Friday, 9 January 2015

യുവജനോൽസവ ഓർമ്മകൾ

    രാജമ്മചേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ മൂത്ത ചേച്ചിയും,ചേട്ടനും ആദ്യമായി സിക്കിമിൽ നിന്ന് അവധിക്കു വന്ന സമയം. അച്ഛന് ചേട്ടൻ ഒരു കറുത്ത റെയിൻകോട്ട് സമ്മാനിച്ചു. ചേച്ചിയാണെങ്കിൽ ഞങ്ങൾക്കൊക്കെ വിവിധവർണ്ണങ്ങളിലുള്ള സ്കാർഫുകൾ (ഇന്നത്തെ ചെറിയ ഷാൾ ) , പിന്നെ നെയിൽപോളിഷ്,ചെറിയപേളുമാലകൾ,ലിപ് സ്റ്റിക്ക്, പൊട്ടുകുത്താൻ കുറെ ഡിസൈൻസുള്ള അച്ചുകൾ ഇവയൊക്കെ സമ്മാനമായി കൊണ്ടുവന്നിരുന്നു. കുട്ടികളായ ഞങ്ങൾക്കു ഇതെല്ലാം വലിയ കൌതുകവും, ആഹ്ലാദവും നല്കി. 
   ഹൈസ്കൂളിൽ പഠിക്കുന്ന എന്റെ രമണിയേച്ചി എന്നു ഞാൻ വിളിക്കുന്ന എന്റെ മറ്റൊരു ചേച്ചി അവരുടെ സ്കൂളിലെ യൂത്ത്  ഫെസ്റ്റിവലിനു ആ റെയിൻ കോട്ടും ഇട്ട് ,രാജമ്മ ചേച്ചിയുടെ  ഹാൻഡ്ബാഗ്, ഫോറിൻ പൂക്കുട ഒക്കെ പിടിച്ചു ചേട്ടന്റെ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച്, പിന്നെ സ്കാർഫ് ഒക്കെ തലയിൽ ചുറ്റി മുഖത്തു കുറെ മിനുക്കുപണികൾ ഒക്കെ ചെയ്ത് സ്റ്റേജിൽ ഒരു പെർഫൊമൻസ് നടത്തി. ആൾ നല്ലവെളുത്തിട്ടാണ് ,കാണാനും നല്ല സ്മാർട്ട്. ചേച്ചിമാർ"മദാമ്മ സ്റ്റൈൽ "എന്നൊക്കെ വിശേഷിപ്പിക്കണ കേട്ടു. എന്തെങ്കിലുമാവട്ടെ "ഫാൻസി ഡ്രെസിന് " ഒന്നാം സമ്മാനവുമായെത്തിയ ചേച്ചി പിന്നെ നിലത്തും താഴത്തും ഒന്നുമല്ലായിരുന്നു. ചേച്ചിമാരെല്ലാവരും ചേർന്ന് പൊക്കിപറച്ചിലും,പ്രശംസയും. അഞ്ചാംക്ലാസ്സിൽ പഠിക്കണ എനിക്ക് ഇതൊന്നും അത്ര സുഖിക്കുന്നുമുണ്ടായിരുന്നില്ല. തന്നെയുമല്ല ഇതിനുശേഷം ചേച്ചിക്കല്പം ഗമകൂടിയോ എന്നും ഒരു സംശയം! നെയിൽ പോളിഷ്, പൊട്ട്, ലിപ് സ്റ്റിക്ക് ഇത്യാദി സാധനങ്ങളിലൊക്കെ ഞാൻ കൈ വച്ചാൽ ചേച്ചി എന്നെ വിരട്ടും. "നെയിൽ പോളിഷ് ചേച്ചി വേണ്ടപ്പോൾ ഇട്ടുതരാം, ല്ലാച്ചാൽ നീ ഒക്കെ തട്ടിമറിച്ചിടും, അച്ച് കണ്മഷിയിൽ കുത്തി മുഖത്തെല്ലാം കരിവാരിതേക്കും, ലിപ് സ്റ്റിക് എപ്പോഴും   വാരിത്തേക്കാൻ പാടില്ലാത്രേ, അസുഖം വരും " ഇങ്ങനെ ചില നിബന്ധനകൾ ഒക്കെ രമണിയേച്ചി എന്റെ മുന്നിൽ നിരത്തിയതും എല്ലാം എന്നിൽ അല്പം വാശിയും, കുശുമ്പുമൊക്കെ ഉടലെടുത്തു എന്നുള്ളത് യാഥാർഥ്യം.
   ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു സമയമായപ്പോൾ "ഫാൻസി ഡ്രസ്സ്" കോംപറ്റീഷന് ചേരാൻ ഞാനും വാശി പിടിച്ചു. കൊച്ചുകുട്ടിയായതിനാൽ ഇതിന്റെയൊക്കെ പിറകെ വരേണ്ട പൊല്ലാ പ്പോർത്തിട്ടാണോ,അതോ ചേച്ചിയുടെ അത്ര നിറവും ഒന്നും ഇല്ലാഞ്ഞാണോ എന്തോ ആരും ഇതത്ര ഗൌനിക്കുന്നുണ്ടായിരുന്നില്ല, ഞാൻ അമ്മയുടെ അടുത്ത് ഒരേ വാശി. ബഹളം മൂത്ത് പാവം അമ്മ അനുവാദം തന്നു. മറ്റൊരു സ്കൂളിലായതിനാൽ കുഴപ്പമില്ലെങ്കിലും രമണിയേച്ചിക്കിതത്ര സുഖിച്ചില്ല. ആൾ പ്രൈസ് ഒക്കെ നേടി ഷൈൻ ചെയ്തിക്കുന്ന സമയമല്ലേ? 
     എന്തായാലും ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു ഞാനും പേര് കൊടുത്തു. സാധനസാമഗ്രികൾ ഒക്കെ മൂത്ത ചേച്ചി എനിക്കും തന്നു വിട്ടെങ്കിലും ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ് അല്പം മടിച്ചാണ് തന്നുവിട്ടത്. സ്കൂളിലെ മുതിർന്ന രണ്ടു ചേച്ചിമാർ ചേർന്ന് എന്നെ ഇതൊക്കെ ഇത്തിരി കഷ്ടപ്പെട്ട് അണിയിപ്പിച്ചു. എന്നെപ്പോലെ നാലുപേർക്കു കൂടി കയറി ഇറങ്ങാവുന്ന വലുപ്പത്തിലുള്ള റെയിൻകോട്ടും ഇട്ട്, നീലയിൽ വെള്ളപ്പൂക്കളുള്ള സ്കാർഫ് ചേച്ചിമാരോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു താടിക്ക് വച്ച് മുറുക്കി കെട്ടിയതു പോരാഞ്ഞ് പിൻകൂടി ചെയ്തു തരാൻ. കാരണം എങ്ങാനും അഴിഞ്ഞു പോയാലോ? 

