Friday 15 May 2015

ജ്വാലയായ്


     പൂമുഖത്തെ അരഭിത്തിയിൽ ഇരുന്ന് വെറുതെ പത്രത്താളുകൾ മറിച്ചുനോക്കി. വെയിലിനു കനം വച്ചു തുടങ്ങിയിരുന്നു. ടക്....ടക് ന്നുള്ള ശബ്ദം കേട്ട് റോഡിലേക്ക് നോക്കുമ്പോൾ ആച്ചിയമ്മ. വടിയും കുത്തി കിഴക്കോട്ടു വച്ചു പിടിക്കയാണ്. തോർത്തും തലയിലിട്ട് ഇത്തിരി സ്പീഡിലുള്ള നടത്തത്തിനിടയിൽ അല്പം വേച്ചു പോകുന്നുണ്ടോ?
    " ഈ വെയിലത്തെങ്ങോട്ടാ?" അല്പം ഉറക്കെ ചോദിച്ചുവെങ്കിലും ആച്ചിയമ്മ അതൊന്നും കേൾക്കുന്നില്ല. ധൃതിയിലാണ് . ഒരു പക്ഷെ അപ്പുമ്മാന്റെ മുറുക്കാൻ കടയിലേക്കാവാം, അല്ലെങ്കിൽ ഏതെങ്കിലും പരിചയക്കാരുടെ വീട്ടിലേക്കാവാം. ആച്ചിയമ്മ തേച്ചു മഴക്കിയും, വേലചെയ്തും കഴിഞ്ഞിരുന്ന ഏതേലും വീട്ടിലേക്കാകാം. നല്ല പ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നെ ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തും, പാടത്തു പണിചെയ്തും ഒക്കെയാണ്  കുടുമ്പം പുലർത്തിയിരുന്നത്. അങ്ങനെ രണ്ടുമക്കളെ അവർ കഷ്ടപ്പെട്ടാണ് വളർത്തിയത്. 
" പറഞ്ഞാൽ കേട്ട് വീട്ടിലടങ്ങിയിരിക്കില്ല. വല്ലയിടത്തും വീണുപോയാൽ. പ്രായമിത്രയായിട്ടും തന്നിഷ്ടത്തിനും, വാശിക്കും ഒട്ടും കുറവില്ല" മക്കളുടെ ഈ വക പരാതിയൊന്നും ആച്ചിയമ്മ വകവെക്കില്ല. ചെല്ലുന്നിടത്തുനിന്ന് വിശപ്പിനെന്തെങ്കിലും കൊടുക്കുന്നതു കഴിക്കും. കഴിപ്പു കഴിഞ്ഞാൽ രണ്ടു കൈകൾ മേൽപോട്ടുയർത്തി ദൈവത്തിനു നന്ദി പറയും. പിന്നെ കാലും നീട്ടിയിരുന്ന് മുണ്ടിന്റെ മടിക്കുത്തഴിച്ച് മുറുക്കാൻ പൊതി നിവർത്തി നാലും കൂട്ടി മുറുക്കും. ഇതിനിടയിൽ നാട്ടുവിശേഷങ്ങളും, മരുമക്കൾ, മക്കൾ ഇത്യാദി ജനങ്ങളുടെ കുറ്റകുറവുകൾ ഇവയെല്ലാം പറയും. 
     ആണ്മക്കൾ രണ്ടും കാര്യപ്രാപ്തിയായി ജോലിചെയ്യാൻ തുടങ്ങിയിട്ടും ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തുതന്നെ ജീവിതം തുടർന്നു. " ഇനിയും വീട്ടിൽ സ്വസ്ഥമായിരുന്നൂടെ കുട്ട്യോൾ അന്വേഷിച്ചു കൊണ്ടുവരണൊണ്ടല്ലോ" ന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് ആച്ചിയമ്മക്ക് വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നു. " എനിക്ക് ആവതുള്ളടത്തോളം കാലം അദ്ധ്വാനിച്ച് തന്നെ ജീവിക്കും" . ഇന്ന് അവർ തീർത്തും അവശയായിരിക്കുന്നു. മക്കളെ ആശ്രയിക്കാതെ തരമില്ല. 
     എന്നിട്ടും മരുമക്കളുടെ വെച്ചുവിളമ്പലിൽ ആച്ചിയമ്മ തൃപ്തയല്ല. " പുട്ടിനു തേങ്ങ പോരാ.. ഇഡ്ഢലിക്ക് മയം പോരാ.. ചാക്കരിച്ചോർ തൊണ്ടയിൽ നിന്ന് താഴോട്ടെറങ്ങണില്ല" ഇങ്ങനെ നൂറുകൂട്ടം പരാതികളാണ് ആച്ചിയമ്മക്ക്. ഇതെല്ലാം ചെല്ലുന്നിടത്ത് പറയുകയും ചെയ്യും. " തേച്ചു മഴക്കിയായാലും ഞാൻ നന്നായി ഭക്ഷണം കഴിച്ചു ശീലിച്ചതാണ്. എനിക്കിങ്ങനെ വായിൽ വെക്കാൻ കൊള്ളാത്ത മാതിരി ഒണ്ടാക്കി വെച്ചാൽ കഴിക്കാൻ വയ്യ. ആയ കാലത്ത് കഷ്ടപ്പെട്ടത് മുഴുവൻ അങ്ങേല്പിച്ചതല്ലേ? എന്നിട്ടിപ്പം എനിക്കു വായിക്കു രുചിയൊള്ളത് ഒണ്ടാക്കിത്തരേണ്ട കടമയില്ലേ?" ഇതാണ് ആച്ചിയമ്മയുടെ വാദം. 
     എല്ലാത്തിനും ആച്ചിയമ്മക്ക് ആച്ചിയമ്മയുടേതായ ന്യായങ്ങളുണ്ട്. വലിയ പാചക വിദഗ്ദയായിരുന്നു ആച്ചിയമ്മ. നാട്ടിൽ സദ്യവട്ടങ്ങളിലും മറ്റും ആച്ചിയമ്മയായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അവിയലിന് വെളിച്ചെണ്ണയും, തേങ്ങയും, ചുവന്നുള്ളിയും, കറിവേപ്പിലയും ഏറെ വേണമെന്നും, സാമ്പാറിന്റെ തുവരപ്പരിപ്പ് വെന്തുടയണമെന്നും, ഉരുളക്കിഴങ്ങ് മപ്പാസിന്റെ മല്ലിക്കൂട്ട് കല്ലിൽ തന്നെ അരച്ചെടുക്കണമെന്നും ഇങ്ങനെ ചില പൊടിക്കൈകൾ ആച്ചിയമ്മയുടെ മാത്രം സ്പെഷ്യൽ ആയിരുന്നു. 
          പക്ഷെ ഇപ്പോൾ ആച്ചിയമ്മയെ പാചകത്തിൽ ആരും അടുപ്പിക്കാറില്ല. ഓർമ്മക്കുറവായി എന്നാണ് എല്ലാവരും അടക്കം പറയുന്നത്. സാമ്പാറിൽ തേങ്ങ അരച്ചതും, അവിയലിൽ തുവരപ്പരിപ്പും ഒക്കെ മാറി പ്രയോഗിക്കുമത്രേ ഓർമ്മക്കുറവിനാൽ. ഇതൊക്കെ ചോദിച്ചാൽ ആച്ചിയമ്മ സമ്മതിച്ചു തരില്ല. ആച്ചിയമ്മയോടസൂയ ഉള്ളവർ പറഞ്ഞു പരത്തുന്ന അപഖ്യാതി ആണെന്നാണ് ആച്ചിയമ്മ പറയുന്നത്. 

