Friday 19 June 2015

അയാൾ

 
 കുറെ ദിവസങ്ങളായി    അവളുടെ മനസ്സ് സന്ദേഹപ്പെട്ടുകൊണ്ടിരുന്നു.
' പറയണോ? വേണ്ടയോ?' പറയാനൊരുങ്ങുമ്പോഴെല്ലാം പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നു. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു .
 അല്ലെങ്കിലും ഈ അൻപത്തിഅഞ്ചാം വയസ്സിലും അവൾക്ക് ഒന്നിലും സ്വന്തമായ ഇഷ്ടങ്ങളോ, താല്പര്യങ്ങളോ ഉണ്ടായിട്ടില്ല.  എല്ലാം നേരത്തേ തലേവരച്ചു  വെക്കപ്പെട്ടതു പോലെയായായിരുന്നു അവളുടെ ജീവിതവും. 
ബാല്യത്തിലേ അമ്മ നഷ്ടപ്പെട്ട അവളെ കൌമാരം പിന്നിട്ടപ്പോഴേക്കും പിതാവ് മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവളുടെ അനുവാദമോ, ഇഷ്ടങ്ങളോ ആരും തിരക്കിയതുമില്ല. അവളാരോടും പരാതി പറഞ്ഞതുമില്ല. വിവാഹസ്വപ്നങ്ങളോ, സങ്കല്പങ്ങളോ മനസ്സിൽ വിടർന്നു വരാനുള്ള പ്രായമാകും മുൻപേ അവൾ വിവാഹിതയായി. ആദ്യസമയങ്ങളിലെ അയാളുടെ സ്നേഹപ്രകടനങ്ങളും, പിന്നെപ്പിന്നെയുള്ള മാറ്റങ്ങളും അവളിൽ വേദന ഉളവാക്കിയെങ്കിലും തന്റെ പിതാവിനെ അവൾ ഒന്നുമറിയിച്ചില്ല.  എല്ലാം ദൈവനിശ്ചയം പോലെയെന്നും, തിക്തഫലങ്ങളത്രയും തന്റെ തലേവരയെന്നും കരുതി അവൾ ജീവിച്ചു. 
     
പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇത്രയും കാലജീവിതത്തിനിടയിൽ അവളിന്നനുഭവിക്കുന്ന ഈ സുഖങ്ങളേക്കാൾ  പതിന്മടങ്ങു ദുഖങ്ങളും, ദുരിതങ്ങളുമായ ജീവിതമായിരുന്നു അവളുടെ കഴിഞ്ഞുപോയ കാലങ്ങളിലേത്. ഓർക്കാൻ നല്ലതായി ഒന്നുമില്ല.  ഒന്നൊഴികെ... അവളുടെ മകൻ...... അത് മാത്രം.....  അവളുടെ സന്തോഷവും, അവളുടെ മുന്പോട്ടുള്ള ജീവിതവും എല്ലാം അവനുവേണ്ടി മാത്രമായിരുന്നു. 

നന്നായി പഠിച്ച് ഇന്നവൻ ഒരു നല്ല നിലയിലെത്തി അവളെ സംരക്ഷിച്ച് സന്തോഷമായി മുൻപോട്ടു പോകുമ്പോഴും, കാണെക്കാണെ തങ്ങളുടെ ജീവിത സൌകര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോളും ഒന്നും അവൾ അമിതമായി ആഹ്ലാദിച്ചില്ല.  അവൾ അവളുടെ മകന്റെ നന്മക്കുവേണ്ടി എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചു. അത് അവൾക്ക് ആത്മശാന്തിയും, സമാധാനവും നല്കിയിരുന്നു. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ ഒരു ചാഞ്ചല്യം.....  സ്വസ്ഥമായും, സമാധാനമായും ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതം വീണ്ടും ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതു പോലെ. 

രാവിലെ മകൻ കുളിച്ചൊരുങ്ങി സാധാരണപോലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ തുടങ്ങുമ്പോഴും  'അവനോടു പറഞ്ഞാൽ.........'  അവളുടെ മനസ്സിൽ വീണ്ടും അസ്വസ്ഥതയുടെ കനലുകൾ എരിയാൻ തുടങ്ങി.  ആരോ വിലക്കുന്നതു പോലെ " വേണ്ട". 
.......         .......             .......              .......                 .......                .......         .......
   
