Friday, 19 June 2015

അയാൾ

 
 കുറെ ദിവസങ്ങളായി    അവളുടെ മനസ്സ് സന്ദേഹപ്പെട്ടുകൊണ്ടിരുന്നു.
' പറയണോ? വേണ്ടയോ?' പറയാനൊരുങ്ങുമ്പോഴെല്ലാം പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടുന്നു. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു .
 അല്ലെങ്കിലും ഈ അൻപത്തിഅഞ്ചാം വയസ്സിലും അവൾക്ക് ഒന്നിലും സ്വന്തമായ ഇഷ്ടങ്ങളോ, താല്പര്യങ്ങളോ ഉണ്ടായിട്ടില്ല.  എല്ലാം നേരത്തേ തലേവരച്ചു  വെക്കപ്പെട്ടതു പോലെയായായിരുന്നു അവളുടെ ജീവിതവും. 
ബാല്യത്തിലേ അമ്മ നഷ്ടപ്പെട്ട അവളെ കൌമാരം പിന്നിട്ടപ്പോഴേക്കും പിതാവ് മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവളുടെ അനുവാദമോ, ഇഷ്ടങ്ങളോ ആരും തിരക്കിയതുമില്ല. അവളാരോടും പരാതി പറഞ്ഞതുമില്ല. വിവാഹസ്വപ്നങ്ങളോ, സങ്കല്പങ്ങളോ മനസ്സിൽ വിടർന്നു വരാനുള്ള പ്രായമാകും മുൻപേ അവൾ വിവാഹിതയായി. ആദ്യസമയങ്ങളിലെ അയാളുടെ സ്നേഹപ്രകടനങ്ങളും, പിന്നെപ്പിന്നെയുള്ള മാറ്റങ്ങളും അവളിൽ വേദന ഉളവാക്കിയെങ്കിലും തന്റെ പിതാവിനെ അവൾ ഒന്നുമറിയിച്ചില്ല.  എല്ലാം ദൈവനിശ്ചയം പോലെയെന്നും, തിക്തഫലങ്ങളത്രയും തന്റെ തലേവരയെന്നും കരുതി അവൾ ജീവിച്ചു. 
     
പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇത്രയും കാലജീവിതത്തിനിടയിൽ അവളിന്നനുഭവിക്കുന്ന ഈ സുഖങ്ങളേക്കാൾ  പതിന്മടങ്ങു ദുഖങ്ങളും, ദുരിതങ്ങളുമായ ജീവിതമായിരുന്നു അവളുടെ കഴിഞ്ഞുപോയ കാലങ്ങളിലേത്. ഓർക്കാൻ നല്ലതായി ഒന്നുമില്ല.  ഒന്നൊഴികെ... അവളുടെ മകൻ...... അത് മാത്രം.....  അവളുടെ സന്തോഷവും, അവളുടെ മുന്പോട്ടുള്ള ജീവിതവും എല്ലാം അവനുവേണ്ടി മാത്രമായിരുന്നു. 

നന്നായി പഠിച്ച് ഇന്നവൻ ഒരു നല്ല നിലയിലെത്തി അവളെ സംരക്ഷിച്ച് സന്തോഷമായി മുൻപോട്ടു പോകുമ്പോഴും, കാണെക്കാണെ തങ്ങളുടെ ജീവിത സൌകര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോളും ഒന്നും അവൾ അമിതമായി ആഹ്ലാദിച്ചില്ല.  അവൾ അവളുടെ മകന്റെ നന്മക്കുവേണ്ടി എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചു. അത് അവൾക്ക് ആത്മശാന്തിയും, സമാധാനവും നല്കിയിരുന്നു. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ ഒരു ചാഞ്ചല്യം.....  സ്വസ്ഥമായും, സമാധാനമായും ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതം വീണ്ടും ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതു പോലെ. 

രാവിലെ മകൻ കുളിച്ചൊരുങ്ങി സാധാരണപോലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ തുടങ്ങുമ്പോഴും  'അവനോടു പറഞ്ഞാൽ.........'  അവളുടെ മനസ്സിൽ വീണ്ടും അസ്വസ്ഥതയുടെ കനലുകൾ എരിയാൻ തുടങ്ങി.  ആരോ വിലക്കുന്നതു പോലെ " വേണ്ട". 
.......         .......             .......              .......                 .......                .......         .......
   
ആദ്യദർശനം അവളിൽ അമ്പരപ്പും, പിന്നെ അനുകമ്പയുമായിരുന്നു. 
ആർദ്രതയോടെയുള്ള ആ വിളിയിൽ അവളുടെ മനസ്സ് അലിഞ്ഞു. 
കണ്ഠമിടറിയുള്ള ആ വാക്കുകൾ അവളുടെ മനസ്സിനെ സ്പർശിച്ചു. 
ഏറെനേരത്തെ  മൌനത്തിനു ശേഷം അവൾ പറഞ്ഞ വിവരങ്ങൾ ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം സൃഷ്ടിക്കുന്നത് അവൾ മനസ്സിലാക്കുന്നുണ്ടായിരുന്നു. 
പിന്നീട് വീണ്ടും അവളുടെ വീട്ടിലേക്കുള്ള അയാളുടെ വരവ്....... അയാൾക്കാകട്ടെ എന്തൊക്കെയോ പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും വാക്കുകൾ കിട്ടാതെ അയാൾ ശ്വാസം മുട്ടുകയായിരുന്നു.       
" തന്റെ മകൻ  അറിഞ്ഞാൽ........"  ആശങ്ക കൊണ്ട് അവൾ എന്ത് ചെയ്യണമെന്നറിയാതെ ഉഴറുമ്പോൾ അവളുടെ അനുവാദത്തിനായി കേഴും പോലുള്ള ആ കണ്ണുകളിലെ ഭാവം വീണ്ടും അവളിൽ സഹതാപം ഉണർത്തി. അവളിലെ ആ ആശങ്ക മനസ്സിലാക്കിയ അയാൾ കുറച്ചു സമയം അവിടിരുന്ന് അവളോട് യാത്ര പറഞ്ഞിറങ്ങിപ്പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അയാളോടവൾക്ക് അലിവും, ദയയും തോന്നി. 

        അല്ലെങ്കിലും പണ്ടും അവൾ അങ്ങനെതന്നെയായിരുന്നല്ലോ! അയാളുടെ ക്രൂരമായ ദേഹോപദ്രവങ്ങൾ, അവഗണന നിറഞ്ഞ സമീപനങ്ങൾ  ഒക്കെയുണ്ടായിട്ടും അവളയാളെ ഒരിക്കലും വെറുത്തില്ല. അയാളുടെ ക്രൂരമായഭാവം കണ്ടു പേടിച്ചരണ്ട്  ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന തന്റെ മകനെ വലിച്ചിറക്കി ഉപദ്രവിക്കുന്നതു കാണുമ്പോഴായിരുന്നു അവളുടെ നെഞ്ചുരുകിയത്. അതിനെ മാത്രം അവൾ ചോദ്യം ചെയ്തു. അപ്പോഴൊക്കെ അയാൾ അവളെ പൊതിരെ തല്ലുകയും, കൈയ്യിൽ കിട്ടുന്നതൊക്കെ വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു ഭയന്നു പോകുന്ന തന്റെ കുഞ്ഞ് എന്നും ശബ്ദമുണ്ടാക്കാതെ ഏങ്ങലടിച്ചു കരഞ്ഞു തളർന്ന് ഒരുമൂലയിൽ കിടന്നുറക്കം പിടിച്ചിട്ടുണ്ടാവും. 

          അയാളാകട്ടെ ഈ പരാക്രമങ്ങളെല്ലാം കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ തന്റെ പതിവുചര്യകൾ കഴിക്കാനായി അവളുടെയരുകിൽ എത്തും. അയാൾ കൂർക്കം വലിച്ചുറക്കം തുടങ്ങുമ്പോൾ അവൾ ഉറക്കം നഷ്ടപ്പെട്ട് എണീറ്റിരിക്കും. എന്നിട്ടും അയാളെ അവൾ ശപിച്ചില്ല പകരം അയാളുടെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. ഓരോ ദിവസങ്ങളിലും ഉണർന്നെണീറ്റു വരുന്ന അവളുടെ കുഞ്ഞിന്റെ  മുഖത്ത് അയാളുടെ തലേന്നത്തെ പരാക്രമങ്ങൾ കണ്ട ഭയപ്പാടിന്റെ നിഴൽ മാഞ്ഞിട്ടുണ്ടാവില്ല. ആ മുഖം മാത്രം അവളുടെ മനസ്സിനെ വല്ലാതുലച്ചു.   തന്റെ കുഞ്ഞിന്റെ പിതാവല്ലേ അയാൾ എന്നവൾ കരുതി എല്ലാം സഹിച്ചു. 


അയാൾ അപ്പോൾ മറ്റെന്തോ ഒന്നിൽ ഉന്മത്തനായിതീർന്നുകൊണ്ടിരിക്കയായിരുന്നു. വല്ലപ്പോഴുമൊക്കെ മകളുടെ സ്നേഹാന്വേഷണം തിരക്കാനെത്തിയ പിതാവിന് ചില സംശയങ്ങൾ ഉടലെടുത്തെങ്കിലും  അവളതൊക്കെ തന്റെ പിതാവിൽ നിന്നു മറച്ചു വച്ചു. 

പോകെപ്പോകെയുള്ള ദിവസങ്ങളിൽ അയാൾ തീർത്തും വരാതെയായപ്പോൾ ആണ് അവൾ ഭയന്നത്. അങ്ങനെ വരാതാകുന്ന ദിവസങ്ങളിൽ അവൾ ഉറക്കളച്ച് കർത്താവിനെ ധ്യാനിച്ച് അയാളുടെ വരവിനായി കാത്തിരുന്നു. ഒരിക്കൽ മൂന്നാലു ദിനങ്ങൾ അവളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ  അയാൾ വന്നു. ഒറ്റക്കായിരുന്നില്ല.  അയാളുടെ അവഹേളനത്തിന്റെയും, ഉപദ്രവത്തിന്റെയും, തരംതാഴ് ത്തിപ്പറയലിന്റെയും ഒക്കെ ഹേതു ആലോചിച്ച് അവൾക്കു പിന്നീട് തല പുകക്കേണ്ടി വന്നിട്ടില്ല. സങ്കോചം ലേശമില്ലാതെ മുട്ടിയുരുമ്മിയുള്ള ആ വരവും, വാതിൽപ്പടിയിൽ തെല്ലറച്ചു നിന്ന ആ സ്ത്രീക്ക് അയാൾ ധൈര്യം പകർന്നു കൊടുക്കുന്നതും കണ്ടപ്പോൾ അവൾ പ്രജ്ഞ നഷ്ടപ്പെട്ടവളെപ്പോലെയായിത്തീർന്നിരുന്നു.  ആ ഇരുപ്പിൽ അവളുടെ നസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയ ആ വിലകുറഞ്ഞ ഏതോ പെർഫ്യും ഗന്ധം അവളുടെ തലകറങ്ങുന്നത് പോലെ തോന്നിപ്പിച്ചു അയാൾക്കാകട്ടെ ആ ഗന്ധം മത്തു പിടിച്ചതുപോലെയായിരുന്നു. 
ആ അമ്പരപ്പിൽ നിന്ന് സ്ഥലകാലബോധം വീണ്ടെടുത്ത അവളുടെ കണ്മുന്നിൽ അയാളെ ചേർന്നുരുമ്മി നടന്നകത്തേക്കു കയറിപ്പോകുന്ന ആ  കാഴ്ച അവളെ ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിച്ചിരുന്നു. അവൾ ഊക്കോടെ ആ സ്ത്രീയുടെ നേരെ ചീറി അടുക്കുമ്പോൾ അയാൾ അവളെ ക്രൂരമായി ദേഹോപദ്രവങ്ങൾ ഏൽപ്പിച്ചു. ഇതു കണ്ടു ഭയന്നു നിലവിളിച്ച മകനെയും അയാൾ വെറുതെ വിട്ടില്ല. 
        മകളുടെ സ്നേഹാന്വേഷണം തിരക്കാൻ വന്ന പിതാവു കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.   തടയാൻ ചെന്ന പിതാവിനെയും അയാൾ ഉപദ്രവിച്ചു. അവളപ്പോഴും ഏന്തിയും, വലിഞ്ഞും ആ സ്ത്രീയുടെ നേരെ വീറോടെ അടുക്കുന്നതു കണ്ട അയാൾ അവളെ ആ പിതാവിന്റെ മുന്നിലേക്ക് മുടിയിൽ പിടിച്ചു വലിച്ചിഴച്ചു എറിയുകയായിരുന്നു.  ഉടുതുണി മാത്രമായാണ് തന്റെ പിതാവിനൊപ്പം അന്നാ വീടു വിട്ടിറങ്ങിയത്. 
       കഠിനാദ്ധ്വാനിയായ  അവളുടെ പിതാവ് തന്റെ കൊച്ചുമകന്  ആവോളം സ്നേഹവും, വാത്സല്യവും നല്കി അങ്ങനെ അല്ലലേതുമില്ലാതെ അവർ പിതാവിനൊപ്പം കഴിഞ്ഞു.  അവളും തന്നാലാവുന്ന പണികൾ ഒക്കെ ചെയ്തു കിട്ടുന്ന സമ്പാദ്യം അപ്പനെ ഏല്പ്പിച്ചു. സുഖവും, സ്വസ്ഥതയും എന്തെന്നറിഞ്ഞ നാളുകൾ. ആ മകന് അവന്റെ അപ്പനെ ആദ്യം വെറുപ്പായിരുന്നു. പിന്നെ പിന്നെ അവനയാളെ പാടെ മറന്നു. അവളോ അന്നും അയാളെന്നെങ്കിലും ഒരിക്കൽ തന്നെയും, മകനെയും തേടി വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.  പുതുജീവിതത്തിന്റെ  ലഹരിത്തിമിർപ്പിൽ  അമർന്നിരുന്ന അയാൾ ഇതൊന്നും അറിയുന്നുമുണ്ടായിരുന്നില്ല. 
മകന്റെ വളർച്ചയും, ഉയർച്ചകളും, അപ്പന്റെ വേർപാടും.......  മാസങ്ങളും, വർഷങ്ങളും കടന്നു പോകെ അയാൾ അവളുടെ മനസ്സിൽ വല്ലപ്പോഴും ഉള്ള നീറുന്ന  ഓർമ്മയായിരിക്കവേയാണ്  തീർത്തും അവിചാരിതമായ ഈ കണ്ടുമുട്ടൽ. 
      പിന്നീടുള്ള എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ നിന്നിറങ്ങി വരുന്ന അവളെ കാത്തുനിൽപ്പ് അയാൾ പതിവാക്കി. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാൻ വാക്കുകളില്ലാതെ അവർ രണ്ടുവഴിക്ക് പിരിഞ്ഞു പോയി. അവളാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ ഓരോരാത്രിയും ചിന്തിച്ച് ചിന്തിച്ച് അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. മകനോടു പറഞ്ഞാൽ.........? വേണ്ട.......  പതിനേഴു കൊല്ലം മുന്പുള്ള അവന്റെ പേടിച്ചരണ്ട ആ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വരുമ്പോലെ.... ആ ഓർമ്മ അവളെ വിലക്കി. അപ്പന്റെ ശവക്കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിക്കുമ്പൊഴും അവൾ അപ്പനോട് ചോദിച്ചു " ഞാനെന്തു ചെയ്യണം?" അപ്പനൊന്നും ഉരിയാടുന്നില്ല. 