     തെക്കേ തൊടിയിലെ കുഞ്ഞുതോട്ടിൽ ഉച്ചവെയിൽ ആറിത്തുടങ്ങുമ്പോൾ കുളിക്കാൻ എത്തുമായിരുന്ന ആച്ചിയമ്മയെ രണ്ടു ദിവസം കണ്ടില്ല. മൂന്നാം നാൾ പറമ്പു കിളക്കണ ചെറുക്കായി വന്നു പറഞ്ഞു " ആച്ചിയമ്മ പോയി.. രാവിലെ ഏഴുമണി ആയിക്കാണും .... ഉച്ച കഴിഞ്ഞോടെ കാണും അടക്കം". അലക്കുകാരി ദേവകിത്തള്ള അടിച്ചലക്കാനാഞ്ഞ തുണി കല്ലിന്മേലിട്ടു താടിക്കു കൈയും കൊടുത്തു നിന്നു. വിവരം അടുത്ത വീടുകളിൽ കൈമാറാനായി ചെറുക്കായി വേഗം പോയി. 
ദേവകിത്തള്ള പറഞ്ഞു
"  ന്റെ കുഞ്ഞേ രണ്ടു ദെവസം മുന്നേയല്ലേ കഥേം പറഞ്ഞ് കഞ്ഞീം കുടിച്ചെണീറ്റുപോയെ". 
"  എന്നാലും ഇത്രേം പെട്ടെന്ന്....... ല്ലേ ദേവകിതള്ളേ... പാവം ആച്ചിയമ്മ...."  
പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ദേവകിത്തള്ള പറഞ്ഞു " നന്നായി കുഞ്ഞേ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ പോയില്ലേ.. നല്ല മരണം. ശവം എടുക്കാറാകട്ടെ നമുക്കത്രടം  പോവാം ട്ടോ ". 
ദേവകിത്തള്ള അലക്കു തുടർന്നു. 
ദേവകിത്തള്ളയുടെ താളത്തിലുള്ള തുണിഅലക്കും നോക്കി അടുക്കളപിറകിലെ കട്ടിളപ്പടിയിൽ ഇരിക്കുമ്പോൾ ഇടക്കിടെ വിസിറ്റിനു വരാറുള്ള ആച്ചിയമ്മയുടെ ദേവകിത്തള്ളയുമായുള്ള ചില നേരങ്ങളിലെ സംഭാഷണങ്ങൾ  ഓർത്തു.  " കയറിക്കിടക്കാൻ 10 സെന്റു പുരയിടം ഉണ്ട്, തല ചായിക്കാൻ ചെറുതെങ്കിലും ചോർന്നൊലിക്കാത്ത ഒരു കൂരയുണ്ട്, ഇത്തിരി തുക ന്റെ കട്ടിൻകീഴിലെ തകരപ്പെട്ടീടെ  കുഞ്ഞറക്കകത്ത്  സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഇതൊന്നും ഓർത്ത് ഒരവളും ഞെളിയണ്ട" എന്ത് കാര്യം പറഞ്ഞാലും അതിലെല്ലാം ഒളിഞ്ഞും, തെളിഞ്ഞും മരുമക്കൾക്കിട്ടൊരു കൊട്ടുകൊടുക്കാൻ ആച്ചിയമ്മ മറക്കാറില്ല. വർത്തമാനം പറച്ചിലിനിടയിൽ പലപ്പോഴും പറഞ്ഞുകേട്ടിട്ടുമുണ്ട് " ഈ ആച്ചി ആരുടെ മുന്പിലും തലകുനിക്കാൻ പോകുന്നില്ല... ന്റെ ദൈവങ്ങളെ എന്നെയിട്ടു നരകിപ്പിക്കാതെ വേഗം അങ്ങോട്ടെടുത്തോളണേ..ആറടി മണ്ണു മതി..... മരിച്ചു മണ്ണോടുചേരണം... തീക്കൽ വക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... ന്നെ കത്തിക്കണ്ട.... എനിക്കെന്റെ മണ്ണോടലിഞ്ഞു ചേരണം".
ഇത് കേൾക്കുന്ന ദേവകിത്തള്ളയുടെ ചോദ്യം " ആഹാ... എല്ലാം അങ്ങു തീരുമാനിച്ചു വച്ചിരിക്കയാണല്ലേ ? ആച്ചിയമ്മ അവിടെച്ചെന്നാൽ ന്റെ കാര്യം മറന്നു പോവല്ലേ... എനിക്കൂടെ ഇത്തിരി സ്ഥലം പിടിച്ചിട്ടെക്കണേ... നല്ല വൃത്തിയുള്ളിടം നോക്കി. അവിടേം നമുക്കിതുപോലെ നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പി കഥേം പറഞ്ഞിരിക്കാല്ലോ." താൻ പറഞ്ഞ തമാശ ഓർത്ത് ദേവകിത്തള്ള തനിയെ രസിച്ചു ചിരിക്കുമ്പോൾ ആച്ചിയമ്മ ചിന്തയിലാവും എന്തെല്ലാമോ? 