    അതിനാൽ കഴുത്തിനല്പം പിടുത്തം ഉണ്ടായിരുന്നെങ്കിലും ഞാനതൊക്കെ ഒരു സ്റ്റൈൽ ആക്കി അങ്ങനെ ഇരിക്കയാണ്. കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്തു വച്ചിരിക്കുന്നതിനാൽ ആകെ മുറിക്കകത്തൊക്കെ ഒരു മൂടൽ പോലെ . ഒരുക്കിത്തന്ന ചേച്ചിമാർ ചില നിർദേശങ്ങൾ തന്നു "പേര് അനൌണ്സ് ചെയ്യുമ്പോഴേക്കും നടന്നു ചെല്ലണം, അങ്ങനെ,ഇങ്ങനെ" ന്നൊക്കെ  പറഞ്ഞു. ഹാൻഡ്ബാഗ്  തോളിൽ ഇട്ടുതന്നു. പോരാത്തതിന് ചേച്ചിയുടെ സ്വല്പം ഹീലുള്ള ചെരുപ്പും കാലിൽ ഫിറ്റു ചെയ്തിട്ടുണ്ട്. അതാണെങ്കിൽ വലുപ്പക്കൂടുതലിനാൽ അല്പം പുറകോട്ടുനീണ്ടു കിടപ്പുണ്ടു താനും. അമ്മ "വീഴാനാണ് കുഞ്ഞേ " ന്നൊക്കെ മുന്നറിയിപ്പ് തന്നെങ്കിലും "ല്ലാമ്മേ അതൊക്കെ ശ്രദ്ധിച്ചോ ളാം" ന്ന എന്റെ വാക്കിന്റെ പുറത്തു അമ്മ അനുവാദം തന്നുവിട്ടതാണ്. ഇത് രാജമ്മ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുമില്ല. ചേച്ചിയോട് നേരിട്ട് ചോദിച്ചാൽ ചെരുപ്പ് തന്നുവിട്ടില്ലെങ്കിലോ ന്നു പേടിച്ചു ചേച്ചി കാണാതെആണ് ഇതടിച്ചു മാറ്റി അമ്മയുടെ പെർമിഷൻ ഒക്കെ വാങ്ങിയത് .പാവം എന്റെ അമ്മ ഇത് ചേച്ചി യോട് ഞാൻ ചോദിച്ചു വാങ്ങി എന്നൊക്കെ ആവും ധരിച്ചത്. ചുവപ്പിൽ വെള്ളപ്പൂക്കളുള്ള ഫോറിൻകുട സ്റ്റേജിൽ കയറാൻ നേരം നിവർത്തിയാൽ മതിയെന്നൊക്കെ പറഞ്ഞു ചേച്ചിമാർ പോയതും ഞാൻ കുട നിവർത്തിപ്പിടിച്ചു തന്നെ ഇരുപ്പാണ്. (ചേച്ചിമാർക്ക് അങ്ങനെയൊക്കെ പറയാം അന്നേരം വെപ്രാളത്തിൽ കുട നിവർന്നില്ലെങ്കിലോ?") അവിടെയിരുന്ന ആരുടെയോ ഒരു കുഞ്ഞുകണ്ണാടിയിൽ നോക്കി ഓരോരോ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു( ചിരിച്ച്, അല്പം ഗൌരവംവരുത്തിനോക്കി,പുഞ്ചിരിച്ചു നോക്കി) ഇങ്ങനെ സൌന്ദര്യം ആസ്വദിച്ചു അവിടെക്കിടന്ന ഒരു കസേരയിൽ ഞാനിരുപ്പാണ്. കണ്ണാടിയിൽ നോക്കിയിട്ടും ആകെയൊരു മൂടൽ തോന്നിക്കുന്നുണ്ടെങ്കിലും ഞാൻ കൂളിംഗ് ഗ്ലാസ് മാറ്റാനൊന്നും മിനക്കെട്ടില്ല. ഇതൊക്കെ ചേച്ചിയോട് ചോദിച്ചു മേടിച്ചതിന്റെ പെടാപ്പാടു എനിക്കല്ലേ അറിയൂ. എനിക്കാണെങ്കിൽ ഇതൊക്കെ ഒന്ന് കയിൽ കിട്ടിയതിന്റെ സന്തോഷവും , പരവേശവും ഒന്നും പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ന്റെ രമണി യേച്ചിയെ ഒന്ന് തോല്പിക്കണം ന്ന വാശിയും. ന്താ ഗമ ഞാനങ്ങുവരട്ടെ കാണിച്ചുതരുന്നുണ്ട് ന്നൊക്കെ വിചാരിച്ചങ്ങനെ ഇരിക്കുന്മ്പോ "മോളെ മോളെ" ന്നുള്ള വിളികേട്ടാണ് ഞാൻ തൊട്ടപ്പുറത്തിരിക്കുന്ന ആളിനെ ശ്രദ്ധിച്ചത്. എന്റെ    ഏട്ടന്റെ  ക്ലാസ്സിൽ പഠിക്കുന്ന ജെസ്സി ചേച്ചി ആയിരുന്നു അത്. ചേച്ചിയെ രണ്ടുമൂന്ന് പേർചേർന്ന് ഒരുക്കുകയാണ്. പ്രച്ഛന്നവേഷമത്സരത്തിനാണെന്നു മനസ്സിലായെങ്കിലും എന്ത് വേഷമാണെന്നൊന്നും അന്നേരം പിടികിട്ടിയില്ല. ചേച്ചിക്കെന്നെ കണ്ടിട്ട് ചിരിവരുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ചേച്ചിയുടെ എത്രാമത്തെ നമ്പർ ആണെന്ന് തിരക്കി. ഞാൻ കഴിഞ്ഞാണ് ചേച്ചിയുടെ ഊഴം ന്നു മനസ്സിലായി. അല്പം ടെൻഷനോടെ അവിടെയിരിക്കുന്ന ഞാൻ ഇടയ്ക്കിടെ ആരൊക്കെയോ ഒരുങ്ങുകയോ, മുഖംനോക്കയോ ഒക്കെ ചെയ്തിട്ട് വച്ചുപോകുന്ന ആ കുഞ്ഞുകണ്ണാടി എടുത്ത് മുഖഭാവങ്ങൾ മാറ്റി വരുത്തിനോക്കിയിരിപ്പാണ്. വീണ്ടും ആരെങ്കിലും കണ്ണാടി തിരക്കുന്പോൾ ഞാനോടിക്കൊണ്ടു കൊടുക്കും അവർ ആവശ്യം കഴിഞ്ഞു വച്ചാൽ വീണ്ടും ഞാനാക്കണ്ണാടി കൈക്കലാക്കി സൌന്ദര്യം  ആസ്വദിച്ചുള്ള എന്റെയാ ഇരുപ്പ് ജെസ്സി ചേച്ചിക്കും കൂട്ടുകാർക്കും ചിരിക്കു വകനല്കുന്നു എന്നെനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു പോരാത്തതിനു ഇടക്കിടെ അവർ എന്നെ വിളിക്കയും ചിരിക്കയും ഒക്കെ ചെയ്യണ കേൾക്കുന്നുണ്ടെങ്കിലും ഞാനതിലൊന്നും വലിയ ശ്രദ്ധകൊടുക്കാതെ കണ്ണാടിയിൽ നോക്കി ഇരുപ്പ് തുടർന്നു. തൊട്ടടുത്ത സ്റ്റേജിൽ പാട്ടോ,കൂത്തോ ഒക്കെ നടക്കണ ശബ്ദം കേൾക്കുന്നുണ്ട്. ഇടയ്ക്കു ഞാനോടിപ്പോയി ജെസ്സി ചേച്ചിയെ പ്രത്യേകം ഓർമ്മിപ്പിച്ചു " നമ്മുടെ കോംപറ്റീ ഷൻ തുടങ്ങാൻ നേരം എന്നോടൂടെ പറയണേ ചേച്ചി".
ചേച്ചിതന്ന ഉറപ്പിന്റെ ബലത്തിൽ കണ്ണാടിയിലും നോക്കി ഞാനിരിക്കവെ ഞങ്ങൾ ഇരുന്ന ആ മുറി പതിയെ നിശബ്ദമായീന്നു തോന്നുന്നു "ശ് ശ്" ന്നുള്ള വിളികേട്ട ഞാൻ കണ്ണാടിയിൽ നിന്നും ശ്രദ്ധതിരിച്ച് നോക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന രൂപം കണ്ടു ഞാൻ ചെറുതായൊന്നു ഞെട്ടി.ന്തോ ഒരു വെള്ള ഉടുപ്പൊക്കെ ഇട്ടു ചിരിച്ചുകൊണ്ടിരുന്ന ജെസ്സി ചേച്ചി തന്നെയോ ഇത്!! ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അവിടെ ഞങ്ങൾ രണ്ടാളും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭയം മൂലം എനിക്ക് ചെറിയ കരച്ചിൽ വരുന്നുണ്ടായിരുന്നു. ന്താന്നല്ലേ? ചേച്ചി ക്രിസ്തുമസ്സ് ഫാദറിന്റെ വേഷമാണ് കെട്ടിയിരിക്കുന്നത്. ആ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ആ പ്രായത്തിലൊക്കെ കരോളുകാർക്കൊപ്പം വരുന്ന ഈ ഫാദറിനെ ഞാനല്പം ഭയത്തോടെ ആണ് കണ്ടിരുന്നത്. (എന്റെ മകനും കുഞ്ഞുന്നാളുകളിൽ ക്രിസ്തുമസ്സ് ഫാദറിനെ കണ്ടാൽ കരഞ്ഞുകൊണ്ടോടി  വരുമായിരുന്നു). ന്തായാലും കരച്ചിലിന്റെ വക്കെത്തിനിന്ന എന്റെ മുഖഭാവമൊന്നും കൂളിംഗ് ഗ്ലാസ്സ് വച്ചിട്ടുള്ളതിനാൽ ആ ചേച്ചിക്ക്  പിടികിട്ടിയില്ലെന്നു തോന്നുന്നു. ന്തായാലും ഫാൻസി ഡ്രസ്സ് കോംപ റ്റീഷൻ തുടങ്ങി. 
ആദ്യനറുക്ക് എനിക്ക് തന്നെയായിരുന്നു. സ്റ്റേജിൽ കയറിയതും ചേച്ചിയുടെ ഹീലുള്ള ചെരുപ്പിട്ട് മറിഞ്ഞുവീഴാതിരിക്കാൻ ശ്രദ്ധിച്ചുനടന്നതിനാലും, ജെസ്സി ചേച്ചിയുടെ ക്രിസ്തുമസ് ഫാദർ രൂപം കണ്ട ഭയപ്പാടിനാലും ആകെ അങ്കലാപ്പിലാണ് ഞാൻ സ്റ്റേജിൽ പ്രകടനം നടത്തിയത്. ഹെഡ് മാസ്റ്റർ സാർ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു. സാറാണെങ്കിൽ ഊറിച്ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ടിട്ട് എനിക്കല്പം ജാള്യം തോന്നാതിരുന്നില്ല. എങ്കിലും ചെരുപ്പിന്റെ ഒരു ബുദ്ധിമുട്ടും,കൂളിംഗ് ഗ്ലാസ്സിലൂടെയുള്ള മങ്ങിയ വെളിച്ചവും ഒക്കെയായി അവിടെങ്ങാനും തട്ടിപ്പിടഞ്ഞു വീഴാതെ ഞാൻ ഒരു വിധേന പ്രകടനം നടത്തി തിരിച്ചു റൂമിലെത്തുമ്പോൾ നാടകം കളിക്കാനുള്ള ആർക്കോ വേണ്ടി എന്റെ കൂളിംഗ് ഗ്ലാസ് വന്നു വാങ്ങികൊണ്ടുപോയി. വേഷഭൂഷാധികൾ അഴിച്ചു മാറ്റി കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ചു ഞാനവിടിരിക്കുമ്പോഴും ക്രിസ്തുമസ്സ് ഫാദർ നമ്മുടെ ജെസ്സി ചേച്ചി എന്നെ കൈ കൊണ്ടെന്തോ ആംഗ്യം ഒക്കെ കാണിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഉറക്കെ കരയണമെന്നോ, ഓടിപ്പോവണ മെന്നോ ഒക്കെ തോന്നുന്നുണ്ടായിരുന്നു .
എന്തായാലും ചേച്ചിയുടെ നമ്പർ വിളിച്ചതും ചേച്ചി എണീറ്റ് പോയതും പെർഫോമെൻസ് കഴിഞ്ഞു തിരികെവന്നതും വേഷം അഴിച്ചുമാറ്റുന്നതും ഒക്കെ നടക്കുമ്പോഴും ഞാനെന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് ഒരേ ഇരുപ്പ്. ഫാൻസി ഡ്രസ്സ് കോംപറ്റീഷൻ കഴിഞ്ഞു നാടകം തുടങ്ങുന്നു എന്ന് അനൌണ്സ്മെന്റ്. ഞാനപ്പോഴും എന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരുപ്പാണ്. പോരാത്തതിനു അതെ സ്കൂളിൽ പഠിക്കുന്ന എന്റെ ഗോക്കുട്ടൻഏട്ടൻ കൂളിംഗ് ഗ്ലാസ്സ് വിഷയം ആരോ പറഞ്ഞറിഞ്ഞ് എന്നെ വന്നു കുറെ ശകാരിച്ചിട്ടും പോയിട്ടുണ്ട്. "ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ്സ് നീ സൂക്ഷിച്ചില്ലെന്നും ആരുടെ കൈയിലാ കൊടുത്തിരിക്കുന്നത് എന്നറിയാമോ "എന്നൊക്കെ ചോദിച്ചിട്ടും ഞാൻ വാപൊളിച്ചിരുന്നതല്ലാതെ ഒന്നും അറിയില്ല. "അതിനി കിട്ടും ന്നു തോന്നുന്നില്ല ന്നൊക്കെ എന്നെ പറഞ്ഞു പേടിപ്പിച്ചിട്ട് ഏട്ടൻ സ്ഥലം വിട്ടു. ഏട്ടൻ നേരത്തെ ചെന്നു റിപ്പോർട്ട് ചെയ്യുമെന്നുറപ്പായി. എങ്ങാനും അതില്ലാതെ ചെന്നാൽ കിട്ടുന്ന അടിയുമോർത്തു വിഷമിച്ചിരിക്കുമ്പോൾ ഫാൻസി ഡ്രസ്സി ൻറെ ഫലപ്രഖ്യാപനം  മൈക്കിലൂടെ ...........
"ഒന്നാം സമ്മാനം ........................" ഒന്നാം സ്ഥാനം ജെസ്സിചേച്ചിക്കായിരുന്നു. അന്നെനിക്ക് രണ്ടാംസ്ഥാനം കിട്ടിയെങ്കിലും അതിൽ സന്തോഷിക്കാനോ, ദുഖി ക്കാനോ ഒന്നും ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.ഇതിനിടയിൽ ആരോ കൂളിംഗ് ഗ്ലാസ്സ് കൊണ്ടുതന്നിട്ടു ഓടിപ്പോയി. കൂളിംഗഗ്ലാസ്സിലേക്ക്  നോക്കിയ ഞാൻ ഞെട്ടിപോയി. അതിന്റെ ഫ്രെയിം ഒടിഞ്ഞിരിക്കുന്നു. കരയണോ? ചിരിക്കണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാൻവിഷമിച്ചു നിൽക്കുമ്പോൾ ആരോ അവിടെ പറയുന്ന കേട്ടു "ഫാൻസി ഡ്രസ്സിനു ക്രിസ്തുമസ്സ് ഫാദർ മുഖംമൂടിവച്ചല്ലേ കളിച്ചത് . പിന്നെങ്ങനെ അവർക്ക് ഒന്നാംസ്ഥാനം കിട്ടി."ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ വേഗം വീട്ടിലേക്കു തിരിച്ചു. ഓടിയോ, നടന്നോ എന്നൊന്നുമറിയില്ല വഴിനീളെ ഏട്ടനെ തിരയുന്നുണ്ടായിരുന്നു ദൂരെ മുന്നെയെങ്ങാനും പോവുന്നുണ്ടോ? എവിടെ ഏട്ടന്റെ പൊടിപോലും കാണാൻ കഴിഞ്ഞില്ല. ആദ്യേ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഓടിപ്പോയതാണെന്നു മനസ്സിലായി. വീട്ടിൽ ചെന്നപ്പോഴത്തെ പുകിലൊന്നും പറയാനില്ല. മൂത്തചേച്ചിയുടെയും പോരാത്തതിനു മറ്റുള്ളവരുടെയും വക ശാസന. "അവനവന്റെ സാധനങ്ങൾ സൂക്ഷിക്കാൻ പഠിക്കണം" ചേച്ചി കൂളിഗ് ഗ്ലാസ്സ് മേടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്നുണ്ടായിരുന്നു. (ചേട്ടൻ സിക്കിമിൽ തിരികെ പോയിരുന്നു.) ഞാൻ മഹാപരാധം ചെയ്ത കണക്കെ തലയും കുനിച്ചു നിൽക്കുമ്പോൾ ചേച്ചിമാരോടായി അമ്മ പറയുന്ന കേട്ടു "പോട്ടെ അവൾ കൊച്ചുകുട്ടിയല്ലേ " .  " എന്തു കൊച്ചുകുട്ടി വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണംന്നറീല്ലേ ആരേലും ചോദിച്ചാൽ എടുത്തങ്ങു കൊടുത്തെക്കുവാ എന്നിട്ട് വന്നു നിൽക്കണ നില്പ് കണ്ടില്ലേ " എന്റെ മറ്റു രണ്ടു ചേച്ചിമാരാണ് കേട്ടോ ഈ വില്ലത്തിമാർ. എന്റെ വിജയമ്മചേച്ചിയും, വഞ്ചെച്ചി യും. രണ്ടും വലിയ സാറന്മാരാണെന്നാ ഭാവം എന്തിനും ഏതിനും എന്നെ മര്യാദ പടിപ്പിക്കലാ രണ്ടിന്റെയും പണി. അമ്മയാ ഈ കൊച്ചിനെ ഇങ്ങനെ വഷ ളാക്കി വച്ചിരിക്കുന്നെ ഒരു സാധനം സൂക്ഷിക്കില്ല കാതിലെ കമ്മൽ എത്ര തവണ കളഞ്ഞിട്ടു വന്നിരിക്കണ് " ഇങ്ങനെ ഇവർ രണ്ടുപേർ ചേർന്ന് എനിക്കെതിരെ കുറെ ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുമ്പോഴും ഏട്ടൻ ഇതെല്ലാം ആസ്വദിച്ച് എനിക്കു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ടായിരുന്നു. ചേച്ചി കൂളിംഗ് ഗ്ലാസ്സുമായി  അകത്തേക്ക് നടക്കുന്നതിനിടയിൽ പറയുന്ന കേട്ടു "പോട്ടെ സാരമില്ലെടീ അവൾ സെക്കണ്ട് പ്രൈസ് ഒക്കെ വാങ്ങി വന്നതല്ലേ ഇനി അവളെ കരയിക്കാൻ നോക്കണ്ട" . അത് കേട്ടതും ഞാനോടി അകത്തെ മുറിയിലേക്ക് വരുമ്പോൾ 'ദാണ്ടേ ഒളിഞ്ഞു നിൽക്കുന്നു എന്റെ രമണിയേച്ചി'. എന്നെ കണ്ടതും മുഖംപൊത്തി ചിരി അടക്കി നില്ക്കയാണ്  നിനക്കതു വരണം ന്നുള്ള മട്ടിൽ. എന്താന്നല്ലേ ചേച്ചിയുടെ പെർഫോമെൻസ് കോപ്പിയടിച്ചതിന്റെ പ്രതികാരം. 

