Wednesday, 29 October 2025







ജാലകത്തിനപ്പുറം 


മയക്കത്തിലോട്ടൊന്നു വീണു തുടങ്ങിയപ്പോഴാണ്.  “ അമ്മേ … അമ്മേ …ഇങ്ങോട്ടു വന്നേ ..” മോളുടെ വിളി . തൊട്ടപ്പുറത്തെ മുറിയിലേയ്ക്കു അവൾ എന്നെക്കൂട്ടി. അവൾക്കൊപ്പം നടക്കുമ്പോൾ ചോദിച്ചു ‘ നീയിതുവരെ ഉറങ്ങിയില്ലേ ..’ .   “ 'അമ്മ എന്തിനാ സോഫയിൽക്കിടന്നുറങ്ങിയത് .. ബെഡ്‌റൂമിൽ പോയി കിടന്നൂടെ “ എന്നായി അവളുടെ മറുപടി. അവൾ കിഴക്കുവശത്തുള്ള ആ  മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്ക് കൈചൂണ്ടിക്കാട്ടി.  മെയിൻ റോഡിനപ്പുറം കുറച്ചകലത്തായി വെറുതെ കാടുകയറിക്കിടക്കുന്ന ആ പറമ്പിന്റെ ചുറ്റുമുള്ള ഇലക്ട്രിക് ലൈറ്റുകളൊന്നും തന്നെ അന്നു പ്രകാശിച്ചിട്ടുണ്ടായിരുന്നില്ല . ഇതെന്തു പറ്റി .. ഇവിടെ കറന്റ് ഉണ്ടല്ലോ .. നേരം വെളുക്കുവോളം ആ ലൈറ്റുകളത്രയും എന്നും പ്രകാശിച്ചിട്ടുണ്ടാവും. ഇതിപ്പോ … മോൾ വീണ്ടും പറഞ്ഞു “ 'അമ്മ അങ്ങോട്ടു നോക്കൂ ..” . സൂക്ഷിച്ചു നോക്കി .

അവിടെ ചെറിയ വെട്ടത്തിൽ മാടക്കട പോലെ എന്തോ ഒന്ന് … കുറച്ചു ദൂരെ ഓല മറച്ചപോലെ ഒരു കുടിൽ .. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഇടയ്ക്കൊക്കെ . ഇന്നു വൈകുന്നേരം വരെ കാണാത്ത ചില കാഴ്ചകൾ ....ഇതൊക്കെ എപ്പോ വന്നു . 


ഈ വീട്ടിൽ പുറംലോകത്തെ കാഴ്ചകൾ കാണാനാവുന്ന ഒരേയൊരു ജാലകമാണ് . മോളുടെ പഠനമുറിയാണ് . അച്ഛനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ വീടു വൃത്തിയാക്കലും തൂക്കലും തുടയ്ക്കലും ഒക്കെ നടത്തുന്നതിനിടയിൽ വെറുതെ ഈജാലകത്തിലൂടെ കുറേനേരം പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . വെയിലിന്റെ കാഠിന്യം എത്രത്തോളം ഉണ്ടെന്നും ഇന്നു മഴ പെയ്യാൻ സാധ്യത ഉണ്ടോ എന്നും ഒക്കെ അറിയാനാവും ഈ ജാലകക്കാഴ്ചകളിലൂടെ . പട്ടണത്തിന്റെ ഒത്ത മധ്യത്തിലായുള്ള ഈ പറമ്പ് എന്താവും ഇങ്ങനെ ഒഴിച്ചിട്ടിരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . നിറയെ പുൽപ്പടർപ്പുകൾ . നാട്ടിലാണെങ്കിൽ എന്തെങ്കിലും കൃഷിയൊക്കെ ചെയ്യുമായിരുന്നില്ലേ .. ആരാവും ഇതിന്റെ ഉടമ . അയാൾക്കിതൊരു നല്ല പാർക്കാക്കി മാറ്റിക്കൂടെ … കുട്ടികൾക്ക് ഓടിക്കളിക്കാനായി … എന്തെങ്കിലും ചെയ്തു കൂടെ .. എന്നിങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ മനസ്സിലിട്ടിങ്ങനെ ഈ ജാലകത്തിലൂടെ ഇടയ്ക്കൊക്കെ പുറത്തേയ്ക്ക് നോക്കിനിൽക്കാറുണ്ട് . 


ഇതിപ്പോ ഈ കാഴ്ച അമ്പരപ്പാണ് തോന്നിയത് . ഇത്ര പെട്ടെന്നിതൊക്കെ എങ്ങനെ വന്നു . പെട്ടെന്നാണ് മോളുടെ കാര്യം ഓർത്തത്‌ ‘ മോളേ ..’ എന്നു വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ വശത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ അവൾ  വയറിൽ പിടിച്ചുകൊണ്ട് ഇരിക്കുന്നു. പേടിച്ചുപോയി ‘ എന്തു പറ്റി മോളേ ..’ .  “ വയറു വേദനിക്കുന്നു ..” അവളുടെ മറുപടി . ഞാനവളെ മുറിക്കു പുറത്തേയ്ക്ക് കൂട്ടി .   ‘ മതി പഠിത്തം .. ഉറക്കമൊഴിഞ്ഞിരുന്നതിന്റെയാ ..’ ഫ്ലാസ്കിൽ നിന്നും അല്പം ചൂടുവെള്ളം പകർന്ന് അവളെ കുടിപ്പിച്ചു . അവൾ ഉറക്കം തൂങ്ങുകയായിരുന്നു . അവളുടെ അച്ഛനാവട്ടെ ഓഫീസ് സംബന്ധമായി ഒരു മീറ്റിങ് അറ്റൻഡ് ചെയ്യാനായി ദൂരെ ഒരു സ്ഥലത്തു പോയിരിക്കുന്നു . നാളെയേ എത്തൂ .  മോളെ ഒപ്പം കിടത്തി അവളുടെ വയറു മെല്ലെത്തടവിക്കൊടുത്തു. അവൾ വേഗം ഉറക്കത്തിലേയ്ക്ക് വീണു . ജാലകത്തിന്റെ പുറത്തെ കാഴ്ചകളെപ്പറ്റി അങ്ങോട്ടൊന്നും പറഞ്ഞതുമില്ല അവൾ ഇങ്ങോട്ടൊന്നും ചോദിച്ചതും ഇല്ല . വെറുതേ .. എന്തോ ഒരു ചെറിയ ഭയം …പതിവില്ലാതെ  കിടപ്പുമുറിയുടെ ഡോർ ശബ്ദമുണ്ടാക്കാതെ അടച്ചു കുറ്റിയിട്ടു . മോൾക്കൊപ്പം വന്നു കിടക്കുമ്പോൾ ജാലകത്തിനപ്പുറം കണ്ട കാഴ്ചകൾ .. മനസ്സിലൊരു ഭയവും കുറേ ചോദ്യങ്ങളും . എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു .  രാവിലെ ആകെ തിരക്കായിരുന്നു . മോൾക്ക് എക്സാം തുടങ്ങുന്ന ദിവസമായതിനാൽ  അവളെ സ്കൂളിലയയ്ക്കുന്ന തിരക്ക് കഴിഞ്ഞപ്പോൾ അദ്ദേഹം ദൂരയാത്ര കഴിഞ്ഞെത്തിയിരുന്നു . പിന്നെ പ്രഭാതഭക്ഷണം ഉച്ചയൂണു റെഡിയാക്കൽ. തിരക്കായിരുന്നു . ഉച്ചയൂണു കഴിഞ്ഞതും അദ്ദേഹം പോയി . ബാക്കിയുള്ള പണികൾ തീർത്ത് മോളു വരുമ്പോഴേയ്ക്കും ഉളള സ്‌നാക്‌സും റെഡിയാക്കി തന്റെ വിശ്രമസ്ഥലമായ സോഫയിലേയ്ക്ക് വന്നിരുന്ന് ടി വി യുടെ റിമോട്ട് എടുത്തപ്പോൾ സുഹൃത്തായ സാറച്ചേച്ചിയുടെ കാൾ “ ദാ ഞാൻ ഡോറിന്റെ ഫ്രണ്ടിലുണ്ട് ..” ഓടിച്ചെന്നു ഡോർ തുറന്നു . സാറച്ചേച്ചി  ഒരു പൊതിയുമായാണ് വന്നത് .. കുറച്ചു പഫ്സ് ..” ദാ മോൾ വരുമ്പോൾ കൊടുക്കാം ..” ന്നു പറഞ്ഞ് . 

