Thursday, 2 April 2020

വായനാനുഭവങ്ങൾ മൂന്നാം ഭാഗം

അടുത്തത്‌ വീണപൂവ് … 
ഉമയുടെ “ നീ നിറയുന്ന നിമിഷങ്ങൾ “ 
കുറെ ഭംഗിയുള്ള ചിത്രങ്ങൾ … ഇലകളും പച്ചപ്പും കാറ്റിലാടുന്ന നെല്ലോലത്തുമ്പുകൾ കുറേ ഗ്രീറ്റിങ് കാർഡുകൾ നീണ്ടുകിടക്കുന്ന വിജനമായ കാട്ടുപാത … അവസാനം രണ്ടു മച്ചിങ്ങകളും ‘വെള്ളക്ക ‘ എന്ന്‌ ഞങ്ങളുടെ നാട്ടിൽ പറയുക. ഒക്കെയും കവയിത്രിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ആ സുഗന്ധം … ഓർമ്മകൾ … ഇഷ്ടം … ആഗ്രഹങ്ങൾ … ഒക്കെ മനോഹരമായ എഴുത്തിലൂടെ വായനക്കാരുടെ മനംകവരുന്നു. നാട്ടിടവഴിയിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ഒപ്പം പ്രണയാർദ്രമായ ഒരു മനസ്സിനെക്കൂടി വായിച്ചെടുക്കാനാവുന്നു. ആശംസകൾ ഉമാ . 

അടുത്തത് വി കെ അശോകിന്റെ “ ചിന്നുവിന്റെ നാട് “ 

ഇതു നടന്നതോ കഥയോ എന്ന്‌ സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത്. ശരിക്കും നടന്ന സംഭവംമാതിരി  വിവരിച്ചെഴുതാനുള്ള അശോക്‌ഭായിയുടെ കഴിവ് എടുത്തുപറയാതെ വയ്യ. നമ്മുടെ ബ്ലോഗ്‌സാപ്പിലെ കൂട്ടുകാരെ കഥാപാത്രങ്ങളാക്കി വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ് “ അനുവിന്റെ തിരോധാനം …” അടിപൊളിയാക്കി പറഞ്ഞവസാനിപ്പിച്ചു. ഇനിയിപ്പോൾ ഇങ്ങനെ ഇതെഴുതുമ്പോഴും ഉള്ളിൽ ഒരു സംശയം ഇല്ലാതില്ല. കേരളേട്ടനും വിനുവേട്ടനും നീലത്താമരേം ദിവ്യയും സുധിയും ബിലാത്തിയേട്ടനും എല്ലാം ചേർന്ന് ഇങ്ങനൊരു ട്രിപ്പ് നടത്തിയിട്ടുള്ളതോ ..? കാഞ്ഞിരപ്പള്ളിക്കാരി അനുവിന്റെ വീട്ടിലെ റബ്ബർതോട്ടം വരെ അതതുപോലെ വിവരിച്ചിരിക്കുന്നതു വായിച്ചപ്പോൾ തോന്നിയ ചെറിയ ഒരു സംശയം . എന്തായാലും ഭംഗിയായി പറഞ്ഞവസാനിപ്പിച്ചു. 
ആശംസകൾ അശോക് ഭായ് . 

അടുത്തത് നമ്മുടെ ആദി ടോക്സ്    “ കാലൻകോഴി “ എന്ന കഥ 

ആദ്യം വായിച്ചപ്പോൾ തമാശ കഥയായി തോന്നി. പിന്നീട് അനുഭവത്തിൽ നിന്നുള്ളതെന്നു മനസ്സിലായി. പ്രണയനൈരാശ്യത്തിൽ നിന്നുടലെടുത്ത ഒരു അവിവേകം.  പിന്നീടതിനെ അതിജീവിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നു എന്ന്‌ വായിച്ചറിഞ്ഞപ്പോൾ സമാധാനവും സന്തോഷവും വായനക്കാരുടെ മനസ്സിലും നിറയുന്നു. 
സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടാൻ വിവേകപൂർവം ചിന്തിച്ചു തീരുമാനങ്ങളെടുക്കാൻ മനസ്സിനു ധൈര്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു . ആശംസകൾ ആദി 

അടുത്തത് ഉദയപ്രഭൻസാറിന്റെ “ രക്തപങ്കിലം “ എന്ന കഥ 

ജീവിതത്തിൽ കടന്നുപോവുന്ന സംഭവങ്ങൾ. ഇങ്ങനെയൊരവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരിക വല്ലാത്ത ഒരവസ്ഥ തന്നെ. അത് വായനക്കാർക്കു മുന്നിൽ നന്നായി അവതരിപ്പിച്ചു.  സമാന്തരന്റെ കഥയും ഒരു ലോക്കോ പൈലറ്റിന്റെ സങ്കടങ്ങൾ … എങ്കിൽ ഇവിടെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു സംഭവം ആണ് 
ഉദയപ്രഭൻസർ എഴുതിയ “ രക്തപങ്കിലം “ . 

ഇങ്ങനെ എത്ര അനുഭവങ്ങളെ നേരിട്ടാവും ഇവരുടെ ജീവിതം. ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് താനോടിക്കുന്ന ട്രെയിനിനു മുൻപിൽ ആത്മഹത്യ ചെയ്യുന്നതും  അതേത്തുടർന്ന് ആ പൈലറ്റിനുണ്ടാവുന്ന മാനസ്സികസംഘർഷങ്ങൾ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു. വായനക്കാരുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞു. 
ആശംസകൾ ഉദയപ്രഭൻസർ . 

അടുത്തത് അനുവിന്റെ “ കൽക്കണ്ടം “.   “ അവൾ “ എന്ന കഥ 

നമ്മുടെ ജീവിതത്തിൽ യാത്രക്കിടയിൽ ഒക്കെ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കും. ഒരിക്കലും മായാതെ ആ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. നമ്മെ വല്ലാതെ ആകർഷിക്കുന്നത്. അത്തരമൊരനുഭവം വളരെ മനോഹരമായി നമുക്കു മുൻപിൽ കാട്ടിത്തരുന്നു അനുവിന്റെ “ അവൾ “ എന്ന കഥ. ആശംസകൾ അനു . 

അടുത്തത് ആനന്ദിന്റെ സമസ്യ 
“ കൊള്ളിന്റെ തെമ്പത്തെ കച്ചോടം ..” 
ഈ പേര് എനിക്കൊന്നും മനസ്സിലായില്ല. കോഴിക്കോട്ടെ നാട്ടുഭാഷ.  നാടും നാട്ടുഭാഷയും അടിപൊളി. കുട്ടിക്കാല ഓർമ്മകൾ നാട്ടുഭാഷയിലൂടെ ആ സംഭാഷണങ്ങളിലൂടെ വളരെ മനോഹരമായി എഴുതി. താഴെ വാക്കുകളുടെ അർത്ഥങ്ങൾ വിവരിച്ചതിനാൽ വായനക്കാർക്ക് ഓരോ വാക്കുകളും മനസ്സിലാക്കിയെടുക്കാനുമായി. ആശംസകൾ ആനന്ദ് . 

അടുത്തത് ആർഷയുടെ സ്വന്തം ശ്യാമ 
“ കാണാതെ പോയൊരു നിറം “ 
കുഞ്ഞിയേച്ചി എന്ന ലയയുടെയും അനി എന്ന അനിരുദ്ധിന്റേയും കഥ. വർഷങ്ങൾ പിന്നിട്ടിട്ടും പതിനാലുകാരന്റെ മനസ്സുമായി മുറപ്പെണ്ണിനെ കാണാനെത്തുന്ന അനി. പണ്ടെന്നോ ചെയ്തുപോയൊരു തെറ്റിന് ചെയ്യുന്ന ഒരു പ്രായശ്ചിത്തമെന്നോണം ഉള്ള അനിയുടെ വരവ്. അത് മനസ്സിലാക്കാതെ വർഷങ്ങൾക്കു ശേഷം അനിയെ കാണുമ്പോഴുണ്ടാകുന്ന കുഞ്ഞേച്ചിയുടെ ആഹ്ലാദം… കഥയുടെ അവസാനം അനിരുദ്ധ് 
40- ൽ നിന്ന്‌ പഴയ പതിനാലുകാരനെപ്പോലെ എന്നു പറഞ്ഞുവെക്കുന്നു കഥാകാരി. വായനക്കാരിൽ പലർക്കും പരാതി … “ കുറച്ചുകൂടി എഴുതിത്തീർക്കാനുണ്ടായിരുന്നില്ലേ “ എന്ന്‌ . പക്ഷേ ഈ ചെറിയ കഥയിലൂടെ പണ്ടുനടന്ന സംഭവങ്ങളും പശ്ചാത്തലവും അനിരുദ്ധന്റെ വരവിന്റെ ഉദ്ദേശവും എല്ലാം ചുരുങ്ങിയ വാക്കുകളിലൂടെ പറഞ്ഞവസാനിപ്പിക്കുന്നു കഥാകാരി.  ആശംസകൾ ആർഷ. 












Saturday, 21 March 2020

അല്ലി

അല്ലി 
*******
പുലർച്ചെയുള്ള യാത്രയുടെ സുഖം നല്ലോണം ആസ്വദിച്ചു .  പുലർച്ചെയാത്ര മടിപിടിച്ചൊരു കാര്യമായിരുന്നു . പ്രഭേട്ടൻ തന്നോടു പലപ്പോഴും കലഹം കൂടിയിട്ടുള്ളതും ഈ ഒരൊറ്റക്കാരണത്താൽ തന്നെ . രാവിലെ കുളിച്ചൊരുങ്ങുമ്പോൾ അമ്മക്കതിശയമായിരുന്നു . രണ്ടുനാൾ കഴിഞ്ഞേയുള്ളൂ മടക്കം ന്നു കേട്ടപ്പോൾ ആ അതിശയം ഇരട്ടിച്ചു . ജോലിത്തിരക്കു കഴിഞ്ഞ് ഒന്നിനും നേരമില്ലായെന്ന് എപ്പോഴും പരാതിപറയുന്ന മകൾ … ഇന്നലെ വൈകുന്നേരം സ്വന്തം വീട്ടിലോട്ടു വന്നിട്ട് രാവിലെയുള്ള ഈ യാത്ര പുറപ്പെടൽ . ചെറിയമ്മക്കരികിലേക്കായതിനാൽ അമ്മക്കാശങ്കയില്ല. 

നേരിട്ടുള്ള ബസ്സിൽ രണ്ടുമണിക്കൂർ യാത്രയിൽ നേരെ ക്ഷേത്രത്തിന്റെ  മുൻപിലുള്ള സ്റ്റോപ്പിൽ ഇറങ്ങിനടക്കുമ്പോൾ ശ്രദ്ധിച്ചു . ഇവിടെ പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല . പ്രധാനകവാടം കടന്നകത്തേക്കു കയറി . ശാന്തമാണന്തരീക്ഷം . മൂന്നോനാലോ പേരൊക്കെ തൊഴുതുമടങ്ങുന്നു . പുഴയുടെ മേലെയുള്ള കൈവരിപ്പാലത്തിൽക്കൂടെ നടക്കുമ്പോൾ ഓർക്കുകയായിരുന്നു….. പഴയപോലെതന്നെ .. ഇടത്തേസൈഡിലെ കടവിൽ പുരുഷൻമാർ കുളിക്കുന്നു . വലത്തേസൈഡിൽ  കുറേ സ്ത്രീകൾ തുണികൾ അടിച്ചുനനച്ചു കുളിക്കുന്നതിന്റെ ബഹളങ്ങൾ . തോർത്തു മാറിൽചുറ്റിനിന്നിങ്ങനെ കുളിക്കുന്നതു കണ്ടപ്പോൾ “ അയ്യേ … “ എന്ന്‌ തോന്നിപ്പോയ ആ ഒരു നിമിഷത്തെ ശപിച്ചു . ചെറുപ്പത്തിൽ എത്രയോ തവണ ഈ ക്ഷേത്രത്തിൽ വരുമ്പോൾ കണ്ടിട്ടുള്ള കാഴ്ചകൾ . പരിഷ്കാരത്തിന്റെ മാറാലകളാൽ ആവരണം ചെയ്യപ്പെട്ട എന്റെ കണ്ണുകളെ ഓർത്തു ലജ്ജ തോന്നി . ഇന്നും ആ പഴയ ഗ്രാമീണനിഷ്കളങ്കത ഇവിടെ നിലനിൽക്കുന്നു . നഷ്ടമായതിനെ ഓർത്തു ലജ്ജയോ ദുഃഖമോ എന്താണിപ്പോൾ മനസ്സിൽ തോന്നുന്നത് … ആവോ എനിക്കൊന്നുമറിയില്ല . ചിന്നുമോൾക്ക് അവധിയുണ്ടായിരുന്നെങ്കിൽ അവളെയും കൂട്ടാമായിരുന്നു . അവളെ ഇവിടേയ്ക്ക് ഒരിക്കലെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നാഗ്രഹം ഉണ്ട് . അവൾക്കീ കാഴ്ചകൾ കൗതുകം നൽകും ഉറപ്പ്‌ . 