ആദ്യദർശനം അവളിൽ അമ്പരപ്പും, പിന്നെ അനുകമ്പയുമായിരുന്നു. 
ആർദ്രതയോടെയുള്ള ആ വിളിയിൽ അവളുടെ മനസ്സ് അലിഞ്ഞു. 
കണ്ഠമിടറിയുള്ള ആ വാക്കുകൾ അവളുടെ മനസ്സിനെ സ്പർശിച്ചു. 
ഏറെനേരത്തെ  മൌനത്തിനു ശേഷം അവൾ പറഞ്ഞ വിവരങ്ങൾ ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം സൃഷ്ടിക്കുന്നത് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. 
പിന്നീട് വീണ്ടും അവളുടെ വീട്ടിലേക്കുള്ള അയാളുടെ വരവ്....... അയാൾക്കാകട്ടെ എന്തൊക്കെയോ പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും വാക്കുകൾ കിട്ടാതെ അയാൾ ശ്വാസം മുട്ടുകയായിരുന്നു.       
" തന്റെ മകൻ  അറിഞ്ഞാൽ........"  ആശങ്ക കൊണ്ട് അവൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറുമ്പോൾ അവളുടെ അനുവാദത്തിനായി കേഴും പോലുള്ള ആ കണ്ണുകളിലെ ഭാവം വീണ്ടും അവളിൽ സഹതാപം ഉണർത്തി. അവളിലെ ആ ആശങ്ക മനസ്സിലാക്കിയ അയാൾ കുറച്ചു സമയം അവിടിരുന്ന് അവളോട് യാത്ര പറഞ്ഞിറങ്ങിപ്പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അയാളോടവൾക്ക് അലിവും, ദയയും തോന്നി. 

        അല്ലെങ്കിലും പണ്ടും അവൾ അങ്ങനെതന്നെയായിരുന്നല്ലോ! അയാളുടെ ക്രൂരമായ ദേഹോപദ്രവങ്ങൾ, അവഗണന നിറഞ്ഞ സമീപനങ്ങൾ  ഒക്കെയുണ്ടായിട്ടും അവളയാളെ ഒരിക്കലും വെറുത്തില്ല. അയാളുടെ ക്രൂരമായഭാവം കണ്ടു പേടിച്ചരണ്ട്  ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന തന്റെ മകനെ വലിച്ചിറക്കി ഉപദ്രവിക്കുന്നതു കാണുമ്പോഴായിരുന്നു അവളുടെ നെഞ്ചുരുകിയത്. അതിനെ മാത്രം അവൾ ചോദ്യം ചെയ്തു. അപ്പോഴൊക്കെ അയാൾ അവളെ പൊതിരെ തല്ലുകയും, കൈയ്യിൽ കിട്ടുന്നതൊക്കെ വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു ഭയന്നു പോകുന്ന തന്റെ കുഞ്ഞ് എന്നും ശബ്ദമുണ്ടാക്കാതെ ഏങ്ങലടിച്ചു കരഞ്ഞു തളർന്ന് ഒരുമൂലയിൽ കിടന്നുറക്കം പിടിച്ചിട്ടുണ്ടാവും. 

          അയാളാകട്ടെ ഈ പരാക്രമങ്ങളെല്ലാം കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ തന്റെ പതിവുചര്യകൾ കഴിക്കാനായി അവളുടെയരുകിൽ എത്തും. അയാൾ കൂർക്കം വലിച്ചുറക്കം തുടങ്ങുമ്പോൾ അവൾ ഉറക്കം നഷ്ടപ്പെട്ട് എണീറ്റിരിക്കും. എന്നിട്ടും അയാളെ അവൾ ശപിച്ചില്ല പകരം അയാളുടെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഓരോ ദിവസങ്ങളിലും ഉണർന്നെണീറ്റു വരുന്ന അവളുടെ കുഞ്ഞിന്റെ  മുഖത്ത് അയാളുടെ തലേന്നത്തെ പരാക്രമങ്ങൾ കണ്ട ഭയപ്പാടിന്റെ നിഴൽ മാഞ്ഞിട്ടുണ്ടാവില്ല. ആ മുഖം മാത്രം അവളുടെ മനസ്സിനെ വല്ലാതുലച്ചു.   തന്റെ കുഞ്ഞിന്റെ പിതാവല്ലേ അയാൾ എന്നവൾ കരുതി എല്ലാം സഹിച്ചു. 


അയാൾ അപ്പോൾ മറ്റെന്തോ ഒന്നിൽ ഉന്മത്തനായിതീർന്നുകൊണ്ടിരിക്കയായിരുന്നു. വല്ലപ്പോഴുമൊക്കെ മകളുടെ സ്നേഹാന്വേഷണം തിരക്കാനെത്തിയ പിതാവിന് ചില സംശയങ്ങൾ ഉടലെടുത്തെങ്കിലും  അവളതൊക്കെ തന്റെ പിതാവിൽ നിന്നു മറച്ചു വച്ചു. 