ഉച്ച കഴിഞ്ഞത്തെ വെയിലിനു ശക്തി കുറഞ്ഞിരുന്നു. ദേവകിത്തള്ളക്കൊപ്പം ആഞ്ഞുനടന്നു കൽപടവുകൾ കയറി ആച്ചിയമ്മയുടെ മുറ്റത്തെത്തുമ്പോൾ ആൾക്കൂട്ടമായി തുടങ്ങിയിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു വിരിവിരിച്ച് നിലവിളക്കു കൊളുത്തി ആച്ചിയമ്മയെ കിടത്തിയിരുന്നു. ശാന്തമായ ഉറക്കം പോലെ തോന്നിച്ചു. സാമ്പ്രാണിത്തിരിയുടെ ഗന്ധം അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരിക്കുമ്പോൾ കർമ്മി എന്തെല്ലാമോ മന്ത്രങ്ങൾ ചൊല്ലി മകനെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു. കർമ്മങ്ങൾ തീർന്ന് മക്കൾ പൂവിട്ടു തൊഴുതു. കർമ്മി വിളിച്ചു ചോദിച്ചു " ഇനിയാരെങ്കിലും പൂവിട്ടു തൊഴാനുണ്ടോ?". ഇതൊന്നുമറിയാതെ ആച്ചിയമ്മ ശാന്തമായി ഉറങ്ങുകയായിരുന്നു. പുറകിൽനിന്നാരോ പറഞ്ഞു   " എടുക്കാറായി......"
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ പറയുന്ന കേട്ടു "കിഴക്കേപുറകിലാ ചിതയൊരുക്കുന്നത്  "  