എണ്ണയും സാമ്പ്രാണിയും കർപ്പൂരവും വിൽക്കുന്ന ചെറിയൊരു കട . അതിനരികിൽ ചെരിപ്പൂരിയിട്ട് മെല്ലെ പുഴയുടെ പടികളിറങ്ങി . കുളിക്കിടയിലുള്ള സ്ത്രീകളുടെ നാട്ടുവർത്തമാനങ്ങൾ . അങ്ങു താഴെ കുറേ നീങ്ങി കുറച്ചു സ്ത്രീകൾ അവിടെയും നനച്ചുകുളിക്കുന്നു . പുഴയുടെ നടുവിലൂടെ കല്ലുകൾ പാകി വേർതിരിച്ച് വെള്ളം അതിനിടയിലൂടെ ഊർന്നൊഴുകി പോകുന്നു . 'അമ്മ പണ്ടു പറഞ്ഞതോർമ്മ വന്നു ‘ അമ്പലത്തിൽ കയറാൻ പറ്റാത്ത സമയത്ത് സ്ത്രീകൾക്ക് അവിടെ കുളിക്കാം ‘ ഇതിനൊന്നും ലവലേശം മാറ്റം ഉണ്ടായിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടു .  താഴെ പടിയിൽനിന്ന് കാലുകൾ നനയ്ക്കുമ്പോൾ ശരീരത്തിലേക്ക് കുളിർമ്മ പടർന്നുകയറി . കൈക്കുമ്പിളിൽ വെള്ളംകോരി മേലാകെ ഒന്നുകുടഞ്ഞ്‌ പടവുകൾ കയറി സാമ്പ്രാണിയും കർപ്പൂരവും എണ്ണയും വാങ്ങി അകത്തേക്കു കയറി . എത്ര ശാന്തം . കുറച്ചുപേർ പ്രദക്ഷിണം വയ്ക്കുന്നുണ്ട് . പൂജാസാധനങ്ങൾ നടയിൽവച്ചു തൊഴുതിറങ്ങുമ്പോൾ ഓർത്തു മുൻപേ നടന്നു പ്രദക്ഷിണം വച്ച ഒരു കറുത്ത സ്ത്രീ രണ്ടുമൂന്നുവട്ടം തിരിഞ്ഞുനോക്കി നടക്കുന്ന കണ്ടു . തന്നെ ആരും തിരിച്ചറിയാൻ തരമില്ല . പുറത്തിറങ്ങി വലംവച്ചു തൊഴുതു നടന്നുവരുമ്പോൾ മനസ്സിലേക്കോടിയെത്തിയത് ഏട്ടനോടും ഏടത്തിയോടുമൊപ്പം പണ്ട് ക്ഷേത്രത്തിൽ വന്ന ചെറിയൊരോർമ്മ … അന്നവരുടെ വിവാഹം കഴിഞ്ഞ നാളുകൾ .. ഏട്ടൻ തന്നെ തോളിലേറ്റി നടന്നത്…. തന്റെ കുഞ്ഞിക്കാലുകളിൽ തടവി “ നിനക്കൊരു ചിലങ്ക വാങ്ങിത്തരുന്നുണ്ട് .. ഡാൻസ് കളിക്കണം ട്ടോ …” എന്ന്‌ ഏട്ടൻ പറഞ്ഞത്. പ്രദക്ഷിണം ചെയ്തു നടക്കുമ്പോൾ ഏടത്തിക്കെല്ലാം കൗതുകമായിരുന്നു. ഏട്ടനോരോന്നും വിശദമാക്കിക്കൊടുക്കുന്നുമുണ്ടായിരുന്നു. എല്ലാം ഇന്നലെയെന്നപോലെ …!! എല്ലാ ബന്ധങ്ങളെയും കോർത്തിണക്കിക്കൊണ്ടുപോകുന്ന കുടുംബത്തെ ഒരു കണ്ണിയായിരുന്നു ഏട്ടൻ. ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് … എത്രവേഗം …! അറിയാതെ നിറഞ്ഞുവന്ന കണ്ണുകൾ .. ആരും കാണാതിരിക്കാൻ വേഗം തുടച്ചുനീക്കി. വലം വച്ചു വരുമ്പോൾ ആലിൻചുവട്ടിൽ രണ്ടുമൂന്നു സ്ത്രീകൾ വിശ്രമിക്കുന്നു . അവിടെ ഒരുവശത്തായി ഇരുന്നുകൊണ്ട് ബാഗിൽനിന്നു മൊബൈൽ എടുത്തു . ചിന്നുമോളുടെ നാലു മിസ്സ് കാൾ . അമ്പലത്തിനുള്ളിൽ കയറിയപ്പോൾ സൈലന്റ് മോഡിലിട്ടതാണ് . ആദ്യം ചെറിയമ്മയെ 
വിളിച്ചു . ചെറിയച്ചൻ കൂട്ടിക്കൊണ്ടുപോവാനായി പുറപ്പെട്ടിട്ടുണ്ടത്രേ .. രണ്ടാളും കണക്കാ .. കൊച്ചുകുട്ടികളോടെന്നപോലെയാ ഇപ്പോഴും … ബസ്സുകയറിയങ്ങെത്തിക്കൊള്ളാം … ചെറിയച്ചൻ വരേണ്ടതില്ല എന്നുപറഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം . 
ചിന്നുമോളെ വിളിച്ചു അവൾക്കാകാംക്ഷ അടക്കാനാവുന്നില്ല “ അമ്മേ .. ഇപ്പൊ എവിടായി അമ്മേ .. അമ്മക്കിഷ്ടമുള്ള അമ്മേടെ പഴയ സ്ഥലങ്ങളെല്ലാം കണ്ടുവേണം മടങ്ങിവരാൻ . അമ്മയിപ്പഴാ അമ്മേ ഒരു സ്ത്രീയായത് .. ഞാനെന്റെ ഫ്രണ്ട്സിനോടൊക്കെ പറഞ്ഞു അമ്മേ ..” 'അമ്മ ടു ഡേയ്സ് ടൂർ പോയിരിക്കുന്നു ഒറ്റയ്ക്ക് എന്ന് ..” അവളുടെ ഉത്സാഹവും വർത്തമാനവും കേട്ടപ്പോൾ ചിരിയാണ് വന്നത് . ഹോസ്റ്റലിലെ ബഹളവും വർത്തമാനവും കേൾക്കാം . ‘മോൾ അടുത്താഴ്ച വരുമോ  ..’. “ ഇല്ലമ്മേ … മാസാവസാനമേ എത്തൂ .. ധാരാളം പഠിക്കാനുണ്ട് .. “ എന്നുപറഞ്ഞ് മോൾ ഫോൺ വച്ചപ്പോൾ ഓർത്തു കാലഘട്ടങ്ങളുടെ ഒരു വ്യത്യാസം . എന്നും മുതിർന്നവരെ ഭയന്നും ആഗ്രഹങ്ങൾ അടക്കിവച്ചും ഉള്ള ജീവിതം . പക്ഷേ ഇന്നത്തെ കുട്ടികളോ എത്ര സ്വാതന്ത്ര്യത്തോടെയും ധൈര്യത്തോടെയും കാര്യങ്ങളെ നേരിടുന്നു . എത്ര സ്വാതന്ത്ര്യത്തോടെയാണ് തന്റെ മകൾ അവളുടെ അച്ഛന്റെ അടുത്ത് അവളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ തുറന്നുപറയുന്നത്. അതാണിന്നത്തെ തലമുറ . ഭാഗ്യം ഉള്ള കുട്ടികൾ .  ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ധൈര്യപൂർവം ഒറ്റയ്ക്ക് ഒരു യാത്രക്കൊരുങ്ങിയതും ധൈര്യപൂർവം ഇറങ്ങിത്തിരിച്ചതും . തന്റെ മകളും അമ്മയുടെ ഈ യാത്രയിൽ സന്തോഷിക്കുന്നു . മൊബൈൽ ബാഗിലേയ്ക്കിട്ട് ബാഗിനുള്ളിൽനിന്ന് ഒരുകടലാസെടുത്ത് പ്രസാദം അതിൽ പൊതിഞ്ഞു ബാഗിലേക്കു വയ്ക്കുമ്പോൾ “ മാലേത്തെ സീതയല്ലേ …” ചോദ്യം കേട്ടു മുഖമുയർത്തി … ആ സ്ത്രീ .. തനിക്കു മുൻപേ പ്രദക്ഷിണം വച്ച … ‘ അതേ ..’ എന്ന് പറഞ്ഞപ്പോൾ അവരാരാവും ന്നുള്ള ചോദ്യമായിരുന്നു മനസ്സിൽ . “ എന്നെ മനസ്സിലായോ ..” എന്ന ചിരിയോടെയുള്ള ചോദ്യം … 
ഈ മുഖം …. ഓർത്തെടുത്തു …’ അല്ലി അല്ലേ ..’. 
അവരുടെ മുഖത്തൊരു ചിരി .
“ പഴയ തടിയൊക്കെ എവിടെപ്പോയി … എന്നാലും ഈ മുഖത്തിനൊരു മാറ്റവുമില്ല ..” ആശ്ചര്യത്തോടെയുള്ള അവരുടെ വാക്കുകൾ .  അവർ വീണ്ടും പറഞ്ഞു “ എളേമ്മേ ഇടക്കൊക്കെ കാണുമ്പോൾ തിരക്കാറുണ്ട് .. സീതേടെ വിശേഷങ്ങളൊക്കെ പറയാറുണ്ട് .. ഇപ്പോ കോഴിക്കോട്ടാ ജോലി അല്ലേ .. “ 
തന്റെ വിവരങ്ങളൊക്കെ അറിഞ്ഞുവച്ചിരിക്കുവാണല്ലോ എന്നതിശയം തോന്നി .  ഒന്നു നിർത്തിയിട്ട് അവർ ചോദിച്ചു “ അല്ല .. സീത തനിച്ചാ വന്നേ .. എളേമ്മക്കരികിലേക്കോ  അതോ മടങ്ങിപ്പോവാണോ .. “ 
‘ ചെറിയച്ചൻ ഇപ്പോൾ എത്തും .. കൂട്ടിക്കൊണ്ടുപോവാനായി ..’ എന്നു പറഞ്ഞപ്പോൾ “ എന്നാ ഞാൻ നടക്കട്ടെ .. ചന്തേലൊന്നു കയറണം ….” ന്നു പറഞ്ഞ് വേഗം നടന്നുനീങ്ങുന്ന അല്ലിയെയും നോക്കിയിരുന്നപ്പോൾ അറിയാതെ ഭൂതകാലങ്ങൾ മനസ്സിലേക്കോരോന്നായി ഓടിയെത്തി . 

പിന്നാമ്പുറത്തെ അടുക്കളവശത്തെ ജനാലക്കരികിൽ പോയിനിന്ന്‌ അമ്മയെ പറ്റിക്കുക ഒരു രസമായിരുന്നു കുഞ്ഞുന്നാളുകളിൽ . പിറകുവശത്തെ അയയിൽ തൂക്കിയിട്ടിരിക്കുന്ന തോർത്ത് അരയിൽച്ചുറ്റി തോളത്തേക്ക് സാരി ഇട്ടിരിക്കുന്ന മാതിരി തുമ്പ് വലിച്ചിട്ട് മെല്ലെപ്പതുങ്ങി അടുക്കളവശത്തെ ജനാലയിൽ മെല്ലെപ്പിടിച്ച് വിളിക്കും ‘ അമ്മേ .. ഓരോമക്കാ കുത്തിയിട്ടോട്ടെ .. ഇച്ചിരി തേങ്ങാ കൂടി തര്വോ ..’ അപ്പൊ അടുക്കളയിൽ തിരക്കിട്ടു പണികൾ നടത്തുന്ന തിരക്കിലായാലും 'അമ്മ ചോദിക്കും “ അല്ല ഇതാരാ .. അല്ലിയോ .. “. ‘   ‘ അയ്യോ .. അമ്മെ പറ്റിച്ചേ .. ‘ എന്നു പറഞ്ഞൊരോട്ടമാണ് . അമ്മക്കറിയാമെങ്കിലും 'അമ്മ വെറുതെ തോറ്റു തരും “ ശരിക്കും അല്ലിയാന്നാ കരുതിയെ കേട്ടോ ..”. അത് കേൾക്കുമ്പം വല്യ സന്തോഷാവും .. അമ്മെ പറ്റിക്കാൻ സാധിച്ചുവല്ലോ . 

പക്ഷേ ഒരുകാര്യം പറയുമ്പോൾ മാത്രം 'അമ്മ ചൂടാവും ……അത് 'അമ്മ എപ്പോഴും പഠിക്കാൻ നിർബന്ധിക്കുമ്പം  കളി മതിയാക്കി മുറ്റത്തൂന്നു കയറാൻ ഒക്കെ പറയുമ്പം ഞാൻ പറേം ‘ എനിക്ക് അല്ലിയായാൽ മതിയാരുന്നു ..’ അമ്മേടെ മുഖത്തപ്പോൾ ദേഷ്യം വന്നിട്ടമ്മ പറേം “ മണ്ടത്തരം പറയുന്നോ … വേറാരേം കണ്ടില്ല ..”.    അക്ഷരങ്ങൾ എഴുതിപ്പഠിപ്പിക്കുന്ന കാർത്യായനിആശാട്ടിയോടു പറഞ്ഞപ്പോഴും ആശാട്ടി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു “ ഒരെണ്ണം വച്ചുതന്നാലുണ്ടല്ലോ .. തെക്കുവടക്ക് തെണ്ടിത്തിരിഞ്ഞു നടക്കുന്ന അല്ലിയെയാ കണ്ടുവച്ചേക്കുന്നേ .. മേലാൽ ഈ മണ്ടത്തരം പറയണ്ടാ .. ട്ടോ “ എന്നു പറഞ്ഞ് ചൂണ്ടുവിരലിൽ പിടിച്ചു പഞ്ചാരമണലിൽ അക്ഷരം എഴുതിപ്പിക്കുന്ന കാർത്യായനിയേട്ടത്തിയോടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി . 

അമ്മയോടൊപ്പം അമ്പലത്തിൽ തൊഴാൻ പോകുന്ന വഴിക്ക്‌ ടാറിട്ട റോഡിലൂടെ നടന്നുപോവുമ്പോൾ അങ്ങു താഴെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുനിൽക്കുന്ന അല്ലീടെ വീടു കാണാം . ഒരു കുഞ്ഞോലപ്പുര .  എപ്പോൾ നോക്കിയാലും ആ വീടിനരികെക്കൂടി ഒഴുകുന്ന പുഴയിൽ പിള്ളേർ കളിച്ചുതിമിർക്കുന്നുണ്ടാവും . കൂട്ടത്തിൽ അല്ലിയും ഉണ്ടാവും . ആരും അവരെ വിലക്കാനും ഇല്ല വഴക്കുപറയാനും ഇല്ല .. എന്തു രസം . കൊതി തോന്നിയിട്ടുണ്ട് അപ്പോളൊക്കെ .  തങ്ങളുടെ വീടിനു താഴെയും കടവുണ്ട്‌ .. പക്ഷേ കടവിൽ കുളിക്കാനോ … നേർച്ചമാതിരി ആഴ്ച്ചേൽ ഒറ്റദിവസമേ അനുമതിയുണ്ടാവൂ .. അതും ഒന്നുകിൽ അമ്മക്കൊപ്പം അല്ലേൽ അമ്മേടെ സഹായി അമ്മുക്കുട്ടിക്കൊപ്പമാവും . രണ്ടാളും ആ വെള്ളത്തിലൊന്നു നീന്താനോ ഇത്തിരിനേരം കളിക്കാനോ ഒന്നും സമ്മതിച്ചുതരില്ല . പിടിച്ചുനിർത്തി തേച്ചുകുളിപ്പിച്ച് വേഗം മേലുതുവർത്തിച്ചു കൊണ്ടുപോരും .  സ്കൂൾ അവധിദിനങ്ങളിൽ തൊട്ടയല്പക്കത്തെ കൂട്ടുകാരായ സുമിയും ലീനയുമൊന്നിച്ചു മുറ്റത്തു കളിക്കുമ്പോൾ അല്ലി വഴിയേ ഇങ്ങനെ നടന്നുപോവുന്ന കാണാം . തങ്ങളുടെ പറമ്പിന്റെ അങ്ങേയറ്റത്ത് ഗേറ്റിനപ്പുറം വലിയൊരു കടവുണ്ട് . അവിടെ വെള്ളത്തിൽ കളിച്ചുമറിയാനുള്ള പോക്കാണെന്നറിയാം . അതുകൊണ്ടുതന്നെ അമ്മയുടെയും അമ്മുക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് തങ്ങൾ ഗേറ്റിനരികിലേക്കോടാറുണ്ട് .. അല്ലിയുടെയും കൂട്ടരുടെയും നീന്തൽത്തിമിർപ്പു കാണാനായി .  അടച്ചിട്ടിരിക്കുന്ന ഗേറ്റിനിപ്പുറം നിന്ന് ഞങ്ങളാ കാഴ്ച ആസ്വദിക്കും . അല്ലിയും കൂട്ടരും കരയിൽനിന്നും വെള്ളത്തിലേക്കെടുത്തൊരു ചാട്ടം . പിന്നെ മുങ്ങാംകുഴിയിട്ട് പൊങ്ങിവരിക .. കുറേ സമയം വെള്ളത്തിൽ മുങ്ങിക്കിടക്കുക … മലർന്നുകിടന്നു നീന്തുക … ഒഴുക്കിനെതിരെ നീന്തുക .. എന്തെല്ലാം അഭ്യാസങ്ങൾ ഇക്കൂട്ടർ നടത്തുക … എല്ലാത്തിലും ഒന്നാമതെത്തുക
 അല്ലിതന്നെയാവും .  കുറച്ചുനേരം ആ കാഴ്ചകളാസ്വദിച്ച് കൂട്ടുകാരുമായി വേഗം മടങ്ങും .. കാരണം 'അമ്മ തിരക്കുന്നുണ്ടാവും . അപ്പോഴൊക്കെ സുമിയോടും ലീനയോടും പറയും ‘ അല്ലിക്കെന്തു സുഖാ .. ല്ലേ … ഒന്നും പഠിക്കേണ്ട .. സ്കൂളിൽ പോവേണ്ട .. വീട്ടിലാരും വഴക്കു പറയില്ല … ഇഷ്ടംപോലെ കളിക്കാം ..’.  അവരും അതു ശരിവക്കും . ഇടയ്ക്കിടെ അല്ലി വീട്ടിൽ വന്ന് അമ്മയോട് ഓമയ്ക്ക ചോദിക്കും .. ഇത്തിരി തേങ്ങാ തര്വോ .. ന്നു ചോദിക്കും .. ചിലപ്പോൾ കാപ്പിപ്പൊടി … ഇത്തിരി പഞ്ചാര .. ഇങ്ങനെ അല്ലറചില്ലറ ആവശ്യങ്ങളുണർത്തിച്ച് അടുക്കളവശത്തെ ജനാലക്കരികിൽ പ്രത്യക്ഷപ്പെടാറുണ്ട് .  'അമ്മ എന്തെങ്കിലുമൊക്കെ കൊടുക്കാറുമുണ്ട് . അല്ലി പോയിക്കഴിഞ്ഞാൽ അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി എന്തൊക്കെയോ രഹസ്യം പറയുന്ന കേട്ടിട്ടുണ്ട് . ഒരിക്കൽ സ്കൂളിൽ പോകുംവഴി കൂട്ടുകാരി സുമി പറഞ്ഞത് “ അല്ലീടമ്മ വല്യ കുഴപ്പക്കാരിയാത്രെ ..” എന്തു കുഴപ്പമാണെന്നവൾക്കറിയില്ല പോലും .  അന്നു വൈകുന്നേരം സ്‌കൂളിൽനിന്നു വന്നതേ ഓടിപ്പാഞ്ഞ് അടുക്കളയിൽ ചെന്ന് അമ്മയോടു പറഞ്ഞ വിശേഷം ‘ അമ്മേ ....അല്ലീടമ്മ വല്യ കുഴപ്പക്കാരിയാന്ന്‌ … എന്താമ്മേ അവർക്കു കുഴപ്പം ..’. അമ്മേടെ മറുപടി “ ഒറ്റ അടി തന്നാലുണ്ടല്ലോ … പറയാൻ കണ്ടൊരു വിശേഷം … ഇതാരാ നിന്നോടു പറഞ്ഞേ ..” 
സഹായി അമ്മുക്കുട്ടിയാവട്ടെ താടിക്കു കയ്യുംകൊടുത്ത് “ ദൈവമേ .. ഈ കുട്ടിയോടിതൊക്കെ ആരാ പറഞ്ഞുകൊടുത്തേ ..” ന്നു പറഞ്ഞൊരു നിൽപ്പല്ലാരുന്നോ അന്തം വിട്ടമാതിരി .     പറഞ്ഞതെന്തോ വലിയ അപരാധമായി എന്നുതോന്നി വേഗം ഉടുപ്പുമാറാനായി അവിടെനിന്നും ഉൾവലിഞ്ഞു . പക്ഷേ കാപ്പികുടിക്കുമ്പോൾ 'അമ്മ താക്കീതു ചെയ്തു “ മേലിൽ ഇമ്മാതിരി വർത്തമാനങ്ങൾ ആരുടെ മുൻപിലും വിളമ്പിയേക്കരുത് … പറഞ്ഞ കേട്ടല്ലോ … കുട്ടികൾ അവർക്കു ചേരുന്ന വർത്തമാനങ്ങൾ പറഞ്ഞാൽ മതി ..”.  അമ്മക്കു മുൻപിൽ അനുസരണയോടെ തലയാട്ടുമ്പോഴും മനസ്സിൽ അറിയാനുള്ള ആകാംക്ഷയായിരുന്നു… ‘ അല്ലീടമ്മക്കെന്തു കുഴപ്പമാവും …?’ 

