ഡിയർ ഫ്രണ്ട്സ്,
" അക്ഷരജ്വാല " മാസികയിൽ എന്റെ ചെറിയൊരു കഥ വന്നിരുന്നു. ഇവിടെ നിങ്ങൾക്കും വായിക്കാം. വായിച്ചു അഭിപ്രായം പറയുമല്ലോ?
നിനച്ചിരിക്കാതെ ഒരു യാത്ര........
--------------------------------------------
നല്ല മഞ്ഞും, തണുപ്പുമുള്ള ഒരു രാത്രിയിലാണ് ഞാൻ ആ യാത്ര തുടങ്ങിയത്. എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര ആഹ്ലാദമായിരുന്നു. എനിക്കുമേൽ യാതൊരു സമ്മർദ്ദങ്ങളുമില്ല. ഞാൻ തികച്ചും സ്വതന്ത്രയായിരുന്നു. ആരും എന്നെത്തേടിവരില്ല. ആരും എന്നെ ചോദ്യം ചെയ്കയുമില്ല. എന്റെ യാത്രയ്ക്ക് നിശ്ചിതമായ സമയപരിധികളുമില്ല.
ചെറിയ ഇരമ്പലൊഴിച്ചാൽ തീർത്തും നിശബ്ദത മാത്രമായിരുന്നു ഞാൻ യാത്ര ചെയ്തിരുന്ന വണ്ടിയിൽ. പുറത്തെ നിലാവെളിച്ചത്തിലേക്ക് ഞാനെന്റെ മിഴികൾ പായിച്ച് ഇരുന്നു. എന്റെ അടുത്ത് ആരോ വന്നിരിക്കയോ ചില സ്ഥലങ്ങളിൽ വണ്ടി നിർത്തുമ്പോൾ ഇറങ്ങിപ്പോകുകയോ മറ്റാരോ ആ ഇരിപ്പിടം കരസ്ഥമാക്കയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നിട്ടും ഞാനതിലൊന്നും ശ്രദ്ധ കൊടുത്തില്ല. അപരിചിതരായവരോട് കുശലാന്വേഷണം നടത്താൻ തോന്നിയതുമില്ല. ലക്ഷ്യസ്ഥാനത്തെത്തി വണ്ടി നിർത്തുമ്പോൾ ഇറങ്ങാൻ എനിക്കു തിടുക്കമായിരുന്നു. ഓടിയാണോ..... നടന്നാണോ ഞാൻ പോകുന്നത് എന്നെനിക്കുതന്നെ നിശ്ചയമില്ലായിരുന്നു. മുൻപരിചയമില്ലാത്ത ആ വഴികളൊക്കെയും വേഗത്തിൽ നടന്നുതീർത്ത് മുകളിലേക്ക് കെട്ടിയിട്ടിരിക്കുന്ന കല്പടവുകൾക്കു മുന്നിൽ ഞാൻ അണച്ചുനിന്നു. പിന്നെ മെല്ലെ ഓരോ കല്പടവുകളും നടന്നുകയറി.
ഓടുകൾ മേഞ്ഞ മനോഹരമായ ഒരു വീടായിരുന്നു അത്. മണൽ വിരിച്ച വിശാലമായ മുറ്റം. ചുറ്റും നിറയെ ചെടികൾ. അകത്തുനിന്നും ഇറങ്ങിവന്ന 'അമ്മ എന്നെക്കണ്ടതും അവിശ്വസനീയതയോടെ നോക്കിനിന്നു. എന്റെ കൈകളിൽ പിടിച്ചു. എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
പൂർണ്ണആരോഗ്യവതിയായി ........ പഴയ അതേ ചുറുചുറുക്കോടെ......... പ്രസരിപ്പോടെ........... പുഞ്ചിരിയോടെ...... ശുഭ്രവസ്ത്രധാരിണിയായി...... 'അമ്മ.