ഒരുനാൾ കുർബ്ബാന കഴിഞ്ഞു മടങ്ങുന്ന അവളെ കാത്തുനിന്ന അയാൾ അവളോടു പറഞ്ഞു " നമ്മുടെ മകനെ എനിക്കൊന്നു കാണണം" 
അവൾ മൌനിയായി. 
അയാൾ " ഒന്നു കണ്ടാൽ മാത്രം മതി .....  ഒരിക്കൽ മാത്രം"
അവൾക്കൊന്നും പറയാനില്ലായിരുന്നു. അയാളെ മറികടന്നു അവൾ വേഗം നടന്നു പോയി.
പിന്നീടുള്ള ദിവസങ്ങളിൽ  മനസ്സിന്റെ ഭാരം അവളെ വല്ലാതെ ആകുലയാക്കി. മകനെ കണ്മുന്നിൽ കാണുമ്പോഴെല്ലാം എന്തു പറയും എങ്ങനെ പറയും എന്നോർത്ത് അസ്വസ്ഥയായിക്കൊണ്ടിരുന്നു.
അന്നവൾ ഉച്ച വിശ്രമം കഴിഞ്ഞെണീറ്റു വന്ന സമയത്ത് പുറത്തു കാലൊച്ച കേട്ട് കതകു തുറന്ന അവൾ അമ്പരന്നു .....  അയാൾ..............
അവളറിയാതെ തന്നെ വാതിൽ തുറന്നു പിടിച്ച് അയാൾക്കായി മാറിനിന്നു കൊടുത്തു. 
അയാളെ അവൾ അകത്തേക്ക് കൂടിക്കൊണ്ടു പോയി. അവൾ ഉണ്ടാക്കിക്കൊടുത്ത ചായ അയാൾ ആർത്തിയോടെ കുടിക്കുന്നതും നോക്കി അവൾ നിന്നു. 
അയാൾ ആകാംക്ഷയോടെ അവളോടു തിരക്കി. " നമ്മുടെ മകൻ". ആ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം അവൾ കണ്ടു.
"ഇപ്പോഴെത്തും " അവൾ അത് പറയുമ്പോൾ സംഭ്രമം മൂലം അവളുടെ സ്വരം ഇടറിയിരുന്നു. 
അയാളാകട്ടെ അപ്പോൾ ക്ഷമ നഷ്ടപ്പെട്ടവനെപ്പോലെ കൈകൾ കൂട്ടിപ്പിണച്ചും, കെട്ടഴിച്ചും അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവൾ ഒരു പ്രതിമ കണക്കെ അയാളുടെ നടപ്പും നോക്കി നിന്നു. 
അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന അയാൾ ഒരു വേള തല ചെരിച്ച് അവളുടെ മുഖത്തേക്കൊന്നു നോക്കി. മെല്ലെ അവളുടെ അടുത്തു ചെന്ന് അയാൾ ചോദിച്ചു " നിനക്കെന്നെ വെറുക്കാൻ കഴിയാത്തതെന്തേ ? "
അവളുടെ കണ്ണുകളിൽ നിന്ന് ഒരു നീർത്തുള്ളി അടർന്നു വന്നത് അയാൾ ശ്രദ്ധയോടെ തുടച്ചു മാറ്റി അവളുടെ ചുമലിൽ കൈ വച്ച് .. ...... അയാളുടെ ശ്വാസത്തിന്റെ താളം അവൾക്കു നന്നായി കേൾക്കാമായിരുന്നു...
" അമ്മേ......."  ഇടിമുഴങ്ങും പോലെയുള്ള അങ്ങനെയൊരു സ്വരം അവൾ ആദ്യമായി കേൾക്കുകയായിരുന്നു. അയാൾ ഞെട്ടി പുറകോട്ടു മാറി. 
അവന്റെ സ്വരം അയാളുടെ കാതിൽ മുഴങ്ങി " എന്തിനിയാളെ ഇവിടെ കയറ്റി" 
അയാൾ ചിലമ്പിച്ച സ്വരത്തിൽ " മകനെ നിന്നെ.. ........"
 പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൻ മറുചോദ്യം എറിഞ്ഞു " മകനോ ആരുടെ മകൻ" 

അയാളിൽ ദൈന്യഭാവമായിരുന്നു . 
" നിന്നെ ഒന്നു കാണാൻ..........." 
അവൻ തന്റെ  കാതുകൾ രണ്ടും പൊത്തിപ്പിടിച്ചു. 
"  പിടിച്ചു പുറത്താക്കും മുൻപേ ഒന്നെറങ്ങി തരുവോ?  ജീവിതത്തിൽ ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച ഒരേയൊരു മുഖമേയുള്ളൂ  എന്റെ മനസ്സിൽ അത് നിങ്ങളാണ് ..... നിങ്ങൾ മാത്രം....." കൈകൾ അയാളുടെ മുഖത്തേക്ക് ചൂണ്ടിപ്പറയുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. 

      അവന്റെ കിതപ്പു തെല്ലൊന്നടങ്ങിയപ്പോഴേക്കും അവിടം ശൂന്യമായിരുന്നു. അവൻ മെല്ലെ അമ്മയുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവൾ കട്ടിലിൽ ഭിത്തിയിൽ ചാരി മുട്ടുകൾ രണ്ടും മടക്കി തലയതിലേക്ക് കുമ്പിട്ടിരിപ്പുണ്ടായിരുന്നു. 
അവൻ വിളിച്ചു " അമ്മേ.............."
അവൾ വിളി കേട്ടു. 
" അമ്മക്കെന്നോട് ദേഷ്യമുണ്ടോ?" 
അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
അവനവളെ ചേർത്തു തലോടിക്കൊണ്ടു പറഞ്ഞു " അമ്മക്കു ഞാനുണ്ട്... ഞാൻ മാത്രം മതി... "
അവൾ അപ്പോഴും സമ്മതഭാവത്തിൽ തലയാട്ടി. മനസ്സിൽ ശപഥം ചെയ്തു " എന്റെ ജീവിതം ഇനിയെന്റെ മകനു വേണ്ടി മാത്രം...... അതു മാത്രം മതി..."
അവളുടെ മനസ്സ് സാവകാശമായി ശാന്തമായിക്കൊണ്ടിരിക്കയായിരുന്നു.
മകൻ  അപ്പോൾ തന്റെ മനസ്സാക്ഷിയോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു 
" നീ ചെയ്തത് ശരിയോ?" 
അവന്റെ മനസ്സിലേക്ക് ആ ഭയപ്പെടുത്തുന്ന രൂപം ഓടിയെത്തി.... തന്റെ ബാല്യത്തെ ചവുട്ടിഅരക്കാൻ ശ്രമിച്ച ആ മുഖം. നിർദ്ദാക്ഷിണ്യം മർദ്ദിക്കുന്ന അച്ഛനോടു ദയനീയഭാവത്തിൽ  കേഴുന്ന തന്റെ അമ്മയുടെ മുഖം. ....
"ഉവ്വ് ...... ഉവ്വ്"      നൂറുവട്ടം തന്റെ മനസ്സാക്ഷി തന്നോടു മന്ത്രിക്കും പോലെ അവനു തോന്നി " നീ ചെയ്തതാണ് ശരി " . 


     നടത്തത്തിനു വേഗം കൂടിയിരുന്നെങ്കിലും അയാൾ തെല്ലും അണക്കുന്നുണ്ടായിരുന്നില്ല.  ലക്ഷ്യം തെറ്റിയ ആ യാത്രയിൽ മഴയുടെ ശക്തി കൂടിവന്നതോ , ഇടക്കിടെ ആഞ്ഞു വീശുന്ന തണുത്ത കാറ്റിന്റെ ഉലച്ചിലോ അയാളറിഞ്ഞില്ല....  അയാളുടെ ചെവിയിൽ മകന്റെ ആ ശബ്ദം ആയിരം കാരിരുമ്പാണികൾ വന്നു തറക്കുമാറ്  വേദനയോടെ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടാണല്ലോ ആർത്തലച്ചു വന്ന ആ ഇരമ്പലോ, കണ്ണിലേക്ക് തുളച്ചു കയറിവന്ന വെളിച്ചമോ അയാൾ അറിഞ്ഞതേയില്ല. പാളങ്ങൾ കിടുക്കി വിറച്ച് അതു കടന്നുപോവുന്നതും, താനെങ്ങോട്ടോ എടുത്തെറിയപ്പെട്ടതും  ഒന്നും അറിയാതെ അയാൾ?.........



Friday, 15 May 2015

ജ്വാലയായ്


     പൂമുഖത്തെ അരഭിത്തിയിൽ ഇരുന്ന് വെറുതെ പത്രത്താളുകൾ മറിച്ചുനോക്കി. വെയിലിനു കനം വച്ചു തുടങ്ങിയിരുന്നു. ടക്....ടക് ന്നുള്ള ശബ്ദം കേട്ട് റോഡിലേക്ക് നോക്കുമ്പോൾ ആച്ചിയമ്മ. വടിയും കുത്തി കിഴക്കോട്ടു വച്ചു പിടിക്കയാണ്. തോർത്തും തലയിലിട്ട് ഇത്തിരി സ്പീഡിലുള്ള നടത്തത്തിനിടയിൽ അല്പം വേച്ചു പോകുന്നുണ്ടോ?
    " ഈ വെയിലത്തെങ്ങോട്ടാ?" അല്പം ഉറക്കെ ചോദിച്ചുവെങ്കിലും ആച്ചിയമ്മ അതൊന്നും കേൾക്കുന്നില്ല. ധൃതിയിലാണ് . ഒരു പക്ഷെ അപ്പുമ്മാന്റെ മുറുക്കാൻ കടയിലേക്കാവാം, അല്ലെങ്കിൽ ഏതെങ്കിലും പരിചയക്കാരുടെ വീട്ടിലേക്കാവാം. ആച്ചിയമ്മ തേച്ചു മഴക്കിയും, വേലചെയ്തും കഴിഞ്ഞിരുന്ന ഏതേലും വീട്ടിലേക്കാകാം. നല്ല പ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നെ ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തും, പാടത്തു പണിചെയ്തും ഒക്കെയാണ്  കുടുമ്പം പുലർത്തിയിരുന്നത്. അങ്ങനെ രണ്ടുമക്കളെ അവർ കഷ്ടപ്പെട്ടാണ് വളർത്തിയത്. 
" പറഞ്ഞാൽ കേട്ട് വീട്ടിലടങ്ങിയിരിക്കില്ല. വല്ലയിടത്തും വീണുപോയാൽ. പ്രായമിത്രയായിട്ടും തന്നിഷ്ടത്തിനും, വാശിക്കും ഒട്ടും കുറവില്ല" മക്കളുടെ ഈ വക പരാതിയൊന്നും ആച്ചിയമ്മ വകവെക്കില്ല. ചെല്ലുന്നിടത്തുനിന്ന് വിശപ്പിനെന്തെങ്കിലും കൊടുക്കുന്നതു കഴിക്കും. കഴിപ്പു കഴിഞ്ഞാൽ രണ്ടു കൈകൾ മേൽപോട്ടുയർത്തി ദൈവത്തിനു നന്ദി പറയും. പിന്നെ കാലും നീട്ടിയിരുന്ന് മുണ്ടിന്റെ മടിക്കുത്തഴിച്ച് മുറുക്കാൻ പൊതി നിവർത്തി നാലും കൂട്ടി മുറുക്കും. ഇതിനിടയിൽ നാട്ടുവിശേഷങ്ങളും, മരുമക്കൾ, മക്കൾ ഇത്യാദി ജനങ്ങളുടെ കുറ്റകുറവുകൾ ഇവയെല്ലാം പറയും. 
     ആണ്മക്കൾ രണ്ടും കാര്യപ്രാപ്തിയായി ജോലിചെയ്യാൻ തുടങ്ങിയിട്ടും ആച്ചിയമ്മ വീട്ടുവേലകൾ ചെയ്തുതന്നെ ജീവിതം തുടർന്നു. " ഇനിയും വീട്ടിൽ സ്വസ്ഥമായിരുന്നൂടെ കുട്ട്യോൾ അന്വേഷിച്ചു കൊണ്ടുവരണൊണ്ടല്ലോ" ന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് ആച്ചിയമ്മക്ക് വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നു. " എനിക്ക് ആവതുള്ളടത്തോളം കാലം അദ്ധ്വാനിച്ച് തന്നെ ജീവിക്കും" . ഇന്ന് അവർ തീർത്തും അവശയായിരിക്കുന്നു. മക്കളെ ആശ്രയിക്കാതെ തരമില്ല. 
     എന്നിട്ടും മരുമക്കളുടെ വെച്ചുവിളമ്പലിൽ ആച്ചിയമ്മ തൃപ്തയല്ല. " പുട്ടിനു തേങ്ങ പോരാ.. ഇഡ്ഢലിക്ക് മയം പോരാ.. ചാക്കരിച്ചോർ തൊണ്ടയിൽ നിന്ന് താഴോട്ടെറങ്ങണില്ല" ഇങ്ങനെ നൂറുകൂട്ടം പരാതികളാണ് ആച്ചിയമ്മക്ക്. ഇതെല്ലാം ചെല്ലുന്നിടത്ത് പറയുകയും ചെയ്യും. " തേച്ചു മഴക്കിയായാലും ഞാൻ നന്നായി ഭക്ഷണം കഴിച്ചു ശീലിച്ചതാണ്. എനിക്കിങ്ങനെ വായിൽ വെക്കാൻ കൊള്ളാത്ത മാതിരി ഒണ്ടാക്കി വെച്ചാൽ കഴിക്കാൻ വയ്യ. ആയ കാലത്ത് കഷ്ടപ്പെട്ടത് മുഴുവൻ അങ്ങേല്പിച്ചതല്ലേ? എന്നിട്ടിപ്പം എനിക്കു വായിക്കു രുചിയൊള്ളത് ഒണ്ടാക്കിത്തരേണ്ട കടമയില്ലേ?" ഇതാണ് ആച്ചിയമ്മയുടെ വാദം. 
     എല്ലാത്തിനും ആച്ചിയമ്മക്ക് ആച്ചിയമ്മയുടേതായ ന്യായങ്ങളുണ്ട്. വലിയ പാചക വിദഗ്ദയായിരുന്നു ആച്ചിയമ്മ. നാട്ടിൽ സദ്യവട്ടങ്ങളിലും മറ്റും ആച്ചിയമ്മയായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അവിയലിന് വെളിച്ചെണ്ണയും, തേങ്ങയും, ചുവന്നുള്ളിയും, കറിവേപ്പിലയും ഏറെ വേണമെന്നും, സാമ്പാറിന്റെ തുവരപ്പരിപ്പ് വെന്തുടയണമെന്നും, ഉരുളക്കിഴങ്ങ് മപ്പാസിന്റെ മല്ലിക്കൂട്ട് കല്ലിൽ തന്നെ അരച്ചെടുക്കണമെന്നും ഇങ്ങനെ ചില പൊടിക്കൈകൾ ആച്ചിയമ്മയുടെ മാത്രം സ്പെഷ്യൽ ആയിരുന്നു. 
          പക്ഷെ ഇപ്പോൾ ആച്ചിയമ്മയെ പാചകത്തിൽ ആരും അടുപ്പിക്കാറില്ല. ഓർമ്മക്കുറവായി എന്നാണ് എല്ലാവരും അടക്കം പറയുന്നത്. സാമ്പാറിൽ തേങ്ങ അരച്ചതും, അവിയലിൽ തുവരപ്പരിപ്പും ഒക്കെ മാറി പ്രയോഗിക്കുമത്രേ ഓർമ്മക്കുറവിനാൽ. ഇതൊക്കെ ചോദിച്ചാൽ ആച്ചിയമ്മ സമ്മതിച്ചു തരില്ല. ആച്ചിയമ്മയോടസൂയ ഉള്ളവർ പറഞ്ഞു പരത്തുന്ന അപഖ്യാതി ആണെന്നാണ് ആച്ചിയമ്മ പറയുന്നത്. 

