തൊട്ടാവാടിപ്പൂക്കള്‍
********************
വീട്ടുസാധനങ്ങളുടെ കുറിപ്പടിയും സഞ്ചിയും ശാന്തയെ ഏൽപ്പിച്ച് അമ്മ പറഞ്ഞു “ മീനുവിനെക്കൂടെ കൂട്ടിക്കോ ശാന്തേ … നീ ഒറ്റയ്ക്കു പോവണ്ട “.
മീനുവിനു സന്തോഷമായി . 'അമ്മ ചില്ലറത്തുട്ട് മീനുവിന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു “ സൂക്ഷിച്ചു പോവണം .. ശാന്തേടെ കൈയ്യിൽ പിടിച്ചോണം ..”
മീനു ശാന്തയുടെ കൈയ്യിൽ തൂങ്ങി ഉത്സാഹത്തോടെ നടന്നു . കടയിൽനിന്ന് ശാന്ത സാധനങ്ങൾ വാങ്ങി മീനു കപ്പലണ്ടിമിഠായിയും വാങ്ങി തിരികെ ഇടത്തൊണ്ടിൽക്കൂടെ നടന്നുവരുമ്പോൾ ആണ് എതിരേ വന്നൊരാൾ ശാന്തയോട് എന്തോ ചോദിച്ചു . ശാന്ത എന്തോ മറുപടി പറഞ്ഞു . ശാന്തയുടെ ആരെങ്കിലും ആവും എന്നു മീനുവിനു തോന്നി . അവൾ ഇടത്തൊണ്ടിന്റെ അരികിലെ കുഞ്ഞുചെടിയിലെ വെള്ളപ്പൂക്കൾ കണ്ട് അതു പറിച്ചെടുത്തു . തൊട്ടാവാടിച്ചെടിയിലും കുഞ്ഞുവയലറ്റുപൂക്കൾ. മീനു തൊട്ടാവാടിച്ചെടിയെ തൊട്ടുനോക്കി . ഇലകൾ അത്രയും കൂമ്പുന്നു . അവൾക്കു രസം തോന്നി . അടുത്തടുത്ത തൊട്ടാവാടികളിൽ തഴുകി അവയെ ഉറക്കി .
ചിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ മീനു കണ്ടത് അയാൾ ശാന്തയുടെ തോളിൽ കൈയ്യിട്ട് എന്തോ പറയുന്നു . അതുകേട്ട് ശാന്ത ചിരിച്ചുകൊണ്ടു നിൽക്കുന്നു . മീനു പിന്നെ ഒന്നും നോക്കിയില്ല .. ഒറ്റ ഓട്ടമായിരുന്നു . ശാന്ത പിറകീന്നു വിളിച്ചു “ മീനൂ…. മോളേ നിൽക്കൂ …. ഓടല്ലേ …” . മീനു തിരിഞ്ഞുനോക്കാതെ കരഞ്ഞുകൊണ്ട് ഓട്ടത്തിനു സ്പീഡു കൂട്ടി . ശാന്ത പിറകേയും . മീനു ഓടിയണച്ച് കുത്തുകല്ലിന്റെ പടികൾ കയറുമ്പോഴും ശാന്ത വിളിക്കുന്നുണ്ടായിരുന്നു . ഓടിയണച്ച് അമ്മയ്ക്കരികിൽ എത്തിയപ്പോൾ അമ്മ പരിഭ്രമത്തോടെ ചോദിച്ചു “ എന്താ മീനൂ .. നീ എന്തിനാ ഓടി വന്നത് … ശാന്ത എവിടെ ? “
മീനു ശ്വാസം ഒന്നുവിട്ട് നേരേനിന്നിട്ട് അമ്മയോടു പറഞ്ഞു “ അമ്മേ ..ശാന്തേടെ തോളത്തു ഒരാൾ കൈയ്യിട്ടു വർത്തമാനം പറഞ്ഞു “
അമ്മയുടെ മുഖത്തെ ഭാവം മാറി .
“ ആര് …?” എന്നമ്മ
“ ആ എനിക്കറിയില്ല “ എന്ന് മീനു .
