സന്ധ്യയ്ക്ക് ചേക്കേറാനായി മാനത്തൂടെ ഒറ്റക്കും കൂട്ടമായും വേഗത്തിൽ പറന്നുപോവുന്ന കിളികൾ ... ... .. എന്തു രസം .. അവറ്റകളെയിങ്ങനെ നോക്കിയിരിക്കാൻ ... പഴയവീടിനെയാണ് അപ്പോൾ ഓർമ്മവന്നത് . വൈകുന്നേരങ്ങളിൽ ഏട്ടനുമൊത്ത് വീടിനു മുൻപിലെ വരാന്തയിലിരുന്ന് വേഗത്തിൽ പറന്നുപോവുന്ന കിളികളെ മത്സരിച്ചെണ്ണുക ഒരു രസമായിരുന്നു . സന്ധ്യാനേരത്ത് ഇവ പറന്നുപോവുന്നത് അവറ്റകളുടെ വീട്ടിലേക്കാണെന്ന് ഏട്ടൻ പറയാറുണ്ട് . മാനത്തേയ്ക്കു നോക്കിയിരുന്നപ്പോൾ ഒരുനിമിഷം ആശിച്ചു ' ഈ പറവകളായി ജനിച്ചാൽ മതിയായിരുന്നു ... എന്തു ഭാഗ്യം ... എന്തോരം ഉയരത്തിൽ പറക്കാം ... മാനത്ത് ഇഷ്ടംപോലെ സ്ഥലമില്ലേ ...'
മുറ്റത്തെ ചരലുകളിൽ ഈർക്കിലിച്ചൂലുകൊണ്ട് വേഗത്തിൽ കോറുന്നതിന്റെ ഒച്ച . സന്ധ്യയ്ക്കു മുന്നേയുള്ള നളിനിയേടത്തിയുടെ വഴിപാട്. കവലയിൽനിന്നും “കുട്ടൻപ്രാന്തന്റെ” ഉറക്കെയുള്ള സംസാരവും പാട്ടും കേൾക്കാം . പകലൊക്കെ വഴിനീളെ പാട്ടുപാടിയും പ്രസംഗിച്ചും നടക്കും . രാത്രിയിൽ കയറിച്ചെല്ലുന്ന ഏതേലും വീടിന്റെ വരാന്തയിൽക്കിടന്നുറങ്ങും . . ലക്ഷ്മിയമ്മ പറഞ്ഞുള്ള അറിവുകളാണ് . ഇതേവരെ അയാളെയൊന്നു നേരിൽ കാണാനായിട്ടില്ല .
അകന്ന ബന്ധുവായ ലക്ഷ്മിയമ്മയുടെ വീട്ടിലെ ചുറ്റുപാടുകളുമായി സാവകാശം ഇണങ്ങിവരാൻ കഴിയുന്നുണ്ട് . ലക്ഷ്മിയമ്മക്കു വല്യവീടുണ്ട് ... പറമ്പുണ്ട് ... പണമുണ്ട് ... പക്ഷേ എന്തൊക്കെയോ ദുഃഖങ്ങൾ അലട്ടുന്നുണ്ട് . ലക്ഷ്മിയമ്മക്കു തന്റെ സാഹചര്യങ്ങൾ അറിയാവുന്നതുകൊണ്ടാകാം മുഖമൊന്നു വാടിക്കണ്ടാൽ തിരക്കും " എന്താ കുഞ്ഞേ .. മുഖം വാടിയെ ..." വാക്കുകളിലൂടെ ആ കരുതൽ മനസ്സിലാവും എന്നാലും അന്നേരം മനസ്സ് ഒന്നൂടെ വിഷമിച്ചുപോകാറുണ്ട്. ഉയർന്നമാർക്കിൽ പത്താംതരംപാസ്സായ ഏട്ടനെ അച്ഛൻ പട്ടണത്തിൽ നല്ല കോളേജിൽത്തന്നേ ചേർത്തുകഴിഞ്ഞല്ലോ . പുതിയസ്ഥലത്തു വീടുവാങ്ങിയാൽ ഏട്ടനെ ഹോസ്റ്റലിലാക്കാനാണ് അച്ഛന്റെ തീരുമാനം . ചേച്ചിയാണെങ്കിലോ സാഹചര്യങ്ങളാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ പഠിപ്പുമതിയാക്കി . പാവം ചേച്ചി !! ആറാംതരത്തിൽ പഠിക്കുന്ന തന്റെ കാര്യത്തിലായിരുന്നല്ലോ അച്ഛന്റെ ആധി . അദ്ധ്യായനവർഷം തുടങ്ങി . ഇടക്കുവച്ചു പഠിപ്പു മുടങ്ങിയാൽ .... ലക്ഷ്മിയമ്മയുടെ കനിവ് അച്ഛന് വലിയൊരു ആശ്വാസമായിട്ടുണ്ടാവണം . എന്നാവും അച്ഛനിനി സ്വന്തമായി ഒരുവീടു വാങ്ങുക . ഓരോ പുലർച്ചെയും രാത്രിയിലും ഉള്ള പ്രാർത്ഥനയിൽ ഒറ്റ അപേക്ഷമാത്രേ ഉള്ളൂ മനസ്സിൽ ' അച്ഛന് വേഗം സ്വന്തായി ഒരു വീടുവാങ്ങാൻ കഴിയണേ ...'