ഏഴാംക്‌ളാസ്സിൽ കയറിയപ്പോൾ പുതിയൊരുകുട്ടി ക്ലാസ്സിൽ ചേർന്നു . വൈകുന്നേരം സ്കൂൾ വിട്ടുവന്നത് തനിക്കും സുമിക്കും ലീനക്കുമൊപ്പമായിരുന്നു . പിന്നീടവൾ പറഞ്ഞാണറിഞ്ഞത് അവൾ അല്ലീടമ്മാവന്റെ മകളാത്രേ . അല്ലീടെ വീട്ടിലാണ് അവരുടെ കുടുംബവും പുതിയതായി താമസത്തിനെത്തിയത് . പേര് വിജയ . പഠനത്തിൽ മിടുക്കിയായ വിജയ ഒരുമാസത്തിനുശേഷം അവിടെനിന്നു വീടുമാറി മറ്റെവിടെയോ താമസമാക്കി അവിടെനിന്നുമാണ് സ്കൂളിൽ പിന്നീട് വന്നിരുന്നത് . വിജയക്കും പറയാൻ ഇതേ കാരണമായിരുന്നു … ‘ അല്ലീടമ്മ കുഴപ്പക്കാരിയാത്രെ … അതുകൊണ്ട് അവർ വേറൊരു വാടകവീട്ടിലേക്ക് മാറി .  പിന്നീട് അല്ലിയെ കാണുമ്പോഴൊക്കെ തോന്നി അല്ലിയും ഏതോ വലിയൊരു കുഴപ്പത്തിലേക്കു ചാടാൻ പോവുകയാണോ ..? അല്ലിയെ രക്ഷിക്കാൻ ആരും ഉണ്ടാവില്ലേ 

കുറച്ചൂടെ മുതിർന്നുവന്നപ്പോഴാണ് ചിലതൊക്കെ മനസ്സിലായിത്തുടങ്ങിയത് . നാട്ടാർക്കു മുൻപിൽ അല്ലീടമ്മ മാതു വല്യൊരു കുഴപ്പക്കാരി തന്നെ . കാരണം അല്ലിക്ക് അച്ഛനില്ലല്ലോ .  ഇവരുടെ അച്ഛനാരെന്ന്‌ നാട്ടാർക്കാർക്കും അറിയില്ല . അപ്പോപ്പിന്നെ അല്ലീടമ്മ കൊഴപ്പക്കാരി തന്നെ . അമ്മയും അമ്മുക്കുട്ടിയും അല്ലീടമ്മേപ്പറ്റി രഹസ്യം പറഞ്ഞതെന്താണെന്ന് മുഴുവനായല്ലെങ്കിലും ഇത്തിരിയൊക്കെ മനസ്സിലായി . അല്ലി പക്ഷെ മുതിർന്നിട്ടും ഈ അലഞ്ഞുനടക്കൽ തുടരുക തന്നെ ചെയ്തു .  വീട്ടിൽ വല്ലപ്പോഴും അല്ലി വരുമ്പോൾ അമ്മുക്കുട്ടി ദേഷ്യത്തോടെ അല്ലിയോടു ചോദിക്കും “ നിനക്കു വീട്ടിലെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ പെണ്ണെ … തെണ്ടിത്തിരിഞ്ഞു നടക്കുന്നേ ..”. അല്ലി വീറോടെ അമ്മുക്കുട്ടിയോടൊച്ച വക്കും … “ നിങ്ങളു കൊണ്ടത്തര്വോ എന്റെ വീട്ടിൽ അരക്കാൻ തേങ്ങയും കഞ്ഞിവെക്കാനരീം…” 
'അമ്മ രണ്ടാളോടും ദേഷ്യപ്പെടും ഇങ്ങനെ ഒച്ചയുണ്ടാക്കുന്നതിന് .  അല്ലി പോയിക്കഴിഞ്ഞാൽ അമ്മുക്കുട്ടി പറയും “ ഓ … ഇവളും തള്ളേടെ വഴി തന്നെ .. ഒരു സംശയോം ല്ല ..” 
അമ്മുക്കുട്ടിയോടു ദേഷ്യം തോന്നും  ‘ എന്തിനാ അല്ലിയെ ഇങ്ങനെ പറയുന്നതെന്നോർത്ത് ‘ അല്ലിയെ കാണുമ്പോഴൊക്കെ അമ്മുക്കുട്ടിയുടെ പിറുപിറുക്കലുകൾ …” ഈശ്വരാ … ഈ പെണ്ണങ്ങു വളർന്നു …”.     അതും അല്ലിയുടെയോ അല്ലിയുടെ അമ്മയുടേയോ ഒക്കെ കുഴപ്പം മാതിരിയാണ് അമ്മുക്കുട്ടിയുടെ വർത്തമാനം കേട്ടാൽ . 

അച്ഛന്റെ സ്ഥലംമാറ്റം … അവിടെനിന്നും പിരിഞ്ഞുപോരുമ്പോൾ അല്ലി മുറ്റത്തുവന്നുനിന്ന് അമ്മയോടു കരഞ്ഞുപറഞ്ഞതോർക്കുന്നു …. “ വല്ലപ്പോഴും കേറിവരാനൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു …. അമ്മയോട് ഓരോന്ന് വാവിട്ടുചോയിച്ചാൽ 'അമ്മ തരികയും ചെയ്യുമാരുന്നു … ഇനിയിവിടെ ആരാ വരിക … ആർക്കറിയാം ..”.   'അമ്മ അല്ലിയെ സമാധാനിപ്പിച്ചു . അല്ലി അപ്പോൾ അമ്മയോടു പറഞ്ഞിരുന്നു കുറച്ചകലെയുള്ള ഏതോ പണക്കാരുടെ വീട്ടിലെ മകളുടെ കുട്ടികളെ നോക്കാനായി വിളിച്ചിട്ടുണ്ട് . അവർക്കൊപ്പം പോവാണെന്നും കപ്പലിൽക്കയറി ദൂരെപ്പോവാണെന്നും ഒക്കെ .. 'അമ്മ പറഞ്ഞു “ എവിടായാലും ജോലി ചെയ്ത് അന്തസ്സായി ജീവിക്കണമെന്ന് ..” അല്ലി തലകുലുക്കി . 

കാലങ്ങളുടെ ഒഴുക്കിൽ അല്ലിയും ആ കാലങ്ങളും ഒക്കെ മറവിയിലാണ്ടു .  പുതിയ സ്ഥലങ്ങൾ … ജോലി … വിവാഹം … ജീവിതം …. അങ്ങനെ ഒരോട്ടപ്പാച്ചിൽ .. വല്ലപ്പോഴും പഴയ നാട്ടിലേക്കെത്തുന്നത് ചെറിയമ്മ ഇവിടെയുള്ളതൊന്നുകൊണ്ടുമാത്രം .. 
“ മോളേ …” വിളികേട്ടാണ്‌ ചിന്തകളിൽ നിന്നുണർന്നത് .  ചെറിയച്ചൻ തൊട്ടുമുൻപിൽ . വേഗം എണീറ്റു ചെറിയച്ചനൊപ്പം നടക്കുമ്പോൾ ചെറിയച്ചൻ വിശേഷങ്ങൾ ആരാഞ്ഞു … ‘ രണ്ടുനാളുണ്ടാവും … നമ്മുടെ പഴയ സ്ഥലത്തൊക്കെ പോവണമെന്നു പറഞ്ഞപ്പോൾ ചെറിയച്ചൻ വിലക്കി “ റോഡ് ഒക്കെയും പൊളിഞ്ഞുകിടക്കുവാ മോളേ .. അങ്ങോട്ടൊന്നും പോവാൻ കഴിയില്ല … “ ചെറിയൊരു സങ്കടം തോന്നി . ചെറിയച്ചനോട് പുറമ്പോക്കിലെ അല്ലിയെക്കണ്ട കാര്യം പറഞ്ഞപ്പോൾ “ ഏതല്ലി ..” എന്നു ചെറിയച്ചൻ .  ‘ പുറമ്പോക്കിലെ മാതുവിന്റെ മകൾ …’ എന്നു പറഞ്ഞപ്പോൾ “ ഹോ .. കഷ്ടം … ആ പെണ്ണിന്റെ കാര്യം.” എന്നു ചെറിയച്ചൻ . എന്താണാവോ ഇനിയും അല്ലീടമ്മേപ്പോലെ അല്ലിയും കുഴപ്പത്തിലോ …? വീട്ടിൽച്ചെന്നിട്ട് ചെറിയമ്മയോടു തിരക്കാം എന്നു മനസ്സിൽ കരുതി . 

ചെറിയച്ചൻ കാർ സ്റ്റാർട്ട് ചെയ്തു . മുന്നോട്ടു നീങ്ങുമ്പോൾ ഓർക്കുകയായിരുന്നു പ്രായം ഏറിയിട്ടും ചെറിയച്ചന്റെ ചുറുചുറുക്കിനൊരു മാറ്റവും ഇല്ല . പഴയ അതേ പ്രസരിപ്പ് . പെൻഷൻ ആയിട്ടും അടങ്ങിയിരിക്കില്ല . കൃഷിയും വീട്ടുകാര്യങ്ങളുമായി ഓടിനടക്കുന്നു . ശരിക്കും ഇങ്ങനെയാണ് വേണ്ടത്‌ … മനസ്സിലോർത്തു .  വഴിനീളെ ചെറിയച്ചൻ സംസാരമായിരുന്നു .. തന്റെ വിശേഷങ്ങൾ തിരക്കി .. ഭർത്തൃവീട്ടിലെ വിശേഷങ്ങൾ പ്രഭേട്ടന്റെ ജോലിസ്ഥലത്തെ വിശേഷങ്ങൾ … വീട്ടിലെത്തിയതോ ചെറിയമ്മ പുട്ടും കടലക്കറിയും ചായയുമുണ്ടാക്കി നോക്കിയിരിക്കുകയായിരുന്നു . രണ്ടുദിവസം കൂടെയുണ്ടാവും എന്നുള്ള ഉത്സാഹത്തിലായിരുന്നു ചെറിയമ്മ . ഉച്ചക്ക് മോരു കാച്ചിയതും ചേനമെഴുക്കുപുരട്ടിയും അവിയലും മീൻകറിയും ഒക്കെകൂട്ടി വിഭവസമൃദ്ധമായ ഊണ് . തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഒന്നും ചെറിയമ്മ മറന്നിട്ടില്ലല്ലോ എന്നോർത്തു .  ഊണു കഴിഞ്ഞ് ചെറിയമ്മക്കൊപ്പം വിശ്രമിക്കുമ്പോൾ ആണ് അല്ലിയെ കണ്ടകാര്യം എടുത്തിട്ടത് . 

ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞുതുടങ്ങി ..   “മാതു വയ്യാതായി . പുരക്കകത്തൊക്കെ നടക്കും . പുറത്തോട്ടൊന്നും ഇറക്കമില്ല . അല്ലി ഒരു കൂട്ടർക്കൊപ്പം വീട്ടുപണിക്ക്‌ പുറത്തുപോയി .  കുഴപ്പമില്ല .. മിടുക്കിയായാണ് തിരിച്ചു വന്നത് . ആ വീട്ടുകാർ സഹായമൊക്കെ ചെയ്തിരുന്നു . പിന്നെന്തോ അവൾ അവർക്കൊപ്പം തിരികെപ്പോയില്ല . കാണാനൊക്കെ നല്ല ചന്തമായാ തിരിച്ചുവന്നേ … പിന്നീടെവിടെയോ ചായക്കടയിലും ഒക്കെ തേച്ചുമഴക്കു പണിക്കുപോയി .  അങ്ങനെ പോയിപ്പോയി എന്തായാലും ഒരുത്തൻ അവടെ കൂടെക്കൂടി . നാട്ടിലൊക്കെ പറച്ചിലായി . ഒടുവിൽ അവനവടെ വീട്ടിൽ താമസമായി . കൊച്ചൊന്നായതും അവനവന്റെ പാട്ടിനുപോയി . നാളിതുവരെയായിട്ടും അവനെപ്പറ്റി യാതൊരു വിവരവുമില്ല . അവളുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതു തന്നെ . പുറമ്പോക്കിൽ നിന്നൊക്കെ ഒഴിപ്പിച്ചു വിട്ടു . ലക്ഷംവീടു കോളനിയിലാ ഇപ്പൊ താമസം . എന്തായാലും നല്ല അദ്ധ്വാനിയാ അവള് . റോഡുപണിക്കും വീട്ടുവേലക്കും കൂലിപ്പണിക്കും ഒക്കെ നടന്നാ ആ ചെറുക്കനെ വളർത്തിക്കൊണ്ടുവന്നത്  . മോൻ വലുതായി അവടെ കഷ്ടപ്പാടൊക്കെ മാറും ന്നാ എല്ലാരും കരുതിയെ .. പക്ഷേ കള്ളുകുടിയും ബഹളവും തല്ലുപിടിയുമേ ഒള്ളൂ എന്നും . അങ്ങനിരിക്കുമ്പം അവന് ഒരിളക്കം കേറും .. കള്ളും കുടിച്ചുചെന്ന് ആ പെണ്ണിനു സമാധാനം കൊടുക്കില്ല . വല്യതള്ളയോടും ഇവളോടും ഗുസ്‌തി തന്നെ .  