മോളുടെ പഠനമുറിയിലെ ജനാലയ്ക്കരികിലെ ചെറിയ സ്റ്റാൻഡിൽ വച്ചിരിക്കുന്ന സ്പൈഡർ പ്ലാന്റ് കണ്ട്‌ സാറച്ചേച്ചി  “ ഇതു പുതിയതോ .. നല്ല ഭംഗിയുണ്ടല്ലോ .. കുറേ തൈകൾ ഉണ്ടല്ലോ ..” എന്നു പറഞ്ഞുകൊണ്ട് അകത്തേയ്ക്കു നടന്നു. താനും പുറകേ ചെന്നു . ജനലിലൂടെ നല്ല സുഖമുള്ളൊരു കാറ്റ് അകത്തേയ്ക്കു വീശി . സാറച്ചേച്ചി  ജനാലയ്ക്കരികിൽ പോയി പുറത്തേയ്ക്ക് നോക്കി . അപ്പോഴാണ് തലേന്നത്തെ കാഴ്ചകളെപ്പറ്റി ഓർമ്മ വന്നത് . സാറച്ചേച്ചി പാതയോരത്തുകൂടെ നടന്നുപോവുന്ന രണ്ടു സ്ത്രീകളെ നോക്കി “ അവർ നമ്മുടെ രാജ്യക്കാരാവാനാണ് സാധ്യത ..” എന്നു പറഞ്ഞു . ഓരോ മനുഷ്യരുടെ നടത്തത്തിലൂടെയും രൂപത്തിലൂടെയും അവർ ഏതു രാജ്യക്കാരാവും എന്നു വേഗം തിരിച്ചറിയാനാവും എന്നാണ് ചേച്ചി പറഞ്ഞത് . അങ്ങകലേയ്ക്ക് ചൂണ്ടി “ആ കാണുന്ന കട സൂപ്പർ മാർക്കേറ്റോ അതോ മറ്റെന്തെങ്കിലും കടയോ ..” എന്നൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ ആ ദൂരെക്കാണുന്ന കാടുകയറിക്കിടക്കുന്ന പറമ്പായിരുന്നു .  അവിടെ പഴയതുപോലെ ശൂന്യം ആയിരുന്നു . ഇന്നലെക്കണ്ട കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോൾ രാത്രിയിലെന്തെങ്കിലും കച്ചവടം ഉണ്ടായിട്ടുണ്ടാവുമോ .. നാട്ടിലെ മാതിരി വല്ല പെട്ടിക്കടയോ കാപ്പിക്കടയോ മറ്റെന്തെങ്കിലുമോ ഒക്കെ ആയിരുന്നിരിക്കുമോ എന്നൊക്കെ മനസ്സിൽ ഒരുകൂട്ടം ചോദ്യങ്ങൾ ആലോചിച്ചു സാറചേച്ചിക്കരികിൽ നിൽക്കുമ്പോൾ സാറച്ചേച്ചി പറഞ്ഞു “ പുറംലോകം കാണാൻ നിനക്കൊന്നുമല്ലെങ്കിൽ ഈ ചെറിയ ജന്നൽ ഉണ്ടല്ലോ .. എനിക്കാണെങ്കിൽ രണ്ടു മുറിയിലെയും ജനാല തുറക്കാനേ പറ്റില്ല . അടുത്തടുത്തു ഫ്ലാറ്റുകൾ അല്ലേ . എന്തു ചെയ്യാം ..“ .   സാറച്ചേച്ചി ജനാലയിലൂടെ ദൂരേയ്ക്ക് കൈചൂണ്ടിപ്പറഞ്ഞു “ ദാ ആ കാടുകയറിക്കിടക്കുന്ന പറമ്പു കണ്ടോ .... ദാ അങ്ങകലെ … ആ കാണുന്നത് …”.  'ഉവ്വ് .. മനസ്സിലായി ..’ എന്നു തലയാട്ടുമ്പോൾ ചേച്ചി പറഞ്ഞു “ അതു പണ്ടെപ്പോഴോ ഒരു ശവപ്പറമ്പായിരുന്നു എന്നാണ് പറഞ്ഞു കേട്ടത് ..” . ഒരു മിന്നൽ പോലെ എന്തോ ശരീരത്തിലൂടെ പാഞ്ഞുപോയതുപോലെ … ബെല്ലടി കേട്ടു സാറച്ചേച്ചി മുന്നേയും ഞാൻ പിറകേ യാന്ത്രികമെന്നോണം .. മോളായിരുന്നു .. പിറകേ അദ്ദേഹവും സാറച്ചേച്ചിയുടെ ചേട്ടനും. പിന്നെ വേഗം ചായയിട്ടു .. എല്ലാവരും ചായ കുടിച്ചു . സാറച്ചേച്ചിയും ചേട്ടനും പോയി . 