തൊട്ടുപുറകേ വെപ്രാളത്തോടെ ശാന്ത വന്നുകയറി . സഞ്ചി താഴത്തു വെയ്ക്കുമ്പോൾ 'അമ്മ വിളിക്കുന്നതു കേട്ടു “ ശാന്തേ …”
എന്താ 'അമ്മ ചോദിക്കുന്നതെന്നു കേൾക്കാൻ മീനു നിന്നില്ല . അവളോടി മുൻവശത്തേയ്ക്ക്. ഇത്തിരിനേരം കഴിഞ്ഞ് അടുക്കളവശത്തെ കതകിനു മറഞ്ഞുനിന്ന് നോക്കി. അമ്മയെന്തോ പറയുന്നു . ശാന്ത തലകുനിച്ചുനിന്നു കരയുന്നു . മീനുവിനു പേടിയായി . അമ്മ എന്താവും പറയുക … ശാന്തയ്ക്കു തന്നോടു പിണക്കാവുമോ .. 'അമ്മ പിന്നീടതേപ്പറ്റി ഒന്നും മീനുവിനോട് ചോദിച്ചതുമില്ല .
പിറ്റേന്നു രാവിലെ ശാന്തയുടെ 'അമ്മ കല്യാണിച്ചേടത്തി വന്നു . അമ്മയുമായി എന്തൊക്കെയോ അടക്കംപറഞ്ഞു നിൽക്കുന്നു . 'അമ്മ സമാധാനവാക്കുകൾ പറഞ്ഞിട്ടും കല്യാണിച്ചേടത്തി “ ശാന്തയെ ശരിയാക്കുമെന്നും വീട്ടിലോട്ടു ചെല്ലട്ടെ ..”എന്നും ഒക്കെ ദേഷ്യപ്പെടുന്നതു കേട്ടപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് മീനുവിനു തോന്നി . പാവം ശാന്ത ..!! കല്യാണിച്ചേടത്തി ശാന്തയെ തല്ലുമായിരിക്കും . കാരണം താനാവുമല്ലോ എന്ന സങ്കടമായി മീനുവിന് . ശാന്ത പിറകീന്നു വിളിച്ചിട്ടും കേൾക്കാതെ ഓടിയതും അമ്മയോടു വന്നു പറഞ്ഞുകൊടുത്തതും ഒക്കെ ഓർത്തപ്പോൾ മീനുവിന്റെ സങ്കടം വർദ്ധിച്ചു . ശാന്ത മുറ്റം തൂക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടിവന്ന് മീനുവിനെ ഊഞ്ഞാലിലിരുത്തി ആട്ടിക്കൊടുക്കാറുണ്ട് കല്ലുകൊത്തിക്കളിച്ചു കാണിക്കാറുണ്ട് . ശാന്തയ്ക്കു മീനുവിനെ വല്യ കാര്യമാണ് .
അടുത്ത ദിവസം രാവിലെ ശാന്ത വന്നുവെങ്കിലും മീനു മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു . വൈകുന്നേരം ശാന്ത ജോലികഴിഞ്ഞു പോകുമ്പോൾ മീനു ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുകയായിരുന്നു . ശാന്ത “ ഞാൻ ആട്ടിത്തരാം “ എന്നുപറഞ്ഞ് കൈയ്യിലൊരു പാത്രം ഉണ്ടായിരുന്നത് നിലത്തുവച്ചിട്ട് മീനുവിനെ ഊഞ്ഞാലാട്ടിക്കൊടുത്തിട്ട് പറഞ്ഞു “ ഇനി പോട്ടെ മീനൂ … സന്ധ്യയാവുന്നു ..”. മീനുവിനു സന്തോഷം തോന്നി . ശാന്തയ്ക്കു തന്നോടു പിണക്കമില്ലല്ലോ .
അടുത്തൊരു ദിവസം ശാന്ത പശുവിനു പുല്ലുപറിയ്ക്കാനായി കുട്ടയും അരുവായുമായി ഇറങ്ങുന്നതുകണ്ട് മീനു ‘ അമ്മേ ഞാനൂടെ പൊയ്‌ക്കോട്ടെ ‘ എന്നു ചോദിച്ചത് ..