ആ വാടകവീട്ടിൽനിന്നും എത്രയുംവേഗം മാറാനായെങ്കിൽ ... ആ വീടുമായി ഒട്ടും പൊരുത്തപ്പെടാനായിട്ടില്ല ... പാവം ഏട്ടനും ചേച്ചിയും ഇപ്പോ എന്തെടുക്കുകയാണോ .. ആവോ .. ദുഃഖം നിഴലിച്ച മുഖങ്ങളാണ് സദാ അച്ഛനും അമ്മയ്ക്കും .. അമ്മക്കൊരേ പ്രാർത്ഥനമാത്രം " സ്വന്തമായി ഒരുകിടപ്പാടം ..". പകലത്തെ അലച്ചിലിനൊടുവിൽ കയറിവരുന്ന അച്ഛൻ അഭിമുഖീകരിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറേ മുഖങ്ങളെയാണ് . " ഇന്നത്തെ പോക്കു ശരിയായില്ല .. വേറെവിടെയെങ്കിലും ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ടാവും .." അച്ഛന്റെ സമാധാനവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും മുഖത്തു സങ്കടമാണ് .. അതുകാണുമ്പോൾ ഒന്നൂടെ വല്ലാത്ത സങ്കടം വരും . ആശിക്കും ... താമസിയാതെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവണേ ..
വാടകവീട്ടിലെ അയൽക്കാരി മോളമ്മയുടെ പെരുമാറ്റമാണല്ലോ മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തിയിട്ടുള്ളത് . സമപ്രായക്കാരി കൂട്ടുകൂടാൻ വന്നപ്പോൾ ആദ്യം ഇഷ്ടമായിരുന്നു . പക്ഷേ അവൾ തനിനിറം പുറത്തുകാട്ടിയപ്പോൾ വെറുപ്പായിത്തുടങ്ങി . തങ്ങൾ താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തെ തുളസിയില നുള്ളാനും മുറ്റത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മുരിങ്ങയില പറിക്കാനും ഒക്കെ ഒരു സന്ദർശനം നടത്തിയിട്ട് തങ്ങളെനോക്കി ഒരു താക്കീതുകൂടിയുണ്ട് " ഇതിലൊന്നും വടക്കാർക്കവകാശമില്ലാട്ടോ ... വീടുമാത്രേ അമ്മാമ തന്നിട്ടുള്ളൂ ..". അവടമ്മാമയുടേതാണത്രേ വാടകവീട് ... അവളുടെ നടപ്പിലും ഭാവത്തിലുമോ ... ഇതൊന്നും അമ്മാമേടെ അല്ല അവളുടെ സ്വന്തമാണെന്ന അഹങ്കാരം .. അവളുടെ ഇമ്മാതിരി വർത്തമാനം കേട്ട് പലതവണ പിറുപിറുത്തുപോകാറുണ്ട് ' എന്റച്ഛന് നല്ല ഉദ്യോഗം ഉണ്ടായിരുന്നു .. എന്റച്ഛനെ എല്ലാർക്കും എന്തു കാര്യാരുന്നു .. ഞങ്ങൾക്കവിടെ വല്യ വീടുണ്ടാരുന്നു .. ' അവളോടിങ്ങനെ നല്ല രണ്ടു വർത്തമാനം പറയണൊണ്ടെന്നു പറഞ്ഞാലോ ചേച്ചി വിലക്കും " അതൊന്നും നമുക്കു സ്വന്തമായിരുന്നില്ലല്ലോ സുധക്കുട്ടീ .. അല്ലേൽത്തന്നെ അതൊക്കെ ഇനി വിളിച്ചുപറഞ്ഞിട്ടെന്തു കാര്യം .."
മനസ്സിൽ എപ്പോഴും ഒറ്റ പ്രാർത്ഥന മാത്രം .. വേഗം സ്വന്തമായി ഒരു വീടുണ്ടാവണേ ... വാടകവീട്ടിൽ താമസിക്കുന്നവർക്ക് ഒരു വിലയുമില്ലല്ലോ .
അച്ഛനൊരിക്കൽ പണിക്കാരൻ കുട്ടനേയും തൊട്ടടുത്തു താമസിക്കുന്ന സ്ഥിരം സന്ദർശകനായ കേശുവച്ചനെയും ഒക്കെ പുരക്കകത്തു കൊണ്ടുനടന്ന് തങ്ങളുടെ അലമാരയും കട്ടിലുകളും സെറ്റിയും ഒക്കെ കാട്ടിക്കൊടുക്കുന്ന കണ്ടു . അവർ പോയതും 'അമ്മ അച്ഛനോടു വല്ലാതെ കയർക്കുന്നതുകേട്ടു " എന്തിനാണ് ഇതൊക്കെ വല്ലവരേയും കാട്ടിക്കൊടുക്കുന്നത് .. നമ്മുടെ പഴയ പ്രതാപം കാട്ടാനോ ..".