പോകെപ്പോകെയുള്ള ദിവസങ്ങളിൽ അയാൾ തീർത്തും വരാതെയായപ്പോൾ ആണ് അവൾ ഭയന്നത്. അങ്ങനെ വരാതാകുന്ന ദിവസങ്ങളിൽ അവൾ ഉറക്കളച്ച് കർത്താവിനെ ധ്യാനിച്ച് അയാളുടെ വരവിനായി കാത്തിരുന്നു. ഒരിക്കൽ മൂന്നാലു ദിനങ്ങൾ അവളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ  അയാൾ വന്നു. ഒറ്റക്കായിരുന്നില്ല.  അയാളുടെ അവഹേളനത്തിന്റെയും, ഉപദ്രവത്തിന്റെയും, തരംതാഴ് ത്തിപ്പറയലിന്റെയും ഒക്കെ ഹേതു ആലോചിച്ച് അവൾക്കു പിന്നീട് തല പുകക്കേണ്ടി വന്നിട്ടില്ല. സങ്കോചം ലേശമില്ലാതെ മുട്ടിയുരുമ്മിയുള്ള ആ വരവും, വാതിൽപ്പടിയിൽ തെല്ലറച്ചു നിന്ന ആ സ്ത്രീക്ക് അയാൾ ധൈര്യം പകർന്നു കൊടുക്കുന്നതും കണ്ടപ്പോൾ അവൾ പ്രജ്ഞ നഷ്ടപ്പെട്ടവളെപ്പോലെയായിത്തീർന്നിരുന്നു.  ആ ഇരുപ്പിൽ അവളുടെ നസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയ ആ വിലകുറഞ്ഞ ഏതോ പെർഫ്യും ഗന്ധം അവളുടെ തലകറങ്ങുന്നത് പോലെ തോന്നിപ്പിച്ചു അയാൾക്കാകട്ടെ ആ ഗന്ധം മത്തു പിടിച്ചതുപോലെയായിരുന്നു. 
ആ അമ്പരപ്പിൽ നിന്ന് സ്ഥലകാലബോധം വീണ്ടെടുത്ത അവളുടെ കണ്മുന്നിൽ അയാളെ ചേർന്നുരുമ്മി നടന്നകത്തേക്കു കയറിപ്പോകുന്ന ആ  കാഴ്ച അവളെ ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിച്ചിരുന്നു. അവൾ ഊക്കോടെ ആ സ്ത്രീയുടെ നേരെ ചീറി അടുക്കുമ്പോൾ അയാൾ അവളെ ക്രൂരമായി ദേഹോപദ്രവങ്ങൾ ഏൽപ്പിച്ചു. ഇതു കണ്ടു ഭയന്നു നിലവിളിച്ച മകനെയും അയാൾ വെറുതെ വിട്ടില്ല. 
        മകളുടെ സ്നേഹാന്വേഷണം തിരക്കാൻ വന്ന പിതാവു കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.   തടയാൻ ചെന്ന പിതാവിനെയും അയാൾ ഉപദ്രവിച്ചു. അവളപ്പോഴും ഏന്തിയും, വലിഞ്ഞും ആ സ്ത്രീയുടെ നേരെ വീറോടെ അടുക്കുന്നതു കണ്ട അയാൾ അവളെ ആ പിതാവിന്റെ മുന്നിലേക്ക് മുടിയിൽ പിടിച്ചു വലിച്ചിഴച്ചു എറിയുകയായിരുന്നു.  ഉടുതുണി മാത്രമായാണ് തന്റെ പിതാവിനൊപ്പം അന്നാ വീടു വിട്ടിറങ്ങിയത്. 
       കഠിനാദ്ധ്വാനിയായ  അവളുടെ പിതാവ് തന്റെ കൊച്ചുമകന്  ആവോളം സ്നേഹവും, വാത്സല്യവും നല്കി അങ്ങനെ അല്ലലേതുമില്ലാതെ അവർ പിതാവിനൊപ്പം കഴിഞ്ഞു.  അവളും തന്നാലാവുന്ന പണികൾ ഒക്കെ ചെയ്തു കിട്ടുന്ന സമ്പാദ്യം അപ്പനെ ഏല്പ്പിച്ചു. സുഖവും, സ്വസ്ഥതയും എന്തെന്നറിഞ്ഞ നാളുകൾ. ആ മകന് അവന്റെ അപ്പനെ ആദ്യം വെറുപ്പായിരുന്നു. പിന്നെ പിന്നെ അവനയാളെ പാടെ മറന്നു. അവളോ അന്നും അയാളെന്നെങ്കിലും ഒരിക്കൽ തന്നെയും, മകനെയും തേടി വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.  പുതുജീവിതത്തിന്റെ  ലഹരിത്തിമിർപ്പിൽ  അമർന്നിരുന്ന അയാൾ ഇതൊന്നും അറിയുന്നുമുണ്ടായിരുന്നില്ല. 
മകന്റെ വളർച്ചയും, ഉയർച്ചകളും, അപ്പന്റെ വേർപാടും.......  മാസങ്ങളും, വർഷങ്ങളും കടന്നു പോകെ അയാൾ അവളുടെ മനസ്സിൽ വല്ലപ്പോഴും ഉള്ള നീറുന്ന  ഓർമ്മയായിരിക്കവേയാണ്  തീർത്തും അവിചാരിതമായ ഈ കണ്ടുമുട്ടൽ. 
      പിന്നീടുള്ള എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ നിന്നിറങ്ങി വരുന്ന അവളെ കാത്തുനിൽപ്പ് അയാൾ പതിവാക്കി. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാൻ വാക്കുകളില്ലാതെ അവർ രണ്ടുവഴിക്ക് പിരിഞ്ഞു പോയി. അവളാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ ഓരോരാത്രിയും ചിന്തിച്ച് ചിന്തിച്ച് അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. മകനോടു പറഞ്ഞാൽ.........? വേണ്ട.......  പതിനേഴു കൊല്ലം മുന്പുള്ള അവന്റെ പേടിച്ചരണ്ട ആ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വരുമ്പോലെ.... ആ ഓർമ്മ അവളെ വിലക്കി. അപ്പന്റെ ശവക്കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിക്കുമ്പൊഴും അവൾ അപ്പനോട് ചോദിച്ചു " ഞാനെന്തു ചെയ്യണം?" അപ്പനൊന്നും ഉരിയാടുന്നില്ല. 