     തെക്കേ തൊടിയിലെ കുഞ്ഞുതോട്ടിൽ ഉച്ചവെയിൽ ആറിത്തുടങ്ങുമ്പോൾ കുളിക്കാൻ എത്തുമായിരുന്ന ആച്ചിയമ്മയെ രണ്ടു ദിവസം കണ്ടില്ല. മൂന്നാം നാൾ പറമ്പു കിളക്കണ ചെറുക്കായി വന്നു പറഞ്ഞു " ആച്ചിയമ്മ പോയി.. രാവിലെ ഏഴുമണി ആയിക്കാണും .... ഉച്ച കഴിഞ്ഞോടെ കാണും അടക്കം". അലക്കുകാരി ദേവകിത്തള്ള അടിച്ചലക്കാനാഞ്ഞ തുണി കല്ലിന്മേലിട്ടു താടിക്കു കൈയും കൊടുത്തു നിന്നു. വിവരം അടുത്ത വീടുകളിൽ കൈമാറാനായി ചെറുക്കായി വേഗം പോയി. 
ദേവകിത്തള്ള പറഞ്ഞു
"  ന്റെ കുഞ്ഞേ രണ്ടു ദെവസം മുന്നേയല്ലേ കഥേം പറഞ്ഞ് കഞ്ഞീം കുടിച്ചെണീറ്റുപോയെ". 
"  എന്നാലും ഇത്രേം പെട്ടെന്ന്....... ല്ലേ ദേവകിതള്ളേ... പാവം ആച്ചിയമ്മ...."  
പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ദേവകിത്തള്ള പറഞ്ഞു " നന്നായി കുഞ്ഞേ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ പോയില്ലേ.. നല്ല മരണം. ശവം എടുക്കാറാകട്ടെ നമുക്കത്രടം  പോവാം ട്ടോ ". 
ദേവകിത്തള്ള അലക്കു തുടർന്നു. 
ദേവകിത്തള്ളയുടെ താളത്തിലുള്ള തുണിഅലക്കും നോക്കി അടുക്കളപിറകിലെ കട്ടിളപ്പടിയിൽ ഇരിക്കുമ്പോൾ ഇടക്കിടെ വിസിറ്റിനു വരാറുള്ള ആച്ചിയമ്മയുടെ ദേവകിത്തള്ളയുമായുള്ള ചില നേരങ്ങളിലെ സംഭാഷണങ്ങൾ  ഓർത്തു.  " കയറിക്കിടക്കാൻ 10 സെന്റു പുരയിടം ഉണ്ട്, തല ചായിക്കാൻ ചെറുതെങ്കിലും ചോർന്നൊലിക്കാത്ത ഒരു കൂരയുണ്ട്, ഇത്തിരി തുക ന്റെ കട്ടിൻകീഴിലെ തകരപ്പെട്ടീടെ  കുഞ്ഞറക്കകത്ത്  സൂക്ഷിച്ചു വച്ചിട്ടുണ്ട്, ഇതൊന്നും ഓർത്ത് ഒരവളും ഞെളിയണ്ട" എന്ത് കാര്യം പറഞ്ഞാലും അതിലെല്ലാം ഒളിഞ്ഞും, തെളിഞ്ഞും മരുമക്കൾക്കിട്ടൊരു കൊട്ടുകൊടുക്കാൻ ആച്ചിയമ്മ മറക്കാറില്ല. വർത്തമാനം പറച്ചിലിനിടയിൽ പലപ്പോഴും പറഞ്ഞുകേട്ടിട്ടുമുണ്ട് " ഈ ആച്ചി ആരുടെ മുന്പിലും തലകുനിക്കാൻ പോകുന്നില്ല... ന്റെ ദൈവങ്ങളെ എന്നെയിട്ടു നരകിപ്പിക്കാതെ വേഗം അങ്ങോട്ടെടുത്തോളണേ..ആറടി മണ്ണു മതി..... മരിച്ചു മണ്ണോടുചേരണം... തീക്കൽ വക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... ന്നെ കത്തിക്കണ്ട.... എനിക്കെന്റെ മണ്ണോടലിഞ്ഞു ചേരണം".
ഇത് കേൾക്കുന്ന ദേവകിത്തള്ളയുടെ ചോദ്യം " ആഹാ... എല്ലാം അങ്ങു തീരുമാനിച്ചു വച്ചിരിക്കയാണല്ലേ ? ആച്ചിയമ്മ അവിടെച്ചെന്നാൽ ന്റെ കാര്യം മറന്നു പോവല്ലേ... എനിക്കൂടെ ഇത്തിരി സ്ഥലം പിടിച്ചിട്ടെക്കണേ... നല്ല വൃത്തിയുള്ളിടം നോക്കി. അവിടേം നമുക്കിതുപോലെ നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പി കഥേം പറഞ്ഞിരിക്കാല്ലോ." താൻ പറഞ്ഞ തമാശ ഓർത്ത് ദേവകിത്തള്ള തനിയെ രസിച്ചു ചിരിക്കുമ്പോൾ ആച്ചിയമ്മ ചിന്തയിലാവും എന്തെല്ലാമോ? 


ഉച്ച കഴിഞ്ഞത്തെ വെയിലിനു ശക്തി കുറഞ്ഞിരുന്നു. ദേവകിത്തള്ളക്കൊപ്പം ആഞ്ഞുനടന്നു കൽപടവുകൾ കയറി ആച്ചിയമ്മയുടെ മുറ്റത്തെത്തുമ്പോൾ ആൾക്കൂട്ടമായി തുടങ്ങിയിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് നിലത്തു വിരിവിരിച്ച് നിലവിളക്കു കൊളുത്തി ആച്ചിയമ്മയെ കിടത്തിയിരുന്നു. ശാന്തമായ ഉറക്കം പോലെ തോന്നിച്ചു. സാമ്പ്രാണിത്തിരിയുടെ ഗന്ധം അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരിക്കുമ്പോൾ കർമ്മി എന്തെല്ലാമോ മന്ത്രങ്ങൾ ചൊല്ലി മകനെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു. കർമ്മങ്ങൾ തീർന്ന് മക്കൾ പൂവിട്ടു തൊഴുതു. കർമ്മി വിളിച്ചു ചോദിച്ചു " ഇനിയാരെങ്കിലും പൂവിട്ടു തൊഴാനുണ്ടോ?". ഇതൊന്നുമറിയാതെ ആച്ചിയമ്മ ശാന്തമായി ഉറങ്ങുകയായിരുന്നു. പുറകിൽനിന്നാരോ പറഞ്ഞു   " എടുക്കാറായി......"
പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ പറയുന്ന കേട്ടു "കിഴക്കേപുറകിലാ ചിതയൊരുക്കുന്നത്  "  

തിരിഞ്ഞു ദേവകിത്തള്ളയെ വിളിക്കുമ്പോൾ തൊട്ടപ്പുറത്ത് അടക്കം പറഞ്ഞു ചിരിക്കുന്ന പെണ്ണുങ്ങളുടെ ചർച്ചയിൽ ചെവികൂർപ്പിച്ചു നിൽക്കുന്നു. വിളി കേട്ടതും 'വാ കുഞ്ഞേ അങ്ങോട്ടു നീങ്ങാം 'ന്നു പറഞ്ഞുകൊണ്ട് ദേവകിത്തള്ള കൈയിൽ പിടിച്ചു വലിച്ചു ചിതയോരുക്കുന്നിടത്തെക്ക് നീങ്ങി അല്പം തണലുള്ളിടത്തെക്ക് മാറി നിന്നു.
ആച്ചിയമ്മയുടെ ശരീരവും വഹിച്ചു മക്കൾ വന്നു. ചിതയിലേക്ക് വച്ചു. 
   അവരുടെ ശരീരത്തിനു മീതെ കത്തിക്കാനുള്ള വിറകുകൾ അടുക്കി വെക്കുന്നു      
 "തീക്കൽ വെക്കാൻ സമ്മതിക്കില്ല..... മണ്ണോടു ചേരണം...." അച്ചിയമ്മയുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നതു പോലെ തോന്നി. 
ദേവകിത്തള്ളയെ തോണ്ടിവിളിച്ച് അടക്കത്തിൽ പറഞ്ഞു " പാവം അച്ചിയമ്മ.. അവരുടെ ആഗ്രഹം ഇങ്ങനെയായിരുന്നില്ലല്ലോ.."
" ഓ ജീവൻ പോയില്ലേ കുഞ്ഞേ ഇനിയിപ്പം എന്തായാലെന്നാ... "ദേവകിത്തള്ള കാര്യം നിസ്സാരമാക്കി തള്ളി. അപ്പോഴേക്കും കൊള്ളികളാൽ അവരുടെ ശരീരം മൂടപ്പെട്ടു കഴിഞ്ഞിരുന്നു. കർമ്മി കൊടുത്ത തീജ്വാല വാങ്ങി പുറംതിരിഞ്ഞു നിന്ന് മകൻ ചിതക്ക് തീ കൊളുത്തി. 
     കൂടിനിന്ന ചില സ്ത്രീകളൊക്കെ താടിക്ക് കയ്യും കൊടുത്ത് അടക്കം പറഞ്ഞു നിന്നു. ചിലർ പറഞ്ഞു 'ശോ..... പാവം ആച്ചിയമ്മ....' ചിലർ പറഞ്ഞു 'നന്നായി....... കിടന്നു കഷ്ടപ്പെട്ടില്ലല്ലോ.......' 
ചിലർ തീയിൽ വെക്കുന്നതു കാണാനാവാതെ മുഖം തിരിച്ചു പോയി. കരച്ചിലോ ബഹളമോ പതം പറച്ചിലോ ഒന്നും കേട്ടില്ല. അല്ലെങ്കിലും അലമുറയിട്ടു കരയാൻ ആച്ചിയമ്മക്ക് പെണ്മക്കൾ ഒന്നുമില്ലല്ലോ..  ദു:ഖം  ഉള്ളിലൊതുക്കി അമർത്തിപ്പിടിക്കാൻ പുരുഷപ്രജക്കു നല്ല സഹനശക്തിയുമാണല്ലോ. 
ദേവകിത്തള്ള ധൃതി വച്ചു " കഴിഞ്ഞു... വാ.. വേഗം പോകാം. 
ദേവകിത്തള്ളയുടെ പിറകെ വേഗം നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കി 
............കത്തിപ്പടർന്ന് മേല്പോട്ടുയരുന്ന ......തീജ്വാലകൾ ..........
     



Saturday, 4 April 2015

വിഷുക്കാലം

      കണിക്കൊന്നപൂക്കൾ  നിറഞ്ഞ മറ്റൊരു വിഷുക്കാലം കൂടി വരവായി. സമൃദ്ധിയെ വരവേറ്റുകൊണ്ടുള്ള വിഷുക്കാലം. ഓരോ വിഷുക്കാലവും പ്രതീക്ഷയും, സന്തോഷവും നല്കുന്നുവെങ്കിലും  എനിക്ക് വിഷുക്കാലങ്ങൾ  സങ്കടങ്ങളുടെതു  കൂടിയാണ്. 
     മരണം ജീവിതത്തിന്റെ അനിവാര്യഘടകമാണെന്നു  വരികിലും പ്രിയപ്പെട്ടവരുടെ വേർപാട് നമ്മെ വേദനിപ്പിക്കുന്നു. അതും ഇതുപോലെയുള്ള വിശേഷദിവസങ്ങളിലായാലോ? അതു നമ്മിൽ പഴയ കുറെ ഓർമ്മകളെ തട്ടിയുണർത്തിവിടും. 
          ഒരു റിപ്പബ്ലിക് ഡേയിൽ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ പിരിഞ്ഞു പോയി. അങ്ങനെ ജനുവരി 26 അച്ഛന്റെ ഓർമ്മദിനം കൂടിയായി. ഒരു ജൂണ്മാസകാലത്ത് നിനച്ചിരിക്കാതെ ആരോടും യാത്ര പോലും പറയാതെ ഞങ്ങളുടെ എല്ലാമായിരുന്ന വല്യേട്ടൻ ഞങ്ങളെ വിട്ടുപോയി. ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഒരിറ്റു പ്രതീക്ഷയുമായി മരണം വരെയും " ഒരുനാൾ മകൻ തിരിച്ചു വരും" എന്ന് പറഞ്ഞു കാത്തിരുന്ന ഞങ്ങളുടെ അമ്മ. ഒരു വിഷുനാളിൽ അമ്മയും യാത്രയായി. അങ്ങനെ വിഷുനാളുകൾ ഞങ്ങൾക്ക് അമ്മയുടെ ഓർമ്മദിനം കൂടിയായി. 
ഈ വിഷുക്കാലം എന്റെ സങ്കടങ്ങൾ പറഞ്ഞ് ഞാൻ  നിങ്ങളെ  വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ!! 
   ഓരോ വിശേഷദിവസങ്ങളും കടന്നു വരുമ്പോൾ എന്റെ ഓർമ്മകൾ മുഴുവൻ ഇവരെ മൂവരെയും ചുറ്റിപ്പറ്റിയുള്ള സുന്ദരമായ ഓർമ്മകൾ തന്നെ. തലേന്ന് രാത്രിയിലേ കണി ഒരുക്കിവച്ച് രാവിലെ വിളക്കു കൊളുത്തി കണി കാണിച്ചു തരുന്ന അമ്മ, അമ്പതു പൈസ, ഒരുരൂപതുട്ട്, ഇങ്ങനെ ഞങ്ങൾക്ക് വിഷുക്കൈനീട്ടം  നല്കുമായിരുന്ന അച്ഛൻ, ഒരിക്കൽ അഞ്ഞൂറ് രൂപാ നോട്ട് വല്യേട്ടൻ വിഷുക്കൈനീട്ടമായി കൈയിൽ വച്ചുതന്നപ്പോൾ പതിനെട്ടു വയസ്സിന്റെ പ്രായം മറന്ന് സന്തോഷം കൊണ്ടു തുള്ളിച്ചാടിപ്പോയ ഞാൻ. 
എല്ലാ വിഷുനാളിലും അമ്മ വാഴയിലയിൽ വിഷു അടയും, പിന്നെ കിണ്ണത്തപ്പവും ഉണ്ടാക്കിത്തന്നു. പുതിയ സ്ഥലത്തു വന്നപ്പോൾ അവിടത്തെ രീതിയിൽ കുമ്പിളിലയിൽ കുമ്പിളപ്പം ആയി വിഷു സ്പെഷ്യൽ. ഇങ്ങനെ ഓർമ്മകൾ നിരവധിയാണ്.  നാട്ടിലുള്ള എന്റെ മോന് ഇലയടയും, കുമ്പിളപ്പവും, പിന്നെ വിഷുക്കണിയും, വിഷുക്കൈനീട്ടവും എല്ലാം പ്രിയപ്പെട്ടതു തന്നെ. ഈ വിഷുക്കാലം ഞാൻ അവനോടൊപ്പം ചിലവഴിക്കാൻ പോകുന്നു. 
എന്റെ എല്ലാ കൂട്ടുകാർക്കും  സമൃദ്ധിയുടെയും, നന്മയുടെയും, സമാധാനത്തിന്റെയും വിഷു ആശംസകൾ. നല്ലൊരു നാളെക്കുള്ള ശുഭപ്രതീക്ഷയോടെ, 
സ്നേഹപൂർവം ഗീതാ ഓമനക്കുട്ടൻ. 

