഖത്തൊന്നു തലോടി അയാൾക്ക്‌  പിറകേ നടന്നു .  


'അമ്മ മീനുവിന്റെ കൈപിടിച്ച് വേഗത്തിൽ തിരികെനടന്നു. 

 മീനുവിന് അമ്മയോടു ചോദിക്കണമെന്നുണ്ടായിരുന്നു ‘ ശാന്ത മരിക്കുവോ ‘ ന്ന് . 

 പക്ഷേ കരച്ചിലുവന്ന് തൊണ്ടയിൽകുരുങ്ങി മീനുവിന് ഒന്നും ചോദിക്കാനായില്ല . 

 ********************************************************************************

ശുഭം