നളിനിയേടത്തി മുറ്റമടി തീർത്തു ചെടിനന തുടരുമ്പോൾ വിളിച്ചു " കുട്ട്യേ ... എന്താണിത്ര ആലോചന ... സന്ധ്യയാവണൂട്ടോ ..." കുളിക്കാനായുള്ള മുന്നറിയിപ്പാണെന്നറിയാം . നളിനിയേടത്തിക്കു ഒരാലോചനയും ഇല്ല . സദാസമയോം ഓരോ പണികളും ചെയ്തു നടക്കും . വന്നനാൾമുതൽ വാത്സല്യത്തോടെയേ തന്നോടിടപെട്ടിട്ടുള്ളൂ . നളിനിയേടത്തിക്കു സ്വന്തമായി ഒരോലപ്പുരയുണ്ടെന്നു പറഞ്ഞിട്ടുണ്ട് . അതിനാൽ അവർക്കു വീടിനെ ഓർത്തു സങ്കടമില്ല . മാസാമാസം ലക്ഷ്മിയമ്മ കൊടുക്കുന്ന പൈസയും വാങ്ങി സന്തോഷമായി അവർ തന്റെ വീട്ടിൽ പോയി തിരികെ വരുന്നു . നളിനിയേടത്തി കുറ്റിമുല്ലച്ചുവട്ടിൽ വെള്ളം നനച്ചുകൊണ്ടു പറഞ്ഞു " നിറയെ മൊട്ടുകളുണ്ട് കുട്ടീ. ..". കുറ്റിമുല്ലയിൽ നിറഞ്ഞുനിൽക്കുന്നു വെള്ളപ്പൂമൊട്ടുകൾ . മതിലിൽ പടർന്നുകിടക്കുന്ന പിച്ചിയിലും അങ്ങിങ്ങായി ധാരാളം മൊട്ടുകളുണ്ട് . നാളെ കാലത്തു അവയെല്ലാം വിരിഞ്ഞുനിൽക്കുന്ന കാണാൻ എത്ര ഭംഗിയാവും . സന്തോഷം തോന്നും . ലക്ഷ്മിയമ്മയുടെ വീട്ടിൽ നിറയെ പൂക്കളുണ്ട് . നല്ല ഭംഗിയുള്ള പൂക്കൾ . ഞങ്ങളുടെ പഴയ വീടിനെ ഓർത്തു . ഉയർന്ന മതിൽക്കെട്ടിനകത്തു വിശാലമായമുറ്റം ....തിട്ടകെട്ടി നിറയെ അച്ഛൻ നട്ടുവളർത്തിയ ചെടികൾ . .... എത്ര മനോഹരമായ വീട് ... എല്ലാം പെറുക്കിക്കെട്ടി ആ വീടുവിട്ടു യാത്രയായ ദിവസം ഓർക്കുന്നതേ നെഞ്ചുപിടയും .
മാനത്തേയ്ക്കു നോക്കി .. ഇതുവരെ തീർന്നിട്ടില്ല . ഒറ്റയ്ക്കും കൂട്ടമായും ചിലച്ചുകൊണ്ടുപോവുന്ന കിളികൾ . എന്തോരം സന്തോഷത്തോടെയാ അവറ്റകളുടെ പോക്ക് ... എവിടാവും അവരുടെ വീട് . സങ്കടം വന്നു .. പറവകൾക്കും വീടുണ്ട് ... എല്ലാവർക്കും വീടുണ്ട് . അച്ഛനിനി വീടുവാങ്ങാൻ കഴിയില്ലേ ...
'അമ്മ പണ്ടൊരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട് ഞങ്ങളുടെ വീട്ടിലെ കിഴക്കേമൂലയ്ക്ക് രണ്ടുനിലയിൽ തീർത്ത കോഴിക്കൂടിനെപ്പറ്റി . മുകളിലും താഴെയും മരയഴികൾകൊണ്ട് രണ്ടുകള്ളികളായി വേർതിരിച്ചിരുന്നു . ഓർമ്മവച്ചകാലം മുതൽ അതിൽ നിറയെ കോഴികൾ ഉണ്ടായിരുന്നു . മുകളിലേത്തട്ടിൽ മുയലുകളെ വളർത്തിയിരുന്നതായി 'അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് . ഇതുപണിത ആശാരി പണിതീർന്നതും പറഞ്ഞത് " അച്ഛന് ഒരു രണ്ടുനിലവീട് പണിയാനുള്ള യോഗം ഇതിൽ തീർന്നുവത്രെ .." ഓർത്തപ്പോൾ വിഷമം തോന്നി . അതിനി സത്യാവുമോ .. അതാണോ അച്ഛന് വീടുവാങ്ങാൻ കഴിയാത്തത് . അകത്തേമുറിയിലെ ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കിളിയുടെ ചിലപ്പ് .. മണി അഞ്ച് ... വേഗം കുളിക്കാനായി ഓടുമ്പോൾ ഓർക്കയായിരുന്നു പാവം കിളി .. .. രാവിലെ എണീൽക്കാൻ ... പഠിത്തം കഴിഞ്ഞു റെഡിയാവാൻ .. പള്ളിക്കൂടത്തിലേയ്ക്ക് പുറപ്പെടാൻ ... രാത്രികിടക്കാൻ ഒക്കെ .. ഈ കിളിയുടെ ചിലപ്പ് ഒരനുഗ്രഹമാകുന്നു .
പിറ്റേന്നു കുളിച്ചൊരുങ്ങി പള്ളിക്കൂടത്തിൽ ചെന്നപ്പോൾ നേരത്തേ എത്തിയിരുന്നു ജോളിയും ലീലയും . എത്രവേഗമാണ് തങ്ങൾ കൂട്ടുകാരായത് . പുതിയ ചുറ്റുപാടിൽ സംഭ്രമത്തോടെ കയറിച്ചെന്നപ്പോൾ പുഞ്ചിരിയോടെ അവർ തങ്ങളുടെ അരികിലേയ്ക്കിരുത്തിയത്. ' ഈ ഒരു വർഷമേ താനുണ്ടാവൂ ..' എന്നോർമ്മപ്പെടുത്തുമ്പോൾ രണ്ടാളും പരാതി പറയും " നീ മുഖം കാണിക്കാനാണോ സുധക്കുട്ടീ ഇവിടേയ്ക്ക് വന്നത് ... എന്തിനാ തിരികെ പോവണേ ......ഇവിടെ പഠിച്ചൂടെ .." ചെറിയൊരു സങ്കടം അപ്പോൾ തോന്നിയാലും പറയും " അച്ഛൻ വീടുവാങ്ങിയാൽ ഉടനെ അങ്ങോട്ടേയ്ക്കു പോവും .. പിന്നെ അവിടെ സ്കൂളിൽ പഠിക്കാമല്ലോ .."