ഒരുനാൾ കുർബ്ബാന കഴിഞ്ഞു മടങ്ങുന്ന അവളെ കാത്തുനിന്ന അയാൾ അവളോടു പറഞ്ഞു " നമ്മുടെ മകനെ എനിക്കൊന്നു കാണണം" 
അവൾ മൌനിയായി. 
അയാൾ " ഒന്നു കണ്ടാൽ മാത്രം മതി .....  ഒരിക്കൽ മാത്രം"
അവൾക്കൊന്നും പറയാനില്ലായിരുന്നു. അയാളെ മറികടന്നു അവൾ വേഗം നടന്നു പോയി.
പിന്നീടുള്ള ദിവസങ്ങളിൽ  മനസ്സിന്റെ ഭാരം അവളെ വല്ലാതെ ആകുലയാക്കി. മകനെ കണ്മുന്നിൽ കാണുമ്പോഴെല്ലാം എന്തു പറയും എങ്ങനെ പറയും എന്നോർത്ത് അസ്വസ്ഥയായിക്കൊണ്ടിരുന്നു.
അന്നവൾ ഉച്ച വിശ്രമം കഴിഞ്ഞെണീറ്റു വന്ന സമയത്ത് പുറത്തു കാലൊച്ച കേട്ട് കതകു തുറന്ന അവൾ അമ്പരന്നു .....  അയാൾ..............
അവളറിയാതെ തന്നെ വാതിൽ തുറന്നു പിടിച്ച് അയാൾക്കായി മാറിനിന്നു കൊടുത്തു. 
അയാളെ അവൾ അകത്തേക്ക് കൂടിക്കൊണ്ടു പോയി. അവൾ ഉണ്ടാക്കിക്കൊടുത്ത ചായ അയാൾ ആർത്തിയോടെ കുടിക്കുന്നതും നോക്കി അവൾ നിന്നു. 
അയാൾ ആകാംക്ഷയോടെ അവളോടു തിരക്കി. " നമ്മുടെ മകൻ". ആ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം അവൾ കണ്ടു.
"ഇപ്പോഴെത്തും " അവൾ അത് പറയുമ്പോൾ സംഭ്രമം മൂലം അവളുടെ സ്വരം ഇടറിയിരുന്നു. 
അയാളാകട്ടെ അപ്പോൾ ക്ഷമ നഷ്ടപ്പെട്ടവനെപ്പോലെ കൈകൾ കൂട്ടിപ്പിണച്ചും, കെട്ടഴിച്ചും അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവൾ ഒരു പ്രതിമ കണക്കെ അയാളുടെ നടപ്പും നോക്കി നിന്നു. 
അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന അയാൾ ഒരു വേള തല ചെരിച്ച് അവളുടെ മുഖത്തേക്കൊന്നു നോക്കി. മെല്ലെ അവളുടെ അടുത്തു ചെന്ന് അയാൾ ചോദിച്ചു " നിനക്കെന്നെ വെറുക്കാൻ കഴിയാത്തതെന്തേ ? "
അവളുടെ കണ്ണുകളിൽ നിന്ന് ഒരു നീർത്തുള്ളി അടർന്നു വന്നത് അയാൾ ശ്രദ്ധയോടെ തുടച്ചു മാറ്റി അവളുടെ ചുമലിൽ കൈ വച്ച് .. ...... അയാളുടെ ശ്വാസത്തിന്റെ താളം അവൾക്കു നന്നായി കേൾക്കാമായിരുന്നു...
" അമ്മേ......."  ഇടിമുഴങ്ങും പോലെയുള്ള അങ്ങനെയൊരു സ്വരം അവൾ ആദ്യമായി കേൾക്കുകയായിരുന്നു. അയാൾ ഞെട്ടി പുറകോട്ടു മാറി. 
അവന്റെ സ്വരം അയാളുടെ കാതിൽ മുഴങ്ങി " എന്തിനിയാളെ ഇവിടെ കയറ്റി" 
അയാൾ ചിലമ്പിച്ച സ്വരത്തിൽ " മകനെ നിന്നെ.. ........"
 പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൻ മറുചോദ്യം എറിഞ്ഞു " മകനോ ആരുടെ മകൻ" 