തിരിഞ്ഞു ദേവകിത്തള്ളയെ വിളിക്കുമ്പോൾ തൊട്ടപ്പുറത്ത് അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്ണുങ്ങളുടെ ചർച്ചയിൽ ചെവികൂർപ്പിച്ചു നിൽക്കുന്നു. വിളി കേട്ടതും 'വാ കുഞ്ഞേ അങ്ങോട്ടു നീങ്ങാം 'ന്നു പറഞ്ഞുകൊണ്ട് ദേവകിത്തള്ള കൈയിൽ പിടിച്ചു വലിച്ചു ചിതയോരുക്കുന്നിടത്തെക്ക് നീങ്ങി അല്പം തണലുള്ളിടത്തെക്ക് മാറി നിന്നു.
ആച്ചിയമ്മയുടെ ശരീരവും വഹിച്ചു മക്കൾ വന്നു. ചിതയിലേക്ക് വച്ചു. 
   അവരുടെ ശരീരത്തിനു മീതെ കത്തിക്കാനുള്ള വിറകുകൾ അടുക്കി വെക്കുന്നു      
 "തീക്കൽ വെക്കാൻ സമ്മതിക്കില്ല..... മണ്ണോടു ചേരണം...." അച്ചിയമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നതു പോലെ തോന്നി. 
ദേവകിത്തള്ളയെ തോണ്ടിവിളിച്ച് അടക്കത്തിൽ പറഞ്ഞു " പാവം അച്ചിയമ്മ.. അവരുടെ ആഗ്രഹം ഇങ്ങനെയായിരുന്നില്ലല്ലോ.."
" ഓ ജീവൻ പോയില്ലേ കുഞ്ഞേ ഇനിയിപ്പം എന്തായാലെന്നാ... "ദേവകിത്തള്ള കാര്യം നിസ്സാരമാക്കി തള്ളി. അപ്പോഴേക്കും കൊള്ളികളാൽ അവരുടെ ശരീരം മൂടപ്പെട്ടു കഴിഞ്ഞിരുന്നു. കർമ്മി കൊടുത്ത തീജ്വാല വാങ്ങി പുറംതിരിഞ്ഞു നിന്ന് മകൻ ചിതക്ക് തീ കൊളുത്തി. 
     കൂടിനിന്ന ചില സ്ത്രീകളൊക്കെ താടിക്ക് കയ്യും കൊടുത്ത് അടക്കം പറഞ്ഞു നിന്നു. ചിലർ പറഞ്ഞു 'ശോ..... പാവം ആച്ചിയമ്മ....' ചിലർ പറഞ്ഞു 'നന്നായി....... കിടന്നു കഷ്ടപ്പെട്ടില്ലല്ലോ.......' 
ചിലർ തീയിൽ വെക്കുന്നതു കാണാനാവാതെ മുഖം തിരിച്ചു പോയി. കരച്ചിലോ ബഹളമോ പതം പറച്ചിലോ ഒന്നും കേട്ടില്ല. അല്ലെങ്കിലും അലമുറയിട്ടു കരയാൻ ആച്ചിയമ്മക്ക് പെണ്മക്കൾ ഒന്നുമില്ലല്ലോ..  ദു:ഖം  ഉള്ളിലൊതുക്കി അമർത്തിപ്പിടിക്കാൻ പുരുഷപ്രജക്കു നല്ല സഹനശക്തിയുമാണല്ലോ. 
ദേവകിത്തള്ള ധൃതി വച്ചു " കഴിഞ്ഞു... വാ.. വേഗം പോകാം. 
ദേവകിത്തള്ളയുടെ പിറകെ വേഗം നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കി 
............കത്തിപ്പടർന്ന് മേല്പോട്ടുയരുന്ന ......തീജ്വാലകൾ ..........
     43 comments:

 1. പ്രിയ ബ്ലോഗ്ഗർ സുഹൃത്തുക്കൾക്ക്,
  നിങ്ങളുടെ വായനയും, അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്‌. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?

  ReplyDelete
 2. ആഗ്രഹങ്ങൾ സഫലീകരിച്ച് ആരും കടന്നുപോവുന്നില്ല- മണ്ണിൽ മണ്ണായിച്ചേരാൻ ആഗ്രഹിച്ച ആൾ അഗ്നിയായും പുകയായും ഗന്ധമായും പഞ്ചഭൂതങ്ങളിലേക്ക് മടങ്ങിയല്ലോ....

  ReplyDelete
  Replies
  1. പ്രദീപ്‌ മാഷ്, ആദ്യ വായനക്ക് ഒത്തിരി നന്ദിയും, സ്നേഹവും.

   Delete
 3. ഇഷടമായി ഗീതച്ചേച്ചി..ആച്ചിയമ്മയുടെ അവസാനത്തെ ആഗ്രഹം സാധിക്കാതിരുന്നത് കഷ്ടമായി.
  ആശംസകൾ!

  ReplyDelete
  Replies
  1. കഥ ഇഷ്ടായി ല്ലേ ജൂവൽ. ഒരുപാട് സന്തോഷം ഉണ്ട് .

   Delete
 4. കഥ നന്നായിട്ടുണ്ട്...
  എന്നാലും, കഥാരംഭത്തില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തിയിരുന്നുവെങ്കില്‍ കഥയ്ക്ക്‌ തിളക്കം വര്‍ദ്ധിക്കുമെന്നാണ് എന്‍റെ അഭിപ്രായം.
  കഥയുടെ തുടക്കത്തില്‍ " ന്റെ കുഞ്ഞേ രണ്ടു ദെവസം മുന്നേയല്ലേ കഥേം പറഞ്ഞ് കഞ്ഞീം കുടിച്ചെ......" എന്നുതുടങ്ങി അടുക്കളപിറകിലെ കട്ടിളപ്പടിയിൽ ഇരിക്കുമ്പോൾ ഇടക്കിടെ വിസിറ്റിനു വരാറുള്ള ആച്ചിയമ്മയുടെ...../ പിന്നെ ഇവിടെനിന്നുമുതല്‍ ഓര്‍മ്മയിലൂടെ ആച്ചിയമ്മയുടെ ചരിത്രവും കുറിച്ച്, അവസാനം ശവദാഹത്തിലെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് നോക്കൂ!
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ സർ, വായനക്ക് ഒത്തിരി നന്ദി. അതിലുപരി നിർദ്ദേശങ്ങൾ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷമുണ്ട്. സർ പറഞ്ഞത് എനിക്കു മനസ്സിലാകുന്നു.ഞാൻ വീണ്ടും അതുപോലെ സങ്കൽപ്പിച്ചു വായിച്ചു നോക്കുമ്പോൾ ശരിയാണെന്ന് എനിക്കു ബോധ്യമാകുന്നുണ്ട്.