ഉച്ചഭക്ഷണസമയത്തെ ഇടവേളയിൽ കുട്ടികൾക്കിടയിൽ വല്യൊരു ബഹളം കേട്ടു . പലരും മുൻവശത്തെ റോഡിലേക്കോടുന്നു .” കുട്ടൻപ്രാന്തനായിരുന്നു” താരം . അയാൾ പാട്ടുംപാടി ആവഴി പോയത്രേ .. കൂട്ടുകാർക്കൊപ്പം തങ്ങളും ഓടിച്ചെല്ലുമ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു . ഇത്തവണയും കുട്ടൻപ്രാന്തനെയൊന്നു നേരിൽ കാണാനായില്ലല്ലോ എന്ന സങ്കടായി . ലീല പറഞ്ഞത് " കുട്ടൻപ്രാന്തൻ പാവാത്രേ ... ആരേം ഉപദ്രവിക്കില്ല .. നന്നായി പാട്ടുപാടും . സ്വന്തം വീടുണ്ട് . പക്ഷേ വീട്ടുകാർ അയാളെ അടുപ്പിക്കില്ല . കഷ്ടം തോന്നി . പാവം കുട്ടൻപ്രാന്തൻ ..!! സ്വന്തംവീട്ടിൽ കയറ്റില്ലാച്ചാൽ പിന്നെ അയാൾ എവിടെപ്പോകും
നാലുമണിനേരം പള്ളിക്കൂടംവിട്ടുവന്നപ്പോൾ നളിനിയേടത്തി ഇലയട പുഴുങ്ങിയതും ചായയും തന്നു . തേനൂറുംമധുരത്തിൽ ശർക്കര ചേർത്ത ഇലയടയുടെ സ്വാദിൽ ചായയുടെ മധുരം അറിയാനുണ്ടായിരുന്നില്ല . കാപ്പികുടി കഴിഞ്ഞ് ഉമ്മറത്തു വന്നപ്പോൾ ലക്ഷ്മിയമ്മ ചേച്ചിയുടെ കത്തുവന്നത് വച്ചുനീട്ടിക്കൊണ്ടു പറഞ്ഞു " വായിച്ചുനോക്ക് ... വിശേഷം എന്തുണ്ടെന്ന് ..".
പാവം ചേച്ചി ..!! ഇടയ്ക്കിടെ മുടങ്ങാതെ വിശേഷങ്ങൾ എഴുതി അറിയിക്കാറുണ്ട് . കത്തു പൊട്ടിക്കുമ്പോൾ ആകാംക്ഷകൊണ്ട് നെഞ്ചിനകം വല്ലാതെ മിടിച്ചു . .. അച്ഛൻ വീടു വാങ്ങിയിട്ടുണ്ടാവുമോ ... ചേച്ചിയുടെ സ്ഥിരം സംബോധന ...
" പ്രിയ സുധക്കുട്ടീ ... നിനക്കു സുഖമല്ലേ .. നന്നായി പഠിക്കണം കേട്ടോ ... വീടൊന്നും ഇതുവരെ ശരിയായില്ല . ഇവിടുത്തെ കിണറ്റിലെ വെള്ളം പറ്റി . താഴെ മോളമ്മയുടെ കിണറ്റിൽ നിന്നാത്രേ വെള്ളം കോരുന്നത് . അവർ അധികം കോരാൻ സമ്മതിക്കില്ല . അച്ഛൻ പണിക്കാരൻ കുട്ടനെക്കൊണ്ട് വഴീലെ പൈപ്പീന്നു കുറച്ചു വെള്ളം പിടിച്ചുകൊണ്ടുവയ്‌പ്പിക്കും . അമ്മയ്ക്ക് നല്ല വിഷമമാണ് ... ഞങ്ങൾക്കും ... പ്രാർത്ഥിക്കുവാ ... നമുക്കു വേഗം വീടു ശരിയാവണേ ... നീയും പ്രാർത്ഥിക്കണം . ലക്ഷ്മിയമ്മക്കും നളിനിയേടത്തിക്കും സുഖമല്ലേ .. ഇവിടെ എല്ലാവരും ഇങ്ങനെ പോകുന്നു . സ്നേഹത്തോടെ ചേച്ചി . "
മുഖത്തെ സങ്കടം മനസ്സിലായതാവാം ലക്ഷ്മിയമ്മ ആശ്വസിപ്പിച്ചു " എല്ലാം ശരിയാകും കുഞ്ഞേ ... വിഷമിക്കേണ്ട .." പുറത്തു തലോടിപ്പറഞ്ഞപ്പോൾ അറിയാതെ തുളുമ്പിയ കണ്ണുകൾ ലക്ഷ്മിയമ്മ കാണാതിരിക്കാനായി മുറ്റത്തു ചെടികൾ നനച്ചുനിന്ന നളിനിയേടത്തിക്കരികിലേക്കു നടന്നു .
