Saturday 14 November 2020

വളവും വളയത്തിലെ ചില അഭ്യാസങ്ങളും ...


തീരെച്ചെറുപ്പത്തിൽ വളരെ ആരാധനയോടെ നോക്കിക്കണ്ട രണ്ടു വ്യക്തിത്വങ്ങൾ ആയിരുന്നു മൂപ്പരും ഞങ്ങളുടെ വഴിയേ ഓടിക്കൊണ്ടിരുന്ന ഒരേയൊരു ബസ്സായ  പ്രിൻസ്ബസ്സിന്റെ ഡ്രൈവറും .   മൂപ്പർ ആരാണെന്നു മറ്റൊരു കഥയിലൂടെ പറയാം ട്ടോ .. വല്ലപ്പോഴും ഒക്കെയേ ഈ പ്രിൻസ് ബസ്സിൽ കയറി യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നുള്ളൂ .  ഇന്നത്തെ  ബിമാനയാത്ര അല്ലെങ്കിൽ വല്ല ഷിപ്പിലോ മറ്റോ യാത്ര ചെയ്യാൻ പോവുന്നതു മാതിരിയുള്ള കൗതുകവും ആഹ്ലാദവുമായിരുന്നു അന്നത്തെ പ്രിൻസ്ബസ്സിലെ  യാത്ര .


ഞങ്ങളുടെ 'അമ്മ അപൂർവം ചില സന്ദർഭങ്ങളിൽ അടുക്കളയിൽ നിന്നൊരു മോചനം നേടി ടൗണിലേക്കൊരു യാത്രയുണ്ടാവും . 'അമ്മ സ്വരുക്കൂട്ടിവച്ച ചില ചില്ലറത്തുട്ടുകൾ ഇമ്മിണി തരക്കേടില്ലാത്ത ഒരു തുകയായാൽ "കുമാർജീടെ "( സ്ഥലത്തെ  പ്രധാന സ്വർണ്ണപ്പണിക്കാരൻ ) കടയിലേക്കാവും  ആപോക്ക് . അഞ്ചാറു പെൺകുഞ്ഞുങ്ങൾ ഇങ്ങനെ പുരനിറഞ്ഞു നിൽക്കുമ്പോൾ അമ്മമാർക്കുണ്ടാവുന്ന വേവലാതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ ...  തിരിച്ചു വരുമ്പോൾ മൂത്തവർക്കാർക്കെങ്കിലും ഒരു വളയോ  ലോക്കറ്റോ  കമ്മലോ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാവും ... അതാർക്കായാലും ഞങ്ങൾ മക്കൾക്കെല്ലാവർക്കും സന്തോഷമാവും . പിന്നെ അതു സ്വന്തമായിക്കിട്ടുന്നവർക്ക് ഇത്തിരി ആഹ്ലാദം കൂടുതലുണ്ടാവും ... അത്രേയുള്ളൂ വ്യത്യാസം .