Friday, 13 March 2015

മീനുക്കൊച്ചും ഉത്സവക്കാഴ്ചകളും




അമ്പലപ്പറമ്പും ഉത്സവങ്ങളും അപ്പുണ്ണിയേട്ടന് ആവേശമാണ്.  ഇത്തവണ ഉത്സവത്തിന് വല്യേച്ചിയും, കുഞ്ഞേച്ചിയും അപ്പുണ്ണിയേട്ടന്റെ  പിറകേ കൂടിയിട്ടുണ്ട്. " ഇന്നു വൈകിട്ട് ഞങ്ങളെക്കൂടി കൊണ്ടുപോവോ അപ്പുണ്ണിയേട്ടാ. അച്ഛനോടു ചോദിക്കുവോ ഞങ്ങളെക്കൂടി കൊണ്ടുപൊക്കോട്ടേന്നു". 
 അപ്പുണ്ണിയേട്ടൻ പറേണ കേട്ടു. " ആ നോക്കട്ടെ, ആ മീനുക്കൊച്ച് അറിയണ്ട. എങ്ങാനും അവളു കേട്ടാൽ പിന്നെ ചിണുങ്ങാൻ തുടങ്ങും". 

ഉം......  ഈ മീനുക്കൊച്ച് അത്ര പൊട്ടിയൊന്നുമല്ല. എല്ലാം കേൾക്കണൊണ്ട് .

          കഴിഞ്ഞാഴ്ച്ച അമ്മേം, കുഞ്ഞേച്ചീം രാവിലെ ഒരുങ്ങിപ്പോവുംപോഴും മീനുക്കൊച്ച് ഒന്നു ചിണുങ്ങിനോക്കി, അമ്മേടെ സാരിത്തുമ്പിൽ പിടിച്ച്.അമ്മയെന്താ പറഞ്ഞെ?  " കുഞ്ഞേച്ചിക്കു തലവേദന. ഡോക്ടർനെ കാണിക്കാൻ പോവാ. കൊച്ചുകുട്ട്യോളെ കൊണ്ടുചെന്നാൽ ഡോക്ടറ് സൂചി കൊണ്ടു നല്ല കുത്തുവച്ചുതരും. വാശി പിടിക്കാതെ പോയി വല്ലോം കളിച്ചോ. അമ്മ വേഗം മടങ്ങി വരാം".  എന്നിട്ടോ?... കൊറേ.......... സമയം കഴിഞ്ഞപ്പം രണ്ടാളും തിരികെവന്നു. നെറ്റിയിൽ കുറീം തൊട്ട്, വാഴയിലയിൽ പൊതിഞ്ഞ കടുംപായസവുമായി. അമ്മ കാത്തുവമ്മയോടു ചോദിക്കണ കേട്ടു "മീനുക്കൊച്ചിനെ കുളിപ്പിച്ചോ? കൊച്ചു വല്ലോം കഴിച്ചോ? ".
കാത്തുവമ്മ പറയണതും കേട്ടു " ഇത്തിരി വാശി കൂടണൊണ്ട് കൊച്ചിന്, പറഞ്ഞാൽ ഒരു വക കേക്കണില്ല".
   
അമ്മ അടുത്തുവിളിച്ച് കോവിലിലെ കടുംപായസം ഇത്തിരിതോണ്ടി വായിൽവെച്ചു കൊടുത്തപ്പോൾ മീനുക്കൊച്ചിന് അമ്മ കൂടെക്കൊണ്ടുപോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 
     പായസം നുണഞ്ഞിറക്കുന്നതിനിടയിൽ മീനുക്കൊച്ച് അമ്മോട് ചോയിച്ചു "കുഞ്ഞേച്ചിയെ അമ്മ ഡോക്ടർടെയടുത്തു കൊണ്ടുപോയതല്ലേ പിന്നെ എവിടന്നാ പായസം? 

     വെള്ളത്തിൽ ചാലിച്ച് ചന്ദനം നെറ്റിയിൽ തൊടുവിച്ചുകൊടുത്തുകൊണ്ടമ്മ പറഞ്ഞു "അതോ.... ഡോക്ടറെ കണ്ടു തിരികെവന്നപ്പം അങ്ങേലെ സുഭദ്രാമ്മെ വഴീൽ വച്ചു കണ്ടു, അപ്പൊ സുഭ്രദ്രാമ്മ തന്നതാ കൊച്ചെ". 
ചുമ്മാ........... ഇതൊക്കെ മീനുക്കൊച്ചിനെ പറ്റിക്കാനുള്ള അടവുകളാണെന്നറിയാം. അല്ലേൽ പിന്നെ അന്നു രാവിലെ എണീച്ച് കണ്ണും തിരുമ്മി വന്ന മീനുക്കൊച്ച് കണ്ടതോ..? കിഴക്ക് നല്ലോണം വെള്ള കീറി വരണേയുള്ളൂ... കുഞ്ഞേച്ചി കുളിച്ച് വാഴയിലയിൽ മുറ്റത്തെ കുടമുല്ലയിലെ പൂക്കളത്രയും പറിച്ചു കൂട്ടുന്നു. പിന്നെ മീനുക്കൊച്ച് ഒന്നും ആലോചിച്ചില്ല... ഒറ്റ ഓട്ടമായിരുന്നു........... മുല്ലച്ചോട്ടിലേക്ക് ......... "എന്റെ മുല്ലപ്പൂ കുഞ്ഞേച്ചി മുഴുവനും പറിച്ചു തീർത്തെ!!!!.... എനിക്കു വേണം.. " 
         വാഴയിലയിൽ പിടിക്കാൻ ചെന്നതോ...... കുഞ്ഞേച്ചി ഒറ്റത്തട്ടു വച്ചുകൊടുത്തു മീനുക്കൊച്ചിന്റെ ഇടത്തേ കൈക്കിട്ട്..!!!! മീനുക്കൊച്ച് കാറിക്കരയുംപോളെക്കും  പൂമുഖത്ത് പത്രം വായനയിൽ മുഴുകിനിന്ന 
അപ്പുണ്ണിയേട്ടൻ ഇറങ്ങിവന്നു താക്കീതു നല്കി "അച്ഛൻ കേട്ടാൽ കിട്ടുമേ... വേഗം പോയി പല്ലു തേക്ക്". 

    
     അന്ന് എത്രനേരം കുഞ്ഞേച്ചി നിലക്കണ്ണാടിക്കു മുന്നിൽ ഒരുക്കമായിരുന്നു. കണ്ണെഴുതി വാലിട്ട്, പൊട്ടു തൊട്ട്, മുടി കുളിപ്പിന്നൽ കെട്ടി, മുല്ലപ്പൂ ചൂടി. 
മീനുക്കൊച്ച് കെഞ്ചി " എനിക്കൂടെ വച്ചു തര്വോ മുല്ലപ്പൂ??". കുഞ്ഞേച്ചി വിരട്ടി ഓടിച്ചു " മൊട്ടത്തലച്ചി  നിനക്കെവിടെ വക്കാനാ മുല്ലപ്പൂ". 
     ഈ കുഞ്ഞേച്ചിയെ ആണോ അമ്മ ഡോക്ടർടെ അടുത്തു കൊണ്ടുപോയെ? എല്ലാം കല്ലുവച്ച നുണ!! 

     അതിനു മുന്നൊരു ദിവസോം കുഞ്ഞേച്ചീം, വല്യേച്ചീം കൂടെ അണിഞ്ഞൊരുങ്ങി  അച്ഛന്റൊപ്പം പോയപ്പഴും മീനുക്കൊച്ച് അമ്മയോട് ചിണുങ്ങി നോക്കി. അപ്പം അമ്മ പറഞ്ഞതോ? " പോയിക്കളിച്ചോ.. തിരിച്ചു വരുമ്പം അവരു കപ്പ് കേക്കും, നാരങ്ങാ മിഠായീം കൊണ്ടത്തരും ട്ടോ ".
     മീനുക്കൊച്ച് അന്നവരു തിരിച്ചുവരണവരെ മുറ്റത്തൂന്ന് കയറിയതേയില്ല. വഴീലേക്ക് നോക്കിയിരുന്നു..  കപ്പ് കേക്കും, നാരങ്ങാ മിഠായിയും കൊണ്ടുവരുന്നതും നോക്കി.....  തിരിച്ചു വരുമ്പോൾ കുഞ്ഞേച്ചീടെം, 
വല്യേച്ചീടെം മുഖത്ത് എന്താ ഒരു സന്തോഷം.  അച്ഛൻ മീനുക്കൊച്ചിനെ അടുത്തു വിളിച്ച് നാരങ്ങാ മിഠായീം, കപ്പ് കേക്കും കൊടുത്തു. അതു കിട്ടിയതും  മീനുക്കൊച്ചിനു കൂടെക്കൊണ്ടു പോവാഞ്ഞേന്റെ പരിഭവമൊക്കെ അലിഞ്ഞലിഞ്ഞില്ലാതായി. 

          വല്യേച്ചീടേം, കുഞ്ഞേച്ചീടേം കൈയ്യിൽ "കൃഷ്ണാ ടെക് സ്റ്റൈൽ" സിലെ കുറെ കവറുകളും ഉണ്ടായിരുന്നു. അമ്മയെ ഏതാണ്ടൊക്കെ തുണികൾ എടുത്തു കാണിക്കണ കണ്ടെങ്കിലും മീനുക്കൊച്ച് അതൊന്നും ശ്രദ്ധിച്ചതേയില്ല. നാരങ്ങാ മിഠായി ഓരോന്നായി തിന്നു തീർത്തു കൊണ്ടേയിരുന്നു .

     
          പക്ഷെ അന്നു വൈകിട്ട് വല്യേച്ചി അരികെ വിളിച്ച് മീനുക്കൊച്ച് ഇട്ടിരുന്ന ഇളം റോസ് നിറമുള്ള കുട്ടിയുടുപ്പിന്റെ അളവൊക്കെ കൃത്യമായി  കുറിച്ചു വച്ചു. എന്നിട്ട് ഓറഞ്ച് നെറ്റ് തുണി എടുത്തുകാട്ടി മീനുക്കൊച്ചിനോടു ചോദിച്ചു " ഇഷ്ടായോ നിനക്കീ നിറം?" 
മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി ചോദിച്ചു " വല്യേച്ചീ ഇതെപ്പഴാ തയിച്ചു തരിക...?" 
"രണ്ടു ദിവസം കഴിയട്ടെ". 
     വല്യേച്ചി പറഞ്ഞ വാക്ക്  പാലിച്ചു. രണ്ടുദിവസം കൊണ്ടു തയിച്ചു തീർത്തു. എന്നിട്ടോ.....? എത്ര പ്രാവശ്യം അതു മീനുക്കൊച്ചിനെ ഇടുവിച്ചു നോക്കി. വീണ്ടും ഊരിവാങ്ങി ഒന്നൂടെ ചേച്ചീടെ ' കട കട ' ശബ്ദം കേൾക്കണ സിംഗർ മെഷീനിൽ അടിക്കും. എന്നിട്ടു വീണ്ടും ഇടീച്ചു നോക്കും. ഓരോ പ്രാവശ്യം ഇടുമ്പോഴും മീനുക്കൊച്ച് സന്തോഷം കൊണ്ടു തുള്ളിച്ചാടി. വല്യേച്ചി പിടിച്ചു നിർത്തി എല്ലാം പാകമാണോന്നു നോക്കുമ്പോൾ മീനുക്കൊച്ച് ചോദിച്ചു "വല്യേച്ചീ എനിക്ക് ഓറഞ്ച് നിറത്തിലെ കുപ്പിവളേം, റിബണും വാങ്ങി തര്വോ?"
അന്നു വല്യേച്ചി വാക്ക് പറഞ്ഞതാ " അയ്യപ്പൻ കോവിലിലെ ഉത്സവത്തിനു വാങ്ങിത്തരാം ട്ടോ".
എന്നിട്ടിപ്പം മീനുക്കൊച്ചിനെ പറ്റിച്ച് വല്യേച്ചീം, കൊച്ചേച്ചീം അപ്പുണ്ണിയേട്ടന്റൊപ്പം  ഉത്സവത്തിനു പോകാൻ പ്ലാനിടുന്നത്. അറിഞ്ഞപ്പോൾ മുതൽ മീനുക്കൊച്ച് വല്യേച്ചിയെയും, കൊച്ചേച്ചിയെയും ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങിയതാണ്. 