സന്ധ്യയ്ക്ക് ലക്ഷ്മിയമ്മക്കൊപ്പം നാമം ചൊല്ലാനിരിക്കുമ്പോൾ കേട്ടു കവലയിൽനിന്നും കുട്ടൻപ്രാന്തന്റെ പാട്ട് . നാമംചൊല്ലിത്തീർത്തു പുസ്തകങ്ങളുമായി ഉമ്മറത്തുവന്നിരുന്ന് ആദ്യേ ഗൃഹപാഠങ്ങൾ ചെയ്തുതുടങ്ങി . മുറിക്കകത്തൊക്കെയും മങ്ങിയ വെട്ടം. വോൾട്ടേജ് പ്രശ്നം കാരണം നേരത്തേ ഉമ്മറത്തെ ട്യൂബ് ലൈറ്റ് കത്തിച്ചിട്ടിട്ടുണ്ടാവും . പഠിക്കാനായി ഒരു ചെറിയമേശയും കസേരയും ഉമ്മറത്തിട്ടുതന്നിട്ടുണ്ട് . ഗൃഹപാഠം ചെയ്തുതീർന്നതും ഏഴരമണിക്കത്താഴം . അത്താഴം കഴിച്ചുവന്ന് ബാക്കി പഠിക്കാനുള്ള പുസ്തകങ്ങൾ തുറന്നു . ലക്ഷ്മിയമ്മ കുറച്ചുനേരം ഒപ്പം വന്നിരുന്നശേഷം അകത്തേക്കു പോയി . ചിട്ടകളിൽ ലക്ഷ്മിയമ്മയുടെ നയങ്ങൾ കൃത്യമാണ് . ഏഴരമണിക്കത്താഴം കഴിഞ്ഞാൽ എട്ടരവരെ പഠിക്കാനനുവാദം ഉണ്ട് . ബാക്കി പുലർച്ചെ . കിടക്കാനായി വിളിതുടങ്ങും . ലക്ഷ്മിയമ്മക്കൊപ്പമാവും കിടപ്പ് .
ഇറയത്തെ മുളംകർട്ടനുകൾക്കിടയിലൂടെ റോഡിലെ അരണ്ടവെളിച്ചം അകത്തേക്കു അരിച്ചുകടക്കുന്നുണ്ട് . തെക്കുവശത്തെ പിച്ചിപ്പൂവുകളുടെ ഹൃദ്യമായ ഗന്ധം തണുത്ത ഇളംകാറ്റിനൊപ്പം അകത്തേക്കു വരുന്നു . വിശാലമായ ഉമ്മറത്തിന്റെ പുറത്തേക്കുള്ള വാതിലിലേക്കു നോക്കുമ്പോൾ ചെറിയൊരു പേടി . പദ്യം മെല്ലെ ചൊല്ലിപ്പഠിച്ചുകൊണ്ടിരിക്കുമ്പോൾ നളിനിയേടത്തി അടുക്കളപ്പണികളൊതുക്കി കതകുകൾ അടച്ച് ഉമ്മറത്തുവന്നെത്തിനോക്കിക്കൊണ്ടു ചോദിച്ചു " കഴിഞ്ഞില്ലേ കുട്ട്യേ ..."
' ഇല്ല നളിനിയേടത്തി ..'. " ഓ .... എനിക്കുറക്കം വരുന്നു ....ഞാൻ കിടക്കട്ടേന്ന് " പറഞ്ഞ് നളിനിയേടത്തി മുടിവാരി ഉച്ചിയിൽ മുറുക്കിക്കെട്ടിവച്ചുകൊണ്ട് അകത്തേക്കു പോയി . ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരുന്നകിളി അറിയിപ്പെന്നോണം പുറത്തേക്കു വന്നെത്തിനോക്കി ചിലച്ചുകൊണ്ടിരുന്നു . പാവം കിളി .. അതിനെങ്ങോട്ടേക്കും പറന്നുപോവേണ്ട . പക്ഷേ അതിനും മനോഹരമായ വീടുണ്ടല്ലോ.. അതിനകത്തിങ്ങനെ ഒളിഞ്ഞിരുന്നാൽ മതീല്ലോ .. സമയം എട്ട് . ലക്ഷ്മിയമ്മ പറയണമാതിരി നളിനിയേടത്തിയെപ്പോലെ ഒരു ഉറക്കക്കാളി .
പദ്യം നാലുവരിവീതം നോക്കിപ്പഠിച്ച് കാണാതെ ഉരുവിടാൻ ശ്രമിച്ചു . കൂട്ടിൽക്കിടന്ന നായയൊന്നു മുരണ്ടു . പെട്ടെന്നതു കുര തുടങ്ങി . നെഞ്ചിനകത്തൊരാധി . മുറ്റത്തെ നേരിയ വെട്ടത്തിൽ ഒരുരൂപം ഇറയത്തെ നടയിലോട്ടു കാലുവച്ചു കയറിവരുന്നു . ഒന്നേ നോക്കിയുള്ളൂ .. ചുവന്ന കുപ്പായമിട്ട ... 'അമ്മേ ...' ഒറ്റ അലറിച്ചയായിരുന്നു . ലക്ഷ്മിയമ്മയും നളിനിയേടത്തിയും ഒരുപോലെ " കുട്ട്യേ .." ന്നു പരിഭ്രമത്തോടെ വിളിക്കുന്ന കേട്ടു . പുസ്തകം വലിച്ചെറിഞ്ഞ് ഓടി ലക്ഷ്മിയമ്മക്കരികിലെത്തി . ബദ്ധപ്പെട്ടു കട്ടിലിൽനിന്നെണീറ്റുവരികയായിരുന്ന ലക്ഷ്മിയമ്മയെ അടക്കംപിടിച്ചു കരഞ്ഞുകൊണ്ട് ഇറയത്തേക്കു കൈചൂണ്ടി ... വിറയലോടെ. നളിനിയേടത്തി ഓടി ഇറയത്തെത്തിക്കഴിഞ്ഞിരുന്നു . ലക്ഷ്മിയമ്മ തന്നെയുംകൂട്ടി വരുന്നതിനിടയിൽ ഉറക്കെ വിളിച്ചുചോദിച്ചു " ആരാ നളിനി ..?" നളിനിയേടത്തി ഒച്ചതാഴ്ത്തിപ്പറഞ്ഞു " ആ “പ്രാന്തൻ” ..". ലക്ഷ്മിയമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് എത്തിനോക്കി മുറ്റത്തെ പടിയിലേയ്ക്ക് . ചുവന്ന കുപ്പായം ... മുഴിഞ്ഞ മുണ്ട് ... തലയിൽ തോർത്തും ചുറ്റി .. തോളിലൊരു കീറസഞ്ചിയുമായി അയാൾ . ലക്ഷ്മിയമ്മ ഒച്ചവച്ചു " കുട്ടാ ... നീ കുട്ടിയെ പേടിപ്പിച്ചുവോ .."