ചില സന്ദർഭങ്ങളിൽ അത്യാവശ്യം വാശിപിടിച്ചും കരഞ്ഞും ഒക്കെ അമ്മയെ ശല്യം ചെയ്താൽ ഏറ്റവും ഇളയകുട്ടി എന്ന ചെറിയൊരു പരിഗണനയിൽ ആ യാത്രയിൽ എന്നെക്കൂടി കൂട്ടാൻ 'അമ്മ സന്മനസ്സു കാണിക്കും .  അനുവാദം കിട്ടിയാൽ പിന്നെ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് . വേഗം റെഡിയാകും . പക്ഷേ അമ്മയാവട്ടെ പത്തുമണിക്കാണ് ബസ്സെങ്കിൽ പത്തുമണിക്ക് പത്തുമിനിറ്റ് മുന്നേവരെ ഓരോ പണികൾ ചെയ്തിങ്ങനെ നടക്കും . ഒടുക്കം 'അമ്മ സാരിചുറ്റാൻ തുടങ്ങുമ്പോഴാവും പ്രിൻസ്ബസ്സിന്റെ ഇരപ്പ്  കേൾക്കാം . അപ്പോൾ വീട്ടിൽ വല്യൊരു ബഹളമാണ് ..." അയ്യോ ബസ്സു വരുന്നേ .... അമ്മായിതുവരെ ഒരുങ്ങിയില്ലേ.." എന്നൊക്കെ .  പ്രിൻസ്ബസ്സ്  " കല്യാണിമുക്കിൽ "  ( ഞങ്ങളുടെ സ്റ്റോപ്പിന്റെ പേര് ) കൊണ്ടു നിർത്തി നീട്ടി ഹോണടിക്കും . അപ്പൊ ആരെങ്കിലും മുറ്റത്തിറങ്ങിനിന്ന് ഉച്ചത്തിൽ നീട്ടിപ്പറയും " ആളൊണ്ടേ ....പോകല്ലേ ...."  എന്ന് . ഞങ്ങളുടെ വീട്ടിൽനിന്ന് കുറച്ചുവഴി .... പിന്നൊരു തോടും കടന്ന്‌  മുകളിൽ കയറിച്ചെല്ലണം ബസ്സ് സ്റ്റോപ്പിലേക്ക് .    പിന്നെ 'അമ്മ സൂപ്പർഫാസ്റ്റിനേക്കാൾ വേഗത്തിൽ ബസ്സ്സ്റ്റോപ്പിലോട്ടൊരു പാച്ചിലാണ് .  ഞാൻ വാലുപോലെ പിറകേയും ... അന്നത്തെ ബസ്സുകാർ ഇന്നത്തെ ബസ്സുകാരെപ്പോലെ ആവേശവും മത്സരവും പരക്കംപാച്ചിലും  ഒന്നും ഉണ്ടായിരുന്ന ആൾക്കാരായിരുന്നില്ല . വളരെ ക്ഷമയും സഹനശക്തിയും ശാന്തസ്വഭാവവുമുള്ളവരായിരുന്നു . 