അയാളിൽ ദൈന്യഭാവമായിരുന്നു . 
" നിന്നെ ഒന്നു കാണാൻ..........." 
അവൻ തന്റെ  കാതുകൾ രണ്ടും പൊത്തിപ്പിടിച്ചു. 
"  പിടിച്ചു പുറത്താക്കും മുൻപേ ഒന്നെറങ്ങി തരുവോ?  ജീവിതത്തിൽ ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച ഒരേയൊരു മുഖമേയുള്ളൂ  എന്റെ മനസ്സിൽ അത് നിങ്ങളാണ് ..... നിങ്ങൾ മാത്രം....." കൈകൾ അയാളുടെ മുഖത്തേക്ക് ചൂണ്ടിപ്പറയുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. 

      അവന്റെ കിതപ്പു തെല്ലൊന്നടങ്ങിയപ്പോഴേക്കും അവിടം ശൂന്യമായിരുന്നു. അവൻ മെല്ലെ അമ്മയുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവൾ കട്ടിലിൽ ഭിത്തിയിൽ ചാരി മുട്ടുകൾ രണ്ടും മടക്കി തലയതിലേക്ക് കുമ്പിട്ടിരിപ്പുണ്ടായിരുന്നു. 
അവൻ വിളിച്ചു " അമ്മേ.............."
അവൾ വിളി കേട്ടു. 
" അമ്മക്കെന്നോട് ദേഷ്യമുണ്ടോ?" 
അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
അവനവളെ ചേർത്തു തലോടിക്കൊണ്ടു പറഞ്ഞു " അമ്മക്കു ഞാനുണ്ട്... ഞാൻ മാത്രം മതി... "
അവൾ അപ്പോഴും സമ്മതഭാവത്തിൽ തലയാട്ടി. മനസ്സിൽ ശപഥം ചെയ്തു " എന്റെ ജീവിതം ഇനിയെന്റെ മകനു വേണ്ടി മാത്രം...... അതു മാത്രം മതി..."
അവളുടെ മനസ്സ് സാവകാശമായി ശാന്തമായിക്കൊണ്ടിരിക്കയായിരുന്നു.
മകൻ  അപ്പോൾ തന്റെ മനസ്സാക്ഷിയോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു 
" നീ ചെയ്തത് ശരിയോ?" 
അവന്റെ മനസ്സിലേക്ക് ആ ഭയപ്പെടുത്തുന്ന രൂപം ഓടിയെത്തി.... തന്റെ ബാല്യത്തെ ചവുട്ടിഅരക്കാൻ ശ്രമിച്ച ആ മുഖം. നിർദ്ദാക്ഷിണ്യം മർദ്ദിക്കുന്ന അച്ഛനോടു ദയനീയഭാവത്തിൽ  കേഴുന്ന തന്റെ അമ്മയുടെ മുഖം. ....
"ഉവ്വ് ...... ഉവ്വ്"      നൂറുവട്ടം തന്റെ മനസ്സാക്ഷി തന്നോടു മന്ത്രിക്കും പോലെ അവനു തോന്നി " നീ ചെയ്തതാണ് ശരി " . 


     നടത്തത്തിനു വേഗം കൂടിയിരുന്നെങ്കിലും അയാൾ തെല്ലും അണക്കുന്നുണ്ടായിരുന്നില്ല.  ലക്ഷ്യം തെറ്റിയ ആ യാത്രയിൽ മഴയുടെ ശക്തി കൂടിവന്നതോ , ഇടക്കിടെ ആഞ്ഞു വീശുന്ന തണുത്ത കാറ്റിന്റെ ഉലച്ചിലോ അയാളറിഞ്ഞില്ല....  അയാളുടെ ചെവിയിൽ മകന്റെ ആ ശബ്ദം ആയിരം കാരിരുമ്പാണികൾ വന്നു തറക്കുമാറ്  വേദനയോടെ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടാണല്ലോ ആർത്തലച്ചു വന്ന ആ ഇരമ്പലോ, കണ്ണിലേക്ക് തുളച്ചു കയറിവന്ന വെളിച്ചമോ അയാൾ അറിഞ്ഞതേയില്ല. പാളങ്ങൾ കിടുക്കി വിറച്ച് അതു കടന്നുപോവുന്നതും, താനെങ്ങോട്ടോ എടുത്തെറിയപ്പെട്ടതും  ഒന്നും അറിയാതെ അയാൾ?.........



46 comments:

  1. അതിഭാവുകത്വമില്ലാതെ ഒതുങ്ങിയ ഭാഷയിൽ കഥ പറഞ്ഞു.

    ReplyDelete
    Replies
    1. വായനക്ക് ഒത്തിരി സന്തോഷവും, നന്ദിയും മാഷേ.

