Tuesday, 24 January 2017

'മനസ്സ്'

  

'അഭിരാമം ' കൂട്ടായ്മയിൽ  വന്ന എന്റെ ഒരു കഥയുണ്ട് കൂട്ടുകാരെ.... വായിക്കുമല്ലോ...

*****************************************************************************************************************************


'ഈശ്വരനിൽ മനസ്സർപ്പിച്ച്  ശ്രദ്ധാപൂർവമാവണം പ്രാർത്ഥന.... ഏകാഗ്രത ..  അതാണ് പ്രധാനം......'       സ്വാമിജിയുടെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്നു. 

' ചേച്ചീ...  ആ വലത്തേസൈഡിലിരിക്കുന്ന ചുവന്ന സ്കേർട്ട് ഇട്ട പെണ്ണിനെ കണ്ടോ....'.  സുമിയുടെ സംസാരം ഞാൻ ആംഗ്യത്തിലൂടെ വിലക്കി. സ്വാമിജിയുടെ വാക്കുകളിൽ ശ്രദ്ധയൂന്നി അവളോടു പറഞ്ഞു  "നീ അതു ശ്രദ്ധിക്കൂ..." 

നാട്ടിലെ രീതികളും, ചിട്ടകളും ഒക്കെ അവൾ പഠിക്കട്ടെ... നിന്നോടൊപ്പമാവുമ്പോൾ ഇവിടിരുന്നാലും എനിക്കു സമാധാനമാ... അതായീ അവധിക്ക് നിന്റെയരികിലേയ്ക്ക് അയയ്ക്കുന്നത്...' സുമിയെ ഇങ്ങോട്ടു വിട്ടപ്പോൾ ചേച്ചി പറഞ്ഞ വാക്കുകൾ ഓർത്തു. 

സത്യത്തിൽ നാട്ടിലെ രീതികൾ ഇതുവരെ തനിക്കും പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്നില്ല. നാട്ടിൽത്തന്നെ ജനിച്ചുവളർന്നിട്ടും .... ചിലപ്പോഴൊക്കെ പലകാര്യങ്ങളും  അഡ്ജസ്റ്റ് ചെയ്യാനും കഴിയുന്നില്ല. അല്ലെങ്കിലും 'അഡ്ജസ്റ്റ്മെന്റ് ' അതാണല്ലോ ജീവിതവും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു തള്ളിക്കയറാൻ ശ്രമിക്കുന്നവർ, അനാവശ്യചോദ്യങ്ങൾ , ഇടപെടലുകൾ, സംശയങ്ങൾ, സൗഹൃദഭാവേനയുള്ള കുശലംചോദ്യങ്ങളിലൂടെ  മനസ്സിനെ മുറിപ്പെടുത്താൻ ശ്രമിക്കുന്ന ചിലർ.... സ്വതന്ത്രമായി ആത്മാർത്ഥതയോടെ ചെയ്തുതീർക്കുന്ന കാര്യങ്ങളിലും കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ചിലർ..... പലപ്പോഴും മനസ്സ് ചഞ്ചലപ്പെടുന്നു ...  ധൈര്യം നഷ്ടപ്പെടുന്നു..... സുമിയുടെ പല സംശയങ്ങൾക്കും ഇതുവരെ കൃത്യമായ ഒരു മറുപടി കൊടുക്കാൻ കഴിയുന്നില്ല.

' പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടാൻ പ്രാപ്തമാകണം നമ്മുടെ മനസ്സ്..... പ്രാർത്ഥനയിലൂടെ അതു നേടിയെടുക്കാം... മറ്റുള്ളവരുടെ വാക്കുകളിലല്ല നമ്മുടെ സന്തോഷം.... അതു നമ്മുടെ ഉള്ളിൽത്തന്നെയാണ്.....' 
സ്വാമിജിയുടെ ശബ്ദം ചിന്തകളിൽനിന്നുണർത്തുന്നു ... എത്ര അർത്ഥവത്തായ വാക്കുകൾ.....  പക്ഷേ  പ്രശ്നങ്ങൾ വരുമ്പോൾ...    ?
എന്തിനാണ് ഇങ്ങോട്ടു വന്നത് ....? സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ....  ശരിക്കും മനസ്സ് അതിലേക്കു കേന്ദ്രീകരിക്കാൻ കഴിയുന്നേയില്ല... അതുതന്നെയാണല്ലോ ഇപ്പോഴത്തെ പ്രശ്നവും...  ഒന്നിൽനിന്നു മറ്റൊന്നിലേക്കു ചിന്തകൾ കാടുകയറുന്നു.... ഒന്നിലും ശ്രദ്ധ പുലർത്താനാവാതെ.... അസ്വസ്ഥതയുടെ ചില ദിനങ്ങൾ..  ഇവിടേയ്ക്ക് വരാൻ നിർബന്ധിച്ചത് ഉമേച്ചിയാണ്. 