ഇടക്കിടെ അലമാരയിൽ അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന തന്റെ ഓറഞ്ച് നിറത്തിലുള്ള നെറ്റുതുണി കൊണ്ട് വല്യേച്ചി ഭംഗിയായി തയിച്ചു തന്ന നിലയുടുപ്പ് എടുത്തു നോക്കി മീനുക്കൊച്ച്..... എന്നിട്ടു മനസ്സിൽ പറഞ്ഞു 
 "ഈ നിലയുടുപ്പ് ഇട്ടോണ്ടു വേണം ഉത്സവത്തിനു പോവാൻ" 
അരക്കു താഴെ രണ്ടു തട്ട് ഞൊറിവിട്ടു തയിച്ചിരിക്കുന്നതിനാൽ മീനുക്കൊച്ച് ആ ഉടുപ്പിനെ "നിലയുടുപ്പ്" എന്നു പേരിട്ടു വിളിച്ചു. 
സന്ധ്യയായപ്പോൾ  മുതൽ മീനുക്കൊച്ച് അമ്മയുടെ പുറകെ നടന്ന് ചിണുങ്ങാൻ തുടങ്ങി. ചിണുങ്ങി ചിണുങ്ങി ശുണ്ഠിയെടുത്ത് കരയാനും തുടങ്ങിയതോടെ അമ്മ ഒരു പോംവഴി കണ്ടുപിടിച്ചു. ഉടനടി അതെല്ലാവരോടുമായി ഉച്ചത്തിൽ പ്രഖ്യാപിച്ചു " ഇവിടുന്നാരും ഉത്സവത്തിനു പോവണ്ട" 
കുഞ്ഞേച്ചിയോ തക്കം കിട്ടിയപ്പോൾ ആരും കാണാതെ കൊടുത്തു മീനുക്കൊച്ചിന്റെ ചെവിക്കിട്ടുനോക്കി നല്ലൊരു കിഴുക്ക് " വഴക്കാളി..,നീ കാരണം ഞങ്ങടെ പ്ലാനെല്ലാം പൊളിഞ്ഞു". 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല, ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം ഉദ്ധിഷ്ടകാര്യസിദ്ധിക്കായ് സ്ഥിരം പ്രയോഗിക്കാറുള്ള ആ സൂത്രം എടുത്തങ്ങു പ്രയോഗിച്ചു. " ഉച്ചത്തിലുള്ള കാറിക്കരച്ചിൽ"
ആ കാറിക്കരച്ചിൽ പുറമ്പോക്കിലെ സക്കായിയുടെ വീടിനെയും, തോട്ടുമുക്കിലെ കല്യാണിയുടെ വീടിനെയും മറികടന്ന് അങ്ങകലെ പ്രതിദ്ധ്വനിച്ചു. അമ്മയും, കുഞ്ഞേച്ചിയും, വല്യേച്ചിയും ഇതു സഹിക്ക വയ്യാതെ ചെവി പൊത്തിപ്പിടിച്ചു. 
അപ്പുണ്ണിയേട്ടൻ പരിഹാരം നിർദ്ദേശിച്ചു " വായടച്ചാൽ ഉത്സവത്തിനു കൊണ്ടുപോവാം".
അതു കേട്ടതും മീനുക്കൊച്ച് ടപ്പേന്ന് വായടച്ചു. പക്ഷേ അപ്പുണ്ണിയേട്ടൻ ചില നിബന്ധനകൾ മുന്നോട്ടു വച്ചു " കഴിഞ്ഞാണ്ടത്തെപ്പോലെ ഉത്സവത്തിനു കഥാപ്രസംഗം കേൾക്കാൻ കൊണ്ടുപോയപ്പോൾ 'ഉറക്കം വരുന്നു വീട്ടീ പോണം' ന്നു പറഞ്ഞു വാശി പിടിച്ചു കരഞ്ഞതും, ചെറിയ ഇടവഴിയേ നടക്കുമ്പോൾ 'കാലു വേദനിക്കുന്നു ' ന്ന് പറഞ്ഞ് അപ്പുണ്ണിയേട്ടന്റെ തോളിൽ കയറിവന്നതും ഒന്നും ഇത്തവണ ആവർത്തിക്കാൻ  പാടില്ല. 
          വാക്ക് പറഞ്ഞാൽ അതു പാലിക്കേണ്ട കടമയുണ്ടെന്ന് മീനുക്കൊച്ചിനു നന്നായറിയാവുന്നതിനാൽ 'ടപ്പേ ' ന്നടക്കി നിർത്തിയ കാറിക്കരച്ചിലിന്റെ അവശേഷിപ്പ് ഏങ്ങലടിയിൽ ഒതുക്കിത്തീർത്ത് മീനുക്കൊച്ച് 
അപ്പുണ്ണിയേട്ടനോട് തലയാട്ടി സമ്മതം മൂളി. 
" എന്നാ വേഗം റെഡിയായിക്കോ "
അപ്പുണ്ണിയേട്ടൻ പറഞ്ഞു കേൾക്കണ്ട താമസം മീനുക്കൊച്ചിനു 
കുഞ്ഞേച്ചിയോടും, വല്യേച്ചിയോടും, അപ്പുണ്ണിയേട്ടനോടും ഉള്ള പരിഭവം അലിഞ്ഞലിഞ്ഞില്ലാതായി. 
     പിന്നെ മീനുക്കൊച്ച് ഒന്നും നോക്കിയില്ല. .. ഒറ്റ ഓട്ടം വച്ചു കൊടുത്തു.... അമ്മേടെ അലമാരയിൽ ഇരുന്ന ഓറഞ്ച് നെറ്റിന്റെ നിലയുടുപ്പ് എടുത്തണിയാനായി. ഉടുപ്പ് വലിച്ചെടുക്കുന്നതു കണ്ട അമ്മ താക്കീതു നല്കി..
" ന്റെ മീനുക്കൊച്ചേ ഇതു പുതിയതല്ലേ? നിനക്കാ ഉത്സവപ്പറമ്പിലെ മണ്ണിലിരുന്നു നിരങ്ങാനുള്ളതല്ലേ.... ആ പഴേ നീലേ വെള്ളപ്പൂക്കളൊള്ള ഉടുപ്പിട്ടാ മതി". 

അതു കേട്ടതും മീനുക്കൊച്ച് കാറിക്കരയാനായി വാ പൊളിക്കാനൊരുങ്ങിയതും 
 അമ്മ കൈ കൊണ്ട് ടപ്പേ ന്ന് മീനുക്കൊച്ചിന്റെ പൊളിഞ്ഞുവന്ന വായടപ്പിച്ചതും ഇട്ടിരുന്ന വെള്ളക്കുഞ്ഞുടുപ്പ് തലവഴി വലിച്ചൂരി എടുത്തതും, ഓറഞ്ച് നെറ്റ് നിലയുടുപ്പ് ഇടീച്ചതും നൊടിയിട കൊണ്ടു കഴിഞ്ഞു. 

          കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കിക്കൊടുത്തതിന്റെ 
നന്ദിസൂചകമെന്നോണം കുഞ്ഞേച്ചി ഒരു കുഞ്ഞുമുല്ലമൊട്ടുമാല  മീനുക്കൊച്ചിന്റെ കുഞ്ഞിത്തലമുടിയിൽ ഒരു കറുത്ത സ്ലൈഡിന്റെ ബലത്തിൽ ഉറപ്പിച്ചു കൊടുത്തു. അപ്പോൾ മീനുക്കൊച്ചിനു കുഞ്ഞേച്ചിയോടുണ്ടായിരുന്ന  അവശേഷിച്ച പരിഭവവും അലിഞ്ഞലിഞ്ഞില്ലാതായി. 

     കണ്ണിലേക്ക് ഇടക്കിടെ വീണു വരുന്ന കുഞ്ഞുമുല്ലമൊട്ടുമാല പിന്നിലേക്കു മാടിയൊതുക്കി കുഞ്ഞിടവഴിയേ മുന്നേ മുന്നേ ഓടി ഓടി നടന്ന മീനുക്കൊച്ചിനോട്  അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഈ ഉത്സാഹം തിരികെ വരുമ്പോളും കാണണേ....... അപ്പുണ്ണിയേട്ടന് പണിയുണ്ടാക്കല്ലേ ...?"

     മീനുക്കൊച്ചിന് ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ, അതു മനസ്സിലാക്കിയെന്നവണ്ണം വല്യേച്ചി ആദ്യേ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. 
കറുപ്പും, വെളുപ്പും, ചോപ്പും, നീലയും കളറുകളിൽ അടുക്കി അടുക്കി വച്ചിരിക്കുന്ന കുപ്പിവളകളും, വെള്ള, നീല, പച്ച, ചോപ്പ് നിറങ്ങളിൽ തൂങ്ങിയാടുന്ന മുത്തുമാലകളും ഉള്ള ചിന്തിക്കടയിലേക്ക്..
മീനുക്കൊച്ചിന്റെ കണ്ണഞ്ചിപ്പോയി!!!
ഹോ ......... എന്തോരം കുപ്പിവളകളാ.......ഹായ് ... മുത്തുമാലകളും,കല്ലുമാലകളും ഒക്കെ കാണാൻ എന്താ നല്ല ചേല്....  മീനുക്കൊച്ചന്നേരം മനസ്സിൽ ഒരു ശപഥം എടുത്തു.. " വല്യ കുട്ടിയാവുംപോ ഈ ചിന്തിക്കടക്കാരനെ കല്യാണം കഴിപ്പിച്ചു തരാൻ അമ്മോടു പറേണം". 
     ഓറഞ്ച് കുപ്പിവള കിട്ടാഞ്ഞാൽ വല്യേച്ചി ചൊവപ്പും, വെള്ളയും ഇടകലർത്തി പന്ത്രണ്ടു കുപ്പിവളകൾ ചിന്തിക്കടക്കാരന്റെ കൈയ്യിൽ കൊടുത്തു, അയാൾ മീനുക്കൊച്ചിന്റെ ഇടത്തേ കുഞ്ഞിക്കയ്യിൽ അവ അടുക്കടുക്കായി ഇട്ടു കൊടുത്തു. വലത്തേകൈയ്യിൽ ചൊവപ്പുനിറത്തിൽ കുഞ്ഞുകല്ലുകളുള്ള ഒരു കാപ്പുവള ഇത്തിരി പ്രയാസപ്പെട്ടു കയറ്റി ഇടവേ ലേശം ചോര പൊടിഞ്ഞതും ചിന്തിക്കടക്കാരൻ പെട്ടെന്നുതന്നെ അവിടിത്തിരി  ക്യൂട്ടെക്സ്  പുരട്ടിക്കൊടുത്തതും മീനുക്കൊച്ചിൽ അത്ഭുതം ഉളവാക്കി, ഒപ്പം കവലക്കത്തെ കമ്പോണ്ടർ കുഞ്ഞൂഞ്ഞു ഡോക്ടർടെ മഞ്ഞമരുന്നിന്റെ പോലത്തെ നീറ്റലേ ഇല്ലല്ലോന്നോർത്തു. മീനുക്കൊച്ചു മനസ്സിൽ പറഞ്ഞു " ഈ ചിന്തിക്കടക്കാരന് നല്ല ബുദ്ധി ആണല്ലോ ". 

കുഞ്ഞേച്ചീം, വല്യേച്ചീം കൊറേ വെള്ളക്കുപ്പിവള സെലക്ട് ചെയ്തെടുത്ത് വല്യേച്ചി
കുഞ്ഞേച്ചീടെ കാതിൽ മന്ത്രിച്ചു "വീട്ടില് പോയി കൈയ്യിൽ സോപ്പിട്ടു വള ഇട്ടാമതി". ചിന്തിക്കടക്കാരന്റെ " പെങ്ങന്മാരെ... പൊട്ടിക്കാതിട്ടു തരാമേ......" ന്നുള്ള ഉപദേശം വകവക്കാതെ വെള്ളക്കുപ്പിവളകൾ കുഞ്ഞേച്ചി പൊതിഞ്ഞു മേടിച്ചു. മീനുക്കൊച്ചിനു ചൊവന്ന മുത്തുമാലയും, ചൊവന്ന റിബണും കൂടി വല്യേച്ചി മേടിച്ചു കൊടുത്തതും അപ്പുണ്ണിയേട്ടൻ പറഞ്ഞു "മതി പിള്ളാരെ.. വാ.. ആളു കൂടണേനുമുന്നേ എവിടേലും സ്ഥലം പിടിച്ചിരിക്കെണ്ടേ....?"

കൊറേ ആളുകൾക്കു നടുവിൽ ഇത്തിരി സ്ഥലം പിടിച്ച് കൈയ്യിലുണ്ടായിരുന്ന പത്രപ്പേപ്പർ വിരിച്ച് അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഇവിടിരുന്നോ മക്കളേ... ഇവിടിരുന്നാൽ നല്ലോണം കാണാം".
കൈയ്യിലുണ്ടായിരുന്ന കപ്പലണ്ടിപൊതി മീനുക്കൊച്ചിന്റെ കൈയ്യിൽ കൊടുത്തുകൊണ്ട് അപ്പുണ്ണിയേട്ടൻ വല്യേച്ചിയോടായി പറഞ്ഞു 
" അപ്പുണ്ണിയേട്ടൻ ഇവിടെ അടുത്തു തന്നെയുണ്ടാവും ട്ടോ...."

     കപ്പലണ്ടി കൊറിച്ചു കൊറിച്ചിരുന്ന മീനുക്കൊച്ചു മുന്നോട്ടു നോക്കിയെങ്കിലും കൊറേപ്പേരുടെ തലയല്ലാതെ വേറൊന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ഇതൊന്നും കാണണമെന്ന് മീനുക്കൊച്ചിന് ആഗ്രഹവുമില്ല... ഇപ്പോൾ ഒറ്റ ഉദ്ധേശ്യം മാത്രം. " വേഗം വീട്ടിൽ പോവണം. കുഞ്ഞേച്ചി വാങ്ങിയ ആ ചൊവന്ന ക്യുട്ടെക്സ്  ഇടുവിച്ചു തരാൻ പറേണം, പിന്നെ ചൊവന്ന റിബ്ബണ് തന്റെ കുഞ്ഞിത്തലമുടിയിൽ രണ്ടു സൈഡിലായി കെട്ടി വച്ച് നിലക്കണ്ണാടീ നോക്കണം". 