   Delete
 5. ഗീതാ, കഥ നന്നായി പറഞ്ഞു, എന്നാലും തങ്കപ്പൻ ചേട്ടൻ പറഞ്ഞത് ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ ....
  ചിത്രം ആരാ വരച്ചേ....? നന്നായിരിക്കുന്നു ....!

  ReplyDelete
  Replies
  1. തങ്കപ്പൻ സർ പറഞ്ഞത് ഞാൻ മനസ്സിലാക്കുന്നു കുഞ്ഞൂസ്. കഥ
   ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. പടം വരച്ചത് ഓമനക്കുട്ടൻ

   Delete
 6. എഴുത്ത് നന്നായിരിക്കുന്നു.
  ജീവിതം എല്ലായിടത്തും ഒരു പോലെയാണല്ലേ?! എത്രയോ ആച്ചിയമ്മമാരെ ഞാനും കണ്ടിരിക്കുന്നു. അത്യാവശ്യം കുശുമ്പും കുറുമ്പും പിടിവാശിയും ഉള്ള, മനസ്സിൽ സ്നേഹവും നന്മയും നിറഞ്ഞ പാവങ്ങൾ. ഒരു ടിപ്പിക്കൽ ഗ്രാമീണ കഥാപാത്രം.

  ReplyDelete
  Replies

  1. സ്വാഗതം. വരവിനും വായനക്കും നന്ദിയും, സ്നേഹവും

   Delete
 7. എല്ലാ നാട്ടിലും കാണും ആച്ചിയമ്മയെ പോലൊരു കഥാപാത്രം ......ഇത് വായിച്ചപ്പോള്‍ അവരെ ഓര്‍ത്തു..... ഇഷ്ടപ്പെട്ടു......ആശംസകൾ

  ReplyDelete

 8. തീർച്ചയായും കാണും വിനോദ് ഓരോ നാട്ടിൻപുറങ്ങളിലും ഇതുപോലെ ഗ്രാമീണനന്മകൾ നിറഞ്ഞ ആച്ചിയമ്മമാർ. വായനക്ക് ഒത്തിരി നന്ദി കേട്ടോ

  ReplyDelete
 9. നല്ല കഥ ഗീതേച്ചീ ...
  മരണം എപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്.
  ഒന്നും ശാശ്വതമാല്ലെന്ന ഓർമ്മപ്പെടുത്തൽ.
  ഒരു നാൾ ഒരച്ഛന്റെ , ഒരമ്മയുടെ , മകനായി /മകളായി ഈ ലോകത്തേക്ക് ഒരു വരവങ്ങു വന്നതാണ്.
  സ്നേഹിച്ചതും പിടിച്ചടക്കിയതും കീഴടക്കിയതും പങ്കുവെച്ചതും എല്ലാമുപേക്ഷിച് നമുക്ക് മടങ്ങാനുള്ളതാണ്.
  ജീവിതം നന്നാവട്ടെ.
  മരണത്തെ ഓർത്തെങ്കിലും.
  തിന്മയെ വെടിഞ്ഞു നന്മയെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ.
  മറ്റുള്ളവർക്ക് ഒര്ക്കാൻ ഒരായിരം നല്ല ഓർമകളുടെ സുഗന്ധമുള്ള പുഷ്പങ്ങൾ വിരിയിക്കാൻ നമ്മുടെ ജീവിതം കൊണ്ട് സാധിക്കട്ടെ.
  ഇനിയും എഴുതുക..
  പ്രിയമോടെ,
  മുഹമ്മദ്‌ റഈസ്.