'.... തിരക്ക് ... തിരക്കോടു തിരക്ക്... ക്ളാസ്സുകൾ.... സമയം കിട്ടുന്നില്ല.... ' അദ്ധ്യാപികയായ ഉമേച്ചിയുടെ സ്ഥിരം പല്ലവികളാണിതൊക്കെ.  
സ്വാമിജിയുടെ പ്രഭാഷണത്തിന്റെ ആദ്യദിവസം മുതൽ ഒരു തപസ്യപോലെ  ഉമേച്ചി എന്നും എത്തുന്നു. ഉമേച്ചിയുടെ കുറെ നിർബന്ധങ്ങൾക്കൊടുവിലാണ് ഇന്നു സുമിയെയും കൂട്ടി എത്തിയത്. ഉമേച്ചി  നേരത്തെ എത്തിയതാവാം മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

വിശാലമായ പന്തലിൽ നിറയെ ആളുകൾ. ഭൂരിഭാഗവും സ്ത്രീകൾ.. പല തരക്കാർ... പല പ്രായക്കാർ....  സ്വാമിജി പ്രഭാഷണം തുടരുമായാണ്...   
' എന്തും സഹിക്കാനും.... ക്ഷമിക്കാനും ഉള്ള കഴിവുണ്ടാകണം.... അവനവന്റെ നേട്ടങ്ങളിലും, ഉയർച്ചകളിലും അഹങ്കരിക്കാതിരിക്കുക.... ഈ നേട്ടങ്ങൾക്കും, ഉയർച്ചക്കും പിന്നിൽ ഈശ്വരചൈതന്യമുണ്ടെന്നു മനസ്സിലാക്കി ജീവിക്കുക.... ' ഒന്നു മെല്ലെ നിറുത്തി സ്വാമിജി തെല്ലു  ശബ്ദമുയർത്തിപ്പറഞ്ഞു  'അഹങ്കാരവും, സ്വാർത്ഥതയും വെടിയുക.....'  ഈ വാക്കുകൾ ഉച്ചഭാഷിണിയിലൂടെ ഇത്തിരി ഉറക്കെ മുഴങ്ങുന്നു.....

' അയ്യോ ചേച്ചീ..... എന്താ ഇപ്പം പുള്ളിക്കാരൻ  പറഞ്ഞേ.. ഞാനങ്ങു പേടിച്ചുപോയി..... ' ഞാനവളുടെ കാലിൽ മെല്ലെ ചവിട്ടി.... " സുമീ... ഒന്നു പതുക്കെ.... ആളുകൾ ശ്രദ്ധിക്കും...  'സ്വാമിജി....' നീ അങ്ങനെ പറയൂ... "
' ഓ... സോറി ചേച്ചി.....ഈ സ്വാമിജി എന്തായീ പറയുന്നേ...' അവൾ സ്റ്റേജിലേക്ക് നോക്കിച്ചിരിക്കുന്നു. 
ഞാനവളെ ശാസിച്ചു   " സുമീ.... സ്വാമിജി ഓഡിയൻസിനെ ശരിക്കും ശ്രദ്ധിക്കുന്നുണ്ട് കേട്ടോ... നീ ഓരോ ചേഷ്ടകൾ കാണിക്കല്ലേ...."
' പ്ളീസ് ചേച്ചീ..  സ്വാമിജി എന്താ പറഞ്ഞേ...'
ഓ..  അതിനി എങ്ങനെ ഇവളെ പറഞ്ഞു മനസ്സിലാക്കാൻ.... ഒച്ചതാഴ്ത്തി അവളുടെ ചെവിയിൽ പറഞ്ഞു. ... "    'Pride and selfishness' ....അതു പാടില്ല  എന്ന് ... മനസ്സിലായോ..."
'   Ok....ok...   '.   അവൾ സമ്മതിച്ചു. 
അവൾക്കു മനസ്സിലായോ..  എന്തോ.. സ്വാമിജി പ്രഭാഷണം തുടരുന്നു. 
ശബ്ദത്തിന് നല്ല ഗാഭീര്യം.... സദസ്സിനെ പിടിച്ചിരുത്തുന്ന പ്രഭാഷണം...
  ' ക്ഷമ..... അതാണ് പ്രധാനം...  നാം ക്ഷമാശീലരാകൂ.....    '  അദ്ദേഹം തുടരുകയാണ്. 
'ഓ... ചേച്ചി..  ഇതെപ്പോ തീരും ഈ speech  ....    '  സുമിയുടെ വാക്കുകളിൽ  വിരസത.
  " എന്റെ സുമീ.... നീ സ്വാമിജിയുടെ വാക്കുകൾ ശ്രദ്ധിക്കൂ.....patience... That is important .." 
' ഓ ...സോറി ചേച്ചി... ഓകെ.... ഓകെ..'
അവൾ വീണ്ടും കസേരയിലേയ്ക്ക് ചാഞ്ഞിരുന്നു. 
സ്വാമിജി പറയുന്നു      '  അലസത വെടിയൂ.... കർമ്മനിരതരാകൂ.... സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കൂ... '.    ഒന്നുനിർത്തി  സ്വാമിജി സദസ്സിനെ നോക്കി ഒന്നൂടെ ആവർത്തിക്കുന്നു  ...     ' സമയത്തെ .....ശരിയായ ....രീതിയിൽ...     '  ചോദ്യരൂപേണ സദസ്സിനെ നോക്കുമ്പോൾ മുൻനിരയിലെ സ്ത്രീകൾ ആവേശത്തോടെ അതു പൂരിപ്പിക്കുന്നു....' വിനിയോഗിക്കണം ...' 
തോളിലേക്ക് ഒരു ബലം...  സുമി ഉറക്കം തൂങ്ങി ..എന്റെ തോളിലേക്ക്... മെല്ലെ...   "ഓ... സുമീ.... " ഞാൻ വിളിച്ചു.
സ്വാമിജിയുടെ ശബ്ദം       'ഉറങ്ങുന്നവരെ ഉണർത്തൂ..   ' 
ഞാനവളെ തൊട്ടുവിളിച്ചു      "സുമീ നിന്നെ നോക്കിയാണെന്നു തോന്നുന്നു." 
' ഓ സോറി ചേച്ചി..  സോറി... ഇനി ഉറങ്ങില്ല... ഉറപ്പ്...'
' നാളെ ഇവളെ ഇങ്ങോട്ടു കൊണ്ടുവരില്ല ... ഉറപ്പ്... ' ഇതു ഞാനും മനസ്സിൽ ഉറപ്പിക്കുകയായിരുന്നു. 