     ആളും, ബഹളവും ഉച്ചഭാഷിണിയിൽ വരുന്ന പാട്ടും ഒന്നും മീനുക്കൊച്ചു 
ശ്രദ്ധിച്ചതേയില്ല. വല്യേച്ചിയുടെ  മടിയിലേക്ക് ചാഞ്ഞ് ചോവപ്പും, വെള്ളയും ഇടകലർത്തി തന്റെ കൈയ്യിൻമേലണിഞ്ഞിരിക്കുന്ന കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു... അതിന്റെ കിലുക്കം ...  മീനുക്കൊച്ചിന്റെ മനസ്സിൽ ആഹ്ലാദത്തിരകൾ അലയടിച്ചുയർത്തി. അവൾ വീണ്ടും വീണ്ടും കുപ്പിവളകളുടെ ഭംഗി ആസ്വദിച്ചു കിടക്കവേ കൊടുത്തു വല്യേച്ചി 
കുഞ്ഞിത്തുടയിലൊരു നുള്ള്. " ഉറങ്ങാനാണോ ഭാവം..... ഉറങ്ങിയാൽ ഞങ്ങളിവിടിട്ടേച്ചു പോകും... തീർച്ച " .  ഒരു കുഞ്ഞുറുമ്പ് കടിക്കുമ്പം തൂത്തുകളയണ ലാഘവത്തോടെ മീനുക്കൊച്ച് കൈകൊണ്ട് തൂത്ത് എണീറ്റ് നേരെ ഇരുന്നു. 
     തൊട്ടു പുറകിൽ നിന്ന് കേട്ടു പരിചയമുള്ള ആ കറ കറ ശബ്ദം!!
പുറകോട്ടു തിരിഞ്ഞു നോക്കിയ മീനുക്കൊച്ച് വല്യേച്ചിയെ തോണ്ടി വിളിച്ച് പുറകോട്ടു ചൂണ്ടിക്കാട്ടി കൊടുത്തു. വല്യേച്ചി കുഞ്ഞേച്ചീടെ ചെവിയിൽ എന്തോ മന്ത്രിച്ചു. കുഞ്ഞേച്ചി തലയിൽ കൈ വച്ചിരുന്നു. മീനുക്കൊച്ച് കുഞ്ഞേച്ചീടേം, വല്യേച്ചീടേം ഇടയിലൂടെ നിരങ്ങിയിറങ്ങി തല പുറകോട്ടു നീട്ടി നോക്കി.
     "അവർ " വലിയ ഒരു പായ നിവർത്തിയിട്ട് കാലും നീട്ടി ആ സ്ഥിരം കാണാറുള്ള കടും ചുവപ്പു ജംപറും, നീല കളം കൈലിയു  ധരിച്ച്, മുറുക്കിച്ചുവപ്പിച്ച് എണ്ണ വഴിയേ പോയിട്ടില്ലാത്ത തലമുടി ഉച്ചിയിൽ കെട്ടിവച്ച് ഉച്ചത്തിൽ എന്തൊക്കെയോ പുലമ്പുകയും, അവരുടെ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ആർത്തു ചിരിക്കയും ചെയ്യുന്നുണ്ട്. ഇടക്ക് അവരുടെ പായിൽ അറിയാതെ ചവിട്ടുന്നവരെ ചീത്ത പറയുന്നുമുണ്ട്. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി തലനീട്ടി അവരെ സൂക്ഷിച്ചു നോക്കി. അവർ മുന്നോട്ടൊക്കെ നോക്കിയിട്ടും തന്നെ കണ്ടിട്ടും വലിയ ലോഹ്യം ഒന്നും കാണിക്കുന്നില്ല. ആ കറ കറ ശബ്ദം കേട്ടിട്ട് കുഞ്ഞേച്ചി വല്യേച്ചിയോടു പറയണ കേട്ടു "പാറേൽ കല്ലിട്ടൊരക്കണ പോലെ" 

       പരിപാടി തുടങ്ങാൻ പോവുന്നു. ചൊവന്ന കർട്ടൻ ഉയർന്നു. ആരുടെയോ ബാലെ. ഒരു പെണ്ണ്  സ്റ്റേജിൽ ഡാൻസും തുടങ്ങി... മീനുക്കൊച്ചിനു മുന്നോട്ടു നോക്കീട്ടു കൊറേപ്പേരുടെ തല മാത്രം. എല്ലാരും തലപൊക്കി സ്റ്റേജിലോട്ടു നോക്കുന്നു..... തല പോക്കിനോക്കീട്ടും കാണാൻ പറ്റാഞ്ഞാൽ  മീനുക്കൊച്ചും എണീച്ചുനിന്നു. ഹായ്....... നല്ല രസോള്ള ഡാൻസ്... 
പെട്ടെന്നാണതു സംഭവിച്ചത് !! മീനുക്കൊച്ചിന്റെ തലയിൽ എന്തോകൊണ്ട് ഒരടി കിട്ടിയതും അതിന്റെ നാറ്റം മൂക്കിലേക്കടിച്ചു കയറിയതും മീനുക്കൊച്ചറിയാതെ  ഒരു ഓക്കാനം തൊണ്ടയിൽ വന്നതും വല്യേച്ചി പിടിച്ചു മടിയിലിരുത്തിയതും പെട്ടെന്നു തന്നെ. 
മീനുക്കൊച്ചിനൊന്നും പിടികിട്ടിയല്ല. ഡാൻസു തകർക്കുമ്പോൾ വീണ്ടും അതേ നാറ്റം... അന്തരീക്ഷത്തിൽ ആഞ്ഞടിക്കും പോലെ..... പുറകിൽ ഒരട്ടഹാസം.... മീനുക്കൊച്ച് വീണ്ടും വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങിനീങ്ങി തല പുറകോട്ടു നീട്ടി അട്ടഹാസം കേൾക്കുന്നിടത്തെക്ക് നോക്കി.  അതേ... അവർ തന്നെ........ ആ " അഴകി ".   അട്ടഹാസം അഴകിയുടേത് തന്നെ.. .. ഉച്ചത്തിൽ അലറി മുന്നിലിരിക്കുന്ന പാവപ്പെട്ട പ്രജകളോട് ഇപ്രകാരം ആഞ്ജാപിക്കയാണ് " താണിരിക്കുന്നുണ്ടോ.... പുറകിലിരിക്കുന്നവർ നിന്റെയൊക്കെ തല കാണാനല്ല ഇവിടെ വന്നിരിക്കുന്നത്". എന്നിട്ടോ തന്റെ മുഴിഞ്ഞു നാറിയ തോർത്തിട്ട്  മുന്നിലിരുന്നു തലപൊക്കി മുന്നോട്ടു നോക്കുന്ന പ്രജകളുടെ തലക്കിട്ടു നോക്കി പ്രഹരിക്കയാണ്. 
സിംഹാസനം പിടിച്ചടക്കിയ ഒരു രാജാവിനെപ്പോലെ തോന്നിപ്പിച്ചു മീനുക്കൊച്ചിന് അഴകീഭാവം കണ്ടിട്ട്. എന്നാലും ഇടക്കിടെ ഉള്ള അട്ടഹാസങ്ങളും, മുഴിഞ്ഞു നാറിയ തോർത്തിന്റെ പ്രഹരവും, കറ കറ ശബ്ദത്തിലെ തൊള്ള പറച്ചിലും.. .... എല്ലാം കൂടെ മീനുക്കൊച്ചിനാകെ മടുപ്പു തോന്നി. 


മീനുക്കൊച്ച് വല്യേച്ചീടെ അടുത്തു ചിണുങ്ങാൻ തുടങ്ങി " വല്യേച്ചീ..... ഒറക്കം വരണൂ.... നമുക്കു പോവാം. ..."
വല്യേച്ചി കൊടുത്തു ചെറിയൊരു കിഴുക്ക് മീനുക്കൊച്ചിന്റെ തുടക്കിട്ടു നോക്കി എന്നിട്ടു പറഞ്ഞു " മിണ്ടാതിരുന്നോ ..  ഇതിനാണേൽ നീ എന്തിനാ വന്നെ? അപ്പുണ്ണിയേട്ടൻ വന്നു വിളിക്കാതെ ഈ രാത്രി നമ്മളെങ്ങനാ പോവ്വാ?"
മീനുക്കൊച്ചിനു കരച്ചിൽ വന്നെങ്കിലും വാ പൊളിച്ചില്ല. 
   ഇടക്കിടെ അഴകിയുടെ കറ കറ ശബ്ദം കേൾക്കുമ്പോൾ മീനുക്കൊച്ച് തലനീട്ടി പുറകോട്ടു നോക്കും. എങ്കിലും ആ തോർത്തിന്റെ നാറ്റം മീനുക്കൊച്ചിന് ഉള്ളിൽ ഒരു തേട്ടൽ വന്നു. മീനുക്കൊച്ച് വല്യേച്ചീടെ മടിയിൽ ചാരിക്കിടന്ന് മെല്ലെ കുഞ്ഞിക്കിളിയുടെ പാട്ടു പാടി. പിന്നെ ചോവപ്പും, വെള്ളയും കുപ്പിവളകൾ കിലുക്കി നോക്കി, ഇപ്പൊ ചെല്ലുമ്പൊ തന്നെ ചോന്ന ക്യുട്ടെക്സ് ഇട്ടു തര്വോ ന്ന് കുഞ്ഞേച്ചിയോട് കെഞ്ചി ചോയിക്കണം ന്ന് മനസ്സിലുറപ്പിച്ചു. 

     സ്റ്റേജിൽ ബാലെ തകർക്കുന്നു. പുറകിൽ ആകെ ഒരു നിശബ്ദത!! കറ
കറ ശബ്ദം കേൾക്കുന്നെയില്ല!!!!! മുഴിഞ്ഞു നാറിയ തോർത്തിന്റെ ഗന്ധവും ഇല്ല. മീനുക്കൊച്ചിന് ആകാംക്ഷ വർദ്ധിച്ചു. വല്യേച്ചീടേം, കുഞ്ഞേച്ചീടേം ഇടയിലൂടെ നിരങ്ങി നീങ്ങി പുറകോട്ടു കഴുത്തു നീട്ടി സൂക്ഷിച്ച് നോക്കി.. ഈശ്വരാ....!!!!!! തനെന്തായീ ..... കാണുന്നെ? മീനുക്കൊച്ചിനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

     ആർത്ത് ചിരിച്ചും, ബഹളം വച്ചും പുറകിൽ  ബാലെ വീക്ഷിച്ചിരുന്ന അഴകി സിംഹാസനം നഷ്ടപ്പെട്ട രാജാവു കണക്കെ പായുടെ ഒരു മൂലയിൽ തന്റെ മുഷിഞ്ഞു നാറിയ തോർത്തും പുതച്ചു ചുരുണ്ടു കൂടിക്കിടന്നു സുഖമായുറങ്ങുന്നു. മീനുക്കൊച്ച് ഒന്നൂടെ നിരങ്ങി ചെവിയോർത്തു.....  ഇപ്പോൾ കറ കറ ശബ്ദത്തിനു പകരം അഴകി ഗിർ..... ഗിർ..... എന്ന ശബ്ദത്തോടെ കൂർക്കം വലിക്കുന്നു. മീനുക്കൊച്ചിനു തെല്ലാശ്വാസം തോന്നി .
മീനുക്കൊച്ച് വീണ്ടും നിരങ്ങി വല്യേച്ചിയുടെ മടിയിൽ തല ചായിച്ചു കിടക്കുമ്പോഴും അഴകിയുടെ കൂർക്കം വലിയുടെ 'ഗിർ ഗിർ ' ശബ്ദം കാതുകളെ വല്ലാതെ അലോസരപ്പെടുത്തി .  അപ്പോഴും ബാലെ തുടരുന്നു. 
-------------------------------------------------///////------------------------------------------     
ഇപ്പോൾ ഉത്സവപ്പറമ്പിൽ മീനുക്കൊച്ചും, വല്യേച്ചീം, കുഞ്ഞേച്ചീം പിന്നെ അപ്പുണ്ണിയേട്ടൻ മുണ്ടും മടക്കിക്കുത്തി, തലേക്കെട്ടും കെട്ടി, ടോർച്ചും പിടിച്ചു നില്പുണ്ട്. അപ്പുണ്ണിയേട്ടൻ ഇടക്കിടെ പറയണൊണ്ട് "ഒറങ്ങിപ്പോവല്ലേ..ഇപ്പം ബാലെ തൊടങ്ങുവേ.....
മീനുക്കൊച്ച് ഉറങ്ങാതെ കണ്ണും തള്ളിച്ച് സ്റ്റേജിലേക്ക് നോക്കി ഒറ്റയിരിപ്പ്. മുന്നിൽ കൊറേ തലകളൊന്നുമില്ല ..... തങ്ങൾ മാത്രം. താനും, വല്യേച്ചീം, കുഞ്ഞേച്ചീം, അപ്പുണ്ണിയേട്ടനും.
    ചൊവന്ന കർട്ടൻ പൊങ്ങിത്തുടങ്ങി. മീനുക്കൊച്ച് അന്തം വിട്ട് കണ്ണു മിഴിച്ച് 
സ്റ്റേജിലോട്ടു നോക്കി. മീനുക്കൊച്ച് കാറിക്കരയാനായി വാപൊളിക്കാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല ........ അതെ ...അവിടെ ...അവർ ..തന്നെ ... അഴകി....... ആർത്തട്ടഹസിക്കുന്നു. വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി കറ കറ ശബ്ദത്തിൽ എന്തെല്ലാമോ പറയുന്നു.
വീണ്ടും സൂക്ഷിച്ചു നോക്കിയ മീനുക്കൊച്ച് ഞെട്ടിപ്പോയി!!! അഴകി തന്റെ മുഴിഞ്ഞുനാറിയ ആ തോർത്ത് ചുഴറ്റിയെറിയുന്നു.... അതു തങ്ങളെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. മീനുക്കൊച്ച് സർവശക്തിയിലും വിളിച്ചുനോക്കി 
"വല്യേച്ചീ.... ഓടിക്കോ .... "
 അപ്പുണ്ണിയേട്ടൻ ചോദിച്ചു " മീനുക്കൊച്ചേ..... നീ എന്താ... ഒറക്കത്തിൽ 
പിറുപിറുക്കണേ".
മീനുക്കൊച്ച് മെല്ലെ കണ്ണുചിമ്മി തുറന്നു. അപ്പുണ്ണിയേട്ടന്റെ പാരഗണ് ചപ്പലിന്റെ 'ടപ്പ് ടപ്പ് ' ന്നുള്ള  ശബ്ദത്തിനൊപ്പിച്ച് മീനുക്കൊച്ചും ഒരു താളത്തിൽ തുള്ളി അപ്പുണ്ണിയേട്ടന്റെ തോളിൽ...  അപ്പുണ്ണിയേട്ടന്റെ തോളിലൂടെ പുറകിലേക്ക് നീട്ടിയിട്ടിരിക്കുന്ന തന്റെ കൈകളിലേക്ക് മീനുക്കൊച്ച് സൂക്ഷിച്ചു നോക്കി. ചോവപ്പും, വെള്ളയും കുപ്പിവളകളും, ചോന്ന കാപ്പും എല്ലാം കൈയ്യിൻ മേലുണ്ട്. മീനുക്കൊച്ച് ചിണുങ്ങാൻ തുടങ്ങി.
"വല്യേച്ചീ എന്റെ ചോന്ന മുത്തുമാലയും, ചോന്ന റിബ്ബണും "
വല്യേച്ചി ദേഷ്യപ്പെട്ടു  " പാവം അപ്പുണ്ണിയേട്ടനെക്കൊണ്ടു ചുമ്മിക്കാനല്ലേ നീ ഞങ്ങളുടെ പിറകെ വന്നെ..... അവളെ താഴെ നിർത്തൂ അപ്പുണ്ണിയേട്ടാ.. ഇനി നടക്കട്ടെ ". 

     അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ ഒന്നൂടെ അടുക്കി തോളിലേക്ക് കിടത്തി നടത്തത്തിന് വേഗം കൂട്ടുന്നതിനിടയിൽ പറഞ്ഞു " നല്ല കാര്യായി, ഇവളെ നടത്തിക്കൊണ്ടു പോയാൽ നേരം  വെളുത്താലും  അങ്ങു ചെന്നു പറ്റില്ല ".

കുഞ്ഞേച്ചി അപ്പുണ്ണിയേട്ടനോട് പറഞ്ഞു " അടുത്ത ഉത്സവത്തിന് ഇവളെ കൊണ്ടുപോവരുത് അപ്പുണ്ണിയേട്ടാ ചുമ്മാ ഒറങ്ങാൻ ".
അപ്പുണ്ണിയേട്ടൻ പറഞ്ഞു " ഒറപ്പ്, അടുത്ത ഉത്സവത്തിന് ഇവളെ കൂട്ടണ്ട ".
കുഞ്ഞേച്ചി ചോയിച്ചു " ഇവൾ കാറിക്കരഞ്ഞാൽ എന്തു ചെയ്യും??
" ഒരു വഴിയുണ്ട് " അപ്പുണ്ണിയേട്ടൻ
" അതെന്താ??" കുഞ്ഞേച്ചി ചോയിച്ചു
" ഇവളു കാറിക്കരഞ്ഞാൽ കാന്താരി രണ്ടു പറിച്ച് ഉടച്ചിവളുടെ  വായിൽ തേച്ചു കൊടുക്കണം".
ഹഹ...... ഹഹ .......ഹഹഹ .........
കുഞ്ഞേച്ചീം ,വല്യേച്ചീം , അപ്പുണ്ണിയേട്ടനും കൂടി ചിരിക്കാൻ തുടങ്ങി. മീനുക്കൊച്ച് അതു കേട്ടിട്ടും കാറിക്കരയാനെ പോയില്ല. അതൊക്കെ അപ്പുണ്ണിയേട്ടൻ ചുമ്മാ പറേണതാന്നറിയാം, അടുത്ത ഉത്സവത്തിന് അപ്പുണ്ണിയേട്ടൻ മീനുക്കൊച്ചിനെ കൊണ്ടുപോവുമെന്നും അറിയാം. 