എന്നെ അകത്തേയ്ക്കു ക്ഷണിച്ചു. ഞാനോടിനടന്ന് ആ വീടിനു ചുറ്റും വീക്ഷിച്ചു. എന്റെ ആകാംക്ഷയും, സന്തോഷവും നോക്കിക്കൊണ്ട് 'അമ്മ പുഞ്ചിരിയോടെ നിന്നു. റോസും, സൂര്യകാന്തിയും, മഞ്ഞക്കോളാമ്പിപ്പൂക്കളും വിരിഞ്ഞു നിൽക്കുന്നു. ഞാനവയൊക്കെ തൊട്ടും തലോടിയും വീടിനു ചുറ്റും ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടിനടന്നു.
ദൂരെനിന്നേ എപ്പോഴും വിശപ്പിന്റെ വിളിയുമായി ഓടിച്ചെല്ലുന്ന എന്നെ 'അമ്മ അകത്തോട്ടു ക്ഷണിക്കുമ്പോഴും എനിക്കവിടം ഒന്നും കണ്ടുമതിയായില്ല. എങ്കിലും 'അമ്മ വിളിച്ചാൽ പിന്നെ എനിക്കു വിശപ്പടക്കി നിൽക്കാനുള്ള ശക്തിയില്ല.
'അമ്മ വിളമ്പിത്തരുന്ന ആഹാരം കഴിക്കാനായി തിടുക്കപ്പെട്ട് ഞാനമ്മക്കൊപ്പം അകത്തേക്ക് നടന്നു. വൃത്തിയും, വെടിപ്പുമുള്ള മുറികൾ..... ഞാൻ മനസ്സിൽ പറയുകയായിരുന്നു " എത്ര രസമായിരിക്കുന്നു എന്റമ്മയുടെ വീട് ".... ഞാനോടിനടന്നു മുറിക്കകത്തെല്ലാം.... എവിടെ എന്റെ ചേച്ചിമാർ ? രണ്ടുപേരെയും കാണുന്നില്ലല്ലോ? അവരായിരുന്നല്ലോ എപ്പോഴും എന്നോട് അമ്മയുടെ വിശേഷങ്ങൾ കൈമാറിയിരുന്നത്. സദാസമയവും അമ്മയ്ക്കൊപ്പം നിഴലായി ഉണ്ടായിരുന്ന അവർ രണ്ടും എവിടെ?
ഞാനമ്മയോടു ചോദിച്ചു " എവിടെ അമ്മേ അവർ?" 'അമ്മ പറഞ്ഞു " അവർക്കവരുടെ കാര്യങ്ങൾ ഇല്ലേ മോളേ.... എന്നും എന്നോടൊപ്പം നിൽക്കാൻ കഴിയുമോ?" . എനിക്കു തെല്ലു സങ്കടം തോന്നി.... 'ഇപ്പോൾ അവർ കൂടി ഉണ്ടായിരുന്നെങ്കിൽ ..'
എനിക്കു തിരിച്ചു പോവണമെന്നേ ഇല്ലായിരുന്നു. ഓടിയണച്ചു ചെല്ലുമ്പോഴൊക്കെ രണ്ടുദിവസം കൂടി നിന്നിട്ടു പോയാ മതീന്നു പറഞ്ഞു നിർബന്ധിക്കാറുണ്ടായിരുന്ന 'അമ്മ അന്നെന്നെ വേഗം മടക്കിഅയയ്ക്കാൻ തിടുക്കപ്പെടുന്നതു കണ്ടപ്പോൾ എനിക്കു സങ്കടമായി. ഞാൻ വാശി പിടിച്ചു
' എനിക്കമ്മയോടൊപ്പം ഈ വീട്ടിൽ കുറേ ദിവസം നിൽക്കണം ' . അമ്മയെന്നെ ആശ്വസിപ്പിച്ചുകൊണ്ട് മടക്കിഅയക്കാൻ തിടുക്കം കാട്ടി. എനിക്കമ്മയോടൊപ്പം നിന്നു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല . ഞാൻ സങ്കടപ്പെട്ടു " എനിക്കു പോവണ്ടാ അമ്മേ..... എന്നെയാരും തിരക്കില്ല...... ഞാനിവിടെ നിന്നോട്ടെ.... ".