അങ്ങനെ ഓടിയണച്ച് ഞങ്ങൾ ബസ്സ്സ്റ്റോപ്പിൽ  ചെല്ലുമ്പോൾ ബസ്സിന്റെ വാതിൽപ്പടിയിൽ നിൽക്കുന്ന കിളി ഒരു ചോദ്യമെറിയും " എന്റമ്മച്ചീ ... ഇത്തിരി നേരത്തേ  ഇറങ്ങിയാൽ എന്താ കുഴപ്പം ...." ഒപ്പം അയാൾ എന്നെ എടുത്തു ബസ്സിനകത്തോട്ടു വയ്ക്കും . പിന്നെ എന്റെ വക ഒരു ജഗപൊകയുണ്ടാവും ബസ്സിനുള്ളിൽ . ബെല്ലടിച്ചു വണ്ടിനീങ്ങാൻ തുടങ്ങുംമുന്പേ  ഏതുവിധേനയും  പാഞ്ഞു ഡ്രൈവറുടെ സീറ്റിന്റെ ഇടത്തേസൈഡിലെ  പെട്ടിപ്പുറത്തു ഇരിപ്പുറപ്പിക്കുക . പിറകിലൊക്കെ സീറ്റുണ്ടാവും ........പിറകീന്നു അമ്മേടെ നീട്ടിവിളിയും വരും ... ഞാനപ്പോഴേക്കും പെട്ടിപ്പുറംസീറ്റു  കരസ്ഥമാക്കിയിരിക്കും .  പിന്നെ 'അമ്മ ഇടയ്ക്കിടെ പറഞ്ഞോണ്ടിരിക്കും "  വീഴല്ലേ ... മുറുക്കെപ്പിടിച്ചിരുന്നോണേ ...."  ഞാൻ സൈഡിലുള്ള കമ്പിയിലും മറ്റും കൈയും കാലുമെല്ലാം വച്ച് മുറുക്കെപ്പിടിച്ചിരുന്നുകൊണ്ട്  ( അത്ര നല്ല വഴിയാണ് )  ഡ്രൈവറുചേട്ടനെ  സാകൂതം വീക്ഷിക്കും . ഈശ്വരാ ...!! പുള്ളിക്കാരൻ ആ സീറ്റിലിരുന്ന്  സ്റ്റിയറിങ്ങിൽ കാണിക്കുന്ന അഭ്യാസങ്ങൾ എന്നെ അത്ഭുതപരതന്ത്രയാക്കും . പിന്നെ അതൊരു ആരാധനയായി മാറും .  പിന്നെ ഇടയ്ക്കിടെ ചില സ്റ്റോപ്പുകളിലൊക്കെ ഞങ്ങടെ സ്റ്റോപ്പിലെ പതിവുരീതി ആവർത്തിക്കാറുണ്ട് കേട്ടോ .. അങ്ങനെ വല്ലപ്പോഴുമുള്ള  ബസ്സ്‌യാത്രയും  പെട്ടിപ്പുറംസീറ്റുപിടുത്തവും  ഡ്രൈവറുചേട്ടന്റെ അഭ്യാസങ്ങൾ കണ്ടന്തംവിട്ടിരിക്കുന്നതും  എനിക്കൊരു ഹരം തന്നെയായിരുന്നു കുഞ്ഞുന്നാളുകളിൽ .  ആ  പ്രായത്തിലൊക്കെ ടീച്ചർമാരും പിന്നെ വീട്ടിലുള്ളവരും ഒക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ … " ഭാവിയിൽ  ആരാകാനാണ് ആഗ്രഹം ...?"  എന്റെ വല്യച്ഛൻ ( അമ്മയുടെ ചേച്ചിയുടെ ഭർത്താവ്‌ )  ഇടക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞങ്ങൾ ചെറിയകുട്ടികൾ  വല്യച്ചനു ചുറ്റും കൂടും . വല്യച്ഛൻ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും ഒക്കെ ഞങ്ങളെ രസിപ്പിക്കും . ഞാനും എന്റെ നേരെമൂത്ത ഏട്ടനും പിന്നെ എന്റെ കസിൻചേട്ടനും  ചേച്ചിയും ... ഞങ്ങൾ നാലുപേരായിരുന്നു കൂട്ടുകെട്ട് .  വല്യച്ഛൻ പാട്ടുപാടും ... കഥ പറയും . ഒരിക്കൽ വല്യച്ഛൻ ഞങ്ങളോടിതേ ചോദ്യം ചോദിച്ചു .. "  വലുതാകുമ്പോൾ ആരാകാനാണ് മക്കളേ നിങ്ങളുടെ ആഗ്രഹം ..?"   അവരൊക്കെ ഡോക്ടർ .... എൻജിനീയർ ... ടീച്ചർ ... ഇങ്ങനെയുള്ള അവരുടെ സ്വപ്‌നങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു . കൂട്ടത്തിൽ ഏറ്റവും ഇളയതായ എന്നെ വല്യച്ഛൻ മാത്രം ഓമനപ്പേരിട്ടുവിളിക്കുന്ന ആ വിളിയോടെ ചോദിച്ചു "  ടീ ..കല്യാണിക്കുട്ടീ .. നിനക്കാരാകാനാ ആഗ്രഹം ...?"  ഞാൻ വല്യ ഗമയിൽ കാച്ചി "  മൂപ്പർ ..."  അപ്പോൾ അവരെല്ലാം കളിയാക്കി ചിരിച്ചു . അപ്പോൾ ഞാൻ താമസിയാതെ പറഞ്ഞു " ഡ്രൈവർ ....."  അപ്പോഴേക്കും വല്യച്ഛനുൾപ്പടെ എല്ലാരുംചേർന്ന്  ഉച്ചത്തിൽ കൂട്ടച്ചിരിയായി . വല്യച്ഛൻ എന്റെ ചെവിയിൽ ചെറിയ കിഴുക്കുതന്നോണ്ടു പറഞ്ഞു " മണ്ടീ .... പെൺപിള്ളാരു വല്ലോം മൂപ്പരോ ഡ്രൈവറോ ആകുവോ ..." 

അപ്പോഴേയ്ക്കും ഏട്ടനും കൂട്ടരും ആർത്തുചിരിയും  കളിയാക്കലും തുടങ്ങിയിരുന്നു . വല്യച്ഛൻ ചെവിയിലെ കിഴുക്കൽ സോഫ്റ്റാക്കിക്കൊണ്ടു പറഞ്ഞു " ടീച്ചറാവണം .. ന്നു പറയെടീ ... " .  ഞാനപ്പോൾ മോങ്ങലിന്റെ പരുവത്തിൽ പറഞ്ഞു "  വേണ്ടാ ... എനിക്കു ഡ്രൈവറായാൽ മതി ... "  അവരെല്ലാം ചേർന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു .  പാവം വല്യച്ഛൻ ഇന്നു ജീവിച്ചിരിപ്പില്ല . 