‘കഷ്ടമാണല്ലോ ചെറിയമ്മേ അല്ലീടെ കാര്യം ..’  ഇതുപറയുമ്പോൾ ചെറിയമ്മ വർത്തമാനം തുടർന്നു “സ്നേഹമുള്ള പെണ്ണാ .. ഇടക്കെവിടെവച്ചു കണ്ടാലും ഓടിവന്നു വിശേഷങ്ങൾ തിരക്കും മോളേ ….. നിന്റെ കാര്യം എപ്പക്കണ്ടാലും തിരക്കും .. വല്യേച്ചീടെ കാര്യം പറയുമ്പം ഇപ്പോഴും അവടെ കണ്ണുനിറയും . ചെറിയമ്മ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി . അമ്മയെ അല്ലിക്കു മറക്കാനാവില്ലെന്നറിയാം . എന്നാലും പാവം അല്ലി .. തന്നോടു വന്ന് വർത്തമാനം പറഞ്ഞിട്ട് ഒരുവാക്കുപോലും അല്ലിയെപ്പറ്റി ചോദിക്കാൻ തോന്നിയില്ലല്ലോ .. എന്തോ അന്നേരം ഒന്നും തോന്നിയില്ല .. അല്ലെങ്കിൽ പണ്ടെന്നോ മുതൽ അല്ലീടെ കുടുംബത്തെപ്പറ്റിയുള്ള ആ കുഴപ്പങ്ങൾ കേട്ടറിയാവുന്നതിനാൽ ആണോ അറിയില്ല അവരോടു ‘ എന്തുണ്ട് .. സുഖമാണോ ..’ സാമാന്യമര്യാദയിലുള്ള ഒരു കുശലാന്വേഷണം പോലും നടത്താൻ തോന്നിയില്ലല്ലോ എന്നൊരു കുറ്റബോധം മനസ്സിനെ വിഷമിപ്പിച്ചു തുടങ്ങി . 
പിന്നീട് ചെറിയമ്മ അല്ലിയെപ്പറ്റി പറഞ്ഞകാര്യങ്ങൾ കേട്ടപ്പോൾ അല്ലിയോടു വല്ലാത്ത മതിപ്പു തോന്നി .    “എന്തായാലും അവൾ പണിയെടുത്ത് അന്തസ്സായി ജീവിക്കുന്നു . അവൻ ഇട്ടേച്ചുപോയിക്കഴിഞ്ഞ് ഓരോത്തന്മാർ അവളെ ശല്യം ചെയ്യാൻ ചെന്നിരുന്നു. അവൾ വെട്ടുകത്തിയുമായി ചാടിച്ചെന്നിട്ടുണ്ട്‌  ചിലവന്മാർക്കു നേരെ ശല്യം സഹിക്കാനാവാതെ . പിന്നീട് പണിസ്ഥലത്തോ വീട്ടിലോ ഒരിടത്തും അവളെ ശല്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടിട്ടില്ല . പണിക്കാര്യത്തിൽ പലരും പറയുന്നത് അവളുടെ ആത്മാർത്ഥതയെപ്പറ്റിയാണ് . എന്തു പണിക്കും റെഡി  ..റോഡുപണി വേണോ ..കൂലിപ്പണി .. വീട്ടുപണികൾ ......ഒന്നിനും അവളെ ആരും മാറ്റിനിർത്തില്ല . നാട്ടുകാർക്കൊക്കെ നല്ലതേ അവളെപ്പറ്റി പറയാനുള്ളൂ . അവളോടെല്ലാവർക്കും ഉള്ള വിഷമം അവളുടെ മകന്റെ സ്വഭാവം ഓർത്താണ് . അവൾ ജോലി ചെയ്തിരുന്നിടത്തെ നല്ല മനസ്സുള്ള ആരുടെയോ സഹായത്താൽ അവളുടെ മകനെ ഈ മദ്യപാനത്തിൽനിന്നു മോചിപ്പിക്കാനായി ചികിത്സാർത്ഥം ഒരു സെന്ററിൽ ആക്കിയിരിക്കയാണ് . കഴിഞ്ഞയിടക്ക് കണ്ടപ്പോൾ അവൾ സങ്കടത്തോടെ പറഞ്ഞത് 
“ അവൻ എല്ലാം മാറി നന്നായി തിരിച്ചുവരണേ … എന്ന ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളൂ …” എന്നാണ് . എല്ലാം ശരിയാകും എന്നു പറഞ്ഞവളെ ഞാൻ ആശ്വസിപ്പിച്ചു . അന്തസ്സായി സ്വന്തമായി കഷ്ടപ്പെട്ട് കൊണ്ടുവരുന്നതുകൊണ്ട് അവൾ ആ തള്ളയെ പൊന്നുപോലെയാ നോക്കുന്നെ ….” ചെറിയമ്മയുടെ സംസാരത്തിനിടയിലുള്ള തന്റെ ചോദ്യം തെല്ലൊന്നമ്പരപ്പിച്ചു ചെറിയമ്മയെ എന്നു മുഖം കണ്ടപ്പോൾ തോന്നി ..’ ചെറിയമ്മേ .. നമുക്കു നാളെ ആ ലക്ഷം വീടു കോളനി വരെ ഒന്നു പോവണം … ‘ 
“ അതു വേണോ മോളേ ....അങ്ങോട്ടുപോകാനുള്ള വഴിയൊക്കെ തീരെ മോശമാ ചെന്നുപറ്റാൻ ഇത്തിരി പാടാണ്‌ ..”ചെറിയമ്മ നിരുത്സാഹപ്പെടുത്തി . 
താൻ തീർത്തു പറഞ്ഞു ‘ വേണം ചെറിയമ്മേ .. എനിക്കല്ലിയെ ഒന്നൂടെ കാണണം ..ഉപേക്ഷ പറയല്ലേ ചെറിയമ്മാ … “ തന്റെ വിഷമം മനസ്സിലാക്കിയ ചെറിയമ്മ മനസ്സില്ലാമനസ്സോടെയെങ്കിലും സമ്മതം മൂളി.    
സന്തോഷമായി .. നാളെത്തന്നെ പോവണം .. ദുർഘടമായ പാതകളിലൂടെയും വല്ലപ്പോഴുമൊക്കെ നാം സഞ്ചരിക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഇങ്ങനെ ചില യാത്രകളും ചില ജീവിതങ്ങളും കണ്ടറിയേണ്ടതുണ്ട് . എങ്കിലേ നമുക്ക്‌ നമ്മിലേക്ക്‌ ഒന്നു മനസ്സ് തുറക്കാൻ സഹായിക്കൂ . നമുക്കു ചുറ്റും ഉള്ള ജീവിതം എന്താണെന്ന് അറിയണം .  
 അവരുടെ ജീവിതം കണ്ടറിയണം … അല്ലീടമ്മേ ഒന്നു കാണണം ആദ്യമായി .. കുഴപ്പക്കാരിയെന്ന് നാട്ടാരെല്ലാം പറഞ്ഞിരുന്ന അല്ലീടമ്മ മാതു എന്ന സ്ത്രീയെ . .. 
അല്ലിയുടെ കഷ്ടതകളിൽ സങ്കടം തോന്നിയെങ്കിലും അല്ലിയോട് ആദരവു തോന്നി . ജീവിതത്തോടു പൊരുതി ജയിക്കുന്നവൾ .  കുഴപ്പക്കാരിയായിരുന്നു എന്നു നാട്ടാർ പറയുന്ന നിന്റെ ജീവിതവും ഒരു പക്ഷേ ഇങ്ങനെയായിപ്പോയതിന് ഒരു കാരണക്കാരിയായതോ  അല്ലയോ എന്തുമാവട്ടെ ആ കുഴപ്പക്കാരിയായ മാതു എന്ന അമ്മയെ നീ പൊന്നുപോലെ സംരക്ഷിക്കുന്നതിന് … ഞാൻ ചങ്കൂറ്റമുള്ളൊരു സ്ത്രീയാണെന്ന് മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുന്ന നീയാണ് സ്ത്രീ അല്ലി .. കഷ്ടപ്പാടുകളിലും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കാനുള്ള കരുത്തു നേടിയവൾ ..  നിന്നെയെനിക്ക് ഒരിക്കൽക്കൂടെ കാണണം അല്ലി . 
എന്നിട്ട് ചിന്നുമോളോട് അല്ലിയെപ്പറ്റി പറയണം ‘ മോളേ .. നീ കണ്ട ഈ അമ്മയല്ല യഥാർത്ഥ സ്ത്രീ .. ഞാൻ കണ്ട ഈ അല്ലിയാണ് മോളേ യഥാർത്ഥ സ്ത്രീ .. അനുഭവങ്ങളിലൂടെ കരുത്തു നേടിയവൾ .. സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള കരുത്തു നേടിയ ധീരയായ സ്ത്രീ .  ഇങ്ങനെയാവണം സ്ത്രീ . കണ്ണുനീരാൽ മറ്റുള്ളവർക്കുമുൻപിൽ തലകുനിച്ചു നിൽക്കേണ്ടവളല്ല സ്ത്രീ . പ്രതിസന്ധികളെ നേരായമാർഗ്ഗത്തിലൂടെ തോൽപ്പിച്ചു അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നടക്കേണ്ടവളാണ് സ്ത്രീ . അതാണ് പ്രാഥമികസ്കൂൾവിദ്യാഭ്യാസംപോലും നേടാത്ത അല്ലി എന്ന  ധീരയായ സ്ത്രീ . 

                             ==========================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ 





Thursday, 5 March 2020

വായനാനുഭവങ്ങൾ

ബ്ലോഗ് പോസ്റ്റുകളിലൂടെ രണ്ടാംഭാഗം 
--------------------------------------------

നമ്മുടെ പ്രിയ ദിവ്യയുടെ സഹായത്തോടെ ഞാൻ നാലാംനിലയിലെ എഴുത്തുമുറിയിലേക്കു കടന്നു. “ യാത്രാവിവരണം “ .       യാത്രകൾ ചിലർക്കു ഹരമാണ്. അത് എത്ര ദുർഘടം ആയാലും അതും ഒരു സ്പിരിറ്റിൽ എടുത്ത് യാത്ര ചെയ്യുന്നവരുണ്ട്. അതിമനോഹരമായ ശൈലിയിലൂടെ നമ്മുടെ പ്രിയപ്പെട്ട സൂര്യ നമ്മൾ വായനക്കാരെ “വാരണാസി”യുടെ  കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. ഈ നഗരത്തിന്റെ അകവും പുറവും ഒരുപോലെ നമുക്കു മുൻപിൽ കാട്ടിത്തരുകയാണ് എഴുത്തുകാരി.  
അതിലെ ചില ഭാഗങ്ങൾ  “ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞദ്ദേഹം കണ്ണടച്ച്  ‘ഖുറാനി’ലെ ഏതോ ഭാഗങ്ങളാവാം അറബിയിലുരുവിട്ടു. എന്റെ കണ്ണുനിറഞ്ഞു . ഘോഷയാത്ര അവശേഷിപ്പിച്ചുപോയ ചന്ദനത്തിരികളുടെ ഗന്ധത്തിൽ ലയിച്ചുനിൽക്കവേ എനിക്കു വെളിപാടുണ്ടായി. സകലമാനവ ദർശനങ്ങളെയും മാറോടുചേർത്തുനിൽക്കുന്ന ഒരു പുരാതനസംസ്കൃതിയിലേക്ക് ഞാനിതാ പ്രവേശിച്ചിരിക്കുന്നു. പിന്നിട്ട നഗരങ്ങളുടെ ചിത്രങ്ങളത്രയും ഒറ്റനിമിഷത്തിൽ എന്നിൽനിന്നും മാഞ്ഞുപോയി. വിഭാഗീയതയുടെയും വംശീയവിദ്വേഷത്തിന്റെയും വരമ്പുകൾ അതിരിട്ട, ആധുനിക നാഗരികതയുടെ അഹന്ത മൂത്ത എന്റെ പ്രജ്ഞയെ ഇതാ ഈ പൗരാണികനഗരം അഴുക്കുപുരണ്ട ഈ ഇടുങ്ങിയ തെരുവിൽ വെച്ച് ഞൊടിയിടയിൽ ഭസ്മമാക്കിക്കളഞ്ഞു”.    
ശവമഞ്ചമേന്തിവരുന്ന ആ ഘോഷയാത്ര ...കഥാകാരിയുടെ കണ്ണുനനയിക്കുന്നു.  അവിടെ നാമെല്ലാം ദൈവത്തിന്റെ മക്കൾ … തുല്യർ … അവിടെ ജാതിയില്ല … മതമില്ല..  വീണ്ടും സൂര്യയുടെ എഴുത്തിലെ ചില ഭാഗങ്ങൾ …” ഈ നഗരത്തിലെ ഓരോ മനുഷ്യജീവിക്കും മരണം മുഷിഞ്ഞ വസ്ത്രം മാറ്റുന്നതുപോലെ തികച്ചും ആശ്വാസകരമായ ഒരേർപ്പാടാണ്..”. …. കത്തിയമരുന്ന ചിതക്കരികെ പട്ടം പറത്തുന്ന കുട്ടി… ആ കാഴ്ച ഒക്കെ നമ്മൾ വായനക്കാരിലും അത്ഭുതം ഉളവാക്കുകയാണ്. ജിലേബിയുടെ ആ മധുരം … കഥാകാരിയുടെ മനസ്സിലും വായനക്കാരിലും ഒരുപോലെ സകല അതിർവരമ്പുകളെയും അലിയിച്ച് മനസ്സ് ശുദ്ധമാക്കുകയാണ്. പല യാഥാർഥ്യങ്ങളും നമ്മെ ചിന്തിപ്പിക്കുന്നതാണ്. നമുക്കു ചുറ്റുമുള്ളതല്ല ഈ ലോകം. കാണാനും കേൾക്കാനും അറിയാനും ഇനിയും ഇങ്ങനെ എത്രയോ സംസ്കാരങ്ങൾ … ആചാരങ്ങൾ .. 
ആശംസകൾ സൂര്യാ. 

അടുത്തത് എന്റെ “ നാലുമണിപ്പൂക്കൾ “ ആണ്. നാലുമണിപ്പൂവുകൾ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. അത്ര ഭംഗിയല്ലേ ആ പൂക്കൾക്ക്. കുട്ടിക്കാലഓർമ്മകൾ എനിക്കെന്നും ഏറെ പ്രിയപ്പെട്ടതാണ്. അന്നത്തെ ചില സംഭവങ്ങൾ ഓർത്തെടുത്തെഴുതിയ കുഞ്ഞിക്കഥയാണ്. ഇതു വായിച്ച നിങ്ങൾക്കും നിങ്ങളുടെ ബാല്യകാലഓർമ്മകൾ മനസിലേക്കോടിയെത്തിയിട്ടുണ്ടാവില്ലേ. എന്റെ കഥയെ എനിക്കു വിലയിരുത്താനാവില്ലല്ലോ. അതു ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു. 

ഇനി നമുക്കു ഉനൈസിന്റെ “ നന്മപ്പൂക്കൾ “ വായിക്കാം. മതസൗഹാർദ്ദത്തിന്റെ ഊഷ്മളതയാണ് ഈ എഴുത്തിലൂടെ ഉനൈസ് നമുക്കു കാട്ടിത്തരുന്നത്. നമ്മുടെ മതസൗഹാർദ്ദത്തെ ഒരാൾക്കും തകർക്കാനാവില്ലെന്ന് ആത്മവിശ്വാസത്തോടെ കഥാകൃത്തു പറയുന്നു. നാം ഓരോരുത്തരും ഈ വാക്കുകൾ ഒരു പ്രതിജ്ഞയായി മനസ്സിലെടുക്കുക തന്നെ വേണ്ടതാണ്. അയല്പക്കത്തെ കുടുംബവുമായുള്ള സൗഹൃദവും ആത്മബന്ധവും വിവരിക്കുമ്പോൾ നന്മപ്പൂക്കൾ വിതറുന്നു ഈ കഥയിലൂടെ. മതങ്ങൾക്കതീതമായ നമ്മുടെ സ്നേഹബന്ധങ്ങളെ ഒരു ശക്തിക്കും തകർക്കാനാവില്ല എന്ന്‌ കാട്ടിത്തരുന്നു. ഇതുപോലെയുള്ള സൗഹൃദങ്ങൾ .. ആത്മബന്ധങ്ങൾ.. ഇനിയും ഇനിയും ഉണ്ടാവട്ടെ. 
ആശംസകൾ ഉനൈസ് . 

ഇനി നമുക്കു ദിവ്യയുടെ കവിതയിലൂടെ ഒന്നുപോകാം. “ വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ…”. കവിത ഹൃദ്യം. ഓരോ ദുഃഖങ്ങളും ഒന്നിനുപുറകെ ഒന്നായി… വീണ്ടും വീണ്ടും സങ്കടത്തിലേക്ക്.   “ ആശ്വാസത്തിന്റെ കുടയും ചൂടിയൊരുനാൾ 
                               നീയൊരു തണലായ് വന്നു ചേർന്നു !!!” 
ഈ വരികൾ വായനക്കാരിലും ആശ്വാസം പകരുന്നു.  വായിച്ചു തീരുമ്പോൾ അവസാനം ശുഭകരമാക്കാമായിരുന്നു എന്ന്‌ വായനക്കാർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാവണം. എല്ലാം ശരിയായി സ്വസ്ഥമായി എന്നു കരുതുമ്പോൾ വീണ്ടും സങ്കടത്തിലേക്ക്… ഒന്നു കഴിഞ്ഞു അതിന്റെ വേദനയിൽനിന്നൊന്നു മനസ്സ് തെല്ലാശ്വാസപ്പെട്ടു വരുമ്പോളേക്കും മറ്റൊന്ന്… യാഥാർഥ്യങ്ങളെ തിരുത്താനോ മാറ്റാനോ ആവില്ലെന്ന് ദുഖത്തോടെ പറഞ്ഞുവെക്കുന്നു എഴുത്തുകാരി .  വായനക്കാരുടെ മനസ്സിലും ദുഃഖം ഉളവാക്കുന്ന വരികൾ. ശക്തമായ വരികൾ. ആശംസകൾ ദിവ്യാ . 