അമ്മയെന്നെ ഓർമ്മപ്പെടുത്തി " നിന്റെ കുഞ്ഞ്..... അവൻ നിന്നെക്കാണാഞ്ഞു കരയില്ലേ...". എന്റെ നെഞ്ചൊന്നു പിടഞ്ഞു ' എന്റെ കുഞ്ഞ്..... ഞാനവനെ ഉറക്കിക്കിടത്തിയതല്ലേ.... അവനുണർന്നിട്ടുണ്ടാവുമോ..? എന്നെ തിരഞ്ഞു കരയുന്നുണ്ടാവുമോ...."
അമ്മയെന്നെ കൈപിടിച്ച് യാത്രയാക്കി. ഞാൻ മനസ്സില്ലാമനസ്സോടെ നടന്നു പടിക്കെട്ടിറങ്ങി തിരിഞ്ഞുനോക്കി. 'അമ്മ മുകളിൽ നിന്ന് കൈവീശി ... നിരാശ പടർന്ന എന്റെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു " നാളെ നിനക്ക് യാത്ര പോവേണ്ടതല്ലേ മോളെ.... ഇനി അടുത്ത വരവിനു കാണാം..... "
ഞാനുണരുമ്പോൾ എന്റെ കുഞ്ഞ് എന്റെ കൈത്തണ്ടയിൽ തലവച്ചു കിടന്നുറങ്ങുകയായിരുന്നു. ഞാനവനെ ഉണർത്താതെ മെല്ലെ കൈവലിച്ചെടുത്തു. കൈയെത്തി ടേബിൾലാമ്പ് ഓണാക്കി... എനിക്കും, കുഞ്ഞിനും നാളെ അവന്റെ അച്ഛന്റെ അടുത്തേയ്ക്കു യാത്ര പോവാനുള്ള ടിക്കറ്റും പാസ്സ്പോർട്ടും അടങ്ങിയ കറുത്ത പേഴ്സ് ആ മേശപ്പുറത്തിരുപ്പുണ്ടായിരുന്നു. എന്റെ മനസ്സ് വർത്തമാനകാലത്തേയ്ക്ക് മടങ്ങിയെത്തുമ്പോൾ ഞാൻ മനസ്സിലാക്കുകയായിരുന്നു.... ആ യാത്ര.... ആരും അറിയാതെ ഒരു യാത്ര..... എന്റമ്മയുടെ അടുത്തേയ്ക്ക്.... അമ്മക്കെന്നെ വേഗം മടക്കി അയയ്ക്കാൻ തിടുക്കമായിരുന്നു.
കൺകോണുകളിൽ നനവു പടരുമ്പോൾ ഞാനാ യാഥാർത്ഥ്യം മനസ്സിലാക്കുകയായിരുന്നു..... ' എന്റെ 'അമ്മ എന്നേ യാത്ര പറഞ്ഞുപോയിരുന്നു....ഇനിയും ഒരിക്കലും കാണാൻ കഴിയാത്ത തിരിച്ചു വരാത്ത ലോകത്തിലേയ്ക്ക്.....
=======================================================
കഥാകാരി തന്നെ നായികയായി പ്രത്യക്ഷപ്പെട്ട മനോഹരമായ ഒരു സ്വപ്നക്കഥ..
ReplyDeleteഅമ്മയുമായി എത്ര അടുപ്പമുണ്ടായിരുന്നുവെന്ന് വാക്കുകളിലൂടെ അറിയാം.
ആശംസകൾ
ഗീതച്ചേച്ചീീ
!!!!!!!!!!!
(ഈ
അക്ഷരങ്ങൾ കുറച്ചൂടെ
ചെറുതാക്കാമോ ! )
സുധീ,
Deleteവരവിൽ ഏറെ സന്തോഷം. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടോ...