പിന്നീട് കളികൾക്കിടയിലും ഒക്കെ ഏട്ടനും കൂട്ടരും എന്നെ മൂപ്പരെന്നും ഡ്രൈവറെന്നും ഒക്കെ വിളിച്ചു പരിഹസിച്ചിരുന്നു . അതൊന്നും എന്നെ തളർത്തിയില്ലെന്നു മാത്രമല്ല ആ ആഗ്രഹം എന്റെ മനസ്സിന്റെ ഉള്ളിൽ പതിഞ്ഞു കിടന്നു .  വലുതാവുംതോറും ആഗ്രഹങ്ങളൊക്കെ മാറിമറിഞ്ഞു വന്നുവെങ്കിലും ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ഇങ്ങനെ ഇടയ്ക്കിടെ മനസ്സിൽ തോന്നിയിരുന്നു . അങ്ങനെ വിവാഹശേഷം ഒരിക്കൽ ഭർത്താവ്‌ പൊടുന്നനെയാണ്  " നീ പോയി ഡ്രൈവിങ്ങിനു ചേരൂ ... അത്യാവശ്യം അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ഒന്നുപോവാൻ നല്ലതല്ലേ ..."  എന്നു പറഞ്ഞത്‌ .  രോഗി ഇഛിച്ചതും  വൈദ്യൻ കല്പിച്ചതും ഒരുപോലെ ... എന്നപോലെയായി . 


അങ്ങനെ ഒരുപാടു ശിഷ്യഗണങ്ങളുള്ള സമർത്ഥനായ ഒരു ആശാന്റെ അടുത്ത് ഡ്രൈവിംഗ് പഠനത്തിനായി ചേർന്നു .  ക്ലാസ്സ്‌ തുടങ്ങിയ ആദ്യദിവസം ആശാന്റെ കാലിൽവീണു  പ്രണമിച്ചുകൊണ്ട് " എന്നെ അനുഗ്രഹിക്കൂ ..."  എന്നു പറഞ്ഞപ്പോൾ ആശാൻ സത്യത്തിൽ അത്ഭുതപ്പെട്ടു . ആദ്യമായാണ് ഒരു ശിഷ്യ ഇങ്ങനെ ചെയ്യുന്നത് എന്നുപറഞ്ഞ് എന്റെ വിനയകുനിമയിൽ അങ്ങേയറ്റം ആഹ്ലാദവാനായി എന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചുകൊണ്ട് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങി . 


വല്യകുഴപ്പമില്ലാതെ ക്ലച്ചും ഗിയറും ബ്രേക്കും ഒക്കെ എങ്ങനെ പ്രയോഗിക്കണമെന്നും ഇടത്തോട്ടും വലത്തോട്ടും ഒക്കെ തിരിയണമെങ്കിൽ എന്തൊക്കെ ചിഹ്നങ്ങൾ കാണിക്കണമെന്നും ( അന്നൊക്കെ ഇൻഡിക്കേറ്റർ ഇട്ടാലും കൈ പുറത്തുകാട്ടി സിഗ്നൽ ഒക്കെ കാണിക്കണമെന്നും എല്ലാ ഡ്രൈവർമാരും ഇൻഡിക്കേറ്റർ ശ്രദ്ധിച്ചുവെന്നു വരില്ല എന്ന്‌ ആശാൻ പറഞ്ഞിരുന്നു ) ഒക്കെ പഠിപ്പിച്ചു തന്നു .  ആശാൻ നല്ല കർക്കശക്കാരനും ദേഷ്യക്കാരനുമായിരുന്നു .  ശിഷ്യർ അതാരായാലും തെറ്റുകൾ കാണിച്ചാൽ മുഖം നോക്കാതെ ശാസിക്കുന്ന രീതിയായിരുന്നു ആശാന്റേത് .  വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഒക്കെ ഹോൺ മുഴക്കി വഴിയേ നടന്നുപോവുന്ന മനുഷ്യരെ പേടിപ്പിച്ച് പലപ്പോഴും ആശാന്റെ കണ്ണുരുട്ടൽ നേരിടേണ്ടി വന്നതൊഴിച്ചാൽ വല്യകുഴപ്പമില്ലാതെ  അനുസരണയുള്ള ശിഷ്യയായി ഡ്രൈവിംഗ് പഠിച്ചു വരുന്ന സമയം .  