അയാൾ നടയിൽ കൈകുത്തിയിരുന്നുകൊണ്ട് യാചിക്കുംമട്ടിൽ പറഞ്ഞു " ഇല്ലമ്മച്ചീ ... സത്യായും ഇല്ല ... ഇവിടുത്തെ കുട്ടിയെ പേടിപ്പിക്കയോ ... കുഞ്ഞിനെ ഞാനൊന്നു വിളിക്കാനൊരുങ്ങും മുൻപേ അതു ബഹളം വച്ചോടീല്ലേ .. ".
ഭയം മാറി .. മനസ്സ് ഒന്നു തണുത്തു ... പാവം കുട്ടൻപ്രാന്തൻ ..!! ലീല പറഞ്ഞത് എത്ര സത്യം . പക്ഷേ ലക്ഷ്മിയമ്മ ഒച്ച വച്ചു " രാത്രീലാ എഴുന്നള്ളത്ത് .. കുട്ടി പേടിച്ചുപോയില്ലേ .."
നളിനിയേടത്തിയും അതുശരിവച്ചു . അയാൾ വീണ്ടും കേണു " ഇല്ലമ്മച്ചിയേ ... ഇവിടുത്തെ കുട്ടിയെ ഈ കുട്ടൻ പേടിപ്പിക്കയോ ..". അയാളാ നടക്കൽ കുത്തിയിരുന്നു . " എനിക്കു വിശക്കുന്നു അമ്മച്ചീ .. ഇത്തിരി കഞ്ഞി താ ..". ലക്ഷ്മിയമ്മക്കു ദേഷ്യം വന്നെങ്കിലും നളിനിയേടത്തിയുടെ മുഖത്തേയ്ക്കു നോക്കി . നളിനിയേടത്തി ഈർഷ്യയോടെ പറഞ്ഞു " ചോറിനകത്തു വെള്ളം ഒഴിച്ചു ". ലക്ഷ്മിയമ്മ പറഞ്ഞു " സാരോല്ല ... നീ ആ പറ്റിലിത്തിരി മോരൊഴിച്ച് ഇത്തിരി കടുമാങ്ങയും ഇട്ടു കൊണ്ടക്കൊട് ..". നളിനിയേടത്തി പിറുപിറുത്തുകൊണ്ടകത്തേയ്ക്കു പോയി . ഉറക്കം മുടക്കിയതിന്റെ തെല്ലീർഷ്യയോടെ ...
ലക്ഷ്മിയമ്മ ഉമ്മറത്തുകിടന്ന കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു " നിനക്കീ രാത്രിയിൽ ഇങ്ങനെ കറങ്ങിനടക്കാണ്ട് വീട്ടിൽ പോയിക്കിടന്നുറങ്ങിക്കൂടെ ...". അയാൾ സങ്കടത്തോടെ ചോദിച്ചു " ഏതു വീടാ അമ്മച്ചീ ... എനിക്കെവിടെയാ വീട് ... എനിക്കാരുമില്ലല്ലോ ... ആരുമില്ലാത്തോർക്കെവിടെയാ വീട് ..."
ശരിക്കും സങ്കടം തോന്നി ... പാവം “കുട്ടൻപ്രാന്തൻ” ..!!!
ലക്ഷ്മിയമ്മ ചോദിച്ചു " ആരു പറഞ്ഞു നിനക്കാരുമില്ലെന്ന് ... നിന്റെ പെങ്ങളില്ലേ ..". അയാളതു ശ്രദ്ധിക്കാതെ തലയിലെ കെട്ടഴിച്ച് പാടാൻ തുടങ്ങി " പാമ്പുകൾക്കു മാളമുണ്ട് ... പറവകൾക്കാകാശമുണ്ട് ... മനുഷ്യപുത്രനു തലചായ്ക്കാൻ ..."
ലക്ഷ്മിയമ്മ അടക്കം പറഞ്ഞു " അതെങ്ങനെ ഇവനെ അങ്ങോട്ടടുപ്പിക്കാത്തത് അവടെ കെട്ടിയോനല്ലേ ... അവൾക്കു പിന്നേം കൂടപ്പിറപ്പിനെ നോക്കണം ന്നുണ്ട് .."
കഷ്ടം പാവം “കുട്ടൻപ്രാന്തൻ” !!!! അയാൾക്കു വീടുണ്ട് ... പക്ഷേ കയറിച്ചെല്ലാൻ അനുവാദമില്ല . നളിനിയേടത്തി ഒരു പിഞ്ഞാണത്തിൽ കഞ്ഞി കൊണ്ടുക്കൊടുത്തു . ഒരു മൊന്തയിൽ കുറച്ചു വെള്ളവും . അയാൾ രുചിയോടെ അതുകഴിച്ച് മൊന്തയിലെ വെള്ളം മുഴുവൻ കുടിച്ചു . ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തോളിൽക്കിടന്ന തോർത്തെടുത്തു മുഖം തുടച്ചു . നളിനിയേടത്തി പാത്രങ്ങളെടുത്ത് അകത്തേയ്ക്കുപോയി . മനസ്സിൽ തോന്നിയ ഭയമെല്ലാം അകന്ന് പാവം “കുട്ടൻപ്രാന്തനോട് “ കഷ്ടം തോന്നി . അയാൾ തന്റെ കീറസഞ്ചി തോളിലിട്ടു .. തലയിൽ തോർത്തുചുറ്റി . ലക്ഷ്മിയമ്മയെ നോക്കി കൈകൂപ്പി " പോട്ടെ അമ്മച്ചീ ...". ലക്ഷ്മിയമ്മക്കരികിൽ ചേർന്നുനിന്ന തന്നെനോക്കി പറഞ്ഞു " സത്യായും കുഞ്ഞേ .. ഈ കുട്ടനാരേം പേടിപ്പിക്കാനറിയില്ല ..". ലക്ഷ്മിയമ്മ ഒച്ചവച്ചു " മതി .. മതി. പോകാൻ നോക്ക് .."