Wednesday, 31 December 2014

നവവത്സരാശംസകൾ

നാടെങ്ങും ആഘോഷങ്ങൾ,ദീപാലങ്കാരങ്ങളിൽ മുങ്ങിക്കുളിച്ച കെട്ടിട സമുച്ചയങ്ങൾ,ആഹ്ലാദാരവങ്ങൾ. എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും "നവവത്സരാശംസകൾ. "


Friday, 19 December 2014

എൻറെ വിദ്യാലയ സ്മരണകൾ

എന്റെ പ്രിയ കൂട്ടുകാർക്ക്,
നിങ്ങളുടെ ഇടയിലേക്ക് വരൂന്നതിനു മുൻപ് മലയാളം ന്യൂസിൽ കൊടുത്ത "വിദ്യാലയസ്മരണകൾ" എന്ന ഓർമകുറിപ്പ് "സ്നേഹം തിരയടിക്കുന്ന ഗുരുസാഗരം" എന്ന തലക്കെട്ടോടുകൂടി ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചു  വന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വായിച്ചു നിങ്ങളുടെ
അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു .
                      .....................................................................................................................


      അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന യുപീ സ്കൂളിൽ ചേരണം.  ഒന്നുമുതൽ നാലുവരെ ഒന്നിച്ചു പഠിച്ച സുനിതയാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു ഉച്ചയക്ക് ചോറുമായി വരുന്ന ഞാൻ സ്കൂളിനടുത്തുള്ള അവളുടെ വീട്ടിൽ പോയിരുന്നാണ് ഊണ് കഴിക്കൽ. അവളുടെ അമ്മച്ചി സ്നേഹപൂർവം മീൻ വറത്തതൊക്കെ എടുത്തു പാത്രത്തിൽ വച്ച് തരുമായിരുന്നു. വേഗത്തിൽ ഞങ്ങൾ ഭക്ഷണം കഴിച്ചു തീർത്ത് കളികളാണ്. അവളുടെ അടുത്ത വീട്ടിലെ ലിൻസിമോളും വേഗം ഭക്ഷണം കഴിച്ചു കളിക്കാൻ വരും. ഒന്നാമത്തെ ബെൽ അടിക്കുന്നതിനു തൊട്ടുമുന്പ് വരെ കളിച്ചു പിന്നെ ഓട്ടമാണ് സ്കൂളിലേക്ക്.


     എന്തായാലും നാലാംക്ലാസ്സ് പാസ്സായി അഞ്ചാം ക്ലാസ്സിൽ ചേർത്തു. ആദ്യത്തെ ദിവസം കുട്ടികളെല്ലാം സ്കൂൾഗ്രൗണ്ടിൽ നിരന്നുനിൽക്കുമ്പോൾ സുനിത ഓടിവന്നു പറഞ്ഞു. ഞാനും ലിൻസിമോളും പിന്നെ അനിതയും (അവളുടെ ബന്ധു) ഞങ്ങൾ മൂന്നുപേരും ഒരേ ഡിവിഷനിലാണ്. ഞങ്ങൾ മത്തനോട് നേരത്തെ പറഞ്ഞിരുന്നു. ആരാണീ മത്തൻ എന്നല്ലേ? മത്തൻ സ്കൂളിലെ പ്യൂണ് ആണ്. മത്തൻ വിചാരിച്ചാൽ അങ്ങനെയൊക്കെ പറ്റുമോ.? ആവോ ? എന്തായാലും ഞാൻ അത്  വിശ്വസിച്ചു. എനിക്ക് വിഷമവും അവരോടല്പം പരിഭവവും തോന്നി. എന്നിട്ട് മത്തനോട് എന്റെ പേരുകൂടി പറഞ്ഞില്ലല്ലോ.
അസംബ്ലി കഴിഞ്ഞ് കുട്ടികളെയെല്ലാം പേരുവിളിച്ചു ഓരോ ക്ലാസ്സുകളിലേക്കും വിട്ടു. ശരിയായിരുന്നു സുനിത പറഞ്ഞത് എന്നെനിക്കു തോന്നി. കാരണം അവർ മൂന്നുപേരും ഒരു ഡിവിഷനിൽ.  ഞാൻ മാത്രം!!! . എന്റെ ക്ലാസ്സിൽ കൂടെ പഠിച്ച കുറച്ചു കുട്ടികളെയൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവരാരും എനിക്കത്ര അടുപ്പമുള്ളവരായിരുന്നില്ല. ആദ്യഒരാഴ്ച വിഷമമായിരുന്നു. ഇന്റർവെൽ സമയങ്ങളിൽ ഞാൻ അവരുടെ അടുത്തേക്ക് ഓടിപ്പോവുമായിരുന്നു. പതിയെ പതിയെ ക്ലാസ്സിലെ കൂട്ടുകാരുമായി അടുക്കാൻ തുടങ്ങി. എന്തായാലും ഈ സംഭവത്തോടെ സ്കൂളിലെ പ്യൂണ് മത്തനോട് എനിക്ക് വലിയ  ബഹുമാനം ആയി. കൂട്ടുകാരോടും ഇത് ഞാൻ പറഞ്ഞു. അങ്ങനെ മത്തൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്ന് അവരും വിശ്വസിച്ചു. അതിനാൽ ഞങ്ങൾ കുട്ടികളെല്ലാവരും മത്തനെ വളരെ ആദരവോടെയാണ് വീക്ഷിച്ചിരുന്നത്.

   എന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരി സുമ . അടുത്തടുത്തായി താമസിച്ചിരുന്ന ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം. പിന്നെയും ക്ലാസ്സിലെ ചില കൂട്ടുകാരെ ഓർമ്മ വരുന്നു. ഒരു സുധ ചെറുവള്ളി തോട്ടത്തിൽ (ഇന്ന് വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന ചെറുവള്ളിഎസ്റ്റേറ്റ് ) നിന്നായിരുന്നു അവൾ വന്നിരുന്നത്. പിന്നെ അഞ്ചാം ക്ലാസ്സിൽ എന്റെ അടുത്തിരുന്ന കൂട്ടുകാരി ഖദീജ ,അവളുടെ ഇടത്തേകൈ സ്വാധീനം നഷ്ടപ്പെട്ടതായിരുന്നു.  ചെറുപ്പത്തിലെ അങ്ങനെ ആയിരുന്നോ പിന്നീട് സംഭവിച്ചതായിരിക്കുമോ എന്നൊക്കെ ഞാനന്ന് വിചാരിചിട്ടുണ്ടെങ്കിലും അവളോടതെപ്പറ്റി ചോദിച്ചു വിഷമിപ്പിക്കാൻ ഞാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്നാലും അവൾ എല്ലാ കാര്യങ്ങൾക്കും ഞങ്ങള്കൊപ്പം തന്നെയായിരുന്നു. കണക്കിനവൾ മിടുക്കി ആയിരുന്നു ഞാനോ ? മരമണ്ടി ആതിനാൽ കണക്കിനവളെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ബഞ്ചിലൊന്നാമതിരിക്കുന്ന ഞാൻ കണക്കിന്റെ പീരീഡ് ആവുംപോഴേക്കും മനപ്പൂർവം അവളെ പിടിച്ച് ഒന്നാമതിരുത്തി ഞാൻ അവളുടെ സ്ഥാനത്തിരിക്കും. കണക്കു സാറിൽനിന്ന് രക്ഷപെടാനുള്ള ഒരു പോംവഴി .
കണക്കിന്റെ കാര്യം പറയുംപോൾ എനിക്കെങ്ങനെ മാത്യു സാറിനെപ്പറ്റി പറയാതിരിക്കാനാവും ? ഹോംവർക്ക് ചെയ്തു കൊണ്ട് വന്നാൽ സാർ ഒരുകുട്ടിയെ അടുത്തേക്ക് വിളിച്ചു ചോക്ക്  തന്നു ബോർഡിൽ ചെയ്തുകാണിക്കാൻ പറയും . അച്ഛനുമായുള്ള പരിചയമാണോ, അതോ എന്റെ മിടുക്കനായ ചേട്ടനെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ടോ എന്താണന്നറിയില്ല സാറിന്റെ കണ്ണുകൾ വന്നുടക്കുന്നത് മിക്കവാറും ദിവസങ്ങളിൽ എന്നിൽതന്നെയാവും .കഷ്ടപ്പെട്ട്  ഗൃഹപാഠം ചെയ്തു കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാറിന്റെ വിളി കേൾക്കുംപോഴേ എന്നെ വിറക്കാൻ തുടങ്ങും. സാർ നീട്ടിത്തരുന്ന  ചോക്ക് വാങ്ങി സ്റ്റെപ്പുകൾ ഒക്കെ കൃത്യമായി എഴുതി വന്നാലും അവസാനം കണക്കുകൂട്ടലുകൾ വരുമ്പോൾ തെറ്റിപ്പോവും. വെപ്രാളവും,പേടിയും മൂലം അറിയാവുന്നതുകൂടി മറന്നുപോയിട്ടുണ്ടാവും. ചൂരവടി കൊണ്ടുള്ള അടിയോ,ചെവിക്കു കിഴുക്കോ ഒക്കെ കിട്ടും. ഇതു രണ്ടും ആയിരുന്നു സാറിന്റെ ശിക്ഷാരീതികൾ. തെറ്റിച്ചാലും സാറു വീണ്ടും ചോദ്യങ്ങൾ ചോദിച്ച് കൃത്യമായി പറഞ്ഞു ചെയ്യിപ്പിച്ചിരിക്കും. ഞാനാണെങ്കിൽ കരച്ചിലും തുടങ്ങിയിട്ടുണ്ടാവും. എന്തായാലും സാർ അതു മുഴുവൻ ചെയ്യിപ്പിച്ചേ വിടൂ. ഇതിനുള്ളിൽ മൂന്നാലടികൾ എങ്കിലും ഞാൻ മേടിച്ചിട്ടുണ്ടാവും. ഒടുവിൽ ഉത്തരം കിട്ടി അടിയിൽ രണ്ടു വരയിട്ടു കഴിയുമ്പോളേക്കും എന്റെ തലയിൽനിന്ന് ഒരു വലിയ  ചുമട് ഇറക്കി കിട്ടിയ ആശ്വാസമാവും. ഇന്നിനി ചോദ്യമൊന്നും എന്നോടുണ്ടാവണമെന്നില്ലല്ലോ. ഇനിയും സാറിന് വേറെ ഇരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മേശയിൽ ചോക്കു വച്ചിട്ട് സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ സാർ പറയും "പോയിരുന്നോ നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്" സമാധാനം. ഇന്നത്തെ കാര്യം കഴിഞ്ഞുകിട്ടി ഇനിനാളെയല്ലേ. നാളെ സാറെന്നെ വിളിക്കില്ലായിരിക്കാം. തിരിച്ചു ബെഞ്ചിൽ ഇരിക്കാൻ വരുന്ന എന്നെ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന കുട്ടികൾ  സഹതാപപൂർവം നോക്കുന്നതും കണ്ടിട്ടുണ്ട്. അവരുടെ മുഖങ്ങളിൽ ഞങ്ങൾ ഇന്നു രക്ഷപ്പെട്ടല്ലോ എന്ന ഭാവവും. ഇതിൽ ചിലരൊക്കെ ചിലപ്രാർത്ഥനകൾ ഒക്കെ രാവിലെ നടത്തിയാണ് വരുന്നത് എന്ന് പറയാറുണ്ടായിരുന്നു. "സാറിന്നു വരരുതേ " എന്ന്. ചില കുട്ടികൾ പറയും "പളളിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ആഗ്രഹം നടക്കും". മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ അടുത്തെങ്ങും പള്ളിയില്ലാത്തതിനാൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം മനസ്സിൽ ചെറിയ ഒരു പ്രാർത്ഥന നടത്തുമായിരുന്നു. "സാറിന്നു വരരുതേ". ഒരിക്കൽ ചേച്ചിയോട് പറഞ്ഞു "സാറിന് പനി പിടിച്ചിരുന്നെങ്കിൽ കുറച്ചു ദിവസം രക്ഷപെടാമായിരുന്നു." എന്ന്. ചേച്ചി എന്നെ ശാസിച്ചു. "ദോഷമാണ് ,ഗുരുക്കന്മാരെ അങ്ങനെ പറയാൻ പാടില്ല."  എന്തായാലും എന്റെ പ്രാർത്ഥനകൾ ഒന്നും അക്കാലങ്ങളിൽ ദൈവം കേട്ടതായി ഭാവിച്ചിട്ടില്ല.
                         