Saturday, 22 February 2020

വായനാനുഭവങ്ങൾ

ബ്ലോഗ് പോസ്റ്റുകളിലൂടെ ….
~~~~~~~~~~~~~~~~
ബ്ലോഗുകൾ വളരെ സജീവമായിരുന്ന ഒരു സമയത്താണ് ഞാനീ രംഗത്തേക്ക് വരുന്നത് . ആ സമയങ്ങളിൽ വളരെ തിരക്കുള്ളവരും നല്ല എഴുത്തുകാരുമായ പല കൂട്ടുകാരും പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുകയും തുടർന്നും എഴുതാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു . അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത് .   എപ്പോഴും പലയിടത്തും ഞാൻ പറയാറുള്ളതാണ് നിങ്ങൾക്കേവർക്കും സുപരിചിതനായ 
ഫൈസൽ ബാബുവാണ് എന്നെ ഈ ലോകത്തേക്ക് പരിചയപ്പെടുത്തിയത് . ഏറെ തിരക്കായതിനാലാവാം ഫൈസലിനെ ഇപ്പോൾ ബ്ലോഗുകളിൽ കാണാറില്ല . 

ഇടക്കാലം കൊണ്ട് ബ്ലോഗുകൾ ഏതാണ്ട് മാഞ്ഞുപോയ ഒരവസ്ഥയിലാണ് “ബ്ലോഗ് പോസ്റ്റ് ഓഫ് ദി ഡേ “ എന്ന ആശയവുമായി നമ്മുടെ കൂട്ടുകാർ മുന്നോട്ടുവന്നത് . ഈ കൂട്ടായ്മയിലൂടെ ബ്ലോഗിനെ വീണ്ടും ഉണർത്തിയെടുക്കാനും നല്ല എഴുത്തുകാരായ പഴയ പല ബ്ലോഗെർമാരെയും ഇവിടേക്ക് കൊണ്ടുവരാനും അവരുടെ രചനകൾ നമുക്ക് വായിക്കാനും ഒപ്പം പുതുമുഖങ്ങൾക്ക് അവരുടെ രചനകൾക്ക് ഇവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  അറിയാനും ഒക്കെയുള്ള നല്ല ഒരവസരമാണ് ഈ കൂട്ടായ്മ . നമ്മുടെ കൂട്ടുകാർ നടത്തിവരുന്ന ഈ നല്ല ശ്രമത്തിന് ഒരു ബിഗ് സല്യൂട്ട് . കൂട്ടുകാർ കഥകളും അനുഭവക്കുറിപ്പുകളും ഒക്കെ പങ്കുവെക്കുകയാണ് ഇവിടെ . ബ്ലോഗുകളുടെ ഒഴുക്ക് . അവയിലൂടെ നമുക്കൊന്നു യാത്ര ചെയ്താലോ .. കൂടെയുണ്ടാവില്ലേ നിങ്ങൾ . അപ്പോൾ നമുക്ക് തുടങ്ങാം ല്ലേ . 

“ കുറേ ഏറെ കാര്യങ്ങൾ പറയാനുണ്ടെന്ന് “ പറഞ്ഞുകൊണ്ട് മഴക്കാലഓർമ്മകൾ പങ്കു വെയ്ക്കുന്നു “ പോസ്റ്റ് ഓഫ് ദി ഡേ “ ആഘോഷം തുടക്കമിടുന്നത് നമ്മുടെ സുധിയുടെ പോസ്റ്റാണ് .   ജീവിതാനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചു പകർത്തി വായനക്കാരെ നല്ല രസത്തിൽ വായിപ്പിച്ച്‌ അവസാനം വരെ കൂട്ടിക്കൊണ്ടുപോകാനായി സുധിയുടെ മഴക്കാലഓർമ്മകൾ . 

ഓരോ സംഭവങ്ങളും പറയുമ്പോൾ അതിനോട് ചേർത്തു പറയുന്ന ഉപമകൾ ( വല്യച്ഛനൊപ്പം ചായക്കടയിൽ കയറുമ്പോൾ “ രണ്ടു കാപ്പി .. ഒന്നു വിതൗട്ട് .. ആ മധുരം കൂടി ഇവനിട്ടു കൊടുത്തേര് … ) എന്നതുപോലെ ( കാലവർഷം ഇരച്ചുകുത്തി പെയ്യണേ “ ഈ തണുപ്പത്തുനിന്നും കയറിപ്പോയിനെടാ പിള്ളേരെ എന്നു പറയുന്നപോലെ നീർക്കാക്കകൾ തലയ്ക്കു മുകളിൽ വന്ന് ചിറകു കുടഞ്ഞ് വെള്ളം തെറിപ്പിച്ചു “) ഇമ്മാതിരി പ്രയോഗങ്ങൾ കലക്കി . വെള്ളത്തിൽ മുങ്ങിയത് വായിക്കുമ്പോൾ തമാശ വിട്ടു വായനക്കാരിൽ തെല്ലു ഭീതിയും ആകാംക്ഷയും ജനിപ്പിക്കുന്നു .

ഗ്രാമീണ പശ്ചാത്തലവും അവിടുത്തെ നിഷ്കളങ്കതയും കുട്ടിക്കാലത്തെ കുസൃതികളും ഒക്കെ ലളിതമായ ശൈലിയിലൂടെ പറഞ്ഞ് വായനക്കാരെ ഒട്ടും മുഷിപ്പിക്കാതെ അവസാനം വരെ കൂട്ടിക്കൊണ്ടുപോയി സുധി .  ആശംസകൾ സുധി . 

നാലാംനിലയിലെ എഴുത്തുമുറിയിൽ കടക്കാൻ ശ്രമിക്കുമ്പോളൊക്കെ ഒരു തടസ്സം . രണ്ടുമൂന്നു തവണ വാതിലിൽ തട്ടിയിട്ടും എന്താ സൂര്യാ എഴുത്തുമുറി ഒന്നു തുറന്നു തരാത്തെ ..അതുകൊണ്ട് നേരെ സമാന്തരന്റെ സങ്കട തീവണ്ടിയിൽ കയറി. എന്താ … ല്ലേ … സങ്കടങ്ങളുടെ പെരുമഴ . സ്വന്തം പത്നിയോടു നീതി പുലർത്താനായില്ലേ എന്ന കുറ്റബോധം ഒരു വശത്ത് … മറുവശത്തു സ്വന്തം തൊഴിലിനോട് നീതി പുലർത്തേണ്ടുന്ന ഉത്തരവാദിത്വം . ഇവയ്ക്കു രണ്ടിനുമിടയിൽ പെട്ടുഴറുന്ന ഒരു ലോക്കോപൈലറ്റിന്റെ ജീവിതസങ്കടങ്ങൾ … നിസ്സഹായാവസ്ഥ വായനക്കാരുടെ മനസ്സിൽ തട്ടുംവിധം പകർത്തിവച്ചിരിക്കുന്നു കഥാകൃത്ത്. 
ഹൃദ്യമായ ശൈലി … ആശംസകൾ സമാന്തരൻ . 


(തുടരും )

Monday, 18 November 2019

പുലരികൾ

സന്ധ്യയ്ക്ക് ചേക്കേറാനായി മാനത്തൂടെ ഒറ്റക്കും കൂട്ടമായും വേഗത്തിൽ പറന്നുപോവുന്ന കിളികൾ ... ... ..  എന്തു രസം .. അവറ്റകളെയിങ്ങനെ നോക്കിയിരിക്കാൻ ... പഴയവീടിനെയാണ് അപ്പോൾ ഓർമ്മവന്നത് . വൈകുന്നേരങ്ങളിൽ ഏട്ടനുമൊത്ത് വീടിനു മുൻപിലെ വരാന്തയിലിരുന്ന് വേഗത്തിൽ പറന്നുപോവുന്ന കിളികളെ മത്സരിച്ചെണ്ണുക ഒരു രസമായിരുന്നു . സന്ധ്യാനേരത്ത് ഇവ പറന്നുപോവുന്നത് അവറ്റകളുടെ വീട്ടിലേക്കാണെന്ന് ഏട്ടൻ പറയാറുണ്ട് . മാനത്തേയ്ക്കു നോക്കിയിരുന്നപ്പോൾ ഒരുനിമിഷം ആശിച്ചു ' ഈ പറവകളായി ജനിച്ചാൽ മതിയായിരുന്നു ... എന്തു ഭാഗ്യം ... എന്തോരം ഉയരത്തിൽ പറക്കാം ... മാനത്ത് ഇഷ്ടംപോലെ സ്ഥലമില്ലേ ...'
മുറ്റത്തെ ചരലുകളിൽ ഈർക്കിലിച്ചൂലുകൊണ്ട് വേഗത്തിൽ കോറുന്നതിന്റെ ഒച്ച . സന്ധ്യയ്ക്കു മുന്നേയുള്ള നളിനിയേടത്തിയുടെ വഴിപാട്. കവലയിൽനിന്നും “കുട്ടൻപ്രാന്തന്റെ” ഉറക്കെയുള്ള സംസാരവും പാട്ടും കേൾക്കാം .  പകലൊക്കെ വഴിനീളെ പാട്ടുപാടിയും പ്രസംഗിച്ചും നടക്കും . രാത്രിയിൽ കയറിച്ചെല്ലുന്ന ഏതേലും വീടിന്റെ വരാന്തയിൽക്കിടന്നുറങ്ങും . . ലക്ഷ്മിയമ്മ പറഞ്ഞുള്ള അറിവുകളാണ് . ഇതേവരെ അയാളെയൊന്നു നേരിൽ കാണാനായിട്ടില്ല . 

അകന്ന ബന്ധുവായ ലക്ഷ്മിയമ്മയുടെ വീട്ടിലെ ചുറ്റുപാടുകളുമായി സാവകാശം ഇണങ്ങിവരാൻ  കഴിയുന്നുണ്ട് . ലക്ഷ്മിയമ്മക്കു വല്യവീടുണ്ട് ... പറമ്പുണ്ട് ... പണമുണ്ട് ... പക്ഷേ എന്തൊക്കെയോ ദുഃഖങ്ങൾ അലട്ടുന്നുണ്ട് . ലക്ഷ്മിയമ്മക്കു തന്റെ സാഹചര്യങ്ങൾ അറിയാവുന്നതുകൊണ്ടാകാം മുഖമൊന്നു വാടിക്കണ്ടാൽ തിരക്കും " എന്താ കുഞ്ഞേ .. മുഖം വാടിയെ ..." വാക്കുകളിലൂടെ ആ കരുതൽ മനസ്സിലാവും എന്നാലും അന്നേരം മനസ്സ് ഒന്നൂടെ വിഷമിച്ചുപോകാറുണ്ട്.   ഉയർന്നമാർക്കിൽ പത്താംതരംപാസ്സായ ഏട്ടനെ അച്ഛൻ പട്ടണത്തിൽ നല്ല കോളേജിൽത്തന്നേ ചേർത്തുകഴിഞ്ഞല്ലോ . പുതിയസ്ഥലത്തു വീടുവാങ്ങിയാൽ ഏട്ടനെ ഹോസ്റ്റലിലാക്കാനാണ് അച്ഛന്റെ തീരുമാനം . ചേച്ചിയാണെങ്കിലോ സാഹചര്യങ്ങളാൽ പ്രീഡിഗ്രി കഴിഞ്ഞതോടെ പഠിപ്പുമതിയാക്കി . പാവം ചേച്ചി !! ആറാംതരത്തിൽ പഠിക്കുന്ന തന്റെ കാര്യത്തിലായിരുന്നല്ലോ അച്ഛന്റെ ആധി . അദ്ധ്യായനവർഷം തുടങ്ങി . ഇടക്കുവച്ചു പഠിപ്പു മുടങ്ങിയാൽ .... ലക്ഷ്മിയമ്മയുടെ കനിവ് അച്ഛന് വലിയൊരു ആശ്വാസമായിട്ടുണ്ടാവണം .  എന്നാവും അച്ഛനിനി സ്വന്തമായി ഒരുവീടു വാങ്ങുക . ഓരോ പുലർച്ചെയും രാത്രിയിലും ഉള്ള പ്രാർത്ഥനയിൽ ഒറ്റ അപേക്ഷമാത്രേ ഉള്ളൂ മനസ്സിൽ ' അച്ഛന് വേഗം സ്വന്തായി ഒരു വീടുവാങ്ങാൻ കഴിയണേ ...' 
ആ വാടകവീട്ടിൽനിന്നും എത്രയുംവേഗം മാറാനായെങ്കിൽ ...    ആ വീടുമായി ഒട്ടും പൊരുത്തപ്പെടാനായിട്ടില്ല ... പാവം ഏട്ടനും ചേച്ചിയും ഇപ്പോ എന്തെടുക്കുകയാണോ .. ആവോ .. ദുഃഖം നിഴലിച്ച മുഖങ്ങളാണ് സദാ അച്ഛനും അമ്മയ്ക്കും .. അമ്മക്കൊരേ പ്രാർത്ഥനമാത്രം " സ്വന്തമായി ഒരുകിടപ്പാടം ..". പകലത്തെ അലച്ചിലിനൊടുവിൽ കയറിവരുന്ന അച്ഛൻ അഭിമുഖീകരിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറേ മുഖങ്ങളെയാണ് .  " ഇന്നത്തെ പോക്കു ശരിയായില്ല .. വേറെവിടെയെങ്കിലും ദൈവം നമുക്കായി കരുതിവച്ചിട്ടുണ്ടാവും .." അച്ഛന്റെ സമാധാനവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെയും ചേച്ചിയുടെയും ചേട്ടന്റെയും മുഖത്തു സങ്കടമാണ് .. അതുകാണുമ്പോൾ ഒന്നൂടെ വല്ലാത്ത സങ്കടം വരും . ആശിക്കും ... താമസിയാതെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവണേ ..

വാടകവീട്ടിലെ അയൽക്കാരി മോളമ്മയുടെ പെരുമാറ്റമാണല്ലോ മനസ്സിനെ വല്ലാതെ വ്രണപ്പെടുത്തിയിട്ടുള്ളത് .  സമപ്രായക്കാരി കൂട്ടുകൂടാൻ വന്നപ്പോൾ ആദ്യം ഇഷ്ടമായിരുന്നു . പക്ഷേ അവൾ തനിനിറം പുറത്തുകാട്ടിയപ്പോൾ വെറുപ്പായിത്തുടങ്ങി . തങ്ങൾ താമസിക്കുന്ന വാടകവീടിന്റെ മുറ്റത്തെ തുളസിയില നുള്ളാനും മുറ്റത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന മുരിങ്ങയില പറിക്കാനും ഒക്കെ ഒരു സന്ദർശനം നടത്തിയിട്ട് തങ്ങളെനോക്കി ഒരു താക്കീതുകൂടിയുണ്ട് " ഇതിലൊന്നും വടക്കാർക്കവകാശമില്ലാട്ടോ ... വീടുമാത്രേ അമ്മാമ തന്നിട്ടുള്ളൂ ..". അവടമ്മാമയുടേതാണത്രേ വാടകവീട് ... അവളുടെ നടപ്പിലും ഭാവത്തിലുമോ ... ഇതൊന്നും അമ്മാമേടെ അല്ല അവളുടെ സ്വന്തമാണെന്ന അഹങ്കാരം ..    അവളുടെ ഇമ്മാതിരി വർത്തമാനം കേട്ട് പലതവണ പിറുപിറുത്തുപോകാറുണ്ട് ' എന്റച്ഛന് നല്ല ഉദ്യോഗം ഉണ്ടായിരുന്നു .. എന്റച്ഛനെ എല്ലാർക്കും എന്തു കാര്യാരുന്നു .. ഞങ്ങൾക്കവിടെ വല്യ വീടുണ്ടാരുന്നു .. ' അവളോടിങ്ങനെ നല്ല രണ്ടു വർത്തമാനം പറയണൊണ്ടെന്നു പറഞ്ഞാലോ ചേച്ചി വിലക്കും " അതൊന്നും നമുക്കു സ്വന്തമായിരുന്നില്ലല്ലോ സുധക്കുട്ടീ .. അല്ലേൽത്തന്നെ അതൊക്കെ ഇനി വിളിച്ചുപറഞ്ഞിട്ടെന്തു കാര്യം .."  
മനസ്സിൽ എപ്പോഴും ഒറ്റ പ്രാർത്ഥന മാത്രം .. വേഗം സ്വന്തമായി ഒരു വീടുണ്ടാവണേ ... വാടകവീട്ടിൽ താമസിക്കുന്നവർക്ക്‌ ഒരു വിലയുമില്ലല്ലോ . 

അച്ഛനൊരിക്കൽ പണിക്കാരൻ കുട്ടനേയും തൊട്ടടുത്തു താമസിക്കുന്ന സ്ഥിരം സന്ദർശകനായ കേശുവച്ചനെയും ഒക്കെ പുരക്കകത്തു കൊണ്ടുനടന്ന്  തങ്ങളുടെ അലമാരയും കട്ടിലുകളും സെറ്റിയും ഒക്കെ കാട്ടിക്കൊടുക്കുന്ന കണ്ടു . അവർ പോയതും 'അമ്മ അച്ഛനോടു വല്ലാതെ കയർക്കുന്നതുകേട്ടു  " എന്തിനാണ് ഇതൊക്കെ വല്ലവരേയും കാട്ടിക്കൊടുക്കുന്നത് .. നമ്മുടെ പഴയ പ്രതാപം കാട്ടാനോ ..".  

നളിനിയേടത്തി മുറ്റമടി തീർത്തു ചെടിനന തുടരുമ്പോൾ വിളിച്ചു " കുട്ട്യേ ... എന്താണിത്ര ആലോചന ... സന്ധ്യയാവണൂട്ടോ ..."  കുളിക്കാനായുള്ള മുന്നറിയിപ്പാണെന്നറിയാം . നളിനിയേടത്തിക്കു ഒരാലോചനയും ഇല്ല . സദാസമയോം ഓരോ പണികളും ചെയ്തു നടക്കും .   വന്നനാൾമുതൽ വാത്സല്യത്തോടെയേ തന്നോടിടപെട്ടിട്ടുള്ളൂ . നളിനിയേടത്തിക്കു സ്വന്തമായി ഒരോലപ്പുരയുണ്ടെന്നു പറഞ്ഞിട്ടുണ്ട് . അതിനാൽ അവർക്കു വീടിനെ ഓർത്തു സങ്കടമില്ല . മാസാമാസം ലക്ഷ്മിയമ്മ കൊടുക്കുന്ന പൈസയും വാങ്ങി സന്തോഷമായി അവർ തന്റെ വീട്ടിൽ പോയി തിരികെ വരുന്നു .   നളിനിയേടത്തി കുറ്റിമുല്ലച്ചുവട്ടിൽ വെള്ളം നനച്ചുകൊണ്ടു പറഞ്ഞു " നിറയെ മൊട്ടുകളുണ്ട് കുട്ടീ. ..". കുറ്റിമുല്ലയിൽ നിറഞ്ഞുനിൽക്കുന്നു വെള്ളപ്പൂമൊട്ടുകൾ . മതിലിൽ പടർന്നുകിടക്കുന്ന പിച്ചിയിലും അങ്ങിങ്ങായി ധാരാളം മൊട്ടുകളുണ്ട് . നാളെ കാലത്തു അവയെല്ലാം വിരിഞ്ഞുനിൽക്കുന്ന കാണാൻ എത്ര ഭംഗിയാവും . സന്തോഷം തോന്നും . ലക്ഷ്മിയമ്മയുടെ വീട്ടിൽ നിറയെ പൂക്കളുണ്ട് . നല്ല ഭംഗിയുള്ള പൂക്കൾ . ഞങ്ങളുടെ പഴയ വീടിനെ ഓർത്തു . ഉയർന്ന മതിൽക്കെട്ടിനകത്തു വിശാലമായമുറ്റം ....തിട്ടകെട്ടി നിറയെ അച്ഛൻ നട്ടുവളർത്തിയ ചെടികൾ . .... എത്ര മനോഹരമായ വീട്‌ ... എല്ലാം പെറുക്കിക്കെട്ടി ആ വീടുവിട്ടു യാത്രയായ ദിവസം ഓർക്കുന്നതേ നെഞ്ചുപിടയും . 