സ്വാമിജി വീണ്ടും പ്രഭാഷണം തുടരുന്നു .. സദസ്യരിൽ മുൻനിരയിലെ സ്ത്രീജനങ്ങളാണ് ഏറ്റവും ആകാംക്ഷയോടെയും, ശ്രദ്ധയോടെയും ഇരിക്കുന്നത്. ഉമേച്ചി അത്യന്തം ശ്രദ്ധയോടെ സ്വാമിജിയുടെ വാക്കുകൾ കേട്ടിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ചേച്ചി തിരിഞ്ഞുനോക്കിയപ്പോൾ സുമി കൈകാണിച്ചു. മുൻനിരയിൽ ഒഴിവിലുള്ള സീറ്റിലേക്ക് ചേച്ചി  കൈയാട്ടിവിളിച്ചിട്ടും ഞങ്ങൾ പോയില്ല. ഉമേച്ചിയെയോ, അവർക്കൊപ്പം മുൻനിരയിലിരിക്കുന്ന സ്ത്രീകളെയോപോലെ ശ്രദ്ധാപൂർവം അതു കേട്ടിരിക്കാൻ എനിക്കോ, സുമിക്കോ ആവില്ല. ചുറ്റുമുള്ളതിലേയ്ക്ക് ശ്രദ്ധ പതറും. സ്ത്രീജനങ്ങളിൽ കൂടുതലും മദ്ധ്യവയസ്സു കഴിഞ്ഞവർ.പലതും പരിചിതമുഖങ്ങൾ. വീട്ടിലെ പ്രാരാബ്ധങ്ങളിലും , ജോലിയിലും, പ്രശ്നങ്ങളിലും കിടന്നു നട്ടംതിരിഞ്ഞ സ്ത്രീജനങ്ങൾക്ക് ഒരു ഇടക്കാലാശ്വാസം. അവർ ഓരോ ദിവസവും വെളുപ്പിനെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്ത് ഓടിയെത്തുന്നു.
ഉച്ചക്കഞ്ഞി സൗജന്യം. അതുകഴിച്ച് ഉച്ചകഴിഞ്ഞും അവർ അലസത വെടിഞ്ഞ് സ്വാമിജിയുടെ വാക്കുകൾ ശ്രദ്ധിച്ച് ആനന്ദഭരിതരായി ഇരിക്കുന്നു. ഉമേച്ചിയുടെ നിർബന്ധംകൊണ്ടാണ് വന്നതെങ്കിലും ഇപ്പോൾ അല്പം ഇഷ്ടം തോന്നുന്നു. കുറച്ചു ദിവസത്തേക്കെങ്കിലും എന്തിൽനിന്നൊക്കെയോ ഒരു മോചനം. മറ്റുള്ളവരെപ്പോലെ ഒരു ഇടക്കാലാശ്വാസം. സുമിയെ ശാസിക്കുന്നുണ്ടെങ്കിലും സ്വാമിജിയുടെ വാക്കുകളിൽ പൂർണ്ണമായും ശ്രദ്ധചെലുത്താൻ തനിക്കും ആവുന്നില്ല. ചുറ്റുമുള്ളതിലേയ്ക്ക് ശ്രദ്ധ പതറുന്നു....     'ഏകാഗ്രത.... അതാണ് പ്രധാനം....'  സ്വാമിജിയുടെ ഗാഭീര്യം നിറഞ്ഞ ശബ്ദം.
  