അപ്പുണ്ണിയേട്ടന്റെ കഴുത്തിൽ മുറുക്കിച്ചുറ്റിപ്പിടിച്ചിരിക്കുംപോഴും മീനുക്കൊച്ചിന്റെ ചിന്ത മുഴുവൻ മറ്റൊരു വഴിക്കായിരുന്നു. 
" അപ്പുണ്ണിയേട്ടൻ ഒന്നൂടെ വേഗം നടന്നിരുന്നെങ്കിൽ... ചെന്നാലുടനെ ഓടിച്ചെന്ന് അമ്മോടു പറേണം . മീനുക്കൊച്ച് ശപഥം ചെയ്തു ' ഇനി അഴകി അമ്മാ...... ന്നു വിളിച്ച് വീട്ടില് വരുമ്പം അമ്മ ചിരിക്കണ്ടാ ന്നു പറേണം, ലോഹ്യോം  ചോയിക്കണ്ട, ദാഹിക്കുന്നൂ ന്ന് പറഞ്ഞാൽ കഞ്ഞിവെള്ളം കൊടുക്കണ്ട, അരക്കാൻ തേങ്ങാ ചോയിച്ചാലും കൊടുക്കണ്ടാ, മുറ്റത്ത് കളിച്ചു നടക്കണ മീനുക്കൊച്ചിനെ കണ്ടാൽ അമ്മേടെ മുന്നേ വച്ച് ' മുത്തേ എന്താ കളിക്കണേ ന്ന് ചോയിച്ചു അഴകി താടിക്ക് പിടിക്കാൻ വന്നാൽ കൈ തട്ടി മാറ്റി ഓടണം.. അഴകിക്കൊരു സ്നേഹോമില്ല അമ്മോട്, ഒണ്ടാരുന്നെൽ അഴകി മീനുക്കൊച്ചിന്റെ തലക്കിട്ടു ആ മുഴിഞ്ഞു നാറിയ തോർത്തിട്ടടിക്കുമോ ??
ഹോ....... ഓർക്കുമ്പോൾ മീനുക്കൊച്ചിനു തേട്ടി വന്നു. 

***********************************************************************************

Friday, 9 January 2015

യുവജനോൽസവ ഓർമ്മകൾ

    രാജമ്മചേച്ചി എന്നു ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ മൂത്ത ചേച്ചിയും,ചേട്ടനും ആദ്യമായി സിക്കിമിൽ നിന്ന് അവധിക്കു വന്ന സമയം. അച്ഛന് ചേട്ടൻ ഒരു കറുത്ത റെയിൻകോട്ട് സമ്മാനിച്ചു. ചേച്ചിയാണെങ്കിൽ ഞങ്ങൾക്കൊക്കെ വിവിധവർണ്ണങ്ങളിലുള്ള സ്കാർഫുകൾ (ഇന്നത്തെ ചെറിയ ഷാൾ ) , പിന്നെ നെയിൽപോളിഷ്,ചെറിയപേളുമാലകൾ,ലിപ് സ്റ്റിക്ക്, പൊട്ടുകുത്താൻ കുറെ ഡിസൈൻസുള്ള അച്ചുകൾ ഇവയൊക്കെ സമ്മാനമായി കൊണ്ടുവന്നിരുന്നു. കുട്ടികളായ ഞങ്ങൾക്കു ഇതെല്ലാം വലിയ കൌതുകവും, ആഹ്ലാദവും നല്കി. 
   ഹൈസ്കൂളിൽ പഠിക്കുന്ന എന്റെ രമണിയേച്ചി എന്നു ഞാൻ വിളിക്കുന്ന എന്റെ മറ്റൊരു ചേച്ചി അവരുടെ സ്കൂളിലെ യൂത്ത്  ഫെസ്റ്റിവലിനു ആ റെയിൻ കോട്ടും ഇട്ട് ,രാജമ്മ ചേച്ചിയുടെ  ഹാൻഡ്ബാഗ്, ഫോറിൻ പൂക്കുട ഒക്കെ പിടിച്ചു ചേട്ടന്റെ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച്, പിന്നെ സ്കാർഫ് ഒക്കെ തലയിൽ ചുറ്റി മുഖത്തു കുറെ മിനുക്കുപണികൾ ഒക്കെ ചെയ്ത് സ്റ്റേജിൽ ഒരു പെർഫൊമൻസ് നടത്തി. ആൾ നല്ലവെളുത്തിട്ടാണ് ,കാണാനും നല്ല സ്മാർട്ട്. ചേച്ചിമാർ"മദാമ്മ സ്റ്റൈൽ "എന്നൊക്കെ വിശേഷിപ്പിക്കണ കേട്ടു. എന്തെങ്കിലുമാവട്ടെ "ഫാൻസി ഡ്രെസിന് " ഒന്നാം സമ്മാനവുമായെത്തിയ ചേച്ചി പിന്നെ നിലത്തും താഴത്തും ഒന്നുമല്ലായിരുന്നു. ചേച്ചിമാരെല്ലാവരും ചേർന്ന് പൊക്കിപറച്ചിലും,പ്രശംസയും. അഞ്ചാംക്ലാസ്സിൽ പഠിക്കണ എനിക്ക് ഇതൊന്നും അത്ര സുഖിക്കുന്നുമുണ്ടായിരുന്നില്ല. തന്നെയുമല്ല ഇതിനുശേഷം ചേച്ചിക്കല്പം ഗമകൂടിയോ എന്നും ഒരു സംശയം! നെയിൽ പോളിഷ്, പൊട്ട്, ലിപ് സ്റ്റിക്ക് ഇത്യാദി സാധനങ്ങളിലൊക്കെ ഞാൻ കൈ വച്ചാൽ ചേച്ചി എന്നെ വിരട്ടും. "നെയിൽ പോളിഷ് ചേച്ചി വേണ്ടപ്പോൾ ഇട്ടുതരാം, ല്ലാച്ചാൽ നീ ഒക്കെ തട്ടിമറിച്ചിടും, അച്ച് കണ്മഷിയിൽ കുത്തി മുഖത്തെല്ലാം കരിവാരിതേക്കും, ലിപ് സ്റ്റിക് എപ്പോഴും   വാരിത്തേക്കാൻ പാടില്ലാത്രേ, അസുഖം വരും " ഇങ്ങനെ ചില നിബന്ധനകൾ ഒക്കെ രമണിയേച്ചി എന്റെ മുന്നിൽ നിരത്തിയതും എല്ലാം എന്നിൽ അല്പം വാശിയും, കുശുമ്പുമൊക്കെ ഉടലെടുത്തു എന്നുള്ളത് യാഥാർഥ്യം.
   ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു സമയമായപ്പോൾ "ഫാൻസി ഡ്രസ്സ്" കോംപറ്റീഷന് ചേരാൻ ഞാനും വാശി പിടിച്ചു. കൊച്ചുകുട്ടിയായതിനാൽ ഇതിന്റെയൊക്കെ പിറകെ വരേണ്ട പൊല്ലാ പ്പോർത്തിട്ടാണോ,അതോ ചേച്ചിയുടെ അത്ര നിറവും ഒന്നും ഇല്ലാഞ്ഞാണോ എന്തോ ആരും ഇതത്ര ഗൌനിക്കുന്നുണ്ടായിരുന്നില്ല, ഞാൻ അമ്മയുടെ അടുത്ത് ഒരേ വാശി. ബഹളം മൂത്ത് പാവം അമ്മ അനുവാദം തന്നു. മറ്റൊരു സ്കൂളിലായതിനാൽ കുഴപ്പമില്ലെങ്കിലും രമണിയേച്ചിക്കിതത്ര സുഖിച്ചില്ല. ആൾ പ്രൈസ് ഒക്കെ നേടി ഷൈൻ ചെയ്തിക്കുന്ന സമയമല്ലേ? 
     എന്തായാലും ഞങ്ങളുടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനു ഞാനും പേര് കൊടുത്തു. സാധനസാമഗ്രികൾ ഒക്കെ മൂത്ത ചേച്ചി എനിക്കും തന്നു വിട്ടെങ്കിലും ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ് അല്പം മടിച്ചാണ് തന്നുവിട്ടത്. സ്കൂളിലെ മുതിർന്ന രണ്ടു ചേച്ചിമാർ ചേർന്ന് എന്നെ ഇതൊക്കെ ഇത്തിരി കഷ്ടപ്പെട്ട് അണിയിപ്പിച്ചു. എന്നെപ്പോലെ നാലുപേർക്കു കൂടി കയറി ഇറങ്ങാവുന്ന വലുപ്പത്തിലുള്ള റെയിൻകോട്ടും ഇട്ട്, നീലയിൽ വെള്ളപ്പൂക്കളുള്ള സ്കാർഫ് ചേച്ചിമാരോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു താടിക്ക് വച്ച് മുറുക്കി കെട്ടിയതു പോരാഞ്ഞ് പിൻകൂടി ചെയ്തു തരാൻ. കാരണം എങ്ങാനും അഴിഞ്ഞു പോയാലോ? 