      Delete
  2. ജീവിത യാഥാർത്ഥ്യങ്ങൾ ലളിതമായി പറഞ്ഞ കഥ , ഉള്ളിൽ നൊമ്പരമായി നിറയുന്നു ഗീതാ....

    ReplyDelete
    Replies
    1. ഈ വരവിൽ ഒത്തിരി സന്തോഷം കുഞ്ഞൂസ്

      Delete
  3. ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത നല്ലൊരു കഥ.
    എഴുത്തില്‍ എഡിറ്റിംഗിന്‍റെ പോരായ്മ ഏറെയുണ്ട്..
    വായിച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്.
    അവിടവിടെ ചെറിയൊരു ക്രമീകരണം നടത്തിയാല്‍ കഥയ്ക്ക്‌ തിളക്കമേറുമെന്നത് തീര്‍ച്ചയാണ്.....
    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിൽ ഒരുപാട് സന്തോഷം സാർ, ഒപ്പം കുറവുകൾ
      ചൂണ്ടിക്കാട്ടിത്തന്നതിനു ഒത്തിരി നന്ദി.

      Delete
  4. എത്ര സുന്ദരമായി പറഞ്ഞു.

    നല്ല ഇഷ്ടമായി.

    കയ്യിലുള്ള രത്നം തിരിച്ചറിയാതെ കരിക്കട്ടയെ തേടിപ്പോകുന്ന എല്ലാവരുടേയും ഗതി ഇതൊക്കെ തന്നെ.

    നല്ലൊരു വായനയ്ക്ക്‌ നന്ദി.
    അനുമോദനങ്ങൾ!!!!!!!

    ReplyDelete
    Replies
    1. വായനക്ക് ഒത്തിരി സന്തോഷവും, നന്ദിയും സുധീ

      Delete
  5. സ്നേഹത്തിന് എപ്പോഴും സഹിക്കാന്‍ മാത്രമേ അറിയൂ, വിദ്വേഷമില്ലാതെ.

    ReplyDelete
    Replies
    1. ഈ വായനക്ക് ഒത്തിരി നന്ദിയും , സന്തോഷവും മാഷ്

      Delete
  6. നന്നായിരിക്കുന്നു ഗീതച്ചേച്ചീ....
    ഒന്നുകൂടി വായിച്ചു നോക്കി എഡിറ്റ് ചെയ്യണമെന്നപേക്ഷ.

    ReplyDelete
    Replies
    1. ഈ വായനക്ക് ഒത്തിരി സ്നേഹവും, സന്തോഷവും ദിവ്യ. ഒപ്പം പോരായ്മകൾ ചൂണ്ടിക്കാട്ടിത്തന്നതിൽ ഒരുപാട് നന്ദി

      Delete
  7. താന്‍‌താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍!!

    ReplyDelete
    Replies
    1. ഈ വായനക്കും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയും, സ്നേഹവും.

      Delete
  8. അജിത്‌ഭായ് പറഞ്ഞതിന് താഴെ ഒരൊപ്പ്...

    ReplyDelete
    Replies
    1. ഒപ്പ് കണ്ടില്ലല്ലോ വിനുവേട്ടൻ. ഈ വായനയിൽ ഒത്തിരി സന്തോഷവും, നന്ദിയും.

      Delete
  9. ലളിതമായ ശൈലിയില്‍ അവതിരിപ്പിച്ച നല്ലൊരു കഥ!

    ReplyDelete
    Replies
    1. മുബീ, ഈ വായനക്ക് ഒത്തിരി സ്നേഹവും, സന്തോഷവും.

      Delete
  10. നല്ല കഥ ഗീതേച്ചീ...
    പലതും സഹിക്കാനും ക്ഷമിക്കാനും കഴിയുന്നതോടൊപ്പം പലതും മറക്കാനും പൊറുക്കാനും കഴിയണമെന്ന് കൂടെ തോന്നിപ്പോവുന്നു.
    പശ്ചാത്താപം കൊണ്ടുരുകുന്ന മനസ്സുമായെത്തുന്ന അച്ഛനോട് പൊറുക്കാൻ ആ മകന് കഴിഞ്ഞിരുന്നെങ്കിൽ...?
    തിരിച്ചറിവില്ലാതെ ചെയ്തുകൂട്ടുന്ന കർമ്മങ്ങളുടെ അവസാനം ബോധമുദിക്കുമ്പോഴേക്കും പലതും നഷ്ടപ്പെട്ടിരിക്കും...
    ഏറ്റവും ഉത്തമമായ നന്മയിലൂടെ തിന്മകളെ പ്രതിരോധിക്കാൻ മനുഷ്യന് കഴിയട്ടെ...!!
    മഹാമനസ്കർക്കല്ലാതെ അത് സാധ്യമാവുകയുമില്ല...!