അന്നത്തെ ഉച്ചക്കഞ്ഞി കുടിക്കാനായി ഉമേച്ചി ഞങ്ങളെയും കൂട്ടി. കഞ്ഞി സുമിക്കേറെ ഇഷ്ടമായി.      'നല്ല രുചി....ചേച്ചി...     ' കോട്ടിയ പ്ലാവിലകൊണ്ടു കഞ്ഞികോരിക്കുടിക്കുന്നതിനിടയിൽ  അവൾ പറഞ്ഞു    'നമുക്കു നാളേം വരണേ ചേച്ചി...  '.   അവളുടെ സംസാരം കേട്ട് അടുത്തിരുന്നവർ ഞങ്ങളെ നോക്കിച്ചിരിച്ചു.
പിറ്റേന്നും എന്നേക്കാൾ സുമിക്കായിരുന്നു ഉത്സാഹം . അവൾ ധിറുതി കൂട്ടി 
' വേഗം ചേച്ചീ... വേഗം... '  കഞ്ഞിയുടെ രുചിയോർത്താണോ അതോ എന്താവും അവൾ ഉദ്ദേശിച്ചത്... ഞാനോ എന്താണ് ഉദ്ദേശിക്കുന്നത്.....ഒന്നും ഇല്ല ....വെറുതെ ഒരു മാറ്റം.... അത്ര തന്നെ...

അന്ന് സ്ത്രീകൾ ഒക്കെയും നല്ല ഉത്സാഹത്തിൽ.... സ്വാമിജിയുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടക്കുന്നത്രെ....   വധൂവരന്മാർ , അവരുടെ മാതാപിതാക്കൾ.....  
സ്റ്റേജിൽ ............  വിവാഹച്ചടങ്ങുകൾ തുടങ്ങുന്നു.... 
   ' ഒരു മംഗളകർമ്മം നടക്കാൻ പോവുന്നു...നിങ്ങളുടെ ഏവരുടെയും സാന്നിദ്ധ്യത്തിൽ നമ്മുടെ പ്രിയപ്പെട്ട സ്വാമിജിയുടെ  നേതൃത്വത്തിൽ ചടങ്ങുകൾ തുടങ്ങാൻ പോവുന്നു....' ഉച്ചഭാഷിണിയിലൂടെ അനൗൺസ് മെന്റ് ...... എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്ക്....  താലികെട്ടൽ എന്ന പരിപാവനമായ ചടങ്ങ് നടക്കാൻ തുടങ്ങുമ്പോൾ സ്വാമിജിയുടെ വാക്കുകൾ 
' നിങ്ങൾ എല്ലാവരും ഇവർക്കുവേണ്ടി പ്രാർത്ഥിക്കൂ......'
ചുറ്റും നോക്കി..... എല്ലാവരും സ്റ്റേജിലേക്ക് മിഴിച്ചുനോക്കി ഒരേയിരുപ്പ്.... 
സ്വാമിജി പറയുന്നു....   ' ഈ കൂട്ടത്തിൽ വിവാഹം കഴിക്കാത്ത കുട്ടികളുടെ അമ്മമാരില്ലേ.... ഉണ്ടോ.... നിങ്ങളുടെ കുഞ്ഞുങ്ങളാണെന്നു കരുതി  ഇവർക്കുവേണ്ടി പ്രാർത്ഥിക്കൂ.... നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അതിന്റെ നന്മയുണ്ടാവും.... തീർച്ച.....'
ചുറ്റുമൊന്നു കണ്ണോടിച്ചു ... ഈശ്വരാ.... സ്വാമിജിയുടെ വാക്കുകൾക്ക് എത്ര തീക്ഷണത.... ശക്തി.....എല്ലാവരും കണ്ണടച്ച് പ്രാത്ഥനാനിരതരാകുന്നു.... പലരുടെയും പ്രാർത്ഥന ഉച്ചത്തിലാകുന്നു. ഞാൻ സുമിയെനോക്കി. അവൾ തന്റെ മൊബൈലിൽ കണ്ണോടിച്ച് എന്തോ മെസ്സേജടിക്കുന്നു....
. " ഓ... സുമീ... നീ സ്വാമിജി പറഞ്ഞ കേട്ടോ...."
'ഓ...  സോറി ചേച്ചി.... എന്താ സ്വാമിജി പറഞ്ഞേ...'
" പ്രാർത്ഥിക്കാൻ.."
സുമി കണ്ണടച്ചു.... വീണ്ടും കണ്ണു തുറന്നിട്ട് ചോദിച്ചു ' എന്താ ചേച്ചി പ്രാർത്ഥിക്കേണ്ടേ...'
" അവർക്കു നല്ലതു  വരുത്തണെ... എന്ന്.." 
അവൾ കണ്ണുകളടച്ചു പ്രാർത്ഥിക്കുന്നു. ഞാൻ വീണ്ടും ചുറ്റും വീക്ഷിച്ചു. എല്ലാവരും പ്രാർത്ഥനയിൽ... ഞാനോ..?
...ഈശ്വരാ... ഞാനും പ്രാർത്ഥിക്കട്ടെ...