മാനത്തേയ്ക്കു നോക്കി .. ഇതുവരെ തീർന്നിട്ടില്ല . ഒറ്റയ്ക്കും കൂട്ടമായും ചിലച്ചുകൊണ്ടുപോവുന്ന കിളികൾ . എന്തോരം സന്തോഷത്തോടെയാ അവറ്റകളുടെ പോക്ക്‌ ... എവിടാവും അവരുടെ വീട്‌ . സങ്കടം വന്നു .. പറവകൾക്കും വീടുണ്ട് ... എല്ലാവർക്കും വീടുണ്ട് . അച്ഛനിനി വീടുവാങ്ങാൻ കഴിയില്ലേ ... 
'അമ്മ പണ്ടൊരിക്കൽ പറഞ്ഞുകേട്ടിട്ടുണ്ട്  ഞങ്ങളുടെ വീട്ടിലെ കിഴക്കേമൂലയ്ക്ക് രണ്ടുനിലയിൽ തീർത്ത കോഴിക്കൂടിനെപ്പറ്റി . മുകളിലും താഴെയും മരയഴികൾകൊണ്ട് രണ്ടുകള്ളികളായി വേർതിരിച്ചിരുന്നു . ഓർമ്മവച്ചകാലം മുതൽ അതിൽ നിറയെ കോഴികൾ ഉണ്ടായിരുന്നു . മുകളിലേത്തട്ടിൽ മുയലുകളെ വളർത്തിയിരുന്നതായി 'അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് . ഇതുപണിത  ആശാരി പണിതീർന്നതും പറഞ്ഞത് " അച്ഛന് ഒരു രണ്ടുനിലവീട് പണിയാനുള്ള യോഗം ഇതിൽ തീർന്നുവത്രെ .." ഓർത്തപ്പോൾ വിഷമം തോന്നി . അതിനി സത്യാവുമോ .. അതാണോ അച്ഛന് വീടുവാങ്ങാൻ കഴിയാത്തത് . അകത്തേമുറിയിലെ ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കിളിയുടെ ചിലപ്പ്‌ .. മണി അഞ്ച് ... വേഗം കുളിക്കാനായി ഓടുമ്പോൾ ഓർക്കയായിരുന്നു  പാവം കിളി .. .. രാവിലെ എണീൽക്കാൻ ... പഠിത്തം കഴിഞ്ഞു റെഡിയാവാൻ .. പള്ളിക്കൂടത്തിലേയ്ക്ക് പുറപ്പെടാൻ ... രാത്രികിടക്കാൻ ഒക്കെ .. ഈ കിളിയുടെ ചിലപ്പ്‌ ഒരനുഗ്രഹമാകുന്നു . 

പിറ്റേന്നു കുളിച്ചൊരുങ്ങി പള്ളിക്കൂടത്തിൽ ചെന്നപ്പോൾ നേരത്തേ എത്തിയിരുന്നു ജോളിയും ലീലയും . എത്രവേഗമാണ് തങ്ങൾ കൂട്ടുകാരായത് . പുതിയ ചുറ്റുപാടിൽ സംഭ്രമത്തോടെ കയറിച്ചെന്നപ്പോൾ പുഞ്ചിരിയോടെ അവർ തങ്ങളുടെ അരികിലേയ്ക്കിരുത്തിയത്.  ' ഈ ഒരു വർഷമേ താനുണ്ടാവൂ ..' എന്നോർമ്മപ്പെടുത്തുമ്പോൾ രണ്ടാളും പരാതി പറയും " നീ മുഖം കാണിക്കാനാണോ സുധക്കുട്ടീ ഇവിടേയ്ക്ക് വന്നത് ... എന്തിനാ തിരികെ പോവണേ ......ഇവിടെ പഠിച്ചൂടെ .." ചെറിയൊരു സങ്കടം അപ്പോൾ തോന്നിയാലും പറയും " അച്ഛൻ വീടുവാങ്ങിയാൽ ഉടനെ അങ്ങോട്ടേയ്ക്കു പോവും .. പിന്നെ അവിടെ സ്കൂളിൽ  പഠിക്കാമല്ലോ .." 

ഉച്ചഭക്ഷണസമയത്തെ  ഇടവേളയിൽ കുട്ടികൾക്കിടയിൽ വല്യൊരു ബഹളം കേട്ടു . പലരും മുൻവശത്തെ റോഡിലേക്കോടുന്നു .” കുട്ടൻപ്രാന്തനായിരുന്നു” താരം .  അയാൾ പാട്ടുംപാടി ആവഴി പോയത്രേ .. കൂട്ടുകാർക്കൊപ്പം തങ്ങളും ഓടിച്ചെല്ലുമ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു . ഇത്തവണയും കുട്ടൻപ്രാന്തനെയൊന്നു നേരിൽ കാണാനായില്ലല്ലോ എന്ന സങ്കടായി . ലീല പറഞ്ഞത് " കുട്ടൻപ്രാന്തൻ  പാവാത്രേ ... ആരേം ഉപദ്രവിക്കില്ല .. നന്നായി പാട്ടുപാടും . സ്വന്തം വീടുണ്ട് . പക്ഷേ വീട്ടുകാർ അയാളെ അടുപ്പിക്കില്ല . കഷ്ടം തോന്നി . പാവം കുട്ടൻപ്രാന്തൻ ..!! സ്വന്തംവീട്ടിൽ കയറ്റില്ലാച്ചാൽ പിന്നെ അയാൾ എവിടെപ്പോകും
നാലുമണിനേരം പള്ളിക്കൂടംവിട്ടുവന്നപ്പോൾ നളിനിയേടത്തി ഇലയട പുഴുങ്ങിയതും ചായയും തന്നു .  തേനൂറുംമധുരത്തിൽ ശർക്കര ചേർത്ത ഇലയടയുടെ സ്വാദിൽ ചായയുടെ മധുരം അറിയാനുണ്ടായിരുന്നില്ല . കാപ്പികുടി കഴിഞ്ഞ് ഉമ്മറത്തു വന്നപ്പോൾ ലക്ഷ്മിയമ്മ ചേച്ചിയുടെ കത്തുവന്നത് വച്ചുനീട്ടിക്കൊണ്ടു പറഞ്ഞു " വായിച്ചുനോക്ക് ... വിശേഷം എന്തുണ്ടെന്ന് ..". 
പാവം ചേച്ചി ..!!  ഇടയ്ക്കിടെ മുടങ്ങാതെ വിശേഷങ്ങൾ എഴുതി അറിയിക്കാറുണ്ട് . കത്തു പൊട്ടിക്കുമ്പോൾ ആകാംക്ഷകൊണ്ട് നെഞ്ചിനകം വല്ലാതെ മിടിച്ചു . .. അച്ഛൻ വീടു വാങ്ങിയിട്ടുണ്ടാവുമോ ...   ചേച്ചിയുടെ സ്ഥിരം സംബോധന ...
" പ്രിയ സുധക്കുട്ടീ ...  നിനക്കു സുഖമല്ലേ .. നന്നായി പഠിക്കണം കേട്ടോ ... വീടൊന്നും ഇതുവരെ ശരിയായില്ല .  ഇവിടുത്തെ കിണറ്റിലെ വെള്ളം പറ്റി . താഴെ മോളമ്മയുടെ കിണറ്റിൽ നിന്നാത്രേ വെള്ളം കോരുന്നത് .  അവർ അധികം കോരാൻ സമ്മതിക്കില്ല . അച്ഛൻ പണിക്കാരൻ കുട്ടനെക്കൊണ്ട് വഴീലെ പൈപ്പീന്നു കുറച്ചു വെള്ളം പിടിച്ചുകൊണ്ടുവയ്‌പ്പിക്കും . അമ്മയ്ക്ക് നല്ല വിഷമമാണ് ... ഞങ്ങൾക്കും ... പ്രാർത്ഥിക്കുവാ ... നമുക്കു വേഗം വീടു ശരിയാവണേ ... നീയും പ്രാർത്ഥിക്കണം . ലക്ഷ്മിയമ്മക്കും നളിനിയേടത്തിക്കും സുഖമല്ലേ .. ഇവിടെ എല്ലാവരും ഇങ്ങനെ പോകുന്നു .         സ്നേഹത്തോടെ ചേച്ചി . "
മുഖത്തെ സങ്കടം മനസ്സിലായതാവാം ലക്ഷ്മിയമ്മ ആശ്വസിപ്പിച്ചു " എല്ലാം ശരിയാകും കുഞ്ഞേ ... വിഷമിക്കേണ്ട .." പുറത്തു തലോടിപ്പറഞ്ഞപ്പോൾ  അറിയാതെ തുളുമ്പിയ കണ്ണുകൾ ലക്ഷ്മിയമ്മ കാണാതിരിക്കാനായി മുറ്റത്തു ചെടികൾ നനച്ചുനിന്ന നളിനിയേടത്തിക്കരികിലേക്കു നടന്നു . 

സന്ധ്യയ്ക്ക്  ലക്ഷ്മിയമ്മക്കൊപ്പം നാമം ചൊല്ലാനിരിക്കുമ്പോൾ കേട്ടു കവലയിൽനിന്നും കുട്ടൻപ്രാന്തന്റെ പാട്ട് .  നാമംചൊല്ലിത്തീർത്തു പുസ്തകങ്ങളുമായി ഉമ്മറത്തുവന്നിരുന്ന് ആദ്യേ ഗൃഹപാഠങ്ങൾ ചെയ്തുതുടങ്ങി . മുറിക്കകത്തൊക്കെയും മങ്ങിയ വെട്ടം.  വോൾട്ടേജ് പ്രശ്നം കാരണം നേരത്തേ ഉമ്മറത്തെ ട്യൂബ് ലൈറ്റ് കത്തിച്ചിട്ടിട്ടുണ്ടാവും . പഠിക്കാനായി ഒരു ചെറിയമേശയും കസേരയും ഉമ്മറത്തിട്ടുതന്നിട്ടുണ്ട് . ഗൃഹപാഠം  ചെയ്തുതീർന്നതും ഏഴരമണിക്കത്താഴം . അത്താഴം കഴിച്ചുവന്ന് ബാക്കി പഠിക്കാനുള്ള പുസ്തകങ്ങൾ തുറന്നു . ലക്ഷ്മിയമ്മ കുറച്ചുനേരം ഒപ്പം വന്നിരുന്നശേഷം അകത്തേക്കു പോയി . ചിട്ടകളിൽ ലക്ഷ്മിയമ്മയുടെ നയങ്ങൾ കൃത്യമാണ് . ഏഴരമണിക്കത്താഴം കഴിഞ്ഞാൽ എട്ടരവരെ പഠിക്കാനനുവാദം ഉണ്ട് . ബാക്കി പുലർച്ചെ . കിടക്കാനായി വിളിതുടങ്ങും .  ലക്ഷ്മിയമ്മക്കൊപ്പമാവും കിടപ്പ്‌ .   

ഇറയത്തെ മുളംകർട്ടനുകൾക്കിടയിലൂടെ  റോഡിലെ അരണ്ടവെളിച്ചം അകത്തേക്കു അരിച്ചുകടക്കുന്നുണ്ട് .  തെക്കുവശത്തെ പിച്ചിപ്പൂവുകളുടെ ഹൃദ്യമായ ഗന്ധം തണുത്ത ഇളംകാറ്റിനൊപ്പം അകത്തേക്കു വരുന്നു . വിശാലമായ ഉമ്മറത്തിന്റെ പുറത്തേക്കുള്ള വാതിലിലേക്കു നോക്കുമ്പോൾ ചെറിയൊരു പേടി . പദ്യം മെല്ലെ ചൊല്ലിപ്പഠിച്ചുകൊണ്ടിരിക്കുമ്പോൾ നളിനിയേടത്തി അടുക്കളപ്പണികളൊതുക്കി കതകുകൾ അടച്ച്  ഉമ്മറത്തുവന്നെത്തിനോക്കിക്കൊണ്ടു ചോദിച്ചു " കഴിഞ്ഞില്ലേ കുട്ട്യേ ..."
' ഇല്ല നളിനിയേടത്തി ..'.    " ഓ .... എനിക്കുറക്കം വരുന്നു ....ഞാൻ കിടക്കട്ടേന്ന് " പറഞ്ഞ് നളിനിയേടത്തി മുടിവാരി  ഉച്ചിയിൽ മുറുക്കിക്കെട്ടിവച്ചുകൊണ്ട് അകത്തേക്കു പോയി . ഘടികാരത്തിനുള്ളിൽ ഒളിഞ്ഞിരുന്നകിളി അറിയിപ്പെന്നോണം പുറത്തേക്കു വന്നെത്തിനോക്കി ചിലച്ചുകൊണ്ടിരുന്നു . പാവം കിളി .. അതിനെങ്ങോട്ടേക്കും പറന്നുപോവേണ്ട  . പക്ഷേ അതിനും മനോഹരമായ വീടുണ്ടല്ലോ.. അതിനകത്തിങ്ങനെ ഒളിഞ്ഞിരുന്നാൽ മതീല്ലോ .. സമയം എട്ട് . ലക്ഷ്മിയമ്മ പറയണമാതിരി നളിനിയേടത്തിയെപ്പോലെ ഒരു ഉറക്കക്കാളി . 

പദ്യം നാലുവരിവീതം നോക്കിപ്പഠിച്ച് കാണാതെ ഉരുവിടാൻ ശ്രമിച്ചു . കൂട്ടിൽക്കിടന്ന നായയൊന്നു  മുരണ്ടു . പെട്ടെന്നതു കുര തുടങ്ങി . നെഞ്ചിനകത്തൊരാധി . മുറ്റത്തെ നേരിയ വെട്ടത്തിൽ ഒരുരൂപം ഇറയത്തെ നടയിലോട്ടു കാലുവച്ചു കയറിവരുന്നു . ഒന്നേ നോക്കിയുള്ളൂ .. ചുവന്ന കുപ്പായമിട്ട ...        'അമ്മേ ...' ഒറ്റ അലറിച്ചയായിരുന്നു . ലക്ഷ്മിയമ്മയും നളിനിയേടത്തിയും ഒരുപോലെ " കുട്ട്യേ .." ന്നു പരിഭ്രമത്തോടെ വിളിക്കുന്ന കേട്ടു . പുസ്തകം വലിച്ചെറിഞ്ഞ്‌ ഓടി ലക്ഷ്മിയമ്മക്കരികിലെത്തി . ബദ്ധപ്പെട്ടു കട്ടിലിൽനിന്നെണീറ്റുവരികയായിരുന്ന  ലക്ഷ്മിയമ്മയെ അടക്കംപിടിച്ചു കരഞ്ഞുകൊണ്ട് ഇറയത്തേക്കു കൈചൂണ്ടി ... വിറയലോടെ. നളിനിയേടത്തി ഓടി ഇറയത്തെത്തിക്കഴിഞ്ഞിരുന്നു . ലക്ഷ്മിയമ്മ തന്നെയുംകൂട്ടി വരുന്നതിനിടയിൽ ഉറക്കെ വിളിച്ചുചോദിച്ചു " ആരാ നളിനി ..?" നളിനിയേടത്തി ഒച്ചതാഴ്ത്തിപ്പറഞ്ഞു " ആ “പ്രാന്തൻ” ..". ലക്ഷ്മിയമ്മയുടെ കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട്  എത്തിനോക്കി മുറ്റത്തെ പടിയിലേയ്ക്ക് . ചുവന്ന കുപ്പായം ... മുഴിഞ്ഞ മുണ്ട് ... തലയിൽ തോർത്തും ചുറ്റി .. തോളിലൊരു കീറസഞ്ചിയുമായി അയാൾ . ലക്ഷ്മിയമ്മ ഒച്ചവച്ചു " കുട്ടാ ... നീ കുട്ടിയെ പേടിപ്പിച്ചുവോ .."
അയാൾ നടയിൽ കൈകുത്തിയിരുന്നുകൊണ്ട് യാചിക്കുംമട്ടിൽ പറഞ്ഞു " ഇല്ലമ്മച്ചീ ... സത്യായും ഇല്ല ... ഇവിടുത്തെ കുട്ടിയെ പേടിപ്പിക്കയോ ... കുഞ്ഞിനെ ഞാനൊന്നു വിളിക്കാനൊരുങ്ങും മുൻപേ അതു ബഹളം വച്ചോടീല്ലേ .. ". 
ഭയം മാറി .. മനസ്സ് ഒന്നു തണുത്തു ... പാവം കുട്ടൻപ്രാന്തൻ ..!! ലീല പറഞ്ഞത്‌ എത്ര സത്യം .  പക്ഷേ ലക്ഷ്മിയമ്മ ഒച്ച വച്ചു " രാത്രീലാ എഴുന്നള്ളത്ത്‌ .. കുട്ടി പേടിച്ചുപോയില്ലേ .." 
നളിനിയേടത്തിയും അതുശരിവച്ചു .  അയാൾ വീണ്ടും കേണു " ഇല്ലമ്മച്ചിയേ ... ഇവിടുത്തെ കുട്ടിയെ ഈ കുട്ടൻ പേടിപ്പിക്കയോ ..".  അയാളാ നടക്കൽ കുത്തിയിരുന്നു . " എനിക്കു വിശക്കുന്നു അമ്മച്ചീ .. ഇത്തിരി കഞ്ഞി താ ..". ലക്ഷ്മിയമ്മക്കു  ദേഷ്യം വന്നെങ്കിലും നളിനിയേടത്തിയുടെ മുഖത്തേയ്ക്കു നോക്കി . നളിനിയേടത്തി ഈർഷ്യയോടെ പറഞ്ഞു " ചോറിനകത്തു വെള്ളം ഒഴിച്ചു ".  ലക്ഷ്മിയമ്മ പറഞ്ഞു " സാരോല്ല ... നീ ആ പറ്റിലിത്തിരി മോരൊഴിച്ച് ഇത്തിരി കടുമാങ്ങയും ഇട്ടു കൊണ്ടക്കൊട് ..". നളിനിയേടത്തി പിറുപിറുത്തുകൊണ്ടകത്തേയ്ക്കു പോയി . ഉറക്കം മുടക്കിയതിന്റെ തെല്ലീർഷ്യയോടെ ... 