അച്ഛനും മകളും എക്സാം വിശേഷങ്ങൾ പറഞ്ഞു . വൈകിട്ടത്തെ കുളികഴിഞ്ഞുവന്നു വിളക്കു കത്തിക്കും മുൻപേ അദ്ദേഹമോ മോളോ കാണാതെ കിഴക്കു വശത്തെ ജനൽ അടച്ചു കർട്ടൻ താഴ്ത്തിയിട്ടു .  പിറ്റേന്ന് രാവിലെ പതിവു തിരക്കുകൾ . അച്ഛനും മകളും പോയി . തനിച്ചായ സമയത്ത് ആ മുറിയിലേയ്ക്കു കയറാനൊരു പേടി തോന്നിയെങ്കിലും വെറുതെ ആ ജനാലയ്ക്കരികിൽ ചെന്ന് കർട്ടൻ മെല്ലെയൊന്നു പൊക്കി ജനലിന്റെ    ഗ്ലാസ്സിലൂടെ സൂര്യരശ്മികൾ അകത്തേയ്ക്ക് … പക്ഷേ പെട്ടെന്നു കർട്ടൻ വലിച്ചു താഴ്ത്തിയിട്ടു .. വേണ്ട ഇനി ഈ ജാലകക്കാഴ്ച വേണ്ട .. മോളോ അദ്ദേഹമോ ഇതു ശ്രദ്ധിക്കാനും പോണില്ല . അവർ പകൽ സമയം ഉണ്ടാവില്ലല്ലോ .. ജനൽ തുറക്കുന്നതോ അടയ്ക്കുന്നതോ അവർ ശ്രദ്ധിക്കാറുമില്ല .. ഈ ജാലകക്കാഴ്ചകൾ അവർക്കറിയുകയുമില്ല . ഇനി സാറച്ചേച്ചി പറഞ്ഞ കാര്യം അദ്ദേഹത്തോടു സൂചിപ്പിച്ചാൽ “ മണ്ടത്തരം എന്നും പൊട്ടത്തരം എന്നും അങ്ങനെയൊന്നുമില്ലെന്നും ഇനി അത്‌ ആലോചിച്ചിരിപ്പാവും നിന്റെ ജോലി ..” എന്നും ആവും ശകാരം . അല്ലാതെ വേറൊന്നും പറയാനും പോവുന്നില്ല .  എന്നാലും മോളെന്താവും പിന്നതേപ്പറ്റി ഒന്നും ചോദിക്കാതിരുന്നത് എന്ന സംശയം മനസ്സിലിട്ട് കർട്ടൻ പൊക്കി ജനാലപ്പാളികൾ ഒന്നുകൂടെ തുറന്ന്‌ ശക്തിയായി വലിച്ചടച്ചു. ജനാല മുഴുവൻ മറഞ്ഞുകിടക്കത്തക്ക വണ്ണം കർട്ടൻ വലിച്ചിട്ട് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലുറപ്പിച്ചു .. നാളെ പുറത്തുപോവുമ്പോൾ ഉറപ്പായും നല്ല കട്ടിയുള്ള കർട്ടൻ വാങ്ങി ആ ജനാല മറച്ചിടണം .  

*************************************************************************************************

ശുഭം 

ഗീതാ ഓമനക്കുട്ടൻ 













എന്റെ വീട് 

**********





യാത്ര പറഞ്ഞിറങ്ങുമ്പോൾ കൊച്ചപ്പൻ ഓർമ്മപ്പെടുത്തി 

“ .. നേരം വൈകുന്നു . ഇന്നിനി ആ വഴി പോകേണ്ട ” .  ചേച്ചി രഹസ്യം പറഞ്ഞു “ കൊച്ചേ അതു വാങ്ങിയ മുതലാളി വല്യ പുള്ളിയാ ..”.  

‘വല്യ പുള്ളിയല്ലാത്തവർ മുതലാളിയാവുമോ എന്ന മറുചോദ്യം കേട്ടു ചേച്ചി ചിരിച്ചു . 

 വണ്ടി മുന്നോട്ടു നീങ്ങി .  മനസ്സിൽ പറഞ്ഞു ‘ കൊച്ചപ്പാ ക്ഷമിക്കൂ .. ഇന്നെങ്കിലും അവിടെയൊന്നു കേറാതെ എനിക്കു തിരികെപ്പോകാനാവില്ല …’

 ‘ വേഗം …. വേഗം …’

കൂട്ടുകാരൻ ദേഷ്യപ്പെട്ടു “ഞാനാര് നിന്റെ ഡ്രൈവറോ “

സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു ‘സോറി’  .  ബ്രേക്കിൽ നിന്ന് ആക്സിലേറ്ററിൽ കാലമർത്തി സ്പീഡിൽ വിടുമ്പോൾ കൂട്ടുകാരന്റെ ചോദ്യം “ വഴി നിശ്ചയമുണ്ടോ ..” 

‘ രാജാവിനോടാണോ സ്വന്തം രാജ്യത്തെ വഴിയറിയുമോ … എന്ന ചോദ്യം ‘ 


“എങ്കിൽ രാജാവേ മുന്നോട്ടു നോക്കൂ ഇതിൽ ഏതു വഴിയേ പോകണം  “

… കണ്ണൊന്നു തിരുമ്മി തുറന്ന് മുന്നോട്ടു നോക്കി..  ‘ഈശ്വരാ !! ഇതെന്നാ സ്പീഡിലാ വണ്ടി വിട്ടേ .. .’

“നല്ല വഴിയാരുന്നകൊണ്ടു വിട്ടിങ്ങു പോന്നു .. ഇനി എങ്ങോട്ടു തിരിയണം  …” . 

ആകെ ഒരുകൺഫ്യൂഷൻ . ഇടത്തേ സൈഡിലെ ഇടത്തൊണ്ടു പോലത്തെ ഒരു വഴി ഉണ്ടാരുന്നിടത്ത് കുറേ വീടുകൾ … വലത്തോട്ടു നോക്കിയിട്ടും … 

പെട്ടെന്നു തന്നെ വലത്തേ സൈഡിലെ മാടക്കടയിൽ ബീഡിയും പുകച്ചു നിന്ന പ്രജയെ കൈ കാട്ടി വിളിച്ചു .  അയാൾ സ്വയം നെഞ്ചിൽ കൈവച്ച് എന്നെത്തന്നെയോ എന്നൊരു ആംഗ്യം . ‘അതേ’  എന്നു  ധൃതിപ്പെട്ടപ്പോൾ അയാൾ ബീഡി കളഞ്ഞു മുണ്ടിന്റെ മടക്കിക്കുത്തൽ അഴിച്ചിട്ട് ഓടി വരുന്നു . മനസ്സൊന്നു തണുത്തു ….  അയാൾ ഓടിവന്നു ചോദിച്ചു “ എന്നാ ചേച്ചീ …”   

‘… ഇതിലേ ഒരു കുഞ്ഞിടത്തൊണ്ടു വഴി ഇല്ലാരുന്നോ ..’