    അതിനാൽ കഴുത്തിനല്പം പിടുത്തം ഉണ്ടായിരുന്നെങ്കിലും ഞാനതൊക്കെ ഒരു സ്റ്റൈൽ ആക്കി അങ്ങനെ ഇരിക്കയാണ്. കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്തു വച്ചിരിക്കുന്നതിനാൽ ആകെ മുറിക്കകത്തൊക്കെ ഒരു മൂടൽ പോലെ . ഒരുക്കിത്തന്ന ചേച്ചിമാർ ചില നിർദേശങ്ങൾ തന്നു "പേര് അനൌണ്സ് ചെയ്യുമ്പോഴേക്കും നടന്നു ചെല്ലണം, അങ്ങനെ,ഇങ്ങനെ" ന്നൊക്കെ  പറഞ്ഞു. ഹാൻഡ്ബാഗ്  തോളിൽ ഇട്ടുതന്നു. പോരാത്തതിന് ചേച്ചിയുടെ സ്വല്പം ഹീലുള്ള ചെരുപ്പും കാലിൽ ഫിറ്റു ചെയ്തിട്ടുണ്ട്. അതാണെങ്കിൽ വലുപ്പക്കൂടുതലിനാൽ അല്പം പുറകോട്ടുനീണ്ടു കിടപ്പുണ്ടു താനും. അമ്മ "വീഴാനാണ് കുഞ്ഞേ " ന്നൊക്കെ മുന്നറിയിപ്പ് തന്നെങ്കിലും "ല്ലാമ്മേ അതൊക്കെ ശ്രദ്ധിച്ചോ ളാം" ന്ന എന്റെ വാക്കിന്റെ പുറത്തു അമ്മ അനുവാദം തന്നുവിട്ടതാണ്. ഇത് രാജമ്മ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുമില്ല. ചേച്ചിയോട് നേരിട്ട് ചോദിച്ചാൽ ചെരുപ്പ് തന്നുവിട്ടില്ലെങ്കിലോ ന്നു പേടിച്ചു ചേച്ചി കാണാതെആണ് ഇതടിച്ചു മാറ്റി അമ്മയുടെ പെർമിഷൻ ഒക്കെ വാങ്ങിയത് .പാവം എന്റെ അമ്മ ഇത് ചേച്ചി യോട് ഞാൻ ചോദിച്ചു വാങ്ങി എന്നൊക്കെ ആവും ധരിച്ചത്. ചുവപ്പിൽ വെള്ളപ്പൂക്കളുള്ള ഫോറിൻകുട സ്റ്റേജിൽ കയറാൻ നേരം നിവർത്തിയാൽ മതിയെന്നൊക്കെ പറഞ്ഞു ചേച്ചിമാർ പോയതും ഞാൻ കുട നിവർത്തിപ്പിടിച്ചു തന്നെ ഇരുപ്പാണ്. (ചേച്ചിമാർക്ക് അങ്ങനെയൊക്കെ പറയാം അന്നേരം വെപ്രാളത്തിൽ കുട നിവർന്നില്ലെങ്കിലോ?") അവിടെയിരുന്ന ആരുടെയോ ഒരു കുഞ്ഞുകണ്ണാടിയിൽ നോക്കി ഓരോരോ ഭാവങ്ങൾ മുഖത്ത് വിരിയിച്ചു( ചിരിച്ച്, അല്പം ഗൌരവംവരുത്തിനോക്കി,പുഞ്ചിരിച്ചു നോക്കി) ഇങ്ങനെ സൌന്ദര്യം ആസ്വദിച്ചു അവിടെക്കിടന്ന ഒരു കസേരയിൽ ഞാനിരുപ്പാണ്. കണ്ണാടിയിൽ നോക്കിയിട്ടും ആകെയൊരു മൂടൽ തോന്നിക്കുന്നുണ്ടെങ്കിലും ഞാൻ കൂളിംഗ് ഗ്ലാസ് മാറ്റാനൊന്നും മിനക്കെട്ടില്ല. ഇതൊക്കെ ചേച്ചിയോട് ചോദിച്ചു മേടിച്ചതിന്റെ പെടാപ്പാടു എനിക്കല്ലേ അറിയൂ. എനിക്കാണെങ്കിൽ ഇതൊക്കെ ഒന്ന് കയിൽ കിട്ടിയതിന്റെ സന്തോഷവും , പരവേശവും ഒന്നും പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ ന്റെ രമണി യേച്ചിയെ ഒന്ന് തോല്പിക്കണം ന്ന വാശിയും. ന്താ ഗമ ഞാനങ്ങുവരട്ടെ കാണിച്ചുതരുന്നുണ്ട് ന്നൊക്കെ വിചാരിച്ചങ്ങനെ ഇരിക്കുന്മ്പോ "മോളെ മോളെ" ന്നുള്ള വിളികേട്ടാണ് ഞാൻ തൊട്ടപ്പുറത്തിരിക്കുന്ന ആളിനെ ശ്രദ്ധിച്ചത്. എന്റെ    ഏട്ടന്റെ  ക്ലാസ്സിൽ പഠിക്കുന്ന ജെസ്സി ചേച്ചി ആയിരുന്നു അത്. ചേച്ചിയെ രണ്ടുമൂന്ന് പേർചേർന്ന് ഒരുക്കുകയാണ്. പ്രച്ഛന്നവേഷമത്സരത്തിനാണെന്നു മനസ്സിലായെങ്കിലും എന്ത് വേഷമാണെന്നൊന്നും അന്നേരം പിടികിട്ടിയില്ല. ചേച്ചിക്കെന്നെ കണ്ടിട്ട് ചിരിവരുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ചേച്ചിയുടെ എത്രാമത്തെ നമ്പർ ആണെന്ന് തിരക്കി. ഞാൻ കഴിഞ്ഞാണ് ചേച്ചിയുടെ ഊഴം ന്നു മനസ്സിലായി. അല്പം ടെൻഷനോടെ അവിടെയിരിക്കുന്ന ഞാൻ ഇടയ്ക്കിടെ ആരൊക്കെയോ ഒരുങ്ങുകയോ, മുഖംനോക്കയോ ഒക്കെ ചെയ്തിട്ട് വച്ചുപോകുന്ന ആ കുഞ്ഞുകണ്ണാടി എടുത്ത് മുഖഭാവങ്ങൾ മാറ്റി വരുത്തിനോക്കിയിരിപ്പാണ്. വീണ്ടും ആരെങ്കിലും കണ്ണാടി തിരക്കുന്പോൾ ഞാനോടിക്കൊണ്ടു കൊടുക്കും അവർ ആവശ്യം കഴിഞ്ഞു വച്ചാൽ വീണ്ടും ഞാനാക്കണ്ണാടി കൈക്കലാക്കി സൌന്ദര്യം  ആസ്വദിച്ചുള്ള എന്റെയാ ഇരുപ്പ് ജെസ്സി ചേച്ചിക്കും കൂട്ടുകാർക്കും ചിരിക്കു വകനല്കുന്നു എന്നെനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു പോരാത്തതിനു ഇടക്കിടെ അവർ എന്നെ വിളിക്കയും ചിരിക്കയും ഒക്കെ ചെയ്യണ കേൾക്കുന്നുണ്ടെങ്കിലും ഞാനതിലൊന്നും വലിയ ശ്രദ്ധകൊടുക്കാതെ കണ്ണാടിയിൽ നോക്കി ഇരുപ്പ് തുടർന്നു. തൊട്ടടുത്ത സ്റ്റേജിൽ പാട്ടോ,കൂത്തോ ഒക്കെ നടക്കണ ശബ്ദം കേൾക്കുന്നുണ്ട്. ഇടയ്ക്കു ഞാനോടിപ്പോയി ജെസ്സി ചേച്ചിയെ പ്രത്യേകം ഓർമ്മിപ്പിച്ചു " നമ്മുടെ കോംപറ്റീ ഷൻ തുടങ്ങാൻ നേരം എന്നോടൂടെ പറയണേ ചേച്ചി".
ചേച്ചിതന്ന ഉറപ്പിന്റെ ബലത്തിൽ കണ്ണാടിയിലും നോക്കി ഞാനിരിക്കവെ ഞങ്ങൾ ഇരുന്ന ആ മുറി പതിയെ നിശബ്ദമായീന്നു തോന്നുന്നു "ശ് ശ്" ന്നുള്ള വിളികേട്ട ഞാൻ കണ്ണാടിയിൽ നിന്നും ശ്രദ്ധതിരിച്ച് നോക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന രൂപം കണ്ടു ഞാൻ ചെറുതായൊന്നു ഞെട്ടി.ന്തോ ഒരു വെള്ള ഉടുപ്പൊക്കെ ഇട്ടു ചിരിച്ചുകൊണ്ടിരുന്ന ജെസ്സി ചേച്ചി തന്നെയോ ഇത്!! ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അവിടെ ഞങ്ങൾ രണ്ടാളും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഭയം മൂലം എനിക്ക് ചെറിയ കരച്ചിൽ വരുന്നുണ്ടായിരുന്നു. ന്താന്നല്ലേ? ചേച്ചി ക്രിസ്തുമസ്സ് ഫാദറിന്റെ വേഷമാണ് കെട്ടിയിരിക്കുന്നത്. ആ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ആ പ്രായത്തിലൊക്കെ കരോളുകാർക്കൊപ്പം വരുന്ന ഈ ഫാദറിനെ ഞാനല്പം ഭയത്തോടെ ആണ് കണ്ടിരുന്നത്. (എന്റെ മകനും കുഞ്ഞുന്നാളുകളിൽ ക്രിസ്തുമസ്സ് ഫാദറിനെ കണ്ടാൽ കരഞ്ഞുകൊണ്ടോടി  വരുമായിരുന്നു). ന്തായാലും കരച്ചിലിന്റെ വക്കെത്തിനിന്ന എന്റെ മുഖഭാവമൊന്നും കൂളിംഗ് ഗ്ലാസ്സ് വച്ചിട്ടുള്ളതിനാൽ ആ ചേച്ചിക്ക്  പിടികിട്ടിയില്ലെന്നു തോന്നുന്നു. ന്തായാലും ഫാൻസി ഡ്രസ്സ് കോംപ റ്റീഷൻ തുടങ്ങി. 
ആദ്യനറുക്ക് എനിക്ക് തന്നെയായിരുന്നു. സ്റ്റേജിൽ കയറിയതും ചേച്ചിയുടെ ഹീലുള്ള ചെരുപ്പിട്ട് മറിഞ്ഞുവീഴാതിരിക്കാൻ ശ്രദ്ധിച്ചുനടന്നതിനാലും, ജെസ്സി ചേച്ചിയുടെ ക്രിസ്തുമസ് ഫാദർ രൂപം കണ്ട ഭയപ്പാടിനാലും ആകെ അങ്കലാപ്പിലാണ് ഞാൻ സ്റ്റേജിൽ പ്രകടനം നടത്തിയത്. ഹെഡ് മാസ്റ്റർ സാർ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു. സാറാണെങ്കിൽ ഊറിച്ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ടിട്ട് എനിക്കല്പം ജാള്യം തോന്നാതിരുന്നില്ല. എങ്കിലും ചെരുപ്പിന്റെ ഒരു ബുദ്ധിമുട്ടും,കൂളിംഗ് ഗ്ലാസ്സിലൂടെയുള്ള മങ്ങിയ വെളിച്ചവും ഒക്കെയായി അവിടെങ്ങാനും തട്ടിപ്പിടഞ്ഞു വീഴാതെ ഞാൻ ഒരു വിധേന പ്രകടനം നടത്തി തിരിച്ചു റൂമിലെത്തുമ്പോൾ നാടകം കളിക്കാനുള്ള ആർക്കോ വേണ്ടി എന്റെ കൂളിംഗ് ഗ്ലാസ് വന്നു വാങ്ങികൊണ്ടുപോയി. വേഷഭൂഷാധികൾ അഴിച്ചു മാറ്റി കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ചു ഞാനവിടിരിക്കുമ്പോഴും ക്രിസ്തുമസ്സ് ഫാദർ നമ്മുടെ ജെസ്സി ചേച്ചി എന്നെ കൈ കൊണ്ടെന്തോ ആംഗ്യം ഒക്കെ കാണിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഉറക്കെ കരയണമെന്നോ, ഓടിപ്പോവണ മെന്നോ ഒക്കെ തോന്നുന്നുണ്ടായിരുന്നു .
എന്തായാലും ചേച്ചിയുടെ നമ്പർ വിളിച്ചതും ചേച്ചി എണീറ്റ് പോയതും പെർഫോമെൻസ് കഴിഞ്ഞു തിരികെവന്നതും വേഷം അഴിച്ചുമാറ്റുന്നതും ഒക്കെ നടക്കുമ്പോഴും ഞാനെന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് ഒരേ ഇരുപ്പ്. ഫാൻസി ഡ്രസ്സ് കോംപറ്റീഷൻ കഴിഞ്ഞു നാടകം തുടങ്ങുന്നു എന്ന് അനൌണ്സ്മെന്റ്. ഞാനപ്പോഴും എന്റെ കൂളിംഗ് ഗ്ലാസും പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരുപ്പാണ്. പോരാത്തതിനു അതെ സ്കൂളിൽ പഠിക്കുന്ന എന്റെ ഗോക്കുട്ടൻഏട്ടൻ കൂളിംഗ് ഗ്ലാസ്സ് വിഷയം ആരോ പറഞ്ഞറിഞ്ഞ് എന്നെ വന്നു കുറെ ശകാരിച്ചിട്ടും പോയിട്ടുണ്ട്. "ചേട്ടന്റെ പുതിയ കൂളിംഗ് ഗ്ലാസ്സ് നീ സൂക്ഷിച്ചില്ലെന്നും ആരുടെ കൈയിലാ കൊടുത്തിരിക്കുന്നത് എന്നറിയാമോ "എന്നൊക്കെ ചോദിച്ചിട്ടും ഞാൻ വാപൊളിച്ചിരുന്നതല്ലാതെ ഒന്നും അറിയില്ല. "അതിനി കിട്ടും ന്നു തോന്നുന്നില്ല ന്നൊക്കെ എന്നെ പറഞ്ഞു പേടിപ്പിച്ചിട്ട് ഏട്ടൻ സ്ഥലം വിട്ടു. ഏട്ടൻ നേരത്തെ ചെന്നു റിപ്പോർട്ട് ചെയ്യുമെന്നുറപ്പായി. എങ്ങാനും അതില്ലാതെ ചെന്നാൽ കിട്ടുന്ന അടിയുമോർത്തു വിഷമിച്ചിരിക്കുമ്പോൾ ഫാൻസി ഡ്രസ്സി ൻറെ ഫലപ്രഖ്യാപനം  മൈക്കിലൂടെ ...........
"ഒന്നാം സമ്മാനം ........................" ഒന്നാം സ്ഥാനം ജെസ്സിചേച്ചിക്കായിരുന്നു. അന്നെനിക്ക് രണ്ടാംസ്ഥാനം കിട്ടിയെങ്കിലും അതിൽ സന്തോഷിക്കാനോ, ദുഖി ക്കാനോ ഒന്നും ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.ഇതിനിടയിൽ ആരോ കൂളിംഗ് ഗ്ലാസ്സ് കൊണ്ടുതന്നിട്ടു ഓടിപ്പോയി. കൂളിംഗഗ്ലാസ്സിലേക്ക്  നോക്കിയ ഞാൻ ഞെട്ടിപോയി. അതിന്റെ ഫ്രെയിം ഒടിഞ്ഞിരിക്കുന്നു. കരയണോ? ചിരിക്കണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാൻവിഷമിച്ചു നിൽക്കുമ്പോൾ ആരോ അവിടെ പറയുന്ന കേട്ടു "ഫാൻസി ഡ്രസ്സിനു ക്രിസ്തുമസ്സ് ഫാദർ മുഖംമൂടിവച്ചല്ലേ കളിച്ചത് . പിന്നെങ്ങനെ അവർക്ക് ഒന്നാംസ്ഥാനം കിട്ടി."ഞാനതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ വേഗം വീട്ടിലേക്കു തിരിച്ചു. ഓടിയോ, നടന്നോ എന്നൊന്നുമറിയില്ല വഴിനീളെ ഏട്ടനെ തിരയുന്നുണ്ടായിരുന്നു ദൂരെ മുന്നെയെങ്ങാനും പോവുന്നുണ്ടോ? എവിടെ ഏട്ടന്റെ പൊടിപോലും കാണാൻ കഴിഞ്ഞില്ല. ആദ്യേ ന്യൂസ് റിപ്പോർട്ട് ചെയ്യാൻ ഓടിപ്പോയതാണെന്നു മനസ്സിലായി. വീട്ടിൽ ചെന്നപ്പോഴത്തെ പുകിലൊന്നും പറയാനില്ല. മൂത്തചേച്ചിയുടെയും പോരാത്തതിനു മറ്റുള്ളവരുടെയും വക ശാസന. "അവനവന്റെ സാധനങ്ങൾ സൂക്ഷിക്കാൻ പഠിക്കണം" ചേച്ചി കൂളിഗ് ഗ്ലാസ്സ് മേടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്നുണ്ടായിരുന്നു. (ചേട്ടൻ സിക്കിമിൽ തിരികെ പോയിരുന്നു.) ഞാൻ മഹാപരാധം ചെയ്ത കണക്കെ തലയും കുനിച്ചു നിൽക്കുമ്പോൾ ചേച്ചിമാരോടായി അമ്മ പറയുന്ന കേട്ടു "പോട്ടെ അവൾ കൊച്ചുകുട്ടിയല്ലേ " .  " എന്തു കൊച്ചുകുട്ടി വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണംന്നറീല്ലേ ആരേലും ചോദിച്ചാൽ എടുത്തങ്ങു കൊടുത്തെക്കുവാ എന്നിട്ട് വന്നു നിൽക്കണ നില്പ് കണ്ടില്ലേ " എന്റെ മറ്റു രണ്ടു ചേച്ചിമാരാണ് കേട്ടോ ഈ വില്ലത്തിമാർ. എന്റെ വിജയമ്മചേച്ചിയും, വഞ്ചെച്ചി യും. രണ്ടും വലിയ സാറന്മാരാണെന്നാ ഭാവം എന്തിനും ഏതിനും എന്നെ മര്യാദ പടിപ്പിക്കലാ രണ്ടിന്റെയും പണി. അമ്മയാ ഈ കൊച്ചിനെ ഇങ്ങനെ വഷ ളാക്കി വച്ചിരിക്കുന്നെ ഒരു സാധനം സൂക്ഷിക്കില്ല കാതിലെ കമ്മൽ എത്ര തവണ കളഞ്ഞിട്ടു വന്നിരിക്കണ് " ഇങ്ങനെ ഇവർ രണ്ടുപേർ ചേർന്ന് എനിക്കെതിരെ കുറെ ആരോപണങ്ങൾ മുന്നോട്ടു വയ്ക്കുമ്പോഴും ഏട്ടൻ ഇതെല്ലാം ആസ്വദിച്ച് എനിക്കു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ടായിരുന്നു. ചേച്ചി കൂളിംഗ് ഗ്ലാസ്സുമായി  അകത്തേക്ക് നടക്കുന്നതിനിടയിൽ പറയുന്ന കേട്ടു "പോട്ടെ സാരമില്ലെടീ അവൾ സെക്കണ്ട് പ്രൈസ് ഒക്കെ വാങ്ങി വന്നതല്ലേ ഇനി അവളെ കരയിക്കാൻ നോക്കണ്ട" . അത് കേട്ടതും ഞാനോടി അകത്തെ മുറിയിലേക്ക് വരുമ്പോൾ 'ദാണ്ടേ ഒളിഞ്ഞു നിൽക്കുന്നു എന്റെ രമണിയേച്ചി'. എന്നെ കണ്ടതും മുഖംപൊത്തി ചിരി അടക്കി നില്ക്കയാണ്  നിനക്കതു വരണം ന്നുള്ള മട്ടിൽ. എന്താന്നല്ലേ ചേച്ചിയുടെ പെർഫോമെൻസ് കോപ്പിയടിച്ചതിന്റെ പ്രതികാരം. 

Wednesday, 31 December 2014

നവവത്സരാശംസകൾ

നാടെങ്ങും ആഘോഷങ്ങൾ,ദീപാലങ്കാരങ്ങളിൽ മുങ്ങിക്കുളിച്ച കെട്ടിട സമുച്ചയങ്ങൾ,ആഹ്ലാദാരവങ്ങൾ. എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും "നവവത്സരാശംസകൾ. "