വിവാഹം മംഗളമായി നടന്നു. സ്വാമിജി വധുവരന്മാരോട് പറയുന്നു      ' കുട്ടികളേ..... നിങ്ങൾ ഭാഗ്യംചെയ്തവരാണ്... '    സദസ്സിനെ നോക്കി    'ഇത്രയും ആളുകൾ നിങ്ങളുടെ വിവാഹച്ചടങ്ങിനായി എത്തിയവരാണ്....അവരുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്  നിങ്ങൾക്കായി...അവരുടെ അനുഗ്രഹവും..'
വീണ്ടും സ്വാമിജി സദസ്സിനെ നോക്കി ഉച്ചത്തിൽ പറയുന്നു....'സമ്മാനദാനത്തിനുള്ള സമയമാണ്...'
ക്ഷേത്രഭാരവാഹികളോ, നടത്തിപ്പുകാരോ ആരൊക്കെയോ സ്റ്റേജിൽക്കയറി അവർക്കെന്തോ സമ്മാനമായി കൊടുക്കുന്നു. സ്വാമിജി സദസ്സിനെ നോക്കി പറയുന്നു.... ' നിങ്ങൾക്കും എന്തെങ്കിലും നിങ്ങളാലാവുന്ന സമ്മാനങ്ങൾ കൊടുക്കാം..... അതെന്തുമാവാം..... ഇന്നത് എന്നൊന്നും ഇല്ല.... ' 
സദസ്സിൽ ചെറിയ സംസാരം.... സ്ത്രീജനങ്ങൾ പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. മൊബൈലിൽ മെസ്സേജടിച്ചിരിക്കുന്ന സുമിയോടു ഞാൻ പറഞ്ഞു... "എന്തുകൊടുക്കാനാണ്...? പേഴ്സ് പോലും നമ്മൾ എടുത്തിട്ടില്ല ".
'നമുക്കു കഞ്ഞി കുടിക്കുന്നിടത്തേയ്ക്കു നീങ്ങാം... ചേച്ചീ... വിശക്കുന്നു.. '  സുമിയുടെ മറുപടി.
" ഉം ... നിന്റെയൊരു കഞ്ഞി...." ഞാനവളുടെ കൈയിൽ  നുള്ളി. സ്ത്രീജനങ്ങളുടെ  സംസാരവും.... ചിരിയും..." 
സ്വാമിജി വീണ്ടും പറയുന്നു...  ' നിങ്ങളുടെ കൈയിൽ ഇവർക്കായി കൊടുക്കാൻ ഒന്നുമില്ലേ...? '
ഞാൻ സ്റ്റേജിലേക്കു നോക്കി.... ഏ.... ഉമേച്ചി.... അതാ.... സ്റ്റേജിലേക്കു നടന്നു കയറുന്നു.... ഈ ഉമേച്ചി എന്താ ചെയ്യുന്നേ.... എന്നും പരിഭവവും... പരാധീനതയും പറയുന്ന ഉമേച്ചി സ്റ്റേജിൽക്കയറി വധൂവരന്മാരെ ആശ്ലേഷിക്കുന്നു... പരിചയക്കാരിൽ ആരോ ഞങ്ങളോട്... 'അതാ നിങ്ങളുടെ ഉമ...' 
ഉമേച്ചി ആ പെൺകുട്ടിക്ക് എന്തോ കൊടുക്കുന്നു... പുറംതിരിഞ്ഞുനിൽക്കുന്നതിനാൽ ഉമേച്ചി എന്താ കൊടുക്കുന്നതെന്നു കാണാൻ കഴിയുന്നില്ല... പിന്നെയും ആരോ ഒന്നോ രണ്ടോപേർ സ്റ്റേജിലേക്ക് കയറുന്നു. ആൾക്കൂട്ടം ഉച്ചക്കഞ്ഞിക്കായി പന്തലിന്റെ പിറകിലേക്ക് നീങ്ങുന്നു.... സുമി എന്നെയും പിടിച്ചുവലിച്ചുകൊണ്ട് അവർക്കൊപ്പം... 
ഉച്ചക്കഞ്ഞിക്കായുള്ള നീണ്ട ക്യൂവിൽ അല്പം പിറകിലായി ഞാനും, സുമിയും ക്ഷമയോടെ നിന്നു.... ഓ .... അതാ .... ഉമേച്ചി... ക്യൂവിന് ഏറ്റവും മുൻപിലായി .... ഏ...  ഇതെപ്പോ ഉമേച്ചി ഇത്രവേഗം ഇവിടെ... ഞാൻ പിറകിൽ നിന്നും നീട്ടി വിളിച്ചു.." ഉമേച്ചീ...."
ഉമേച്ചി ഞങ്ങളെ നോക്കി   ' ഏ ....നിങ്ങൾ പിറകിലാണോ.... എവിടാരുന്നു രണ്ടും...? '
ഞാൻ കൈകൊണ്ടാംഗ്യത്തിൽ  ചോദിച്ചു " എന്താ .. അവർക്കു കൊടുത്തത് എന്ന്.."
ഉമേച്ചി പറഞ്ഞു   'ഉച്ച കഴിഞ്ഞു ക്ലാസ്സുണ്ട് ... ധൃതിയാ.... വേഗം കഴിച്ചിട്ടു പോവട്ടെ...'
ഉമേച്ചി അകത്തേക്ക് കയറി. ഞങ്ങൾ ഊഴവും കാത്തു ക്ഷമയോടെ നിൽപ്പായി .
ഉമേച്ചി ഭക്ഷണം കഴിച്ച് സ്പീഡിൽ ഇറങ്ങിവരുന്നു.... 
ഞങ്ങളോട്  ' ഞാൻ പോട്ടെ.... ധൃതിയുണ്ട്... '  എന്ന് ഉമേച്ചി.
ഞാൻ  കൈയാട്ടി   ഉമേച്ചിയെ ഞങ്ങളുടെ അരികിലേക്ക് വിളിച്ചു . ഉമേച്ചി ധൃതിയിലോടി വന്നു. മൊബൈലിൽ  മെസ്സേജ് അടിച്ചുനിന്ന സുമിയോടു ചൂടാവുന്നു   'നിനക്കു സർവ്വസമയവും ഇതേ ഉള്ളോ ...? '
ഞാൻആകാംക്ഷ അടക്കാനാവാതെ ചോദിച്ചു ..." ഉമേച്ചി അവർക്കെന്താ കൊടുത്തേ..?"
ഉമേച്ചി ഒന്നു ചിരിച്ചു. പിന്നെ എന്റെ ചെവിയിൽ പറഞ്ഞു   'എന്റെ മോളെ... ബാഗിൽ വണ്ടിക്കൂലി കഴിച്ച് ഒറ്റപ്പൈസയുണ്ടായിരുന്നില്ല.... ഞാനങ്ങു വിഷമിച്ചു. പെട്ടെന്നൊരു തോന്നലിൽ ദാ... ഈ നടുവിരലിൽ കിടന്ന ചെറിയമോതിരമുണ്ടായിരുന്നില്ലേ അതൂരി ഞാനാ കുട്ടിയുടെ  കൈയിലിട്ടു '.
ങേ.... ഞാനും,സുമിയും   ഒന്നുപോലെ അത്ഭുതംകൂറി  ഉമേച്ചിയെ നോക്കി. അതു മനസ്സിലാക്കിയെന്നവണ്ണം ഉമേച്ചി പറഞ്ഞു    'പോട്ടെ മോളെ... സാരമില്ല... പാവങ്ങൾ.... എനിക്കും ഉണ്ടായിട്ടല്ല.... എന്നാലും...
 ഞാൻ പോട്ടെ... എന്റെ ബസ് പോകും..  '  ഉമേച്ചി ഓടിപ്പോയി. 
"ഈ ഉമേച്ചിയുടെ ഒരു കാര്യം.." ഞാൻ സുമിയോടു പറഞ്ഞു. 
സുമിയുടെ കമന്റ്     '  ചേച്ചീ.... ഉമേച്ചിയുടെ ഹൃദയം ഒരു പൂവുപോലെയാണ്...  '. 