“അയ്യോ അതൊക്കെ എന്നേ ഇടിച്ചുനിരത്തി കാശൊള്ളോരൊക്കെ വസ്തു മേടിച്ചു .. കണ്ടില്ലേ .. നെറയെ വീടുകളായില്ലേ … അയാൾ അല്പം സംശയത്തിൽ താടിക്കു കൈകൊടുത്തൊരു ചോദ്യം .. അല്ലാ ചേച്ചി എവിടുന്നാ …” 

ഡ്രൈവിംഗ് സീറ്റിൽ നിന്നും തല ഇടത്തേ സൈഡിലോട്ടു നീട്ടി മറുപടി പറയാനാഞ്ഞ കൂട്ടുകാരനെ കൈകൊണ്ടു തടഞ്ഞ് ഞാനയാൾക്കു മറുപടി കൊടുത്തു ‘ കുറേ ദൂരേന്നാ …’ പോകണ്ട സ്ഥലം സൂചിപ്പിച്ചു . അയാൾ വഴി കൃത്യമായി പറഞ്ഞു തന്നു.  അയാൾക്കു നന്ദി പറഞ്ഞു ശകടം മുന്നോട്ടു നീങ്ങുമ്പോൾ “ പ്രജ രാജാവിനെ തിരിച്ചറിഞ്ഞോ .. “ എന്ന കൂട്ടുകാരന്റെ പരിഹാസം . അതു കേൾക്കാത്ത ഭാവത്തിൽ “ആ മനുഷ്യന്റെ പെരുമാറ്റം എത്ര മാന്യം .. അതാണെന്റെ നാട് .. നന്മ നിറഞ്ഞ നാട് എന്നു പുകഴ്ത്തി . 


അങ്ങനെ ഞങ്ങൾ ചേടത്തിമുക്കിൽ എത്തി .  എവിടെ ചേടത്തീടെ മുറുക്കൻ കട . ഇവിടുണ്ടാരുന്ന ആ വലിയ തോടെവിടെ …  തോട്ടത്തിന്റെ വാതിൽക്കലെ ഗേറ്റ് ഒക്കെ എവിടെ … വീണ്ടും കൺഫ്യൂസ്ഡ് … അതിനിടയിൽ കൂട്ടുകാരൻ വഴിയിൽ കണ്ട ആരോടോ വഴി ചോദിക്കുന്നു അയാൾ ഇത്തിരി മുൻപോട്ടു നടന്നു വഴി കാട്ടി തരുന്നു . ഞാൻ പെട്ടെന്നു വണ്ടിയിൽ നിന്നിറങ്ങി അയാളോട് ചോദിച്ചു  ‘അങ്ങേ സൈഡിലുള്ള ഗേറ്റ് ആരാണ് ഇപ്പുറത്തു മാറ്റി സ്ഥാപിച്ചത് ‘ അയാൾ ഒന്നും മനസ്സിലാകാതെ “ അല്ലാ മനസ്സിലായില്ല .. എവിടുന്നാ” എന്ന സംശയം .. പെട്ടെന്ന് ഞാൻ ഇടത്തേ സൈഡിലേക്ക് നോക്കി  ‘ഇവിടുണ്ടായിരുന്ന കുന്നെവിടെ … ‘ എന്നു ചോദിക്കുമ്പോൾ കൂട്ടുകാരൻ വിലക്കിക്കൊണ്ട്    “ നീ എന്തോക്കെയാ ഈ പറയുന്നത്”  . 

ഞാനാ കൈ തട്ടിമാറ്റി അയാളോടു ചോദിച്ചു ‘ സഹോദരാ നിങ്ങൾ പറയൂ… ഇവിടുണ്ടായിരുന്ന കുന്നെവിടെ …’ അയാൾ പറയുന്നു “ഞാനിന്നാട്ടുകാരനല്ല .. ഇവിടൊരു പണിക്കായി വന്നതാണ് . “ കൂട്ടുകാരൻ അങ്ങോട്ടു നോക്കി സംശയം പ്രകടിപ്പിച്ചു “ ഏയ് ഇവിടെ കുന്നുണ്ടായിരുന്നോ ....എനിക്കു തോന്നുന്നില്ല ..” .  ഞാൻ തർക്കിച്ചു ‘ എന്നേക്കാൾ നിശ്ചയം നിങ്ങൾക്കാ .. എന്റെ അച്ഛൻ ഈ കുന്നിന്റെ മുകൾ വരെ വഴിവെട്ടിച്ചിട്ടുണ്ടായിരുന്നു . അങ്ങനെ ആ വഴിയിലൂടെ കുന്നിന്റെ മുകളിൽ വരെ ചെല്ലാമായിരുന്നു . എന്തു രസമായിരുന്നെന്നോ …’ തെല്ലുനേരം ഗതകാലസ്മരണകളില്‍ മുഴുകിപ്പോയ  എന്നെ  കൂട്ടുകാരൻ തട്ടിയുണർത്തി …


‘വരൂ നമുക്കു ബംഗ്ലാവിലേക്കു നടക്കാം .. അവിടെ മുതലാളിയുണ്ടാവും .. അയാളോടെനിക്ക് അല്പം സംസാരിക്കാനുണ്ട് ‘ ആജ്ഞാപിച്ചുകൊണ്ട് മുൻപേ നടന്ന എന്റെ പിറകേ ഓടി വന്ന്‌ കൂട്ടുകാരൻ അപരിചിതൻ കാണാതെ  കൈയിൽ ഒന്നു തട്ടിയിട്ട് സ്വകാര്യമെന്നോണം  ചെവിയിൽ ചോദിച്ചു “ ഏതു മുതലാളി .. നിനക്കു സ്ഥലകാലബോധം നഷ്ടപ്പെട്ടോ …” 

അപരിചിതൻ ഓടി വന്നെന്റെ അടുത്തെത്തി ചോദിച്ചു “ അയ്യോ ചേച്ചീ ക്ഷമിക്കണം .. ഈ എസ്റ്റേറ്റ് നോക്കാൻ വന്നതാണല്ലേ ..  ഒരു പാടുപേര് കച്ചോടത്തിന് കേറിയിറങ്ങുന്നുണ്ട് .. കുറേയെല്ലാം വിറ്റുപോയി .. . ബാക്കി കൊടുക്കാൻ ഇട്ടേക്കുവാ . ഞനൊരു ബ്രോക്കറാണെ..ഡീറ്റൈൽസ് ഒക്കെ തരാം “.. കൂട്ടുകാരൻ അയാളെ വിലക്കുകയായിരുന്നു . “ഞങ്ങൾ വാങ്ങാനൊന്നും അല്ല മിസ്റ്റർ . ഇവിടെയൊക്കെ ഒന്നു കാണാൻ മാത്രം ..  നിങ്ങൾ പൊയ്ക്കൊള്ളൂ ..” . അയാളെ പറഞ്ഞയക്കാൻ ധൃതിപ്പെട്ടു. അയാൾ അത്ര വിശ്വാസം വരാത്ത മട്ടില്‍ ഞങ്ങളേയും നോക്കി അവിടെത്തന്നെ നിന്നു . 