            എന്റെ സഹപാഠികളിൽ ചേച്ചിയുടെ ഒരുകൂട്ടുകാരിചേച്ചീടെ ആങ്ങള വർഗീസ് ചാക്കോ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . പഠിത്തത്തിൽ ഞാനും അവനും തമ്മിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഒരു മത്സരം നിലനിന്നിരുന്നു.കണക്കൊഴികെയുള്ള വിഷയങ്ങളിൽ ഞങ്ങൾ ഒരേ മാർക്കിലോ, ചിലപ്പോൾ ഒന്നോ രണ്ടോ മാർക്കിലോ  വ്യത്യാസം വന്നിരുന്നുള്ളൂ. പക്ഷെ കണക്കിന് അവനു ഫുൾ മാർക്കും കിട്ടിയിരിക്കും. എന്റെ ഉള്ളിൽ അവനോടു അല്പം അസൂയ ഇല്ലാതില്ല. 
      എന്തായാലും  ചില ദിനങ്ങളിൽ ഗൃഹപാഠം ചെയ്യിക്കലിൽ സാറിന്റെ ഇര അവൻ ആവും. അവൻ വേഗം ചെയ്തു തീർക്കയാണ് പതിവ്. എന്നാലും ചിലപ്പോഴൊക്കെ  അവൻ തെറ്റിക്കുകയും സാറിന്റെ ചൂരവടി കൊണ്ടുള്ള അടി വാങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആശ്വസിക്കാറുണ്ടായിരുന്നു. അത്രയും മിടുക്കനായിട്ടും അവനും അടി കിട്ടിയല്ലോ. പക്ഷെ അവനൊരിക്കലും കരഞ്ഞു കണ്ടിട്ടില്ല. ബാക്കി ഞങ്ങൾ കുട്ടികളെല്ലാം അടി വീണാൽ അപ്പോഴേ കരയും. ഞാൻ അന്നൊക്കെ ചിന്തിച്ചിട്ടുണ്ട് അവൻ എന്താ കരയാത്തെ? അവനു വേദനിക്കാഞ്ഞാണോ?

           ഒരിക്കൽ ക്ലാസ്സിലെ സുലോചന എന്ന കുട്ടി പറഞ്ഞു "അവൻ രണ്ടു നിക്കർ ഇട്ടിട്ടുണ്ടാവും. എന്തായാലും നല്ല കട്ടിയുള്ള നിക്കർ ആണ് അതാണ് സാർ അവനെ അടിക്കുമ്പോൾ വലിയ ശബ്ദം കേൾക്കുന്നത്".  അവളുടെ ഒരു കണ്ടുപിടുത്തം. അവളോട് ഞങ്ങൾ ആരും തന്നെ തർക്കിക്കാൻ    പോവാറില്ല.കാരണം അവൾ ഒന്നും സമ്മതിച്ചു തരില്ല അത്ര തന്നെ. ആ വർഷം ഇലക്ഷന് സ്ഥാനാർഥി ആയി മത്സരിച്ച ആരോ ഒരാൾ പേരോർമ്മയില്ല "അയാൾ ജയിച്ചാൽ നമ്മുടെ രാജ്യത്തെ  പ്രധാനമന്ത്രി അയാൾ ആവും എന്നവൾ ക്ലാസ്സിൽ പറഞ്ഞു എന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു. അയാൾ ജയിച്ചോ? പരാജയപ്പെട്ടോ? പിന്നീട് ഞങ്ങളുടെ വർത്തമാനങ്ങളിൽ അങ്ങനെ ഒരു കാര്യം വന്നിട്ടുമില്ല. എന്തായാലും വർഗീസു ചാക്കോ എന്ന കുട്ടി കരഞ്ഞു കണ്ടിട്ടില്ലാത്തതിനാൽ അതിൽ അവളുടെ കണ്ടുപിടുത്തം ഞങ്ങളും വിശ്വസിച്ചു. ക്ലാസ്സിൽ മിടുക്കനായി പഠിച്ചിരുന്ന ആ കുട്ടി ഇന്നെവിടെയെങ്കിലും ഉന്നതനിലയിൽ ജോലി ചെയ്തു ജീവിക്കുന്നുണ്ടാകും. 

   ഏഴാം ക്ലാസ്സോടെ അച്ഛൻ പെൻഷനായി അവിടം വിട്ടു ഞങ്ങൾക്കു മറ്റൊരു സ്ഥലത്തേക്ക് പോരേണ്ടി വന്നു. എങ്കിലും കുട്ടിക്കാലത്തെ ഈചെറിയ ചെറിയ സംഭവങ്ങളും,ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ ഹെഡ്മാസ്റ്റർ കുഞ്ഞുമോൻസാർ, കണക്കിന്റെ മാത്യു സാർ,എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള കുര്യൻ സാർ, ഇംഗ്ലീഷ് പഠിപ്പിച്ച ലേശം കഷണ്ടിയുള്ള എംപി തോമസ്സ് സാർ  ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

        മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു .   എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.