അമ്മ ആദ്യം വിലക്കിയെങ്കിലും മീനുവിന്റെ നിർബന്ധം സഹിക്കവയ്യാണ്ട് സമ്മതംമൂളി. ശാന്ത കുന്നിന്മുകളിലേയ്ക്ക് മീനുവിനെകൂട്ടി പോയി . താഴെനിന്നു കണ്ടിട്ടുള്ളതല്ലാതെ കുന്നിൻമുകളിലെ കാഴ്ച മീനുവിന് ആദ്യമായുള്ള അനുഭവമാണ് . അവൾക്ക് കൗതുകമായി . നിറയെ പച്ചപ്പുല്ലുകൾ … നല്ല കാറ്റ് .. നിറയെ തൊട്ടാവാടിച്ചെടികൾ . മീനുവിന് ഉത്സാഹമായി. അവൾ ഓരോ ചെടികളിലും ഒന്നു തലോടി . പെട്ടെന്ന് ഇലകൾ ഒരോന്നും കൂമ്പുന്നു . എന്തു രസമായ കാഴ്ച്ച . അവൾ ആ തൊട്ടാവാടിച്ചെടികളിൽ തഴുകി . “ അതിനും ജീവനുണ്ട് മീനൂ … അതിനെ ഉപദ്രവിക്കുമെന്നു ഭയന്ന് ചുരുങ്ങിപ്പോവുന്നതാണെന്ന് ..ശാന്ത .
മീനു അവിടെക്കിടന്ന ഒരു കല്ലിൽ ഇരിപ്പുറപ്പിച്ചു. ശാന്ത പുല്ലുപറിയ്ക്കൽ തുടങ്ങി. പെട്ടെന്നാണ് ഇടത്തൊണ്ടിൽ വെച്ചു ശാന്തയുടെ തോളിൽ കൈയ്യിട്ട അയാൾ അങ്ങോട്ടുവന്നത് . അന്നാണ് മീനു ആ ആളെ ശ്രദ്ധിക്കുന്നത് . കളംകളം ഷർട്ടും വെള്ളമുണ്ടും ഉടുത്ത വെളുത്ത സുന്ദരനായ ഒരു ചേട്ടനായിരുന്നു അത് . അയാൾ സ്നേഹഭാവത്തിൽ “ മോൾ എന്തെടുക്കുവാ ഇവിടെയിരുന്ന് ..” എന്നു ചോദിച്ച് മീനുവിനുനേരേ കപ്പലണ്ടിമിഠായി നീട്ടി. മീനു മടിച്ചു. അറിയാത്തവരുടെ കൈയ്യിൽനിന്നു മിഠായി വാങ്ങിയാൽ അമ്മ വഴക്കുപറയും . ശാന്ത ചിരിച്ചുകൊണ്ടു പറഞ്ഞു “ വാങ്ങിക്കോ മീനൂ ..” . മീനു മടിയോടെ വാങ്ങി. അയാൾ ശാന്തയ്ക്കരികിലേയ്ക്ക് നടന്നു. ശാന്ത പുല്ലുപറിയ്ക്കൽ നിർത്തി. രണ്ടാളും മരത്തിന്റെ മറവിൽനിന്ന് എന്തോക്കെയോ സംസാരിക്കുന്നു. ചിരിക്കുന്നു .. മീനുവിന് രണ്ടാളോടും ദേഷ്യംതോന്നി. വർത്തമാനം പറയുന്നതിനിടയിൽ “ മീനൂ … ഓടിപ്പോവല്ലേ മോളേ .. നമുക്കിപ്പം പോവാം ..” എന്നു ശാന്ത പറഞ്ഞു . കുറച്ചുകഴിഞ്ഞ് അയാൾ തിരികെ കുന്നിറങ്ങിപ്പോയി. ശാന്ത വേഗം അരിഞ്ഞുകൂട്ടിയ പുല്ലുകൾ കുട്ടയിലാക്കി മീനുവിന്റെ അടുത്തെത്തി പറഞ്ഞു “ മീനൂ .. അമ്മയോടു പറയല്ലേ ….. എനിക്കടി കിട്ടും ..” .
മീനുവിനു കരച്ചിൽ വരുന്നുണ്ടായിരുന്നു . ശാന്ത അയാളോടു സംസാരിച്ചത് മീനുവിന് ഒട്ടും ഇഷ്ടമായില്ല എങ്കിലും അവളതു പുറത്തു പ്രകടിപ്പിക്കാതെ അമ്മയോടു പറയില്ല എന്ന മട്ടിൽ തലയാട്ടി . ശാന്തയാകട്ടെ വിശ്വാസം പോരാഞ്ഞ് കൈനീട്ടിക്കാട്ടിയിട്ടു പറഞ്ഞു “ സത്യം ചെയ്യ്”. മീനു പറഞ്ഞു ‘ സത്യം ‘ .