ഞാൻ ധൃതിപ്പെട്ടു മുന്നോട്ടു നടന്നു . കൂട്ടുകാരൻ പിറകീന്നു വിളിച്ചു “ ഒന്നു പതുക്കെ നടക്ക് .. അവിടെ ചെന്നു ആവശ്യമില്ലാത്തതൊന്നും പറയരുത് .. അല്ലാ ആരാ നീ പറയുന്ന ഈ മുതലാളി ..” പുള്ളിക്ക് സംശയം . ‘ വാ അപ്പ കാണാമെന്നു’  ഞാനും .  ചേച്ചി പറഞ്ഞത് അവിടെ പട്ടിയുണ്ടെന്നും ..കുരച്ചു ചാടി വരുമെന്നും .. സൂക്ഷിക്കണമെന്നും ഒക്കെ . അതുകൊണ്ടു തന്നെ കൂട്ടുകാരന്റെ കയ്യിലെ പിടിമുറുക്കി മുന്നോട്ടു വേഗത്തിൽ . എത്ര വല്യ ഉഗ്രൻ പട്ടിയായാലും കുരച്ചു ചാടി വന്നാൽ ഒരു ചൂണ്ടു വിരൽ കാട്ടി എന്നാടാ എന്നു ചോദിച്ച് തിരിച്ചോടിക്കാനുള്ള മാന്ത്രികവിദ്യ പുള്ളിയുടെ കയ്യിലുള്ളപ്പോൾ പിന്നെ എന്തിനു പേടിക്കണം ..ഇച്ചിരീം കൂടെ നടന്നു. കൂട്ടുകാരൻ ഏതാണ്ടൊക്കെ പറയുന്നുണ്ട് എന്റെ ലക്‌ഷ്യം എന്റെ ബംഗ്ലാവ് മാത്രം .  കൂട്ടുകാരന്റെ കൈയ്യിലെ പിടിമുറുക്കി വേഗത്തിൽ നടന്നുകൊണ്ടു ഞാൻ പറഞ്ഞു   ‘കൺകുളിരെ കണ്ടോളൂ നീ എന്റെ ഗ്രാമം .. നമുക്കൊരിക്കൽ ഈ ഗ്രാമത്തു വന്ന്‌ രാപ്പാർക്കണം .. അതികാലത്തെഴുന്നേറ്റ് റബർ തോട്ടത്തിൽ പോയി അതിന്റെ ഇലകൾ തളിർത്തോ റബ്ബറും കായകൾ പൊട്ടിവീണോ .. കാപ്പിമരങ്ങൾ പൂത്തോ .. എന്നൊക്കെ നോക്കണം ….’


“ദാ ആ കാണുന്നതല്ലേ ചേച്ചി ബംഗ്ലാവ് “ 

പിറകിൽനിന്ന് ഒരു അശരീരി കേട്ടു ഞങ്ങൾ തിരിഞ്ഞു നോക്കി . ബ്രോക്കർ അപരിചിതൻ പിറകേ കൂടിയിട്ടുണ്ട് . “ നിങ്ങൾ പൊയ്ക്കൊള്ളൂ” ..കൂട്ടുകാരൻ അയാളെ വീണ്ടും വിലക്കുന്നു .      ദാ മുറ്റത്തു ഒരു കസേരയിൽ മുതലാളി .. കൂട്ടുകാരന്റെ കൈവിട്ടു ഞാനോടി അദ്ദേഹത്തിനരികിൽ എത്തി . പ്രായം ചെന്ന ഒരു മനുഷ്യൻ . എന്റച്ഛന്റെ പ്രായം ഒക്കെ ഉണ്ടാവും . മുഖത്തു ശാന്തമായ ഒരു ചിരി . ആരാണെന്ന ചോദ്യഭാവത്തിൽ എന്റെ മുഖത്തുനോക്കിയ അദ്ദേഹത്തോടു ഞാൻ ചോദിച്ചു

 ‘ മുതലാളിയല്ലേ ‘ . തെല്ല് ആശ്ചര്യത്തോടെ അദ്ദേഹം “ മുതലാളിയോ … എവിടുത്തെ മുതലാളി … ആരാ കുഞ്ഞേ നീ ..”. ഞാൻ തെല്ലു ജാള്യതയോടെ പറഞ്ഞു ‘

അതു ഈ വീട് അപ്പച്ചന്റെയല്ലേ ..’