Thursday, 4 December 2014

കണ്ണുനീർപ്പൂവുകൾ

    ഭർത്താവിന്റെ സ്നേഹം അളക്കാം. അങ്ങനെയും ഒരു അളവുകോലുണ്ടോ? ഭർത്താവിന്റെ സ്നേഹം അളന്നു നോക്കേണ്ടതുണ്ടോ ? ഉച്ചയൂണ് കഴിഞ്ഞ്  ഇങ്ങോട്ടു വന്നിരുന്ന് ഈയാഴ്ചത്തെ വാരിക വെറുതെ ഒന്ന് മറിച്ചു നോക്കിയപ്പോൾ കണ്ടത് ലിസ്റ്റിട്ടു പത്തു ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. മാർക്കുസ്കോർ നോക്കി നമ്മെ സ്നേഹിക്കുന്നതിന്റെ അളവുകോൽ നമുക്കു തന്നെ നിർണ്ണയിക്കാം. "വിഡ്ഢിത്തം" അല്ലാതെന്തു പറയാൻ. അവസാനമായി " അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിക്കൂ ഭർത്താവിന്റെ സ്നേഹത്തിനു മേലുള്ള അവകാശം ഭാര്യക്കാണ് " എന്നെഴുതിയിരിക്കുന്നു ഹാവൂ ആശ്വാസം.
      വൈകിട്ട് ദീപേട്ടൻ വരുമ്പോൾ ഇതു പറഞ്ഞാൽ കിട്ടും ഇതിനുള്ള ചുട്ട മറുപടി. അറിയാതെ കണ്ണിലേക്കു മയക്കം വരുന്നു. കുറച്ചു ദിവസമായി ഉച്ചയുറക്കം പതിവായിരിക്കുന്നു.  ഇന്നിപ്പോൾ സുമതിയുള്ളതിനാൽ  പകൽസമയത്തെ വിരസത അറിഞ്ഞതെയില്ല.
     സുമതി വന്നാൽ പിന്നെ ജോലികൾക്കിടയിലും ധാര മുറിയാതെ സംസാരിച്ചു കൊണ്ടേയിരിക്കും. അടുക്കളയിൽ തിരക്കിട്ട തറ തുടയ്കലാണ്. ഊണു കഴിഞ്ഞാൽ പിന്നെ സുമതിക്ക് ധൃതിയാണ്. 
"മൂന്നുമണിക്ക് നേരിട്ടുള്ള ബസു കിട്ടും. സ്റ്റാന്റിലോട്ട് പോകുന്നവഴി കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. പൊത്താൻ (വിറക് ) കുറച്ചുള്ളത് മുറ്റത്ത് വെയിലത്ത് ഇട്ടിട്ടാണ് വന്നത് എല്ലാം നനഞ്ഞ വിറക് രാവിലെ എത്ര സമയം കൊണ്ടാണോ അടുപ്പൊന്നു കത്തിച്ചെടുക്കുന്നത്. ചെന്നിട്ടു മേലെപടിക്കൽ വീട്ടിൽ നിന്നും വെള്ളം കോരിക്കോണ്ടുവരണം. അഞ്ചുമണി കഴിഞ്ഞാൽ അവിടത്തെ വലിയമ്മ കിണറ്റിൽ നിന്നും വെള്ളം കോരാൻ സമ്മതിക്കില്ല.സന്ധ്യാസമയത്ത് വെള്ളം കോരിക്കൊണ്ടുപോവുന്നത് ദോഷമാണ് പോലും " ഇങ്ങനെ പോവുന്നു സുമതിയുടെ പരാതികൾ.
       വീണ്ടും സുമതിയുടെ സങ്കടക്കടൽ ഇങ്ങനെ നീണ്ടുപോകും. " ഇന്ന് വെള്ളിയാഴ്ച അല്ലെ ? അങ്ങേരു വൈകുന്നേരം വരും, ഏതു കോലത്തിലാവുമൊ ഇന്നുവരുന്നത് ? എനിക്കും മക്കൾക്കും ഇന്നു സമാധാനം ഉണ്ടാവുമോ? മൂത്തവനാണെങ്കിൽ തിരിച്ചറിവായി വരുന്നു. കഴിഞ്ഞാഴ്ച വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് അയാൾ ചീത്തവിളി തുടങ്ങിയതും മൂത്തവൻ ചോദ്യം ചെയ്തു. പിന്നെ അവന്റെ നേരെയായി. കേട്ടാലറക്കുന്ന കുറെ ചീത്തകൾ കൂടി അവന്റെ നേരെ അവൻ സഹികെട്ട് പുറത്തിറങ്ങ്ങി പോയി.അന്നത്തെ ദേഷ്യം മുഴുവൻ അയാൾ എന്റെ മേൽ തീർത്തു. കുഞ്ഞുങ്ങളെ പറഞ്ഞു ഞാൻ തിരിപ്പിച്ചുവച്ചിരിക്കയാണെന്ന്. വൈകോളം കഷ്ടപെട്ട് ചെല്ലുന്ന എന്നെ ഉപദ്രവിക്കുന്നതിനോ യാതൊരു ദാക്ഷിണ്യവുമില്ല   മടുത്തു സുജേ മടുത്തു '' അതിനിടയിൽ പുലമ്പുന്ന കേൾക്കാം "കാലമാടൻ" എന്റെ ജീവിതം ഇങ്ങനെ എരിഞ്ഞടങ്ങാനാണ് വിധി. പലപ്പോഴും വിചാരിച്ചിട്ടുണ്ട് എല്ലാം അവസാനിപ്പിച്ചാലോ? എന്റെ കുഞ്ഞുങ്ങളെ ഓർത്താൽ!! സുമതിയുടെ കണ്ണു നിറഞ്ഞിട്ടുണ്ടാവും. 
      ഞാൻ ആശ്വസിപ്പിക്കും "കുഞ്ഞുങ്ങൾ പഠിക്കാൻ മിടുക്കരല്ലേ അവർ വളർന്ന് ഒരു നിലയിലെത്തിയാൽ നിന്റെ ദുഃഖം ഒക്കെ മാറും സുമതീ തളരരുത്."
   അവൾ വേഗം ജോലി തീർത്ത് റെഡിയായി വന്നു. മണി രണ്ടേമുക്കാൽ.
"ആ ഇടവഴിയെ ഇറങ്ങിയാൽ വേഗം ബസ് സ്റ്റാന്റിലെത്താം കടയിലൊന്നു കയറണം മൂന്ന് മണിക്കത്തെ ബസ് കിട്ടുമോ? ആവോ? ". അവൾ പറഞ്ഞു.
    കൈയിലെടുത്തു വച്ചിരുന്ന കൂലിയും കടം ചോദിച്ച ആയിരം രൂപയും ഞാൻ കൊടുക്കുമ്പോൾ സുമതി എന്റെ മുഖത്തേയ്ക്  നോക്കി. 
"എന്റെ സുജേ ഇന്നാളിൽ മേടിച്ച അഞ്ഞൂറും കൂട്ടി ഒന്നിച്ചു തിരിച്ചു തരാം കേട്ടോ". 
"ആ സുമതി ചെല്ല്". ഞാൻ പറഞ്ഞു.
"ഞാൻ എന്നാലിറങ്ങട്ടെ കതകടച്ചേക്ക് സുജേ അടുത്ത വെള്ളിയാഴ്ച നേരത്തെ വരാൻ നോക്കാം". സുമതി പോയി. 
   വാതിലടച്ചു വന്നു ക്ലോക്കിൽ നോക്കി കുട്ടികൾ വരാൻ ഇനിയും സമയമെടുക്കും ദീപേട്ടൻ വരുമ്പോൾ ഏഴു മണിയാകും ഇന്നു മക്കൾക്ക് നൂഡിൽസ് മതിയെന്ന് ഓർഡർ ചെയ്തിട്ടാണ് പോയിരിക്കുന്നത് ദീപേട്ടന് പിന്നെ ചായ മാത്രം മതി. 
      വീണ്ടും മാഗസിനുമായി സോഫയിലേക്ക് ചാഞ്ഞു . കണ്ണിലേക്കു ഒരു മയക്കം വന്നു തുടങ്ങിയതേ കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടുണർന്നത്. താഴെ ഫ്ലാറ്റിലാണ്. ഡോർ തുറക്കുന്നതും ഉച്ചത്തിൽ ചിരിയും,വർത്തമാനവും കേൾക്കാം. ഗസ്റ്റുകൾ ആരോ വന്നതാവാം. കണ്ണിലേക്കു വന്ന മയക്കവും പോയി. 
       സുമതിക്ക് ബസ് കിട്ടിയിട്ടുണ്ടാവുമോ ആവോ ? വീണ്ടും അവളെപറ്റിയായി ചിന്ത. ദീപേട്ടനോട് പറഞ്ഞാൽ പറയും "എന്റെ സുജേ അവൾ പറയുന്നതെല്ലാം സത്യമാണോ അയാൾ ജോലി ചെയ്തുണ്ടാക്കുന്ന കാശ് പിന്നെ ആർക്കാണ്  കൊടുക്കുന്നത്? അവൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മിണ്ടാപൂച്ച ആയിരുന്നു. ഒരു പാവം. അവനെങ്ങനെ ഇങ്ങനെയായി. ആർക്കറിയാം ഇവളെങ്ങനെയെന്ന് നീ ആരെങ്കിലും  എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അതെല്ലാം വിശ്വസിക്കും. നീ അവളോട് കൂടുതൽകഥകൾ ഒന്നും ചോദിക്കാൻ പോവണ്ട" . ഇതാണു ദീപേട്ടന്റെ വാക്കുകൾ.
   അയാൾ ദീപേട്ടൻ പഠിച്ച സ്കൂളിൽ പഠിച്ചിട്ടുണ്ട്. കൂടുതലായി അറിയില്ലെങ്കിലും ദീപേട്ടന് ചെറിയ ഒരു ഓർമയുണ്ട് അയാളെ.
"നിനക്കിത്തിരി സഹതാപം കൂടുതലാണ്. കഥകളോരോന്നു  ചോദിച്ചറിഞ്ഞ്.  നീ നിന്റെ കാര്യം നോക്ക്". ദീപേട്ടൻ ചിലപ്പോൾ എന്നോടു ദേഷ്യപ്പെടും. 
       ദീപേട്ടന്റെ ഇതുപോലുള്ള മറുപടി കേൾക്കുമ്പോൾ "പുരുഷൻമാർ സാധാരണയായി തന്നെക്കുറിച്ചും, തനിക്കേറ്റവും അടുപ്പമുള്ളവരെക്കുറിച്ചും മാത്രമേ ചിന്തിക്കാറുള്ളൂ. സ്ത്രീകളാകട്ടെ പൊതുവെ അടുത്തും  അകലത്തുമുള്ളവരെക്കുറിച്ച് ചിന്തിച്ചു വേവലാതിപ്പെടുന്നു "എന്ന് എവിടെയോ വായിച്ചതായി ഓർമയിൽ  വരും. അത് ശരിയല്ലേ?
      ശരിയാണ്. ഞാനാണെങ്കിൽ എല്ലാം ചോദിച്ചറിയും. കാരണം മറ്റുള്ള വീടുകളിൽ അടുക്കളപണിക്കു വരാനുള്ള സാഹചര്യം എന്താവും? ഒരു സ്ത്രീയെന്നനിലയിൽ ഞാൻ ചിന്തിക്കും. എത്രയോ സ്ത്രീകൾ ഇങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി മറ്റുള്ള വീടുകളിൽ പോയി കഷ്ടപെട്ടു ജോലി ചെയ്തു ജീവിക്കുന്നു. കള്ളുകുടിയനായ ഭർത്താവുമാണെങ്കിലോ?                          ..           ...           ..
    എന്റെ ചിന്തകൾ വർഷങ്ങൾ പുറകോട്ടുപോയി. ചിന്നമ്മുവും സുമതിയെപ്പോലെയല്ലേ ? അല്ല. വ്യത്യാസങ്ങൾ ഉണ്ട്. രണ്ടു ജീവിതങ്ങളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. എന്നാലും ചിന്നമ്മുവിന്റെ ജീവിതവും ഇങ്ങനെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നല്ലോ? അന്നെനിക്ക് എത്ര വയസ്സുണ്ടാവും? അഞ്ചോ ആറോ വയസ്സ് കാണും.
      ചിന്നമ്മു വീട്ടിൽ അമ്മയെ ജോലികളിൽ സഹായിക്കാൻ വന്നിരുന്നു. അങ്ങു പുഴക്കക്കരെ പുറമ്പോക്കിലായിരുന്നു വീട്. അപ്പൻ കശാപ്പുകാരൻ. ഇളയ രണ്ടു സഹോദരങ്ങൾ. ചിന്നമ്മുവിന് അന്നെത്ര വയസ്സു കാണും? പതിനെട്ടോ പത്തൊന്പതോ.എന്തായാലും അതിനുമപ്പുറം പോവില്ല.  
     കള്ളിക്കൈലിമുണ്ടും ഉടുത്ത്, ചെറിയ ബ്ലൗസും ഇട്ട്  പഴയ സാരിയെന്തോ മുറിച്ച്  ഹാഫ് സാരി പോലെ ചുറ്റിയിട്ടുണ്ടാവും. നല്ല വണ്ണവും ഇരുനിറവുമുള്ള ചിന്നമ്മു ഒരു സുന്ദരിയൊന്നുമായിരുന്നില്ല . രാവിലെ വന്നാൽ തിരക്കിട്ട ജോലികളിൽ ഏർപ്പെടും. മുറ്റം അടിച്ച് ,തേച്ചു മഴക്കി,പാത്രങ്ങളിൽ വെള്ളം കോരി നിറച്ച് പിന്നെ അടുക്കളയിൽ കൊരണ്ടിപുറത്തിരുന്ന് അമ്മ കൊടുക്കുന്ന കാപ്പിയും , പലഹാരവും കഴിക്കുന്നത് ഞാൻ ചിലപ്പോഴൊക്കെ കൌതുകത്തോടെ നോക്കിയിരിക്കുമ്പോൾ ചിന്നമ്മു എന്നോടു ചോദിക്കാറുണ്ടായിരുന്നു "സുജമോള് കഴിച്ചോ?" . 
     ചില ദിവസങ്ങളിൽ ഞാൻ ചിന്നമ്മുവിന്റെ പുറകേ കൂടും. പുഴയിൽ തുണി നനക്കാൻ പോവുമ്പോൾ,പുല്ലുപറിക്കാൻ  കുന്നിൻമുകളിൽ പോകുമ്പോൾ അമ്മയുടെ പിറകേ നടന്നു കെഞ്ചി ഞാൻ അനുവാദം വാങ്ങും. നനക്കാനുള്ള തുണികളൊക്കെ വലിയ ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി തലയിൽ വച്ചാണ് ചിന്നമ്മു പുഴയിൽ പോവുന്നത്. ചിന്നമ്മുവിന്റെ കൈയിൽ തൂങ്ങി ഞാനും. "ചിന്നമ്മൂ കൊച്ചിനെ ശ്രദ്ധിച്ചോണേ". അമ്മ പറയും
       പുഴയിൽ ചെന്നാൽ ചിന്നമ്മു തുണി നനച്ചു തീരുംവരെ പുഴയിൽ കല്ലുകൾ പെറുക്കി എറിഞ്ഞും,വെള്ളത്തിലിറങ്ങികളിച്ചും ഞാനിരിക്കും. അവിടവിടെ പൊന്തി നിൽക്കുന്ന ചെറിയ പാറകളിൽ കയറാൻ ശ്രമിക്കുന്ന എന്നെ ചിന്നമ്മു വിലക്കും. "വഴുക്കലുണ്ട് മോളേ വീഴും". വലിയ നീളത്തിൽ കാണുന്ന ഒരു കല്ലിൽ ചിന്നമ്മു തുണികൾ അടിച്ചു നനക്കുന്നതു കാണുമ്പോൾ ഞാനും ചിലപ്പോൾ നിർബന്ധം പിടിക്കും. കുഞ്ഞു തുണി എന്തെങ്കിലും എന്റെ കൈയിൽ തരും. ഞാനും അതുപോലെ ആഞ്ഞടിച്ച് അലക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ചിന്നമ്മു ചിരിക്കും. വെള്ളത്തിൽ നിന്നു കയറാൻ കൂട്ടാക്കാത്ത എന്നെ " ദേ ഞണ്ട് " എന്നു പറഞ്ഞു പേടിപ്പിച്ചു കരയ്ക്  കയറ്റും. ആപുഴയിൽ ഞണ്ടുണ്ട് . കാലിൽ അത് ഇറുക്കി പിടിക്കും. എനിക്കതിനെ കാണുന്നതു പേടിയാണെന്ന് ചിന്നമ്മുവിനറിയാം. എന്നെ അനുസരിപ്പിക്കാൻ ചിന്നമ്മു കണ്ട ഒരു അടവായിരുന്നു അത്.
         എല്ലാ ദിവസവും ചിന്നമ്മു വരാറില്ല. കാരണം അയല്പക്കത്തെ അന്നമ്മച്ചിയുടെ വീട്ടിലും ഇടദിവസങ്ങളിൽ പണിക്കു പോവുന്നുണ്ട്. അന്നമ്മച്ചി അമ്മയുമായി നല്ല കൂട്ടാണ്. അങ്ങനെ രണ്ടു വീടുകളിലായി ജോലി ചെയ്തു ജീവിച്ചിരുന്ന ചിന്നമ്മു സ്കൂളിൽ പോയിട്ടുണ്ടോ,പഠിച്ചിട്ടുണ്ടോ ഒന്നും അറിയില്ല .      ചിന്നമ്മു ജോലി തീർത്ത് വൈകിട്ട് തിരികെ പോവുമ്പോൾ കൈയിൽ ചെറിയ പാത്രത്തിൽ അമ്മ എന്തെങ്കിലുമൊക്കെ കൊടുത്തയക്കും .ചിലപ്പോൾ ചെറിയ ഒരു കുട്ട എളിയിൽ വച്ചുകൊണ്ടാവും പോകുന്നത്. ചിന്നമ്മു പോവുമ്പോൾ വീടിന്റെ മുറ്റത്തെ നടയിൽ ഞാനിങ്ങനെ നോക്കിയിരിക്കും. പകൽ മറഞ്ഞു പോവുന്നത് പിന്നെ മെല്ലെ സന്ധ്യയാവുന്നത് എനിക്ക് സങ്കടമായിരുന്നു. "സുജക്കുട്ടീ പോട്ടെ"ചിന്നമ്മു പറയും. പടികൾ ഓരോന്നായി ഇറങ്ങി പോവുന്നതും നോക്കി ഞാനിരിക്കും.നേരെ നടപ്പാതയിലൂടെ നീങ്ങി അങ്ങു ദൂരെ നിഴലുപോലെ പുഴ കടന്ന് ചിന്നമ്മു പോകുന്നതു കണ്ണെത്തുവോളം ഞാൻ നോക്കിയിരിക്കും. മനസ്സിനുള്ളിൽ അപ്പോഴൊക്കെ ഒരു നേർത്ത സങ്കടം പൊടിക്കും.
    വീണ്ടും ആ ഇരുപ്പു തുടരും. ഇരുളിന്റെ വരവിനു മുന്നേ ചേക്കേറാൻ  തിരക്കിട്ടു പറന്നു പോവുന്ന ഒരു കൂട്ടം പറവകളെ കാണാൻ. എണ്ണിയാലുമെണ്ണിയാലും തീരാതെ പറന്നുപോവുന്ന പറവകളെ എത്ര നോക്കിയിരുന്നാലും മതിയാവില്ല. എത്ര രസമായിരുന്നു അവറ്റകളുടെ പോക്ക്. ആ ഇരുപ്പു തുടരുമ്പോൾ അമ്മയുടെ വിളി കാതിൽ മുഴങ്ങുന്നുണ്ടാവും .