കുറേദിവസം കഴിഞ്ഞൊരുനാൾ ശാന്ത പുല്ലുപറിയ്ക്കാനായി പോവുമ്പോൾ മീനു അമ്മയോടു വാശിപിടിച്ചു. 'അമ്മ അന്നും ആദ്യം വഴക്കുപറഞ്ഞെങ്കിലും സമ്മതംമൂളി . അന്നു ശാന്ത മീനുവിനെയുംകൂട്ടി കുന്നിന്മുകളിലേയ്ക്കല്ല പോയത് . തോടിന്റെ കരയിലൂടെ കുറേദൂരം നടന്നു. ശാന്ത ഒന്നുംമിണ്ടാതെ മീനുവിന്റെ കൈയ്യുംപിടിച്ച് എന്തോക്കെയോ ആലോചിച്ചു നടക്കുന്നു.
മീനു ചോദിച്ചു ‘ ശാന്തേ .. നമ്മളെങ്ങോട്ടാ പോവാ ..?’
ശാന്ത പറഞ്ഞു “ എനിക്കു മരിച്ചാൽ മതി മീനൂ !!..”
മീനുവിനു പേടി തോന്നി ശാന്തയുടെ കൈയ്യിലെ പിടിവിട്ട് ചോദിച്ചു ‘ മരിക്കയോ ..’ ഭയത്തോടെയുള്ള മീനുവിന്റെ നോട്ടം കണ്ട ശാന്ത പെട്ടെന്നു വിഷയം മാറ്റി “ ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ .. വാ ..” എന്നു പറഞ്ഞ് മീനുവിന്റെ കൈയ്യും പിടിച്ചുനടന്നു . നല്ല തണലുള്ള സ്ഥലം. നിറയെ തെങ്ങുകളും കവുങ്ങുകളും. ചുവപ്പുനിറത്തിലെ കാവടിപ്പൂക്കൾ ഒരുപാട് .. നിറയെ പൂമ്പാറ്റകൾ … ഹായ് എന്തു രസം … കുറേ അധികം തൊട്ടാവാടിച്ചെടികളും . തൊട്ടാവാടിച്ചെടി പേടിച്ചുപോകണ്ടായെന്നു കരുതി അവൾ അതിനെ തൊട്ടതേയില്ല . മീനുവിനു നന്നായി ഇഷ്ട്ടപ്പെട്ടു ആ സ്ഥലം . അവൾ അവയൊക്കെ കണ്ടുരസിച്ച് അങ്ങനെ നിൽക്കുമ്പോൾ ആണ് ആ ചേട്ടൻ അങ്ങോട്ടു നടന്നു വന്നത് . ശാന്ത പുല്ലുപറിക്കൽ നിർത്തി രണ്ടാളും മാറിനിന്നു സംസാരവും തുടങ്ങി . മീനുവിനു സങ്കടം വന്നു . ശാന്തയോടും ചേട്ടനോടും ദേഷ്യംതോന്നി . ശാന്ത അന്നും പറഞ്ഞു “ മോളേ ഓടിപ്പോവല്ലേ …”.
ഇത്തിരിനേരം കഴിഞ്ഞതും മീനു കേട്ടു ശാന്ത ഏങ്ങലടിച്ചു കരയുന്നു. ചേട്ടൻ എന്തോക്കെയോ പറഞ്ഞാശ്വസിപ്പിക്കുന്നു . എന്നിട്ടും ശാന്ത കരയുകയാണ് . മീനുവിനും കരച്ചിലു വരുന്നുണ്ടായിരുന്നു . എന്തിനാവും ശാന്ത കരയുന്നത് ..?!!
തെല്ലുനേരംകഴിഞ്ഞ് ചേട്ടൻ മടങ്ങിപ്പോയി. ശാന്ത വേഗം പുല്ലു കുട്ടയിൽനിറച്ച് കണ്ണുകൾ തുടച്ച് മീനുവിനരികിൽ വന്നുപറഞ്ഞു. “ വാ നമുക്കു പോവാം “ . ശാന്ത മീനുവിന്റെ കൈയ്യുംപിടിച്ച് നടക്കവേ . മീനു ചോദിച്ചു ‘ ശാന്ത മരിക്കുവോ …!!’
പെട്ടെന്നുള്ള മീനുവിന്റെ ചോദ്യം കേട്ട് ശാന്ത നടത്ത നിർത്തി. മീനുവിന്റെ കൈയ്യിലെ പിടിവിട്ട് പുല്ലുകൊട്ട താഴത്തുവച്ചു. ശാന്തയുടെ കണ്ണുനിറഞ്ഞിരുന്നു.