  ReplyDelete
  Replies
  1. വന്നതിലും കഥ വായിച്ചതിലും ഒരുപാട് സന്തോഷം റയീസ് .

   Delete
 10. മനസ്സിനെ വല്ലാതെ സ്പർശിച്ച കഥ, എവിടെയൊക്കെയോ കണ്ടു മ റ ന്ന ആച്ചിയമ്മ , അനു ഭ വക്കുറിപ്പായിരിക്കും എന്നാണു് വായനയിൽ തോന്നിയത് ' പിന്നെ മനസ്സിലായി കഥയാണെന്ന് ', ' ( പറയാതെ വയ്യ ഓമന കുട്ടേട്ടൻ്റ ചിത്രത്തിന് ഒരു ബിഗ് ലൈക്ക്)

  ReplyDelete
  Replies

  1. എല്ലായിടത്തുമില്ലേ ഇതുപോലെയുള്ള ആച്ചിയമ്മമാർ. വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷമുണ്ട് ഫൈസൽ

   Delete
 11. എല്ലാ നാട്ടിലും ആച്ചിയമ്മമാരുണ്ട് . ഓരോരുത്തരായി പോകുന്നു. പുതിയ ആച്ചിയമ്മമാർ സ്ഥാനം പിടിക്കുന്നു. അമ്മയുടെ മുറുക്കാൻ ചെല്ലത്തിന്റെ പങ്കുപറ്റാൻ വരുന്ന ഒരുപാട് ആച്ചിയമ്മമാരെ എനിക്കോർമയുണ്ട്.
  കഥയും ചിത്രവും മനോഹരം..

  ReplyDelete
  Replies
  1. " അമ്മയുടെ മുറുക്കാൻ ചെല്ലത്തിന്റെ പങ്കു പറ്റാൻ വരുന്ന ആച്ചിയമ്മമാർ" പുതിയ ആച്ചിയമ്മമാർ മുറുക്കാൻ വഴിയില്ല അല്ലെ മാഷെ. വരവിനും വായനക്കും ഒരുപാട് സന്തോഷം

   Delete
 12. നല്ല കഥ..
  ഞാനിവിടെ ആദ്യമാ, വന്നത് വെറുതെയായില്ല.....

  ReplyDelete
 13. സ്വാഗതം. വരവിലും, വായനയിലും ഒരുപാടു സന്തോഷം

  ReplyDelete
 14. ഒന്നുമൊന്നും നേടാനാവാതെ ആർക്കൊക്കെയോ വേണ്ടി ജീവിതം ഹോമിച്ച് അന്ത്യാഭിലാഷം പോലും സാധിക്കാനാകാതെ ഒരു പിടി ചാരമായി എത്രയെത്ര ആച്ചിയമ്മമാർ....!
  നന്നായിരിക്കുന്നു കഥ.
  ആശംസകൾ...

  ReplyDelete
 15. ഒന്നുമൊന്നും നേടാനാവാതെ ആർക്കൊക്കെയോ വേണ്ടി ജീവിതം ഹോമിച്ച് അന്ത്യാഭിലാഷം പോലും സാധിക്കാനാകാതെ ഒരു പിടി ചാരമായി എത്രയെത്ര ആച്ചിയമ്മമാർ....!
  നന്നായിരിക്കുന്നു കഥ.
  ആശംസകൾ...

  ReplyDelete
  Replies
  1. കഥ വായിച്ചതിൽ ഒത്തിരി സന്തോഷവും, നന്ദിയും.

   Delete
 16. നാട്ടിന്‍പുറത്തൊക്കെ ഒന്നു പോയി വന്ന പ്രതീതി.

  ReplyDelete
  Replies
  1. സുധീർ ഭായ് , വായിച്ചതിൽ ഒത്തിരി സന്തോഷം. നാട്ടിൻപുറങ്ങളിലേക്ക് ഒരെത്തിനോട്ടം.