" ഈ കൊച്ച് എവിടാ". 
"ഞാനിവിടുണ്ടേ" ഞാൻ പറയും. 
" സന്ധ്യ ആകുന്നു. വിളക്കു കൊളുത്താൻ തുടങ്ങുവാ കേറി വാ". അമ്മ പറയും.
    ഇടക്ക് എപ്പോഴോ ചിന്നമ്മു വരാതായി. അന്നമ്മച്ചിയും,അമ്മയും കൂടി ചിന്നമ്മുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്  കേട്ടിട്ടുണ്ട്. എന്താവും ചിന്നമ്മു വരാത്തത്. ഇടക്ക് ഒക്കെ ഞാനമ്മയോടു ചോദിക്കുമ്പോൾ "അവൾക്കു സുഖമില്ല " എന്നമ്മ പറയും.
         കുറെ ദിവസങ്ങൾക്കു ശേഷം ചിന്നമ്മുവിന്റെ അമ്മ പണിക്കു വരാൻ തുടങ്ങി. ഇടക്ക് ഒക്കെ അവർ അമ്മയോടു ചിന്നമ്മുവിന്റെ കാര്യം പറയുകയും, കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.അമ്മ അപ്പോൾ ആശ്വസിപ്പിക്കുന്നത് കാണാം. എനിക്കവരോടു ചിന്നമ്മുവിനോടുള്ളതുപോലുള്ള അടുപ്പം ഒന്നും തോന്നിയിട്ടില്ല. ചിന്നമ്മുവിന്റെ അപ്പനു സുഖമില്ല എന്നമ്മ പറയുന്ന കേട്ടു.  ചിന്നമ്മുവിന്റെ അമ്മ വന്നാൽ ജോലികളൊക്കെ തീർത്തു വേഗം പോകും.ഒരിക്കൽ അവർ ജോലി കഴിഞ്ഞ് അടുക്കള വാതിലിൽ അമ്മ കൊടുത്ത കട്ടൻകാപ്പി ഊതി കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ ഞാനവരോടു ചോദിച്ചു "ചിന്നമ്മു ഇനി എന്നാ വരിക"? അവർ വിഷാദം കലർന്ന ഒരു ചെറുപുഞ്ചിരിയോടെ എന്നോടു പറഞ്ഞു " വരും മോളേ  കുറച്ചു ദിവസം കഴിഞ്ഞു വരും". ഞാനവരുടെ കണ്ണുകളിൽ നോക്കി. ഒരു ജന്മത്തിന്റെ മുഴുവൻ ദു:ഖമോ ആ കണ്ണുകളിൽ.. അന്നെനിക്കതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ പറഞ്ഞത് ഞാൻ വിശ്വസിച്ചു ചിന്നമ്മു സൂക്കേട് മാറുമ്പോൾ വീണ്ടും പഴയപോലെ വരും. ഞാനതും കേട്ട് ഓടി അടുക്കള പുറകിലെ മുറ്റത്ത് അക്കു കളിക്കാനായി കളങ്ങൾ വരച്ചു കൊണ്ടു നിൽക്കുമ്പോൾ അമ്മ അവരോടു ചോദിക്കണ കേട്ടു "അവനെപ്പറ്റി വല്ല വിവരവും ഉണ്ടോ? നിങ്ങൾ എന്തെങ്കിലും തിരക്കുന്നുണ്ടോ?"
അവരെന്തോക്കെയോ അമ്മയോടു പറയുന്നുണ്ടായിരുന്നു. അവർ എപ്പോഴോ പോയി. ഞാൻ അപ്പോഴേക്കും തനിച്ചു ഒറ്റക്കാലിൽ ഞൊണ്ടി അക്കുകളി തുടങ്ങിയിരുന്നു. അമ്മയുടെ വിളി തുടങ്ങി. " ഇങ്ങോട്ടു കേറി വരണൊണ്ടോ നീയ്  മുറ്റം അടിച്ചു വൃത്തി ആക്കി ഇട്ടിരിക്കയാ. അവിടെ വരച്ചു വൃത്തികേടാക്കാതെ". 
             പിന്നെയും കുറെ നാളുകൾക്ക് ശേഷമല്ലേ ചിന്നമ്മു വീണ്ടും വരാൻ തുടങ്ങിയത്. പിന്നീട് ഇടക്കൊക്കെ വരാതായി. വേറെയും ഒന്നു രണ്ടു വീടുകളിൽ പണിക്കു പോകുന്നുണ്ട് എന്നമ്മ പറയുന്നതു കേട്ടു. തന്നെയുമല്ല  രാവിലെ വീട്ടിൽ വന്നാൽ പണി വേഗം തീർത്ത് ചിന്നമ്മു ഉച്ചക്കു ശേഷം അന്നമ്മച്ചിയുടെ വീട്ടിലും പോയിത്തുടങ്ങി. 
          ഒരിക്കൽ ചിന്നമ്മു 'അവനെ'യുമെടുത്തുകൊണ്ട് വീട്ടിൽ വന്നു. അമ്മ അവന്റെ കൈയിൽ ബിസ്കറ്റു വച്ചു കൊടുക്കുമ്പോൾ അവനമ്മയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ടിരുന്നു. അമ്മയെന്തോക്കെയോ അവനോടു ചോദിക്കുന്നതു കേട്ട് അവൻ ചെറിയ ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ടിരുന്നു. ഞാനും പോയി അവനെ നോക്കി നിന്നു അപ്പോൾ ചിന്നമ്മു അവനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു " ദേ കുട്ടാ ഇതാരാന്നു നോക്കിയേ" ചൂണ്ടിക്കാണിക്കുമ്പോൾ അവൻ നിഷ്കളംകമായി ചിരിച്ചുകൊണ്ടിരുന്നു.
       .......          ......        ... ......         ........ 
       അച്ഛന് സ്ഥലം മാറ്റമായി അവിടെ നിന്നും പോരുവാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എന്റെ കുഞ്ഞുമനസ്സ് സങ്കടം കൊണ്ടു വിതുമ്പി. ഈ കുഞ്ഞുപൂമ്പാറ്റകളും,ആകാശത്തെ പറവകളും,സൂര്യകാന്തിപൂക്കളും ഒക്കെ ഇനിചെല്ലുന്ന വീട്ടിലും ഉണ്ടാവുമോ? അവിടെ എനിക്ക് കളങ്ങൾ വരച്ചു തീർത്ത് അക്കു കളിക്കാൻ അടുക്കളപുറത്തു മുറ്റം ഉണ്ടാകുമോ? സങ്കടപ്പെടുമ്പോഴൊക്കെ അച്ഛൻ പറയും "മോൻ കരയല്ലേ അവിടെ നമുക്കൊരു കൊച്ചു വീടുണ്ട് നല്ല ഭംഗിയുള്ള വീട് ഇവിടെനിന്നും നമ്മൾ പോയേ പറ്റു അവിടെ നമുക്ക് സൂര്യകാന്തിചെടി നടാം". മാറാനുള്ള ദിവസങ്ങൾ അടുക്കുന്തോറും എനിക്ക് സങ്കടം ഏറി വന്നു. ഇടക്കൊക്കെ അന്നമ്മച്ചിയും വന്ന് അമ്മയോട് ഒത്തിരിനേരം വർത്തമാനം പറഞ്ഞിരുന്നു പോകും.
     അന്ന് വീട്ടിലാകെ തിരക്കും പണിക്കാർ  സാധനങ്ങൾ എല്ലാം പെറുക്കി ലോറിയിൽ കയറ്റുന്നു. അച്ഛൻ ഇടക്കിടെ മറക്കരുതെന്നു പറഞ്ഞ് എന്തൊക്കെയോ അമ്മയെ ഓർമ്മിപ്പിക്കുന്നു. കുറച്ച് അടുത്തായി താമസിക്കുന്ന ചെറിയച്ചൻ പണിക്കാർക്ക് നിർദേശം കൊടുത്തു നിൽക്കുന്നു. അച്ഛന്റെ വലിയ മേശ പിടിച്ചിറക്കുന്നതിന്റെ ബഹളം. ഞാനതിനിടയിൽക്കൂടി കയറി എന്റെ കുപ്പിവളമുറികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ബോക്സ് എടുത്ത് മറക്കാതെ ബാഗിൽ വയ്കാൻ, പിന്നെ ഞാൻ നിധിപോലെ  സൂക്ഷിച്ചിരുന്ന പളുങ്ക് പോലത്തെ കുറെ വട്ടുകൾ, ഒരിക്കൽ ഉത്സവത്തിന് അച്ഛനെനിക്കു വാങ്ങിത്തന്ന വെള്ളമുത്തുമാലയുടെ പൊട്ടിയ വെള്ളമുത്തുകൾ എല്ലാം ഒന്നുകൂടെ നോക്കണം. മറക്കാതെ അമ്മയുടെ ബാഗിൽ വക്കണം. ചെറിയച്ചൻ ദേഷ്യപ്പെട്ടു "മാറികൊടുക്ക്  സുജമോളെ അവർ സാധനങ്ങൾ പിടിച്ചിറക്കുന്നിടത്ത് നീ അതിനിടയിൽ തട്ടീം മുട്ടീം വീഴാനാണോ?" . ഞാനെന്നിട്ടും അതിനിടയിൽക്കൂടി നുഴഞ്ഞു കയറി അമ്മയുടെ വലിയബാഗിൽ ഒന്നൂടെ നോക്കി. ഞാനെടുത്തു വച്ചിരുന്നതൊക്കെ ഭദ്രമായുണ്ട്. 
        പിന്നെ ഇനി എന്ത് ? മനസ്സിനുള്ളിൽ എന്തോ ഒന്നു നഷ്ടപ്പെടുന്നതിന്റെ വേദന!! അതൊരു വലിയ കരച്ചിലായി പുറത്തേക്ക് വരുന്നെന്നു തോന്നിയപ്പോൾ ഞാൻ പുറകുവശത്തേക്കോടിയിറങ്ങി. അവിടുത്തെ കുഞ്ഞുവരാന്തയിൽ പോയിരുന്നു ഞാൻ തേങ്ങി. കുഞ്ഞുപൂമ്പാറ്റകളെ,പറവകളെ നിങ്ങൾ അവിടെയും വരുമോ? ബോറടിക്കുമ്പോൾ  ഒറ്റക്കിരുന്നു വർത്തമാനം പറഞ്ഞു കളിക്കാൻ എനിക്കവിടെയും ഇതുപോലൊരു കുഞ്ഞുവരാന്ത ഉണ്ടാവുമോ ? ഞാനറിയാതെ ഏങ്ങലടിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ഉറക്കെയുള്ള വിളി കേട്ടു. ഞാനോടിവരുമ്പോൾ അവിടെ നില്പുണ്ടായിരുന്നു ചിന്നമ്മു ..... പാവം ചിന്നമ്മു .....എന്നോടു ചോദിച്ചു "അവിടെ ചെന്നാൽ സുജമോളെന്നെ ഓർക്കുമോ? വലിയ കുട്ടിയാവുമ്പോൾ ഈ ചിന്നമ്മുവിനെ മറന്നു പോകും ല്ലേ ?. ഞാൻ ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞുവോ? ഗദ്ഗദം കൊണ്ട് എനിക്കു ശ്വാസം മുട്ടുന്നുവോ? കണ്ണുനിറഞ്ഞിട്ടാണോ എനിക്കു ചിന്നമ്മുവിന്റെ മുഖം തെളിഞ്ഞു കാണുവാൻ പറ്റാത്തത് . ഞാൻ കണ്ണുകൾ ഇറുകെയടച്ചുതുറന്ന് ചിന്നമ്മുവിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അച്ഛന്റെ വിളി വീണ്ടും "മോളേ.....". പൊട്ടിവന്ന തേങ്ങൽ അടക്കി ഞാനോടി അച്ഛന്റെ അടുത്തേക്ക്.
     പിന്നീടെത്ര ദിവസങ്ങളെടുത്തു പുതിയ സ്ഥലവും,വീടുമായി ഇണങ്ങി ചേരാൻ. പലപ്പോഴും അച്ഛൻ ആശ്വസിപ്പിച്ചു തന്നു "ഇതാണു മോളേ നമ്മുടെ സ്വന്തം വീട്". 
      ഇടക്കൊക്കെ ചെറിയച്ചൻ വരികയും അന്ന്  രാവേറോളം അച്ഛനും, അമ്മയുമായി വിശേഷങ്ങൾ പറഞ്ഞിരിക്കും. അച്ഛനും അമ്മയും അവിടുത്തെ ഓരോ കാര്യങ്ങൾ തിരക്കും. 
ഒരിക്കൽ കുറെനാളിനുശേഷം ചെറിയച്ചൻ വന്നപ്പോൾ അച്ഛനും, അമ്മയും വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ചെറിയച്ചൻ പറയുന്നതു കേട്ടു. " ഓ എന്തു പറയാനാ ആ ചിന്നമ്മുവിന് പിന്നെയും ഒരു കുഞ്ഞുകൂടി ആരൊക്കെയോ പറഞ്ഞുകേട്ടു. കുറെനാളായി അവളെ പുറത്തോട്ടൊന്നും കാണാനില്ലായിരുന്നു എന്നാണ് അടുത്തുള്ളവർ ഒക്കെ പറയുന്നത്. എന്തായാലും വലിയ ദുരിതത്തിലാണ്! തന്ത തീരെ കിടപ്പിലായി. തള്ള വീണ്ടും എവിടൊക്കെയോ പണിക്കു പോകുന്നുണ്ട്". അമ്മ മൂക്കത്ത് വിരൽ വച്ചിരിക്കുന്നതു കണ്ടു. അച്ഛനും,അമ്മയും ചെറിയച്ചനോട് പറയുന്ന കേട്ടു "അവളെത്ര വന്നാലും പഠിക്കില്ല. ഇത്ര ബുദ്ധി ഇല്ലാത്തവളായി പോയല്ലോ. കഷ്ടം!! ചിന്നമ്മുവിനെ മൂന്നുപേരും കുറ്റപ്പെടുത്തുന്നത് കേട്ടു. 
സത്യത്തിൽ ചിന്നമ്മു ഒരു പാവമായിരുന്നില്ലേ! ചിന്നമ്മു വീണ്ടും ചതിക്കപ്പെട്ടതായിരിക്കില്ലെ? അല്ലാതെ അറിഞ്ഞുകൊണ്ട് വീണ്ടും ആ തെറ്റിലേക്ക് വീഴുമോ? ആരാവും ചിന്നമ്മുവിനെ വീണ്ടും ചതിക്കുഴിയിലേക്ക് തള്ളിയിട്ടത്? പഴയ ആൾ വീണ്ടും ചിന്നമ്മുവിനോട് സ്നേഹം നടിച്ചുചെന്നതോ? അതോ വേറെ ആരെങ്കിലും വിവാഹവാഗ്ദാനം കൊടുത്തു ചതിക്കുഴിയിലേക്ക് വലിച്ചിട്ടതോ? ആരായാലും പാവം ചിന്നമ്മു അയാളെ വിശ്വസിച്ചിട്ടുണ്ടാകണം. ഒരു നല്ല ജീവിതം കിട്ടുമെന്നു പാവം പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആദ്യത്തെ അയാൾക്ക് ഭാര്യയും,രണ്ടു മക്കളുമുള്ള ആളായിരുന്നു എന്ന് പിന്നീടെപ്പോഴോ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നെ ആരാവും? അന്ന് ഞാൻ ചിന്തിച്ചിരുന്നു. 
കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ അമ്മ വഴക്ക് പറയും " കുട്ട്യോൾ എന്തിനാ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ തിരക്കണത്". 
       എത്ര വേഗമാണ് കാലങ്ങൾ കടന്നുപോയത്. അച്ഛന്റെയും, അമ്മയുടെയും വേർപാടും,ചെറിയച്ചന്റെ റിട്ടയർമെന്റും ആ നാടുമായുള്ള ബന്ധം അറ്റുപോയി. ഇന്നത്തെ തിരക്കിട്ട ജീവിതപ്പാച്ചിലിൽ എവിടെ സമയം? ജന്മനാടിനെയോ, ജനിച്ച മണ്ണിനെയോ ഓർക്കാൻ!! അല്ലെങ്കിൽ തന്നെ ഇനിയെന്തു ബന്ധം ആ നാടുമായി!! 
     ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഇപ്പോൾ മനസ്സിലേക്കൊടിയെത്തുന്നു. ആ മൂത്തകുട്ടി ഇപ്പോൾ എന്തായിട്ടുണ്ടാവും? അവൻ ചിന്നമ്മുവിനെ സംരക്ഷിക്കുന്നുണ്ടാവുമോ? ചിന്നമ്മുവിനോട് അവൻ ചോദിക്കില്ലേ അവന്റെ അച്ഛൻ ആരെന്ന്? അവൻ കുറ്റപ്പെടുത്തുന്നുണ്ടാവില്ലേ? അയാളെ തേടി പോയിട്ടുണ്ടാവുമോ അവൻ? അതോ അയാൾ കാണാൻ വന്നിട്ടുണ്ടാവുമോ അവനെ? ഇളയ കുട്ടിയും അയാളുടെ തന്നെയോ. "പിതാവിനാലും,ഭർത്താവിനാലും, പുത്രനാലും സംരക്ഷിക്കപ്പെടെണ്ടവൾ" എന്നല്ലേ ചൊല്ല് . ഇവിടെ ആരാലാവും ചിന്നമ്മു സംരക്ഷിക്കപ്പെട്ടിട്ടുണ്ടാവുക ?  അതോ ചിന്നമ്മു ഇന്നും പഴയ പോലെ കഷ്ടപ്പെട്ടാണോ ജീവിക്കുന്നത് .
    കാളിംഗ് ബെൽ നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരാ...... കുട്ടികളെത്തിയിരിക്കുന്നു. സമയം പോയതറിഞ്ഞില്ല. വേഗം ചാടിയെണീട്ട് ഓടിപ്പോയി ഡോർ തുറന്നതും നാളത്തെ അവധിയുടെ സന്തോഷത്താൽ മോനും, മോളും ബാഗും സോഫയിലെക്കിട്ട് ഓടി ഡ്രസ്സ് മാറാനായി. ഞാൻ വേഗം കിച്ചണിലേക്ക്  വച്ചുപിടിച്ചു കുട്ടികൾക്ക് ജ്യൂസ് എടുക്കാനായി.
----------------------------------------/-/--/-////----------------------------------------------