" ഓ ശരി അമ്മച്ചീ .." അയാൾ തലകുലുക്കിപ്പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ ഉറക്കെപ്പടിത്തുടങ്ങിയിരുന്നു " ആകാശത്തിലെ കുരുവികൾ ... വിതക്കുന്നില്ലാ .... കൊയ്യുന്നില്ലാ .. കളപ്പുരകൾ കെട്ടുന്നില്ലാ ... അളന്നളന്നു കൂട്ടുന്നില്ലാ ..."
അയാളുടെ പാട്ടിനൊരീണമുണ്ട് ... താളമുണ്ട് ..
പുസ്തകങ്ങൾ വാരിയെടുത്ത് ലക്ഷ്മിയമ്മക്കൊപ്പം അകത്തേയ്ക്കു നടന്നു . നളിനിയേടത്തി വാതിലുകൾ പൂട്ടി .. ലൈറ്റണച്ചു . ലക്ഷ്മിയമ്മക്കൊപ്പം കിടക്കുമ്പോൾ പാതിതുറന്ന ജനാലയിലൂടെ നേരിയ ശബ്ദം കേൾക്കാം . “കുട്ടൻപ്രാന്തൻ” റോഡിലൂടെ പാടിക്കൊണ്ടു പോകയാണ് . നാളെ പള്ളിക്കൂടത്തിൽ ചെന്നാലുടനെ ജോളിയോടും ലീലയോടും “കുട്ടൻപ്രാന്തനെ” നേരിൽക്കണ്ട വിശേഷങ്ങൾ പറയണം . പാവം “കുട്ടൻപ്രാന്തൻ” ..!! അയാൾ എവിടെയാവും അന്തിയുറങ്ങുക . സ്വന്തം വീട്ടിൽ കയറ്റില്ലല്ലോ .. കഷ്ടം !!! തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . അസ്വസ്ഥമാകുന്ന മനസ്സ് .. അച്ഛനിനി എന്നാവും വീടുവാങ്ങുക ... അന്ന് മോളമ്മയുടെ മുൻപിൽ തലയുയർത്തിനിന്നു പറയാം " എന്റച്ഛൻ വീടു വാങ്ങിയല്ലോ ... അവിടെ പറമ്പിലും മുറ്റത്തും ഞങ്ങൾ ഓടിനടന്നുകളിക്കും .. മുറ്റത്തു തുളസിയും നിറയെ ചെടികളും നട്ടുവളർത്തും ...".
ലക്ഷ്മിയമ്മ സുഖസുഷുപ്തിയിലാണ്ടു .. അങ്ങേമുറിയിൽനിന്നും നളിനിയേടത്തിയുടെ കൂർക്കംവലി കേൾക്കാം . തനിക്കുമാത്രം എന്തേ ഉറങ്ങാനാവാത്തത് ... നാളെ ഒരു നല്ല വാർത്ത കേൾക്കാനാവുമോ ... മനസ്സങ്ങനെ കൊതിക്കയാണ് ... നിറഞ്ഞുവരുന്ന മിഴികൾ തുടച്ച് തലയിണയിൽ മുഖമമർത്തി മനസ്സിൽ പ്രാർത്ഥിച്ചു ' എന്റച്ഛനു വേഗം വീടുവാങ്ങാൻ കഴിയണേ ...'
ചിന്തകളെ മുറിച്ച് പ്രതീക്ഷകൾ നിറഞ്ഞ പുതിയൊരു ദിവസത്തിന്റെ വരവറിയിച്ച് ഘടികാരത്തിനുള്ളിലെ കിളി പുറത്തേക്കെത്തിനോക്കി ചിലച്ചുകൊണ്ടിരിക്കുമ്പോൾ ഉറക്കം മെല്ലെ കൺപോളകളെ തഴുകിത്തുടങ്ങിയിരുന്നു .
======================================
ശുഭം
ഗീതാ ഓമനക്കുട്ടൻ
ഞാനിതു വായിക്കുകയല്ല..കുട്ടൻപ്രാന്തന്റെ പേച്ചുകൾ കേട്ട് ആ വാടകവീടിന്റെ ഇത്തിരിമുറ്റത്തും തൊടിയിലും അലയുകയാണ്
ReplyDeleteചെയ്തത്...
സൂര്യാ..ഇഷ്ടം ട്ടോ
Deleteഒരു ആറാം ക്‌ളാസ്സുകാരിയുടെ വ്യാകുലതകൾ ഭംഗിയായി അവതരിപ്പിച്ചു .
ReplyDeleteകുട്ടൻ പ്രാന്തൻ മനസ്സിൽ കയറി പറ്റി . മനോഹരം .!!!
ദിവ്യ...ഒത്തിരി നാൾ കൂടിയല്ലേ വായനക്ക് എത്തിയെ.. ഇഷ്ടം ട്ടോ.
Deleteഅതിമനോഹരമായ വാചകങ്ങളുടെ അതിലും മനോഹരമായ പ്രവാഹമാണല്ലോ ചേച്ചീ.
ReplyDeleteപാവം കുട്ടി ...... അതിന്റെ ആകുലതകൾ വേഗം മാറട്ടെ.