അന്ന് വിവാഹസ്പെഷ്യൽ സദ്യ ആയിരുന്നു. വിഭവസമൃദ്ധമായ സദ്യ. 
സുമി പറഞ്ഞു  'ഹോ അടിപൊളി ഫുഡ് '. 
പായസം പഴംഞെരടിക്കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു
  'ഹായ് ... എന്താ ടേസ്റ്റ്.... ഇന്നു വൈകിട്ട് മമ്മി വിളിക്കുമ്പോൾ ഉറപ്പായും പറയും  'മമ്മിയ്ക്കു ഇതു വലിയൊരു നഷ്ടമാണെന്ന് ... '....' 
" എന്തു നഷ്ടമാണെന്ന്..? ഈ ഫുഡോ....? " ഞാനവളോട് ചോദിച്ചു. അടുത്തിരുന്നവർ ഞങ്ങളെ നോക്കി ചിരിച്ചു.
സ്ത്രീകൾ പലരും സങ്കടത്തിലായിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ഇന്നുകൊണ്ട്  തീരുമത്രെ....... 'ഓ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ ... 'പലരും സങ്കടപ്പെടുന്നു.  ഉച്ചകഴിഞ്ഞത്തെ സ്വാമിജിയുടെ പ്രഭാഷണം കേൾക്കാനായി ഊണ് കഴിഞ്ഞവർ വേഗം പന്തലിലേക്ക് നീങ്ങുന്നു. എല്ലാവരും ഒരേ സംസാരം .... 'ഹോ... സ്വാമിജി ഇന്നു വൈകുന്നേരത്തോടെ തിരികെപോവും '.  പലരുടെയും സംസാരത്തിൽ വിഷാദം....
ഏമ്പക്കം വിട്ടു സുമി പറയുന്നു '  ഹോ... ചേച്ചി സദ്യ ഉണ്ടതും ഉറക്കം വരുന്നു... നമുക്ക് വീട്ടിൽ പോവാം. എനിക്കും ലേശം ഉറക്കക്ഷീണം... ' എന്നാലും ഞാൻ പറഞ്ഞു "  സുമി സ്വാമിജി ഇന്നൂടെയേ  ഉള്ളൂ "
 'ഓ ചേച്ചീ.... എനിക്കു വയ്യ.... നമുക്ക് വീട്ടിൽ പോവാം.... '
ഞങ്ങൾ വേഗം പന്തലിനു വെളിയിലേക്കു നടന്നു . അവിടെനിന്ന  പരിചയക്കാരിലാരൊക്കെയോ ചോദിച്ചു   ' നിങ്ങൾ നിൽക്കുന്നില്ലേ...സ്വാമിജി ഇന്നൂടെയെ  ഉള്ളൂ....  ' ഞങ്ങൾ വെറുതെ നുണ പറഞ്ഞു " ഒരത്യാവശ്യം ഉണ്ട്... വേഗം പോവണം ....." 
സുമി നടക്കുന്നതിനിടയിൽ ഹിന്ദി ഗാനം മൂളുന്നു... ഞാനവൾക്കു പിറകെ..... " സുമീ.... ഉറക്കം വന്നിട്ട് വയ്യ.... വേഗം നടക്കൂ..."
ഞാനവളോടു ചോദിച്ചു " സുമീ... വൈകിട്ടു ചേച്ചി വിളിക്കുമ്പോൾ നീ എന്തു പറയും?"
 ' മമ്മീ....  അടിപൊളി സദ്യയും, കഞ്ഞിയും ഒക്കെയുണ്ടായിരുന്നു എന്നു പറയും ചേച്ചീ..'
" ഓ.... സുമീ... ചേച്ചി സ്വാമിജിയെപ്പറ്റി ചോദിക്കുമ്പോൾ നീ എന്തു പറയും..?"
സുമി:   ' അയ്യോ ... സോറി ചേച്ചി... ഈ സ്വാമിജി പറഞ്ഞതൊന്നും എനിക്കു പിടികിട്ടിയില്ല....... ഞാൻ പാതിമയക്കത്തിലായിരുന്നു... '
ഞാനവളെ അടിക്കാനായി  കൈയോങ്ങി  " ഓ... സുമീ... നിന്നെ ഞാൻ...." 
അവൾ ചിരിച്ചുകൊണ്ട് മുന്നേ ഓടി..
ഓടിവന്നു ഞാനും, സുമിയും ഹാളിൽക്കിടന്ന സോഫയിലേയ്ക്ക് വീണു.....  അവളുടെ കൂർക്കംവലി... ഞാനും മെല്ലെ... മയക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോൾ ..... സ്വാമിജിയുടെ മുഴക്കമുള്ള ഗാഭീര്യമാർന്ന സ്വരം  കാതിൽ .....    'അലസത വെടിയൂ......... കർമ്മനിരതരാകൂ.... സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കൂ.... ' 
ഞാൻ മനസ്സിൽ പറഞ്ഞു " എന്റെ സ്വാമിജീ..... നിങ്ങൾ ഉറങ്ങാനും സമ്മതിക്കില്ലേ......." 
സുമി ഉറക്കപ്പിച്ചിൽ ആണെന്ന് തോന്നുന്നു എന്തോ പിറുപിറുക്കുന്നു .... ഞാൻ വിളിച്ചു " എടീ ... സുമീ..." അവൾ ഞരങ്ങിക്കൊണ്ട് തിരിഞ്ഞുകിടന്ന് വീണ്ടും കൂർക്കംവലി .... 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
                                                 : ശുഭം
ഗീതാ ഓമനക്കുട്ടൻ. 