ആ വിളി അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടു എന്നു തോന്നി . അതേ കുഞ്ഞേ … എന്റെ വീടായിരുന്നു . വളരെ സൗമ്യതയോടെ അദ്ദേഹം മറുപടി നൽകി . “ആയിരുന്നു “ എന്ന മറുപടി എന്നിൽ ചെറിയ ഒരു സംശയം ഉണ്ടായി . ഞാൻ തിരിഞ്ഞു നോക്കി . ഭാഗ്യം !! കൂട്ടുകാരനും അപരിചിതനും അല്പം മാറി എന്തോ വർത്തമാനം പറഞ്ഞു നിൽക്കുന്നു . അതു നന്നായി . അപ്പച്ചനോട് സ്വകാര്യമായി എനിക്കു സംസാരിക്കാം . അല്ലേൽ കൂട്ടുകാരൻ എന്തെങ്കിലും പെട്ടെന്ന് കേറിപ്പറഞ്ഞ് എല്ലാം മുടക്കും . ഈ പാവം അപ്പച്ചനെ ആണല്ലോ ചേച്ചി വല്യ പുള്ളിയാ എന്നു പറഞ്ഞത് എന്നു ഞാൻ അതിശയിച്ചു നിൽക്കുമ്പോൾ അപ്പച്ചൻ വീണ്ടും ചോദിച്ചു. “മോളെവിടുന്നാ..” . ഞാൻ പെട്ടെന്നു തന്നെ അപ്പച്ചനോട് കാര്യങ്ങൾ പറഞ്ഞു . അപ്പച്ചൻ ചിരിച്ചു . വാത്സല്യത്തോടെ എന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു “മോളുടെ അച്ഛനും ഞാനും സുഹൃത്തുക്കളായിരുന്നു .. നീ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്കറിയാം . പണ്ടൊക്കെ നിങ്ങടെ വീട്ടിൽ വന്നിട്ടുണ്ട് . അന്നൊക്കെ നിങ്ങൾ കുഞ്ഞുങ്ങളായിരുന്നു. മൂത്തതുങ്ങളെ ഒക്കെ അറിയാം . നീ ഇളയകുട്ടിയാണല്ലേ ..” എന്റെ അച്ഛന്റെ സുഹൃത്ത് . ഞാൻ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു . എനിക്കെന്റെ അച്ഛന്റെ കൈയ്യിൽ പിടിച്ചതുപോലെ തോന്നി . എന്റെ കണ്ണു നിറഞ്ഞു . ഞാൻ പെട്ടെന്ന് അപ്പച്ചനോടു ചോദിച്ചു ‘ അപ്പച്ചാ ഈ വീട് എനിക്കു തിരികെ തരുമോ .. എത്രയാ പൈസ അതു ഞാൻ തരാം .. ഈ വീടു മാത്രം മതി ..’ .  എന്റെ ചോദ്യം മനസ്സിലാകാതെയോ എന്തോ അദ്ദേഹം എന്റെ കണ്ണുകളിൽ നോക്കി നിന്നു . എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു . എന്തോ സംശയം തോന്നിയതോ ആണോ കൂട്ടുകാരൻ ധൃതി പിടിച്ചു ഞങ്ങൾക്കരികിലേയ്ക്കു വന്നു സ്വയം പരിചയപ്പെടുത്തൽ നടത്തി “ ഇവിടെ ഒന്നു കാണാനായി മാത്രം എത്തിയതെന്നു പറഞ്ഞു “ . ബ്രോക്കെർ അപരിചിതൻ ഞങ്ങളെ ചുറ്റിപ്പറ്റി അവിടൊക്കെ കറങ്ങി നടക്കുന്നു . അപ്പച്ചനോട് ഞാൻ ചോദിച്ചു ‘ ഈ വീടിനകത്തൊന്നു കേറിക്കോട്ടെ .. ‘. “ അതിനെന്താ  കേറിക്കോളൂ” എന്ന്‌ അപ്പച്ചൻ . 

‘അപ്പച്ചാ ഞാൻ ചോദിച്ച കാര്യം ..’ എന്നു ചോദിച്ചപ്പം “ മോളു കേറി കണ്ടിട്ടു വരൂ .. എന്നിട്ടു പറയാം ..” ന്ന് അപ്പച്ചൻ . 


അപ്പച്ചൻ ആരെയോ വിളിച്ചു . ചെറുപ്പക്കാരിയായ ഒരു സ്ത്രീ അകത്തു നിന്നിറങ്ങി വന്നു . അവർ എന്നെ അകത്തേയ്ക്കു കൂട്ടി . ഒന്നും മനസ്സിലാവാതെ കൂട്ടുകാരൻ എന്റെയൊപ്പം വന്ന്‌ “ നീ എന്താ അങ്ങേരോട് പറഞ്ഞേ “എന്നു  ചോദിക്കുന്നുണ്ടായിരുന്നു . ഞാൻ കൈ കൊണ്ട്‌  ആംഗ്യം കാട്ടി വിലക്കി . എന്റെ വീടിന്റെ വല്യ ഹാളിലേയ്ക്കാണ് പ്രവേശിച്ചത് . ഞാൻ ചുറ്റുമൊന്നു നോക്കി . ആകെ വലിച്ചുവാരി കുറേ പഴയപത്രങ്ങളും മാസികകളും രണ്ടുമൂന്നു പ്ലാസ്റ്റിക് കസേരകളും മേശയും എല്ലാം ഒരടുക്കും ചിട്ടയുമില്ലാതെ . ഞാൻ തെല്ലുനേരം നിന്നു . ‘ദാ ഇടത്തേ ഭാഗത്തു രണ്ടു ചാരുകസേരകൾ … പിന്നെ  ദാ ആ കാണുന്ന ഭാഗത്തു സോഫ കം ബെഡ് … ദേ ഇവിടെ ഈ മധ്യത്തിലായിരുന്നു ഞാൻ പഠിച്ചിരുന്ന എന്റെ വട്ടമേശ … അതിന്മേൽ ചേമ്പിലയുള്ള ഒരു പൂച്ചെട്ടിയുണ്ടായിരുന്നു . എത്ര വൃത്തിയായി ആണ് ഞങ്ങൾ ഇവിടെയൊക്കെ സൂക്ഷിച്ചിരുന്നത് .. ‘ഞാൻ ആ സ്ത്രീയോടു പറഞ്ഞു . കൂട്ടുകാരൻ എന്നെ തട്ടി .’ “ടീ ..”

 അവർ ഒന്നും മനസ്സിലാവാതെ എന്നെ നോക്കിനിന്നു . അവരോട് ഞാൻ ചോദിച്ചു ‘അകത്തോട്ടു കയറിക്കോട്ടെ’  . അവർ അനുമതി നൽകി. എന്റെ വീട്ടിൽ വന്നിട്ട് ഞാൻ മറ്റൊരാളോട് അനുവാദം വാങ്ങുന്നു . എനിക്കു വിഷമം തോന്നി . കൂട്ടുകാരൻ വിലക്കി . “നമുക്കു പോവാം . ഇത്രയും മതി . “. ഞാൻ സമ്മതിച്ചില്ല . എങ്കിൽ അവരോട് ഒന്നും പറയാതെ അകത്തു കേറിക്കണ്ടിട്ട് പോരണം എന്ന നിർദ്ദേശം നൽകി കൂട്ടുകാരൻ പിൻവാങ്ങി .  ഇത്തിരി പൊക്കത്തിലാണ് അടുത്ത മുറി . അങ്ങോട്ടു കയറി . മൂലയ്ക്കൊരു കട്ടിൽ ഇട്ടിട്ടുണ്ട് . അങ്ങേ സൈഡിൽ ചെറിയൊരു ടേബിളും . കൂട്ടുകാരന്റെ മുന്നറിയിപ്പു  മറന്നു ഞാൻ എന്റെ ഗതകാല ഓർമ്മകളിലേയ് ക്ക്‌ വീണ്ടും . ഞാനാ സ്ത്രീയോടു പറഞ്ഞു ‘ഇതായിരുന്നു .. ദേ ഇവിടെ ആയിരുന്നു .. എന്റെ അച്ഛനും അമ്മയും കിടക്കുമായിരുന്ന കട്ടിൽ ..ദാ അതിനടുത്ത് എന്റെ കുഞ്ഞു കട്ടിലും . ദേ ഇങ്ങേ സൈഡിലെ കട്ടിലിൽ എന്റെ ഏട്ടനും . ഞങ്ങളുടെ കിടപ്പുമുറി . ഇതിലേ തട്ടിൻപുറത്തു കയറുന്ന വാതിലുണ്ടായിരുന്നു ‘. അവർ മുകളിലേക്ക് ചൂണ്ടിക്കാട്ടി “ദാ  അതല്ലേ ..”എന്നു ചോദിച്ചു .  ‘ഉവ്വ് ‘ അതു ഭാഗ്യത്തിന് അതുപോലെ അവിടുണ്ട് . അങ്ങേ മുറിയിൽ കയറാൻ ചെന്നപ്പോൾ അതടച്ചിട്ടിരിക്കുന്നു . അതവർ ഉപയോഗിക്കുന്നില്ലത്രേ . ശ്ശെ ഇവർ എന്തൊരു മനുഷ്യർ എന്നു മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു ‘ ഇതു എന്റെ ചേച്ചിമാർ ഉറങ്ങിയിരുന്ന വല്യ നിലക്കണ്ണാടിയുള്ള ഭംഗിയുള്ള മുറി ആയിരുന്നു . ഉപയോഗശൂന്യമാക്കി അടച്ചിട്ടിരിക്കുന്ന ആ മുറിക്കുനേരേ കൈചൂണ്ടി ഞാനവരെ ഉപദേശിച്ചു ‘നിങ്ങളീ മുറി വൃത്തിയാക്കിയിടൂ . ആരെങ്കിലും സ്വന്തം വീട്ടിലെ ഒരു മുറി ഇങ്ങനെ ഉപയോഗശൂന്യമാക്കി ഇടുമോ ..’