ലക്ഷ്മിയമ്മ ഉമ്മറത്തുകിടന്ന കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു " നിനക്കീ രാത്രിയിൽ ഇങ്ങനെ കറങ്ങിനടക്കാണ്ട് വീട്ടിൽ പോയിക്കിടന്നുറങ്ങിക്കൂടെ ...".    അയാൾ സങ്കടത്തോടെ ചോദിച്ചു " ഏതു വീടാ അമ്മച്ചീ ... എനിക്കെവിടെയാ വീട്‌ ... എനിക്കാരുമില്ലല്ലോ ... ആരുമില്ലാത്തോർക്കെവിടെയാ വീട്‌ ..." 
ശരിക്കും സങ്കടം തോന്നി ... പാവം “കുട്ടൻപ്രാന്തൻ” ..!!!
ലക്ഷ്മിയമ്മ ചോദിച്ചു " ആരു പറഞ്ഞു നിനക്കാരുമില്ലെന്ന് ... നിന്റെ പെങ്ങളില്ലേ ..". അയാളതു ശ്രദ്ധിക്കാതെ തലയിലെ കെട്ടഴിച്ച് പാടാൻ തുടങ്ങി " പാമ്പുകൾക്കു മാളമുണ്ട് ... പറവകൾക്കാകാശമുണ്ട് ... മനുഷ്യപുത്രനു തലചായ്ക്കാൻ ..." 
ലക്ഷ്മിയമ്മ അടക്കം പറഞ്ഞു " അതെങ്ങനെ ഇവനെ അങ്ങോട്ടടുപ്പിക്കാത്തത് അവടെ കെട്ടിയോനല്ലേ  ... അവൾക്കു പിന്നേം കൂടപ്പിറപ്പിനെ നോക്കണം ന്നുണ്ട്‌ .."

കഷ്ടം പാവം “കുട്ടൻപ്രാന്തൻ” !!!! അയാൾക്കു വീടുണ്ട് ... പക്ഷേ കയറിച്ചെല്ലാൻ അനുവാദമില്ല .  നളിനിയേടത്തി ഒരു പിഞ്ഞാണത്തിൽ കഞ്ഞി കൊണ്ടുക്കൊടുത്തു . ഒരു മൊന്തയിൽ കുറച്ചു വെള്ളവും . അയാൾ രുചിയോടെ അതുകഴിച്ച് മൊന്തയിലെ വെള്ളം മുഴുവൻ കുടിച്ചു .  ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തോളിൽക്കിടന്ന തോർത്തെടുത്തു മുഖം തുടച്ചു . നളിനിയേടത്തി പാത്രങ്ങളെടുത്ത് അകത്തേയ്ക്കുപോയി . മനസ്സിൽ തോന്നിയ ഭയമെല്ലാം അകന്ന് പാവം “കുട്ടൻപ്രാന്തനോട് “ കഷ്ടം തോന്നി .  അയാൾ തന്റെ കീറസഞ്ചി തോളിലിട്ടു .. തലയിൽ തോർത്തുചുറ്റി . ലക്ഷ്മിയമ്മയെ നോക്കി കൈകൂപ്പി " പോട്ടെ അമ്മച്ചീ ...". ലക്ഷ്മിയമ്മക്കരികിൽ ചേർന്നുനിന്ന തന്നെനോക്കി പറഞ്ഞു " സത്യായും കുഞ്ഞേ .. ഈ കുട്ടനാരേം പേടിപ്പിക്കാനറിയില്ല ..". ലക്ഷ്മിയമ്മ ഒച്ചവച്ചു " മതി .. മതി.  പോകാൻ നോക്ക് .." 
" ഓ ശരി അമ്മച്ചീ .." അയാൾ തലകുലുക്കിപ്പറഞ്ഞുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോൾ ഉറക്കെപ്പടിത്തുടങ്ങിയിരുന്നു " ആകാശത്തിലെ കുരുവികൾ ... വിതക്കുന്നില്ലാ .... കൊയ്യുന്നില്ലാ .. കളപ്പുരകൾ കെട്ടുന്നില്ലാ ... അളന്നളന്നു കൂട്ടുന്നില്ലാ ..." 
അയാളുടെ പാട്ടിനൊരീണമുണ്ട് ... താളമുണ്ട് .. 
പുസ്തകങ്ങൾ വാരിയെടുത്ത് ലക്ഷ്മിയമ്മക്കൊപ്പം അകത്തേയ്ക്കു നടന്നു .  നളിനിയേടത്തി വാതിലുകൾ പൂട്ടി .. ലൈറ്റണച്ചു . ലക്ഷ്മിയമ്മക്കൊപ്പം കിടക്കുമ്പോൾ പാതിതുറന്ന ജനാലയിലൂടെ നേരിയ ശബ്ദം കേൾക്കാം .  “കുട്ടൻപ്രാന്തൻ” റോഡിലൂടെ പാടിക്കൊണ്ടു പോകയാണ് . നാളെ പള്ളിക്കൂടത്തിൽ ചെന്നാലുടനെ ജോളിയോടും ലീലയോടും “കുട്ടൻപ്രാന്തനെ” നേരിൽക്കണ്ട  വിശേഷങ്ങൾ പറയണം . പാവം “കുട്ടൻപ്രാന്തൻ” ..!! അയാൾ എവിടെയാവും അന്തിയുറങ്ങുക . സ്വന്തം വീട്ടിൽ കയറ്റില്ലല്ലോ .. കഷ്ടം !!! തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . അസ്വസ്ഥമാകുന്ന മനസ്സ് ..  അച്ഛനിനി എന്നാവും വീടുവാങ്ങുക ... അന്ന് മോളമ്മയുടെ മുൻപിൽ തലയുയർത്തിനിന്നു പറയാം " എന്റച്ഛൻ വീടു വാങ്ങിയല്ലോ ... അവിടെ പറമ്പിലും മുറ്റത്തും ഞങ്ങൾ ഓടിനടന്നുകളിക്കും .. മുറ്റത്തു തുളസിയും നിറയെ ചെടികളും നട്ടുവളർത്തും ...".   

ലക്ഷ്മിയമ്മ സുഖസുഷുപ്തിയിലാണ്ടു .. അങ്ങേമുറിയിൽനിന്നും നളിനിയേടത്തിയുടെ കൂർക്കംവലി കേൾക്കാം .  തനിക്കുമാത്രം എന്തേ ഉറങ്ങാനാവാത്തത് ... നാളെ ഒരു നല്ല വാർത്ത കേൾക്കാനാവുമോ ... മനസ്സങ്ങനെ കൊതിക്കയാണ് ... നിറഞ്ഞുവരുന്ന മിഴികൾ തുടച്ച് തലയിണയിൽ മുഖമമർത്തി മനസ്സിൽ പ്രാർത്ഥിച്ചു ' എന്റച്ഛനു വേഗം വീടുവാങ്ങാൻ കഴിയണേ ...' 

ചിന്തകളെ മുറിച്ച് പ്രതീക്ഷകൾ നിറഞ്ഞ പുതിയൊരു ദിവസത്തിന്റെ  വരവറിയിച്ച് ഘടികാരത്തിനുള്ളിലെ കിളി പുറത്തേക്കെത്തിനോക്കി ചിലച്ചുകൊണ്ടിരിക്കുമ്പോൾ ഉറക്കം മെല്ലെ കൺപോളകളെ തഴുകിത്തുടങ്ങിയിരുന്നു . 
                           ======================================
ശുഭം 
ഗീതാ ഓമനക്കുട്ടൻ  


Friday, 13 September 2019

അല്പം പഴങ്കഞ്ഞി വിശേഷങ്ങൾ






ഇടക്കാലത്തു നമ്മൾ വേണ്ടെന്നു വച്ചുകളഞ്ഞ മൺചട്ടിയും മൺകലവും  അരകല്ലും ഉരലും ഒക്കെ നമ്മുടെ വീടുകളിൽ വീണ്ടും ഇടംപിടിച്ചു  തുടങ്ങി . അതുപോലെ ഒരു പഴങ്കഥയായിപ്പോയ പഴങ്കഞ്ഞിയും വീണ്ടും തിരികെവരുന്നു എന്നാണ് ഈയടുത്ത ചില എഫ് ബി ... വാട്‍സ് ആപ്പ് വീഡിയോകളിലൂടെ  മനസ്സിലാവുന്നത് . പഴങ്കഞ്ഞിക്കടകളും  ധാരാളമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട് . മലയാളികൾ വീണ്ടും പഴമയിലേക്ക്‌ നീങ്ങിത്തുടങ്ങി . 

കുറച്ചുനാൾ മുൻപ് ഒരു ബ്ലോഗ് സുഹൃത്ത്  പഴങ്കഞ്ഞിവിശേഷങ്ങൾ  വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഷെയർ ചെയ്തത് വായിക്കാനിടയായി . ഈയടുത്ത്  എന്റെയൊരു സുഹൃത്ത് പഴങ്കഞ്ഞിയുമായി  ബന്ധപ്പെട്ട മറ്റൊരു രസകരമായ വീഡിയോ പോസ്റ്റ് കാണിച്ചു തന്നു . കാണികളെ കൊതിപ്പിക്കുംരീതിയിൽ  മൺചട്ടിയിൽ പഴങ്കഞ്ഞി  അതിലേക്കു ഉണക്കമീൻ , പച്ചമുളക് , മീൻ അച്ചാർ , ചക്കപ്പുഴുക്ക് , ഉണക്കമീൻപീര , ഉപ്പുമാങ്ങ ഇങ്ങനെ കുറേ ഐറ്റംസ് ഇട്ട്‌ കൈയിട്ടു ഞെരടിഞെരടി  ഒരു പരുവമാക്കി കൈയില് വാരി വായിലോട്ടു വച്ചിട്ട് 
" കിടുവേ ..." എന്നൊരു  ഡയലോഗും കാച്ചി ഇഷ്ടൻ പഴങ്കഞ്ഞി തട്ടുന്നൊരു വീഡിയോ .   സുഹൃത്ത് പറഞ്ഞത്‌ " ഇതു കണ്ടാൽ ആർക്കാണ് കൊതി വന്നുപോകാത്തത് " എന്നാണ് . 
' അത്രക്കൊന്നും തോന്നുന്നില്ല ' എന്ന എന്റെ മറുപടി സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .  " നിങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒന്നിട്ടു നോക്കൂ .. " എന്നായി സുഹൃത്ത് . 
'ആരും ഇതിൽ വല്യ ഇമ്ബ്രസ്ഡ്   ( ആകർഷിക്കപ്പെടാൻ ) ആവാൻ വഴിയില്ല ..' എന്ന എന്റെ മറുപടി സുഹൃത്തിനെ ചൊടിപ്പിക്കയാണുണ്ടായത് .   ' പഴങ്കഞ്ഞി  കുടിച്ചു ശീലമില്ല .. അതാവാം ഇങ്ങനെയൊരു  തോന്നൽ ..' എന്നു പറഞ്ഞിട്ടൊന്നും സുഹൃത്ത്  അതൊന്നംഗീകരിക്കാൻ തയ്യാറായില്ലെന്നു  മാത്രമല്ല. " നിങ്ങൾ കുടുംബപരമായി ചില്ലറ അസുഖങ്ങൾ ഉള്ളവർ ആയതിനാലാവാം നിങ്ങൾ കുട്ടികളെ പഴങ്കഞ്ഞി കഴിപ്പിച്ചു ശീലിപ്പിക്കാതിരുന്നത് .." എന്നാണ് സുഹൃത്ത് എന്നോടു വാദിച്ചത് . ഞാനോ എന്റെ വീട്ടിലെ മുതിർന്നവരോ സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ സാധ്യതയില്ലാത്ത കാരണങ്ങളാണ് ഈ പഴങ്കഞ്ഞിയുടെ പേരിൽ സുഹൃത്ത് എന്റെമേൽ ആരോപിച്ചത് . നോക്കണേ ഒരു പഴങ്കഞ്ഞി  വരുത്തിവച്ച പ്രശ്നങ്ങൾ ..... ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളും ശീലങ്ങളുമല്ലേ  ... അതിനിങ്ങനെ തർക്കിക്കേണ്ടതുണ്ടോ ... എന്ന ഒരു മനോവിഷമം തോന്നി സുഹൃത്തിനെ അതുപറഞ്ഞു  മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും സുഹൃത്ത് പറഞ്ഞതുതന്നെ  ആവർത്തിക്ക മാത്രമാണ് ചെയ്തത് .  ഈ പഴങ്കഞ്ഞിപ്രിയം വീട്ടിൽ മറ്റുള്ളവർക്കുണ്ടാകാം പക്ഷെ എനിക്കെന്തോ അതിൽ വല്യ പ്രിയം അന്നുമില്ല .. ഇന്നുമില്ല .. അതുകൊണ്ട് ഒരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറയുകയല്ല . സുഹൃത്ത് ഉണ്ടാക്കിയ മനോവിഷമത്തിനിടയിലും പഴങ്കഞ്ഞിയുമായ ബന്ധപ്പെട്ട പഴയ ചില സംഭവങ്ങൾ ഓർമ്മയിൽ വന്നു . 

സ്ഥലത്തെ പ്രധാനിയും വലിയ മുതലാളിയുമായ പുന്നൂസച്ചായനെപ്പറ്റി നാട്ടുകാർ പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായത്രേ എല്ലും തോലുമായിരുന്ന പുന്നൂസച്ചായന്റെ പഴയരൂപം മാറി നല്ല തടിവച്ചത്‌  എന്നാണ് . പലർക്കും ഭാര്യ ആ സീക്രെട്ട്  പറഞ്ഞുകൊടുത്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത് . അതിപ്രകാരമാകുന്നു ... തലേന്നത്തെ ചോറ് വെള്ളം ഒഴിച്ച് കുറച്ചു ചുവന്നുള്ളിയും ചതച്ചിട്ട് അടച്ചു വക്കുക .  രാവിലെ ഒരു കാന്താരിയും ഇത്തിരി തൈരും ഉപ്പും ചേർത്ത് അതങ്ങു പിടിക്കുക ... തടി താനേ വന്നുകൊള്ളും ... എന്നാണ് വയ്പ് .  എത്രത്തോളം ശരിയാണെന്നറിയില്ല . പുന്നൂസച്ചായനെ കാണുന്നനാൾ മുതൽ നല്ല തടിയനാണ് .  പണ്ടങ്ങനെയായിരുന്നോ എന്നെനിക്കറിയില്ല .. പറഞ്ഞുകേട്ട അറിവു മാത്രമാകുന്നു .  ഇനി രണ്ടാം സംഭവം ... എന്റെ ചേച്ചിമാരാണ് കഥാപാത്രങ്ങൾ .  പ്രായത്തിൽ എന്നേക്കാൾ കുറച്ചു മുതിർന്നവരാകയാൽ അവരുടെ കൂട്ടുകെട്ട് ലിസ്റ്റിൽ ഞാനൊരിക്കലും ഉണ്ടായിരുന്നില്ല . സദാസമയവും അവർ രണ്ടാളും ഒരുമിച്ചുതന്നെ ... നടപ്പും ..  കളിയും ... ചിരിയും ... കഴിപ്പും ... കിടപ്പും ..എല്ലാം .  ഒരുദിവസം മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഞാൻ അടുക്കളയിലെ ചിരിയും ബഹളവും കേട്ടാണ് അങ്ങോട്ടോടിച്ചെന്നത് . കാര്യം എന്താണെന്നല്ലേ .. അമ്മയുടെ സഹായി അമ്മിണിക്ക് ജോലി നീങ്ങണമെങ്കിൽ രാവിലെ പഴങ്കഞ്ഞി നിർബന്ധം തന്നെ . പണിയൊക്കെ കഴിഞ്ഞ് രാവിലെ അടുക്കളയിൽ കൊരണ്ടിപ്പുറത്തിരുന്ന് അമ്മിണി വിസ്തരിച്ചൊരു പഴങ്കഞ്ഞികുടിയുണ്ട് . ഉണക്കമീൻ ചുട്ടത് അമ്മിണിക്കു നിർബന്ധം .  ദിവസേന ഇതുകണ്ട് കൊതിപൂണ്ട് ചേച്ചിമാർ അമ്മയോട് പറഞ്ഞിട്ട് അമ്മിണിക്കൊപ്പം രണ്ടാളും കൊരണ്ടിപ്പുറത്തിരിക്കുന്നു .. പഴങ്കഞ്ഞി 'അമ്മ അവർക്കു വിളമ്പിക്കൊടുക്കുന്നു .  
" എങ്ങനെയുണ്ടെന്ന " അമ്മിണിയുടെ ചോദ്യത്തിന്   " ഉം ... നല്ല രുചിയെന്ന " രണ്ടാളുടെയും മറുപടി .  അമ്മിണിയെ അനുകരിക്കാനുള്ള രണ്ടാളുടെയും ശ്രമം കണ്ട് അമ്മിണിയും അമ്മയും മൂത്തചേച്ചിയും എല്ലാവരും ചേർന്ന്‌ ഭയങ്കരചിരിയും ബഹളവും .  അവരുടെ കൂട്ടുപിടുത്തവും ഒരുക്കവും നടത്തയും ഒന്നും എനിക്കത്ര സുഖമുള്ള കാര്യങ്ങളല്ലാത്തതിനാൽ ഈ സംഭവവും എന്നിൽ വല്യ ചിരിയൊന്നും ഉണർത്തിയില്ല .  ഒരു പഴങ്കഞ്ഞികുടിയിൽ  ഇത്ര ചിരിക്കാനെന്തിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത് .. എന്നു കരുതി ഞാനൊരിക്കലും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ ... എന്റെ സുഹൃത്ത് ഇതു വായിക്കാനിടയായാൽ തെറ്റിദ്ധരിക്കരുതല്ലോ . 