Tuesday, 25 November 2014


 നന്ദി ഒരുപാടു നന്ദി

               പ്രിയ സുഹൃത്തുക്കൾക്ക്‌,

                                നിങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് എന്നെ പരിചയപ്പെടുത്തി തന്ന ഞങ്ങളുടെ സുഹൃത്ത് ഫൈസലിനോട് ആദ്യമേ നന്ദി പറയട്ടെ. എന്റെ ചെറിയ ഒരു കഥ (ഓർമ്മയിലൂടെ) വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

 തുടർന്നും നിങ്ങൾ വായിക്കും എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. തീർച്ചയായും തെറ്റുകുറ്റങ്ങൾ കണ്ട് അഭിപ്രായം അറിയിക്കണം.


സ്നേഹത്തോടെ  

ഗീത ഓമനക്കുട്ടൻ

Thursday, 20 November 2014

ഓർമമയിലൂടെ.......


  
  നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മകൾ അല്ലെ നമ്മുടെ
ജനിച്ച വീടും അവിടുത്തെ കുട്ടിക്കാലങ്ങളും. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു വീട്. ചെറുപ്പത്തിൽ ഒക്കെ അത് സ്വന്തം വീടാണെന്നു ഞാൻ കരുതിയിരുന്നെങ്കിലും കുറച്ചു വലുതായപ്പോൾ അച്ഛൻ ജോലി ചെയ് തിരുന്ന എസ്റ്റേറ്റ് ലെ വീടായിരുന്നെന്നും തിരിച്ചറിഞ്ഞു. 