  




  



  

27 comments:

  1. ഗീതാ, ചഞ്ചലപ്പെടുന്ന മനസ്സിന്റെ കഥ കൊള്ളാം ട്ടോ...

    ReplyDelete
    Replies
    1. ആദ്യവരവിൽ ... വായനയിൽ ....ഈ വാക്കുകൾ കുറിച്ചതിൽ ഏറെ സന്തോഷം പ്രിയ കുഞ്ഞൂസ് മാഡം.

      Delete
  2. "ഉദരനിമിത്തം ബഹുകൃത വേഷം"

    ReplyDelete
  3. നല്ല കഥയാണ് ചേച്ചി .. കഥയല്ല അനുഭവം .. എപ്പോഴും മനുഷ്യ മനസ്സ് ഇങ്ങനെയാണ് ചഞ്ചലപ്പെട്ടുകൊണ്ടേയിരിക്കും .. ക്ഷമ എന്നത് വളരെ അപൂർവ്വം .. സത്യത്തിൽ ഞാനും സുമിയും ഒരേ ടൈപ്പ് ആണെന്ന് തോന്നിപ്പോയി .. ഇഷ്ട്ടമായി ..

    ReplyDelete
    Replies
    1. കലാ..... ഇഷ്ടമായതിൽ ഏറെ സന്തോഷം .

      Delete
  4. നന്നായി എഴുതിയിട്ടുണ്ട്.വിവരണം സത്യസന്ധമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നതാണ് അവതരണത്തിനുള്ള മികവ്.പ്രഭാഷകര്‍ക്കുപ്പോലും പറഞ്ഞകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പാടുപെടേണ്ടിവരുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ!
    ആശംസകള്‍

    ReplyDelete
    Replies
    1. സത്യസന്ധമായി ഉൾക്കൊള്ളാൻ കഴിയുന്നു എന്ന സാറിന്റെ ഈ വാക്കുകൾ ഏറെ സന്തോഷം നൽകുന്നു. വായനയിലും , അഭിപ്രായത്തിലും വളരെ സന്തോഷം.