അങ്ങനെ ഒരുദിവസം ഞങ്ങളുടെ സ്ഥിരം റൂട്ടുവിട്ട്‌  മറ്റൊരു പുതിയ വഴിയേ ആശാൻ നിർദ്ദേശങ്ങൾ തന്ന്‌ എന്നെക്കൊണ്ട് വണ്ടിയോടിപ്പിച്ചു വരികയാണ് .  രണ്ടു ശിഷ്യഗണങ്ങൾ പിറകിലിരിപ്പുണ്ട് .  ഒരു ചെറിയ കയറ്റം . ആശാൻ തേർഡ് ഗിയറിൽനിന്ന് സെക്കന്റ് ഗിയറിലോട്ടു ഡൌൺ ചെയ്യിച്ച് ആക്സിലേറ്റർ  കൊടുക്കാൻ പറഞ്ഞു .  കയറ്റം കയറിച്ചെല്ലുമ്പോൾ ഒരു വളവു വലത്തോട്ടു തിരിയണം . ആശാൻ " സ്റ്റിയറിങ് തിരിക്കൂ ..." എന്നു പറഞ്ഞതും എന്റെ മനസ്സിൽ പ്രിൻസ്ബസ്സിലെ  ഡ്രൈവറെ ഓർമ്മവന്നു .  " ബ്രേക്കിടൂ ....." ആശാന്റെ ഒരലറിച്ചയായിരുന്നു അത്‌ . ഞാൻ ബ്രേക്കിൽ ചവിട്ടി . വണ്ടി ടപ്പേന്ന് നിന്നു .  കണ്ണുരുട്ടിക്കൊണ്ട്  ആശാൻ എന്റെ നേരെ കൈയോങ്ങി ചോദിച്ചു " എന്തായീ കാണിച്ചത് ... ഇതെവിടുന്നു പഠിച്ചു ..." അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്‌ ... ഒരു വീടിന്റെ മതിലിൽ തൊട്ടുതൊട്ടില്ലാമട്ടിൽ  വണ്ടി . ആശാൻ എന്നോടു പറഞ്ഞു " ഇങ്ങോട്ടു നോക്ക് ... ഞാനിതിൽ പിടിച്ചില്ലാരുന്നേൽ ഇപ്പോൾ കാണാമായിരുന്നു ...". അപ്പോഴാ ഞാൻ സത്യത്തിൽ അറിയുന്നേ ..........ആശാന്റെ കൈയിൽ  ഇത്ര വല്യ ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും  ഒക്കെ ഉണ്ടായിരുന്നു എന്ന്‌ . 


ആശാൻ വീണ്ടും കയർക്കുകയാണ് ... " ഇതെന്താ ... ലോറിയോ ... എന്തായീ കാണിച്ചേ ..."

ഞാൻ വായിലെ നാവിറങ്ങിപ്പോയകണക്കെ കണ്ണുമിഴിച്ചിരുന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല . ആ കയറ്റം കണ്ടതേ എന്റെ മനസ്സിൽ പ്രിൻസ് ബസ്സും ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് കഴിഞ്ഞുള്ള ആ വലിയകയറ്റവും ഇടത്തേ സൈഡിലേക്കുള്ള കൊടുംവളവു തിരിക്കാൻ ഡ്രൈവർ സ്റ്റിയറിങ്ങിൽ കാണിക്കുന്ന ആ സാഹസകൃത്യവും അതതുപോലെതന്നെ ആശാന്റെ അംബാസഡർ കാറിൽ പ്രയോഗിക്കയാണുണ്ടായത് .   ഇവിടെ വലത്തേ സൈഡിലേക്കു തിരിയേണ്ടതിനു പകരം  ഇടത്തേ സൈഡിലേക്കാണ്  ഞാൻ തിരിച്ചത് ... കൂടാതെ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ എന്റെ ശരീരത്തിലെ സകലബലവും കൊടുത്ത് രണ്ടുകൈകളും മാറി മാറി പ്രയോഗിച്ചു കൊണ്ട് ആക്സിലേറ്റർ  കൊടുത്തു .  ആ വീടിന്റെ മതിലിൽ ഇടിക്കാഞ്ഞത് എന്തോ ... ഭാഗ്യം ...  പിറകിലിരുന്ന  ശിഷ്യഗണങ്ങളുടെ അടക്കിച്ചിരിയുടെ ശബ്ദം ..... എന്റെ മുഖത്തെ ചമ്മലും വിഷമവും കണ്ട്‌ മനസ്സലിഞ്ഞ ആശാൻ എന്റെ നേരെ ഓങ്ങിയ കൈ താത്തുകൊണ്ടു   ചോദിച്ചു " എന്നാലും ഈ പ്രയോഗം എവിടുന്നു പഠിച്ചു ..? " ഞാൻ അനങ്ങിയില്ല . ആശാന്റെ കർശനതാക്കീതും  കിട്ടി .." ഇത്ര ഡിഗ്രിയിൽ മാത്രേ സ്റ്റീയറിങ്ങിന്റെ ഇടത്തേ സൈഡിൽ ഇടത്തേകൈ പ്രയോഗിക്കാവൂ ... അതുപോലെ വലത്തേ സൈഡിൽ വലത്തേകൈ പ്രയോഗിക്കാവൂ... മേലിൽ മുൻപു നടത്തിയ പ്രയോഗം ആവർത്തിക്കാൻ പാടുള്ളതല്ല ...". 