    ReplyDelete
    Replies

    1. റയീസ് പറഞ്ഞതുപോലെ ക്ഷമിക്കാമായിരുന്നു ആ മകന് . ഈ കഥ എഴുതി വരുമ്പോഴും ഒടുവിൽ ആ മകൻ ക്ഷമിച്ചിരുന്നെങ്കിൽ എന്നാണു ഞാനും ആഗ്രഹിച്ചത്‌. പക്ഷെ ചില കാര്യങ്ങൾ നാം പ്രതീക്ഷിക്കുന്നതുപോലെയാകണമെന്നില്ലല്ലോ? വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാടു സന്തോഷം റയീസ് .

      Delete
  11. ആ മകൻ ചെയ്തതാണ് ശരി. ഒടുവിൽ അച്ഛൻ ചെയ്തതോ? അതും ശരി തന്നെ!
    ശരിതെറ്റുകൾക്കിടയിലൂടെ വായനക്കാരെ കൊണ്ട് പോയ നല്ല കഥ.

    ReplyDelete
    Replies
    1. ചിലപ്പോൾ നാം ഏതാണ് ശരി? ഏതാണ് തെറ്റ് ? എന്നറിയാതെ കുഴങ്ങിപ്പോവുന്നു. ഈ വായനയിൽ ഒത്തിരി സന്തോഷവും, നന്ദിയും കൊച്ചുഗോവിന്ദൻ.

      Delete
  12. ശരിക്കും ഒരുപാട്‌ പേരുടെ ജീവിതാനുഭവമാണിത്‌... എത്രയൊ അമ്മമാർ തങ്ങളുടെ ജീവിതത്തിൽ ആ ദുഖവും പേറി ജീവിക്കുന്നു... Thanks to presenting here as a story...

    ReplyDelete
    Replies
    1. ഈ വരവിൽ ഒരുപാട് സന്തോഷവും, സ്നേഹവും ടിന്റു.

      Delete
  13. ആരു ചെയ്തതാണ് ശരി?? അറിയില്ല.
    ഇഷ്ടമായി ചേച്ചീ.

    ReplyDelete
    Replies
    1. എനിക്കും അറിയില്ല ജുവൽ. "സ്‌ത്രീ " എല്ലാം സഹിക്കാനും, ക്ഷമിക്കാനും വിധിക്കപ്പെട്ടവൾ. ഇവിടെ ആരാണ് കുറ്റക്കാർ?
      ഈ വ്വായനക്ക് ഒത്തിരി നന്ദിയും, സ്നേഹവും.

      Delete
  14. ചില ശരി തെറ്റുകൾ വേർത്തിരിച്ചറിയാൻ പ്രയാസമാണ്.
    വായിച്ചു..
    ആശംസകൾ

    ReplyDelete
    Replies
    1. ശിഹാബ് പറഞ്ഞതു വാസ്തവം. ഈ വായനക്ക് ഒത്തിരി സ്നേഹവും, സന്തോഷവും.

      Delete
    2. അതെ സ്ത്രീ എന്നും വിധേയപ്പെട്ടവളാകുന്നു. ആവിഷ്ക്കരണ രീതിയിൽ അൽ‌പ്പം മാറ്റം സ്വീകരിക്കുന്നത് കഥയെ മനോഹരമാക്കുമെന്ന് പറഞ്ഞോട്ടെ..

      Delete
    3. ഈ വരവിനും, നിർദ്ദേശങ്ങൾക്കും ഒത്തിരി നന്ദിയും, സ്നേഹവും തുമ്പീ.

      Delete
  15. കഥ ഇഷ്ട്ടമായി പ്രിയ G.O. 'ആദ്യദർശനം അവളിൽ അമ്പരപ്പും, പിന്നെ അനുകമ്പയുമായിരുന്നു'..... അവിടെ മുതല്‍ വായിച്ചാലും ഇതൊരു പൂര്‍ണ്ണ കഥയാകുമെന്നു തോന്നി. 'അതുകൊണ്ടാണല്ലോ ആർത്തലച്ചു വന്ന ആ ഇരമ്പലോ, കണ്ണിലേക്ക് തുളച്ചു കയറിവന്ന വെളിച്ചമോ അയാൾ അറിഞ്ഞതേയില്ല.' അറിയാതിരുന്നത്‌ എന്നല്ലേ വേണ്ടത്...? ആശംസകള്‍ ഒരിക്കല്‍ കൂടി -വീണ്ടും വരാം.

    ReplyDelete
    Replies
    1. കഥ വായിച്ചതിൽ സന്തോഷം അന്നൂസ് ഒപ്പം കുറവുകൾ കാട്ടിത്തന്നതിന് ഒത്തിരി നന്ദി.