മൂന്നാമത്തെ സംഭവം ... അടുത്തിടെയുണ്ടായ ചില അസുഖങ്ങൾക്കും അസ്വസ്ഥതകൾക്കും ചികിത്സതേടി  സ്ഥലത്തെ പ്രധാനഹോസ്പിറ്റലിൽ അവിടുത്തെ ഏറ്റവും മുഖ്യനായ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ഇരിക്കുന്ന സമയം . എല്ലാത്തവണയും കൂട്ടുവരുന്നത് ബന്ധുവായ ചേച്ചി ... എല്ലാതിരക്കുകളും മാറ്റിവച്ച് ഓടിയെത്താറുള്ള ചേച്ചി ..  അന്നും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് രാവിലെ തന്നെ യാത്ര പുറപ്പെടുന്നു .  സാധാരണ അരമുക്കാൽമണിക്കൂർ  ബസ്സ് യാത്രയിൽ തലവേദന ... ഛർദിക്കാൻ തോന്നുക ഇമ്മാതിരി അസ്വസ്ഥതകളാൽ വീർപ്പുമുട്ടുന്ന എന്നെ ആശ്വസിപ്പിച്ച് ധൈര്യം നൽകി കൂട്ടിക്കൊണ്ടുപോവുന്നത് ചേച്ചിയുടെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു .  പക്ഷേ അന്നു പതിവിനു വിപരീതമായി ബസ്സ് യാത്രയിൽ ഇടയ്ക്കുള്ള സ്റ്റോപ്പിൽ എന്നെയും കൂട്ടി ചേച്ചി ഇറങ്ങി . കാര്യമെന്തെന്നറിയാതെ വാ പൊളിച്ചുനിന്ന എന്നോട് ചേച്ചിക്കെന്തോ ഒരസ്വസ്ഥത തോന്നുന്നു ... ഇത്തിരി സോഡാ നാരങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞ് അടുത്തുകണ്ട കടയിൽക്കയറി  അതും കുടിച്ച് അടുത്ത ബസ്സിൽ യാത്ര തുടരുന്നു . 

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ചേച്ചി ആകെ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു . തന്നെയുമല്ല അവിടെച്ചെന്ന് മൂന്നാലുതവണ ചേച്ചി വാഷ്‌റൂമിൽ പോയി ഛർദിച്ചു വന്നു .  ഇതുകണ്ട ഞാൻ ' നമുക്കൊരു ഡോക്ടറെ കാണാം ..' ന്നു പറഞ്ഞിട്ട് ചേച്ചി സമ്മതിക്കുന്നുമില്ല . എന്റെ ഡോക്ടറാവട്ടെ എത്തുന്നുമില്ല . അപ്പോഴേക്കും ചേച്ചി അവശയായി അടുത്തുകിടന്ന രണ്ടു കസേരകൾ ചേർത്തടുപ്പിച്ചിട്ട്  സാരിത്തുമ്പ് തലവഴി മൂടിപ്പുതച്ചു കിടപ്പായി . ഇതുകൂടി കണ്ടതോടെ ഞാൻ എന്റെ രോഗമെല്ലാം മറന്ന് ചേച്ചിയെ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കാനുള്ള തീരുമാനമെടുക്കുന്നു .  ചേച്ചി പറഞ്ഞിട്ടു സമ്മതിക്കുന്നുമില്ല ... അതങ്ങു മാറിക്കൊള്ളും ... നിന്നെ കാണിച്ചു മരുന്നുവാങ്ങി പോകാം ... ഡോക്ടർ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കല്ലേ ... എന്നോർമ്മപ്പെടുത്തിക്കൊണ്ടു  ചേച്ചി കണ്ണടച്ചു കിടക്കയാണ് . അക്ഷമയോടെ ഞാൻ എന്റെ ഡോക്ടറെ കാത്തിരിക്കുന്നു . 

ഇനി ഈ ഡോക്ടറെ കാണാനായി ഞാൻ ഒരുമാസം മുൻപേ ബുക്ക് ചെയ്തു വന്നിട്ടുകൂടി കിട്ടിയത് പതിനഞ്ചാം നമ്പർ . ഒരു ഉത്സവത്തിനുള്ള ആൾക്കാർ ( രോഗികളും ബന്ധുക്കളുമൊക്കെയായി ) അവിടെ കിടന്ന കസേരകളിൽ ഇരിക്കുന്നു .. കുറേപ്പേർ നിൽക്കുന്നുണ്ട് ... മിക്കവരും ക്ഷീണിച്ച്‌  അവശരായി ... നീണ്ടകാത്തിരിപ്പിനിടയിൽ ചില രോഗികൾ തലകറങ്ങി വീഴാനൊരുങ്ങുമ്പോൾ വേഗം സിസ്റ്റർ അവരെ അകത്തേക്ക് കൊണ്ടുപോയി കിടത്തുന്നു ...പുറത്തിരിക്കുന്നവർ ഡോക്ടറെ കാണാഞ്ഞു അസ്വസ്ഥരായി സിസ്റ്ററിനോട് ആവലാതിപ്പെടുന്നു ..."  ഉടനെ എത്തുന്നതാണ് ... " എന്ന സിസ്റ്ററുടെ പതിവു മറുപടി .... ഇതിനുമുൻപ് രണ്ടുതവണ വന്നിട്ടുള്ളപ്പോഴും ഇതേ കാഴ്ചകളൊക്കെത്തന്നേ  കണ്ടിട്ടുള്ളതിനാൽ വലിയ പുതുമയൊന്നും തോന്നിയില്ല .  എത്രേം പ്രഗത്ഭനാകുന്നുവോ അത്രേം തിരക്കും അവർക്കുണ്ടാകും ... പറഞ്ഞസമയത്തു എത്തുക എന്നുള്ള കാര്യം പ്രഗത്ഭരെ സംബന്ധിച്ചിടത്തോളം അസാദ്ധ്യം ... അപ്പൊ പാവപ്പെട്ട രോഗികൾ പ്രഗല്ഭനെയും കാത്ത് ക്ഷമയോടെ ഇരിക്കുക .. അത്രതന്നെ . 

ഇതിനോടകം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു കൊടുംകാറ്റിന്റെ വേഗതയിൽ ഡോക്ടർ പാഞ്ഞുവന്ന് തന്റെ കൺസൾട്ടിങ് റൂമിലേക്ക് കയറുന്നു . രോഗികൾക്കൊക്കെ ഒരനക്കവും ജീവനും വച്ചപോലെ .. പിന്നെ ചടപടാന്ന് കാര്യങ്ങൾ .... സിസ്റ്റർ പേരുവിളിക്കുന്നു ... ആദ്യത്തെ രോഗി കയറുന്നു ... അധികം താമസിയാതെ പുറത്തേക്കു വരുന്നു ... അകത്തേക്ക് ക്ഷീണിതയായി കയറിപ്പോയ രോഗിയുടെ  മുഖത്തു നല്ല തെളിച്ചം .. സന്തോഷം ... 
അതാണല്ലോ ഒരു ഡോക്ടറുടെ ഏറ്റവും നല്ല ചികിത്സ ... ആരാണോ പറഞ്ഞത്‌  ഇങ്ങനെ 
" ഡോക്ടർ ദൈവമാണ് ..." ഈ വാക്കുകൾ എത്ര സത്യമാണല്ലേ ..   അടുത്താളേ വിളിക്കുന്നു ... കയറുന്നു ... അങ്ങനെ എന്റെ ഊഴമാകുന്നു . പാവം ചേച്ചി ഇതൊന്നുമറിയാതെ അപ്പോഴും ക്ഷീണിച്ചു മയക്കം തന്നെ . 

 ഞാൻ വേഗം ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെല്ലുന്നു . ഡോക്ടർ എന്തെങ്കിലും 
ചോദിക്കുംമുൻപേ ഞാൻ പറയുന്നു ' ഡോക്ടർ ... ചേച്ചിക്കു നല്ല ക്ഷീണം ... ഛർദിച്ചു ... കിടക്കുന്നു ...'.    ആദ്യം ഡോക്ടർക്കോ സിസ്റ്റർക്കോ കാര്യം പിടികിട്ടുന്നില്ല ... ഞാനാകെ ടെൻഷനിൽ പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ... മെല്ലെ സിസ്റ്റർ വന്നെന്റെ ചെവിയിൽ മന്ത്രിക്കുന്നു .." നിങ്ങളുടെ രോഗവിവരം പറയൂ ...".      ഡോക്ടർ  എന്റെ ഫയൽ നോക്കിയിട്ട് ചോദിക്കുന്നു " ഇപ്പൊ എങ്ങനെ ..?". ഞാൻ പെട്ടെന്നുതന്നെ പറയുന്നു ' എനിക്കിപ്പോൾ ഒരു കുഴപ്പവും ഇല്ല ഡോക്ടർ ...'.  ഞാൻ വീണ്ടും മുൻപ് പറഞ്ഞതുതന്നെ ആവർത്തിക്കുന്നു ..' ഡോക്ടർ കൂട്ടിനു വന്ന ചേച്ചി വളരെ ക്ഷീണിതയാണ് ...'.  ഇതിനോടകം എന്റെ വിഷമം ചോദിച്ചു മനസ്സിലാക്കിയ അദ്ദേഹം പഴയ മരുന്നുകളൊക്കെത്തന്നേ  വീണ്ടും കുറിച്ചുതന്ന്  മൂന്നുമാസം ഇതു മുടങ്ങാതെ കഴിക്കണമെന്നു നിർദ്ദേശിച്ചതൊക്കെ ഞാനൊരു ചെവിയിലൂടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നൂടെ ചേച്ചിയുടെ കാര്യം ഡോക്ടറെ ഓർമ്മപ്പെടുത്തുന്നു .  ഡോക്ടർ സിസ്റ്ററോട് നിർദ്ദേശിക്കുന്നു " ഇവരെ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ അടുത്തേക്കു വിടൂ ..."
സിസ്റ്റർ അടുത്തയാളുടെ പേരുവിളിച്ച്‌  അകത്തു കയറ്റിവിട്ട  ശേഷം എന്നോടു പറയുന്നു 
" വേഗം  രോഗിയെ കൂട്ടിവരൂ ...".    രോഗിയായ ഞാൻ പെട്ടെന്ന് രോഗിയായിപ്പോയ ചേച്ചിയെ തട്ടിയുണർത്തുന്നു . ചേച്ചി പെട്ടെന്ന് ഞെട്ടി ഉണർന്ന് ചാടിയെണീറ്റ് " ങേ ... എപ്പോ നിന്റെ ഡോക്ടർ വന്നു ... നീ കേറിക്കണ്ടോ ... എന്താ എന്നെ വിളിക്കാഞ്ഞത് ... " എന്നൊക്കെ ചോദിച്ചതൊന്നും ശ്രദ്ധിക്കാതെ ഞാൻ ചേച്ചിയോടു പറഞ്ഞു ' വേഗം വാ ... നമുക്ക് ഡോക്ടറെ കാണാം ..'.   സിസ്റ്റർ മുന്നേ നിന്നു വീണ്ടും വിളിക്കുന്നു " വേഗം വരൂ ...".     ഞാൻ  ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു ' വാ ചേച്ചീ ... '.     ചേച്ചി ആകെ ഒരു വല്ലായ്‌മയോടെ പറഞ്ഞു. " എന്റെ മോളേ .... ഇതിന്റാവശ്യമുണ്ടായിരുന്നോ ... എനിക്കൊരു കുഴപ്പവുമില്ല ..."
ഞാൻ തർക്കിച്ചു ' അതു ശരിയാവില്ല ... രണ്ടുമൂന്നു തവണ ർദ്ധിച്ചില്ലേ  ...' 
സിസ്റ്റർക്കു പിറകെ കയ്യിൽപിടിച്ചു നടത്തിക്കൊണ്ടു പോവുമ്പോൾ ചേച്ചീ എന്റെ ചെവിയിൽ പറഞ്ഞു " അതു പിന്നെ .. ഞാനിന്നൊരബദ്ധം കാണിച്ചു .... പതിവില്ലാതെ രാവിലെ ഇത്തിരി പഴങ്കഞ്ഞി കുടിച്ചോണ്ടാ വന്നേ ... അതാ പറ്റിയെ ..".   എനിക്കു ചിരി വന്നെങ്കിലും ഞാനതടക്കി.    കാഷ്വാലിറ്റിയിൽ നിന്ന സിസ്റ്ററിനോട് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ സിസ്റ്റർ എന്തോ പറഞ്ഞു അവർ വേഗം ചേച്ചിയെ കൂട്ടിക്കൊണ്ടുപോയി അകത്തു കിടത്തി .  ഡോക്ടർ എന്നെ വിളിച്ചു കാര്യം തിരക്കി .  രോഗിയായ എനിക്കു കൂട്ടു വന്നതാണെന്നും രണ്ടുമൂന്നു തവണ ഛർദിച്ചവശയായെന്നും ഞാൻ പറഞ്ഞു .  " നോക്കട്ടെ " എന്നു പറഞ്ഞ്  ഡോക്ടർ ചേച്ചിക്കടുത്തേക്കു നീങ്ങി .  വിശദമായി പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ചേച്ചി ഡോക്ടറോടും ശബ്ദം താഴ്ത്തി പറഞ്ഞു " ഞാനിന്നൊരബദ്ധം കാണിച്ചു ഡോക്ടർ ... പതിവില്ലാതിത്തിരി പഴങ്കഞ്ഞി  കുടിച്ചു ..." ഡോക്ടറും സിസ്റ്ററും ചിരിച്ചു .  ഡോക്ടർ പറഞ്ഞു " സാരമില്ല ... ക്ഷീണത്തിന് ചെറിയൊരു ട്രിപ്പിടാം ... പിന്നെ മരുന്നു തരാം ..." 

ചേച്ചി ട്രിപ്പിട്ടു കിടക്കുന്നിടത്തു ഞാൻ കാവലിരിക്കുമ്പോൾ ചേച്ചി വീണ്ടും പറഞ്ഞു 
" വേണ്ടായിരുന്നു  മോളേ ... ഇതിന്റാവശ്യമുണ്ടായിരുന്നില്ല .." 
ഞാൻ പറഞ്ഞു ' ശരിയാ ചേച്ചീ ... ഇന്നിതിന്റെ വല്ലാവശ്യവുമുണ്ടായിരുന്നോ ..'
" എന്ത് ..?" എന്നു ചേച്ചി 
' പഴങ്കഞ്ഞി ..' എന്നു ഞാൻ 
ഞങ്ങൾ പരസ്പരംനോക്കി ചിരിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ അകത്തേക്കു വന്നു .. എന്നിട്ടവർ ചോദിച്ചു " പഴങ്കഞ്ഞി പണി പറ്റിച്ചു കളഞ്ഞല്ലേ ... ഇതിലിപ്പം ആരാ രോഗി ...?" അവർക്കൊപ്പം ഞങ്ങളും ചിരിച്ചു .   

എന്നാലും പഴങ്കഞ്ഞി ഇത്ര വലിയ വില്ലനാകുമെന്നു കരുതിയില്ല .  ചേച്ചി പറഞ്ഞത്‌ പതിവില്ലാതെ കഴിച്ചതുകൊണ്ടാകാം അങ്ങനെയുണ്ടായത് എന്നാണ് .   ഇത് വായിക്കാനിടയായാൽ സുഹൃത്ത് തെറ്റിദ്ധരിക്കരുതെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു ... സത്യമായും പഴങ്കഞ്ഞിയെ തള്ളിപ്പറഞ്ഞതല്ലാ ട്ടോ .. എന്തോ ചേച്ചിക്കന്നേരം ഇമ്മാതിരി അസ്വസ്ഥകൾ ഉണ്ടായി .. ചേച്ചി അതിനു കണ്ടുപിടിച്ച കാരണം പഴങ്കഞ്ഞിയായിപ്പോയതിൽ  എന്ത് ചെയ്യാൻ പറ്റും ...    എന്തായാലും പഴയ തലമുറയുടെ ആരോഗ്യരഹസ്യം പഴങ്കഞ്ഞിയാണെന്ന്  ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് . അതേപ്പറ്റി കൂടുതലായി വായിച്ചറിഞ്ഞ കാര്യങ്ങൾ ഇങ്ങനെയൊക്കെ ... ഏറെ  പോഷകഗുണമുള്ള  പ്രഭാതഭക്ഷണം ... അതുപോലെ ഇന്നത്തെ ജീവിതശൈലീരോഗങ്ങളിൽനിന്നൊക്കെ മുക്തി നേടാൻ ഈ ഭക്ഷണം കൊണ്ടു സാധിക്കും ... ചെറുപ്പം നിലനിർത്താൻ ... ചർമ്മസൗന്ദര്യത്തിന് ... ഒക്കെ ഫലപ്രദമായ ഒന്നാണ് പഴങ്കഞ്ഞി എന്ന്‌ പലവിധ അഭിപ്രായങ്ങൾ കണ്ടു . ഇവയൊക്കെ എത്രത്തോളം ശരിയെന്നെനിക്കറിയില്ല .. അതൊക്കെ വായനക്കാരായ നിങ്ങളുടെ അഭിപ്രായങ്ങൾക്കു വിട്ടുതന്നിരിക്കുന്നു .  പക്ഷേ എന്റെ സംശയം ഇന്നത്തെ പുതുപുത്തൻ തലമുറയ്ക്ക് ഇങ്ങനെയൊരു ഭക്ഷണത്തെപ്പറ്റി  അറിയാമോ .. ഇപ്പോ പുതുതായി ഇറങ്ങിയ ആ പഴങ്കഞ്ഞിവീഡിയോകളിലൂടെയും വിവരണങ്ങളിലൂടെയും പഴങ്കഞ്ഞിയുടെ മാഹാത്മ്യം പുത്തൻതലമുറയും അറിയാൻ ഇടവരട്ടെ ...  "ഓൾഡ് ഈസ് ഗോൾഡ് " എന്നല്ലേ ചൊല്ല് .. 
പഴങ്കഞ്ഞിക്കുവേണ്ടി എന്നോടു കലഹിച്ച എന്റെ സുഹൃത്തിന് ഞാനീ കഥ സമർപ്പിക്കട്ടെ . 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ശുഭം 
ഗീതാ  ഓമനക്കുട്ടൻ