സുധീ..സന്തോഷം ട്ടോ..
Deleteനാട്ടിൻപുറത്ത് വളർന്നതുകൊണ്ടാകാം ലക്ഷ്മിയമ്മയും നളിനിയേടത്തിയുമെല്ലാം ഏറെ പരിചയമുള്ള മുഖങ്ങൾ പോലെ...
ReplyDeleteരൂപാ... ഇഷ്ടം ട്ടോ..
Deleteനല്ലെഴുത്ത് ചേച്ചി.
ReplyDeleteപ്രീതക്കുട്ടി... ഒത്തിരി സ്നേഹം .
Deletevalareyadhikam nannayirikkunnu, itathatavillathe vaayichu. pitichiruthunna reethiyil ezhutiyirikkunnu
ReplyDeleteഷാജിത...ഒത്തിരി സ്നേഹം .
Deleteമുറ്റത്തെ ചരലുകളിൽ ഈർക്കിലിച്ചൂലുകൊണ്ട് വേഗത്തിൽ കോറുന്നതിന്റെ ഒച്ച . സന്ധ്യയ്ക്കു മുന്നേയുള്ള നളിനിയേടത്തിയുടെ വഴിപാട്
ReplyDeleteഎന്റെ ചേച്ചി ഇങ്ങനെ ആയിരുന്നു..
അമ്മ വഴക്കു പറയും..
കുട്ടൻ പ്രാന്തന് പ്രാന്തില്ലാ ലെ.
ഒരുപാടിഷ്ടപ്പെട്ടു.
സന്തോഷം ഉണ്ട് ട്ടോ .
Deleteകഥ നന്നായി അവതരിപ്പിച്ചു. ഒഴുക്കോടെ വായിക്കാനായി ഗീത...
ReplyDeleteമുബി ....ഇഷ്ടം ട്ടോ .
Deleteമനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കിയ ഈ കഥ ഒരു കഥ മാത്രമായിരിക്കട്ടെ
ReplyDeleteമാഷേ...ഈ വഴി വന്നല്ലോ..സന്തോഷം .
Deleteനല്ല കഥ.. വലുതല്ലെങ്കിലും സ്വന്തമായി വീട്ടുണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ കൾക്ക് ഏറെ ആയി വാടക വീടുകളിലാണ് ജീവിതം.. അതിന്റെ എല്ലാ വേദനകളും അറിയാം
ReplyDeleteഗൗരി ...സ്നേഹം ട്ടോ.
Deleteഇങ്ങിനെയുള്ള ഒരാളെ ഓർമ്മയുണ്ട്.. ഒരു മേനോൻ..ഭാന്ധം തൂക്കി നാടുനീളെ അലയും.. ചിലരിൽ നിന്നുമാത്രം എന്തെങ്കിലും വാങ്ങിക്കഴിക്കും
ReplyDeleteസാർ...ഏറെ സന്തോഷം ഈ വായനയിൽ .
Deleteകുട്ടൻ പ്രാന്തൻ മനസ്സിൽ നിന്ന് പോകുന്നേയില്ല ചേച്ചീ.. ഒരു നോവായി കൂടെപ്പോരുന്നു.
ReplyDeleteനല്ല കഥ ഒരുപാടിഷ്ടമായി..
മഹേഷ് ..ഏറെ സന്തോഷം.
Deleteമഹേഷ്..ഏറെ സന്തോഷം .
ReplyDeleteവായിച്ചൂട്ടോ. ലക്ഷിയമ്മയും ഒക്കെ നമ്മുടെ ചുറ്റും ഉള്ളവർ തന്നെ
ReplyDeleteലക്ഷ്മിയമ്മക്ക് സ്വന്തമായി വീടും പണവുമെല്ലാമുണ്ട് പക്ഷെ എന്തോ പ്രശ്നങ്ങൾ അവരെ അലട്ടുന്നു ..
ReplyDelete“കുട്ടൻ പ്രാന്തന്” സ്വന്തമായി വീടുണ്ട് പക്ഷെ കയറി ചെല്ലാൻ പറ്റില്ല.... നളിനിയേടത്തിക്കും ഓലപ്പുരയെങ്കിലും സ്വന്തമായൊരു വീടുണ്ട് ... സ്വന്തമായൊരു വീടില്ലാത്തതിന്റെ സുധക്കുട്ടിയുടെ ദുഃഖവും ഒപ്പം വെത്യസ്തമായ മറ്റു മൂന്നു കഥാപാത്രങ്ങളും ആകാശത്തിലെ പറവകളും ഘടികാരത്തിലകപ്പെട്ട കിളിയും ഒക്കെ കൂടി വായിച്ചപ്പോൾ വീടുണ്ടായിട്ടും വികസനത്തിന്റെ പേരുപറഞ്ഞു കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരക്കണക്കിനാളുകൾ ... അവരെക്കുറിച്ചോർത്തു പോയി ...
കഥ ഇഷ്ടപ്പെട്ടു ...
ഗൃഹാതുരത്വം ഉണർത്തുന്ന നല്ല എഴുത്ത്.... കൂടെ നടത്തി.... നല്ല ഓർമ്മകളിൽ... ആശംസകൾ
ReplyDeleteനൊമ്പരം ഉളവാകുന്ന കഥനം
ReplyDeleteസുധക്കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ഗ്രാമത്തിന്റെ നന്മയും, നിഷ്ക്കളങ്കതയും നിറഞ്ഞ ഭാവങ്ങള ലളിതസുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.ലക്ഷ്മിയമ്മയും,നളിനിയേട്ടത്തിയും,കുട്ടൻപ്രാന്തനും മനസ്സിൽ തങ്ങിനില്ക്കും.
ReplyDeleteആശംസകൾ