 അവർക്ക്‌ എല്ലായിടവും തൂത്തു വൃത്തിയാക്കിയിടാൻ വയ്യത്രേ .. അതുകൊണ്ടാണെന്ന് അവർ പറഞ്ഞു . എനിക്കു മതിയായിരുന്നു . അവിടുത്തെ വൃത്തിക്കുറവ് എന്റെ മനസ്സ് മടുപ്പിച്ചു . അടുക്കള കാണാൻ തുനിയാതെ ഞാൻ പുറത്തേയ്ക്കു ചെന്നു . കൂട്ടുകാരനും അപ്പച്ചനും വർത്തമാനം പറഞ്ഞു നിൽക്കുന്നു . “എല്ലാം കണ്ടോ കുഞ്ഞേ..” എന്ന് അപ്പച്ചൻ.  പിന്നെ അല്പം മാറി അവിടെ നിന്ന ഒരു മനുഷ്യനെ ചൂണ്ടി അപ്പച്ചൻ പറഞ്ഞു “മോളു മുൻപേ ചോദിച്ചില്ലേ എന്നോടൊരു കാര്യം .. ഇതിപ്പം എന്റേതല്ല .. ദാ ആ കാണുന്ന ആൾ ഇത് വാങ്ങിയത് .അവനോടു  ചോദിച്ചോളൂ…”

ഞാനയാൾക്കരികിലേയ്ക്ക് നടന്നു . എനിക്കു പിറകേ കൂട്ടുകാരനും അകത്തുനിന്ന് ആ സ്ത്രീയും വന്നു . കൂട്ടുകാരൻ “ടീ ..  ഇതെന്നാ ഭാവിച്ചാ .. “എന്നെന്റെ കൈകളിൽ തട്ടി ചോദിക്കുന്നുണ്ടായിരുന്നു .  എന്റെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു .  അയാളുടെ അരികിൽ എത്തി ഞാൻ പറഞ്ഞു ‘ഈ വീടിന് എത്ര രൂപ വേണം .. അതു ഞാൻ തരാം … ഈ വീടു മാത്രം ..’ അയാൾ മറുപടി പറയും മുൻപേ ആ സ്ത്രീ ദേഷ്യഭാവത്തിൽ ചോദിച്ചു “ചേച്ചി നിങ്ങൾക്കെന്തിനാണ് ഈ വീട് .. എന്റെ ഭർത്താവ് ഒരു കൂലിപ്പണിക്കാരനാണ് . ഞങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഈ വീടു വാങ്ങിയത് . ഇവിടെ ഈ ഇത്തിരി സ്ഥലത്തു കൃഷിചെയ്തും ഒക്കെ നല്ല കഷ്ടപ്പെട്ടാണ് ഞങ്ങൾ ജീവിക്കുന്നത് . ദാ ഈ കാണുന്ന ഇ ത്രയുമേ ഉള്ളൂ ഞങ്ങളുടേതായി . അങ്ങേ സൈഡ് വേറേ ആളുകൾ വാങ്ങിയതാണ് . നിങ്ങൾ എന്തു തരാമെന്നു പറഞ്ഞാലും ഞങ്ങൾ തരില്ല ചേച്ചീ .. ഉറപ്പ് . ഇനി ഇത്‌ ചോദിക്കല്ലേ” . അവരുടെ ഭർത്താവിന്റെ മുഖത്തേയ്ക്കു ഞാൻ നോക്കി . ഇതിൽക്കൂടുതലായി എനിക്കൊന്നും പറയാനില്ല എന്ന ഭാവത്തിലായിരുന്നു അയാളുടെ നിൽപ്പ് . കൂട്ടുകാരനാവട്ടെ “ വെറുതേ .. അവൾ വെറുതേ ചോദിച്ചതാണ് .. ജസ്റ്റ് ഒന്നു കാണാനായി മാത്രം വന്നതാണെന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലും ഒപ്പം എന്നെ എങ്ങനെയെങ്കിലും അവിടെനിന്നും മടക്കിക്കൊണ്ടു പോവാനുള്ള വെപ്രാളത്തിലും എന്തൊക്കെയോ അവരോടൊക്കെ പറയുന്നു . അപ്പച്ചൻ അപ്പോഴും ശാന്തനായി അവിടെ ഇരിപ്പുണ്ടായിരുന്നു . ബ്രോക്കെർ അപരിചിതൻ എന്നോടെന്തോ പറയാനായി ശ്രമിക്കുന്നത്  കൂട്ടുകാരൻ തടയുന്നതും കാണാമായിരുന്നു . ആ എനിക്കതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല . ഞാൻ എന്റെ വീടിന്റെ മുറ്റത്തേക്കിറങ്ങി . എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . എന്റെ അച്ഛൻ നട്ടുവളർത്തിയ അശോകമരവും ചാമ്പയും അതതുപോലെ ആ നടയുടെ ഇടത്തെ സൈഡിൽ . അവിടേയ്ക്കു നോക്കി ഞാൻ പറഞ്ഞു  ‘.. ഇതെന്റെ അച്ഛൻ നട്ടു …’ പറയാൻ മുഴുമിപ്പിക്കാതെ ആ അപ്പച്ചൻ  എഴുന്നേറ്റു വന്നു എന്നെ ചേർത്തു പിടിച്ചിട്ടു പറഞ്ഞു “ അറിയാം കുഞ്ഞേ ..  “