      Delete
  5. 'അലസത വെടിയൂ......... കർമ്മനിരതരാകൂ.... സമയത്തെ ശരിയായ രീതിയിൽ വിനിയോഗിക്കൂ.... '

    അക്ഷരം പ്രതി അനുസരിച്ച് നന്നായി പരിശ്രമിച്ചു എഴുതിയ കഥ ...നന്നായി ഇഷ്ടപ്പെട്ടു ...

    ReplyDelete
    Replies
    1. അതെ ഫൈസൽ അങ്ങനെയൊക്കെ ആവാൻ ഒരു ശ്രമം. 'അലസത ' ആണല്ലോ എല്ലാത്തിലും വില്ലൻ. കഥ വായിച്ചതിൽ ഏറെ സന്തോഷം.

      Delete
    2. അതെ ഫൈസൽ അങ്ങനെയൊക്കെ ആവാൻ ഒരു ശ്രമം. 'അലസത ' ആണല്ലോ എല്ലാത്തിലും വില്ലൻ. കഥ വായിച്ചതിൽ ഏറെ സന്തോഷം.

      Delete
  6. ഇഷ്ടപ്പെട്ടു.. ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും, അഭിപ്രായത്തിലും വളരെ സന്തോഷം.

      Delete
  7. ഗീതച്ചേച്ചീ... കഥ വായിച്ചു. മനസ്സിനെ പിടിയിലൊതുക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യം തന്നെയാണ്.
    ഇനിയും എഴുതൂ...

    ReplyDelete
    Replies
    1. അതെ.. ദിവ്യാ.. അതാണ് സത്യം.
      വായനയിൽ ഏറെ ഇഷ്ടം ട്ടോ.

      Delete
  8. ഗീതേച്ചീ.നല്ല ഇഷ്ടമായി.ഇത്തവണ നല്ലൊരു കഥയായിട്ടാണല്ലോ വരവ്‌.!നോക്കിയിരിക്കുന്ന നേരം കൊണ്ടാണല്ലോ ചിന്തകൾ മാറിമറിയുന്നത്‌.


    പുതുവർഷത്തിൽ എഴുതിത്തുടങ്ങി അല്ല??ഇക്കൊല്ലം എല്ലാമാസവും കഥകളും മറ്റുമായി വാ.

    വായിക്കാൻ ഓടിയെത്താൻ വൈകി.ക്ഷമിയ്ക്കൂ.!!!!!!

    ReplyDelete
    Replies
    1. വായിക്കാനായി വൈകിയാണെങ്കിലും ഓടിയെത്തിയല്ലോ... അത് ഏറെ സന്തോഷം. ഇത്തവണ ദിവ്യാ സുധിയേക്കാൾ മുൻപേ എത്തിയല്ലോ. അതുകൊണ്ടു ക്ഷമിച്ചിരിക്കുന്നു.

      Delete
  9. ഏകാഗ്രത .. അതാണ് പ്രധാനം..
    നല്ലൊരു കഥാനുഭവം തന്നെയാണല്ലോ ഇത്
    ഇഷ്ടപ്പെട്ടു ..

    ReplyDelete
    Replies
    1. വായനയ്‌ക്കെത്തിയതിൽ ഏറെ സന്തോഷം മുരളീ ഭായ്.

      Delete
  10. nalla kadhaanubhavam... nannaayi ezhuthi... orupaad ishtaayi...

    ReplyDelete
    Replies
    1. ആദി , ഒരുപാടു സന്തോഷം ഈ വരവിലും, വായനയിലും.

      Delete
  11. എനിക്ക് Blog വായനകളിൽ നിന്നെല്ലാം അകന്ന് നിൽക്കേണ്ടി വന്ന കാലത്താണ് ഈ കഥ വന്നത് - FB യുടെ ഓർമ്മിപ്പിക്കൽ നന്നായി - നല്ല ഒരു കഥ വായിച്ചു

    ReplyDelete
  12. എനിക്ക് Blog വായനകളിൽ നിന്നെല്ലാം അകന്ന് നിൽക്കേണ്ടി വന്ന കാലത്താണ് ഈ കഥ വന്നത് - FB യുടെ ഓർമ്മിപ്പിക്കൽ നന്നായി - നല്ല ഒരു കഥ വായിച്ചു

    ReplyDelete
  13. എനിക്ക് Blog വായനകളിൽ നിന്നെല്ലാം അകന്ന് നിൽക്കേണ്ടി വന്ന കാലത്താണ് ഈ കഥ വന്നത് - FB യുടെ ഓർമ്മിപ്പിക്കൽ നന്നായി - നല്ല ഒരു കഥ വായിച്ചു

    ReplyDelete
  14. മുമ്പുവായിച്ചതാണെങ്കിലും, ഓർമ്മ പുതുക്കി. നന്മകൾ

    ReplyDelete