പിന്നീടൊരിക്കലും ഞാനാ സാഹസത്തിനു മുതിർന്നിട്ടില്ല . കയറ്റം വരുമ്പോൾ പ്രിൻസ്സ്ബസ്സിലെ ഡ്രൈവറെ ഓർമ്മ വന്നാലും ഞാൻ പെട്ടെന്ന് അയാളെ മനസ്സിൽനിന്ന് തൂത്തെറിഞ്ഞ് ആശാന്റെ മുഖം ഓർക്കാൻ ശ്രമിക്കും . എന്നാലും  ഡ്രൈവിങ്‌വേളയിലെ  പല സന്ദർഭങ്ങളിലും ആശാൻ അന്നുഞാൻ വളവുവളച്ച രീതിയും മറ്റും  പറഞ്ഞു കളിയാക്കുകയും കൂടെയുള്ള ശിഷ്യഗണങ്ങൾ ചിരിക്കയും ഞാനും അവരുടെ ചിരിക്കൊപ്പം കൂടുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനു പിന്നിലെ രഹസ്യം ഞാനവരോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല . 

താമസിയാതെ വല്യ കുഴപ്പങ്ങളില്ലാതെ ഡ്രൈവിംഗ് പഠിച്ചെടുത്തു . ലൈസൻസും 

കരസ്ഥമാക്കി.  അങ്ങനെ ഡ്രൈവറാകാനുള്ള എന്റെ മോഹം പൂവണിയുകയും ചെയ്തു . 

ഇനി മൂപ്പരുടെ കഥ പിന്നൊരിക്കൽ പറയാം … 

****************************************************************************************


Sent from my iPad

17 comments:

 1. നല്ലോർമ്മകൾ...
  പണ്ട് ബസ്സ് ഡ്രൈവർമാരെ ഞങ്ങൾക്കും ഒത്തിരി ഇഷ്ടമായിരുന്നു. എത്രയോ പെൺകുട്ടികൾ അവരുടെ ധീരപരാക്രമം കണ്ട് ആകിഷ്ടരായി അവരോടൊപ്പം ഒളിച്ചോടിയിരിക്കുന്നു..
  ആശംസകൾ...

  ReplyDelete
  Replies
  1. അതു ശരിയാണ് അശോക് ഭായ് . അങ്ങനെ കുറേ കഥകൾ ഞാനും കേട്ടിട്ടുണ്ട് . ഇത് കൊച്ചുകുട്ടിയായിരുന്നപ്പോൾ ഉണ്ടായ ആഗ്രഹം ഡ്രൈവർ ആകുക എന്നത് . വായനക്ക് നന്ദി ട്ടോ

   Delete
 2. അപ്പോൾ പ്രിൻസ് ബസ്സിലെ ഡ്രൈവറാണ് പ്രഥമ ഡ്രൈവിങ്ങ് ഗുരു ..അല്ലെ ഗീതാജി

  ReplyDelete
  Replies
  1. അതേ സാർ . വായനയ്ക്ക് നന്ദി

   Delete
 3. ആശാനും ശിഷ്യയും ആയുള്ള തമാശകൾക്കൊപ്പം അക്കാലത്തെ യാത്രകളും കുട്ടി മനസ്സിലെ കൗതുകങ്ങളുമെല്ലാം രസകരമായി എഴുതി... എന്തായാലും പിന്നീടൊരു ലൈസൻസ് എടുത്തല്ലോ..അതൊരു വലിയ കാര്യം തന്നെയാണ്....