ഇഷ്ട്ടപ്പെട്ടു
ReplyDeleteഒരു നല്ല കഥ
ഈ വരവിലും, വായനയിലും ഏറെ സന്തോഷം സർ.
Deleteഇഷ്ടം...
ReplyDeleteതിരിച്ചും.... ഇഷ്ടം......
Deleteഈ വരവിലും, വായനയിലും ഏറെ സന്തോഷം മുബീ....
വീടിനെകുറിച്ചുള്ള വിവരണങ്ങൾ, ഒരു പുതിയ സ്ഥലം, എന്നാണു ഉദ്ദേശിച്ചു എങ്കിൽ അത് അത്ര സാധ്യമായത് തോന്നിയില്ല. അത് കഥയ്ക്ക് പ്രത്യേക ഭാവം ഒന്നും നൽകിയതുമില്ല.
ReplyDelete"ഞാൻ ഉണരുമ്പോൾ" --"വർത്തമാനകാലത്തേയ്ക്ക്....." തുടങ്ങിയവ എന്തിനാണ്? അത് വാസയനക്കാർ സ്വയം മനസ്സിലാക്കേണ്ടതാണ്. അത് പോലെ 'അമ്മ പണ്ടേ വിട്ടു പോയി എന്ന് ഇത്ര വിശദമായി നേരെ പറയേണ്ടായിരുന്നു. ചില വാചകങ്ങളിലൂടെ അത് വായനക്കാർക്കു മനസ്സിലാക്കിയെടുക്കാൻ പാകത്തിൽ ധ്വനിപ്പിക്കേണ്ടവ. അപ്പോഴാണ് കഥ കഥ ആകുന്നതു.
കഥ കൊള്ളാം.
ഈ വരവിലും, വായനയിലും ഏറെ സന്തോഷം .
നിർദ്ദേശങ്ങൾ തീർച്ചയായും മാനിക്കുന്നു. കുറവുകൾ കാട്ടിത്തന്നാൽ മാത്രേ തുടർന്നുള്ള എഴുത്തുകളിൽ കുറച്ചൂടെ ശ്രദ്ധ ചെലുത്താൻ കഴിയൂ. നന്ദി സർ.
ആദ്യപാദം കഴിയുമ്പോഴേ എനിക്കൊരു സംശയത്തിന്റെ നാമ്പ് മുളച്ചിരുന്നു... ഇതൊരു സ്വപ്നമാകുമോ എന്ന്... തെറ്റിയില്ല...
ReplyDeleteനന്നായീട്ടോ...
ഈ വരവിലും, വായനയിലും ഏറെ സന്തോഷം വിനുവേട്ടൻ .
നല്ല കഥ ഗീതേച്ചീ...
ReplyDeleteഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ ഇവിടെ എത്തി..
റയീസ് ഒത്തിരിയായി ബ്ലോഗിലൊന്നും റയീസിനെ കാണാനില്ല .ഈ വരവിലും, വായനയിലും ഏറെ സന്തോഷം ട്ടോ.
സ്വപ്നത്തിൽ പോലും അമ്മയ്ക്ക് പകരം അമ്മ മാത്രം ... നന്നായി എഴുതി .. ആശംസകൾ
ReplyDeleteഈ വരവിനും വായനക്കും ഏറെ നന്ദി... സന്തോഷം.
Deleteനല്ല കഥ. എങ്കിലും അവസാന പാരയില്‍ അങ്ങിനെയൊരു വിവരണം ഇല്ലാതെ തന്നെ ആ ഭാഗം വായനക്കാര്‍ക്ക് വിട്ടു കൊടുത്തിരുന്നുവെങ്കില്‍ ഒന്നൂടെ മികവു വന്നേനെ ...എന്തായാലും അച്ചടി പുരണ്ടല്ലോ ആശംസകള്‍ ..
ReplyDelete
Deleteഅവസാനഭാഗം .. ല്ലേ .
വരവിലും, വായനയിലും ഏറെസന്തോഷം ഫൈസൽ.