എന്റച്ഛന്റെ കൈകൾ കൊണ്ടു നട്ടുവളർത്തിയ ഈ വൃക്ഷങ്ങൾ … വർഷം ഇത്ര കഴിഞ്ഞിട്ടും ..സങ്കടം നിയന്തിക്കാൻ കഴിയുന്നില്ല .. ഞാൻ കരഞ്ഞു . എനിക്കവയെ ഒന്നു തൊടണം .. അത്രയേ വേണ്ടൂ .. ഞാൻ ആ നടയിലൂടെ താഴോട്ടിറങ്ങി .  കൂട്ടുകാരൻ മുകളിൽനിന്നു വിലക്കുന്നുണ്ടായിരുന്നു . “അവിടെ നിറയെ ചപ്പും കാടുകളും .. സൂക്ഷിച്ച് ..” . എന്റെ അച്ഛന്റെ അശോകമരത്തിൽ ഞാൻ ചുറ്റിപ്പിടിച്ചു കുറേനേരം നിന്നു .. പിന്നെ ചാമ്പമരത്തിലും . അവരെല്ലാം മുകളിൽ കാഴ്ചക്കാരായും . ഞാൻ ആ സ്ത്രീയോടും അയാളോടുമായി ചോദിച്ചു  ‘നിങ്ങളെന്താ ഈ നടയും വഴിയും വൃത്തിയാക്കിയിടാത്തത് ..’ അയാൾ പറഞ്ഞു “അങ്ങേവശത്തൂടെയുള്ള വഴിയേ ഞങ്ങൾ ഉപയോഗിക്കുന്നുള്ളൂ ..” 

 മനസ്സിലേ ദേഷ്യത്തെ അടക്കി ഞാൻ പറഞ്ഞു ‘ ഇത്ര നല്ല ഒരു വഴിയും ഈ നടയും ഇന്നെവിടെ കാണാൻ പറ്റും . പറ്റുമെങ്കിൽ നിങ്ങൾ ഇതെങ്കിലും ഒന്ന് വൃത്തിയാക്കിയിടൂ..’ “മതി ഇനി ഇവിടെ നിന്നാൽ ശരിയാവില്ല . നമുക്കിറങ്ങാം “എന്ന് കൂട്ടുകാരൻ കട്ടായം പറഞ്ഞു . മുകളിൽ കയറി വന്ന് അപ്പച്ചനോട് യാത്ര പറയുമ്പോൾ അപ്പച്ചൻ പറഞ്ഞു “മോളു പറഞ്ഞ അക്കാര്യത്തോടു ഞാനും യോജിക്കുന്നു . വീടായാൽ വൃത്തിയുണ്ടാവണം . വൃത്തിയുള്ളിടത്തേ ഐശ്വര്യം ഉണ്ടാവൂ ..” . ആ സ്ത്രീയും ഭർത്താവും ഒന്നും മിണ്ടാതെ നിൽക്കുന്നു . ഞാനവരോട് പറഞ്ഞു  ‘വിഷമം ഉണ്ടായെങ്കിൽ ക്ഷമിക്കൂ . പറ്റുമെങ്കിൽ ആ അടച്ചിട്ട മുറി തുറന്നിടൂ. അവിടെ കാറ്റും വെളിച്ചവും കയറിയിറങ്ങട്ടെ.. ഇതൊരു ഐശ്വര്യമുള്ള വീടാണ് . നിങ്ങൾക്കു നല്ലതേ വരൂ .’

  അവരുടെ മുഖത്ത് ചെറിയൊരു ആശ്വാസം .. ഞാനിനി അവരെ ശല്യപ്പെടുത്തില്ല എന്നു തോന്നിയാവാം “കുടിക്കാൻ എന്തെങ്കിലുമൊന്നു തരട്ടെ” എന്നവർ ചോദിച്ചു . ഒന്നും വേണ്ട എന്നു പറഞ്ഞ് ഇറങ്ങാൻ നേരം അപ്പച്ചൻ എഴുന്നേറ്റു “ ഞാനും ഇറങ്ങുന്നു എന്നു പറഞ്ഞ് അപ്പച്ചൻ തെല്ലുനേരം എന്റെ മുഖത്തു നോക്കി നിന്നു .  എന്നിട്ട് പറഞ്ഞു “ ജീവിതം നീണ്ട ഒരു യാത്രയാണു കുഞ്ഞേ .. യാത്രക്കിടയിൽ നാം ആരെയെല്ലാം കണ്ടുമുട്ടുന്നു ഒരുമിച്ചു യാത്ര ചെയ്യുന്നു പാതിവഴിക്കു വച്ചു പിരിയുന്നു . വീണ്ടുമുള്ള യാത്രയിൽ പുതിയ ആളുകളെ കാണുന്നു .  നിന്റെ യാത്ര തുടങ്ങിയത് ഇവിടെനിന്നുമാണ് . അതിൽനിന്നും നീ എത്രയോ ദൂരം പോയി . നിന്റെ സങ്കടം എനിക്കു മനസ്സിലാകുന്നു . അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട് നിനക്കു ജീവനാണെന്നു അറിയാം .   നമ്മളെ വിട്ടുപിരിഞ്ഞവർ  അവർ ജീവിച്ചിരിക്കുമ്പോൾ നമുക്കു നൽകിയ സന്തോഷകരമായ കാര്യങ്ങൾ മുഹൂർത്തങ്ങൾ … അത്തരം നല്ല ഓർമ്മകൾ ഉണ്ടാവില്ലേ … ആ ഓർമ്മകൾ ഉണ്ടാവണം മനസ്സിൽ . അവരെപ്പറ്റി ഓർത്തു വിഷമിച്ചിരുന്നാൽ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ അസ്വസ്ഥമാകും . അത് നമ്മെയും നമുക്കു ചുറ്റും ഉള്ളവരെയും ബാധിക്കും “ . ഞാൻ പറഞ്ഞത് മനസ്സിലായോ .. അപ്പച്ചന്റെ ചോദ്യത്തിന് ഉവ്വെന്നു തലയാട്ടി . കൈയുയർത്തി “നിങ്ങളെ ദൈവം  അനുഗ്രഹിക്കട്ടെ “ എന്ന് പറഞ്ഞു അപ്പച്ചൻ നടന്നു . ഞങ്ങൾ കാറിൽ കയറി . കാർ മുന്നോട്ടു നീങ്ങുമ്പോൾ ആ സ്ത്രീയും അവരുടെ ഭർത്താവും ബ്രോക്കറും  കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു.

                                             ********************************************

                          ശുഭം