ശാന്ത ചോദിച്ചു “ മീനു എന്താ ചോദിച്ചേ ..”
മീനു പറഞ്ഞു ‘ ശാന്ത മരിക്കുവോ ന്ന് ‘. മീനുവിന്റെ താടിക്കു അരുമയോടെ പിടിച്ച് ശാന്ത പറഞ്ഞു “ ഇല്ല മോളേ ..”.
മീനു കൈനീട്ടിക്കാട്ടി പറഞ്ഞു ‘സത്യം ‘.
ശാന്ത മീനുവിന്റെ കൈയ്യിൽ തൊട്ടുപറഞ്ഞു “ സത്യം … ..”
പിന്നീട് പുല്ലുകൊട്ടയും തലയിലേന്തി മീനുവിന്റെ കൈയ്യുംപിടിച്ചു ശാന്ത നടന്നു .
അടുത്തദിവസങ്ങളിലൊന്നും ശാന്ത വീട്ടിൽവന്നില്ല . മീനു അമ്മയോടു തിരക്കി .
അമ്മ പറഞ്ഞു “ ശാന്ത ഇനി വരില്ല … അവളുടെ കല്യാണമാണ് ..”
ഒരു വൈകുന്നേരം ശാന്ത വന്നു . അമ്മയെന്തൊക്കെയോ ശാന്തയോടു പറയുന്നുണ്ടായിരുന്നു . ശാന്ത കരച്ചിലു തന്നെ കരച്ചിൽ . പോകാൻനേരം ശാന്ത മീനുവിന്റെ അടുത്തുവന്നു . മീനുവിനെ കെട്ടിപ്പിടിച്ചൊരുമ്മ നൽകിയിട്ടു പറഞ്ഞു “ പോട്ടെ മീനൂ ..”.
‘ ശാന്ത ഇനി വരില്ലേ ..!!!’ എന്നു മീനു ചോദിച്ചിട്ടും ഒന്നുംപറയാതെ വേഗം നടന്നു നീങ്ങുന്ന ശാന്തയെ നോക്കി മീനു സങ്കടപ്പെട്ടുനിൽക്കുമ്പോൾ അമ്മ വിളിച്ചു “ മീനൂ സന്ധ്യയാവുന്നു വേഗം പോയി കുളിച്ചുവാ “
അടുത്ത ദിവസം ശാന്തയുടെ കല്യാണമായിരുന്നു . അമ്മ മീനുവിനെയും കൂട്ടി ശാന്തയുടെ വീട്ടിൽച്ചെന്നപ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു. “ ചെക്കനും പെണ്ണും പുറപ്പെടാനിറങ്ങുവാ ..” എന്നാരോ പറയുന്നതു കേട്ടു . മീനു അമ്മയുടെ കൈപിടിച്ച് മുറ്റത്തുകെട്ടിയ ചെറിയ പന്തലിൽനിൽക്കുമ്പോൾ ശാന്ത ഒരാളുടെ പുറകേ ഇറങ്ങിവന്നു . മീനു അയാളെ ആദ്യമായി കാണുകയായിരുന്നു . നല്ല കറുത്തനിറം . തലയിൽ നല്ല കഷണ്ടി. മുഖത്താകട്ടെ വല്യ ഗൗരവം . ശാന്ത ഇളംമഞ്ഞക്കളറിൽ നേർത്തകസവുള്ള സാരി അണിഞ്ഞിരുന്നു. തലയിൽ ഇത്തിരി മുല്ലപ്പൂ ചൂടിയിരുന്നു . അമ്മയെക്കണ്ട് ശാന്ത കെട്ടിപ്പിടിച്ചുകരഞ്ഞു … മീനുവിന്റെ മുഖത്തൊന്നു തലോടി അയാൾക്ക് പിറകേ നടന്നു .
'അമ്മ മീനുവിന്റെ കൈപിടിച്ച് വേഗത്തിൽ തിരികെനടന്നു.
മീനുവിന് അമ്മയോടു ചോദിക്കണമെന്നുണ്ടായിരുന്നു ‘ ശാന്ത മരിക്കുവോ ‘ ന്ന് .
പക്ഷേ കരച്ചിലുവന്ന് തൊണ്ടയിൽകുരുങ്ങി മീനുവിന് ഒന്നും ചോദിക്കാനായില്ല .
********************************************************************************
ശുഭം
0 comments:
Post a Comment