   Delete
 17. ഓരോ നാട്ടിലും ഇതുപോലെ ആചിയമ്മമാരുണ്ട്..,വ്യത്യസ്ത പേരുകളിൽ ആണെന്ന് മാത്രം.

  നല്ല കഥ ആശംസകൾ..

  ReplyDelete
  Replies
  1. ശിഹാബ്, ഒത്തിരി നാളു കൂടിയാണല്ലോ കാണുന്നത്. പഠനത്തിരക്കിലാവുംന്ന് അറിയാം. എന്നാലും വന്നു കഥ വായിച്ചുവല്ലോ. സന്തോഷം ഉണ്ട് കേട്ടോ .

   Delete
 18. ഒരു പഴയകാല നാട്ടിൻപുറത്തിന്റെ ചിത്രം... ഓർമ്മകളെ വീണ്ടും പിറകിലേക്ക് നടത്തി ഈ പോസ്റ്റ്...

  ReplyDelete
  Replies
  1. തിരക്കിനിടയിലും വന്നുള്ള ഈ വായനക്ക് ഒത്തിരി സന്തോഷം.

   Delete
 19. നന്നായി. വളരെ സിമ്പിള്‍ ആയി എഴുതി ആച്ചിയമ്മാചരിതം

  ReplyDelete
  Replies
  1. അജിത്‌ ഭായ് , വായിച്ചതിൽ ഒരുപാട് സന്തോഷം.

   Delete
 20. ലളിത സുന്ദരമായി പറഞ്ഞിരിക്കുന്നതാണ് ഈ കഥയുടെ ഒരു അഡ്വെന്റേജ്..

  ReplyDelete
  Replies
  1. വായിച്ചതിലും, അഭിപ്രായം അറിയിച്ചതിലും ഒരുപാട് സന്തോഷം.

   Delete
 21. കൊള്ളാം , നന്നായി, ഇതും ശരിക്കുള്ള കഥാപാത്രങ്ങള്‍ തന്നെയാണോ?

  ReplyDelete
  Replies
  1. കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും ഒക്കെ കഥാപാത്രങ്ങളായി വരുന്നതല്ലേ കഥ പ്രവീണ്‍. വായിച്ചതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടോ.

   Delete
 22. This comment has been removed by the author.

  ReplyDelete
 23. വളരെ ലളിതം. എന്നാല്‍ ഉദാത്തമായത്. വായിച്ചപ്പോള്‍ 25 വയസ്സ് കുറഞ്ഞ പോലെ..

  ReplyDelete
 24. എല്ലാ നാട്ടിലും ഉണ്ട് ഇത്തരത്തിലുള്ള ആചിയമ്മമാര്‍ .....നല്ല എഴുത്ത് ചേച്ചി...!

  ReplyDelete
 25. ഞാൻ ഇവിടെ ബ്ലോഗ്‌ ലോകത്തുണ്ട് ഇന്നും എന്നറിയിക്കാനൊരു comment,. . കഥ നന്നായി geetha

  ReplyDelete
 26. ഞാൻ ഇവിടെ ബ്ലോഗ്‌ ലോകത്തുണ്ട് ഇന്നും എന്നറിയിക്കാനൊരു comment,. . കഥ നന്നായി geetha

  ReplyDelete
 27. നല്ല കഥ. നാട്ടിൻപുറക്കാഴ്ച ഏറെയുണ്ട് ഈ കഥയിൽ. പലതും, പലരും ഇന്നും ഓർമ്മകളിൽ ജീവിക്കുന്നുണ്ട്. അത്തരം ഒരു ആച്ചിയമ്മയെ വീണ്ടും കണ്ടു ഇവിടെ. ആഗ്രഹിച്ചപോലെ ശരീരത്തിന് മണ്ണിൽ ചേരാൻ കഴിയാതെപോയ ഒരു വൃദ്ധയുടെ ആരും ശ്രദ്ധിക്കാത്ത കഥ. ചിത്രവും മനോഹരം. ആശംസകൾ.

  ReplyDelete