  ReplyDelete
  Replies
  1. വായനയിൽ സന്തോഷം ... നന്ദി സർ

   Delete
 4. ബസ്സ്റ്റാൻഡിന്റെ അടുത്തായിരുന്നു ഞങ്ങളുടെ വീട്.അന്നൊക്കെ ബസ്സിലെ ഡ്രൈവറുടെ അടുത്ത് സാധനങ്ങളും കൊടുത്തയക്കുമായിരുന്നു. ചിലപ്പോൾ ബസ്സിലെ ഡ്രൈവറോ കണ്ടക്ടറോ വന്ന് വീട്ടിലേക്കു ഒരു ചാക്ക് കെട്ട് തന്നിട്ട് പറയും, 'ഇത് ഇങ്ങളുടെ ബന്ധുക്കൾ തന്നതാ... ' പള്ളിപ്പുറത്തും, പാലൂരും, വളാഞ്ചേരിയുമുള്ള അമ്മായിമാരാണ് ഞങ്ങൾക്ക് കപ്പയും, കാവത്തും, കൂർക്കയും, ചേമ്പും, ചേനയും ബസ് കൊറിയർ വഴി കൊടുത്തയക്കാറുള്ളത്. പേരുണ്ടാവുമെങ്കിലും 11.30 / 3.30 ടെ ബസ്സ് അങ്ങനെയായിരുന്നു പറയാറ് :) :) :)  കുറെ കാര്യങ്ങൾ ഓർത്തു ഗീത.. 

  ReplyDelete
  Replies
  1. അതേ മുബീ . ഇന്ന് കാലം മാറിയില്ലേ . സ്നേഹം ട്ടോ

   Delete
 5. നല്ല ഓർമ്മകൾ നന്നായി എഴുതി. തുടർന്നും എഴുതുക. ആശംസകൾ 🤝

  ReplyDelete
 6. ഏകലവ്യ.
  കണ്ടു ഡ്രൈവിംഗ് പഠിച്ച ആദ്യത്തെ ആൾ.
  ആ മതിലിൽ കൊണ്ട് കേറ്റിയതാ ഗുരുദക്ഷിണ.
  സംഭവം രസമായി

  ReplyDelete
  Replies
  1. ഏറെ സന്തോഷം ... നന്ദി സർ

   Delete
 7. എല്ലാ എക്സ്പെർട് ഡ്രൈവർമാർക്കും കാണും ഇതുപോലെ ഒരു പഠന കാലം. ചെറുപ്പത്തിൽ ബസ്സിന്റെ മുൻസീറ്റിൽ ഇരുന്നു പോകുക എന്നത് ഒരു രസം ഉള്ള കാര്യം ആയിരുന്നു. ഡ്രൈവർ ഗിയർ, സ്ലെച്, ആക്‌സിലേറ്റർ അത് പോലെ സ്റ്റിയറിംഗ് തിരിക്കുന്നത് എല്ലാം വളരെ കൗതുകത്തോടെ നോക്കിയിരിക്കും. അന്ന് ബസ്സ് ഡ്രൈവർ  ഒക്കെ ഒരു ഹീറോ ആയിരുന്നു. ഇന്നും 
  എഴുത്തു നന്നായി ട്ടോ... ആശംസകൾ...

  ReplyDelete
  Replies
  1. ഏറെ സന്തോഷം ... നന്ദി

   Delete
 8. ഇങ്ങനെ ഡ്രൈവിംഗ് കണ്ട് ഹറാം കയറിയിട്ടാവാം എന്റെ നാട്ടിലെ കുറേ പെൺകുട്ടികൾ എന്നും പോകുന്ന ബസ്സിലെ ഡ്രൈവരുടെ കൂടെ ഒളിച്ചോടിയിട്ടുണ്ട്

  ReplyDelete
  Replies
  1. ഹാ ... ഹാ ... ചേച്ചീ . സ്നേഹം ട്ടോ

   Delete
 9. പ്രിൻസ് ബസ്സും പ്രിൻസ് ബസ്സിലെ ഡ്രൈവറും ഡ്രൈവിങ് പഠനവുമെല്ലാം നന്നായവതരിപ്പിച്ചു. (എൻ്റെ കുട്ടിക്കാലത്ത് വീട്ടിൽനിന്ന് ഒരു കിലോമീറ്ററിലധികം നടക്കണമായിരുന്നു, ബസ് സ്റ്റോപ്പിലെത്താൻ.

  ReplyDelete