   അവിടെ അച്ഛൻ നട്ടു വളർത്തിയ ഒരു ചാമ്പമരമുണ്ടായിരുന്നു. സീസണ് ആയാൽ നിറയെ പഴുത്തു ചുവന്ന ചാമ്പക്ക്കൾ കൊണ്ട് നിറഞ്ഞിരിക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ എട്ടു മക്കൾ. ഞാൻ ഏറ്റവും ഇളയത് .എല്ലാ വീടുകളിലെയും പോലെ ഇളയ കുട്ടി ആയതിനാൽ എല്ലാവരുടെയും സ്നേഹവും, കരുതലും ഒക്കെ അല്പം കൂടുതൽ കിട്ടിയിരുന്നു. എന്റെ രണ്ടു ചേച്ചിമാരും, നേരെ മൂത്ത ചേട്ടനും വളരെ വേഗത്തിൽ ചാമ്പമരത്തിനു മുകളിൽ കയറിപ്പറ്റുമായിരുന്നു. പക്ഷെ അവർ ഒരിക്കലും എന്നെ ചാമ്പമരത്തിൽ കയറാൻ അനുവദിച്ചിട്ടില്ല. തന്നെയുമല്ല കയറാൻ ശ്രമിച്ചാൽ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാലും ഇടക്ക് ഒക്കെ ഞാൻ ഇവരുടെ കണ്ണ് വെട്ടിച്ചു ചെറിയകൊമ്പിലൊക്കെ വലിഞ്ഞു കയറുമായിരുന്നു. 

    ഒരിക്കൽ കയറ്റതിനിടെ കാലിൽ നീറ് (ഉറുമ്പ്)  പൊതിഞ്ഞതും പേടിച്ചു താഴേക്ക് മറിഞ്ഞു വീണതും ആരുടേയും കണ്ണിൽപെടാതെ രക്ഷപെട്ടതും ഓർക്കുന്നു. എന്തായാലും ചാമ്പയുമായുള്ള എന്റെ ഒരു അടുപ്പം അങ്ങനെ തുടർന്ന് പോരുന്ന കാലം. എന്റെ ചേച്ചിമാരിൽ വഞ്ഞെച്ചിയായിരിന്നു ചാമ്പച്ചുവട്ടിൽ കളിക്കുംപോഴൊക്കെ എന്നെ വന്നു നിരീക്ഷിച്ചിരുന്നത് നിർഭാഗ്യവശാൽ വന്നുനോക്കുന്പോഴൊക്കെ എന്റെ മടിയിൽ കുറെ ചാമ്പക്കകളും കാണും. വഴക്കും , അടിയും ഒക്കെ കിട്ടും. ഇതെല്ലാം തിന്നിട്ടു വൈകിട്ട് വയറുവേദന എന്നുപറഞ്ഞു കരയും ഇതായിരുന്നു ചേച്ചി കണ്ടുപിടിച്ച ന്യായം. എന്റെ ചേട്ടനോ ? ഇത് കേട്ടപാതി അച്ഛനോട് പറയാൻ പോവാ എന്ന് ഭീഷണി മുഴക്കിയിട്ടു ഓടും.
    
      സത്യത്തിൽ അച്ഛനെ എല്ലാവര്ക്കും പേടിയായിരുന്നു പക്ഷെ അച്ഛനെന്നെ വഴക്കുപരഞ്ഞതായി എനിക്കോർമയില്ല , ഇവർ പറഞ്ഞു കൊടുത്തിട്ടുള്ളതാണോ എന്തോ അച്ഛനെന്നെ ഇടക്കൊക്കെ വന്നുനോക്കി ചില ചെറിയ ഉപദേശങ്ങൾ ഒക്കെ തന്നു പോകാറാണ് പതിവ്.

   സ്കൂളിൽ ചിലകുട്ടികൾ ലോലോലിക്ക,പേരക്ക തുടങ്ങിയവ കൊണ്ടുവന്നു വിതരണം നടത്തിയിരുന്നു ഞാനും ചിലപ്പോഴൊക്കെ ചാമ്പക്ക കൊണ്ടുപോയിരുന്നു പക്ഷെ വളരെ കഷ്ടപ്പെട്ടാണ് ഇത് സാധിച്ചിരുന്നത് കാരണം എത്രപേരുടെ കണ്ണ് വെട്ടിച്ചുവേണം ഇത് സാധിച്ചെടുക്കാൻ എനിക്കാണെങ്കിൽ യാതൊരു സ്വാതന്ത്ര്യവും ഇല്ല ഒക്കെ അവരാണ് തീരുമാനിക്കുന്നത് . സ്കൂളിൽ പോകാനായി ഏത് ഡ്രസ്സ് ഇടണം മുടിയെങ്ങനെ കെട്ടണം ഇതൊക്കെ ചേച്ചിമാർ ആണ് ചെയ്തു തരുന്നത് ഇതിനിടയിൽ എങ്ങിനെയാണ് ചാമ്പക്ക പറിച്ചെടുക്ക ?  എന്തായാലും ഒരു ദിവസം സ്കൂളിൽ പോകാനുള്ള രാവിലത്തെ തിരക്കിനിടയിൽ ആരും കാണാതെ കുറെ ചാമ്ബയ്ക്കകൾ പറിച്ചു ഒരു പേപ്പറിൽ പൊതിഞ്ഞു ബാഗിലാക്കി സ്കൂളിൽ കൊണ്ടുപോയി. ഇന്റർവെൽ സമയത്ത് കൂട്ടുകാർക്കൊക്കെ വിതരണം നടത്തി. അപ്പോളാണ് ബീനാമോൾ ഓടിവന്നു  ചാമ്പയ്ക്ക ചോദിച്ചത്. ബീന എന്റെ കൂട്ടുകാരി സുനിതയുടെ ബന്ധു  ആണ്. വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. ഞങ്ങൾ അത്ര കൂട്ടൊന്നുമല്ല എങ്കിലും എന്തോ ഒരു അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളുടെ കൂടെ കളിയ്കാൻ വരുമായിരുന്നു. ഞങ്ങള്കൊക്കെ ആ കുട്ടിയെ ഇഷ്ടം ആയിരുന്നു.  എപ്പഴും ചിരിച്ചു കൊണ്ട് മാത്രം കണ്ടിട്ടുള്ള നല്ല വെളുത്ത നിറമുള്ള കുട്ടി. ആ കുട്ടിയ്ക്ക് ഇടയ്ക്കിടെ അസുഖം വന്നു കണ്ടിട്ടുണ്ട്. ബോധക്ഷയം ഉണ്ടാകും. അപസ്മാരം ആയിരുന്നു. നല്ല സാമ്പത്തികശേഷി ഉള്ള വീട്ടിലെ കുട്ടിയായിരുന്നു എന്നറിയാം. അന്നൊക്കെ ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സ ആയിട്ടില്ലല്ലോ?
   
    ബീനാമോൾ വന്നു ചോദിക്കുമ്പോൾ വിതരണം നടത്തി എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചാമ്പയ്ക്ക തീർന്നു പോയിരുന്നു. വിഷമിച്ചു നിന്ന എന്നോട് "സാരമില്ല മോളെ ഇനി കൊണ്ടുവരുമ്പോൾ മറക്കാതെ എനിക്ക് തരണം " എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് ഓടിപ്പോയി. 

  എന്തായാലും അടുത്ത ദിവസം ചാമ്പയ്ക്ക കൊണ്ടുപോവാൻ പറ്റിയില്ല. സ്കൂളിൽ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ അന്ന് അവധി ആണെന്നറിഞ്ഞു. അത് കേട്ടതും വേഗം വീട്ടിലെത്തി അത്രയും കൂടുതൽ സമയം കളിക്കാമല്ലോ എന്ന സന്തോഷത്തൽ ബാഗും എടുത്തുകൊണ്ടുള്ള ഓട്ടത്തിനിടയിൽ കുട്ടികളിൽ ആരോ ബീനമോൾക്കു അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു. ഓടിച്ചാടി വീട്ടിലെത്തിയപ്പോൾ അമ്മ ആരോ പറഞ്ഞരിഞ്ഞിരുന്നു സ്കൂളിലെ ഒരു കുട്ടി മരിച്ചു പോയതിനാലാണ് അവധി. പിന്നീടറിഞ്ഞു അത് ഞങ്ങളുടെ പാവം ബീനാമോൾ ആയിരുന്നു എന്ന്. വീട്ടില് വച്ചാണോ അതോ ഏതെങ്കിലും ഹോസ്പിറ്റലിൽ വച്ചാണോ ഓർമയില്ല. 

     അവസാനസമയത്ത് എന്നോട് ചാമ്പയ്ക്ക ചോദിച്ചു വന്നത് ,കൊടുക്കാൻ ചാമ്പയ്ക്ക ഇല്ലാതെ വിഷമിച്ചു നിന്ന എന്നെ ആശ്വസിപ്പിച്ചു പോയത്, ഇത്തിരികിട്ടുന്ന ഇന്റർവെൽ സമയങ്ങളിലും ധൃതി പിടിച്ചു കളിച്ചുകൊണ്ടിരിക്കുന്ന എന്നെ അതിലെയെങ്ങാനും പോയാൽ പിടിച്ചു നിർത്തി വർത്തമാനം പറഞ്ഞിട്ട് പോവുന്നത്. പുറമേ ഒരിക്കലും ഞങ്ങൾ അത്ര വലിയ കൂട്ടൊന്നുമല്ലായിരുന്നെങ്കിലും ഉള്ളിന്റെ ഉളളിൽ എന്തോ ഒരു സ്നേഹം ആ കുട്ടി കാത്തു സൂക്ഷിചിരുന്നുവോ ?    അടുത്തദിവസവും ക്ലാസ്സുണ്ടയിരുന്നില്ല. അതിനടുത്ത ദിവസം അസംബ്ലി സമയത്ത് ഹെഡ്മാസ്റ്റർ സാർ പ്രത്യേകം അനുശോചനം അറിയിച്ചു. ക്ലാസ്സിൽ അവരുടെ അയല്പക്കത്തുള്ള ചില കുട്ടികൾ ബീനമോളെ കാണാൻ പോയതായും അടക്കത്തിൽ പങ്കു കൊണ്ടിരുന്നതായും പറഞ്ഞു കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. എനിക്കൊന്നു കാണാൻ പറ്റിയില്ലല്ലോ അവസാനമായി ആ കുട്ടിയെ. 

അടുത്ത ദിവസം സുനിത സ്കൂളിൽ വന്നു ഞങ്ങളോട് പറഞ്ഞു പളളിയിൽ ഫാദർ പറഞ്ഞുപോലും " അവൾ മാലാഖയായി സ്വർഗ്ഗത്തിലേയ്ക് പോയി അവളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കൂ" എന്ന് . ഞാനും അത് വിശ്വസിക്കുന്നു. ആ കുട്ടി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു. ഹൃദയത്തിൽ ഒരുപാടു നന്മകൾ കാത്തുസൂക്ഷിച്ചിരുന്ന കുട്ടി. 
 
സ്കൂൾസമയങ്ങളിൽ കുറെ കാലത്തോളം ആ കുട്ടിയേപറ്റി ഓർക്കുമ്പോൾ ഒക്കെ മനസ്സില് ഒരു നൊമ്പരം ആയിരുന്നു. ഒരിക്കലും ആരുമായും പങ്കുവക്കാതിരുന്ന തുറന്നു പറയാൻ കഴിയാതെ പോയ ആ നൊമ്പരം!
ഇന്നു വർഷങ്ങൾ പിന്നിട്ടു ഞാനിതെഴുതുമ്പോഴും മനസിനുള്ളിൽ എവിടെയോ ഒരു നൊമ്പരം............!