      Delete
  16. വരാൻ വൈകിയതില്‍ ക്ഷമിക്കുമല്ലോ.......
    കഥ വളരെ ഇഷ്ടമായി....... പലപ്പോഴും തന്നിയിട്ടുണ്ട് ശരിയും തെറ്റും ആപേക്ഷികമാണെന്ന്.... പക്ഷേ പൊതുക്കാന്‍ കഴിയാത്ത വേദനകള്‍ കനലുപോലെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ കേവല ശരികള്‍ വിളിപ്പാടകലെ മാറി നില്‍ക്കണം......
    സൂര്യ വിസ്മയത്തില്‍ മുമ്പ് വന്നുപോയ ഒരാളെ തേടിയിറങ്ങിയ എനിക്ക് നല്ലൊരു വിരുന്നാണ് കിരൺട്ടിയത്.....
    നല്ലെഴുത്തിന് മനസ്സു നിറഞ്ഞ ആശംസകൾ..........

    ReplyDelete
    Replies
    1. വരവിലും, വായനക്കും ഒത്തിരി സന്തോഷവും, നന്ദിയും വിനോദ്

      Delete
  17. മനോഹരമായി പറഞ്ഞിരിക്കുന്നു കഥ..ചങ്കില്‍ തട്ടി.. ഒരു മകനും പൊറുക്കാന്‍ കഴിയില്ലെന്ന്‍ എനിക്കുറപ്പാണ്..കാരണം ഇത് പോലൊരു ജിവിതം ഞാനെന്റെ അയല്കാരനില്‍ കണ്ടിട്ടുണ്ട്..അന്നെന്റെ കളിക്കൂട്ടുകാരന്‍ അനുഭവിച്ച അപമാനത്തിലൂടെയും മാനസിക സംഘര്‍ഷത്തിലൂടെയുമൊക്കെ ഈ കഥ കൊണ്ടു ചെന്നെത്തിച്ച്ചു..നല്ല എഴുത്ത്..

    ReplyDelete
    Replies
    1. സ്വാഗതം രാജാവേ
      ഈ വരവിനും, വായനക്കും ഒത്തിരി സ്നേഹവും, നന്ദിയും

      Delete
  18. നന്നായൊ അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ മേം..
    അതെ ചില ശരി തെറ്റുകൾ ശരിക്കും ഒരു കൺഫ്യൂഷ്യൻ
    ഡോട്ട് കോം തന്നേയാണ്. ചില സ്നേഹകൂടുതലുകളിൽ
    ഇത്തരം പലതും സഹനത്തിലേക്ക് ഒതുങ്ങി പോകുകയും ചെയ്യുന്നു ...

    ReplyDelete
    Replies
    1. ഈ വരവിലും വായനയിലും അതീവസന്തോഷം ഒപ്പം നന്ദിയും

      Delete
  19. നൊമ്പരമുണർത്തി കഥ..! അല്ല ഇത്തരം ജീവിതങ്ങൾ ഇന്നുമുണ്ട്. നാം കാണുന്നില്ല പലപ്പോഴും.. അയാൾ അർഹിച്ചത് വരിച്ചു..

    ReplyDelete
    Replies
    1. ബ്ലോഗിലേക്ക് സ്വാഗതം ബഷീർ .ഈ വരവിലും, വായനയിലും സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.

      Delete
  20. ലളിതം; ഹൃദ്യം.... !!
    തുടര്‍ന്നും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ഈ വരവിലും, വായനയിലും അതീവസന്തോഷം മുകേഷ്

      Delete
  21. എത്ര ക്രൂരത കാണിച്ചാലും സഹിക്കുക ക്ഷമിക്കുക എന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ അനുഗ്രഹം.. ഒരു നിമിഷം ഇതേ സ്ഥാനത്ത് ഒരു പുരുഷന്‍ ആയിരുന്നു എങ്കില്‍ എന്താവുമായിരുന്നു സ്തിഥി എന്നാണു ഞാന്‍ ചിന്തിച്ചത് .. പച്ചയായ ജീവിത ആവിഷ്കാരം . നന്നായിരിക്കുന്നു ,ആശംസകള്‍.

    ReplyDelete
  22. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിൽ സന്തോഷവും, നന്ദിയും ഫൈസൽ.

    ReplyDelete
  23. നേരത്തെ വായിക്കാൻ കഴിഞ്ഞില്ല . . ഇവിടെ ഒടുവിൽ അയാൾ മടങ്ങിവന്നെങ്കിലും വളരെ വൈകിപ്പോയി എന്നുവേണം പറയാൻ. ഒരാവേശത്തിൽ ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ. Parinithaഫലം തികച്ചും ദുഖകരം തന്നെ ! ലളിതമായ അവതരണം




    ReplyDelete
  24. നേരത്തെ വായിക്കാൻ കഴിഞ്ഞില്ല . ലളിതമായ അവതരണം . ഇവിടെ ഒടുവിൽ അയാൾ മടങ്ങിവന്നെങ്കിലും വളരെ വൈകിപ്പോയി എന്നുവേണം പറയാൻ. ഒരാവേശത്തിൽ ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ. Pariniഫലം തികച്ചും ദുഖകരം തന്നെ!
    P V

    ReplyDelete